വിവാഹം
വിവാഹം ഇസ്ലാമിക സാമൂഹികജീവിതത്തിലെ പരിശുദ്ധവും ഉത്തരവാദിത്വപരവുമായ ഒരു സ്ഥാപനമാണ്. വിവാഹത്തിന്റെ ലക്ഷ്യം, വിവാഹവും പ്രായവും, വിവാഹാലോചന, വിവാഹത്തിലെ യോജിപ്പ് തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾക്കൊപ്പം വരനും വധുവും പാലിക്കേണ്ട ഉത്തരവാദിത്വങ്ങൾ, വിവാഹമൂല്യം, മഹ്റിന്റെ തോതും സമയവും, മഹ്റുമായി ബന്ധപ്പെട്ട വിധികൾ, വിവാഹവും സ്ത്രീധനവുമായി ബന്ധപ്പെട്ട ഇസ്ലാമിക നിലപാടുകൾ എന്നിവയെക്കുറിച്ച് ഖുർആനും സ്വീകാര്യ ഹദീസുകളും നൽകുന്ന മാർഗ്ഗനിർദേശങ്ങളാണ് ഈ ലേഖനം വിശദമായി അവതരിപ്പിക്കുന്നത്. കുടുംബജീവിതം നീതിയോടെയും ലാളിത്യത്തോടെയും സ്ഥാപിക്കാൻ സഹായിക്കുന്ന പ്രായോഗിക അറിവുകളാണ് ഇതിലൂടെ ലഭ്യമാകുന്നത്.
ഇണകളായിക്കൊണ്ടാണ് എല്ലാ വസ്തുക്കളെയും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. ഇണചേരുന്നതിലൂടെ ജന്തുവര്‍ഗങ്ങള്‍ അവയുടെ വംശം നിലനിര്‍ത്തുന്നു. ഭൂമിയിലെ വൃക്ഷലതാദികളും ജന്തുവര്‍ഗങ്ങളും മറ്റും ഇണകളായി നിലകൊള്ളുന്നു എന്നത് ദൈവിക ദൃഷ്ടാന്തമായി ഖുര്‍ആനില്‍ (36:36) എടുത്തുപറയുന്നുണ്ട്. ഇതര ജന്തുവര്‍ഗങ്ങളില്‍നിന്ന് വ്യത്യസ്തമായ സവിശേഷതകളാണ് മനുഷ്യര്‍ക്കുള്ളത്. വംശവര്ധനവിന്നാധാരമായ ഇണചേരുക എന്ന പ്രകൃതി വ്യവസ്ഥയ്ക്ക് മനുഷ്യന് വിധേയനാകുമ്പോള്‍ ധാര്‍മിക ചിട്ടയും സദാചാര നിയമങ്ങളും പാലിച്ചുകൊണ്ടായിരിക്കണമെന്ന് സ്രഷ്ടാവ് അനുശാസിച്ചു. പ്രകൃതിയുടെ താത്പര്യമായ വംശവര്ധനവിനപ്പുറം മരണപര്യന്തം ഒരിണയെ ജീവിതപങ്കാളിയാക്കുക എന്നതാണ് മനുഷ്യന്റെ അവസ്ഥ. ഈ നിയമവ്യവസ്ഥയുടെ പേരാണ് വിവാഹം. വിവാഹമെന്ന ഉറച്ച കരാറിലൂടെ അവര്‍ ഇണചേര്‍ന്ന് ജീവിക്കേണ്ട ദമ്പതികളായി മാറുന്നു.
ലൈംഗികത പാപമാണെന്നു കരുതി അവ വര്‍ജിച്ച് ബ്രഹ്മചര്യം സ്വീകരിക്കുക എന്ന നിലപാട് മനുഷ്യ പ്രകൃതിക്ക് വിരുദ്ധമാണ്. ആത്മീയ ഉത്ക്കര്ഷത്തിലേക്കുള്ള മാര്‍ഗം ബ്രഹ്മചര്യമാണെന്ന കാഴ്ചപ്പാടിനെ ഇസ്ലാം നിരാകരിക്കുന്നു. വിവാഹം ചെയ്യാതെ മൃഗതുല്യജീവിതം നയിക്കുന്ന തരത്തില്‍ ലൈംഗികതയെ കയറൂരിവിടുന്നതും സമൂഹത്തിന്റെ ഭദ്രതയ്ക്കും മാനവികതയ്ക്കും കനത്ത പ്രഹരമേല്‍പ്പിക്കും. ഇവിടെയാണ് മനുഷ്യപ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന മതമായ ഇസ്ലാം വിവാഹമെന്ന കര്‍മത്തിന്റെ പവിത്രത നിശ്ചയിച്ചിരിക്കുന്നത്. സ്ത്രീ പുരുഷന്മാര്ക്ക് പ്രത്യുത്പാദനശേഷിയുടെ പ്രായമെത്തിയാല്‍ ശാരീരികവും മാനസികവും വൈകാരികവുമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇണചേരാനും സന്താനോല്പാദനത്തിനുമുള്ള ആന്തരിക ചോദനക്ക് നിയമാനുസൃതമായ അവസരം വേണ്ടതിനാല്‍ ഇസ്ലാം വിവാഹമെന്ന സംവിധാനം ഏര്‍പ്പെടുത്തി. വിവാഹിതരാവുന്നതോടെ മതത്തിന്റെ പകുതി ഒരാള്‍ നിറവേറ്റി എന്ന് റസൂല്‍(സ്വ) പറഞ്ഞത് അതിന്റെ ലക്ഷ്യത്തിലേക്കുള്ള സൂചനകൂടിയാണ്. നബി(സ്വ) പറഞ്ഞു. യുവസമൂഹമേ, നിങ്ങളില്‍ ദാമ്പത്യത്തിന്റെ ബാധ്യതകള്‍ നിറവേറ്റാന്‍ കഴിവുള്ളവര്‍ വിവാഹം ചെയ്യുക, ദൃഷ്ടികള്‍ താഴ്ത്തുന്നതിനും ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുന്നതിനും അതാണ് അഭിലഷണീയം. അതിന് സാധ്യമല്ലാത്തവര്‍ വ്രതമനുഷ്ഠിക്കട്ടെ. അതാണ് അവന് സൂക്ഷ്മതയുള്ള മാര്‍ഗം (സ്വഹീഹുല്‍ബുഖാരി) 1
ആത്മീയതയുടെ ഉന്നതിയിലെത്താന്‍ ബ്രഹ്മചര്യത്തിലേക്ക് നീങ്ങുകയും, ഇങ്ങനെയുള്ളവര്‍ക്കേ ഭക്തിയുടെ പാരമ്യത്തില്‍ എത്താന്‍ കഴിയുകയുള്ളൂവെന്ന് തെറ്റിദ്ധരിക്കുകയും ചെയ്ത ചില സ്വാഹാബികള്‍ നബി(സ്വ)യുടെ ആരാധനാക്രമം അന്വേഷിച്ച് വീട്ടില്‍വന്നു. അത് വിവരിച്ചു കേട്ടപ്പോള്‍ തങ്ങള്‍ അനുഷ്ഠിക്കുന്ന ആരാധനാകര്‍മങ്ങള്‍ വളരെ കുറവായിട്ടുതോന്നി. എന്നിട്ട് അവര്‍ സ്വയം ആശ്വാസംകൊണ്ടു. നബിയുടെ പദവി അത്യുന്നതമല്ലേ? അവിടുന്ന് ചെയ്തതും ചെയ്യാനിരിക്കുന്നതുമായ ചെറുപിഴവുകള്‍ പോലും അല്ലാഹു പൊറുത്തുകൊടുത്തിട്ടില്ലേ? അപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു. ഞാന്‍ രാത്രിയില്‍ മുഴുവന്‍ നമസ്കരിക്കും. മറ്റൊരാള്‍ പറഞ്ഞു. ഞാന്‍ നിത്യവും നോമ്പനുഷ്ഠിക്കും. മൂന്നാമന് പറഞ്ഞു. ഞാന്‍ സ്ത്രീകളെ വര്‍ജിക്കും, വിവാഹിതനാവുകയില്ല. നബി(സ്വ) ഈ വിവരമറിഞ്ഞപ്പോള്‍ അവരോട് ആരാഞ്ഞു. ഇങ്ങനെയൊക്കെ പറഞ്ഞത് നിങ്ങളാണോ? എന്നാല്‍ അല്ലാഹു സത്യം, ഞാന്‍ നങ്ങളെക്കാള്‍ അല്ലാഹുവിനെ ഭയക്കുന്നവനും ഭക്തനുമാണ്. പക്ഷേ, ഞാന്‍ നോമ്പനുഷ്ഠിക്കുകയും നോമ്പുപേക്ഷിക്കുകയും ചെയ്യാറുണ്ട്. രാത്രിയില്‍ ഉറങ്ങുകയും എഴുന്നേറ്റു നമസ്കരിക്കുകയും ചെയ്യാറുണ്ട്. ഞാന്‍ ഭാര്യയുമായി ബന്ധപ്പെടാറുണ്ട്. എന്റെ ഈ ചര്യയോട് ആരെങ്കിലും എതിര്‍പ്പു പ്രകടിപ്പിച്ചാല്‍ അവര്‍ എന്റെ കൂട്ടത്തില്‍ പെട്ടവരല്ല (ബുഖാരി) 2
വിവാഹത്തിന്റെ ലക്ഷ്യം
ഉല്‍കൃഷ്ട സൃഷ്ടിയായ മനുഷ്യന്റെ ലൈംഗികദാഹം ശമിപ്പിക്കുന്നതിന് സ്രഷ്ടാവ് നിശ്ചയിച്ച നിയമാനുസൃത മാര്‍ഗമാണ് വിവാഹം. വിവാഹത്തിലൂടെ ഒന്നായി ചേര്‍ന്ന ദമ്പതികള്‍ക്ക് കാമാസക്തി പൂര്‍ത്തീകരണം മാത്രമല്ല സമാധാനപൂര്‍ണമായ ജീവിതമാണ് ലക്ഷ്യം. വാര്‍ധക്യത്തിലെത്തിയ ദമ്പതികള്‍പോലും മനസ്സംതൃപ്തിയോടെ ഊഷ്മളമായ ബന്ധം നിലനിര്‍ത്തിപ്പോരുന്നത് ഇക്കാരണത്താലാണ്. വിവാഹമെന്തിനാണ് എന്നതിന് ഖുര്‍ആന്‍ നല്കുന്ന മറുപടി ഇങ്ങനെ: ”നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്” (30:21).
വിവാഹത്തിലൂടെ ദാമ്പത്യബന്ധം തുടങ്ങുന്ന സ്ത്രീയും പുരുഷനും ഇണക്കമുള്ള ജീവിതത്തിലൂടെ മനശ്ശാന്തി അനുഭവിക്കുന്നു. ”നാഥാ ഞങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് നീ നല്‍കിയതില്‍ നിന്നും പിശാചിനെ അകറ്റേണമേ” എന്ന പ്രാര്ഥനയോടുകൂടിയായിരിക്കണം ദമ്പതികള്‍ ഇണചേരേണ്ടത് എന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഉത്തമകുടുംബത്തിലൂടെയാണ് ഉത്കൃഷ്ട സമൂഹം പിറവികൊള്ളുന്നത്. കുടുംബത്തിന്റെ തുടക്കം വിവാഹത്തിലൂടെ ഒന്നായിത്തീരുന്ന ദമ്പതികളില്‍ നിന്നാണ്. അവര്‍ നിങ്ങള്‍ക്കും നിങ്ങള്‍ അവര്‍ക്കുമുള്ള വസ്ത്രമാകുന്നു എന്ന് ദാമ്പത്യത്തിന്റെ ബന്ധവിശുദ്ധിയെ സംബന്ധിച്ച് ഖുര്‍ആനില്‍(2:187)പരാമര്‍ശിക്കുന്നു. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും വിശ്വാസ്യതയുടെയും പരസ്പര ആദരവിന്റെയും അംഗീകാരത്തിന്റെയും ആദാനപ്രദാനങ്ങളാണ് ദാമ്പത്യത്തിന് അഴകും അര്‍ഥവും നല്‍കുന്നത്.
ദമ്പതികള്‍ തമ്മിലുള്ള ബന്ധം ഇത്രമേല്‍ സുദൃഢമാകുമ്പോള്‍ അവരിലൂടെ പിറവികൊള്ളുന്ന സന്തതികളും സമൂഹഭദ്രതയ്ക്ക് കരുത്തുപകരുന്നു. വിശ്വാസി ജീവിക്കുന്ന സമൂഹത്തില്‍ തന്റെ ഉത്തരവാദിത്വം പൂര്‍ണാര്‍ഥത്തില്‍ നിര്‍വഹിക്കാന്‍, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നന്ദിയുള്ള ദാസന്മാരായി മാറാന്‍കൂടി വൈവാഹിക ജീവിതത്തിലൂടെ സ്രഷ്ടാവ് നിശ്ചയിച്ച ലക്ഷ്യങ്ങള്‍ സാ ക്ഷാത്ക്കരിക്കപ്പെടേണ്ടതുണ്ട്. അല്ലാഹു പറയുന്നു. ”അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെ ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ അവന് നിങ്ങള്‍ക്ക് പുത്രന്മാരെയും പൗത്രന്മാരെയും ഉണ്ടാക്കിത്തരികയും വിശിഷ്ട വസ്തുക്കളില്‍ നിന്ന് അവന് നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്?” (16:72).
സദാചാരാനിഷ്ഠമായ സമൂഹത്തിന്റെ നിലനില്പിന്നാധാരം ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ടുള്ള വ്യക്തികളുടെ ജീവിതമാണ്. വിവാഹത്തിലൂടെ കണ്ണും ലൈംഗികാവയവങ്ങളും നിയന്ത്രിക്കപ്പെടുക എന്ന ലക്ഷ്യം നിറവേറ്റി ദമ്പതികള്‍ ജീവിക്കുമ്പോള്‍ സദാചാരാനിഷ്ഠമായ സമൂഹത്തിന്റെ അടിത്തറപാകുന്ന ദൗത്യം കൂടിയാണ് നിര്‍വഹിക്കപ്പെടുന്നത്. ദേഹേച്ഛയെ കയറൂരിവിടാതെ ലൈംഗികതയ്ക്ക് കടിഞ്ഞാണിട്ട്, ഇണചേരാനും സന്താനോത്പാദനത്തിനുമുള്ള സഹജമായ തേട്ടത്തെ വിവാഹമെന്ന ഉത്കൃഷ്ടമാര്ഗേണ സാക്ഷാത്കരിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്.
വിവാഹവും പ്രായവും
ഒരാള്‍ വിവാഹിതനാവുന്നതോടുകൂടി പുതിയ ഒരു ജീവിതക്രമത്തിലേക്ക് ചുവടുവെയ്ക്കുകയാണ് ചെയ്യുന്നത്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള യോജിപ്പും കൂട്ടുജീവിതവും മാത്രമാണ് എന്ന് അതിനെ പരിമിതപ്പെടുത്താവുന്നതല്ല. രണ്ട് ഭിന്നജീവിത സാഹചര്യങ്ങളില്‍നിന്ന് വളര്‍ന്നുവന്ന വ്യക്തികള്‍ ഒന്നായിച്ചേരുമ്പോള്‍ ദമ്പതികള്‍ തമ്മിലുള്ള മാനസിക ഐക്യവും പൊരുത്തവും നിലനിന്നെങ്കില്‍ മാത്രമേ ഈണവും ഇമ്പവുമുള്ള കുടുംബജീവിതം മുന്നോട്ടുപോവുകയുള്ളൂ. വിവാഹത്തിനായി പുരുഷനും സ്ത്രീയും ഒരുങ്ങുമ്പോള്‍ അവരുടെ പ്രായപരിധിയെക്കുറിച്ച് കാഴ്ചപ്പാട് വേണമെന്ന് പറയുന്നത് ദമ്പതികളാവുന്നവരുടെ ബന്ധത്തിന് ഊഷ്മളത കിട്ടാനാണ്. വിവാഹത്തില്‍ പരിഗണിക്കപ്പെടേണ്ട കാര്യങ്ങളില്‍ പ്രായവും ഇസ്ലാം പ്രാധാന്യപൂര്‍വം ഉണര്‍ത്തിയിട്ടുണ്ട് എന്ന് വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രവാചകവചനങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. സ്ത്രീ പുരുഷ രഹസ്യം മനസ്സിലാവുന്നവിധം വിവേകവും ബുദ്ധിയും പ്രാപിച്ച പ്രായഘട്ടത്തില്‍ വിവാഹമാകാമെന്ന് ഇസ്ലാം നിഷ്ക്കര്‍ഷിക്കുന്നു. അല്ലാഹു പറയുന്നു: ”അനാഥക്കുട്ടികളെ നിങ്ങള്‍ പരീക്ഷിച്ചുനോക്കുക. അങ്ങനെ അവര്‍ വിവാഹപ്രായം എത്തുകയും അവരില്‍ പക്വത നിങ്ങള്‍ കാണുകയും ചെയ്താല്‍ അവരുടെ ധനം അവര്‍ക്ക് നിങ്ങള്‍ വിട്ടുകൊടുക്കുവിന്‍” (4:6).
വിവാഹത്തിന് സ്ത്രീയുടെ അനുവാദം കൂടി പരിഗണിക്കണമെന്നതാണ് ഇസ്ലാമിന്റെ ശക്തമായ നിര്‍ദേശം. അവള്‍ക്ക് അഭിപ്രായം തുറന്നുപറയാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ട്. കന്യകയാണെങ്കില്‍ ലജ്ജ കാരണം മൗനം ദീക്ഷിച്ചാല്‍ അതും അനുവാദമായി പരിഗണിക്കണമെന്നതാണ് പണ്ഡിതാഭിപ്രായം. പക്വമതിയായ സ്ത്രീയാണെങ്കിലും വിവാഹത്തിന് അനുവാദം നല്‍കിക്കൊണ്ട് ലജ്ജ കാരണം മൗനവലംബിക്കുക എന്നത് സ്വാഭാവികമാണ്. നബി(സ്വ), അല്ലയോ യുവസമൂഹമേ (യാ മഅ്ശറശ്ശബാബ്) എന്ന് വിളിച്ചാണ് വിവാഹം ചെയ്യാന്‍ നിര്‍ദേശിക്കുന്നത്. വിവാഹപ്രായമെത്തിയാല്‍ മക്കളെ വിവാഹം ചെയ്തുകൊടുക്കണമെന്നാണ് നബി(സ്വ) നിര്‍ദേശിക്കുന്നത്. വിവാഹം നേരത്തെ നടന്നുവെങ്കിലും പ്രവാചകന്(സ്വ) ആഇശ(റ)യുമായി ഭാര്യഭര്‍തൃ ബന്ധം സ്ഥാപിച്ചത് അവര്‍ പ്രായപൂര്‍ത്തിയെത്തിയ ശേഷമായിരുന്നു എന്നത് ശ്രദ്ധേയമാണ്. വിവാഹത്തിന് നിശ്ചിത പ്രായപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ഇസ്ലാം ശൈശവവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
വിവാഹാലോചന
മരണാനന്തര ജീവിതത്തിലേക്ക് വരെയുള്ള ബന്ധമായി ഭൂമിയിലെ വിവാഹത്തെ ഇസ്ലാം ദര്‍ശിക്കുന്നു. വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ സ്ത്രീക്ക് പുരുഷനെക്കുറിച്ചും പുരുഷന് സ്ത്രീയെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായാല്‍ മാത്രമേ ഇണകളായി ജീവിക്കാന്‍ അവര്‍ക്കു സാധിക്കുകയുള്ളൂ. വിവാഹാലോചനയ്ക്കു വേണ്ടി സ്ത്രീപുരുഷന്മാര് പരസ്പരം കണ്ടിരിക്കണം എന്ന് നബി(സ്വ) നിഷ്കര്‍ഷിച്ചു. പുരുഷന്റെ ഭാഗത്തുനിന്ന് സ്ത്രീയെ വിവാഹം അന്വേഷിക്കുക എന്നതാണ് പതിവു രീതി. തന്റെ മകള്‍ക്കോ സഹോദരിക്കോ യോജിച്ചവനെന്ന് കണ്ട പുരുഷനോട് വിവാഹം ചെയ്യാന്‍ തയ്യാറുണ്ടോ എന്ന് സ്ത്രീയുടെ രക്ഷാകര്‍ത്താവ് ആരായുന്നതും മതവിരുദ്ധമല്ല. ഉമര്‍ബ്നു ഖത്താബിന്റെ മകള്‍ ഹഫ്സ്വ(റ)യുടെ ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ അദ്ദേഹം മകള്‍ക്കുവേണ്ടി ഉസ്മാന്(റ)യോടും അബൂബക്ര്(റ)വിനോടും വിവാഹാലോചന നടത്തി. രണ്ടുപേരുടെയും തീരുമാനം അത് വേണ്ടെന്നായിരുന്നു. പിന്നീട് കുറച്ചുദിവസം കഴിഞ്ഞ് നബി(സ്വ) ഹഫ്സ്വ(റ)യെ വിവാഹമാലോചിച്ചു. അങ്ങനെ ആ വിവാഹം നടന്നു.
സ്ത്രീയും പുരുഷനും നേരിട്ട് ചോദിക്കുന്ന വിവാഹാലോചനാ രീതിയും സ്വീകരിക്കാം. ഒരു സ്ത്രീ അനുയോജ്യനായ ഒരു പുരുഷനോട് സ്വയം വിവാഹാലോചന നടത്തുന്നതിനും മതത്തില്‍ വിലക്കില്ല. അനുയോജ്യയായ സ്ത്രീയെ പുരുഷന് സ്വയം വിവാഹാലോചന നടത്തിയ സന്ദര്‍ഭങ്ങളും ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്. മുഹമ്മദ് ബിന്‍ അലി(റ) എന്ന സ്വഹാബി സകീന എന്ന സ്ത്രീയെ നേരിട്ടുകണ്ട് വിവാഹാലോചന നടത്തിയാണ് ഭാര്യയാക്കിയത് (ദാറഖുത്വ്നി) 3 അബൂത്വല്‍ഹ(റ)യും ഉമ്മുസലമ(റ)യും തമ്മിലുള്ള വിവാഹവും അവര്‍ പരസ്പരം അഭിമുഖമായി കണ്ട് അന്വേഷിച്ചായിരുന്നു (ഇത്ഹാഫുല്‍ മഹറ) 4
ഖുര്‍ആനിന്റെ ഈ കല്പന ലംഘിച്ച് വിവാഹത്തിന് തയ്യാറെടുക്കുകയും ഇദ്ദയ്ക്കുശേഷം വിവാ ഹം നടത്തുകയും ചെയ്താല്‍ ആ നിക്കാഹ് സാധുവല്ലെന്ന് ഇമാം മാലിക്(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. വിവാഹത്തിന്റെ നിയമങ്ങള്‍ പാലിക്കപ്പെടുന്നതിനാല്‍ വിവാഹം സാധുവാകുമെന്നാണ് ശാഫിഈയുടെ അഭിപ്രായം. എന്നാല്‍ ഇദ്ദാ കാലത്ത് നടത്തപ്പെടുന്ന വിവാഹം സാധുവല്ലെന്ന് പണ്ഡിതന്മാര് ഏകോപിച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു കിടമത്സരത്തിന്റെ സ്വഭാവത്തില്‍ ഒരു സ്ത്രീയെ ഒരാള്‍ വിവാഹാലോചന നടത്തുന്നതിനിടയില്‍ അതിനെക്കുറിച്ച് തീരുമാനമാകുന്നതുവരെ വേറൊരാള് അന്വേഷിക്കുന്നത് നബി(സ്വ) വിലക്കിയിട്ടുണ്ട് (ബുഖാരി)5.
അന്യസ്ത്രീയെ പരപുരുഷന് നോക്കാന്‍ ഇസ്ലാം അനുവദിച്ച അവസരങ്ങളിലൊന്നാണ് വിവാഹാലോചനവേള. അബൂഹുറയ്റ(റ) പറയുന്നു: ഞാന്‍ നബി(സ്വ)യുടെ അടുത്തിരിക്കുമ്പോള്‍ ഒരാള്‍ അവിടെ വന്ന് ‘ഞാന്‍ ഒരു അന്‍സ്വാരി സ്ത്രീയെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നു എന്ന് പറഞ്ഞു. അപ്പോള്‍ നബി(സ്വ) ചോദിച്ചു. ‘നീ അവളെ കണ്ടുവോ?’ അദ്ദേഹം പറഞ്ഞു. ഇല്ല. ”എന്നാല്‍ നീ അവളെ പോയി കാണുക” എന്ന് നബി(സ്വ) അദ്ദേഹത്തോട് പറഞ്ഞു (മുസ്ലിം) 6 പെണ്ണുകാണല്‍ ഒരു ചടങ്ങായി സംഘടിപ്പിക്കുകയും അതിന്റെ പേരില്‍ ദുരാചാരങ്ങള്‍ പലതും കൊണ്ടുവരികയും ചെയ്യുന്നത് ഇസ്ലാമികമല്ല.
വിവാഹത്തിലെ യോജിപ്പ്
വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന ദമ്പതിമാര്‍ തമ്മിലുള്ള യോജിപ്പ് ആണ് ബന്ധത്തിന്റെ സുദൃഢതയുടെ നിര്‍ണായക ഘടകം. ശാശ്വതമായ ഒരു ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന വിവാഹത്തിലെ യോജിപ്പിന് ആധാരം സമ്പത്തോ സൗന്ദര്യമോ കുടുംബമഹിമയോ പ്രായമോ ഒന്നുമല്ല. മതബോധവും മാനസിക പൊരുത്തവുമാണ് ഇസ്ലാം വിവാഹത്തിന്റെ യോജിപ്പായി ദര്‍ശിക്കുന്നത്.
നബി(സ്വ) അരുളി: ”ധനം, കുടുംബമഹിമ, സൗന്ദര്യം, മതബോധം എന്നീ നാല് കാര്യങ്ങള്‍ക്ക് വേണ്ടിയാണ് സ്ത്രീ വിവാഹം ചെയ്യപ്പെടാറുള്ളത്. എന്നാല്‍ നീ മതബോധമുള്ളവളെ തെരഞ്ഞെടുക്കുക. എങ്കില്‍ നീ ഐശ്വര്യവാനായി (ബുഖാരി) 7
മതനിഷ്ഠയും നല്ല സംസ്കാരവുമുള്ള സ്ത്രീ/പുരുഷനുമായുള്ള വൈവാഹിക ജീവിതത്തിലൂടെ മാത്രമേ കുടുംബത്തില്‍ ശാന്തി പകര്‍ന്നു കിട്ടുകയുള്ളൂ. സമ്പത്തും സൗന്ദര്യവും കുടുംബ മഹിമയും നശിച്ചുപോകാവുന്നതേ ഉള്ളൂ.
വിവാഹബന്ധത്തിലെ യോജിപ്പിനെക്കുറിച്ച് അല്ലാഹു ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു: ”ചീത്ത സ്ത്രീകള്‍ ചീത്ത പുരുഷന്മാര്ക്കും ചീത്ത പുരുഷന്മാര് ചീത്ത സ്ത്രീകള്‍ക്കുമാകുന്നു. നല്ല സ്ത്രീകള്‍ നല്ല പുരുഷന്മാര്ക്ക്, നല്ല പുരുഷന്മാര് നല്ല സ്ത്രീകള്‍ക്കും” (24:26).
വരന്
കുടുംബജീവിതത്തില്‍ വധൂവരന്മാര്ക്ക് അവരവരുടേതായ പങ്ക് നിര്‍വഹിക്കാനുണ്ട്. കുടുംബജീവിതത്തിലെ കൈകാര്യകര്‍തൃത്വം ഏറ്റെടുത്തു ചെയ്യേണ്ടത് പുരുഷനാണ്. ദാരിദ്ര്യമോ താഴ്ന്ന കുടുംബസാഹചര്യമോ വിദ്യാഭ്യാസത്തിന്റെ അഭാവമോ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് ഒരു തടസ്സമായിക്കൂടാ. അബൂഹുറയ്റ(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: മതനിഷ്ഠയും സ്വഭാവമേന്മയും കൊണ്ട് നിനക്ക് തൃപ്തനായ ഒരാള്‍ നിങ്ങളോട് വിവാഹാന്വേഷണം നടത്തിയാല്‍ അവന് നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുക. അല്ലാത്തപക്ഷം ഭൂമിയില്‍ വമ്പിച്ച കുഴപ്പവും വന്നാശവുമുണ്ടാകും (സുനനുത്തിര്‍മിദി) 8
മതനിഷ്ഠയും ജീവിതവിശുദ്ധിയും കാത്തുസൂക്ഷിക്കുന്ന പുരുഷന് സാമ്പത്തികമായി ഞെരുങ്ങി ജീവിക്കുന്നവനാണെങ്കിലും ദാരിദ്ര്യം വിവാഹത്തിന് ഒരു തടസ്സമായി ഇസ്ലാം പരിഗണിക്കുന്നില്ല. അവര്‍ സമ്പന്നരല്ലെങ്കില്‍ അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്ന് അവരെ സമ്പന്നരാക്കും എന്ന് അല്ലാഹു പറയുന്നു (24:32).
എന്നാല്‍ മതനിഷ്ഠയും പാണ്ഡിത്യവുമുള്ള ഒരാളെ കിട്ടിയിട്ടും അയാള്‍ക്ക് സാമ്പത്തിക കാരണത്താല്‍ ആ വിവാഹാലോചന നിരാകരിക്കുന്നതിന് മതത്തിന്റെ പിന്തുണയില്ല. ദീനീ ബോധവും സ്വഭാവ സംസ്കാരവും കാത്തുസൂക്ഷിച്ചു ജീവിക്കുന്ന വ്യക്തിയെയാണ് വരന് ആയി തെരഞ്ഞെടുക്കേണ്ടത്. മതനിഷ്ഠയുള്ള വ്യക്തിയെന്ന മുന്‍ഗണന നല്‍കിക്കൊണ്ട് വരനെ തെരഞ്ഞെടുത്താല്‍ സമാധാനജീവിതത്തിന് അത് വഴിയൊരുക്കും.
വധു
ഇമ്പവും ഇണക്കവുമുള്ള ഒരു കുടുംബാന്തരീക്ഷം നിലനില്ക്കുന്നതില് സുപ്രധാന പങ്കുവഹിക്കു ന്ന രണ്ടാമത്തെ കണ്ണിയാണ് ഭാര്യ. ഉപജീവന മാര്‍ഗം തേടേണ്ട പുരുഷന്, വീട്ടിനകത്തെ കാര്യങ്ങള്‍ യഥാവിധി നിര്‍വഹിക്കാന്‍ സാധിച്ചുകൊള്ളണമെന്നില്ല. ഭര്‍ത്താവ് സമ്പാദിച്ചുകൊണ്ടുവന്നത് സൂക്ഷിച്ച് കൈകാര്യം ചെയ്യാനും ചെലവഴിക്കാനുമുള്ള ബാധ്യത ഭാര്യയ്ക്കുണ്ട്. അതുകൊണ്ടാണ് ഭാര്യ ഭര്‍ത്താവിന്റെ വീട്ടിലെ ഭരണാധിപയാണ് എന്ന് റസൂല്‍(സ്വ) പറഞ്ഞത്. നല്ല കുടുംബിനിയുടെ ലക്ഷണങ്ങള്‍ ഖുര്‍ആനില്‍ ഇപ്രകാരം വിവരിക്കുന്നു.
”നല്ല സ്ത്രീകള്‍ അനുസരണശീലമുള്ളവരും അല്ലാഹു സംരക്ഷിച്ച പ്രകാരം ഭര്‍ത്താവിന്റെ അഭാവത്തില്‍ സംരക്ഷിക്കേണ്ടതെല്ലാം സംരക്ഷിക്കുന്നവരുമാണ്(4:34). മതനിഷ്ഠയുള്ളവളാണ് സ്ത്രീയെങ്കില്‍ സമ്പത്തും അനുബന്ധ ജീവിതവിഭവങ്ങളും ഇല്ലെങ്കിലും സമാധാനവും സംതൃപ്തിയും നിറഞ്ഞ ജീവിതമാണ് ഉണ്ടാവുക.
ഉമര്‍ ഫാറൂഖ്(റ) തന്റെ ഭരണകാലത്ത് പ്രജകളുടെ ജീവിതവിഷമങ്ങള്‍ നേരിട്ടറിയാന്‍ ഖലീഫയാണെന്നറിയിക്കാതെ രാത്രിയില്‍ നടക്കുക പതിവായിരുന്നു. ഒരു ദിവസം ഇങ്ങനെ നടന്നുക്ഷീണിച്ച് ഒരു വീടിന്റെ ചുമര് ചാരിയിരുന്നു. കുറച്ചുകഴിഞ്ഞ് ആ വീട്ടിനകത്തുനിന്ന് ഉമ്മയും മകളും സംസാരിക്കുന്നത് അദ്ദേഹം കേട്ടു. വേഗത്തില്‍ എഴുന്നേറ്റ് പാല് കറന്ന് കുറച്ചുവെള്ളവും ചേര്‍ത്ത് അങ്ങാടിയില്‍ കൊണ്ടുപോയി വില്‍ക്കാനായിരുന്നു ഉമ്മയുടെ നിര്‍ദേശം. മകള്‍ പറഞ്ഞു: ഉമര്‍(റ)ന്റെ ഉത്തരവുപ്രകാരം പാലില്‍ വെള്ളം ചേര്‍ത്ത് വില്‍ക്കാല്‍ പാടില്ല. ഉമര്‍ ഇതെങ്ങനെ അറിയാനാണെന്ന് ചോദിച്ച ഉമ്മയോട്, ഉമര്‍ അറിഞ്ഞില്ലെങ്കിലും അല്ലാഹു അറിയുന്നുണ്ട് എന്ന് മകള്‍ മറുപടി പറഞ്ഞു. ഈ സംസാരം ഉമര്‍(റ)നെ സംതൃപ്തനാക്കി. ആ പെണ്‍കുട്ടിയെ മുഖാമുഖം കണ്ടിട്ടില്ലെങ്കിലും പ്രായമോ സൗന്ദര്യമോ ഒന്നും പരിഗണിക്കാതെ തന്റെ മകന് ആസ്വിമിന് വിവാഹം ചെയ്തുകൊടുക്കാന്‍ തീരുമാനിച്ചു. മകന് ഉപ്പയുടെ നിര്‍ദേശം അംഗീകരിച്ചു. പൂര്‍വികരായ മഹാന്മാര് അവര്‍ക്കും അവരുടെ സന്തതികള്‍ക്കും വിവാഹാലോചന നടത്തിയപ്പോള്‍ ഭാര്യയുടെയോ വീട്ടുകാരുടെയോ സമ്പത്തും കുലമഹിമയും പരിഗണിച്ചിരുന്നില്ല. പ്രത്യുത, ധര്‍മനിഷ്ഠയും സല്‍സ്വഭാവവുമായിരുന്നു വധുവിനെ തെരഞ്ഞെടുക്കുന്നതില്‍ അവര്‍ മുന്‍ഗണനയര്‍ഹിക്കുന്ന യോഗ്യതയായി പരിഗണിച്ചുപോന്നിരുന്നത്. അതാണ് നബി കല്പിച്ചതും.
വിവാഹമൂല്യം
വിവാഹം ചെയ്യുമ്പോള്‍ വരന് വധുവിന് നിര്‍ബന്ധമായും നല്‍കേണ്ട സമ്മാനത്തിനാണ് മഹ്ര് അഥവാ വിവാഹമൂല്യം എന്ന് പറയുന്നത്. വരന്റെ സാധ്യതയ്ക്കനുസരിച്ച് വിവാഹമൂല്യം നല്‍കിയാലേ ദമ്പതിമാര്‍ തമ്മിലുള്ള നിയമാനുസൃത ബന്ധത്തിന്റെ തുടക്കമായ വിവാഹം സാധുവാകുകയുള്ളൂ. വിവാഹസന്ദര്‍ഭത്തില്‍ പുരുഷന് സ്ത്രീക്ക് സമ്മാനമായി ഇങ്ങനെ നല്‍കുന്നതിന് ‘മഹ്ര്’ എന്ന് സാധാരണ പ്രയോഗിക്കുമെങ്കിലും വിശുദ്ധ ഖുര്‍ആനില്‍ ‘സ്വദുഖാത്ത്, ഉജൂര്‍’ എന്നീ പദങ്ങളാണ് പ്രയോഗിക്കുന്നത്. അല്ലാഹു പറയുന്നു: ”സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ ഒരു മനഃസംതൃപ്തിയോടു കൂടി നിങ്ങള്‍ നല്‍കുക” (4:4). സ്വദുഖാത്ത് എന്ന പദപ്രയോഗത്തിന്റെ അര്‍ഥം സാധുതയുണ്ടാക്കുന്നത്, സത്യപ്പെടുത്തുന്നത്, യാഥാര്‍ഥ്യമാക്കുന്നത് എന്നെല്ലാമാണ്. വിവാഹത്തിന്റെ സാധുതയ്ക്ക് ഇസ്ലാമില്‍ പരിഗണിക്കപ്പെടുന്ന പ്രധാനമായ ഒന്നാണ് മഹ്ര് എന്ന് ഈ പദപ്രയോഗത്തില്‍ നിന്ന് ഗ്രഹിക്കാം.
മഹ്ര് സ്ത്രീയുടെ അവകാശമാണ്. സ്ത്രീക്ക് ഇത്ര മഹ്ര് വേണമെന്ന് ആവശ്യപ്പെടുകയോ പുരുഷന് നിര്‍ദേശിച്ചത് സ്ത്രീ സമ്മതിക്കുകയോ രക്ഷാധികാരി പറഞ്ഞിട്ട് സ്ത്രീ അത് സമ്മതിക്കുകയോ ചെയ്യാമെന്ന് പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു. മഹ്ര് നിശ്ചയിക്കാനുള്ള പരമാധികാരം സ്ത്രീകള്‍ക്കാണ്. ആമിര്‍(റ) പറയുന്നു: ‘ബനുഫുസാറയില് പെട്ട ഒരു സ്ത്രീ രണ്ട് ചെരിപ്പ് മഹ്ര് നിര്‍ണയിച്ച് വിവാഹിതയായി. നബി(സ്വ) അവളോട് ചോദിച്ചു. നീ മനസാ തൃപ്തിപ്പെട്ടുവോ? അവള് പറഞ്ഞു. അതേ, അപ്പോള്‍ നബി(സ്വ) അത് മഹ്റായി അനുവദിച്ചു (തിര്‍മിദി) 9
മഹ്ര് ധനമൂല്യമുള്ളതാകുന്നതാണ് നല്ലത്. എന്നാല്‍ അറിവ്, ഗ്രന്ഥങ്ങള്‍ എന്നിങ്ങനെ ഉപകാരപ്രദമായ എന്തും മഹ്റായി നല്‍കാവുന്നതാണ്. പുരുഷനില്‍ നിന്ന് മഹ്ര് ആയി സ്വീകരിക്കുന്നതെന്തായാലും അതില്‍ സ്ത്രീ സംതൃപ്തയാണെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതകൂടി പുരുഷനുണ്ട്.
മഹ്റിന്റെ തോതും സമയവും
ഒരു സ്ത്രീ നബി(സ്വ)യുടെ അടുത്തുവന്ന് പറഞ്ഞു: ദൈവദൂതരേ, എന്നെ ഞാന്‍ താങ്കള്‍ക്ക് നല്കിയിരിക്കുന്നു. പ്രവാചകന് അവളെ ഒന്നു നോക്കി. എന്നിട്ട് ദീര്‍ഘനേരം തലതാഴ്ത്തി. അപ്പോള്‍ സദസ്സിലുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു: ദൈവദൂതരേ, അങ്ങ് ഇവളെ വിവാഹം ചെയ്യുന്നില്ലെങ്കില്‍ എനിക്ക് വിവാഹം ചെയ്തുതരിക. നബി(സ്വ) അയാളോടു ചോദിച്ചു: ‘മഹ്ര് കൊടുക്കാന്‍ നിന്റെയടുക്കല്‍ എന്തുണ്ട്?’ ‘എന്റെ ഈ തുണിയല്ലാതെ എന്റെയടുക്കല്‍ ഒന്നുമില്ല’ എന്നായിരുന്നു അയാളുടെ മറുപടി. ”നീ പോയി ഒരു ഇരുമ്പിന്റെ മോതിരമെങ്കിലും ഉണ്ടോയെന്ന് പരതുക”. പ്രവാചകന്(സ്വ) പറഞ്ഞു. അങ്ങനെ അയാള്‍ പോയി. ഒന്നും കിട്ടിയില്ല. അപ്പോള്‍ നബി(സ്വ) ചോദിച്ചു. ”നീ ഖുര്‍ആന്‍ വല്ലതും പഠിച്ചിട്ടുണ്ടോ”? അദ്ദേഹം പറഞ്ഞു. ”ഉണ്ട്. ഇന്നയിന്ന സൂറത്തുകള്‍ പഠിച്ചിട്ടുണ്ട്”. നബി(സ്വ) പറഞ്ഞു. എന്നാല്‍ നിനക്കറിയാവുന്ന ഖുര്‍ആന്‍ അവള്‍ക്ക് പഠിപ്പിക്കണമെന്ന വ്യവസ്ഥയില്‍ നിനക്ക് അവളെ ഞാന്‍ വിവാഹം ചെയ്തുതന്നിരിക്കുന്നു. (ബുഖാരി) 10
നബി(സ്വ) തന്റെ ഭാര്യമാര്‍ക്ക് എല്ലാം മഹ്റായി നിശ്ചയിച്ചത് പന്ത്രണ്ടര ഊഖിയയായിരുന്നു (മുസ്ലിം) 11 അതിന്റെ വിലയായി നിജപ്പെടുത്തിയിരിക്കുന്നത് 500 വെള്ളി നാണയമായിരുന്നു. സാമ്പത്തിക ശേഷിയുള്ള സ്വഹാബിവര്യന്മാര് തോട്ടവും ഭൂമിയും മറ്റും നബി(സ്വ)യുടെ അനുമതിയോടുകൂടി മഹ്ര് നല്‍കിയിട്ടുണ്ട്. സാബിതുബ്നു ഖൈസ്(റ) എന്ന പ്രവാചകശിഷ്യന് ജുമൈല എന്ന സ്ത്രീയെ വിവാഹം ചെയ്തത് രണ്ട് തോട്ടങ്ങള്‍ മഹ്ര് നല്‍കിയായിരുന്നു 12 നബി(സ്വ) സ്വഫിയ്യ(റ) യെ വിവാഹം ചെയ്തത് അവരെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കല്‍ മഹ്ര് ആയി നിശ്ചയിച്ചുകൊണ്ടായിരുന്നു (സ്വഹീഹുല്‍ ബുഖാരി) 13 വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ച സ്ത്രീ അടിമയാണെങ്കില്‍ മാത്രമാണ് അവളെ മോചിപ്പിക്കല്‍ മഹ്റായി നിശ്ചയിക്കാവുന്നത്.
വിവാഹസമയത്തുതന്നെ മഹ്ര് എത്രയെന്ന് പറയലും അത് നല്‍കലുമാണ് ഉത്തമം. മഹ്ര് പറയാതെ വിവാഹം കഴിച്ചാലും നിക്കാഹ് ശരിയാവുന്നതാണ്. അങ്ങനെ ഭാര്യയുമായി ബന്ധപ്പെട്ടുകഴിഞ്ഞാല്‍ മഹ്ര് നല്കല് നിര്‍ബന്ധമായി. ഇപ്രകാരം മഹ്ര് നല്കുമ്പോള് ആ കുടുംബത്തിലെ പാരമ്പര്യം നോക്കി മഹ്ര് നല്‍കണമെന്നാണ് കര്‍മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായം.
ഇസ്ലാം മഹ്റിന് പരിധി നിശ്ചയിക്കുന്നില്ല. ‘മാന്യമായ നിലയ്ക്ക് അവര്‍ക്ക് അവരുടെ മഹ്ര് നിങ്ങള്‍ നല്കുവിന്'(4:25) എന്നതാണ് അല്ലാഹു കല്പിക്കുന്നത്. ഓരോരുത്തരുടെയും കഴിവും സാഹചര്യവും പരിഗണിച്ച് അത് നല്‍കുകയാണ് ചെയ്യേണ്ടത്.
മഹ്റിന്റെ വിധികള്‍
മഹ്റിന്റെ ഉടമസ്ഥാവകാശം സ്ത്രീക്കാണ്. ഭര്‍ത്താവിന്റെയോ രക്ഷാധികാരിയുടെയോ അനുവാദമില്ലാതെത്തന്നെ അവള്‍ക്കതു കൈകാര്യം ചെയ്യാന്‍ ഇസ്ലാം അനുവാദം നല്‍കുന്നുണ്ട്. സ്ത്രീ തൃപ്തിപ്പെട്ട് അത് നല്കിയാല് ഭര്‍ത്താവടക്കം മറ്റുള്ളവര്‍ക്ക് അത് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യാം. അല്ലാഹു പറയുന്നു: ‘അതില്‍നിന്ന് സ്വമനസ്സാലെ അവര്‍ നിങ്ങള്‍ക്കു നല്കിയാല് അത് നിങ്ങള്‍ക്ക് ഹൃദ്യമായും സന്തോഷത്തോടെയും തിന്നാം’ (4:4).
ഭര്‍ത്താവിന് മഹ്ര് തിരിച്ചുവാങ്ങാന്‍ അനുവാദമില്ല. അല്ലാഹു പറയുന്നു: ‘അവരില്‍ ഒരുവള്‍ക്ക് വമ്പിച്ച ധനം മഹ്റായിട്ട് കൊടുത്തിട്ടുണ്ടെന്നിരുന്നാലും അതില്‍ ഒരു വസ്തുവും നിങ്ങള്‍ മടക്കിവാങ്ങരുത്. അക്രമമായും വ്യക്തമായ കുറ്റമായും നിങ്ങള്‍ അത് വാങ്ങുന്നുവോ? എങ്ങനെ നിങ്ങള്‍ അത് വാങ്ങും? നിങ്ങളന്യോന്യം ഇഴുകിച്ചേരുകയും അവര്‍ നിങ്ങളില്‍ നിന്ന് സുദൃഢമായ ഉറപ്പ് വാങ്ങുകയും ചെയ്തിരിക്കുന്നു (4:21). ദാമ്പത്യബന്ധം മുന്നോട്ടു നീങ്ങാതെ വിവാഹമോചനം നടത്തേണ്ടി വന്നാല്‍ പോലും മഹ്ര് പുരുഷന് തിരിച്ചു വാങ്ങിക്കൂടാ.
മഹ്ര് തിരിച്ചുവാങ്ങാന്‍ അനുമതി നല്കുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. പുരുഷനില്‍ നിന്ന് സ്ത്രീ വിവാഹമോചനം തേടുന്ന (ഖുല്‍അ്) സന്ദര്‍ഭത്തില്‍ പുരുഷന് വേണമെങ്കില്‍ മഹ്ര് തിരിച്ചുവാങ്ങാനുള്ള അനുമതി ഇസ്ലാം നല്‍കുന്നുണ്ട്. ”നിങ്ങള്‍ അവര്‍ക്ക് നല്കിയ മഹ്റുകളില്‍ നിന്ന് ഒരു വസ്തുവും നിങ്ങള്‍ മടക്കി വാങ്ങരുത്. അവര്‍ ഇരുവരും അല്ലാഹുവിന്റെ പരിധികള്‍ നിലനിര്‍ത്തുക സാധ്യമല്ലെന്ന് അവര്‍ രണ്ടാളും(ദമ്പതികള്‍) ഭയന്നാലല്ലാതെ. അഥവാ അവര്‍ അല്ലാഹുവിന്റെ പരിധികള്‍ നിലനിര്‍ത്തുകയില്ലെന്ന് നിങ്ങള്‍ ഭയപ്പെടുന്നപക്ഷം. അപ്പോള്‍ അവള് വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം തേടുന്നുവോ അതില്‍ ഇരുവര്‍ക്കും കുറ്റമില്ല.(2:229)
ജുമൈല(റ) എന്ന മഹതി തന്റെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം വിവാഹമോചനം ആവശ്യപ്പെട്ട് അവര്‍ നബി(സ്വ)യെ സമീപിച്ചപ്പോള്‍ ‘അദ്ദേഹം നല്കിയ തോട്ടം തിരിച്ചു കൊടുക്കുന്നോ നീ’ എന്ന് നബി(സ്വ) നിര്‍ദേശിച്ചു (ബുഖാരി) 12
മഹ്ര് നിശ്ചയിച്ച് ലൈംഗികബന്ധം ഉണ്ടാകുന്നതിന് മുമ്പ് വിവാഹമോചനം നടത്തേണ്ട സാഹചര്യം വന്നാല്‍ നിശ്ചയിച്ച മഹ്റിന്റെ പകുതി നല്‍കണം. അല്ലാഹു പറയുന്നു: ‘അവരെ നിങ്ങള്‍ സ്പര്‍ശിക്കുന്നതിന് മുമ്പ് മോചിപ്പിക്കുന്നപക്ഷം അവര്‍ക്ക് നിങ്ങള്‍ ഒരു തുക മഹ്ര് നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ നിശ്ചയിച്ചതിന്റെ പകുതി അവര്‍ക്ക് നല്‍കുക’ (2:237).
വിവാഹമൂല്യം എന്നത് വിവാഹം സാധുവാകുന്നതിന് നിര്‍ബന്ധമായ കാര്യമാകുന്നു. പുരുഷന്റെ ബാധ്യത എന്ന നിലയ്ക്ക് അതില്‍ നിന്ന് ഒഴിഞ്ഞുമാറാനോ, ഭാര്യയെക്കൊണ്ട് പൊരുത്തപ്പെടുവിച്ച് നല്കാതിരിക്കാനോ ഉള്ള ഇളവുകള്‍ ഒന്നുമില്ല. വിവാഹനിബന്ധനയായി സ്ത്രീയുടെ ഭാഗത്തുനിന്ന് പണം വാങ്ങി അതുകൊണ്ട് മഹ്ര് നല്കുന്നതോ ഒട്ടും അഭിലഷണീയമല്ല.
വിവാഹവും സ്ത്രീധനവും
വിവാഹസന്ദര്‍ഭത്തില്‍ പുരുഷന് സ്ത്രീക്ക് സംതൃപ്തിയോടുകൂടി സമ്മാനം നല്‍കണമെന്നതാണ് മതത്തിന്റെ നിര്‍ദേശം. ഇങ്ങനെ നല്കുന്ന സമ്മാനത്തിനാണ് മഹ്ര് എന്നു പറയുന്നത്. വിവാഹമൂല്യം നല്കിയിട്ടില്ലെങ്കില് വിവാഹം മതദൃഷ്ട്യാ സാധുവാകുന്നില്ല. സ്ത്രീയുടെ രക്ഷാധികാരിയില്‍ നിന്ന് പുരുഷന് വിവാഹവേളയില്‍ നിര്‍ബന്ധപൂര്‍വം ഇത്രയിത്ര ധനമോ മറ്റുവല്ലതുമോലഭിക്കണമെന്ന് നിബന്ധന വച്ചുകൊണ്ട് അത് സ്വീകരിക്കുന്ന സമ്പ്രദായം വിവിധ സമൂഹങ്ങളിലുണ്ട്. ഇസ്ലാം ഇത് അനുവദിക്കുന്നില്ല.
മതബോധവും സംസ്കാരവുമുള്ളവളെയാണ് ഇണയായി തെരഞ്ഞെടുക്കേണ്ടത്. വിവാഹശേഷം അവളുടെ ഭക്ഷണം, വസ്ത്രം, താമസം, അനുബന്ധമായ സൗകര്യങ്ങള്‍ തുടങ്ങി അവളുടെ സംതൃപ്തജീവിതത്തിന് അനുഗുണമായതു മുഴുവന്‍ തന്റെ സാമ്പത്തികാവസ്ഥയനുസരിച്ച് പൂര്ത്തീകരിച്ചുകൊടുക്കേണ്ട ബാധ്യത പുരുഷന്റേതാണ്. വിവാഹവേളയിലോ അതിന് ശേഷമോ അവളില്‍ നിന്നോ അവളുടെ രക്ഷിതാക്കളില്‍ നിന്നോ വല്ലതും ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ വിവാഹം കഴിക്കരുതെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ധനം, സൗന്ദര്യം, കുലമഹിമ എന്നിവയൊക്കെ മാനദണ്ഡമാക്കി നടക്കുന്ന വിവാഹത്തില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാവുകയില്ല. അത് ചൂഷണത്തിനും പീഡനത്തിനും കാരണമാവുകയും ചെയ്യുന്നു. അബ്ദുല്ലാഹിബ്നു അംറി(റ) പറയുന്നു: നിങ്ങള്‍ സ്ത്രീകളെ അവരുടെ സൗന്ദര്യം നോക്കി വിവാഹം ചെയ്യരുത്. സൗന്ദര്യമെന്നത് നാശത്തില്‍ അകപ്പെടുത്തിയേക്കാം. അവരുടെ സമ്പത്ത് നോക്കി നിങ്ങള്‍ അവരെ വിവാഹം ചെയ്യരുത്. സമ്പത്ത് അവരെ അതിക്രമകാരികളാക്കിയേക്കാം. മതം നോക്കി നിങ്ങള്‍ അവരെ വിവാഹം ചെയ്യുക. മതബോധമുള്ള കറുത്ത വിരൂപിയായ അടിമസ്ത്രീയാണ്ഏറ്റവും ശ്രേഷ്ഠ (അല്‍ മുഹല്ലാ ബില്‍ ആസാര്‍) 14
വിവാഹവേളയില്‍ വധുവിന്റെ പിതാവോ രക്ഷാധികാരിയോ അവള്‍ക്ക് സംതൃപ്തിയോടു കൂടി നല്കുന്ന വിഭവങ്ങള്‍ക്ക് ‘ജഹാസ്’ എന്നാണ് പറയുന്നത്. ഇത് അനുവദനീയമാണ്. ഇത് ഇന്നയിന്ന രൂപത്തിലും തോതിലും ലഭിക്കണമെന്നാഗ്രഹിച്ച് ഭാര്യയോട് ആവശ്യപ്പെടാന്‍ പാടില്ല. നബി(സ്വ) പ്രിയപുത്രി ഫാത്വിമ(റ)യെ അലി(റ)ക്ക് വിവാഹം ചെയ്തു കൊടുത്തപ്പോള്‍ ഒരു പുതപ്പ്, തോല്‍പാത്രം, നാര് നിറച്ച ഒരു തലയിണ എന്നിവ തയ്യാറാക്കികൊടുത്തിരുന്നു (നസാഈ ) 15
References- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 1950, ഹദീസ് 4779[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 1949, ഹദീസ് 4776[↩]
- സുനനുദ്ദാറുഖുത്വ്നീ, അബുല്‍ ഹസന് അലിയ്യുബ്നു ഉമറബ്നി അഹമദ് ബ്നി മഹ്ദിയ്യിബ്നി മസ്ഊദ്, മുഅസ്സസതുര്‍റിസാല, ബൈറൂത്, ലെബനാന്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 320, ഹദീസ് 3528[↩]
- ഇത്ഹാഫുല്‍ മഹറ, ഇബ്നു ഹജറുല്‍ അസ്ഖലാനീ, വാള്യം 18, പേജ് 161, ഹദീസ് 23491[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 1975, ഹദീസ് 4848[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 142, ഹദീസ് 1424[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 1958, ഹദീസ് 4802[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 387, ഹദീസ് 1085[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 412, ഹദീസ് 1113[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 1919, ഹദീസ് 4741[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 144, ഹദീസ് 1426[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2021, ഹദീസ് 4971[↩][↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 1539, ഹദീസ് 3964[↩]
- അല്‍ മുഹല്ല ബില്‍ ആസാര്‍, അബൂ മുഹമ്മദ് അലിയ്യുബ്നു അഹ്മദ് ബനൂഹസം അല്‍ ഖുര്‍ത്വുബി അളള്വാഹിരി, ദാറുല്‍ ഫിക്ര്, ബൈറൂത്ത്, വാള്യം 09, പേജ് 111[↩]
- അസ്സുനനുസ്സുഗ്റാ ലിന്നസാഈ, അബൂ അബ്ദിര്റഹ്മാന് അഹ്മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 06, പേജ് 135, ഹദീസ് 3384[↩]
