സന്താനോത്പാദനവും ഗര്‍ഭനിരോധവും
സന്താനോത്പാദനവും ഗര്‍ഭനിരോധവും സംബന്ധിച്ച വിഷയങ്ങളെ ഇസ്ലാം ഉത്തരവാദിത്വം, ആരോഗ്യപരമായ പരിഗണന, കുടുംബസമതുലിതത്വം എന്നീ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് സമീപിക്കുന്നത്. സന്താനനിയന്ത്രണവുമായി ബന്ധപ്പെട്ട ഇസ്ലാമിക കാഴ്ചപ്പാട്, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട നിയമപരമായ വ്യവസ്ഥകള്‍ എന്നിവയെക്കുറിച്ച് ഖുർആനും സ്വീകാര്യ ഹദീസുകളും നല്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഈ ലേഖനം വിശദീകരിക്കുന്നത്. മാതാപിതൃത്വത്തിന്റെ ഉത്തരവാദിത്വവും മനുഷ്യജീവിതത്തിന്റെ പരിശുദ്ധതയും സംരക്ഷിക്കുന്നതില്‍ ഇസ്ലാമിക നിലപാടിന്റെ സമഗ്രതയാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.
മനുഷ്യവര്‍ഗത്തിന്റെ നിലനില്പാണ് വിവാഹത്തിന്റ പ്രഥമവും പ്രധാനവുമായ ഉദ്ദേശ്യം. മതബോധവും സംസ്കാരവും ഉള്ളവരെ ഇണയായി തെരഞ്ഞെടുത്ത് വിവാഹത്തിലൂടെ ഒന്നിക്കുന്ന ദമ്പതികള്‍ സന്താന സൗഭാഗ്യത്തിനായി ആഗ്രഹിക്കുകയും അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും വേണ്ടതുണ്ട്.
നബി(സ്വ) പറഞ്ഞു: ‘സ്നേഹശീലയായ, പ്രസവിക്കുന്ന സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കുക'(നസാഈ) 1 വന്ധ്യത ചികിത്സിച്ചു മാറ്റാന്‍ പറ്റുമെങ്കില്‍ പുരുഷനായാലും സ്ത്രീയായാലും ആ മാര്‍ഗം സ്വീകരിക്കാമെന്നാണ് ഇസ്ലാമിന്റെ നിര്‍ദേശം. വന്ധ്യയെന്ന് വിധിയെഴുതപ്പെട്ടിട്ടും അല്ലാഹുവിനോട് ഉള്ള പ്രാര്‍ഥനയുടെ ഉത്തരമായി അവര്‍ പ്രസവിച്ച സംഭവം അല്ലാഹു വിവരിക്കുന്നുണ്ട്.
കൂടുതല്‍ സന്താനങ്ങളുണ്ടാകുന്നതിനെ നിരുത്സാഹപ്പെടുത്തേണ്ട കാര്യമായി ആധുനികകാലത്ത് ചിലര്‍ കുടുംബാസൂത്രണത്തിന്റെ പേരില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു, സന്താനോത്പാദനം, സന്താന നിയന്ത്രണം, ഗര്‍ഭധാരണ നിയന്ത്രണം, സന്താനങ്ങള്‍ക്കിടയിലുള്ള പ്രായവ്യത്യാസം തുടങ്ങിയ കുടുംബാസൂത്രണ സംവിധാനങ്ങളോട് ഇസ്ലാമിന് കൃത്യവും വ്യക്തവുമായ കാഴ്ചപ്പാടുണ്ട്. ഭ്രൂണഹത്യമുതല്‍ പ്രത്യുത്പാദനാവയവങ്ങള്‍ പൂര്‍ണമായി മുറിച്ചുമാറ്റുന്നതു വരെയുള്ള കുടുംബാസൂത്രണ സങ്കേതങ്ങള്‍ ആധുനികതയുടെ പേരില്‍ വ്യാപകമാകുമ്പോള്‍ അവയെല്ലാം നിഷിദ്ധവും പ്രകൃതിവിരുദ്ധവുമായി ഇസ്ലാം വിലയിരുത്തുന്നു. കൂടുതല്‍ കുട്ടികളുണ്ടാവുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രവാചകവചനങ്ങളില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കുന്നത്, അകാരണമായി സന്താനോത്പാദനം തടയുന്നതും സന്താന നിയന്ത്രണമേര്‍പ്പെടുത്തുന്നതും മതത്തിന്റെ ശരിയായ മാര്‍ഗമല്ല.
സമൂഹത്തില്‍ ഭക്ഷ്യക്ഷാമവും ദാരിദ്ര്യവും നിലനില്‍ക്കുന്നതിന് കാരണം ജനസംഖ്യാ വര്‍ധനവാണെന്നാണ് പോപ്പുലേഷന്‍ പ്രൊജക്ടുകാരുടെ പ്രചാരണം. ഇത് അര്‍ധസത്യമോ അസത്യമോ ആണ്. ഭക്ഷ്യസാമ്പത്തിക മേഖലകളിലുള്ള വന്യമായ ചൂഷണവും ജുഗുപ്സാവഹമായ കുത്തകകളും പ്രകൃതിവിഭവങ്ങളുടെ സന്തുലിതാവസ്ഥ തകിടം മറിക്കുന്നതും ഭക്ഷ്യവിഭവങ്ങളുടെ ക്ഷാമത്തിന് കാരണമാവുന്നു. എക്കാലത്തെയും മാനവരാശിയുടെ സുഗമമായ വളര്‍ച്ചയ്ക്കും വികാസത്തിനും ഉള്ള വിഭവങ്ങള്‍ പ്രപഞ്ചനാഥന് ഭൂമിയില്‍ തികഞ്ഞ ആസൂത്രണ വൈഭവത്തോടെ സംവിധാനിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യന്റെ അത്യാര്‍ത്തിയും സുഖലോലുപതയും മൂലം കൃത്യമായ ആസൂത്രണമില്ലാതെ ഭൂമിയില്‍ വിനാശം വിതച്ചപ്പോള്‍ ഭക്ഷ്യക്ഷാമം അതിന്റെ ദുരന്ത പരിണതിയായി മനുഷ്യന് അനുഭവിക്കേണ്ടിവന്നതാണ്.
പട്ടിണി ഭയന്നുകൊണ്ട് പ്രത്യക്ഷമോ പരോക്ഷമോ ആയ സന്താനഹത്യ മഹാപാതകമായിട്ടാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: ‘ദാരിദ്ര്യം ഭയന്നുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ സന്തതികളെ കൊല ചെയ്യരുത്. അവര്‍ക്കും നിങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നത് നാമാണ്. അവരുടെ കൊല ഒരു മഹാപാതകമാകുന്നു’ (17:31). കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ദാരിദ്ര്യം തടസ്സം നില്‍ക്കുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്ന് ഖുര്‍ആന്‍ വ്യക്തമായി ഇവിടെ പഠിപ്പിക്കുന്നു.
ലിംഗവിവേചനത്തിന്റെ പേരില്‍ ജീവനോടെ കുഴിച്ചുമൂടുന്നതുമുതല് ആംനിയോ സെന്റസിസ് (amniocentesis) വഴി ലിംഗനിര്‍ണയം നടത്തി ഭ്രൂണഹത്യ നടത്തുന്നതുവരെ കൊലപാതകത്തിന്റെ പരിധിയില്‍പെടുന്ന മഹാപാതകമായിട്ടാണ് ഇസ്ലാം കാണുന്നത്. അല്ലാഹു പറയുന്നു: ‘നിങ്ങളിലുള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളില്‍നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തിലേര്‍പ്പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമാണ്’ (24:32).
സന്താനനിയന്ത്രണവും ഗര്‍ഭഛിദ്രവും
സന്താനലബ്ധി അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണ്. വിവാഹിതരായാല്‍ ഒരുകുഞ്ഞ് ജനിച്ചുകാണാന് കൊതിക്കുന്നവരാണ് ദമ്പതികളെല്ലാവരും. അതിനുണ്ടാകുന്ന കാലതാമസം അവരെ ഉത്കണ്ഠാകുലരാക്കുകയും ചെയ്യുന്നു. സന്താനലബ്ധിയുടെ കാര്യത്തില്‍ മനുഷ്യര്‍ക്ക് ഇച്ഛകളുണ്ടാവുമെങ്കിലും എല്ലാം അല്ലാഹുവിന്റെ ഇച്ഛയ്ക്കനുസൃതമായി മാത്രമേ സംഭവിക്കുന്നുള്ളൂ.
ഭാര്യാഭര്ത്താക്കന്മാരുടെ ശാരീരികബന്ധം പ്രകൃതിപരമായ ഒരാവശ്യത്തിന്റെ പൂര്‍ത്തീകരണം മാത്രമല്ല, ഒരു കുഞ്ഞിന്റെ ജന്മം സാധിപ്പിക്കുന്ന അതിശ്രേഷ്ഠമായ ഒരു പ്രക്രിയ കൂടിയായിട്ടാണ് മതം പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ നാമം (ബിസ്മി) ചൊല്ലി പ്രാര്‍ഥനയോടെയാണ് അതില്‍ പ്രവേശിക്കേണ്ടതെന്ന് നബി(സ്വ) പഠിപ്പിച്ചു. ‘അല്ലാഹുവിന്റെ നാമത്തില്‍, ഞങ്ങളില്‍ നിന്ന് പിശാചിനെ അകറ്റേണമേ, ഞങ്ങള്‍ക്ക് തന്നതില്‍ നിന്നും നീ പിശാചിനെ അകറ്റേണമേ”(ബുഖാരി) 2 ഇങ്ങനെയുള്ള പ്രാര്‍ഥനയോടെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ദമ്പതിമാരില്നിന്നുണ്ടാവുന്ന കുഞ്ഞിനെ പിശാച് വഴി തെറ്റിക്കുകയില്ലെന്ന് നബി(സ്വ) ഉണര്‍ത്തി.
സന്താനലബ്ധി ആഗ്രഹിക്കുകയും പ്രാര്‍ഥനയോടെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കല്പിക്കപ്പെടുകയും ചെയ്ത ദമ്പതികള്‍ക്ക് സന്താനനിയന്ത്രണത്തിന് മതം അനുവാദം നല്കുന്നുണ്ടോ എന്നത് ചിന്താര്‍ഹമായ വിഷയമാണ്. ജനനനിയന്ത്രണം, കുടുംബാസൂത്രണം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ സമ്പ്രദായത്തെ പാടെ നിഷിദ്ധമായോ പൂര്‍ണമായി അനുവദനീയമായോ കാണുന്നതിന് പിന്‍ബലമേകുന്ന തെളിവുകള്‍ വിശുദ്ധ ഖുര്‍ആനില്‍ ഇല്ല. അജ്ഞാനകാലത്ത് (ജാഹിലിയ്യ കാലത്ത്) അറബികളില്‍ ചിലര്‍ ദാരിദ്ര്യത്തെ ഭയന്ന് ജനിച്ചുകഴിഞ്ഞ കുട്ടികളെ ജീവനോടെ കൊല്ലുന്ന ക്രൂരസമ്പ്രദായം നടപ്പില്‍ വരുത്തിയിരുന്നു. ഈ ഹീന കൃത്യത്തെ നിരോധിച്ചുകൊണ്ട് അവതീര്‍ണമായ ദൈവികസൂക്തം ഇപ്രകാരമാണ്: ‘ദാരിദ്ര്യത്തെ ഭയന്ന് നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളെ കൊല്ലരുത്. അവര്‍ക്കും നിങ്ങള്‍ക്കും നാം ഉപജീവനം നല്‍കും. നിശ്ചയം അവരെ കൊല്ലുന്നത് മഹാപാപമാകുന്നു’ (17:31).
ആധുനിക കാലത്ത് വളര്‍ച്ചയെത്തിയ ജീവനുള്ള ഭ്രൂണത്തെ നശിപ്പിക്കുന്ന ‘ഗര്‍ഭഛിദ്ര’ സമ്പ്രദായം പ്രസ്തുത നിരോധനത്തിന്റെ പരിധിയില്‍ പെടുന്നു. എന്നാല്‍ ഗര്‍ഭസ്ഥശിശു ജനിക്കുന്നത് മാതാവിന്റെ മരണത്തിന് കാരണമാകുമെന്ന് വ്യക്തമായി ബോധ്യപ്പെട്ടാല്‍ ഗര്‍ഭഛിദ്രത്തിലൂടെ അതിനെ നശിപ്പിക്കുന്നത് അനുവദനീയമാണ്. അനിവാര്യമായ രണ്ട് തിന്മകളില് ഏറ്റവും ലഘുവായത് തെരഞ്ഞെടുക്കുക എന്ന ഇസ്ലാമിക ശരീഅത്തിന്റെ പൊതുതത്ത്വമനുസരിച്ചാണിത്. വിദഗ്ധമായ വൈദ്യോപദേശത്തിന്റെയോ അനുഭവത്തിന്റെയോ അടിസ്ഥാനത്തില്‍ ഗര്‍ഭധാരണവും പ്രസവവും മാതാവിന്റെ ആരോഗ്യത്തിനും ജീവനും ഹാനികരമോ മാരകമോ ആകുമെന്ന് ന്യായമായും ഭയപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ജനനനിയന്ത്രണം ആകാവുന്നതാണെന്നതിന് ഖുര്‍ആന്‍ സൂക്തം (2:195) തെളിവ് നല്കുന്നു. ‘നിങ്ങള്‍ സ്വന്തം കൈകളെ നാശത്തില്‍ ഇടരുത്’.
ശൈഖ് ശല്തൂത്തിന്റ ഫത്വ ശ്രദ്ധേയമാണ്. ‘ഗര്‍ഭസ്ഥശിശു നിലനില്‍ക്കുന്നത് മാതാവിന്റെ മരണത്തിന് കാരണമാവുകയും മറ്റുമാര്ഗങ്ങളില്ലാതിരിക്കുകയും ചെയ്യുമ്പോള്‍, ഗര്‍ഭഛിദ്രം അനിവാര്യമാകും. കുട്ടിയെ രക്ഷിക്കാനായി മാതാവിനെ ബലി നല്‍കരുത്. കാരണം, അവരാണ് അടിസ്ഥാനം. അവരുടെ ജീവിതം മുമ്പെ നിലവിലുള്ളതാണ്. ജീവിതത്തില്‍ അവര്‍ക്ക് സ്വതന്ത്രമായ ഓഹരിയും ബാധ്യതയും കടമകളും ഉണ്ട്. കുടുംബത്തിന്റെ താങ്ങായ അവളെ സ്വതന്ത്രമായ ജീവിതം ഇനിയും കരുപ്പിടിപ്പിച്ചിട്ടില്ലാത്ത ഗര്‍ഭസ്ഥ ശിശുവിനുവേണ്ടി ബലിയര്‍പ്പിക്കുക എന്നത് ശരിയല്ല (ശൈഖ് ശല്‍ത്തൂത്തിന്റെ ഫത്വകള്, പേജ് 464).
മുലകുടിക്കുന്ന ഒരു കുട്ടി ഉണ്ടായിരിക്കുമ്പോള്‍ മാതാവ് ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും ആ കുട്ടിയുടെ സംരക്ഷണത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ഭയം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താമെന്ന് പ്രസിദ്ധ പണ്ഡിതനായ യൂസുഫുല്‍ ഖറദാവി അഭിപ്രായപ്പെടുന്നു. (അവലംബം: വിധി വിലക്കുകള്‍ പേജ് 363).
നബി(സ്വ)യുടെ കാലത്ത് തന്നെ സന്താനനിയന്ത്രണ മാര്‍ഗങ്ങള്‍ മുസ്ലിംകള് സ്വീകരിച്ചിരുന്നുവെന്നതിന് സ്വഹീഹായ പരമ്പരകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകളില്‍ നിന്ന് വ്യക്തമാവുന്നു. പുരുഷന്, സ്ഖലനസമയത്ത് സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ബീജം കടക്കാനനുവദിക്കാതെ അത് പുറത്തുകളയുന്ന ജനനനിയന്ത്രണമാര്‍ഗം ‘അസ്ല്’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജാബിര്‍ (റ) പറയുന്നു: ‘റസൂലി(സ്വ)ന്റെ കാലത്ത് ,ഖുര്‍ആന്‍ അവതരിച്ചുകൊണ്ടിരിക്കെത്തന്നെ ഞങ്ങള്‍ ‘അസ്ല്’ ചെയ്തിരുന്നു. (ബുഖാരി 3, മുസ്ലിം 4 ). എന്നാല്‍ സ്ത്രീയുടെയും പുരുഷന്റെയും സ്വാഭാവിക ലൈംഗിക ഹോര്‍മോണുകളെയും പ്രകൃതിപരമായ നൈസര്‍ഗികതയെയും നശിപ്പിക്കുന്ന തരത്തില്‍ സ്ഥിരമായ സന്താനനിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് അനുവദനീയമല്ല. കുട്ടികളുണ്ടായാല്‍ തങ്ങളുടെ അമിത ഭോഗാസക്തിയെ തൃപ്തിപ്പെടുത്താനും ജീവിതസുഖം ആസ്വദിക്കാനും കഴിയുകയില്ലെന്ന ഭയം കാരണം സന്താനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള ജനനനിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് ഇസ്ലാം അനുവദിക്കുന്നില്ല.
സന്താനനിയന്ത്രണ മാര്‍ഗങ്ങള്‍ മനുഷ്യശരീരത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനരീതികളില്‍ ഉള്‍പ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രകൃതിവിരുദ്ധമായ കാര്യങ്ങള്‍ക്ക് ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെ കണക്കിലെടുത്ത് സുരക്ഷിതദിനങ്ങളില് മാത്രം രതിയില്‍ ഏര്‍പ്പെടുന്ന സ്വാഭാവിക മാര്‍ഗങ്ങളാണ് അനിവാര്യ ഘട്ടത്തില്‍ പിന്തുടരേണ്ടത്.
References
- അസ്സുനനുസ്സുഗ്റാ ലിന്നസാഈ, അബൂ അബ്ദിര്റഹ്മാന് അഹ്മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 06, പേജ് 65, ഹദീസ് 3227[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 40, ഹദീസ് 141[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 1998, ഹദീസ് 4911[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 160, ഹദീസ് 1440[↩]
