മാതൃകാ മാതാപിതാക്കള്‍
മാതൃകാ മാതാപിതാക്കള്‍ കുട്ടികളുടെ ജീവിതത്തിലും വ്യക്തിത്വ വികസനത്തിലും അത്യന്തം പ്രാധാന്യമുള്ളവരാണ്. അവരുടെ ശീലങ്ങളും നിലപാടുകളും കുട്ടികളുടെ മൂല്യബോധത്തെയും ധാര്‍മിക ബോധത്തെയും രൂപപ്പെടുത്തുന്നു. ഇസ്ലാമിക നിയമങ്ങളിലും സാമൂഹികവും ശാസ്ത്രീയവുമായ പഠനങ്ങളിലും, മാതാപിതാക്കളുടെ മാതൃകാപരമായ പെരുമാറ്റം വളരെയധികം പ്രാധാന്യമുള്ളതായി കാണുന്നു. മാതാപിതാക്കളുടെ സ്നേഹവും മാര്‍ഗദര്‍ശനവും കുട്ടികള്‍ക്ക് ആത്മവിശ്വാസവും ഉത്തരവാദിത്വബോധവും വളര്‍ത്തുന്നതില്‍ നിര്‍ണായകമാണ്. നല്ല മാതാപിതാക്കള്‍ കുടുംബശാന്തി നിലനിര്‍ത്തുകയും, സുസ്ഥിരമായ സാമൂഹിക ഘടനയ്ക്ക് പിന്‍ബലം നല്‍കുകയും ചെയ്യുന്നു.
മക്കള്‍ സദ്ഗുണ സമ്പന്നരാകണമെങ്കില്‍ മാതാപിതാക്കള്‍ മാതൃകാപരമായി സ്വഭാവ ശീലങ്ങള്‍ സ്വീകരിക്കുന്നവരായിരിക്കണം. നബി(സ്വ) ആരുളി: ‘എല്ലാ കുഞ്ഞുങ്ങളും പിറക്കുന്നത് ശുദ്ധ പ്രകതിയിലാണ് അവന്റെ മാതാപിതാക്കളാണ് അവനെ യഹൂദനോ ക്രിസ്ത്യാനിയോ മജൂസിയോ(അഗ്നിയാരാധകന്‍) ആക്കുന്നത്”. കുഞ്ഞ് പിറന്നതില്‍ ആഹ്ലാദിക്കുകയും അല്ലാഹുവിന് നന്ദി പറയുകയും ചെയ്യുന്നതോടൊപ്പം ആ കുഞ്ഞിനോടുള്ള ബാധ്യതകള്‍ പൂര്‍ത്തിയാക്കാനും കടപ്പെട്ടവരാണ് മാതാപിതാക്കള്‍. ഭക്ഷണവും വസ്ത്രവും മറ്റ് ഭൗതിക സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നതോടൊപ്പം ഉന്നതമായ സ്വഭാവ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള ശിക്ഷണശീലങ്ങള്‍ കാണിച്ചു കൊടുക്കേണ്ടത് മാതാപിതാക്കളാണ്. ദാമ്പത്യജീവിതം തന്നെ മാതൃകാപരമായി മാറുമ്പോള്‍ മാത്രമേ കുഞ്ഞുങ്ങളും നന്മയില് വളരുകയുള്ളൂ.
മാതാപിതാക്കളില്‍ നിന്ന് മാതൃകാപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ കാണാനിടവന്നാല്‍ കുട്ടികള്‍ക്ക് ലഭിക്കേണ്ട ശിക്ഷണത്തില്‍ വലിയ ഒരു വീഴ്ചയായി കണക്കാക്കപ്പെടും. ഒരിക്കല്‍ ഒരാള്‍ ഉമര്‍ ഫാറൂഖിനെ(റ) സമീപിച്ച് തന്റെ മകന് തന്നോട് മോശമായി പെരുമാറുന്നതായി പരാതിപ്പെട്ടു. തന്നോടുള്ള ബാധ്യതകള്‍ പൂര്‍ത്തിയാക്കുന്നില്ലെന്ന് ബോധിപ്പിക്കുകയും ചെയ്തു. അപ്പോള്‍ മകന് ഖലീഫയോട് ചോദിച്ചു. മകന് പിതാവില്‍ നിന്ന് ചില അവകാശങ്ങള്‍ക്ക് അര്‍ഹതയില്ലേ? എന്തൊക്കെയാണവ?. ”കുട്ടിയുടെ ഉമ്മയെ സംരക്ഷിക്കുക, നല്ല പേര് നല്‍കുക, ഖുര്‍ആന്‍ പഠിപ്പിക്കുക”, ഖലീഫ പ്രതിവചിച്ചു. എന്നാല്‍ എന്റെ പിതാവ് അതിലൊന്നുപോലും ചെയ്തിട്ടില്ല. എന്റെ മാതാവ് മജൂസി ആയിരുന്നു. എനിക്ക് നല്കിയ പേരാണെങ്കില്‍ ചാണക വണ്ട് എന്നര്‍ഥം വരുന്ന ജുഅല്‍ എന്നാണ്. ഖുര്‍ആനില്‍ നിന്ന് ഒരക്ഷരം പോലും എന്നെ പഠിപ്പിച്ചിട്ടില്ല. കുട്ടി പരാതിപ്പെട്ടു.
അപ്പോള്‍ ഉമറുല്‍ ഫാറൂഖ്(റ) പിതാവിന്റെ നേരെ തിരിഞ്ഞ് പറഞ്ഞു: താങ്കള്‍ മകന്റെ മോശമായ പെരുമാറ്റത്തെപ്പറ്റി പറയാനാണ് എന്റെ അടുത്ത് വന്നത്. എന്നാല്‍ അവന് താങ്കളോട് മോശമായി പെരുമാറുന്നതിനുമമ്പ് താങ്കള്‍ അവനോടാണ് തെറ്റു ചെയ്തത്. താങ്കളോട് അവന് ബാധ്യത പൂര്‍ത്തീകരിക്കുന്നില്ലെങ്കില്‍ അതിനുമുമ്പേ താങ്കള്‍ നിര്‍വഹിക്കേണ്ടിയിരുന്ന ഉത്തരവാദിത്വത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയിരിക്കുന്നു.
മാതാവിനും പിതാവിനും കുട്ടിയുടെ ശിക്ഷണത്തില്‍ ബാധ്യതയുണ്ടെങ്കിലും വീട്ടില്‍ നിന്നുകൊണ്ട് കൂടുതലായി കുട്ടികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ മാതാവിനാണ് പിതാവിനേക്കാള്‍ ഏറെ സമയവും സൗകര്യവും ലഭിക്കുന്നത്. സ്വഹാബാ വനിതകളൊക്കെ കുഞ്ഞുങ്ങള്‍ക്ക് മാതൃകാ ശിക്ഷണം നല്കുന്നതില് നിതാന്ത ശ്രദ്ധ പുലര്‍ത്തി. നബി(സ്വ)യുടെ പരിചാരകന് എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച അനസ്(റ)വിന്റെ മാതാവ് ഉമ്മുസുലൈം ചരിത്രത്തില്‍ മാതൃകാ മാതാവിന്റെ ഉത്കൃഷ്ട ഗുണങ്ങള്‍ പഠിപ്പിച്ചു തരുന്നു. അനസ്(റ) കൊച്ചുകുട്ടിയായിരിക്കുമ്പോള് തന്നെ ‘ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ്’ എന്ന വചനം ഉമ്മുസുലൈം ചൊല്ലിക്കൊടുക്കാറുണ്ടായിരുന്നു. ഇതുമുഖേന കുഞ്ഞുമനസ്സില്‍ തൗഹീദിന്റെ അടിത്തറ വളരെ ചെറുപ്പത്തില്‍തന്നെ ഊട്ടിയുറപ്പിക്കുകയായിരുന്നു ലക്ഷ്യം. സ്നേഹനിധിയായ അല്ലാഹുവിനെ പരിചയപ്പെടാനുള്ള അവസരം കൊച്ചുകുട്ടികള്‍ക്ക് ഒരുക്കിക്കൊടുക്കേണ്ടത് മാതാപിതാക്കളാണ്.
കുട്ടികള്‍ക്ക് നല്ലവരുമായി സഹവസിക്കാനും നല്ല കൂട്ടുകാരെ തെരഞ്ഞെടുക്കാനുമുള്ള അവസരങ്ങള്‍ മാതാപിതാക്കള്‍ നല്‍കണം. സാഹചര്യങ്ങളാണ് സദ്പാതയിലോ ദുര്‍മാര്‍ഗത്തിലോ ആയി ചരിക്കാന്‍ ഇടയാക്കുന്നത്. പത്തു വയസ്സ് പ്രായമായ അനസി(റ)നെ ഉമ്മുസുലൈം നബി(സ്വ)യുടെ ശിക്ഷണത്തില്‍ വളരാന്‍വേണ്ടി മദീനയില്‍ നിര്‍ത്തി. നബി(സ്വ) മദീനയിലെത്തിയപ്പോള്‍ മാതാവ് അനസ്(റ)വിനെ നബി(സ്വ)ക്ക് ഏല്പിച്ചുകൊടുത്തുകൊണ്ട് പറഞ്ഞു. ‘ഇതാ അനസ്, അവന് നിങ്ങളുടെ സേവകനായി വളരട്ടെ’. പിന്നെ മരണം വരെ നബി(സ്വ)യുടെ നിഴല്‍പോലെ അദ്ദേഹത്തെ അനസ്(റ) പിന്തുടര്ന്നു.
മക്കള്‍ നല്ല നിലയിലായിത്തീരാന്‍ മാതാപിതാക്കള്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടിരിക്കണം. ഉമ്മുസുലൈം സ്വന്തമായി പ്രാര്‍ഥിക്കുന്നതോടൊപ്പം മകനുവേണ്ടി പ്രര്‍ഥിക്കാന്‍ നബി(സ്വ)യോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇണകളിലും സന്താനപരമ്പരകളിലും കണ്‍കുളിര്‍മ പ്രദാനം ചെയ്യുകയും അവരെ ഭക്തര്‍ക്ക് മാതൃകയാക്കുകയും ചെയ്യേണമേ എന്നത് പരമകാരുണികന്റെ അടിമകളുടെ ഒരു പ്രാര്‍ഥനയായി വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.
കുഞ്ഞുങ്ങളോടുള്ള സ്നേഹലാളനകള്‍
സന്താനങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹമാണ്. കുഞ്ഞുങ്ങളുടെ മുഖത്തെ മന്ദഹാസം മാതാപിതാക്കളുടെ കണ്ണിനും കരളിനും കുളിര് പകരുന്നു. കൊച്ചുകുട്ടികളുടെ കിളിക്കൊഞ്ചല്‍ കേള്‍ക്കാന്‍ കഴിയുന്നതാണ് വീടിന് അലങ്കാരവും മനസ്സിന് സമാധാനവും നല്‍കുന്നത്.
മക്കളോടുള്ള സ്നേഹവാല്‍സല്യങ്ങള്‍ കേവലം നൈസര്‍ഗിക വികാരങ്ങളുടെ ഭാവപ്രകടനം മാത്രമായിട്ടല്ല ഇസ്ലാം കാണുന്നത്. ചെറിയവരോട് കരുണ കാണിക്കാത്തവനും വലിയവരെ ആദരിക്കാത്തവനും മതത്തിന്റെ വൃത്തത്തില്‍ നിന്ന് പുറത്താണെന്ന് പറഞ്ഞുകൊണ്ട് ഈ വിഷയത്തിന്റെ ഗൗരവമുണര്‍ത്തി.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ആഗ്രഹം മനുഷ്യന്റെ പ്രകൃതി സഹജമായ താല്പര്യമാണ്. ജീവിതത്തില്‍ ബന്ധങ്ങള്‍ക്ക് അഴകും അര്‍ഥവും പകരുന്നത് മനുഷ്യര്‍ പരസ്പരം പ്രകടിപ്പിക്കുന്ന സ്നേഹഭാവങ്ങളാണ്. വിശേഷിച്ചും മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്നേഹവാത്സല്യങ്ങളുടെ ആദാനവും പ്രദാനവുമാണ് കടമകളും കടപ്പാടുകളും ഉണര്‍ത്തി ജീവിതത്തെ സമാധാനപൂര്‍ണവും സന്തോഷഭരിതവുമാക്കിത്തീര്ക്കുന്നത്. ഏതൊരു മനുഷ്യന്റെയും ശൈശവ ദശയില്‍തന്നെ സ്നേഹം ആവോളം അനുഭവിക്കാന്‍ കഴിയണമെങ്കില്‍ മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ആ സ്നേഹത്തിന്റെ ഭാവപ്രകടനങ്ങള്‍ പ്രതിഫലിക്കുന്ന സഹജവീതമാണ് ഉണ്ടാകേണ്ടത്. കുഞ്ഞുങ്ങളോടുള്ള നബി(സ്വ)യുടെ സ്നേഹപ്രകടനങ്ങള്‍ വൈകാരിക ബന്ധത്തിന് ഊഷ്മളത പകര്‍ന്നിരുന്നു. നബി(സ്വ) ഒരിക്കല്‍ തന്റെ പേരക്കുട്ടികളിലൊന്നിനെ ചുംബിച്ചു. അദ്ദേഹത്തിനരികെ അഖ്റഅ്ബ്നു ഹാബിസ് ഉണ്ടായിരുന്നു. അഖ്റഅ് പറഞ്ഞു. എനിക്ക് പത്തു മക്കളുണ്ട്. അവരിലൊരാളെയും ഒരിക്കലും ഞാന്‍ ചുംബിച്ചിട്ടില്ല. ഇതുകേട്ട റസൂല്‍(സ്വ) അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞുപറഞ്ഞു. കരുണ കാണിക്കാത്തവന് കാരുണ്യം കിട്ടുകയില്ല.(ബുഖാരി) 1
ചുംബനം എന്നത് സ്നേഹത്തിന്റെ പ്രകടനഭാവമായിട്ടാണ് റസൂല്‍(സ്വ) പഠിപ്പിക്കുന്നത്. മിക്ക മാതാപിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങളോട് അധികമായ സ്നേഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കുന്ന വിഷയത്തില്‍ ലുബ്ധ് കാണിക്കുന്നവരാണ്. ഈ സ്നേഹദാരിദ്ര്യം മാതാപിതാക്കളും മക്കളും തമ്മില്‍ മാനസികമായി അകല്‍ച്ച വരാന്‍ കാരണമാവുകയും ചെയ്യുന്നു.
കുട്ടികളോടൊത്ത് വിനോദിക്കാനും അവരിലൊരാളായി ഉല്ലസിക്കാനും സമയം കണ്ടെത്തിയിരുന്ന ശിശുസ്നേഹിയായിരുന്നു നബിതിരുമേനി(സ്വ). ശിശുക്കള്‍ക്ക് പ്രയാസകരമാവുന്ന യാതൊന്നും ആരാധനകളില്‍പോലും ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. നമസ്കാരത്തില്‍ ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ആഗ്രഹിക്കുകയും എന്നാല്‍ കുഞ്ഞിന്റെ കരച്ചില് കേട്ടാല്‍ ഉടനെ നമസ്കാരം ചുരുക്കുകയും ചെയ്തിരുന്നു അദ്ദേഹം. അന്യരുടെ കുട്ടികളെ നബി(സ്വ) എടുത്ത് മടിയില്‍വെച്ച് താലോലിക്കുകയും നബിയുടെ വസ്ത്രത്തില്‍ കുട്ടി മൂത്രമൊഴിച്ചാല്‍ അതില്‍ യാതൊരു പ്രയാസവുമില്ലാതെ മൂത്രമൊഴിച്ച ഭാഗത്ത് വെള്ളം തളിക്കുകയും ചെയ്തിരുന്നു.
നബി(സ്വ) നമസ്കാരത്തിന് പുറപ്പെടുമ്പോഴാണ് പൗത്രന്മാരില് ഒരാള്‍ അദ്ദേഹത്തിന്റെ പുറത്ത് കയറുന്നത്. നബി കുട്ടിയെ ഇറക്കിവെച്ച് അവനെ പിണക്കാന്‍ തയ്യാറായില്ല. കുട്ടിയെ ചുമന്ന് പള്ളയില്വന്ന് നമസ്കാരം തുടങ്ങിയപ്പോള്‍ അവനെ ഇറക്കിവെച്ചു. എന്നാല്‍ നബി(സ്വ) സുജൂദിലായപ്പോള്‍ കുട്ടി പുറത്ത് കയറിക്കൂടി. സുജൂദ് ദീര്‍ഘിച്ചപ്പോള്‍ ഒരാള്‍ തലയുയര്‍ത്തി നോക്കി. നബി(സ്വ)യുടെ പുറത്ത് കുട്ടി ഇരിക്കുന്നു. അയാള്‍ സുജൂദിലേക്ക് തന്നെ തിരിച്ചുപോയി. നമസ്കാരം കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ സുജൂദിന്റെ അസാധാരണമായ ദൈര്‍ഘ്യത്തില്‍ അത്ഭുതം പ്രകടിപ്പിച്ചുകൊണ്ട് കാരണം തിരക്കി. നബിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘എന്റെ മകന് എന്റെ പുറത്ത് കയറിക്കൂടി. അവന്റെ ആവശ്യം തീരും മുമ്പ് ധൃതിയില്‍ അവനെ താഴെയിറക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല (നസാഈ) 2. നബി(സ്വ) യാത്രകഴിഞ്ഞുവരുമ്പോള് വഴിയില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ വീട്ടിലെ കുട്ടികള്‍ ഓടിയെത്തും. നബി(സ്വ) അവരെ പൊക്കിയെടുത്ത് വാഹനത്തില്‍ തന്റെ മുന്നിലും പിന്നിലുമായി ഇരുത്തുമായിരുന്നു. നബി(സ്വ) കൊച്ചുകുട്ടികളുടെ മുമ്പില്‍ ചുവന്ന നാവ് നീട്ടും. കുട്ടികള്‍ കൗതുകത്തോടെ അതു നോക്കി രസിക്കും.
കളിക്കാനുള്ള കുട്ടികളുടെ സഹജമായ താല്പര്യത്തെ വകവെച്ചുകൊടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് റസൂല്‍(സ്വ) പഠിപ്പിച്ചു. കുട്ടികള്‍ക്ക് ബുദ്ധിവികാസവും മാനസികോല്ലാസവും പ്രദാനം ചെയ്യുന്ന കളികളില്‍ ഏര്‍പ്പെടാനുള്ള സ്വാതന്ത്ര്യം റസൂല്‍(സ്വ) അനുവദിച്ചു. പത്നി ആഇശ(റ) കളിക്കോപ്പുകളുമായാണ് നബി(സ്വ)യുടെ വീട്ടിലേക്ക് പുതുപെണ്ണായി വന്നത്. ആഇശക്ക് അവരുടെ കളിക്കൂട്ടുകാരികളെ നബി(സ്വ) സംഘടിപ്പിച്ചുകൊടുക്കുമായിരുന്നു (ബുഖാരി) 3. നബി(സ്വ)യുടെ സേവകന് കൂടിയായ അനസ്(റ) ജോലികഴിഞ്ഞ് ഉച്ചയ്ക്ക് വിശ്രമിക്കുമ്പോള്‍ കുട്ടികള്‍ കളിക്കുന്ന സ്ഥലത്തേക്ക് പോയി. അവരോടൊപ്പം ചേര്‍ന്നു. അപ്പോള്‍ നബി(സ്വ) അവിടെ വന്നു കുട്ടികള്‍ക്ക് സലാം പറഞ്ഞു. അനസി(റ)നെ വിളിച്ച് ഒരു ആവശ്യത്തിനുവേണ്ടി പറഞ്ഞയച്ചു. നബി(സ്വ) ഒരു തണലില്‍ കുട്ടികളുടെ കളി വീക്ഷിച്ചുകൊണ്ടിരുന്നു. നബി(സ്വ)യുടെ ഈ നടപടി കുട്ടികള്‍ക്ക് കളിക്കാന്‍ കൂടുതല്‍ ആവേശം പകരുന്നതായിരുന്നു. ഉമ്മമാരെയും കുഞ്ഞുങ്ങളെയും തമ്മില്‍ വേര്‍പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് നബി(സ്വ) പ്രത്യേകം നിര്‍ദേശിച്ചിരുന്നു. യുദ്ധത്തില്‍ ബന്ധനസ്ഥരെ കൈകാര്യം ചെയ്യുമ്പോള്‍ പോലും ഈ നിര്‍ദേശം പാലിക്കാന്‍ റസൂല്‍(സ്വ) പട്ടാളക്കാരോട് പറഞ്ഞിരുന്നു.
രക്ഷിതാക്കള്‍ കുട്ടികള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നത് നബി(സ്വ) കര്‍ശനമായി നിരോധിച്ചു. മക്കള്‍ക്ക് വല്ലതും കൊടുക്കുകയാണെങ്കില്‍ വിവേചനം പാടില്ലെന്ന് നബി(സ്വ) പ്രത്യേകം ഉണര്‍ത്തി. നുഅ്മാനുബ്നു ബശീര്‍ നബി(സ്വ)യുടെ അടുത്തുവന്നു പറഞ്ഞു. ഞാന്‍ ഉമറയിലുള്ള എന്റെ മകന് ഒരു സമ്മാനം കൊടുത്തിട്ടുണ്ട്. ഉടനെ നബിയുടെ ചോദ്യം. മറ്റുമക്കള്‍ക്കും ഇങ്ങനെ കൊടുത്തിട്ടുണ്ടോ? ഇല്ലെന്ന് അറിയിച്ചപ്പോള്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. മക്കള്ക്കിടയല് സമത്വം പാലിക്കുക എന്നതായിരുന്നു നബി(സ്വ)യുടെ താക്കീത്. സന്താനങ്ങളുമായി സഹവസിച്ചും ഉല്ലസിച്ചും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയും സ്നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിക്കാനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്.
കുഞ്ഞുങ്ങളോടുള്ള ബാധ്യതകള്‍
കുഞ്ഞുങ്ങളെ ഇസ്ലാമിക മൂല്യങ്ങളില്‍ ഊന്നിയുള്ള ശിക്ഷണം നല്കി വളര്‍ത്തേണ്ടത് മാതാപിതാക്കളുടെ ബാധ്യതയാണ്. ജനിച്ച ഉടനെത്തന്നെ നല്ല പേരു നല്കി, ജനനത്തിന്റെ ഏഴാം നാളിലോ അല്ലെങ്കില്‍ സൗകര്യപ്രദമായ മറ്റേതെങ്കിലും ഒരു ദിവസത്തിലോ മുടിയെടുത്ത് അഖീഖ അറുക്കുക എന്നതും നബി(സ്വ) കല്പിച്ചതാണ്. രണ്ടു വര്‍ഷം മാതാവ് കുഞ്ഞിന് മുലപ്പാല്‍ നല്കി വളര്‍ത്തണം. കുട്ടികള്‍ക്ക് അര്‍ഹമായ സ്നേഹവും അംഗീകാരവും നല്കാന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. മാതാപിതാക്കള്‍ തങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് ബോധ്യപ്പെടും വിധം കുട്ടികള്‍ സംതൃപ്തിയും സംരക്ഷണ ബോധവും അനുഭവിക്കണം.
കുട്ടികള്‍ക്ക് ചുംബനം നല്‍കുന്നതും ഉല്ലസിക്കുന്ന യാത്രകള്‍ പോവുന്നതും സമ്മാനങ്ങള്‍ നല്‍കുന്നതും സ്നേഹപ്രകടനത്തിന്റെ ഭാഗമാണ്. നബി(സ്വ) സൈനബിന്റെ പുത്രി ഉമാമയെ എടുത്തു കൊണ്ട് നമസ്കരിക്കാറുണ്ടായിരുന്നു. എഴുന്നേല്ക്കുമ്പോള് അദ്ദേഹം അവരെ എടുക്കും. സുജൂദ് ചെയ്യുമ്പോള്‍ താഴെ വെയ്ക്കും (ബുഖാരി) 4. കുഞ്ഞു മക്കളെ സ്നേഹിക്കുകയും അല്ലാഹുവിന്റെ ഇഷ്ടവും തൃപ്തിയും അവര്‍ക്ക് ലഭിക്കാനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്യേണ്ടതുണ്ട്. നബി(സ്വ) ഒരിക്കല്‍ ഹസന് എന്ന പേരക്കുട്ടി അദ്ദേഹത്തിന്റെ ചുമലില്‍ ഇരിക്കുമ്പോള്‍ പ്രാര്‍ഥിച്ചു. ‘അല്ലാഹുവേ, ഞാന്‍ ഇവനെ സ്നേഹിക്കുന്നുണ്ട്. നീയും ഇവനെ സ്നേഹിക്കേണമേ’ (ബുഖാരി) 5
രക്ഷിതാവിന്റെ കഴിവുകള്‍ക്കനുസരിച്ച് കുട്ടികള്‍ക്ക് ഭക്ഷണവും വസ്ത്രവും മറ്റു ഭൗതികാവശ്യങ്ങളും നിര്‍വഹിച്ചുകൊടുക്കാനുള്ള ബാധ്യതയുണ്ട്. ഇതൊരു പുണ്യകര്‍മമായി ഇസ്ലാം പഠിപ്പിക്കുന്നു. നബി(സ്വ) പറഞ്ഞു. ”ഒരു മനുഷ്യന് ചെലവ് ചെയ്യുന്നതില്‍ ഏറ്റവും ശ്രേഷ്ഠമായ നാണയം തന്റെ കുടുംബത്തിന്റെ പേരില്‍ ചെലവ് ചെയ്യുന്ന നാണയമാണ്” (മുസ്ലിം) 6 മനഃപൂര്‍വം ഇതില്‍ വീഴ്ച്ച വരുത്തുന്നത് കുറ്റകരമായി ഇസ്ലാം ഗണിക്കുന്നു. ”താന്‍ ഭക്ഷണം നല്കാന് കടപ്പെട്ടവര്‍ക്ക് അത് നല്‍കാതിരിക്കുക എന്നതുതന്നെ മതി ഒരാള്‍ക്ക് കുറ്റമായിട്ട്” (മുസ്ലിം) 7 സന്താനങ്ങള്‍ക്ക് മുലകൊടുക്കുന്ന മാതാവിനും കുഞ്ഞിനുമുള്ള ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് പിതാവിന്റെ ബാധ്യതയാകുന്നു (2:233). ഏതൊരാളും തന്റെ ബാധ്യതാ നിര്‍വഹണത്തെ സംബന്ധിച്ച് ചോദ്യംചെയ്യപ്പെടുന്ന സന്ദര്‍ഭത്തില്‍ അവന്റെ വീട്ടുകാരുടെ കാര്യത്തില്‍ മറുപടി പറയാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്ന് നബി(സ്വ) പഠിപ്പിക്കുന്നുണ്ട്.
കുഞ്ഞുങ്ങള്‍ക്ക് ഇസ്ലാമികമായ ശിക്ഷണം നല്‍കേണ്ടത് മാതാപിതാക്കളുടെ ബാധ്യതയാണ്. സദ്വൃത്തരായി വളരാന്‍ ഉതകുന്ന വിജ്ഞാനവും മര്യാദയും പഠിപ്പിക്കാനുള്ള പ്രഥമ ബാധ്യത മാതാപിതാക്കള്‍ക്ക് തന്നെയാണ്. ഏതൊരു കുഞ്ഞിന്റെയും ആദ്യഗുരുനാഥന്മാര്‍ എന്ന നിലയ്ക്ക് മാതാപിതാക്കള്‍ കുട്ടികളില്‍ അവരുടെ പ്രായം പരിഗണിച്ച് നല്ല ശീലങ്ങളും മര്യാദകളും വളര്‍ത്തിയെടുക്കാനുള്ള ബോധപൂര്‍വവും ആസൂത്രിതതവുമായ ശിക്ഷണ മുറകള്‍ സ്വീകരിക്കേണ്ടതുണ്ട്. കേവലം മതപാഠശാലകളില്‍ ചേര്‍ത്തു പഠിപ്പിക്കുന്നതുകൊണ്ട് അവസാനിക്കുന്നതല്ല ഈ ബാധ്യത. വ്യവസ്ഥാപിത സംവിധാനത്തിലൂടെ കുട്ടി പഠിക്കുന്ന ഇസ്ലാമിക വിശ്വാസ കാര്യങ്ങളും അനുഷ്ഠാന മുറകളും പരിശീലിക്കുകയും പ്രയോഗിക്കുകയും ചെയ്യേണ്ടത് ഗൃഹാന്തരീക്ഷത്തിലാണ്. മാതാപിതാക്കള്‍ ഇവ്വിഷയകമായി മാതൃകായോഗ്യരാവുമ്പോള് മാത്രമേ കുഞ്ഞുങ്ങളുടെ ശിക്ഷണവും അര്ഥവത്തായിത്തീരുകയുള്ളൂ.
പരലോകത്ത് വിചാരണവേളയില്‍ ആദ്യമായി ചോദ്യം ചെയ്യപ്പെടുന്ന വിഷയമെന്ന നിലയ്ക്കും ഏതൊരു മുസ്ലിമിനും നിര്‍ബന്ധമായിട്ടുള്ള കര്‍മമെന്ന രീതിയിലും അഞ്ചുനേരത്തെ നമസ്കാരത്തിന്റെ ഗൗരവപാഠങ്ങള്‍ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. അത് അവരില്‍ വീഴ്ചകൂടാതെ നിര്‍വഹിക്കാന്‍ ശീലിപ്പിക്കേണ്ടത് മാതാപിതാക്കളാണ്. നബി(സ്വ) അരുളി: ‘കുട്ടികള്‍ക്ക് ഏഴു വയസ്സുമുതല്‍ നിങ്ങള്‍ നമസ്കാരിക്കാന്‍ നിര്‍ദേശിക്കുക. പത്തു വയസ്സായിട്ടും നമസ്കരിച്ചില്ലെങ്കില്‍ അടിക്കുകയും ആവാം’ (അബൂദാവൂദ്) 8
ഇസ്ലാം നിര്‍ദേശിക്കുന്ന വ്യവസ്ഥയും നിബന്ധനയും പാലിച്ചുകൊണ്ട് മാതാപിതാക്കളുടെ മരണശേഷവും സന്താനങ്ങള്‍ അന്യരുടെ മുമ്പില്‍ യാചിക്കാതെ ജീവിക്കാനുള്ള മാര്ഗങ്ങളൊരുക്കിക്കൊടുക്കേണ്ടത് അവരോടുള്ള ബാധ്യതയില്‍പെട്ടതാണ്. തന്റെ ധനം മുഴുവന്‍ ധര്‍മം ചെയ്യാന്‍ സന്നദ്ധനായ ഒരു സ്വഹാബിയോട് നബി(സ്വ) നിര്‍ദേശിച്ചത് ഇപ്രകാരമാണ്. ‘നിന്റെ അനന്തരാവകാശികളെ പരാശ്രയ മുക്തരാക്കിക്കൊണ്ട് നീ മരിക്കുന്നതാണ് മറ്റുള്ളവരോട് കൈ നീട്ടി നടക്കുന്നവരാക്കിക്കൊണ്ട് മരിക്കുന്നതിനേക്കാള്‍ ഉത്തമം’ (ബുഖാരി) 9
അല്ലാഹുവിന്റെ വരദാനമായ സന്താനങ്ങള്‍ ആണായിരുന്നാലും പെണ്ണായിരുന്നാലും യാതൊരുവിവേചനവും കൂടാതെ അവരോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയേണ്ടതുണ്ട്. പ്രായപൂര്‍ത്തി എത്തിയ ശേഷവും അവര്‍ക്ക് യാതൊരു ക്ലേശവുമില്ലാതെ ജീവിക്കാനുള്ള മാര്ഗങ്ങല് നേടിക്കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അവരുടെ വിവാഹവും ഭാവിജീവിതവും മറ്റും സുരക്ഷിത ജീവിതമൊരുക്കുന്നതിന്റെ ഭാഗമായി മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. വിശേഷിച്ചും പെണ്‍കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് റസൂല്‍(സ്വ) സഗൗരവം ഉണര്‍ത്തി. ‘ആര്‍ക്കെങ്കിലും അല്ലാഹു പെണ്‍കുട്ടികളെ പ്രദാനം ചെയ്തുകൊണ്ട് പരീക്ഷിക്കുകയും അവന് ആ പെണ്‍കുട്ടികള്‍ക്ക് നന്മ ചെയ്യുകയുമാണെങ്കില്‍ അവര്‍ അവന് നരകാഗ്നിയില്‍ നിന്ന് തടുക്കുന്ന ഒരു മറയാവുന്നതാണ്’ (മുസ്ലിം) 10 ഏറ്റവും ശ്രേഷ്ഠമായ ദാനമേതാണെന്ന് റസൂല്‍(സ്വ)യോട് ചോദിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞ മറുപടി ഇപ്രകാരമാണ്. നീയല്ലാതെ അധ്വാനിച്ച് പുലര്‍ത്താന്‍ മറ്റാരുമില്ലാത്ത സാഹചര്യത്തില്‍ (ഭര്‍ത്താവ് മരിക്കുകയോ മറ്റോ നിമിത്തം) നിന്റെഅടുത്തേക്ക് തിരിച്ചെത്തിയ പുത്രിക്ക് നല്കുന്ന ദാനമാണ്’ (ഇബ്നുമാജ) 11
ശിശു പരിപാലനം
മാതാപിതാക്കള്‍ക്ക് അല്ലാഹു ഏല്പിച്ചുകൊടുത്ത ഒരു അമാനത്താണ് കുഞ്ഞുങ്ങള്‍. അല്ലാഹു നല്കിയ ഈ സ്നേഹസമ്മാനം നന്ദിപൂര്‍വം സ്വീകരിച്ച് അവരോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കാന്‍ കഴിവതും മാതാപിതാക്കള്‍ ശ്രമിക്കേണ്ടതുണ്ട്. ശിശുക്കളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അനിവാര്യമായ ശ്രദ്ധയോടുകൂടിയ പരിചരണമാണ് ഈ പ്രായത്തില്‍ മാതാപിതാക്കള്‍ നിര്‍വഹിക്കേണ്ടത്. അതില്‍ വരുന്ന അപാകതകള്‍ അവരുടെ വ്യക്തിത്വവികാസനത്തിന് വിഘാതമുണ്ടാക്കുന്ന പ്രശ്നങ്ങളായി പിന്നീട് രൂപപ്പെട്ടുവരും. ഇഹത്തിലും പരത്തിലും ഉപകാരപ്പെടുന്ന നല്ല സന്താനങ്ങളുടെ പിറവിക്കായി പ്രാര്‍ഥിക്കുകയും പിറന്നുകഴിഞ്ഞാല്‍ അവരെ സദ്പന്ഥാവില്‍ ചരിക്കാനുള്ള ശിക്ഷണ മൂല്യങ്ങള്‍ നല്‍കുകയും ചെയ്താല്‍ രക്ഷിതാക്കള്‍ക്ക് പിന്നീട് ഖേദിക്കേണ്ടി വരില്ല.
മാതാക്കള്‍ക്ക് അവരോടള്ള പ്രഥമബാധ്യത ഇസ്ലാം നിര്‍ദേശിച്ച പ്രകാരം രണ്ടുവര്‍ഷം പൂര്‍ണമായി മുലപ്പാല്‍ നല്‍കുകയാണ്. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കാവശ്യമായ പ്രോട്ടീന്‍, വിറ്റാമിന്‍, മിനറല്‍സ്, ഫാറ്റി ആസിഡ് എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള മുലപ്പാല്‍ ശിശുക്കള്‍ക്ക് ഏറ്റവും സുരക്ഷിതമായ ആഹാരമായി അല്ലാഹു സംവിധാനിച്ചതാണ്. അത് അവരുടെ തലച്ചോറിന്റെ വളര്‍ച്ചയും വികാസവും വഴി ബുദ്ധിവികാസവും ആശയഗ്രഹണ ശക്തിയും രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നു. എന്നാല്‍ തങ്ങളുടെ സൗന്ദര്യം കുറയുമെന്ന മിഥ്യാധാരണകളാലും പരസ്യങ്ങളുടെ സ്വാധീനങ്ങളാലും ചില മാതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാതെ ടിന്ഫുഡുകളെയും മറ്റും ആശ്രയിക്കുന്നു. ഇത് മാതാക്കളില്‍ നിന്ന് കുഞ്ഞിന് ലഭിക്കേണ്ട അവകാശങ്ങളുടെ കടുത്ത ലംഘനമാണ് എന്ന് പറയാതെ വയ്യ.
കുഞ്ഞുങ്ങളില്‍ ശുചിത്വബോധം വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ വൃത്തിയില്‍ അധിഷ്ഠിതമായ ഒരു ജീവിതരീതി ശീലിക്കുന്നതായി കുഞ്ഞുങ്ങള്‍ക്ക് തോന്നണം. ജനനസമയത്ത് കുഞ്ഞിന്റെ ശരീരത്തില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുള്ള അമ്നിയോട്ടിക് ദ്രവം പറ്റിപ്പിടിച്ചിട്ടുണ്ടാവുമെന്നതിനാല് 24 മണിക്കൂറിനുള്ളില്‍ തന്നെ കുഞ്ഞിനെ കുളിപ്പിച്ച് ഈ ദ്രവത്തിന്റെ അംശങ്ങളെല്ലാം നീക്കം ചെയ്യണമെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. കുഞ്ഞ് വളരുമ്പോള്‍ ശുചിത്വശീലങ്ങള്‍ അവരെ പഠിപ്പിക്കണം. ഏഴെട്ടു മാസമാകുമ്പോള്‍ പല്ലുകള്‍ മുളച്ചു തുടങ്ങുന്ന പ്രായത്തില്‍ മുതല്‍ ഒന്നര വയസ്സാകുന്നതുവരെ അമ്മതന്നെ കുഞ്ഞിന്റെ പല്ല് വിരലുകള്‍ കൊണ്ട് വൃത്തിയാക്കിക്കൊടുക്കണം. കുട്ടികളില്‍ ശാരീരികപോഷണം ഉണ്ടാക്കുന്നതിന് അനിവാര്യമായ കാര്യങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നതോടൊപ്പം അവരുടെ മാനസികവും വൈകാരികവുമായ വളര്‍ച്ചയ്ക്ക് ഗുണപ്രദമായ മൂല്യബോധനം നല്കാന് കുഞ്ഞുനാളിലെ ശ്രമിക്കേണ്ടതുണ്ട്.
ചൊട്ടയിലെ ശീലം ചുടല വരെ എന്ന തത്ത്വത്തിന്റെ പ്രയോഗവത്കരണം ഓരോ കുഞ്ഞിന്റെയും വളര്‍ച്ചയില്‍ മാതാപിതാക്കള്‍ ശ്രദ്ധ വെച്ച് മുന്നോട്ടു നീങ്ങുമ്പോള്‍ പ്രായത്തെ പരിഗണിച്ച് ശിക്ഷണം നല്‍കാനുള്ള ആസൂത്രണ പദ്ധതികള്‍ ഉണ്ടാവും. അതുകൊണ്ടാണ് ശിശുവിന്റെ ആവശ്യങ്ങളെ പരിഹരിക്കുന്ന വിധമുള്ള വിദ്യാഭ്യാസ രീതിയാണ് പത്തുവയസ്സിനു മുമ്പെയുള്ള ഘട്ടത്തില്‍ വേണ്ടതെന്ന് വിദ്യാഭ്യാസ വിചക്ഷണന്മാര് അഭിപ്രായപ്പെടുന്നത്. കാരണം, കാണുന്നതും കേള്‍ക്കുന്നതും അനുകരണത്തിലൂടെ ശീലമാക്കുന്നതും പ്രയോഗവത്കരിക്കാന്‍ ശ്രമം നടത്തുന്നതും ഈ പ്രായത്തിലാണ്. അതിനാല്‍ കുട്ടികളുടെ മുമ്പില്‍ നല്ല മാതൃകകള്‍ കാണാനുള്ള അവസരങ്ങള്‍ ഉണ്ടാകണം.
പ്രസിദ്ധ പണ്ഡിതനായ ഇമാം ഗസ്സാലി(റ) വിശുദ്ധ ഖുര്‍ആനിന്റെയും മനശ്ശാസ്ത്ര തത്വങ്ങളുടെയും അടിസ്ഥാനത്തില്‍ ശൈശവദശയിലുള്ള പരിചരണത്തില്‍ ശ്രദ്ധിക്കേണ്ട പല വിഷയങ്ങളെക്കുറിച്ച് സഗൗരവം അദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥമായ ഇഹ്യാ ഉലൂമിദ്ദീനില്‍ ഉണര്‍ത്തിയിട്ടുണ്ട്. ‘ശിശു മനസ്സ് ഒരുചിത്രവുമില്ലാത്ത ശുദ്ധമായ അമൂല്യരത്നമാണ്. അതില്‍ എന്തും വരയ്ക്കാം. എങ്ങോട്ടും ആ മനസ്സിനെ തിരിച്ചുവിടാം. നല്ലത് ശീലിപ്പിച്ച് ദുനിയാവിലും പരലോകത്തും സൗഭാഗ്യവാനായ സന്താനമായി വളര്‍ത്താനുള്ള ബോധപൂര്‍മായ ശ്രമമാണ് മാതാപിതാക്കള്‍ നടത്തേണ്ടത്. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ നിങ്ങളെയും കുടുംബത്തെയും നരകാഗ്നിയില്‍ നിന്നും രക്ഷപ്പെടുത്തുക’. ഒരുകുട്ടിക്ക് തീ പൊള്ളലേല്‍ക്കാതിരിക്കാന്‍ മാതാപിതാക്കള്‍ എത്രമാത്രം ശ്രദ്ധിക്കുന്നുവോ അതിനേക്കാള്‍ എത്രയോ ഇരട്ടി ശ്രദ്ധ മറ്റൊരു ജീവിതത്തില്‍ അവന് അഗ്നിയാവാതിരിക്കാനുള്ള കാര്യത്തില്‍ വേണം.
കുഞ്ഞുന്നാളിലേ ലജ്ജാശീലം വളര്‍ത്തണം. അത് നന്മയുടെ കവാടങ്ങള്‍ തുറക്കുന്നു. തിന്മയുടെ വഴികളിലേക്കുള്ള ചിന്തയ്ക്ക് കൂച്ചുവിലങ്ങിടുന്നു. ശിശുവിന് ഭക്ഷണം കൊടുക്കുന്ന മതാവ് അന്നദാതാവിന്റെ അനുഗ്രഹത്തെ ഓര്‍ക്കാന്‍ ശീലിപ്പിക്കണം. അതോടൊപ്പം ഭക്ഷണ ശീലങ്ങളും മിതത്വത്തിന്റെ പാഠങ്ങളും പകര്‍ന്നുകൊടുക്കണം. ഭക്ഷണം മറ്റൊരാള്‍ക്ക് ദാനം ചെയ്യാനുള്ള താല്പര്യം കുട്ടികളില്‍ വളര്‍ത്തേണ്ടതുണ്ട്.
ചീത്തശീലങ്ങള്‍ കൂട്ടുകാരില്‍ നിന്ന് പകാരാനുള്ള സാധ്യത കുട്ടികളില്‍ വളരെ കൂടുതലാണ്. അതുകൊണ്ട് നല്ല കൂട്ടുകെട്ട് കുട്ടികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കേണ്ടതുണ്ട്. സാമൂഹീകരണം കുട്ടികളുടെ മനസ്സില്‍ രൂഢമൂലമാകാന്‍ ഉപയോഗപ്രദമായ കളികളില്‍ ഏര്‍പ്പെടുന്നത് പ്രോത്സാഹിപ്പിക്കപ്പെടണം. എല്ലാ നന്മകളെയും സ്വാംശീകരിക്കാനും തിന്മകളെ മുളയിലേ നുള്ളിക്കളയാനും അതീവജാഗ്രതയോടു കൂടിയ ഒരു ഇടപെടല്‍ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് കുട്ടികളുടെ ശൈശവദശ മുതല്‍ ഉണ്ടാവേണ്ടതുണ്ട്.
ശിക്ഷണ മൂല്യങ്ങള്‍
‘കുട്ടികള്‍ ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നത്. അവരെ ക്രിസ്ത്യാനികളോ മജൂസികളോ ആക്കുന്നത് അവരുടെ മാതാപിതാക്കളാണ്’ (ബുഖാരി) 12 എന്ന് നബി(സ്വ) ഉണര്‍ത്തിയതിന്റെ സാരം വളരെ വ്യക്തമാണ്. കുട്ടികളില്‍ വിശ്വാസവും സംസ്കാരവും ജീവിതരീതിയും വളര്‍ത്തിയെടുക്കുന്നതില്‍ മറ്റാരെക്കാളും മാതാപിതാക്കള്‍ക്കാണ് വളരെ വലിയ പങ്ക് വഹിക്കാന്‍ കഴിയുന്നത്. ഒന്നും എഴുതാത്ത വെള്ളക്കടലാസില്‍ എഴുതുന്നപോലെ രക്ഷിതാക്കള്‍ കുട്ടികളുടെ മനസ്സില്കുറിച്ചിടുന്നത് കല്ലില്‍ കൊത്തിവെച്ച പോലെ ഉറയ്ക്കുന്നു. ശൈശവ പ്രായം മുതല്‍ കുട്ടികളില്‍ എന്തെല്ലാം സ്വഭാവമൂല്യങ്ങളാണ് മാതാപിതാക്കള്‍ വളര്‍ത്തിയെടുക്കേണ്ടത് എന്നത് ശിശുമനശ്ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രീയവും ആധുനികവുമായ സമീപനരീതിയിലൂടെകുട്ടികള്ക്ക് നല്‍കേണ്ട ശിക്ഷണ മൂല്യങ്ങളെക്കുറിച്ച് നബി(സ്വ) നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
പ്രാര്‍ഥനയും പ്രവര്‍ത്തനവുമായി നേടേണ്ട സമ്പാദ്യമാണ് മക്കള്‍ എന്നും അവരെ സത്സന്തതികളാക്കിയാല് ഭൗതികവും പാരത്രികവുമായ ലോകത്തിന് കണ്കുളിര്മയേകുമെന്നുമുള്ള പാഠമാണ് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്നത്. മൂന്നു മുതല്‍ പത്തുവരെയുള്ള പ്രായത്തില്‍ അനുകരണവാഞ്ഛ കൂടുതന്നതിനാല് നല്ല മാതൃകകള്‍ മക്കള്‍ മാതാപിതാക്കളില്‍ നിന്ന് കാണാനുള്ള അവസരങ്ങളുണ്ടാകണമെന്ന് അധുനിക മനഃശാസ്ത്രം പറയുന്നു. മുതിര്‍ന്നവരുടെ ജീവിതരീതികള്‍ കണ്ടുമനസ്സിലാക്കി ശീലിക്കാന്‍ കുട്ടികളെ അവരുടെ സദസ്സുകളില്‍ പങ്കെടുപ്പിക്കുകയും അവരുമായി ഇടപഴകുന്നതിന് അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തതിന് നബി(സ്വ)യുടെ ജീവിതത്തില്‍ മാതൃകകള്‍ കാണാന്‍ സാധിക്കും.
ഉമറുബ്നു അബീസലമ ഒരു കുഞ്ഞായിരിക്കുമ്പോള്‍ നബിയോടൊന്നിച്ച് ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. ഉമറിന്റെ കൈകള്‍ പാത്രത്തില്‍ പരതും. ഇതുകണ്ട കുഞ്ഞിനെ ഭക്ഷണം കഴിക്കുമ്പോള്‍ സ്വീകരിക്കേണ്ട മര്യാദകള്‍ ഇങ്ങനെ പഠിപ്പിച്ചു. ”ബിസ്മി ചൊല്ലണം, വലതുകൈകൊണ്ട് തിന്നണം, പാത്രത്തില്‍ നിന്റെ അരികത്തുനിന്ന് മാത്രമേ എടുക്കാവൂ”. ഉമര്‍(റ) പറയുന്നു: പിന്നീട് എന്റെ ഭക്ഷണരീതി അങ്ങനെയായി (ബുഖാരി) 13.
ലുഖ്മാന്(അ) പ്രിയപുത്രന് നല്കുന്ന സാരോപദേശങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ സൂറത് ലുഖ്മാനില്‍ വ്യക്തമായി പഠിപ്പിക്കുന്നു. ധാര്‍മികതയില്‍ അധിഷ്ഠിതമായ തലമുറയുടെ നിലനില്പിന് അനിവാര്യമായ ശിക്ഷണമൂല്യങ്ങളായി പ്രസ്തുത ഉപദേശങ്ങളെ പുതിയകാലത്തും പ്രസക്തമായി നമുക്ക് വായിക്കാന്‍ കഴിയും. ഏകദൈവ വിശ്വാസബോധത്തില്‍ ഊന്നിയുള്ള ജീവിതരീതി ശീലിക്കാനും മാതാപിതാക്കള്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നതിലൂടെ അല്ലാഹുവിനും നന്ദിയുള്ളവരായി ജീവിക്കാനും ലുഖ്മാന്(അ) ഉപദേശിക്കുന്നു. അനുഷ്ഠാന കര്‍മങ്ങളില്‍ പരമപ്രധാനമായ നമസ്കാരം പതിവാക്കാനും സദാചാരം കല്പിക്കാനും ദുരാചാരം വിലക്കാനും ബാധ്യതയുണ്ട് എന്ന് ലുഖ്മാന് പ്രിയപുത്രനെ ഓര്‍മപ്പെടുത്തുന്നു. ക്ഷമ, വിനയം, മിതത്വം, പരിഗണന, പ്രസന്നഭാവംതുടങ്ങിയ സദ്ഗുണങ്ങള്‍ ശീലിക്കേണ്ടതുണ്ട് എന്നുകൂടി പ്രസ്തുത സൂക്തങ്ങളില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.
കുട്ടികളുടെ പ്രായത്തെ മൂന്ന് ഘട്ടമായി തരംതിരിക്കാം.
ഏഴ് വയസ്സുവരെയുള്ള പ്രഥമഘട്ടം. ഇത് കുടുംബങ്ങള്‍ ചെയ്യുന്നത് നിരീക്ഷിക്കാനും അനുകരിക്കാനുമുള്ള അവസരമാണ്. സ്വഭാവങ്ങള്‍, മര്യാദകള്‍, വൃത്തി, വസ്ത്രധാരണം, ഭക്ഷണക്രമം, ദിനചര്യകള്‍ തുടങ്ങിയവയെപ്പറ്റിയുള്ള പരിശീലനം ഈ ഘട്ടത്തില്കുട്ടികള്ക്ക് ലഭിക്കണം.
രണ്ടാമത്തെ ഘട്ടം ഏഴ് വയസ്സുമുതല്‍ പത്തുവയസ്സുവരെയാണ്. നമസ്കരിക്കാന്‍ കല്പിക്കേണ്ടതും അത് നിര്‍വഹിക്കാന്‍ പ്രേരണയുണ്ടാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടതും ഈ ഘട്ടത്തിലാണ്. കര്‍ശനസ്വരത്തില്‍ പെരുമാറാന്‍ പാടില്ല.
മൂന്നാമത്തെ ഘട്ടം പത്തുവയസ്സുമുതലുള്ള പ്രായദശയില് ശിക്ഷയും കര്‍ശന നടപടികളും നടപ്പിലാക്കണം. പത്ത് വയസ്സായിട്ടും നമസ്കരിച്ചില്ലെങ്കില്‍ നിര്‍ബന്ധിക്കണമെന്ന് റസൂല്‍(സ്വ) ഉണര്‍ത്തുന്നുണ്ട്.
കുട്ടികളില്‍ കളവ് പറയുന്ന ദുഃസ്വഭാവം വളരുന്നത് മാതാപിതാക്കളുടെ തെറ്റായ ഇടപെടലുകളും വാക്കുകളുമാണ്. വാക്കിലും പ്രവൃത്തിയിലും അസത്യം കലരാതെ സൂക്ഷ്മതയോടെകുട്ടികളോട് പെരുമാറാന്‍ മാതാപിതാക്കള്‍ക്ക് കഴിയണമെന്ന് റസൂല്‍(സ്വ) ഉണര്‍ത്തി.
കുട്ടികളില്‍ ധീരതയുടെയും സാഹസിക ചിന്തകളുടെയും നല്ല മാതൃകകള്‍ വളര്‍ത്തിയെടുക്കാന്‍ വേണ്ട ശിക്ഷണരീതി മാതാപിതാക്കള്‍ സ്വീകരിക്കേണ്ടതാണ്. സഅ്ദുബ്നു അബീവഖാസ്(റ) പറയുന്നു. ഞങ്ങള്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് ഖുര്‍ആന്‍ സൂറകള്‍ പഠിപ്പിക്കും പോലെ റസൂലിന്റെ യുദ്ധങ്ങളെ സംബന്ധിച്ച് പഠിപ്പിച്ചു കൊടുക്കാറുണ്ടായിരുന്നു. ധീരതയുടെയും വീരസാഹസികതയുടെയും ആവേശം ജനിപ്പിക്കുന്ന കഥകള്‍ കുട്ടികള്‍ക്ക് പ്രതിസന്ധികളെ തരണം ചെയ്ത് ക്ഷമയോടെ ജീവിക്കാനുള്ള ഉള്‍ക്കരുത്ത് പ്രദാനം ചെയ്യുന്നു. ഉമര്‍(റ) കുട്ടികള്‍ക്ക് അമ്പെയ്ത്തും നീന്തലും പഠിപ്പിക്കാന്‍ കല്പിക്കുമായിരുന്നു. പ്രായം കുറഞ്ഞവരെ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാതെ റസൂല്‍(സ്വ) മടക്കി അയച്ചപ്പോള്‍ രക്തസാക്ഷികളാവാനുള്ള താത്പര്യത്തില്‍ അവര്‍ കരഞ്ഞിരുന്നു. കുട്ടികളുടെ ശാരീരികവും മാനസികവും ആയ ശേഷികളുടെ പോഷണമാണ് ആയോധന മുറകള്‍ പരിശീലിപ്പിക്കുന്നതിന്റെ ലക്ഷ്യമാകേണ്ടത്.
കുട്ടികളുടെ വ്യക്തിത്വം അംഗീകരിച്ചും അവരോട് നീതി കാണിച്ചും പെരുമാറുമ്പോള്‍ നന്മയുടെ നാമ്പുകള്‍ അവരുടെ മനസ്സില്‍ വിടരാന്‍ അത് കാരണമാവും. ഒരിക്കല്‍ നബി(സ്വ)ക്ക് ഒരു പാനീയം ആരോ കൊണ്ടുവന്നു കൊടുത്തു. നബി കുടിച്ചു. വലതുവശത്ത് ഒരുകുട്ടിയും ഇടതുവശത്ത് ഒരു വൃദ്ധനുമാണ് ഉണ്ടായിരുന്നത്. നബി(സ്വ) കുട്ടിയോട് ചോദിച്ചു.’ഞാന്‍ ഈ വൃദ്ധന്മാര്ക്ക് ആദ്യംകൊടുക്കാന് നീ സമ്മതം തരുമോ?’ കുട്ടി പറഞ്ഞു: ഇല്ല. നിങ്ങളില്‍ നിന്ന് എനിക്ക് കിട്ടേണ്ടത് ഞാന്‍ മറ്റാര്‍ക്കും കൊടുക്കുകയില്ല. അപ്പോള്‍ നബി(സ്വ പാനീയത്തിന്റെ പാത്രം കുട്ടിയുടെ കൈയില്‍ കൊടുത്തു (ബുഖാരി) 14. കുട്ടിയുടെ മനസ്സിലുള്ള ഉല്കൃഷ്ടബോധമാണ് നബി(സ്വ)യുടെ കൈയില്‍ നിന്ന് ആദ്യം പാനീയം വാങ്ങി കുടിക്കണമെന്ന് ആഗ്രഹിക്കാന്‍ കാരണം. കുട്ടികള്‍ക്ക് കിട്ടേണ്ട അര്‍ഹമായ പരിഗണനയും സ്നേഹവും വകവെച്ചു കൊടുത്തുകൊണ്ട് ശിക്ഷണം നല്‍കാനാണ് മുതിര്‍ന്നവര്‍ ശ്രദ്ധിക്കേണ്ടത്.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 07, ഹദീസ് 5997[↩]
- അസ്സുനനുസ്സുഗ്റാ ലിന്നസാഈ, അബൂ അബ്ദിര്റഹ്മാന് അഹ്മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 02, പേജ് 229, ഹദീസ് 1141[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 227, ഹദീസ് 5779[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 193, ഹദീസ് 494[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 26, ഹദീസ് 3749[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 78, ഹദീസ് 994[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03 പേജ് 78, ഹദീസ് 996[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 01, പേജ് 185, ഹദീസ് 495[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 81, ഹദീസ് 1295[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 38, ഹദീസ് 2629[↩]
- സുനനു ഇബ്നി മാജ, ഇബ്നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്നു യസീദില്‍ ഖസ്വീനി, ദാറു ഇഹ്യാഇല് കുതുബില്‍ അറബിയ്യ, വാള്യം 04, പേജ് 634, ഹദീസ് 3667[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 1319, ഹദീസ് 465[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 2056, ഹദീസ് 5061[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 920, ഹദീസ് 2464[↩]
