മാംസാഹാരം
മനുഷ്യന്റെ ആഹാര ശീലങ്ങളില്‍ പ്രധാന സ്ഥാനമുള്ളതാണ് മാംസാഹാരം. ഇസ്‌ലാം മാംസാഹാരത്തെ നിരോധിക്കുന്നില്ല; മറിച്ച് മനുഷ്യന്റെ ശാരീരിക-ആത്മീയ ശുദ്ധി സംരക്ഷിക്കുന്ന വിധത്തില്‍ അതിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നു. അറവിന്റെ വിധികളും നിബന്ധനകളും, ദൈവനാമം ഉച്ചരിച്ചുള്ള അറവിന്റെ പ്രാധാന്യവും, വേട്ടയാടലുമായി ബന്ധപ്പെട്ട നിയമങ്ങളും ഖുര്‍ആനും സുന്നത്തും വിശദമായി പ്രതിപാദിക്കുന്നു.
മനുഷ്യര്‍ക്ക് ആഹാരമായി അല്ലാഹു സംവിധാനിച്ചു വെച്ചിരിക്കുന്നത് മൂന്നു തരത്തിലാണ്. ഒന്ന്: ഭൂമിയില്‍ നിന്നു ലഭിക്കുന്നതും മനുഷ്യന്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നതുമായ സസ്യാഹാരങ്ങള്‍. രണ്ട്: ഭൂമിയുടെ മൂന്നില്‍ അധികം വരുന്ന സമുദ്രത്തിലും ശുദ്ധജലത്തിലുമായി നിലനിലക്കുന്ന മത്‌സ്യസമ്പത്ത്. മൂന്ന്: സസ്യലതാദികള്‍ തിന്നുവളരുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും മാംസം.
മാംസാഹാരത്തില്‍ ഇസ്‌ലാം ചില നിഷ്‌കര്‍ഷകള്‍ വച്ചിട്ടുണ്ട്. കന്നുകാലികള്‍ എന്നുപറയുന്ന ആട്, മാട്, ഒട്ടകം എന്നിവയാണ് ഭക്ഷ്യയോഗ്യമായി നിശ്ചയിക്കപ്പെട്ടത്. കാട്ടില്‍ വളരുന്ന സസ്യഭുക്കുകളായ മൃഗങ്ങളെ വേട്ടയാടി ഭക്ഷിക്കുന്നതും ഇസ്‌ലാം അനുവദിക്കുന്നു. മാംസഭുക്കുകളായ പക്ഷിമൃഗാദികളുടെ മാംസം ഭക്ഷിക്കല്‍ ഇസ്‌ലാമില്‍ നിഷിദ്ധമാണ്. പക്ഷികളെയും മൃഗങ്ങളെയും അറുത്ത് രക്തം ഒഴുകിപ്പോയ ശേഷമേ ഭക്ഷിക്കാവൂ എന്ന നിബന്ധനയും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു.
”നിങ്ങള്‍ക്ക് വിവരിച്ചുതരുന്നവയൊഴിച്ചുള്ള ആട്, മാട്, ഒട്ടകം എന്നീ ഇനങ്ങളില്‍പ്പെട്ട മൃഗങ്ങള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു” (5:1). കാലികളില്‍ നിന്ന് ഭുജിക്കുകയും ചെയ്യുക (16:5). കുതിരയുടെ മാംസം അതില്‍പ്പെട്ടതാണ്. നബി(സ്വ)യുടെ കാലത്ത് അത് ഭക്ഷിക്കപ്പെട്ടിരുന്നു. നബി(സ്വ)ഖയ്ബര്‍ ദിനത്തില്‍ കഴുതയുടെ മാംസം നിരോധിക്കുകയും കുതിരയുടെ മാംസത്തില്‍ ഇളവ് അനുവദിക്കുകയും ചെയ്തു. അസ്മാഅ്(റ) പറയുന്നു: ”തിരുദൂതരുടെ കാലത്ത് ഞങ്ങള്‍ കുതിരയെ അറുത്ത് അതിന്റെ മാംസം ഭക്ഷിച്ചു.” (സ്വഹീഹുല്‍ ബുഖാരി) 1
നബി(സ്വ)യുടെ കാലത്ത് മുയലിനെ വേട്ടയാടിപ്പിടിക്കുകയും അതിന്റെ മാംസം നബി(സ്വ)തന്നെ ഭക്ഷിക്കുകയും ചെയ്തിരുന്നു 2 ഉടുമ്പിന്റെ മാംസം നബി(സ്വ) ഭക്ഷിക്കാനനുവദിച്ചു. ഉടുമ്പിന്റെ മാംസം നബി(സ്വ)യുടെ മുമ്പില്‍ വിളമ്പുകയും അദ്ദേഹം അത് കഴിക്കാന്‍ വിസമ്മതിക്കുകയും ചെയ്തപ്പോള്‍ അത് നിഷിദ്ധമാണോ എന്ന് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു. അല്ല. എന്റെ ജനതയുടെ നാട്ടില്‍ അതില്ല. അതിനാല്‍ ഞാനത് വെറുക്കുന്നു. നബി(സ്വ)യുടെ മുമ്പില്‍വെച്ച് അദ്ദേഹം നോക്കിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ സുപ്രയില്‍ നിന്ന് അത് ഭക്ഷിക്കപ്പെട്ടു (ബുഖാരി) 3
അറവ്: വിധിയും നിബന്ധനകളും
ജീവികള്‍ അവയുടെ ആവാസക്രമമനുസരിച്ച് രണ്ടു വിഭാഗമായിട്ടാണ് പരിഗണിക്കുന്നത്. കരജീവികളും കടല്‍ ജീവികളും വെള്ളത്തില്‍ മാത്രം ജീവിക്കുന്ന ജീവികളെ ഭക്ഷിക്കുന്നത് അല്ലാഹു നിയമാനുസൃതമാക്കിയിരിക്കുന്നു. അവയെ അറുക്കണമെന്ന ഉപാധി വെച്ചിട്ടുമില്ല. അല്ലാഹു പറയുന്നു. ”നിങ്ങള്‍ക്കും യാത്രക്കാര്‍ക്കും ജീവിതവിഭവമായി ഉപയോഗിക്കാന്‍ സമുദ്രത്തിലുള്ളവയെ വേട്ടയാടുന്നതും അതില്‍നിന്ന് ലഭിക്കുന്നവ ഭക്ഷിക്കുന്നതും നിങ്ങള്‍ക്കനുവദിക്കപ്പെട്ടിരിക്കുന്നു (5:96). കരജീവികളില്‍ പൊതുവില്‍ നാലെണ്ണവും വിശദാംശത്തില്‍ പത്തെണ്ണവുമല്ലാത്ത മറ്റൊന്നും നിഷിദ്ധമാക്കിയിട്ടില്ല (5:3).
ഭക്ഷിക്കല്‍ അനുവദിക്കപ്പെട്ട കരജീവികള്‍ രണ്ടു തരമാണ്. മനുഷ്യന്റെ നിയന്ത്രണത്തിലും സൗകര്യത്തിലുമുള്ളതാണ് ഒരിനം. ആട്, ഒട്ടകം, പശു തുടങ്ങിയ നാല്ക്കാലികള്‍ വീട്ടില്‍ വളര്‍ത്തുന്ന പക്ഷികള്‍, കോഴികള്‍ മുതലായ ഇണക്കമുള്ള ജീവികള്‍ എല്ലാം ഇതിലുള്‍പ്പെടുന്നു. നിയന്ത്രണത്തിലും സൗകര്യത്തിലുമല്ലാതെയുള്ളവയാണ് രണ്ടാമത്തെ ഇനം. ഇവ അനുവദനീയമാകണമെങ്കില്‍ അറുക്കണമെന്ന് ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. നിഷിദ്ധമായ ജീവികളെ അറുത്താലും അനുവദനീയമാകില്ല.
ജീവികളെ ദൈവത്തിന്റെ നാമം ഉച്ചരിച്ച് അറുത്തതാണെങ്കില്‍ മാത്രമേ ഭക്ഷിക്കുവാന്‍ ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. ”അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്നു നിങ്ങള്‍ തിന്നരുത്. നിശ്ചയമായും അത് അധര്‍മം തന്നെയാണ് (6:121). അറുക്കപ്പെടുന്ന ഉരുവിനോട് ഏറ്റവും നല്ല സമീപനം സ്വീകരിക്കണമെന്നാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. നബി(സ്വ) പറഞ്ഞു: നിശ്ചയം അല്ലാഹു എല്ലാ കാര്യത്തിലും നന്മയാണ് നിശ്ചയിച്ചത്. നിങ്ങള്‍ കുറ്റവാളിയെ വധിക്കുകയാണെങ്കില്‍ പോലും ആ വധം നല്ല നിലയില്‍ ചെയ്യുക. നിങ്ങള്‍ ഉരുവിനെ അറുക്കുകയാണെങ്കില്‍ ആ അറവ് നല്ല രീതിയില്‍ ചെയ്യുക. അറുക്കുന്നവര്‍ തന്റെ കത്തി മൂര്‍ച്ച കൂട്ടുകയും ഉരുവിന് ആശ്വാസം നല്‍കുകയും വേണം (സ്വഹീഹ് ഇബ്‌നുഹിബ്ബാന്‍) 4 ഉരുവിനെ വലിച്ചിഴച്ചോ മറ്റോ വേദനിപ്പിക്കുന്നതും മറ്റു ക്രൂരമായ രൂപത്തില്‍ അതിനെ കൊണ്ടുപോകുന്നതും പാടില്ല. ഒരാള്‍ ഒരാടിനെ അറുക്കാനായി കൊണ്ടുപോകുമ്പോള്‍ കാല്‍ പിടിച്ചു വലിക്കുന്നത് നബി(സ്വ) കണ്ടു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ”നിനക്ക് നാശം, നീ അതിനെ നല്ല നിലയില്‍ മരണത്തിലേക്ക് നയിക്കുക” (അത്തര്‍ഗീബുവത്തര്‍ഹീബ്) 5
അറുക്കാന്‍ പൂര്‍ണമായും സജ്ജമായ ശേഷമേ മൃഗത്തെ കിടത്താവൂ. ഒരാള്‍ അറുക്കാന്‍ വേണ്ടി ആടിനെ ചെരിച്ചുകിടത്തിയ ശേഷം തന്റെ കത്തി മൂര്‍ച്ച കൂട്ടുകയായിരുന്നു. അതിന്റെ അരികിലൂടെ നബി(സ്വ) നടന്നുപോയി. അപ്പോള്‍ അദ്ദേഹം ചോദിച്ചു. ‘അതിനെ രണ്ടുതവണ കൊല്ലാനാണോ നീ ഉദ്ദേശിക്കുന്നത്? അതിനെ ചെരിച്ചുകിടത്തുന്നതിന് മുമ്പ് നിന്റെ ആയുധം മൂര്‍ച്ച കൂട്ടിക്കൂടേ? 6
അറുക്കുന്നതിനുമുമ്പ് ജീവികളുടെ ശരീരത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ മുറിച്ചെടുക്കുന്ന സമ്പ്രദായം ജാഹിലിയ്യാ കാലത്തുണ്ടായിരുന്നു. ഇസ്‌ലാം അത് നിരോധിച്ചു. മുറിച്ചെടുത്ത ഭാഗം ഭക്ഷിക്കുന്നതും നിഷിദ്ധമാണ്. ”ആരെങ്കിലും ജീവനുള്ളവയ്ക്ക് അംഗഭംഗം വരുത്തിയാല്‍ അവന് അന്ത്യനാളില്‍ അല്ലാഹുവും ഭംഗം വരുത്തുന്നതാണ് (മുസ്‌നദ് അഹ്‌മദ്) 7
ജീവിയെ വേഗത്തില്‍ അബോധാവസ്ഥയിലാക്കുവാന്‍ വളരെ വേഗത്തില്‍ കഴുത്തിലെ രക്തക്കുഴല്‍ മുറിക്കുവാന്‍ ശ്രമിക്കണം. നബി(സ്വ) അരുളി, വല്ലവനും അറുക്കുകയാണെങ്കില്‍ വേഗത്തില്‍ നിര്‍വഹിക്കട്ടെ. (അത്തര്‍ഗീബു വത്തര്‍ഹീബ്) 8
അറുക്കാന്‍ ഉദ്ദേശിക്കുന്ന മൃഗങ്ങളെ മറ്റു മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നും ഒക്കെ മറയ്ക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ അത് കാണുന്ന മൃഗങ്ങള്‍ക്ക് പ്രയാസമുണ്ടാക്കും. ഇബ്‌നു ഉമര്‍(റ) പറയുന്നു. നബി(സ്വ) കത്തി മൂര്‍ച്ചകൂട്ടുവാനും മൃഗങ്ങളില്‍നിന്ന് അതിനെ മറയ്ക്കാനും അനുശാസിച്ചു (ഇബ്‌നുമാജ) 9
നബി(സ്വ) പറഞ്ഞു: കെട്ട് അഴിച്ച്, അറുക്കുന്ന ജീവിക്ക് നിങ്ങള്‍ സ്വസ്ഥത നല്‍കുവിന്‍ (ഇബ്‌നുമാജ) 10
അറുക്കാന്‍ വേണ്ടി പല്ലും നഖവും ഉപയോഗിക്കുന്നത് ഇസ്‌ലാം നിരോധിച്ചു. ഒരിക്കല്‍ റാഫിഉബ്‌നു ഖദീജ് നബി(സ്വ)യോട് ചോദിച്ചു. ഞങ്ങള്‍ നാളെ ശത്രുവിനെ അഭിമുഖീകരിക്കുകയാണല്ലോ, ഞങ്ങളുടെ കൈയില്‍ കത്തിയില്ല. ഞങ്ങള്‍ മുളകൊണ്ട് അറുക്കട്ടെയോ? അപ്പോള്‍ നബി(സ്വ) പറഞ്ഞു: രക്തം ഒലിപ്പിക്കുകയും അല്ലാഹുവിന്റെ നാമം ചൊല്ലുകയും ചെയ്തവ നിങ്ങള്‍ ഭക്ഷിക്കുക. അത് പല്ലോ നഖമോ ആകാവതല്ല. അതിനെക്കുറിച്ച് ശേഷം ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാം. പല്ല് എല്ലാണ്. നഖം എത്യോപ്യക്കാരുടെ കത്തിയും. പല്ലും നഖവും നിരോധിച്ചത് അതില്‍ ജീവികളെ പീഡിപ്പിക്കലും അതുകൊണ്ട് അറവിന്നു പകരം ശ്വാസംമുട്ടിക്കലുമുണ്ട് എന്നതിനാലാണ്. 11
അറവു വേളയില്‍ ബിസ്മി ചൊല്ലാന്‍ മറന്നാല്‍ അത് ഭക്ഷിക്കാമെന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇബ്‌നു അബ്ബാസും ഇമാം ബുഖാരിയും ഈ അഭിപ്രായത്തെ അംഗീകരിക്കുന്നു (ഫത്ഹുല്‍ബാരി) 12
ഉരുവിന്റെ കണ്ഠത്തില്‍ മൂര്‍ച്ചയുള്ള ആയുധംകൊണ്ട് അറുക്കുന്ന രീതിക്ക് പുറമെ സൗകര്യപ്രദമായ വിധം കശാപ്പ് നടത്താന്‍ വൈദ്യുത കത്തിയും മെഷീന്‍ സംവിധാനവും ഉപയോഗിക്കുന്നത് മതം വിരോധിക്കുന്നില്ല. എന്നാല്‍ കശാപ്പിന്റെ രീതിയായി വൈദ്യുതാഘാതമേല്‍പിക്കുക എന്നത് സ്വീകരിക്കാന്‍ അനുവാദമില്ല. ശ്വാസം മുട്ടി ചത്തുപോയത് നിഷിദ്ധമാണ് എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ (5:3) പരിധിയില്‍ ഷോക്കേറ്റ് ജീവഹാനി സംഭവിച്ചതും ഉള്‍പ്പെടുന്നു.
ദൈവ നാമത്തിലുള്ള അറവ്
അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ടായിരിക്കണം അറവ് നിര്‍വഹിക്കേണ്ടത് എന്നത് അറവ് അനുവദനീയമാക്കിയതിന്റെ നിര്‍ദേശത്തില്‍ നടത്തിയ പ്രധാന തത്ത്വമാണ്. തങ്ങളുടെ വിഗ്രഹങ്ങളെയും ആരാധന മൂര്‍ത്തികളെയും പ്രീതിപ്പെടുത്താനായി ബിംബാരാധകരും ജാഹിലിയ്യാ സമൂഹത്തിലെ ബഹുദൈവ വിശ്വാസികളും അവരുടെ ദൈവങ്ങളുടെ നാമം ഉച്ചരിച്ചുകൊണ്ടായിരുന്നു അറവു നിര്‍വഹിക്കാറുണ്ടായിരുന്നത്. അല്ലാഹു അല്ലാത്ത ഏതൊന്നിന്റെയും നാമം ഉച്ചരിച്ചുകൊണ്ട് അവയെ പ്രീതിപ്പെടുത്താനായി അറുക്കുമ്പോള്‍ അത് അവയ്ക്കുള്ള ആരാധനയായിത്തീരുന്നു. ആരാധന, അല്ലാഹുവിന് മാത്രമേ പാടുള്ളൂ. അല്ലാഹു അല്ലാത്തവര്‍ക്കുള്ള ആരാധന ശിര്‍ക്ക് അഥവാ കൊടിയ അക്രമം ആണ്.
അല്ലാഹു മനുഷ്യന്റെ ഭക്ഷ്യോപയോഗത്തിനായി മൃഗങ്ങളെ അറുക്കുന്നത് അനുവദിച്ചിരിക്കുന്നു. അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നത് ഈ ദൈവികാനുവാദത്തിന്റെ പ്രഖ്യാപനമാണ്.
ജാഹിലിയ്യാ കാലത്തെ ആചാരപ്രകാരം തങ്ങളുടെ ഇഷ്ടദൈവങ്ങള്‍ക്കായി പ്രതിഷ്ഠകളിന്മേലോ അവയുടെ അടുത്ത് വെച്ചോ നടത്തിയിരുന്ന അറവുകള്‍ അവയ്ക്കുള്ള ആരാധനയായതിനാല്‍ ഇസ്‌ലാം അവ നിഷിദ്ധമാക്കി. ദൈവേതരരുടെ പേരുകള്‍ അറവുസമയത്ത് ഉരുവിടരുതെന്ന് നിഷ്‌കര്‍ഷിച്ചു. എന്നാല്‍ വേദാവകാശികള്‍ അടിസ്ഥാനപരമായി ഏകദൈവ വിശ്വാസികളായതിനാല്‍ അവരുമായുള്ള വിവാഹബന്ധത്തില്‍ ഇളവനുവദിച്ചതു പോലെത്തന്നെ അവരുടെ ഭക്ഷ്യപദാര്‍ഥങ്ങള്‍ ആഹരിക്കുന്നതിലും അല്ലാഹു അനുവാദം നല്‍കി. അല്ലാഹു പറയുന്നു: ”ഈ ദിവസം എല്ലാ നല്ല വസ്തുക്കളും നിങ്ങള്‍ക്കിതാ അനുവദിച്ചിരിക്കുന്നു. വേദാവകാശികളുടെ ഭക്ഷണം നിങ്ങള്‍ക്കും നിങ്ങളുടെ ഭക്ഷണം അവര്‍ക്കും നിയമവിധേയമാക്കിയിരിക്കുന്നു” (5:5).
ഒരു വിഭാഗമാളുകള്‍ നബി(സ്വ)യോട് ചോദിച്ചു. ‘ഒരു കൂട്ടര്‍ ഞങ്ങള്‍ക്ക് മാംസം കൊണ്ടുവന്നു തരുന്നു. അവര്‍ അറുക്കുമ്പോള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ക്കറിയില്ല. അപ്പോള്‍ തിരുനബി പറഞ്ഞു. നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചിട്ട് അത് ഭക്ഷിച്ചുകൊള്ളുക (ബുഖാരി) 13
അറുക്കുമ്പോള്‍ ദൈവനാമത്തിലായിരിക്കണമെന്നത് അതിന്റെ നിബന്ധനയാണ്. എങ്കിലും അറവ് വേളയില്‍ ബിസ്മി ചൊല്ലാന്‍ മറന്നാല്‍ അത് ഭക്ഷിക്കാമെന്നാണ് ഇബ്‌നു അബ്ബാസ്(റ) അടക്കമുള്ള ഭൂരിഭാഗം പണ്ഡിതരുടെയും പക്ഷം. ഇമാം ബുഖാരി ഈ അഭിപ്രായത്തെ അംഗീകരിക്കുന്നു. ഹാഫിദ്ബ്‌നു ഹജര്‍(റ) പറയുന്നു. ”അറുക്കുകയും ദൈവനാമം ചൊല്ലാന്‍ മറക്കുകയും ചെയ്ത ഒരാളെക്കുറിച്ച് ഇബ്‌നു അബ്ബാസ്(റ) പറഞ്ഞിതപ്രകാരമാണ്. ഒരു മുസ്‌ലിമില്‍ അല്ലാഹുവിന്റെ നാമം ഉണ്ട്. അവര്‍ ഉച്ചരിച്ചില്ലെങ്കിലും ശരി” (ഫതുഹുല്‍ബാരി) 12
വേട്ടയാടല്‍
ജലജീവികളെപ്പോലെ കരജീവികളില്‍ നിന്ന് മനുഷ്യനോട് ഇണങ്ങാത്ത മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നത് ഇസ്‌ലാം അനുവദിച്ചു. ഭക്ഷിക്കുന്നത് അനുവദനീയമായ വന്യജീവികളെ വേട്ടയാടിപ്പിടിക്കുന്നത് സംബന്ധമായ നിയമങ്ങളാണ് വേട്ടനിയമങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അറുക്കുന്നവന്റെ കാര്യത്തിലുള്ള നിബന്ധനകളെല്ലാം കരജീവികളെ വേട്ടയാടുന്നവനും ബാധകമാണ്. അറുക്കുന്നവന്‍ മുസ്‌ലിമോ വേദാവകാശിയോ ആകണമെന്നത് അതില്‍പ്പെട്ട ഒന്നാണ്.
ഹജ്ജിനോ ഉംറക്കോ ഇഹ്‌റാം ചെയ്ത വ്യക്തി വേട്ടയാടുന്നത് നിഷിദ്ധമാണ്. അല്ലാഹു പറയുന്നു. ”നിങ്ങള്‍ക്കും യാത്ര സംഘങ്ങള്‍ക്കും ജീവിതവിഭവമായികൊണ്ട് കടലിലെ വേട്ട ജന്തുക്കളും സമുദ്രാഹാരവും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടു. നിങ്ങള്‍ ഇഹ്‌റാമിലായിരിക്കെ കരയിലെ വേട്ടജന്തുക്കള്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഏതൊരുവനിലേക്കാണോ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുന്നത് ആ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക” (5:96).
ഭക്ഷണാവശ്യത്തിനല്ലാതെ ജന്തുക്കളെ ഹിംസിക്കുന്നത് നബി(സ്വ) നിരോധിച്ചിരിക്കുന്നു. പ്രയോജനശൂന്യമായ ജന്തുഹിംസ അവയോടുള്ള ക്രൂരതയാണ്. നബി(സ്വ) പറഞ്ഞു: ”ഒരുവന്‍ ഒരു കിളിയെ വൃഥാ ഹിംസിച്ചാല്‍ അന്ത്യനാളില്‍ അത് അല്ലാഹുവിനോട് ഇപ്രകാരം വിലപിക്കും. ‘നാഥാ ഇന്നയാള്‍ എന്നെ അനാവശ്യമായി വധിച്ചു. യാതൊരു പ്രയോജനത്തിനുവേണ്ടിയല്ല അയാളെന്നെ വധിച്ചത് (സ്വഹീഹുഇബ്‌നു ഹിബ്ബാന്‍) 14 നബി(സ്വ) ഒരിക്കല്‍ ഒരു പക്ഷിയുടെ അരികിലൂടെ കടന്നുപോകാനിടയായി ചിലയാളുകള്‍ അതിനെ ഉന്നമാക്കി പ്രഹരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകണ്ട് നബി(സ്വ) പറഞ്ഞു. ”ഇങ്ങനെ ചെയ്യുന്നവരെ അല്ലാഹു ശപിക്കട്ടെ” (മുസ്‌നദ്) 15 കുന്തം, വാള്‍, അസ്ത്രം തുടങ്ങിയ മാരകായുധങ്ങള്‍ കൊണ്ട് വേട്ട നടത്താം. അല്ലാഹു പറയുന്നു. ‘വിശ്വസിച്ചവരേ, നിങ്ങളുടെ കരങ്ങള്‍ക്കും അസ്ത്രങ്ങള്‍ക്കും എളുപ്പം പ്രാപിക്കാവുന്ന ഇരകളാല്‍, നിങ്ങള്‍ വേട്ടയിലേര്‍പ്പെടുമോ എന്ന് നിങ്ങളെ പരീക്ഷിക്കുന്നതാകുന്നു” (5:94). പരിശീലനം നല്‍കപ്പെട്ട വേട്ട മൃഗങ്ങളും വേട്ടപ്പക്ഷികളും മുഖേനയും വേട്ടനടത്താം. അല്ലാഹു പറയുന്നു. ”തങ്ങള്‍ക്ക് അനുവദനീയമായതെന്തെന്ന് ജനം താങ്കളോട് ചോദിക്കുന്നു. പറയുക നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്കനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നല്‍കിയ അറിവ് പ്രകാരം നിങ്ങള്‍ പരിശീലിപ്പിച്ച വേട്ട മൃഗങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി പിടിച്ച് തരുന്നതും ഭുജിക്കാവുന്നാതാകുന്നു. എന്നാല്‍ ഇതിന്‍മേല്‍ നിങ്ങള്‍ ദൈവനാമം ഉരുവിടേണ്ടതുണ്ട്. അല്ലാഹുവിന്റെ നിയമങ്ങള്‍ ലംഘിക്കുന്നത് ഭയപ്പെടുവിന്‍. അല്ലാഹു അതിവേഗം വിചാരണ ചെയ്യുന്നവനാകുന്നു (5:4).
വേട്ടയാടുന്നവന്റെ നായയോടൊന്നിച്ച് മറ്റൊരു നായ നായാട്ടില്‍ പങ്കെടുത്താല്‍ അവ രണ്ടും പിടിച്ചത് അനുവദനീയമാവുകയില്ലെന്ന് ഹദീസ് നമുക്ക് മനസ്സിലാക്കിത്തരുന്നു. അദിയ്യ്ബ്‌നു ഹാതിം നബി(സ്വ)യോട് ചോദിച്ചു. ”ഞാന്‍ എന്റെ നായയെ അയയ്ക്കുന്നു അതിന്റെ കൂടെ മറ്റൊരു നായയെയും ഞാന്‍ കാണുന്നു. അവയില്‍ ഏതാണ് അതിനെ പിടിച്ചത് എന്ന് എനിക്കറിയില്ല. നബി(സ്വ) പറഞ്ഞു. ”എങ്കില്‍ താങ്കള്‍ അത് തിന്നരുത്. താങ്കളുടെ നായയുടെ മേല്‍ മാത്രമേ താങ്കള്‍ ദൈവനാമം ഉച്ചരിച്ചിട്ടുള്ളൂ.”(ബുഖാരി) 16 അസ്ത്രം പ്രയോഗിക്കുമ്പോഴും വേട്ടമൃഗത്തെ അതിന് അയയ്ക്കുമ്പോഴും ദൈവനാമം ഉച്ചരിക്കാന്‍ മറന്നാല്‍ അതിന്റെ പേരില്‍ കുറ്റക്കാരാവുകയില്ല. അത് ഭക്ഷിക്കുമ്പോള്‍ ഓര്‍മിച്ച് ബിസ്മി ചൊല്ലുകയാണ് വേണ്ടത്. രണ്ടു വേട്ടമൃഗങ്ങള്‍ കൂട്ടായി ഒരു ഇരയെ പിടിക്കല്‍ ഓരോന്നിന്റേയും അതിന്റെ യജമാനന്‍ വേട്ടയ്ക്ക് അയച്ചതാണെങ്കില്‍ അനുവദനീയമാകുന്നു. രണ്ടു മൃഗങ്ങളില്‍ ഒന്നിനെ മാത്രമേ വേട്ടയ്ക്ക് നിയോഗിക്കപ്പെട്ടിരുന്നുള്ളൂവെങ്കില്‍ അവ രണ്ടും ചേര്‍ന്നുപിടിച്ച ഇര തിന്നുന്നത് അനുവദനീയമല്ല. പിന്നെ ജീവന്‍ പോയ നിലയില്‍ മൃഗത്തെ കണ്ടെത്തി എന്നിരിക്കട്ടെ. നിബന്ധനകളോടെ അത് അനുവദനീയമായിത്തീരുന്നതാണ്. അത് വല്ല മലമുകളില്‍ നിന്നോ മറ്റോ വീണ നിലയിലോ അല്ലെങ്കില്‍ വെള്ളത്തില്‍ വീണ നിലിയല്‍ അല്ലെങ്കില്‍ അത് ഭക്ഷിക്കുവാന്‍ നബി(സ്വ) അനുവാദം നല്‍കിയിട്ടുണ്ട്. റസൂല്‍(സ്വ) പ്രസ്താവിച്ചതായി ബുഖാരിയും മുസ്‌ലിമും അദിയ്യ്ബ്‌നു ഹാതിമില്‍ നിന്ന് നിവേദനം ചെയ്യുന്നു. ”നീ അല്ലാഹുവിന്റെ നാമം ഉരുവിട്ടുകൊണ്ട് അമ്പെയ്തിട്ട ഇരയെ ചത്തതായി കണ്ടെത്തിയാലും തിന്നുകൊള്ളുക. (ബുഖാരി) 17
നബി(സ്വ) പറഞ്ഞു: ”നീ അമ്പെയ്തിട്ട് ഇര മൂന്ന് ദിവസത്തേക്ക് അപ്രത്യക്ഷമായശേഷം കണ്ടെത്തിയാല്‍ അത് ദുര്‍ഗന്ധം വമിക്കുന്നില്ലെങ്കില്‍ തിന്നുകൊള്ളുക” (മുസ്‌ലിം) 18
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 95, ഹദീസ് 5519[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 96, ഹദീസ് 5535[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 71, ഹദീസ് 5391[↩]
- സ്വഹീഹു ഇബ്‌നി ഹിബ്ബാന്‍, മുഹമ്മദു ബ്‌നു ഹിബ്ബാനു ബ്‌നു അഹ്‌മദു ബ്‌നി ഹിബ്ബാന്‍ അത്തമീമി, മുഅസ്സതുര്‍റിസാല ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 02, പേജ് 428, ഹദീസ് 1637[↩]
- അത്തര്‍ഗീബു വത്തര്‍ഹീബു മിനല്‍ ഹദീസിശ്ശരീഫ്, അബ്ദുല്‍ അളീമുബ്‌നു അബ്ദില്‍ ഖവിയ്യ് സകിയ്യുദ്ദീനില്‍ മുന്‍ദിരി (അബൂമുഹമ്മദ്), ദാറുകുതുബില്‍ ഇല്‍മിയ്യ, ബൈറൂത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 159[↩]
- അത്തര്‍ഗീബു വത്തര്‍ഹീബു മിനല്‍ ഹദീസിശ്ശരീഫ്, അബ്ദുല്‍ അളീമുബ്‌നു അബ്ദില്‍ ഖവിയ്യ് സകിയ്യുദ്ദീനില്‍ മുന്‍ദിരി (അബൂമുഹമ്മദ്), ദാറുകുതുബില്‍ ഇല്‍മിയ്യ, ബൈറൂത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 204[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 10, പേജ് 171, ഹദീസ് 5956[↩]
- അത്തര്‍ഗീബു വത്തര്‍ഹീബു മിനല്‍ ഹദീസിശ്ശരീഫ്, അബ്ദുല്‍ അളീമുബ്‌നു അബ്ദില്‍ ഖവിയ്യ് സകിയ്യുദ്ദീനില്‍ മുന്‍ദിരി (അബൂമുഹമ്മദ്), ദാറുകുതുബില്‍ ഇല്‍മിയ്യ, ബൈറൂത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 101[↩]
- സുനനു ഇബ്‌നി മാജ, ഇബ്‌നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്‌നു യസീദില്‍ ഖസ്‌വീനി, ദാറു ഇഹ്‌യാഇല്‍ കുതുബില്‍ അറബിയ്യ, വാള്യം 02, പേജ് 1059, ഹദീസ് 3172[↩]
- സുനനു ഇബ്‌നി മാജ, ഇബ്‌നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്‌നു യസീദില്‍ ഖസ്‌വീനി, ദാറു ഇഹ്‌യാഇല്‍ കുതുബില്‍ അറബിയ്യ, വാള്യം 02, പേജ് 1058, ഹദീസ് 3170[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 93, ഹദീസ് 5509[↩]
- ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 09, പേജ്: 624[↩][↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 119, ഹദീസ് 7398[↩]
- സ്വഹീഹു ഇബ്‌നി ഹിബ്ബാന്‍, മുഹമ്മദു ബ്‌നു ഹിബ്ബാനു ബ്‌നു അഹ്‌മദു ബ്‌നി ഹിബ്ബാന്‍ അത്തമീമി, മുഅസ്സതുര്‍റിസാല ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 429, ഹദീസ് 2697[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 419, ഹദീസ് 5588[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 46, ഹദീസ് 175[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 46, ഹദീസ് 175 [↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 06, പേജ് 59, ഹദീസ് 1931[↩]
