സുതാര്യമല്ലാത്ത കച്ചവടങ്ങൾ
സുതാര്യമല്ലാത്ത കച്ചവടങ്ങൾ ഇസ്‌ലാമിക നിയമപ്രകാരം ഒഴിവാക്കേണ്ട ഇടപാടുകളാണ്. വസ്തുവിന്റെ ഗുണനിലവാരം, അളവ്, ലഭ്യത എന്നിവ വ്യക്തമല്ലാത്തതും, ഉപഭോക്താവിന് പരസ്പരം നിർവചിക്കപ്പെട്ട വിവരം ലഭിക്കാതെ നടത്തുന്ന ഇടപാടുകളും ഇത്തരം വിഭാഗത്തിൽപ്പെടുന്നു. ഊഹക്കച്ചവടം, കാണാത്ത വസ്തു വിൽപ്പന, പഴങ്ങൾ പൂവണിയാതെ വിൽക്കൽ, മൃഗത്തിന്റെ ഗർഭസ്ഥ ശിശു, ഏറുകച്ചവടം, തൊട്ടുകച്ചവടം, വഴിക്കച്ചവടം തുടങ്ങിയവ സമൂഹത്തിൽ വഞ്ചനയും അസമത്വവും വളർത്തും. സുതാര്യതയില്ലാത്ത ഇടപാടുകൾ ഒഴിവാക്കുന്നത് വിശ്വാസം, നീതി, സാമ്പത്തിക സമാധാനം എന്നിവ ഉറപ്പാക്കുന്നതിന് സഹായകരമാണ്.
ലാഭനഷ്ടങ്ങള്‍ ഇടപാടുകളില്‍ സാധാരണമാണ്. എന്നാല്‍ ചില ഇടപാടുകളില്‍ അത് നിയന്ത്രിക്കാന്‍ കഴിയും. ഏതെങ്കിലും ഒരു കക്ഷിക്ക്, പ്രത്യേകിച്ചും ക്രേതാവിന് പലപ്പോഴും അപരിഹാര്യമായ നഷ്ടങ്ങളുണ്ടാക്കുന്ന ചില കച്ചവട രീതികളുണ്ട്. സുതാര്യതയില്ലാത്ത ഇത്തരം എല്ലാ കച്ചവടങ്ങളും ഇസ്‌ലാമികമായി നിഷിദ്ധമാണ്
ഊഹക്കച്ചവടം
ഗുണഭോക്താക്കള്‍ക്ക് അനിശ്ചിതമായ നഷ്ടങ്ങളുണ്ടാക്കുന്നതാണ് ഊഹക്കച്ചവടം. ഇസ്‌ലാമില്‍ കച്ചവടം സാധുവാകണമെങ്കില്‍ വസ്തുവും വിലയുമെല്ലാം നിര്‍ണയിക്കപ്പെട്ടതായിരിക്കണം. ഉണ്ടാക്കാനിരിക്കുന്ന ചരക്കും വിലയുമെല്ലാം പ്രതീക്ഷിച്ച് നടത്തുന്ന ഊഹക്കച്ചവടം അതിനാല്‍ തന്നെ നിഷിദ്ധമാണ്. ഈ ഇടപാട് ഏതെങ്കിലും ഒരു കക്ഷിക്ക് അനിര്‍വചനീയമായ നഷ്ടം വരുത്തുന്നു എന്നതാണ് ഇത് നിരോധിക്കാനുള്ള പ്രധാനകാരണം.
മതിപ്പു കച്ചവടം ഊഹക്കച്ചവടമാണെങ്കിലും അതില്‍ ചരക്ക് നിലവിലുള്ളതും സാഹചര്യത്തില്‍ നിന്ന് ഏകദേശം കൃത്യമായി അളവും ഗുണവുമെല്ലാം മനസ്സിലാക്കാന്‍ കഴിയുന്നതുമാണ്. ഇത് ഇസ്‌ലാം അനുവദിച്ച ഇടപാടാണ്.
കാണാത്തവസ്തു
ചരക്ക് കാണാന്‍ കഴിയുക എന്നത് കച്ചവടത്തിന്റെ സാധുതയുടെ പ്രധാന നിബന്ധനയാണ്. ഒന്നുകില്‍ നേരിട്ട് കാണുകയോ അല്ലെങ്കില്‍ അതിന്റെ ഗുണം, അളവ് എന്നിവയെല്ലാം മറ്റുമാര്‍ഗങ്ങളിലൂടെ വ്യക്തമായി മനസ്സിലാവുകയോ വേണം. ഇങ്ങനെ കാണാതെ നടന്ന ഇടപാടിലെ ചരക്ക് ഇടപാടു തീരുമാനത്തിനനുസരിച്ചല്ലെന്നു കണ്ടാല്‍ കച്ചവടം റദ്ദുചെയ്യാന്‍ ക്രേതാവിന് അവകാശമുണ്ടായിരിക്കും. നബി(സ്വ) പറഞ്ഞു: കാണാത്ത വസ്തു വാങ്ങിയാല്‍ കാണുമ്പോള്‍ അത് തിരിച്ചു കൊടുക്കാനുള്ള അവകാശമുണ്ട് (ബൈഹഖീ) 1
കൃത്യമായി മനസ്സിലാക്കാന്‍ കഴിയാത്ത ഭൂമിക്കടിയിലുള്ള കിഴങ്ങുകള്‍ പാക്കറ്റുകള്‍ക്കകത്തുള്ള വസ്തുക്കള്‍ എന്നിവ സാധാരണയുള്ള നാട്ടു നടപ്പനുസരിച്ച് കച്ചവടം നടത്താവുന്നതാണ്. ഇതില്‍ വലിയ നഷ്ടങ്ങള്‍ സംഭവിക്കുകയോ ഉപയോഗ ശൂന്യമാണെന്ന് മനസ്സിലാവുകയോ ചെയ്താല്‍ കച്ചവടക്കാരന്‍ നഷ്ടപരിഹാരം നല്‌കേണ്ടതുണ്ട്.
മൂപ്പെത്താത്ത പഴങ്ങള്‍
പഴങ്ങളും ഫലങ്ങളും ഉപയോഗിക്കാനുള്ള പാകമാകുമ്പോഴേ വില്‍പന നടത്താന്‍ പാടുള്ളൂ. വിളവെടുപ്പിന് മുമ്പ് നശിക്കാനോ കേടുബാധിക്കാനോ സാധ്യതയുള്ളതിനാല്‍ ക്രേതാവിന് നഷ്ടമുണ്ടായേക്കും എന്ന കാരണത്താലാണ് അവ്യവക്തയുള്ള ഈ കച്ചവടം ഇസ്‌ലാം നിരോധിക്കുന്നത്. പൂക്കുല നോക്കി പഴത്തിനോ ധാന്യത്തിനോ വേണ്ടി തോട്ടം കച്ചവടമാക്കാന്‍ പാടില്ല.
ഇബ്‌നു ഉമര്‍(റ) പറയുന്നു: ഈത്തപ്പഴം തിളങ്ങുന്നതുവരെയും കച്ചവടം ചെയ്യുന്നത് നബി(സ്വ) നിരോധിച്ചിരിക്കുന്നു (മുസ്‌ലിം) 2
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ഈത്തപ്പനയില്‍ ‘സലം’ കച്ചവടം ചെയ്യുന്നതിനെ സംബന്ധിച്ച് തന്നോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഈത്തപ്പനമേല്‍ പഴം ഉണ്ടായി ഭക്ഷിക്കാനും തൂക്കുവാനും ആകുന്നതിനു മുമ്പ് കച്ചവടം ചെയ്യുന്നത് നബി(സ്വ) വിരോധിച്ചിട്ടുണ്ട് (ബുഖാരി) 3
ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ്വ) അരുളി: പഴങ്ങള്‍ അതിന്റെ കേടുപാടുകളുടെ ഘട്ടങ്ങള്‍ കഴിഞ്ഞ് അവയുടെ ഗുണങ്ങള്‍ പ്രത്യക്ഷപ്പെടും വരേയും അവയെ നിങ്ങള്‍ വില്‍ക്കരുത്. ഉണങ്ങാത്ത ഈത്തപ്പഴത്തിന്ന് ഉണങ്ങിയ ഈത്തപ്പഴം നിങ്ങള്‍ വില്‍ക്കരുത് (ബുഖാരി) 4.
സൈദ്ബ്‌നു സാബിത്(റ) പറയുന്നു: നബി(സ്വ)യുടെ കാലത്ത് ജനങ്ങള്‍ (വൃക്ഷങ്ങളിന്മേല്‍ നില്‍ക്കുന്ന)ഫലങ്ങള്‍ വില്‍ക്കാറുണ്ടായിരുന്നു. വിലയ്ക്ക് വാങ്ങിയ ആളുകള്‍ പഴം പറിക്കാന്‍ ആരംഭിക്കുകയും തോട്ടങ്ങളുടെ ഉടമസ്ഥന്‍ പണം ആവശ്യപ്പെട്ടു വരികയും ചെയ്യുമ്പോള്‍ തോട്ടത്തിലെ ഫലങ്ങള്‍ക്ക് രോഗം പിടികൂടി. അതിനെ ഇന്ന രോഗം ബാധിച്ചു, കാലക്കേട് ബാധിച്ചു. എന്നെല്ലാം പറയാന്‍ തുടങ്ങും. അതെല്ലാം തെളിവാക്കി വഴക്ക് കൂടാനാരംഭിക്കും. അങ്ങനെ നബി(സ്വ)യുടെ അടുത്ത് ആവലാതികള്‍ വളരെയെണ്ണം വരാന്‍ തുടങ്ങിയപ്പോള്‍ ഒരുപദേശമെന്ന നിലക്ക് നബി(സ്വ) അരുളി: ഈ വഴക്ക് നിങ്ങള്‍ക്ക് അവസാനിപ്പിക്കുവാന്‍ സാധ്യമല്ലെങ്കില്‍ ഫലങ്ങള്‍ അവയുടെ ഗുണങ്ങള്‍ ശരിക്ക് പ്രത്യക്ഷപ്പെടും വരേക്കും നിങ്ങള്‍ ക്രയവിക്രയം നടത്തരുത്. സൈദ്(റ) സുറയ്യാ നക്ഷത്രം ഉദിച്ചുയര്‍ന്ന് മഞ്ഞയും ചുവപ്പും വേര്‍തിരിച്ചറിയാവുന്ന സമയമായിട്ടല്ലാതെ പഴങ്ങളുടെ വില്പന നടത്താറുണ്ടായിരുന്നില്ല (ബുഖാരി) 3.
അനസ്(റ) പറയുന്നു: പഴങ്ങള്‍ ചുവപ്പ് നിറം പ്രാപിക്കും മുമ്പ് അവയെ വില്‍പ്പന നടത്തുന്നത് നബി(സ്വ) വിരോധിച്ചിരിക്കുന്നു. അവിടുന്ന് ചോദിച്ചു: നിങ്ങള്‍ ഒന്നു ചിന്തിച്ചുനോക്കൂ. അല്ലാഹു ആ തോട്ടത്തിലെ ഫലം തടഞ്ഞുവെച്ചു. എങ്കില്‍ എന്തു ന്യായത്തിന്മേലാണ് സ്വസഹോദരന്റെ പക്കല്‍ നിന്ന് നിങ്ങള്‍ വില വസൂലാക്കുക? (മുസ്‌ലിം) 5
കച്ചവട സമയത്തുള്ള അവസ്ഥയില്‍ ഉപയോഗിക്കാനാണെങ്കില്‍ വില്‍പന അനുവദനീയമാണ്. ഉപ്പിലിടാനും അച്ചാറിനും മറ്റും ഉപയോഗിക്കാനായി കണ്ണിമാങ്ങ കച്ചവടമാക്കാവുന്നതാണ്.
മൃഗത്തിന്റെ ഗര്‍ഭസ്ഥശിശു
പ്രസവത്തിനു മുമ്പ് കുഞ്ഞിന് വിലനിര്‍ണയിക്കുന്നത് സാധുവല്ല. അത് ചത്തുപോകാനോ എന്തെങ്കിലും വൈകല്യത്തോടെ ജനിക്കാനോ സാധ്യതയുണ്ട്. ഇത് ക്രേതാവിന് നഷ്ടമുണ്ടാക്കും. അബ്ദുല്ല(റ) പറയുന്നു: ഒട്ടകത്തിന്റെ ഗര്‍ഭത്തിലെ ശിശുവിനെ അവര്‍ കച്ചവടം ചെയ്തിരുന്നു. നബി(സ്വ) അതു വിരോധിച്ചു (ബുഖാരി) 6
ഇബ്‌നുഉമര്‍(റ) പറയുന്നു: നിശ്ചയം നബി(സ്വ) ഒരു മൃഗത്തിന്റെ ഗര്‍ഭത്തിലുള്ള കുട്ടിയെ വില്‍ക്കുന്നത് വിരോധിച്ചിരിക്കുന്നു. ഇതു അജ്ഞാന കാലത്തെ കച്ചവടമായിരുന്നു. ഒരു ഒട്ടകത്തെ അതു പ്രസവിച്ചുണ്ടാകുന്ന കുഞ്ഞ് വീണ്ടും പ്രസവിക്കുമ്പോള്‍ വില തരാമെന്ന നിബന്ധനയോടെയായിരുന്നു അവര്‍ കച്ചവടം നടത്തിയിരുന്നത് (ബുഖാരി) 7
ഏറുകച്ചവടം, തൊട്ടുകച്ചവടം
നിരത്തിവെച്ച വസ്തുക്കളിലേക്ക് വളയമോ മറ്റോ എറിയുകയും ഏതിലാണ് ഏറു കൊണ്ടത് അത് ക്രേതാവിന് ലഭിക്കുന്നതുമായ കച്ചവടമാണ് മുനാബദ എന്നു പറയുന്ന ഏറു കച്ചവടം. എറിഞ്ഞു പിടിക്കുന്ന വസ്തുക്കള്‍ കച്ചവടമാകുന്ന മറ്റൊരു ഏറുകച്ചവട രീതിയുമുണ്ട്. ഇതനുസരിച്ച് ചരക്ക് കാണാനോ പരിശോധിക്കാനോ സാധ്യമല്ല. നിരത്തിവെച്ച വസ്തുക്കളില്‍ കണ്ണടച്ച് സ്പര്‍ശിക്കുകയും ഏതിലാണോ തൊട്ടത് അത് അയാള്‍ക്ക് ലഭിക്കുകയും ചെയ്യുന്നതാണ് മുലാമസ എന്ന തൊട്ടുകച്ചവടം. ഭാഗ്യപരീക്ഷണവും ചരക്കിന്റെ അവ്യക്തതയും കാരണം ഇസ്‌ലാം കച്ചവടത്തിന്റെ ഈ രണ്ടു രീതികളും നിഷിദ്ധമാക്കി.
അബൂസഈദ്(റ) പറയുന്നു: നബി(സ്വ) മുനാബദ കച്ചവടം വിരോധിച്ചിരിക്കുന്നു. വസ്ത്രം മറിച്ചു നോക്കുന്നതിനു മുമ്പായി എറിഞ്ഞു കൊടുക്കലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മൂലാമസ കച്ചവടവും നബി(സ്വ) നിരോധിച്ചിരിക്കുന്നു. വസ്ത്രത്തിലേക്ക് നോക്കാതെ സ്പര്‍ശിച്ച് കൊണ്ട് മാത്രം നടത്തുന്ന കച്ചവടമാണിത് (ബുഖാരി) 8 ഇതിനോടു സാമ്യമുള്ള കച്ചവടത്തിന്റെ പല രീതികളും കളികളായും അല്ലാതെയും പണവുമായി ബന്ധപ്പെടുത്തി നമ്മുടെ ഇടയില്‍ പ്രചാരത്തിലുണ്ട്. ഇവ വര്‍ജിക്കേണ്ടതാണ്.
വഴിക്കച്ചവടം
മാര്‍ക്കറ്റിലേക്കു കൊണ്ടുവരുന്ന ചരക്കുകള്‍ വഴിയില്‍ നിന്ന് കച്ചവടമാക്കുന്നത് ഇസ്‌ലാം നിരോധിച്ചു. മാര്‍ക്കറ്റ് നിലവാരം അിറയാതെ വിക്രേതാവ് ചതിക്കപ്പെടാന്‍ ഏറെ സാധ്യതയുള്ളതാണ് ഈ ഇടപാട്. പ്രത്യേകിച്ചും ഗ്രാമീണനായ വ്യക്തിക്ക് അങ്ങാടി നിലവാരം അറിയാനുള്ള സാധ്യത കുറവായതിനാല്‍ അയാള്‍ ഇടത്തട്ടുകാരനാല്‍ ചതിക്കപ്പെടാന്‍ ഏറെ സാധ്യതയുണ്ട്. അതിനാല്‍ ഇങ്ങനെ നഷ്ടം ബോധ്യപ്പെട്ടവന് ഇടപാട് ദുര്‍ബലമാക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും. കൂടാതെ ഇത് അങ്ങാടിയില്‍ അനാവശ്യമായ മത്സരങ്ങളുണ്ടാക്കാനും ചരക്കുകളെല്ലാം സമര്‍ഥരായ ചില കച്ചവടക്കാരില്‍ മാത്രം കേന്ദ്രീകരിക്കപ്പെടാനും ഇടയാക്കുകയുംചെയ്യും. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ചരക്ക് അങ്ങാടിയിലേക്ക് കൊണ്ടുവരുന്നവരില്‍ നിന്ന് ഇടക്കു വെച്ച് അതു വാങ്ങരുതെന്നും ഗ്രാമീണന് വേണ്ടി അവന്റെ ചരക്ക് പട്ടണവാസി വില്‍പ്പന നടത്തരുതെന്നും നബി(സ്വ) അരുളിയിരിക്കുന്നു. അപ്പോള്‍ ഞാന്‍(ത്വാവൂസ്) ഇബ്‌നുഅബ്ബാസിനോട് ചോദിച്ചു. ഗ്രാമീണനുവേണ്ടി ചരക്ക് പട്ടണവാസി വില്‍പ്പന നടത്തരുതെന്നു പറഞ്ഞതുകൊണ്ടുള്ള ഉദ്ദേശ്യമെന്താണ്? ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞു: അവനുവേണ്ടി ദല്ലാലിയായി നില്‍ക്കരുതെന്ന് വിവക്ഷ (ബുഖാരി) 9
അബൂഹുറയ്‌റ(റ) പറയുന്നു: ചരക്കുമായി വരുന്ന ഗ്രാമവാസികള്‍ക്ക് വേണ്ടി പട്ടണവാസി വില്‍പ്പന നടത്തുന്നത് നബി വിരോധിച്ചിരിക്കുന്നു. (വാങ്ങാനുദ്ദേശമില്ലാതെ മറ്റുള്ളവരെ വഞ്ചിക്കാനായി)ചരക്കിന് വില ഏറ്റിപ്പറയുകയോ തന്റെ സഹോദരന്‍ കച്ചവടം ചെയ്തു കഴിഞ്ഞ ചരക്ക് വീണ്ടും കച്ചവടം ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യരുത് (ബുഖാരി) 10
അനസ്(റ) പറയുന്നു: പട്ടണവാസി ഗ്രാമീണന് വേണ്ടി വില്‍പ്പന നടത്തുന്നത് ഞങ്ങളോട് വിരോധിക്കപ്പെട്ടിട്ടുണ്ട് (ബുഖാരി) 11
ഇബ്‌നുഉമര്‍(റ) പറയുന്നു: നബി(സ്വ) അരുളി: മറ്റു ചിലര്‍ കച്ചവടം ചെയ്തു കഴിഞ്ഞ ചരക്ക് വീണ്ടും നിങ്ങള്‍ കച്ചവടം ചെയ്യരുത്. ചരക്ക് അങ്ങാടിയിലെത്തും മുമ്പ് ഇടയ്ക്കു വെച്ച് നിങ്ങള്‍ കച്ചവടം ചെയ്യരുത് (ബുഖാരി) 12
ഇബ്‌നുഉമര്‍(റ) പറയുന്നു: ഞങ്ങള്‍ ചരക്കുമായി വരുന്നവരെ ഇടയ്ക്കു വെച്ച് അഭിമുഖീകരിച്ച് അവരില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍ വാങ്ങാറുണ്ട്. ചരക്ക് അങ്ങാടിയില്‍ ഇറക്കുന്നതുവരെ ഈ കച്ചവടം നബി(സ്വ) ഞങ്ങളോട് വിരോധിച്ചു (ബുഖാരി) 13
References- അസ്സുനനുല്‍ കുബ്‌റാ, അഹ്‌മദുബ്‌നുല്‍ ഹുസൈനിബ്‌നി അലി, അബൂബക്‌റുല്‍ ബൈഹഖീ, ദാറു കുതുബുല്‍ ഇല്‍മിയ്യ, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 05, പേജ് 440, ഹദീസ് 10428[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 05, പേജ് 29, ഹദീസ് 155[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 765, ഹദീസ് 2081[↩][↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 766, ഹദീസ് 2087[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 05, പേജ് 29, ഹദീസ് 1555[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 785, ഹദീസ് 2137[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 753, ഹദീസ് 2036[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 754, ഹദീസ് 2037[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 757, ഹദീസ് 2050[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 752, ഹദീസ് 2033[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 758, ഹദീസ് 2053[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 72, ഹദീസ് 2165[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 70, ഹദീസ് 2144[↩]
