നിഷിദ്ധമായ സമ്പാദ്യങ്ങള്‍
നിഷിദ്ധമായ സമ്പാദ്യങ്ങള്‍ എന്ന് പറഞ്ഞാൽ ഇസ്ലാമിക നിയമപ്രകാരം സമ്പാദിക്കരുതാത്ത വരുമാനവും ലാഭവുമാണ് ഉദ്ദേശിക്കുന്നത്. ചൂഷണം, പലിശ, വഞ്ചന, ചൂതാട്ടം, അന്യായ വ്യാപാരം, തൂക്കം–അളവ് തെറ്റായി കാണിക്കുക തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ നേടുന്ന സമ്പാദ്യം ഇതിൽപ്പെടുന്നു. ഇത്തരം സമ്പാദ്യങ്ങൾ വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മയ്ക്ക് ഹാനികരമാവും. ഇസ്ലാം വിശ്വാസികളും വ്യവഹാരികളും സത്യസന്ധവും നീതിപരവുമായ മാർഗ്ഗങ്ങളിലൂടെ സമ്പാദ്യം നേടണമെന്ന് ഖുര്‍ആനും സുന്നത്തും വ്യക്തമായി ഉപദേശിക്കുന്നു.
ഇസ്ലാം ചില വസ്തുക്കളുടെ ക്രയവിക്രയവും അതിനായുള്ള ഇടപെടലുകളും മാത്രമല്ല നിര്‍മാണം, വിതരണം, ഉപയോഗം, സേവനം എന്നിവയിലൂടെയും ഇക്കാര്യങ്ങളിലുള്ള പങ്കാളിത്തത്തിലൂടെയുമുള്ള വരുമാനങ്ങളും നിഷിദ്ധമാക്കുന്നുണ്ട്.
ആത്മീയകച്ചവടം
ഭൗതികലാഭം മോഹിക്കാതെ ചെയ്യുന്ന നന്മകളെ ഖുര്‍ആന്‍ പരലോകക്കച്ചവടമായി ഉപമിച്ചിട്ടുണ്ട്(35: 29, 61:10,11). എന്നാല്‍ ഭൗതികത വിറ്റ് ആത്മീയത നേടുന്ന കച്ചവടമല്ലാതെ ആത്മീയത വിറ്റ് ഭൗതികത നേടുന്ന എല്ലാ കച്ചവടവും നിഷിദ്ധമാണ്. ഇത് നേര്‍ക്കുനേരെ കച്ചവടമാകുന്നവയും മറ്റുരൂപത്തില്‍ വരുമാനമാകുന്നവയുമുണ്ട്. പ്രവാചക കുടുംബം, റസൂലിന്റെ ഭൗതിക അവശിഷ്ടങ്ങള്‍, സഹാബികളുടെ പിതൃപരമ്പര, മഹാന്മാരുടെ ഖബ്റുകള്‍ തുടങ്ങിയവ യാതൊരു കാരണവശാലം വില്പന നടത്താനോ സമ്പാദ്യമാര്ഗമാക്കാനോ പാടില്ലാത്തതാണ്. ഇവയുടെയെല്ലാം പേരില്‍ നടക്കുന്ന ബറകത് വ്യവസായം നിഷിദ്ധ വരുമാനമാണ്. ഇതിന് നേതൃത്വംകൊടുക്കുന്ന പുരോഹിതന്മാരെ ഖുര്‍ആന്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ”സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര് ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു”(9:34).
ഉറുക്കും ഏലസ്സും മന്ത്രവും മാരണവും നടത്തുന്നതും അതിനുപയോഗിക്കുന്ന വസ്തുക്കള്‍ കച്ചവടംചെയ്യുന്നതും നിഷിദ്ധമാണ്. വിശുദ്ധ ഖുര്‍ആനിലെയും പ്രവാചക സുന്നതിലെയും വചനങ്ങള്‍ ഉപയോഗിച്ച് പ്രാര്ഥിക്കുന്നതാണ് ഇസ്ലാം അനുവദിച്ച മന്ത്രങ്ങള്‍. നൂല്, വെള്ളം പോലെ യാതൊരു മാധ്യമവുമില്ല. ഇങ്ങനെ നിര്‍വഹിക്കുന്ന പ്രാര്‍ഥനകള്‍ക്ക് പ്രതിഫലം വാങ്ങാമോ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. നബി(സ്വ)യുടെ ചില അനുചരന്മാര് ഇങ്ങനെ പ്രതിഫലം വാങ്ങിയതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇതിന് പ്രതിഫലം വാങ്ങാമെന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍ അവര്‍ക്ക് നിയമപരമായി ലഭിക്കേണ്ട ആതിഥ്യം നിഷേധിച്ച ആളുകളില്‍ നിന്നായതിനാലാണ് അവര്‍ കൂലി വാങ്ങിയതെന്നും ഈ പ്രാര്‍ഥന ആത്മാര്‍ഥമായ സഹോദര സ്നേഹത്തില്‍ രൂപപ്പെടേണ്ടതായതിനാല് പ്രതിഫലം വാങ്ങാന്‍ പാടില്ലെന്നുമാണ് മറുവിഭാഗത്തിന്റെ ന്യായം. ഇതാണ് കൂടുതല്‍ സത്യത്തോടടുക്കുന്ന അഭിപ്രായം.
അതുപോല അന്ധവിശ്വാസാധിഷ്ഠിതമായ ചാവടിയന്തരം, ആണ്ടറുതി, പേരിടല്‍, കൈനോട്ടം, മുഖലക്ഷണം പറയല്‍, ഭാവി പ്രവചനങ്ങള്‍, ജ്യോത്സ്യം, കവടി, നഹ്സ്, മുഹൂര്‍ത്തം, എഴുത്തിനിരുത്ത്, സ്ഥാനം നിര്‍ണയിക്കല്‍ തുടങ്ങിയ കാര്യങ്ങളും, ജനനം, ചേലാകര്‍മം, കാതുകുത്ത്, യാത്ര, മരണം തുടങ്ങി ഇസ്ലാം ആവശ്യപ്പെട്ടിട്ടില്ലാത്ത വിവിധ സന്ദര്‍ഭങ്ങളില്‍ കൂട്ടു പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായണവും നിര്‍വഹിച്ച് പ്രതിഫലമോ പ്രത്യുപകാരമോ സമ്മാനങ്ങളോ വാങ്ങുന്നതും നിഷിദ്ധമാണ്. ഇതില്‍ ചിലത് ബഹുദൈവാരാധനയിലും സത്യനിഷേധത്തിലുമെത്തുമ്പോള് മറ്റു ചിലത് മഹാപാപമായി മാറും. ജാഹിലിയ്യതില്‍ നടത്തിയ കൈനോട്ടത്തിന് കിട്ടിയ പ്രതിഫലത്തില്‍ നിന്നുണ്ടാക്കിയ പലഹാരമാണ് താന്‍ കഴിച്ചതെന്നറിഞ്ഞപ്പോള്‍, വായില്‍ കൈവെച്ച് അതിന്റെ അവസാന അംശം പോലും ഛര്‍ദിച്ചു കളയാനാണ് അബൂബക്കര്‍(റ) ശ്രമിച്ചത്.
ബഹുദൈവാരാധനയ്ക്ക് ആവശ്യമായ വിളക്കുകള്‍, പ്രതിഷ്ഠകള്‍, ചിത്രങ്ങള്‍, വസ്ത്രങ്ങള്‍, പഴങ്ങള്‍, പൂക്കള്‍ എന്നിവയുടെ ക്രയവിക്രയങ്ങളും ദാനങ്ങളും സമ്മാനങ്ങളും പാടില്ലാത്തതാണ്. ഇവയുടെയെല്ലാം ഇടപാടുകള്‍ അതാത് വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കുകയാണ് അഭികാമ്യമായിട്ടുള്ളത്. എന്നാല്‍ ഇത്തരം വസ്തുക്കള്‍ മറ്റ് ഉപകാരപ്രദമായ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നവയാണെങ്കില്‍ അവ വില്‍ക്കുന്നതും നല്‍കുന്നതും ഉപയോഗിക്കുന്നതും അഭിലഷണീയമല്ലെങ്കിലും കുറ്റകരമല്ല. ആണ്ടു നേര്‍ച്ച സ്ഥലത്തും ക്ഷേത്രാങ്കണങ്ങളിലും കച്ചവടക്കാരും ഉപഭോക്താക്കളും കാണികളുമാകേണ്ടത് അവയില്‍ വിശ്വസിക്കുന്നവരാണ്. ബഹുമത സമൂഹത്തില്‍ ഇത്തരം സന്ദര്‍ഭത്തെ അഭിമുഖീകരിക്കേണ്ടി വരുന്ന വിശ്വാസികള്‍ ഇവിടെ ഏറെ സൂക്ഷ്മത പുലര്‍ത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. തന്റെ വിശ്വാസത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ മറ്റു മതവിശ്വാസങ്ങളെയും ആചാരങ്ങളെയും ആദരിച്ചുകൊണ്ടു ജീവിക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. ‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെതും’(109:6), ‘ഇഷ്ടമുള്ളവന് വിശ്വസിക്കുകയോ അവിശ്വസിക്കുകയോചെയ്യട്ടെ’(18:29) എന്നിങ്ങനെയാണ് ഇസ്ലാമിന്റെ മതവീക്ഷണം. ആ മാതൃകയാണ് റസൂലിന്റെ നാട്ടിലും നമ്മുടെ നാട്ടിലും എല്ലാ കാലത്തും മഹാത്മാക്കളായ മുന്‍ഗാമികള്‍ കാണിച്ചു തന്നത്. ക്രൈസ്തവ ദേവാലയത്തില്‍ നമസ്കരിക്കാന്‍ അനുവാദം ലഭിച്ചിട്ടും ഉമര്‍(റ) അതു നിര്‍വഹിക്കാതിരുന്നത് അദ്ദേഹത്തിന്റെ വിശാലമായ മതേതര കാഴ്ചപ്പാടുകൊണ്ടായിരുന്നു. ഹിന്ദുവായ ഗാന്ധിജിക്കും മതവിശ്വാസിയല്ലാതിരുന്ന നെഹ്റുവിനുമൊപ്പം രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ തോള് ചേര്‍ന്ന ഖുര്‍ആന്‍ പണ്ഡിതനായ അബുല്‍കലാം ആസാദിന് അവരുടെ മത അനുഷ്ഠാനങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ കൂടെ നില്‍ക്കേണ്ടി വന്നില്ല.
വഖ്ഫ് സ്വത്തുകള്‍, അല്ലാഹുവിന്റെ ചിഹ്നങ്ങളായ പള്ളികള്‍, ബലി മൃഗങ്ങള്‍, ഖുര്‍ആന്‍, ഇസ്ലാമിക അനുഷ്ഠാനങ്ങള്‍, വിജ്ഞാനങ്ങള്‍ എന്നിവയും കച്ചവടം ചെയ്യാന്‍ പാടില്ല. എന്നാല്‍ വിശ്വാസികളുടെ വിശാല നന്മലക്ഷ്യം വെച്ച് ചില നിയന്ത്രണങ്ങളോടെ ഇവയില്‍ കച്ചവടം അനുവദനീയമാണ്. വഖ്ഫ് സ്വത്ത്, പള്ളി, ബലി മൃഗം എന്നിവ അതിനേക്കാള്‍ ഉത്തമമായതിനു പകരമായി വില്‍ക്കാവുന്നതാണ്. ഇവിടെയുണ്ടാകുന്ന ലാഭങ്ങളും പ്രയോജനങ്ങളും അതേ കാര്യങ്ങള്‍ക്കു ഗുണകരമാകും എന്ന വ്യവസ്ഥയോടെ മാത്രമേ ഇത് അനുവദിക്കപ്പെടൂ.
ഖുര്‍ആന്‍, ഇസ്ലാമിക ഗ്രന്ഥങ്ങള്‍ എന്നിവ വില്‍ക്കുക, മറ്റൊരാള്‍ക്കു വേണ്ടി ഹജ്ജു ചെയ്യുക, ബാങ്ക്, ഇമാമത്, ഖുതുബകള്‍, മത വിജ്ഞാന ക്ലാസുകള്‍ എന്നിവ നിര്‍വഹിക്കുക തുടങ്ങിയവയെല്ലാം സൗജന്യമായി നല്കപ്പെടേണ്ടതാണ്. എന്നാല്‍ ഇവ നിര്‍വഹിക്കാനാവശ്യമായ ചെലവുകളും, അതിന്റെ പേരില്‍ ഉപജീവനത്തിന് തടസ്സമുണ്ടാകുന്നതിനാലുള്ള ജീവിതച്ചെലവുകളും സ്വീകരിക്കാമെന്നാണ് ഭൂരിപക്ഷ പണ്ഡിതരും അഭിപ്രായപ്പെടുന്നത്. ഇവയെല്ലാം പൂര്‍ണമായും പരലോക പ്രതീക്ഷയോടെ, ഭൗതികമായി യാതൊന്നും ലക്ഷ്യമാക്കാതെ നിര്വഹിക്കേണ്ടതാണെന്നതില് തര്‍ക്കമില്ല. അതിനാല്‍ നിര്‍ബന്ധിത സാഹചര്യങ്ങളിലും നിര്‍ബന്ധിതാവസ്ഥ നീങ്ങുന്നതുവരെയും മാത്രം ഇവയില്‍ നിന്നുള്ള വരുമാനം സ്വീകരിക്കുക എന്ന നിലപാടാണ് സൂക്ഷ്മത പുലര്‍ത്തുന്നവര്‍ സ്വീകരിക്കേണ്ടത്.
സെക്സ് ബിസിനസ്
ഇന്ന് ലോകത്തെ ശതകോടികളുടെ വന്‍ബിസിനസാണ് ലൈംഗികത. മോഡലിംഗ്, എക്സ്കോര്‍ട്ടിംഗ്, ഡേറ്റിംഗ്, മസാജിംഗ്, പോണ് ഫോണ്‍, ഓണ്‍ലൈന്‍ സെക്സ് തുടങ്ങി പ്രത്യക്ഷവും പരോക്ഷവുമായുള്ള രംഗങ്ങളിലെ ആണ് പെണ് വേശ്യകള്‍ എന്ന ലൈംഗിക തൊഴിലാളികള്‍, ലൈംഗിക ഉത്തേജക മരുന്നുകള്‍, ചികിത്സകള്‍, സെക്സ് ടോയ്സ്, ലൈംഗിക സിനിമകള്‍, സാഹിത്യങ്ങള്‍, കലകള്‍ എന്നിങ്ങനെ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ മുതല്‍ നാട്ടിലെ പെട്ടിക്കടകള്‍ വരെ പങ്കാളികളാകുന്ന ബിസിനസിന്റെ വന്‍ശൃംഖല തന്നെയാണുള്ളത്. പൗരസ്വാതന്ത്ര്യത്തിന്റെയും ടൂറിസത്തിന്റെയും വരുമാനത്തിന്റെയും ന്യായങ്ങളില്‍ ഇവയെല്ലാം ഇന്ന് വെളുത്ത വ്യവസായവും വെള്ളക്കോളര്‍ ഉദ്യോഗവുമാണ്.
ഇസ്ലാം നിഷിദ്ധമാക്കിയ കുത്തഴിഞ്ഞ ലൈംഗികതയാണ് ഇവയുടെയെല്ലാം പ്രധാന പ്രയോജനമെന്നതിനാല് ഇവ പാപവും കുറ്റകരവുമാണെന്നതില്‍ യാതൊരു സംശയവുമില്ല. നിഷിദ്ധ ലൈംഗികതക്ക് കാരണമാകുന്ന എന്തും വാങ്ങലും വില്‍ക്കലും മാത്രമല്ല ഇതുമായി ബന്ധപ്പെട്ട ഏതു ഭാഗവും നിഷിദ്ധമാണ്. അത്തരം സാഹിത്യങ്ങള്‍, സിഡികള്‍, വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍, പരസ്യങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പെടും.
ലൈംഗിക സുഖത്തിനും ശക്തിക്കുമെല്ലാമായി നടക്കുന്ന ചികിത്സകളും മരുന്നുകളും മിക്കതും അനാവശ്യമോ തട്ടിപ്പോ ലൈംഗിക അതിക്രമമോ ആരോഗ്യത്തിന് അപകടകരമോ ആണ്. അതിനാല്‍ ന്യായമായ കാരണവും വിദഗ്ധമായ അഭിപ്രായങ്ങളും ഉള്ള സാഹചര്യത്തില്‍ മാത്രമേ ഉപകാരപ്രദമെന്നു പറയുന്ന ചികിത്സാമുറകള്‍ക്കും മരുന്നുകള്‍ക്കും ഉപജ്ഞാതാക്കളും പ്രചാരകരും പ്രയോക്താക്കളും സ്വീകര്ത്താക്കളുമാകാന് പാടുള്ളൂ.
പ്രതിമ, ചിത്രം, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി
മനുഷ്യന് ദൈവം നല്കിയ വലിയ അനുഗ്രഹമാണ് ആവിഷ്കാര ശേഷി. ജീവിതം യാന്ത്രികമാകാതിരിക്കാനും മടുപ്പും മരവിപ്പും തോന്നാതിരിക്കാനും അവന് ലഭിച്ച വരദാനമാണ് കലാസാഹിത്യങ്ങള്‍. പുരാതനകാലം മുതല്‍ പാടിയും പറഞ്ഞും അഭിനയിച്ചും ചിത്രങ്ങള്‍ വരച്ചും രൂപങ്ങള്‍ നിര്‍മിച്ചുമെല്ലാം അവന് തന്റെ ലോകം മനോഹരമാക്കിയിട്ടുണ്ട്. സംഗീതം, സിനിമ, നാടകം, ഫോട്ടോഗ്രഫി, വീഡിയോ ഗ്രഫി തുടങ്ങിയവയെല്ലാം ഇതിന്റെ പുതിയകാല രൂപങ്ങളാണ്. ഇത്തരം സര്‍ഗശേഷി മനുഷ്യന്റെ ജീവിതം രസദായകമാക്കാന് മാത്രമല്ല മറ്റുപല അനിവാര്യതകളും നിറവേറ്റാന്‍ ഇന്ന് ഉപയോഗിക്കപ്പെടുന്നു.
കൃത്യമായി നിഷിദ്ധം എന്ന് വ്യക്തമാക്കപ്പെടാത്ത കാര്യങ്ങളുടെയെല്ലാം പൊതുവായ ഇസ്ലാമിക വിധി അവയെല്ലാം അനുവദനീയമാണെന്നാണ്. എന്നാല്‍ അവ നിഷിദ്ധങ്ങള്‍ക്ക് പ്രേരകമാവുകയോ തിന്മള്‍ക്ക് പ്രചോദനമാവുകയോ നന്മകള്‍ക്ക് വിഘാതം സൃഷ്ടിക്കുകയോ നിര്‍ബന്ധങ്ങള്‍ക്ക് തടസ്സമാകുകയോ ചെയ്താല്‍ നിഷിദ്ധമാവുകയും ചെയ്യും. ഈ മാനദണ്ഡത്തില്‍ വേണം, പ്രതിമ, ചിത്രം, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി തുടങ്ങിയ സര്ഗാവതരണങ്ങളുടെ മതവിധി തെരയുന്നത്.
വീരാരാധനയ്ക്കും ബിംബാരാധനയ്ക്കും കാരണമായേക്കാവുന്ന പ്രതിമകളും ചിത്രങ്ങളും യാതൊരു കാരണവശാലും ഇസ്ലാം അനുവദിക്കുന്നില്ല. അതുപോലെ അഹങ്കാരത്തിനും ധൂര്‍ത്തിനും പൊങ്ങച്ചത്തിനും വഴിവെക്കുന്ന ഇത്തരം ആവിഷ്കാരങ്ങളെയും ഇസ്ലാം അനുവദിക്കുന്നില്ല. അല്ലാഹുവിന്റെ സൃഷ്ടി കര്‍മത്തിനോട് സമാനത പുലര്‍ത്തുന്നവര്‍ അന്ത്യദിനത്തില്‍ ഏറ്റവും കടുത്ത ശിക്ഷ അനുഭവിക്കുന്നവരായിരിക്കും എന്നും (ബുഖാരി) 1 തങ്ങള്‍ നിര്‍മിച്ചവയ്ക്ക് ജീവന് നല്കാന് അവിടെ അല്ലാഹു അവരോട് ആവശ്യപ്പെടുമെന്നും അവര്‍ക്കതിന് സാധിക്കില്ലെന്നും ചിത്രങ്ങളുള്ള വീട്ടില്‍ മലക്കുകള്‍ ഇറങ്ങുകയില്ലെന്നും നബി(സ്വ) മുന്നറിയിപ്പു നല്‍കുന്നതിനെ ഈ ഗൌരവത്തില്‍ കാണേണ്ടതുണ്ട്.
എന്നാല്‍ കുട്ടികളുടെ പാവകള്‍, പഠനോപകരണങ്ങള്‍ എന്നീ ആവശ്യങ്ങളില്‍ പ്രതിമകളും ചിത്രങ്ങളും നിര്‍മിക്കുന്നത് അനുവദനീയമാണ്. ആഇശ(റ)ക്ക് ഇത്തരം കളിപ്പാവകള്‍ ഉണ്ടായിരുന്നുവെന്നു ഹദീസുകളില്‍ സ്ഥിരപ്പെട്ടത് ഇതിനു തെളിവാണ്. അതുപോലെ വീട്ടിലെ ചിത്രാങ്കിത വിരിപ്പ് മുറിച്ച് തലയിണയാക്കിയപ്പോള് നബി(സ്വ) അത് അനുവദിക്കുകയുണ്ടായി എന്നതില്‍ നിന്നും ധൂര്‍ത്തും പൊങ്ങച്ചത്തിനുമല്ലാത്ത നിലയില്‍ പ്രകൃതി സൗന്ദര്യം തുളുമ്പുന്ന ചിത്രങ്ങളും മറ്റും ആകാവുന്നതാണെന്നു മനസ്സിലാക്കാം.
ഫോട്ടോഗ്രാഫിയുടെ കാര്യത്തില്‍ ഭിന്നവീക്ഷണങ്ങളുണ്ട്. ഫോട്ടോയില്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിനോട് മത്സരിക്കുന്ന ഭാഗമില്ലെന്നും പ്രകാശത്തിന്റെ സഹായത്തോടെ ചിത്രം ഒപ്പിയെടുക്കുക മാത്രമാണ് ഇവിടെ നടക്കുന്നതെന്നും അതിനാല്‍ അത് നിരുപാധികം അനുവദനീയമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, അതിനെയും ചിത്രം പോലെ നിഷിദ്ധമായി കാണുന്ന മറ്റു ചിലര്‍ അത് നിഷിദ്ധമാക്കുന്നു. ഫോട്ടോകള്‍ സാധാരണ ചിത്രങ്ങളോട് താരതമ്യപ്പെടുത്തേണ്ടതില്ലെന്ന് അഭിപ്രായപ്പെടുന്നതോടൊപ്പം, ആവശ്യഘട്ടങ്ങളില്‍ ഫോട്ടോ എടുക്കാമെന്നും എന്നാല്‍ അഹന്തയും പൊങ്ങച്ചവും ആഡംബരവും ധൂര്‍ത്തുമെല്ലാം ആകാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നുമാണ് മറ്റൊരഭിപ്രായമുള്ളത്. ഇതായിരിക്കും കൂടുതല്‍ സൂക്ഷ്മതയുള്ള കാഴ്ചപ്പാടെന്നു തോന്നുന്നു.
ചിത്രങ്ങളുടെ ചലന രൂപമായ വീഡിയോഗ്രഫിയിലും ഫോട്ടോഗ്രഫിയുടെ വിധിയാണുള്ളത്. ഇവയുടെയെല്ലാം ഗുണപരമായ പ്രയോജനങ്ങള്‍ സ്വീകരിക്കുകയും അതിനായി അവ വാങ്ങുകയും വില്‍ക്കുകയും നിര്‍മിക്കുകയും പങ്കാളികളാവുകയുമെല്ലാം ചെയ്യാവുന്നതാണ്. ഏതായാലും ആല്‍ബങ്ങളും സെല്‍ഫികളുമായി കൂടുതല്‍ അഭിരമിക്കുന്നത് അഭികാമ്യമല്ല തന്നെ.
സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ബോഡി ബില്‍ഡിംഗ്, ബ്യൂട്ടി പാര്‍ലര്‍
പുതുതലമുറ ബിസിനസുകളാണിവ. കാഴ്ചപ്രധാനമായ ന്യൂജന്‍ യുവത്വത്തിന്റെയും വാര്ധക്യത്തിന്റെയുമെല്ലാം പ്രധാന മേച്ചില്‍ സ്ഥലങ്ങളായി ഇത്തരം കേന്ദ്രങ്ങള്‍ മാറിയിരിക്കുന്നു. പല തിന്മകളെയും പോലെ ഇവിടെയും ശരിയും തെറ്റും കൂടിക്കുഴഞ്ഞു കിടക്കുന്നു. അല്ലാഹു സുന്ദരനാണ്. അവന് സൗന്ദര്യം ഇഷ്ടപ്പെടുന്നു എന്നു നബി(സ്വ) പറഞ്ഞത് സൗന്ദര്യ ബോധത്തോടെ വസ്ത്രവും പാദരക്ഷകളുമെല്ലാം ഉപയോഗിക്കുന്നത് അഹങ്കാരവും കുറ്റകരവുമാകുമോ എന്ന് സംശയം പ്രകടിപ്പിച്ച അനുചരനോടാണ്. പാറിപ്പറന്ന മുടിയുമായി വന്ന സഹാബിയോട് ചീര്പ്പുകിട്ടിയില്ലേ എന്ന് ശാസിക്കുകയും എല്ലാ സാമ്പത്തിക സൗകര്യവുമുണ്ടായിട്ടും വളരെ താഴ്ന്ന വസ്ത്രങ്ങള്‍ ധരിച്ച വ്യക്തിയോട് അല്ലാഹു തന്നത് കാണിക്കാതിരിക്കുന്നതെന്തിനെന്ന് ഗുണദോഷിക്കുകയും ചെയ്തത് റസൂല്‍ നമുക്ക് നല്കിയ സന്ദേശമാണ്. നരച്ചമുടിക്ക് മൈലാഞ്ചി പേലെയുള്ള ചായംകൊടുക്കാനും നബി(സ്വ) നിബന്ധനകളോടെ അനുമതി നല്കി. (തിര്‍മുദി) 2.
എന്നാല്‍ പച്ചകുത്തുന്നതും പല്ലു മൂര്ച്ചകൂട്ടുന്നതും പുരികം നേര്പ്പിക്കുന്നതുമായ കാര്യങ്ങള്‍ നബി(സ്വ) നിരോധിച്ചു. ഇവചെയ്യുന്നവരെയും ചെയ്യിക്കുന്നവരെയും അദ്ദേഹം ശപിക്കുകയുണ്ടായി (മുസ്ലിം) 3 സൗന്ദര്യത്തിനായി പല്ലുകള്‍ അകറ്റി അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റമുണ്ടാക്കുന്നവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. മുടി കൂട്ടിച്ചേര്ക്കുന്നവളെയും അതിന് ആവശ്യപ്പെടുന്നവളെയും നബി(സ്വ) ശപിച്ചിരിക്കുന്നു (ബുഖാരി) 4
രോഗം കാരണം മുടി നശിച്ചുപോയ പെണ്‍കുട്ടിക്കുപോലും കൃത്രിമ മുടിവെക്കാന്‍ അദ്ദേഹം അനുവാദം നല്‍കിയില്ല.
ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത്, ഇസ്ലാം അലങ്കാരങ്ങളെ അംഗീകരിക്കുകയും കൃത്രിമാലങ്കാരങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ്. പ്രത്യേകിച്ചും മറ്റുള്ളവരെ വഞ്ചിക്കാനായി കൃത്രിമ അലങ്കാരങ്ങള്‍ ഉപയോഗിക്കുന്നത് നിഷിദ്ധമാണ്. അല്ലാഹു നല്കിയ പ്രകൃതിയില്‍ മാറ്റം വരുത്താതിരിക്കലാണ് ഉത്തമമായിട്ടുള്ളത്. എന്നാല്‍ വൈകല്യം, പ്രയാസം എന്നിവ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ചില പ്രവര്‍ത്തനങ്ങള്‍ അനുവദിക്കപ്പെട്ടിരിക്കുന്നു. മുച്ചിറിക്കും മറ്റും ഓപറേഷന് നടത്തുന്നതും സ്ത്രീകള്‍ മുഖരോമം നീക്കം ചെയ്യുന്നതും ഇങ്ങനെ അനുവദനീയമാണ്. ഇത്തരം ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുന്നതും പ്രതിഫലം പറ്റുന്നതും അനുവദനീയമാണ്.
ഇന്നു കാണുന്ന സലൂണുകളിലും ബ്യൂട്ടി പാര്‍ലറുകളിലും മിക്കതും ഇസ്ലാം വിരോധിച്ച ജാഹിലിയ്യത്തിന്റെ സൗന്ദര്യാലങ്കാരങ്ങള്ക്കുവേണ്ടിയുള്ളതാണ്. സ്ത്രീകള്‍ അലംകൃതരാകേണ്ടത് ഭര്‍ത്താവിനു മുന്നിലാണ്. എന്നാല്‍ ബ്യൂട്ടി പാര്‍ലറില്‍ വരുന്നവര്‍ സൗന്ദര്യപ്രദര്‍ശനത്തിനായി ഒരുങ്ങുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ ധൂര്‍ത്തിന്റെയും പൊങ്ങച്ചത്തിന്റെയും വേദികള്‍ കൂടിയായി മാറിയിരിക്കുന്നു. സത്യവിശ്വാസികള്‍ ഇതുമായി ബന്ധപ്പെട്ട ജോലികള്‍ സ്വീകരിക്കാതിരിക്കുകയും വസ്തുക്കള്‍ വില്ക്കാതിരിക്കുകയും ഇവയില്‍ സഹകരിക്കാതിരിക്കുകയുമാണ് സൂക്ഷ്മതക്ക് നല്ലത്.
പുരുഷ ശരീരം അധ്വാനത്തിനു പറ്റിയ രൂപത്തിലാണ് അല്ലാഹു ക്രമീകരിച്ചത്. എന്നാല്‍ ശാരീരികാധ്വാനത്തിന് താല്പര്യമില്ലാത്ത തലമുറയുടെ ശരീരസൗന്ദര്യ സങ്കല്പമാണ് ബോഡിബില്‍ഡിംഗ്. ആരോഗ്യം എന്നതില്‍ കവിഞ്ഞ് ആരോഗ്യ ചിഹ്നമെന്ന് കരുതുന്ന ചില രൂപങ്ങളിലേക്ക് ശരീരഭാഗങ്ങളെ വളര്‍ത്തിക്കൊണ്ടുവരികയാണ് ഇതിന്റെ രീതി. അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും ധൂര്‍ത്തിന്റെയും ഈ സൗന്ദര്യ പ്രദര്‍ശന രീതി വിശ്വാസികള്‍ക്ക് ഒട്ടും ഭൂഷണമല്ല. എന്നാല്‍ ശാരീരിക ബലമുള്ള വിശ്വാസിയാണ് ഉത്തമന് എന്ന നബി(സ്വ)യുടെ വചനം പ്രചോദനമാക്കി ആരോഗ്യ സംരക്ഷണത്തിനായി ഇത്തരം വ്യായാമമുറകള്‍ ഉപയോഗിക്കുന്നത് തെറ്റല്ല.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 168, ഹദീസ് 5954[↩]
- സുനനു ത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 537, ഹദീസ് 1849[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 06, പേജ് 166, ഹദീസ് 119[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 167, ഹദീസ് 5947[↩]
