ഉസ്മാനിയ സാമ്രാജ്യത്തിന്റെ മധ്യകാലഘട്ടവും തുടര്‍ന്നുള്ള പരിഷ്‌കാര ഘട്ടവും ഭരണാധികാരികളുടെ നേതൃത്വത്തില്‍ നിരവധി രാഷ്ട്രീയ, സൈനിക, ഭരണപരമായ മാറ്റങ്ങള്‍ക്ക് സാക്ഷിയായി. ആഭ്യന്തര പ്രതിസന്ധികളും യൂറോപ്യന്‍ ശക്തികളുടെ സമ്മര്‍ദ്ദങ്ങളും നേരിടുന്നതിനിടയില്‍ സാമ്രാജ്യത്തെ നിലനിര്‍ത്താന്‍ ഭരണാധികാരികള്‍ വിവിധ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. ഉസ്മാനിയാ ഭരണാധികാരികള്‍ എന്ന തലക്കെട്ടിന് കീഴിലെ ഈ കാലഘട്ടം സാമ്രാജ്യത്തിന്റെ മാറ്റങ്ങളും പുതുക്കലുകളും മനസ്സിലാക്കാന്‍ നിര്‍ണായകമാണ്.
ഇബ്‌റാഹീം ഒന്നാമന്‍
അഹ്‌മദ് ഒന്നാമന്റെ മകനാണ് ഇബ്‌റാഹീം. ക്രി. 1615ലാണ് ജനനം. രണ്ട് വയസ്സായപ്പോള്‍ പിതാവ് മരിച്ചു. മുസ്തഫ ഒന്നാമന്‍ സഹോദര ഭാര്യയെയും മക്കളെയും സംരക്ഷിച്ചു. എന്നാല്‍ ഇബ്‌റാഹീമിന്റെ സഹോദരന്‍ മുറാദ് നാലാമന്‍ സുല്‍ത്താനായപ്പോള്‍ മറ്റു സഹോദരന്‍മാരായ ബായസീദ്, സുലൈമാന്‍, ഖാസിം എന്നിവരെ വധിച്ചു. മാതാവിന്റെ അപേക്ഷയെ തുടര്‍ന്ന് എട്ടുവയസ്സുകാരനായ ഇബ്‌റാഹീം രക്ഷപ്പെടുകയായിരുന്നു.
മുറാദ് മരിച്ചപ്പോള്‍ പ്രധാനമന്ത്രി മുസ്തഫ പാഷ ഇബ്‌റാഹീമിനെ സുല്‍ത്താനാക്കി (ക്രി.1640-1648). കര്‍ശന നിലപാടുകാരായിരുന്നു ഇബ്‌റാഹീം. ഓസ്ട്രിയുമായി നല്ല ബന്ധം പുലര്‍ത്തി. ക്രിറ്റി ദ്വീപ് പൂര്‍ണമായും പിടിക്കാന്‍ വെനീസുമായി യുദ്ധം ചെയ്തു.
സൈന്യത്തിന്റെ പല ചെതയ്തികളും ഇബ്‌റാഹിമിന് നീരസമുണ്ടായി. ഇത് അസഹ്യമായപ്പോള്‍ നേതൃനിരയിലെ ചില സൈനികരെ കൊല്ലാന്‍ തീരുമാനിച്ചു അദ്ദേഹം. പക്ഷേ അത് സൈനികര്‍ അറിഞ്ഞതോടെ ഇബ്‌റാഹീം സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. 1648ല്‍ 34-ാം വയസ്സില്‍ സൈന്യത്താല്‍ വധിക്കപ്പെടുകയും ചെയ്തു.
മുഹമ്മദ് നാലാമന്‍
സുല്‍ത്താന്‍ ഇബ്‌റാഹീം ഒന്നാമന്റെ മകനാണ് മുഹമ്മദ് നാലാമന്‍. ക്രി. 1642ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലാണ് ജനനം. സൈന്യത്തിലെ ചില ഉന്നതരാല്‍ പിതാവ് വധിക്കപ്പെട്ടപ്പോള്‍ ആറ് വയസ്സ് മാത്രം പ്രായമായ മുഹമ്മദ് നാലാമന്‍ ഭരണാധികാരിയായി (ക്രി.1648-1687).
ആറുവയസ്സുകാരനെ വെച്ച് സൈന്യം സാമ്രാജ്യം ഭരിച്ചതോടെ ഉസ്മാനിയാ സാമ്രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടേണ്ടിവന്നു. ഭക്ഷ്യവിഭവങ്ങളുമായി വന്ന കപ്പലുകള്‍ ശത്രുരാജ്യങ്ങള്‍ തടഞ്ഞു. അനാത്തോലിയ വിപ്ലവങ്ങളുടെ കേന്ദ്രമായി. ഹംഗറിയില്‍ ആസ്ട്രിയ കുഴപ്പങ്ങളുണ്ടാക്കി. യുദ്ധങ്ങളില്‍ സാമ്രാജ്യം അടിക്കടി തോല്‍വി ഏറ്റു വാങ്ങി. സൈന്യം നാട്ടില്‍ അരാജകത്വം സൃഷ്ടിച്ചു. നിയമവ്യവസ്ഥപോലും കലങ്ങിമറിഞ്ഞു.
ഇങ്ങനെ എട്ടുവര്‍ഷങ്ങള്‍ നീങ്ങി. അസ്വസ്ഥനായ യുവ സുല്‍ത്താന്‍ മുഹമ്മദ് ഒടുവില്‍ വഴി കണ്ടെത്തി-പൂര്‍ണ അധികാരം നല്‍കി ഒരാളെ പ്രധാനമന്ത്രിയായി നിയമിച്ചു. 1656ല്‍ മുഹമ്മദ് പാഷാ കൊപ്രീലിയെയാണ് 1656ല്‍ പ്രസ്തുത പദവിയിലവരോധിച്ചത്.
കൊപ്രീലി അധികാരം ഏറ്റെടുത്തതോടെ ഉസ്മാനിയാ സാമ്രാജ്യം അതിന്റെ പൂര്‍വ പ്രതാപത്തിലേക്ക് തിരിച്ചുവന്നു. സൈന്യത്തെ നിലക്കു നിര്‍ത്തി. ആഭ്യന്തര കുഴപ്പങ്ങള്‍ നിലച്ചു.
ഭക്ഷ്യവസ്തുക്കള്‍ കയറ്റിവരുന്ന കപ്പലുകളെ തടയുന്നവരെയും ഭരണത്തിനു കീഴിലെ പ്രദേശങ്ങള്‍ ആക്രമിച്ചു കീഴടക്കാനെത്തുന്നവരെയും ഉസ്മാനീ നാവികപ്പെട തുരത്തി.
ക്വിറ്റി ദീപ് പിടിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉസ്മാനികള്‍ തുടങ്ങിയ ശ്രമം സഫലമായത് ഇക്കാലത്താണ് 1664ല്‍. എന്നാല്‍ വിയന്ന കീഴടക്കാനുള്ള മുഹമ്മദ് നാലാമന്റെ നീക്കം യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്ത സേന പരാജയപ്പെടുത്തി. ഹംഗറിയെ ഏഴു ഭാഗമാക്കി. അതില്‍ മൂന്നെണ്ണം ആസ്ട്രിയക്കു വിട്ടുനല്‍കേണ്ടിയും വന്നു.
യൂറോപ്യന്‍ സഖ്യസേനയുടെ കടന്നാക്രമണത്തില്‍ ഉസ്മാനിയാ സാമ്രാജ്യം ദുര്‍ബലമായിത്തീര്‍ന്ന ഘട്ടവുമുണ്ടായി. ഇതിനെത്തുടര്‍ന്നുണ്ടായ കലാപം ഒടുവില്‍ മുഹമ്മദ് നാലാമനെ സ്ഥാനഭ്രഷ്ടനാക്കുന്നിടം വരെ എത്തി. 1687ല്‍ വീട്ടുതടങ്കലിലായ മുഹമ്മദ് 1691ല്‍ മരണമടയുകയും ചെയ്തു.
മുഹമ്മദ് പാഷാ കോപ്രീലി
പതിനേഴാം നൂറ്റാണ്ടില്‍ മധ്യകാലത്തോടെ സുലൈമാന് ശേഷം ഉസ്മാനിയാ സാമ്രാജ്യം നാശത്തിലേക്കുള്ള പ്രയാണം തുടങ്ങുകയും മുഹമ്മദ് നാലാമന്റെ കാലത്ത് അത് പൂര്‍ണമാവുകയും ചെയ്യുമെന്ന നിര്‍ണായകവേളയിലാണ് ചരിത്രത്തിലിടം പിടിച്ച സാമ്രാജ്യത്തിന് പുനര്‍ജന്മം നല്‍കിയ കരുത്തനായി മുഹമ്മദ് പാഷ കൊപ്രീലി രംഗം വാണത്.
ക്രി. 1575ല്‍ അല്‍ബേനിയയിലെ റോഷ്‌നികില്‍ നിര്‍ധന കുടുംബത്തില്‍ പിറന്ന മുഹമ്മദ് തുര്‍ക്കി സുല്‍ത്താന്‍മാരുടെ അടുക്കള സേവകനായിരുന്നു. ഏറ്റെടുക്കുന്ന ജോലിയില്‍ മികവു കാട്ടിയ യുവാവിനെ സുല്‍ത്താന്‍മാര്‍ അംഗീകരിച്ചു. ശിപായി, ശിപായി വിഭാഗം തലവന്‍, പോലീസ് തലവന്‍, പാഷ പദവി എന്നിവയിലെത്തിയ മുഹമ്മദ് ഒടുവില്‍ പ്രവിശ്യകളില്‍ ഗവര്‍ണറുമായി.
1950ല്‍ അനാത്തോലിയ ഗവര്‍ണറായിക്കെ സുല്‍ത്താന്‍ മുഹമ്മദ് നാലാമന്റെ മാതാവ് മുഹമ്മദിനെ ശ്രദ്ധിച്ചു. ആറു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന മകനെ സുല്‍ത്താനാക്കി സൈന്യം നാടുഭരിക്കുന്ന കാലമായിരുന്നു അത്. അനിഷ്ടമുള്ളവരെ കൊന്നും അഴിഞ്ഞാടിയും സൈന്യം നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു. യൂറോപ്യന്‍ പ്രവിശ്യകള്‍ സ്വാതന്ത്ര്യ പ്രഖ്യാപന ഭീഷണിയുയര്‍ത്തി. നാട്ടില്‍ ഭക്ഷ്യക്ഷാമം. ചുരുക്കത്തില്‍ ഉസ്മാനിയ ഖിലാഫത്ത് തകര്‍ച്ചയുടെ വക്കിലെത്തിയ നിര്‍ണായക വേള.
1656ല്‍ സുല്‍ത്താന്‍ മുഹമ്മദ് നാലാമനും മാതാവ് തുര്‍ഹാന്‍ സുല്‍ത്താനെയും അനാത്തോലിയ ഗവര്‍ണര്‍ മുഹമ്മദ് പാഷയെ തിരിച്ചുവിളിച്ചു. സാമ്രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ചു, പൂര്‍ണ അധികാരങ്ങളും നല്‍കി.
വെറും അഞ്ചുവര്‍ഷം കൊണ്ട് മുഹമ്മദ് കൊപ്രീലി എന്ന 81-കാരന്‍ ഉസ്മാനിയ സാമ്രാജ്യത്തിന് പുതുജീവനേകി. സൈന്യത്തെ അദ്ദേഹം നിലക്കു നിര്‍ത്തി. അവരിലെ കുഴപ്പക്കാരെ തെരഞ്ഞുപിടിച്ച് ശിക്ഷ നല്‍കി. ആഭ്യന്തര കലാപത്തിന് നേതൃത്വം കൊടുത്ത അര്‍വാമിലെ പാത്രിയാര്‍ക്കീസിനെത്തന്നെയും അദ്ദേഹം തൂക്കിക്കൊന്നു. സുല്‍ത്താന്‍ എല്ലാം അംഗീകരിച്ചു. സ്വതന്ത്രമായി കാര്യങ്ങള്‍ നടത്താന്‍, മുഹമ്മദ് നാലാമനെ കോപ്രീലി പഴയ തലസ്ഥാനമായ അഡ്രിയാനോപ്പിളിലേക്ക് അയക്കുകയായിരുന്നു. സൈന്യത്തെ ജാനിസാരികളെ മാത്രം അദ്ദേഹം കൂട്ടുപിടിച്ചു. രണ്ടുവര്‍ഷംകൊണ്ട് സാമ്രാജ്യത്തിനകം ശാന്തമായി.
1657ല്‍ സൈന്യത്തിന്റെ സമുദ്രഗതാഗതത്തിന് തടസ്സം നിന്നിരുന്ന വെനീസിയന്‍ വെല്ലുവിളിയെ നേരിടുകയും അവരുടെ കപ്പലുകളെ തുരത്തുകയും ചെയ്തു. 1658ല്‍ ട്രാന്‍സില്‍വനിയയിലെ ജോര്‍ജ് രണ്ടാമന്റെ കൈയേറ്റത്തിനുള്ള ഫ്രാന്‍സിന്റെ ശ്രമം പൊളിച്ചു. അലപ്പോയില്‍ അട്ടിമറിനീക്കം നടത്തിയ ഹസന്‍ പാഷയെ നിയന്ത്രിച്ചു. അതിനിടെ നാടിനെ ദുരന്തത്തിലേക്ക് തള്ളിവിട്ട പ്ലേഗിനെ കാര്യക്ഷമതയോടെ അതിജീവിച്ചു.
1661 ഒക്‌ടോബര്‍ 31ന് അന്ത്യയാത്രയാവുമ്പോള്‍, കെട്ടുറപ്പുള്ള, സമാധാനപൂര്‍ണമായ ഒരു സാമ്രാജ്യത്തെ കൊപ്രീലി സുല്‍ത്താന്‍ മുഹമ്മദ് നാലാമനെ ഏല്പിച്ചു. മൂന്ന് ഉപദേശങ്ങളും ഒപ്പം നല്‍കി. 1. ധനകാര്യം ഒരിക്കലും സമ്പന്നനായ മന്ത്രിയെ ഏല്പിക്കരുത്. 2. ഭരണത്തില്‍ സ്ത്രീയുടെ അഭിപ്രായം സ്വീകരിക്കരുത്. 3. തന്റെ മകന്‍ കൊപ്രീലി ഫസ്ല്‍ അഹ്‌മദിനെ അടുത്ത പ്രധാനമന്ത്രിയാക്കണം. സുല്‍ത്താന്‍ നിര്‍ദ്ദേശങ്ങള്‍ അപ്പടി സ്വീകരിച്ചു.
സുലൈമാന്‍ രണ്ടാമന്‍
മുഹമ്മദ് നാലാമനും ശക്തരായ പ്രധാനമന്ത്രിമാരായ മുഹമ്മദ് പാഷാ കോപ്രീലി, ഫസ്ല്‍ അഹ്‌മദ് കോപ്രീലി എന്നിവരും ചേര്‍ന്ന് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച ഉസ്മനിയാ സാമ്രാജ്യത്തെയാണ് സുലൈമാന്‍ രണ്ടാമന്‍ നയിച്ചത് (ക്രി.1687-1691). സുല്‍ത്താന്‍ ഇബ്‌റാഹഹീമിന്റെ മകനായി 1642 ഏപ്രില്‍ 15ന് സുലൈമാന്‍ ജനിച്ചു.
ജനിച്ചതു മുതല്‍ അധികാരമേറുന്നതുവരെ സുലൈമാന്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ ആഡംബരക്കൊട്ടാരത്തില്‍ വീട്ടുതടവിലായിരുന്നു. സഹോദരന്‍ മുഹമ്മദ് നാലാമന്റെ കല്പനപ്രകാരമായിരുന്നു അത്.
1687 നവംബര്‍ 8ന് സുല്‍ത്താനായി അവരോധിക്കപ്പെട്ടു സുലൈമാന്‍. പോപ്പിന്റെ നേതൃത്വത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വിശുദ്ധ സഖ്യമുണ്ടാക്കി ഉസ്മാനിയാ സാമ്രാജ്യത്തെ കടന്നാക്രമിച്ച ഘട്ടമായിരുന്നു അത്. സുലൈമാന്‍ രണ്ടാമന്‍ ആദ്യം സൈന്യത്തെ കൈയിലെടുത്തു. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മുസ്തഫ പാഷയെ മാറ്റി പകരം മുസ്തഫാ കോപ്രീലിയെ നിയമിച്ചു. ഇതിനിടെ ബല്‍ഗ്രേഡും സെര്‍ബിയയുടെ ചില ഭാഗങ്ങളും ‘വിശുദ്ധ സഖ്യം’ കൈവശപ്പെടുത്തിയിരുന്നു.
1690ല്‍ ബള്‍ഗേറിയ, മാസിഡോണിയ, സെര്‍ബിയ എന്നിവിടങ്ങളിലേക്കുള്ള ആസ്ട്രിയന്‍ കടന്നുകയറ്റത്തെ മുസ്തഫ കോപ്രീലി പ്രതിരോധിച്ചു.
ഡല്‍ഹിയിലെ മുഗള്‍ സാമ്രാജ്യവുമായി സുലൈമാന് അടുത്ത ബന്ധമുണ്ടായിരുന്നു. ഉസ്മാനിയ-ആസ്ട്രിയ യുദ്ധത്തില്‍ ഔറംഗസീബിന്റെ സഹായം തേടിയെങ്കിലും മറാത്തക്കാരുമായുള്ള ഡെക്കാന്‍ യുദ്ധത്തിലേര്‍പ്പെട്ടിരുന്നതിനാല്‍ ഔറംഗസീബിന് സുലൈമാനെ സഹായിക്കാനായില്ല.
1691 ജൂണ്‍ 23ന് സുലൈമാന്‍ രണ്ടാമന്‍ നിര്യാതനായി.
അഹ്‌മദ് രണ്ടാമന്‍
സുല്‍ത്താന്‍ ഇബ്‌റാഹീമിന്റെ പുത്രന്‍ അഹ്‌മദ് രണ്ടാമന്‍ സുലൈമാന്‍ രണ്ടാമന്റെ പിന്‍ഗാമിയായാണ് ഭരണത്തിലേറിയത് (ക്രി.1691-1695). 1643ല്‍ ജനിച്ച അഹ്‌മദ്, സുലൈമാനെപ്പോലെ തന്നെ മുഹമ്മദ് നാലാമന്റെ കൊട്ടാര തടങ്കലിലാണ് വളര്‍ന്നത്; 43 വര്‍ഷക്കാലം.
നാലു വര്‍ഷം മാത്രമേ അഹ്‌മദിന് ഭരിക്കാനായുള്ളൂ. എന്നാല്‍ നിരവധി പരിഷ്‌കാരങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു. കര്‍ഷകര്‍ക്ക് ഇളവ് നല്‍കുംവിധം നികുതി വ്യവസ്ഥ പുനക്രമീകരിച്ചു. വിദേശനയത്തിലും മാറ്റം വരുത്തി. ‘വിശുദ്ധ സഖ്യ’ത്തിന്റെ മുന്നേറ്റങ്ങള്‍ പ്രതിരോധിക്കാനും അഹ്‌മദിനു കഴിഞ്ഞു.
എന്നാല്‍ 1691ല്‍ ഇവരുമായി നടന്ന രക്തരൂഷിതമായ യുദ്ധത്തില്‍ കനത്ത നഷ്ടമാണ് തുര്‍ക്കി നേരിട്ടത്. 20,000 ഭടന്‍മാരും പ്രധാനമന്ത്രി ഫസ്ല്‍ മുസ്തഫ പാഷയും ഈ യുദ്ധത്തില്‍ മരണം വരിച്ചു.
1695 ഫെബ്രുവരി ആറിനായിരുന്നു അഹ്‌മദ് രണ്ടാമന്റെ വിയോഗം.
മുസ്തഫ രണ്ടാമന്‍
ഉസ്മാനിയ ഖിലാഫത്തിലെ 22-ാമത്തെ സുല്‍ത്താനായ മുസ്തഫ രണ്ടാമന്‍ മുഹമ്മദ് നാലാമന്‍ സുല്‍ത്താന്റെ മകനാണ്. 1664 ഫെബ്രുവരി ആറിനാണ് ജനനം. അഹ്‌മദ് രണ്ടാമന്റെ പിന്‍ഗാമിയായി സ്ഥാനാരോഹണം നടത്തി, 1695ല്‍ (ക്രി.1695-1703).
യൂറോപ്യന്‍ ശക്തികള്‍ പോപ്പിന്റെ ആഹ്വാനത്തില്‍ തുടങ്ങിയ ‘വിശുദ്ധ സഖ്യ’വുമായി തുര്‍ക്കി നടത്തിയിരുന്ന പോരാട്ടം രൂക്ഷമായ സമയത്തായിരുന്നു മുസ്തഫ രണ്ടാമന്റെ കിരീടധാരണം.
1695 ജൂണ്‍ മാസം തന്നെ റഷ്യയുടെയും പോളണ്ടിന്റെയും നേരെ സുല്‍ത്താന്‍ തന്നെ നേതൃത്വം നല്‍കി യുദ്ധം നടത്തി. വിജയിക്കുകയും ചെയ്തു. 1696ല്‍ ബല്‍ഗ്രേഡും പിടിച്ചു.
എന്നാല്‍ 1697ല്‍ യൂറോപ്യന്‍ സഖ്യവുമായുള്ള യുദ്ധത്തില്‍ കനത്ത തോല്‌വിയാണ് മുസ്തഫ നേരിട്ടത്. അവരുമായി സന്ധിക്കും നിര്‍ബന്ധിതനായി. ഇതോടെ ഹംഗറി, ട്രാന്‍സല്‍വാനിയ, ഉക്രൈന്‍, അസാഖ് തുടങ്ങിയവയെല്ലാം തുര്‍ക്കിക്ക് നഷ്ടപ്പെട്ടു. യൂറോപ്പില്‍ അവരുടെ സാന്നിധ്യം നാമമാത്രവുമായി.
പിന്നീട് ക്രി. 1703 ആഗസ്റ്റില്‍ സൈന്യത്താല്‍ പുറത്താക്കപ്പെടാനായിരുന്നു മുസ്തഫ രണ്ടാമന്റെ വിധി.
അഹ്‌മദ് മൂന്നാമന്‍
മുഹമ്മദ് നാലാമന്റെ മകനായ അഹ്‌മദ് മൂന്നാമനാണ് തുര്‍ക്കി സാമ്രാജ്യത്തിന്റെ ഇരുപത്തിമൂന്നാം ഭരണാധികാരി (1703-1730). ക്രിസ്താബ്ദം 1673 ഡിസംബര്‍ 30ന് ജനനം.
23 വര്‍ഷം സാമ്രാജ്യം ഭരിച്ച അഹ്‌മദ് മൂന്നാമന്റെ കാലത്ത് യുദ്ധങ്ങള്‍ നിരവധി നടന്നു. എന്നാല്‍ നേട്ടങ്ങളൊന്നും കാര്യമായുണ്ടായില്ല. ഇക്കാലത്തിനുള്ളില്‍ നാലിലധികം പ്രധാനമന്ത്രിമാര്‍ മാറിമാറി വന്നു. ചിലരെ സൈന്യം പുറത്താക്കി, ചിലരെ സുല്‍ത്താനും. വന്‍സൈന്യവുമായി റഷ്യയെ ആക്രമിച്ചു. എന്നാല്‍ റഷ്യന്‍ ചക്രവര്‍ത്തിയുടെ ഭാര്യ നല്‍കിയ സമ്മാനത്തില്‍ പ്രധാനമന്ത്രി മുഹമ്മദ് പാഷ വീണു. വെനീസിനെതിരെ യുദ്ധം നയിച്ച് ദമോദ് അലി പാഷ ചില സ്ഥലങ്ങള്‍ കൈയടക്കി. ഇത് പിന്നീട് കരാര്‍ ലംഘിച്ചുവെന്ന കാരണം പറഞ്ഞ് ആസ്ട്രിയ തിരിച്ചുവാങ്ങി.
ഏഷ്യയിലെ ചില പ്രദേശങ്ങള്‍ പിടിക്കാന്‍ ദമാദ് പാഷ വീണ്ടും നീക്കം നടത്തി. ഫ്രാന്‍സിന്റെ സമ്മര്‍ദത്താല്‍ ഇതും നിര്‍ത്തേണ്ടിവന്നു. ഇതില്‍ ക്ഷുഭിതരായ സൈന്യം 1730ല്‍ അഹ്‌മദ് മൂന്നാമനെ താഴെ ഇറക്കുകയായിരുന്നു. മരണം 1736 ജൂലൈയിലാണ്.
മഹ്‌മൂദ് ഒന്നാമന്‍
സുല്‍ത്താന്‍ മുസ്തഫ രണ്ടാമന്റെ മകനാണ് അഹ്‌മദ് മൂന്നാമന് ശേഷം ഉസ്മാനിയാ സാമ്രാജ്യത്തെ നയിച്ച മഹ്‌മൂദ് ഒന്നാമന്‍ (ക്രി.1730-1754).
അഹ്‌മദ് മൂന്നാമന്‍ സുല്‍ത്താനായിരിക്കെ പ്രധാനമന്ത്രിയായിരുന്നത് ദമാദ് ഇബ്‌റാഹീം പാഷയാണ്. ഇവരുടെ പരിഷ്‌കരണങ്ങളും നടപടികളും ഇഷ്ടപ്പെടാത്ത സൈന്യം ഇരുവര്‍ക്കുമെതിരെ തിരിഞ്ഞു. അങ്ങനെ ഇബ്‌റാഹീം പാഷ വധിക്കപ്പെട്ടു. അഹ്‌മദ് മൂന്നാമന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് മഹ്‌മൂദ് ഒന്നാമനെ സൈന്യം തന്നെ സുല്‍ത്താനാക്കിയത്.
ഫ്രഞ്ച് ചക്രവര്‍ത്തി ലൂയി പതിനഞ്ചാമനുമായി അടുത്ത ബന്ധം സ്ഥാപിച്ചു. പുതിയ യുദ്ധോപകരണങ്ങളും സൈനിക പരിശീലനവും ഇതുവഴി തുര്‍ക്കികള്‍ക്ക് ലഭ്യമായി. പേര്‍ഷ്യ, ആസ്ട്രിയ, റഷ്യ എന്നിവയുമായി ഇക്കാലത്ത് യുദ്ധങ്ങള്‍ നടന്നു.
ഏറെ കാലത്തിനുശേഷം തുര്‍ക്കികള്‍ക്ക് നീതിയും സമത്വവും പൂര്‍ണ രൂപത്തില്‍ നടപ്പാക്കപ്പെട്ട കാലം കൂടിയായിരുന്നു മഹ്‌മൂദ് ഒന്നാമന്റെ 24 വര്‍ഷത്തെ ഭരണകാലം. 1754 ഡിസംബര്‍ 13ന് (ഹി.1168) അറുപതാം വയസ്സിലായിരുന്നു മരണം.
ഉസ്മാന്‍ മൂന്നാമന്‍
മുസ്തഫ രണ്ടാമന്റെ പുത്രനും മഹ്‌മൂദ് ഒന്നാമന്റെ സഹോദരനുമാണ് ഉസ്മാന്‍ മൂന്നാമന്‍ (ക്രി.1754-1757). ഉസ്മാനിയാ സാമ്രാജ്യത്തിന്റെ 25-ാമത്തെ സുല്‍ത്താനായി ക്രി. 1754ലാണ് ഉസ്മാന്‍ മൂന്നാമന്‍ സാരഥ്യമേറ്റത്. 1699ല്‍ ജനിച്ച ഇദ്ദേഹം വര്‍ഷങ്ങളോളം കൊട്ടാരത്തില്‍ തടവുകാരനായിരുന്നു. നിലവിലുള്ള സുല്‍ത്താന് ഭീഷണിയാവാതിരിക്കുന്നതാണ് ഈ വീട്ടുതടങ്കല്‍.
അലി പാഷയായിരുന്നു ഉസ്മാന്‍ മൂന്നാമന്റെ പ്രധാനമന്ത്രി. അദ്ദേഹം ജനങ്ങളെ ഉപദ്രവിക്കാറുണ്ട് എന്ന് നിരന്തരം പരാതി വന്നു. ബോധ്യപ്പെട്ടതോടെ പ്രധാനമന്ത്രിക്ക് വധശിക്ഷ നല്‍കി സുല്‍ത്താന്‍. ജനസംസാരം കേള്‍ക്കാനായി രാത്രി വേഷപ്രഛന്നനായി നടക്കുമ്പോഴാണ് പ്രധാനമന്ത്രിയെക്കുറിച്ചുള്ള പരാതി ശരിയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചത്.
സംഗീതത്തെ വെറുത്തിരുന്നു ഉസ്മാന്‍ മൂന്നാമന്‍. കൊട്ടാരത്തിലുണ്ടായിരുന്ന സംഗീതജ്ഞരെ മുഴുവന്‍ അദ്ദേഹം പിരിച്ചുവിടുകയും ചെയ്തു. മുസ്‌ലിം പുണ്യസ്ഥലങ്ങളെപ്പോലെ തന്നെ ജൂത-ക്രൈസ്തവ വിശുദ്ധ നഗരങ്ങളെയും ഉസ്മാന്‍ മൂന്നാമന്‍ ആദരിച്ചു.
1757 ഒക്‌ടോബറില്‍ ഇദ്ദേഹം നിര്യാതനായി.
മുസ്തഫ മൂന്നാമന്‍
തുടര്‍ച്ചയായ പരാജയങ്ങളാല്‍ യൂറോപ്യന്‍ ശാക്തികച്ചേരിയില്‍ ഇടം നഷ്ടപ്പെട്ട ഉസ്മാനിയാ സാമ്രാജ്യത്തെ ആധുനികവല്‍ക്കരിച്ച ഊര്‍ജസ്വലനായ ഭരണാധികാരിയാണ് മുസ്തഫ മൂന്നാമന്‍ (ക്രി.1757-1774). സുല്‍ത്താന്‍ അഹ്‌മദ് മൂന്നാമന്റെ മകനും ഉസ്മാന്‍ മൂന്നാമന്റെ പിന്‍ഗാമിയുമായ മുസ്തഫ മൂന്നാമന്‍ ക്രി. 1717ല്‍ അഡ്രിനയില്‍ ജനിച്ചു.
തന്റെ പ്രധാനമന്ത്രിയായി മുസ്തഫ മൂന്നാമന്‍ നിയമിച്ചത് റാഗിബ് പാഷ എന്ന പരിഷ്‌കരണ വാദിയെയാണ്. സാമ്രാജ്യത്തിനകത്തെ വകുപ്പുകളെയും സൈന്യത്തെയും ആധുനീകരിച്ചുകൊണ്ടാണ് അദ്ദേഹം യൂറോപ്യരോട് മത്സരിച്ചത്. ഗണിതത്തിനും ശാസ്ത്രത്തിനും പ്രത്യേകം അക്കാദമികള്‍ സ്ഥാപിച്ചു. പുതിയ കനാല്‍ പണിത് സമുദ്രഗതാഗതം എളുപ്പമാക്കി.
1769ല്‍ റഷ്യയുമായി നടന്ന യുദ്ധത്തില്‍ കനത്ത പരാജയം പിണഞ്ഞു. ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് സൈനിക സ്‌കൂള്‍ സ്ഥാപിച്ച് കഴിവുള്ള രണധീരരെ വാര്‍ത്തെടുത്തു. ആയുധങ്ങളും സമ്പാദിച്ചു. പിന്നീട് നടന്ന യുദ്ധത്തില്‍ റഷ്യന്‍ സേനയെ പരാജയപ്പെടുത്തുകയും ചെയ്തു.
വിദ്യാസമ്പന്നനും ഭാവനാശാലിയായ കവിപുംഗവനുമായിരുന്ന സുല്‍ത്താന്‍ തുര്‍ക്കികളുടെ പ്രിയങ്കരന്‍ കൂടിയായിരുന്നു. നീതിനിഷ്ഠയും ജനക്ഷേമതല്‍പരതയുമാണ് മുസ്തഫ മൂന്നാമന്റെ സവിശേഷത. ഇസ്തംബൂളിന്റെ കിഴക്കന്‍ ഭാഗത്തെ തന്റെ മാതാവിന്റെ ശവകുടീരത്തിനു സമീപം മുസ്തഫ മൂന്നാമന്‍ നിര്‍മിച്ച പള്ളി തുര്‍ക്കി ശില്പഭംഗിയുടെ പ്രതിബിംബമാണ്.
17 വര്‍ഷത്തോളം ഭരണം നടത്തി ക്രി. 1774 ജനുവരി 21 (1187 ദുല്‍ഖഅ്ദ 8)നാണ് അദ്ദേഹം ദിവംഗതനായത്.
അബ്ദുല്‍ ഹമീദ് ഒന്നാമന്‍
ഉസ്മാനിയാ സാമ്രാജ്യത്തിന് അന്ത്യം കുറിച്ച് പഴയ ബൈസന്ത്യന്‍ ഭരണം പുനസ്ഥാപിക്കാനുള്ള റഷ്യയുടെയും ആസ്ട്രിയയുടെയും നീക്കം തകൃതിയായ വേളയിലാണ് അബ്ദുല്‍ ഹമീദ് ഒന്നാമന്‍ സുല്‍ത്താന്‍ പദവിയേറ്റത് (ക്രി.1774-1789). അഹ്‌മദ് മൂന്നാമന്റെ മകനും മുസ്തഫ മൂന്നാമന്റെ പിന്‍ഗാമിയുമാണ് ഹമീദ് ഒന്നാമന്‍ ഉസ്മാനികളുടെ 27-ാമത്തെ സുല്‍ത്താന്‍.
1725ല്‍ ജനനം. ഭരണത്തിന് ഭീഷണിയായേക്കാവുന്ന കിരീടാവകാശികളെ സുല്‍ത്താന്മാര്‍ വീട്ടുതടങ്കലിലാക്കുന്ന രീതിയനുസരിച്ച് വര്‍ഷങ്ങളോളം കൊട്ടാര തടങ്കലിലായിരുന്നു അബ്ദുല്‍ ഹമീദും. മാതാവില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്.
1774 ജനുവരിയില്‍ ഭരണമേറ്റു. കാലിയായ ഖജനാവും ഡാന്യൂബ് നദി കടന്ന് മുന്നേറി വരുന്ന റഷ്യന്‍ സൈന്യവുമാണ് കിരീടമണിഞ്ഞ അബ്ദുല്‍ ഹമീദ് ഒന്നാമനെ വരവേറ്റത്. തുര്‍ക്കി സൈന്യം പരാജയമേറ്റുവാങ്ങി. സന്ധിക്ക് നിര്‍ബന്ധിതരുമായി. വന്‍തുക പിഴയായി നല്‍കണമെന്നതുള്‍പ്പെടെയുള്ള ഏകപക്ഷീയ വ്യവസ്ഥകളടങ്ങിയ റഷ്യയുടെ കരാര്‍ അംഗീകരിക്കേണ്ടിവന്നു തുര്‍ക്കിക്ക്.
തുര്‍ക്കിയുടെ കീഴിലായിരുന്ന ക്രീമിയ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു. അവിടെ റഷ്യതന്നെ ഇടപെട്ട് ആഭ്യന്തര കലാപമുണ്ടാക്കി തങ്ങള്‍ക്ക് ഇടപെടാന്‍ അവസരമൊരുക്കി. തുര്‍ക്കിയെ യുദ്ധത്തിലേക്ക് കൊണ്ടുവന്ന് തകര്‍ക്കുക എന്നതായിരുന്നു റഷ്യന്‍ തന്ത്രം. എന്നാല്‍ അബ്ദുല്‍ ഹമീദ് ഒന്നാമന്‍ ക്രീമിയ റഷ്യക്ക് വിട്ടുനല്‍കി ബുദ്ധിപൂര്‍വ്വം കാര്യങ്ങള്‍ നീക്കി.
എന്നാല്‍ റഷ്യയും ആസ്ട്രിയയും വീണ്ടും യുദ്ധത്തിനൊരുങ്ങിയപ്പോള്‍ സുല്‍ത്താനും പടനയിച്ചു. ആസ്ട്രിയന്‍ സൈന്യത്തെ തോല്പിക്കുകയും ചെയ്തു.
ജാനിസാരികെളയും സൈന്യത്തെയും സായുധസേനയെയും സുല്‍ത്താന്‍ നവീകരിച്ചു. നേവല്‍ എഞ്ചിനിയറിങ് സ്‌കൂളും അദ്ദേഹം തുടങ്ങി. സിറിയ, ഈജിപ്ത്, ഇറാഖ് എന്നിവിടങ്ങളില്‍ തുര്‍ക്കി നിയന്ത്രണം ശക്തിപ്പെടുത്തി.
ക്രി. 1789ല്‍ ഏപ്രില്‍ 8നു (ഹി.1203 റജബ് 12) തന്റെ 66 ാം വയസ്സില്‍, അബ്ദുല്‍ ഹമീദ് രണ്ടാമന്‍ അന്തരിച്ചു. സലീം മൂന്നാമനാ(1789-1807)യിരുന്നു പിന്‍ഗാമി.
സലീം മൂന്നാമന്‍
ഉസ്മാനിയ ഖിലാഫത്തിന്റെ 28-ാമത്തെ സുല്‍ത്താന്‍ മുസ്തഫ മൂന്നാമന്റെ മകനും അബ്ദുല്‍ ഹമീദ് ഒന്നാമന്റെ പിന്‍ഗാമിയുമാണ് സലീം മൂന്നാമന്‍ ക്രി.1789-1807). 1761ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ജനനം. ഉന്നത വിദ്യാഭ്യാസം നേടി. കാലിഗ്രഫി, കവിതയെഴുത്ത് എന്നിവയില്‍ മികവ് കാട്ടി. രണ്ടിലധികം ഭാഷകളും വശമാക്കി.
ക്രി. 1789ല്‍ 27-ാം വയസ്സില്‍ ഇസ്തംബൂളിന്റെ സാരഥ്യമേറ്റു. പിതാവ് മുസ്തഫ മൂന്നാമനും പിതൃവ്യന്‍ അബ്ദുല്‍ ഹമീദ് ഒന്നാമനും തുടങ്ങിവെച്ച തുര്‍ക്കി ഖിലാഫത്തിന്റെ ആധുനികവല്‍ക്കരണം ശക്തമായി തുടരാന്‍ പ്രതിജ്ഞ ചെയ്തു.
റഷ്യന്‍ ആസ്ട്രിയന്‍ ആക്രമണങ്ങളില്‍ നിന്ന് സാമ്രാജ്യത്തെ രക്ഷിക്കാനും പുതിയ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും സൈന്യത്തെ നവീകരിക്കണമെന്ന് സലീം മൂന്നാമന്‍ ഉറച്ചു വിശ്വസിച്ചു. പിതാവ് ആ ശ്രമം തുടങ്ങിവച്ചതായിരുന്നു. ഇതിന് ജാനിസാരികളുടെ ഭാഗത്ത് നിന്നുണ്ടായ എതിര്‍പ്പിനെ് അവഗണിച്ചുകൊണ്ട് സലീം മൂന്നാമന്‍ ശ്രമം തുടര്‍ന്നു.
സൈനിക ഓഫീസര്‍മാരെ വിദേശ രാജ്യങ്ങളിലയച്ച് പരിശീലനം നല്‍കി. ആയുധങ്ങള്‍ ആധുനികവല്‍ക്കരിച്ചു. അങ്ങനെ 10,000 പേരടങ്ങിയ ഒരു ആധുനിക സൈനിക സംഘത്തെ ഉണ്ടാക്കിയെടുത്തു. പുതിയ സൈനിക വിദ്യാലയങ്ങളും തുറന്നു.
ഭരണക്രമവും പുനസ്സംഘടിപ്പിച്ചു. പ്രധാനമന്ത്രിക്കു പുറമെ പന്ത്രണ്ട് മന്ത്രിമാരടങ്ങുന്ന സെക്രട്ടറിയേറ്റ് രൂപീകരിച്ച് നയരൂപീകരണം ആസ്ട്രിയയിലും ജര്‍മനിയിലും എംബസികള്‍ തുറന്നു. രാജ്യതന്ത്രം പരിശീലിക്കാന്‍ തുര്‍ക്കി യുവാക്കളെ അവിടങ്ങളിലയച്ചു. കൂടുതല്‍ യുവാക്കള്‍ക്ക് ആധുനിക വിദ്യാഭ്യാസവും ലഭ്യമാക്കി.
ഇസ്തംബൂളില്‍ അച്ചടിശാലകള്‍ സ്ഥാപിച്ചു. അന്യഭാഷാ ഗ്രന്ഥങ്ങള്‍ തുര്‍ക്കിയിലേക്ക് ഭാഷാന്തരം നടത്തി പ്രസിദ്ധീകരിച്ചു. പ്രസിദ്ധമായ ഫ്രഞ്ച് വിപ്ലവം, നെപ്പോളിയന്റെ ഈജിപ്ത് ആക്രമണം എന്നിവ നടന്നത് ഇക്കാലത്താണ്.
സലീം മൂന്നാമന്റെ ആധുനീകരണ ശ്രമങ്ങളെ തുടക്കം മുതലേ എതിര്‍ത്തിരുന്ന ജാനിസാരികള്‍ സൂല്‍ത്താനെതിരെ വിപ്ലവം നയിച്ചു. ഗ്രാന്‍ഡ് മുഫ്തിയുടെ മതവിധി(ഫത്‌വ)യും സുല്‍ത്താനെതിരെ സമ്പാദിച്ചു. പ്രധാനമന്ത്രിയെയും അവര്‍ കൂട്ടുപിടിച്ചു. ക്രി. 1807) മെയ് 29ന് സലിം മൂന്നാമന്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു, ജയിലിലടക്കപ്പെടുകയും ചെയ്തു.
ക്രി. 1808 ജൂണ്‍ 28ന് (1223 ജുമാദല്‍ ഉഖ്‌റാ) തന്റെ 48 ാം വയസ്സില്‍ കൊട്ടാര തടങ്കലിലായിരുന്ന അദ്ദേഹം വധിക്കപ്പെടുകയായിരുന്നു. തുര്‍ക്കിയുടെ ആധുനികവല്‍ക്കരണത്തിന് വേഗത കൂടിയെങ്കിലും അത് പിന്നീട് സാമ്രാജ്യത്വത്തിന് വിനയാകുന്നതാണ് പിന്നീട് കണ്ടത്.
മുസ്തഫ നാലാമന്‍
തുര്‍ക്കിയുടെ ആധുനികവല്‍ക്കരണത്തിന് പ്രയത്‌നം നടത്തിയ സലിം മൂന്നാമനെ പുറത്താക്കിയാണ് ജാനിസാരികള്‍ മുസ്തഫ നാലാമനെ അധികാരത്തിലേറ്റിയത് (ക്രി.1807-1808). സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് ഒന്നാമന്റെ പുത്രനായി ക്രി. 1779ല്‍ ജനിച്ചു.
27ാം വയസ്സില്‍, ക്രി 1807ല്‍ ഭരണമേറ്റെടുത്ത മുസ്തഫ നാലാമന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. എല്ലാം സൈന്യമേധാവികള്‍ ചെയ്തുകൊണ്ടിരുന്നു. റഷ്യയും ഫ്രാന്‍സുമായും യുദ്ധമില്ലാ കരാറില്‍ ഒപ്പുവെച്ചു; സുല്‍ത്താന്‍പോലും അറിയാതെ.
എന്നാല്‍, സലീം മൂന്നാമന്റെ വിശ്വസ്ത കമാന്ററായിരുന്ന മുസ്തഫ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് മാര്‍ച്ച് നടത്തി കൊട്ടാരം വളഞ്ഞു. ജാനിസാരികളുടെ അക്രമം അടിച്ചമര്‍ത്തി സലീം മുന്നാമനെ തിരിച്ചു കൊണ്ടുവരലായിരുന്നു മുസ്തഫയുടെ ലക്ഷ്യം.
സുല്‍ത്താന്‍ മുസ്തഫ നാലാമനെ അവര്‍ അധികാരത്തില്‍ നിന്ന് പുറത്താക്കി ജയിലലടച്ചു. 1808 നവംബറില്‍ അദ്ദേഹം വധിക്കപ്പെടുകയും ചെയ്തു.
മഹ്‌മൂദ് രണ്ടാമന്‍
ഉസ്മാനിയ ഖിലാഫത്തിലെ 30-ാമത്തെ സുല്‍ത്താനാണ് അബ്ദുല്‍ ഹമീദ് ഒന്നാമന്റെ മകന്‍ മഹ്‌മൂദ് രണ്ടാമന്‍ (ക്രി.1808-1839). അര്‍ധ സഹോദരന്‍ മുസ്തഫ നാലാമനെ കലാപകാരികള്‍ പുറത്താക്കിയതിനു പിന്നാലെയാണ് ക്രി. 1808ല്‍ മഹ്‌മൂദ് രണ്ടാമന്‍ ഭരണമേല്‍ക്കുന്നത്.
മുസ്തഫ നാലാമന്‍ അധികാരത്തിലേറിയ ഉടന്‍ മുന്‍ഗാമിയായ സലീം മൂന്നാമനെയും ഒപ്പം അര്‍ധ സഹോദരനും കിരീടാവകാശിയുമായ മഹ്‌മൂദ് രണ്ടാമനെയും വധിക്കാനുത്തരവിട്ടു. സലിം മൂന്നാമനെ വധിച്ചെങ്കിലും മഹ്‌മൂദ് രണ്ടാമനെ മാതാവ് രക്ഷപ്പെടുത്തുകയാണുണ്ടായത്. ഇതേ മുസ്തഫ നാലാമനെ പിന്നീട് വധിച്ചത് മഹ്‌മൂദ് രണ്ടാമനാണെന്നത് മറ്റൊരു വിധി.
31 വര്‍ഷത്തെ മഹ്‌മൂദ് രണ്ടാമന്റെ ഭരണകാലം സംഭവ ബഹുലമാണ്. ക്രി. 1803ല്‍ മക്ക, മദീന, ത്വാഇഫ് എന്നീ പ്രവിശ്യകള്‍ തുര്‍ക്കികളില്‍ നിന്ന് സലഫികള്‍ (ശൈഖ് മുഹമ്മദുബ്‌നു അബ്ദില്‍ വഹാബിന്റെ പ്രബോധനം ഉള്‍ക്കൊണ്ടവര്‍) അബ്ദുല്ലാഹിബ്‌നു സുഊദിന്റെ നേതൃത്വത്തില്‍ കൈയടക്കിയിരുന്നു. എന്നാല്‍ 1812ല്‍ മദീനയും 1813ല്‍ മക്കയും തുര്‍ക്കികള്‍ തിരിച്ചു പിടിച്ചു. ഈജിപ്ത് ഗവര്‍ണര്‍ മുഹമ്മദലി പാഷയാണ് ഇതിന് നേതൃത്വം നല്‍കിയത്.
ഇതിനിടെ തുര്‍ക്കിയുടെ കീഴില്‍ നിന്ന് കുതറി മാറാന്‍ ഗ്രീസ് ശ്രമിച്ചു. അവര്‍ ആസൂത്രിതമായി യുവാക്കളെ ഒരുക്കുകയും വന്‍ സൈന്യത്തെ തയ്യാറാക്കുകയും ചെയ്തു. സായുധ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യത്തിന് ശ്രമിച്ച ഗ്രീസുകാരെ പാഠം പഠിപ്പിക്കാനും മുഹമ്മദലി പാഷയെത്തന്നെ ചുമതലപ്പെടുത്തി. ഗ്രീസ് വരുതിയിലാക്കിയെങ്കിലും തന്ത്രപരമായ കരാറിലൂടെ റഷ്യ ഈ യുദ്ധത്തിന് വിരാമമിട്ടു. 1827ല്‍ പിന്നീട് ഗ്രീസിന് സ്വാതന്ത്ര്യം നല്‍കേണ്ടി വന്നു.
എന്തിനും ഈജിപ്തിനെ ആശ്രയിക്കേണ്ടിവന്നതോടെ അതേ മാതൃകയില്‍ തുര്‍ക്കി സൈന്യത്തെയും പുനഃസംഘടിപ്പിക്കാന്‍ മഹ്‌മൂദ് രണ്ടാമന്‍ പദ്ധതി തയ്യാറാക്കി. എന്നാല്‍ ജാനിസാരികള്‍ ഇത്തവണയും എതിര്‍ത്തു. 1826ല്‍ ജാനിസാരികള്‍ക്കു നേരെ സുല്‍ത്താന്‍ തന്നെ പട നയിച്ചു. മഹ്‌മൂദ് രണ്ടാമനെ പുറന്തള്ളാന്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്ന അവരെ പുര്‍ണമായും പിരിച്ചുവിടുകയും ചെയ്തു. ഹുസൈന്‍ പാഷ എന്ന സൈന്യാധിപന്റെ നേതൃത്വത്തില്‍ 1,20,000 പേരടങ്ങുന്ന പുതിയ വ്യവസ്ഥാപിത സൈന്യത്തെ സംഘടിപ്പിക്കാനും കഴിഞ്ഞു.
അത്യാധുനിക സംവിധാനങ്ങളോടെയുള്ള യുദ്ധക്കപ്പലുകളടങ്ങുന്ന വന്‍ നാവിക സൈന്യത്തെയും മഹ്‌മൂദ് രണ്ടാമന്‍ ഒരുക്കി.
സിവില്‍ സര്‍വീസും കാര്യക്ഷമമായത് ഇക്കാലത്തു തന്നെയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ നവീകരിച്ചു. ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ അക്കാഡമികള്‍ തുറന്നു. തുര്‍ക്കി ഭാഷില്‍ ആദ്യമായി ഉദ്യോഗസ്ഥര്‍ക്ക് വായിക്കാനായി ‘തഖ്‌വിമേ വഖാഇ’ എന്ന പേരില്‍ പത്രം അടിച്ചിറക്കി.
സുല്‍ത്താന്‍മാര്‍ ധരിച്ചിരുന്ന തലപ്പാവ് മാറ്റി ആദ്യം തൊപ്പി ധരിച്ചതും മഹ്‌മൂദ് രണ്ടാമനാണ്. യൂറോപ്യന്‍ പരിഷ്‌കരണ ഭ്രമത്തെ എതിര്‍ത്ത ബക്താശിയ ത്വരീഖത്തിനെ നിരോധിക്കുകയും അവരുടെ തഖിയകള്‍ തകര്‍ക്കുകയും ചെയ്തു.
ഗ്രീസ്, പലേഷ്‌യ, ദമാനിയ, സെര്‍ബിയ എന്നിവ നഷ്ടപ്പെട്ട് തുര്‍ക്കി ശുഷ്‌കിച്ചതും ഇക്കാലത്തു തന്നെ. അള്‍ജീരിയയെ ഫ്രാന്‍സും കീഴടക്കി.
1839ല്‍ ജൂലായ് 6ന് (ഹി. 1255 റബീഉല്‍ ഉഖ്‌റാ 19) ടി ബി രോഗം പിടിപെട്ടായിരുന്നു മഹ്‌മൂദ് രണ്ടാമന്റെ മരണം.
അബ്ദുല്‍ മജീദ് ഒന്നാമന്‍
സുല്‍ത്താന്‍ മഹ്‌മൂദ് രണ്ടാമന്റെ മരണാനന്തരം ഭരണമേറ്റെടുത്ത സുല്‍ത്താനാണ് അദ്ദേഹത്തിന്റെ മകനായ അബ്ദുല്‍ മജീദ് ഒന്നാമന്‍ (ക്രി.1839-1861). 1823ല്‍ പിതാവിന്റെ ഭരണകാലത്തു തന്നെയാണ് ജനനം. ഫ്രാന്‍സില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. അതുകൊണ്ടുതന്നെ സാഹിത്യത്തിലും ശാസ്ത്രീയ സംഗീതത്തിലും തല്‍പരനായിരുന്നു.
പിതാവിന്റെ മരണത്തെ തുടര്‍ന്ന് ക്രി. 1839ല്‍ തന്റെ 16-ാം വയസ്സില്‍ രാജ്യഭരണമേല്‍ക്കേണ്ടിവന്നു. റഷ്യയും ഫ്രാന്‍സും ബ്രിട്ടനും ഉസ്മാനിയാ സാമ്രാജ്യത്തെ പങ്കുവെക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന അസ്വസ്ഥജനകമായ സാഹചര്യത്തിലാണ് മജീദ് ഒന്നാമന്റെ സ്ഥാനാരോഹണം. 1844ലാണ് റഷ്യന്‍ ചക്രവര്‍ത്തി നിക്കോളസ് തുര്‍ക്കിയെ ‘യൂറോപ്പിലെ രോഗി’ എന്നു വിശേഷിപ്പിച്ചത്. ലണ്ടനില്‍ വന്ന അദ്ദേഹം, ഉസ്മാനീ ഭരണത്തിന്‍ കീഴിലുള്ള സ്ഥലങ്ങള്‍, വന്‍ ശക്തികള്‍ ഓഹരി വച്ചെടുക്കാനുള്ള നിര്‍ദ്ദേശം വച്ചു. ബ്രിട്ടന്‍ പക്ഷേ, അതംഗീകരിച്ചില്ല.
ക്രീമിയയെ റഷ്യയും, ലബനാനിനെ ഫ്രാന്‍സും കീഴടക്കി. സാമ്രാജ്യം തുര്‍ക്കിയിലേക്ക് ചുരുങ്ങുമ്പോഴും രാജ്യത്ത് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി യൂറോപ്യന്‍ രാജ്യങ്ങളോട് മത്സരിക്കാന്‍ തന്നെ സുല്‍ത്താന്‍ നിശ്ചയിച്ചു. വിദ്യാഭ്യാസം പാശ്ചാത്യവല്‍ക്കരിച്ചു. അടിമത്ത സമ്പ്രദായം നിരോധിച്ചു. സാമ്പത്തിക മേഖലയും സിവില്‍-ക്രിമിനല്‍ നിയമങ്ങളും ഫ്രഞ്ച് മാതൃകയില്‍ പുനക്രമീകരിച്ചു. പേപ്പര്‍ നോട്ടുകള്‍ അടിച്ചിറക്കി. ഉസ്മാനികള്‍ക്ക് ദേശീയഗാനവും ദേശീയ പതാകയും ഉണ്ടാക്കി.
വിദ്യാഭ്യാസത്തിന് പ്രത്യേക മന്ത്രാലയം, ആധുനിക രീതിയിലുള്ള സര്‍വകലാശാലകള്‍, അക്കാദമികള്‍, പാരീസില്‍ ഉസ്മാനിയ സ്‌കൂള്‍ എന്നിവയും ഇക്കാലത്ത് സ്ഥാപിതമായി.
മുസ്‌ലിംകളെയും അമുസ്‌ലിംകളെയും ഒരുപോലെ ചേര്‍ത്തി സൈന്യത്തെയും പുനസ്സംഘടിപ്പിച്ചു. അമുസ്‌ലിംകളുടെ മേല്‍ ഏര്‍പ്പെടുത്തിയിരുന്ന അമിത തലവരി നിര്‍ത്തലാക്കി. കൈവശക്കാര്‍ക്ക് ഉടമസ്ഥാവകാശം ഉറപ്പുവരുത്തുന്ന രീതിയില്‍ റവന്യൂ നിയമങ്ങള്‍ പരിഷ്‌കരിച്ചു.
35 ടണ്‍ സ്വര്‍ണം വിലമതിക്കുന്ന യൂറോപ്യന്‍ മാതൃകയിലുള്ള കൊട്ടാരവും ഇസ്തംബൂളില്‍ അബ്ദുല്‍ മജീദ് ഒന്നാമന്‍ പഴികഴിപ്പിച്ചു. അബ്ദുല്‍ മജീദ് ഒന്നാമന്‍ ഉസ്മാനി സുല്‍ത്താനായിരിക്കുന്ന കാലത്താണ്, ആധുനിക ഈജിപ്തിന്റെ ശില്പിയായറിയപ്പെടുന്ന മുഹമ്മദലി ക്രി.1849ല്‍ മരണപ്പെട്ടത്. തുടര്‍ന്ന് പുത്രന്‍ ഇസ്മാഈല്‍ പാഷ അധികാരത്തില്‍ വരികയും ഉസ്മാനീ സുല്‍ത്താന്‍, അദ്ദേഹത്തിന് ഖുദൈവി പദവി നല്കുകയുണ്ടായി.
ഇരുപത്തിരണ്ടര വര്‍ഷം, ഉസ്മാനി ഭരണ സാരഥ്യം വഹിച്ച അബ്ദുല്‍ മജീദ് ഒന്നാമന്‍ 1861 ജൂണ്‍ മാസത്തില്‍ (1277 ദുല്‍ഹിജ്ജ 17) മരണപ്പെട്ടു.