സങ്കി ഭരണകൂടം
സല്‍ജൂക് ഭരണത്തിന്റെ പിന്തുടര്ച്ചയായി ശാം–ഇറാഖ് പ്രദേശങ്ങളില്‍ ശക്തിയായി ഉയര്‍ന്നുവന്ന ഭരണകൂടമാണ് സങ്കി വംശം. ക്രൂസേഡര്‍മാരെ നേരിട്ട പ്രതിരോധത്തിലൂടെയും ഭരണസംവിധാനങ്ങളുടെ കാര്യക്ഷമതയിലൂടെയും ഈ ഭരണകൂടം ശ്രദ്ധേയമായി. സങ്കി ഭരണകൂടം ഇസ്ലാമിക ഐക്യബോധം ശക്തിപ്പെടുത്തുകയും അയ്യൂബി ഭരണത്തിന് അടിത്തറ ഒരുക്കുകയും ചെയ്ത ചരിത്രപരമായ ഘട്ടമായി വിലയിരുത്തപ്പെടുന്നു.
സല്‍ജുക്കികളുടെ മൗസൂലിലെ ഗവര്‍ണറായിരുന്ന ഇമാമുദ്ദീന്‍ സങ്കി ക്രി. 1127 (ക്രി. 521)ല്‍ സ്ഥാപിച്ച ഭരണകൂടമാണിത് (ക്രി. 1127- 1250). സല്‍ജൂക് ഭരണം ദുര്‍ബലമായതോടെ അലപ്പോ ഉള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കിയ ശേഷമാണ് സങ്കി ഗവര്‍ണര്‍ പദവിയില്‍ നിന്ന് അമീര്‍ സ്ഥാനത്തെത്തിയത്. 123 വര്‍ഷക്കാലം പലയിടങ്ങളിലായി സങ്കി ഭരണം നിലനിന്നെങ്കിലും ഇമാമുദ്ദീന്‍ സങ്കിയും (ക്രി. 1127- 1146) മകന് നൂറുദ്ദീന്‍ സങ്കിയും (ക്രി. 1146-1174) മാത്രമാണ് പ്രസിദ്ധരായ ഭരണാധികാരികളായത്. മഹ്മൂദ് അല്‍ മലിക് ദ്വാഹിറിന്റെ (ക്രി. 1250) ഭരണത്തോടെ സങ്കി ഭരണത്തിന് അന്ത്യമാവുകയും ചെയ്തു.
ഇമാമുദ്ദീന്‍ സങ്കി
സല്‍ജൂക് സുല്‍ത്താന്‍ മലിക് ഷായുടെ അടിമയായിരുന്ന ആഖ്സന്‍ഖര്‍ ഹാജിബിന്റെ മകനായി ക്രി. 1087ല്‍ ഇമാമുദ്ദീന്‍ ജനിച്ചു. തുര്ക്കുമാനിസ്താന് സ്വദേശിയാണ്.
സൈനികനായി സേവനം ചെയ്ത് കഴിവ് കാട്ടിയ ഇമാമിനെ ക്രി. 1127ല്‍ (ഹി. 512) സുല്‍ത്താന്‍ മൗസിലിനെ ഗവര്‍ണറായി നിയമിച്ചു. ബാലനായിരിക്കെ കുരിശുപടയുടെ പടയോട്ടവും ബൈത്തുല്‍ മുഖദ്ദസ് പിടിച്ചടക്കലും അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ അധികാരത്തിലേറിയ ഇമാമുദ്ദീന്‍ ക്രൈസ്തവ അധിനിവേശത്തിനെതിരെ സൈനിക മുന്നേറ്റം നടത്തി.
അതിനിടെ, സല്‍ജൂക് ഭരണം ക്ഷയിച്ചു തുടങ്ങിയപ്പോള്‍ ഇമാനുദ്ദീന്‍ സങ്കി ഭരണകൂടത്തിന് അടിത്തറയിട്ടു. തൊട്ടടുത്ത പ്രവിശ്യയായ അലപ്പോ സങ്കി കീഴടക്കി. ക്രി. 1144ല്‍ റഹായും അധീനമാക്കി. ഒന്നാം കുരിശുയുദ്ധത്തില്‍ ഫലസ്തീനും സിറിയയുടെ തീരപ്രദേശങ്ങളും കീഴടക്കി. ക്രൈസ്തവര്‍ സ്ഥാപിച്ച നാല് ഭരണകൂടങ്ങളില്‍ ഒന്നായിരുന്നു റഹ. ഇതോടെ കുരിശുപടയുടെ പേടി സ്വപ്നമായി ഇമാമുദ്ദീന്‍ സങ്കി.
റഹക്കു പിന്നാലെ സറൂജ, അല്‍ബീറ തുടങ്ങിയ അധിനിവേശ പ്രദേശങ്ങളും സങ്കി തിരിച്ചു പിടിച്ചു. ജബ്റയിലെ കോട്ടയായിരുന്നു അടുത്ത ഉന്നം. ഇതിനായി പോരാട്ടം തുടങ്ങുകയും ചെയ്തു. ഇതുകൂടി നഷ്ടപ്പെട്ടാല്‍ നിലനില്‍പ്പ് അവതാളത്തിലാകുമെന്ന് തിരിച്ചറിഞ്ഞ ക്രൈസ്തവപ്പട ഇമാമുദ്ദീന്‍ സങ്കിയെ ചതിയിലൂടെ വധിക്കുകയായിരുന്നു. സങ്കിയുടെ തന്നെ സേവകനെ വിലകൊടുത്തുകൊണ്ടായിരുന്നു ഇത്. ക്രി. 1146ലാണ് സങ്കിയുടെ മടക്കം.
പോപ്പിന്റെ കുരിശു സേനക്ക് കനത്ത വെല്ലുവിളിയുയര്‍ത്തിയ ഈ സൈനിക പ്രതിഭ മികച്ച ഭണാധികാരി കൂടിയായിരുന്നു. തരിശു ഭൂമിയെ കൃഷി യോഗ്യമാക്കിയും ജലസേചന സൗകര്യങ്ങള്‍ ഒരുക്കിയും കാര്‍ഷികാഭിവൃദ്ധിയുണ്ടാക്കി. അറബ്-യൂറോപ്യന്‍ കടല്‍ കൊള്ളക്കാരെ ഒരുക്കിയത് വാണിജ്യ രംഗത്തും ഉണര്‍വുണ്ടാക്കി.
മക്കളായ സൈഫുദ്ദീന് ഗാസി, നൂറുദ്ദീന്‍ സങ്കി എന്നിവര്‍ മൗസുന്‍, അലപ്പോ എന്നീ പ്രവിശ്യകള്‍ നല്‍കിയായിരുന്നു മരണം.
നൂറുദ്ദീന്‍ സങ്കി
രണ്ടാം കുരിശു യുദ്ധത്തിനിറങ്ങിയ ക്രൈസ്തവസേനയെ തുരത്തിയോടിച്ച വീര സാഹസികനാണ് നൂറുദ്ദീന്‍ സങ്കി. സങ്കി ഭരണകൂടസ്ഥാപകന്‍ ഇമാദുദ്ദീന് സങ്കിയുടെ രണ്ടാമത്തെ മകനായ നൂറുദ്ദീന്‍ 1118 മൗസുലില്‍ ജനിച്ചു.
പിതാവിന്റെ മരണത്തെ തുടര്‍ന്ന് രാജ്യം രണ്ടായി വിഭജിക്കുകയും മൗസുല്‍ പ്രവിശ്യ സൈഫുദ്ദീന് ഗാസിക്കും അലപ്പോ നൂറുദ്ദീനും ലഭിക്കുകയും ചെയ്തു. ക്രി. 1146ല്‍ (ഹി. 541) അലപ്പോയിലെ സുല്‍ത്താനായി നൂറുദ്ദീന്‍ അധികാരമേല്‍ക്കുകയും ചെയ്തു.
അസാമാന്യ പ്രതിഭയും നേതൃഗുണവും ഒത്തൊരുമിച്ച നൂറുദ്ദീന്‍ രാജ്യവികസനത്തില്‍ ശ്രദ്ധിച്ചു. കുരിശുസേനക്കെതിരെ യോജിച്ച മുന്നേറ്റത്തിന് മുസ്ലിം പിന്തുണയും ഐക്യവും വേണമെന്ന് അദ്ദേഹം ഉറപ്പിച്ചു. ഭരണമേറ്റവര്‍ഷം തന്നെ റഹായിലെ അവശേഷിക്കുന്ന ക്രൈസ്തവരെ കൂടി തുരത്തി. അത് രാജ്യത്തോട് കൂട്ടിച്ചേര്‍ത്തു. ക്രി. 1150ല്‍ ദമസ്കസും അലപ്പോയുടെ കീഴിലായി.
അക്കാലത്ത് സിറിയന്‍ തീരങ്ങളിലുണ്ടായിരുന്ന യൂറോപ്യരുടെ അധിനിവേശം. ദമസ്കസിലെ അമീറിനാവട്ടെ അവരെ തടയാനുള്ള ശേഷിയുമില്ല. ദമസ്കസുകാര്‍ നഗരം നൂറുദ്ദീനോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും കൂടി ചെയ്തപ്പോള്‍ അദ്ദേഹം അധികാരം അവിടേക്ക് കൂടി വ്യാപിപ്പിച്ചു. ബഅ്ലബക്, ജബര്‍ കോട്ട എന്നിവയും പിടിച്ച നൂറുദ്ദീന്‍ ഒടുവില്‍ മൗസുല്‍ കൂടി തന്റെ അധികാര പരിധിയില്‍ കൊണ്ടുവന്നു.
കുരിശുയോദ്ധാക്കളും മുസ്ലിംകളും തമ്മില്‍ നടന്ന ഉഗ്ര പോരാട്ടങ്ങളിലൊന്നായ ഹാരിമിലെ യുദ്ധം നൂറുദ്ധീന്റെ നേതൃത്വത്തിലാണ് നടന്നത്. കുരിശു പടയുടെ നായകന്മാരായ നാലുപേരെയും നൂറുദ്ദീന്‍ ബന്ദികളാക്കി.
ഫാത്വിമീ ഖലീഫയുടെ ദുര്‍ബലത മുതലെടുത്ത് യൂറോപ്യന്‍ സേന ഈജിപ്തിനെ ആക്രമിക്കാന്‍ തീരുമാനിച്ചു. ഇതോടെ ഖലീഫ ആദിദ് നൂറുദ്ദീനോട് സഹായം തേടി. തന്റെ ധീര സൈനികരായിരുന്ന ശീര്‍ക്കൂഹിനെയും സ്വലാഹുദ്ദീന്‍ അയ്യൂബിയേയും നൂറുദ്ദീന്‍ ഈജിപ്തിലേക്കയക്കുകയും യൂറോപ്യന്‍ സേനയെ തുരത്തുകയുംചെയ്തു. ക്രി. 1169 ലായിരുന്നു ഇത്.
ഈജിപ്തില്‍ പിന്നീട് ആദ്യം ശീര്‍ക്കൂഹും അദ്ദേഹത്തിന്റെ മരണശേഷം സ്വലാഹുദ്ദീന്‍ അയ്യൂബിയും ഗവര്‍ണര്‍മാരായി.
നൂറുദ്ദീന്‍ സങ്കി മുസ്ലിം പുണ്യകേന്ദ്രങ്ങളെ ക്രൈസ്തവാക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനാണ് തന്റെ ഭരണകാലം ചെലവഴിച്ചത്. ഇസ്ലാമിനെയും വിജ്ഞാനത്തെയും അങ്ങേയറ്റം സ്നേഹിച്ചു അദ്ദേഹം. ജയിച്ചടക്കിയ പ്രദേശങ്ങളിലെല്ലാം പള്ളികള്‍, മതപാഠശാലകള്‍, സത്രങ്ങള്‍ എന്നിവ നിര്‍മിച്ചു.
ലോകത്ത് ആദ്യമായി അനാഥാലയങ്ങള്‍ നിര്‍മിച്ചത് നൂറുദ്ദീന്‍ സങ്കിയാണെന്ന് ചരിത്രകാരന്മാരില് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ജീവിത വൃത്തിക്ക് സ്വന്തമായി തൊഴില്‍ ചെയ്ത് പണം കണ്ടെത്തിയ ഈ സാമ്രാജ്യാധിപന് ലളിത ജീവിതത്തില്‍ ഉമറുബ്നു അബ്ദുല്‍ അസീസിനെ മാതൃകയാക്കി. ക്രൈസ്തവര്‍, ജൂതര്‍ എന്നിവരോടും ഉദാര നയം സ്വീകരിച്ചു.
ഖുദ്സ് തിരിച്ചു പിടിക്കുമ്പോള്‍ മസ്ജിദുല്‍ അഖ്സ്വയില്‍ സ്ഥാപിക്കാനായി ഇദ്ദേഹം മിമ്പര്‍ നിര്‍മിച്ചു വെച്ചിരുന്നു. ക്രി. 1174ലായിരുന്നു (ഹി. 569) അന്ത്യം.
സങ്കി ഭരണത്തിലെ ഭരണാധികാരികള്‍
ഇമാമുദ്ദീന്‍ സങ്കി ക്രി. 1127ല്‍ മൗസുല്‍ കേന്ദ്രമായി സ്ഥാപിച്ച സങ്കി ഭരണകൂടം 123 വര്‍ഷക്കാലം നിലനുന്നു. എന്നാല്‍ നൂറുദ്ദീന്‍ സങ്കിയുടെ മരണാനന്തരം ചില പ്രവിശ്യകളില്‍ മാത്രമായി ഇത് ഒതുങ്ങി. ഇത് അയ്യൂബി ഭരണത്തിന് കീഴിലായിരുന്നു പലയിടങ്ങളിലും.
മൗസുലിന് പുറമെ അലപ്പോ, ദമസ്കസ്, വടക്കന്‍ ഇറാഖിലെ സിഞ്ചര്‍, ജസീറ എന്നീ പ്രവിശ്യകളിലെ അമീറുമാരായാണ് സങ്കി പിന്മുറക്കാര് അധികാരം നിലനിര്‍ത്തിയത്. ഖുതുബുദ്ദീന്‍ മൗദൂദ് (1149- 1170), സൈഫുദ്ദീന് ഗാസി (1180-1193), നൂറുദ്ദീന്‍ അസ്ലന്‍ഷാ (1183-1211) എന്നിവര്‍ മൗസുലിലെ പ്രമുഖ അമീറുമാരാണ്.
നൂറുദ്ദീന്‍ മഹ്മൂദ് (1146-1174), സ്വാലിഹ് ഇസ്മാഈല്‍ (1174-1181), ഇമാദുദ്ദീന് സങ്കി രണ്ടാമന് (1181-1183) എന്നിവര്‍ അലപ്പോയിലെ അമീറുമാരാണ്.
ജസീറയിലെ മുഹമ്മദ് അല്‍ മലിക് ദ്വാഹിറാണ് സങ്കികളില്‍ അവസാന അമീര്‍.
