ബുര്‍ജി മംലൂക്
മംലൂക് ഭരണത്തിന്റെ രണ്ടാംഘട്ടമായി അറിയപ്പെടുന്ന ബുര്‍ജി കാലഘട്ടം ഈജിപ്തിന്റെയും ശാം പ്രദേശങ്ങളുടെയും രാഷ്ട്രീയ ചരിത്രത്തില്‍ പ്രത്യേക സ്ഥാനമാണ് കൈവരിച്ചത്. ചെര്‍ക്കസ് വംശജരായ സൈനിക മംലൂക്കുകളുടെ നേതൃത്വത്തില്‍ രൂപപ്പെട്ട ഈ ഭരണഘട്ടം ശക്തമായ സൈനിക സംവിധാനവും സങ്കീര്‍ണ്ണമായ ഭരണഘടനയും കൊണ്ടാണ് ശ്രദ്ധേയമായത്. ബുര്‍ജി മംലൂക് കാലത്തെ സുല്‍ത്താന്‍മാരുടെ അധികാര പോരാട്ടങ്ങളും ഭരണനയങ്ങളും മംലൂക് സാമ്രാജ്യത്തിന്റെ അവസാനഘട്ട വികസനങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കുന്നു.
ദ്വാഹിര്‍ സൈഫുദ്ദീന്‍ ബര്‍ഖൂക്
ബഹ്‌രി മംലൂക്കുകളില്‍ നിന്ന് രാജ്യാധികാരം കൈവശപ്പെടുത്തി ബുര്‍ജി മംലൂക് സാമ്രാജ്യം ആരംഭിച്ചത് സൈഫുദ്ദീന്‍ ബര്‍ഖൂക് ആണ് (ക്രി. 1382-1399). ബഹ്‌രികളുടെ കാലത്ത് അധികാര പരിസരങ്ങളിലും സൈന്യത്തിലും ഉണ്ടായിരുന്ന ബര്‍ഖൂക് അവരുടെ അസ്ഥിരത മുതലെടുത്താണ് ഭരണം പിടിച്ചെടുത്തത്.
ക്രി. 1382ല്‍ (ഹി. 784) സുല്‍ത്താനായി അധികാരമേറ്റു. മുന്‍ ഭരണാധികാരി ബൈബറസിനെ മാതൃകയാക്കി ‘മലിക് അദ്വാഹിര്‍’ എന്ന പദവി സ്വീകരിച്ചു.
ബര്‍ഖൂകിന്റെ ഭരണകാലത്താണ് ചെങ്കിസ്ഖാന്റെ പിന്‍ഗാമിയായ തിമൂര്‍ പടയോട്ടം തുടങ്ങിയത്. ബഗ്ദാദും മെസപ്പൊട്ടോമിയയും കീഴടക്കിയ അദ്ദേഹം ഈജിപ്തിനു നേരെ തിരിഞ്ഞു. എന്നാല്‍ തിമൂറിന്റെ സന്ദേശവുമായി വന്ന ദൂതനെ വധിച്ചുകൊണ്ട് ബര്‍ഖൂക് നയം വ്യക്തമാക്കി. ഉസ്മാനിയ തുര്‍ക്കികളുടെ സഹായത്തോടെ ക്രി. 1395ല്‍ ബര്‍ഖൂഖ് തിമൂറിനെ നേരിടാനിറങ്ങി. അപ്പോഴേക്കും തീമൂര്‍ റഷ്യയിലേക്ക് നീങ്ങിയിരുന്നതിനാല്‍ യുദ്ധം ഒഴിവാക്കുകയായിരുന്നു.
ഭാവനാശാലിയായിരുന്നു ബര്‍ഖൂക്. കൃഷി, വാണിജ്യം എന്നിവ ഇക്കാലത്ത് വികസിച്ചു. ബഹ്‌രികള്‍ നടപ്പാക്കിയ പല നികുതികളും എടുത്തു കളഞ്ഞു. കൈറോ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ പള്ളികള്‍, മതപാഠശാലകള്‍, മനോഹര ഹര്‍മ്യങ്ങള്‍ എന്നിവ പണികഴിപ്പിച്ചു.
1399ലാണ് (ഹി. 800) ബര്‍ഖൂകിന്റെ അന്ത്യമുണ്ടായത്.
നാസിറുദ്ദീന്‍ ഫറജ്
ബര്‍ഖൂഖിന്റെ പുത്രനും പിന്‍ഗാമിയുമാണ് നാസിറുദ്ദീന്‍ ഫറജ്. 1399ല്‍ (ഹി. 800) ഭരണത്തിലേറി. തിമൂര്‍ സിറിയ ആക്രമിച്ച് ദമസ്‌കസ് കീഴടക്കിയത് ഇക്കാലത്തായിരുന്നു. അതേ സമയം ഈജിപ്തിലേക്ക് വന്നതുമില്ല.
ബര്‍ഖൂകിന്റെയും മകന്‍ ഫറജിന്റെയും നിലപാടില്‍ (തന്റെ ദൂതനെ കൊന്നതും ബഗ്ദാദിലെ ഖലീഫ ജലായറിന് സഖ്യമുണ്ടാക്കിയതും) തിമൂറിന് കടുത്ത രോഷമുണ്ടായിരുന്നു. ഒടുവില്‍ ദുര്‍ബലനായ ഫറജ് തിമൂറിനടുത്തേക്ക് ദൗത്യസംഘത്തെ വിടുകയായിരുന്നു. വിശ്രുത ചരിത്രകാരന്‍ ഇബ്‌നു ഖംദൂനായിരുന്നു ഈ സംഘത്തിന്റെ നേതാവ്. തിമൂറിന്റെ പരമാധികാരം ഈജിപ്തിന് അംഗീകരിക്കേണ്ടി വന്നു.
നിസ്സഹായനും ദുര്‍ബലനുമായ ഫറജിനെതിരെ ജനകീയ രോഷമുയര്‍ന്നു. രണ്ടു തവണയായി 13 വര്‍ഷത്തോളം ഭരണം നടത്തിയ ഫറജ് 1412ല്‍ കലാപത്തിലാണ് വധിക്കപ്പെട്ടത്.
സൈഫുദ്ദീന്‍ ബര്‍സുബായ്
നാസിറുദ്ദീന്‍ ഫറജിന്റെ വധത്തിനുശേഷം ബുര്‍ജി മംലൂക് ഖിലാഫത്ത് അക്ഷരാര്‍ഥത്തില്‍ അരക്ഷിതാവസ്ഥയിലായി. അബ്ബാസിയ ഖലീഫ മുസ്തഈന്‍ താല്‍ക്കാലികമായി ഏറ്റെടുക്കേണ്ട അവസ്ഥവരെയുണ്ടായി. ഇതിനിടെ ശൈഖ് മഹ്‌മൂദി (1412-1421) ഉള്‍പ്പെടെ ആറുപേര്‍ വന്നും പോയുമിരുന്നു.
ക്രി. 1422 (ഹി. 841)ലാണ് സൈഫുദ്ദീന്‍ ബര്‍സുബായ് ‘അല്‍ അശ്‌റഫ്’ എന്ന നാമത്തില്‍ ഭരണമേറ്റെടുത്തത്. ബുര്‍ജികളിലെ ഒന്നാമത്തെ സുല്‍ത്താന്‍ ബര്‍ഖൂകിന്റെ അടിമയായിരുന്നു ബര്‍സൂബായ്.
ബര്‍സൂബായിയുടെ കാലത്തെ ഏറ്റവും മികച്ച വിജയം സൈപ്രസ് കീഴടക്കിയതാണ്. കുരിശു യുദ്ധക്കാര്‍ സിറിയന്‍, ഈജിപ്ത് ആക്രമണങ്ങള്‍ക്ക് താവളമാക്കിയിരുന്നതും കടല്‍ കൊള്ളക്കാരുടെ കേന്ദ്രവുമായിരുന്നു സൈപ്രസ്. ഇത് ഉഗ്രമായ പോരാട്ടത്തിലൂടെ അധീനമാക്കി. റോഡ്‌സ് ദ്വീപും പിടിച്ചു.
16 വര്‍ഷമാണ് ഇദ്ദേഹം ഭരിച്ചത്. ക്രി. 1438ല്‍ (ഹി. 841) നിര്യാതനായി.
അശ്‌റഫ് ഖായത് ബായ് (സിഇ. 1468-1495)
സൈഫുദ്ദീന്‍ ബര്‍സൂബായ്ക്കുശേഷം 30 വര്‍ഷത്തിനിടെ എട്ടു പേരാണ് ഭരണം നടത്തിയത്. ഭരണം അസ്ഥിരമായി തുടരുകയും രാജ്യവികസനവും വളര്‍ച്ചയും മുരടിക്കുകയും ചെയ്തു. അതിനിടയില്‍ 15 വര്‍ഷം ഭരിച്ച മലിക് ദ്വാഹിര്‍ സൈഫുദ്ദീന്‍ യഖ്മഖ് നേരിയ ഉണര്‍വുണ്ടാക്കി. മതഭക്തനും ജനക്ഷേമതല്പരനുമായ അദ്ദേഹം ശരീഅത്ത് നിയമം കര്‍ശനമാക്കുകയും കാര്‍ഷിക-വാണിജ്യ-സാമ്പത്തിക പുരോഗതിക്കാവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു.
പിന്നീടാണ് അല്‍ മലിക് അശ്‌റഫ് ഖായത്ബായ് ക്രി. 1468ല്‍ (ഹി. 872) സുല്‍ത്താനാവുന്നത്. സൈനിക ജനറലും ആയോധന വീരനുമായിരുന്ന അശ്‌റഫ് അധികാരം പിടിച്ചെടുക്കുകയാണ് ചെയ്തത്.
ഈജിപ്തിനെ അതിന്റെ പഴയകാല ഐശ്വര്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഇദ്ദേഹത്തിനു സാധിച്ചു. പള്ളികള്‍, വിദ്യാലയങ്ങള്‍, സത്രങ്ങള്‍ എന്നിവ ആവശ്യത്തിന് പണിതു. എന്നാല്‍ പ്ലേഗ് ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ നൈലിന്റെ തീരത്തിനെ പലപ്പോഴും കാര്‍ന്നുതിന്നാനെത്തി. ഇതില്‍ ഖായത്ബായുടെ കാലത്ത് പടര്‍ന്നത് അതിമാരകമായി. കൈറോവില്‍ ഒറ്റദിവസം കൊണ്ട് 12,000 പേര്‍ മരിച്ച പ്ലേഗ് ഇക്കാലത്തു ണ്ടായി. ഇത് നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
ഇതിനു പുറമേ കടുത്ത ക്ഷാമവും വരള്‍ച്ചയും കൂടി ബാധിച്ചതോടെ ഈജിപ്ത് നരക സമാനവുമായി. ഇതിനെ തുടര്‍ന്ന് 27 വര്‍ഷം നീണ്ട ഖിലാഫത്തില്‍ നിന്ന് ഖായത്ബായ് പടിയിറങ്ങുകയായിരുന്നു.
ഇതിനു ശേഷവും 22 വര്‍ഷം ബുര്‍ജി മംലൂക് ഖിലാഫത്ത് നിലനിന്നു. നാസിര്‍ മുഹമ്മദ് ഖായത്ബായ് (ക്രി. 1495- 1498), ഖാന്‍ സൂഹ് (ക്രി. 1498-1499), ജാന്‍ ബലാത്ത് (ക്രി. 1500-1516), തുമാന്‍ബേ (ക്രി. 1516- 1517) എന്നിവരാണ് മാറിമാറി ഭരിച്ചത്.
തുര്‍ക്കി സുല്‍ത്താന്‍ സലീം 1517ല്‍ അവസാന മംലൂക് സുല്‍ത്താന്‍ തുമാന്‍ ബേയെവധിച്ച് ഈജിപ്ത് കീഴടക്കിയതോടെ 135 വര്‍ഷം നീണ്ട ബുര്‍ജി മംലൂക് സാമ്രാജ്യത്തിനും മരണമണി മുഴങ്ങി.
