ജംഇയ്യത്തു അഹ്ലേ ഹദീസ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്
ഇന്ത്യന്‍ മുസ്ലിം സമൂഹത്തിന്റെ മത-സംഘടനാ ചരിത്രത്തില്‍ ജംഇയ്യത്തു അഹ്ലേ ഹദീസും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദും വ്യത്യസ്ത ആശയധാരകള്‍ പ്രതിനിധീകരിച്ച പ്രധാന പ്രസ്ഥാനങ്ങളാണ്. ബ്രിട്ടീഷ് ഭരണകാലത്ത് മുസ്ലിം സമൂഹം നേരിട്ട മതപരവും സാമൂഹികവും രാഷ്ട്രീയവുമായ പ്രതിസന്ധികളില്‍ നിന്നാണ് ഈ സംഘടനകള്‍ ഉദയം കണ്ടത്. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് പാരമ്പര്യം, സാമൂഹിക ഉത്തരവാദിത്വം, ദേശീയ നിലപാട് എന്നിവയെക്കുറിച്ചുള്ള വ്യത്യസ്ത സമീപനങ്ങളാണ് ഇവയുടെ സവിശേഷത.
ജംഇയ്യത്തു അഹ്ലേ ഹദീസ് ഖുര്‍ആനും സഹീഹ് ഹദീസുകളും നേരിട്ടു ആധാരമാക്കി മതാചരണത്തില്‍ ശുദ്ധി ഉറപ്പാക്കണമെന്ന ആശയമാണ് ഉയര്‍ത്തിപ്പിടിച്ചത്. അതേസമയം ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ദയൂബന്ദി പാരമ്പര്യത്തിന്റെ ഭാഗമായി മതപഠനവും ഉലമാ നേതൃത്വവും സംരക്ഷിച്ചുകൊണ്ട് തന്നെ ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരത്തിലും സജീവ സാന്നിധ്യമായിരുന്നു.
ജംഇയ്യത്തു അഹ്ലേ ഹദീസ്, ഹിന്ദ് (1906)
മുഗള്‍ ഭരണത്തിന്റെ പെരുമയില്‍ നിന്ന്, ഉത്തരേന്ത്യ ബ്രിട്ടീഷ് കോളനി വാഴ്ചയിലേക്ക് എടുത്തെറിയപ്പെട്ട പത്തൊമ്പതാം ശതകം. മുസ്ലിം സമുദായത്തെ ദാരിദ്ര്യം അതിദയനീയമായ വിധത്തില്‍ പിടികൂടിക്കഴിഞ്ഞിരുന്നു. ഇംഗ്ലീഷ് ഭരണം അതിന് ആക്കം കൂട്ടി. വിശ്വാസ രംഗത്താവട്ടെ, കൂടുതല്‍ പരിതാപകരമായിരുന്നു സ്ഥിതി. ക്രൈസ്തവതയും ആര്യസമാജവും മുസ്ലിംകളെ ലക്ഷ്യമാക്കി തങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിക്കൊണ്ട് അക്ഷീണം രംഗത്തുണ്ടായിരുന്നു. അതിനിടെ അഹ്മദിയ്യാക്കള്‍, മിര്‍സായുടെ പ്രവാചകത്വ വാദവുമായും രംഗത്തിറങ്ങി. ഖബറിടങ്ങളിലും നേര്‍ച്ചകളിലും മാത്രം സായൂജ്യമടഞ്ഞിരുന്ന മുസ്ലിംകളെ അതിലുറപ്പിച്ചു നിര്‍ത്താന്‍ ബറേല്‍വികളും രംഗം കൈയടക്കി.
ഖുര്‍ആനും നബിചര്യയും പിന്‍പറ്റണമെന്നും ഏകദൈവ വിശ്വാസം നേരാംവണ്ണം സ്വീകരിക്കണമെന്നുള്ള ആഹ്വാനം ഒറ്റപ്പെട്ട ചില ശബ്ദങ്ങള്‍ മാത്രമായിരുന്നു അവര്‍ക്ക്. പതിനെട്ടാം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താവ് ഷാഹ് വലിയുല്ലാഹിദ്ദഹ്ലവിയുടെ പിന്മുറക്കാരായിരുന്നു അവര്‍. ഇവര്‍ തുടങ്ങിവെച്ച ‘വഹ്ഹാബി പ്രസ്ഥാനം’ പിന്നീട് നിലച്ചുപോയെങ്കിലും അതിന്റെ സന്തതികളായിരുന്നു, മൗലാനാ അബുല്‍കലാം ആസാദും, സര് സയ്യിദ് അഹ്മദ്ഖാനുമെല്ലാം. ഇതിനിടയിലാണ് സയ്യിദ് സനാഉല്ലാ അമൃതസരി (1868-1948) രംഗത്തെത്തുന്നത്. അമൃതസറിലും ദയൂബന്ദിലും പഠിച്ച് ഇസ്ലാമിക വിജഞാനീയങ്ങളില്‍ അവഗാഹം നേടിയ സനാഉല്ല ഖാദിയാനികളെയും ആര്യസമാജക്കാരെയും ഒപ്പം ബറേല്‍വികളെയും തനിച്ച് നേരിട്ടു. ഇസ്ലാമിന്റെ തനത് മുഖം ഉത്തരേന്ത്യക്കാര്‍ക്ക് അനാവരണം ചെയ്തു കൊടുത്ത സനാഉല്ലയുടെ പ്രബോധനം കുറേ പേരുടെ കണ്ണുതുറപ്പിച്ചു. ‘അഹ്ലേ ഹദീസ്’ എന്ന വാരിക തുടങ്ങിയ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും പുറത്തിറക്കി.
ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് 1906 ഡിസംബര്‍ 22ന് ബീഹാറിലെ മദ്റസത്തുല്‍ അഹ്മദിയ്യയില്‍ വെച്ച് ജംഇയ്യത്ത് അഹ്ലേ ഹദീസ്, ഹിന്ദ് രൂപീകൃതമാകുന്നത്. അല്ലാമ അബ്ദുല്ല ഗാസീപുരി അധ്യക്ഷനും, സനാഉല്ല അമൃതസരി ജനറല്‍ സെക്രട്ടറിയുമായി.
അഹ്ലെ ഹദീസ്: പ്രബോധന പദ്ധതികള്‍
ഇങ്ങനെയൊരു സംഘം രൂപവല്‍ക്കരിക്കുമ്പോള്‍ കുറെ ലക്ഷ്യങ്ങളുണ്ടായിരുന്നു. പണ്ഡിതര്‍ക്കായി ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കുക, തൗഹീദിലേക്ക് മുസ്ലിംകളെ ക്ഷണിക്കുക, ഖബ്ര്‍ പൂജ ഉള്‍പ്പെടെയുള്ള അനാചാരങ്ങളില്‍ നിന്നും അവരെ പിന്തിരിപ്പിക്കുക, തഖ്ലീദ്, സ്വൂഫിസം പോലുള്ള അപകടങ്ങളില്‍ നിന്ന് സമുദായത്തെ രക്ഷിക്കുക, ഒപ്പം മത-ഭൗതിക വിദ്യാഭ്യാസത്തിലൂടെ അവരെ ഉദ്ബുദ്ധരാക്കുക തുടങ്ങിയവയായിരുന്നു ഇവയില്‍ പ്രധാനം.
പ്രവര്‍ത്തന പഥത്തില്‍ ഏറെ മുന്നേറിയെങ്കിലും ഇതിനിടെ ഇന്ത്യാ വിഭജനം വന്നു. ഏതാനും സ്ഥാപനങ്ങള്‍ പാക്കിസ്താനിലായി. സനാഉല്ല അമൃതസരിയുള്പ്പടെയുള്ള പലരും അങ്ങോട്ടുപോവുകയും ചെയ്തു. ഇത് പ്രവര്‍ത്തനത്തെ പിന്നോട്ടോടിച്ചു.
1952ലാണ് പിന്നീട് പുന:സംഘടന നടന്നത്. അബ്ദുല്‍ വഹ്ഹാബ് ആര്‍വി അധ്യക്ഷനായി വന്ന പുതിയ ജംഇയ്യത്ത് 1963ല്‍ ബനാറസില്‍ ജാമിഅ സലഫിയ്യ സ്ഥാപിച്ചു. ഇത് പിന്നീട് ഇന്ത്യയിലെ പ്രമുഖ മതവിജ്ഞാന സ്ഥാപനമായി മാറി. ഡല്‍ഹിയില്‍ കേന്ദ്ര ഓഫീസും തുറന്നു.
തര്‍ജുമാന്‍ ഉര്‍ദു പാക്ഷികം, ഇസ്ലാഹെ സമാജ് മാസിക, ഒരു പ്രസാധനാലയം, മക്തബ തര്‍ജുമാന്‍ എന്നിവ ജംഇയ്യത്തിനു കീഴില്‍ നടന്നുവരുന്നു. 21 സംസ്ഥാനങ്ങളി ലായി നാലായിരത്തിലധികം ശാഖകളും ലക്ഷക്കണക്കിന് പ്രവര്‍ത്തകരുമുണ്ട്. ഇടക്ക് അഖിലേന്ത്യാ തലത്തില്‍ വാര്‍ഷിക സമ്മേളനങ്ങളും നടത്താറുണ്ട്. മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ഉള്‍പ്പെടെയുള്ള പൊതുവേദികളിലും അഹ്ലെ ഹദീസ് സജീവമായി ഇടപെടുന്നു.
ഇന്ത്യയൊട്ടുക്കും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയും, ദുരിതബാധിതരെ സഹായിച്ചും ആദര്‍ശ പ്രബോധന രംഗത്ത് സജീവമായും ഇന്ത്യയില്‍ ജംഇയ്യത്ത് നിറഞ്ഞു നില്ക്കുന്നു.
കേരളത്തില്‍ ജംഇയ്യതിന് ഘടകങ്ങളില്ല. കേരള നദ്വത്തുല് മുജാഹിദിനാണ് ഇവിടെ ഇസ്വ്ലാഹീ ആദര്‍ശം പ്രബോധനം ചെയ്യുന്നത്. 1924 മുതല്‍ കേരള ജംഇയ്യത്തുല്‍ ഉലമയും 1950 മുതല്‍ കേരള നദ്വത്തുല് മുജാഹിദീനും (കെ എന്‍ എം) വിവിധ പോഷക ഘടകങ്ങളും മാതൃകാപരമായി പ്രബോധന പ്രവൃത്തി നടത്തിവരുന്നു.
ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് (1919)
ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം സംഘടനകളിലൊന്നാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അഥവാ ഇന്ത്യന്‍ മുസ്ലിം പണ്ഡിത സഭ. ഇന്ത്യന്‍ മുസ്ലിംകളില് ഉയര്‍ന്ന തലത്തിലുള്ള ദേശീയ ബോധമുണര്‍ത്തിക്കൊണ്ട് സ്വാതന്ത്ര്യസമരാവേശമുണ്ടാക്കിയെടുത്ത ദയൂബന്ദി പ്രസ്ഥാനമാണ് ജംഇയ്യത്തിന് ബീജാവാപം നല്‍കിയത്.
ദാറുല്‍ ഉലും ദയൂബന്ദ് പ്രിന്‍സിപ്പല്‍ ശൈഖുല്‍ ഹിന്ദ് മൗലാനാ മഹ്മൂദ് ഹസന്, മൗലാനാ സയ്യിദ് ഹുസൈന് അഹ്മദ് മദനി, അഹ്മദ് സഈദ് ദഹ്ലവി, മുഫ്തി കിഫായത്തുല്ല ദഹ്ലവി, മുഫ്തി മുഹമ്മദ് നഈം ലുധിയാനവി, മൗലാനാ അഹ്മദലി ലാഹോരി തുടങ്ങിയവരാണ് ഈയൊരു സംഘടനക്ക് നേതൃത്വം നല്‍കിയത്. 1919 നവംബര്‍ 19ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് രൂപവല്‍ക്കരിക്കപ്പെട്ടു. മൗലാനാ ഹുസൈന് അഹ്മദ് മദനി (1879-1957) ആയിരുന്നു പ്രഥമ അധ്യക്ഷന്‍. ദയൂബന്ദ് ദാറുല്‍ ഉലൂമിലെ ശൈഖുല്‍ ഹദീസ് കൂടിയായിരുന്ന മദനിക്ക് പിന്നീട് പരമോന്നത ദേശീയ പുരസ്കാരമായ പത്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്.
ബ്രിട്ടീഷുകാരുടെ കോളനിവാഴ്ചക്കെതിരെ ജംഇയ്യത്ത്, ദേശീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനോടൊപ്പം ചേര്‍ന്ന് സമരം നയിച്ചു. ജംഇയ്യത്തിന്റെ നിലപാട് ഇന്ത്യന്‍ മുസ്ലിംളെ സ്വാധീനിച്ചു. ഹിന്ദു വിശ്വാസികളോടൊപ്പം തോളോടു തോള് ചേര്‍ന്ന് പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിനായി രംഗത്തിറങ്ങാന്‍ പണ്ഡിതര്‍ ആഹ്വാനം നല്കി. ഹിന്ദുക്കളെ ‘കാഫിര്‍’ (സത്യനിഷേധി) എന്നല്ല അമുസ്ലിംകള് എന്നാണ് വിളിക്കേണ്ടതെന്നും അവര്‍ ഫത്വ നല്കി.
ഇതിനിടെ, ഇന്ത്യാവിഭജനവാദവുമായി സര്‍വേന്ത്യാ മുസ്ലിം ലീഗ് രംഗത്തുവന്നു. ജിന്നയുടെ ഈ പാക്കിസ്താന് വാദത്തെ ജംഇയ്യത്തിലെ ചിലരും അനുകൂലിച്ചു. ശബീര്‍ അഹ്മദ് നുഅ്മാനിയുടെ നേതൃത്വത്തില്‍ ചിലര്‍ 1945ല്‍ ജംഇയ്യത്തുല്‍ ഉലമായെ ഇസ്ലാം രൂപവല്‍ക്കരിച്ച് പിരിഞ്ഞുപോയി. എന്നാല്‍ ഹിന്ദു മുസ്ലിം ഐക്യത്തിലൂടെ മതേതര ഇന്ത്യയാക്കി സമര രംഗത്തിറങ്ങണമെന്ന പക്ഷക്കാരായ മഹാ ഭൂരിപക്ഷം ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദില് ഉറച്ചുനിന്നു. (ജംഇയ്യത്തുല്‍ ഉലമയെ ഇസ്ലാം ഇപ്പോള്‍ പാക്കിസ്താനിലെ രാഷ്ട്രീയ പാര്‍ട്ടിയാണ്).
സ്വാതന്ത്ര്യത്തിന് ശേഷവും ഉത്തരേന്ത്യന്‍ മുസ്ലിംകളുടെ ക്ഷേമത്തിനായി പ്രയത്നിച്ച ജംഇയ്യത്ത് പക്ഷേ, രാഷ്ട്രീയാതിപ്രസരത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് 2008ല്‍ വീണ്ടും പിളര്‍ന്നു. മൗലാനാ അര്‍ശദ്മദനി, മൗലാനാ മഹ്മൂദ് മദനി എന്നിവരുടെ നേതൃത്വങ്ങളില്‍ രണ്ട് ജംഇയ്യത്തുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ‘അല്‍ജംഇയ്യത്ത്’ എന്ന ഉര്‍ദു മുഖപത്രം പുറത്തിറക്കുന്നുണ്ട്.
