അല്ലാഹു വിശുദ്ധ ഖുർആനിൽ
പ്രപഞ്ചത്തിലെ ചെറുതും വലുതുമായ സകലവിധ പ്രതിഭാസങ്ങളുടേയും സൃഷ്ടി-സ്ഥിതി-സംഹാരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏകാസ്തിത്വത്തിന് അറബിയില്‍ പറയുന്ന പേരാണ് അല്ലാഹു. ആരാധ്യന്‍ എന്നര്‍ത്ഥമുള്ള അറബിപദമായ ഇലാഹ് എന്ന പൊതുനാമത്തെ അല്‍ എന്ന അവ്യയം ചേര്‍ത്ത് വിശേഷവല്‍ക്കരിച്ചതാണ് അല്ലാഹു എന്ന പദമെന്നാണ് പദോത്പത്തി ശാസ്ത്രജ്ഞന്മാരുടെ പക്ഷം. അപ്പോള്‍ അല്ലാഹു എന്ന പദത്തിനര്‍ത്ഥം ആരാധിക്കപ്പെടുവാന്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ളവന്‍ എന്നാണ്. അല്ലാഹു എന്ന പദത്തിന്റെ ഉത്പ്പത്തിയെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും സത്യദൈവം എന്ന നിലക്കാണ് വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവെന്ന സംജ്ഞയെ പരിചയപ്പെടുത്തുന്നത്.
സൂക്ഷ്മവും സ്ഥൂലവുമായ സകലമാന വസ്തുക്കളുടെയും സ്രഷ്ടാവും സംരക്ഷകനും നിയന്താവും സര്‍വശക്തനും സര്‍വജ്ഞനുമായവനാണ് അല്ലാഹു. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെയോ ഗോത്രത്തിന്റെയോ ദൈവം എന്ന അര്‍ത്ഥത്തിലല്ല ഖുര്‍ആന്‍ അല്ലാഹുവെന്ന് പ്രയോഗിച്ചിരിക്കുന്നത്. ദേശ-ഭാഷാ-വര്‍ഗ-വര്‍ണ വ്യത്യാസമില്ലാതെ സ്രഷ്ടാവും പ്രപഞ്ചകര്‍ത്താവുമായ ദൈവത്തിന് വ്യത്യസ്ത ഭാഷകളില്‍ വ്യത്യസ്ത പേരുകള്‍ ഉപയോഗിക്കുന്നുണ്ട്. സംസ്‌കൃതത്തില്‍ പരബ്രഹ്‌മം എന്നും ബൈബിള്‍ പഴയ നിയമത്തില്‍ ഏല്‍, ഏലോഹി, യഹ്‌വെ(യഹോവ) തുടങ്ങിയ നാമങ്ങളുമെല്ലാം ദൈവത്തെ സംബോധന ചെയ്യാന്‍ ഉപയോഗിക്കുന്നു. എന്നാല്‍ ആരാധിക്കപ്പെടാന്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ ഖുര്‍ആന്‍ പ്രയോഗിച്ച അല്ലാഹു എന്ന പദത്തിന് തുല്യമായി മറ്റു ഭാഷകളിലൊന്നും തന്നെ ഒറ്റവാക്കുകളില്ലെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. സര്‍വചരാചരങ്ങളുടെയും സ്രഷ്ടാവും സംരക്ഷകനും പരിപാലകനുമെന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന അല്ലാഹു പറയുന്നു : ” അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്തുക്കളുടെയും സൃഷ്ടികര്‍ത്താവുമായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് സന്മാര്‍ഗത്തില്‍ നിന്ന് തെറ്റിക്കപ്പെടുന്നത്”(40:62).
സര്‍വ്വലോക സ്രഷ്ടാവായ ദൈവത്തെ പരിചയപ്പെടുത്താന്‍ വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്ന അല്ലാഹു എന്ന പദം അറബികള്‍ക്കിടയില്‍ പ്രവാചകന് മുമ്പ് തന്നെ പ്രചാരത്തിലുണ്ടായിരുന്നു. യഥാര്‍ഥ ദൈവത്തിലേക്കുള്ള ഇടയാളന്മാരായി കണക്കാക്കി ലാത്ത, ഉസ്സ, മനാത്ത, ഹുബ്‌ല് തുടങ്ങിയവയെ ആരാധിച്ചിരുന്നവര്‍ പോലും അവയൊന്നും അല്ലാഹുവാണെന്ന് വിശ്വസിച്ചിരുന്നില്ല. അല്ലാഹു പറയുന്നു: ”ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും അധീനപ്പെടുത്തുകയും ചെയ്തവന്‍ ആരെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും അല്ലാഹുവാണെന്ന് ”(29:61).
ബഹുദൈവാരാധനകരായ അറേബ്യന്‍ മുശ്‌രിക്കുകള്‍ മാത്രമല്ല, അവിടെ ജീവിച്ചിരുന്ന യഹൂദരും ക്രൈസ്തവരുമെല്ലാം യഥാര്‍ഥ ദൈവത്തെ അല്ലാഹുവെന്ന് തന്നെയായിരുന്നു വിളിച്ചിരുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഉസൈര്‍ ദൈവപുത്രനാണെന്ന് യഹൂദന്മാര്‍ പറഞ്ഞു. മസീഹ് ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായകൊണ്ടുള്ള വാക്ക് മാത്രമാണ്. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയായിരുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്(9:30).
അല്ലാഹുവിന്റെ സത്ത
പരമാണു മുതല്‍ നക്ഷത്രജാലങ്ങള്‍ വരെയുള്ള ചെറുതും വലുതുമായ പ്രാപഞ്ചിക വസ്തുക്കളുടെയെല്ലാം സ്രഷ്ടാവാണ് അല്ലാഹു. പ്രപഞ്ചത്തിലെ സകലമാന പ്രതിഭാസങ്ങളും കാരണത്തെ തേടുന്നു. കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണം കാരണങ്ങളാവശ്യമില്ലാത്ത ഒരു മഹാശക്തിയില്‍ എത്തിച്ചേരുന്നു. ആ പരാശക്തി പ്രപഞ്ചത്തിന് ഉപരിയായതും പദാര്‍ഥാതീതവുമായിരിക്കണം. അപ്പോള്‍ സകലമാന പ്രതിഭാസങ്ങളുടെയും അടിസ്ഥാനകാരണമായ അല്ലാഹു എന്ന പരാശക്തിയുടെ സത്ത പ്രപഞ്ചത്തിന് ഉപരിയായതും പദാര്‍ഥാതീതവുമാണെന്ന് സാരം. മനുഷ്യന്റെ കഴിവുകള്‍ക്കും പഞ്ചേന്ദ്രിയങ്ങളിലൂടെ അവന്‍ നേടുന്ന അറിവിനും പരിമിതികളുണ്ട്. പദാര്‍ഥാതീതനായ അല്ലാഹുവിന്റെ സത്തയെ സംബന്ധിച്ച് സ്ഥലകാല ബന്ധനത്തിലുള്ള മനുഷ്യബുദ്ധിക്ക് നിഗമനങ്ങളിലെത്തുക സാധ്യമല്ല. അല്ലാഹുവിന്റെ വിശദീകരണങ്ങള്‍ സ്വീകരിക്കുക മാത്രമാണ് മനുഷ്യന് നിര്‍വാഹമുള്ളത്. വിശുദ്ധ ഖുര്‍ആനും തിരുനബിയുടെ മൊഴികളും അല്ലാഹുവിനെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ അപ്പടി സ്വീകരിക്കുകയും അവ പരിമിതമായ നമ്മുടെ മസ്തിഷ്‌കപരിധിക്കകത്ത് വിശദീകരിക്കാന്‍ അസാധ്യമായതാണെങ്കില്‍ ‘അല്ലാഹുവിനറിയാം’ എന്നു മാത്രം വിനീതമായി പറയുകയും ചെയ്യുന്ന രീതിയാണ് സച്ചരിതരമായ പൂര്‍വപണ്ഡിതന്മാര്‍ സ്വീകരിച്ചുപോന്നിട്ടുള്ളത്.
അല്ലാഹുവിനെ സംബന്ധിച്ച പരാമര്‍ശങ്ങളിലൊരിടത്തും സത്ത എന്ന അര്‍ത്ഥമുള്ള (ദാത്ത്) എന്ന പദം ഖുര്‍ആന്‍ പ്രയോഗിച്ചിട്ടില്ല. മറ്റു സ്ഥലങ്ങളില്‍ ഖുര്‍ആന്‍ പ്രയോഗിച്ച ‘ദാത്തി’ന് സത്തയെന്ന വിവക്ഷയില്ല. എന്നാല്‍ ചില നബിവചനങ്ങളില്‍ ദാത്ത് എന്ന പദം സത്ത എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചിട്ടുണ്ട്.
അല്ലാഹുവിന്റെ സത്തയെക്കുറിച്ച് ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെട്ട ഏക കാര്യം അവന്‍ അഹദ് (ഏകന്‍) ആണ് എന്നതാണ്. ഈ പദാര്‍ഥലോകത്തിലെ ഒരു വസ്തുവിനും പരമമായ ഏകത്വമവകാശപ്പെടാന്‍ കഴിയില്ല. പദാര്‍ഥത്തെയും പ്രപഞ്ചത്തെയും പടച്ച അല്ലാഹുമാത്രമാണ് എല്ലാ അര്‍ഥത്തിലും ഏകനായിട്ടുള്ളവന്‍. പദാര്‍ഥത്തിന്റെ മൗലിക സ്വഭാവമായ ‘ബഹുത്വം’ അവന്റ സത്തയില്‍ ഇല്ലാത്തതിനാല്‍ അവന്‍ ഏകനായി നിലനില്‍ക്കുന്നു. അവന് ആരുടെയും അശ്രയം ആവശ്യവുമില്ല. അവന്റെ സത്തക്കു തുല്യമായി ഒരു വസ്തുവുമില്ല. വളരെ ലളിതമായി ഖുര്‍ആന്‍ ഇത് വ്യക്തമാക്കുന്നു.
”പറയുക, അല്ലാഹു ഏകനാണ് എന്നതാകുന്നു വസ്തുത. അല്ലാഹു പരാശ്രയം വേണ്ടാത്തവനും സകലര്‍ക്കും ആശ്രയമായിട്ടുള്ളവനുമാകുന്നു. അവന്‍ പിതാവോ സന്തതിയോ അല്ല. അവന് തുല്യമായി ആരുമില്ല” (112:1-4).
അവന്‍ പിതാവോ സന്തതിയോ അല്ലയെന്ന ഖുര്‍ആന്‍ പരാമര്‍ശം അല്ലാഹുവിന്റെ സത്തയെ സംബന്ധിച്ച് നിലനിന്നിരുന്ന രണ്ട് മൂഢവിശ്വാസങ്ങളെ തിരുത്തുകയാണ് ചെയ്യുന്നത്. ക്രിസ്ത്യാനികള്‍ യേശു ദൈവപുത്രനാണെന്ന് വാദിക്കുക വഴി യഥാര്‍ഥത്തില്‍ ദൈവിക സത്തയുടെ ഏറ്റവും വലിയ സവിശേഷതയായ ഏകത്വത്തെ നിഷേധിക്കുയാണ് ചെയ്യുന്നത്. മാലാഖമാര്‍ ദൈവപുത്രികളായി സങ്കല്‍പ്പിക്കപ്പെട്ടിരുന്ന സമൂഹങ്ങള്‍ വെച്ചുപുലര്‍ത്തുന്നത് പരമമായ ഏകത്വമെന്ന ദൈവികസത്തയുടെ സവിശേഷ പ്രകൃതിക്ക് വിരുദ്ധമായ വിശ്വാസമാണ്. അല്ലാഹുവിന്റെ സത്ത തന്നെ നമ്മുടെ വിശദീകരണത്തിന് അതീതമായ സ്ഥിതിക്ക് അവന്റെ മുഖം, കൈ, കണ്ണ്, സിംഹാസനം തുടങ്ങിയവയൊന്നും തന്നെ നമ്മുടെ വിശദീകരണത്തിന് വഴങ്ങുന്നതല്ല.
അസ്മാഉല്‍ഹുസ്‌നാ
പ്രവാചകന്‍ അല്ലാഹുവിന്റെ നാമങ്ങള്‍ കൃത്യമായി എണ്ണിപഠിപ്പിക്കാത്തതിനാല്‍ ഖുര്‍ആനിലും ഹദീസിലുമായി വന്ന ധാരാളം പേരുകള്‍ കാണാം. അവ 99 എന്നതില്‍ നിജപ്പെടുത്താന്‍ സാധ്യമല്ല. ഖുര്‍ആനിലും ഹദീസിലുമായി വന്ന നാമങ്ങളില്‍ പരമാവധി ഇവിടെ നല്കിയിട്ടുണ്ട്. ഇത് ഒരു പൂര്‍ണ ലിസ്റ്റ് ആയി പരിഗണിക്കാവതല്ല.
1. അല്‍ ഇലാഹ് (ആരാധ്യന്‍)
2. അല്‍ അഹദ് (ഏകന്‍)
3. അല്‍ അവ്വല്‍ (ആദ്യമുള്ളവന്‍)
4. അല്‍ ആഖിര്‍ (അന്തിമന്‍)
5. അല്‍അഅ്‌ലാ (അത്യുന്നതന്‍)
6. അല്‍ അക്‌റം (അത്യുദാരന്‍)
7. അല്‍ ബാരിഅ് (നിര്‍മാതാവ്)
8. അല്‍ ബാസിത് (നിവര്‍ത്തുന്നവന്‍)
9. അല്‍ ബാത്വിന്‍ (മറഞ്ഞിരിക്കുന്നവന്‍)
10. അല്‍ ബാഖി (എന്നെന്നും ശേഷിക്കുന്നവന്‍)
11. അല്‍ ബദീഅ് (മാത്യകയില്ലാതെ നിര്‍മിച്ചവന്‍)
12. അല്‍ ബര്‍റ് (ഔദാര്യവാന്‍)
13. അല്‍ ബസ്വീര്‍ (എല്ലാം കാണുന്നവന്‍)
14. അത്തവ്വാബ് (പശ്ചാത്താപം സ്വീകരിക്കുന്നവന്‍)
15. അല്‍ ജാമിഅ് (ഒരുമിച്ചുകൂട്ടുന്നവന്‍)
16. അല്‍ ജബ്ബാര്‍ (പരമാധികാരി)
17. അല്‍ ഹാകിം (വിധികര്‍ത്താവ്)
18. അല്‍ ഹസീബ് (മതിയായവന്‍)
19. അല്‍ ഹഫിയ്യ് (ദയയുള്ളവന്‍)
20. അല്‍ ഹഫീള് (സംരക്ഷകന്‍)
21. അല്‍ ഹഖ് (പരമസത്യം)
22. അല്‍ ഹകീം (യുക്തിമാന്‍)
23. അല്‍ ഹലീം (സഹനശീലന്‍)
24. അല്‍ ഹമീദ് (സ്തുത്യര്‍ഹന്‍)
25. അല്‍ ഹയ്യ് (എന്നെന്നും ജീവിച്ചിരിക്കുന്നവന്‍)
26. അല്‍ ഹാലിക്ക് (സ്രഷ്ടാവ്)
27. അല്‍ ഹബീര്‍ (സൂക്ഷ്മജ്ഞന്‍)
28. അര്‍റഊഫ് (ദയാനിധി)
29. അര്‍റബ്ബ് (പരിപാലകന്‍)
30. അര്‍റഹ്‌മാന്‍ (പരമകാരുണികന്‍)
31. അര്‍റഹീം (കരുണാനിധി)
32. അര്‍റസ്സാഖ് (അന്നദാതാവ്)
33. അര്‍റഖീബ് (നിരീക്ഷകന്‍)
34. അസ്സലാം (സമാധാനം നല്കുന്നവന്‍)
35. അസ്സമീഅ് (എല്ലാം കേള്‍ക്കുന്നവന്‍)
36. അശ്ശാഫി (ശമനം നല്‍കുന്നവന്‍)
37. അശ്ശുകൂര്‍ (നന്ദിയുള്ളവന്‍)
38. അശ്ശഹീദ് (സാക്ഷിയായവന്‍)
39. അസ്സ്വമദ് (സര്‍വ്വര്‍ക്കും ആശ്രയമായിട്ടുള്ളവന്‍)
40. അള്ളാഹിര്‍ (പ്രത്യക്ഷന്‍)
41. അല്‍ ആദില്‍ (നീതിമാന്‍)
42. അല്‍ ആലിം (സര്‍വ്വജ്ഞന്‍)
43. അല്‍ അസീസ് (പ്രതാപി)
44. അല്‍ അളീം (മഹാന്‍)
45. അല്‍ അലിയ്യ് (അത്യുന്നതന്‍)
46. അല്‍ ഗഫൂര്‍ (മാപ്പരുളുന്നവന്‍)
47. അല്‍ ഗനിയ്യ് (ഐശ്വര്യവാന്‍)
48. അല്‍ ഫാത്വിര്‍ (ഇല്ലായ്മയില്‍ നിന്നും സൃഷ്ടിച്ചവന്‍)
49. അല്‍ ഫത്താഹ് (തീര്‍പ്പുകല്‍പിക്കുന്നവന്‍)
50. അല്‍ ഖാബിള് (ചുരുട്ടുന്നവന്‍)
51. അല്‍ ഖാഹിര്‍ (പരമാധികാരമുള്ളവന്‍)
52. അല്‍ഖുദ്ദൂസ് (പരമപരിശുദ്ധന്‍)
53. അല്‍ ഖദീര്‍ (സര്‍വ്വശക്തന്‍)
54. അല്‍ ഖരീബ് (സമീപസ്ഥന്‍)
55. അല്‍ ഖഹ്ഹാര്‍ (പരമാധികാരമുള്ളവന്‍)
56. അല്‍ ഖവിയ്യ് (ശക്തന്‍)
57. അല്‍ കബീര്‍ (മഹത്വമേറിയവന്‍)
58. അല്‍ കരീം (അത്യുദാരന്‍)
59. അല്ലത്വീഫ് (ഗൂഡരഹസ്യമറിയുന്നവന്‍)
60. അല്‍ മുഅ്മിന്‍ (അഭയദായകന്‍)
61. അല്‍ മുബീന്‍ (സുവ്യക്തന്‍)
62. അല്‍ മജീദ് (മഹത്വമുള്ളവന്‍)
63. അല്‍ മതീന്‍ (പ്രബലന്‍)
64. അല്‍ മുജീബ് (ഉത്തരം നല്‍കുന്നവന്‍)
65. അല്‍ മുഹീത്വ് (വലയം ചെയ്യുന്നവന്‍)
66. അല്‍ മുസ്തആന്‍ (സഹായം തേടാന്‍ അര്‍ഹതപ്പെട്ടവന്‍)
67. അല്‍മുസ്വവ്വിര്‍ (രൂപപ്പെടുത്തുന്നവന്‍)
68. അല്‍ മുഖ്തദിര്‍ (കഴിവുള്ളവന്‍)
69. അല്‍ മുഖദ്ദിം (മുന്നിലാക്കുന്നവന്‍)
70. അല്‍ മുഖീത് (മേല്‍നോട്ടം വഹിക്കുന്നവന്‍)
71. അല്‍മലിക് (രാജാവ്)
72. അല്‍ മുഹയ്മിന്‍ (മേല്‍നോട്ടം വഹിക്കുന്നവന്‍)
73. അല്‍ മൗല (രക്ഷകന്‍)
74. അന്നാസ്വിര്‍ (സഹായി)
75. അന്നൂര്‍ (പ്രകാശം)
76. അല്‍ ഹാദി (മാര്‍ഗദര്‍ശകന്‍)
77. അല്‍ വാരിസ് (അനന്തരമെടുക്കുന്നവന്‍)
78. അല്‍ വാസിഅ് (വിപുലമായ കഴിവുള്ളവന്‍)
79. അല്‍ വത്ര്‍ (ഒറ്റ)
80. അല്‍ വദൂദ് (അത്യധികം സ്‌നേഹമുള്ളവന്‍)
81. അല്‍ വകീല്‍ (ഭരമേല്‍പ്പിക്കപ്പെടുന്നവന്‍)
82. അല്‍ മുഅഖ്ഖിര്‍ (പിന്നിലാക്കുന്നവന്‍)
83. ദുല്‍ജലാലിവല്‍ഇക്‌റാം (മഹിതപ്രഭാവവും ആദരവുമുള്ളവന്‍)
84. റഫീഉദ്ദറജാത്ത് (പദവികള്‍ ഉയര്‍ന്നവന്‍)
85. ദുത്തൗല്‍ (വിപുലമായ കഴിവുള്ളവന്‍)
86. ദുല്‍ ഫള്‌ല് (അനുഗ്രഹമുള്ളവന്‍)
87. ദുല്‍മആരിജ് (കയറിപ്പോകുന്ന വഴികളുടെ അധിപന്‍)
