ശിര്‍ക്ക് (ബഹുദൈവാരാധന)
ഇസ്ലാമിന്റെ അടിത്തറയാണ് തൗഹീദ്. പ്രപഞ്ചകർത്താവും ഏകനും സർവശക്തനുമായ അല്ലാഹുവിന് ഒരു കാര്യത്തിലും പങ്കുകാരില്ല എന്ന വിശ്വാസമാണത്. ഇതിന് നേർവിപരീതമാണ് ശിർക്ക്. അഥവാ അല്ലാഹുവിന് കർതൃത്വത്തിലോ നിയന്ത്രണത്തിലോ സംഹാരത്തിലോ പങ്കുകാരുണ്ടെന്ന വിശ്വാസമാണ് ശിർക്ക്. അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമാണ് ശിര്‍ക്ക് (ബഹുദൈവാരാധന).
ശിർക്കിന്റെ രൂപങ്ങൾ, ശിർക്കെന്ന മഹാപാപം, ശിർക്കും ഭയപ്പാടും, ശിർക്ക് വരുന്ന വഴികൾ, അല്ലാഹു അല്ലാത്തവരിൽ നിന്നുള്ള പേടിയും പ്രതീക്ഷയും, അല്ലാഹു അല്ലാത്തവർക്കുള്ള നേർച്ച, അല്ലാഹു അല്ലാത്തവർക്കുള്ള ബലി, അല്ലാഹു അല്ലാത്തവരുടെ പേരിൽ സത്യം ചെയ്യൽ, അനുഗ്രഹങ്ങളിൽ അഹങ്കരിക്കൽ തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഗഹനമായി ഇവിടെ വായിക്കാം.
ശിര്‍ക്ക് എന്ന അറബിപദത്തിന്റെ അര്‍ഥം പങ്കു ചേര്‍ക്കുക എന്നാണ്. ഒരു കാര്യത്തില്‍ ഒരാള്‍ മറ്റൊരാളെ പങ്കാളി(ശരീക്) ആക്കിയാല്‍ അതിന് ഭാഷയില്‍ ശിര്‍ക്കു ചെയ്തുവെന്ന് പറയാം. എന്നാല്‍ സാങ്കേതിക ഭാഷയില്‍ ശിര്‍ക്ക് എന്നതു കൊണ്ട് വിവക്ഷിക്കപ്പെടുന്നത് അല്ലാഹുവിന് പങ്കാളികളെ സങ്കല്പിക്കുക എന്നതാണ്.
പ്രപഞ്ചകര്‍ത്താവും ഏകനും സര്‍വ്വശക്തനുമായ അല്ലാഹുവിന് ഒരു കാര്യത്തിലും പങ്കുകാരില്ല. പ്രപഞ്ചത്തില്‍ ഒന്നിലേറെ ദൈവങ്ങളുണ്ടെന്ന സങ്കല്‍പ്പം ബഹുദൈവ വിശ്വാസം ആണ്. പ്രപഞ്ച കര്‍തൃത്വത്തിലോ നിയന്ത്രണത്തിലോ സംഹാരത്തിലോ അല്ലാഹുവിന് പങ്കുകാരുണ്ടെന്ന് വിശ്വസിക്കുന്നതും ബഹുദൈവ വിശ്വാസമാണ്. അതുപോലെത്തന്നെ അല്ലാഹുവിന്റെ കഴിവുകളും ജ്ഞാനവും മറ്റുപ്രത്യേകതകളും ഏതെങ്കിലും സൃഷ്ടികളില്‍ ആരോപിക്കുന്നതും ബഹുദൈവ വിശ്വാസം തന്നെയാണ്. ഇതെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ ബഹുദൈവാരാധനയുടെ നിര്‍വചനം നല്‍കിയത് ഇപ്രകാരമാണ്: ‘അല്ലാഹുവിന്റെ സത്ത(ദാത്ത്)യിലോ പ്രവര്‍ത്തനങ്ങളിലോ(അഫ്ആല്) വിശേഷണങ്ങളിലോ(സ്വിഫാത്ത്) പങ്കു ചേര്‍ക്കലാണ് ബഹുദൈവാരാധന അഥവാ ശിര്‍ക്ക്.
അല്ലാഹു നിഷിദ്ധമാക്കിയ സംഗതികളില്‍ പ്രഥമ സ്ഥാനത്ത് നില്ക്കുന്നതും അവനൊരിക്കലും പൊറുക്കാത്തതുമായ പാപമാണ് ശിര്‍ക്ക്. മനുഷ്യന് ചെയ്യുന്ന സകല പുണ്യകര്‍മങ്ങളെയും ശിര്‍ക്ക് നിഷ്ഫലമാക്കും. അല്ലാഹു പറയുന്നു: ”അവര്‍ പങ്കു ചേര്‍ക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം നിഷ്ഫലമാകും”(6:88). ആരെങ്കിലും അല്ലാഹുവില്‍ പങ്ക് ചേര്‍ത്താല്‍ അല്ലാഹു സ്വര്‍ഗം അവന് നിഷിദ്ധമാക്കിയിരിക്കുന്നു. അവന്റെ അഭയം നരകമാകുന്നു. അക്രമികള്‍ക്ക് യാതൊരു സഹായിയും ഉണ്ടാകുകയില്ല.
മുഹമ്മദ് നബി(സ്വ)യോടു പോലും അല്ലാഹു ഇക്കാര്യം സഗൗരവം ഉണര്‍ത്തുന്നു: ”അവര്‍ അല്ലാഹുവില്‍ പങ്കു ചേര്‍ക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം നിഷ്ഫലമാകും”(6:88).
മുഹമ്മദ് നബിയേ, താങ്കള്‍ക്കും താങ്കളുടെ മുമ്പുള്ളവര്ക്കും ദിവ്യസന്ദേശം നല്കപ്പെട്ടിട്ടുള്ളത് ഇതാണ്. താങ്കള്‍ ശിര്‍ക്ക് ചെയ്യുന്ന പക്ഷം താങ്കളുടെ കര്‍മം നിഷ്ഫലമായിപ്പോകും(39:65).
അല്ലാഹു പറയുന്നു: ‘നിശ്ചയം, തന്നോട് പങ്ക് ചേര്‍ക്കപ്പെടുന്നത് അല്ലാഹു പൊറുക്കുകയില്ല. അതല്ലാത്തത് അവന് ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കും. അല്ലഹുവില്‍ പങ്കു ചേര്ക്കുന്നുവന് മഹാകുറ്റം ചമച്ചിരിക്കുന്നു’ (4:48).
ഇബ്നുമസ്ഊദ്(റ) പറയുന്നു: ”ഏറ്റവും വലിയ പാപം ഏതാണെന്ന് നബി(സ്വ)യോടു ഞാന്‍ ചോദിച്ചു. അപ്പോള്‍ തിരുനബി(സ്വ) അരുളി: നിന്നെ സൃഷ്ടിച്ച അല്ലാഹുവില്‍ നീ പങ്ക് ചേര്‍ക്കലാണ്” (ബുഖാരി) 1.
ഈ സ്ഥൂലപ്രപഞ്ചത്തിന് രണ്ടു സ്രഷ്ടാക്കളുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു സമൂഹവും ഏതെങ്കിലും കാലത്ത് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ സൃഷ്ടി- സ്ഥിതി സംഹാരങ്ങള്‍ക്ക് വെവ്വേറെ ആളുകളെ പ്രതിഷ്ഠിക്കുന്ന ത്രിമൂര്‍ത്തി സങ്കല്‍പ്പം സമൂഹത്തിലുണ്ട്. ഒന്നായ ദൈവത്തെ മൂന്നായി സങ്കലല്‍പ്പിക്കുന്ന ത്രിയേകത്വ സിദ്ധാന്തം ചില മതങ്ങള്‍ വെച്ചു പുലര്‍ത്തുന്നുണ്ട്. ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ ഇതെല്ലാം ബഹുദൈവ വിശ്വാസമാണ്. ഇങ്ങനെ ഓരോന്നിനെയും ആരാധിക്കുന്നത് ബഹുദൈവാരാധനയാണ്. അതാണ് ശിര്‍ക്ക് എന്ന് പറയുന്നത്. അല്ലാഹു പൊറുക്കാത്ത പാപമാണ് ശിര്‍ക്ക് എന്നാണ് ഇസ്ലാമിക വിശ്വാസം.
സൃഷ്ടി സ്ഥിതി സംഹാരങ്ങളെല്ലാം പ്രപഞ്ചനാഥന് തന്നെയാണെന്ന് വിശ്വസിക്കുകയും ആരാധനയില്‍ അവന്നുപുറമെ മറ്റു പലരെയും സ്വീകരിച്ചുകൊണ്ട് ശിര്‍ക്ക് ചെയ്യുന്ന സമൂഹങ്ങളുമുണ്ട്. ‘സ്രഷ്ടാവിനു മാത്രമേ ആരാധനകള്‍ അര്‍പിക്കാവൂ; അവന് ഏകനായ ദൈവമാണ്’ എന്നതാണ് ഇസ്ലാമിക ദര്‍ശനം. ഇതായിരുന്നു പ്രവാചകന്മാരുടെ പ്രബോധത്തിലെ അടിസ്ഥാന ആശയം.
ശിര്‍ക്കിന്റെ രൂപങ്ങള്‍
അല്ലാഹുവില്‍ പങ്ക് വെക്കുന്നവര്‍(മുശ്രിക്കുകള്‍) പല തരത്തിലുണ്ട്. എന്നാല്‍ സത്തയിലും ഗുണത്തിലും ശക്തിയിലും അല്ലാഹുവിന് തുല്യമായ മറ്റൊരു ദൈവം ഉണ്ട് എന്ന സങ്കല്പം ഒരിക്കലും ഒരു വിഭാഗത്തിനും ഉണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. വിഖ്യാത ഖുര്‍ആന്‍ പണ്ഡിതനായ ഇമാം റാസി ഇങ്ങനെ രേഖപ്പെടുത്തുന്നു: അറിയുക അസ്തിത്വത്തിലും കഴിവിലും അറിവിലും യുക്തിയിലും അല്ലാഹുവിന് സമാനനായ ഒരു പങ്കുകാരനെ സങ്കല്പിക്കുന്ന യാതൊരാളും ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടില്ല (ഇമാം റാസി) 2.
ഇസ്ലാമിന് മുമ്പ് ജാഹിലിയ്യ കാലത്ത് അറേബ്യയില്‍ സര്‍വത്ര പ്രചരിച്ചിരുന്നത് ആരാധനയില്‍ പങ്കുകാരെ നിശ്ചയിച്ചുകൊണ്ടുള്ള ശിര്‍ക്കായിരുന്നു. അവര്‍ ബിംബങ്ങളെ മാത്രമല്ല, ഈസാ, മര്‍യം, ഉസൈര്‍, മലക്കുകള്‍, ജിന്നുകള്‍ തുടങ്ങിയവരെയും വിളിച്ച് സഹായമര്‍ഥിച്ചിരുന്നു. അവര്‍ക്ക് നേര്‍ച്ച വഴിപാടുകള്‍ നല്‍കുകയും ചെയ്തിരുന്നു. ലാഇലാഹ ഇല്ലല്ലാഹ് എന്ന തൗഹീദിന്റെ ആദര്‍ശം അവര്‍ അംഗീകരിച്ചില്ല. മാത്രമല്ല അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി യാതൊന്നുമില്ല എന്ന് പ്രവാചകന്(സ്വ) അവരോട് പറഞ്ഞപ്പോള്‍ അവരുടെ പ്രതികരണം ഇപ്രകാരമായിരുന്നെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘ആരാധ്യന്മാരെയെല്ലാം ഒരൊറ്റ ആരാധ്യനാക്കി മാറ്റിയോ? ഇത് അത്ഭുതം തന്നെ‘ (38:5).
അല്ലാഹു അല്ലാത്തവര്‍ക്കുള്ള സഹായാര്‍ഥനകളും നേര്‍ച്ച വഴിപാടുകളും അവര്‍ക്ക് ചെയ്യുന്ന ഇബാദത്ത്(ആരാധന) ആണെന്ന് അവര്‍ മനസ്സിലാക്കുകയും അത് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. പ്രാര്‍ഥിക്കപ്പെടുന്നവരെ അവര്‍ ആലിഹത്ത്(ദൈവങ്ങള്‍) എന്നു തന്നെ വിളിച്ചു പോന്നു. അതേയവസരത്തില്‍ അല്ലാഹു ഏകനാണ്, അവനാണ് തങ്ങളെയും പ്രപഞ്ചത്തെയും സൃഷ്ടിച്ച് പരിപാലിക്കുന്നതും എന്നും അവര്‍ ദൃഢമായി വിശ്വസിച്ചു. പിന്നെ ഏത് വിധത്തിലാണ് അവര്‍ അല്ലാഹുവിന് പങ്കുകാരെ നിശ്ചയിച്ചിരുന്നത് എന്ന് ഹജ്ജിന്റെ വേളയില്‍ അവര്‍ ഉരുവിട്ടിരുന്ന തല്ബിയത്തില് നിന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാം.
അല്ലാഹുവിന് ചില പങ്കുകാരുണ്ട്. ആ പങ്കുകാരും അവര്‍ക്കുള്ളതും അല്ലാഹുവിന് അധീനമാണ്. അത്തരം പങ്കുകാരല്ലാതെ മറ്റു യാതൊരു പങ്കുകാരും അല്ലാഹുവിനില്ല ഇതായിരുന്നു അവരുടെ വിശ്വാസം. (ബുഖാരി) 3 ഈ രൂപത്തില്‍ പങ്കുകാരെ സങ്കല്‍പ്പിക്കാനും അവരോട് സഹായാര്ഥന എന്ന ആരാധന ചെയ്യുവാനും അവര്‍ പറഞ്ഞിരുന്ന ന്യായം വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നു.
‘അല്ലാഹുവിന് പുറമെ മറ്റുള്ളവരെ രക്ഷാധികാരികളായി സ്വീകരിച്ചിട്ടുള്ളവര്‍ അവകാശപ്പെടുന്നു: അല്ലാഹുവിലേക്ക് ഞങ്ങളെ കൂടുതല്‍ അടുപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. നിശ്ചയം അവര്‍ ഭിന്നാഭിപ്രായത്തിലായ കാര്യത്തില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീര്‍പ്പ് കല്പ്പിക്കുന്നു. നന്ദികെട്ട കള്ളവാദിയെ ഒരിക്കലും അല്ലാഹു സന്മാര്ഗത്തിലേക്ക് നയിക്കുകയില്ല‘(39:3). താത്വികമായി ഏക ആരാധ്യനെ അംഗീകരിക്കുകയും പ്രവൃത്തിപഥത്തില്‍ ശിര്‍ക്ക് വരുത്തുകയും ചെയ്യുന്ന ജൂത ക്രൈസ്തവരെ വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത് വേദഗ്രന്ഥം നല്കപ്പെട്ടവര് (അഹ്ലുല്‍ കിത്താബ്) എന്നാണ്. ഇവരെ ഖുര്‍ആന്‍ യഥാര്‍ഥ ഏകദൈവത്തിലേക്ക് ക്ഷണിച്ചു.
‘നബിയേ പറയുക: വേദക്കാരേ, ഞങ്ങളും നിങ്ങളും അംഗീകരിക്കുന്ന ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അത് ഇങ്ങനെയാണ്: അതായത് അല്ലാഹുവെയല്ലാതെ ആരെയും നാം ആരാധിക്കാതിരിക്കുക, അവനോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കാതിരിക്കുക, നമ്മളില്‍ ചിലര്‍ മറ്റു ചിലരെ അല്ലാഹുവിന് പുറമെ രക്ഷിതാക്കളാക്കാതിരിക്കുക’ (3:64).
ഏകനായ ദൈവത്തെ മൂന്നായി കാണുന്ന ഒരു തരം വൈരുധ്യത്തില്‍ വിശ്വസിക്കുന്ന മറ്റൊരു ശിര്‍ക്കും ലോകത്ത് കണ്ടുവരുന്നു. അതും ഖുര്‍ആന്‍ നിരോധിക്കുന്നു.
‘അല്ലാഹു മൂവരില്‍ ഒരാളാണ് എന്നു പറഞ്ഞവര്‍ തീര്‍ച്ചയായും സത്യനിഷേധികള്‍ തന്നെ. ഏക ആരാധ്യനല്ലാതെ യാതൊരാരാധ്യനും ഇല്ലതന്നെ‘ (5:73).
സ്രഷ്ടാവും സൃഷ്ടിയും രണ്ടല്ല എന്ന അദ്വൈത സിദ്ധാന്തം മുസ്ലിംകളില്‍പ്പെട്ട ചില സൂഫിമാരെയും സ്വാധീനിച്ചതായി കാണാന്‍ കഴിയും. വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന അല്ലാഹു സമ്പൂര്‍ണനാണ്. ദൈവിക ഗുണങ്ങള്‍ മാനുഷിക ഗുണങ്ങളുമായി താരതമ്യം ചെയ്യാന്‍ ഒരിക്കലും സാധ്യമല്ല. അല്ലാഹുവിന് സദൃശ്യമായി യാതൊന്നുമില്ല (42:11) എന്ന ഖുര്‍ആനിക പരാമര്‍ശം അല്ലാഹുവിന്റെ ഗുണങ്ങള്‍ക്ക് തുല്യമായ ഗുണങ്ങള്‍ സൃഷ്ടികള്‍ക്കൊന്നിനുമുണ്ടാവില്ല എന്ന് വ്യക്തമാക്കിത്തരുന്നു. പ്രപഞ്ചത്തില്‍ നിന്ന് ഭിന്നമല്ല പ്രപഞ്ചനാഥന് എന്ന സങ്കല്പത്തിന് ഇതോടുകൂടി യാതൊരു പ്രസക്തിയുമില്ലാതെയാവുന്നു.
ഇങ്ങനെ ഏതെങ്കിലും തരത്തില്‍ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുക എന്നതാണ് ശിര്‍ക്ക്. അല്ലാഹു വലിയ അക്രമമായിട്ടാണ് ഇതിനെ പഠിപ്പിക്കുന്നത്. ‘ലുഖ്മാന്(അ) തന്റെ മകന് സദുപദേശം നല്കിക്കൊണ്ടിരിക്കെ അവനോട് പറഞ്ഞത് ഓര്‍ക്കുക. എന്റെ കുഞ്ഞുമകനേ, അല്ലാഹുവില്‍ നീ പങ്കു ചേര്‍ക്കരുത്. നിശ്ചയം അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമമാണ് (31:13).
ശിര്‍ക്കെന്ന മാഹാപാപം
പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പ്രമാണമാക്കിയ സഹാബിവര്യന്മാരും നന്മയില് അവരെ പിന്തുടര്‍ന്ന താബിഉകളും ശഹാദത്ത് കലിമ(സത്യസാക്ഷ്യം) അംഗീകരിക്കുകയും ശിര്‍ക്ക് മഹാപാപമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. വിശ്വാസിയോട് മറ്റുള്ള മഹാപാപങ്ങളെ ഭയപ്പെടുന്നതില്‍ നിന്ന് ഉപരിയായി ശിര്‍ക്കിനെ ഭയപ്പെടുവാനും തന്റെ വിശ്വാസത്തിലോ പ്രവൃത്തിയിലോ ശിര്‍ക്ക് വന്നു ഭവിക്കാതിരിക്കാന്‍ കൂടുതല്‍ സൂക്ഷ്മതയും ശ്രദ്ധയും പാലിക്കാനുമാണ് അല്ലാഹു നിര്‍ദ്ദേശിക്കുന്നത്. ചില ദുര്‍ബല നിമിഷങ്ങളില്‍ വിശ്വാസികളില്‍ നിന്നുപോലും ശിര്‍ക്കെന്ന വന്‍ദോഷം അവന്റെ വിശ്വാസത്തിലോ കര്‍മങ്ങളിലോ സംഭവിക്കാനുള്ള സാധ്യതയെ പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നിഷേധിക്കുന്നില്ല. ശിര്‍ക്കിന്റെ ഗൗരവം ഓര്‍മപ്പെടുത്തി പരിശുദ്ധ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും വന്നിട്ടുള്ള കാര്യങ്ങള്‍ ഇവിടെ ഓര്‍ക്കുന്നത് പ്രസക്തമാണ്. ‘‘അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നവര്‍ നിശ്ചയം സത്യത്തില്‍ നിന്ന് ബഹുദൂരം പിഴച്ചുപോയിരിക്കുന്നു” (4:116).
ഇബ്നുമസ്ഊദ്(റ) നിവേദനം: റസൂല്‍(സ്വ) പറഞ്ഞു, ”അല്ലാഹുവിനു പങ്കുകാരെ സ്ഥാപിച്ച് പ്രാര്‍ഥിച്ചുകൊണ്ട് വല്ലവരും മരിച്ചാല്‍ അവന് നരകത്തില്‍ പ്രവേശിച്ചു” (ബുഖാരി) 3.
ശിര്‍ക്കിനെ ഭയപ്പെടാന്‍ ഇസ്ലാം കൂടുതലായി നിര്‍ദേശിക്കുകയും ശിര്‍ക്കുപരമായ വിശ്വാസത്തിലേക്കും കര്‍മത്തിലേക്കും വഴിതെളിയിക്കുന്ന ചെറുതും വലുതുമായ എല്ലാ സംഗതികളേയും നിഷിദ്ധമാക്കുകയും ചെയ്യുന്നു. പരമകാരുണികന്റെ അടിമകള്‍ (ഇബാദുര്‍റഹ്മാന്‍) വര്‍ജിക്കേണ്ടതായ തിന്മകള് പരിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ‘അമിതമായി ചെലവഴിക്കുകയോ പിശുക്ക് കാണിക്കുകയോ ചെയ്യാതെ മിതമായ മാര്‍ഗം സ്വീകരിക്കുന്നവരാകുന്നു സത്യവിശ്വാസികള്‍. അതോടൊപ്പം അല്ലാഹുവിന്റെ കൂടെ മറ്റൊരു ഇലാഹിനെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുകയുമില്ല, അവര്‍ വ്യഭിചരിക്കുകയില്ല’ (25:67,68). പരമകാരുണികന്റെ അടിമകളില്‍ പിശുക്കും ധൂര്‍ത്തും വ്യഭിചാരവും കൊലപാതകവും പോലുള്ള വന്‍ ദോഷങ്ങള്‍ സംഭവിക്കുന്നത് പോലെ ശിര്‍ക്കും അവരുടെ വിശ്വാസത്തിലേക്ക് കടന്നു വരുന്നതിനെ ഭയത്തോടെ കാണുകയും അതില്‍ ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് ഈ സൂക്തം പഠിപ്പിക്കുന്നു.
പ്രകൃതി മതത്തിലേക്ക് വക്രതയില്ലാത്ത ശുദ്ധ മനസ്സോടുകൂടി കടന്നു വരാന്‍ മക്കളോട് പോലും വസ്വിയ്യത്ത് ചെയ്യണമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ‘യഅ്ഖൂബിന് മരണം ആസന്നമായപ്പോള്‍ നിങ്ങള്‍ അവിടെ ഉണ്ടായിരുന്നുവോ? നിങ്ങള്‍ എനിക്കു ശേഷം ആര്‍ക്കാണ് ആരാധന നടത്തുക എന്നദ്ദേഹം തന്റെ സന്താനങ്ങളോട് ചോദിച്ച സന്ദര്‍ഭത്തില്‍ അവര്‍ പറഞ്ഞു: താങ്കളുടെ ആരാധ്യനും താങ്കളുടെ പിതാക്കളായ ഇബ്രാഹിം, ഇസ്മാഈല്‍, ഇസ്ഹാഖ് എന്നിവരുടെ ആരാധ്യനുമായ ഏക ദൈവത്തെ ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവന്നു കീഴ്പ്പെട്ടു ജീവിക്കുന്നവരുമായിരിക്കും’ (2:133).
അബൂസഈദ് ഖുദ്രി(റ)യില്‍ നിന്ന് നിവേദനം. തിരുദൂതന്(സ്വ) അരുളി: ”നിശ്ചയം നിങ്ങള്‍ക്ക് മുമ്പുള്ള സമുദായത്തെ ചാണിനു ചാണായും മുഴത്തിനു മുഴമായും നിങ്ങള്‍ പിന്തുടരുന്നതാണ്. അവര്‍ ഒരു ഉടുമ്പിന്റെ മാളത്തില്‍ പ്രവേശിക്കുന്ന പക്ഷം അതില്‍ പോലും നിങ്ങള്‍ അവരെ പിന്തുടരുന്നതാണ്. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു. യഹൂദികളെയും ക്രിസ്ത്യാനികളെയുമാണോ? അപ്പോള്‍ നബി(സ്വ) പറഞ്ഞു. പിന്നെ ആരെയാണ് (ബുഖാരി) 4.
യഹൂദികളും ക്രിസ്ത്യാനികളും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ശഹാദത്ത് കലിമ അംഗീകരിച്ചവരായിരുന്നു. എന്നിട്ടും അവരില്‍ ശിര്‍ക്കുപരമായ വിശ്വാസങ്ങളും കര്‍മങ്ങളും ഇടം പിടിച്ചതിനാല്‍ അവരെ പിന്തുടരുന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്കിയ നബി(സ്വ) ശിര്‍ക്ക് കടന്നുവരുന്ന വഴിയെ സൂക്ഷിക്കാനാണ് സ്വന്തം സമുദായത്തിന് മുന്നറിയിപ്പ് നല്‍കുന്നത്.
അബൂഹുറയ്റ(റ) പറയുന്നു: തിരുനബി(സ്വ) അരുളി. നിന്റെ നാഥന് ആഹാരം കൊടുക്കൂ. നിന്റെ നാഥനെ വുദു ഉണ്ടാക്കാന്‍ സഹായിക്കൂ, നിന്റെ നാഥന് പാനീയമെടുത്ത് കൊടുക്കൂ എന്നൊന്നും നിങ്ങളിലാരും പറയരുത്. എന്റെ യജമാനന്, എന്റെ ഉടമസ്ഥന് എന്നോ മറ്റോ പറഞ്ഞ് കൊള്ളട്ടെ. അപ്രകാരം തന്നെ എന്റെ ദാസന്, എന്റെ ദാസി എന്നും നിങ്ങളിലാരും പറയരുത്. എന്റെ ഭൃത്യ, എന്റെ പരിചാരകന് എന്നൊക്കെ പറഞ്ഞുകൊള്ളട്ടെ (ബുഖാരി) 5.
റസൂല്‍(സ്വ) ഇപ്രകാരം സഹാബിവര്യന്മാരോട് നിര്‍ദേശിച്ചത് അല്ലാഹുവിന്റെ റുബൂബിയ്യത്തില്‍ (രക്ഷാകര്‍തൃത്വത്തില്‍) ശിര്‍ക്ക് വരാതിരിക്കാനാണെന്ന് ഇമാം നവവി(റ) തന്റെ അദ്കാറില്‍ ഉദ്ധരിക്കുന്നുണ്ട്.(അദ്കാര്‍) 6 പ്രസിദ്ധ ഹദീസ് പണ്ഡിതനായ ഇബ്നുഹജര്‍ അസ്ഖലാനി(റ)യും ഇക്കാര്യം ഫത്ഹുല്‍ ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ശിര്‍ക്കും ഭയപ്പാടും
പ്രപഞ്ചനാഥനായ അല്ലാഹുവിനെ കൂടാതെ മറ്റു പലരേയും രക്ഷാധികാരികളായി സ്വീകരിക്കുകയും വിപല്ഘട്ടങ്ങളില് അഭൗതിക മാര്‍ഗേണ അവരോട് സഹായര്‍ഥന നടത്തുകയും ചെയ്യുന്നവര്‍ ആരാധ്യന്മാരെ ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കുന്നു. അസ്ഥിരമനസ്സോടെ പരിഭ്രാന്തരായി ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്നു.
അല്ലാഹു പറയുന്നു: ”വക്രതയില്ലാതെ അല്ലാഹുവിലേക്കു തിരിഞ്ഞവരും അവനോട് യാതൊന്നുംപങ്ക് ചേര്‍ക്കാത്തവരും ആയിരിക്കണം നിങ്ങള്‍. അല്ലാഹുവോട് വല്ലവനും പങ്കു ചേര്ക്കുന്നവന് ആകാശത്ത് നിന്ന് വീണതുപോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടുപോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുന്നു” (22:31).
പ്രപഞ്ചനാഥനായ അല്ലാഹുവില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം സമാധാനപൂര്‍ണമായ ജീവിതമാണ് ഉണ്ടായിരിക്കുക. അല്ലാഹു പറയുന്നു: ‘വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കലര്‍ത്താതിരിക്കുകയും ചെയ്യുന്നവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് സന്മാര്ഗം പ്രാപിച്ചവര്‍’ (6:82).
‘ഇവിടെ അക്രമംകൊണ്ട് ഉദ്ദേശിക്കുന്നത് ശിര്‍ക്കാണെന്ന് നബി(സ്വ) വ്യാഖ്യാനിക്കുകയുണ്ടായി’ (ബുഖാരി) 7.
ശിര്‍ക്ക് വരുന്ന വഴികള്‍
അല്ലാഹു അല്ലാത്ത ഏതെങ്കിലും വസ്തുവിനോ യുക്തിക്കോ ശക്തിക്കോ ആരാധന അര്‍പ്പിക്കുന്നതിനാണ് ശിര്‍ക്ക് എന്നു പറയുന്നത്. ബഹുദൈവ വിശ്വാസത്തില്‍ നിന്നാണ് ബഹുദൈവാരാധന ഉണ്ടാകുന്നത്. ഒന്നിലേറെ ദൈവങ്ങളുണ്ടെന്ന് വിശ്വസിക്കുന്നതും ദൈവത്തിന് പ്രതിരൂപങ്ങളുണ്ടാക്കി പ്രതിഷ്ഠിക്കുന്നതും പ്രത്യക്ഷമായ ശിര്‍ക്കാണ്. ദൈവത്തിന്റ ദൃഢമായി വിശ്വസിക്കുകയും ആഗ്രഹ സാഫല്യങ്ങള്ക്കുവേണ്ടി മറ്റാരോടെങ്കിലും പ്രാര്‍ഥിക്കുകയും ചെയ്യുന്നതും ശിര്‍ക്കുതന്നെ.
ഏകദൈവ വിശ്വാസം ഉള്കൊള്ളുകയും ശിര്‍ക്ക് മഹാപാപമാണെന്ന് മനസ്സിലാക്കുകയും ചെയ്ത് മുസ്ലിമായി ജീവിക്കുന്നവരില്‍ പോലും വിവരക്കുറവുകൊണ്ടോ ധാരണപ്പിശകുകൊണ്ടോ ശിര്‍ക്ക് കടന്നുവരാവുന്ന നിരവധി പഴുതുകളുണ്ട്. അല്ലാഹു അല്ലാത്ത മറ്റാരുടെയും പേരില്‍ സത്യം ചെയ്യുകയോ നേര്‍ച്ച നേരുകയോ ചെയ്യുന്നത് ശിര്‍ക്കായിത്തീരുന്നു. ഇങ്ങനെ ശിര്‍ക്കാണ് താന്‍ ചെയ്യുന്നത് എന്നറിയാതെ ശിര്ക്കിലെത്തിപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ ശ്രദ്ധിക്കുക എന്നത് സത്യവിശ്വാസിയുടെ ബാധ്യതയാണ്.
അല്ലാഹു അല്ലാത്തവരില്‍ നിന്നുള്ള പേടിയും പ്രതീക്ഷയും, തെറ്റായ അദൃശ്യജ്ഞാന വിശ്വാസം, അല്ലാഹു അല്ലാത്തവര്‍ക്കുള്ള നേര്‍ച്ച, അല്ലാഹു അല്ലാത്തവര്‍ക്കുള്ള ബലി, അല്ലാഹു അല്ലാത്തവരുടെ പേരില്‍ സത്യം ചെയ്യല്‍, അനുഗ്രഹങ്ങളില്‍ അഹങ്കരിക്കല് തുടങ്ങിയ ഭാഗങ്ങള്‍ തുടര്‍ന്നു വായിക്കാം.
- അല്ലാഹു അല്ലാത്തവരില്‍ നിന്നുള്ള പേടിയും പ്രതീക്ഷയും
- അല്ലാഹു അല്ലാത്തവര്‍ക്കുള്ള നേര്‍ച്ച
- അല്ലാഹു അല്ലാത്തവര്‍ക്കുള്ള ബലി
- അല്ലാഹു അല്ലാത്തവരുടെ പേരില്‍ സത്യം ചെയ്യല്‍
- അല്ലാഹു അല്ലാത്തവരുടെ പേരില്‍ സത്യം ചെയ്യല്‍
- അനുഗ്രഹങ്ങളില്‍ അഹങ്കരിക്കല്
അല്ലാഹു അല്ലാത്തവരില്‍ നിന്നുള്ള പേടിയും പ്രതീക്ഷയും
ഐഹിക ജീവിതത്തില്‍ മനുഷ്യര്‍ പരസ്പരം വിധേയത്വം കാണിക്കാറുണ്ട്. അഭ്യര്‍ഥനയും അപേക്ഷയുമൊക്കെ നടത്താറുണ്ട്. ഭൗതികാവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ ഇത് അനിവാര്യമാണുതാനും. ഇത് കാര്യകാരണബന്ധങ്ങള്ക്കനുസൃതമായിക്കൊണ്ടാണ്. അഥവാ അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ്. ഇതിന് ഭൗതിക കാര്യങ്ങള്‍ എന്നു പറയുന്നു. അതുപോലത്തന്നെയാണ് ആശങ്കയും ഭയവും.
എന്നാല്‍ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി (അഭൗതികമായി) നന്മ ലഭിക്കുവാന്‍ വേണ്ടിയോ തിന്മ തടയപ്പെടാന്‍ വേണ്ടിയോ ചെയ്യുന്ന ഏതു കാര്യവും ആരാധനയായിത്തീരുന്നു. അത് സാക്ഷാല്‍ ദൈവത്തിന് സമര്‍പ്പിക്കുമ്പോള്‍ തൗഹീദ് ആയിത്തീരുന്നു. ദൈവമല്ലാത്ത മറ്റാര്‍ക്കു സമര്‍പ്പിക്കുമ്പോഴും അത് അവര്‍ക്കുള്ള ആരാധനയായി മാറുന്നു; അഥവാ ശിര്‍ക്കായി മാറുന്നു. അദൃശ്യമാര്‍ഗത്തിലൂടെ ഉപകാരം ആഗ്രഹിച്ചോ ഉപദ്രവത്തെ ഭയന്നോ ചെയ്യുന്ന കാര്യങ്ങളൊക്കെ ആരാധനയാണ്.
നാം പാമ്പിനെയോ വന്യജീവികളെയോ ഭയപ്പെടുന്നത് കാര്യകാരണ ബന്ധങ്ങള്‍ക്കധീനമായി തികച്ചും ഭൗതികമായ രീതിയിലാണ്. ആ ഭയം ആരാധനയല്ല. എന്നാല്‍ പാമ്പിനെ ഭയന്ന് നാഗപൂജ നടത്തുന്നതും കടലാക്രമണത്തെ പേടിച്ച് കടലമ്മയെ ധ്യാനിക്കുന്നതും ആരാധനയാണ്. ഉപദ്രവങ്ങള്‍ നീങ്ങികിട്ടുക എന്നതാണ് അതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ജലദേവതയോട് പ്രാര്‍ഥിക്കുന്നതും പ്രീണിപ്പിക്കുന്നതും അഭൗതികമാര്‍ഗേണയുള്ള ഗുണ പ്രതീക്ഷയാലാണ്. ഇത് അവയോടുള്ള ആരാധനയാണെന്ന കാര്യത്തില്‍ സംശയമില്ല.
ആശയോടും ആശങ്കയോടും കൂടി അഭൗതിക മാര്‍ഗത്തില്‍ ചെയ്യുന്ന അര്ഥനകളത്രെ പ്രാര്‍ഥന അഥവാ ദുആ. അത് തന്നെയാണ് ആരാധന. വിശുദ്ധ ഖുര്‍ആനില്‍ പ്രവാചകന്മാരെക്കുറിച്ച് അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു: ”ആശിച്ചു കൊണ്ടും പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ഥിക്കുന്നവരായിരുന്നു പ്രവാചകന്മാര്” (21:90). ഈ പ്രാര്‍ഥന ഭൗതികമായ രീതിയിലുള്ള അപേക്ഷയും അഭ്യര്‍ഥനയുമല്ല എന്ന് വ്യക്തമാണ്.
അഭൗതികവും കാര്യകാരണബന്ധങ്ങള്‍ക്കതീതവുമായ കാര്യങ്ങളില്‍ ഉപകാരം നല്‍കാനും ഉപദ്രവം നീക്കാനും കഴിയുന്നവന് അല്ലാഹു മാത്രമാണ് എന്നാണ് നാം വിശ്വസിക്കേണ്ടത്. അല്ലാഹു അല്ലാത്ത ശക്തികള്‍ക്കോ, വ്യക്തികള്‍ക്കോ അതിനുള്ള കഴിവുണ്ടെന്ന് വിശ്വസിച്ചാല്‍ അത് ശിര്‍ക്കായി മാറുന്നു. ആദൃശ്യമായ വഴിയില്‍ ഭയപ്പെടേണ്ടതും അല്ലാഹുവിനെ മാത്രമാണ്.
അല്ലാഹു അല്ലാത്തവര്‍ക്കുള്ള നേര്‍ച്ച
ഐഛികമായ ഏതെങ്കിലും പുണ്യകര്‍മം നിര്‍ബന്ധമായി സ്വയം പ്രഖ്യാപിക്കുന്നതിനെ സാങ്കേതിക ഭാഷയില്‍ നേര്‍ച്ച എന്നു പറയുന്നു. നേര്‍ച്ച ആരാധനയാണ്. നേര്‍ച്ചയാക്കിയാല്‍ അത് പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്. ഏതു പുണ്യകര്‍മവും നേര്‍ച്ചയാക്കാവുന്നതാണ്. അത് ആരാധനയായതിനാല്‍ അല്ലാഹുവിന് മാത്രമേ പാടുള്ളൂ. ഭൗതികമായ കാര്യസാധ്യത്തിനായി നേര്‍ച്ച നേരുന്നത് നബി(സ്വ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. നേര്‍ച്ചകള്‍ അല്ലാഹു അല്ലാത്തവര്ക്കാണെങ്കില് അത് ശിര്‍ക്കാണ്. ഭൗതികലക്ഷ്യങ്ങള്‍ സാധിക്കാനുള്ള നേര്‍ച്ച അല്ലാഹുവിന്റെ പേരിലാണെങ്കില്‍ അതിനു പുണ്യമില്ലെങ്കിലും നേര്‍ച്ച നിറവേറ്റല്‍ നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു:
”നിങ്ങളെന്തൊന്ന് ചെലവഴിച്ചാലും ഏതൊന്ന് നേര്‍ച്ച നേര്‍ന്നാലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നതാണ്” (2:270).
അല്ലാഹു അല്ലാത്തവര്‍ക്കുള്ള ബലി
ദൈവ പ്രീതിക്ക്വേണ്ടി താന്‍ പോറ്റിവളര്ത്തിയമൃഗങ്ങളെ അര്പ്പിക്കുകയുംഅതിന്റെമാംസം പാവങ്ങള്‍ക്ക് നല്കുകയുംചെയ്യലാണ് ബലി. ബലിഅല്ലാഹുവിന് മാത്രമേ പാടുള്ളൂ. നബി(സ്വ)യുടെകാലത്ത് ബഹുദൈവാരാധകര്‍ ബഹീറ, സാഇബ, വസീല, ഹാംതുടങ്ങിയ പേരില്‍ ബലിമൃഗങ്ങളെ വെച്ചിരുന്നു. അല്ലാഹുഅല്ലാത്തവര്‍ക്കുവേണ്ടി നേര്‍ച്ചയാക്കിവെച്ചിരുന്നു. അതുകൊണ്ട്അത്തരം നേര്‍ച്ചകള്‍ അല്ലാഹു നിഷിദ്ധമാക്കി (5:103). നേര്‍ച്ചയും ബലിയുംഅല്ലാഹുഅല്ലാത്തവര്ക്ക്വേണ്ടിഅര്പ്പിക്കുമ്പോള് അത്ശിര്ക്കായിത്തീരുന്നു. അതുകൊണ്ട്തന്നെ രക്തം, ശവം, പന്നി തുടങ്ങിയവയോടൊപ്പംഅല്ലാഹുവല്ലാത്തവരുടെ പേരില്അറുക്കപ്പെട്ടതുംഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. അല്ലാഹുവിന് മാത്രമര്‍പ്പിക്കേണ്ട ആരാധനകളില്അതിവിശിഷ്ടമായഒരിനമാണ് ബലികര്‍മം.
”അതുകൊണ്ട് നിന്റെ നാഥന്ന് നീ നമസ്കരിക്കുക. അവന്ന് നീ ബലിയര്‍പിക്കുക’‘ (108:2).
അല്ലാഹു അല്ലാത്തവരുടെ പേരില്‍ സത്യം ചെയ്യല്‍
ഒരാള്‍ തന്റെ വാദം സ്ഥാപിക്കാന്‍ തെളിവുകള്‍ നിരത്താന്‍ സാധിക്കാതെ വരുമ്പോള്‍ സത്യം ചെയ്തു പറയുന്ന രീതി സ്വീകരിക്കുന്നു. അത് അല്ലാഹുവിന്റെ പേരില്‍ മാത്രമേ പാടുള്ളൂ. അല്ലാത്തവരുടെ പേരില്‍ സത്യം ചെയ്താല്‍ അത് ശിര്ക്കായിത്തീരും. ഉദാഹരണം: കഅ്ബയാണ് സത്യം എന്ന് ഒരാള്‍ പറഞ്ഞാല്‍, താന്‍ പറഞ്ഞ കാര്യത്തിന് കഅ്ബ സാക്ഷിയാണ് എന്നാണ് അര്‍ഥം. അതാണ് അത് ശിര്‍ക്കാവാനുള്ള കാരണം..
”അല്ലാഹുവല്ലാത്തവരെക്കൊണ്ട് ആരെങ്കിലും സത്യം ചെയ്താല്‍, അവന് അല്ലാഹുവില്‍ പങ്കു ചേര്‍ത്തു” (തിര്‍മിദി) 8.
അനുഗ്രഹങ്ങളില്‍ അഹങ്കരിക്കല്
ഐഹികജീവിതത്തിലെ വിഭവങ്ങള്‍ എല്ലാം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളാണ്. അത് അനുഭവിക്കുമ്പോള്‍ സ്വന്തം സിദ്ധിയോ അറിവോകാരണം നേടിയെടുത്തതാണെന്ന ധാരണയില്‍ അഹങ്കാരം നടിക്കുന്നത് പോലും ശിര്‍ക്കായി മാറുന്നുവെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ധന്യവും സമൃദ്ധവുമായ ഒരു തോട്ടംസ്വന്തമായുള്ള ഒരാളുടെ അഹന്തയെ ചോദ്യംചെയ്ത്കൊണ്ട് അയാളുടെ കൂട്ടുകാരന് ഉപദേശിച്ചത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നു.
”എന്നാല്‍ (എന്റെ വിശ്വാസമിതാണ്) അവന് അഥവാ അല്ലാഹുവാണ് എന്റെ രക്ഷിതാവ്. എന്റെ രക്ഷിതാവിനോട് യാതൊന്നിനെയും ഞാന്‍ പങ്ക് ചേര്‍ക്കുകയില്ല” (18:38).
References- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ്: 18, ഹദീസ് 4477[↩]
- മഫാതീഹുല്‍ ഗൈബ്, അബൂ അബ്ദില്ല മുഹമ്മദ് ബ്നു ഉമര്‍ അര്‍റാസി, ദാറു ഇഹ്യാഇത്തുറാസില്‍ അറബീ, ബൈറുത്ത്, മൂന്നാം പതിപ്പ്, വാള്യം 13, പേജ്: 30[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 71, ഹദീസ് 1238[↩][↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 169, ഹദീസ് 3456[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 150, ഹദീസ് 2552[↩]
- അല്‍ അദ്കാര്‍, അബൂ സകരിയ്യാ മുഹ്യുദീന്‍ യഹ്യ ബ്നു ശറഫുന്നബവീ, ദാറുല്‍ ഫിക്ര് ലിത്ത്വിബാഅ വന്നശ്ര്‍, ബൈറൂത്ത്, പേജ് 363[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 163, ഹദീസ് 3429[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 110, ഹദീസ് 1535[↩]
