അഫ്ഗാനിസ്താൻ
വിസ്തീര്‍ണം : 652,864 ചതുരശ്ര കി.മി.
ജനസംഖ്യ : 29,674,000 (2017)
അതിര്‍ത്തി : വടക്ക് തുര്‍ക്കുമനിസ്താന്‍, വടക്കു കിഴക്ക് ചൈന, കിഴക്കു തെക്ക് പാക്കിസ്താന്, പടിഞ്ഞാറ് ഇറാന്
തലസ്ഥാനം : കാബൂള്‍
മതം : ഇസ്ലാം
ഭാഷ : ദാരി, പഷ്തോ
കറന്‍സി : അഫ്ഗാനി
വരുമാനമാര്‍ഗം : കൃഷി
പ്രതിശീര്‍ഷ വരുമാനം: 400-420 ഡോളര്‍

അഫ്ഗാൻ ചരിത്രം :
ഒരു മധ്യേഷ്യന്‍ രാജ്യം. പാകിസ്താന്, ഇറാന്, ചൈന, റഷ്യ, കാജാകിസ്താന്, തുര്ക്ക്മെനിസ്താന്, ഉസ്ബൈകിസ്താന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു. തലസ്ഥാനം കാബൂള്‍. സമുദ്രാതിര്‍ത്തിയില്ലാത്ത ഒരു വലിയ രാജ്യമാണ് അഫ്ഗാനിസ്താൻ.
ഹിന്ദു കുഷ് മലനിരകളാല്‍ വേര്‍തിരിക്കപ്പെടുന്ന പര്‍വത പ്രദേശങ്ങള്‍ക്കും സമതലപ്രദേശങ്ങള്ക്കും ഇടയില്‍ 36 ദശലക്ഷത്തിനും 50 ദശലക്ഷക്കണക്കിനും ഇടയില്‍ അഫ്ഗാനികള്‍ കാണപ്പെടുന്നു എന്നാണ് കണക്ക്.
പല രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതു കൊണ്ടു തന്നെ പണ്ടു മുതലേ വൈദേശികാക്രമണങ്ങള്‍ക്ക് വിധേയമാവുകയും രാജ്യത്തിന്റെ പുരോഗതിക്കു ഭംഗം വരികയും ചെയ്തു.
പടിഞ്ഞാറ് യുഫ്രട്ടീസ്-ടൈഗ്രിസ് തടങ്ങളില്‍ നിന്ന് ഇറാനിയന്‍ പീഠഭൂമിയിലൂടെയുള്ളതും ഇന്ത്യയില്‍ നിന്ന് ഹിന്ദുകുഷ് ചുരങ്ങളിലൂടെയുള്ളതും ചൈനയിലുള്ള താരീം നദിയിലൂടെ (Tarim River)യുള്ളതുമായ വഴികള്‍ അഫ്ഗാനിസ്താനില്‍ സംയോജിച്ചതിനാല് മിക്ക വാണിജ്യ കുടിയേറ്റ പാതകളുടെയും നാല്ക്കവല ആയാണ് ഈ രാജ്യം അറിയപ്പെട്ടത്. അതു കൊണ്ടു തന്നെ അധിനിവേശങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.
പുരാതന അഫ്ഗാനിസ്താന്റെ പല ഭാഗങ്ങളും പല പേരുകളില്‍ അറിയപ്പെട്ടിരുന്നു. ബാക്ട്രിയ, ഏരിയാന, ആറോകൊസിയ, ഖുറാസാന്‍ എന്നിവ ചിലതാണ്. വിവിധ കാലഘട്ടത്തില്‍ ഭരിച്ചിരുന്നവരുടെ സ്വാധീനമാണ് ഇതിനു കാരണം.
ഗ്രീക്കോ ബേക്കട്രീയര്, കുശാനന്മാര്, ഇന്തോ സസാനിയര്‍, കാബൂള്‍ ശാഹികള്‍, സഫാരി സാമ്രാജ്യം, സമാനി സാമ്രാജ്യം, ഗസ്നവി സാമ്രാജ്യം, ഗോറികള്‍, കര്‍ത്തു രാജവംശം, തിമൂറി സാമ്രാജ്യം, മുഗളര്‍, ഹോത്തികള്‍, ദുരാനികള് എന്നിങ്ങനെ ശക്തരായ സാമ്രാജ്യങ്ങള്‍ അഫ്ഗാനിസ്താനെ ഭരിച്ചിരുന്നു.
വിടാതെ പിന്തുടര്‍ന്ന സാമ്രാജ്യത്വ താല്പര്യവും യുദ്ധങ്ങളും ഈ രാജ്യത്തെ ദാരിദ്ര്യത്തിന്റെ പിടിയിലമര്‍ത്തി. അഫ്ഗാന് ചരിത്രത്തെ പുരാതന ചരിത്രം എന്നും ആധുനിക ചരിത്രം എന്നും രണ്ടായി വേര്‍തിരിക്കാം.
അഫ്ഗാനിന്റെ പുരാതന ചരിത്രം
ബി സി ഇ ആറാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇന്നത്തെ അഫ്ഗാന് ഉള്‍പ്പെടുന്ന ഇറാനിയന്‍ പീഠഭൂമിയുടെ മിക്കഭാഗങ്ങളിലും കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരുന്ന ജനസമൂഹങ്ങള്‍ ആവാസം ആരംഭിച്ചതായി വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
ബി സി ഇ മൂന്നാം നൂറ്റാണ്ടോടു കൂടി ഇത്തരം ആവാസ കേന്ദ്രങ്ങള്‍ തൊഴിലുകളും കച്ചവടവും അടിസ്ഥാനമാക്കി പല പട്ടണങ്ങള്‍ ആയി രൂപാന്തരപ്പെട്ടു.
പേര്‍ഷ്യയിലെ ഹഖമാനി സാമ്രാജ്യത്തിന്റ കീഴിലായിരുന്ന അഫ്ഗാനിസ്താനെ ബിസി 330 ല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി പിടിച്ചെടുത്തു. പിന്നീട് തന്റെ സേനാ നായകയായിരുന്ന സെലൂക്കയോസ് (Seleucus) സ്ഥാപിച്ച സെലുക്കിഡ് (Seleucid Empire) സാമ്രാജ്യത്തിന്റെ ഭാഗമായി മാറി.
എന്നാല്‍ ഇന്ത്യയിലെ മൗര്യ സാമ്രാജ്യത്തിന്റ അധിപനായ ചന്ദ്ര ഗുപ്ത മൗര്യ സെല്യുക്കിഡ് സാമ്രാജ്യത്തിന്റ പടിഞ്ഞാറ് ഭാഗത്ത് ആക്രമണ ഭീഷണി ഉയര്‍ത്തിയതിനാല്‍ അവരുമായി ഒരു ഉടമ്പടി ഉണ്ടാക്കുകയും അഫ്ഗാനിസ്താന്റെ ഭാഗങ്ങളായ ഗാന്ധാര (കിഴക്കന്‍ അഫ്ഗാസ്താന്), അറോകോസിയ (തെക്കന്‍ അഫ്ഗാനിസ്താന്), പാരോപാനിസഡ് (ഹിന്ദുകുഷ് പര്‍വ്വതമേഖല) ഗെദ്രോസിയ (തെക്ക് പടിഞ്ഞാറന്‍ മരുഭൂമി) എന്നീ പ്രദേശങ്ങള്‍ മൗര്യ സാമ്രാജ്യത്തിന് കൊടുക്കേണ്ടി വന്നു. പിന്നീട് അശോകചക്രവര്‍ത്തിയുടെ കാലത്ത് സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചെങ്കിലും വീണ്ടും ക്ഷയിക്കുകയും സെല്യുക്കസിന്റെ പിന്‍ഗാമികള്‍ക്ക് വഴിയൊരുക്കകയും ചെയ്തു.
ബിസിഇ മൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടെ സെല്യുക്കിഡ് സാമ്രാജ്യത്തില്‍ നിന്നും സ്വാതന്ത്ര്യമായി നിലവില്‍ വന്ന ഗ്രീക്കോ ബാക്ട്രിയന്‍ സാമ്രാജ്യം അഫ്ഗാനിസ്താന്റെ വടക്കും, പാര്ത്തിയാന് സാമ്രാജ്യം (Parthian Empire)പടിഞ്ഞാറും അഫ്ഘാന്‍ ഭരിച്ചുവെങ്കിലും തെക്കു ഭാഗത്ത് ഇന്തോ ഗ്രീക്ക് സാമ്രാജ്യം വികസിക്കുകയും ഒരു നൂറ്റാണ്ടോളം ഭരിക്കുകയും ചെയ്തു.
ബി സി ഇ രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇറാനിയന്‍ ഭാഷ സംസാരിച്ചിരുന്ന ശകര് എന്ന സിഥ്യര് എന്ന നാടോടികള്‍ മധ്യേഷ്യയില്‍ നിന്ന് അഫ്ഗാനിസ്താനിലേക്ക് പാലായനം ചെയ്യുകയും കാലക്രമേണ ശക്തിയാര്‍ജിച്ചു ഗ്രീക്ക് ഭരണാധികാരികളെ തുരത്തുകയും അഫ്ഗാനിസ്താന്റെ കിഴക്കുഭാഗത്തു ഇന്തോ സിഥ്യന് (Indo-Scythians/Saka) സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു.
അതേ സമയം അഫ്ഗാനിസ്താന്റെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ ഇറാനിയന്‍ പീഠഭൂമിയിലെ പേര്‍ഷ്യന്‍ സാമ്രാജ്യമായ സസാനിയന്‍ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു.
അഫ്ഗാനിലെ അറബികളുടെ ആഗമനം; ഇസ്ലാം മതത്തിന്റെയും
ഏഴാം നൂറ്റാണ്ടോടു കൂടിയാണ് അറബികള്‍ പടിഞ്ഞാറന്‍ അഫ്ഗാന് പ്രദേശത്തേക്ക് എത്തുന്നത്. അവിടം അന്ന് ഭരിച്ചിരുന്ന സംസാനിയന് രാജാവായ യസ്ദഗിര്‍ദ് മൂന്നാമനെ പരാജയപ്പെടുത്തിക്കൊണ്ടാണ് അറബികള്‍ അവരുടെ തേരോട്ടം തുടങ്ങിയതെങ്കിലും വടക്കു കിഴക്ക് ഭാഗത്തു നിന്ന് വന്ന ചൈനക്കാരും തിബറ്റന്മാരും അവര്‍ക്ക് ഭീഷണി ഉയര്‍ത്തി.
ചൈനയില്‍ നിന്ന് യൂറോപ്പ് വരെ നീളുന്ന പട്ടുപാത (സില്‍ക്ക് റൂട്ട്) യുടെ നിയന്ത്രണ മായിരുന്നു ഇവരുടെ ലക്ഷ്യം. ടാങ്ങ് സാമ്രാജ്യത്തിന്റെ നേതൃത്വത്തില്‍ ചൈനക്കാരും ടിബറ്റന്മാരും നിരന്തരം ഏറ്റുമുട്ടിയെങ്കിലും ചൈനക്ക് ആയിരുന്നു ആദ്യകാലങ്ങളില്‍ വിജയം ഉണ്ടായിരുന്നത്.
അതേസമയം അറബികളോട് പരാജയപ്പെട്ട സംസാനിയന് രാജാവായ യസ്ദഗിര്‍ദിന്റെ മകന് ഫിറുസ് ചൈനക്കാരുമായി ചേര്‍ന്നു അറബികള്‍ക്ക് (അലി ബിന്‍ അബുത്വാലിബിന്റെ കീഴിലുള്ള ഖിലാഫത്ത് കാലത്ത്) എതിരെ വിജയം കാണുകയും അവരുടെ സഹായത്തോടെ ഇറാനില്‍ ഭരണം തുടങ്ങുകയും ചെയ്തു. പക്ഷേ മധ്യേഷ്യയില്‍ നിന്നും തുര്‍ക്കികളുടെ ആക്രമണം മൂലം ചൈനക്കാര്‍ക്ക് സ്വന്തം നാട്ടിലേക്ക് പിന്‍വാങ്ങേണ്ടി വന്നു.
വീണ്ടും അറബികള്‍
അലി ബിന്‍ അബീ ത്വാലിബിന്റെ മരണശേഷം ഉമവിയ്യ ഖിലാഫത് അധികാരത്തില്‍ വന്നതോടെ അഫ്ഗാന് പ്രദേശങ്ങള്‍ വീണ്ടും അറബികളുടെ കരങ്ങളിലെത്തി.
തമ്മില്‍ സ്പര്ധകള് ഉണ്ടായിരുന്നുവെങ്കിലും 685-705 കാലയളവില്‍ അറബികള്‍ വടക്കന്‍ അഫ്ഗാനിസ്താന് മുതല്‍ മധ്യേഷ്യ വരെ അവരുടെ സാമ്രാജ്യം വ്യാപിപ്പിച്ചു. ഇത് സാധ്യമാക്കിയത്
ഖുറാസാനിലെ ഗവര്‍ണര്‍ അബുഹഫ്സ് ഖുതയ്ബ ബിന്‍ മുസ്ലിം (705 ആമാണ്ടിലാണ് ഇദ്ദേഹം ഉമവിയ്യ ഖിലാഫതിന്റെ സൈന്യധിപനും പിന്നീട് കുറാസനിലെ ഗവര്‍ണറും ആവുന്നത്. ഇദ്ദേഹത്തിന്റെ കീഴിലാണ് തുര്‍ക്കികള്‍ പൂര്‍ണമായും ഇസ്ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്തത്.
അഫ്ഗാന്റെ വടക്കു ഭാഗത്തെപ്പോലെ ത്തന്നെ തെക്കു ഭാഗത്തിനു വേണ്ടിയും അറബികള്‍ പോരാട്ടം നടത്തിക്കൊണ്ടിരുന്നു. ഏഴാം നൂറ്റാണ്ടിന്റെ പകുതിയില്‍ ഇവര്‍ സിസ്റ്റാന്‍ (Sistan/Sijistan) പിടിച്ചടക്കി. ഉമയ്യദ് ഖലീഫമാരില്‍ ഒന്നാമനായിരുന്ന മുആവിയയുടെ കാലത്തായിരുന്നു ഇത്. പിന്നീട് അറബി സേനാ നായകന് അബ്ദുറഹ്മാന് ബിന്‍ സമുറയുടെ നേതൃത്വത്തില്‍ വടക്കുള്ള കാബൂള്‍ കുറെ കാലം കൈക്കലാക്കിയെങ്കിലും നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ഒമ്പതാം നൂറ്റാണ്ടില്‍ സഫാരി സാമ്രാജ്യം സ്ഥാപിതമായതോടെയാണ് അഫ്ഗാനിസ്താനില്‍ മുസ്ലിം ആധിപത്യം ആരംഭിച്ചത്.
ബഗ്ദാദിലെ അറബി ഖലീഫയുടെ സാമന്തരായി രൂപം കൊണ്ട സാമ്രാജ്യങ്ങളാണ് സഫാരി സാമ്രാജ്യവും സമാനി സാമ്രാജ്യവും. പക്ഷേ കാലക്രമേണ സമാനി ശക്തിപ്പെടുകയും സഫാരികളെ പരാജയപ്പെടുത്തി മേഖലയില്‍ ശക്തിയാര്‍ജിച്ചു. എന്നാല്‍ തുര്‍ക്കികളുടെ വരവോടെ ഇവറുടെ സാമ്രാജ്യത്തിന് അന്ത്യമായി.
ഗസ്നവി സാമ്രാജ്യം
അഫ്ഗാനിസ്താനിലെ ഗസ്നി കേന്ദ്രീകരിച്ചു രൂപം കൊണ്ട സാമ്രാജ്യമാണ് ഗസ്നവി സാമ്രാജ്യം. 998 മുതല്‍ 1030 വരെ ഭരിച്ചത് ഗസ്നി മുഹമ്മദ് എന്ന പേരില്‍ പ്രശ്സ്തനായ ഭരണാധികാരി ആയിരുന്നു 1040 ല്‍ സെല്‍ജുക്ക് തുര്‍ക്കികള്‍ ഗസ്നികളെ തോല്പിച്ചു സാമ്രാജ്യം സ്ഥാപിച്ചു. ഇവര്‍ പടിഞ്ഞാറു ഭാഗത്തേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഗോറികള്‍ ശക്തി പ്രാപിച്ചു.
ഗോറി സാമ്രാജ്യം
ഗോര്‍ കേന്ദ്രമാക്കി ഷന്‍സബാനി കുടുംബത്തിന്റെ നേതൃത്വത്തില്‍ ഉടലെടുത്ത 1145 മുതല്‍ 1225 വരെ ഭരണം നടത്തിയ സാമ്രാജ്യമാണ് ഗോറി സാമ്രാജ്യം. ഇവരില്‍ പ്രശസ്തനായ ഭരണാധികാരിയാണ് മുഹമ്മദ് ഗോറി. ഇന്ത്യന്‍ ചരിത്രത്തിലും മുഹമ്മദ് ഗോറിയെ വായിക്കാനാകും. വടക്ക് കാസ്പിയന്‍ കടല്‍ മുതല്‍ വടക്കേ ഇന്ത്യ വരെ അവര്‍ കീഴടക്കിയിരുന്നു. പക്ഷേ 1215 ല്‍ ഖുറാസാന്ഷാ ഭരണകൂടം ഗോറി സാമ്രാജ്യത്തെ അന്തിമമായി പരാജയപ്പെടുത്തി.
ഖുറാസാന്ഷാ സാമ്രാജ്യം
പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇറാന് മുതല്‍ അഫ്ഗാന് വരെ പരന്നു കിടന്നിരുന്ന മധ്യ പൂര്‍വേഷ്യ, ഇന്ത്യ ഉപഭൂഖണ്ഡം, ചൈന എന്നിവടങ്ങളിലെ വ്യാപരം ഇവര്‍ നിയന്ത്രിച്ചു പോന്നിരുന്നു. അലാവുദ്ദീന്‍ മുഹമ്മദ് ആയിരുന്നു ഇവരുടെ പ്രധാന ഭരണാധികാരി.
എന്നാല്‍ പൂര്‍വ മധ്യേഷ്യയില്‍ നിന്ന് മംഗോളിയരുടെ ആക്രമണം ഇറാനിലെയും അഫ്ഗാനിസ്താനിലെയും ഇസ്ലാമിക ഭരണത്തിന്റെ അടിത്തറയിളക്കി.
മംഗോള്‍ സാമ്രാജ്യം
സി.ഇ 13,14 നൂറ്റാണ്ടുകളില്‍ എഷ്യ, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടന്നിരുന്ന സാമ്രാജ്യമാണ് മംഗോള്‍ സാമ്രാജ്യം. ചെങ്കിസ്ഖാന് ആണ് ഇവരുടെ അറിയപ്പെടുന്ന ഭരണാധികാരി.
ലോകത്തില്‍ ഏറ്റവുമധികം നാശനാഷ്ടങ്ങള്‍ ഉണ്ടാക്കിയ യുദ്ധങ്ങള്‍ ഇവരുടേതായിരുന്നു എന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട് (കെ എസ് ലാല്‍) .
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രം 8 കോടിയോളം പേര് മരിക്കുകയുണ്ടായി. ഒന്നര കോടിയോളം ആളുകള്‍ ഇറാനില്‍ മാത്രം കൊല്ലപ്പെട്ടു (steven ward in his book ‘ A military history of Iran and its Armed forces).
ആക്രമിച്ചും നശിപ്പിച്ചും ഇവര്‍ ഒരു നൂറ്റാണ്ടോളം അഫ്ഗാനിസ്താന് ഭരിച്ചു. പിന്തുടര്ച്ചാവകാശ തര്‍ക്കങ്ങള്‍ മംഗോളിയാ സാമ്രാജ്യത്തെ പല ഖാനെറ്റുകള് (ഖാന്റെ നിയന്ത്രണത്തിലുള്ള പ്രദേശം) ആക്കി മാറ്റി.
വടക്കു പടിഞ്ഞാറു ഗോള്‍ഡന്‍ ഹോര്‍ഡ് ഖാനെറ്റ് (Golden Horde Khanate), പടിഞ്ഞാറ് ചഗത്തായ് ഖാനെറ്റ് (Chagatai Khanate), തെക്കു പടിഞ്ഞാറ് ഇല്ഖാനെറ്റ് (Ilkhanate), ബൈജിങ് ആസ്ഥാനമാക്കി യുവാന്‍ സാമ്രാജ്യം എന്നിങ്ങനെ പല കഷ്ണങ്ങള്‍ ആയെങ്കിലും 1368 ല്‍ മിംങ് രാജവംശം (Ming Dynasty) ഇവരെ പുറത്താക്കിയതോടെ മുഗള്‍ (Mughal Empire) സാമ്രാജ്യത്തിനു അന്തിമമായി.
തിമൂറി സാമ്രാജ്യം
തുര്‍ക്കോ മംഗോളിയന്‍ നേതാവായിരുന്ന തിമൂര്‍ മധ്യേഷ്യ കേന്ദ്രമാക്കി സ്ഥാപിച്ചതാണ് തിമൂറി സാമ്രാജ്യം.
1369–ല്‍ അഫ്ഗാനിസ്താനിലെ ബാല്‍ഖ് പ്രദേശത്ത് ചഗത്തായ് ഖാനെറ്റിന്റെ ശേഷ വംശജരും ഉലുക്കുകളുടെ (Ulugh/Uluks) നേതാവായ ആമീര്‍ ഹുസൈന് നായകനായ സൈനികരും തമ്മില്‍ യുദ്ധം നടത്തി. 1370–ല്‍ തിമൂര്‍ സ്വയം അമീറായി പ്രഖ്യാപിച്ചു. ഈ മേഖലയിലെ പുതിയ ശക്തി കേന്ദ്രമായി മാറി.
1380 ഓട് കൂടി അഫ്ഗാനിസ്താന് മുഴുവനും തിമൂര്‍ തന്റെ സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ത്തു. പതിനാറാം നൂറ്റാണ്ടില്‍ തിമൂറി വംശപരമ്പരയില്‍പ്പെട്ട ബാബര്‍ ഇന്ത്യയിലേക്ക് കടക്കുകയും മുഗള്‍ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു.
തിമൂര്‍ ഭരിച്ചിരുന്നത് സമര്‍ഖണ്ഡ് തലസ്ഥാനമാക്കിയാണെങ്കിലും മകന് ഷാരൂഖി ഹെറാത്ത് കേന്ദ്രീകരിച്ചു ഭരണം തുടങ്ങി ഹെറാത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു 1506 വരെയുള്ള തിമൂറികളുടെ ഭരണം.
അഫ്ഗാനിസ്താന് എന്ന വലിയ രാജ്യം അധോഗതിയിലേക്ക് വീണു കൊണ്ടേയിരുന്നു.
പതിനാറും പതിനേഴും നൂറ്റാണ്ടില്‍ അഫ്ഗാനിസ്താനു ചുറ്റിലും മറ്റു സാമ്രാജ്യങ്ങള്‍ നിലവില്‍ വന്നു.
പടിഞ്ഞാറ് ഇറാനില്‍ സഫവി സാമ്രാജ്യവും വടക്കു ട്രാന്സൊക്ഷ്യാനയില് ഉസ്ബൈക്കുകളുടെ ഷൈബാനി സാമ്രാജ്യവും കിഴക്ക് ഇന്ത്യയില്‍ മുഗള്‍ സാമ്രാജ്യവും ശക്തിയാര്‍ജിച്ചു. അഫ്ഗാനിസ്താനിലെ വ്യാപാര പാതയിലെ തന്ത്രപ്രധാന പ്രദേശങ്ങളായ ഹെരാത്ത്, ബാല്‍ക്ക്, കാബൂള്‍, കാന്താഹാര് എന്നീ കേന്ദ്രങ്ങളുടെ നിയന്ത്രണത്തിനായി ഓരോ വിഭാഗവും ശ്രമിച്ചു കൊണ്ടേയിരുന്നു.
പഷ്തൂണുകളുടെ ഉയര്‍ച്ച
അഫ്ഗാനിസ്താനിലെ തെക്കുഭാഗത്തും പാകിസ്താന്റെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളിലും വസിക്കുന്ന ജനവിഭാഗമാണ് പഷ്തൂണുകള്‍. പതിനേഴാം നൂറ്റാണ്ടിലാണ് അഫ്ഗാനികളായ പഷ്തൂണുകളുടെ ഉയര്‍ച്ചക്ക് രാജ്യം സാക്ഷ്യം വഹിച്ചത്.
പേര്‍ഷ്യയിലെ സഫവി രാജാക്കന്മാര് അഫ്ഗാനികളായ പഷ്തൂണുകളെ ഉപയോഗിക്കുകയും ഹെറാത്തിലെ ഉസ്ബൈക് ആധിപത്യം അവസാനിപ്പിച്ച് അബ്ദലി പഷ്തൂണുകളെ ഹെറാത്തിലേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്തു. അവര്‍ അവിടെ ശക്തി പ്രാപിച്ച് സഫവികളില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അതേസമയം കാന്താഹാറില് ഹോതകി ഖല്‍ജി വിഭാഗവും (പഷ്തൂണ്‍) സഫവികളില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് ഹോതകി സാമ്രാജ്യം സ്ഥാപിച്ചു. ഇതായിരുന്നു അഫ്ഗാനിസ്താനിലെ ആദ്യത്തെ പഷ്തൂണ്‍ സാമ്രാജ്യം.
പിന്നീട് ഇവര്‍ രണ്ട് പേരും കൂടി സഫവി സാമ്രാജ്യത്തിനെതിരെ ആക്രമണം ആരംഭിച്ചു. 1722ല്‍ ഹോതകി പഷ്തൂണുകള്‍ സഫവികളെ പരാജയപ്പെടുത്തി രാജാവായ മിര്‍ മഹമൂദ് പേര്‍ഷ്യയുടെ ഷാ ആയി സ്വയം പ്രഖ്യാപിച്ചു. പഷ്തൂണ്‍ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്രാജ്യമാണ് അഹ്മദ് ഷാ അബ്ദാലി സ്ഥാപിച്ച ദുറാനി സാമ്രാജ്യം (Durrani Empire).

അഫ്ഗാനിന്റെ ആധുനിക ചരിത്രം
ആധുനിക അതിരുകളുള്ള അഫ്ഗാനിസ്താന് സ്ഥാപിച്ചത് അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിലുള്ള ദുറാനി സാമ്രാജ്യം ആയിരുന്നു. ഈ കാലത്ത് തന്നെ ഇവര്‍ ഇന്ത്യന്‍ ഉപ ഉപഭൂഖണ്ഡത്തിലേക്കും ഖുറാസാന്‍ മേഖലയിലേക്കും അധികാരം വ്യാപിപ്പിച്ചിരുന്നു. അഹ്മദ് ഷാ യുടെ മകന് തിമൂറിന്റെ കാലത്താണ് അഫ്ഗാനിസ്താന്റെ തലസ്ഥാനം കാന്തഹാറില്‍ നിന്ന് കാബൂളിലേക്ക് മാറ്റിയത്.
1823 ല്‍ ദുറാനികളെ നിഷ്കാസനം ചെയ്തു കൊണ്ട് ഡോസ്റ്റ് മുഹമ്മദ് ഖാന്റെ നേതൃത്വത്തില്‍ ബാരക്സായി വംശജര്‍ (Barakzai Dynasty) രാജ്യത്ത് അധികാരത്തിലെത്തി.
അമീറാത്ത് (Emirate)
ഡോസ്റ്റ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള ഭരണകൂടം അഫ്ഗാനിസ്താന് അമീറാത്ത് എന്ന് അറിയപ്പെട്ടു. ഷേര്‍ അലിഖാന്, അബ്ദുറഹ്മാന് ഖാന്, ഹബീബുള്ള ഖാന്, അമാനുള്ള ഖാന് തുടങ്ങിയ ശക്തരായ ഭരണാധികാരികളായിരുന്നു ഈ രാജവംശത്തെ നിലനിര്‍ത്തിയിരുന്നത്. മധ്യേഷ്യയുടെ ആധിപത്യത്തിന് വേണ്ടി റഷ്യയും ബ്രിട്ടനും മത്സരിക്കുന്ന (the Great Game) സമയത്തായിരുന്നു ബാരക്സായി ഭരണകൂടം നിലനിന്നിരുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇവര്‍ അഫ്ഗാനിസ്താനെ തങ്ങള്‍ക്കിടയിലുള്ള ഒരു നിഷ്പക്ഷ പ്രദേശമായി അംഗീകരിക്കുകയായിരുന്നു.
റഷ്യയുടെ മധ്യേഷ്യയിലേക്കുള്ള വരവിനെ ഭീഷണിയായിക്കണ്ട ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അഫ്ഗാനിസ്താനില്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള ഒരു ഭരണകൂടത്തെ ഉണ്ടാക്കിയാല്‍ റഷ്യയെ തടയാനാകുമെന്നുള്ള കണക്കുകൂട്ടലില്‍ അഫ്ഗാനിസ്താനില്‍ നിലവിലുള്ള ഭരണാധികാരിയായ ദോസ്ത് മുഹമ്മദിനെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. തുടക്കത്തില്‍ വിജയമായെങ്കിലും പിന്നീട് വന്‍ പരാജയം ഏറ്റു വാങ്ങി അഫ്ഘാനില്‍ നിന്ന് പിന്മാറേണ്ടിവന്നു. ഇത് ഒന്നാം ആംഗ്ലോ അഫ്ഗാന് യുദ്ധമെന്നു അറിയപ്പെട്ടു.
രണ്ടാം ആംഗ്ലോ അഫ്ഗാന് യുദ്ധം
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യമായപ്പോഴേക്കും മധ്യേഷ്യയില്‍ റഷ്യ പിടിമുറക്കിക്കൊണ്ടിരുന്നു. 1865 ല്‍ താഷ്കന്റും 1868 ല്‍ സമര്ക്കന്ധും 1869ല്‍ ബുഖാറയും റഷ്യയുടെ അധീനതയില്‍ ആയി. റഷ്യയുടെ ഈ മുന്നേറ്റം ഭയന്ന അഫ്ഗാന് ഭരണാധികാരി ഷേര്‍ ഷാ ബ്രിട്ടീഷുകാരോട് സഹായമഭ്യര്‍ഥിച്ചു.
എന്നാല്‍ അവര്‍ ഈ സഹായ അഭ്യര്‍ഥന നിരസിച്ചു. എങ്കിലും 1873 ല്‍ ബ്രിട്ടീഷുകാരുടെ സഹായത്തോടെ റഷ്യയുമായി അതിര്‍ത്തി കരാറില്‍ ഏര്‍പ്പെടാന്‍ അഫ്ഗാനികള്‍ക്ക് സാധിച്ചു. അതോടൊപ്പം അമീര്‍ ഷേര്‍ അലി ഷാ റഷ്യയുമായി ബന്ധം സ്ഥാപിച്ചു.
ഇതില്‍ ബ്രിട്ടീഷുകാരുമായി ബന്ധം വഷളാവുകയും 1878 ല്‍ ബ്രിട്ടീഷ് സൈന്യം അഫ്ഗാനില്‍ കടക്കുകയും കാബൂള്‍ പിടിച്ചടക്കുകയും ചെയ്തു. രാജ്യം വിട്ട ഷേര്‍ അലിയുടെ പുത്രനായ മുഹമ്മദ് യാക്കൂബ് ഖാനെ ബ്രിട്ടീഷുകാര്‍ അമീറാക്കി വാഴിക്കുകയും ചെയ്തു. അദ്ദേഹത്തെക്കൊണ്ട് ഗന്ധമാക് സന്ധിയില്‍ ഒപ്പ് വെപ്പിക്കുകയും ചെയ്തു.
ഈ കരാര്‍ പ്രകാരം അഫ്ഗാനിസ്താന്റെ വിദേശ നയം ബ്രിട്ടീഷുകാരുടെ ഇംഗിതപ്രകാരമായി മാറി. എങ്കിലും 1880 ഓടു കൂടി തദ്ദേശീയരുടെ എതിര്‍പ്പ് മൂലം ബ്രിട്ടീഷുകാര്‍ കാബൂളിലെ ഭരണം അബ്ദുറഹ്മാന് ഖാനെ ഏല്പിച്ചുകൊണ്ട് പിന്മാറേണ്ടിവന്നു.
മൂന്നാം ആംഗ്ലോ അഫ്ഗാന് യുദ്ധം
1919 മുതല്‍ 1929 വരെ അഫ്ഗാനിസ്താന് ചക്രവര്‍ത്തി (അമീര്‍) ആയിരുന്ന അമാനുള്ള ഖാന് ആയിരുന്നു മൂന്നാം ആംഗ്ലോ അഫ്ഗാന് യുദ്ധം നയിച്ചത്.
ബ്രിട്ടീഷ്കാരുടെ നിയന്ത്രണത്തിലായിരുന്ന അഫ്ഗാന് വിദേശനയം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടതിനെ ത്തുടര്‍ന്നാണ് ഈ യുദ്ധം ആരംഭിക്കുന്നത്. ഒന്നാം ലോക യുദ്ധശേഷമുള്ള മറ്റൊരു യുദ്ധം ബ്രിട്ടീഷുകാര്‍ക്ക് കാര്യമായ രീതിയില്‍ മുമ്പോട്ടു കൊണ്ട് പോവാന്‍ സാധിച്ചില്ല. പെട്ടെന്ന് തന്നെ വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരികയും അഫ്ഗാനികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.
അമാനുല്ലാഖാന്റെ ഭരണ കാലത്താണ് അഫ്ഗാനിസ്തന് എഴുതപ്പെട്ട ഭരണഘടന നിലവില്‍ വന്നത്. (നിളാം നാമെ എന്നറിയപ്പെടുന്നു). ചരിത്രത്തില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുള്ള പാര്‍ലിമെന്റിന് രൂപം നല്കി. എല്ലാ മത വിഭാഗക്കാര്‍ക്കും തുല്യത നല്‍കുകയും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള പദ്ധതികള്‍ രൂപപ്പെടുത്തുകയും ചെയ്തു.
പുതിയ പല പാശ്ചാത്യ പരിഷ്കാരങ്ങളും അമാനുല്ലാ ഖാന് രാജ്യത്ത് കൊണ്ടുവന്നത് പക്ഷേ യാഥാസ്ഥികളായ പഷ്തു വിഭാഗക്കാരുടെ എതിര്‍പ്പിന് കാരണമാകുകയും. 1929 ല്‍ അദ്ദേഹം ഭരണം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.
അമാനുല്ലാ ഖാന്റെ പതനത്തിന് ശേഷം ഭരണം നടത്തിയ അഫ്ഗാനിസ്താന് രാജ വംശം ഷാ എന്ന പേരില്‍ അറിയപ്പെട്ടു.
താജിക് വംശജനായ ഹബീബുല്ല കലാകാനിയുടെ ഭരണമായിരുന്നു അമാനുല്ലാ ഖാന് ശേഷം വന്നതെങ്കിലും 1929 ഒക്ടോബര്‍ 17 ന് ബാരക്സായി പഷ്ത്തൂന്‍ കുടുംബാംഗമായ മുഹമ്മദ് നാദിര്‍ ഖാന് ഹബീബുല്ലയെ പരാജയപ്പെടുത്തി മുഹമ്മദ് നാദിര്‍ ഷാ എന്ന പേരില്‍ അധികാരം തുടര്‍ന്നു. എന്നാല്‍ കുടുംബങ്ങളുടെ ചേരിപ്പോരിന്റെ ഫലമായി മുഹമ്മദ് നാദിര്‍ഷാ കൊല്ലപ്പെടുകയും 1933 ല്‍ അദ്ദേഹത്തിന്റെ പുത്രന് മുഹമ്മദ് സഹീര്‍ ഷാ അധികാരത്തിലെത്തുകയും ചെയ്തു.
മുഹമ്മദ് സഹീര്‍ ഷാ (രാഷ്ട്ര പിതാവ്)
1933 മുതല്‍ 1973 വരെ അഫ്ഗാനിസ്താന്റെ ഭരണത്തലവനായിരുന്ന ഇദ്ദേഹം പിതാവിന്റെ മരണ ശേഷം 19 ആം വയസ്സിലാണ് രാജ്യത്തിന്റെ രാജാവായി സ്ഥാനം ഏറ്റെടുത്തത്. കാലക്രമേണ ഭരണ രംഗത്ത് പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രാധാന്യം വര്‍ധിക്കുകയും രാജാവിന്റെ ഏകാധിപത്യം കുറയുകയും ചെയ്തു.
രാജ്യത്തെ സാമ്പത്തിക വ്യവസായ രംഗത്ത് ശ്രദ്ധ ചെലുത്താനും പഷ്തു ഭാഷക്ക് ഭരണ രംഗത്ത് സ്ഥാനം നല്‍കാനും കഴിഞ്ഞു. പ്രധാന മന്ത്രിമാരായിരുന്ന മുഹമ്മദ് ഹാഷിം ഖാന്, ഷാ മഹ്മൂദ് ഖാന് എന്നിവരാണ് യഥാര്‍ഥത്തില്‍ അഫ്ഗാനെ നിയന്ത്രിച്ചിരുന്നത്. 1953ല്‍ മുഹമ്മദ് ദാവൂദ് ഖാന് പ്രധാനമന്ത്രിയായി അധികാരമേറിയതിനുശേഷമാണ് അഫ്ഗാനിസ്താനും സോവിയറ്റ് യൂണിയനുമായുള്ള ബന്ധം വളരുന്നത്.
അവരില്‍ നിന്ന് സൈനിക സഹായങ്ങളും മറ്റും സ്വീകരിച്ച് പഞ്ചവത്സര പദ്ധതികള്‍ അഫ്ഗാനിസ്താന് നടപ്പിലാക്കി. വിവിധ സാമൂഹിക പരിഷ്കാരങ്ങളും കൊണ്ടു വന്നു. സ്ത്രീകള്‍ക്ക് പര്‍ദ ധരിക്കാതെ പുറത്തിറങ്ങാം എന്നും പ്രഖ്യാപിച്ചു.
പക്ഷേ പാകിസ്താനുമായുള്ള അതിര്‍ത്തി പ്രശ്നത്തെ ചൊല്ലിയുണ്ടായ തര്‍ക്കം മുഹമ്മദ് ദാവൂദ് ഖാനെ 1963 മാര്‍ച്ചില്‍ സ്ഥാനഭ്രഷ്ടനാക്കി.
ശേഷം മുഹമ്മദ് യുസുഫ് പ്രധാനമന്ത്രിയാവുകയും പാകിസ്താനുമായുള്ള തര്‍ക്കം പരിഹരിക്കുകയും ചെയ്തു. അഫ്ഗാനിസ്താനില്‍ നിന്നുള്ള ചരക്കു നീക്കം പുനസ്ഥാപിക്കപ്പെട്ടു.
മുഹമ്മദ് യുസുഫ് പിന്നീട് പുതിയ ഭരണഘടനക്കുള്ള നിര്‍ദേശങ്ങള്‍ ലോയാ ജിര്‍ഗയില്‍ അവതരിപ്പിക്കുകയും പുതിയ ഭരഘടന 1964 ഒക്ടോബര്‍ 1 ന് നിലവില്‍ വരികയും ചെയ്തു. അതു വരെ സാഹിര്‍ഷായുടെ പിതാവ് നാദിര്‍ഷാ കൊണ്ട് വന്ന ഭരണഘടനയായിരുന്നു അഫ്ഗാനില്‍ ഉണ്ടായിരുന്നത്.
പുതിയ ഭരണഘടന പ്രകാരം അഫ്ഗാന് ഒരു constitutional monarchy ആയി മാറി. ഇതോടെ രാജ കുടുംബത്തിനുള്ള മേല്‍കോയ്മ തീരെ കുറഞ്ഞു.
പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകളും പുരുഷന്മാരും തിരഞ്ഞെടുപ്പിലൂടെ ജനസഭയിലേക്കു പ്രതിനിധികളെ തെരഞ്ഞെടുത്തു. വോലെസി ജിര്‍ഗ (ജനസഭ) എന്നറിയപ്പെടുന്ന താഴത്തെ സഭയും, മേശ്രാനോ ജിര്‍ഗ (പ്രമുഖസഭ / സെനറ്റ്) എന്ന മേലത്തെ സഭയും ചേര്‍ന്നതാണ് അഫ്ഗാനിസ്താനിലെ പാര്‍ലമെന്റ്.
1965 ല്‍ തിരഞ്ഞെടുപ്പ് നടന്നെങ്കിലും സഭാംഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളില്‍ രാജ്യമെമ്പാടും പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നു. ഭരണ നേതൃത്വത്തിനോടുള്ള അതൃപ്തിയും ഇതിന് കാരണമായിരുന്നു. പ്രതിഷേധം ശക്തമായപ്പോള്‍ പ്രധാന മന്ത്രി മുഹമ്മദ് യുസുഫിന് രാജി വെക്കേണ്ടി വന്നു.
ഇതേ സമയം യുവാക്കളുടെ ഇടയില്‍ വലതു പക്ഷ ഇസ്ലാമിക വാദങ്ങളും ഇടതുപക്ഷ മാര്‍ക്സിയന്‍ വാദങ്ങളും വളര്‍ന്നു. ഇടതുപക്ഷ വാദികള്‍ രൂപം കൊടുത്ത പ്രമുഖ സംഘടനയാണ് PDPA ( peoples democratic party of Afghanistan).
വലതു പക്ഷ ഇസ്ലാമിക രാഷ്ട്രീയ കക്ഷിയായി ഗുലാം മുഹമ്മദ് നിയാസിയുടെ നേതൃത്വത്തില്‍ Jamiyath e Islamiya യും രൂപം കൊണ്ടു. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശയില്‍ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയതിനു ശേഷം നിയാസി കാബൂള്‍ സര്‍വകലാശാലയില്‍ പ്രൊഫസര്‍ ആവുകയും പിന്നീട് ഇസ്ലാമിക പഠന വിഭാഗത്തിന്റെ തലവന്‍ ആവുകയും ചെയ്തു.
അദ്ദേഹം ഒരു ആധുനിക ഇസ്ലാമിക സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിച്ചു. പക്ഷേ 1974 ല്‍ ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും 1979 മെയ് 28ന് നൂര്‍ മുഹമ്മദ് താരികിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുഹമ്മദ് നിയാസിയെ വധിക്കുകയും ചെയ്തു. ജംഇയ്യത്ത് ഇ ഇസ്ലാമിയയുടെ നേതൃസ്ഥാനം ശിഷ്യനായ ബുര്‍ഹാനുദ്ദീന്‍ ബര്‍ഹാനി ഏറ്റെടുക്കയും ചെയ്തു.
പ്രധാന മന്ത്രി മുഹമ്മദ് യൂസഫിന്റെ രാജിക്ക് ശേഷം മുഹമ്മദ് ഹാഷിം, അബ്ദുല്ല യാഫ്താലി, നൂര്‍ മുഹമ്മദ്, അബ്ദുല്‍ സഹീര്‍, മുഹമ്മദ് മൂസ ഷഫീഖ് എന്നിവര്‍ പ്രധാനമന്ത്രി പദങ്ങള്‍ അലങ്കരിച്ചുവെങ്കിലും 1973 ല്‍ രാഷ്ട്ര പിതാവായ സഹീര്‍ ഷാ ചികിത്സക്ക് റോമില്‍ പോയ തക്കം നോക്കി രാജാവിന്റെ മാതുലനും മുന്‍ പ്രധാനമന്ത്രിയുമായ മുഹമ്മദ് ദാവൂദ് ഖാന് അധികാരം പിടിച്ചെടുത്തു. ഇതോടെ അഫ്ഗാനിസ്താന്റെ രാജ ഭരണത്തിന് തിരശ്ശീല വീണു.
അഫ്ഗാനിലെ പ്രസിഡന്റ് ഭരണം
സഹീര്‍ ഷാ യുടെ വീഴ്ചയോടെ മുഹമ്മദ് ദാവൂദ് ഖാന് കമ്യൂണിസ്റ്റ് രാഷ്ട്രീയ കക്ഷിയായ PDPA യുടെ സഹായത്തോടെ രാജ്യത്തെ ആദ്യത്തെ പ്രസിഡന്റ് ആയി ചുമതലയേറ്റു. ഇസ്ലാമിക മൗലിക വാദികളെ പ്രത്യക്ഷ ശത്രുക്കളായി കണ്ട മുഹമ്മദ് ദാവൂദ് അവര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോയി. എന്നാല്‍ ഇവര്‍ പാകിസ്താനിലേക്ക് കടക്കുകയും അഫ്ഗാന് ഭരണത്തിനെതിരെ സായുധ പോരാട്ടത്തിന് തയാറെടുക്കുകയും ചെയ്തു. അഫ്ഗാനില്‍ ഇന്നും തുടരുന്ന അക്രമ പരമ്പരയുടെ തുടക്കം ഈ നടപടികളില്‍ നിന്നാണ് ആവിര്‍ഭവിച്ചത്.
പില്കാലത്തു കമ്യൂണിസ്റ്റ് കക്ഷിയെ എതിരാളിയായി കണ്ടതോടെ മുഹമ്മദ് ദാവൂദ് ഖാന് വധിക്കപ്പെടുകയും 1978 ല്‍ കമ്യൂണിസ്റ്റുകള്‍ അധികാരം പിടിക്കുകയും നൂര്‍ മുഹമ്മദ് തരാകിയെ ആദ്യ കമ്യൂണിസ്റ്റ് പ്രസിഡന്റ് ആക്കുകയും ചെയ്തു. സോര്‍ വിപ്ലവം എന്നും ഈ അധികാര കൈമാറ്റത്തിന് പറയപ്പെടുന്നുണ്ട്.
ഇതേ സമയം പാകിസ്താന് കേന്ദ്രീകരിച്ച് ഇസ്ലാമിക വാദികള്‍ സര്‍ക്കാനെതിരെ പോരാട്ടം ശക്തമാക്കി. നൂര്‍ മുഹമ്മദ് താരികിന് പകരം ഹാഫിസുല്ല ആമീന്‍ പ്രസിഡന്റ് ആയെങ്കിലും റഷ്യയോടുള്ള വിധേയത്വം കുറച്ചതിന്റെ പേരിലും അമേരിക്കയുമായും ഇസ്ലാമിക വാദികളുമായും അനുരഞ്ജനത്തില്‍ പ്രവര്‍ത്തിച്ചതിന്റെയും ഫലമായി 1979 ല്‍ ഹാഫിസുല്ലയെ അട്ടിമറിച്ചു സോവിയറ്റ് സൈന്യം രാജ്യം പിടിച്ചടുക്കകയും കമ്യൂണിസ്റ്റ് പക്ഷക്കാരനായ ബാബ്രക്ക് കാര്‍മലിനെ പ്രസിഡന്റ് ആക്കുകയും ചെയ്തു.
അഫ്ഗാൻ മുജാഹിദീനുകള്‍
അഫ്ഗാനിലെ കമ്യൂണിസ്റ്റ് ഭരണത്തിനെതിനെതിരെ നിരന്തരം പോരാടിയ ഇസ്ലാമിക വാദികള്‍ക്ക് (മുജാഹിദുകള്‍) അമേരിക്കയുടെ പിന്തുണ ലഭിച്ചിരുന്നു. ഈ ചെറുത്തു നില്പ്പിനൊടുവില് സോവിയറ്റ് സൈന്യം 1989 ല്‍ പിന്‍വാങ്ങുകയും 1992 വരെ ഭരണത്തില്‍ തുടരുകയും ചെയ്തു.
1992 ല്‍ പ്രസിഡണ്ട് നജീബുല്ലയെ പുറത്താക്കി മുജാഹിദുകള്‍ അധികാരത്തിലെത്തി. പക്ഷേ മുജാഹിദുകള്‍ തമ്മിലുള്ള ആഭ്യന്തര യുദ്ധമാണ് പിന്നീട് അഫ്ഗാനിസ്താന് കണ്ടത്. ബുര്‍ഹാനുദ്ദീന്‍ റബ്ഹാനിയായിരുന്നു ഈ കാലത്ത് അവരുടെ പ്രസിഡന്റ് . Islamic state of Afghanisthan എന്ന ഭരണകൂടമായിരുന്നു മുജാഹിദുകള്‍ രൂപം നല്‍കിയത്.
ഇവര്‍ തമ്മിലുള്ള നീണ്ട പോരാട്ടത്തിനോടുവില്‍ താലിബാന് സേന 1996 ല്‍ അഫ്ഗാനിസ്താനില്‍ ആധിപത്യം ഉറപ്പിച്ചു.
എന്നാല്‍ ഭീകരര്‍ക്കു സംരക്ഷണം നല്കുന്നു എന്ന പേരില്‍ അമേരിക്കയും നാറ്റോ സഖ്യ സേനയും 2001 ല്‍ യുദ്ധത്തിലൂടെ താലിബാന് ഭരണ കൂടത്തെ പുറന്തള്ളി.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്
താലിബാന് സര്‍ക്കാരിന്റെ പതനത്തിന് ശേഷം 2001 ല്‍ ഹമീദ് കര്‍സായിയുടെ നേതൃത്വത്തില്‍ ഒരു ഇടക്കാല സര്‍ക്കാര്‍ രൂപം കൊണ്ടു.
Islamic republic of afghanistan എന്ന് ഈ സര്‍ക്കാറിനെ പുനര്‍നാമം ചെയ്തു. ഈ ഭരണകൂടത്തെ സഹായിക്കാന്‍ UN രക്ഷാ സമിതി (ISAF) international security assistants force സ്ഥാപിച്ചു. എങ്കിലും ഈ സര്‍ക്കാനെതിരെ നിരന്തരം താലിബാന് സേന കലാപം സൃഷ്ടിച്ചു കൊണ്ടേ ഇരുന്നു.
കലാപങ്ങളും യുദ്ധങ്ങളും കാരണം രാജ്യം ദാരിദ്ര്യത്തിന്റെ പിടിയിലായി. പട്ടിണി മരണങ്ങള് കൂടി. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശിശു മരണ നിരക്ക് അഫ്ഗാനിലേത് ആയി മാറി. വിദേശ സഹായങ്ങള്‍ ലഭിച്ചുവെങ്കിലും ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ സാധിച്ചില്ല. അഴിമതിയും അഴിഞ്ഞാടിയിരുന്നു.
എങ്കിലും ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, കൃഷി എന്നിവ മെച്ചപ്പെടുത്തുന്നതിന് വിദേശ സഹായത്തോടെ ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.
ദേശീയ സുരക്ഷ മുന്‍ നിര്‍ത്തി ISAF സേന അഫ്ഘാന്‍ സേനാംഗങ്ങള്‍ക്ക് പരിശീലനം കൊടുത്തു.
കൂടാതെ NATO സഖ്യ സേനയും നിലകൊണ്ടിരുന്നു. ഈ സമയങ്ങളിലെല്ലാം താലിബാനെതിരെ പല ഭാഗങ്ങളിലും യുദ്ധം നടന്നുകൊണ്ടേയിരുന്നു. എന്നാല്‍ പൂര്‍ണമായി പരാജയപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചില്ല.
2014 ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം മുഹമ്മദ് അഷ്റഫ് ഗനി അഹ്മദ്സായി പ്രസിഡന്റ് ആയി. 2014 മുതല്‍ 2021 ല്‍ താലിബാന് രാജ്യം പിടിച്ചടുക്കുന്നത് വരെ ഇദ്ദേഹമായിരുന്നു അഫ്ഗാന് ഭരിച്ചിരുന്നത്. ബൈറൂത്തിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും കൊളമ്പിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്ത ബിരുദവും കരസ്ഥമാക്കിയ ഗനിക്ക് 2009 വരെ അമേരിക്കന്‍ പൗരത്വവും ഉണ്ടായിരുന്നു. തന്റെ ഊര്‍ജം നിറച്ച പ്രസംഗങ്ങള്‍ വഴി യുവാക്കളെ കൈയിലെടുത്തു കൊണ്ട് രാജ്യത്തെ ഒരു technocratic ആക്കുവാന് ശ്രമിച്ചു.
താലിബാനുമായി പല തവണ സന്ധി സംഭാഷണങ്ങള്‍ നടത്തി. രാജ്യത്തെ ദക്ഷിണേഷ്യയുടെയും മധ്യേഷ്യയുടെയും കച്ചവട കേന്ദ്രമാക്കാന്‍ ശ്രമിച്ചു. പക്ഷേ ഒന്നും തന്നെ ശരിയായ രീതിയില്‍ ഫലം കണ്ടില്ല.
NATO 2014 ല്‍ തന്നെ അവിടത്തെ പോരാട്ടങ്ങള്‍ ഔദ്യോഗികമായി അവസാനിപ്പിക്കുകയും ഓപ്പറേഷന് റെസൊല്യൂട്ട് സപ്പോര്‍ട്ട് (Operation Resolute Support) രൂപീകരിക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിന് മുഴുവന്‍ സുരക്ഷ ഉത്തരവാദിത്തം കൈമാറിയെങ്കിലും അവര്‍ക്ക് പരിശീലനം നല്കുവാന് നാറ്റോ സഖ്യ സേന നിലനിന്നിരുന്നു.
അഫ്ഗാൻ ദോഹ ഉടമ്പടി
താലിബാന് ആക്രമണം ചെറുത്തു നില്ക്കാന് സാധിക്കാതെ വന്നപ്പോഴാണ് 2020 ല്‍ US-NATO സഖ്യം താലിബാനുമായി ദോഹ ഉടമ്പടിയില്‍ ഒപ്പ് വെക്കുന്നത്.
ഉടമ്പടി പ്രകാരം US ഉം NATO സഖ്യവും അവരുടെ സൈന്യത്തെ ഘട്ടം ഘട്ടമായി പിന്‍വലിക്കാമെന്നു സമ്മതിച്ചു.
താലിബാന്
ധാരാളം ഗോത്ര വര്‍ഗങ്ങളുടെ നാടുകൂടിയാണ് അഫ്ഗാന് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. അതില്‍ നാല് പ്രമുഖ ഗോത്ര വര്‍ഗങ്ങളാണ് പഷ്തൂണ്‍, തജിക്സ്, ഹസാരാസ്, ഉസ്ബക്സ്. ഇതില്‍ 40-50 ശതമാനം പഷ്തൂണുകളാണ്. വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ കൂടുതലായി കാണപ്പെടുന്ന ഇവരില്‍ നിന്നാണ് താലിബാന്റെ വളര്‍ച്ച തുടങ്ങുന്നത്.

1978 മുതല്‍ 1992 വരെ അഫ്ഗാനിസ്താനില്‍ സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് ഭരണ കൂടമായിരുന്നു (അഫ്ഗാന് കമ്യൂണിസ്റ്റ് കക്ഷിയുടെ നേതൃത്വത്തില്‍) ഡെമോക്രറ്റിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്.
റഷ്യയുടെ ശക്തമായ പിന്തുണ ഇവര്ക്കുണ്ടായിരുന്നുവെങ്കിലും വിവിധ നേതാക്കള്‍ തമ്മിലുള്ള ശത്രുതയും മുജാഹിദീന്‍ കക്ഷികളില്‍ (ഹിസ്ബ്-ഇ-ഇസ്ലാമി (ഗുല്‍ബുദ്ദീന്‍ ഹെക്മത്യാര്), ജമാഅത്തെ ഇസ്ലാമി (ബുര്‍ഹാനുദ്ദീന്‍ റബ്ബാനി / അഹ്മദ് ഷാ മസൂദ്), ഇത്തിഹാദ്-ഇ-ഇസ്ലാമി, ഹരകത്ത്-ഇ-ഇന്ഖിലാബ്-ഇ-ഇസ്ലാമി) നിന്നുള്ള എതിര്‍പ്പും സോവിയറ്റ് റഷ്യയുടെ ശിഥിലീകരണവും ഈ സര്‍ക്കാരിനെ വീഴ്ത്തുകയും 1992 ല്‍ മുജാഹിദീന്‍ കക്ഷി അധികാരത്തില്‍ എത്തുകയും ചെയ്തു.
I992 മുതല്‍ 1996 വരെ ഇസ്ലാമിക് പ്രതിരോധ കക്ഷികള്‍ (മുജാഹിദീന്‍) ആയിരുന്നു രാജ്യം ഭരിച്ചിരുന്നത്.
പക്ഷെ അന്യോനമുള്ള തര്‍ക്കവും ധാരണയില്ലായ്മയും കാരണം മെച്ചപ്പെട്ട ഭരണം കാഴ്ചവെക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെ ജനപിന്തുണയും ഇവര്‍ക്ക് നഷ്ടപ്പെട്ടു.
ഇതേ സമയം പാകിസ്താന് അതിര്‍ത്തിയോട് ചേര്‍ന്ന് 1990 ല്‍ മുല്ല മുഹമ്മദ് ഉമറിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക നിയമങ്ങളില്‍ തീവ്ര നിലപാടുകളുമായി താലിബാന് ശക്തിയാര്‍ജിക്കാന്‍ തുടങ്ങി. (ഇവര്‍ക്ക് അമേരിക്കന്‍ CIA യുടെയും പാകിസ്താന് ISI യുടെയും സഹായവും ലഭിച്ചിരുന്നു എന്ന് പറയപ്പെടുന്നു).
പഷ്തു ഭാഷയില്‍ ‘വിദ്യാര്‍ഥികള്‍’ എന്നര്‍ത്ഥം വരുന്ന താലിബാന് വളരെ പെട്ടെന്ന് തന്നെ തങ്ങളുടെ സ്വാധീനം ജനങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ സാധിച്ചു. വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലും ഇവര്‍ക്ക് സ്വാധീനം ഉണ്ടായിരുന്നു.
സ്ഥിരതയും നിയമവാഴ്ചയും വാഗ്ദാനം ചെയ്ത താലിബാന് ജനകീയ പിന്തുണ വര്‍ധിച്ചുവരികയും നിലവിലെ ഭരണകൂടത്തിനെതിരെ പോരാടുകയും ചെയ്തു. അങ്ങനെ 1994 ല്‍ കാന്തഹാറും 1996 ല്‍ കാബൂളും പിടിച്ചടക്കിക്കൊണ്ട് അഫ്ഗാനിസ്താന്റെ ഭരണം താലിബാന് കൈപിടിയിലൊ തുക്കുകയും മുല്ല ഉമറിന്റെ നേതൃത്വത്തില്‍ 2001 വരെ ഭരണം നടത്തുകയും ചെയ്തു.
പക്ഷേ ഭരണം ലഭിച്ചതിന് ശേഷം ഇവര്‍ പെണ്‍കുട്ടികളുടെ വിദ്യാലയങ്ങള്‍ അടച്ചു പൂട്ടുകയും അവര്‍ പുറത്തിറങ്ങുന്നതും ജോലിക്ക് പോവുന്നത് നിരോധിക്കുകയും ചെയ്തു. സംഗീതത്തിന് വിലക്കേര്‍പ്പെടുത്തി. സംഗീതോപാധികള് അടച്ചുപൂട്ടുകയും പുരുഷന്മാര്ക്ക് താടി വളര്‍ത്തല്‍ നിര്‍ബന്ധമാക്കുകയും അഫ്ഗാനികളുടെ പാരമ്പര്യ വിനോദങ്ങളായ പട്ടം പറത്തലും പ്രാവ് വളര്‍ത്തലും നിര്‍ത്തലാക്കിക്കൊണ്ട് ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്തു.
ഈ നടപടികള്‍ പരിഷ്കൃതരായ കാബൂള്‍ ജനങ്ങളില്‍ അതൃപ്തി ഉണ്ടാക്കുക മാത്രമല്ല. താലിബാനോടുള്ള അടുപ്പത്തിലും വിള്ളലുണ്ടാക്കി.
കമൂണിസ്റ്റ് പ്രസിഡന്റ് ആയിരുന്ന നജീബുല്ലയുടെയും സഹോദരന്റെയും കൊലപാതകവും ജനങ്ങളില്‍ ഇവരില്‍ ഉണ്ടായിരുന്ന സ്വാധീനം കുറയ്ക്കുവാന്‍ ഇടയാക്കി.
തീവ്ര ഇസ്ലാമിക നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചത് കാരണം പല മേഖലകളിലും കലാപങ്ങള്‍ പൊട്ടിപുറപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും എതിര്‍പ്പുകള്‍ ശക്തമായിക്കൊണ്ടിരുന്നു.
രാജ്യത്തെ മനുഷ്യാവകാശ ലംഘനവും കറുപ്പിന്റെയും ഹെറോയിന്റെയും വന്‍ തോതിലുള്ള ഉത്പാദനവും ഒസാമ ബിന്‍ ലാദന്റെ അഭയവും താലിബാനോടുള്ള US ന്റെ നയങ്ങള്‍ക്ക് മാറ്റം സംഭവിക്കാന്‍ തുടങ്ങി.
1998 ല്‍ വടക്കു കിഴക്കന്‍ അഫ്ഗാനിലുണ്ടായ വന്‍ ഭൂകമ്പങ്ങളും വന്‍ വരള്‍ച്ചയും ബാഹ്യലോകത്തുനിന്നുള്ള ഒറ്റപ്പെടലും രാജ്യത്തിന്റെ സ്ഥിതിഗതികള്‍ പരിതാപകരമാക്കി. ഭരണ കര്‍ത്താക്കള്‍ നിസ്സംഗരായി.
1999 ല്‍ വ്യോമ ഉപരോധങ്ങള്‍ അടക്കം ശക്തമായ ഉപരോധം ഐക്യരാഷ്ട്ര സഭ ഇവര്‍ക്കെതിരെ ഏര്‍പ്പെടുത്തുകയും ചെയ്തു.
ഉസാമ ബിന്‍ ലാദനെ വിട്ടുകൊടുക്കാന്‍ അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടിരുന്നു. അതിന് അവര്‍ തയ്യാറാവാതിരുന്നതിനെത്തുടര്‍ന്ന് അമേരിക്ക നാറ്റോ സഖ്യവുമായി ചേര്‍ന്നു താലിബാനെതിരെ ആക്രമണം ആരംഭിച്ചു. പല പഷ്തൂന്‍ നേതാക്കളെയും അമേരിക്ക തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവന്നു (ഹമീദ് കര്‍സായി, അബ്ദുല്‍ ഹഖ് ). പതിയെ പല ഗോത്ര നേതാക്കളും താലിബാനെ വിട്ട് മറ്റു നേതാക്കളുടെ പിന്നില്‍ അണിനിരന്നു.
2001 ഒക്ടോബര്‍ മാസം അമേരിക്കന്‍ ബ്രിട്ടീഷ് സേനകള്‍ താലിബാന് കേന്ദ്രത്തിനു നേരെ ശക്തമായ ആക്രമണം ആരംഭിക്കുകയും നവംബര്‍ മാസത്തോടെ താലിബാന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഒട്ടു മിക്ക പ്രദേശങ്ങളും തിരിച്ചു പിടിക്കുകയും ചെയ്തു.
ഡിസംബര്‍ 7 ഓട് കൂടി താലിബാന് ഭരണം നിലച്ചു. മുല്ല ഉമറും ഉസാമ ബിന്‍ ലാദന് അടക്കം പല നേതാക്കളും പാകിസ്താനിലേക്ക് ഒളിവില്‍ പോവുകയും ചെയ്തു.
2001 മുതല്‍ 2021 വരെ പാശ്ചാത്യ അനുകൂല സര്‍ക്കാര്‍ വന്നെങ്കിലും അധിനിവേശ സേനകളുടെ ക്രൂരമായ ആക്രമണത്തിലും കണ്ണില്‍ ചോരയില്ലാത്ത നടപടികളിലും ജനങ്ങള്‍ വീര്‍പ്പുമുട്ടി. അവര്‍ വീണ്ടും മാറി ചിന്തിക്കുവാന്‍ തുടങ്ങി.
താലിബാന് ഈ വര്‍ഷങ്ങളില്‍ പാകിസ്താന് കേന്ദ്രീകരിച്ച് ശക്തി പ്രാപിക്കുകയും ജനങ്ങളുടെ പിന്തുണ കൂട്ടുകയും പല തരത്തിലുള്ള ആക്രമണങ്ങളും ഒളിപ്പോരുകളും സഖ്യസേനക്കെതിരെ നടത്തുകയും ചെയ്തു. ഭീമമായ ആള്‍നാശം സഖ്യ സേനക്ക് നേരിടേണ്ടിവന്നു. ഗത്യന്തരമില്ലാതെ അമേരിക്കന്‍ പട്ടാളത്തെയും നാറ്റോ സേനയെയും അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി.
2021 ല്‍ സഖ്യസേന പൂര്‍ണമായും അഫ്ഗാന് വിടുകയും ഒരാഴ്ചക്കുള്ളില്‍ നിലവിലെ സര്‍ക്കാര്‍ നിലം പതിക്കുകയും താലിബാന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ വരുകയും ചെയ്തു.
താലിബാന് സര്‍ക്കാര്‍
2021 ഓട് കൂടി സഖ്യസേന പിന്‍വലിയുകയും താമസിയാതെ മുഹമ്മദ് അഷ്റഫ് ഗനിയുടെ ഭരണം താലിബാന് പിടിച്ചടക്കുകയും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.
സെപ്റ്റംബര്‍ 7, 2021 ല്‍ അഫ്ഗാനിസ്താന് Islamic Emirates of Afghanistan എന്നാക്കി മാറ്റുകയും ഹസന് അഖുന്ദ് ആക്ടിങ് പ്രധാനമന്ത്രിയാവുകയും ചെയ്തു. ഇന്നും അഫ്ഗാനില്‍ താലിബാന് സര്‍ക്കാറിന്റെ ഭരണമാണ് നിലനില്‍ക്കുന്നത്.
ഇസ്ലാമിക ശരീഅത്ത് പ്രകാരമുള്ള ഭരണമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തീവ്രമായ അവരുടെ പല നിലപാടുകളും യഥാര്‍ഥ ഇസ്ലാമിക തത്ത്വങ്ങള്‍ക്ക് എതിരായാണ്.
അഫ്ഗാന് താലിബാന് സംഘര്‍ഷത്തില്‍ രണ്ട് ലക്ഷത്തിനടുത്തു സാധാരണക്കാര്‍ കൊല്ലപ്പെട്ടു എന്ന് പറയപ്പെടുന്നു.
അഫ്ഗാനിലെ ഇസ്ലാം മതത്തിന്റെ വളര്‍ച്ച
ഏഴാം നൂറ്റാണ്ടില്‍ അറബികളുടെ അധിനിവേശത്തോടു കൂടിയാണ് അഫ്ഗാനിസ്താനില്‍ ഇസ്ലാം എത്തിച്ചേരുന്നത്.
CE 632 ല്‍ മുഹമ്മദ് നബി(സ്വ)യുടെ വിയോഗത്തിന് ശേഷം സ്ഥാപിതമായ ഖുലഫാഉര്‍റാശിദൂന്‍ ഭരണത്തിലായിരുന്നു അറബികള്‍ അഫ്ഗാനില്‍ എത്തുന്നത്.
സൊറാസ്ട്രിയന്‍ മതത്തെ ഔദ്യോഗിക മതമാക്കി മാറ്റിയ സസാനിയന്‍ സാമ്രാജ്യത്തെ 642 ല്‍ നിഹാവാന്ദ് യുദ്ധത്തില്‍ തകര്‍ത്തു കൊണ്ടായിരുന്നു അറബികള്‍ അഫ്ഗാനിസ്താനി ലേക്കുള്ള പാത വെട്ടിയത്. റോമന്‍ സാമ്രാജ്യത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഖലീഫ ഭരണത്തിന് കീഴിലായിക്കഴിഞ്ഞിരുന്നു.
അറബികളുടെ ഇസ്ലാം പ്രചാരണവും സംസ്കാരവും അഫ്ഗാനികളെ സ്വാധീനിക്കുകയും അഫ്ഗാനിസ്താന്റെ വടക്കു ഭാഗത്തുള്ള ജനങ്ങള്‍ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. ഉമവീ ഭരണ കര്‍ത്താക്കളായ ഹിശാം ഇബ്നു അബ്ദില്‍ മാലിക് (724-743) ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് (717-720) എന്നിവരുടെ കാലഘട്ടത്തിലായിരുന്നു ഇത്. എന്നാല്‍ അറബ് ഭരണകൂടത്തിന്റെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം അവര്‍ തിരിച്ചു പോയപ്പോള്‍ ജനങ്ങള്‍ വീണ്ടും അവരുടെ പഴയ മതത്തിലേക്കു തന്നെ പോയി എന്ന് ചരിത്രകാരന്മാര് പറയുന്നു.

എന്നാല്‍ ഒന്‍പതാം നൂറ്റാണ്ടില്‍ (870 CE) പേര്‍ഷ്യന്‍ ഭരണകര്‍ത്താവായ യഅ്കൂബ് ബിന്‍ ലൈസ് അല്‍ സഫ്ഫാരി (സഫാരി സാമ്രാജ്യം) അഫ്ഗാനിസ്താന്റെ കൂടുതല്‍ പ്രദേശം പിടിച്ചടക്കുകയും ഭരണം തുടങ്ങുകയും ചെയ്തു. സാമ്രാജ്യ വികാസത്തോടൊപ്പം ഇസ്ലാം മതവും വളര്‍ന്നുവന്നു.
സഫാരിദ് (861-1003 തെക്കു കിഴക്കന്‍ ഇറാന് മുതല്‍ തെക്കു പടിഞ്ഞാറന്‍ അഫ്ഗാന് വരെ) സാമ്രാജ്യത്തിന് ശേഷം പിന്നീട് വളര്‍ന്നു വന്ന വിവിധ രാജ വംശങ്ങളും സമാനി (819-999 വരെ മധ്യേഷ്യ മുതല്‍ ഖുറാസാന്‍ വരെ) ഗസ്നവി (975 മുതല്‍ 1187 വരെ) സെല്‍ജുക്ക് (പതിനൊന്നു മുതല്‍ പതിനാല് നൂറ്റാണ്ട് വരെ മധ്യേഷ്യ, പൂര്‍വ മധ്യേഷ്യ, കിഴക്ക് ഹിന്ദുകുഷ് മുതല്‍ പടിഞ്ഞാറ് അനാട്ടോലിയ വരെയും തെക്കു പേര്‍ഷ്യന്‍ ഗള്‍ഫ് വരെയും പരന്നു കിടന്ന ഒരു സുന്നി മുസ്ലിം സാമ്രാജ്യം) ഗോറി (പടിഞ്ഞാറന്‍ അഫ്ഗാനിസ്താനില്‍ ഹെരാത്തിനു കിഴക്കായി ഗോര്‍ ആസ്ഥാനമായി 1148 മുതല്‍ 1224 വരെ ) ഖൊറാസാ (1200 മുതല്‍ 1221 ല്‍ മംഗോളികളുടെ ആക്രമണം വരെ), ഈ സാമ്രാജ്യങ്ങളൊക്കെ ക്രമേണ അഫ്ഗാനിസ്താനെ ഇസ്ലാം മതത്തിന്റെ സ്വാധീനത്തില്‍ കൊണ്ടുവന്നു.
മതത്തിന്റെ ചിട്ടയും ജീവിതരീതിയും സാഹോദര്യ സ്നേഹവും സഹായവും ഏക ദൈവ വിശ്വാസവുമെല്ലാം പൂര്‍ണമായ തോതില്‍ അഫ്ഗാനികളെ ഇസ്ലാമിലേക്ക് കൊണ്ടു വന്നിട്ടുണ്ടാവാം.
ഇന്ന് നൂറു ശതമാനവും മുസ്ലിംകള് ഉള്ള അഫ്ഗാനിസ്താനില്‍ 85 ശതമാനം സുന്നികളും 10-15 ശതമാനം ശിയ മുസ്ലിങ്ങളുമാണ് ഉള്ളത്. സുഫി മുസ്ലിങ്ങളും ഇവരുടെ ഒരു ഭാഗമായി തുടരുന്നു.
അഫ്ഗാനിലെ മുസ്ലിം പണ്ഡിതന്മാര്
ധാരാളം പുരോഹിതന്മാരെയും പണ്ഡിതന്മാരെയും അഫ്ഗാനിസ്താന് ലോകത്ത് സംഭാവന ചെയ്തിട്ടുണ്ട്.
അബു ഹനീഫ ( 689-767)
മദ്ഹബുകളുടെ ഇമാമുമാര്‍ എന്നറിയപ്പെടുന്നവരില്‍ ആദ്യത്തെ ഇമാമാണ് നുഅ്മാനുബ്നു സാബിത്ത് അഥവാ അബു ഹനീഫ. ഇറാക്കിലെ കൂഫയില്‍ ജനിക്കുകയും പിന്നീട് അഫ്ഗാനില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. ഖുര്‍ആന്‍ പാഠങ്ങളെ അടിസ്ഥാനമാക്കി വ്യക്തവും ക്രോഡീകൃതവുമായ ഒരു നിയമ സംഹിത ഇദ്ദേഹം തയാറാക്കി.
അഫ്ഗാന്, ഈജിപ്ത്, തുര്‍ക്കി, വടക്കേ ഇന്ത്യ, മധ്യേഷ്യ, എന്നിവടങ്ങളിലെ മുസ്ലിങ്ങള്‍ അധികവും ഹനഫി മദ്ഹബ് പിന്തുടരുന്നു. ഇമാം മാലിക് (മാലിക് ഇബ്നു അനസ്) ഇദ്ദേഹത്തിന്റെ ശിഷ്യനാണ്.
ഇബ്രാഹിം ബിന്‍ ആദം (718-782) ലോക പ്രശസ്തനായ സുഫിവര്യന്‍.
ഹജ്ജ് വേളയില്‍ മക്കയില്‍ (മാതാപിതാക്കള്‍ ഹജ്ജിനു പോയ സമയം) ജനിച്ചെങ്കിലും അഫ്ഗാനിസ്താനിലെ ഖുറാസാനിലെ ബല്ക്കിയില് രാജ കുടുംബത്തിലാണ് വളര്‍ന്നത്. മുതിര്‍ന്നപ്പോള്‍ ഇദ്ദേഹം കൊട്ടാര ജീവിതം ഉപേക്ഷിക്കുകയും സൂഫി മാര്‍ഗം തിരഞ്ഞെടുക്കകയും ചെയ്തു. നാടോടി ജീവിതം നയിക്കുകയും എന്നാല്‍ യാചനയെ വെറുക്കുകയും ചെയ്തു.
സൂഫികളുടെ ചരിത്രത്തില്‍ ഇദ്ദേഹത്തിന്റെ ജീവിത കഥകള്‍ ഏറെ വാഴ്ത്തപ്പെട്ടു പോരുന്നു.
റൂമി ( ജലാലുദ്ദീന്‍ മുഹമ്മദ് ബല്‍ക്കി) 1207-1273
പതിമൂന്നാം നൂറ്റാണ്ടില്‍ അഫ്ഗാനിസ്താനില്‍ ജീവിച്ചിരുന്ന ലോക പ്രസിദ്ധനായ കവി. പഴയ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായ തുര്‍ക്കിയിലെ കൊന്യയില് കഴിഞ്ഞതിനാലാണ് അദ്ദേഹം റൂമി എന്നറിയപ്പെടുന്നത്. മസ്നവി ഏ മഅ്നവി, ദിവാന് എ കബീര്‍ എന്ന രചനകള്‍ ഏറ്റവും പ്രശസ്തമാണ്.
സൂഫിസത്തിന്റെയും ഇസ്ലാമിന്റെയും സാഹോദര്യ വീക്ഷണം പുലര്‍ത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ ലോകം. അത് ഏക ദൈവ വിശ്വാസത്തില്‍ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
അദ്ദേഹത്തിന്റെ ശവകുടീരം നിലകൊള്ളുന്ന ഇടം ഇന്ന് കൊന്യ മൌലാന മ്യൂസിയം എന്നറിയപ്പെടുന്ന വലിയ സ്മാരകമാണ്.
മുഹമ്മദ് ഇബ്നു മൂസ അല്‍ ഖവാരിസ്മി (780-850)
ഖുറാസ്സാന് സാമ്രാജ്യത്തിന്റെ ഭാഗമായ ഖവാറസമില്‍ ആയിരിക്കാം അദ്ദേഹത്തിന്റെ ജനനം എന്ന് അനുമാനിക്കുന്നു. പേര്‍ഷ്യയുടെ മേല്‍ ഇസ്ലാമിന്റെ വിജയത്തോട് കൂടി ബഗ്ദാദ് ശാസ്ത്രപഠനങ്ങളുടെയും വ്യാപരങ്ങളുടെയും കേന്ദ്രമായി മാറിയിരുന്നു. അതുകൊണ്ട് തന്നെ ലോകത്തിന്റെ നാനാഭാഗത്തു നിന്നും ശാസ്ത്രപ്രതിഭകള്‍ അവിടേക്കു ഒഴുകി.
ഖവാരിസ്മിയും ബഗ്ദാദിലേക്ക് വരികയുണ്ടായി. അവിടെ ഖലീഫ അല്‍ മഅ്മൂന്‍ സ്ഥാപിച്ച house of wisdom (ബയ്ത്തുല്‍ ഹിക്മ) ല്‍ കഴിയുകയും ശാസ്ത്രവും ഗണിതവും അഭ്യസിക്കുകയും ചെയ്തു. ഗണിത ശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, ഭൂമിശാസ്ത്രം, കാര്‍ട്ടോഗ്രാഫി എന്നിവയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ ആ ശാസ്ത്ര മേഖലകള്‍ക്ക് അടിത്തറ പാകി. ആള്‍ജിബ്രയിലും ത്രികോണമിതിയിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു.
അദ്ദേഹത്തിന്റെ അറബിയിലുള്ള ഗ്രന്ഥമാണ് അല്‍ കിതാബ് അല്‍ മുക്തസ്വര് അല്‍ ജബര്‍ വല്‍ മുഖാബല. അല്‍ ജിബ്രാ എന്ന പദം വന്നത് പോലും ഈ ഗ്രന്ഥത്തില്‍ നിന്നാണ്.
On the calculation of hindu numerals എന്ന ഗ്രന്ഥം മധ്യ പൂര്‍വേഷ്യയിലും യൂറോപ്പിലും ഇന്ത്യന്‍ സംഖ്യ സമ്പ്രദായങ്ങള്‍ക്ക് പ്രചാരം സിദ്ധിച്ചു. ഈ കൃതി പിന്നീട് ലതീന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. Algoritmi de numero indorum എന്നായിരുന്നു പേര്. ഇതില്‍ നിന്നാണ് അല്‍ഗോരിതം എന്ന പദം വന്നത്. ഭൂമിശാസ്ത്രത്തെ ക്കുറിച്ച് എഴുതപ്പെട്ട ഗ്രന്ഥമാണ് കിതാബ് സ്വൂറത്ത് അല്‍ അര്ള്.
ഇദ്ദേഹത്തോടുള്ള ബഹുമാനാര്‍ഥം സോവിയറ്റ് യൂണിയന് 1983 ല്‍ തപാല്‍ മുദ്ര ഇറക്കിയിട്ടുണ്ട്.
അല്‍ ബിറൂണി (973-1036)
നരവംശ ശാസ്ത്രം, ചരിത്രം, ഗണിതം, പ്രകൃതി ശാസ്ത്രം, ഭൂഗര്‍ഭ ശാസ്ത്രം, തത്ത്വചിന്ത, മതങ്ങള്‍ എന്നിവയിലെല്ലാം നൈപുണ്യം. ലോകത്തിലെ പണ്ഡിതന്മാരുടെ ശ്രേണിയില്‍ ശ്രേഷ്ഠസ്ഥാനം.
ഇന്ത്യയില്‍ വന്ന് ഇന്ത്യന്‍ ശാസ്ത്രങ്ങളും തത്ത്വശാസ്ത്രങ്ങളും ആഴത്തില്‍ പഠിക്കുകയും താരീഖ് അല്‍ ഹിന്ദ് എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. കേരളത്തിലും അദ്ദേഹം താമസിച്ചിട്ടുണ്ട്.
ഭൂമിയുടെ വലിപ്പവും ഭ്രമണ നിരക്കും അദ്ദേഹം കണക്കാക്കിയിരുന്നു. അല്ബിറൂണിയെ ആസ്ഥാന വിദ്വാന് ആയി നിയമിച്ചത് ജെര്ജാനിലെ (Jurjan) രാജാവായിരുന്നു. ഗസ്നവി സുല്‍ത്താന്‍ മഹ്മൂദിന്റെ സഭയിലും അദ്ദേഹം അംഗമായിരുന്നു.
ഗണിത ശാസ്ത്രജ്ഞന് അബൂനസര്‍ അല്‍ മന്‍സൂര്‍, വൈദ്യന് (phisician) അല്‍ ജുസ്ജാനി, ചരിത്രകാരനായ മിന്‍ഹാജ് ഇ സിറാജ്, അറബിക് കവിയായ അബുല്‍ ഫത്ഹ് അല്‍ ബുസ്തി എന്നിവര്‍ പഴയ കാല അഫ്ഗാനിസ്താനിലെ ഇസ്ലാമിക സുവര്‍ണ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പ്രസിദ്ധരാണ്.
ജമാലുദ്ദീന്‍ അല്‍ അഫ്ഗാനി 1838-1897
പത്തൊന്‍പതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന നായകനായിരുന്ന ഇദ്ദേഹം പന്ത്രണ്ടാം വയസ്സില്‍ കാബൂളില്‍ വെച്ച് ഇസ്ലാമിക വിജ്ഞാന ശാഖകളില്‍ പ്രാവീണ്യം നേടി. പിന്നീട് തത്ത്വശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ശ്രദ്ധ തിരിച്ചു. ശേഷം ഇന്ത്യയില്‍ നിന്ന് ആധുനിക വിദ്യാഭ്യാസവും നേടി. പിന്നീട് അല്‍ അസ്ഹര്‍ സര്‍വകലാ ശാലയില്‍ അധ്യാപനായി.
തത്ത്വചിന്തകന്, എഴുത്തുകാരന്, വാഗ്മി, പത്രപ്രവര്ത്തകന് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്.
പാന്‍ ഇസ്ലാമിസത്തിന്റെ വക്താവ് കൂടിയായ ഇദ്ദേഹം അറബ്-ഇസ്ലാമിക രാജ്യങ്ങളില്‍ ഉയര്‍ന്നു വന്ന അപകോളനീകരണ പ്രസ്ഥാനങ്ങളുടെ ആചാര്യന് കൂടിയായിരുന്നു.
1897 ല്‍ ഇസ്തന്ബൂളില് മരണപ്പെട്ടെങ്കിലും അഫ്ഗാന് ഗവണ്മെന്റിന്റെ അഭ്യര്‍ഥന പ്രകാരം 1944 ല്‍ അദ്ദേഹത്തിന്റെ അവശിഷ്ടങ്ങള്‍ അഫ്ഗാനിലേക്ക് കൊണ്ടു വരികയും കാബൂള്‍ സര്‍വകലാശാല വളപ്പില്‍ ഖബറടക്കുകയും ചെയ്തു.
ഇന്ന് കാബൂളിലെ ഒരു യൂനിവേഴ്സിറ്റിയും പല സ്കൂളുകളും റോഡുകളും സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നു.
അഫ്ഗാനിസ്താനിലെ സര്‍വകലാശാലകള്‍
കാബൂള്‍ യൂണിവേഴ്സിറ്റി
1931 ല്‍ മുഹമ്മദ് നാദിര്‍ ഷാ രാജാവാണ് ഇത് സ്ഥാപിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഈ യൂണിവേഴ്സിറ്റിയില്‍ തുടക്കത്തില്‍ പുരുഷന്മാര് മാത്രമായിരുന്നെങ്കിലും 1950 ല്‍ സ്ത്രീകള്‍ക്കും പ്രവേശനാനുമതി നല്കി.
നന്‍ഗര്‍ഹാര്‍ യൂണിവേഴ്സിറ്റി
1963 ല്‍ സ്ഥാപിതമായ ഈ സര്‍വകലാശാല രാജ്യത്തെ രണ്ടാമത്തെ വലിയ പഠന കേന്ദ്രമാണ്. അഫ്ഗാനിസ്താനിലെ ജലാലാബാദില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തില്‍ 13 കോളേജുകളുടെ കീഴിലായി 15000 ത്തില്‍ പരം വിദ്യാര്‍ഥികള്‍ പഠിക്കുന്നു.
ഹെറാത്ത് യൂണിവേഴ്സിറ്റി
പടിഞ്ഞാറേ അഫ്ഗാനിസ്താനില്‍ ഹെറാത്ത് പ്രൊവിന്‍സില്‍ സ്ഥിതി ചെയ്യുന്ന ഈ സര്‍വകലാശാല 1988 ല്‍ ആണ് ഉദ്ഘാടനം ചെയ്തത്. ഹുമാനിറ്റീസും സാഹിത്യവുമായി തുടങ്ങിയ ഈ വിദ്യാഭ്യാസ കേന്ദ്രം ഇന്ന് അമേരിക്ക, ജര്‍മ്മനി, ഇറ്റലി, തായ്ലന്ഡ്, സ്ലോവാക്യ, ഇറാന്, ഇന്ത്യ, ഇന്‍ന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റിയുമായുള്ള സഹകരണത്തോടെ കമ്പ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിംഗ്, ഇക്കണോമിക്സ്, അഗ്രിക്കള്‍ച്ചര്‍, മെഡിക്കല്‍, religious and islamic ജേര്‍ണലിസം, എന്നീ സിലബസുകള്‍ കൊണ്ടുവരികയും ചെയ്തു. ഇന്ന് 457 ഓളം faculties ഉം 18000 ത്തോളം വിദ്യാര്‍ഥികളും ഉണ്ട്.
കാന്താഹര് യൂണിവേഴ്സിറ്റി
1990 ല്‍ പ്രസിഡന്റ് മുഹമ്മദ് നജീബുള്ള സ്ഥാപിച്ച ഒരു പബ്ലിക് യൂണിവേഴ്സിറ്റി ആണ് കാന്തഹാര്‍ യൂണിവേഴ്സറ്റി. കാന്തഹാര്‍ പ്രൊവിന്‍സില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാഭ്യാസ കേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, സാമ്പത്തിക ശാസ്ത്രം, എഞ്ചിനീയറിംഗ്, ജേര്‍ണലിസം, സാഹിത്യം, നിയമം, ആരോഗ്യം മെഡിക്കല്‍, ഫാര്‍മസി, അഡ്മിനിസ്ട്രേഷന്, ശരീഅഃ എന്നീ ഫാക്കല്‍റ്റികള്‍ക്കുള്ള സൗകര്യം ഉണ്ട്. അഫ്ഗാനിസ്താനിലെ പ്രശസ്ത പണ്ഡിതനും ചരിത്രകാരനുമായ അബുല്‍ ഹായ് ഹബീബിയുടെ പേരില്‍ അറിയപ്പെടുന്ന അബുല്‍ ഹായ് ഹബീബി ലൈബ്രറി ഇവിടെയുണ്ട്. 9000 ത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് ഇവിടെ വിദ്യ അഭ്യസിച്ചു കൊണ്ടിരിക്കുന്നു.
കര്ദാന് യൂണിവേഴ്സിറ്റി
ആദ്യത്തെ പ്രൈവറ്റ് യൂണിവേഴ്സിറ്റി. 2002ല്‍ വെറും 15 കുട്ടികളുമായി തുടങ്ങിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് രാജ്യത്തെ എല്ലാ സൗകര്യങ്ങളുമടങ്ങിയ ഏറ്റവും വലിയ പ്രൈവറ്റ് വിദ്യാഭ്യാസ കേന്ദ്രമാണ്. 4000 ത്തോളം വിദ്യാര്‍ഥികള്‍ ഇവിടെ ഡിപ്ലോമക്കും ബിരുദത്തിനും വേണ്ടി പഠിക്കുന്നു.
ബാല്‍ഖ് യൂണിവേഴ്സിറ്റി
വടക്കേ അഫ്ഗാനിസ്താനില്‍ ബാല്‍ഖ് പ്രൊവിന്‍സില്‍ സ്ഥിതി ചെയ്യുന്ന ഈ യൂണിവേഴ്സിറ്റി 1986 ലാണ് സ്ഥാപിതമായത്. 18000 വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സ്ഥാപനം രാജ്യത്ത് വലിപ്പത്തില്‍ മൂന്നാമത്തേതാണ്.
കാബൂള്‍ പോളിടെക്നിക് യൂണിവേഴ്സറ്റി
വടക്കു പടിഞ്ഞാറന്‍ അഫ്ഗാനിസ്താനില്‍ 72 ഏക്കറില്‍ പരന്നു കിടക്കുന്ന യൂണിവേഴ്സിറ്റി. 1963 ല്‍ റഷ്യന്‍ സഹായത്തോടെ സ്ഥാപിതമായ ഈ വിദ്യാഭ്യാസ സമൂച്ചയം എഞ്ചിനീയര്‍മാരെ വാര്‍ത്തെടുക്കുന്ന പ്രധാന കേന്ദ്രമാണ്.
പ്രൊഫഷണല്‍ എഞ്ചിനീയര്‍മാര്‍ക്കുള്ള ട്രെയിനിങ് അടക്കം വിവിധ തൊഴില്‍ മേഖലകളില്‍ നിപുണരായ ജോലിക്കാരെ (സിവില്‍, ഇന്‍ഡസ്ട്രിയല്‍ ബില്‍ഡിംഗ്, hydro technical buildings, road construction, architecture, geology and mining, എക്സ്പ്ലോറേഷന്‍ of petroleum and Kymkv, chemical technology, automobile, power electric supply) വാര്‍ത്തെടുക്കുന്നു.
അഫ്ഗാൻ അമേരിക്കന്‍ സര്‍വകലാശാല
അമേരിക്കന്‍ first ലേഡി ആയിരുന്ന ലോറ ബുഷ്ന്റെ പ്രത്യേക താത്പര്യപ്രകാരം 2005 ല്‍ United States Agency for International Development (USAID) ഗ്രാന്‍ഡ് അനുവദിച്ചു കൊണ്ട് നിര്‍മിച്ച ഈ യൂണിവേഴ്സിറ്റിയില്‍ അഫ്ഗാനിസ്താനിലെ 34 പ്രൊവിന്‍സിലുള്ള വിദ്യാര്‍ഥികളും പഠിക്കുന്നു. 2019 ല്‍ 1700 ഓളം കുട്ടികള്‍ ഇവിടെ എന്റോള്‍ ചെയ്തിട്ടുണ്ടെന്നു പറയപ്പെടുന്നു. 2012-13 ല്‍ എന്റോള്‍ ചെയ്ത വിദ്യാര്‍ഥികളില്‍ അന്‍പതു ശതമാനത്തോളം പെണ്‍കുട്ടികളായിരുന്നു.
കാത്തിബ് യൂണിവേഴ്സിറ്റി
2007ല്‍ കാബൂളില്‍ സ്ഥാപിതമായ ഒരു പ്രൈവറ്റ് സര്‍വകലാശാലയാണ് ഇത്. നിയമം, എഞ്ചിനീയറിംഗ്, പൊളിറ്റിക്കല്‍ സയന്‍സ്, സാമ്പത്തിക ശാസ്ത്രം, മെഡിസിന്, മാനേജ്മെന്റ്, സോഷ്യോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ ഫക്കല്റ്റികള് ഇവിടെ ഉണ്ട്.
ബോസ്റ്റ് യൂണിവേഴ്സിറ്റി
2010 ല്‍ ലാഷ്കര്ഗാഹ് പ്രവിശ്യയില്‍ സ്ഥാപിതമായ പ്രൈവറ്റ് യൂണിവേഴ്സിറ്റി. 2015 ലെ റാങ്കിങ് പ്രകാരം ഉയര്‍ന്ന മാര്‍ക്ക് നിലനിര്‍ത്തി പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മികച്ച യൂണിവേഴ്സിറ്റി ആയി മാറി.
Businees administration, engineering, medicine, computer സയന്‍സ് എന്നീ ഫാക്കല്റ്റികള് ഈ യൂണിവേഴ്സിറ്റി ഓഫര്‍ ചെയ്യുന്നു. ഇവ കൂടാതെ ഓരോ പ്രവിശ്യയിലും യൂണിവേഴ്സിറ്റികളും higher എഡ്യൂക്കേഷന്‍ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നു.
അഫ്ഗാനിസ്താനിലെ സംഘടനകള്‍
തുടരേയുള്ള യുദ്ധങ്ങളും ഭരണ അസ്ഥിരതയും അഫ്ഗാന് ജനങ്ങളെ തികച്ചും പ്രതിസന്ധിയിലാക്കിയിരുന്നു. മാനുഷികമായ പ്രയാസങ്ങള്‍ ഗുരുതരമായ ഇവിടേയ്ക്ക് സഹായങ്ങളും സേവനങ്ങളുമായി ധാരാളം ദേശീയ അന്തര്‍ദേശീയ സംഘടനകള്‍ കടന്നു വന്നു. ഐക്യ രാഷ്ട്രസഭ യുടെ (UN) കീഴിലുള്ള നിരവധി സംഘടനകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
- ഭക്ഷ്യ കാര്‍ഷിക സംഘടന (FAO) : ആഗോള തലത്തില്‍ പട്ടിണി ഇല്ലാതാക്കാനുള്ള സംഘടന.
- അന്താരാഷ്ട്ര കുടിയേറ്റ സംഘടന (IOM): പാലായനം ചെയ്തവര്‍ക്കും മടങ്ങി എത്തിയവര്‍ക്കും സഹായം നല്കുന്നു.
- ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹുമാണിറ്റോറിയന് അഫയെര്സ് (OCHA): മാനുഷിക പ്രതികരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ഫണ്ട് കൈകാര്യം ചെയ്യുകയും ചെയ്യുന്നു.
- അഭയാര്‍ഥികള്‍ക്കായുള്ള UN ഹൈ കമ്മീഷണര്‍ (UNHCR): അഭയാര്‍ഥികളെ സംരക്ഷിക്കുന്നു.
- UN കുട്ടികളെ ഫണ്ട് (UNICEF): കുട്ടികളുടെ ജീവനും അവകാശത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നു.
- UN വുമണ്‍ (UN women): സ്ത്രീകളുടെയും കുട്ടികളുടെയും സമത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു.
- വേള്‍ഡ് ഫുഡ് പ്രോഗ്രാം (WFP): ഭക്ഷ്യ മാനുഷിക സഹായം.
- ലോകാരോഗ്യ സംഘടന (WHO): പൊതുജനരോഗ്യ സംരക്ഷണം.
അഫ്ഗാന് അന്താരാഷ്ട്ര NGO കള്‍
- Action Aid
- ആഗ ഖാന് ഫൗണ്ടേഷന്
- ഡാനിഷ് റെഫുജീ കൗണ്‍സില്‍ (DRC)
- ഡോക്ടര്‍സ് വിത്തൌട്ട് ബോര്‍ഡര്‍സ് (DRC)
- ഹാലോ ട്രസ്റ്റ് (HALO trust)
- ഹാന്‍ഡി കാപ് ഇന്റര്‍നാഷണല്‍ (Handy cap International)
- ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു.
- ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ്ക്രോസ് (ICRC): സായുധ ആക്രമണങ്ങള്‍ ബാധിച്ചവരെ സഹായിക്കുന്നു.
- നോര്‍വീജിയന്‍ റെഫ്യുജീ കൗണ്‍സില്‍ (NRC): പാലായനം ചെയ്തവര്‍ക്ക് സഹായം വിദ്യാഭ്യാസം സംരക്ഷണം എന്നിവ നല്കുന്നു.
- ഇന്റര്‍നാഷണല്‍ റെസ്ക്യൂ കമ്മിറ്റി (IRC): ആരോഗ്യ പോഷകാഹാര സംരക്ഷണം നല്കുന്നു.
- സേവ് ദി ചില്‍ഡ്രന്‍ (Save the Children)
- വാര് ചൈല്‍ഡ് (War Child): സംഘര്‍ഷ മേഖലയിലെ കുട്ടികളെ സംരക്ഷിക്കുന്നു.
അഫ്ഗാന് NGO കള്‍
- അഫ്ഗാന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേര്‍ണിങ്
- അഫ്ഗാന് വുമണ്‍ നെറ്റ്വര്‍ക്ക്
- അഫ്ഗാന് വുമണ്‍ സ്കില്‍ഡ് ഡെവലപ്പ്മെന്റ് സെന്റര്‍
- ഏജന്‍സി ഫോര്‍ അസിസ്റ്റന്റ് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓഫ് അഫ്ഗാനിസ്താന്
- കോര്‍ഡിനേഷന്‍ ഓഫ് ഹുമാനിറ്റേറിയന്‍ അസിസ്റ്റന്റസ്
- ഗ്രീന്‍ വേ ഓര്ഗനൈസേഷന്
- ഹെല്പ് ഹുമാനിറ്ററി ഓര്ഗനൈസേഷന് ഓഫ് അഫ്ഗാനിസ്താന്: വിദ്യാഭാസത്തിലും ലിംഗാധിഷ്ഠിത അക്രമങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന ഒരു വനിതാ സംഘടന.
ഏജന്‍സി ഫോര്‍ കോര്‍ഡിനേറ്റിംഗ് അഫ്ഗാന് റിലീഫ് ആന്‍ഡ് ഡെവലപ്പ്മെന്റ്, അഫ്ഗാനിസ്താന് ഗ്ലോബല്‍ സിവില്‍ സോസറ്റി കണ്‍സോര്‍ഷ്യം എന്നീ ഏകോപന സമിതികളും ഇസ്ലാമിക് റിലീഫ് വേള്‍ഡ് വൈഡ് (IRW) എന്ന അന്താരാഷ്ട്ര NGO യും പ്രവര്‍ത്തിക്കുന്നു. 2021 ന് താലിബാന് സര്‍ക്കാര്‍ വന്നതിനു ശേഷം ഒരുപാട് അന്താരാഷ്ട്ര സംഘടനകള്‍ തിരിച്ചു പോയെങ്കിലും പല ദേശീയ സംഘടനകളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി മലാല ഫണ്ടും ഇവിടെ പ്രവര്‍ത്തിക്കുന്നു. താലിബാന് സ്ത്രീ വിദ്യാഭ്യാസം നിരോധിച്ചപ്പോള്‍ അവകാശ ലംഘനത്തിനെതിരെ ശബ്ദിക്കുകയും അവര്‍ക്ക് മറ്റു മാര്‍ഗങ്ങളിലൂടെ (home and Community based Scool, ഡിജിറ്റല്‍ പ്ലാറ്റ്ഫോം, റേഡിയോ, ടെലിവിഷന്‍) വിദ്യ നല്കാന് ശ്രദ്ധിക്കുകയും ചെയ്യുന്നു
ഓസ്ട്രേലിയന്‍ ഫിലന്ത്രോപിസ്റ് സര്‍വീസ് (Philanthropic Service), ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന്, ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ മൈഗ്രേഷന്‍ (International Organization for Migration) തുടങ്ങിയ നിരവധി സഹായ സംഘടനകളും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.
മധ്യേഷ്യയില്‍ സ്ഥിതി ചെയ്യുന്ന രാജ്യമായത് കൊണ്ടു തന്നെ അതിര്‍ത്തികള്‍ പങ്കിടുന്ന ഒട്ടു മിക്ക രാജ്യങ്ങളുടെയും സംസ്കാര സ്വാധീനം ഇവരില്‍ കാണപ്പെട്ടിരുന്നു. പക്ഷേ അധിനിവേശങ്ങളുടെ തീരാത്ത ആക്രമണങ്ങള്‍ ഈ ജനതയെ തീര്‍ത്തും അരികു വത്കരിച്ചു. മാറി മാറി വന്ന ഭരണകൂടങ്ങള്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ ഈ ജനതയെ ഉപയോഗിച്ചു. അലക്സാണ്ടര്‍ ചക്രവര്‍ത്തി, മൗര്യന്മാര്, കുശനമാര്, മുഗളന്മാര്, അറബികള്‍, ബ്രിട്ടീഷുകാര്‍, മംഗോളിയക്കാര്‍, റഷ്യക്കാര്‍, പേര്‍ഷ്യക്കാര്‍ എന്നിവര്‍ ഇവിടെ ഭരണം നടത്തിയിരുന്നു.
എന്നാല്‍ കാലങ്ങള്‍ക്കിപ്പുറം പ്രാദേശികമായി അഫ്ഗാനികള്‍ ശക്തിപ്പെടുകയും ഉണരുകയും വൈദേശിക ആക്രമണങ്ങളെ ചെറുത്തു തോല്പിക്കുകയും ചെയ്തു.
അഫ്ഗാന് ജനത
പഷ്ത്തൂന്‍ ജനതയായിരുന്നു കൂടുതല്‍ ശക്തവും എണ്ണത്തില്‍ കൂടുതലും. (42%) പഷ്തു ഭാഷ സംസാരിക്കുന്ന ഇവര്‍ സുന്നി വിഭാഗത്തില്‍പ്പെട്ടവര്‍ ആയിരുന്നു. വടക്കു കിഴക്ക് അഫ്ഗാനില്‍ ആയിരുന്നു ഇവരുടെ ആധിപത്യം.

അഫ്ഗാനില്‍ രണ്ടാമതായി ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ജനത (27%) താജിക്കുകളാണ്. ഇവര്‍ കൂടുതലായും കാണപ്പെടുന്നത് വടക്കു കിഴക്കും മധ്യഭാഗത്തുമാണ്. കാബൂളിലും ഹരാതിലും ഇവരെ കൂടുതലായും കാണപ്പെടുന്നു. സുന്നികളായ ഇവര്‍ പേര്‍ഷ്യന്‍ ഭാഷയായ ദാരി ആയിരുന്നു സംസാരിച്ചിരുന്നത്. കച്ചവടക്കാരായ ഇവര്‍ അധികവും താമസിക്കുന്നത് പട്ടണങ്ങളില്‍ ആണ്. ഇവര്‍ ഇന്തോ-ഇറാനിയന്‍ പിന്‍ഗാമികള്‍ ആണെന്നും കരുതപ്പെടുന്നു.
ഹസാരകള്‍
മധ്യ അഫ്ഗാനിസ്താനിലെ മലനിരകളില്‍ വസിച്ചിരുന്ന ഒരു വിഭാഗമാണ് ഹസാരകള്‍. ഇവര്‍ കൂടുതലും ശിയാ മുസ്ലിങ്ങള്‍ ആയിരുന്നു. ഹസറാഗി എന്ന ഭാഷ സംസാരിച്ചിരുന്ന ഇവരുടെ ശരീര പ്രകൃതി മംഗോളിയക്കാരുടേതുമായി സാമ്യമുള്ളത് കൊണ്ടു തന്നെ മംഗോളിയന്‍ വംശജരാണ് ഇവര്‍ എന്നും പറയപ്പെടുന്നു. അഫ്ഗാനിസ്താനില്‍ ഇവര്‍ മൂന്നാമത്തെ വലിയ ജന വിഭാഗമാണ്. ഇവര്‍ വസിക്കുന്ന പ്രദേശം ഹസാരിസ്താന് എന്നും വിളിക്കപ്പെടുന്നു. കന്നുകാലി വളര്‍ത്തല്‍, തുണി നെയ്യല്, തുകല്‍ പണി എന്നിവയാണ് ഇവരുടെ തൊഴില്‍.
ഉസ്ബയ്ക്കുകാര്
അഫ്ഗാനിസ്താന്, താജികിസ്താന്‍, കിര്ഗിസ്താന്, തുര്ക്ക്മെനിസ്താന്, കസാക്കിസ്താന്‍, റഷ്യ, ചൈന എന്നിവിടങ്ങളില്‍ പരന്നു കിടക്കുന്ന ഒരു ജനവിഭാഗമാണ് ഉസ്ബയ്ക്കുകള്. വടക്കന്‍ അഫ്ഗാനിസ്താനില്‍ കണ്ടുവരുന്ന ഇവര്‍ കൂടുതല്‍ വെളുത്ത നിറമുള്ളവരാണ്. ഇവര്‍ തുര്‍ക്ക്മാന്‍ കുതിരയെയും ചെമ്മരിയാടിനെയും വളര്‍ത്തി ഉപജീവനം നടത്തുന്നു. സുന്നി മുസ്ലിംകളായ ഇവര്‍ ഉസ്ബെയ്ക് ഭാഷയാണ് കൂടുതലായി ഉപയോഗിക്കുന്നത്.
ഇവരെ കൂടാതെ ബലൂച്, തുര്‍ക്മാന്‍, ഐമക്, പാഷായി, നുരിസ്ഥാനി, കിര്ജിസ്, ഗുജര്‍, ബ്രഹ്യ, പമിരി, സദത് എന്നീ 14 വംശജരെയും അഫ്ഗാന് ഗവണ്മെന്റ് അംഗീകരിച്ചിട്ടുണ്ട്.
അഫ്ഗാനിലെ ഭരണ മാറ്റം
നീണ്ട യുദ്ധങ്ങള്‍ക്കൊടുവില്‍ ബ്രിട്ടീഷ്ഗവണ്മെന്റിന്റെയും സോവിയറ്റ് ഗവണ്മെന്റിന്റെയും പാവ സര്‍ക്കാറുകള്‍ നശിപ്പിക്കുകയും അഫ്ഗാനികളെ സഹായിക്കാന്‍ എന്ന പേരില്‍ അവിടെ എത്തിയ അമേരിക്കന്‍ പട്ടാളങ്ങള്‍ തിരികെ പോവുകയും ചെയ്തതിനു ശേഷം 2021 ല്‍ ഭരണം അഫ്ഗാനിസ്താനില്‍ വേരോട്ടമുള്ള പഷ്ത്തൂന്‍ ഗോത്രത്തില്‍പ്പെട്ട താലിബാന് സംഘം തിരിച്ചു പിടിച്ചുകൊണ്ടു ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്താന് എന്ന നാമകരണം ചെയ്യുകയും ചെയ്തു.
ശരീഅത്ത് നിയമമനുസരിച്ചാണ് ഇപ്പോഴത്തെ താലിബാന് ഗവണ്മെന്റ് ഭരണം നടത്തുന്നതെങ്കിലും സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും സ്വാതന്ത്ര്യത്തെയും പൂര്‍ണമായും അംഗീകരിക്കാത്ത രീതിയിലുള്ള നിലപാടുകള്‍ ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പുകള്‍ അവര്‍ക്കെതിരെ ഉണ്ടാവുകയും റഷ്യ ഒഴികെ മറ്റൊരു രാജ്യവും ഈ ഭരണകൂടത്തെ അംഗീകരിക്കാന്‍ ഇതുവരെ തയാറാകാത്തതും ശ്രദ്ധേയമാണ്.

അഫ്ഗാനിലെ മതങ്ങള്‍
പല രാജ്യങ്ങളാല്‍ അതിര്‍ത്തി പങ്കിടുന്ന ഭൂമിശാസ്ത്രമുള്ള ഈ രാജ്യത്തേക്ക് ചുറ്റിലുമുള്ള രാജ്യങ്ങളും അവരുടെ സംസ്കാരങ്ങളും മതങ്ങളും കാലാനുസൃതമായി കയറിയിറങ്ങിക്കൊണ്ടേയിരുന്നിരുന്നു.
അധിനിവേശങ്ങള്‍ ആക്രമണങ്ങളുടെ അകമ്പടിയോടെ രാജ്യത്തേക്ക് കടന്നു വന്നത് പല തരം താത്പര്യങ്ങളുമായിട്ടായിരുന്നു. കൂടുതലും വാണിജ്യപരമായിരുന്നെങ്കിലും ചരിത്രപരമായി പേര്‍ഷ്യന്‍, തുര്‍ക്കി, അറബ്, ഗ്രീക്ക് എന്നീ രാജ്യങ്ങളുടെ മത സാംസ്കാരിക സ്വാധീനവും കടന്നു വന്നു.
ഇറാനിലെ പൗരാണിക മതമായ സോരാസ്ട്രിയന് ആശയങ്ങളെ ഔദ്യോഗിക മതമായി സസ്സാനി രാജവംശം അംഗീകരിച്ചിരുന്നു. അതുകൊണ്ടു തന്നെ ഈ മതത്തിന്റെ സ്വാധീനം അഫ്ഗാനിസ്താന്റെ തെക്കന്‍ ഭാഗങ്ങളില്‍ ശക്തമായി നിലനിന്നിരുന്നു. വടക്കു പടിഞ്ഞാറ് ഭാഗങ്ങളിലൂടെ ഹിന്ദു മതവും മൗര്യ സാമ്രാജ്യത്തിന്റെ രാജാവായ അശോക ചക്രവര്‍ത്തിയുടെ കാലഘട്ടത്തില്‍ ബുദ്ധമതവും അഫ്ഗാനിസ്താനിലേക്ക് എത്തിപ്പെട്ടിരുന്നു.
എന്നാല്‍ ഏഴാം നൂറ്റാണ്ടില്‍ അറബികളുടെ വരവോടെ ഇസ്ലാം അഫ്ഗാനിസ്താനില്‍ വ്യാപിക്കുവാന്‍ തുടങ്ങി. ഇസ്ലാം മത പാഠശാലകളും പള്ളികളും ജീവിത ശൈലികളും അഫ്ഗാന് ജനതയെ സ്വാധീനിച്ചു. കാലക്രമേണ സെരാസ്ട്രനിസവും ഹിന്ദുമതവും ബുദ്ധമതവും ക്ഷയിക്കുകയും ഇസ്ലാം ജനങ്ങളുടെ ഹൃദയത്തില്‍ പതിയെ മേല്‍ക്കോയ്മ നേടുകയും ചെയ്തു.
ഇന്ന് രാജ്യത്തിന്റെ ഔദ്യോഗിക മതവും ഭരണരീതിയും മാത്രമല്ല ഇസ്ലാം മതം; 99 ശതമാനം അഫ്ഗാനികളുടെ സംസ്കാരം കൂടിയാണ്.
ദാരിയും പഷ്തുവും സംസാരിക്കുന്ന ഇവര്‍ അറബി ഭാഷയിലും നൈപുണ്യം നേടിയിരുന്നു. അത് കൊണ്ടു തന്നെ വിജ്ഞാനത്തിന്റെ വലിയ വാതായനങ്ങള്‍ അവിടെ കാണാമായിരുന്നു. ഇസ്ലാമിക ലോകത്തെ ധാരാളം പണ്ഡിതന്മാര്, കവികള്‍, സൂഫിവര്യന്മാര്, ചിന്തകര്‍, ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ തുടങ്ങി അനേകം പേര് അഫ്ഗാന് താഴ്വരയുടെ സംഭാവനകളായി നമുക്ക് കാണാന്‍ സാധിക്കും.
ഇന്നത്തെ അഫ്ഗാന്
അനേകം യുദ്ധങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും ശേഷം 2021 ല്‍ താലിബാന് ഭരണം പിടിച്ചെടുക്കുകയും ഇസ്ലാമിക ശരീഅഃ നിയമപ്രകാരം ഭരണം നടത്തുകയും ചെയ്യുന്നു. പക്ഷേ ഇസ്ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ ഒന്നായ അറിവ്, വിദ്യാഭ്യാസം എന്നിവ സ്ത്രീകള്‍ക്ക് പൂര്‍ണമായും നിഷേധിക്കുകയും അവരുടെ സ്വാതന്ത്രം ഹനിക്കുകയും ചെയ്യുന്നു.
പണ്ട് കാലം മുതലേ ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃദ് രാജ്യമാണ് അഫ്ഗാനിസ്താന്. പല വികസിത പ്രൊജക്ടുകളിലും ഇന്ത്യയും ഭാഗവാക്കായിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ താലിബാന് ഭരണകൂടത്തെ ഇന്ത്യയും ഒട്ടുമിക്ക രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല.
ലോകം ശാസ്ത്രീയമായും സാങ്കേതികമായും വളരെയധികം മുന്നോട്ടു പോയിരിക്കുന്നു. എന്നാല്‍ അഫ്ാനിസ്താന്‍ ഇപ്പോഴും ദശകങ്ങള്‍ പിന്നിലാണ്. ഈ അവസ്ഥക്ക് മാറ്റം വരണമെങ്കില്‍ സമാധാനവും സന്തോഷവും അതോടൊപ്പം വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യയിലുള്ള മുന്നേറ്റവും കാര്‍ഷിക പദ്ധതികളും അടിസ്ഥാന ഇന്‍ഫ്രാ സ്ട്രക്ചര്‍ വികസനവും എല്ലാറ്റിലുമുപരി സുസ്ഥിരമായ ഭരണവും ഈ രാജ്യത്തിന് അനിവാര്യമാണ്. അതിനു വേണ്ടി വര്‍ഗ വംശീയ ഭരണീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുകയും ഒന്നിച്ചു നിന്നുകൊണ്ട് മുന്നോട്ട് പോവുകയും ചെയ്യണം.
