അനന്തരാവകാശം: വിമര്‍ശനങ്ങള്‍
ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ കൃത്യമായ ദൈവിക പ്രമാണങ്ങളില്‍ അധിഷ്ഠിതമാണെങ്കിലും, ചില സാമൂഹിക പശ്ചാത്തലത്തില്‍ ഇവ തെറ്റിദ്ധാരണകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാകാറുണ്ട്. ലിംഗസമത്വം, സാമൂഹിക നീതി, സാമ്പത്തിക സുരക്ഷ തുടങ്ങിയ ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉയരാറുള്ളത്. ഈ ചോദ്യങ്ങളിലെല്ലാം തന്നെ ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങളുടെ ആന്തരിക ഘടനയെയും പ്രായോഗിക വശങ്ങളെയും കുറിച്ചുള്ള അറിവില്ലായ്മയാണ് നിഴലിക്കുന്നത്. കേവലം ഗണിതപരമായ കണക്കുകള്‍ക്കപ്പുറം, ഒരു കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തങ്ങളും സാമൂഹിക സുരക്ഷയും എങ്ങനെ പരസ്പരബന്ധിതമായിരിക്കുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് ഈ നിയമങ്ങളിലെ ഉന്നതമായ നീതിബോധം വെളിപ്പെടുന്നത്.
അനന്തരാവകാശ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രധാന ആക്ഷേപങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നതാണ് ഈ ലേഖനം. സ്ത്രീകളുടെ വിഹിതം പുരുഷന്റേതിനേക്കാള്‍ കുറവാകുന്നത് എന്തുകൊണ്ട്, അനാഥരായ പേരക്കുട്ടികള്‍ക്ക് സ്വത്ത് ലഭിക്കാത്ത സാഹചര്യം എങ്ങനെ പരിഹരിക്കപ്പെടുന്നു, അനന്തരാവകാശ നിയമത്തില്‍ ഗണിതപരമായ പിശകുകളുണ്ടോ തുടങ്ങിയ ചില ചോദ്യങ്ങളില്‍ വായനക്കാര്‍ക്ക് വസ്തു നിഷ്ഠമായ ഉത്തരം കണ്ടെത്താന്‍ കഴിയും.
വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്നതിന് മുന്‍പോ അതിനു ശേഷം നാളിതുവരെയോ ഇസ്‌ലാമിക ദായക്രമത്തോട് കിടപിടിക്കാവുന്ന ഒന്ന് ആരും അവതരിപ്പിച്ചിട്ടില്ല. കാരണം ഇത് ദൈവിക നിയമമാണ്. എന്നാല്‍ ദൈവ വിശ്വാസം, മതം എന്നൊക്കെ പറയുന്നതു തന്നെ മോശമായിക്കാണുന്ന ചില നാസ്തികര്‍ ഇസ്‌ലാമിലെ വിമര്‍ശിക്കുവാന്‍ പല വില കുറഞ്ഞ വാദങ്ങളും ഉന്നയിക്കാറുണ്ട്. അതില്‍ ഏറ്റവും ബാലിശമായ ചില ആരോപണങ്ങള്‍ ചിലര്‍ ഉന്നയിക്കുന്നത് അനന്തരാവകാശ നിയമത്തെപ്പറിയാണ്. ലിംഗ സമത്വം, ഗണിത പിശക്, അവകാശ നിഷേധം തുടങ്ങിയ ആരോപണങ്ങള്‍, ആരോപകരുടെ അജ്ഞതയില്‍ നിന്നുള്ളതാണെന്ന് വ്യക്തമാക്കുകയാണിവിടെ ചെയ്യുന്നത്.
സ്ത്രീക്ക് പുരുഷന്റെ പകുതി
ഇസ്‌ലാം സ്ത്രീക്ക് അവളര്‍ഹിക്കുന്ന അവകാശങ്ങള്‍ നല്‍കുന്നില്ല എന്ന വിമര്‍ശനം പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്. ഇതിനു കാരണമായി പറയാറുള്ളത് അനന്തരസ്വത്ത് വിഭജിക്കുമ്പോള്‍ മരിച്ചയാളുടെ പുത്രന് പുത്രിക്കുള്ളതിന്റെ ഇരട്ടി നല്‍കുന്നു എന്നതാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് അനന്തരസ്വത്ത് നല്കുവാന്‍ ആഹ്വാനം ചെയ്യുന്ന ലോകത്തെ ഒരേയൊരു മതഗ്രന്ഥമാണ് ഖുര്‍ആന്‍. ഇസ്‌ലാമിക കുടുംബ വ്യവസ്ഥയില്‍ സ്ത്രീക്ക് ഏറെ സാമ്പത്തിക അവകാശങ്ങള്‍ നല്‍കുകയും സാമ്പത്തിക ബാധ്യതകള്‍ ഒന്നും ഏല്‍പിക്കാതിരിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇവ ഓരോന്നായി പരിശോധിക്കാം.
- നിയമാനുസൃതമായി സ്വത്ത് ആര്‍ജിക്കാനും അത് കൈവശം വെയ്ക്കാനും സ്വതന്ത്രമായി വിനിയോഗിക്കാനും ഇസ്‌ലാമില്‍ സ്ത്രീക്ക് അവകാശമുണ്ട്. ജീവിത കാലത്ത് അവളുടെ സ്വത്തില്‍ മറ്റാര്‍ക്കും അവകാശമില്ല. ഭര്‍ത്താവോ പിതാവോ മക്കളോ ആരായിരുന്നാലും ശരി.
- കുടുംബ വ്യവസ്ഥിതിയില്‍ സ്ത്രീക്ക് ഒരു വിധ സാമ്പത്തിക ബാധ്യതകളുമില്ല. എല്ലാ ബാധ്യതകളും അവളെ സംരക്ഷിക്കേണ്ട പുരുഷന്നു മാത്രമാണ്. സന്താനങ്ങളുടെയോ മാതാപിതാക്കളുടെയോ സംരക്ഷണത്തിനുള്ള ഉത്തരവാദിത്തം പോലും സ്ത്രീയുടെ ബാധ്യതയായി വരുന്നില്ല. ചുരുക്കത്തില്‍ അവള്‍ക്ക് എത്ര സ്വത്തുണ്ടെങ്കിലും സാമ്പത്തികമായി ഒരു ബാധ്യതയും അവള്‍ക്കില്ല. അവള്‍ സ്വമേധയാ ചെലവഴിക്കാന്‍ തയ്യാറായാലല്ലാതെ.
- വിവാഹവേളയില്‍ വരന്റെയും വധുവിന്റെയും വസ്ത്രങ്ങളുള്‍പ്പെടെ എല്ലാ വിധ ചെലവുകളും വഹിക്കേണ്ടത് പുരുഷനാണ്. പുറമേ വധുവിന്ന് അവളാഗ്രഹിക്കുന്ന വിവാഹമൂല്യം വരന്‍ നല്‍കേണ്ടതുമുണ്ട്. ഇവിടെയും സ്ത്രീക്ക് സാമ്പത്തിക ബാധ്യതയില്ല. സാമ്പത്തികമായി ചില അവകാശങ്ങള്‍ ലഭിക്കുകയാണ് ചെയ്യുന്നത്.
- ഭര്‍ത്താവ് മരണപ്പെട്ട ഒരു സ്ത്രീക്ക് അദ്ദേഹത്തിന്റെ അനാഥക്കുട്ടികളെ സംരക്ഷിക്കേണ്ട ചുമതലയില്ല. മറിച്ച് ആ ചുമതല ഇസ്‌ലാം നല്‍കിയിരിക്കുന്നത് പിതാവ്, സഹോദരന്‍മാര്‍, സഹോദരമക്കള്‍, പിതൃസഹോദരന്‍മാര്‍ തുടങ്ങി മരിച്ചയാള്‍ക്ക് മക്കളില്ലെങ്കില്‍ അയാളുടെ സ്വത്തിന്റെ ശിഷ്ടാവകാശികളാകാനിടയുള്ളവര്‍ക്കാണ്. സ്‌നേഹ ബന്ധത്തിന്റെയും കാരുണ്യത്തിന്റെയും പേരില്‍ അവള്‍ പിതാവ് മരണപ്പെട്ട തന്റെ കുട്ടികളുടെ സംരക്ഷണം സ്വയം ഏറ്റെടുക്കാമെന്നല്ലതെ അവള്‍ക്ക് അത് ഒരിക്കലും ബാധ്യതയല്ല.
സ്വത്ത് സമ്പാദിക്കാനും അനന്തരാവകാശം ലഭിക്കാനും ഇസ്‌ലാം സ്ത്രീക്ക് അവകാശം നല്‍കുകയും എന്നാല്‍ അവള്‍ക്ക് യാതൊരു സാമ്പത്തിക ബാധ്യതയും ഏല്‍പ്പിക്കാതിരിക്കുകയും ചെയ്യുക വഴി ഇസ്‌ലാം അവളെ ബഹുമാനിക്കുകയും അവളോട് അങ്ങേയറ്റത്തെ നീതി കാണിക്കുകയുമാണ് ചെയ്യുന്നത്.
ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ സ്ത്രീക്ക് പുരുഷനു തുല്യമായ അവകാശങ്ങള്‍ നല്‍കുന്നുവെങ്കിലും അതോടൊപ്പം അവളുടെ മേല്‍ അവനു തുല്യമായ സാമ്പത്തികമായും മറ്റുമുള്ള ബാധ്യതകള്‍ കൂടി ചുമത്തുന്നുണ്ട്. എന്നാല്‍ ഇസ്‌ലാം അത്തരത്തിലുള്ള യാതൊരു ബാധ്യതകളും ചുമത്താതെ തന്നെ അവള്‍ക്കു പുരുഷനോടൊപ്പം അനന്തരാവകാശവും മറ്റും നല്കുന്നു.
പെണ്ണിന് പുരുഷന്റെ പകുതി അവകാശം എന്നത് പൊതുതത്ത്വമല്ല. പുരുഷനേക്കാള്‍ ലഭിക്കുന്ന അവസരങ്ങളുമുണ്ട്. തന്റെ അതേ ശ്രേണിയിലുള്ള പുരുഷന്റെ പകുതിയാണ് ഓഹരി. ഉദാ: അവകാശികള്‍ പുത്രീ പുത്രന്മാരാണെങ്കില്‍ 1:2 എന്ന വിധത്തിലാണ് അനന്തരാവകാശം. എന്നാല്‍ പുരുഷ ഓഹരിക്കാരന്‍ തന്റെ താഴെ ശ്രേണിയിലുള്ള വനാണെങ്കില്‍ അവളുടെ ഓഹരി നിര്‍ണിതവും അവനെക്കാള്‍ കൂടിയതുമായിരിക്കും.
ഉദാ: അവകാശികളായി ഒരു പുത്രിയും ഒരു പൗത്രനും മാതാപിതാക്കളുമാണെങ്കില്‍ പുത്രിക്ക് ആകെ സ്വത്തിന്റെ പകുതിയും താഴെ ശേ്രണിയിലുള്ള പൗത്രനു ആറിലൊന്നുമാണ് ലഭിക്കുക. ഇനി ഉപരി സൂചിത കേസില്‍ ഒന്നിലധികം പുത്രിമാരുണ്ടെങ്കില്‍ അവര്‍ക്ക് ആകെ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ആറിലൊന്നു വീതം മാതാപിതാക്കള്‍ക്ക് നല്‍കുകയും ബാക്കിയൊന്നും അവശേഷിക്കുന്നില്ല എന്നതിനാല്‍ പൗത്രനു ഒന്നും ലഭിക്കുകയില്ല താനും.
ചുരുക്കത്തില്‍ ലിംഗഭേദമനുസരിച്ചല്ല അനന്തരാവകാശത്തില്‍ ഏറ്റക്കുറവുകള്‍ വരുത്തിയിരിക്കുന്നത.് മറിച്ച് പരേതനുമാനുള്ള ബന്ധവും ബാധ്യതകളും ചുമതലകളുമനുസരിച്ചാണ്. അതിനാല്‍ പുത്രിയേക്കാളേറെ സാമ്പത്തിക ബാധ്യതകളും ചുമതലകളുമുള്ള പുത്രന്ന് പുത്രിയെക്കാളേറെ സ്വത്തു ലഭിക്കുന്നു. അതുപോലെ നേര്‍ പുത്രിക്ക് പൗത്രാനെക്കാളേറെ പരേതനോട് ബന്ധവും ബാധ്യതകളുമുള്ളതിനാല്‍ പുത്രിക്ക് കൂടുതല്‍ സ്വത്തു ലഭിക്കുന്നു. പുത്രന്മാരുള്ള ഒരു പരേതന്റെ മാതാപിതാക്കള്‍ക്ക് തുല്യ ഓഹരികളാണു ലഭിക്കുന്നത് ഇവിടെയും ലിംഗഭേദം കാണിക്കുന്നില്ല.
പൗത്രന് അവകാശം ലഭിക്കുന്നില്ല
ഇസ്‌ലാമിലെ അനന്തരാവകാശ നിയമത്തിലെ നൂനതയായി വിമര്‍ശകര്‍ പലപ്പോഴും എടുത്തു കാണിക്കാറുള്ളത് പരേതനു പുത്രന്‍മാര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ തന്റെ മരണത്തിനു മുമ്പ് മരണപ്പെട്ട പുത്രന്റെ സന്താനങ്ങള്‍ക്ക് അനന്തരാവകാശം ലഭിക്കുകയില്ല എന്നതാണ്. ഇത് അടുത്ത ബന്ധു അകന്ന ബന്ധുവിനെ തടയും എന്ന അനന്തരാവകാശത്തിലെ പൊതു നിയമനുസരിച്ചാണ്. ഇതുപോലെ സഹോദരങ്ങള്‍ക്ക് അനന്തരാവകാശം ലഭിക്കുന്ന ഘട്ടത്തില്‍ ചില സഹോദരന്‍മാര്‍ ജീവിച്ചിക്കുന്നവരും മറ്റു ചിലര്‍ മരണപെട്ടവരുമാണെങ്കില്‍ മരണപ്പെട്ട സഹോദരന്റെ സന്താനങ്ങള്‍ക്ക് അനന്തരാവകാശമുണ്ടാവില്ല. ഇസ്‌ലാമിക ദായ ക്രമത്തില്‍ അനന്തരാവകാശികളെ പല ശ്രേണിയായി തരം തിരിക്കപ്പെട്ടതാണ്. പുത്രന്‍മാര്‍ ഒരു ശ്രേണിയിലും പൗത്രന്മാര്‍ അതിനു താഴെയുള്ള ശ്രേണിയിലും പൗത്രന്റെ പുത്രന്‍മാര്‍ അതിനും താഴെയുള്ള ശ്രേണിയിലുമാണ്. അതിനാല്‍ ഓരോ ശ്രേണിയിലുമുള്ളവരുടെ അഭാവത്തില്‍ മാത്രമേ അതിനു താഴെ ശ്രേണിയിലുള്ളവര്‍ക്ക് അവകാശം ലഭിക്കുകയുള്ളു.
ഇനി നേരത്തെ മരണപ്പെട്ട ഒരു അവകാശിയുടെ ഓഹരി അദ്ദേഹത്തിന്റെ സന്താനങ്ങള്‍ക്കോ അവകാശികള്‍ക്കോ നല്‍കാന്‍ ഒരു നിയമമുണ്ടാക്കിയാല്‍ ഇസ്‌ലാമിക ദായ ക്രമത്തിലെ പല ചട്ടങ്ങള്‍ക്കുമത് എതിരായിത്തീരുന്നതാണ് ഉദാ: മരണപ്പെട്ട ഒരു വ്യക്തിക്ക് ജീവിച്ചിരിക്കുന്ന A എന്ന ഒരു പുത്രനും മരണപ്പെട്ട B എന്ന ഒരു പുത്രനുമുണ്ട്. A എന്ന പുത്രന് A1, A2 എന്നീ രണ്ടു പുത്രന്‍മാരും B എന്ന പുത്രന് B1 എന്ന ഒരു പുത്രനു മാണുള്ളതെങ്കില്‍ A1, A2 എന്നീ പൗത്രന്‍മാര്‍ക്ക് ഓരോരുത്തര്‍ക്കും (പിതാമഹന്റെ സ്വത്തില്‍ നിന്ന് ) തങ്ങളുടെ പിതാവിന്റെ മരണശേഷം B1 എന്ന പൗത്രന് നേരത്തെ ലഭിച്ച സ്വത്തിന്റെ പകുതിയോ അല്ലെങ്കില്‍ ഇവരുടെ പിതാവായ Aക്ക് ഇവരല്ലാത്ത മറ്റു അവകാശികളുണ്ടെങ്കില്‍ അവരുടെതും കഴിച്ച് ബാക്കിയുടെ പകുതിയേ ഓരോരുത്തര്‍ക്കും ലഭിക്കുകയുള്ളു. എന്നാല്‍ ഇസ്‌ലാമിക ദായ ക്രമത്തില്‍ പൗത്രന്‍മാര്‍ എല്ലാവരും ഒരേ പോലെയാണു. അതായത് ഉപരി സൂചിത കേസിലെ A B എന്നിവരുടെ അഭാവത്തില്‍ A1, A2, B1, എന്നീ പൗത്രന്മാര്‍ക്ക് തുല്യ ഓഹരിയാണു ലഭിക്കുക. ഇതുപോലെ വേറെയും പല സങ്കീര്‍ണതകളും ഇത്തരമൊരു നിയമത്തിലൂടെ ഉണ്ടായിത്തീരുമെന്നതിനാലാവാം അത്തരമൊരു നിയമം ഇസ്‌ലാമിക അനന്തരാവകാശ നിയമത്തില്‍ കൊണ്ടുവരാതിരുന്നത്.
എന്നാല്‍ ഇവിടെ നാം മനസ്സിലാക്കേണ്ടത്, ഇത്തരം സാഹചര്യങ്ങളില്‍ അനാഥ പൗത്രന്മാര്‍ക്ക് വേണ്ടി മാന്യമായ ഒരു വിഹിതം വസ്വിയ്യത്ത് ചെയ്യാന്‍ പിതാമഹനോട് ഇസ്‌ലാം കല്പിക്കുന്നുണ്ട് . ചില മുന്‍കാല പണ്ഡിതന്മാരുടെ വീക്ഷണത്തില്‍ അത് നിര്‍ബന്ധ ബാധ്യതയാണ്. വ്യവസ്ഥാപിതമായ അനന്തരാവകാശ നിയമങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പ് അടുത്ത ബന്ധുക്കള്‍ക്ക് വസിയ്യത്ത് ചെയ്യണമെന്നു കല്‍പ്പിക്കുന്ന താഴെ പറയുന്ന സൂക്തം അവതരിക്കുകയുണ്ടായി.
”നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍, അയാള്‍ ധനം വിട്ടുപോകുന്നുവെങ്കില്‍ മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രെ അത്” (2:180).
എന്നാല്‍ അനന്തരാവകാശ നിയമങ്ങള്‍ നിലവില്‍ വന്നതോടെ വസിയ്യത്ത് അനന്തരാവകാശികളല്ലാത്ത ബന്ധുക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തപ്പെട്ടു. അതിനാല്‍ അനാഥ പുത്രനോ അതുപോലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തന്റെ അനന്തരാവകാശം ലഭിക്കാനിടയില്ലാത്ത ബന്ധുക്കളോ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി മരണപ്പെടുന്നതിന്നു മുമ്പായി ഓരോ വ്യക്തിയും അവരുടെ സാമ്പത്തിക നില പരിഗണിച്ചുകൊണ്ട് ആകെ സമ്പത്തിന്റെ മൂന്നിലൊന്നില്‍ കൂടാത്ത മാന്യമായ ഒരു വിഹിതം അവര്‍ക്ക് നല്‍കാന്‍ നിര്‍ബന്ധമായും വസിയ്യത് ചെയ്യേണ്ടതാണ് എന്ന് ഭൂരിപക്ഷ പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നു.
മേല്‍ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ അനാഥ പൗത്രന്‍മാര്‍ക്ക് മൂന്നിലൊന്നില്‍ കൂടാത്ത ഒരു വിഹിതം പിതാമഹന്‍ വസ്വിയ്യത്ത് ചെയ്യണമെന്ന ഒരു നിയമം ‘നിര്‍ബന്ധ വസ്വിയ്യത്ത് നിയമം’ എന്ന പേരില്‍ ചില അറബ് രാഷ്ട്രങ്ങള്‍ വ്യക്തി നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇനി പിതാമഹന്‍ മേല്‍ പറഞ്ഞ പ്രകാരം വസിയ്യത്ത് ചെയ്തിട്ടില്ലെങ്കില്‍ അദ്ദേഹത്തിന്റെ മക്കള്‍ തങ്ങളുടെ പിതാവിന്റെ അനന്തര സ്വത്ത് വീതം വെക്കുമ്പോള്‍ തങ്ങളുടെ മരണപ്പെട്ട സഹോദരന്റെ സന്താനങ്ങള്‍ക്ക് ഒരു വിഹിതം നല്‌കേണ്ടതാണെന്ന് ഖുര്‍ആനിന്റെ അധ്യാപനത്തില്‍ നിന്ന് നമുക്ക് മനസ്സിലാകാവുന്നതാണു . ഖുര്‍ആന്‍ പറയുന്നു:
”സ്വത്ത് ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍ (മറ്റു) ബന്ധുക്കളോ, അനാഥകളോ പാവപ്പെട്ടവരോ ഹാജറുണ്ടായാല്‍ അതില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ വല്ലതും നല്കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യേണ്ടതാകുന്നു’‘ (വി ഖു. 4: 8).
തങ്ങളുടെ സഹോദരന്റെ അനാഥരായ സന്താനങ്ങളുടെ സാനിധ്യത്തില്‍ പിതാവിന്റെ സ്വത്ത് ഭാഗം വെക്കുമ്പോള്‍ ഉപരി സൂക്തത്തില്‍ പരാമര്‍ശിച്ച ബന്ധുക്കളോ അനാഥകളോ പാവപ്പെട്ടവരോ ഹാജറുണ്ടായാല്‍ എന്നതിന്റെ അടിസ്ഥാനത്തില്‍ ഇവരെക്കൂടി അനന്തരാവകാശം ഭാഗം വെക്കുന്നതില്‍ പരിഗണിക്കേണ്ടതാണ്. കാരണം ഇവര്‍ അടുത്ത ബന്ധുക്കളും അനാഥകളുമാണ്. കൂട്ടത്തില്‍ ഇവര്‍ അഗതികളുമാണെങ്കില്‍ മേല്‍ സൂക്ത ത്തില്‍ പരാമര്‍ശിച്ച മൂന്ന് വിഭാഗം ആളുകളുടെയും വിശേഷണങ്ങള്‍ ഒത്തിണങ്ങിയവരാവുകയും പരേതന്റെ സ്വത്തില്‍ നിന്ന് ഒരു വിഹിതം ലഭിക്കാന്‍ ഏറെ അര്‍ഹതയുള്ളവരായിത്തീരുകയും ചെയ്യുന്നു.
അതിനുപുറമെ ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് സാമ്പത്തിക ശേഷിയുള്ളവര്‍ സാമ്പത്തിക ശേഷിയില്ലാത്ത ബന്ധുക്കള്‍ക്ക് ചെലവിന് നല്‍കേണ്ടതാണ്. പ്രത്യേകിച്ച് അവര്‍ പരസ്പരം അനന്തരമെടുക്കാന്‍ അര്‍ഹരാണെങ്കില്‍. അതനുസരിച്ച് അനാഥരായ സഹോദര സന്താനങ്ങള്‍ അനന്തരമെടുക്കാന്‍ അര്‍ഹരായവരും അനാഥരുമാണെങ്കില്‍ പിതൃവ്യന്‍മാര്‍ ഇവരെ തങ്ങളുടെ പിതാവിന്റെ അനന്തരവാകാശത്തിനു പരിഗണിക്കുക മാത്രമല്ല തുടര്‍ന്നും ഇവരെ സഹായിക്കേണ്ടതുമാണ്.
ഗണിതപരമായ അബദ്ധങ്ങളോ?
ചില സന്ദര്‍ഭങ്ങളില്‍ അവകാശികളായി വരുന്ന നിശ്ചിത ഓഹരിക്കാരുടെ ഓഹരികളുടെ അംശങ്ങളുടെ ആകെത്തുക ഛേദത്തേക്കാള്‍ കൂടുതലായി വരാറുണ്ട്. ഇതിന്റെ പേരില്‍ ഖുര്‍ആനില്‍ ഗണിത പരമായ അബദ്ധങ്ങളുണ്ട് എന്ന് ഇസ്‌ലാമിന്റെ ശത്രുക്കള്‍ വിമര്‍ശിക്കാറുണ്ട്. ഉദാ: മരിച്ച ഒരു സ്ത്രീയുടെ അനന്തരാവകാശികളായി രണ്ടു നേര്‍ സഹോദരിമാരും ഭര്‍ത്താവുമാണുള്ളതെങ്കില്‍ സഹോദരിമാര്‍ക്ക് 2/3 ഭര്‍ത്താവിന് 1/2 മാണു ലഭിക്കേണ്ടത്. ഈ ഭിന്ന സംഖ്യകളെ സമാന ഭിന്ന സംഖ്യകളാക്കിയാല്‍ 4/6 , 3/6 എന്നിങ്ങനെ ലഭിക്കുന്നതാണ്. ഇവിടെ അംശങ്ങളുടെ ആകെത്തുകയായ 7, ഛേദങ്ങളുടെ ആകെത്തുകയായ 6 നേക്കാള്‍ വലുതാണ്. അതായത് സ്വത്തിനെ ആറു ഭാഗമാക്കിയതില്‍ 7 ഭാഗം അവകാശികള്‍ക്ക് നല്‍കണം. ഇതാണു ഗണിത പരമായ അബദ്ധമായി ഉന്നയിക്കപ്പെടുന്നത്.
എന്നാല്‍ ഇവിടെ നാം മനസ്സിലാക്കേണ്ടത് ഓഹരിക്കാരുടെ വിഹിതമായി വരുന്ന ഭിന്നകങ്ങള്‍ അവരുടെ വിഹിതത്തിന്റെ അനുപാതത്തെയാണു സൂചിപ്പിക്കുന്നത്. മേല്‍ പറഞ്ഞ കേസിലെ 4/6 , 3/6 എന്നത് 4 അനുപാതം 3 എന്നതാണ്. അതായത് ആകെ സ്വത്തിനെ ഇവരുടെ അനുപാതങ്ങളുടെ ആകെത്തുകയായ (4+3) 7 കൊണ്ട് ഹരിക്കുകയും അതില്‍ 4 ഭാഗം നേര്‍ സഹോദരിമാര്‍ക്കും 3 ഭാഗം ഭര്‍ത്താവിനും നല്‍കേണ്ടതാണ്.
ഇത്തരം കേസുകളില്‍ ഭിന്നകങ്ങളെ സമാന ഭിന്നകങ്ങളാക്കുകയും എന്നിട്ടവയുടെ അംശങ്ങളുടെ ആകെത്തുക കൊണ്ട് സ്വത്തിനെ ഹരിക്കുകയും എന്നിട്ട് ഓരോ അംശങ്ങളുടെ തുക ഓരോ ഓഹരിക്കാരുടെയും ഓഹരിയായി കണക്കാക്കി സ്വത്ത് വീതിക്കുകയാണു വേണ്ടത്. ഉദാ: പരേതനു രണ്ടു പുത്രിമാരും പിതാവും മാതാവും ഭാര്യയുമാണ് അവകാശികളായിട്ടുള്ളത് എങ്കില്‍ അവരുടെ ഓഹരികള്‍ യഥാക്രമം 2/3, 1/6, 1/6, 1/8 അഥവാ 16/24, 4/24, 4/24, 3/24 അഥവാ ഇവരുടെ ഓഹരികളുടെ അനുപാതം 16 : 4 : 4 : 3 എന്നാണ്. അതിനാല്‍ പരേതന്റെ സ്വത്തിനെ ഇവരുടെ അനുപാതങ്ങളുടെ ആകെത്തുകയായ 27 കൊണ്ടു ഹരിച്ച് ഒരോരുത്തര്‍ക്കും അവരുടെ അനുപാതമനുസരിച്ച് വിതരണം ചെയ്യേണ്ടതാണ്. അതായത് ആകെ സ്വത്തിനെ 27 ഭാഗമാക്കി 16 , 4 , 4 , 3 എന്നീ ഭാഗങ്ങള്‍ യഥാക്രമം ഓരോരുത്തര്‍ക്കും നല്‌കേണ്ടതാണ്.
ഇത് സ്വഹാബികളുടെ കാലം മുതല്‍ അനുവര്‍ത്തിച്ചു വരുന്ന രീതിയാണ് ഛേദത്തെ അംശത്തിനനുസരിച്ച് ഉയര്‍ത്തുന്നതു കൊണ്ട് പണ്ഡിതന്‍മാര്‍ ഇതിനു അറബിയില്‍ നല്‍കിയിരിക്കുന്ന പേര് ഔല് എന്നാണ്.
മേല്‍ പറഞ്ഞ അവസ്ഥക്ക് വിപരീതമായി കുറഞ്ഞ നിശ്ചിത ഓഹരിക്കാര്‍ മാത്രം ഉള്ളപ്പോള്‍ ഓഹരി മിച്ചം വരുന്ന അവസ്തയുമുണ്ടാകാറുണ്ട്. ഇവിടെയും അനുപാതമനുസരിച്ചാണ് സ്വത്ത് വീതം വെക്കേണ്ടത്. ഉദാ: മരണപ്പെട്ട വ്യക്തിക്ക് അവകാശികളായി ഒരു പുത്രിയും മാതാവുമാണുള്ളതെങ്കില്‍ അവരുടെ ഓഹരികള്‍ യഥാക്രമം 1/2 , 1/6 ആയിരിക്കും അഥവാ 3/6, 1/6 ഇവരുടെ അനുപാതം 3:1 ആണ് അപ്പോള്‍ ആകെ സ്വത്തിനെ 4 (3+1) ഭാഗമാക്കി 3 ഭാഗം പുത്രിക്കും 1 ഭാഗം മാതാവിനും നല്കേണ്ടതാണ്.
