അറബികളും കേരളവും
അറബികളും കേരളവും തമ്മിലുള്ള ബന്ധം പുരാതനകാലം മുതല്‍ തന്നെ നിലനിന്നിരുന്ന കടല്‍വ്യാപാരവും സാംസ്‌കാരിക ഇടപെടലുകളും വഴിയാണ് രൂപപ്പെട്ടത്. ഈ സമാധാനപരമായ സമ്പര്‍ക്കങ്ങളിലൂടെ ഇസ്‌ലാം കേരള മണ്ണിലേക്ക് പ്രവേശിച്ചു; വാളിന്റെയോ ബലപ്രയോഗത്തിന്റെയോ വഴിയല്ല, മറിച്ച് അറബി വ്യാപാരികളുടെ സത്യസന്ധമായ ജീവിതശൈലിയും ധാര്‍മ്മിക മൂല്യങ്ങളുമാണ് ജനങ്ങളെ ആകര്‍ഷിച്ചത്. ഈ ചരിത്രപരമായ പശ്ചാത്തലത്തിലാണ് ചേരമാന്‍ പെരുമാളിന്റെ ഇസ്‌ലാം ആശ്ലേഷം എന്ന പ്രസിദ്ധമായ കഥ ഉയര്‍ന്നുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങള്‍ നിലനില്‍ക്കുന്നുവെങ്കിലും, കേരളത്തിലെ ഇസ്‌ലാമിക പൈതൃകബോധത്തില്‍ ഈ സംഭവത്തിന് വലിയ പ്രാധാന്യമുണ്ട്. തുടര്‍ന്ന് മാലിക്കുബ്‌നു ദീനാര്‍ (റ) അടക്കമുള്ള ആദ്യകാല ദാഈകള്‍ കേരളത്തിലെത്തി ഇസ്‌ലാമിന്റെ സന്ദേശം പ്രചരിപ്പിക്കുകയും ആദ്യ പള്ളികള്‍ നിര്‍മിക്കപ്പെടുകയും ചെയ്തതോടെ, ആരാധനയും വിദ്യാഭ്യാസവും സാമൂഹിക ഐക്യവും ഒരുമിച്ചുനില്‍ക്കുന്ന ഒരു ഇസ്‌ലാമിക സംസ്കാരം കേരളത്തില്‍ രൂപംകൊണ്ടു.
കേരളം സഹസ്രാബ്ദങ്ങള്‍ക്കു മുമ്പു തന്നെ വിദേശ വ്യാപാരികളുടെയും സഞ്ചാരികളുടെയും പറുദീസയായിരുന്നു. കാരണം, തെക്കുവടക്കായി നീണ്ടുകിടക്കുന്ന കേരളത്തിന്റെ പടിഞ്ഞാറെ അതിര് അറബിക്കടലാണ്. പുരാതന കാലം മുതല്‍ തന്നെ, അഥവാ ക്രിസ്തുവിന് മുമ്പു തന്നെ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ വഴി സാഹസികരായ റോമന്‍, സോമാലിയന്‍ നാവികര്‍ കേരള തീരങ്ങളില്‍ നങ്കൂരമിട്ടിരുന്നു. സീസര്‍ ക്ലോഡിയന്റെ കാലത്താണ് ആദ്യ റോമന്‍ സംഘം ഇവിടെയെത്തിയത്. എന്നാല്‍ അറബിക്കടലിന്റെ ആഴവും പരപ്പും കാറ്റിന്റെ ഗതിയും അറിഞ്ഞിരുന്ന ഈജിപ്തിലെ കച്ചവട സംഘങ്ങള്‍ റോമക്കാര്‍ക്കുമുമ്പ് ഈ ഹരിത തീരത്ത് കാലുകുത്തിയിരുന്നു.
ദാവൂദ്, സുലൈമാന്‍(അ) എന്നീ പ്രവാചകന്മാരുടെ കാലം മുതല്‍ക്കു തന്നെ ഇസ്‌റാഈല്‍ ജനത കേരളവു(മലബാറു)മായി കച്ചവടബന്ധം സ്ഥാപിച്ചിരുന്നതായി പഴയ നിയമത്തിലെ രാജാക്കന്മാര്‍, ദിനവൃത്താന്തം എന്നീ പുസ്തകങ്ങളില്‍ നിന്ന് മനസ്സിലാവുന്നു. മലബാറില്‍ നിന്ന് സ്വര്‍ണം, ചന്ദനം, ആനക്കൊമ്പ് എന്നിവയും മയില്‍, കുരങ്ങ് എന്നീ ജീവികളെയും കൊണ്ടുവരാനാണത്രേ സുലൈമാന്‍ നബി(അ) കപ്പലോട്ട വിദഗ്ധരെ അയച്ചിരുന്നത്. തര്‍ശീശ് എന്ന സ്ഥലത്തേക്ക് അയച്ചു എന്നാണ് പഴയ നിയമത്തിലുള്ളത്.
അക്കാലത്ത് ചന്ദനവും മയിലും കേരളത്തില്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും അതുകൊണ്ട് തര്‍ശീശ് കേരളത്തില്‍ തന്നെയുള്ള സ്ഥലം തന്നെയാണെന്നും പേര് പിന്നീട് മാഞ്ഞു പോയതാവാമെന്നുമാണ് അനുമാനിക്കപ്പെടുന്നത്.
മൂസാ നബി(അ)യുടെ കാലത്തും കേരളത്തിലെ ഏലം, കുരുമുളക്, കറുവപ്പട്ട, ആനക്കൊമ്പ്, മയില്‍പീലി, തുണിത്തരങ്ങള്‍ എന്നിവ മധ്യപൗരസ്ത്യ രാജ്യങ്ങളിലേക്ക് കടല്‍ വഴി ഒഴുകിയിരുന്നുവത്രേ.
ക്രിസ്തുവിന് ശേഷവും ഈ വ്യാപാരബന്ധം തുടര്‍ന്നു. റോമാക്കാരുടെ ആഡംബര ജീവിതം കേരളവിഭവങ്ങളെ ആശ്രയിച്ചായിരുന്നുവെന്നും അത് കേരള തീരത്തെ കച്ചവട സമൃദ്ധമാക്കിയെന്നും വരെ ചില സഞ്ചാരികള്‍വിവരിക്കുന്നുണ്ട്. പുതിയ പുതിയ രാജ്യക്കാരും ഇവിടെ കാലുകുത്താന്‍ഇത് ഇടയാക്കി.
എ.ഡി. ആറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജീവിച്ച അറബി കവികളുടെ കാല്പനിക കവിതകളില്‍ കുരുമുളകും മറ്റും കടന്നുവരുന്നുണ്ട്. അതിനു മുമ്പു തന്നെ അറബികള്‍ കേരള തീരവുമായി വാണിജ്യബന്ധമുണ്ടായിരുന്നു എന്ന് ഇതില്‍ നിന്ന് അനുമാനിക്കാം. കാരണം കേരളത്തില്‍ നിന്നല്ലാതെ അവര്‍ക്ക് ഫുല്‍ഫുല്‍(കുരുമുളക്) പരിചയപ്പെടാന്‍ സാധ്യതകളില്ല.
ഇസ്‌ലാം കേരള മണ്ണിലേക്ക്
കേരളവുമായി റോമന്‍-ഈജിപ്ഷ്യന്‍ ബന്ധം ക്രിസ്തുവിന് ശേഷവും തുടര്‍ന്നു. എന്നാല്‍ മൂന്നാം നൂറ്റാണ്ടില്‍ അലക്‌സാണ്ട്രിയയിലുണ്ടായ ഒരു യുദ്ധത്തെ തുടര്‍ന്ന് ഈ കേരളയാത്രക്ക് വിഘ്‌നം നേരിട്ടു. ഈ അവസരം മുതലെടുത്താണ് അറബികള്‍ സമുദ്രങ്ങള്‍ കീഴടക്കി മലയാള തീരങ്ങളില്‍ ആധിപത്യമുറപ്പിച്ചത്. കാറ്റിന്റെ ഗതി നിരീക്ഷിച്ച് കിഴക്കോട്ട് തുഴഞ്ഞ പരിണിതപ്രജ്ഞരായ അറബി വണിക്കുകള്‍, പോര്‍ത്തുഗീസുകാര്‍ കേരള തീരം കീഴടക്കുന്നതു വരെ, നൂറ്റാണ്ടുകളോളം കേരള വിഭവങ്ങള്‍ തേടിയെത്തിയിരുന്നു. (Early history of India യില്‍ നിന്ന് ഉദ്ധരിച്ചത്).
കേരളവും അറബികളും തമ്മിലുള്ള ബന്ധവും കേരളത്തിലെ ഇസ്‌ലാമിന്റെ പ്രചാരവും തമ്മില്‍ ബന്ധമുണ്ടെങ്കിലും ഇത് രണ്ടും രണ്ട് കാലഘട്ടങ്ങളില്‍ സംഭവിച്ചതാണ്. മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വലബ്ധിക്കു മുമ്പുതന്നെ അറബികള്‍ മലബാര്‍ തീരങ്ങളിലെത്തി യിട്ടുണ്ട്. മലബാറിലെ ‘ബാര്‍’ പേര്‍ഷ്യന്‍ പദമാണ്. ‘കേരള’മെന്ന പേര് അറബികള്‍ തനിയെ വിളിച്ച ‘ഖൈറുള്ള’ (ദൈവത്തിന്റെ നന്മ) എന്നത് ലോപിച്ചുണ്ടായതും ‘മലയാളം’ എന്ന അതിന്റെ മാതൃഭാഷ ‘മാലായഅ്‌ലം’ (അറിയാത്തത്) എന്ന അറബി വാചകത്തില്‍ നിന്നുണ്ടായതാണെന്നുള്ള രസകരമായ കണ്ടെത്തല്‍ നടത്തിയവരുമുണ്ട്.
അജ്ഞാനകാല കവി ഇമ്രുഉല്‍ ഖൈസ് തന്റെ കവിതയില്‍ ‘ഉണങ്ങിയ കുരുമുളക്’ എന്ന പ്രയോഗം നടത്തിയതും ഇന്ത്യയെ ‘ബിലാദുല്‍ ഫുല്‍ഫുല്‍’ എന്നു വിളിച്ചതും അറബികളുടെ കേരള ബന്ധത്തിന് വ്യക്തമായ തെളിവാണ്.
അറബികളുടെ ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ കേന്ദ്രം മുസ്‌രീസ് (കൊടുങ്ങല്ലൂര്‍) ആയിരുന്നു. നബി(സ്വ)യുടെ നിയോഗം നടന്ന ക്രി. വ ഏഴാം നൂറ്റാണ്ടില്‍ തന്നെ അറബി കച്ചവടക്കാര്‍ വഴി കേരളത്തില്‍ ഇസ്‌ലാമിന്റെ സന്ദേശമെത്തി. ഈ കച്ചവടക്കാരുടെ നാവില്‍ നിന്നും സ്വഭാവങ്ങളില്‍ നിന്നും കേരളീയര്‍ ഇസ്‌ലാമിനെ കേട്ടും കണ്ടുമറിഞ്ഞു. അതോടൊപ്പം, ബാധ്യത എന്ന നിലയില്‍ പ്രബോധനത്തിന് അവര്‍ ബോധപൂര്‍വം ശ്രമിക്കുകയും ചെയ്തു. സ്വാഭാവികമായും അന്നത്തെ ഭരണാധികാരികളും ഈ സന്ദേശം അടുത്തറിഞ്ഞു കാണും. പ്രമുഖ ചരിത്രകാരന്മാരായ മുഹമ്മദ് ഖാസിം ഫിരിശ്ത, പി. എ. സൈതു മുഹമ്മദ്, ഡോ. മുഹ്‌യിദ്ദീന്‍ ആലുവായ് (ഇന്ത്യയിലെ ഇസ്‌ലാമിന്റെ പ്രബോധനവും വളര്‍ച്ചയും എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയ പണ്ഡിതന്‍) എന്നിവര്‍ ഈ പക്ഷക്കാരാണ്.
ഹിജ്‌റയ്ക്കു മുമ്പുതന്നെ നബി(സ്വ) മുആദുബ്‌നു ജബലി(റ)നെ യമനിലേക്ക് പ്രബോധനത്തിന് അയച്ചിരുന്നല്ലോ. അക്കാലത്തു തന്നെ യമനിലും ഹദറമൗത്തിലും ഇസ്‌ലാം എത്തുകയും ചെയ്തിട്ടുണ്ടാവാം. യമന്‍ കേരള തീരങ്ങള്‍ തമ്മില്‍ നേര്‍ അഭിമുഖമാണ്. യമനില്‍ നിന്നും മുസ്‌ലിം വ്യാപാരി സംഘങ്ങള്‍ കേരളത്തിലേക്ക് എത്തിയതും ഇസ്‌ലാമിക പ്രബോധനത്തിന് വേഗത കൂട്ടി.
കച്ചവടത്തിനായെത്തുന്ന അറബികള്‍ മാസങ്ങളോളം കേരളത്തില്‍ താമസിച്ചിരുന്നു. പലരും ഇവിടുത്തുകാരെ വിവാഹം കഴിക്കുകയും കുടുംബമായി താമസിക്കുകയും ചെയ്തു. അറബി കോളനികളുമുണ്ടായി. ഈ ഘടകങ്ങളെല്ലാം മലയാള മണ്ണില്‍ ഇസ്‌ലാമിന് വേരോട്ടമുണ്ടാക്കി.
ചാതുര്‍വര്‍ണ്യമുള്‍പ്പെടെയുള്ള സാമൂഹിക അസമത്വങ്ങള്‍ നിലനിന്നിരുന്ന മതകീയ സാഹചര്യത്തില്‍ സമഭാവനയും സാഹോദര്യവും വിഭാവനം ചെയ്തിരുന്ന ഇസ്‌ലാമിനെ ഇവിടത്തുകാര്‍ പെട്ടെന്ന് പുണരുകയും ചെയ്തു.
ചേരമാന്‍ പെരുമാളിന്റെ ഇസ്‌ലാം ആശ്ലേഷം
കേരളത്തിലെ ഇസ്‌ലാം മത പ്രചാരണാരംഭത്തിന്റെ ചരിത്രം അയവിറക്കുമ്പോള്‍ അതിന്റെ അനിവാര്യ നാമങ്ങളിലൊന്നാണ് മുസ്‌രിസ് (കൊടുങ്ങല്ലൂര്‍) തലസ്ഥാനമായി ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍. ചേരകുലത്തിലെ അവസാനത്തെ രാജാവായിരുന്നു ഇദ്ദേഹം.
ലോഗന്റെ മലബാര്‍ മാന്വലില്‍ വിശദമായി പറഞ്ഞ ചേരമാന്റെ അറേബ്യയാത്ര ഇവിടെ സംഗ്രഹിക്കാം. പിറകെ വിശകലനവുമാകാം:
ഒരിക്കല്‍ മക്കയുടെ മാനത്ത് ചന്ദ്രന്‍ രണ്ടായി പിളരുകയും അല്പ സമയത്തിന് ശേഷം പിളര്‍ന്ന കഷണങ്ങള്‍ കൂടിച്ചേര്‍ന്ന് ചന്ദ്രന്‍ അസ്തമിക്കുകയും ചെയ്തതായി പെരുമാള്‍ സ്വപ്നത്തില്‍ ദര്‍ശിച്ചു. ദിവസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം അറേബ്യയില്‍ നിന്നുള്ള ഒരു സംഘം തീര്‍ഥാടകര്‍ കൊടുങ്ങല്ലൂരിലെത്തി. അവര്‍ രാജാവിനെ കണ്ടപ്പോള്‍ അദ്ദേഹം അവരുടെ നാട്ടിലെ വിശേഷങ്ങളാരാഞ്ഞു. സംഘത്തിലെ ശൈഖ് സകീഉദ്ദീന്‍ എന്ന ഒരാള്‍ വിശേഷങ്ങള്‍ വിവരിക്കുന്നതിനിടെ, ആയിടെ മക്കയിലുണ്ടായ അത്ഭുത ദൃഷ്ടാന്തമായ ചന്ദ്രന്‍ പിളര്‍ന്ന സംഭവവും അനുസ്മരിച്ചു. ഇതു കേട്ട ചക്രവര്‍ത്തിക്ക് അത്ഭുതം അടക്കാനായില്ല. താന്‍ കണ്ട അതേ സ്വപ്നം തന്നെ.
നിങ്ങള്‍ മടങ്ങിപ്പോകുമ്പോള്‍ ഞാനും ഒപ്പമുണ്ടെന്ന് അദ്ദേഹം ശൈഖിനെ അറിയിച്ചു. ഭരണപരമായ കാര്യങ്ങള്‍ സാമന്ത രാജാക്കന്മാര്‍ക്ക് അവരുടെ ഭാഗം പകുത്തു നല്‍കല്‍ എന്നിവ എട്ടു ദിവസം കൊണ്ട് സ്വകാര്യമായി പൂര്‍ത്തിയാക്കി പെരുമാള്‍ അവരോടൊപ്പം അറേബ്യയിലേക്ക് യാത്രയായി.
യാത്രയ്ക്കിടെ കൊയിലാണ്ടി കൊല്ലം, തലശ്ശേരി ധര്‍മടം എന്നിവിടങ്ങളിലിറങ്ങി ഓരോ ദിവസം തങ്ങി. പിന്നീട് ദീര്‍ഘമായ സമുദ്രയാത്രക്കു ശേഷം അറേബ്യന്‍ തീരമായ ഷാര്‍ (ശഹര്‍ മുഹല്ലഖ) പട്ടണത്തില്‍ ഇറങ്ങി. അവിടെ ദീര്‍ഘകാലം അദ്ദേഹം താമസിക്കുകയും ചെയ്തു.
അബ്ദുറഹ്‌മാന്‍ സമിരി എന്ന പേരു സ്വീകരിച്ച് മുസ്‌ലിമാവുകയും റഹബിയ്യത്ത് എന്ന സ്ത്രീയെ വധുവാക്കുകയും ചെയ്തു. പെരുമാള്‍ വര്‍ഷങ്ങളോളം അവിടെ കഴിച്ചു കൂട്ടി.
പിന്നീട് ജന്മനാട്ടിലേക്ക് മടങ്ങാനും ഇസ്‌ലാം പ്രചരിപ്പിക്കാനും പള്ളികള്‍ പണിത് അവിടെ കഴിച്ചുകൂട്ടാനും ആഗ്രഹിക്കുകയും മടക്കയാത്രക്ക് കപ്പല്‍ സജ്ജീകരിക്കാന്‍ ഒരുങ്ങുകയും ചെയ്യവെ പെരുമാള്‍ രോഗിയാവുകയായിരുന്നു. രോഗമുക്തിയുണ്ടാവില്ലെന്നറിഞ്ഞ അദ്ദേഹം നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചു. എന്നാല്‍ യാത്ര ഉപേക്ഷിക്കരുതെന്നും നാട്ടില്‍ പോയി ‘നാലാം വേദം’ (ഇസ്‌ലാം) പ്രചരിപ്പിക്കണമെന്നും തന്റെ അനുയായികളോട് അപേക്ഷിക്കുകയും ചെയ്തു. അവരെ പരിചയപ്പെടുത്തിക്കൊണ്ടും പള്ളികള്‍ പണിയാന്‍ സ്ഥലവും അവയുടെ നടത്തിപ്പിനാവശ്യമായ ഭൂസ്വത്തും നല്‍കണമെന്നും നിര്‍ദേശിച്ചുള്ള തിട്ടൂരങ്ങള്‍ തയ്യാറാക്കി അനുയായികളെ ഏല്‍പിച്ചു. തിട്ടൂരങ്ങള്‍ തന്റെ സാമന്തരായ രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും ഉള്ളതായിരുന്നു.
താന്‍ ആസന്ന മരണനാണെന്ന് പ്രജകളെ അറിയിക്കരുത്, കൊടുങ്ങല്ലൂര്‍, പന്തലായനി കൊല്ലം, ധര്‍മപട്ടണം, കൊയിലാണ്ടി എന്നിവിടങ്ങളില്‍ മാത്രമേ കപ്പലിറങ്ങാവൂ എന്നിങ്ങനെ പെരുമാള്‍ അവരെ ഉണര്‍ത്തുകയും ചെയ്തിരുന്നു.
വൈകാതെ പെരുമാള്‍ മരിച്ചു. എട്ടു വര്‍ഷം കഴിഞ്ഞാണ് മാലിക്കുബ്‌നു ദീനാറും കുടുംബവും തിട്ടൂരങ്ങളുമായി മലനാട്ടിലേക്ക് തിരിച്ചത്. കൊടുങ്ങല്ലൂരിലെ നാടുവാഴി അവരെ സ്വീകരിക്കുകയും തിട്ടൂരങ്ങള്‍ പ്രകാരം സൗകര്യങ്ങള്‍ അനുവദിക്കുകയും ചെയ്തു. കൊടുങ്ങല്ലൂരില്‍ പള്ളി പണിതു. അവിടെ ആദ്യ ഖാസിയായി മാലിക്കുബ്‌നു ദീനാര്‍ അവരോധിതനുമായി. (മലബാര്‍ മാന്വല്‍, മലയാള പരിഭാഷ, 10-ആം പതിപ്പ്, പേജ് 151).
ചേരമാന്‍ പെരുമാള്‍: അഭിപ്രായാന്തരങ്ങള്‍
ഗവേഷണ-പ്രസ്താവനാ വൈവിധ്യങ്ങളാല്‍ ആശയക്കുഴപ്പം ഇത്രയധികം ഉണ്ടാക്കിയ ഇതുപോലുള്ള മറ്റൊരു സംഭവം മലയാളത്തില്‍ ഒരു പക്ഷേ, ഉണ്ടാവില്ല. ചേരമാന്‍ പെരുമാളിന്റെ കൊടുങ്ങല്ലൂര്‍ ഭരണം, ഇസ്‌ലാം സ്വീകരണം എന്നിവയില്‍ ഏതാണ്ട് അഭിപ്രായ ഐക്യം ചരിത്രകാരന്മാര്‍ക്കിടയിലുണ്ട്. കൊടുങ്ങല്ലൂരില്‍ മാലിക്കുബ്‌നു ദീനാര്‍ പള്ളിയുമുണ്ടല്ലോ.
എന്നാല്‍, പെരുമാള്‍ അറേബ്യയിലേക്ക് പോയോ, മക്കയിലെത്തി നബി(സ്വ)യെ കണ്ടോ, ഇസ്‌ലാം സ്വീകരിച്ച് മടങ്ങിയത് എങ്ങോട്ട് തുടങ്ങിയ കാര്യങ്ങളിലാണ് ഭിന്നാഭിപ്രായം നിലനില്‍ക്കുന്നത്.
ചേരമാന്‍ പെരുമാള്‍ അറേബ്യയിലേക്ക് പോവുകയും ഇസ്‌ലാം സ്വീകരിക്കുകയും ഷാര്‍ പട്ടണത്തില്‍ ദീര്‍ഘകാലം താമസിച്ച് അവിടെ വെച്ചു തന്നെ മരിക്കുകയും ചെയ്തു. എന്നാല്‍ നബിയെ കണ്ടെന്നോ അറേബ്യയിലേക്കു പോയത് ഏത് വര്‍ഷത്തിലാണെന്നോ ലോഗന്‍ പറയുന്നില്ല. ഇതാണല്ലോ മലബാര്‍ മാന്വലില്‍ നിന്ന് വ്യക്തമായത്. തുഹ്ഫത്തുല്‍ മുജാഹിദീന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമും ഇതേ അവതരണമാണ് നടത്തിയിട്ടുള്ളത്.
ചരിത്ര ഗവേഷകനായിരുന്ന കേസരി. എ. ബാലകൃഷ്ണപിള്ള പറയുന്നതിങ്ങനെ:
”AD 628ല്‍ ആഫ്രിക്കയിലെ എല്ലാ രാജാക്കന്മാര്‍ക്കും പ്രവാചകന്‍ എഴുത്തയക്കുകയുണ്ടായി. ഇക്കൂട്ടത്തില്‍ കേരളത്തിലെ ചേരമാന്‍ പെരുമാളിനും അയച്ചു. അറേബ്യക്ക് കേരളവുമായി വളരെ മുമ്പു തന്നെ വ്യാപാരബബന്ധമുണ്ടായിരുന്നല്ലോ. പെരുമാള്‍ പ്രവാചകന്റെ 57-ആം വയസ്സില്‍ നബിയുമായി കണ്ടുമുട്ടുകയും ചെയ്തിരുന്നുവെന്നതിന് അടിസ്ഥാനമാണ് പ്രസ്തുത കത്ത്”. (ചരിത്ര കേരളം മുഖവുര).
പ്രവാചകന്റെ കാലത്തു തന്നെയാണ് കേരള രാജാവിന്റെ ഇസ്‌ലാം മത പ്രവേശം നടന്നതെന്ന് വിശുത ചരിത്ര പടു ഫിരിശ്ത വീക്ഷിക്കുന്നുണ്ട്. (താരിഖ് ഫിരിശ്ത, വാള്യം-രണ്ട്, പേജ്-370).
കേസരിയും ഫിരിശ്തയും പെരുമാള്‍ നബി(സ്വ)യെ കണ്ടു എന്ന് തന്നെ സമര്‍ഥിക്കുന്നു. ഡോ. മുഹ്‌യിദ്ദീന്‍ ആലുവായ്, ഡോ. ബര്‍ണല്‍ എന്നിവരും നബിയുടെ കാലത്ത് തന്നെ കേരളത്തില്‍ ഇസ്‌ലാം എത്തി എന്നു പറഞ്ഞ് മേല്‍ കണ്ടെത്തലിനെ അനുകൂലിക്കുന്നു. പെരുമാള്‍ അറേബ്യയില്‍ പോയി എന്നതിനെ നിഷേധിക്കേണ്ടതില്ല എന്നാണ് ചരിത്ര പണ്ഡിതന്‍ പി. എ. മുഹമ്മദിന്റെയും അഭിവീക്ഷണം.
‘ശക്രൂതി ഫര്‍മാള്‍’ (പെരുമാള്‍ ചക്രവര്‍ത്തി) എന്ന ഒരു രാജാവ് ഇസ്‌ലാം മതം സ്വീകരിച്ച് അറേബ്യയില്‍ പോയതിന്റെ രേഖ ലണ്ടണിലെ ഇന്ത്യ ഓഫീസ് ലൈബ്രറിയിലുണ്ട്. എന്നാല്‍ സയ്യിദ് സുലൈമാന്‍ നദ്‌വി പെരുമാള്‍ നബി(സ്വ)യെ കണ്ടതും അവിടെ വെച്ച് ഇസ്‌ലാം സ്വീകരിച്ചതും തള്ളിക്കളയുകയാണ്. അങ്ങനെയൊരു സംഭവം നടന്നിരുന്നെങ്കില്‍ അത് ഹദീസില്‍ തീച്ചയായും പരാമര്‍ശിക്കപ്പെടുമായിരുന്നുവെന്നാണ് നദ്‌വിയുടെ ന്യായം. നദ്‌വി, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം എന്നിവരുടെ വീക്ഷണം മുന്‍നിര്‍ത്തി, നബി(സ്വ) പെരുമാള്‍ കൂടിക്കാഴ്ചയുടെ സംഭവ്യതയെ തോമസ് ആര്‍ഹോള്‍ഡും തള്ളുകയാണ്.
ചരിത്ര വിശാരദന്‍ ഡോ. എം. ജി. എസ്. നാരായണന്‍ ഈ സംഭവങ്ങളെ അവഗണിക്കുന്നില്ല. എന്നാല്‍ ചേരമാന്‍ പെരുമാള്‍ ജീവിച്ചത് 12-ആം നൂറ്റാണ്ടിലാണെന്നാണ് എം. ജി. എസ്. പറയുന്നത്. പിന്നെങ്ങനെ അദ്ദേഹം നബിയെ മക്കയില്‍ പോയി കാണുമെന്ന് അദ്ദേഹം ചോദിക്കുന്നു.
പ്രസ്തുത സംഭവത്തിന്റെ വിശ്വസനീയതയെ ചോദ്യം ചെയ്യുന്നവരുടെ ഏതാനും സംശയങ്ങള്‍ ഇങ്ങനെ:
1. മാലിക്കുബ്‌നു ദീനാര്‍ എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത് പ്രമുഖ താബി ഈയായ ഹസ്വന്‍ ബസ്വരിയുടെ ശിഷ്യനായ, ഹി. 175 ല്‍ മരിച്ച മാലിക് ദീനാറാണ്. അദ്ദേഹം വിവാഹം പോലും കഴിച്ചിട്ടില്ല. പിന്നെങ്ങനെ അദ്ദേഹം ‘കുടുംബ സമേതം’ വന്ന് കൊടുങ്ങല്ലൂരില്‍ താമസിക്കും?
2. ക്രി. 1221 വരെ പെരുമാള്‍ രാജാക്കന്മാര്‍ കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി ഭരിച്ചിട്ടുണ്ട്. രാജ്യം സാമാന്തര്‍ക്ക് വീതിച്ചു നല്‍കി ക്രി. വ. ഏഴാം നൂറ്റാണ്ടില്‍ പെരുമാള്‍ അറേബ്യയിലേക്ക് പോയി എന്നത് പിന്നെങ്ങനെ സത്യമാവും?
3. ഒരു രാജാവ് നബിയെ കണ്ട ഉടനെ അദ്ദേഹത്തിന് താജുദ്ദീന്‍ (മതത്തിന്റെ കിരീടം) എന്ന പേരിട്ടു എന്നത് തീര്‍ത്തും അവിശ്വസനീയമല്ലേ?
ചുരുക്കത്തില്‍, മലബാറിലെ ഒരു രാജാവ് അറേബ്യന്‍ വ്യാപാരികള്‍ വഴി ഇസ്‌ലാം സ്വീകരികുകയും മുസ്‌ലിംകളെ മാന്യമായി സ്വീകരിക്കുകയും അവരുടെ മത പ്രചാരത്തിന് സൗകര്യമൊരുക്കി നല്‍കുകയും ചെയ്തു എന്നത് ചരിത്ര വസ്തുതയാണ്.
മാലിക്കുബ്‌നു ദീനാറും പള്ളി നിര്‍മാണവും
ഇസ്‌ലാം സ്വീകരിച്ച ശേഷം വര്‍ഷങ്ങളോളം ശഹര്‍ മുഖല്ലയില്‍ ജീവിച്ച് ഒടുവില്‍ മടങ്ങാനിരിക്കവെയാണ് പെരുമാള്‍ ചെക്രവര്‍ത്തി മൃതിയടഞ്ഞത് എന്നാണല്ലോ ഒരു വീക്ഷണം. അദ്ദേഹത്തില്‍ നിന്ന് മലബാറിലെ രാജാക്കന്മാര്‍ക്കുള്ള തിട്ടൂരങ്ങളുമായി ഒരു സംഘം മുസ്‌ലിംകള്‍ കപ്പലു കയറുകയും ചെയ്തു.
ഈ സംഘത്തില്‍ ആരൊക്കെയാണ് ഉണ്ടായിരുന്നത് എന്നതില്‍ അഭിപ്രായൈക്യമില്ല. ‘പ്രാചീന മലബാര്‍’ എന്ന പുസ്തകത്തില്‍ പ്രസിദ്ധ ഉറുദു പണ്ഡിതനായിരുന്ന ഡോ ശംസുല്ല ഖാദിരി പറയുന്നതിങ്ങനെ:
”രണ്ടു കൊല്ലത്തിനു ശേഷം ശറഫുബ്‌നു മാലിക്, മാലിക്കുബ്‌നു ദീനാര്‍, അദ്ദേഹത്തിന്റെ മരുമകന്‍ മാലിക്കുബ്‌നു ഹബീബ് എന്നിവര്‍ കുടുംബത്തോടൊപ്പം മലബാറിലേക്ക് പുറപ്പെട്ടു. അവര്‍ കപ്പലിറങ്ങിയത് കൊടുങ്ങല്ലൂരിലായിരുന്നു” (പേജ് 37).
മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ മലബാറില്‍ കപ്പലിറങ്ങിയ ആദ്യ ഇസ്‌ലാമിക പ്രബോധക സംഘത്തിലെ മുഴുവന്‍ പേരുടെയും നാമങ്ങള്‍ വിശദമായി പറയുന്നുണ്ട്. പരമ്പരയായി പറഞ്ഞു കേള്‍ക്കുന്നത് എന്ന മുഖവുരയോടെയാണ് ലോഗന്‍ ഇത് എഴുതിയത്:
”1. മാലിക്കുബ്‌നു ദീനാര്‍, 2. ഹബീബുബ്‌നു മാലിക്ക്, 3. ശറഫുല്‍ ഇബ്‌നു മാലിക്ക്, 4. മാലിക്കുബ്‌നു ഹബീബും അദ്ദേഹത്തിന്റെ ഭാര്യ കുമരിയത്തും അവരുടെ പത്തു പുത്രന്മാരും അഞ്ചു പുത്രിമാരും”. (മലബാര്‍ മാന്വല്‍, പേജ്- 151).
ഇവരില്‍ മാലിക്കുബ്‌നു ദീനാര്‍ മാലിക്കുബ്‌നു ഹബീബിനെയും ഭാര്യയെയും മക്കളില്‍ ചിലരെയും കൊയിലാണ്ടി കൊല്ലത്തേക്ക് അയക്കുകയും അവശേഷിക്കുന്നവര്‍ കൊടുങ്ങല്ലൂരില്‍ താമസിക്കുകയും ചെയ്തു.
ഇതേ കാര്യം പി. എ. സൈതു മുഹമ്മദ് തന്റെ കേരള മുസ്‌ലിം ചരിത്രത്തിലും പറയുന്നുണ്ട്. ഇവര്‍ക്കു പുറമെ ഏതാനും ചില ബന്ധുക്കളും 22 മതപണ്ഡിതന്മാരും കൂടി സംഘത്തിലുണ്ടായിരുന്നു, 13 മാര്‍ബിള്‍ കല്ലുകള്‍, അറേബ്യയിലെ അതി വിശിഷ്ടമായ കാഴ്ച വസ്തുക്കള്‍ എന്നിവയും മാലിക്കുബ്‌നു ദീനാര്‍ കൊണ്ടുവന്നു. ക്രി. വ 642/43 വര്‍ഷത്തിലാണ് ഈ യാത്രയെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. തുഹ്ഫത്തുല്‍ മുജാഹിദീനില്‍ ശൈഖ് മഖ്ദൂം പറയുന്നതും ഇതേ കാര്യം തന്നെ. (പേജ് 58,59)
മാലിക്കുബ്‌നു ദീനാര്‍ സ്വഹാബിയാണ് എന്നതിന് യാതൊരു തെളിവുമില്ല, ഹിജ്‌റ ആദ്യനൂറ്റാണ്ടില്‍ തന്നെ അറേബ്യന്‍ കച്ചവടക്കാരിലൂടെയും പ്രബോധകരിലൂടെയും ഇസ്‌ലാം കേരളത്തിലെത്തിയിട്ടുണ്ട് എന്ന് അനുമാനിക്കാവുന്നതാണ്.
കേരളത്തിലെ ആദ്യ പള്ളികള്‍
മത പ്രചാരണ-പ്രബോധന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം എന്ന നിലയില്‍ പള്ളികള്‍ക്ക് അതീവ പ്രാധാന്യമുണ്ട്. അതുകൊണ്ടു തന്നെയാവാം കേരളത്തില്‍ കാലു കുത്തിയ പ്രഥമ ഇസ്‌ലാമിക പ്രബോധന സംഘം വന്നിറങ്ങിയ കൊടുങ്ങല്ലൂരില്‍ തന്നെ പള്ളി പണിതത്.
മാലിക്കുബ്‌നു ദീനാര്‍ കൊടുങ്ങല്ലൂരില്‍ (കദങ്കല്ലൂര്‍) വന്നിറങ്ങുമ്പോള്‍ കൊച്ചി രാജവംശത്തിനു കീഴിലായിരുന്നു ആ പ്രദേശം. ചേരമാന്‍ പെരുമാളിന്റെ തിട്ടൂരവുമായി മാലിക് രാജാവിനെ കാണുകയും അതിന്‍ പ്രകാരം പള്ളി നിര്‍മിക്കാന്‍ രാജാവ് സ്ഥലവും സൗകര്യവും നല്‍കുകയും ചെയ്തു.
നിര്‍മാണത്തിനാവശ്യമായ കല്ല്, മരം, വിദഗ്ധജോലിക്കാര്‍, മേല്‍നോട്ടക്കാര്‍ തുടങ്ങിയവ രെല്ലാം രാജാവ് ഏര്‍പ്പാടാക്കി. തുറമുഖത്തിനടുത്ത് തന്നെയായിരുന്നു പള്ളി. രാജാവിന്റെ അരമനയും അതിനടുത്തായിരുന്നു. പള്ളിയെ ആദരിക്കാനും അതിനു സമീപത്തു വെച്ച് ദേവാലയത്തിന് ഹിതമില്ലാതെ ഒന്നും ചെയ്യരുതെന്നും രാജാവ് കല്പന പുറപ്പെടുവിക്കുകയും ചെയ്തു. പ്രഥമ ഖാദിയായി മാലിക്കുബ്‌നു ദീനാര്‍ നിയമിക്കപ്പെടുകയും ചെയ്തു. പള്ളി നിര്‍മാണത്തിന് കാരണക്കാരനായ ചേരമാന്‍ പെരുമാളിന്റെ പേരിലാണ് ഈ മസ്ജിദ് അറിയപ്പെട്ടത്. കൊടുങ്ങല്ലൂരില്‍ പണിത ഈ പള്ളിയാണ് ഇന്ത്യയിലെ പ്രഥമ മുസ്‌ലിം പള്ളി.
ഹിജ്‌റ 21 ലാണ് (സി. ഗോപാലന്‍ നായരുടെ മലയാളത്തിലെ മാപ്പിളമാര്‍), ഹിജ്‌റ 56 ലാണ് (അറക്കല്‍ സ്വരൂപത്തിലെ ഡച്ചു രേഖ) എന്നിങ്ങനെ വ്യത്യസ്ത വീക്ഷണങ്ങളാണ് പള്ളി നിര്‍മാണ കാലത്തെക്കുറിച്ചുള്ളത്.
കൊടുങ്ങല്ലൂരിലെ പള്ളി നിര്‍മാണത്തിനു ശേഷം മാലിക്കുബ്‌നു ദീനാര്‍ മാലിക്കുബ്‌നു ഹബീബിനെ തെക്കന്‍ കൊല്ലത്തേക്കയച്ചു. അവിടെ അദ്ദേഹത്തിന്റെ തിരുവിതാങ്കൂര്‍ രാജ ദക്ഷിണ കോലത്തിരി സ്വീകരിക്കുകയും കൊല്ലത്ത് (കുലം) പള്ളി പണിയാന്‍ സൗകര്യം നല്‍കുകയും ചെയ്തു. തുടര്‍ന്ന് മാലിക്കുബ്‌നു ഹബീബ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പള്ളികളും മുസ്‌ലിം കോളനികളും സ്ഥാപിച്ചു.
ഹേലി ദോയി (ഏഴിമല, മാടായി), ജന്‍ഫത്തല്‍ (ശ്രീകണഠപുരം), ദഹ്ഫത്തന്‍ (ധര്‍മടം), ഫന്ദനീനു (പന്തലായിനി), ശിലിശാത്ത് (ചാലിയം), കഞ്ചൂര്‍ കുത്ത് (കാസര്‍ഗോഡ്) എന്നിവിടങ്ങളിലാണ് ഈ സംഘത്തിന്റെ നേതൃത്വത്തിലും കാര്‍മികത്വത്തിലും മുസ്‌ലിം പള്ളികള്‍ ഉയര്‍ന്നതും ഇസ്‌ലാം പ്രചരിക്കപ്പെട്ടതും.
