അറയ്ക്കല്‍ രാജവംശം
കേരളചരിത്രത്തില്‍ മുസ്ലിം ഭരണത്തിന്റെ വ്യക്തമായ അടയാളമായി നിലകൊണ്ട രാജവംശമാണ് അറയ്ക്കല്‍ രാജവംശം. കണ്ണൂര്‍ ആസ്ഥാനമാക്കി ഭരണം നടത്തിയ ഈ രാജവംശം, രാഷ്ട്രീയാധികാരത്തോടൊപ്പം സമുദ്രവ്യാപാരത്തിലും നാവിക ശക്തിയിലും വലിയ സ്വാധീനം ചെലുത്തി. അറബികളുമായുള്ള വ്യാപാരബന്ധങ്ങള്‍, മതസൗഹാര്‍ദം, സ്ത്രീകള്‍ക്കും ഭരണാവകാശം നല്കിയ പ്രത്യേകത തുടങ്ങിയവ അറയ്ക്കല്‍ രാജവംശത്തെ കേരളത്തിലെ മറ്റ് ഭരണകൂടങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. കേരള മുസ്ലിംകളുടെ സാമൂഹിക-രാഷ്ട്രീയ ചരിത്രം മനസ്സിലാക്കാന്‍ അറയ്ക്കല്‍ രാജവംശത്തിന്റെ പഠനം നിര്‍ണായകമാണ്.
കേരളത്തിലെ ഏക മുസ്ലിം രാജസ്വരൂപവും വടക്കെ മലബാര്‍ മുസ്ലിംകളുടെ സാമുദായിക നേതൃത്വവുമായിരുന്നു അറയ്ക്കല്‍ രാജവംശം. ആദ്യം ധര്‍മപട്ടണവും പിന്നീട് കണ്ണൂരും ആസ്ഥാനമാക്കി വടക്കെ മലബാര്‍ ഭരിച്ച ഈ ഭരണാധികാരികള്‍ ആലി രാജ, ബീവി എന്നീ സ്ഥാനപ്പേരുകളില്‍ അറിയപ്പെട്ടു. അധിനിവേശത്തിനും സാമ്രാജ്യത്വത്തിനുമെതിരെ നൂറ്റാണ്ടുകളോളം പടപൊരുതി ദേശസ്നേഹത്തിന്റെ മഹാഗാഥകള്‍ രചിച്ച അറക്കയ്ല്‍ വംശം കണ്ണൂരിന്റെ മണ്ണില്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്; അധികാരമില്ലെങ്കിലും പ്രതാപത്തിനും ആദരവിനും യാതൊരു കുറവുമില്ലാതെ.
രാജസ്വരൂപം
അറയ്ക്കല്‍ രാജവംശം ‘രാജസ്വരൂപം’ എന്ന പേരിലാണ് പ്രസിദ്ധമായത്. സ്വതന്ത്രമായ ഭരണവും രാജാധികാരവുമുള്ള രാജ കുടുംബത്തിനാണ് സ്വരൂപം എന്നു പറയുക. നാണയം അടിച്ചിറക്കുക, ഉടമ്പടികള്‍ ഒപ്പിടുക, മറ്റു രാജകുടുബങ്ങളുമായി സന്ധിയിലും കരാറിയും ഏര്‍പ്പെടുക, വെണ്‍കൊറ്റക്കുട ചൂടുക തുടങ്ങിയ പരമ്പരാഗത അവകാശങ്ങളുണ്ടെങ്കില്‍ മാത്രമേ ‘രാജസ്വരൂപം’ ആവുകയുള്ളൂ. അങ്ങനെ നോക്കുമ്പോഴാണ് അറയ്ക്കല്‍ രാജവംശം കേരളത്തിലെ ഏക രാജസ്വരൂപമാകുന്നത്.
അറയ്ക്കല്‍ രാജസ്വരൂപത്തിന്റെ ഉത്ഭവത്തെക്കുറിച്ച് കഥകള്‍ ഏറേയുണ്ട്. ഇതില്‍ പലതും അടിസ്ഥാനങ്ങളില്ലാത്ത ഐതിഹ്യങ്ങളാണ്. രേഖകളുടെ പിന്ബലമുണ്ടെന്നവകാശപ്പെടുന്ന ഒന്ന് ഇങ്ങനെയാണ്:
അറേബ്യയിലേക്ക് പോയപ്പോള്‍ ചേരമാന്‍ പെരുമാള്‍ തന്റെ രാജ്യം സാമാന്തന്മാര്ക്കിടയില് വീതിച്ചിരുന്നു. അദ്ദേഹം അവിടെ വെച്ച് മരിച്ചു. അദ്ദേഹത്തിന്റെ അനുയായികള്‍ കേരളത്തിലെത്തുകയും ധര്മപട്ടണത്തുണ്ടായിരുന്ന ചേരമാന്‍ പെരുമാളിന്റെ സഹോദരി ശ്രീദേവിയെ കാണുകയും ചെയ്തു. അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചപ്പോള്‍ അവരത് സ്വീകരിച്ചു. ശ്രീദേവിയുടെ മകനായിരുന്ന മഹാബലി മുഹമ്മദലിയായി. അരയന് കുളങ്ങര അറയ്ക്കലുമായി. ആദ്യത്തെ അറയ്ക്കല്‍ രാജയുടെ പേര് മുഹമ്മദലിയാണെന്ന് വില്യം ലോഗനും ഈ ഭരണം സ്ഥാപിതമായത് ഹിജ്റ 64 ലാണെന്ന് ചരിത്രകാരനായ കെ. കെ. എന്‍. കുറുപ്പും സമര്‍ഥിക്കുന്നുണ്ട്.
കോലത്തിരി-അറയ്ക്കല്‍ രാജവംശങ്ങള്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഒരു കഥയും അറയ്ക്കല്‍ വംശത്തിന്റെ ഉദ്ഭവവുമായി ചേര്‍ത്തു പറയാറുണ്ട്:
കോലത്തിരി വംശത്തിലെ ഒരു കന്യക കുളിച്ചു കൊണ്ടിരിക്കെ കുളത്തില്‍ വീണു. മുങ്ങി മരിക്കും മുമ്പ് ഒരു മുസ്ലിം യുവാവ് (മത പരിവര്‍ത്തനം ചെയ്ത മുഹമ്മദ് അലി) അവരെ രക്ഷിച്ചു. ജീവന് രക്ഷിച്ച മുഹമ്മദലിയുമായി കന്യക പ്രണയത്തിലാവുകയും യുവാവിനെ വിവാഹം കഴിക്കണമെന്ന് വാശി പിടിക്കുകയും ചെയ്തു. വിവാഹത്തിന് കോലത്തിരി രാജാവ് സമ്മതിച്ചു. സ്ത്രീധനമായി ഏഴിമലയും മാടായിലുമുള്ള നെല്പാടങ്ങളും കണ്ണൂരിലെ ചില പ്രദേശങ്ങളും അവിടെത്തന്നെ ഒരു കൊട്ടാരവും നല്കി. ഇതിന് അറയ്ക്കല്‍ കെട്ട് എന്ന പേരും നല്കി.
അറയ്ക്കല്‍ ആഴി രാജ (കടല്‍ മേധാവിത്തം), ആദി രാജ (ആദ്യ മുസ്ലിം രാജവംശം), ആലി രാജ (കുലീന കുടുംബം) എന്നീ നാമങ്ങളിലാണ് ഇവര്‍ അറിയപ്പെട്ടത്.
അറയ്ക്കല്‍ രാജവംശവും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടവും
കോഴിക്കോട് സ്വാധീനമുറപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കൊച്ചിയിലേക്കും കണ്ണൂരിലേക്കുമാണ് പോര്‍ച്ചുഗീസ് നാവികര്‍ തിരിഞ്ഞത്. കണ്ണൂരിലെത്തി കോലത്തിരി രാജവംശത്തെ പറങ്കിപ്പട തകര്‍ത്തപ്പോള്‍ അധിനിവേശത്തിനെതിരെ ഉയര്‍ന്നുവന്ന പുതിയ ശക്തിയായിരുന്നു അറയ്ക്കല്‍ രാജവംശം.
അറബിക്കടലിനെ സ്വന്തം സാമ്രാജ്യമാക്കി മാറ്റിയ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ കുഞ്ഞാലി മരക്കാര്മാരോടൊപ്പം അറയ്ക്കല്‍ രാജമാരും പടപൊരുതി. മലബാറും സിലോണും തമ്മിലുള്ള വ്യാപാരത്തിന്റെ കേന്ദ്രം കണ്ണൂരായിരുന്നു. ഈജിപ്ത്, സിറിയ, ഇറാഖ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാപാരികളും കണ്ണൂരില്‍ നങ്കൂരമിട്ടു. ലക്ഷദ്വീപുകള്‍ അറയ്ക്കല്‍ ചരിത്രത്തിന്റെ പ്രൗഢിയുടെ ചിഹ്നമായിരുന്നു. പിന്നെങ്ങനെ അറബിക്കടലിലെ പറങ്കി ആധിപത്യം അറക്കല്‍ വംശം അംഗീകരിക്കും. അതുകൊണ്ടു തന്നെ പതിനാറാം നൂറ്റാണ്ടിലെ ഏറ്റവും വലിയ നാവികപ്പട അറയ്ക്കലിന്റെതായിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ചെറുത്തു നിന്നതും ഇവര്‍ തന്നെ.
ക്രി. 1505 ല്‍ പോര്‍ച്ചുഗീസുകാര്‍ കണ്ണൂരില്‍ പണിത സെന്റ് ആഞ്ചലോസ് കോട്ട അറയ്ക്കല്‍ വംശത്തിന് തലവേദനയുണ്ടാക്കി. 1555 ല്‍ കോലത്തിരി-സാമൂതിരി-അറക്കല്‍ സംയുക്ത ഉപരോധം നടത്തിയിട്ടും ഇത് പിടിക്കാനായില്ല. 1633 ല്‍ ഇത് ഡച്ചുകാര്‍ പിടിച്ചെടുത്തു. 1772 ല്‍ ഇത് ഡച്ചുകാരില്‍ നിന്ന് അറക്കല്‍ ബീവി വില കൊടുത്തു വാങ്ങുകയായിരുന്നുവത്രേ.
കോട്ട സ്വന്തമാക്കിയപ്പോള്‍ അറയ്ക്കല്‍ രാജയുടെ സൈനിക ബലം അപ്രതിരോധ്യമായി ഉയര്‍ന്നു. ഇത് ബ്രിട്ടീഷ് അധികാരികളെ അസ്വസ്ഥരാക്കി. ഒടുവില്‍ 1793ല്‍ ബലപ്രയോഗ ത്തിലൂടെ അവര്‍ കോട്ട പിടിച്ചെടുത്തു. അറയ്ക്കല്‍ സ്വരൂപത്തിന്റെ തകര്‍ച്ച അതോടെ ആരംഭിക്കുകയും ചെയ്തു.
മലബാര്‍ കീഴടക്കിയ ഹൈദരലി ചിറക്കല്‍ രാജ്യത്തിന്റെ ഭരണം ആലിരാജയെ ഏല്പിച്ചു. മൈസൂര്‍-അറയ്ക്കല്‍ ബന്ധം പിന്നീട് അറയ്ക്കല്‍-കോലത്തിരി ബന്ധത്തെ സാരമായി ബാധിച്ചു. എന്നാല്‍ രാജ കൂടുതല്‍ ശകതനായെങ്കിലും ടിപ്പുവിന്റെ പതനത്തോടെ ഇതിന് തിരിച്ചടി നേരിട്ടു. അറയ്ക്കല്‍ രാജവംശം ഏറെക്കുറെ ഇംഗ്ലീഷ് ഭരണത്തിന് കീഴിലമരുകയും ചെയ്തു. 1911 ആയപ്പോഴേക്കും ചെങ്കോലും ഉടവാളും നഷ്ടപ്പെട്ട് ശക്തിക്ഷയം പൂര്‍ണമാവുകയും ചെയ്തു.
രാജയും ബീവിയും
അറയ്ക്കല്‍ രാജവംശത്തില്‍ മരുമക്കത്തായമാണ് നിലനിന്നിരുന്നത്. തറവാട്ടിലെ പ്രായം കൂടിയ വ്യക്തിക്കായിരുന്നു അധികാരച്ചുമതല. ഇതില്‍ ലിംഗഭേദമുണ്ടായിരുന്നില്ല. രാജാവ് പുരുഷനാണെങ്കില്‍ ആലിരാജയും സ്ത്രീയാണെങ്കില്‍ ബീവിയും. 29 ആലിരാജമാരുടെ പേരുകള്‍ വില്യം ലോഗന് മലബാര്‍ മാന്വലില്‍ നല്‍കുന്നുണ്ട്. ഇതില്‍ ആദ്യ പത്തു പേര് ഇവരാണ്:
1. മമ്മദ് ആലി, 2. ഉസ്സന്‍ ആലി, 3. ആലി മൂസ്സ, 4. കുഞ്ഞിമൂസ്സ, 5. ആലി മൂസ്സ, 6. അലി വപ്പന്‍ മാപ്പിള, 7. ഇസ്സപ്പോക്കര്, 8. വലിയ ഉമ്മലി, 9. പോക്കര് ആലിക്കോയ, 10. കുട്ടിയാലി.
ചില ബീവിമാര്: 1. ഹാജറാബി കടവുമ്പി (1728-32), 2. ജനുമ്മാബി (1732-45), 3. ജനുമ്മബി (1777-1819), 4. മറിയം ബീ (1819-38), 5. ആയിശാബി (1838-1862).
37 പേരില്‍ 11 പേര് സ്ത്രീകളായിരുന്നു. ബീവിമാരില്‍ പലരും പണ്ഡിതകളും ഭരണ നിപുണകളുമായിരുന്നു.
ഇസ്ലാം മത പ്രചാരണം, പള്ളി നിര്‍മാണം, മാസപ്പിറവി നിര്‍ണയം എന്നിവയെല്ലാം അറയ്ക്കല്‍ കുടുംബം ശ്രദ്ധിച്ചു. ആദ്യ മലയാള ഖുര്‍ആന്‍ പരിഭാഷയുടെ കര്‍ത്താവ് മായിന്‍ കുട്ടി ഇളയ അറയ്ക്കല്‍ കുടുബാംഗമാണ്.
ടിപ്പുസുല്‍ത്താനും സാംസ്കാരിക കേരളവും
ഇന്ത്യാമഹാരാജ്യം അനേകം നാട്ടുരാജ്യങ്ങളായിരുന്നു. രാജാക്കന്മാര് തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് വിദേശ ശക്തികള്‍ക്ക് ഇന്ത്യയില്‍ അധികാരത്തില്‍ വരാനുണ്ടായ അവസരമുണ്ടായത്. ഓരോരുത്തരെയായി വശീകരിച്ചും നശിപ്പിച്ചും കീഴ്പ്പെടുത്തിയ ശേഷമാണല്ലോ ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചത്. വൈദേശിക ഭരണവും മേല്‍ക്കോയ്മയും ഒട്ടും അംഗീകരിക്കാതെ സര്‍വ്വശക്തിയുമുപയോഗിച്ച് ചെറുത്തുനിന്ന ദേശസ്നേഹികളായ രാജാക്കന്മാരും ഇന്ത്യയിലുണ്ടായിരുന്നു. ഝാന്‍സിയിലെ റാണിലക്ഷഭ്മി ഭായിയും ബംഗാളിലെ സിറാജുദ്ദൗലയും രാജാക്കന്മാരായ ഹൈദരലിഖാനും മകന് ടിപ്പുസുല്‍ത്താനുമെല്ലാം അക്കൂട്ടത്തില്‍പ്പെട്ടവരായിരുന്നു. അത്തരക്കാരെയെല്ലാം ആയുധം കൊണ്ടും ചതി കൊണ്ടും ഇതരനാട്ടുരാജാക്കന്മാരെ പാട്ടിലാക്കിയും നാമാവശേഷമാക്കിയ ശേഷമാണ് ‘ബ്രിട്ടീഷ് ഇന്ത്യ’ എന്ന രാജ്യം ഉടലെടുക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടില്‍ കൃഷ്ണാ നദി മുതല്‍ മധ്യകേരളം വരെ വ്യാപിച്ചുകിടന്ന മൈസൂരിലെ കിടയറ്റ ഭരണാധികാരികളായിരുന്നു മൈസൂര്‍ സുല്ത്താന്മാര് എന്നറിയപ്പെട്ട ഹൈദരലിയും ടിപ്പുവും. 1782 മുതല്‍ 1799 വരെയുള്ള 18 വര്‍ഷക്കാലം കേരളത്തില്‍ ടിപ്പുവിന്റെ ആധിപത്യമായിരുന്നു. പറങ്കി ആധിപത്യത്തില്‍ മാറിയ കണ്ണൂരിലെ അറക്കല്‍ രാജാവ്, കൊച്ചി തിരുവിതാം കൂര് രാജാക്കന്മാര് തുടങ്ങിയവരുടെ പരസ്പരഭീതിയും കിടമത്സരവും പതിവായിരുന്നു. അവര്‍ ക്ഷണിച്ചുവരുത്തിയതാണ് ഹൈദരലിഖാന്‍ എന്ന മൈസൂര്‍ ഭരണാധികാരിയെ. ശ്രീരംഗ പട്ടണം ആസ്ഥാനമാക്കിയ മൈസൂര്‍ സുല്ത്താന്മാര് കഠിന ബ്രിട്ടീഷ് വിരോധികളായിരുന്നു. ടിപ്പുവിന്റെ മകന് അബ്ദുല്‍ വലീദ് അറക്കല്‍ രാജകുമാരിയെ വിവാഹം ചെയ്തതിലൂടെ കേരളവുമായി സുല്ത്താന്മാര്ക്ക് വൈകാരികബന്ധം കൂടിയുണ്ടായി.
ടിപ്പുവിന്റെ ഭരണം കേരളത്തെ വളരെയധികം പുരോഗതിയിലേക്കു നയിച്ചു. നാഗരികമായി നാടിനെ മാറ്റിമറിച്ചു. സാംസ്കാരികമായി വളര്‍ച്ചയുണ്ടായി. നിരവധി ഹൈവേകളും ഉള്‍നാടന്‍ നിരത്തുകളും ടിപ്പു ഉണ്ടാക്കി. ഗതാഗതം സ്ഥാപിച്ചു. കാര്‍ഷികരംഗത്ത് നിലനിന്നിരുന്ന ജന്മിത്തം അവഗണിക്കാനും ഉത്പ്പാദകര്‍ക്ക് ന്യായവില ലഭ്യമാക്കാനും അവസരമൊരുക്കി. കാര്‍ഷികാഭിവൃദ്ധി ഉണ്ടാക്കാനും സാധിച്ചു. നൂല് നൂല്പ്, നെയ്ത്ത് തുടങ്ങിയ വ്യവസായിക രംഗം പോഷിപ്പിച്ചു. പൊതുവഴികളില്‍ തണല്‍മരങ്ങളും ഇടയ്ക്കിടെ സത്രങ്ങളും സ്ഥാപിച്ചു. സാമൂഹികരംഗത്ത് നിലനിന്നിരുന്ന ജീര്‍ണതകളും ഇല്ലാതാക്കാന്‍ ശ്രമിച്ചു. ബ്രാഹ്മണര്‍ക്കിടയില്‍ മുതിര്‍ന്നയാള്‍ക്ക് മാത്രം വിവാഹവും ബാക്കിയുള്ളവര്‍ക്ക് ‘സംബന്ധ’മെന്ന വിലകുറഞ്ഞ ഏര്‍പ്പാടുമായിരുന്നു.
അവര്‍ണസ്ത്രീകള്‍ അരയ്ക്കു മീതെ വസ്ത്രം ധരിക്കാന്‍ പാടില്ലായിരുന്നു. ബഹുഭര്‍തൃത്വം സാര്‍വത്രികമായിരുന്നു. ഇത്തരം ജീര്‍ണതകള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ടിപ്പു ശ്രമിച്ചു. സ്ത്രീകള്‍ വസ്ത്രം ധരിക്കണമെന്ന് നിഷ്കര്‍ഷിച്ചു.
ഉറച്ച ഇസ്ലാം മതവിശ്വാസിയായിരുന്ന ടിപ്പുസുല്‍ത്താന്‍ ഭരണരംഗത്ത് തികഞ്ഞ മതനിരപേക്ഷ നിലപാട് കൈക്കൊണ്ടു. പ്രജാക്ഷേമമാണ് രാജധര്‍മമെന്ന് വിശ്വസിച്ചു. ഭരണാധികാരം ദൈവികാനുഗ്രഹവും അതേസമയം ചോദ്യം ചെയ്യപ്പെടുന്ന ഉത്തരവാദിത്വവുമാണെന്ന് ഉള്‍ക്കൊണ്ടു. മതചൂഷണത്തെ അദ്ദേഹം എതിര്‍ത്തു. പള്ളികളും ക്ഷേത്രങ്ങളും നിര്‍മ്മിക്കാന്‍ സഹായിച്ചു. തന്റെ സൈന്യത്തില്‍ മുസ്ലിംകളും ഹിന്ദുക്കളുമുണ്ടായിരുന്നു. ബ്രാഹ്മണര്‍ക്ക് ഉന്നത ഭരണപദവികള്‍ നല്കി.
ശാന്തിയും സമാധാനവും കളിയാടിയിരുന്ന കേരളത്തിന്റെ സുവര്‍ണ്ണകാലത്തിലേക്ക് പതിനഞ്ചാം നൂറ്റാണ്ടില്‍ അതിക്രമത്തിന്റെയും ഛിദ്രതയുടെയും മൂര്‍ത്തരൂപമായ പറങ്കികള്‍(പോര്‍ച്ചുഗീസ്) കടന്നുവന്നതോടെ ഇവിടുത്തെ സ്വസ്ഥത നഷ്ടപ്പെട്ടു. സാമൂതിരി രാജാവിനൊപ്പം നിന്ന് വിദേശികള്‍ക്കെതിരെ കരയിലും കടലിലും പോരാടിയ മാപ്പിള പ്പോരാളികളെയും നാട്ടില്‍ സൗഹാര്‍ദപൂര്‍ണമായി ജീവിതം നയിച്ച മുസ്ലിംകളെയും പോര്‍ച്ചുഗീസ് പട്ടാളം കിരാതനടപടികള്‍ക്ക് വിധേയമാക്കി. തദ്ദേശീയരായ ബ്രാഹ്മണ ജന്മിമാരും മുസ്ലിംകള്ക്കെതിരെ തിരിഞ്ഞു. ജീവിതം പൊറുതിമുട്ടിയ മുസ്ലിം സമൂഹം നിന്ദിതമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കാലവും കൂടിയായിരുന്നു അത്. ടിപ്പുവിന്റെ അധിനിവേശവും പട്ടാളനീക്കവും സദ്ഭരണവും മുസ്ലിംകളില് പ്രതീക്ഷയുണര്‍ത്തി. മുസ്ലിംകളുടെ യശസ്സുയരാന്‍ ആ സാഹചര്യം കാരണമായി. എന്നാല്‍ മുസ്ലിംകള്‍ക്കു വേണ്ടിയല്ല ടിപ്പു നാട് ഭരിച്ചത്.
ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ തദ്ദേശീയരായ ചില നാട്ടുരാജാക്കന്മാരും ബ്രാഹ്മണ ജന്മി പ്രമാണിമാരും ടിപ്പുവിനെതിരെ ബ്രിട്ടീഷുകാരെ സഹായിച്ചു.
തങ്ങളുടെ മേല്‍ വീഴാന്‍ പോകുന്ന കടുത്ത പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ മുന്കൂട്ടിക്കാണാന് കഴിയാത്ത നാടുവാഴികള്‍ ടിപ്പുവിനെ എതിര്‍ത്തു.
ജന്മിത്തം ജന്മാവകാശമാണെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു പോന്ന സവര്‍ണനേതൃത്വം, ജന്മിത്തത്തിനെതിരെ നീക്കങ്ങള്‍ നടത്തിയ ടിപ്പുവിനെ അങ്ങേയറ്റം വെറുത്തു. മലബാര്‍ പിടിക്കാന്‍ തക്കം പാര്‍ത്ത ബ്രിട്ടീഷുകാര്‍ അവസരം ഉപയോഗപ്പെടുത്തി. ആയുധം കൊണ്ടടരാടി ടിപ്പുവിനെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ബോധ്യമുള്ള ബ്രിട്ടീഷുകാര്‍ ദുരാരോപണങ്ങളുടെ കൂരമ്പുകള്‍ അദ്ദേഹത്തിനു നേരെ അയച്ചു. നാടുവാഴികള്‍ അതേറ്റുപിടിച്ചു.
മതഭ്രാന്തന്, മതപരിവര്ത്തകന്, ക്ഷേത്രധ്വംസകന്‍ തുടങ്ങിയ ആരോപണങ്ങള്‍ ടിപ്പുവിന് ചാര്‍ത്തി. ഉപോത്ബലകമായി അനേകം കള്ളക്കഥകള്‍ പ്രചരിപ്പിക്കപ്പെട്ടു. വിവരദോഷികളായ ചരിത്രകാരന്മാര് അവ രേഖപ്പെടുത്തി വെച്ചു.
യഥാര്‍ഥത്തില്‍ ടിപ്പു ഒരു സമാധാനപ്രേമിയായിരുന്നു. ഉറച്ച മതവിശ്വാസിയായിരിക്കെ ഭരണത്തില്‍ മതനിരപേക്ഷത കാത്തുസൂക്ഷിച്ച മഹാനായിരുന്നു. ജാതിഭേദമോ മത വിവേചനമോ കൂടാതെ രാജ്യം ഭരിച്ചു. വൈദേശിക ജന്മിത്തത്തോട് രാജിയാവാതെ തികഞ്ഞ ദേശസ്നേഹിയായിരുന്നു. ഇതു മനസ്സിലാക്കാന്‍ നാട്ടുകാര്‍ക്ക് നേരം വൈകി. ജന്മിത്തവിരുദ്ധത ഹിന്ദുവിരുദ്ധതയായി ചിത്രീകരിക്കപ്പെട്ടു. പെണ്ണിന് വസ്ത്രധാരണ സ്വാതന്ത്ര്യം നല്‍കിയത് മതപരിവര്‍ത്തനമായി അവതരിപ്പിച്ചു. യഥാര്‍ഥ വസ്തുതകളെല്ലാം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്; ചരിത്ര വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ്ഗദര്‍ശകമായി.
ടിപ്പു ഒരു നാട്ടുരാജ്യത്തെയും മറ്റൊന്നില്‍ ലയിപ്പിച്ചിട്ടില്ല. ഒരു നാടുവാഴിയെയും കൊന്നിട്ടില്ല. എല്ലാ രാജാക്കന്മാരെയും സാമന്തരായി അംഗീകരിച്ചുകൊണ്ടാണ് ഭരണം നടത്തിയിരുന്നത്. എന്നാല്‍ ബ്രിട്ടീഷ് നയതന്ത്രജ്ഞന് കോണ്‍വാലീസിന്റെ വഞ്ചനയില്‍ കുടുങ്ങിയ തിരുവിതാംകൂര്‍, കൊച്ചി, കണ്ണൂര്‍ രാജാക്കന്മാരെല്ലാം ടിപ്പുവിനെതിരെ വിദേശികളെ സഹായിച്ചു. മൈസൂര്‍ യുദ്ധക്കളത്തില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ടിപ്പുസുല്‍ത്താന്‍ അന്ത്യശ്വസം വലിച്ചു. മൈസൂര്‍ രാജ്യം മലബാര്‍ ഉള്‍പ്പടെ പൂര്‍ണ്ണമായി ബ്രിട്ടീഷ് അധീനത്തിലായി. മുസ്ലിം സമൂഹത്തോടുള്ള വിരോധം ജന്മിത്തത്തിന് വളം വെച്ചുകൊണ്ട് ബ്രിട്ടീഷുകാര്‍ ആരംഭിക്കുകയും ചെയ്തു.
