ഹദീസ് ക്രോഡീകരണം പ്രവാചകന്റെ കാലത്ത്
മുഹമ്മദ് നബിയുടെ ഓരോ വാക്കുകളും ചലനങ്ങളും സഹാബികൾ ഒപ്പിയെടുത്തു. അത് അവർ അനുകരിക്കുകയും അറിയാത്തവർക്ക് അറിയിച്ചു കൊടുക്കുകയും ചെയ്തു. നബി(സ്വ)യുടെ കാലത്ത് തുടങ്ങിയ ഈ സംവിധാനം നൂറ്റാണ്ടുകളായി ഇസ്‌ലാമിക ലോകത്ത് വളരെ നിഷ്കൃഷ്ടവും നിരങ്കുശവുമായി നടന്നുവരികയാണ്. ഇസ്‌ലാമിക വിജ്ഞാനീയത്തിന്റെ പ്രധാന ഭാഗമായ ഈ ചരിത്രമാണ്, ഹദീസ് ക്രോഡീകരണം പ്രവാചകന്റെ കാലത്ത് എന്ന അധ്യായത്തിൽ, ഹദീസിന്റെ പ്രയോഗവത്കരണവും പ്രചാരണവും, ഹദീസ് സംരക്ഷണം പ്രവാചക വിയോഗാനന്തരം എന്നീ ഉപ ശീർഷകങ്ങളിലായി പഠന വിധേയമാക്കുന്നത്.
പ്രവാചക ശിഷ്യന്മാര്‍ നബി(സ്വ)യില്‍ നിന്ന് വാക്ക് ആയോ പ്രവൃത്തി ആയോ അംഗീകാരമായോ ലഭിച്ച വിവരങ്ങള്‍ എഴുതി സൂക്ഷിക്കുന്നതില്‍ തല്പരരായിരുന്നു. ഭാവിതലമുറകള്‍ക്ക് ഇത് ഉപകാരപ്പെടുന്ന രൂപത്തിലാവണമെന്ന ആഗ്രഹത്തോടെയാണ് ആലേഖനം വ്യാപകമാകാതിരുന്ന ആ കാലത്ത് പ്രവാചക ശിഷ്യന്മാര്‍ ഇതില്‍ തല്പരരായത്. അവരില്‍ ചിലര്‍ കൈവശം വെച്ചിരുന്ന ഹദീസ് സമാഹാരങ്ങളില്‍ ‘സ്വഹീഫ’ എന്ന പേരില്‍ അറിയപ്പെട്ടവയുമുണ്ടായിരുന്നു. പ്രവാചകന്റെ കാലത്തുതന്നെ ഹദീസുകള്‍ എഴുതിസൂക്ഷിച്ചിരുന്ന സ്വഹാബിയായിരുന്നു അബ്ദുല്ലാഹിബ്‌നു അംറിബിനി ആസ്വ്(റ). അസാമാന്യ ബുദ്ധിശാലിയും വിജ്ഞാനദാഹിയുമായിരുന്ന അദ്ദേഹം പറയുന്നു: ”മനഃപാഠമാക്കാന്‍ ഉദ്ദേശിച്ച് നബിയില്‍ നിന്ന് കേള്‍ക്കുന്നതെല്ലാം ഞാന്‍ എഴുതാറുണ്ടായിരുന്നു. ഖുറൈശികള്‍ എന്നെ അതില്‍ നിന്ന് വിലക്കി. അവര്‍ ചോദിച്ചു. നീ കേള്‍ക്കുന്നതെല്ലാം രേഖപ്പെടുത്തുകയാണോ? ദൈവദൂതന്‍ സന്തോഷത്തിലും കോപത്തിലുമെല്ലാം സംസാരിക്കുന്ന മനുഷ്യനല്ലേ? അങ്ങനെ ഞാന്‍ എഴുത്ത് നിര്‍ത്തി. ഇത് നബി(സ്വ)യോട് പറഞ്ഞപ്പോള്‍ അവിടുന്ന് വിരല്‍കൊണ്ട് തന്റെ വായിലേക്ക് ആംഗ്യം കാണിച്ച് പറഞ്ഞു. നീ എഴുതുക, എന്റെ ആത്മാവ് ആരുടെ കൈവശമാണോ അവന്‍ തന്നെ സത്യം ഇതില്‍ നിന്ന് സത്യമല്ലാതെ പുറത്തുവരില്ല” (ദാരിമി) 1.
വഹബുബ്‌നു മുഹബ്ബഹ് തന്റെ സഹോദരനില്‍ നിന്ന് ഉദ്ധരിക്കുന്നു. അബൂഹുറയ്‌റ(റ) പറയുന്നത് ഞാന്‍ കേട്ടു. സ്വഹാബികളില്‍ എന്നേക്കാള്‍ ഹദീസറിയുന്ന ആരുമില്ലായിരുന്നു; അബ്ദുല്ലാഹിബ്‌നു അംറ് ഒഴികെ. കാരണം അദ്ദേഹം എഴുതുമായിരുന്നു. ഞാന്‍ എഴുതിയിരുന്നില്ല (ദാരിമി)2.
പ്രവാചകന്റെ ജീവിതകാലത്ത് തന്നെ ഹദീസുകള്‍ എഴുതി ക്രോഡീകരിക്കാന്‍ താല്പര്യമെടുത്ത മറ്റൊരു സ്വഹാബിയാണ് അനസ്ബനു മാലിക്(റ). പ്രവാചകന്‍ മദീനയില്‍ എത്തുമ്പോള്‍ പത്തു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അദ്ദേഹത്തെ മാതാവ് നബി(സ്വ)യുടെ സന്നിധിയിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും തന്റെ മകന് എഴുത്തും വായനയും അറിയാമെന്ന് അഭിമാനത്തോടെ അറിയിക്കുകയും ചെയ്തു. മാതാവിന്റെ പ്രത്യേക താല്പര്യ പ്രകാരം നബി(സ്വ) അനസിനെ സേവകനാക്കി കൂടെ നിര്‍ത്തി. അനസ് (റ)ന്റെ താമസം പ്രവാചകന്‍(സ്വ)യുടെ വീട്ടിലായിരുന്നതിനാല്‍ നബി(സ്വ)യുടെ ജീവിതം വളരെ അടുത്തറിയാന്‍ അവസരം ലഭിച്ചു. അദ്ദേഹം നബി(സ്വ)യില്‍ നിന്ന് കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം ശ്രദ്ധാപൂര്‍വ്വം എഴുതി സൂക്ഷിച്ചു. നബി(സ്വ)യുടെ വിയോഗാനന്തരം അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് അറിയാന്‍ തന്നെ സമീപിക്കുന്നവരോട് അനസ് തന്റെ പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ച ആ ഏടുകള്‍ പുറത്തെടുത്ത് ഇപ്രകാരം പറയും. നബി(സ്വ)യുടെ ജീവിതത്തില്‍ നിന്ന് ഞാന്‍ കുറിച്ചെടുത്ത കുറിപ്പുകളാണിത്. യഥാസമയം അത് പ്രവാചകനെ വായിച്ചു കേള്‍പ്പിക്കുകയും അബദ്ധങ്ങളുണ്ടെങ്കില്‍ അത് അദ്ദേഹം തിരുത്തുകയും ചെയ്യുമായിരുന്നു.
സ്വഹാബികളില്‍ സാക്ഷരരായവര്‍ ഹദീസുകള്‍ എഴുതി സൂക്ഷിക്കാന്‍ അനുവാദം ചോദിക്കുകയും പ്രവാചകന്‍ അനുമതി നല്‍കുകയും ചെയ്തതിന് ഒട്ടേറെ തെളിവുകളുണ്ട്. തിര്‍മിദി നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. ”ഒരു സ്വഹാബി പ്രവാചകനോട് ഇങ്ങനെ ഉണര്‍ത്തി. അങ്ങേയറ്റം പ്രാധാന്യമുള്ളതും താല്പര്യമുള്ളതുമായ ധാരാളം കാര്യങ്ങള്‍ ദിവസവും അങ്ങ് വിവരിക്കുന്നു. പക്‌ഷേ എനിക്ക് ഓര്‍മശക്തി തീരെ കുറവായതിനാല്‍ അവ പൂര്‍ണമായും ഓര്‍ത്തുവെക്കാന്‍ കഴിയുന്നില്ല. അതിനാല്‍ ഞാനെന്ത് ചെയ്യണമെന്നാണ് താങ്കളുടെ അഭിപ്രായം? നിന്റെ വലതുകൈയിന്റെ സഹായം നേടുക. പ്രവാചകന്‍ മറുപടി പറഞ്ഞു. ഹദീസുകള്‍ എഴുതിയെടുക്കാനുള്ള അനുമതി പ്രവാചകന്‍(സ്വ) നല്‍കുകയായിരുന്നു.”
പ്രവാചകന്റെ ജീവിതകാലത്ത് ലിഖിത രൂപത്തില്‍ ക്രോഡീകരിക്കപ്പെട്ട ഹദീസുകളില്‍ ഒരു വിഭാഗം കത്തുകളും കരാറുകളും അടങ്ങുന്ന ഔദ്യോഗിക രേഖകളാണ്. അവയില്‍ നമുക്ക് ലഭ്യമായ ആദ്യരേഖ മക്കയിലെ പീഡനം അസഹ്യമായപ്പോള്‍ തന്റെ ഒരുപറ്റം അനുയായികളെ പ്രവാചകന്‍ അബ്‌സീനിയയിലേക്ക് പറഞ്ഞയച്ച സന്ദര്‍ഭത്തില്‍ നബി(സ്വ) അവിടത്തെ രാജാവ് നജാശിക്ക് കൊടുത്തയച്ച കത്താണ്. കത്തില്‍ പ്രവാചകന്‍ ഇങ്ങനെ എഴുതി. ”ഞാന്‍ എന്റെ പിതൃസഹോദരന്‍ ജഅ്ഫറിനെ താങ്കളുടെ അടുത്തേക്ക് പറഞ്ഞയക്കുകയാണ്. വേറെയും കുറച്ച് മുസ്‌ലിംകള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ട്. അവര്‍ താങ്കളുടെ അടുത്തെത്തിയാല്‍ അവരെ അതിഥികളായി സ്വീകരിക്കുക.”
പ്രവാചകന്റെ കാലത്തുതന്നെ ലിഖിതരൂപത്തില്‍ ഉള്ള ഒരു പ്രധാന രേഖ ഹിജ്‌റ വേളയില്‍ പ്രവാചകനെ പിടികൂടി ഖുറൈശികളെ ഏല്‍പിക്കുന്നതിനായി നബിയുടെ പിറകെ കൂടിയ സുറാഖ മാപ്പപേക്ഷിച്ചപ്പോള്‍ നബി എഴുതിനല്‍കിയ അഭയപത്രമാണ്. അതിനെക്കുറിച്ച് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.
ഹിജ്‌റ പോകുമ്പോള്‍ പ്രവാചകന്റെ അടുത്ത് പേന, മഷി, കടലാസ് തുടങ്ങിയവയുമുണ്ടായിരുന്നു. നബി(സ്വ)യുടെ കൂടെ യാത്ര ചെയ്തിരുന്ന എഴുതുവാനും വായിക്കാനും അറിയുന്ന ആമിര്‍ബ്‌നു ഫുഹൈറ എന്ന അടിമയെക്കൊണ്ടാണ് സുറാഖക്ക് നല്‍കിയ അഭയപത്രം എഴുതിച്ചത്. പില്‍കാലത്ത് ഇസ്‌ലാം സ്വീകരിക്കാനായി മദീനയിലെത്തിയ സുറാഖ തന്റെ കൈവശമുണ്ടായിരുന്ന പഴയ അഭയപത്രം കാണിച്ചുകൊടുത്തപ്പോഴാണ് നബിയുടെ അടുത്തേക്ക് പ്രവേശനം ലഭിച്ചത്. പ്രവാചകന്‍(സ്വ)യുടെ നിര്‍ദേശപ്രകാരം അലി(റ) ആയിരുന്നു ഹുദൈബിയ സന്ധി വ്യവസ്ഥകളുടെ രേഖ തയ്യാറാക്കിയത്. മക്കാവിജയാനന്തരം പല പ്രവിശ്യകളും ഇസ്‌ലാമിന് അധീനപ്പെട്ടപ്പോള്‍ നബി(സ്വ) വിവിധ ഗോത്രങ്ങളുമായി കരാറുകള്‍ ഉണ്ടാക്കുകയും അവിടെയുള്ള ഗവര്‍ണര്‍മാര്‍ക്ക് പ്രബോധനപരമായ കത്തുകള്‍ തയ്യാറാക്കിയതും ക്രോഡീകരിക്കപ്പെട്ട ലിഖിതരേഖകളില്‍ നമുക്ക് കാണാന്‍ സാധിക്കും.
ഹദീസുകള്‍ എഴുതുന്നത് വിരോധിച്ചുകൊണ്ടുള്ള ചില റിപ്പോര്‍ട്ടുകളും നബി(സ്വ)യില്‍ നിന്ന് വന്നിട്ടുണ്ട്. ഇതിനെ പണ്ഡിതന്മാര്‍ മൂന്ന് വീക്ഷണങ്ങളില്‍ വിലയിരുത്തുന്നു.
- നിരോധനാജ്ഞ ഇസ്‌ലാമിന്റെ ആദ്യകാലത്തേതും അനുവാദം പില്‍ക്കാലത്തേതുമാണ്. അതിനാല്‍ ആദ്യത്തെ വിലക്ക് ദുര്‍ബലപ്പെടുത്തിയാണ് എഴുതാനുള്ള രണ്ടാമത്തെ കല്പന വന്നത്.
- ഹൃദിസ്ഥമാക്കാതെ എഴുത്തിനെ മാത്രം അവലംബിക്കുന്നവരെയാണ് വിലക്കിയത്. മറിച്ചുള്ളവയ്ക്ക് അനുമതി നല്‍കുകയും ചെയ്തു.
- ഖുര്‍ആന്‍ ഇറങ്ങുന്ന സമയത്ത് ഹദീസ് എഴുതുന്നതാണ് വിരോധിച്ചത്. ഒന്നിച്ച് കലരാതിരിക്കാന്‍ വേണ്ടി. അല്ലെങ്കില്‍ ഖുര്‍ആനിനോടൊപ്പം ഹദീസും ഒന്നില്‍ തന്നെ എഴുതുന്നതിനാണ് നിരോധം. മറിച്ചാണെങ്കില്‍ അനുവാദമുണ്ടുതാനും.
ഹദീസ് രേഖപ്പെടുത്തുന്നതില്‍ തീര്‍ത്തും നിരോധിച്ചിട്ടുള്ള ഒരു കല്പനയില്ല എന്ന് വ്യക്തം.
ഹദീസിന്റെ പ്രയോഗവത്കരണവും പ്രചാരണവും
സ്വഹാബികള്‍ നബി(സ്വ)യില്‍നിന്ന് ഹദീസുകള്‍ കേട്ടു പഠിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം തന്നെ അവ സ്വന്തം ജീവിതത്തില്‍ പ്രയോഗവത്ക്കരിക്കാന്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കുകയും ചെയ്തിരുന്നു. നബി(സ്വ)യുടെ ഓരോ ചലനവും അവര്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്തിരുന്നു. നബി(സ്വ)യുടെ പക്കല്‍ നിന്ന് കേട്ടു പഠിച്ച ഹദീസുകള്‍ ഹൃദിസ്ഥമാക്കലും അവ പരസ്പരം ഓര്‍മ പുതുക്കലും സ്വഹാബികളുടെ പതിവായിരുന്നു. സുന്നത്ത് മറന്നു പോകാതെ സൂക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇത്. അബൂഹുറയ്‌റ(റ) പറയുന്നു. ”ഞാന്‍ രാത്രിയെ മൂന്നായി വിഭജിച്ചിരിക്കുന്നു. അതില്‍ മൂന്നിലൊന്ന് നമസ്‌കരിക്കുകയും മൂന്നിലൊന്ന് ഉറങ്ങുകയും മൂന്നിലൊന്ന് റസൂലിന്റെ ഹദീസുകള്‍ അനുസ്മരിക്കുകയും ചെയ്യുമായിരുന്നു”(ദാരിമി) 3.
ഇസ്‌ലാമിന്റെ സന്ദേശം മറ്റുള്ളവര്‍ക്ക് കൈമാറുന്നതിന്റെ പ്രാധാന്യവും ഒരാളെയെങ്കിലും ദീനീസന്ദേശം കേള്‍പ്പിച്ച് സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നതിന്റെ വമ്പിച്ച പ്രതിഫലവും സ്വഹാബികള്‍ മനസ്സിലാക്കിയിരുന്നു. നബി(സ്വ)യില്‍നിന്ന് ലഭിച്ച വിജ്ഞാനങ്ങള്‍ മറച്ചുവെക്കുന്നതിന്റെ കുറ്റത്തെക്കുറിച്ച് അവര്‍ക്ക് ഭയമുണ്ടായിരുന്നു. ആയതിനാല്‍ പല മാര്‍ഗേന നബി(സ്വ)യുടെ അനുചരര്‍ ഹദീസുകള്‍ ഗ്രഹിക്കാനും പ്രചരിപ്പിക്കാനും തുടങ്ങി. പ്രവാചകന്‍(സ്വ)യുടെ കൂടെ കഴിച്ചുകൂട്ടാന്‍ അനുചരര്‍ക്ക് സൗകര്യപ്പെട്ടിരുന്ന സമയം തുല്യമായിരുന്നില്ല. അതിനാല്‍ ഓരോരുത്തര്‍ക്കും നബി(സ്വ)യില്‍ നിന്ന് കേള്‍ക്കാനും ഗ്രഹിക്കാനും കഴിഞ്ഞ ഹദീസുകളുടെ എണ്ണത്തില്‍ അന്തരമുണ്ടാകുക സ്വാഭാവികമാണ്.
മദീന ഇസ്‌ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനവും ഇസ്‌ലാമിക പ്രബോധനത്തിന്റെ സിരാകേന്ദ്രവുമായിരുന്നു. അവിടേക്ക് അറേബ്യയുടെ നാനാ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഒഴുകിയെത്തി. അവര്‍ക്ക് നബി(സ്വ) നല്‍കുന്ന ഉപദേശ നിര്‍ദേശങ്ങള്‍ അവര്‍ തങ്ങളുടെ നാടുകളില്‍ പ്രചരിപ്പിച്ചിരുന്നു. നബി(സ്വ) മദീനയില്‍ നിന്ന് ധാരാളം പ്രബോധകരെ വിവിധ രാജ്യങ്ങളിലേക്കും ഭരണാധികാരികളുടെ അടുത്തേക്കും അയച്ചിരുന്നു. അവരെല്ലാം പ്രവാചക വചനങ്ങള്‍ തങ്ങള്‍ നിയോഗിക്കപ്പെട്ടവരിലേക്ക് എത്തിച്ചിരുന്നു. മക്കാ വിജയം, ഹജ്ജത്തുല്‍ വിദാഅ് തുടങ്ങിയവയിലൂടെ നബി(സ്വ)യുടെ കീര്‍ത്തി ലോകമെങ്ങും എത്തിച്ചേരാന്‍ കാരണമായി. നബി(സ്വ)യുടെ ഉപദേശ നിര്‍ദേശങ്ങള്‍ സര്‍വ്വരിലേക്കും എത്തിയത് ഹദീസിന്റെ പ്രചാരണത്തിലൂടെയായിരുന്നു.
മദീനയിലെയും മറ്റും ഒട്ടേറെ വനിതകള്‍ നബിയുടെ ഭാര്യമാരെ സമീപിച്ച് മതവിധികള്‍ മനസ്സിലാക്കിയിരുന്നു. നബി(സ്വ)യില്‍ നിന്ന് തങ്ങള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത കാര്യങ്ങള്‍ നബി(സ്വ)യുടെ പത്‌നിമാര്‍ മുസ്‌ലിം വനിതകളെ പഠിപ്പിച്ചിരുന്നു. പ്രവാചക പത്‌നിമാരിലൂടെ മതത്തെക്കുറിച്ച് അറിഞ്ഞത് തങ്ങളുടെ ബന്ധുജനങ്ങള്‍ക്ക് കൂടി എത്തിച്ചുകൊടുക്കല്‍ ബാധ്യതയായി കരുതി, അതിന്നായി അവര്‍ ശ്രമങ്ങള്‍ നടത്തി. വനിതകളും ഹദീസ് പ്രചാരണത്തില്‍ അവരുടേതായ പങ്ക് നിര്‍വ്വഹിച്ചു.
നബി(സ്വ)യോടുള്ള ഇഷ്ടം നെഞ്ചിലേറ്റിയ സ്വഹാബികള്‍ പ്രവാചക ജീവിതത്തിലെ അടക്കവും അനക്കവും ഉറക്കവും ഉണര്‍വ്വും ആരാധനകളും ദിനചര്യകളും പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും സ്വഭാവവും പെരുമാറ്റവും കരാറുകളും ഇടപെടലുകളും ഇടപാടുകളുമൊക്കെ സസൂക്ഷ്മം നിരീക്ഷിക്കുന്നവരായിരുന്നു. പ്രവാചകരോടുള്ള സഹവാസത്തിന് സമയമേറെ ചെലവഴിക്കാന്‍ സദാ ബദ്ധശ്രദ്ധരുമായിരുന്നു. അക്കാരണത്താല്‍ നബി(സ്വ)യുടെ വാക്കുകളും പ്രവൃത്തികളും മൗനാനുവാദങ്ങളും കൃത്യമായി വിവിധ സന്ദര്‍ഭങ്ങളില്‍ മനസ്സിലാക്കാനും പഠിക്കാനും അവര്‍ക്ക് അവസരങ്ങളുണ്ടായി. കേട്ടറിഞ്ഞ കാര്യങ്ങള്‍ ഓര്‍മിച്ചുവെക്കാനും സാധ്യമായ വഴികളില്‍ രേഖപ്പെടുത്തി വെക്കാനും അവര്‍ ജാഗ്രത കാണിച്ചു.
ഹദീസ് സംരക്ഷണം പ്രവാചക വിയോഗാനന്തരം
‘പേര്‍ഷ്യയുമായുള്ള യുദ്ധത്തില്‍ പിടിയിലായ തടവുപുള്ളികളുടെ കാര്യത്തില്‍ എന്തുചെയ്യണമെന്ന് തനിക്കറിഞ്ഞുകൂടാ’ എന്ന് ഒരിക്കല്‍ ഉമര്‍(റ) പറഞ്ഞു. അപ്പോള്‍ അബ്ദുര്‍റഹ്‌മാനു ബ്‌നു ഔഫ്(റ) പറഞ്ഞു. ”അവരോട് വേദക്കാരോട് അനുവര്‍ത്തിക്കുന്ന നയം തന്നെ സ്വീകരിക്കുക” എന്ന് നബി(സ്വ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഉടനെ ഉമര്‍(റ) അപ്രകാരം ചെയ്യാന്‍ തയ്യാറായി. നബിചര്യ കൈമാറുന്നതിലും അനുവര്‍ത്തിക്കുന്നതിലും സ്വഹാബിവര്യന്മാരുടെ രീതി ഇതായിരുന്നു.
ഒരിക്കല്‍ ഒരു വ്യക്തി ഇംറാന്ബ്‌നു ഹുസൈൻ(റ)നോട് ഒരു വിഷയത്തില്‍ സംശയം ചോദിച്ചു. അദ്ദേഹം ഹദീസുദ്ധരിച്ച് സംസാരിച്ചു. അപ്പോള്‍ അയാള്‍, ഖുര്‍ആനിലെ തെളിവ് പറയുക, മറ്റൊന്നും പറയേണ്ടതില്ല എന്നു പറഞ്ഞു. അതിന് മറുപടിയായി ഇംറാന്‍ പറഞ്ഞു: ”താങ്കള്‍ ഒരു വിഡ്ഢിയാണ്. ദ്വുഹ്ര്‍ നാലുറക്അത്താണെന്നും അതില്‍ ശബ്ദം താഴ്ത്തികൊണ്ടാണ് പാരായണം ചെയ്യേണ്ടതെന്നും ഖുര്‍ആനില്‍ എവിടെയാണുള്ളതെന്ന് നീ പറയുക”. തുടര്‍ന്നദ്ദേഹം ഇതര നമസ്‌കാരങ്ങളും സകാത്തിന്റെ കണക്കുകളുമെല്ലാം പരാമര്‍ശിച്ചു. അനന്തരം അദ്ദേഹം ചോദിച്ചു: ഇതൊക്കെ ഖുര്‍ആനില്‍ വിശദീകരിക്കപ്പെട്ടതായി നീ കാണുന്നുണ്ടോ? ഖുര്‍ആന്‍ അതെല്ലാം സംക്ഷിപ്തമായിട്ടാണ് പ്രസ്താവിച്ചത്. നബി(സ്വ)യുടെ ചര്യയിലൂടെയാണ് അത് വിശദീകരിക്കപ്പെട്ടത് (അസ്സുന്നത്തു ഖബ്‌ലത്തദ്‌വീന്‍) 4.
പ്രവാചകന്‍(സ്വ)യുടെ കാലശേഷവും അവിടുത്തെ ചര്യ പിന്തുടരാന്‍ സ്വഹാബികള്‍ ബദ്ധശ്രദ്ധരായിരുന്നുവെന്ന് ഉപരിസൂചിത സംഭവങ്ങളില്‍ നിന്നെല്ലാം വ്യക്തമാവുന്നു. ഹദീസ് സംരക്ഷണാര്‍ഥം മനഃപാഠമാക്കിയ ഹദീസുകള്‍ ലിഖിതരൂപത്തില്‍ സൂക്ഷിക്കുന്നതിനെക്കുറിച്ച് അവര്‍ ചിന്തിക്കുകയും ചെയ്തു. സമുറത്തുബ്‌നു ജുന്‍ദുബ്(റ), അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ), സഅ്ദുബ്‌നുഉബാദ(റ) തുടങ്ങിയവര്‍ ഹദീസുകള്‍ എഴുതി സൂക്ഷിച്ചിരുന്ന പ്രമുഖ സ്വഹാബികളായിരുന്നു. പ്രവാചക ശിഷ്യന്മാരില്‍ കൂടുതല്‍ ഹദീസുകള്‍ നിവേദനം ചെയ്തവരില്‍ ഒരാള്‍ അബൂഹുറയ്‌റയാണ്.
പ്രവാചക ജീവിതത്തെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും സ്വഹാബികളോട് അവരുടെ ശിഷ്യന്മാര്‍ ചോദിക്കുമ്പോള്‍ അതിന് അവരില്‍ ചിലര്‍ മറുപടി എഴുതി നല്‍കിയിരുന്നു. ആഇശ(റ), അബ്ദുല്ലാഹിബ്‌നു അബീഔഫ്(റ), മുഗീറത്തുബ്‌നുശുഅ്ബ(റ) തുടങ്ങിയവര്‍ ഇങ്ങനെ ഹദീസുകള്‍ എഴുതി നല്‍കിയ സ്വഹാബികളാണ്.
സ്വഹാബികളുടെ തൊട്ടടുത്ത തലമുറയായ താബിഉകളും ഹദീസ് പ്രചാരണത്തില്‍ വലിയ പങ്കു വഹിച്ചു. സ്വഹാബിമാരില്‍ നിന്ന് ഹദീസ് കേള്‍ക്കാനും നബിചര്യ പഠിക്കാനും അവര്‍ മത്സരബുദ്ധിയോടെ രംഗത്തുണ്ടായിരുന്നു. മസ്ജിദുല്‍ ഹറമിലെ വൈജ്ഞാനിക സദസ്സുകളില്‍ ആയിരക്കണക്കിന് പേര്‍ ഹദീസ് പഠിക്കാന്‍ സന്നിഹിതരായി. സമര്‍ഖന്ത്, ഖുറാസാന്‍ തുടങ്ങിയ വിദൂരദേശങ്ങളില്‍ പോലും ഹദീസ് പഠനം സജീവമായി. അന്നുപക്ഷേ, ഹദീസുകള്‍ ക്രോഡീകൃതമോ രേഖപ്പെടുത്തപ്പെട്ട രൂപത്തിലോ ആയിരുന്നില്ല.
അമവി ഭരണകാലത്ത് ഖലീഫ ഉമര്‍ബ്‌നുഅബ്ദില്‍ അസീസിന്റെ നിര്‍ദേശപ്രകാരം ഇമാം ഇബ്‌നു ശിഹാബ് സുഹ്‌രിയാണ് (ഹി.58-124) ആദ്യമായി ഹദീസ് ക്രോഡീകരണം നടത്തിയത്. ഇമാം മാലിക്കും (ഹി.93-179)നബിചര്യ കുറ്റമറ്റ രീതിയില്‍ രേഖപ്പെടുത്തുന്നതില്‍ നിസ്തുലമായ സേവനങ്ങള്‍ അര്‍പ്പിച്ചു. ഇമാം മാലിക്കിന്റെ ‘മുവത്ത്വഅ്’ ആണ് ആദ്യത്തെ ഹദീസ് ഗ്രന്ഥം.
ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് മദീനക്കാരനായ ഇമാം മാലിക്കിന്റെ ഹദീസ് ക്രോഡീകരണം നടക്കുന്നത്. അതിനു ശേഷം ഹദീസ് ക്രോഡീകരണ രംഗത്ത് ഏറെ സംഭാവനകളര്‍പ്പിച്ചത് അറേബ്യക്കു പുറത്തുള്ള പണ്ഡിതന്‍മാരാണ്. ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തിലാണ് അവയിലേറെയും നടന്നത്. ഇമാം ബുഖാരി (194-250), ഇമാം മുസ്‌ലിം-നൈസാബൂര്‍,ഇറാന്‍(206-261), അബൂദാവൂദ്-സജസ്താന്‍(202-275), തിര്‍മിദി- ഉസ്ബകിസ്താന്‍(209-279), നസാഈ-തുര്‍ക്ക്മാനിസ്താന്‍ (215-303), ഇബ്‌നുമാജ- ഖസ്‌വീന്‍,ഇറാന്‍ (209-273), അഹ്‌മദ് ബ്‌നു ഹമ്പല്‍-ഖുറാസാന്‍(164-241) എന്നിവരാണ് ഹദീസ് ക്രോഡീകരിച്ച പ്രമുഖ മുഹദ്ദിസുകള്‍.
References
- മുസ്‌നദുദ്ദാരിമി, അബൂമുഹമ്മദ് അബ്ദുല്ലാഹി ബ്‌നു അബ്ദിര്‍റഹ്‌മാന്‍ അദ്ദാരിമി, ഒന്നാം പതിപ്പ് (ഹി:1436), വാള്യം 01, പേജ് 429, ഹദീസ് 501[↩]
- മുസ്‌നദുദ്ദാരിമി, അബൂമുഹമ്മദ് അബ്ദുല്ലാഹി ബ്‌നു അബ്ദിര്‍റഹ്‌മാന്‍ അദ്ദാരിമി, ഒന്നാം പതിപ്പ് (ഹി:1436), വാള്യം 01, പേജ് 428, ഹദീസ് 500[↩]
- മുസ്‌നദുദ്ദാരിമി, അബൂമുഹമ്മദ് അബ്ദുല്ലാഹി ബ്‌നു അബ്ദിര്‍റഹ്‌മാന്‍ അദ്ദാരിമി, ഒന്നാം പതിപ്പ് (ഹി:1436), വാള്യം 01, പേജ് 322, ഹദീസ് 272[↩]
- അസ്സുന്നതു ഖബ്‌ലത്തദ്‌വീന്‍, മുഹമ്മദ് അജ്ജാജു ബ്‌നു മുഹമ്മദ് അല്‍ ഖത്വീബ് , ദാറുല്‍ ഫിക്ര്‍ ലിത്ത്വിബാഅതി വന്നസ്‌റി വത്തൗസീഇ, മൂന്നാം പതിപ്പ്, വാള്യം 01, പേജ് 79[↩]
