ജിന്നുകള്‍
അഗ്നിയിൽ നിന്ന് സൃഷ്ടിക്കപ്പെട്ട അദൃശ്യ പ്രപ്രഞ്ചത്തിലെ സൃഷ്ടികളാണ് ജിന്നുകൾ. മനുഷ്യരെ പോലെ തന്നെ സ്വതന്ത്രമായ ചിന്താശേഷിയും കഴിവും നൽകപ്പെട്ടിട്ടുള്ള സൃഷ്ടികളാണ് ഇവ. വഹ്യ് (ദിവ്യബോധനം) മുഖേന അല്ലാഹു അറിയിച്ചു തന്ന കാര്യങ്ങളിൽ കൂടുതലായി ജിന്നുകളെക്കുറിച്ച് മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ടോ ചിന്താശേഷി കൊണ്ടോ കണ്ടെത്താൻ കഴിയുകയില്ല. നന്മയും തിന്മയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ബുദ്ധിയും നൽകപ്പെട്ടതിനാൽ രക്ഷയും ശിക്ഷയും മനുഷ്യരെപ്പോലെ ജിന്നുകൾക്കും ബാധകമാണ്. മനുഷ്യർക്ക് ജിന്നുകളെ കാണാൻ കഴിയില്ല. എന്നാൽ ജിന്നുകൾക്ക് മനുഷ്യരെ കാണുവാൻ കഴിയും എന്നാണ് ഖുർആനിക ദർശനം.
ജിന്നിന്റെ പ്രകൃതി, ജിന്ന്: ഭാഷയില്‍, ജിന്ന്: ഖുര്‍ആനില്‍, ജിന്ന് നബിവചനങ്ങളില്‍, ജിന്നും അദൃശ്യകാര്യങ്ങളും, ജിന്നിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ വായിക്കാം.
അല്ലാഹുവിന്റെ സൃഷ്ടികളില്‍പ്പെട്ട ഒരു പ്രത്യേക സൃഷ്ടിയാണ് ജിന്ന്. ജിന്നിന്റെ സൃഷ്ടിപ്പ് അഗ്നിയില്‍ നിന്നാണ് എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ‘അതിന്നു മുമ്പ് ജിന്നിനെ കഠിന ചൂടുള്ള തീജ്വാലയില്‍ നിന്ന് നാം സൃഷ്ടിച്ചു’ (15:27).
ആഇശ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. മലക്കുകള്‍ പ്രകാശം കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ജിന്നുകള്‍ സൃഷ്ടിക്കപ്പെട്ടരിക്കുന്നത് തീജ്വാലയില്‍ നിന്നും. ആദം സൃഷ്ടിക്കപ്പെട്ടത് നിങ്ങള്‍ക്ക് വിശദീകരിച്ചുതന്നതില്(മണ്ണില്‍) നിന്നുമാണ് (മുസ്ലിം) 1).
മനുഷ്യന്റെ പരിമിതമായ കേള്‍വിശക്തിയും കാഴ്ച്ചശക്തിയും ബുദ്ധിശക്തിയും ഉപേയാഗിച്ച് അവന് കാണുകയും കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. അവന്റെ കഴിവിനതീതമായ കാര്യങ്ങള്‍ യന്ത്ര സംവിധാനത്തോടെ നിരീക്ഷിച്ച് നിഗമനത്തിലെത്തുന്നു. അതുപോലെ നമ്മുടെ നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്ത, ചില ശക്തികള്‍ നാം അനുഭവിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. വിദ്യുച്ഛക്തി, കാന്തികശക്തി തുടങ്ങിയവ ഉദാഹരണമാണ്. ചില സ്വഭാവങ്ങള്‍കൊണ്ടും അടയാളങ്ങള്കൊണ്ടുമാണ് നാം അവയുടെ അസ്തിത്വം മനസ്സിലാക്കുന്നത്. ദൈവത്തെ നമുക്ക് കാണാന്‍ കഴിയില്ല. എന്നാല്‍ അവന്റെ സൃഷ്ടിജാലങ്ങളെപ്പറ്റി ആലോചിക്കാന്‍ തയ്യാറായാല്‍ ദൈവത്തിന്റെ അസ്തിത്വം മനസ്സിലാക്കാനും മനുഷ്യ ശരീരം, ഭൂമിയുടെ സൃഷ്ടിപ്പ്, ആകാശ ലോകം ഇവയൊക്കെ അത്ഭുതങ്ങള്‍ നിറഞ്ഞുനില്ക്കുന്നു. ദൈവത്തിന്റെ അസ്തിത്വം കണ്ടെത്താനുള്ള വ്യക്തമായ തെളിവുകളായി ഇവയെല്ലാം നമ്മുടെ മുന്നിലുണ്ട്.
എന്നാല്‍ അല്ലാഹുവിന്റെ സൃഷ്ടികളായ മലക്കുകള്‍, ജിന്നുകള്‍ എന്നിവയുടെ അസ്തിത്വം ഈ പ്രപഞ്ചത്തിലെ അത്ഭുതങ്ങളിലൂടെ കണ്ടെത്തുക സാധ്യമല്ല.. പ്രത്യുത പ്രവാചകന്മാരുടെ അറിയിപ്പും വേദഗ്രന്ഥങ്ങളുടെ പ്രസ്താവനകളും മാത്രമാണ് മലക്കുകളിലും ജിന്നുകളിലുമുള്ള വിശ്വാസത്തിന്റെ അടിത്തറ. മലക്ക് ജിന്ന് എന്നിവയെ പറ്റി പഞ്ചേന്ദ്രിയങ്ങള്‍കൊണ്ടോ ചിന്താശേഷി കൊണ്ടോ കണ്ടെത്താന്‍ കഴിയുകയില്ല.
ജിന്നിന്റെ പ്രകൃതി
അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഇച്ഛാശക്തിയും സ്വതന്ത്രമായ ചിന്താശേഷിയും കഴിവും നല്കപ്പെട്ടിട്ടുള്ള സൃഷ്ടികളാണ് മനുഷ്യരും ജിന്നുകളും. ഈ രണ്ടു വിഭാഗത്തിനും അല്ലാഹുവിന്റെ കല്പനകള് അനുസരിക്കാനും ധിക്കരിക്കാനും സ്വാതന്ത്രവും കഴിവുമുണ്ട്.
ആദമിന് സുജൂദ് ചെയ്യുവാന്‍ അല്ലാഹു കല്പ്പിച്ചപ്പോള് മലക്കുകള്‍ എല്ലാം തന്നെ സുജൂദ് ചെയ്യുകയും ഇബ്ലീസ് വിസമ്മതിക്കുകയും അഹങ്കരിക്കുകയും ചെയ്തു എന്ന് വിശുദ്ധ ഖുര്‍ആനില്‍ (18:50) പ്രസ്താവിക്കുന്നു. ആ ഇബ്ലീസ് ജിന്നു വര്‍ഗത്തില്‍ പെട്ടവനാണെന്ന് പ്രസ്തുത സൂക്തത്തില്‍ സൂചനയുണ്ട്. ഇത് കൂടാതെ ജിന്നുകള്‍തന്നെ പറഞ്ഞതായി പരിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്. ‘ഞങ്ങളാകട്ടെ ഞങ്ങളുടെ കൂട്ടത്തില്‍ സദ്വൃത്തന്മാര് ഉണ്ട്. അതില്‍ താഴെയുള്ളവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. ഞങ്ങള്‍ വിഭിന്ന മാര്‍ഗങ്ങളായി തീര്‍ന്നിരിക്കുന്നു’ (72:11).
ഞങ്ങളുടെ കൂട്ടത്തില്‍ മുസ്ലീങ്ങളുണ്ട്. അനീതി പ്രവര്‍ത്തിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ ആര് കീഴ്പ്പെട്ടിരിക്കുന്നുവോ അത്തരക്കാര്‍ സന്മാര്ഗം അവലംബിച്ചിരിക്കുന്നു (72:14).
മനുഷ്യരെപ്പോലെ ജിന്നുകള്ക്കും നന്മയും തിന്മയും തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ബുദ്ധിയും കഴിവും ഉണ്ടെന്നാണ് ഉപരി സൂചിത സൂക്തങ്ങള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ രക്ഷയും ശിക്ഷയും (സ്വര്‍ഗനരകങ്ങള്‍) അവര്‍ക്ക് ബാധകമാണ്. മനുഷ്യര്ക്കവരെ കാണാന്‍ സാധ്യമല്ല. അവര്‍ക്ക് മനുഷ്യരെ കാണാന്‍ കഴിയും. മനുഷ്യരെപ്പോലെ അല്ലാഹുവിനെ അനുസരിക്കുന്നവരും അനുസരിക്കാത്തവരും അവരിലുണ്ട്. അവരുടെ രൂപം എങ്ങനെ എന്ന് മനുഷ്യനറിയില്ല. ജിന്നുകളെപ്പറ്റി വിശുദ്ധ ഖുര്‍ആനും നബി(സ്വ)യും പറഞ്ഞു തന്നതിലുപരി നമുക്ക് ഒന്നുമറിയില്ല.
ജിന്ന്: ഭാഷയില്‍
ജന്ന എന്ന പദത്തില്‍ നിന്നാണ് ജിന്ന് എന്ന നാമം ഉത്ഭവിക്കുന്നത്. മൂടുക, മറയ്ക്കുക, മറഞ്ഞിരിക്കുക, ഇരുളടയുക തുടങ്ങിയ അര്‍ഥങ്ങളാണ് ഈ പദത്തിനുള്ളത്.
‘നിന്നില്‍ നിന്ന് ഗോപ്യമായ (മറഞ്ഞ) എല്ലാ വസ്തുക്കള്‍ക്കും ജിന്ന് എന്ന് പറയുന്നതാണ്. ജന്ന എന്ന പദത്തില്‍ നിന്നാണ് ജിന്ന് എന്ന് ഉണ്ടായത്. കാരണം ജിന്നുകള്‍ (മനുഷ്യ) ദൃഷ്ടികളില് നിന്നും ഗോപ്യമായതും മറഞ്ഞതുമാണ്. ഗര്‍ഭസ്ഥ ശിശുവിന് ‘ജനീന്’ എന്നു പറയും. കാരണം ഗര്‍ഭസ്ഥശിശു അതിന്റെ മാതാവിന്റെ വയറ്റില്‍ ഒളിഞ്ഞിരിക്കുന്നു (ലിസാനുല്‍ അറബ്) 2.
ഹൃദയത്തിന് ജിന്ന് എന്ന് പറയുമെന്ന് കവിതകള്‍ ഉദ്ധരിച്ച് സമര്‍ത്ഥിക്കുന്നു (ലിസാനുല്‍ അറബ്) 3.
മനുഷ്യനില്‍ നിന്ന് അകന്ന് കാടുകളില്‍ ജീവിക്കുന്ന കാട്ടാളന്മാര്ക്കും ജിന്ന് എന്ന പദം പ്രയോഗിക്കുമെന്ന് ഈ നിഘണ്ടുവില്‍ കവിതകളുദ്ധരിച്ച് സമര്‍ഥിക്കുന്നു. (ലിസാനുല്‍ അറബ്) 2. വിജനമായ പ്രദേശത്തിന് ജിന്ന് എന്നു പറയുമെന്ന് പ്രസിദ്ധ അറബി കവിയായ അഖ്ത്വലിന്റെയും മറു കവിത ഉദ്ധരിച്ചുകൊണ്ട് വിശദീകരിക്കുന്നു (ലിസാനുല്‍ അറബ്) 4.
ജന്ന് എന്ന പദവും ജിന്ന് എന്ന പദവും ഒന്നുതന്നെയാണ്. ചില സര്‍പങ്ങള്‍ക്ക് ജിന്ന് എന്ന് പ്രയോഗിക്കുമെന്ന് നബി(സ്വ)യുടെ ഹദീസുകള്‍ ഉദ്ധരിച്ചുകൊണ്ട് ലിസാനുല്‍ അറബ് വ്യക്തമാക്കുന്നു.
ജിന്ന്: ഖുര്‍ആനില്‍
വിശുദ്ധ ഖുര്‍ആനില്‍ ജിന്ന് എന്ന പദം ജിന്ന് വര്‍ഗം, പാമ്പ്, മലക്കുകള്‍ എന്നീ വ്യത്യസ്ത ആശയങ്ങള്‍ക്കായി പ്രയോഗിച്ചിട്ടുണ്ട്. ‘അതിന് മുമ്പ് ജിന്നിനെ അത്യുഷ്ണമുള്ള അഗ്നിജ്വാലയില്‍ നിന്നു നാം സൃഷ്ടിച്ചു’ (15:27). തീജ്വാലയില്‍ നിന്ന് ജിന്നിനെയും അവന് സൃഷ്ടിച്ചു’ (55:15).
‘ജാന്ന്’ എന്ന പദമാണ് ഇവിടെ അല്ലാഹു ജിന്ന് വര്‍ഗത്തിന് ഉപയോഗിച്ചിട്ടുള്ളത്. അതുപോലെ സൂറത്തുല്‍ റഹ്മാന് 15-ാം സൂക്തത്തിലും ഈ പദം ജിന്നുവര്‍ഗം എന്ന അര്‍ഥത്തില്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ‘തീയുടെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന് ജിന്നിനെയും അവന് സൃഷ്ടിച്ചു’ (55:15). എന്നാല്‍ ‘ജാന്ന്’ എന്ന പദം തന്നെ വിശുദ്ധ ഖുര്‍ആനില്‍ പാമ്പ് എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചതായി കാണാം.
”നീ നിന്റെ വടി താഴെ ഇടൂ, എന്നിട്ട് ഒരു സര്‍പ്പമെന്നോണം അത് പിടയുന്നത് കണ്ടപ്പോള്‍ അദ്ദേഹം പിന്നാക്കം തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞു നോക്കിയതു പോലുമില്ല. അല്ലാഹു പറഞ്ഞു, മൂസാ നീ മുന്നോട്ടുവരിക, പേടിക്കേണ്ട, തീര്‍ച്ചയായും നീ സുരക്ഷിതരുടെ കൂട്ടത്തിലാകുന്നു”(27:10). ഈ ആയത്തില്‍ ജാന്ന് എന്ന പ്രയോഗത്തിന്റെ ആശയംസര്പ്പം എന്നാണ്.
സര്പത്തെ ഉദ്ദേശിച്ച് ജിന്നുകള്‍ എന്ന് പറയുന്നത് ജിന്നുകള്‍ സര്‍പമായി മാറുന്നത്കൊണ്ടാണ് എന്ന് ചിലയാളുകള്‍ പറയുന്നത് ഒരു തെറ്റിദ്ധാരണയാണ്. ഇത് ഭാഷാപണ്ഡിതന്മാരും ഖുര്‍ആന്‍ വ്യഖ്യാതാക്കളും പറയുന്നതിന് കടക വിരുദ്ധമാണ്. കാരണം പരിശുദ്ധ ഖുര്‍ആനില്‍ മലക്കുകള്ക്കും ‘ജിന്ന്’ എന്ന് പ്രയോഗിച്ചിട്ടുണ്ട്. ‘അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ അവര്‍ കുടുംബ ബന്ധം ആരോപിച്ചിരിക്കുന്നു. എന്നാല്‍ തീര്‍ച്ചയായും തങ്ങള്‍ ശിക്ഷക്ക് ഹാജരാക്കപ്പെടുകതന്നെ ചെയ്യുമെന്ന് ജിന്നുകള്‍ മനസ്സിലാക്കിയിട്ടുണ്ട്‘(37:158).
ഇവിടെ ജിന്നുകൊണ്ടുള്ള ഉദ്ദേശ്യം മലക്കുകളാണെന്ന് ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പും ശേഷവുമുള്ള പ്രതിപാദ്യം മലക്കുകള്‍ അല്ലാഹുവിന്റെ പെണ്മക്കളാണെന്ന വിശ്വാസത്തെപ്പറ്റിയാണ്. ഇമാം ഖുര്‍ത്വുബി(റ) പറയുന്നു, മലകുകള്‍ക്ക് ജിന്നുകള്‍ എന്ന് പറയും; അവര്‍ ദൃഷ്ടിയില് നിന്ന് ഗോപ്യമായതിനാല്‍ (ഖുര്‍ത്വുബി) 5.
പരിശുദ്ധ ഖുര്‍ആന്റെ പദങ്ങള്‍ വിവരിക്കുന്നതില്‍ പ്രസിദ്ധമായ ഇമാം റാഗിബിന്റെ അല്‍ മുഫറദാത്തില് പറയുന്നു. എല്ലാ മലക്കുകളും ജിന്നുകളാണ്, എല്ലാ ജിന്നുകളും മലക്കുകള്‍ അല്ല. (അല്‍ മുഫറദാത്ത്) 6. ഇമാം റശീദ് രിദാ(റ)യും ഇപ്രകാരം ഉദ്ധരിക്കുന്നു. (തഫ്സീറുല്‍ മനാര്‍) 7. ഈ ഉപരിസൂചിത സൂക്തത്തെ വ്യഖ്യാനിച്ചുകൊണ്ട് ഇമാം ശൗക്കാനി(റ) എഴുതുന്നു: ‘ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഇവിടെ ജിന്നുകള്‍ എന്നതിന്റെ ഉദ്ദേശ്യം മലക്കുകളാണെന്ന് പറയുന്നു. കാരണം അവരെ കാണാന്‍ കഴിയില്ല’ (ഫത്ഹുല്‍ ഖദീര്‍) 8.
മലക്കുകള്‍ക്ക് ജിന്ന് എന്ന പദം പ്രയോഗിച്ചത് ജിന്നുകള്‍ക്ക് മലക്കുകളായി മാറാന്‍ സാധിക്കുന്നതുകൊണ്ടല്ല. മറഞ്ഞിരിക്കുക എന്ന പൊതു സ്വഭാവം ഉള്ളതുകൊണ്ടാണ്. ചുരുക്കത്തില്‍ സര്‍പ്പങ്ങള്‍, രോഗാണുക്കള്‍, മറ്റു സൂക്ഷ്മ ജീവികള്‍ തുടങ്ങിയവക്ക് ജിന്നുകള്‍ എന്ന് പ്രയോഗിക്കാന്‍ വിശുദ്ധ ഖുര്‍ആനിന്റെയും അറബി ഭാഷയു ടെയും ശൈലിയാണ്. ഇത് ഗ്രഹിക്കുന്നതില്‍ ചിലര്‍ക്ക് പിഴവ് പറ്റിയതാണ്, ജിന്നുകള്‍ യഥേഷ്ടം സര്‍പ്പ രൂപങ്ങള്‍ പ്രാപിക്കുമെന്നും ജിന്നുകള്‍ രോഗങ്ങള്‍ ഉണ്ടാക്കുമെന്നും മറ്റും വിശ്വസിക്കാനുള്ള കാരണം. ഇത്തരം അന്ധവിശ്വാസങ്ങളിലേക്ക് വഴുതി വീഴാനുള്ള അടിസ്ഥാന കാരണം വിശുദ്ധ ഖുര്‍ആനിലും സുന്നത്തിലും ഇവ്വിഷയകമായി ബോധ്യപ്പൈടുത്തിയ കാര്യങ്ങളെക്കുറിച്ച് അജ്ഞതയാണ്.
അല്ലാഹു പറയുന്നു: ‘എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ജിന്നുകളെയും മനുഷ്യരെയും ഞാന്‍ സൃഷ്ടിച്ചില്ല’ (51:56). അല്ലാഹുവിന്റെ സൃഷ്ടികളില്‍ ബുദ്ധിജീവികളായ രണ്ട് വര്‍ഗമാണ് ജിന്ന് എന്ന വര്‍ഗവും ഇന്‍സ് എന്ന മനുഷ്യവര്‍ഗവും. ഈ രണ്ട് വര്‍ഗവും അവര്‍ക്ക് അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമങ്ങള്‍ക്ക് വിധേയമാണ്. ആ നിയമങ്ങളെ അതിലംഘിക്കുവാന്‍ അവര്‍ക്ക് സാധ്യമല്ല. പക്ഷേ, നല്ലതും ചീത്തയും തിരിച്ചറിയുവാന്‍ വിശേഷബുദ്ധിയും വേണ്ടത് തിരഞ്ഞെടുക്കാനുള്ള ഇച്ഛാസ്വാതന്ത്ര്യവും അവന്റെ സവിശേഷതയാകയാല് ബുദ്ധിയുടെ പോരായ്മയും സ്വാതന്ത്ര്യത്തില്‍ വരുന്ന പാകപ്പിഴവുകളും പരിഹരിക്കുന്നതിനായി നന്മയുടെ മാര്‍ഗം ഇന്നതാണെന്നും തിന്മയുടെ മാര്‍ഗം ഇന്നതാണെന്നും പ്രവാചകന്മാര് മുഖേനെ അല്ലാഹു വിവരിച്ചു കൊടുത്തിട്ടുണ്ട്. ഇക്കാരണത്താല്‍ അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമങ്ങള്‍ക്ക് ഇതര ജീവികളെപ്പോലെ തന്നെ വിധേയരാകുവാന്‍ നിര്ബന്ധിതരാണെന്നതിന് പുറമെ പ്രവാചകന്മാര് മുഖേനയുള്ള നിയമ നിര്‍ദേശങ്ങള്‍ക്ക് കൂടി വിധേയരാകുവാന്‍ ജിന്നും മനുഷ്യനും ബാധ്യസ്ഥരായിത്തീരുന്നു.
ജിന്നുകളെക്കുറിച്ചും അവരിലുള്ള ദുഷ്ടവിഭാഗമായ ശൈത്വാനെക്കുറിച്ചും ഇന്നും പലരിലും കണ്ടുവരുന്നതുപോലെ അറബികള്‍ക്കിടയിലും പല തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും പ്രചരിച്ചിരുന്നു. വിജനപ്രദേശങ്ങളായ വല്ല താഴ്വരയിലൂടെയോ മറ്റോ സഞ്ചരിക്കുമ്പോള്‍ ആ പ്രദേശ നിവാസികളായ ജിന്നുകളില്‍ നിന്ന് വല്ല ഉപദ്രവമോ ആപത്തോ നേരിട്ടേക്കുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. അതിനാല്‍ അങ്ങനെയുള്ള സ്ഥലങ്ങളില്‍ കൂടി പോകുമ്പോള്‍ ഈ താഴ്വരയിലെ വിവരമില്ലാത്ത ജിന്നുകളെ സംബന്ധിച്ച് ഇവിടത്തെ നേതാവായ ജിന്നിനോട് ഞങ്ങള്‍ ശരണം തേടുന്നു എന്ന് അവര്‍ പറയാറുണ്ടായിരുന്നു. അങ്ങനെ പറയുന്നതായാല്‍ തങ്ങള്‍ക്ക് അവരില്‍ നിന്ന് ഉപദ്രവങ്ങളൊന്നും നേരിടുകയില്ലെന്ന് അവര്‍ സമാധാനിക്കുകയും ചെയ്തു. ഈ ശരണം തേടല്‍ മൂലം ജിന്നുകള്‍ക്ക് ഗര്‍വ്വ് വര്‍ധിച്ചു എന്നും മനുഷ്യര്‍ക്ക് വിഡ്ഢിത്തം വര്‍ധിച്ചു എന്നും വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘മനുഷ്യരില്‍പ്പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍പ്പെട്ട ചില വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അത് ജിന്നുകള്‍ക്ക് ഗര്‍വ്വ് വര്‍ധിപ്പിച്ചു‘(72:6). മനുഷ്യവര്‍ഗവും ജിന്ന് വര്‍ഗവും ധരിച്ചുവന്നിരുന്ന ആ ധാരണ തെറ്റാണെന്ന് അവര്‍ക്ക് ഇപ്പോള്‍ ബോധ്യമായിരിക്കുന്നുവെന്നാണ് ജിന്നുകള്‍ പ്രസ്താവിച്ചതിന്റെ ചുരുക്കം.
ജിന്ന് നബിവചനങ്ങളില്‍
സര്‍പ്പം, തേള്, ഭൂമിയിലെ പ്രാണികള്‍ തുടങ്ങിയവയ്ക്കും ബാക്ടീരിയ വൈറസ് പോലെയുള്ള സൂക്ഷ്മ ജീവികള്‍ക്കും മറ്റും ജിന്നുകള്‍ എന്ന് ഹദീസുകളില്‍ പ്രയോഗിച്ചതു കാണാം. ഇതിന്റെ വിവക്ഷ ജിന്നുകള്‍ സര്‍പ്പമായും, തേളായും വരുമെന്നും രോഗങ്ങള്‍ ജിന്നുകള്‍ ഉണ്ടാക്കുമെന്നും അല്ല. പ്രതു്യത ഇവയ്ക്ക് ജിന്നുകള്‍ എന്ന പദം ഉപയോഗിക്കാം എന്നാണ്.
അബുസഅ്ലബ(റ) പറയുന്നു. നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു, ജിന്നുകള്‍ മൂന്ന് ഇനമാണ്. പട്ടികളും സര്‍പ്പങ്ങളുമാണ് ഒരിനം. വായുവിലൂടെ പറക്കുന്നവയാണ് മറ്റൊന്ന്. മറ്റൊരു ഇനം കൂടാരങ്ങളില്‍ സഞ്ചരിക്കുന്നവയും യാത്ര ചെയ്യുന്നവയുമാണ് (ഇബ്നുഹിബ്ബാന്‍) 9.
മറ്റൊരു റിപ്പോര്‍ട്ട്: ‘ജിന്നുകള്‍ മൂന്ന് ഇനമാണ്. ഒരിനം ചിറകുകള് ഉള്ളവയാണ്. അവ വായുവിലൂടെ പറക്കും. മറ്റൊരു ഇനം സര്‍പ്പങ്ങളും തേളുകളുമാണ്. മറ്റൊരു ഇനം താമസിക്കുകയും യാത്രചെയ്യുകയും ചെയ്യും’ (ഹാകിം) 10.
അല്ലാഹു മനുഷ്യനെ സൃഷ്ടിക്കുന്നതിന് എത്രയോ മുമ്പ് തീജ്വാലകളാല്‍ സൃഷ്ടിച്ച ജിന്നുകള്‍ എന്ന വിഭാഗത്തെ ഖുര്‍ആന്‍ നമുക്ക് പരിചയപ്പെടുത്തിത്തരുന്നു. സ്ഥൂല ശരീരമില്ലാത്ത ജിന്നുകള്‍ മലക്കുകളുടെ കൂട്ടത്തിലാണ് ജിവിച്ചിരുന്നതെന്ന് ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കാം. ഈ ജിന്നുകളാണ് യഥാര്‍ഥ ജിന്ന്. ഇവര്‍ക്കാണ് അല്ലാഹുവിന്റെ കല്പനകള് മനുഷ്യരെപ്പോലെ ബാധകമാകുന്നത്. ഇവര്‍ക്ക് അല്ലാഹുവിന്റെ കല്പന അനുസരിച്ചാല്‍ രക്ഷയും ധിക്കരിച്ചാല്‍ ശിക്ഷയുമുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. പാമ്പുകള്‍, തേളുകള്‍, വായുവിലൂടെ പറക്കുന്ന പ്രാണികള്‍, നഗ്നദൃഷ്ടികൊണ്ട് കാണാന്‍ കഴിയാത്ത അണുക്കള്‍ എന്നിവക്ക് ഭാഷാപരമായി ജിന്ന് എന്ന് പറയാമെങ്കിലും ഇതൊന്നും അല്ലാഹുവിന്റെ വിധിവിലക്ക് ബാധകമാകുന്ന യഥാര്‍ഥ ജിന്നുകളല്ല. യഥാര്‍ഥ ജിന്ന് പാമ്പായും തേളായും നായയായും പ്രാണികളായും മനുഷ്യനായും വരുമെന്ന് ഇതിനര്‍ഥമില്ല.
ഇമാം റശീദ് രിദ ഈ ഹദീസിനെ ഇപ്രകാരം വിവരിക്കുന്നു: ‘ചുരുക്കത്തില്‍ ജിന്ന് എന്ന പദവും ശൈത്വാന് എന്ന പദവും അറബികള്‍ ചില പ്രാണികള്‍ക്കും ഉപദ്രവകാരികളോ വൃത്തികെട്ട രൂപമുള്ളതോ ആയ ജീവികള്‍ക്കും ഉപയോഗിക്കറുണ്ട്. അതു പോലെ വേദക്കാരില്‍ നിന്നും അല്ലാത്തവരില്‍ നിന്നും ഉദ്ധരിക്കപ്പെടുന്ന, മനുഷ്യര്‍ക്ക് തിന്മയെ വസ്വാസിലൂടെ ഭംഗിയാക്കി തോന്നിപ്പിക്കുന്ന അദൃശ്യലോകത്തെ ആത്മീയ ജീവികള്‍ക്കും ഈ പദം ഉപയോഗിക്കാറുണ്ട്’ (തഫ്സീറുല്‍ മനാര്‍) 11.
ജിന്നും അദൃശ്യകാര്യങ്ങളും
അദൃശ്യകാര്യങ്ങള്‍ അല്ലാഹുവിന് മാത്രം അറിയാവുന്ന ഒരു രഹസ്യമാണ്. മനുഷ്യര്‍ക്കോ, ജിന്നുകള്‍ക്കോ, മലക്കുകള്‍ക്കോ പിശാചുക്കള്‍ക്കോ പ്രവാചകന്മാര്ക്കോ ഒന്നും തന്നെ അദൃശ്യകാര്യങ്ങള്‍ അറിയാന്‍ കഴിയില്ല. അല്ലാഹു പറയുന്നു: ‘നബിയേ പറയുക. അല്ലാഹു അല്ലാതെ ആകാശങ്ങളിലും ഭൂമിയിലുമുള്ളവരാരും അദൃശ്യകാര്യങ്ങള്‍ അറിയുകയില്ല. തങ്ങള്‍ എന്നാണ് ഉയിര്ത്തെഴുന്നേല്ക്കുക എന്നു പോലും അവര്‍ക്കറിയില്ല’ (27:65).
മലക്കുകള്‍, ജിന്നുകള്‍ തുടങ്ങിയ അദൃശ്യ സൃഷ്ടികള്‍ക്ക് മറഞ്ഞ കാര്യങ്ങള്‍ അറിയുമെന്ന് ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. അതുകൊണ്ട് മലക്കുകളെയും ജിന്നിനെയും പൂജിച്ച് ആരാധിച്ച് തൃപ്തിപ്പെടുത്തിയും അദൃശ്യകാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്നുള്ള വികലവിശ്വാസത്തിലേക്ക് അവര്‍ നയിക്കപ്പെട്ടു. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമാക്കിത്തന്നിട്ടുള്ളതാണ് അദൃശ്യജ്ഞാനം അറിയുന്നവന് അല്ലാഹു മാത്രമാണ് എന്ന കാര്യം. അല്ലാഹുവിന്റെ പ്രവാചകന്മാര്ക്ക് മാത്രം അല്ലാഹു വഹ്യിലൂടെ അദൃശ്യകാര്യം അറിയിച്ചുകൊടുക്കുന്നു. അത് മാത്രമാണ് വഹ്യ് അറിയാനുള്ള ഏക മാര്‍ഗം. അല്ലാഹു പറയുന്നു: ‘അദൃശ്യം അല്ലാഹു നിങ്ങള്‍ക്ക് വ്യക്തമാക്കി തരികയെന്നതും ഉണ്ടായില്ല. എന്നാല്‍ അല്ലാഹു അവന്റെ ദൂതന്മാരില് നിന്ന് അവനുദ്ദേശിക്കുന്ന വരെ തെരഞ്ഞെടുക്കുന്നു’ (3:179).
‘അവന് അഭൗതിക കാര്യങ്ങള്‍ അറിയുന്നവനാകുന്നു. എന്നാല്‍ അവന്റെ അഭൗതിക കാര്യം അവന് ആര്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുകയില്ല; അവന് തൃപ്തിപ്പെട്ട ദൂതനൊഴികെ….‘ (72:26,27).
നബി(സ്വ)യോട് അല്ലാഹു പറയുവാന്‍ കല്പ്പിക്കുന്നു: ‘എന്റെ പക്കലാണ് അല്ലാഹുവിന്റെ ഖജനാവുകളെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അഭൗതിക കാര്യം ഞാന്‍ അറിയുകയില്ല. തീര്‍ച്ചയായും ഞാന്‍ ഒരു മലക്കാണെന്ന് ഞാന്‍ നിങ്ങളോട് പറയുന്നുമില്ല. എനിക്ക് ദിവ്യസന്ദേശം നല്കപ്പെട്ടതിനെയല്ലാതെ ഞാന്‍ പിന്‍പറ്റുന്നില്ല’ (6:50).
മുഹമ്മദ് നബി(സ്വ)ക്ക് വല്ല അദൃശ്യകാര്യവും അറിയണമെങ്കില്‍ അല്ലാഹു വഹ്യ് നല്‍കണമെന്നും നബി(സ്വ) വല്ല അദൃശ്യകാര്യവും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അല്ലാഹുവിന്റെ വഹ്യിനെ പിന്പറ്റിയാണെന്നും ഇവിടെ വ്യക്തമാക്കുന്നു.
മലക്കുകളെയും ജിന്നുകളെയും മനുഷ്യന് കീഴ്പ്പെടുത്തി അദൃശ്യകാരം അറിയാന്‍ സാധിക്കുമെങ്കില്‍ പ്രവാചകന്മാര് അദൃശ്യകാര്യം പറയല്‍ അവര്‍ അല്ലാഹുവിനാല്‍ നിയോഗിക്കപ്പെട്ടവരാണെന്നതിന് തെളിവാകുകയോ അതൊരു മുഅ്ജിസത്തായി പരി ഗണിക്കപ്പെടുകയോ ഇല്ല. ഈസാ നബി(അ) പറയുന്നു: ‘നിങ്ങള്‍ ഭക്ഷിക്കുന്നതെന്തും നിങ്ങളുടെ വീടുകളില്‍ നിങ്ങള്‍ സൂക്ഷിച്ചുവെക്കുന്നത് എന്തൊക്കെയെന്നും ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരും. തീര്‍ച്ചയായും നിങ്ങള്‍ക്ക് അതില്‍ ഒരു ദൃഷ്ടാന്തമുണ്ട്; നിങ്ങള്‍ വിശ്വാസികളെങ്കില്‍‘ (3:49).
ഈസാ നബിക്ക് അല്ലാഹു വഹ്യ് നല്കുന്ന പക്ഷം മാത്രമേ ഇതിനെല്ലാം സാധ്യമാവുകയുള്ളൂവെന്ന് വളരെ വ്യക്തമാണ്. പ്രവാചകന്മാര്ക്ക് അല്ലാഹുവിന്റെ വഹ്യ് കിട്ടിയ ശേഷമല്ലാതെ അദൃശ്യമായ കാര്യം പറയാന്‍ കഴിഞ്ഞിരുന്നില്ല. യഅ്ഖൂബ് നബി(അ)ക്ക് തന്റെ പ്രിയപ്പെട്ട മകന് യൂസുഫ് നഷ്ടപ്പെട്ടിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറിയാന്‍ സാധിച്ചത്. കാരണം അദ്ദേഹത്തിന് അല്ലാഹുവിന്റെ വഹ്യ് അതുവരെ കിട്ടിയില്ല.
മനുഷ്യര്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍ അറിയാനും മനുഷ്യകഴിവിനപ്പുറത്തുള്ള പലതും ചെയ്യാനും തങ്ങള്‍ക്ക് കഴിവുണ്ടെന്ന് സ്വയം വിശ്വസിക്കുന്നവരാണ് ജിന്നുകള്‍. അവരെയാണ് അല്ലാഹു സുലൈമാന്‍ നബിക്ക് കീഴ്പ്പെടുത്തിക്കൊടുത്തത്. അദ്ദേഹം ഒരു വടിയില്‍ ഊന്നി നിന്നുകൊണ്ട് ജോലിയുടെ മേല്‍നോട്ടം വഹിക്കവെയാണ് അദ്ദേഹത്തിന് മരണം വന്നെത്തിയത്. പക്ഷേ ജിന്നുകള്‍ ആ കാര്യം അറിഞ്ഞില്ല. അദ്ദേഹം നിന്നുകൊണ്ട് നിരീക്ഷിക്കുകയാണെന്ന വിചാരത്തോടെ അവര്‍ അവിശ്രമം ജോലി തുടര്‍ന്നു. നാളുകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഊന്നുവടി ചിതല് തിന്നിട്ട് അദ്ദേഹത്തിന്റെ മൃതശരീരം മറിഞ്ഞു വീണപ്പോള്‍ മാത്രമാണ് മരണത്തെപ്പറ്റി അവര്‍ അറിഞ്ഞത്. അല്ലാഹു പറയുന്നു: ‘നാം സുലൈമാന്റെ മേല്‍ മരണം വിധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഊന്നുവടി തിന്നുകൊണ്ടിരുന്ന ചിതല് മാത്രമാണ് അദ്ദേഹത്തിന്റെ മരണത്തെപ്പറ്റി ജിന്നുകള്‍ക്ക് അറിവ് നല്‍കിയത്. അങ്ങനെ അദ്ദേഹം വീണപ്പോള്‍ തങ്ങള്‍ക്ക് അഭൗതിക കാര്യം അറിയാമായിരുന്നെങ്കില്‍ അപമാനകരമായ ശിക്ഷയില്‍ തങ്ങള്‍ കഴിച്ചുകൂട്ടേണ്ടിയില്ലായിരുന്നുവെന്ന് ജിന്നുകള്‍ക്ക് ബോധ്യമായി’ (34:14).
ജിന്നിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ
ജിന്നുകള്‍ പലരൂപത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് പറയുന്നവര്‍ പ്രധാനമായും ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇപ്രകാരമാണ്.
അബൂസഈദില്‍ ഖുദ്രി പറയുന്നു: ഒരാള്‍ തന്റെ ആയുധമെടുത്ത് പുറത്തു പോയി. അദ്ദേഹം തിരിച്ചു വന്നപ്പോള്‍ തന്റെ ഭാര്യ ഗെയ്റ്റിനടുത്ത് വന്നുനില്ക്കുന്നു. അദ്ദേഹം അവളെ കുന്തം കൊണ്ട് കുത്താന്‍ ഓങ്ങി. അദ്ദേഹത്തിന് സംരക്ഷണ ബോധമുണ്ടായി. ആ സ്ത്രീ അദ്ദേഹത്തോട് പറഞ്ഞു, കുന്തം മാറ്റിവെച്ച് വീട്ടില്‍ കയറിനോക്കൂ, അപ്പോള്‍ ഞാന്‍ എന്തുകൊണ്ടാണ് പുറത്തിറങ്ങി നിന്നത് എന്ന് താങ്കള്‍ക്ക് ബോധ്യമാവും. അദ്ദേഹം വീട്ടിലേക്ക് കടന്നു. അപ്പോള്‍ ഒരു വലിയ പാമ്പ് അദ്ദേഹത്തിന്റെ വിരിപ്പില്‍ ചുരുണ്ടു കിടക്കുന്നു. അദ്ദേഹം കുന്തംകൊണ്ട് കുത്തി ആ പാമ്പിനെ അതിന്മേല് കോര്‍ത്തെടുത്തു. പിന്നെ ആ കുന്തം വീട്ടില്‍ ചാരിവെച്ചു. ഉടനെ ആ പാമ്പ് അദ്ദേഹത്തെ കടിച്ചു. അങ്ങനെ പാമ്പാണോ യുവാവാണോ ആദ്യം മരിച്ചത് എന്ന് എനിക്കറിഞ്ഞുകൂടാ.
ഞങ്ങള്‍ റസൂല്‍(സ്വ)യുടെ അടുത്ത് ചെന്ന് വിവരം പറഞ്ഞു. ഞങ്ങള്‍ക്ക് വേണ്ടി അദ്ദേഹത്തെ ജീവിപ്പിക്കുവാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണമെന്ന് ഞങ്ങള്‍ പറഞ്ഞു. അപ്പോള്‍ നബി നിങ്ങളുടെ കൂട്ടുകാരനുവേണ്ടി പ്രാര്‍ഥിക്കുക എന്ന് പറഞ്ഞു. തുടര്‍ന്ന് നബി(സ്വ) പറഞ്ഞു. തീര്‍ച്ചയായും മദീനയില്‍ കുറച്ചു ജിന്നുകള്‍ മുസ്ലിമായി. (അവരാണീ പാമ്പുകള്‍) അവരില്‍ നിന്ന് ഏതിനെ കണ്ടാലും മൂന്ന് ദിവസം മുന്നറിയിപ്പ് നല്‍കണം. അതിനു ശേഷം നിങ്ങള്‍ക്ക് ബോധ്യപ്പെട്ടതുപോലെ അതിനെ കൊല്ലാം. തീര്‍ച്ചയായും അത് ശൈത്വാനാണ് (മുസ്ലിം) 12).
ഇത് മദീനയില്‍ ഉണ്ടായ ഒരു പ്രത്യേക സംഭവമാണ്. മുസ്ലിമായ ഏതാനും ജിന്നുകളെ എന്തോ കാരണത്താല്‍ അല്ലാഹു പാമ്പാക്കി മാറ്റിയതുകൊണ്ടാണ് ഈ പാമ്പുകള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്ന് പറഞ്ഞത്. മദീനയില്‍ രൂപം മാറ്റിയ ഈ പാമ്പുകള്‍ക്ക് മാത്രം ബാധകമായ ഒരു വിധിയാണ് ഇത്. ദുനിയാവിലെ മറ്റ് ഉപദ്രവകാരികളായ പാമ്പുകളെ കണ്ടിടത്തുവെച്ച് കൊല്ലാനാണ് മുഹമ്മദ് നബി(സ്വ) കല്‍പ്പിച്ചിട്ടുള്ളത്. മാത്രമല്ല ജിന്നിനെ പാമ്പാക്കി മാറ്റിയ വിവരം പ്രവാചകന് മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. അപ്പോള്‍ ആ സംഭവം നബി(സ്വ)യുടെ മുഅ്ജിസത്താണ്. ഇത്തരം അമാനുഷിക സംഭവങ്ങളോട് സാദൃശ്യപ്പെടുത്തി സാധാരണ മനുഷ്യരുടെ കാര്യങ്ങള്‍ തീരുമാനിക്കവതല്ല. പരിശുദ്ധ ഖുര്‍ആനിലും ഹദീസിലും അറബിഭാഷാ സാഹിത്യങ്ങളിലും സര്പ്പത്തിന് ജിന്നുകള്‍ എന്ന് പ്രയോഗിക്കാറുണ്ടെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാല്‍ അടിസ്ഥാന രഹിതമായ ഭയത്തില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കാന്‍ അതുവഴി സാധിക്കും.
വീട്ടിലെ ജിന്നുകള്‍ എന്നു പറഞ്ഞതിന് ഇമാം നവവി(റ) നല്കുന്ന വ്യാഖ്യാനം ‘വീടുകളില്‍ കാണുന്ന ചെറിയ സര്പങ്ങളാണ് ഉദ്ദേശ്യം’ (ശറഹുല്‍ മുസ്ലിം) 13 എന്നാണ്. മൂസാ നബി(അ) തന്റെ വടി നിലത്തിട്ട സന്ദര്‍ഭത്തില്‍ ഉണ്ടായ സര്പ്പത്തിന് ജിന്ന് എന്ന് അല്ലാഹു പ്രയോഗിച്ചതിന്റെ അര്‍ഥം, ജിന്നുകള്‍ സര്‍പ്പരൂപത്തില്‍ വരുമെന്നാണെന്ന് പറയുന്നത് വലിയ വിഡ്ഢിത്തമാണ്.
References
- സ്വഹീഹു മുസ്ലിം, ഇമാം മുസ്ലിം, ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 2294, ഹദീസ് 60 (2926[↩]
- ലിസാനുല്‍ അറബ്, മുഹമ്മദ് ബ്നു മുകര്‍റമുബ്നു അലി അബ്ദുല്‍ ഫദ്ല് ജമാലുദ്ദീന്‍ ഇബ്നു മന്‍ളൂര്‍, ദാറു സ്വാദിര്‍, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 13, പേജ് 92[↩][↩]
- ലിസാനുല്‍ അറബ്, മുഹമ്മദ് ബ്നു മുകര്‍റമുബ്നു അലി അബ്ദുല്‍ ഫദ്ല് ജമാലുദ്ദീന്‍ ഇബ്നു മന്‍ളൂര്‍, ദാറു സ്വാദിര്‍, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 13, പേജ് 93[↩]
- ലിസാനുല്‍ അറബ്, മുഹമ്മദ് ബ്നു മുകര്‍റമുബ്നു അലി അബ്ദുല്‍ ഫദ്ല് ജമാലുദ്ദീന്‍ ഇബ്നു മന്‍ളൂര്‍, ദാറു സ്വാദിര്‍, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 13, പേജ് 96[↩]
- തഫ്സീര്‍ ഖുര്‍ത്വുബി (അല്‍ ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍), അബൂഅബ്ദില്ല മുഹമ്മദ് ബ്നു അഹ്മദ് ബ്നു അബീബക്റിബ്നു ഫറഹ് അല്‍ അന്‍സ്വാരി അല്‍ ഖുര്‍ത്വുബി, ദാറു കുതുബില്‍ മിസ്രിയ്യ, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 295[↩]
- അല്‍ മുഫ്റദാതു ഫീ ഗരീബില്‍ ഖുര്‍ആന്‍, പേജ് 204[↩]
- തഫ്സീറുല്‍ മനാര്‍ (തഫ്സീറു ഖുര്‍ആനില്‍ ഹകീം), മുഹമ്മദ് റശീദ് ബ്നു അലി റിളബ്നു മുഹമ്മദ്, അല്‍ ഐഅതുല്‍ മിസ്രിയ്യതുല്‍ ആമ്മ ലില്‍ കിതാബി, വാള്യം 08, പേജ് 304[↩]
- ഫത്ഹുല്‍ ഖദീര്‍,മുഹമ്മദ് ബ്നു അലി അല്‍ ശൗക്കാനി, ദാറുബ്നി കസീര്‍, ദാറുല്‍ കലിമിത്വയ്യിബ്, ദമസ്കസ് & ബൈറൂത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 168[↩]
- സ്വഹീഹുബ്നി ഹിബ്ബാന്‍ , മുഹമ്മദ് ബ്നു ഹിബ്ബാനിബ്നി അഹ്മദ് ബ്നി ഹിബ്ബാന്‍ ബ്നു മുആദ്, മുഅസ്സസതുര്‍റിസാല, ബൈറൂത്ത്, വാള്യം 14, പേജ് 26, ഹദീസ് 6156[↩]
- അല്‍ മുസ്തദ്റകു ലില്‍ ഹാകിം, വാള്യം 02, പേജ്: 495, ഹദീസ് 3702[↩]
- തഫ്സീറുല്‍ മനാര്‍ (തഫ്സീറു ഖുര്‍ആനില്‍ ഹകീം), മുഹമ്മദ് റശീദ് ബ്നു അലി റിളബ്നു മുഹമ്മദ്, അല്‍ ഐഅതുല്‍ മിസ്രിയ്യതുല്‍ ആമ്മ ലില്‍ കിതാബി, വാള്യം 07, പേജ് 439[↩]
- സ്വഹീഹു മുസ്ലിം, ഇമാം മുസ്ലിം, ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 1756, ഹദീസ് 139 (2236[↩]
- ശറഹുല്‍ മുസ്ലിം (അല്‍ മിന്‍ഹാജ് ശറഹു സ്വഹീഹി മുസ്ലിമിബ്നില്‍ ഹജ്ജാജ്, അബൂസകരിയ്യാ മുഹ്യിദ്ദീന് യഹ്യ ബ്നു ശറഫിന്നവവീ, ദാറു ഇഹ്യാത്തുറാസില്‍ അറബി, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 229, ഹദീസ് 2233[↩]
