സലഫി പ്രസ്ഥാനം
ഇസ്‌ലാമിനെ അതിന്റെ ആദ്യകാല ശുദ്ധിയിലേക്കും ലളിതത്വത്തിലേക്കും തിരിച്ചുകൊണ്ടുവരണമെന്ന ചിന്തയിലാണ് സലഫി പ്രസ്ഥാനം രൂപംകൊണ്ടത്. ഖുര്‍ആനും നബി(സ്വ)യുടെ സുന്നത്തും സഹാബികളും ആദ്യ തലമുറകളും മനസ്സിലാക്കിയ രീതിയെയാണ് (സലഫ്) ഈ പ്രസ്ഥാനം മാതൃകയാക്കുന്നത്. മതവിശ്വാസത്തിലും ആചരണത്തിലും തെളിവ് ആധാരമാക്കുകയും അനാവശ്യ പുതുമകള്‍ ഒഴിവാക്കുകയും ചെയ്യണമെന്ന നിലപാടാണ് സലഫി ചിന്തയുടെ അടിസ്ഥാന സ്വഭാവം.
‘ഉത്തമമായ തലമുറ എന്റേതാണ്. പിന്നെ അതിന് ശേഷമുള്ളത് പിന്നീട് തൊട്ടുശേഷമുള്ളത്’ എന്ന നബി വചനം പ്രസിദ്ധമാണ്. ഈ ശതകങ്ങളില്‍ ജീവിച്ചിരുന്നത് തിരുദൂതരും ഖലീഫമാരുള്‍പ്പെടെയുള്ള സ്വഹാബിമാരും സ്വഹാബിമാരില്‍ നിന്ന് ഖുര്‍ആനിക പാഠങ്ങളും തിരുചര്യയും കേട്ടു പഠിച്ച താബിഉകളുമാണ്. താബിഉത്താബിഉകളും ഒരുപക്ഷേ ഉള്‍പ്പെടും. ഇവരെ ‘സലഫുസ്സ്വാലിഹുകള്‍’ എന്നാണ് നാം വിളിക്കുന്നത്. അഥവാ സച്ചരിതരായ മുന്‍ഗാമികള്‍.
വിശുദ്ധ ഖുര്‍ആനും നബിചര്യയും ഈ മൂന്ന് തലമുറകള്‍ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുകയും വ്യാഖ്യാനിച്ചതുപോലെ വ്യാഖ്യാനിക്കുകയും ചെയ്യുന്നവരാണ് സലഫികള്‍. ഇവരുടെ കൂട്ടായ്മയാണ് സലഫി പ്രസ്ഥാനം. ഇവര്‍ ഏതെങ്കിലും വിശ്വാസസരണി(അഖീദ)യെയോ കര്‍മസരണിയെ(മദ്ഹബ്)യോ അന്ധമായി അനുകരിക്കുന്നില്ല. പൂര്‍ണമായും തള്ളിക്കളയുന്നുമില്ല. ഉത്തമ നൂറ്റാണ്ടിലെ മുഴുവന്‍ പേരെയും മാതൃകാപുരുഷരായി കാണുന്നില്ല. പിന്‍ തലമുറയിലെ എല്ലാവരെയും മാതൃകയില്ലാത്തവരെന്ന് പറഞ്ഞ് തള്ളുന്നുമില്ല. തികച്ചും മധ്യമ നിലപാട്. ചുരുക്കത്തില്‍ മൂന്ന് ഉത്തമ തലമുറകളാണ് സലഫുകള്‍.
വിശുദ്ധ ഖുര്‍ആനും നബിചര്യയും സ്വീകരിച്ച് ജീവിതം നയിക്കുന്നതില്‍ ‘സലഫി’ന്റെ മാതൃക എന്നാണ് ‘സലഫികള്‍’ എന്നത് കൊണ്ടര്‍ഥമാക്കുന്നത്. സലഫി എന്നത് ഒരു പ്രത്യേക മദ്ഹബോ ചിന്താസരണിയോ അല്ല. വിശുദ്ധ ഖുര്‍ആനും നബിചര്യയും സ്വീകരിക്കുന്നതിന്റെ രീതിശാസ്ത്രമാണ് എന്ന് പറയാം. അത്തരം ആളുകളുടെ കൂട്ടായ്മകള്‍ക്ക് സലഫി പ്രസ്ഥാനം എന്ന് പറയപ്പെടുന്നു എന്ന് മാത്രം. ഈ ആശയം സ്വീകരിക്കുന്നവര്‍ പില്കാലത്തും പല രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. ആയതിനാല്‍ ‘സലഫികള്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യത്യസ്ഥ സംഘങ്ങളും പ്രസ്ഥാനങ്ങളും വ്യത്യസ്ഥ രാജ്യങ്ങളില്‍ ഉടലെടുത്തിട്ടുണ്ട്.
സലഫി പ്രസ്ഥാനം: പശ്ചാത്തലം
മുഹമ്മദ് നബി(സ്വ)യുടെ ആഗമനം കൊണ്ടും അവിടുത്തെ പ്രബോധക ജീവിതം കൊണ്ടും ധന്യമായ അറേബ്യയും അയല്‍രാജ്യങ്ങളും ഖുര്‍ആനും നബിചര്യയും പ്രമാണങ്ങളാക്കി മുന്നോട്ടുപോയി. അവര്‍ക്കിടയിലുണ്ടായിരുന്ന കഴിവുറ്റ പണ്ഡിതര്‍ ഈ പ്രമാണങ്ങള്‍ മനസ്സിലാക്കാന്‍ അവര്‍ക്ക് മുഖ്യ ആശ്രയമായി. എന്നാല്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഇസ്‌ലാം ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയുടെ വിവിധ ഭാഗങ്ങളിലുമെത്തി. അവിടങ്ങളില്‍ മുസ്‌ലിംകളുണ്ടായി. ഇസ്‌ലാമുമായി ഒരു സന്ധിയിലും യോജിക്കാത്ത വിശ്വാസാചാരങ്ങളില്‍ നിന്ന് ഇസ്‌ലാമിലേക്ക് കടന്നുവന്നവരായിരുന്നു ഇവര്‍. ഇവരില്‍ പലര്‍ക്കും ഖുര്‍ആനും സുന്നത്തും യഥാവിധി മനസ്സിലാക്കാന്‍ കഴിയാതെ പോയി.
ഗ്രീക്ക് തത്ത്വചിന്തകരും യുക്തിശാസ്ത്രത്തിന്റെ വക്താക്കളും ക്രൈസ്തവതയും അഗ്നിപൂജക്കാരും മറ്റും ഈ സമൂഹങ്ങളുടെ പരിസരങ്ങളിലുണ്ടായിരുന്നു. മുസ്‌ലിംകള്‍ക്ക് ഇവരുമായി സംവാദം നടത്തേണ്ടിവന്നു. സംവാദങ്ങള്‍ ചിലപ്പോഴെങ്കിലും നിയന്ത്രണം വിട്ടു. ഇസ്‌ലാമിക വിശ്വാസത്തിന് ശാസ്ത്രീയ മുഖം നല്‍കാനും, ഇസ്‌ലാമിനെയും ശാസ്ത്രത്തെയും സമന്വയിപ്പിക്കാനും മുസ്‌ലിം പണ്ഡിതര്‍ ശ്രമിച്ചു. ഈ രംഗത്ത് ചിലരുടെയെങ്കിലും ശ്രമം ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനത്തിലേക്കും ഒരു വേള നിഷേധത്തിലേക്കും വരെ എത്തിയെന്നതാണ് ഖേദകരമായ ഒരു വസ്തുത.
തത്ത്വചിന്ത വേരു പിടിച്ചപ്പോള്‍ അതിന്റെ അപഥ സഞ്ചാരത്തിന്റെ ഫലമായി മിക്കപ്പോഴും പടര്‍ന്നു വന്നത് നാസ്തികതയായിരുന്നു. സാന്‍മാര്‍ഗികതയെ നിഷേധിക്കുകയും, അരാജകത്വത്തിന് പ്രോത്സാഹനം നല്‍കുകയും ചെയ്തു ഇക്കൂട്ടര്‍. ജ്യോത്സ്യംപോലും അബ്ബാസിയ ഖലീഫമാര്‍ ചിലരെങ്കിലും വിശ്വസിച്ചിരുന്നതായി പറയുന്നു.
ഇതിനെല്ലാം പുറമെ മുഅ്തസിലി, മുര്‍ജിഈ, ശിഈ ചിന്താധാരകളും സമൂഹത്തില്‍ ആഴത്തില്‍ പ്രചരിച്ചു. ഖുര്‍ആന്‍ സൃഷ്ടിയാണോ, പാപി കാഫിറാണോ തുടങ്ങിയ ചോദ്യങ്ങളുതിര്‍ത്തും വിവാദങ്ങളിലേര്‍പ്പെട്ടും പണ്ഡിതര്‍ സമയം കളഞ്ഞു. ഇതും സമൂഹങ്ങളെ അധഃപതനത്തിലേക്ക് നയിച്ചു. ഇസ്‌ലാമിക വിരുദ്ധവും ജീര്‍ണവുമായ സംസ്‌കാരത്തെ അവര്‍ പുല്‍കി. സാഹിത്യത്തിന്റെ പേരില്‍ പുകഴ്ത്തലും സ്തുതി പാടലും വ്യാപകമായി. സമൂഹത്തില്‍ മദ്യാസക്തിയും ലൈംഗികതയും നടമാടി. രാജസദസ്സുകളില്‍ അപ്പോഴും ഇല്‍മുല്‍ കലാമും മെറ്റാഫിസിക്‌സും (ആത്മതത്ത്വശാസ്ത്രം) സംബന്ധിച്ച ചര്‍ച്ചയ്ക്ക് ആസ്ഥാന പണ്ഡിതര്‍ വിയര്‍ത്തൊലിച്ചു.
ഈയൊരു സവിശേഷ സാഹചര്യത്തിലാണ്, വഴിപിഴച്ച സര്‍വ ശാസ്ത്രങ്ങളെയും ഒഴിവാക്കി ദൈവത്തെയും അവന്റെ നിയമങ്ങളെയും അറിയാന്‍ ഉത്തമ നൂറ്റാണ്ടിലേക്ക് മടങ്ങണമെന്ന ആഹ്വാനവുമായി ലോകത്തിന്റെ വിവിധ മേഖലകളില്‍ ചില പണ്ഡിതന്മാര്‍ രംഗത്തു വന്നത്. അല്ലാഹുവിനെ അറിയാന്‍ ഖുര്‍ആനും അതിന്റെ വിശദീകരണമായ ഹദീസുമാണ് അവലംബിക്കേണ്ടതെന്നും അതിന് പ്രധാനമായി ആശ്രയിക്കേണ്ടത് അവ രണ്ടിന്റെയും സാക്ഷ്യങ്ങളായ സ്വഹാബികളെയാണെന്നും അവര്‍ പ്രഖ്യാപിച്ചു. ‘സലഫ്’ന്റെ മാതൃകയനുസരിച്ച് ഖുര്‍ആനിലേക്കും നബിചര്യയിലേക്കും മടക്കുക എന്ന തത്ത്വം ജനങ്ങളിലേക്കെത്തിച്ചു കൊണ്ട് ഒരു കക്ഷിയിലും ചേരാതെ നിലകൊണ്ടവരാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ എന്ന പേരില്‍ മാറി നിന്നത്. ഇസ്‌ലാമിക നവോത്ഥാനം (ഇസ്വ്‌ലാഹ്) സാധിതമാക്കിയ ഈ പണ്ഡിതന്മാരുടെയും സാധാരണക്കാരുടെയും കൂട്ടായ്മ തന്നെയാണ് സലഫി പ്രസ്ഥാനം എന്നു പറയുന്നതും. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ എന്നതും സലഫിന്റെ സരണി എന്നു പറയുന്നതും ഒരേ ആശയമാണ്. അത് ഒരു സംഘമോ സംഘടനയോ അല്ല. അത് ഒരു നിലപാടാണ്.
സലഫികളുടെ ആദര്‍ശം
ഏറെ തെറ്റിദ്ധരിക്കപ്പെട്ട സമൂഹമാണ് സലഫികള്‍. യഥാര്‍ഥത്തില്‍ സലഫിയ്യത്ത് എന്താണ് എന്ന് പലരും മനസ്സിലാക്കുന്നില്ല. അല്ലാഹുവിന്റെ അസ്തിത്വം, ദാത്ത്(സത്ത), സ്വിഫാത്ത് (വിശേഷ ഗുണങ്ങള്‍) അവന്റെ സൃഷ്ടി എന്നിവയെപ്പറ്റി ഖുര്‍ആന്‍ എന്തു പറഞ്ഞോ അത് വിശ്വസിക്കുകയാണ് സ്വീകാര്യവും കരണീയവുമായ മാര്‍ഗമെന്നും അത് ചോദ്യം ചെയ്യല്‍ തെറ്റും യുക്തി വിരുദ്ധവുമാണത് എന്നും സലഫി പണ്ഡിതര്‍ സമൂഹത്തെ ഉണര്‍ത്തിയത്.
‘അല്ലാഹു പ്രപഞ്ച നാഥനാണ്. സര്‍വജ്ഞനും സര്‍വശക്തനുമാണ്. പരമ കാരുണികനും നീതിമാനുമാണ് തുടങ്ങിയ ഗുണങ്ങളിലൂടെ അവര്‍ ദൈവത്തെ പരിചയപ്പെടുത്തി. പ്രപഞ്ചത്തില്‍ സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും അവന്റെ തീരുമാനങ്ങളാണ്. അവന് പങ്കുകാര്‍ ഇല്ലതന്നെ. മനുഷ്യ കഴിവുകള്‍ ദൈവം നല്‍കുന്നതാണ്. ആ കഴിവുകള്‍ക്ക് പരിധിയുണ്ട്. എന്നാല്‍ ദിവ്യകഴിവുകള്‍ക്ക് പരിധിയില്ല. ഖുര്‍ആനിന്റെയും ഹദീസുകളുടെയും വെളിച്ചത്തില്‍ ഈ കാര്യങ്ങളത്രയും സമൂഹത്തിനു മുന്നില്‍ പണ്ഡിതര്‍ സമര്‍പ്പിച്ചു.
വിശുദ്ധ ഖുര്‍ആനും നബിചര്യയുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണം. അതു തന്നെയാണ് മുസ്‌ലിംകളുടെ ആദര്‍ശവും. ഇതിലപ്പുറം വ്യത്യസ്തമായ ആദര്‍ശമോ ദര്‍ശനങ്ങളോ സലഫികള്‍ക്കില്ല. വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായി, അജ്ഞതമൂലമോ, അനുകരണം മൂലമോ മുസ്‌ലിം സമൂഹത്തില്‍ പ്രചരിച്ച വിശ്വാസ-കര്‍മ-ആചാരങ്ങളെ സലഫികള്‍ ശക്തമായി എതിര്‍ത്തു. പ്രമാണങ്ങളിലേക്കുമടങ്ങുക എന്നത് മാത്രമാണ് മുസ്‌ലിംകളുടെ ഇഹപര നേട്ടങ്ങള്‍ക്ക് നിദാനമെന്ന് പഠിപ്പിക്കുക മാത്രമേ സലഫികള്‍ ചെയ്തിട്ടുള്ളൂ. അതല്ലാതെ ‘സലഫി’ എന്നത് പ്രത്യേക ആദര്‍ശ സംഹിതയോ മദ്ഹബോ അല്ല. ഹിജ്‌റ രണ്ടാം ശതകത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച മദ്ഹബിന്റെ ഇമാമുകള്‍ എന്നറിയപ്പെട്ട മഹാപണ്ഡിതന്മാരെല്ലാംഈ ഗണത്തില്‍ പെടുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും പ്രത്യേക കാലഘട്ടത്തിലേക്കു മാത്രമല്ല. ഇന്നും സലഫികള്‍ക്ക് നിര്‍വഹിക്കാനുള്ളതും ഈ ദൗത്യം തന്നെ.
മുഅ്തസിലീ, ശിഈ, മുര്‍ജിഈ വാദങ്ങളെയാണ് ഹിജ്‌റ ആറാം നൂറ്റാണ്ടില്‍ അഹ്‌മദുബ്‌നു ഹംബല്‍ പ്രതിരോധിച്ചത്. ഈജിപ്തിലെ സൂഫി സിദ്ധന്മാരുടെ പൊള്ളത്തരങ്ങളെയും സ്വയം നിര്‍മിത കറാമത്തുകളെയുമായിരുന്നു ഏഴാം നൂറ്റാണ്ടില്‍ ഇബ്‌നുത്തൈമിയക്ക് നേരിടേണ്ടി വന്നത്. ശിര്‍ക്ക് ബിദ്അത്തുകളുടെ കൂടാരമായിരുന്ന നജ്ദിലെ പുരോഹിതന്‍മാരെയാണ് പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇബ്‌നു അബ്ദില്‍ വഹ്ഹാബ് ഇസ്‌ലാമിലേക്ക് ക്ഷണിച്ചത്. ഇവരെല്ലാം സലഫി പണ്ഡിതന്‍മാരായിരുന്നു; അഹ്‌ലുസ്സുന്നത്തിന്റെയും. ജനപ്രീതിയെ അവഗണിച്ച് ദൈവപ്രീതിക്കായി യത്‌നിച്ച ഈ നവോത്ഥാന നായകരെയെല്ലാം ആദ്യം ജനം തള്ളിയെങ്കിലും പിന്നീട് അവര്‍ തന്നെ ഈ മഹാന്മാരുടെ സഹായികളായി.
ശിര്‍ക്ക്, ബിദ്അത്ത്, തഖ്‌ലീദ് എന്നിവകള്‍ക്കെതിരെയായിരുന്നു സലഫികളുടെ എക്കാലത്തെയും പോരാട്ടമെന്ന് ചുരുക്കം. ഇന്നും തുടരുന്നതും ഈ പോരാട്ടം തന്നെയാണ്. ആയുധമാകട്ടെ വിശുദ്ധ ഖുര്‍ആനും നബിചര്യയും സ്വഹാബികളുടെ മാതൃകയും.
സലഫി പണ്ഡിതര്‍
‘സലഫി’ എന്നത് ഒരു പ്രത്യേക ആദര്‍ശമോ ആശയധാരയോ അല്ല. വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ ഏത് കാലത്ത് ജീവിച്ചവരുംസലഫികള്‍ തന്നെ. ആരെയും അന്ധമായിപിന്‍പറ്റാതെവിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രചരിപ്പിച്ച പണ്ഡിതന്മാരും സലഫികള്‍ തന്നെ. ഇവര്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഹിജ്‌റയുടെ ആദ്യനൂറ്റാണ്ടുകളില്‍ ജീവിച്ച മുഹദ്ദിസുകളും മുഫസ്വിറുകളും ഫഖീഹുകളും എല്ലാം സലഫിന്റെ നിലപാട് പിന്‍തുടര്‍ന്നവരായിരുന്നു.
നജ്ദിലെ ശൈഖ് മുഹമ്മദു ബ്‌നു അബ്ദില്‍ വഹ്ഹാബിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആവേശമാര്‍ജിച്ച് ലോകത്തിന്റെ വിവിധ കോണുകളില്‍ സലഫി ആശയങ്ങള്‍ മുളപൊട്ടുകയുണ്ടായി. ഇതില്‍ എടുത്തുപറയേണ്ട മൂന്ന് നാമങ്ങളാണ് സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനിയും, ശൈഖ് മുഹമ്മദ് അബ്ദുവും, സയ്യിദ് റശീദ് രിദായും.
പതിനെട്ടാം നൂറ്റാണ്ടില്‍, ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയും സയ്യിദ് അഹ്‌മദ് ബറേല്‍വിയും സയ്യിദ് ഇസ്മാഈലും അന്ധവിശ്വാസങ്ങള്‍ക്കെതിരെയും ഒപ്പം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനും വേണ്ടി പോരാടിയ ഭാരതീയരാണ്. മൗലാനാ ശിബ്‌ലി നുഅ്മാനിക്കും സയ്യിദ് സുലൈമാന്‍ നദ്‌വിക്കും മൗലാനാ അബുല്‍കലാം ആസാദിനും പ്രചോദനം നല്‍കിയതും സലഫി ആദര്‍ശധാര തന്നെയായിരുന്നു.
സയ്യിദ് സനാഉല്ല അമൃതസരി അഹ്‌ലേ ഹദീസ് പ്രസ്ഥാനത്തെ നയിച്ച ഇന്ത്യന്‍ പണ്ഡിതനും കെ എം മൗലവി, വക്കം മൗലവി മുതലായവര്‍ മലയാളക്കരക്ക് സലഫി പ്രസ്ഥാനത്തെ പരിചയപ്പെടുത്തിയ പണ്ഡിതവരേണ്യരുമാണ്.
സുഊദി അറേബ്യയിലെ ശൈഖ് അബ്ദുല്‍ അസീസ് ബ്‌നു ബാസ്, ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി, ഇന്ത്യയിലെ അബുല്‍ ഹസന്‍ അലി നദ്‌വി തുടങ്ങിയവര്‍ ആധുനിക കാലത്തെ തലയെടുപ്പുള്ള ലോക സലഫി പണ്ഡിതരായിരുന്നു. പ്രഭാഷണങ്ങള്‍, പഠന ക്ലാസുകള്‍, ഉന്നത സ്ഥാപനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെ വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും ആശയാദര്‍ശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയും അറിവില്ലായ്മ മൂലം ജനങ്ങളില്‍ അടിഞ്ഞുകൂടിയ അന്ധവിശ്വാസങ്ങളെയും ജീര്‍ണതകളെയും വിപാടനം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ഈ പണ്ഡിതന്‍മാരെല്ലാം. ഓരോ കാലത്തും ഉന്നത മഹത്തുക്കളായ അനേകം മഹാപണ്ഡിതന്‍മാര്‍ ഉണ്ടായിട്ടുണ്ട്.
പ്രമുഖ സലഫി സംഘടനകള്‍
ലോകത്ത് എല്ലാ വന്‍കരകളിലും സലഫി പ്രസ്ഥാനം വിവിധ നാമങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാവരും മാതൃകയുള്‍കൊള്ളുന്നത് ഉത്തമ തലമുറകളില്‍ മാതൃകാപരമായി ജീവിച്ച സലഫുകളില്‍ നിന്നാണ് അറബ് രാജ്യങ്ങളായ സുഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്, സിറിയ, യു എ ഇ എന്നിവിടങ്ങളിലേക്കെല്ലാം ഹിജാസില്‍ നിന്നാണ് സലഫി ആശയം പ്രചരിച്ചത്. ഇവിടങ്ങള്‍ ഇന്നും സലഫി ആദര്‍ശ ധാരയാല്‍ സമ്പന്നമാണ്.
ജമാലുദ്ദീന്‍ അഫ്ഗാനിയിലൂടെ സലഫി ആദര്‍ശം പരിചയപ്പെട്ട ഈജിപ്തില്‍ അന്‍സ്വാറുസ്സുന്നത്തില്‍ മുഹമ്മദിയ്യയാണ് സലഫി ആദര്‍ശക്കൂട്ടായ്മ. സുഡാനിലും ഇതുതന്നെ. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അവിടത്തെ സ്വാതന്ത്ര്യസമര പ്രസ്ഥാനം കൂടിയായ സനൂസി പ്രസ്ഥാനമാണ് സലഫിന്റെ മാര്‍ഗത്തില്‍ പ്രബോധന വീഥിയിലുള്ളത്. അള്‍ജീരിയയില്‍ മുസ്‌ലിം ജംഇയ്യത്തുല്‍ ഉലമ, നൈജീരിയയില്‍ ജമാഅത്തു ഇഹ്‌യാഇസ്സുന്ന, ഇന്തോനേഷ്യയില്‍ ജംഇയ്യത്തുല്‍ മുഹമ്മദിയ്യ, അമേരിക്കയില്‍ മുസ്‌ലിം സൊസൈറ്റി, ബ്രിട്ടനില്‍ ജംഇയ്യത്തു അഹ്‌ലേ ഹദീസ് എന്നിവയെല്ലാം സലഫി ആദര്‍ശ പ്രബോധക സംഘങ്ങളാണ്.
പാക്കിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിജി എന്നിവിടങ്ങളിലും ഇന്ത്യയിലും അഹ്‌ലേ ഹദീസ് എന്ന പേരിലാണ് സലഫി കൂട്ടായ്മയുള്ളത്. എന്നാല്‍ താരതമേന്യ മുസ്‌ലിം ഉദ്ബുദ്ധത കൂടുതലുള്ള കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനമാണ് പ്രവര്‍ത്തന രംഗത്തുള്ളത്.
