ഷാജഹാന്
മുഗള്‍ വംശത്തിലെ അഞ്ചാമത്തെ കിരീടധാരിയാണ് ഖുര്‍റം. ജഹാംഗീറിന്റെ മകനായി ജനിച്ചു. പിതാവിനെപ്പോലെത്തന്നെ രജപുത്ര വനിതയുടെ മകനായിരുന്നു. അധികാരത്തിലേ റിയപ്പോള്‍ ഷാജഹാന് എന്ന പേരു സ്വീകരിച്ച ഖുര്‍റമിന്റെ പൂര്‍ണ നാമം, ശിഹാബുദ്ദീന് മുഹമ്മദ് ഷാജഹാന് എന്നാണ്.
പിതാവ് മരിക്കുമ്പോള്‍ ഡെക്കാനിലായിരുന്നു ഖുര്‍റം. ജഹാംഗീറിന്റെ ഭാര്യ നൂര്ജഹാന് തന്റെ ജാമാതാവ് ഷഹരിയാറിനെ വാഴിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഡെക്കാനില്‍ നിന്ന് കുതിച്ചെത്തിയ ഖുര്‍റം അത് തകര്‍ത്തു. 1627ല്‍ ഭരണാധികാരിയാവുകയും ചെയ്തു.
ഷാജഹാനില്‍ രാജകുമാരനെന്ന നിലക്കുള്ള ദുസ്വഭാവങ്ങളൊന്നുമുണ്ടായിരുന്നില്ല. ധീരയോദ്ധാവും നീതിമാനും ശാസ്ത്രം, കല, സാഹിത്യം എന്നിവയെ സ്നേഹിക്കുന്നയാളുമായിരുന്നു. പിതാമഹന്റെ ‘തൗഹീദേ ഇലാഹി’യെ അദ്ദേഹം തീര്‍ത്തും അവഗണിച്ചിരുന്നു.
നാട്ടില്‍ പൊട്ടിപ്പുറപ്പെട്ട ലഹളകള്‍ അടിച്ചമര്‍ത്തിയ ഷാജഹാന് പോര്‍ച്ചുഗീസുകാരില്‍ നിന്ന് 1632ല്‍ ബംഗാളിനെ മോചിപ്പിക്കുകയും ചെയ്തു.
1629ല്‍ കാന്തഹാര്‍ പിടിച്ചു. എന്നാല്‍ 1649ല്‍ പേര്‍ഷ്യയിലെ അബ്ബാസ് രണ്ടാമന് തിരിച്ചുപിടിക്കുകയും ചെയ്തു. കാന്തഹാര്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളെല്ലാം പിന്നീട് പരാജയപ്പെടുകയായിരുന്നു. 1636ല്‍ അഹ്മദ് നഗര്‍ കീഴടക്കി. ഇത് നിസാം ഷാഹി ഭരണത്തിന് അന്ത്യം കുറിച്ചു. ബീജാപ്പൂര്‍, ഗോല്‍ക്കോണ്ട എന്നീ പ്രദേശങ്ങള്‍ മുഗള്‍ മേല്‍ക്കോയ്മ അംഗീകരിക്കുകയും ചെയ്തു.
ചക്രവര്‍ത്തിയെ തൊഴുത് വണങ്ങുന്ന ആചാരം നിര്‍ത്തലാക്കി. ഹിന്ദു-മുസ്ലിം മിശ്രവിവാഹവും നിരോധിച്ചു. അതേസമയം ഇതര മതസ്ഥര്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കുകയും അവരോട് തികഞ്ഞ സഹിഷ്ണുത കാണിക്കുകയും ചെയ്തു. പ്രധാന ഉദ്യോഗങ്ങളിലും അവരെ നിയമിച്ചു.
ദാരാ, ഷൂജാ, മുറാദ്, ഔറം ഗസീബ് എന്നീ പുത്രന്മാരാണ് ഷാജഹാനുണ്ടായിരുന്നത്. ഇവരില്‍ ഔറംഗസീബാണ് സൈനിക നടപടികള്‍ക്ക് നേതൃത്വം നല്കി മികവു കാണിച്ചത്. എന്നാല്‍ ദാരായെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത് ഔറംഗസീബിനെ ചൊടിപ്പിച്ചു. മക്കള്‍ക്കിടയില്‍ ഇത് രൂക്ഷമായ സംഘട്ടനത്തിനിടയാക്കി. 1669ല്‍ ഷാജഹാന് മരിക്കും വരെ ഇത് തുടര്‍ന്നു.
ഷാജഹാന്റെ നിര്‍മാണങ്ങള്‍
ഷാജഹാന്റെ ശില്പകലാ ചാതുരിയില്‍ വിരിഞ്ഞ വിസ്മയ രമ്യഹര്മങ്ങളാല് ഡല്‍ഹിയും പരിസരങ്ങളും നയനമനോഹരിയായി. യമുനയുടെ തീരത്ത് അംബരചുംബിയായി പരിലസിക്കുന്ന വെണ്ണക്കല്ലില്‍ വിരചിതമായ താജ്മഹല്‍ തന്നെയത്രെ ഇതില്‍ ആദ്യത്തേത്. തന്റെ പ്രേയസി മുംതാസ് മഹലിന്റെ ഓര്‍മക്കായി 1648ല്‍ ആഗ്രയില്‍ പണിതീര്‍ത്ത ഈ മുഗ്ധശില്പം ഇന്നും ലോക വിസ്മയങ്ങളിലൊന്നാണ്.
ഡല്‍ഹി ജുമാമസ്ജിദ്, ചെങ്കോട്ട, മോത്തി മസ്ജിദ്, കശ്മീരിലെ ഷാഹി മസ്ജിദ്, ചഷ്മേ ഷാഹി തോട്ടം, സിന്ധിലെ ടട്ട മസ്ജിദ്, ലാഹോറിലെ ഷാലിമാര്‍ തോട്ടം, ജഹാംഗീര്‍ ടോംബ് എന്നിവ ഈ പട്ടികയില്‍ ചിലതുമാത്രമാണ്.
മുഗള്‍ രാജധാനിയെ കമനീയമാക്കിയ ഈ ചക്രവര്‍ത്തിയാണ് മയൂര സിംഹാസനവും കോഹിനൂര്‍ രത്നവും അതില്‍ സ്ഥാപിച്ചത്. ഇതിനുപുറമെ എണ്ണമറ്റ രാജകീയ മന്ദിരങ്ങളും ഉദ്യാനങ്ങളും തലസ്ഥാന നഗരിയെ ഹരിതശോഭയില്‍ മുക്കി.
താജ്മഹല്‍
ലോകാത്ഭുതങ്ങളുടെ പട്ടികയിലേക്കുള്ള ഇന്ത്യയുടെ സംഭാവനയാണ് താജ്മഹല്‍. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ ശക്തിയും ദൗര്ബല്യവുമായിരുന്ന ഭാര്യ മുംതാസ് മഹല്‍, പ്രസവത്തെ തുടര്‍ന്ന് 1630ല്‍ മരിച്ചു. ഷാജഹാന് മരണം വരെയുള്ള വേദനയായി മാറി ഈ വേര്‍പാട്. ആഗ്രയില്‍ യമുനാനദിയുടെ തീരത്ത് വാനിലുയര്‍ന്ന് നില്ക്കുന്ന വിസ്മയമായി താജ്മഹല്‍ ഒരുങ്ങിയത് മുംതാസിന്റെ ഓര്‍മയിലാണ്.
ഉസ്താദ് അഹ്മദ് ലാഹോരിയാണ് ഇതിന്റെ എഞ്ചിനിയറിങ്ങ് നിര്‍വഹിച്ചത്. ഡല്‍ഹി ജുമാമസ്ജിദിന്റെയും ചെങ്കോട്ടയുടെയും ആര്‍കിടെക്റ്റും ഇദ്ദേഹം തന്നെ. 1632ല്‍ നിര്‍മാണം തുടങ്ങി. പതിനായിരത്തിലധികം തൊഴിലാളികള്‍ ഏതാണ്ട് 20 കൊല്ലത്തോളം പണിയെടുത്തു. പേര്‍ഷ്യന്‍, തുര്‍ക്കി, ഇന്ത്യന്‍, ഇസ്ലാമിക് വസ്തുവിദ്യാ മാതൃകകള്‍ സംഗമിച്ച മുഗള്‍ വാസ്തുവിദ്യയുടെ ഉദാഹരണം കൂടിയാണ് താജ്മഹല്‍. ചൈന, ശ്രീലങ്ക, തിബറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധയിനം കല്ലുകള്‍, രാജസ്ഥാനില്‍ നിന്നുള്ള വെള്ള മാര്‍ബിള്‍, ഇന്ത്യന്‍ സമുദ്രത്തിലെ പവിഴങ്ങള്‍ എന്നിവയാണ് ഈ വെണ്ണക്കല്‍ വിസ്മയത്തിലുള്ളത്.
1983ല്‍ യുനസ്കോ ലോക പൈതൃക പട്ടികയില്‍ താജ്മഹലിനെ ഉള്‍പ്പെടുത്തി.
