തഫ്‌സീറുകള്‍ വിവിധ കാലഘട്ടങ്ങളില്‍
ഖുര്‍ആനെ ശരിയായ രീതിയില്‍ മനസ്സിലാക്കുന്നതിനും അതിലെ ദൈവീക സന്ദേശങ്ങള്‍ ജീവിതത്തില്‍ പ്രയോഗിക്കുന്നതിനും തഫ്‌സീറുകള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പ്രവാചക കാലഘട്ടത്തില്‍ ആരംഭിച്ച ഖുര്‍ആന്‍ വ്യാഖ്യാന പാരമ്പര്യം തുടര്‍ന്ന് സഹാബിമാരുടെയും താബിഉകളുടെയും കാലഘട്ടങ്ങളിലൂടെ വികസിച്ചു. കാലം മാറുന്നതിനനുസരിച്ച് ഭാഷ, സംസ്‌കാരം, സാമൂഹിക സാഹചര്യങ്ങള്‍, ശാസ്ത്രീയ ബോധം എന്നിവയുടെ സ്വാധീനത്തോടെ തഫ്‌സീര്‍ ഗ്രന്ഥങ്ങള്‍ക്കും വൈവിധ്യങ്ങള്‍ കൈവന്നു.
ക്ലാസിക്കല്‍ തഫ്‌സീറുകള്‍, ഭാഷാപരമായ വ്യാഖ്യാനങ്ങള്‍, ഫിഖ്ഹ് ആധാരിത തഫ്‌സീറുകള്‍, ആത്മീയ തഫ്‌സീറുകള്‍, ആധുനിക സാമൂഹിക-ചിന്താപരമായ വ്യാഖ്യാനങ്ങള്‍ എന്നിങ്ങനെ തഫ്‌സീറുകള്‍ വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്ത സമീപനങ്ങളോടെ രചിക്കപ്പെട്ടു. ഈ വൈവിധ്യം ഖുര്‍ആന്‍ ഒരു കാലഘട്ടത്തിലൊതുങ്ങിയ ഗ്രന്ഥമല്ലെന്നും എല്ലാ കാലത്തെയും മനുഷ്യരെ അഭിസംബോധന ചെയ്യുന്ന ദൈവീക വചനമാണെന്നും വ്യക്തമാക്കുന്നു.
ശുദ്ധമായ അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ഇതര ഭാഷക്കാര്‍ക്ക് ആശയഗ്രഹണത്തിനായി വിവര്‍ത്തനം ചെയ്യപ്പെടേണ്ടതുണ്ട്. എന്നാല്‍ അറബി മാതൃഭാഷയായിട്ടുള്ളവര്‍ക്ക് വിവര്‍ത്തനത്തിന്റെ ആവശ്യവുമില്ല. വിവര്‍ത്തനമല്ല തഫ്‌സീര്‍ എന്നു പറയുന്നത്. വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളും അധ്യായങ്ങളുമൊക്കെ വിശദീകരിച്ചു തന്ന നബിവചനങ്ങളും ആയത്തുകള്‍ ഇറങ്ങിയ പശ്ചാത്തലങ്ങളുമെല്ലാം ഉള്‍കൊള്ളിച്ചു കൊണ്ട് അനുവാചകര്‍ക്ക് ആശയവ്യക്തത നല്കുന്ന വിവരണമാണ് തഫ്‌സീര്‍. വ്യാഖ്യാനങ്ങള്‍ എന്ന് മലയാളത്തില്‍ വ്യവഹരിക്കപ്പെടുന്നു.
നബി(സ്വ)യുടെ കാലത്ത് സ്വഹാബികള്‍ നബിയില്‍ നിന്ന് നേരിട്ട് സ്വാംശീകരിച്ചത് മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുത്തു. ആ രണ്ടു തലമുറയിലും ലിഖിതമായ തഫ്‌സീര്‍ ഇല്ല. അതിനടുത്ത തലമുറ മുതല്‍ക്കാണ് ലിഖിതമായ ഖുര്‍ആന്‍ വിശദീകരണങ്ങള്‍ ഉടലെടുക്കുന്നത്. പിന്നീട് ‘തഫ്‌സീറുല്‍ ഖുര്‍ആന്‍’ എന്നത് ഒരു വലിയ വിജ്ഞാന ശാഖയായി മാറി. ഓരോ കാലഘട്ടത്തിലും വിരചിതമായ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ കാലത്തിന്റെ പ്രതിഫലനം കാണാവുന്നതാണ്. ആധുനിക കാലഘട്ടത്തിലും മികച്ച തഫ്‌സീറുകള്‍ ഉണ്ടായിട്ടുണ്ട്. ഏതാണ്ട് ലോകത്തിലെ എല്ലാ ഭാഷകളിലും തഫ്‌സീറുകള്‍ ഉണ്ടായിട്ടുണ്ട്.
ഖുര്‍ആന്‍ വ്യാഖ്യാനം പ്രവാചകന്റെ കാലത്ത്
നബി(സ്വ) ജീവിച്ചിരിക്കുന്ന കാലത്ത് ഖുര്‍ആന്‍ വ്യാഖ്യാനത്തിന് പ്രസക്തിയില്ലായിരുന്നു. നബി (സ്വ) വിശുദ്ധ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുന്നു, വിശദീകരിച്ചു കൊടുക്കുന്നു.
ഖുര്‍ആനിന്റെ എക്കാലത്തെയും ഒന്നാമത്തെ വ്യാഖ്യാനം ഖുര്‍ആന്‍ തന്നെയാണ്. ഒരു വചനത്തെ വ്യാഖ്യാനിക്കുന്നത് മറ്റൊരു വചനമായിരിക്കും. ഉദാ: സൂറത്തുന്നിസാഇലെ വചനം 27: ”അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുവാനുദ്ദേശിക്കുന്നു. എന്നാല്‍ തന്നിഷ്ടങ്ങളെ പിന്‍പറ്റി ജീവിക്കുന്നവര്‍ ഉദ്ദേശിക്കുന്നത് (നിങ്ങള്‍ നേര്‍വഴിയില്‍ നിന്ന്) തെറ്റിപ്പോകണമെന്നാണ്”. ഈ വചനത്തില്‍ ആരെയാണുദ്ദേശിക്കുന്നതെന്ന് വിശദീകരിക്കുന്നത് ഈ സൂറത്തിലെ വചനം 44ലാണ്. ”വേദഗ്രന്ഥത്തില്‍ നിന്ന് ഒരു വിഹിതം നല്കപ്പെട്ടവരെ നീ കണ്ടില്ലേ. അവര്‍ ദുര്‍മാര്‍ഗം വിലയ്ക്കു വാങ്ങുകയും നിങ്ങള്‍ വഴിതെറ്റിപ്പോകണമെന്നാഗ്ര ഹിക്കുകയും ചെയ്യുന്നു”.
രണ്ടാമത്തെ വ്യാഖ്യാനം പ്രവാചകന്റെ വിശദീകരണമാണ്. അറബികള്‍ക്ക് തങ്ങളുടെ ഭാഷാജ്ഞാനം കൊണ്ട് മനസ്സിലാകുന്നവ പ്രവാചകന്‍ വിശദീകരിച്ചിട്ടില്ല.
അല്ലാഹുവിന് മാത്രം അറിയുന്ന ഖിയാമത്ത് നാളിന്റെ സമയം, ആത്മാവിന്റെ യാഥാര്‍ഥ്യം തുടങ്ങിയവയും പ്രവാചകന്‍ വിശദീകരിച്ചിട്ടില്ല. അല്ലാഹു പ്രവാചകന് വ്യക്തമാക്കിക്കൊടുത്തിട്ടുള്ളവ മാത്രമേ അദ്ദേഹം ജനങ്ങള്‍ക്ക് വിശദീകരിച്ച് കൊടുത്തിട്ടുള്ളൂ. ഖുര്‍ആനില്‍ നിന്ന് നേര്‍ക്കുനേരെ ഗ്രഹിക്കാന്‍ കഴിയാത്തവ അദ്ദേഹം വിശദീകരിച്ചവയില്‍ ഉള്‍പ്പെടുന്നു. ഉദാഹരണം: ‘കോപിക്കപ്പെട്ടവര്‍ ജൂതന്മാരും ശപിക്കപ്പെട്ടവര്‍ ക്രിസ്ത്യാനികളുമാണെന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു’ (തിര്‍മിദി) 1. സൂറ. ഫാത്തിഹയിലെ ഏഴാം വചനത്തിന് നബി(സ്വ) നല്കിയ വ്യാഖ്യാനമാണിത്. സൂറ. അല്‍ ബഖറയിലെ വചനം 238ന്റെ വ്യാഖ്യാനമായി അദ്ദേഹം പറഞ്ഞു: ‘സ്വലാത്തുല്‍ വുസ്ത്വാ എന്നു പറഞ്ഞാല്‍ അസര്‍ നമസ്‌കാരമാകുന്നു’ (തിര്‍മിദി) 2.
സ്വഹാബികളുടെ തഫ്‌സീര്‍
ഖുര്‍ആനില്‍ നിന്നും പ്രവാചകചര്യയില്‍ നിന്നും വിവരണം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഖുര്‍ആനിന്റെ തത്ത്വാടിസ്ഥാനത്തില്‍ ഗവേഷണം (ഇജ്തിഹാദ്) നടത്തുകയും സ്വന്തമായ നിഗമനത്തിലെത്തുകയുമായിരുന്നു സ്വഹാബികളുടെ പതിവ്. അവരുടെ ഭാഷാ പരിജ്ഞാനവും പൂര്‍വ നിയമങ്ങളെക്കുറിച്ചുള്ള അറിവും പ്രവാചകനുമൊത്തുള്ള അനുഭവങ്ങളും ആ കാലഘട്ടത്തിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള കൃത്യതയും അതിലുപരി അവര്‍ക്ക് വിജ്ഞാനം വര്‍ധിപ്പിക്കേണമേയെന്ന പ്രവാചക പ്രാര്‍ഥനയും സ്വഹാബികളുടെ ഇജ്തിഹാദിന് ആക്കം കൂട്ടുകയും ആധികാരികത ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ‘ഖുര്‍ആനിന് പുറമെ വഹ്‌യായി നിങ്ങളുടെ അടുക്കല്‍ മറ്റെന്താണുള്ളത്’ എന്ന് അലി(റ)യോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ധാന്യമണികള്‍ മുളപ്പിക്കുന്ന നാഥന്‍ തന്നെ സത്യം. ഖുര്‍ആനിലുള്ളത് മനസ്സിലാക്കാന്‍ അല്ലാഹു ഒരാള്‍ക്ക് നല്കുന്ന കഴിവല്ലാതെ ഒന്നും തന്നെ ഞങ്ങളുടെ പക്കല്‍ ഇല്ല’ (ബുഖാരി) 3.
നാലാമത്തെ സ്രോതസ്സ് ജൂതക്രൈസ്തവരില്‍ നിന്ന് ലഭിക്കുന്ന വിവരണങ്ങളാണ്. ഇസ്‌റാഈല്‍ സമൂഹത്തെക്കുറിച്ചും മറ്റു പൂര്‍വ സമുദായങ്ങളെക്കുറിച്ചും ഒട്ടേറെ പരാമര്‍ശങ്ങള്‍ ഖുര്‍ആനിലുണ്ട്. അവയുടെ സ്ഥലകാല സംഭവ വിവരങ്ങള്‍ മുന്‍വേദക്കാര്‍ക്കിടയില്‍ പരിചിതമായിരുന്നു. അവര്‍ക്കിടയില്‍ നിന്നും ഇസ്‌ലാം ആശ്ലേഷിച്ചവരുടെ അറിവ് ഖുര്‍ആന്‍ മനസ്സിലാക്കുന്നതിന് സ്വഹാബികള്‍ ഉപയോഗപ്പെടുത്തുകയുണ്ടായി. എന്നാല്‍ ആദ്യത്തെ മൂന്ന് സ്രോതസ്സുകളും ഇതും തമ്മില്‍ അവലംബിക്കുന്നതില്‍ വ്യത്യാസമുണ്ട്. ആദ്യത്തെ മൂന്നും സ്വീകരിക്കേണ്ടതും നിരാകരിക്കാന്‍ പറ്റാത്തതുമാണ്. നാലാമത്തേതിനെക്കുറിച്ച് പ്രവാചകന്‍ (സ്വ) പറഞ്ഞു: ‘വേദക്കാര്‍ പറഞ്ഞത് നിങ്ങള്‍ അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യരുത്. ഞങ്ങള്‍ അല്ലാഹുവിലും അവന്‍ ഇറക്കിയതിലും വിശ്വസിച്ചിരിക്കുന്നു എന്നു മാത്രം നിങ്ങള്‍ പറയുക’.(ബഖാരി) 4.
വ്യാഖ്യാനത്തിന്റെ പ്രത്യേകത.
1) ഖുര്‍ആനിന് മുഴുവന്‍ വിവരണം വേണ്ടി വന്നില്ല. അവ്യക്തമായവയ്ക്ക് മാത്രമാണ് വിവരണം നല്കപ്പെട്ടത്.
2) ഭിന്നാഭിപ്രായങ്ങള്‍ കുറവ്.
3) മൊത്തം ആശയം കൊണ്ട് അവര്‍ തൃപ്തരായി.
4) ഭാഷാപരമായ വിശദീകരണം പരിമിതം.
5) കര്‍മശാസ്ത്ര വിധികളുടെ നിര്‍ധാരണം വളരെ കുറവ്.
6) വ്യാഖ്യാനങ്ങള്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചിരുന്നില്ല.
7) ഹദീസിന്റെ ഭാഗമായാണ് തഫ്‌സീറിനെ കണക്കാക്കിയത് (അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍) 5
സ്വഹാബിമാര്‍ക്കിടയിലെ മുഫസ്സിറുകള്‍
ഇമാം സുയൂത്വി എഴുതുന്നു: സ്വഹാബിമാര്‍ക്കിടയില്‍ പ്രഗത്ഭരായ പത്ത് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുണ്ടായിരുന്നു. നാലു ഖലീഫമാര്‍, അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ), അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ), ഉബയ്യുബ്‌നു കഅ്ബ്(റ), സൈദ്ബ്‌നു സാബിത്ത്(റ), അബൂമൂസല്‍ അശ്അരി(റ), അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) എന്നിവരാണവര്‍. (തഫ്‌സീര്‍ ജലാലൈനി). അനസ് ബ്‌നു മാലിക്(റ), അബൂ ഹുറയ്‌റ(റ), അബ്ദുല്ലാഹിബ്‌നു ഉമര്‍(റ), അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്(റ), ആയിശ(റ) എന്നിവരും സ്വഹാബിമാര്‍ക്കിടയിലെ ഖുര്‍ആന്‍ വ്യാഖ്യാതാക്കളായിരുന്നു. 6
സ്വഹാബിമാര്‍ക്കിടയിലെ ഏറ്റവും പ്രഗത്ഭനായ ഖുര്‍ആന്‍ വ്യാഖ്യാതാവായി അവര്‍ ഗണിച്ചിരുന്നത് അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)നെ ആയിരുന്നു. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറഞ്ഞു: ‘ഈ സമുദായത്തിലെ ഏറ്റവും കൂടുതല്‍ അറിവുള്ളവനാകുന്നു ഇബ്‌നു അബ്ബാസ്’ (അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍). പ്രവാചകന്‍(സ്വ) അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിച്ചതിങ്ങനെ: അല്ലാഹുവേ, അദ്ദേഹത്തിന് നീ ഖുര്‍ആനില്‍ അവഗാഹവും ബുദ്ധിയും നല്‌കേണമേ’ (അഹ്‌മദ്) 7
താബിഉകളുടെ തഫ്‌സീര്‍
സ്വഹാബികളുടെ തൊട്ടടുത്ത തലമുറയാണ് താബിഉകള്‍. അവരില്‍ ഖുര്‍ആന്‍ വ്യാഖ്യാനം ഏറ്റെടുത്തത് സ്വഹാബിമാരുടെ പ്രഗത്ഭരായ ശിഷ്യന്മാരായിരുന്നു. അവരുടെ പ്രധാന അവലംബങ്ങള്‍: ഒന്ന്, ഖുര്‍ആന്‍. രണ്ട്, പ്രവാചക ചര്യ. മൂന്ന്, സ്വഹാബിമാരുടെ ഇജ്തിഹാദ്. നാല്, സ്വന്തം ഇജ്തിഹാദ്.
പ്രവിശാലമായ ഇസ്‌ലാമിക സാമ്രാജ്യത്തില്‍ പ്രധാനമായും മൂന്ന് വിജ്ഞാന കേന്ദ്രങ്ങളാണുണ്ടായിരുന്നത്. മക്ക, മദീന, കൂഫ. സ്വഹാബിമാരിലെ പ്രഗത്ഭരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളായിരുന്നു ഈ കേന്ദ്രത്തിലെ അധ്യാപകര്‍.
മക്ക
ഇബ്‌നു അബ്ബാസ്(റ) ആയിരുന്നു ഈ പ്രദേശത്തെ ഗുരുവര്യന്‍. സഈദ്ബ്‌നു ജുബൈര്‍ (മരണം ഹി.95), മുജാഹിദ് (മരണം ഹി.104), ഇക്‌രിമ (മരണം ഹി.104), ത്വാഊസ് ബ്‌നു കിസാന്‍ (മരണം ഹി.106), അത്വാഉബ്‌നു അബീ റബാഹ് (മരണം ഹി.114) എന്നിവരായിരുന്നു താബിഉകളിലെ പ്രധാനികള്‍.
മദീന
ഉബയ്യുബ്‌നു കഅ്ബ്(റ) ആയിരുന്നു മദീനയിലെ ഗുരുവര്യന്‍. അബുല്‍ ആലിയ (മരണം ഹി.90), മുഹമ്മദ് ബ്‌നു കഅ്ബ് (മരണം ഹി.118), സൈദുബ്‌നു അസ്‌ലം (മരണം ഹി.136) എന്നിവരായിരുന്നു മദീനയിലെ പ്രമുഖ താബിഈ വ്യാഖ്യാതാക്കള്‍.
കൂഫ
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ആയിരുന്നു കൂഫയിലെ ഗുരു. കൂഫ ഗവര്‍ണര്‍ ഇദ്ദേഹത്തെ അധ്യാപകനും മന്ത്രിയുമായി നിയമിച്ചു. മസ്‌റൂഖ് ബ്‌നു അജ്ദ (മരണം ഹി.63), അസ്‌വദ്ബ്‌നു യസീദ് (മരണം ഹി.74), അല്ഖമത്ബ്‌നു ഖൈസ് (മരണം ഹി.61), ആമിറുശ്ശഅബി (മരണം ഹി.109), ഹസനുല്‍ ബസ്വരി(മരണം ഹി.110), ഖത്താദ അസ്സദൂസി (മരണം ഹി.117) എന്നിവരായിരുന്നു പ്രധാന ശിഷ്യര്‍.
താബിഈ കാലഘട്ടത്തിലെ പ്രത്യേകതകള്‍
1) ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍, വിശിഷ്യാ ചരിത്ര സംഭവങ്ങളില്‍ ഇസ്‌റാഈലീ വീക്ഷണങ്ങള്‍ കടന്നു കൂടി. ജൂത ക്രൈസ്തവരുടെ കൂടുതലായുള്ള ഇസ്‌ലാം മതാശ്ലേഷമായിരുന്നു കാരണം.
2) സനദുകളോട് കൂടി റിപ്പോര്‍ട്ട് ചെയ്യുന്ന രീതി അവലംബിച്ചതുകൊണ്ട് തഫ്‌സീര്‍ കൂടുതല്‍ സുരക്ഷിതമായി.
3) വീക്ഷണ വ്യത്യാസങ്ങള്‍ രംഗപ്രവേശം ചെയ്തു.
4) താബിഉകളുടെ വിശദീകരണങ്ങളില്‍ ഭിന്നതകളുടലെടുത്തു. സ്വഹാബികള്‍ക്കിടയില്‍ ഇത് കുറവായിരുന്നു.
തഫ്‌സീര്‍ ക്രോഡീകരണം
താബിഉകളുടെ കാലശേഷം വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള ഖുര്‍ആന്‍ തഫ്‌സീറുകള്‍ ക്രോഡീകരിക്കാനുള്ള പരിശ്രമങ്ങള്‍ ഉണ്ടായി. ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഈ രംഗത്ത് ശ്രദ്ധേയമായ കാല്‍വെപ്പുകളുണ്ടായി.
- വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണങ്ങളായി പ്രവാചകനില്‍ നിന്നോ സ്വഹാബികളില്‍ നിന്നോ താബിഉകളില്‍ നിന്നോ നിവേദനം ചെയ്യപ്പെട്ടവ വിവിധ നാടുകളില്‍ ചിതറിക്കിടന്നിരുന്ന പണ്ഡിതന്മാരില്‍ നിന്ന് ക്രോഡീകരിക്കലായിരുന്നു ഒന്നാമത്തെ കാല്‍വെപ്പ്. ഹദീസ് ക്രോഡീകരണത്തോടൊപ്പമായിരുന്നു ഈ ശ്രമം. ഖുര്‍ആനിലെ ഓരോ അധ്യായവും ക്രമത്തില്‍ വിശദീകരിക്കുന്ന രീതിക്ക് പകരം ഹദീസുകള്‍ക്ക് വിവിധ അധ്യായങ്ങള്‍ നല്കുന്നതില്‍ ഒരധ്യായമായി തഫ്‌സീറും ക്രോഡീകരിക്കുകയാണുണ്ടായത്. ഈ കാലഘട്ടത്തിലെ പ്രമുഖ പണ്ഡിതന്മാര്‍: യസീദുബ്‌നു ഹാറൂന്‍ അസ്സലമി (മരണം ഹി.117), ശുഅ്ബത്തുബ്‌നുല്‍ ഹജ്ജാജ് (മരണം ഹി.160), വകീഉബ്‌നുല്‍ ജര്‍റാഹ് (മരണം ഹി.197), സുഫ്‌യാനുബ്‌നു ഉയയ്‌ന (മരണം ഹി.198), റൗഹുബ്‌നു ഉബാദത്ത് (മരണം ഹി.205), അബ്ദുറസാഖ് ബ്‌നു ഹുമാം (മരണം ഹി.211), ആദമുബ്‌നു അബീ ഇയാസ് (മരണം ഹി.220), അബ്ദുബ്‌നു ഹുമൈദ് (മരണം ഹി.249), സുഫ്‌യാനുസ്സൗരി (മരണം ഹി:161).
- രണ്ടാം ഘട്ടത്തില്‍ തഫ്‌സീര്‍ ഹദീസില്‍നിന്നു വേര്‍പെട്ട് സ്വതന്ത്രമായി. ഖുര്‍ആനിലെ ക്രമമനുസരിച്ച് സൂറത്തുകള്‍ക്കും ആയത്തുകള്‍ക്കും വിശദീകരണം നല്കുന്ന രീതി പ്രാബല്യത്തില്‍ വന്നു. ഇബ്‌നു മാജ (മരണം ഹി. 273), ഇബ്‌നു ജരീറുത്വബ്‌രി (മരണം ഹി. 310), അബൂബക്‌റുബ്‌നു മുന്‍ദിര്‍ (മരണം ഹി. 318), ഇബ്‌നു അബീ ഹാതിം (മരണം ഹി. 327), അബൂ ശൈഖ് ഇബ്‌നു ഹിബ്ബാന്‍ (മരണം ഹി. 369), ഹാകിം (മരണം ഹി. 405), അബൂബക്‌റുബ്‌നു മര്‍ദവൈഹി (മരണം ഹി. 410) എന്നിവരായിരുന്നു പ്രധാന മുഫസ്സിറുകള്‍. സനദു(പരമ്പര)കളോട് കൂടിയാണ് ഇവര്‍ തഫ്‌സീറുകള്‍ രചിച്ചത്. യഥാര്‍ഥത്തില്‍ ഈ തഫ്‌സീറുകളെല്ലാം ഹദീസ് ഉദ്ധരിക്കുകയാണ് ചെയ്യുന്നതെങ്കിലും ഇബ്‌നു ജരീര്‍ ത്വബ്‌രി മറ്റ് അഭിപ്രായങ്ങള്‍ കൂടി ഉദ്ധരിക്കുവാനും അവയില്‍ ഉത്തമമേതെന്ന് വ്യക്തമാക്കാനും ശ്രമിച്ചത് കാണാം.
- മൂന്നാം ഘട്ടത്തില്‍ തഫ്‌സീറുകളില്‍ സനദുകള്‍ (നിവേദക പരമ്പര) ചുരുക്കാനുള്ള ശ്രമം നടന്നു. അതുകൊണ്ടു തന്നെ വ്യാജ വിവരങ്ങളും ദുര്‍ബല റിപ്പോര്‍ട്ടുകളും തഫ്‌സീറുകളില്‍ കടന്നു കടന്നു കൂടുവാന്‍ തുടങ്ങി. ചില ഇസ്‌റാഈലീ കെട്ടുകഥകള്‍ തഫ്‌സീറുകളില്‍ കടന്നു കൂടുകയും ചെയ്തു.
- നാലാം ഘട്ടം അബ്ബാസിയാ കാലം (ഹി.132-656) മുതല്‍ ആധുനിക കാലം വരെയുള്ള വിശാലമായ കാലഘട്ടമാണ്. തഫ്‌സീറുകളില്‍ ഒട്ടേറെ പുതുമകള്‍ ഈ കാലയളവുകളില്‍ ഉണ്ടായിട്ടുണ്ട്. മുന്‍കാല തഫ്‌സീറുകള്‍ പൂര്‍വിക ഉദ്ധരണികളില്‍ പരിമിതമായിരുന്നു. എന്നാല്‍ പിന്നീട് അവയോടൊപ്പം ബുദ്ധിപരമായ ചിന്തകള്‍ക്കുകൂടി തഫ്‌സീറുകളില്‍ ഇടം നല്‍കിത്തുടങ്ങി. വിവിധ അഭിപ്രായങ്ങളില്‍ ഉത്തമമേതെന്ന് കണ്ടെത്താനുള്ള ബുദ്ധിപരമായ ശ്രമങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. പിന്നീടത് ഭാഷ, ശാസ്ത്രം, തത്ത്വ ചിന്ത, വിശ്വാസങ്ങള്‍ എന്നിവയിലേക്ക് വ്യാപിക്കുകയും തഫ്‌സീറുമായി അകന്ന ബന്ധമുള്ള കാര്യങ്ങള്‍ പോലും തഫ്‌സീറിന്റെ ഭാഗമാവുകയും ചെയ്തു.
ഈ കാലഘട്ടത്തിലുണ്ടായ വിജ്ഞാന വിസ്‌ഫോടനത്തിന്റെ ഫലമായി മുസ്‌ലിം ലോകത്ത് ഒട്ടേറെ മേഖലകളില്‍ സ്വതന്ത്ര രചനകളും വിവര്‍ത്തനങ്ങളും വളര്‍ന്നു വന്നു. അവയുടെ ശക്തമായ സ്വാധീനം തഫ്‌സീറുകളിലും നിഴലിച്ചു നിന്നു. വ്യാഖ്യാതാക്കള്‍ ഏതു മേഖലയിലാണോ പ്രാവീണ്യം നേടിയത് അവരുടെ തഫ്‌സീറുകളും ആ വിജ്ഞാന ശാഖയില്‍ നിറഞ്ഞു നിന്നു. ഉദാഹരണമായി വ്യാകരണ പണ്ഡിതന്റെ തഫ്‌സീറില്‍ വ്യാകരണ നിയമങ്ങളും (ബഹ്‌റുല്‍ മുഹീത്വ്-അബൂ ഹയ്യാന്‍) തത്ത്വ ശാസ്ത്രജ്ഞന്മാരുടേതില്‍ ദര്‍ശനങ്ങളും (മഫാതിഹുല്‍ ഗൈബ്-ഇമാം റാസി) കര്‍മശാസ്ത്ര വിശാദരന്‍മാരുടേതില്‍ ഫിഖ്ഹീ മസ്അലകളും (ജസ്സാസിന്റെയും അബൂബക്കറുബ്‌നു അറബിയുടെയും തഫ്‌സീറുകള്‍) ചരിത്രകാരന്മാരുടേതില്‍ നേരും നുണയും കലര്‍ന്ന കഥകളും (സഅ്‌ലബിയുടെയും ഖാസിനിന്റെയും തഫ്‌സീറുകള്‍) സൂഫികളുടേതില്‍ സൂഫീ ചിന്തകളും (ഇബ്‌നു അറബിയുടെ തഫ്‌സീര്‍) പ്രധാനമായും വിവരിച്ചു കാണാം.
ഖുര്‍ആനിലെ ആയത്തുകള്‍ ക്രമത്തില്‍ വിശദീകരിക്കുന്നതിനു പകരം വിഷയബന്ധിതമായി ഖുര്‍ആന്‍ രചനകള്‍ക്ക് തുടക്കം കുറിച്ചതും ഈ കാലയളവിലാണ്. ഇബ്‌നുല്‍ ഖയ്യിം ഖുര്‍ആനിലെ തത്ത്വങ്ങളെക്കുറിച്ചും, അബൂ ഉബൈദ അമാനുഷികതയിലും റാഗിബുല്‍ ഇസ്ഫഹാനി പദവിശകലനത്തിലും അബൂ ജഅഫറുന്നഹാസ് നാസിഖ്-മന്‍സൂഖ് വിഷയത്തിലും അബൂഹസനില്‍ വാഹിദി ആയത്തുകളുടെ അവതരണ കാരണങ്ങളെക്കുറിച്ചും മാത്രമായി തഫ്‌സീറുകളെഴുതിയിട്ടുണ്ട്.
വിവിധയിനം തഫ്‌സീറുകള്‍
വിശുദ്ധ ഖുര്‍ആനിന്റെ തഫ്‌സീറുകള്‍ അഥവാ വ്യഖ്യാന ഗ്രന്ഥങ്ങള്‍ ഇന്ന് എല്ലാ ഭാഷകളിലും സുലഭമാണ്. തഫ്‌സീര്‍ തയ്യാറാക്കേണ്ടതിന് പ്രത്യേക രീതിയോ നിശ്ചിത രൂപമോ ഇല്ല. ഓരോ വ്യാഖ്യാതാവും തന്റെതായ രീതിയില്‍ വ്യാഖ്യാനം അവതരിപ്പിക്കുന്നു. വ്യഖ്യാതാക്കള്‍ മറ്റേതെങ്കിലും വിജ്ഞാന ശാഖയില്‍ വ്യുത്പത്തി നേടിയവരാണെങ്കില്‍ അവരുടെ വ്യാഖ്യാനത്തില്‍ ആ വിഷയകമായ ചര്‍ച്ചകള്‍ക്ക് പ്രഭാവം കണ്ടെന്നു വരു.
ചില വ്യാഖ്യാതാക്കള്‍ ആയത്ത് വിശദീകരിക്കുമ്പോള്‍ തന്റെതായ ഒരു വീക്ഷണവും പ്രകടചപ്പിക്കാതെ തദ്വിഷയകമായി ഹദീസുകളോ ചരിധതസംഭവങ്ങളോ ഉദ്ധരിക്കുക മാത്രം ചെയ്യുന്നു. ചിലര്‍ ഹദീസുകളുടെ ആശയം സ്വീകരിച്ച് സ്വന്തമായ ശൈലിയില്‍ വിശദീകരണം നടത്തുന്നു. ഇങ്ങനെ വ്യഖ്യാന രചനയ്ക്ക് സ്വീകരിച്ച ശൈലിയനുസരിച്ച് തഫ്‌സീറുകള്‍ ഇനം തിരിക്കപ്പെട്ടിട്ടുണ്ട്. തഫ്‌സീര്‍ മഅ്‌സൂര്‍, തഫ്‌സീറുര്‍റഅ്‌യ് എന്നിവ അതില്‍ പെട്ടതാണ്.
തഫ്‌സീര്‍ മഅ്‌സൂര്‍
ഖുര്‍ആനിലെ പദങ്ങളുടെ അര്‍ഥമായി പ്രവാചകനോ സ്വഹാബിമാരോ താബിഉകളോ പറഞ്ഞ കാര്യങ്ങള്‍ സനദുകളോട് കൂടി ഉദ്ധരിക്കുന്ന തഫ്‌സീറുകളാണിവ. സനദുകളുള്ളതുകൊണ്ട് ഇത്തരം തഫ്‌സീറുകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. പില്കാലക്കാര്‍ക്ക് അവയുടെ പ്രാമാണികത പരിശോധിക്കാനും സനദുകളില്‍ ദുര്‍ബലത കണ്ടെത്തിയാല്‍ അവ ഒഴിവാക്കാനും കഴിയും. തഫ്‌സീറിന്റെ ആദ്യ കാലങ്ങളില്‍ ഇസ്‌റാഈലീ കെട്ടുകഥകള്‍ തഫ്‌സീറില്‍ നിന്ന് പ്രതിരോധിക്കാന്‍ തഫ്‌സീറുല്‍ മഅ്‌സൂറുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പില്കാലത്ത് തഫ്‌സീറുകളില്‍ ഇടം പിടിച്ച ദുര്‍ബല സനദുകളുടെ ആധിക്യം കാരണം സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയല്ലാതെ അവ സ്വീകരിക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലെത്തുകയും ചെയ്തു.
തഫ്‌സീര്‍ മദ്‌സൂര്‍ എന്ന ഗണത്തില്‍ പ്രസിദ്ധമായ തഫ്‌സീറുകളില്‍ ചിലത്:
- ‘ജാമിഉല്‍ ബയാന്‍ ഫീ തഫ്‌സീറില്‍ ഖുര്‍ആന്‍’-ഇബ്‌നു ജരീര്‍ ത്വബ്‌രി (ഹിജ്‌റ 224-310).
- ‘ബഹ്‌റുല്‍ ഉലൂം’-അബുല്ലൈസ് സമര്‍ഖന്തി’ (ഹിജ്‌റ 373).
- ‘അല്‍ കശ്ഫു വല്‍ ബയാന്‍ ഫീ തഫ്‌സീറില്‍ ഖുര്‍ആന്‍’-അബൂ ഇസ്ഹാഖ് അസ്സഅ്‌ലബി (ഹിജ്‌റ 427).
- ‘മആലിമുത്തഅ്‌വീല്‍’-അബൂ മുഹമ്മദ് ഹുസൈനുല്‍ ബഗ്‌വി (ഹിജ്‌റ 510).
- ‘അല്‍ മുഹരിറുല്‍ വജീസ് ഫീ തഫ്‌സീറില്‍ കിതാബില്‍ അസീസ്’-ഇബ്‌നു അതിയ്യ അല്‍ അന്തലൂസി (ഹിജ്‌റ 546).
- ‘തഫ്‌സീറുല്‍ ഖുര്‍ആനില്‍ അദ്വീം’-അബുല്‍ ഫിദാ ഹാഫിദ് ഇബ്‌നു കസീര്‍ (ഹിജ്‌റ 776).
- ‘അല്‍ ജവാഹിറുല്‍ ഹിസാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍’-അബ്ദുര്‍റഹ്‌മാന്‍ സആലബി (ഹിജ്‌റ 786).
- ‘അദ്ദുര്‍റുല്‍ മന്‍സൂര്‍ ഫിത്തഫ്‌സീരില്‍ മഅ്‌സൂര്‍’-ജലാലുദ്ദീന്‍ സുയൂത്വി (ഹിജ്‌റ 849911).
ഇജ്തിഹാദീ തഫ്‌സീറുകള്‍
വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ ഒരിനമാണ് ഇജ്തിഹാദീ തഫ്‌സീറുകള്‍. ‘തഫ്‌സീറുന്‍ ബിര്‍റഅ്‌യ്’ എന്ന പേരിലും ഇവ അറിയപ്പെടുന്നു. പ്രവാചകന്റെയും അനുചരന്മാരുടെയും താബിഉകളുടെയും അഭിപ്രായങ്ങള്‍ സനദുകളോട് കൂടി ഉദ്ധരിക്കുക മാത്രമാണ് സാധാരണ തഫ്‌സീറുകളില്‍ ചെയ്തിരുന്നത്. എന്നാല്‍ ഈ വിഭാഗത്തിലെ തഫ്‌സീറുകളില്‍ വ്യാഖ്യാതാക്കളുടെ പങ്ക് നിര്‍വഹിക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ മുഫസ്സിര്‍ (വ്യാഖ്യാതാവ്) ആയത്തുകളെക്കുറിച്ച് തന്റേതായ അഭിപ്രായങ്ങളും ചിന്തകളും രേഖപ്പെടുത്തുന്നു. അറബി ഭാഷ, പ്രയോഗ രീതി, അവതരണ കാരണങ്ങള്‍ തുടങ്ങി ഒരു മുഫസ്സിര്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ മാനദണ്ഡമാക്കിയാണ് ഇജ്തിഹാദ് നടത്തുന്നത്.
ഇജ്തിഹാദിനനുസരിച്ച് ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വീക്ഷണ ഭിന്നതയുണ്ട്. ഇമാം റാഗിബുല്‍ ഇസ്ഫഹാനി പറയുന്നു: ‘പൂര്‍വികരെ ഉദ്ധരിക്കല്‍(നഖ്‌ല്) മാത്രം മതിയെന്ന് പറഞ്ഞാല്‍ തനിക്കാവശ്യമുള്ള പല കാര്യങ്ങളും ഖുര്‍ആനില്‍ നിന്ന് അവന്‍ ഒഴിവാക്കുകയാണ് ചെയ്യുന്നത്. എല്ലാവര്‍ക്കും തന്നിഷ്ടപ്രകാരം വ്യാഖ്യാനിക്കാം എന്നു വന്നാല്‍ അത് നന്മയും തിന്മയും കലര്‍ത്താനുള്ള വേദിയൊരുക്കലാണ്. ”അതിലെ വചനങ്ങള്‍ അവര്‍ ചിന്തിക്കാന്‍ വേണ്ടിയും ബുദ്ധിയുള്ളവര്‍ ആലോചിക്കാന്‍ വേണ്ടിയും ആണ് ഇറക്കിയത് എന്ന ഖുര്‍ആനിന്റെ പ്രസ്താവനയുടെ പ്രസക്തി ആരും പരിഗണിച്ചില്ല” (കിതാബു തഫ്‌സീറില്‍ റാഗിബില്‍ ഇല്ഫാനീ) 8.
ചിന്തയ്ക്കും പഠനത്തിനും നിരന്തരം ആഹ്വാനം ചെയ്യുന്ന ഖുര്‍ആന്‍ ഗവേഷണാത്മക പഠനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ സൂക്ഷ്മാലുക്കളായ പണ്ഡിതന്മാര്‍ ഖുര്‍ആനിലെ വിജ്ഞാനങ്ങളെ മൂന്നായി തരം തിരിക്കുകയും ഇജ്തിഹാദ് അനുവദനീയമായവ ഏതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഒന്ന്, അല്ലാഹുവിന് മാത്രം അറിയുന്നവ, രണ്ട്, മുഹമ്മദ് നബി(സ്വ)ക്ക് മാത്രം അറിയിച്ചവ, മൂന്ന്, സമുദായത്തെ പഠിപ്പിക്കാന്‍ വേണ്ടി ഖുര്‍ആനില്‍ അവതരിപ്പിച്ച ആശയങ്ങള്‍.
ആദ്യ രണ്ടിനങ്ങളില്‍ ഗവേഷണം അനുവദനീയമല്ല. മൂന്നാം വിഭാഗത്തെ വീണ്ടും രണ്ട് ഉപ വിഭാഗങ്ങളായി തിരിക്കാം. ഒന്ന്, പ്രവാചകനില്‍ നിന്ന് മാത്രം കേട്ട് മനസ്സിലാക്കേണ്ടവ. ഉദാ: പുനരുത്ഥാന സംഭവങ്ങള്‍, പൂര്‍വിക കഥകള്‍ തുടങ്ങിയ കാര്യങ്ങള്‍. ഇവ ഗവേഷണത്തിന്നതീതമാണ്. രണ്ട്, ചിന്തകൊണ്ട് ലഭിക്കുന്ന കാര്യങ്ങള്‍. ഭാഷാപ്രയോഗം, മതതത്വങ്ങള്‍, ഉപദേശങ്ങള്‍, സൂചനകള്‍ തുടങ്ങിയ വിഷയങ്ങളടങ്ങിയ ആയത്തുകളാണവ. ഈ ഇനത്തില്‍ മാത്രമേ ഇജ്തിഹാദ് (ഗവേഷണം) അനുവദനീയമാവുകയുള്ളൂ.
References
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 202, ഹദീസ് 2954[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 339, ഹദീസ് 181[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 11, ഹദീസ് 6903[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 20, ഹദീസ് 4485[↩]
- അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍, മുഹമ്മദ് ഹുസൈന്‍ അദ്ദഹബീ, വാള്യം 01, പേജ് 113[↩]
- അന്നശ്ര്‍ ഫീ കിതാബില്‍ അശ്ര്‍, ഇബ്‌നു ജുസ്‌രീ, ഭാഗം 01, പേജ് 06[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 225, ഹദീസ് 2397[↩]
- കിതാബു തഫ്‌സീറില്‍ റാഗിബില്‍ ഇല്ഫാനീ, വാള്യം 01, പേജ് 37[↩]
