തുഗ്ളക്ക് ഭരണകൂടം
ദില്ലി സുല്‍ത്താനേറ്റിന്റെ ചരിത്രത്തില്‍ ഭരണപരീക്ഷണങ്ങളും ഭരണവിപുലീകരണവും ഒരുപോലെ നിറഞ്ഞുനിന്ന കാലഘട്ടമാണ് തുഗ്ളക്ക് ഭരണകൂടം. ധീരമായ ഭരണനയങ്ങള്‍, വിപുലമായ ഭരണപരിധി, സാമ്പത്തികവും ഭരണപരവുമായ പരീക്ഷണങ്ങള്‍ എന്നിവ ഈ ഭരണകാലത്തെ പ്രത്യേകതകളായി കണക്കാക്കപ്പെടുന്നു. ചില നയങ്ങള്‍ വിജയകരമായതായും ചിലത് പ്രതിസന്ധികള്‍ക്ക് വഴിയൊരുക്കിയതായും ചരിത്രം വിലയിരുത്തുമ്പോഴും, തുഗ്ളക്ക് ഭരണകൂടം ദില്ലി സുല്‍ത്താനേറ്റിന്റെ ഭരണസംവിധാനങ്ങളില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയെന്നത് നിഷേധിക്കാനാവില്ല.
ഖില്‍ജി ഭരണത്തില്‍ മുള്‍ത്താന്‍ പ്രവിശ്യയിലെ ഗവര്‍ണറായിരുന്ന ഗിയാസുദ്ദീന്‍ തുഗ്ലക്ക് 1321ല്‍ സ്ഥാപിച്ചതാണ് തുഗ്ളക്ക് ഭരണകൂടം. അലാവുദ്ദീന്‍ ഖില്‍ജിയുടെ മകന് മുബാറക്ഷായെ വധിച്ച് ഭരണം പിടിച്ച ഖുസ്രുവിനെ കീഴ്പ്പെടുത്തിയാണ് ഗിയാസുദ്ദീന്‍ ഡല്‍ഹി സുല്ത്വനത്തിന്റെ ഭാഗമായത്.
മംഗോളിയരുടെ ആക്രമണങ്ങളില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചതു വഴി ഗിയാസുദ്ദീന്‍ തുഗ്ളക്ക്, ഗാസീമാലിക് എന്ന പേരില്‍ വിശ്രുതനായിരുന്നു. ഡല്‍ഹിയുടെ കടിഞ്ഞാണ്‍ പിടിച്ച അദ്ദേഹം മാതൃകാപരമായ ഭരണമാണ് കാഴ്ചവെച്ചത്.
അക്കാലത്ത് ഡക്കാനും ചില ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളും ഡല്‍ഹി സുല്ത്വനത്തില് ചേരാതെ സാമന്തരാജ്യങ്ങളായി തുടരുകയായിരുന്നു. തുഗ്ലക്ക് ഇതൊഴിവാക്കി അവയെ രാജ്യത്തോട് കൂട്ടിച്ചേര്‍ത്തു. ഭരണക്രമത്തെ ജനകീയമാക്കി ഉടച്ചുവാര്‍ത്തു. നികുതി ലളിതമാക്കുകയും കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്തു. ആഡംബരവും ധൂര്‍ത്തും ഒഴിവാക്കി. ഏതാനും പേര്‍ക്ക് വാരിക്കോരി കൊടുത്തില്ല. പകരം മുഴുവന്‍ പേര്‍ക്കും കണക്കാക്കി നല്കി. മതകാര്യങ്ങളില്‍ കണിശത കാട്ടുകയും ചെയ്തു.
മുഹമ്മദ് തുഗ്ലക്ക്
ചരിത്രത്തില്‍ ‘ബുദ്ധിമാനായ വിഡ്ഢി’ എന്ന അപഖ്യാതിക്കിരയായ വ്യക്തിയാണ് മുഹമ്മദ് തുഗ്ലക്ക്. ഗിയാസുദ്ദീന്റെ മരണ ശേഷമാണ് 1325ല്‍ പുത്രനായ മുഹമ്മദ് ഭരണ സാരഥ്യമേറുന്നത്. ബുദ്ധിമാനും പണ്ഡിതനും കലാകാരനുമായിരുന്നു മുഹമ്മദ്.
ഭരണത്തിന്റെ രണ്ടാം വര്‍ഷത്തില്‍ തന്നെ ആസ്ഥാനം ഡല്‍ഹിയില്‍ നിന്ന് ദൗലത്താബാദിലേക്ക് മാറ്റി. ഇത് ജനങ്ങളെ ബാധിക്കുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴേക്ക് പത്തു വര്‍ഷം കഴിഞ്ഞിരുന്നു. അതോടെ തീരുമാനം പിന്‍വലിച്ച് ആസ്ഥാനം വീണ്ടും ഡല്‍ഹി തന്നെയാക്കി.
അതുപോലെ, ചെമ്പുനാണയങ്ങള്‍ അടിച്ചിറക്കി പരിഷ്കരണത്തിന് ശ്രമിച്ചു. എന്നാല്‍ നഷ്ടമാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ ആ നാണയങ്ങള്‍ പിന്‍വലിച്ചു. ഇത്തരം ശ്രമങ്ങളാണ് മുഹമ്മദ് തുഗ്ലക്കിനെ ‘കിറുക്കനും’ ‘വിരുദ്ധ വ്യക്തിത്വ’ത്തിനുടമയുമാക്കി പരിചയപ്പെ ടുത്താന്‍ ചില ചരിത്രകാരന്മാരെ പ്രേരിപ്പിച്ചത്. എന്നാല്‍ ജനനന്മ ലക്ഷ്യമാക്കുന്ന ഒരു ഭരണാധികാരി തന്റെ തെറ്റായ തീരുമാനങ്ങള്‍ പിന്‍വലിക്കുന്നതില്‍ എന്താണ് അസാംഗത്യമുള്ളത്. തലസ്ഥാനങ്ങളും നാണയങ്ങളും മാറുന്നത് എങ്ങനെയാണ് കിറുക്കാവുന്നത്?
25 വര്‍ഷമാണ് മുഹമ്മദ് തുഗ്ലക്കിന്റെ ഭരണ കാലം. ഇതില്‍ ആദ്യപകുതി സമാധാന- ക്ഷേമപൂര്ണമായിരുന്നു. ഡല്‍ഹി സുല്‍ത്വനത്ത് പുരോഗതിയുടെ പരമകാഷ്ഠ പ്രാപിച്ച നാളുകളുമായിരുന്നു അത്. എന്നാല്‍ രണ്ടാം പകുതി, വിവിധ കലാപങ്ങളാല്‍ അസ്വസ്ഥ പൂര്‍ണമായിരുന്നു. തെക്കും കിഴക്കും ഭാഗങ്ങളിലും ഡെക്കാനിലും സിന്ധിലും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും സ്വതന്ത്രമായ ഭരണകൂടങ്ങള്‍ നിലവില്‍ വരികയും ചെയ്തു.
ഇവ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് 1351ല്‍ മുഹമ്മദ് തുഗ്ലക്ക് മരണമടയുന്നത്.
ഫിറോസ് ഷാ തുഗ്ലക്ക്
മുഹമ്മദ് തുഗ്ലക്കിന് ശേഷം ഈ വംശത്തില്‍ അഞ്ച് പേര് ഭരണം നടത്തി. ഇവരില്‍ പ്രമുഖനാണ് മുഹമ്മദ് തുഗ്ലക്കിന്റെ പിതൃവ്യ പുത്രന് ഫിറോസ് ഷാ തുഗ്ലക്ക്. 1351ലാണ് ഫിറോസ് അധികാരമേറ്റത്. പ്രവിശ്യകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു പിന്നാലെ അവ അടിച്ചമര്‍ത്താന്‍ നടത്തിയ യുദ്ധങ്ങളില്‍ ആയിരങ്ങള്‍ മരിച്ചു വീണിരുന്നു. മുഹമ്മദിന്റെ കാലത്തു നടന്ന ഈ രക്തരൂഷിത യുദ്ധങ്ങള്‍, ഫിറോസ്ഷായെ ഏറെ സങ്കടത്തിലാക്കി. അതുകൊണ്ടാവാം യുദ്ധങ്ങളില്ലാത്ത, സമാധാനപൂര്‍ണമായ രാജ്യമാണ് ഫിറോസ് ഇഷ്ടപ്പെട്ടത്.
രാജ്യമൊട്ടാകെ നിരവധി കനാലുകള്‍, കുളങ്ങള്‍, തോടുകള്‍, തോട്ടങ്ങള്‍, പൂന്തോട്ടങ്ങള്‍, പാലങ്ങള്‍ എന്നിവ അദ്ദേഹം പണിതു. ആശുപത്രികള്‍, സത്രങ്ങള്‍, പള്ളികള്‍, മതപഠന ശാലകള്‍ എന്നിവയും സ്ഥാപിച്ചു. നൂറ്റമ്പതോളം പാലങ്ങളും നിര്‍മിച്ചു. ജോണ്‍പൂര്‍, ഫിറോസ് പൂര്, ഹോഷിയാര്‍ പൂര് തുടങ്ങി ചെറുതും വലുതുമായ ഇരുന്നൂറിലധികം പട്ടണങ്ങള്‍ പണി കഴിപ്പിച്ചു. ഡല്‍ഹി ലോകോത്തര നഗരമായി മാറിയത് ഫിറോസ് ഷായുടെ ഭരണത്തിലാണ്. (1398ലെ തിമൂറിന്റെ ആക്രമണത്തില്‍ പക്ഷെ, ഡല്‍ഹി തകര്‍ന്നടിയുകയാണ് ചെയ്തത്)
പ്രജകളുടെ മനം കവര്‍ന്നുള്ള ഫിറേസ് ഷായുടെ ഭരണം 38 വര്‍ഷം നീണ്ടു നിന്നു. 1388 ലായിരുന്നു മരണം. പിന്നീട് 25 വര്‍ഷം കൂടി തുഗ്ലക്ക് ഭരണം നിലനിന്നെങ്കിലും രാജ്യം സംഘര്‍ഷ ഭരിതമായിരുന്നു. ഒടുവില്‍ തിമൂറിന്റെ അക്രമണത്തില്‍ മഹ്മൂദ്ഷാ തുഗ്ലക്കിന്റെ സിംഹാസനം ആടിയുലഞ്ഞു. ഡല്‍ഹി സുല്‍ത്വനത്ത് അതീവ ദുര്‍ബലാവസ്ഥയിലുമായി. പുറത്തു നിന്നുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ പോലും ത്രാണിയില്ലാത്ത അവസ്ഥയില്‍ അത് അധികകാലം നീണ്ടില്ല. 1413ല്‍ മഹ്മൂദ് ഷാ അന്തരിക്കുകയും തുഗ്ലക്ക് ഭരണവും അതോടൊപ്പം ഡല്‍ഹി സുല്‍ത്വനത്ത് തന്നെയും നിലംപതിക്കുകയും ചെയ്തു.
ഒമ്പതരപ്പതിറ്റാണ്ടാണ് തുഗ്ളക്ക് വംശം ഡല്‍ഹിയുടെ കടിഞ്ഞാണ്‍ നിയന്ത്രിച്ചത്. ഇന്ത്യയുടെ പ്രതാപകാലം കൂടിയായിരുന്നു ഈ ദശകങ്ങളത്രയും.
സയ്യിദ് ഭരണകൂടം
അവസാന തുഗ്ളക്ക് ഭരണാധികാരിയായ മഹ്മൂദ് ഷായെ തോല്പിച്ച് 1398ല്‍ തിമൂര്‍ ഡല്‍ഹി പിടിച്ചു. ഇതോടെ വിവിധ പ്രവിശ്യകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും സ്വയം ഭരണം നടത്തുകയും ചെയ്തു. പഞ്ചാബില്‍ ഗവര്‍ണറായി യാസിര്‍ഖാന്‍ എന്നയാളെ നിശ്ചയിച്ചാണ് തിമൂര്‍ ഇന്ത്യവിട്ടത്. നാമമാത്ര അധികാരവുമായി നിലവിലുണ്ടായിരുന്ന മഹ്മൂദ്ഷാ തുഗ്ലക്കും യാസിര്ഖാനും തമ്മില്‍ വര്‍ഷങ്ങളോളം യുദ്ധം നടന്നു കൊണ്ടിരുന്നു. എന്നാല്‍ 1413ല്‍ മഹ്മൂദ്ഷാ അന്തരിച്ചതോടെ 1414ല്‍ യാസിര്‍ഖാന്‍ ഡല്‍ഹി കീഴടക്കി. അദ്ദേഹം സ്ഥാപിച്ച ഭരണകൂടമാണ് സയ്യിദ് വംശം. നബിയുടെ കുടുംബമാണെന്ന അവകാശ വാദമുയര്‍ത്തിയാണ് ‘സയ്യിദ്’ എന്ന പേര് സ്വീകരിച്ചത്.
ഡല്‍ഹിയിലും പഞ്ചാബിലും മാത്രമേ സയ്യിദ് ഭരണമുണ്ടായിരുന്നുള്ളൂ. യാസിര്ഖാനു ശേഷം 1443ല്‍ അധികാരമേറ്റത് സയ്യിദ് ആലംഷാ ആയിരുന്നു. ആലംഷാക്ക് പഞ്ചാബും നഷ്ടപ്പെട്ടു. 1457ല്‍, ലാഹോര്‍ ഗവര്‍ണറായിരുന്ന ബഹ്ലൂല് ലോദി ഡല്‍ഹി കീഴടക്കിയതോടെ സയ്യിദ് ഭരണത്തിന് അന്ത്യമായി.
ലോദി ഭരണം
ഡല്‍ഹി കേന്ദ്രമായി 1451ല്‍ ബഹ്ലൂല് ലോദി സ്ഥാപിച്ചതാണ് ലോദി ഭരണകൂടം (1451-1526). സയ്യിദ് ഭരണത്തില്‍ നിന്ന് വ്യത്യസ്തമായി ഭദ്രവും വ്യവസ്ഥാപിതവുമായ ഭരണമാണ് ലോദിമാര് കാഴ്ചവെച്ചത്. മുഗള്‍ വംശത്തിന്റെ ആധിപത്യം സ്ഥാപിതമായ 1526വരെ ലോദി ഭരണം നീണ്ടുനിന്നു.
ബഹ്ലൂല് ലോദി ലാഹോറില്‍ നിന്നെത്തിയ പഠാണി മുസ്ലിമാണ്. നാലു പതിറ്റാണ്ട് ഭരിച്ച ലോദി 1489ല്‍ മരിക്കുകയും പുത്രന് ഇസ്കന്ദര്‍ ലോദി ഭരണസാരഥ്യമേറുകയും ചെയ്തു.
ഈ വംശത്തിലെ പുകള്‍പെറ്റ ഭരണാധികാരിയായിരുന്നു ഇസ്കന്ദര്‍. ഡല്‍ഹിയുടെ സമീപത്ത് സിക്കന്ദറാബാദ് എന്ന പേരില്‍ ഒരു പട്ടണം പണിത് തലസ്ഥാനം അങ്ങോട്ട് മാറ്റി അദ്ദേഹം. സിക്കന്ദറാബാദാണ് പിന്നീട് ‘ആഗ്ര’യായത്.
സാമൂഹിക ക്ഷേമ-ദാരിദ്ര്യ നിര്‍മാര്‍ജന കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ച സിക്കന്ദര്‍ പാവപ്പെട്ടവര്‍ക്ക് പെന്ഷന് നല്‍കിയിരുന്നു.
1517 മുതല്‍ ഇസ്കന്ദറിന്റെ മകന് ഇബ്റാഹീം ലോദിയാണ് ഭരണം നയിച്ചത്. അഭ്യന്തര ശൈഥില്യം കൊണ്ട് പൊറുതി മുട്ടുന്നതിനിടെയാണ് 1526ല്‍ ബാബറിന്റെ ആക്രമണം. അതോടെ ലോദി വംശത്തിന്റെ അന്ത്യം കുറിക്കപ്പെട്ടു.
