ശൈത്വാന്, ഇബ്ലീസ്
ശൈത്വാൻ, ഇബ്ലീസ് എന്നീ പദങ്ങൾ പല അർഥത്തിൽ ഉപയോഗിക്കാറുണ്ട്. ശൈത്വാൻ (പിശാച്) എന്ന പദം പൊതുവായി ഉപയോഗിക്കാറുള്ളതാണ്. ധിക്കരിക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്യുന്നവയ്ക്കെല്ലാം ശൈത്വാൻ എന്ന് ഉപയോഗിക്കാറുണ്ട്. ആദം നബിക്ക് സുജൂദ് ചെയ്യാൻ വിസമ്മതിച്ച ജിന്ന് വിഭാഗത്തിൽ നിന്നുള്ളവനാണ് ഇബ്ലീസ്. ലോകാവസാനം വരെ മനുഷ്യനെ വഴിതെറ്റിക്കുവാനായി പരിശ്രമിക്കാനുള്ള അനുവാദം അല്ലാഹു പിശാചുക്കൾക്ക് നൽകിയിട്ടുണ്ട്.
ശൈത്വാന് എന്ന പ്രയോഗം ഖുര്‍ആനില്‍, ശൈത്വാന് എന്ന പ്രയോഗം നബിവചനങ്ങളിൽ, പിശാചിന്റെ കട്ടുകേള്‍വി തുടങ്ങി പിശാചുമായി ബന്ധപ്പെട്ട കുറേയേറെ കാര്യങ്ങൾ വിശദമായി ഈ ലേഖനത്തിൽ വായിക്കാം.
ജിന്നു വര്‍ഗത്തില്‍പ്പെട്ട സത്യനിഷേധികള്‍ക്കും ദുര്മാര്ഗികള്ക്കുമാണ് ശൈത്വാന് (പിശാച്) എന്നും ഇബ്ലീസ് എന്നും പറയുന്നത്. ശൈത്വാനും ഇബ്ലീസും ഒരേ വര്‍ഗത്തിനുള്ള രണ്ടു പേരുകളാണ്. മനുഷ്യരിലും ജിന്നുകളിലുമുള്ള പിശാചുക്കള്‍ എന്ന് വിശുദ്ധ ഖുര്‍ആനില്‍ (114:5,6) പ്രയോഗിച്ചിട്ടുണ്ട്.
‘ശത്വന’ എന്ന പദധാതുവില്‍ നിന്ന് നിഷ്പന്നമായാണ് ശൈത്വാന് എന്ന പദമുണ്ടാവുന്നത്. എതിര്‍ക്കുക, ദൂരെയാക്കുക, കെട്ടുക, പ്രവേശിക്കുക മുതലായ അര്‍ഥമാണ് ഈ പദത്തിനുള്ളത്. ശൈത്വാന് എന്ന വാക്കിന്റെ അര്‍ഥം പിശാച്, ചകുത്താന്‍, ദുഷ്ടന്, അധര്‍മകാരി, മനുഷ്യ-ജിന്ന് വര്‍ഗങ്ങളില്‍പ്പെട്ട കുഴപ്പക്കാരന്‍, തെമ്മാടി, പാമ്പ്, ദേഷ്യം എന്നിവയാണ് (അല്‍ മന്‍ഹല്‍) 1.
അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ നിന്ന് വിദൂരമായവന് അല്ലെങ്കില്‍ അല്ലാഹുവിന്റെ കല്‍പ്പനയെ എതിര്‍ത്തവന്‍ എന്ന അര്‍ഥത്തിലാണ് ശൈത്വാന് എന്നപേര്. ആദമിന് സുജൂദ് ചെയ്യാതെ വിസമ്മതം കാണിച്ച ജിന്നിലെ ഈ വിഭാഗത്തിനാണ് അല്ലാഹു ഈ പേര് നല്‍കുന്നത്.
‘അബ്ലസ’ എന്ന പദധാതുവില്‍ നിന്നാണ് ഇബ്ലീസ് എന്ന പദം ഉദ്ഭവിക്കുന്നത്. നിരാശപ്പെടുക, ആശമുറിയുക എന്നതാണ് ഈ പദത്തിന്റെ അര്‍ഥം. ആദമിന് സുജൂദ് ചെയ്യാന്‍ വിസമ്മതിച്ചതിനാല്‍ അവനെ അല്ലാഹു സ്വര്‍ഗലോകത്തുനിന്ന് പുറത്താക്കി. അതിനാല്‍ അല്ലാഹുവിന്റെ ആദരവിനെയും അവന്റെ അനുഗ്രഹത്തെയും സംബന്ധിച്ച് നിരാശപ്പെട്ടവന്‍ എന്ന ആശയത്തിലാണ് ഇബ്ലീസ് എന്ന് അല്ലാഹു അവന് പേര് നല്‍കുന്നത്.
ലിസാനുല്‍ അറബില്‍ ഇപ്രകാരം കാണുന്നു. ‘ധിക്കരിക്കുകയും അനുസരണക്കേട് കാണിക്കുകയും പരിധി ലംഘിക്കുകയും ചെയ്യുന്ന ജിന്നുകളിലും മനുഷ്യരിലും ജീവികളിലും പെട്ട എല്ലാത്തിനും പിശാച് എന്ന് പറയും’ (ലിസാനുല്‍ അറബ്) 2.
അല്‍ഖാമൂസ് നിഘണ്ടുവില്‍ ഇപ്രകാരം വിശദീകരിക്കുന്നു. ‘ജീവികളില്‍ നിന്നും മനുഷ്യരില്‍ നിന്നും ജിന്നുകളില്‍ നിന്നും പരിധി ലംഘിക്കുന്ന എല്ലാറ്റിനേയും പിശാച് എന്ന് പറയും’ (ഖാമൂസ്) 3
ഇമാം ക്വുര്‍ത്വുബി ഇബ്ലീസ് എന്ന പദത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ആശമുറിഞ്ഞവന് എന്നതില്‍ നിന്നാണ് ഇബ്ലീസ് എന്ന പദം ഉത്ഭവിക്കുന്നത്. അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് പിശാച് ആശമുറിഞ്ഞവനായി (ഖുര്‍ത്വുബി) 4.
മനുഷ്യനില്‍ നിന്നും ജിന്നുകളില്‍ നിന്നും മറ്റു ജീവികളില്‍ നിന്നും പരിധി ലംഘിക്കുന്ന എല്ലാറ്റിനും ശൈത്വാന് എന്ന് പ്രയോഗിക്കും (ഖാമൂസുല്‍ മുഹീത്വ്) 3.
ശൈത്വാന്, ജിന്ന് എന്നീ പദങ്ങള്‍ നാനാര്ഥമുള്ള പദമാണ്. അതിനാല്‍ ഓരോ സന്ദര്‍ഭത്തിനും യോജിച്ച അര്‍ഥമാണ് ആ പദങ്ങള്‍ക്ക് നല്‍കേണ്ടത്.
ശൈത്വാന് എന്ന പ്രയോഗം ഖുര്‍ആനില്‍
വിശുദ്ധ ഖുര്‍ആനില്‍ ധാരാളം വചനങ്ങളില്‍ ശൈത്വാന് എന്ന പ്രയോഗം വന്നിട്ടുണ്ട്. നാനാര്ഥമുള്ള ഒരു പദമായതിനാല് ശൈത്വാന് എന്നതിന്റെ വിവക്ഷ സന്ദര്‍ഭത്തിനനുസരിച്ച് മനസ്സിലാക്കണം.
- ‘ശൈത്വാന്’മാരുടെ അടുത്ത് തനിച്ചാകുമ്പോള്‍ അവരോട് പറയും ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാകുന്നു. ഞങ്ങള്‍ വിശ്വാസികളെ കളിയാക്കുക മാത്രമായിരുന്നു’ (2:14). ഇവിടെ ശൈത്വാന് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് ദുര്‍മാര്‍ഗികളായ നേതാക്കന്മാരും സ്നേഹിതരുമാണ്. ഇബ്നു കസീര്‍ രേഖപ്പെടുത്തുന്നു: ‘അവരുടെ പിശാചുക്കള്‍ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം ജൂതപണ്ഡിതന്മാരില്പ്പെട്ടവരും മുശ്രിക്കുകളുടെ നേതാക്കന്മാരില്പ്പെട്ടവരും കപടവിശ്വാസികളില്‍ പെട്ടവരുമായ അവരുടെ നേതാക്കന്മാരും പ്രമാണിമാരും ആകുന്നു.’ ഇബ്നു ജരീര്‍ പറയുന്നു. പിശാചുക്കള്‍ മനുഷ്യരിലും ജിന്നുകളിലുമുണ്ട് (ഇബ്നു കസീര്‍ ) 5.
- ‘സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങളതെല്ലാം വര്‍ജിക്കുക. നിങ്ങള്‍ വിജയം പ്രാപിക്കാം. ശൈത്വാന് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉണ്ടാക്കാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അവയില്‍ നിന്ന് വിരമിക്കാനുള്ള ഒരുക്കമുണ്ടോ?’ (5:90,91). ഇവിടെ കള്ളും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നംവെച്ചുനോക്കുന്ന അമ്പുമെല്ലാം പിശാചിന്റെ പ്രവൃത്തിയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. പിശാച് മനുഷ്യ മനസ്സിനെ സ്വാധീനിച്ച് ഇത്തരം അധാര്‍മിക വൃത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്. പിശാചിന്റെ ദുര്‍ബോധനം ഇതിന് പ്രേരണയായി പ്രവര്‍ത്തിച്ചതിനാല്‍ പിശാചിലേക്ക് അത് ചേര്ത്തിപ്പറഞ്ഞതാണ്. ഇമാം ശൗക്കാനി ഇത് വ്യക്തമാക്കുന്നു. ‘പിശാച് അവയെ നല്ലതാക്കി കാണിക്കല്‍, ഭംഗിപ്പെടുത്തല്‍ എന്നിവ മുഖേന മനുഷ്യരെക്കൊണ്ടത് ചെയ്യിക്കുന്നതിനാല്‍ അവ പിശാചിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നു പറയുന്നു’ (ഫത്ഹുല്‍ ഖദീര്‍) 6.
- ‘അപ്രകാരം എല്ലാ പ്രവാചകന്മാര്ക്കും മനുഷ്യരില്‍ നിന്നും ജിന്നില്‍ നിന്നുമുള്ള പിശാചുക്കളെ ശത്രുക്കളായിട്ട് നാം ആക്കിയിട്ടുണ്ട്‘ (6:112). ഇതിന്റെ വിവക്ഷ പിശാചുക്കള്‍ മനുഷ്യരൂപത്തില്‍ വരുമെന്നല്ല. അന്ധവിശ്വാസങ്ങളും അടിസ്ഥാനരഹിതമായതും പ്രചരിപ്പിക്കുന്ന പണ്ഡിതവേഷധാരികള്‍ മനുഷ്യപ്പിശാചുക്കളിലെ ഒരിനമാണ്.
- നരകത്തിലെ സഖ്ഖൂം എന്ന വൃക്ഷത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ നടത്തിയ ഉപമ ശ്രദ്ധേയമാണ്.
‘നരകത്തിന്റെ അടിയില്‍ മുളച്ചുപൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്. അതിന്റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും‘ (37:64,65). വികൃതമായതിനെ പിശാചിനോട് ഉപമിക്കുക എന്ന സാഹിത്യ പ്രയോഗമാണിവിടെ നടത്തിയത്. തല വികൃതമായ ഒരു ചെടിയാണിത് (ലിസാനുല്‍ അറബ്) 7, തഫ്സീര്‍ കുര്‍ത്വുബി 8, തഫ്സീര്‍ റാസി 9, തഫ്സീര്‍ ഇബ്നു കസീര്‍) 10. - ‘അതു പിശാചു തന്നെ. അവന് തന്റെ മിത്രങ്ങളെക്കുറിച്ച് നിങ്ങളെ ഭയപ്പെടുത്തും. അപ്പോള്‍ നിങ്ങല്‍ ഭയപ്പെടരുത്. എന്നെ നിങ്ങള്‍ ഭയപ്പെടുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍’ (3:175). ഇമാം റശീദ്രിദ്വാ(റ) എഴുതുന്നു. ഇവിടെ പിശാച് എന്നതിന്റെ വിവക്ഷ മനുഷ്യരില്‍ നിന്നുള്ള പിശാചാണ്. ഇവിടെ വിവക്ഷ അബൂസുഫ്യാനാണെന്നും അഭിപ്രായമുണ്ട് (തഫ്സീറുല്‍ മനാര്‍) 11.
ശൈത്വാന് എന്ന പ്രയോഗം നബിവചനങ്ങളില്‍
പിശാച് എന്നര്‍ഥം വരുന്ന ശൈത്വാന് എന്ന പദം വ്യത്യസ്തമായ അര്‍ഥത്തില്‍ പ്രയോഗിക്കപ്പെട്ടതായി ഹദീസുകളില്‍ കാണാന്‍ സാധിക്കും. യഥാര്‍ഥ അര്‍ഥത്തിലും ആലങ്കാരിക പ്രയോഗമായും ഈ പദം ഉപയോഗിച്ചതായി കാണാം.
- ജാബിര്‍(റ) പറയുന്നു: ‘തീര്‍ച്ചയായും അല്ലാഹുവിന്റെ റസൂല്‍ തന്നോട്പറഞ്ഞു: ഒരു വിരിപ്പ് പുരുഷന്, ഒരു വിരിപ്പ് തന്റെ ഭാര്യക്ക്, മൂന്നാമത്തേത് അതിഥിക്ക്, നാലാമത്തേത് പിശാചിന്’. (മുസ്ലിം) 12). ഇവിടെ ആവശ്യത്തിലധികം മുറികളുള്ള വലിയ വീടുകളുണ്ടാക്കി പണം ധൂര്‍ത്തടിക്കുന്നതിനെ നബി(സ്വ) പിശാചിലേക്ക് ചേര്‍ത്തി പറഞ്ഞിരിക്കുന്നു. ധൂര്ത്തന്മാരെ പിശാചിന്റെ സഹോദരന്മാര് എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ഈ ഹദീസിന്റ വിശദീകരണത്തില്‍ ഇമാം നവവി പറയുന്നു. ‘പണ്ഡിതന്മാര് പറഞ്ഞു, ഈ ഹദീസിന്റെ അര്‍ഥം ആവശ്യത്തിലധികം റൂമുകള്‍ ഉണ്ടാക്കുന്നത് അഹങ്കരിക്കാനും പെരുമനടിക്കാനും ഭൗതിക സുഖങ്ങളില്‍ ആനന്ദിച്ചു രസിക്കാനുമാണ്. ആക്ഷേപാര്‍ഹമായ എല്ലാ കാര്യങ്ങളും പിശാചിലേക്ക് ചേര്‍ക്കപ്പെടുന്നതാണ്. കാരണം, ഇത്തരം സ്വഭാവങ്ങള്‍ പിശാചിനെ തൃപ്തിപ്പെടുത്തുകയും മനുഷ്യമനസ്സില്‍ ശൈത്വാന് വസ്വാസ് ഉണ്ടാക്കുകയും അതെല്ലാം നന്നായി തോന്നിപ്പിക്കുകയും അതിന് വേണ്ട സഹായങ്ങള്‍ പിശാച് ചൈതുകൊടുക്കുകയും ചെയ്യും’ (ശറഹു മുസ്ലിം) 13.
- അബൂസഈദില്‍ ഖുദ്രി(റ) പറയുന്നു: നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു. നിങ്ങളില്‍ ആരെങ്കിലും മനുഷ്യരില്‍ നിന്ന് മറയ്ക്കുന്ന (തടയുന്ന) ഒരു മറയുടെ നേരെ തിരിഞ്ഞു നമസ്കരിച്ചു. അന്നേരം അവന്റെ മുന്നിലൂടെ ഒരാള്‍ കടന്നുപോകാന്‍ ശ്രമിച്ചാല്‍ അവനെ തടയട്ടെ. അവന് പ്രതിരോധിച്ചാല്‍ അവനുമായി മല്ലിടാം (മുസ്ലിം) 14). എന്നിട്ട് അത് പിശാചിന്റെ രണ്ടു കൊമ്പുകള്‍ക്കിടയില്‍ ആയാല്‍ എഴുന്നേറ്റ് നാലു കൊത്ത് കൊത്തും (മുസ്ലിം) 15). പിശാചിന് തൃപ്തിയുള്ള സമയമായതിനാല്‍ സൂര്യന് അസ്തമിക്കുന്നത് പിശാചിന്റെ രണ്ട് കൊമ്പുകള്ക്കിടയിലാണെന്ന് നബി(സ്വ) ഉപമയായി പ്രസ്താവിച്ചതാണ്.ഇമാ നവവീ(റ) പറയുന്നു: ഇത് ഒരു ഉപമയാണ്. ഹദീസിന്റെ വിവക്ഷ അസ്വ്ര്‍ നമസ്കാരം മനുഷ്യന് പിന്തിക്കുന്നത് പിശാച് ഭംഗിയായി തോന്നിപ്പിച്ചതുകൊണ്ടാണ്. കൊമ്പുകളുള്ള ജീവികള്‍ കൊമ്പുകൊണ്ട് പ്രതിരോധിക്കുന്നതുപോലെ വേഗത്തില്‍ നമസ്കരിക്കുന്നതിനെ അവന് പ്രതിരോധിക്കുന്നതുകൊണ്ടും (ശറഹു മുസ്ലിം) 16).
ഉപദ്രവം ചെയ്യുന്ന വസ്തുക്കളെയും വ്യക്തികളെയും മറ്റും പിശാചിലേക്ക് ചേര്‍ത്തുപറയുക എന്ന അറബികളുടെ ശൈലിയാണ് വിശുദ്ധ ഖുര്‍ആനില്‍ ശൈത്വാന്, ഇബ്ലീസ് എന്ന പ്രയോഗവുമായി ബന്ധപ്പെട്ട് നാം കാണുന്നത്. അതേശൈലി തന്നെയാണ് ഉപരിസൂചിത ഹദീസുകളുടെ സാരാംശങ്ങളിലും കാണാന്‍ സാധിക്കുന്നത്. വസ്തുതകളെ മനസ്സിലാക്കാതെ കേവലം പദത്തിന്റെ പ്രത്യക്ഷാര്‍ഥത്തില്‍ മാത്രം ഒതുങ്ങി അന്ധവിശ്വാസങ്ങള്‍ക്ക് തെളിവുണ്ടാക്കുകയാണ് ഒരു കൂട്ടര് ചെയ്യുന്നത്. സന്ദര്‍ഭത്തിനനുസരിച്ച് പ്രസ്തുത പദങ്ങളുടെ വിശാലമായ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളാനാണ് നാം ശ്രമിക്കേണ്ടത്.
പിശാചിന്റെ കട്ടുകേള്‍വി
പരിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്നതിന് മുമ്പ് ജിന്നുകള്‍ വാനലോകത്തെ രഹസ്യങ്ങള്‍ കട്ടുകേള്‍ക്കുവാന്‍ ശ്രമിച്ചിരുന്നു. അവരുടെ ആ പതിവ് ഖുര്‍ആന്റെ അവതരണ ശേഷവും തുടര്‍ന്നപ്പോള്‍ വാനലോകത്തേക്കുള്ള പ്രവേശനം പരിപൂര്‍ണമായും തടയപ്പെട്ടതായി അവര്‍ കാണുകയും ചെയ്തു. ഇതിന്റെ രഹസ്യമറിയാതെ അവര്‍ ചുറ്റിനടക്കുന്ന സന്ദര്‍ഭത്തിലാണ് ഖുര്‍ആന്‍ പാരായണം കേള്‍ക്കുന്നത്. അപ്പോള്‍ ഈ ഖുര്‍ആന്റെ അവതതരണമാണ് ഇതിന്റെ കാരണമെന്ന് മറ്റുള്ള ജിന്നുകളോട് ഇവര്‍ പറയുകയാണ്.
അല്ലാഹു പറയുന്നു: ‘ആകാശത്തിലെ ചില ഇരിപ്പിടങ്ങളില്‍ കേള്‍ക്കുവാന്‍ വേണ്ടി ഞങ്ങള്‍ ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെങ്കിലും കട്ട് കേള്‍ക്കുകയാണെങ്കില്‍ കാത്തിരിക്കുന്ന തീജ്വാലയെ അവന്ന് കണ്ടെത്താനാവും (72:9).
ഖുര്‍ആന്‍ അവതരണത്തിന് മുമ്പ് പിശാചുക്കള്‍ കട്ടുകേട്ട വാര്‍ത്തകള്‍ ജോത്സ്യന്മാരിലേക്കും മറ്റും എത്തിച്ചുകൊടുക്കാറുണ്ടായിരുന്നുവെന്നും ഖുര്‍ആന്‍ അവതരണ ശേഷം അതിന് സാധ്യമല്ലെന്നും, വല്ലവനും കട്ടുകേള്‍ക്കുന്ന പക്ഷം അവനെ നശിപ്പിക്കുന്ന തീജ്വാലകള്‍ അവനെ പിന്തുടര്ന്ന് നശിപ്പിക്കുമെന്നും പരിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി പറഞ്ഞ് തന്നു. പിശാചുക്കള്‍ ആകാശ ലോകത്ത് നടക്കുന്ന സംസാരം കേട്ട് ജ്യോത്സ്യന്മാരിലേക്ക് എത്തിച്ചുകൊടുക്കുന്നുവെന്ന് വാദിക്കുന്നത് അടിസ്ഥാനരഹിതമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ജിന്നുകള്‍ക്ക് കട്ടുകേള്‍ക്കാനുള്ള സ്വാതന്ത്ര്യം പരിപൂര്‍ണ്ണമായി എടുത്തുകളഞ്ഞതിനെ സംബന്ധിച്ച് അവര്‍തന്നെ പറയുന്നത് കാണൂ, ‘ഭൂമിയിലുള്ളവര്‍ക്ക് തിന്മയാണോ അവരുടെ നാഥന് ഉദ്ദേശിച്ചത്, അതല്ല സന്മാര്‍ഗമാണോ എന്ന് ഞങ്ങള്‍ക്കറിഞ്ഞു കൂടാ‘ (72:10).
അദൃശ്യകാര്യം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ, അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് വഹ്യ് മുഖേന നബിമാര്‍ക്ക് അറിയിച്ചുകൊടുക്കുകയും ചെയ്യുന്നു. ആകാശലോകത്തേക്കുള്ള പിശാചിന്റെ പ്രവേശം പരിപൂര്‍ണ്ണമായും വിരോധിക്കുന്നതിന് മുമ്പ് മലക്കുകള്‍ തമ്മിലുള്ള സംഭാഷണം പിശാചുക്കള്‍ കട്ടുകേട്ട് ഭൂമിയിലുള്ള അവരുടെ മിത്രങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുമായിരുന്നു. അല്ലാഹു പറയുന്നു: ‘ഞങ്ങള്‍ ആകാശത്തെ തൊട്ടുനോക്കി. അപ്പോള്‍ അത് ശക്തരായ പാറാവുകാരാലും തീ ജ്വാലകളാലും നിറയ്ക്കപ്പെട്ടതായി ഞങ്ങള്‍ക്കനുഭവപ്പെട്ടു‘ (72:8). നബി(സ്വ)യുടെ നിയോഗത്തോടെ പിശാചുക്കളുടെ പ്രവേശനം നിയന്ത്രിക്കപ്പെട്ടു. ചില കാവല്ക്കാരെ ഏര്‍പ്പെടുത്തുകയും നക്ഷത്രങ്ങളില്‍ നിന്നുള്ള ഉല്‍ക്കകളാല്‍ അവര്‍ എറിഞ്ഞു ആട്ടപ്പെടുകയും ചെയ്തു. ഇമാം ഖുര്‍ത്വുബി(റ) ഉപരിസൂചിത ആയത്തിന്റെ തഫ്സീറില്‍ ഇപ്രകാരം പറയുന്നു. ‘ധിക്കാരികളായ ജിന്നുകള്‍ ആകാശത്തിലെ വാര്‍ത്തകള്‍ മലക്കുകളില്‍ നിന്ന് കേട്ടു. അത് ജ്യോത്സ്യന്മാര്ക്ക് കൊടുക്കാന്‍ വേണ്ടി കട്ടുകേള്ക്കുമായിരുന്നു. എന്നാല്‍ മുഹമ്മദ് നബി(സ്വ)യെ പ്രവാചകനായി നിയോഗിച്ചപ്പോള്‍ കരിച്ചുകളയുന്ന തീജ്വാലകള്‍ക്കൊണ്ട് അല്ലാഹു കാവല്‍ ഏര്‍പ്പെടുത്തി. അപ്പോള്‍ ജിന്നുകള്‍ പറഞ്ഞു. ഇപ്പോള്‍ ആരെങ്കിലും ശ്രദ്ധിച്ചു കട്ട് കേള്‍ക്കുകയാണെങ്കില്‍ പതിയിരിക്കുന്ന അഗ്നിജ്വാലയെ അവര്‍ക്ക് കണ്ടെത്താനാകും’ (അല്‍ജാമിഅ് ലിഅഅകാമില് ഖുര്‍ആന്‍ ഖുര്‍ത്വുബി) 17.
ഖുര്‍ആന്‍ അവതരണത്തിന് മുമ്പ് വാനലോകത്ത് വെച്ച് മലക്കുകള്‍ തമ്മില്‍ നടത്തുന്ന സംഭാഷണങ്ങള്‍ പിശാചുക്കള്‍ കേള്‍ക്കുകയും അവരുടെ ആളുകള്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന സമ്പ്രദായം ഖുര്‍ആന്‍ അവതരണത്തോടെ അസാധ്യമാക്കുകയും അതിന് ശേഷം ആരെങ്കിലും കട്ടുകേള്‍ക്കാന്‍ ശ്രമിച്ചാല്‍ അതിന് സാധ്യമല്ലെന്നും അതിശക്തമായ തീജ്വാല അവരെ പിന്തുടരുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കി. ഇനി ഒരിക്കലും കട്ടുകേള്‍ക്കാന്‍ സാധ്യവുമല്ല. ജാഹിലിയാ കാലത്ത് പിശാചുക്കള്‍ കട്ടുകേട്ട വിവരങ്ങളെക്കുറിച്ച് ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) ഇങ്ങനെ പറയുന്നു. ‘ഞാന്‍ റസൂല്‍(സ്വ)യോട് ചോദിച്ചു ജ്യോത്സ്യന്മാര് ഞങ്ങളോട് ചില കാര്യങ്ങള്‍ പറയാറുണ്ടായിരുന്നു. അതില്‍ ചിലത് സത്യമാകാറുണ്ട്. അപ്പോള്‍ നബി(സ്വ) പറഞ്ഞു, സത്യമായ വാക്ക് ജിന്നുകള്‍ തട്ടിയെടുക്കുന്നതാണ്. എന്നിട്ടത് അവരുടെ മിത്രങ്ങളുടെ കാതുകളിലേക്ക് നൂറുകളവുകളും കൂട്ടിച്ചേര്‍ത്ത് ഇട്ടുകൊടുക്കും’ (മുസ്ലിം) 18).
References
- അല്‍ മന്‍ഹല്‍ അറബി മലയാള നിഘണ്ടു, മൗലവി മുഹമ്മദ് അബുസ്വലാഹ് ബാഖവി & പ്രൊഫ വി മുഹമ്മദ് എം.എ, അല്‍ അമാന്‍ കിതാബ് ഭവന്, വൈലത്തൂര്‍, തിരൂര്‍, പത്താം പതിപ്പ്, പേജ് 353[↩]
- ലിസാനുല്‍ അറബ്, മുഹമ്മദ് ബ്നു മുകര്‍റമുബ്നു അലി അബ്ദുല്‍ ഫദ്ല് ജമാലുദ്ദീന്‍ ഇബ്നു മന്‍ളൂര്‍, ദാറു സ്വാദിര്‍, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 03, പേജ് 400[↩]
- അല്‍ ഖാമൂസുല്‍ മുഹീത്വ്, മജ്ദുദ്ദീന്‍, അബൂത്വാഹിര്‍ മുഹമ്മദ് ബ്നു യഅ്ഖൂബല് ഫൈറൂസാബാദി, മുഅസ്സസതുര്‍റിസാല ലിത്ത്വിബാഅതി വന്നശ്രി വത്തൗസീഅ്, ബൈറൂത്ത്, വാള്യം 01, പേജ് 1209[↩][↩]
- തഫ്സീര്‍ ഖുര്‍ത്വുബി (അല്‍ ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍), അബൂഅബ്ദില്ല മുഹമ്മദ് ബ്നു അഹ്മദ് ബ്നു അബീബക്റിബ്നു ഫറഹ് അല്‍ അന്‍സ്വാരി അല്‍ ഖുര്‍ത്വുബി, ദാറു കുതുബില്‍ മിസ്രിയ്യ, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 295[↩]
- തഫ്സീറു ഇബ്നു കസീര്‍, അബുല്‍ ഫിദാഅ് ഇസ്മാഈലുബ്നു ഉമറബ്നി കസീര്‍ അല്‍ ഖുറശീ അല്‍ ബസ്വരീ, ദാറു ത്വയ്ബ ലിന്നശ്രി വത്തൗസീഅ്, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 281[↩]
- ഫത്ഹുല്‍ ഖദീര്‍,മുഹമ്മദ് ബ്നു അലി അല്‍ ശൗക്കാനി, ദാറുബ്നി കസീര്‍, ദാറുല്‍ കലിമിത്വയ്യിബ്, ദമസ്കസ് & ബൈറൂത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 168[↩]
- ലിസാനുല്‍ അറബ്, മുഹമ്മദ് ബ്നു മുകര്‍റമുബ്നു അലി അബ്ദുല്‍ ഫദ്ല് ജമാലുദ്ദീന്‍ ഇബ്നു മന്‍ളൂര്‍, ദാറു സ്വാദിര്‍, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 12, പേജ് 269[↩]
- തഫ്സീര്‍ ഖുര്‍ത്വുബി (അല്‍ ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍), അബൂഅബ്ദില്ല മുഹമ്മദ് ബ്നു അഹ്മദ് ബ്നു അബീബക്റിബ്നു ഫറഹ് അല്‍ അന്‍സ്വാരി അല്‍ ഖുര്‍ത്വുബി, ദാറു കുതുബില്‍ മിസ്രിയ്യ, രണ്ടാം പതിപ്പ്, വാള്യം 15, പേജ് 86[↩]
- തഫ്സീര്‍ റാസി (മഫാത്തീഹുല്‍ ഗൈബ്), വാള്യം 26, പേജ്: 337[↩]
- തഫ്സീറു ഇബ്നു കസീര്‍, അബുല്‍ ഫിദാഅ് ഇസ്മാഈലുബ്നു ഉമറബ്നി കസീര്‍ അല്‍ ഖുറശീ അല്‍ ബസ്വരീ, ദാറു ത്വയ്ബ ലിന്നശ്രി വത്തൗസീഅ്, രണ്ടാം പതിപ്പ്, വാള്യം 07, പേജ് 17[↩]
- തഫ്സീറുല്‍ മനാര്‍ (തഫ്സീറു ഖുര്‍ആനില്‍ ഹകീം), മുഹമ്മദ് റശീദ് ബ്നു അലി റിളബ്നു മുഹമ്മദ്, അല്‍ ഐഅതുല്‍ മിസ്രിയ്യതുല്‍ ആമ്മ ലില്‍ കിതാബി, വാള്യം 04, പേജ് 200[↩]
- സ്വഹീഹു മുസ്ലിം, ഇമാം മുസ്ലിം, ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 1651, ഹദീസ് 41 (2084[↩]
- ശറഹുല്‍ മുസ്ലിം (അല്‍ മിന്‍ഹാജ് ശറഹു സ്വഹീഹി മുസ്ലിമിബ്നില്‍ ഹജ്ജാജ്, അബൂസകരിയ്യാ മുഹ്യിദ്ദീന് യഹ്യ ബ്നു ശറഫിന്നവവീ, ദാറു ഇഹ്യാത്തുറാസില്‍ അറബി, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 14, പേജ് 59, ഹദീസ് 2084[↩]
- സ്വഹീഹു മുസ്ലിം, ഇമാം മുസ്ലിം, ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 362, ഹദീസ് 258 (505[↩]
- സ്വഹീഹു മുസ്ലിം, ഇമാം മുസ്ലിം, ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 434, ഹദീസ് 195 (622[↩]
- ശറഹുല്‍ മുസ്ലിം (അല്‍ മിന്‍ഹാജ് ശറഹു സ്വഹീഹി മുസ്ലിമിബ്നില്‍ ഹജ്ജാജ്, അബൂസകരിയ്യാ മുഹ്യിദ്ദീന് യഹ്യ ബ്നു ശറഫിന്നവവീ, ദാറു ഇഹ്യാത്തുറാസില്‍ അറബി, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 124, ഹദീസ് (622[↩]
- തഫ്സീര്‍ ഖുര്‍ത്വുബി (അല്‍ ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍), അബൂഅബ്ദില്ല മുഹമ്മദ് ബ്നു അഹ്മദ് ബ്നു അബീബക്റിബ്നു ഫറഹ് അല്‍ അന്‍സ്വാരി അല്‍ ഖുര്‍ത്വുബി, ദാറു കുതുബില്‍ മിസ്രിയ്യ, രണ്ടാം പതിപ്പ്, വാള്യം 19, പേജ് 12[↩]
- സ്വഹീഹു മുസ്ലിം, ഇമാം മുസ്ലിം, ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 1750, ഹദീസ് 122 (2228[↩]
