പ്രഥമ അനുഷ്ഠാനം
പ്രഥമ അനുഷ്ഠാനം ആയും ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ രണ്ടാമത്തേതും ദിനേനയുള്ള അഞ്ചു നേര നമസ്‌കാരമാണ് നബി(സ്വ) എണ്ണുന്നത്. നമസ്കാരത്തിന് സ്വലാത്ത് എന്നാണ് സാങ്കേതിക പ്രയോഗം. പ്രാർഥന,അനുഗ്രഹ പ്രാർഥന, സ്തുതി കീർത്തനം ചെയ്യൽ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ്സ്വലാത്തിന്റെ ആശയം. എല്ലാ പ്രവാചകന്മാർക്കും നമസ്കാരം നിശ്ചയിക്കപ്പെട്ടിരുന്നു എന്നാണ് ഖുർആനിലെ സൂചന. നമസ്കാരം നിർബന്ധമാക്കപ്പെടുന്നത് മദീന പലായനത്തിന്റെ (ഹിജ്റ ) തൊട്ടു മുൻപാണ്. പരലോകത്ത് ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് നമസ്കാരത്തെ ക്കുറിച്ചായിരിക്കും എന്ന നബി(സ്വ)യുടെ മുന്നറിയിപ്പ് നമസ്കാരത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ്.
ഇസ്‌ലാമില്‍ മതപരമായ നിര്‍ബന്ധ അനുഷ്ഠാനങ്ങളില്‍ പ്രഥമ സ്ഥാനത്തുള്ളത് നമസ്‌കാരം (സ്വലാത്ത്) ആണ്. സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവയാണ് മറ്റു നിര്‍ബന്ധ അനുഷ്ഠാനങ്ങള്‍. അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനും ഇല്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ് എന്നും അംഗീകരിച്ച് ഇസ്‌ലാമിലേക്ക് കടന്നുവന്നാല്‍ അയാള്‍ എന്നും ആദ്യമായി ശ്രദ്ധിക്കേണ്ടത് നിര്‍ബന്ധ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്ന കാര്യമാണ്. അവയില്‍ ഏറ്റവും പ്രധാനം നമസ്‌കാരമാണ്.
അനുഷ്ഠാനങ്ങള്‍ ഒന്നിച്ച് പ്രവാചകന്‍ പഠിപ്പിക്കുന്നതിങ്ങനെ: ‘ഇസ്‌ലാം സ്ഥാപിതമായിരിക്കുന്നത് അഞ്ചു കാര്യങ്ങളിലാണ്.
- അല്ലാഹു അല്ലാതെ ആരാധനയ്ക്ക് അര്‍ഹനായി ആരുമില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ് എന്ന് (ജീവതം കൊണ്ട്) സാക്ഷിയാവുക
- നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുക
- സകാത്ത് കൊടുക്കുക
- റമദാന്‍ മാസത്തില്‍ നോമ്പെടുക്കുക
- കഅ്ബ എന്ന ഭവനത്തില്‍ ഹജ്ജ് നിര്‍വഹിക്കുക’ (ബുഖാരി) 1.
ഇതര സമൂഹങ്ങളില്‍ നിന്ന് മുസ്‌ലിമിനെ വ്യതിരിക്തനാക്കുന്ന സ്വത്വം കൂടിയാണ് നമസ്‌കാരം. ഏതു തരത്തില്‍പെട്ട ആളുകള്‍ക്കും നിര്‍വഹിക്കാന്‍ പ്രയാസമില്ലാത്ത ഒരു കര്‍മമാണിത്. ഇസ്‌ലാമിലെ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ ഇടനിലക്കാരനോ കാര്‍മികനോ ആവശ്യമില്ല. പണമായോ വസ്തുവായോ സേവനമായോ ആരുടെ മുന്നിലും ഒന്നും സമര്‍പ്പിക്കുകയും വേണ്ട. അടിമയായ മനുഷ്യന്‍ വിനയപുരസ്സരം തന്റെ യജമാനനായ സ്രഷ്ടാവിന്റെ മുന്നില്‍ മനസ്സ് തുറന്ന് സംവദിക്കുകയാണ് നമസ്‌കാരത്തിലൂടെ ചെയ്യുന്നത്.
സ്വലാത്ത്: അര്‍ഥവും ആശയവും
‘സ്വലാത്ത്’ എന്ന പദത്തിന് നമസ്‌കാരം എന്ന് വിവര്‍ത്തനം നല്‍കപ്പെട്ടുവരുന്നു. അറബിയില്‍ അതിന് ഭാഷാപരവും സാങ്കേതികവുമായ അര്‍ഥങ്ങളുണ്ട്.
സ്വലാത്ത് എന്നതിന് പ്രാര്‍ഥന, അനുഗ്രഹത്തിന്നായുള്ള പ്രാര്‍ഥന, സ്തുതികീര്‍ത്തനം ചെയ്യല്‍ എന്നീ അര്‍ഥങ്ങളാണ് ഭാഷാ പണ്ഡിതരിലധികവും പറഞ്ഞിട്ടുള്ളത്. ‘സ്വല്ലാഅലയ്ഹി’ എന്നതിന്റെ വിവക്ഷ അവന് വേണ്ടി പ്രാര്‍ഥിച്ചു, അവനെ പരിശുദ്ധനാക്കി എന്നിങ്ങനെയാണ്. നബി(സ) പറഞ്ഞു: ‘നിങ്ങളിലൊരാള്‍ ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടാല്‍ അവനത് സ്വീകരിക്കട്ടെ. അവന്‍ വ്രതമനുഷ്ഠിച്ചിരിക്കുകയാണെങ്കില്‍ അവന്‍ ‘സ്വലാത്ത്’ ചെയ്യട്ടെ അഥവാ അവന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കട്ടെ’ (മുസ്‌ലിം) 2).
ഇമാം റാഗിബ്(റ) പറയുന്നു: ”സ്വലാത്ത് അല്ലാഹുവിന്റേതാണെങ്കില്‍ അതിന്റെ സൂക്ഷ്മാര്‍ഥം അവന്‍ അവര്‍ക്ക് പരിശുദ്ധി നല്‍കുക എന്നതാണ്. അത് മലക്കുകളുടേതാണെങ്കില്‍ അതിന്റെ അര്‍ഥം മനുഷ്യരില്‍ നിന്നെന്നപോലെ പ്രാര്‍ഥനയും പാപമോചനത്തിന്നായുള്ള അപേക്ഷയുമാണ്. ഒരു പ്രത്യേക ആരാധനാകര്‍മത്തിനും സ്വലാത്ത് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. കാരണം അതിന്റെ അടിസ്ഥാനം പ്രാര്‍ഥനയാണ്. ഒരു വസ്തുവിന് അതുള്‍ക്കൊള്ളുന്ന ഒരു ഭാഗത്തിന്റെ പേര് നിശ്ചയിക്കപ്പെടാറുള്ളത്‌പോലെയാണ് ‘സ്വലാത്ത്’ എന്ന് ഇതിനു നാമകരണം ചെയ്തിട്ടുള്ളത്.” (അല്‍മുഫ്‌റദാത്ത് ഫീ ഗരീബില്‍ ഖുര്‍ആന്‍) 3.
ഇമാം ബൈദാവി പറയുന്നു: ”സ്വല്ലാ എന്നാല്‍ പ്രാര്‍ഥിച്ചു എന്നാണര്‍ഥം. അതില്‍ നിന്നുള്ള നാമരൂപമാണ് സ്വലാത്ത്. ഇത് ഒരു പ്രത്യേക കര്‍മത്തിന്റെ നാമമായി നിശ്ചയിക്കപ്പെടാന്‍ കാരണം അത് ദുആ (പ്രാര്‍ഥന) ഉള്‍ക്കൊള്ളുന്നു എന്നതാണ്.” (തഫ്‌സീര്‍ ബൈദാവി) 4.
ചുരുക്കത്തില്‍, തക്ബീറുകൊണ്ട് തുടങ്ങി, സലാംകൊണ്ടവസാനിക്കുന്ന, പ്രത്യേക പ്രവൃത്തികളും വചനങ്ങളും ഉള്‍ക്കൊണ്ട നിശ്ചിത രൂപത്തിലുള്ള സമയബന്ധിതമായൊരു ആരാധനാകര്‍മമെന്ന് നമസ്‌കാരത്തെ നിര്‍വചിക്കാം.
എല്ലാ പ്രവാചകന്മാര്‍ക്കും ‘നമസ്‌കാരം’
നമസ്‌കാരം പൗരാണിക കാലം മുതലേ അംഗീകരിക്കപ്പെട്ട ഒരു പ്രധാന ആരാധനയാണ്. രൂപങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും അത് മതചിഹ്നമായി ഗണിക്കാത്ത ഒരു സമൂഹവും മാനവ ചരിത്രത്തിലില്ല. സകല പ്രവാചകന്മാരും അതനുഷ്ഠിക്കുകയും അവരുടെ കുടുംബത്തോടും സമുദായത്തോടും അതു നിര്‍വ്വഹിക്കാന്‍ നിഷ്‌കര്‍ഷിക്കുകയും ചെയ്തിരുന്നു. പ്രവാചകന്മാര്‍ നിയുക്തരാവാത്ത ഒരു ജനതയോ ദേശമോ ഇല്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതാണു ഇത്തരുണത്തില്‍ ഓര്‍ക്കുക.
ഇബ്‌റാഹീം നബി(അ) തന്റെ പ്രാര്‍ഥനയില്‍ നമസ്‌കാരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു. ”എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വ്വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍ നിന്ന് അത്തരക്കാരെ ഉണ്ടാക്കേണമേ. ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ!’‘ (14:40).
ഇസ്മാഈല്‍ നബി(അ)നെ ഖുര്‍ആന്‍ പ്രശംസിക്കുന്നു: ”തന്റെ കുടുംബത്തോട് നമസ്‌കരിക്കുവാനും സകാത്ത് നല്‍കുവാനും അദ്ദേഹം കല്പിക്കുമായിരുന്നു. തന്റെ രക്ഷിതാവിന്റെ അടുക്കല്‍ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു” (19:55).
മൂസാ നബി(അ)യുടെ ഒന്നാമത്തെ അനുഷ്ഠാനം നമസ്‌കാരമായിരുന്നു. അല്ലാഹു പറയുന്നു: ”ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനം നല്‍കപ്പെട്ടത് നീ ശ്രദ്ധിച്ചു കേള്‍ക്കുക. നിശ്ചയം, ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ യാതൊരു ദൈവവുമില്ല . അതിനാല്‍ നീ എന്നെ ആരാധിക്കുകയും എന്നെ ഓര്‍മിക്കുന്നതിന്നായി നമസ്‌കാരം മുറ പോലെ നിര്‍വ്വഹിക്കുക’‘ (20:13-14).
അദ്ദേഹത്തിനും സഹോദരന്‍ ഹാറൂനിനും(അ) നല്കിയ ദൈവിക നിര്‍ദേശം ഖുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു: ”നിങ്ങള്‍ രണ്ടുപേരും നിങ്ങളുടെ ജനതയ്ക്കുവേണ്ടി ഈജിപ്തില്‍ പ്രത്യേകം വീടുകള്‍ സൗകര്യപ്പെടുത്തുക. നിങ്ങളുടെ വീടുകള്‍ ഖിബ്‌ലയാക്കുക. നിങ്ങള്‍ നമസ്‌കാരം കൃത്യമായി നിര്‍വഹിക്കുകയും ചെയ്യുക” (10:87).
ഈസാ നബി(അ) തൊട്ടിലില്‍ വെച്ച് പറഞ്ഞ വചനങ്ങള്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ”ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്‌കരിക്കുവാനും സകാത്ത് കൊടുക്കുവാനും അല്ലാഹു എന്നോട് ഉപദേശിച്ചു” (19:31).
അല്ലാഹു ഇസ്‌റാഈല്യരോട് അംഗീകരിക്കാന്‍ ആവശ്യപ്പെട്ട കരാറില്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളിലൊന്ന് നമസ്‌കാരമാണെന്ന് ഖുര്‍ആന്‍ (2:83) വ്യക്തമാക്കുന്നുണ്ട്. ഈ വചനങ്ങളൊക്കെ പ്രാചീന സമൂഹങ്ങളിലെ ദൈവികമതങ്ങളില്‍ നമസ്‌കാരത്തിന് നല്‍കിയ പ്രാധാന്യം വിവരിക്കുന്നു.
‘നമസ്‌കാരം’ മുഹമ്മദ് നബി(സ്വ)ക്ക്
ഇസ്‌ലാമിലെ ആദ്യത്തെ നിര്‍ബന്ധ അനുഷ്ഠാനകര്‍മമാണ് നമസ്‌കാരം. അല്ലാഹു മുഹമ്മദ് നബി(സ്വ)യോട് കല്പിക്കുന്നു: ”വേദഗ്രന്ഥത്തില്‍ നിന്ന് നിനക്ക് ബോധനം നല്‍കപ്പെട്ടത് ഓതിക്കേള്‍പ്പിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുക.” (29:45)
”നിന്റെ കുടുംബത്തോട് നീ നമസ്‌കരിക്കാന്‍ കല്പിക്കുകയും അതിനായി നമസ്‌കാരത്തില്‍ നീ ക്ഷമാപൂര്‍വം ഉറച്ചുനില്‍ക്കുകയും ചെയ്യുക.” (20:132)
വിശ്വാസികളോട് നമസ്‌കരിക്കാന്‍ കല്പിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ അനേകമാണ്. പുറമെ, വിശ്വാസികളെ സൗഭാഗ്യപൂര്‍ണമായ വിജയത്തിലേക്ക് നയിക്കുന്ന സവിശേഷഗുണങ്ങളുടെ വിവരണം ഖുര്‍ആന്‍ ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും നമസ്‌കാരം പരാമര്‍ശിച്ചുകൊണ്ടാണ്. ‘വിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു’. ‘അവര്‍ നമസ്‌കാരത്തില്‍ ഭക്തിയുള്ളവരാണ്’, ‘തങ്ങളുടെ നമസ്‌കാരങ്ങള്‍ നിഷ്ഠയോടെ അനുഷ്ഠിക്കുന്നവരുമാണ്’ (23:1,2,9).
മനുഷ്യന്റെ ബുദ്ധിക്ക് ഭംഗം വരാതിരിക്കുന്ന കാലമത്രയും ഒരാള്‍ നമസ്‌കരിക്കേണ്ടത് മതദൃഷ്ട്യാ നിര്‍ബന്ധമാണ്. യുദ്ധഭൂമിയില്‍ ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോഴും സൗകര്യപ്പെടും വിധം നമസ്‌കരിക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. അല്ലാഹു പറയുന്നു: ‘ഇനി നിങ്ങള്‍ യുദ്ധരംഗത്ത് ശത്രുക്കളെ ഭയപ്പെടുന്നുവെങ്കില്‍ നടന്നുകൊണ്ടോ വാഹനത്തിലിരുന്നുകൊണ്ടോ നമസ്‌കാരം നിര്‍വഹിക്കുക. പിന്നീട് നിങ്ങള്‍ സമാധാനാവസ്ഥ പ്രാപിച്ചുകഴിഞ്ഞാല്‍, നിങ്ങള്‍ക്കറിവില്ലാതിരുന്നത് അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചതനുസരിച്ച്, അവനെ നിങ്ങള്‍ സ്മരിക്കുക‘ (2:239).
ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ നമസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ ഇബാദത്തുകള്‍ ഭൗതികവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ കൈവരിക്കാനുള്ള ഉപാധിയോ പരിശീലനമോ അല്ല. അപ്രകാരമാവുന്നത് അതിന്റെ പ്രാധാന്യത്തിന് നിരക്കുന്നതുമല്ല. പ്രത്യുത, അത് മൗലികാടിസ്ഥാനമുള്ളതാണെന്നും മതത്തിന്റെ പ്രധാന ഭാഗമാണെന്നും ഉപര്യുക്ത വചനത്തില്‍ നിന്നും സുവ്യക്തമാണ്. അതിനാല്‍ ശത്രുവിന്നെതിരെയുള്ള സമരം വിജയിച്ച ശേഷം മുസ്‌ലിംകള്‍ക്കുള്ള ധര്‍മ്മം വിവരിക്കവെ ഖുര്‍ആന്‍ നമസ്‌കാരം നിലനിര്‍ത്താന്‍ പ്രത്യേകം ഉണര്‍ത്തുകയുണ്ടായി. അല്ലാഹു പറയുന്നു: ‘‘അവര്‍ക്ക് നാം ഭൂമിയില്‍ സ്വാധീനം നല്‍കിയാല്‍ നമസ്‌കാരം നിലനിറുത്തുകയും സകാത്ത് കൊടുക്കുകയും സദാചാരം കല്പിക്കുകയും ദുരാചാരം തടയുകയും ചെയ്യുന്നവരത്രെ അവര്‍. കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിനുള്ളതാകുന്നു’‘ (22:41). രാഷ്ട്രം ലക്ഷ്യവും, ആരാധനകള്‍ അതിനുള്ള മാര്‍ഗങ്ങളുമാണെന്നുള്ള സങ്കല്പം ഇസ്‌ലാമിന് അന്യമാണ്.
നമസ്‌കാരത്തിന്റെ പ്രാധാന്യം
നമസ്‌കാരം ഉപേക്ഷിക്കുകയോ അതില്‍ അലംഭാവം കാണിക്കുകയോ ചെയ്യുന്നതിനെതിരെ ഇസ്‌ലാം ശക്തമായ താക്കീത് നല്കുന്നു. നരകവാസികളോട് അവര്‍ ശിക്ഷയനുഭവിക്കാനുള്ള കാരണം അന്വേഷിക്കുന്ന രംഗം ഖുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു: ‘‘നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചതെന്താണ്? അവര്‍ പറയും: ഞങ്ങള്‍ നമസ്‌കരിക്കുന്നവരില്‍ പെട്ടിരുന്നില്ല. ഞങ്ങള്‍ അഗതികള്‍ക്ക് ആഹാരം നല്‍കിയിരുന്നുമില്ല.’‘ (74: 42,43)
പൂര്‍വിക പ്രവാചകന്മാരുടെ ചരിത്രം വിവരിക്കവെ അവരുടെ അനുചരന്മാരിലെ പിന്‍ഗാമികള്‍ക്ക് സംഭവിച്ച പതനത്തെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത് ഇപ്രകാരമാണ്: ”പിന്‍തലമുറ നമസ്‌കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്മൂലം ദുര്‍മാര്‍ഗത്തിന്റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്.” (19:59)
നമസ്‌കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രവാചകന്‍(സ്വ) ശക്തമായ ഉദ്‌ബോധനങ്ങളാണ് നല്‍കിയിട്ടുള്ളത്. സത്യനിഷേധികളില്‍ നിന്ന് വിശ്വാസികളെ വ്യതിരിക്തരാക്കുന്ന ചിഹ്നമായിട്ടാണ് നബി(സ്വ) നമസ്‌കാരത്തെ വിശേഷിപ്പിച്ചത്. അദ്ദേഹം പറഞ്ഞു:
”നമ്മുടെയും അവരുടെയും ഇടയിലുള്ള അതിര്‍വരമ്പ് നമസ്‌കാരമാണ്. അതാര് ഉപേക്ഷിക്കുന്നുവോ അവര്‍ അവിശ്വാസിയായി.” (തിര്‍മിദി) 5.
നമസ്‌കാരം നിര്‍വഹിക്കുന്നതില്‍ പ്രവാചകന്‍ കാണിച്ചിരുന്ന താത്പര്യം, അതിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ മതിയായതാണ്. ”നബി(സ്വ) നിശാവേളയില്‍ കാലില്‍ നീരുകെട്ടി വീര്‍ക്കുവോളം നമസ്‌കരിച്ചു. അപ്പോള്‍ ആഇശ(റ) ചോദിച്ചു: മുമ്പും പിമ്പുമുള്ള സര്‍വ പാപങ്ങളും പൊറുക്കപ്പെട്ടിരിക്കെ താങ്കളെന്തിനാണ് ഇപ്രകാരം നമസ്‌കരിക്കുന്നത്? അദ്ദേഹം പറഞ്ഞു: ഞാന്‍ നന്ദിയുള്ള ഒരു ദാസനാകേണ്ടതില്ലേ?” (ബുഖാരി) 6. നമസ്‌കാരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നതും, സുന്നത്ത് നമസ്‌കാരങ്ങള്‍ വര്‍ധിപ്പിക്കുന്നതുമൊക്കെ ഉത്‌ബോധിപ്പിച്ചുകൊണ്ടിരുന്ന പ്രവാചകന്‍, അവസാനം രോഗശയ്യയില്‍വെച്ച് ‘അസ്സ്വലാ, അസ്സ്വലാ’ (നമസ്‌കാരം, നമസ്‌കാരം) എന്നു പറഞ്ഞ് അതിന്റെ കാര്യം ഗൗരവപൂര്‍വം ശ്രദ്ധിക്കണമെന്ന് വസ്വിയ്യത്ത് ചെയ്തുകൊണ്ടായിരുന്നു മരണപ്പെട്ടത് (മുസ്‌നദ് അഹ്‌മദ്) 7.
നമസ്‌കാരം ഉപേക്ഷിക്കുന്നവന്‍ ഇസ്‌ലാമില്‍നിന്ന് ഭ്രഷ്ടനാകുമെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ല. നമസ്‌കാരം ഉപേക്ഷിക്കുന്നതിനെ ഗുരുതരമായ പാതകമായിട്ടാണ് ഖലീഫമാരും പണ്ഡിതന്മാരും വീക്ഷിച്ചുപോന്നത്. ഒന്നാം ഖലീഫ അബൂബക്ര്‍(റ) തന്റെ ഗവര്‍ണര്‍ക്കെഴുതി: ”അറിയുക, നിങ്ങള്‍ ശ്രദ്ധിക്കേണ്ട മുഖ്യകാര്യമാണ് നമസ്‌കാരം. അത് നഷ്ടപ്പെടുത്തുന്നവന്‍ മറ്റേതൊരു കാര്യവും നഷ്ടപ്പെടുത്തുന്നവനായിത്തീരും. (മജ്മൂഅ് ഫതാവാ ഇബ്‌നു തൈമിയ്യ) 8.
രണ്ടാം ഖലീഫ ഉമര്‍(റ) എഴുതി: ”നിങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് നമസ്‌കാരം. അത് പാലിക്കുന്നവന്‍ തന്റെ മതം സംരക്ഷിച്ചു. അത് പാഴാക്കുന്നവന്‍ അതല്ലാത്തവയും പാഴാക്കുന്നവനായിത്തീരും. നമസ്‌കാരം ഉപേക്ഷിക്കുന്നവന് ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ല.” (കിതാബുസ്സ്വലാതി വ ഹുക്മി താരിഖിഹാ ഇബ്‌നുല്‍ക്വയ്യിമില്‍ ജൗസിയ്യ) 9. ഇസ്‌ലാമിനെ അംഗീകരിക്കുകയും നമസ്‌കാരം ഉപേക്ഷിക്കുകയും ചെയ്യുന്നവന് തടവുശിക്ഷ നല്‍കണമെന്നാണ് ഇമാം അബൂഹനീഫയുടെ പക്ഷം.
ബോധപൂര്‍വം നമസ്‌കാരം ഉപേക്ഷിക്കുന്നത് കുഫ്ര്‍ (അവിശ്വാസം) തന്നെയാണെന്ന അഭിപ്രായമാണ് ഇമാം അഹ്‌മദും ഇസ്ഹാഖും ശൗകാനിയും പറഞ്ഞിട്ടുള്ളത്. നമസ്‌കാരം ഉപേക്ഷിക്കുന്നവന്‍ കാഫിറാണെന്നു പറഞ്ഞ ഹദീഥിന്റെ ഉദ്ദേശ്യം അതിന്റെ ഗുരുതരാവസ്ഥയെ ഗൗരവപൂര്‍വം വിവരിക്കുകയാണെന്ന് മറ്റു പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നു. അവന്‍ യഥാര്‍ഥത്തില്‍ കാഫിറാണെങ്കില്‍ ശഹാദത്ത് കലിമ ചൊല്ലിക്കൊണ്ടാണല്ലോ മുസ്‌ലിമാകേണ്ടത്. എന്നാല്‍ അവന്‍ നമസ്‌കാരം തുടങ്ങുകയാണ് വേണ്ടതെന്ന് പണ്ഡിതന്മാര്‍ പറയുന്നതില്‍ നിന്ന് അവനെ അമുസ്‌ലിമായി ഗണിക്കുന്നില്ലെന്ന് മനസ്സിലാക്കാം എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, ഇമാംശാഫിഈ(റ) ഇമാം അഹ്‌മദിനെ(റ) ഖണ്ഡിക്കുന്നത് ഇവിടെ ശ്രദ്ധേയമാണ് (ഫിഖ്ഹുസ്സുന്ന) 10. നമസ്‌കാരം ഉപേക്ഷിക്കുന്നത് ഗുരുതരമായ പാപമാണെന്നതിലും കര്‍ശനമായ ശിക്ഷയര്‍ഹിക്കുന്നതാണ് എന്നതിലും ഭിന്നാഭിപ്രായമില്ലെന്നത് ഇസ്‌ലാമില്‍ നമസ്‌കാരത്തിനുള്ള പ്രാധാന്യത്തെ വരച്ചുകാണിക്കുന്നു.
നമസ്‌കാരവും തൗഹീദും
ഏകദൈവ വിശ്വാസവും ഏകദൈവാരാധനയുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ ഒന്നാമത്തേത്. പ്രപഞ്ചത്തെ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നാഥന്‍, അതിന്റെ ഉടമസ്ഥന്‍ എന്നീ നിലകളില്‍ (റുബൂബിയ്യത്ത്) അല്ലാഹുവിനുള്ള ഏകത്വം പോലെ, ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്ന (ഉലൂഹിയ്യത്ത്) അര്‍ഥത്തിലുള്ള ഏകത്വത്തിലും വിശ്വസിക്കുന്നവനേ മുസ്‌ലിമാവുകയുള്ളൂ. ഭൂമിയിലെ ഏതൊരു ശക്തിയും ദൈവത്തിന്റെ സൃഷ്ടിയും, അവന്റെ സംരക്ഷണത്തിലുള്ളതുമായിരിക്കെ അവയെ ആരാധിക്കുന്നത് ദൈവത്തോടുള്ള ധിക്കാരമാണ്. അതുകൊണ്ടുതന്നെ ബഹുദൈവ വിശ്വാസവും ബഹുദൈവാരാധനയും മഹാപാതകമാണെന്ന് ഇസ്‌ലാം പ്രഖ്യാപിച്ചു. അല്ലാഹു പറയുന്നു: ”അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ദൈവവുമില്ല. സകല വസ്തുക്കളുടെയും സ്രഷ്ടാവാണവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സര്‍വ കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു” (6:102).
പ്രസ്തുത വിശ്വാസത്തിന്റെ പ്രകടമായ നിദര്‍ശനമാണ് നമസ്‌കാരം. അല്ലാഹുവിന്റെ മുമ്പില്‍ മാത്രം സാഷ്ടാംഗം ചെയ്യാന്‍ അത് പരിശീലിപ്പിക്കുന്നു. അവനല്ലാത്ത സകല ആരാധ്യരില്‍ നിന്നും അത് മനുഷ്യനെ മോചിപ്പിക്കുകയും ചെയ്യുന്നു. അതിലെ ഓരോ വചനങ്ങളും പ്രാര്‍ഥനകളും ഏകദൈവാരാധനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നവയാണ്. നമസ്‌കാരത്തിലെ ആദ്യ വചനമായ ‘അല്ലാഹു അക്ബര്‍’ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) എന്നത് തന്നെ ഇക്കാര്യം സ്പഷ്ടമാക്കുന്നു. പിന്നീട്, നമസ്‌കരിക്കുന്നവന്‍ തന്റെ ഓരോ ചലനങ്ങളിലും ഇതാവര്‍ത്തിക്കുകകൂടി ചെയ്യുമ്പോള്‍ അല്ലാഹു അല്ലാത്തവരാരും തന്റെ ജീവിതത്തില്‍ അവനെപ്പോലെ വലിയവരല്ലെന്ന് താന്‍ ഉറക്കെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. നമസ്‌കാരത്തില്‍ പ്രവേശിച്ച ഉടനെ അവന്‍ അല്ലാഹുവിനോട് ഒരു പ്രതിജ്ഞചെയ്യുന്നുണ്ട്.
അതില്‍ താന്‍ കലര്‍പ്പില്ലാത്ത തൗഹീദിന്റെ ധ്വജവാഹകനാണെന്നും ബാഹ്യവും ആന്തരികവുമായ ബഹുദൈവത്വത്തിന്റെ (ശിര്‍ക്ക്) സര്‍വരൂപ-ഭാവങ്ങളില്‍ നിന്നും താന്‍ സമ്പൂര്‍ണമായി മുക്തി നേടിയിരിക്കുന്നുവെന്നും അവന്‍ നെഞ്ചില്‍ കൈവെച്ച് ദൃഢസ്വരത്തില്‍ പറയുന്നു. സര്‍വസ്വവും അല്ലാഹുവിന് സമര്‍പ്പിച്ചുകൊണ്ട് അവന്‍ ഇപ്രകാരം പറയേണ്ടിയിരിക്കുന്നു. ഖ്വുര്‍ആന്‍ പറഞ്ഞു: ”പറയുക: നിശ്ചയം, എന്റെ പ്രാര്‍ഥനയും എന്റെ ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്പിക്കപ്പെട്ടിരിക്കുന്നത്. അവന് കീഴ്‌പ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്” (6:162,163).
”നിന്നെ മാത്രമേ ഞങ്ങള്‍ ആരാധിക്കുകയുള്ളൂ, നിന്നോട് മാത്രമേ ഞങ്ങള്‍ സഹായം തേടുകയുമുള്ളൂ,’‘ (സൂറഃ അല്‍ ഫാതിഹ) എന്ന വചനത്തിലൂടെ തൗഹീദിന്റെ അടിസ്ഥാന ശിലകള്‍ സുസ്ഥാപിതമാവുന്നു. സര്‍വസ്തുതികളും അല്ലാഹുവിനര്‍പ്പിച്ച ശേഷം പറയപ്പെടുന്ന ഈ വചനം, അല്ലാഹുവല്ലാത്തവരെ പൂജിക്കുന്നതിനെയും അവരോട് സഹായത്തിനായി പ്രാര്‍ഥിക്കുന്നതിനെയും ശക്തിയായി എതിര്‍ക്കുന്നു. ഇപ്രകാരം തൗഹീദിനെ അനുസ്മരിപ്പിക്കുകയും ദൃഢമാക്കുകയും ചെയ്യുന്ന പ്രസ്തുത വചനങ്ങള്‍ നമസ്‌കാരത്തിനിടയില്‍ ആവര്‍ത്തിക്കേണ്ടതുണ്ട്. ശേഷം അതില്‍ അല്ലാഹുവിന്നായി റുകൂഉം (നമിക്കുക) സുജൂദും (സാഷ്ടാംഗം) ചെയ്യേണ്ടതുമുണ്ട്. അപ്പോള്‍ അവന്റെ മുന്നില്‍ പ്രതിരൂപങ്ങളോ പ്രതിഷ്ഠകളോ മറ്റെന്തെങ്കിലും ആരാധ്യവസ്തുക്കളോ ഇല്ല. അവന്റെ മനസ്സുപോലെ അവന്റെ ശരീരവും അല്ലാഹുവിന് മാത്രമായി സമര്‍പ്പിക്കപ്പെടുന്നു. ഇത് മറ്റാരെയും വണങ്ങുകയില്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യാന്‍ അവനെ സഹായിക്കുന്നു. ഇതൊക്കെ തൗഹീദിനെ ഭദ്രമാക്കുന്നതില്‍ നമസ്‌കാരം നിര്‍വഹിക്കുന്ന പങ്ക് എത്രമാത്രമാണെന്ന് വരച്ചുകാണിക്കുന്നു.
‘നമസ്‌കാരം’ ശിര്‍ക്കിനെതിരെ
അംറുബ്‌നു അന്‍ബസയില്‍ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന സുദീര്‍ഘമായൊരു ഹദീഥില്‍ ഇപ്രകാരം വന്നിരിക്കുന്നു. നബി(സ്വ) പറഞ്ഞു: ”സൂര്യോദയ സമയത്തും അസ്തമയ സമയത്തും നിങ്ങള്‍ നമസ്‌കരിക്കരുത്. തത്സമയം സത്യനിഷേധികള്‍ അതിന് സാഷ്ടാംഗം ചെയ്യുന്നു”. ഇവിടെ ബഹുദൈവാരാധനയോടുള്ള സാദൃശ്യം പോലും വര്‍ജിക്കേണ്ടതാണെന്ന് പ്രവാചകന്‍(സ്വ) ഉണര്‍ത്തുകയാണ്. അതുകൊണ്ടാണ് സൂര്യാരാധനയുടെ സമയങ്ങളില്‍ നമസ്‌കരിക്കുന്നത് വിലക്കപ്പെട്ടത് (മുസ്‌ലിം ) 11.
ഇപ്രകാരംതന്നെ ഖബ്‌റിലേക്ക് തിരിഞ്ഞു നമസ്‌കരിക്കുന്നതിനെ വിലക്കിക്കൊണ്ട് നബി(സ്വ) പറഞ്ഞു: ”നിങ്ങള്‍ ഖബ്‌റിലേക്ക് തിരിഞ്ഞു നമസ്‌കരിക്കരുത്. അവയുടെമേല്‍ ഇരിക്കുകയും അരുത്” (മുസ്‌ലിം) 12). നമസ്‌കരിക്കുന്ന വ്യക്തി തന്റെ മനസ്സ് അല്ലാഹുവില്‍ സമര്‍പ്പിക്കുന്നുവെങ്കിലും പ്രത്യക്ഷത്തില്‍ ഖബ്ര്‍ പൂജയോടുള്ള സാദൃശ്യം ഇതില്‍ വരുന്നുണ്ട്. തൗഹീദില്‍ നിന്ന് സമൂഹത്തെ അകറ്റുന്നതില്‍ ഖബ്ര്‍ പൂജയും ഖബ്‌റിനോടുള്ള അമിതമായ ബഹുമാനവും വഹിച്ച പങ്ക് അത്യധികം ആപത്കരമാണ്. നമസ്‌കാരത്തിന്റെ സ്ഥലവും സമയവും നിജപ്പെടുത്തിയതില്‍ പോലും ബഹുദൈവാരാധനയുടെ കലര്‍പ്പ് വരാതിരിക്കണമെന്ന് ഇസ്‌ലാം നിര്‍ദേശിച്ചു.
ഏകദൈവാരാധനയില്‍ നിന്നുള്ള നേരിയ ഒരു വ്യതിയാനംപോലും പൊറുപ്പിക്കാത്ത ഇസ്‌ലാമില്‍, ബഹുദൈവാരാധന ആരോപിക്കുന്നത് എത്ര വലിയ ക്രൂരതയാണ്. എന്നാല്‍ ഇത്തരം കടുത്ത ആരോപണങ്ങള്‍ക്കെതിരെ ശക്തമായ ഒരായുധമായി നമസ്‌കാരം നിലനില്‍ക്കുന്നുവെന്നതാണ് പരമാര്‍ഥം. മതം നിര്‍ദേശിക്കുന്ന ആരാധനകള്‍ ആത്മാര്‍ഥതയോടെ, അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് ചെയ്യുമ്പോഴേ അവ പുണ്യകര്‍മങ്ങളാവുകയുള്ളൂ. ”ആത്മാര്‍ഥമായി അല്ലാഹുവിനെ കീഴ്‌വണങ്ങി, അവനെ ആരാധിക്കുവാനും നമസ്‌കാരം നിലനിറുത്തുവാനും സകാത്ത് നല്‍കുവാനുമല്ലാതെ അവര്‍ കല്പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം” (98:5).
ദൈവപ്രീതി ലക്ഷ്യമാക്കാതെ അന്യര്‍ അറിയണമെന്ന ദുരുദ്ദേശ്യത്തോടെ നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരമടക്കമുള്ള ആരാധനകള്‍ നിഷ്ഫലമാണ്. മാത്രമല്ല, അത് ചെറിയ രൂപത്തിലുള്ള ശിര്‍ക്കും കൂടിയാണെന്ന് പ്രവാചകന്‍(സ്വ) വ്യക്തമാക്കി.
”ഒരാള്‍ നമസ്‌കരിക്കാന്‍ നില്‍ക്കുകയും ആരെങ്കിലും കാണുമ്പോള്‍ അത് ഭംഗിയാക്കുകയും ചെയ്യലാണ് രഹസ്യമായ ശിര്‍ക്ക്” (ഇബ്‌നുമാജ) 13.
അത്തരക്കാര്‍ക്കുണ്ടാകുന്ന നാശത്തെക്കുറിച്ച് ഖുര്‍ആന്‍ ഇപ്രകാരം താക്കീത് ചെയ്യുന്നു. ”നമസ്‌കാരത്തെപ്പറ്റി അശ്രദ്ധരും മറ്റുള്ളവരെ കാണിക്കുവാനായി ചെയ്യുന്നവരും പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ നമസ്‌കാരക്കാര്‍ക്കാകുന്നു നാശം’‘ (107:4-7).
ചുരുക്കത്തില്‍ ഒരു മുസ്‌ലിം നമസ്‌കരിക്കുമ്പോള്‍ തന്റെ മനസ്സും ബാഹ്യ ചലനങ്ങളും മുഴുവന്‍ അല്ലാഹു എന്ന ഏക ലക്ഷ്യത്തില്‍ കേന്ദ്രീകരിക്കുകയും അതുവഴി ബഹുദൈവത്വത്തിന്റെ രൂപഭാവങ്ങളില്‍നിന്ന് തീര്‍ത്തും മുക്തി കൈവരിക്കുകയും ചെയ്യാന്‍ നമസ്‌കാരം അവന് പ്രചോദനവും ശക്തമായ പ്രേരണയും നല്‍കിക്കൊണ്ടിരിക്കേണ്ടതാണ്.
നമസ്‌കാരം പ്രാര്‍ഥന തന്നെ
പ്രപഞ്ചനാഥനെക്കുറിച്ചുള്ള ശരിയായ അറിവാണ് ഒരു വിശ്വാസിക്കുള്ളത്. തന്നെ സൃഷ്ടിച്ചതിന്റെ ലക്ഷ്യമെന്തെന്ന് അത് അവനെ ബോധ്യപ്പെടുത്തുന്നു. അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും ദയാ വാത്സല്യത്തിന്റെയും സ്രോതസ്സായി അത്യുന്നതനായ നാഥനെ മനസ്സിലാക്കുന്ന ഏതൊരാളുടെയും ഹൃത്തില്‍ അവനുമായി ബന്ധം സ്ഥാപിക്കണമെന്ന അദമ്യമായ ആഗ്രഹം ജനിക്കുന്നു. അതിന്റെ പ്രതികരണം പ്രായോഗിക തലത്തില്‍ രൂപപ്പെടുന്നതാണ് ആരാധനയും പ്രാര്‍ഥനയും.
ആരാധനകളില്‍ അതിമഹത്തായത് നമസ്‌കാരമാണ്. അത് ഭക്തിയുടെയും വിനയത്തിന്റെയും സ്‌തോത്ര കീര്‍ത്തനങ്ങളുടെയും മിശ്രണമാണ്. തന്മൂലം, നമസ്‌കരിക്കുന്ന വ്യക്തിക്ക് അല്ലാഹുവുമായി അടുക്കാനും തന്റെ വേദനകളും അഭിലാഷങ്ങളും അവന്റെ മുമ്പില്‍ സമര്‍പ്പിക്കാനും സാധിക്കുന്നു. ഇപ്രകാരമുള്ള പ്രാര്‍ഥനയാണ് മനുഷ്യനെയും ദൈവത്തെയും തമ്മില്‍ ഇണക്കുന്ന പ്രമുഖകണ്ണി. പ്രാര്‍ഥന, ആരാധനയുടെ അവിഭാജ്യ ഘടകമാണെന്ന് പ്രവാചകന്‍(സ്വ) പഠിപ്പിക്കുന്നു:
”നിശ്ചയം, പ്രാര്‍ഥനയാണ് ഇബാദത്ത് (ആരാധന). ശേഷം അദ്ദേഹം ഓതി: നിങ്ങളുടെ രക്ഷിതാവ് പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ച് പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കും. നിശ്ചയം, എനിക്ക് ‘ഇബാദത്തെ’ടുക്കുന്നതിനെപ്പറ്റി അഹങ്കരിക്കുന്നവര്‍, നിന്ദ്യന്മാരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്” (തിര്‍മിദി) 14.
നബി(സ്വ) പറയുന്നു: ‘പ്രാര്‍ഥന ഇബാദത്തിന്റെ മജ്ജയാകുന്നു’ (തിര്‍മിദി) 15.
പ്രാര്‍ഥനയെന്നാണ് നമസ്‌കാരത്തിന് നാമകരണം ചെയ്തിരിക്കുന്നത്. നമസ്‌കാരത്തിലെ മിക്ക വചനങ്ങളും പ്രാര്‍ഥനകളാണ്. മാത്രമല്ല, അവനോട് മാത്രമേ പ്രാര്‍ഥിക്കാവൂ എന്നും നമസ്‌കാരം ഉദ്‌ബോധിപ്പിക്കുന്നു. ‘വഇയ്യാക്ക നസ്തഈന്‍’ എന്ന് നമസ്‌കരിക്കുന്നവന്‍ പാരായണം ചെയ്യുമ്പോള്‍ അല്ലാഹുവിനെ ആരാധിക്കുന്നതിലും സേവനങ്ങള്‍ അര്‍പ്പിക്കുന്നതിലും ജീവിതത്തിന്റെ മറ്റു സര്‍വതുറകളിലും ഞങ്ങളുടെ പരിശ്രമങ്ങള്‍ മുഴുവന്‍ ഉപയോഗിച്ചാലും, അതിന്റെ പൂര്‍ണത കൈവരിക്കാനും ലക്ഷ്യം പ്രാപിക്കാനും നീ മാത്രമേ ഞങ്ങളെ സഹായിക്കാനുള്ളൂവെന്ന് അവന്‍ വിനീതസ്വരത്തില്‍ അല്ലാഹുവോട് പറയുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ‘ചൊവ്വായ പാതയിലൂടെ ഞങ്ങളെ നയിക്കേണമേ’ എന്ന് അവന്‍ പ്രാര്‍ഥിക്കുന്നു. വഴിതെറ്റിയവരുടെയും ദൈവകോപത്തിന്നിരയായവരുടെയും പാതയില്‍ നിന്നുള്ള മോചനത്തിന്നായി അവന്‍ കേണപേക്ഷിക്കുന്നു. പിന്നീട് നമസ്‌കാരത്തിന്റെ ഓരോ ഘട്ടത്തിലും, പാപമോചനത്തിനും അനുഗ്രഹം ലഭിക്കാനും ആത്മീയോത്കര്‍ഷത്തിനും ജീവിതവിജയം കൈവരിക്കാനും അവന്‍ പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുന്നു.
അവസാനം താന്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിനും പ്രത്യേകിച്ച് നബി(സ്വ)ക്കും അല്ലാഹുവിങ്കല്‍ നിന്ന് ശാന്തിയും രക്ഷയും ലഭിക്കുവാനായി അവന്‍ പ്രാര്‍ഥിക്കേണ്ടതാണ്. ഇപ്രകാരം, ദുഃഖാര്‍ത്തനായ ഒരു വ്യക്തിക്ക് തന്റെ വേദനകള്‍ മുഴുവന്‍ തുറന്നുപറയാനുള്ള അവസരമാണ് നമസ്‌കാരം ഒരുക്കുന്നത്. തന്മൂലം, അവന്റെ മനസ്സിന് ശാന്തിയും ജീവിതത്തിന് പ്രസരിപ്പും ഉണ്ടാവുന്നു. അല്ലാഹുവിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ച് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികളെ പ്രശംസിച്ചുകൊണ്ട്, ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു: ‘ഭയത്തോടും പ്രത്യാശയോടുംകൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി കിടന്നുറങ്ങുന്ന സ്ഥലങ്ങളെ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുന്നതുമാണ്’‘ (32:16).
അല്ലാഹുവെ ഭയന്നുകൊണ്ടും അവന്റെ പ്രതിഫലവും പ്രീതിയും കാംക്ഷിച്ചുകൊണ്ടുമുള്ള പ്രാര്‍ഥനയാണ് നമസ്‌കാരാദി ആരാധനകളുടെ സത്തയെന്ന്, പ്രസ്തുത വചനങ്ങളൊക്കെ വ്യക്തമാക്കുന്നു. നമസ്‌കാരംതന്നെ അല്ലാഹുവിങ്കല്‍ സ്വീകാര്യമായൊരു ഇബാദത്തായിത്തീരണമെന്ന് ആഗ്രഹിക്കുകയും അതിന്നായി പ്രാര്‍ഥിക്കുകയും ചെയ്യേണ്ടതുണ്ടെന്നും മനസ്സിലാക്കിത്തരുന്നു.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 11, ഹദീസ് 08[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02 പേജ് 1054, ഹദീസ് 106 (1431[↩]
- അല്‍ മുഫ്‌റദാതു ഫീ ഗരീബില്‍ ഖുര്‍ആന്‍, അബുല്‍ ഖാസിം അല്‍ ഹുസൈനു ബ്‌നു മുഹമ്മദ് (അര്‍റാഗിബുല്‍ ഇസ്വ്ഫഹാനീ), ദാറുല്‍ ഖലം ബൈറൂത്ത്, ഒന്നാം പതിപ്പ്, പേജ് 491[↩]
- തഫ്‌സീറുല്‍ ബൈദ്വാവി, കിതാബു അന്‍വാറുത്തന്‍സീല്‍ വ അസ്‌റാറു ത്തഅ്‌വീല്‍, നാസ്വിറുദ്ദീന്‍ അബൂസഈദ് അബ്ദില്ല ബ്‌നി ഉമര്‍ ബ്‌നു മുഹമ്മദ് അശ്ശീറാസീ, അല്‍ ബൈദ്വാവീ, ദാറു ഇഹ്‌യാഉത്തുറാസില്‍ അറബീ, ബൈറൂത്ത്, ലെബനാന്‍, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 38[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 13, ഹദീസ് 2621[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 135, ഹദീസ് 4836[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹമ്പല്‍, മുഅസ്സത്തുരിസാല, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 416, ഹദീസ് 585[↩]
- അല്‍ മജ്മൂഅ് അല്‍ ഫതാവാ, അല്‍ ഫതാവല്‍ കുബ്‌റാ, തഖിയുദ്ദീന്‍ അബുല്‍ അബ്ബാസ് അഹ്‌മദ് ഇബ്‌നുതൈമിയ്യ, ദാറുല്‍ കുതുബുല്‍ ഇല്‍മിയ്യ, ഒന്നാം പതിപ്പ്, വാള്യം 10, പേജ് 433[↩]
- അസ്സ്വലാതു വ അഹ്കാമു താരീഹിഹാ, ഇബ്‌നുല്‍ ഖയ്യിം മുഹമ്മദ് ബ്‌നു അബീബക്‌റിബ്‌നി അയ്യൂബ് ബ്‌നി സഅദ് ശംസുദ്ദീന്‍, മക്തബതു സ്വഖാഫതി ബില്‍ മദീനതില്‍ മുനവ്വറ, പേജ് 34[↩]
- ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്, ദാറുല്‍ കിതാബില്‍ അറബീ, ബൈറൂത്, ലബനാന്‍, മൂന്നാം പതിപ്പ്, വാള്യം 01, പേജ് 95[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 208, ഹദീസ് 832[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 668, ഹദീസ് 98 (972[↩]
- സുനനു ഇബ്‌നി മാജ, ഇബ്‌നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്‌നു യസീദില്‍ ഖസ്‌വീനി, ദാറു ഇഹ്‌യാഇല്‍ കുതുബില്‍ അറബിയ്യ, വാള്യം 05, പേജ് 291, ഹദീസ് 4204[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 211, ഹദീസ് 2969 [↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 456, ഹദീസ് 3371[↩]
