നമസ്കാരം വിവിധമതങ്ങളില്‍
നമസ്കാരം ( നിസ്കാരം) ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ കർമ്മമാണ്. സ്വലാത്ത് എന്ന് അറബി. അല്ലാഹുവിൻറെ അടുക്കൽ അതി മഹത്തായ പുണ്യം ലഭിക്കുന്ന ഈ കർമ്മത്തിന് മനുഷ്യജീവിതത്തെ വിമലീകരിക്കുക എന്ന മഹത്തായ ലക്ഷ്യം കൂടിയുണ്ട് എന്ന് ഖുർആൻ ഉണർത്തുന്നു. പ്രധാനമായും രണ്ടുതരം നമസ്കാരങ്ങളാണ് ഉള്ളത്. നിർബന്ധ നമസ്കാരങ്ങൾ, ഐച്ഛികനമസ്കാരങ്ങൾ. മനുഷ്യന് പ്രായപൂർത്തി ആയതു മുതൽ മരണംവരെ ഏതു സാഹചര്യത്തിലും നിർവഹിക്കേണ്ടതാണ് ദിനേനയുള്ള അഞ്ചുനേര നമസ്കാരം.
ഇസ്‌ലാമിനു പുറമേ നമസ്‌കാരം വിവിധമതങ്ങളില്‍ ആരാധനയായി നിർണയിക്കപ്പെട്ടു കാണാം. യഹൂദ മതത്തിലും റോമൻ കത്തോലിക്കരിലും പ്രൊട്ടസ്റ്റൻറ് വിഭാഗത്തിലും ഹിന്ദുമതത്തിലും എല്ലാം നമസ്കാരം വിവിധ പേരുകളിലും രൂപങ്ങളിലും സമയങ്ങളിലും ആയി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. വിവിധ സമൂഹങ്ങളിൽ നമസ്കാരം നിലനിന്നിരുന്നതായി ഖുർആനിക അധ്യാപനങ്ങളിലും കാണാവുന്നതാണ്.
ഇസ്‌ലാമിലെ നമസ്‌കാരത്തെക്കുറിച്ചുള്ള വിവരണത്തോടൊപ്പം പഠനവിധേയമാക്കേണ്ടതാണ് ഇസ്‌ലാമിന് മുമ്പുണ്ടായിരുന്നതും ഇന്നും നിലനില്‍ക്കുന്നതുമായ ഇതര മതങ്ങളിലെ നമസ്‌കാരം. ഇസ്‌ലാമിലെ നമസ്‌കാരത്തെക്കുറിച്ച് വിശദവും വ്യക്തവും സൂക്ഷ്മവും സത്യസന്ധവുമായ ഒരു ചിത്രം വരച്ചുകാണിക്കാന്‍ കഴിയുന്നതുപോലെ, ഇതരമതങ്ങളിലെ നമസ്‌കാരങ്ങളെക്കുറിച്ച് വരച്ചുകാണിക്കാന്‍ പ്രയാസമാണ്. കാരണം, അവയ്ക്ക് നിയതമായ രീതിയോ രൂപമോ ഇല്ല. നമസ്‌കാരം സംബന്ധിച്ച ഒരു താരതമ്യ പഠനത്തിലൂടെ നമുക്കിത് മനസ്സിലാക്കാം.
നമസ്കാരം യഹൂദ മതത്തില്‍
യഹൂദികള്‍ക്ക് നമസ്‌കാരം എന്ന്, എങ്ങനെ നിര്‍ബന്ധമാക്കി, അതിന്റെ ആകൃതിയും പ്രകൃതിയും ഏത് വിധത്തിലായിരുന്നു, അത് നിര്‍വഹിക്കാനുള്ള നിയമങ്ങളും നിബന്ധനകളും എന്തെല്ലാമായിരുന്നു-ഇത്തരം കാര്യങ്ങളെക്കുറിച്ച് യഹൂദചരിത്രവും അതിലെ മതസാഹിത്യങ്ങളും മുഴുവന്‍ പരതിയാലും വ്യക്തമായ ഒരു ധാരണയിലെത്താന്‍ സാധിക്കുകയില്ല. ജൂതമതത്തിന്റെ നീണ്ട ചരിത്രത്തില്‍, കാലാകാലങ്ങളിലായി നമസ്‌കാരത്തിന് ഭേദഗതിയും പരിഷ്‌കരണവും വരുത്തിയിട്ടുണ്ട്. അങ്ങനെ, പരിണാമങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും ദൈവശാസിതമായ നമസ്‌കാരത്തെ അവര്‍ വിധേയമാക്കി. യഹൂദികളുടെ ആദ്യകാല നമസ്‌കാരത്തിന്റെ ചിത്രം എന്തായിരുന്നുവെന്ന് വ്യക്തമായി അറിയുകയില്ല. അമേരിക്കയിലെ ജൂതമത പണ്ഡിതനായ പ്രൊഫ. സാമുവല്‍ എസ് കോഹന്‍ തന്റെ പഠനത്തില്‍ ചേര്‍ത്ത ഭാഗം കാണുക:
”തൗറാത്തില്‍ നമസ്‌കാരത്തെ സംബന്ധിച്ച് സുവ്യക്തമായ ശാസനകള്‍ കാണാന്‍ കഴിയുന്നില്ല എന്നത് ശരിതന്നെ. അതിന്ന് കാരണമുണ്ട്; യഹൂദികളുടെ ആദ്യകാല ആരാധനകള്‍ കേവലം ബലികര്‍മങ്ങളിലും ഖുര്‍ബാനകളിലും പരിമിതമായിരുന്നു. എങ്കിലും പ്രാര്‍ഥനയും നമസ്‌കാരവും ദൈവസാമീപ്യം കരസ്ഥമാക്കാന്‍ അവര്‍ ഒരു മാര്‍ഗമായി സ്വീകരിക്കാറുണ്ടായിരുന്നു. പല യഹൂദ പ്രവാചകന്മാരും ഖുര്‍ബാനയുടെ അപാരമായ ആധിക്യത്തെ അധിക്ഷേപിച്ചുകൊണ്ട് പശ്ചാത്താപത്തിലും പ്രാര്‍ഥനയിലും മുഴുകുമായിരുന്നു. അവരിലെ ‘അര്‍മിയ’ എന്ന പ്രവാചകന്‍ പല സന്ദര്‍ഭങ്ങളിലും ക്ലേശകരമായ ജീവിത വ്യവഹാരങ്ങളില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും ഓടി രക്ഷപ്പെട്ടുകൊണ്ട് അധികസമയം പശ്ചാത്താപത്തിലും പാപമോചനത്തിനു വേണ്ടിയുള്ള പ്രാര്‍ഥനയിലും ആത്യന്തികമായ വണക്കത്തിലും അഭയം പ്രാപിക്കുക പതിവായിരുന്നു. അദ്ദേഹം ബാബിലോണിലേക്ക് നാടുകടത്തിയ യഹൂദികളെ ഉപദേശിച്ചിരുന്നത്, ”നിങ്ങള്‍ പ്രാര്‍ഥനയിലൂടെയും ആരാധനയിലൂടെയും എല്ലാ സമയത്തും നിങ്ങളുടെ ആത്മാവുകള്‍ക്ക് ദൈവസാമീപ്യത്തിനും സാന്നിധ്യത്തിനും സൗകര്യം ചെയ്യു ക” എന്നായിരുന്നു. ‘സബൂര്‍’ വേദ പണ്ഡിതന്മാരും ഈ അവസ്ഥയില്‍ തുടര്‍ന്നുപോന്നു. അവരുടെ മതാവേശവും ഭക്തിയുമാണ് യഹൂദികളുടെ ഏകാന്ത നമസ്‌കാരത്തിന് ജന്മം നല്കിയത്. അങ്ങനെ അതിനെ അവര്‍ ഒരു പ്രത്യേക രൂപത്തില്‍ വാര്‍ത്തെടുക്കുകയും ചെയ്തു.”
പഴയനിയമത്തിലെ ആവര്‍ത്തന പുസ്തകത്തില്‍ പറയുന്നു: ”ആകയാല്‍ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാ വഴികളിലും നടക്കയും അവനെ സ്‌നേഹിക്കയും നിന്റെ ദൈവമായ യഹോവയെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടെ സേവിക്കുകയും ചെയ്യുക” (10:12).
യഹൂദികളുടെ നമസ്‌കാരത്തിലേക്ക് വെളിച്ചം വീശുന്നതും പ്രാര്‍ഥന, ആരാധന എന്നീ അര്‍ഥങ്ങള്‍ക്ക് ഹിബ്രുഭാഷയില്‍ പ്രയോഗിക്കുന്നതുമായ പദങ്ങളില്‍ ഏറ്റവും പ്രസിദ്ധമായത് ടെഫില്ല എന്നതാണ്. ഗോള്‍ഡസ് ഹര്‍ ആ പദത്തിന് പരിഭാഷ കൊടുക്കുന്നത് ‘ദൈവത്തെ വിധികര്‍ത്താവായി ഗണിച്ചുകൊണ്ട്, അവന്റെ സാന്നിധ്യത്തില്‍ ആത്യന്തികമായ വിനയത്തോടും കേണപേക്ഷയോടും കൂടി തല കുനിക്കുക’ എന്നാണ്.
യഹൂദ ആരാധനാലയങ്ങള്‍ ഉടലെടുത്ത കാലഘട്ടത്തില്‍ ഭക്തജനങ്ങളും മതാധിഷ്ഠിത ജീവിതം നയിച്ചവരും തങ്ങളുടെ ചിഹ്നമായി അനുഷ്ഠിച്ചു പോന്ന മൂന്നു നേരത്തെ (പ്രഭാതം, മധ്യാഹ്നം, പ്രദോഷം) നമസ്‌കാരത്തിന് പുരോഹിതന്മാരുടെ കാലഘട്ടം വന്നപ്പോള്‍ ഒറ്റക്കും സംഘടിതവുമായ വ്യവസ്ഥ നിലവില്‍വന്നു. ഈ മൂന്ന് നമസ്‌കാരസമയങ്ങളും അതിന്റെ ചട്ടങ്ങളും ശനിയാഴ്ച ദിവസത്തെ ആചാരങ്ങളും മാസപ്പിറവി നമസ്‌കാരവും പശ്ചാത്താപ നാളിലെ പ്രത്യേക നമസ്‌കാരവുമെല്ലാം ‘ഹയ്കലി’ന്റെ കാലത്ത് ഖുര്‍ബാനകള്‍ക്കും മൃഗബലികള്‍ക്കും സമമായി ഗണിക്കപ്പെട്ടിരുന്നു. യഹൂദികളുടെ ആചാരമനുസരിച്ച് ആരാധനാസമയത്ത് സ്ത്രീകള്‍ക്ക് പുരുഷന്മാരില്‍ നിന്നും വേറിട്ട് പ്രത്യേക സൗകര്യം ചെയ്യണമായിരുന്നു. തല മറയ്ക്കുകയും കുനിയുകയും ചെയ്യലും ചില പ്രത്യേക നമസ്‌കാരങ്ങളില്‍ നില്‍ക്കലും നിര്‍ബന്ധമായിരുന്നു.
യെഹസ്‌കേല്‍ പുസ്തകം പാരായണം ചെയ്യുന്ന സമയത്ത് നമസ്‌കരിക്കുന്നവര്‍ മൂന്ന് ചുവട് പിന്നിലേക്ക് മാറ്റിച്ചവിട്ടണം. പ്രഭാതനമസ്‌കാരം അനുഷ്ഠിക്കുന്നവര്‍ ഒരു പ്രത്യേക തരത്തിലുള്ള പുതപ്പ് ധരിക്കല്‍ നിര്‍ബന്ധമായിരുന്നു. ‘ക്വല്‍ക്വത്വീര്‍’ എന്നു പേരായ ഒതുതരം ‘രക്ഷാബന്ധനം’ വലതുകൈയിലും തലയിലും കെട്ടുകയും വേണം. പതിമൂന്ന് വയസ്സ് പ്രായംകഴിഞ്ഞ എല്ലാവര്‍ക്കും അത് നിര്‍ബന്ധമായിരുന്നു. പ്രായശ്ചിത്തനാളില്‍ വെളുത്ത ‘തൈലവാന്‍’ (മയ്യിത്ത് പുടവയായി യഹൂദര്‍ ഉപയോഗിച്ചിരുന്ന ഒരു വസ്തു) അവര്‍ ഉപയോഗിച്ചിരുന്നു. ദൈവത്തിന്റെ സാന്നിധ്യത്തില്‍ എല്ലാവരും സമമാണെന്നു ന്യായം പറഞ്ഞുകൊണ്ട് ‘ഇമാം’ മുന്നിട്ടു നില്ക്കുകയോ ‘മഅ്മൂം’ പിറകില്‍ നിലക്കുകയോ ചെയ്തിരുന്നില്ല.
യഹൂദമതത്തില്‍ പിന്നീടു വന്ന ഉത്പതിഷ്ണു വിഭാഗം ആരാധനാകര്‍മങ്ങളില്‍ സംഗീതോപകരണങ്ങള്‍ക്ക് അമിതമായ പ്രാധാന്യം നല്‍കി. എല്ലാ നമസ്‌കാരങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ഈണങ്ങളും രാഗങ്ങളും നിര്‍ ണയിച്ചു. ഹൃദയാന്തരങ്ങളിലേക്ക് ആരാധനാകര്‍മങ്ങള്‍ ആഴ്ന്നിറങ്ങാനും കൂടുതല്‍ പ്രതികരണം ചെലുത്താനുമായിട്ടാണിത് നടപ്പാക്കിയത്. പരിഷ്‌കരണവാദികളായ പുത്തന്‍ തലമുറ ഉടലെടുത്തതോടെ ആരാധനക്ക് ആസ്വാദനവും അലങ്കാരവുമാണ് മര്‍മപ്രധാനമെന്ന് സ്ഥാപിക്കുകയും ഭക്തിയിലധിഷ്ഠിതമായ ശാരീരിക ചലനങ്ങള്‍ക്കും അംഗവിക്ഷേപങ്ങള്‍ക്കും വലിയ പ്രാധാന്യമില്ലെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തു. പുത്തന്‍ തലമുറയുടെ പരിഷ്‌കരണം അവിടെയും നിന്നില്ല; വെവ്വേറെയായിരുന്ന സ്ത്രീ-പുരുഷ നമസ്‌കാര നിരകള്‍ കൂട്ടിക്കലര്‍ത്തി. പുതപ്പ് ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നു വന്നു. തല മൂടിപ്പുതച്ചിരുന്നതും വേണ്ടെന്നുവെച്ചു.
അങ്ങനെ നമസ്‌കാരം തന്നെ ശനിയാഴ്ചയും ചില വിശുദ്ധ ദിവസങ്ങളിലുമായി ചുരുക്കി. എന്നു മാത്രമല്ല, പ്രഭാതനമസ്‌കാരത്തില്‍ ഉപയോഗിച്ചിരുന്ന രക്ഷാബന്ധനവും പോയിമറഞ്ഞു. തല കുനിക്കലും അടക്കവും ഒതുക്കവും നിറുത്തവുമെല്ലാം അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ മാത്രമായിത്തീര്‍ന്നു. യഹൂദികള്‍ തങ്ങളുടെ നമസ്‌കാരത്തില്‍ സംഗീതോപകരണങ്ങളും ഗാനാലാപനവും കൂട്ടിച്ചേര്‍ത്തതോടെ നമസ്‌കാരത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ണമായി അപ്രത്യക്ഷമായി. ദേഹവും ദേഹിയും ഒരേ അവസരത്തില്‍ ആരാധനയില്‍ മുഴുകുക എന്ന അതിമഹത്തായ ഉദ്ദേശ്യം വിസ്മരിക്കപ്പെടുകയും അതിന്റെ ആത്മാവ് നശിക്കുകയും ഭക്തിപാരവശ്യം നീങ്ങിപ്പോവുകയും ചെയ്തു. യഹൂദ ദേവാലയങ്ങളുടെയും അവരുടെ ആരാധനാ സമ്പ്രദായങ്ങളുടെയും ആജന്മ ശത്രുക്കളായ സംഗീത വിദഗ്ധന്മാര്‍ ജന്മം നല്‍കിയ ഗാനങ്ങള്‍ പ്രാര്‍ഥനകളില്‍ ആലപിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അങ്ങനെ തലമുറകളായി കൈമാറിപ്പോന്ന ജീവരക്തവും പ്രാണവായുവുമായ ആരാധനാകര്‍മങ്ങള്‍, അവരുടെ തന്നെ സമ്മതത്തോടെ, വര്‍ണനാതീതമായ രൂപത്തില്‍ ശത്രുക്കള്‍ വികലവും വിരൂപവുമാക്കിത്തീര്‍ത്തു (ജൂതായിസം: എ വേ ഓഫ് ലൈഫ്, പേജ് 298, 316-318, 358-260).
‘യഹൂദന്മാരുടെ നമസ്‌കാരം’ എന്ന അധ്യായത്തില്‍ ജൂയിഷ് എന്‍സൈക്ലോപീഡിയയും ഈ കാര്യങ്ങള്‍ മുഴുവനും സത്യമാണെന്ന് സ്ഥിരീകരിക്കുന്നു. ചില പ്രശ്‌നങ്ങളില്‍ കൂടുതല്‍ വെളിച്ചം നല്‍കുന്നുമുണ്ട്. അത്തരം ഭാഗങ്ങള്‍ ഉദ്ധരിക്കാം: ”ഓ, യിസ്രായേല്‍! നീ നിന്റെ ദൈവത്തെ കണ്ടുമുട്ടാന്‍ വേണ്ടി പ്രത്യേകം ഒരുങ്ങുക; അത് നിര്‍ബന്ധമാണ്” എന്ന കല്പനയുടെ അടിസ്ഥാനത്തില്‍ യഹൂദികള്‍ നമസ്‌കാരത്തിന് മുമ്പായി പ്രത്യേകം ഒരുങ്ങാറുണ്ടായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ മുന്‍ഗാമികളായ സജ്ജനങ്ങള്‍ അതിനുവേണ്ടി പൂര്‍ണമായ ഒരു മണിക്കൂര്‍ തന്നെ നീക്കിവെക്കാറുണ്ടായിരുന്നു. യിസ്രായേല്‍ എന്ന പ്രവാചകന്റെ കല്പന പ്രകാരം, നമസ്‌കാരത്തിനു മുമ്പ് വളരെ പ്രാധാന്യത്തോടെയുള്ള സ്‌നാനം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായിരുന്നു. അതുപോലെ, നമസ്‌കാരസമയത്ത് അനുയോജ്യമായ വസ്ത്രധാരണവും അനിവാര്യമായിരുന്നു. നമസ്‌കാരത്തിലെ പ്രാര്‍ഥനയുടെ സമയത്ത് നില്‍ക്കലും ‘വിശുദ്ധ ഭൂമി’യുടെ നേരെ മുഖം തിരിക്കലും നിര്‍ബന്ധമായിരുന്നതിനാലാണ് അതിന് ‘അമീദാ’ എന്ന നാമകരണം തന്നെ ഉണ്ടായത്.
നമസ്‌കാരത്തിനുവേണ്ടി, ഉയര്‍ന്ന സ്ഥലങ്ങളെയല്ല, ഏതെങ്കിലും താഴ്ന്ന പ്രദേശങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. മാലാഖമാരെപ്പോലെ കാല്പാദങ്ങള്‍ ചേര്‍ത്തും നേരെയും വെക്കണം. നമസ്‌കരിക്കുന്നവര്‍ രണ്ടു കരങ്ങള്‍ ‘പരിശുദ്ധനായ വിധികര്‍ത്താവി’ന്റെ നേരെ നീട്ടി ഉയര്‍ത്തിപ്പിടിക്കുകയും തന്റെ ദൃഷ്ടി താഴോട്ടാക്കുകയും രാജാധിരാജനുമായി ഹൃദയബന്ധം സ്ഥാപിക്കുകയും ചെയ്യണം. സ്തുതികീര്‍ത്തനങ്ങളുടെ ഇടയില്‍ നമിക്കുകയും അല്ലാഹുവിന്റെ നാമധേയത്തില്‍ ഉയരുകയും ചെയ്യണം. അമീദായുടെ ശേഷം മൂന്നു ചവിട്ടടി പിന്നിലേക്ക് മാറി നില്‍ക്കുകയും ഇടത്തേക്കും വലത്തേക്കും ചായുകയും വേണം. പൗരാണിക കാലത്തെ രാജാക്കന്മാരുടെ സന്നിധാനത്തില്‍ നടന്നിരുന്ന യാത്രാനുമതി ചോദിക്കുന്നതിനോട് അതിന് സാദൃശ്യമുണ്ട്.
സംഘടിത നമസ്‌കാരത്തില്‍ ഏറ്റവും ചുരുങ്ങിയത് പ്രായപൂര്‍ത്തിയായ പത്തുപേരെങ്കിലും പങ്കെടുക്കണം. പൊതുസ്ഥലങ്ങളില്‍വെച്ച് അത് നിര്‍വഹിക്കുക എന്നത്, അത്യധികം അഭിനന്ദനീയമായ കാര്യമായിരുന്നു. നമസ്‌കാരം പ്രായംചെന്ന സ്ത്രീപുരുഷന്മാര്‍ക്ക് നിര്‍ബന്ധവും കന്യകകള്‍ക്ക് നിഷിദ്ധവുമായിരുന്നു.
നമസ്‌കാരത്തിലെ പ്രാര്‍ഥനകളും സ്തുതികീര്‍ത്തനങ്ങളും എണ്‍പത് നബിമാരുടെ കാലഘട്ടങ്ങളിലായി, നൂറ്റിയിരുപത് മതപുരോഹിതന്മാര്‍ രചിച്ചതായി ഗണിക്കപ്പെടുന്നു. പ്രാരംഭദശയില്‍, പ്രാര്‍ഥനകള്‍ ജനങ്ങളെ പഠിപ്പിച്ചിരുന്നത് വാമൊഴിയായിട്ടാണോ വരമൊഴിയായിട്ടാണോ എന്ന കാര്യം അജ്ഞാതമാണ്. എന്നാല്‍ ദീര്‍ഘകാലത്തോളം അത് വാമൊഴിയായി മാത്രം ആവര്‍ത്തിച്ചു കൊണ്ടിരുന്നതായി കാണാം. ഒരുപക്ഷേ, ജിയോനിക്കിന്റെ കാലഘട്ടം വരെ ഈ നില തുടര്‍ന്നിരിക്കാം. ഗവേഷകനായ ജോഹന്നോ കര്‍ദ്ദിനാളുടെ അഭിപ്രായപ്രകാരം ദിവസത്തില്‍ ഒരു നമസ്‌കാരം മാത്രം നിര്‍വഹിച്ചാല്‍ ധാരാളം മതി. മറ്റു യഹൂദ പണ്ഡിതന്മാര്‍ പകല്‍വേളയില്‍ തന്നെ മൂന്നു നമസ്‌കാരങ്ങളും വ്രതകാലങ്ങളില്‍ അത് നാലെണ്ണവും ആണെന്ന് സ്ഥാപിക്കുന്നു. സാമുവല്‍ പാതിരിയുടെ അഭിപ്രായത്തില്‍ പകല്‍ നിര്‍വഹിക്കേണ്ട മൂന്നു നമസ്‌കാരങ്ങള്‍ പകലിന്റെ മൂന്നു സമയങ്ങളോട് ബന്ധപ്പെട്ടതാണ്. സൂര്യോദയം, മധ്യാഹ്നം, സൂര്യാസ്തമയം. ഇതാണ് ആ മൂന്നു സമയങ്ങള്‍ (ജ്യൂയിഷ് എന്‍സൈക്ലോപീഡിയ)
നമസ്കാരം റോമന്‍ കത്തോലിക്കരില്‍
ക്രിസ്ത്യാനികളുടെ നമസ്‌കാരം ആദ്യമായി രൂപംകൊണ്ടത് ക്രിസ്താബ്ദം നാലാം നൂറ്റാണ്ടില്‍ ‘നീഖാ’ സമ്മേളനത്തില്‍ (നികയ്യാ കൗണ്‍സിലില്‍) വെച്ചാണ്.
Encyclopedia of Religion and Ethicsല്‍ ‘നമസ്‌കാരം ക്രിസ്ത്യാനികളില്‍’ എന്ന അധ്യായത്തില്‍ ഗ്രന്ഥകര്‍ത്താവ് പ്രാമുഖ്യം നല്‍കുന്ന അഭിപ്രായം, യേശു യഹൂദികളോടൊപ്പം നമസ്‌കാരത്തില്‍ പങ്കുചേര്‍ന്നിരുന്നുവെന്നാണ്. ആരാധനക്ക് അവരുടെ പള്ളികളില്‍ പോലും യേശു ഹാജരായിരുന്നു. മുന്‍ഗാമികളായ ക്രിസ്തീയ പുരോഹിതന്മാര്‍ അഖിലവും ആചരിച്ചിരുന്നതും അതേ മാതൃക തന്നെയായിരുന്നു. തുടര്‍ന്ന് ഈ ആദ്യ തലമുറ അനുഷ്ഠിച്ച രൂപത്തില്‍തന്നെ ക്രിസ്ത്യാനികളുടെ ആരാധനാ സമ്പ്രദായം നിലനില്‍ക്കുകയും ചെയ്തു. തദനന്തരം യഹൂദികളുമായുള്ള ബന്ധം ക്രൈസ്തവ ചര്‍ച്ചുകളല്ല വിഛേദിച്ചത്; മറിച്ച് യഹൂദികള്‍ ക്രൈസ്തവ ചര്‍ച്ചുകളോടുള്ള ബന്ധം മുറിച്ചുകളയുകയാണുണ്ടായത്.
എന്നാല്‍ അന്നുമുതല്‍ ഇന്നുവരെ വത്തിക്കാന്‍ കൗണ്‍സില്‍ അതില്‍ പല പരിഷ്‌കാരങ്ങളും നടപ്പിലാക്കിക്കൊണ്ടുപോരുന്നു. അവരുടെയടുക്കല്‍ ഇപ്രകാരം നമസ്‌കാരത്തിന്റെ രൂപങ്ങളില്‍ മാറ്റംവരുത്താനുള്ള അധികാരം ചര്‍ച്ചുകളുടെ സംയുക്ത പരമാധികാര സഭക്കാണ്.
കത്തോലിക്കാ ചര്‍ച്ചുകളില്‍ നടത്തപ്പെടുന്ന നമസ്‌കാരത്തിന്റെ രൂപം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഏറ്റവും വലിയ ഔദ്യോഗിക ബുള്ളറ്റിനില്‍ (St. Paul Publications: The Sacrifice of the Mas) പറഞ്ഞ പ്രകാരം താഴെ കൊടുക്കാം: ”പാതിരിയച്ചന്‍ പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം സന്നിഹിതരെല്ലാം എഴുന്നേല്‍ക്കും. തുടര്‍ന്ന് (നമസ്‌കാരത്തിന് കരുതിക്കൊണ്ട്) ‘പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവരുടെ തിരുനാമത്തില്‍ ചര്‍ച്ചിലെ ബലിപീഠത്തില്‍ ഞാന്‍ നമസ്‌കരിക്കുന്നു’ എന്ന് പറയും. അതോടെ പാതിരിയും സന്നിഹിതരും ദൈവത്തെ പുകഴ്ത്തിക്കൊണ്ട് സ്തുതികീര്‍ത്തനങ്ങള്‍ ആലപിക്കാന്‍ തുടങ്ങും.”
അനന്തരം, പാതിരി തന്റെ തെറ്റുകളും കുറ്റങ്ങളും ഏറ്റുപറഞ്ഞുകൊണ്ട് ഇങ്ങനെ പ്രഖ്യാപിക്കും: ‘സര്‍വശക്തനായ ദൈവത്തെയും വിശുദ്ധ കന്യാമറിയത്തെയും പരിശുദ്ധ മാലാഖ മീക്കായീലിനെയും സ്‌നാപക യോഹന്നാനെയും വിശുദ്ധ ദൂതന്മാരായ പത്രോസിനെയും പൗലോസിനെയും എല്ലാ പരിപാവനമായ ക്രിസ്തീയ പുരോഹിതരെയും പരിശുദ്ധാത്മാക്കളെയും ഇവിടെ കൂടിയിരിക്കുന്ന നിങ്ങളെയും മുന്‍നിറുത്തിക്കൊണ്ട് ഞാനിതാ ഏറ്റുപറയുന്നു: എണ്ണി ക്ലിപ്തമാക്കാന്‍ പറ്റാത്തത്ര മനസാ-വാചാ-കര്‍മണാ തെറ്റുകള്‍ ഞാന്‍ ചെയ്തുകൂട്ടി. ഞാന്‍ തന്നെയാകുന്നു അത് പ്രവര്‍ത്തിച്ചതും അതിന്റെ ഉത്തരവാദിയും. അതിനാല്‍, വിശുദ്ധ കന്യാമറിയത്തിനോടും പരിശുദ്ധ മാലാഖ മീക്കായീലിനോടും വിശുദ്ധ സ്‌നാപക യോഹന്നാനോടും ദൈവത്തിന്റെ വിശുദ്ധരായ പത്രോസിനോടും പൗലോസിനോടും ശുദ്ധാത്മാക്കളോടും സഹോദരരേ, നിങ്ങളോടും ഞാന്‍ പൊറുത്തുതരുവാന്‍ ആവശ്യപ്പെടുന്നു; രാജാധിരാജനായ ദൈവത്തോട് നിങ്ങള്‍ പ്രാര്‍ഥിക്കുകയും ചെയ്യുക.”
അതിനുശേഷം സന്നിഹിത സംഘം പാതിരിക്കുവേണ്ടി പ്രാര്‍ഥിക്കുകയും അദ്ദേഹം ‘ആമേന്‍’ പറയുകയും ചെയ്യും. അതു കഴിഞ്ഞാല്‍, പാതിരി മുമ്പ് പറഞ്ഞ അതേ വാചകവും പ്രാര്‍ഥനയും സന്നിഹിത സംഘം തങ്ങള്‍ക്കുവേണ്ടി സ്വയം ഏറ്റുപറയുകയും പാതിരിയോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. അങ്ങനെ പാതിരി അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍, സന്നിഹിതസംഘം ഒന്നായി ‘ആമേന്‍’ പറയുകയും ചെയ്യുന്നു. തുടര്‍ന്ന് എല്ലാവരും എല്ലാവര്‍ക്കും വേണ്ടി പാപമോചനത്തിനും സമാധാനത്തിനും ശാന്തിക്കും അനുഗ്രഹത്തിന്നുമായി പ്രാര്‍ഥിക്കുന്നു.
അനന്തരം, പാതിരി ബലിപീഠത്തില്‍ കയറുകയും ലെത്തീന്‍ ഭാഷയിലുള്ള ഒരു പ്രാര്‍ഥന വായിക്കുകയും ചെയ്യും. പ്രസ്തുത പ്രാര്‍ഥനയില്‍ സകല പാപങ്ങളും പൊറുക്കുവാനും തെറ്റുകള്‍ മാപ്പാക്കുവാനും ദൈവത്തോട് അപേക്ഷിക്കും. അദ്ദേഹം മിശിഹായെയും ക്രിസ്തീയ പുരോഹിതരെയും പ്രാര്‍ഥന നടത്തപ്പെടുന്ന ചര്‍ച്ചില്‍ അന്ത്യകൂദാശ നടത്തപ്പെട്ടിട്ടുള്ള വിശുദ്ധാത്മാക്കളെയുമെല്ലാം മധ്യവര്‍ത്തികളാക്കിക്കൊണ്ടും, പ്രാര്‍ഥിക്കുന്നതാണ്. പിന്നീട് പാതിരി ഇപ്രകാരം പറയും: ”ഓ ദൈവമേ, ഞങ്ങളോട് കരുണ ചെയ്യേണമേ.” അതോടെ സന്നിഹിത സംഘവും ”ഓ മിശിഹാ, ഞങ്ങളോട് കരുണ ചെയ്യേണമേ” എന്നു പറയുന്നു. ഇത് രണ്ടുപ്രാവശ്യം ആവര്‍ത്തിക്കും. അങ്ങനെ പാതിരി മടങ്ങുകയും കരുണക്കുവേണ്ടി വീണ്ടും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അതുപോലെ സന്നിഹിത സംഘവും മടങ്ങി കരുണക്കുവേണ്ടി ദൈവത്തോട് പ്രാര്‍ഥിക്കുന്നു.
ചര്‍ച്ചില്‍, ആരാധനാവേളയില്‍ പാരായണം ചെയ്യപ്പെടുന്ന ‘ഗ്ലോറിയ’ സ്തുതികീര്‍ത്തനങ്ങളുടെ പദങ്ങളില്‍ മാത്രം പരിമിതമാണ്. അതില്‍ പിതാവിന്റെയും ഏകപുത്രന്റെയും നാമങ്ങള്‍ പല പ്രാവശ്യം ആവര്‍ത്തിക്കപ്പെടും. മിശിഹായെ ദൈവത്തിന്റെ ആട്ടിന്‍കുട്ടിയായി വര്‍ണിക്കും. അത് ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുകയും പടപ്പുകളുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും ചെയ്യുന്നു. ആ സ്തുതികീര്‍ത്തനത്തില്‍ മിശിഹായോട് കരുണാകടാക്ഷത്തിനുവേണ്ടി പല പ്രാവശ്യം ആവര്‍ത്തിച്ചാവശ്യപ്പെടുന്നു. കൂടാതെ, സര്‍വ വസ്തുക്കളുടെയും രാജാവും വിധികര്‍ത്താവും പരമോന്നതനുമെല്ലാമായി മിശിഹായെ വിശേഷിപ്പിക്കുകയും ചെയ്യും.
തദനന്തരം, വിശുദ്ധ ഗ്രന്ഥത്തില്‍ നിന്ന് വികാരിയച്ചന്‍ തെരഞ്ഞെടുക്കുന്ന ഒരു ഭാഗം കൂടി പാരായണം ചെയ്യും. അപ്പോള്‍ ബഹുമാനാര്‍ഥം എല്ലാവരും എഴുന്നേറ്റുനില്‍ക്കുന്നു.
കത്തോലിക്കാ പള്ളികളില്‍ ഞായറാഴ്ച നടത്തപ്പെടുന്ന നമസ്‌കാരത്തിനു മുമ്പായി വികാരിയച്ഛന്‍ ആനുകാലിക വിഷയത്തെക്കുറിച്ച് ഒരു പ്രസംഗം കൂടി നടത്തുന്നതാണ്. അങ്ങനെ സാന്ദര്‍ഭിക വിഷയങ്ങള്‍ ജനങ്ങളെ പഠിപ്പിക്കുകയും വിശ്വാസത്തിന്റെ വചനം അവരില്‍ പുതുക്കുകയും ചെയ്യുന്നു.
നമസ്കാരം പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍
കുറ്റം ഏറ്റുസമ്മതിക്കല്‍, പശ്ചാത്താപം, പാപമോചനത്തിനുള്ള അര്‍ഥന, വിശ്വാസം പുതുക്കല്‍, അടിസ്ഥാനപരമായ വിശ്വാസങ്ങളെ ദൃഢീകരിക്കല്‍, സ്തുതികീര്‍ത്തനം, പ്രാര്‍ഥന, ബൈബിള്‍ പാരായണം തുടങ്ങിയ കാര്യങ്ങളില്‍ ക്രൈസ്തവ സമൂഹത്തിലെ മെത്തഡിസ്റ്റ്, ആംഗ്ലിക്കന്‍ എന്നീ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുടെ നമസ്‌കാരത്തിന് കത്തോലിക്കാ വിഭാഗക്കാരുടെ നമസ്‌കാരത്തോട് സാമ്യമുണ്ട്. എങ്കിലും അതിന്റെ ശൈലിയും വാചകവും തങ്ങളുടെ പ്രത്യേകമായ ചര്‍ച്ചിന്റെ വ്യവസ്ഥയനുസരിച്ചായിരിക്കും. കൂടാതെ പല കാര്യങ്ങളിലും കത്തോലിക്കാ നമസ്‌കാരത്തോട് പ്രൊട്ടസ്റ്റന്റ് നമസ്‌കാരം വിയോജിക്കുന്നതായി കാണാം.
അതില്‍ പ്രധാനമായ ചിലത് ഇവിടെ വിവരിക്കാം. അവര്‍ ലാറ്റിന്‍ ഭാഷ ഉപയോഗിക്കുന്നില്ല. പ്രാര്‍ഥനയുടെ സകല പദങ്ങളും ഗാനത്തിന്റെയും പദ്യത്തിന്റെയും രൂപത്തിലാക്കുന്നു. ഓരോ പ്രാര്‍ഥനയും വെവ്വേറെ നിര്‍ണയിക്കപ്പെട്ട പ്രത്യേക രാഗത്തിലും ഈണത്തിലുമാണ് നിര്‍വഹിക്കപ്പെടുന്നത് (മാതൃകക്ക് The Methodias Hymnal, The Methodist Publishing House, USA വായിക്കുക). ദൈവത്തിന്റെ നാമം ഉച്ചരിക്കപ്പെടുമ്പോള്‍ എല്ലാവരും ശാന്തരായി നില്‍ക്കുകയും മൗനമവലംബിക്കുകയും ചെയ്യും. അതുപോലെ, ആ പ്രാര്‍ഥനയിലെങ്ങും മിശിഹായുടെ ദിവ്യത്വത്തെ വ്യക്തമായി സൂചിപ്പിക്കുന്നതോ മിശിഹയെ ദൈവത്തോട് തുല്യപ്പെടുത്തുന്നതോ ആയ വാക്കുകളില്ല. ചില പ്രാര്‍ഥനകള്‍ ഉരുവിടുമ്പോള്‍ ചിന്തിക്കുകയും നിശ്ശബ്ദത കൈക്കൊള്ളുകയും ചെയ്യുന്നതായും കാണാം.
എന്നാല്‍ ആംഗ്ലിക്കന്‍ ചര്‍ച്ചിലെ നമസ്‌കാരത്തിനു മുമ്പായി അതിന്റെ അറിയിപ്പെന്ന രൂപേണ മണികള്‍ മുഴക്കപ്പെടുന്നു. ബൈബിളിലെ ഒരു ഭാഗം പാരായണം ചെയ്യപ്പെടുന്നതോടൊപ്പം ‘വിശ്വാസത്തിന്റെ വചനം’ ഒരു ഗാനരൂപത്തില്‍ ഉച്ചരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ‘തിരുവത്താഴ’ത്തിനും ഏര്‍പ്പാടുകള്‍ ചെയ്യുന്നു. അതുമുഖേന പ്രസ്തുത ചര്‍ച്ചിനെ പിന്‍പറ്റുന്നവര്‍ വിശ്വസിക്കുന്നത് തങ്ങള്‍ തങ്ങളുടെ ശരീരങ്ങളെയും ആത്മാക്കളെയും പരിശുദ്ധമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്നാണ്. (ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് The Book of Common Prayer, The Church of India, Pakistan. Burma and Ceylon 1963 വായിക്കുക)
നമസ്കാരം ഹിന്ദു മതത്തില്‍
ഹിന്ദുമതത്തിലെ ‘നമസ്‌കാരം’ (ശരിയായ ഭാഷയില്‍ പറഞ്ഞാല്‍ പൂജ) ആണ് ഏറ്റവും കൂടുതല്‍ വൈജാത്യത്തിന്റെയും വൈരുധ്യത്തിന്റെയും പര്യായമായിത്തീര്‍ന്നത്. തന്ത്ര- കര്‍മങ്ങളുടെ വിധികളില്‍, അനുഷ്ഠാനങ്ങളില്‍, രൂപങ്ങളില്‍, ശൈലികളില്‍ എല്ലാം തന്നെ വൈജാത്യങ്ങള്‍ നിറഞ്ഞതായി കാണാം. ഒരു സംസ്ഥാനത്തു തന്നെ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത പൂജാസമ്പ്രദായങ്ങള്‍! അതുതന്നെയും ഓരോ കാലത്തിനും ഭാഷക്കുമനുസരിച്ച് മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു! ഓരോ അവാന്തരവിഭാഗത്തിനും വെവ്വേറെ പൂജാ സമ്പ്രദായങ്ങള്‍! ഇത് യഥാര്‍ഥത്തില്‍ ഹിന്ദുമതത്തിലെ വിശ്വാസങ്ങള്‍, സിദ്ധാന്തങ്ങള്‍, ആഗമനങ്ങള്‍, ആചാരങ്ങള്‍, യാഗങ്ങള്‍, വൈദിക വൃത്തങ്ങള്‍ തുടങ്ങിയ എല്ലാ അനുഷ്ഠാനങ്ങളുടെയും സ്ഥിതിവിശേഷങ്ങളാണ്. അതുകൊണ്ടാണ് ഹിന്ദുമതാചാര്യന്മാര്‍ക്കോ തന്ത്രി കുടുംബങ്ങള്‍ക്കോ ശാസ്ത്രികള്‍ക്കോ ഒന്നും തന്നെ ഹിന്ദുമതത്തിന് വ്യക്തവും യുക്തവുമായ ഒരു നിര്‍വചനം നല്‍കാന്‍ കഴിയാത്തത്.
ഹിന്ദുമതത്തില്‍ നിര്‍ബന്ധമായ ആരാധനാകര്‍മങ്ങളില്‍ ധാരാളം പരസ്പര വൈരുധ്യങ്ങള്‍ കാണാം. അതിന്റെ ശൈലികളും രീതികളും വ്യത്യസ്തങ്ങളാണ്. നിയമങ്ങളും നിബന്ധനകളും അവ്യക്തങ്ങളാണ്. ആകൃതിയും രൂപവും അനിര്‍ണിതങ്ങളുമാണ്. ആരാധനയുടെ രൂപങ്ങളിലാവട്ടെ, അടിസ്ഥാന വിശ്വാസങ്ങളിലാകട്ടെ ഒന്നിലും ഒരു ഏകതാനതയോ ഐകരൂപ്യമോ കണ്ടെത്താന്‍ കഴിയുകയില്ല. അതിനാല്‍ ഹിന്ദുമതത്തിലെ ആരാധനാസമ്പ്രദായങ്ങളെ സവിസ്തരം പ്രതിപാദിക്കുന്ന ഒരു ഏക ഗ്രന്ഥം കണ്ടെത്താന്‍ കഴിയില്ല. ഹൈന്ദവ മതതത്വശാസ്ത്രത്തില്‍ പ്രാവീണ്യം നേടിയ ആരുംതന്നെ അതിന്റെ പൂര്‍ണമായ ഒരു ചിത്രം വരച്ചുകാണിച്ചിട്ടുമില്ല. ഇന്ത്യന്‍ വംശജരുടെയും ഹൈന്ദവ സമൂഹത്തിന്റെയുമെല്ലാം ആരാധനയുടെ ചിത്രങ്ങളും ആചാരാനുഷ്ഠാനങ്ങളും ഒരു പരിധിവരെ ഭംഗിയായി ചിത്രീകരിച്ചത്, ശ്രീ. ടി. പി. എം. മാധവന്‍ തന്റെ Outlines of Hinduism എന്ന പുസ്തകത്തിലാണ്. മദ്രാസ് യൂനിവേഴ്‌സിറ്റിയിലെ തത്വശാസ്ത്ര വിഭാഗത്തിന്റെ മേധാവിയായിരുന്നു അദ്ദേഹം. ഈ പുസ്തകത്തിന് അവതാരികയെഴുതിയ മുന്‍ രാഷ്ട്രപതി ഡോ. രാധാകൃഷ്ണന്‍ അതിനെ വളരെയധികം പുകഴ്ത്തിയിട്ടുണ്ട്.
അദ്ദേഹം ഹിന്ദുമതത്തിലെ ആരാധനാ സമ്പ്രദായങ്ങളുടെയും പ്രണവ പ്രണാമങ്ങളുടെയുമൊക്കെ വ്യവസ്ഥകളും ക്രമങ്ങളും വിശദീകരിച്ചുകൊണ്ട് എഴുതുന്നു: ”അമ്പലങ്ങളിലും വീടുകളിലും ആരാധിക്കപ്പെടുന്ന വിഷ്ണു, ശിവന്‍, പാര്‍വതി എന്നീ ദൈവങ്ങളുടെ പ്രതീകങ്ങളാണ് പൊതുജനങ്ങളില്‍ കൂടുതല്‍ പ്രചാരവും സ്വീകാര്യതയും നേടിയത്. പക്ഷേ, ഉത്തര ഭാരതത്തില്‍ കൃഷ്ണന്റെയും ദക്ഷിണ ഭാരതത്തില്‍ കാര്‍ത്തികേയന്റെയും എണ്ണമറ്റ വിഗ്രഹങ്ങളും അഭ്യസ്തവിദ്യരുടെ ഇടയില്‍ ആരാധിക്കപ്പെട്ടുവരുന്നുണ്ട്. എന്നാല്‍ ഹിന്ദുക്കളിലെ എല്ലാ വിഭാഗക്കാരും മേല്പറഞ്ഞ സകല വിഗ്രഹങ്ങളെയും പൂജിക്കുകയും ദൈവങ്ങളായി സങ്കല്പിക്കുകയും ചെയ്യുന്നവരാണ്.
പൂജകനായ ഒരു ഹിന്ദു തന്റെ മൂര്‍ത്തിയെ സ്വവസതിയില്‍ ആദരണീയനായ ഒരു അതിഥിയെപ്പോലെ ഉപചരിക്കുന്നു. അമ്പലങ്ങളില്‍ പോകുമ്പോള്‍ രാജാധിരാജന് കാണിക്കയായും നിവേദ്യമായും പുഷ്പങ്ങളും പഴങ്ങളും അവിലും മലരുമെല്ലാം കൊണ്ടുപോകും. അതുമുഖേന സ്‌നേഹമൂര്‍ത്തിയായ തന്റെ ദൈവത്തോട് അനുരാഗവും ആദരവും പ്രകടിപ്പിക്കുകയാണ് അവന്‍ ചെയ്യുന്നത്. ഹിന്ദുക്കളുടെ ആരാധനകളെല്ലാം പൂര്‍ണമായും അതിഥികളെയും രാജാക്കന്മാരെയും ആദരിക്കുകയും ഉപചരിക്കുകയും ചെയ്യുന്നതുപോലെത്തന്നെ എന്നു പറയാം.
അവന്‍ തന്റെ ദൈവത്തിന് ആദ്യമായി സ്വാഗതമരുളുന്നു. എന്നിട്ട് ഇരിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുകയും ദൈവത്തിന്റെ രണ്ടു കാലുകള്‍ കഴുകിക്കൊടുക്കുകയും ചെയ്യുന്നു. രാജാവിനോടുള്ള ബഹുമാനാര്‍ഥം ചന്ദനവും മലരും മുമ്പില്‍ കാഴ്ചവെക്കുന്നു. അനന്തരം തന്റെ മൂര്‍ത്തിയുടെ കണ്ഠത്തില്‍ ഹാരമണിയിക്കുകയും നെറ്റിയില്‍ ചന്ദനക്കുറി തൊടുകയും ചെയ്യും. സുഗന്ധവാഹിനികളായ കുസുമങ്ങളും കുന്തിരിക്കവും മറ്റും സമര്‍പ്പിക്കുകയും പുകയ്ക്കുകയും ചെയ്യുന്നു. വിളക്കുകള്‍ കത്തിക്കുകയും അത് കൈയിലേന്തി പ്രതിഷ്ഠയെ വലംവെക്കുകയും ചെയ്യുന്നു. ഭക്ഷണം മുമ്പില്‍വെച്ച ശേഷം മുറുക്കാന്‍ കൊണ്ടുപോയി കൊടുക്കുന്നു. തുടര്‍ന്ന് കുറെ കര്‍പ്പൂരം കത്തിക്കുന്നു. ഇത്തരത്തിലുള്ള നൈവേദ്യങ്ങളെല്ലാം അര്‍പ്പിക്കുന്നതിനു പുറമെ കാണിക്കയായി ‘സ്വര്‍ണപുഷ്പം’ എന്ന നാമധേയത്തില്‍ കുറെ സ്വര്‍ണവും വിഗ്രഹത്തിന്റെ സാന്നിധ്യത്തില്‍ സമര്‍പ്പിക്കാറുണ്ട്. അവസാനം തന്റെ ദേവീദേവന്മാരോട് വിടപറഞ്ഞു പിരിയുന്നു.
ഹൈന്ദവര്‍ക്ക്, അമ്പലങ്ങളിലെയും കാവുകളിലെയും വിഗ്രഹങ്ങളോടുള്ള പെരുമാറ്റവും സമീപനവുമെല്ലാം രാജാക്കന്മാരോടുള്ള പെരുമാറ്റവും സമീപനവും തന്നെയാണെന്ന് പറഞ്ഞുവല്ലോ. മന്ത്രവാദിയായ ശാന്തിക്കാരന്‍, ഉറങ്ങുന്ന ദൈവത്തെ ഗാനാലാപനങ്ങള്‍കൊണ്ടും സംഗീതോപകരണങ്ങള്‍കൊണ്ടുമാണ് ഉണര്‍ത്തുന്നത്. മുറപ്രകാരം കുളിപ്പിക്കുകയും രാജകീയ വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും ചെയ്യും. അങ്ങനെ ആഭരണങ്ങള്‍ അണിയിക്കുന്നു. പൂമാലകള്‍ ചാര്‍ത്തുന്നു. വര്‍ണപ്പൊലിമയുള്ള വിളക്കുകള്‍ ചുറ്റുപാടും പ്രകാശിപ്പിക്കുന്നു. ആഹാരനീഹാരാദികള്‍ക്കെല്ലാമുള്ള സമയങ്ങള്‍ പോലും വളരെ കൃത്യവും ക്ലിപ്തവുമാണ്. എല്ലാ ദിവസവും രാജാവ് സിംഹാസനസ്ഥനാവുകയും തന്റെ പ്രജകളായ അടിമകള്‍ക്കിടയിലേക്ക് എഴുന്നള്ളുകയും ചെയ്യുന്നു. അവരുടെ ആവലാതികളും വേവലാതികളും കേള്‍ക്കുന്നു. തന്റെ കരുണാകടാക്ഷത്തിന്റെയും സ്‌നേഹവായ്പിന്റെയും തണലില്‍ അവരെ ആശീര്‍വദിക്കുന്നു. ഉത്സവദിവസങ്ങളില്‍ പരിവാരങ്ങളോടുകൂടി പ്രകടനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യും. അര്‍ഥമറിയാത്ത ഈ നാടകം ഇന്ത്യയിലെ ഏകദേശം എല്ലാ അമ്പലങ്ങളിലും നടക്കുന്നു. ഘോരമായ തമസ്സിന്റെ തടവറയിലേക്ക് നയിക്കുന്ന പരുപരുത്ത കാട്ടുപാതയില്‍നിന്ന് ഒരിക്കലും മോചനമില്ലാത്ത ഒരുവിഭാഗം ജനങ്ങളെ ആവേശംകൊള്ളിക്കലാണ് അതിന്റെ ഉദ്ദേശ്യം” (Outlines of Hinduism- Pages 48-50).
ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിവസിക്കുന്ന ഹിന്ദുമതത്തിലെ വ്യത്യസ്ത വിഭാഗങ്ങളില്‍ എല്ലാവരുടെയും ആരാധനകളും ആചാരങ്ങളും രണ്ടു ഏകകങ്ങളില്‍ സമന്വയിക്കുകയും സമ്മേളിക്കുകയും ചെയ്യുന്നു.
അതില്‍ ഒന്ന്, അമിതമായ ഗാനാലാപനവും നാദസ്വര ഉപകരണത്തിന്റെ പ്രയോഗവുമാണ്. സംഗീതവും ഗാനവും ഹൈന്ദവ മതത്തിന്റെ അവിഭാജ്യ ഘടകവും അടിസ്ഥാന മൂലകവുമാണ്. മനുഷ്യന്റെ കൈകടത്തലുകള്‍ക്ക് വിധേയവും സൃഷ്ടിനിര്‍മിതവും ‘ശിര്‍ക്കി’ലധിഷ്ഠിതവുമായ ഏതു മതത്തിന്റെയും സ്ഥിതി ഇതുതന്നെയാണ്. അജ്ഞാനകാലത്തെ അറബികളുടെ നമസ്‌കാരത്തെക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക: ”കഅ്ബയുടെ അടുക്കല്‍ അവരുടെ നമസ്‌കാരം ചൂളം വിളിയും കൈകൊട്ടും മാത്രമായിരുന്നു.”
ദേശ-ഭാഷാ-വര്‍ഗ-വര്‍ണ വൈജാത്യങ്ങള്‍ നിലനില്‍ക്കെ തന്നെ ഹൈന്ദവരെയെല്ലാം ഒന്നായി കൂട്ടിയിണക്കുന്ന രണ്ടാമത്തെ ഏകകം വിഗ്രഹപൂജയും ബിംബാരാധനയുമാണ്. ഈ വിഗ്രഹപൂജ, ബിംബാരാധകരായ തത്വചിന്തകന്മാരും മതാചാര്യന്മാരും എന്തുതന്നെ ന്യായീകരണവും വ്യാഖ്യാനവും നല്‍കിയാലും യഥാര്‍ഥ ദൈവത്തെക്കുറിച്ചുള്ള സ്മരണ ജനഹൃദയങ്ങളില്‍ നിന്ന് എടുത്തുകളയുകയും ഏകദൈവ സിദ്ധാന്തം പാടെ വിസ്മരിപ്പിക്കുകയും ചെയ്തിരിക്കുന്നു. യഥാര്‍ഥത്തില്‍ എക്കാലത്തുമുള്ള ബഹുദൈവാരാധനയുടെയും വിഗ്രഹ പൂജയുടെയും പൂര്‍ണമായ ദൂഷ്യവശം അതില്‍ നമുക്ക് കാണാന്‍ കഴിയുന്നു: ”എന്റെ നാഥാ, ഈ വിഗ്രഹങ്ങള്‍ വളരെയധികം ജനങ്ങളെ വഴിപിഴപ്പിച്ചുകളഞ്ഞിരിക്കുന്നു” (14:36) എന്ന് ഇബ്‌റാഹീം(അ) പറയുന്നത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നു.
ഈ വിഗ്രഹങ്ങള്‍, അവരുടെ മനസ്സിനെയും വപുസ്സിനെയും ആവരണം ചെയ്തുകഴിഞ്ഞു. ഒരിക്കലും ഒഴിഞ്ഞുപോകാത്ത രൂപത്തില്‍ അവരുടെ ദേഹ-ദേഹികളില്‍ അവ അധിനിവേശം നടത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി ആ ബിംബങ്ങളെ അവിടെ നിന്ന് കുടിയിറക്കുക എന്നത് അതിദുഷ്‌കരമായ ഒന്നാണ്. യഥാര്‍ഥ ആരാധ്യനെപ്പറ്റിയുള്ള ഒരു വിചാരംപോലും ഇന്ന് അവരുടെ മനോമുകുരങ്ങളില്‍ കാണാനില്ല. അതിന്റെ ഫലമായി ഏകദൈവത്തെ മാത്രം ആരാധിച്ച് ശാന്തിയും സന്തുഷ്ടിയും കരസ്ഥമാക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം സാക്ഷാത്കരിക്കപ്പെടാത്ത ഒരു സ്വപ്നമായിരിക്കുന്നു.
വിവിധ സമൂഹങ്ങളിലെ നമസ്‌കാരം ഖുര്‍ആനില്‍
മുന്‍കാല ഗ്രന്ഥങ്ങളെ സാക്ഷ്യപ്പെടുത്തുന്ന ഖുര്‍ആന്‍ ഇസ്‌റാഈല്യരില്‍ നമസ്‌കാരം ഉണ്ടായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. സമുദായത്തിലെ സജ്ജനങ്ങളും പ്രവാചകന്മാരും അത് കൃത്യനിഷ്ഠയോടും പ്രാധാന്യത്തോടും കൂടി നിര്‍വഹിച്ചു. ഖുര്‍ആനില്‍ പ്രവാചകന്മാരായ ഇബ്‌റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരെ സ്മരിച്ചശേഷം അല്ലാഹു പറയുന്നു: ”നാം അവരെ നമ്മുടെ കല്പനയനുസരിച്ച് ജനങ്ങള്‍ക്ക് സന്മാര്‍ഗം കാണിച്ചുകൊടുക്കുന്ന നായകന്മാരാക്കി. പുണ്യകര്‍മങ്ങള്‍ ചെയ്യാനും നമസ്‌കാരം നിലനിറുത്താനും സകാത്ത് കൊടുക്കുവാനും അവര്‍ക്ക് നാം സന്ദേശം നല്കുകയും ചെയ്തു. അവരെല്ലാം നമുക്ക് ആരാധന ചെയ്യുന്നവരായിരുന്നു’‘(21:73).
മറ്റൊരിടത്ത് ഈസാ നബി(അ)യെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ”ഞാന്‍ എവിടെയായിരുന്നാലും അവന്‍ എന്നെ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്‌കരിക്കാനും സകാത്ത് കൊടുക്കാനും എന്നോടവന്‍ കല്പിക്കുകയും ചെയ്തിരിക്കുന്നു’‘(19:31).
ഈസാ നബി(അ)യുടെ മാതാവ്, മര്‍യമിനോടുള്ള ആജ്ഞയായി ഖുര്‍ആന്‍ പറയുന്നു: ”ഓ മര്‍യം, നീ നിന്റെ രക്ഷിതാവിനോട് വണക്കം കാട്ടുകയും സാഷ്ടാംഗം ചെയ്യുകയും നമിക്കുന്നവരോടൊപ്പം നമിക്കുകയും ചെയ്യുക’‘(3:43). എന്നാല്‍ ഒരു കാര്യം ഖുര്‍ആന്‍ വളരെ വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട്. യഹൂദികള്‍ തങ്ങളുടെ ആദ്യകാലം മുതല്‍ തന്നെ നമസ്‌കാരത്തില്‍ അശ്രദ്ധയും അലസതയും പ്രകടിപ്പിച്ചുപോന്നു എന്നതത്രെ അത്. അല്ലാഹു പറയുന്നു: ”അല്ലാഹു അനുഗ്രഹം നല്കിയിട്ടുള്ള പ്രവാചകന്മാരത്രെ അവര്‍. ആദമിന്റെ മക്കളില്‍ നിന്നും നൂഹിന്റെ കൂടെ കപ്പലില്‍ നാം കയറ്റിയവരില്‍ നിന്നും ഇബ്‌റാഹീം, ഇസ്‌റാഈല്‍ എന്നിവരുടെ മക്കളില്‍ നിന്നും നാം നേര്‍വഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍പെട്ടവരുമത്രെ അവര്‍. കാരുണികനായ അല്ലാഹുവിന്റെ വചനങ്ങള്‍ അവര്‍ക്ക് ഓതിക്കൊടുത്താല്‍ അവര്‍ നമിച്ചും കരഞ്ഞും വീഴുന്നതാണ്. പിന്നീട് അവരുടെ ശേഷം ഒരു തലമുറ വന്നു; അവര്‍ നമസ്‌കാരം പാഴാക്കുകയും ശരീരേഛകളെ പിന്‍പറ്റുകയും ചെയ്തു. തദ്ഫലമായി അവര്‍ ദുര്‍മാര്‍ഗത്തിന്റെ ഫലം കണ്ടെത്തും’‘(19: 58-59).
