നമസ്കാരത്തിന്റെ ലക്ഷ്യം
ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനയാണ് നമസ്കാരം. സമയബന്ധിതമായി ദിനേനെ നിര്‍വഹിക്കേണ്ട അഞ്ചുനേരത്തെ നമസ്കാരം മുസ്ലിമിന്ന് നിര്‍ബന്ധമാണ്. ഇത് മനഃപൂര്‍വം ഉപേക്ഷിക്കുന്നവര്‍ ഇസ്ലാമിക സമൂഹത്തില്‍ ഉണ്ടായിക്കൂടാ. പരലോക മോക്ഷത്തിനു പുറമേ വ്യക്തിപരമായും സാമൂഹികമായും ഏറെ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ആരാധനയാണ് നമസ്കാരം. മനുഷ്യനെ ദൈവസ്മരണയില്‍ നിലനിര്‍ത്താന്‍ ഉപകരിക്കുന്ന നമസ്കാരം, പൈശാചിക പ്രലോഭനങ്ങള്‍ക്കു മേല്‍ ദൈവഭക്തിയുടെ മേല്‍ക്കൈ നേടിയെടുക്കാനും അതുവഴി അല്ലാഹുവിലേക്ക് അടുക്കാനും പര്യാപ്തമാണ്. ഭയം, സങ്കടം, നിരാശ തുടങ്ങിയ അസ്വസ്ഥതകളില്‍ നിന്ന് മുക്തമായി മനശ്ശാന്തി നേടാനും അതുവഴി മാനസികാരോഗ്യം ശക്തമാക്കാനും നമസ്കാരം നിമിത്തമാകുന്നു.
നമസ്കാരവും ദൈവസ്മരണയും, നമസ്കാരവും ദൈവഭക്തിയും, നമസ്കാരത്തിലൂടെ അല്ലാഹുവിലേക്ക് അടുക്കാം, നമസ്കാരം: മനഃശാന്തിയുടെ മാര്‍ഗം, നമസ്കാരം ആത്മസംസ്കരണത്തിന്, നമസ്കാരം ശാശ്വത വിജയത്തിന്, നമസ്കാരം: ജീവിതഗന്ധിയായ ആരാധന തുടങ്ങിയവ നമസ്കാരത്തിന്റെ ലക്ഷ്യം എന്ന ഈ അധ്യായത്തിൽ വായിക്കാം.
അല്ലാഹുവിന്റെ കല്പനകള് അനുസരിക്കുകയും അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയുമാണ് വിശ്വാസിയുടെ ധര്‍മം. അതാണ് ആരാധനകളുടെ പ്രധാന ലക്ഷ്യവും. അല്ലാഹുവിന്ന് സൃഷ്ടികളുടെ പ്രാര്‍ഥനയോ നന്ദിയോ ആവശ്യമില്ല; മറിച്ച് ആരാധനയുടെ ഗുണം സൃഷ്ടികള്‍ക്ക് തന്നെയാണ്. അല്ലാഹു പറയുന്നു: ”ആര് നന്ദി കാണിച്ചാലും തന്റെ ഗുണത്തിനു തന്നെയാണ് അവന് നന്ദി കാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുകയാണെങ്കില്‍ നിശ്ചയം, അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു” (31:12).
നമസ്കാരത്തിന്റെ ഓരോ വശത്തിന്റെയും ഉദ്ദേശ്യവും തത്വങ്ങളും നമുക്ക് അറിയാന്‍ സാധ്യമല്ലെങ്കിലും പ്രമാണങ്ങളിലെ സൂചനകളില്‍നിന്നും പണ്ഡിത ഗവേഷണങ്ങളില്‍നിന്നും ചിലതൊക്കെ മനസ്സിലാക്കാവുന്നതാണ്. അതില്‍ ചിലത് താഴെ വിവരിക്കുന്നു.
നമസ്കാരവും ദൈവസ്മരണയും
പ്രപഞ്ചസ്രഷ്ടാവും നിയന്താവുമായ ഏകനാഥനിലുള്ള ദൃഢമായ വിശ്വാസമാണ് ഇസ്ലാം അവതരിപ്പിക്കുന്നത്. അവനുമായി ബന്ധം സ്ഥാപിക്കുവാനും അവനെക്കുറിച്ചുള്ള സ്മരണ നിലനിറുത്തുവാനും മുസ്ലിമിനോട് ആ വിശ്വാസം ആവശ്യപ്പെടുന്നു. അതാണ് നമസ്കാരം നിശ്ചയിച്ചതിലുള്ള തത്വങ്ങളില്‍ ഒന്ന്. അല്ലാഹു പറയുന്നു: ”എന്നെക്കുറിച്ചുള്ള സ്മരണ നിലനിറുത്തേണ്ടതിന്നായി നമസ്കാരം മുറ പ്രകാരം നിര്‍വഹിക്കുക’‘ (20:14).
നബി(സ്വ) പറയുന്നു: ”ത്വവാഫ്, സഫാ മര്വയ്ക്കിടയിലുള്ള സഅ്യ്, ജംറകളിലുള്ള ഏറ് ഇവയെല്ലാം നിശ്ചയിക്കപ്പെട്ടത് അല്ലാഹുവിനെപ്പറ്റിയുള്ള സ്മരണ നിലനിറുത്താന്‍ വേണ്ടിയാണ്” (അബൂദാവൂദ്) 1. ദൈവസ്മരണ വിശ്വാസിയുടെ മനസ്സില്‍ എപ്പോഴും ജ്വലിച്ചു നില്‍ക്കണമെന്നാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. അതിനാല്‍, അതിന്നനുസൃതമായിട്ടാണ് നമസ്കാരം രൂപപ്പെടുത്തിയിട്ടുള്ളത്. ദൈവസ്മരണയെ ഉദ്ദീപിപ്പിക്കാന്‍ പര്യാപ്തമായ വചനങ്ങളും പ്രാര്‍ഥനകളുമാണ് അതില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. പുറമെ, വെള്ളിയാഴ്ച ദിനത്തിലെ സംഘടിത നമസ്കാരത്തിനു(ജുമുഅ) മുമ്പ് നടത്തപ്പെടുന്ന ഉദ്ബോധനവും ദൈവസ്മരണ ഉണര്‍ത്തുന്ന വിധത്തിലാകണമെന്ന് ഇസ്ലാം നിര്‍ദേശിക്കുന്നു. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെപ്പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ എത്തിച്ചേരുക. വ്യാപാര കാര്യങ്ങള്‍ ഒഴിവാക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍” (62:9).
ഓരോ ദിനവും അഞ്ചുനേരത്തെ നമസ്കാരങ്ങള്‍ക്ക് പുറമെ രാത്രിയുടെ വിജനതയില്‍ ‘തഹജ്ജുദ്’ നമസ്കരിക്കുകയും തന്റെ നാഥനുമായി സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്യുന്ന വിശ്വാസി, അത്യധികം അല്ലാഹുവിനെ സ്മരിക്കുന്നത് സ്വാഭാവികമാണല്ലോ. അല്ലാഹു പറയുന്നു: ‘‘നിങ്ങള്‍ എന്നെ സ്മരിക്കുവിന്‍. ഞാന്‍ നിങ്ങളെയും സ്മരിക്കും” (2: 152).
അല്ലാഹുവിനെ ഓര്‍ക്കാതെ ഒരു ചടങ്ങെന്നോണം നമസ്കരിക്കുന്നവരെ ഖുര്‍ആന്‍ താക്കീത് ചെയ്യുന്നത് ഇപ്രകാരമാണ്: ‘നമസ്കാരത്തെപ്പറ്റി അശ്രദ്ധരും മറ്റുള്ളവരെ കാണിക്കുവാനായി ചെയ്യുന്നവരും പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ നമസ്കാരക്കാര്‍ക്കാകുന്നു നാശം” (107:4-7).
മനുഷ്യ ജീവിതത്തില്‍ ശാന്തിയും സമാധാനവും നേടിക്കൊടുക്കുന്നതിലും ദൈവകാരുണ്യത്തിനും സ്നേഹത്തിനുമുള്ള അര്‍ഹത കൈവരിക്കുന്നതിലും ദൈവസ്മരണയോടെയുള്ള നമസ്കാരം നിസ്തുല പങ്ക് നിര്‍വഹിക്കുന്നു. അല്ലാഹു പറയുന്നു: ”അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും, അവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും സജ്ജമാക്കി വെച്ചിരിക്കുന്നു” (33:35).
നമസ്കാരവും ദൈവഭക്തിയും
ഇത് നമസ്കാരത്തിന്റെ തത്വങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. നമസ്കരിക്കുന്നവന് വിശ്വസിക്കുന്നത്, തന്റെ സകല ചലനങ്ങളും അറിയുന്നവനും അവന്റെ ദൃഷ്ടിയില്‍നിന്ന് ഒരു കാര്യവും മറച്ചുവെക്കാനോ അവന്റെ ശിക്ഷയില്‍നിന്ന് രക്ഷ പ്രാപിക്കാനോ കഴിയാത്തവനുമായ പ്രപഞ്ചനാഥനിലാണ്. ഈ വിശ്വാസത്തിന്റെ ദൃഢതയ്ക്കനുസൃതമായി നമസ്കരിക്കുന്നവനില്‍ അനുസരണവും വിനയവും ഭക്തിയും വര്‍ധിച്ചുകൊണ്ടിരിക്കും. നമസ്കാരം ഇപ്രകാരം നിര്‍വഹിക്കപ്പെടണമെന്ന് ഇസ്ലാം അനുശാസിച്ചു. അല്ലാഹു പറയുന്നു: ” നിങ്ങള്‍ നമസ്കാരങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിക്കുക. പ്രത്യേകിച്ചും ഉത്കൃഷ്ട നമസ്കാരം. നിങ്ങള്‍ അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടെ നമസ്കരിക്കുക” (2:238).
ഈ ആയത്തിന്റെ അവതരണത്തോടെ നമസ്കാരത്തില്‍ പരസ്പരം സംസാരിക്കുന്നത് നിരോധിക്കപ്പെട്ടുവെന്ന് സൈദുബ്നു അര്‍ഖമില്‍നിന്ന് മുസ്ലിം ഉദ്ധരിക്കുന്നുണ്ട്. നമസ്കാരത്തില്‍ വ്യാപൃതനാവുന്ന സമയമത്രയും ദൈവമഹത്വത്തിലും സംഭാഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴേ നമസ്കരിക്കുന്നവന് ഭക്തി കൈവരിക്കാന്‍ സാധിക്കൂ. അല്ലാഹു പറയുന്നു: ”നീ നമസ്കാരത്തില്‍ രക്ഷിതാവിന്റെ നാമം സ്മരിക്കുക. അവങ്കലേക്ക് മാത്രമായി മടങ്ങുക” (73:8).ഇതിന്നായി അവന് തന്റെ മനസ്സിന്റെ വിചാരങ്ങളും അവയവങ്ങളുടെ ചലനങ്ങളും നിയന്ത്രിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യേണ്ടതാണ്.
മനസ്സാന്നിധ്യമില്ലാതെയും ജനശ്രദ്ധയാകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയും നിര്‍വഹിക്കപ്പെടുന്ന നമസ്കാരവും കപടഭക്തിയും മനുഷ്യനു ഒരു ഗുണവും ചെയ്യുകയില്ല. അല്ലാഹു പറയുന്നു: ”ശ്രദ്ധയില്ലാതെ നമസ്കരിക്കുകയും മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും പരോപകാര വസ്തുക്കള്‍ മുടക്കുകയും ചെയ്യുന്ന നമസ്കാരക്കാര്‍ക്കാണ് നാശം” (107: 4-7).
നമസ്കാരത്തിലെ കര്‍മങ്ങള്‍ നബി(സ്വ) നിര്‍ദേശിച്ച രൂപത്തില്‍തന്നെ നിര്‍വഹിക്കേണ്ടതാണ്. കൂടാതെ നമസ്കാരത്തില്‍ ചൊല്ലുന്ന ഖുര്‍ആനും സ്തോത്ര കീര്‍ത്തനങ്ങളും ആശയം ഗ്രഹിച്ചുകൊണ്ടായിരിക്കേണ്ടതാണ്. നമസ്കാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഭക്തി വര്ധിക്കുവാനും അത് ഏറെ സഹായിക്കും. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, ലഹരി ബാധിച്ച നിലയില്‍ നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്. നിങ്ങള്‍ പറയുന്നത് എന്തെന്ന് ബോധ്യമുണ്ടാകുന്നതു വരെ” (4:43).
അല്ലാഹുവിന്റെ തിരുസന്നിധിയില്‍ വെച്ച് അവനോട് സംസാരിക്കുകയാണെന്ന ബോധത്തോടെയാണ് നമസ്കാരം നിര്‍വഹിക്കപ്പെടേണ്ടത്. ഇത് നമസ്കരിക്കുന്നവന് ഭക്തിയും ചിന്താ നിമഗ്നതയും പ്രദാനംചെയ്യും.
നബി(സ്വ) പറയുന്നു: ”നീ അല്ലാഹുവിനെ കാണുന്നതുപോലെ ആരാധിക്കുക; നീ അവനെ കാണുന്നില്ലെങ്കിലും. നിശ്ചയം, അവന് നിന്നെ കണ്ടുകൊണ്ടിരിക്കുന്നു” (മുസ്ലിം) 2).
മനസ്സാന്നിധ്യം കൈവരിക്കാനെന്നപോലെ അത് നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. നമസ്കരിക്കുന്നവന്റെ മുന്നില്‍ ഒരു മറ സ്ഥാപിക്കണമെന്നും എന്നാല്‍ ശ്രദ്ധയെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള വരകളും ചിത്രങ്ങളും അവിടെ ഉണ്ടാവരുതെന്നും പ്രത്യേകം നിര്‍ദേശിക്കപ്പെട്ടു. അനസ്(റ) പറയുന്നു: ”ആഇശ(റ)ക്ക് ഒരു നേര്‍ത്ത വിരിയുണ്ടായിരുന്നു. ഒരിക്കല്‍ അവര്‍ അതുകൊണ്ട് വീടിന്റെ ഒരു വശം മറച്ചു. അതിനെ തുടര്‍ന്ന് പ്രവാചകന്(സ്വ) പറഞ്ഞു: ”നമ്മുടെ അടുത്തുനിന്ന് ഈ വിരി എടുത്തുമാറ്റൂ. അതിലെ ചിത്രങ്ങള്‍ നമസ്കാരത്തില്‍ എനിക്ക് ചിന്താകുഴപ്പം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു” (ബുഖാരി) 3.
വിശക്കുന്നവന് ഭക്ഷണത്തിന്റെ സാന്നിധ്യത്തിലും വിസര്‍ജനത്തിന് നിര്ബന്ധമുള്ളപ്പോഴും നമസ്കരിച്ചാല്‍ വേണ്ടത്ര ഭക്തിയും മനസ്സാന്നിധ്യവും പാലിക്കല്‍ ശ്രമകരമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമസ്കരിക്കുന്നത് നിരുത്സാഹപ്പെടുത്തിക്കൊണ്ട് പ്രവാചകന് പറഞ്ഞു: ”വിശപ്പുണ്ടായിരിക്കെ ഭക്ഷണത്തിന്റെ മുമ്പില്‍വച്ചോ രണ്ടു മാലിന്യങ്ങള്‍ വന്നുമുട്ടുമ്പോഴോ നമസ്കരിക്കാവതല്ല” (മുസ്ലിം) 4).
നമസ്കരിക്കുമ്പോള്‍ തലയുയര്‍ത്തുന്നതും തിരിഞ്ഞു നോക്കുന്നതും പ്രവാചകന് വിരോധിച്ചതും അത് പിശാചിന്റെ റാഞ്ചിയെടുക്കലാണെന്ന് ആക്ഷേപിച്ചതും (ബുഖാരി) 5 ഇവിടെ ശ്രദ്ധേയമാണ്. മാത്രമല്ല, നമസ്കാരത്തിലെ പ്രധാന കര്‍മമായ ഖുര്‍ആന്‍ പാരായണം ബഹളം സൃഷ്ടിക്കുന്ന രൂപത്തിലാവരുതെന്ന് പ്രത്യേകം നിര്‍ദേശിക്കപ്പെട്ടു. ഒരിക്കല്‍ നബി(സ്വ) ഇറങ്ങി വന്നപ്പോള്‍ ജനങ്ങള്‍ നമസ്കരിക്കുകയായിരുന്നു. അവരുടെ ഖുര്‍ആന്‍ പാരായണം അത്യുച്ചത്തിലായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു:
”നിശ്ചയം, നമസ്കരിക്കുന്നവന് തന്റെ നാഥനോട് രഹസ്യ സംഭാഷണം നടത്തുകയാണ്. അതിനാല്‍ അല്ലാഹുവിനോടെന്താണ് സംസാരിക്കുന്നതെന്ന് അവന് നോക്കേണ്ടതാണ്. നിങ്ങള്‍ പരസ്പരം അലോസരമുണ്ടാക്കിക്കൊണ്ട് പാരായണം ചെയ്യരുത്” (അഹ്മദ്) 6. നമസ്കരിക്കുന്നവന് പ്രയാസമുണ്ടാക്കുന്ന രൂപത്തില്‍ അവന്റെ സമീപത്തുവെച്ച് ശബ്ദമുണ്ടാക്കുന്നത് പാടില്ലെന്ന് പണ്ഡിതന്മാര് അഭിപ്രായപ്പെട്ടതും ഇതുകൊണ്ടു തന്നെയാണ്.
നബി(സ്വ)യുടെയും അനുചരന്മാരുടെയും നമസ്കാരം ഭക്തി നിര്‍ഭരമായിരുന്നു. അബ്ദുല്ലാഹിബ്നു ശിഖീര്‍ പറയുന്നു: ”ഞാന്‍ പ്രവാചകന്റെ അടുത്തു ചെന്നപ്പോള്‍ അദ്ദേഹം നമസ്കരിക്കുകയായിരുന്നു. അപ്പോള്‍ ”തിളയ്ക്കുന്ന പാത്രത്തിന്റെ ശബ്ദം പോലുള്ള കരച്ചില് നബി(സ്വ)ക്ക് ഉണ്ടായിരുന്നു” (അഹ്മദ്) 7
നബി(സ്വ) രോഗശയ്യയിലായിരുന്നപ്പോള്‍ അബൂബക്ര്(റ)വിനോട് നമസ്കാരത്തിന് നേതൃത്വം നല്കാന് അവിടുന്ന് കല്പിച്ചു. അപ്പോള്‍ മകള്‍ ആഇശ(റ) പറഞ്ഞു: ”നിശ്ചയം, അബൂബക്ര് ലോലഹൃദയനാണ്. അദ്ദേഹം ഖുര്‍ആന്‍ പാരായണം ചെയ്താല്‍ കരച്ചില് അദ്ദേഹത്തെ കീഴ്പ്പെടുത്തുന്നതാണ്” (ബുഖാരി) 8.
ഖലീഫ ഉമര്‍(റ), സൂറതുസ്വഫ്ഫ് പാരായണം ചെയ്തപ്പോള്‍ കരഞ്ഞിരുന്നതായി ചരിത്രത്തിലുണ്ട്. ഇപ്രകാരം ഭക്തിസാന്ദ്രമായും ബാഷ്പകണങ്ങള്‍ പൊഴിച്ചുകൊണ്ടും നമസ്കാരം നിര്‍വഹിക്കുകയാണ് പൂര്‍വികരുടെ മാതൃക. ഭക്തന്മാര്ക്ക് ലഭിക്കുന്ന സൗഭാഗ്യത്തെക്കുറിച്ച് ഖുര്‍ആനില്‍ അനേകം സൂക്തങ്ങളില്‍ പരാമര്‍ശവും വാഗ്ദാനവും നല്‍കിയിട്ടുണ്ട്. ഇത് നേടിയെടുക്കാന്‍ നമസ്കാരം വഴി മുസ്ലിംകള്ക്ക് സാധിക്കേണ്ടതാണ്.
നമസ്കാരത്തിലൂടെ അല്ലാഹുവിലേക്ക് അടുക്കാം
മനുഷ്യന്ന് ദൈവസാമീപ്യം നേടിയെടുക്കുന്നതിനുള്ള പ്രധാന മാര്‍ഗമാണ് ആരാധനകള്‍. അവയില്‍ പ്രമുഖ സ്ഥാനമാണ് നമസ്കാരത്തിനുള്ളത്. അല്ലാഹു പറയുന്നു: ”നീ സാഷ്ടാംഗം ചെയ്യുക. അല്ലാഹുവിന്റെ സാമീപ്യം നേടുകയും ചെയ്യുക” (96:19).
നമസ്കാരം, അതില്‍ പ്രവേശിച്ച വ്യക്തിയെ ക്രമാനുഗതമായി അല്ലാഹുവിനോട് അടുപ്പിക്കുന്നു. അവന് അല്ലാഹുവിന്റെ തിരുസന്നിധിയില്‍ ചെന്നുനിന്ന് താഴ്മയോടെ അവനെ മഹത്വപ്പെടുത്തിയശേഷം ഒരു പ്രതിജ്ഞ ചൊല്ലുന്നു. ആകാശഭൂമികളുടെ നാഥനിലേക്ക് തന്റെ മുഖം തിരിച്ചിരിക്കുന്നുവെന്നും തന്നെ പരിപൂര്‍ണമായും സമര്‍പ്പിച്ചുകൊണ്ട് സ്രഷ്ടാവിന്റെ അനുസരണയുള്ള ദാസനാകുമെന്നും വിനയപുരസ്സരം അതിലവന് പറയുന്നു. ശേഷം അവന് ഖുര്‍ആനിലെ ആദ്യ അധ്യായം പാരായണം ചെയ്യുന്നു. തത്സമയം അവന് അല്ലാഹുവിനോട് കൂടുതല്‍ അടുത്തുകൊണ്ടേയിരിക്കും.
നബി(സ്വ) പറഞ്ഞു: ”അല്ലാഹു പറയുന്നു: നമസ്കാരത്തെ ഞാന്‍ എന്റെയും എന്റെ ദാസന്റെയും ഇടയില്‍ ഭാഗിച്ചിരിക്കുന്നു. അവന് ചോദിക്കുന്നതെന്തും അവന്നുണ്ട്. ‘സര്‍വലോക പരിപാലകനായ അല്ലാഹുവിന്നാണ് സര്‍വസ്തുതിയും’ എന്ന് അവന് പറഞ്ഞാല്‍ അല്ലാഹു പറയും: ‘എന്റെ ദാസന് എന്നെ സ്തുതിച്ചിരിക്കുന്നു.’ ‘അവന് പരമകാരുണികനും കരുണാനിധിയുമാണ്’ എന്ന് അവന് പറഞ്ഞാല്‍ അല്ലാഹു പറയും: ‘അവന് എന്നെ പുകഴ്ത്തിയിരിക്കുന്നു.’ ‘പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്’ എന്ന് അവന് പറയുമ്പോള്‍ അല്ലാഹു പറയും: ‘എന്റെ ദാസന് എന്നെ ബഹുമാനിച്ചിരിക്കുന്നു’. ‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങള്‍ സഹായം അര്‍ഥിക്കുകയും ചെയ്യുന്നു എന്ന് അവന് പറയുമ്പോള്‍ അല്ലാഹു പറയും: ‘ഇത് എന്റെയും എന്റെ ദാസന്റെയും ഇടയിലുള്ളതാണ്; അവന് ചോദിച്ചത് അവനുണ്ട്. ‘നീ ഞങ്ങളെ നേര്‍മാര്‍ഗത്തില്‍ അഥവാ നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ ചേര്‍ക്കേണമേ! കോപത്തിന്നിരയായവരുടെ മാര്‍ഗത്തിലല്ല; പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല’ എന്ന് അവന് പ്രാര്‍ഥിക്കുമ്പോള്‍ അല്ലാഹു പറയുന്നു: ”ഇത് എന്റെ ദാസന്നുള്ളതാണ്. അവന് ചോദിച്ചത് അവനുണ്ട്” (മുസ്ലിം) 9). ആശയം സ്പഷ്ടമായ വചനം! അല്ലാഹുവിന്റെയും ദാസന്റെയും ഇടയിലുണ്ടാകുന്ന അടുപ്പം എത്രത്തോളമാണെന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.
ഭക്തിയും വിനയവും വണക്കവും പൂര്‍ണാര്‍ഥത്തില്‍ പ്രകാശിപ്പിക്കുന്നതാണ്, ശേഷം നിര്‍വഹിക്കപ്പെടുന്ന റുകൂഉം (നമിക്കല്‍) സുജൂദും (സാഷ്ടാംഗം). തന്റെ മുഖം മണ്ണില്‍വെച്ച് സുജൂദ് ചെയ്യുകയും അതില്‍ അത്യുന്നതനായ ദൈവത്തെ വാഴ്ത്തുകയും പ്രാര്‍ഥിക്കുകയും ചെയ്യുമ്പോള്‍ നമസ്കരിക്കുന്നവന് അല്ലാഹുവിനോട് കൂടുതല്‍ അടുക്കുന്നു. നബി(സ്വ) പറയുന്നു: ”നിശ്ചയം, ഒരു അടിമ രക്ഷിതാവിനോട് ഏറ്റവും അടുക്കുന്നത് അവന് സുജൂദിലായിരിക്കുമ്പോഴാണ്. അതിനാല്‍ നിങ്ങള്‍ പ്രാര്‍ഥന കൂടുതലാക്കുക” (മുസ്ലിം) 10).
അവസാനം, സര്‍വ അഭിവാദനങ്ങളും ബഹുമാനങ്ങളും തിരുസന്നിധിയില്‍ സമര്‍പ്പിക്കുകയും അനന്തരം സമാധാനത്തിന്നായി പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ടാണ് നമസ്കാരത്തില്‍ നിന്ന് അവന് വിരമിക്കുന്നത്. ഇപ്രകാരം ഭക്തിയുടെ പാരമ്യത്തില്‍ ലയിച്ചു ചേര്‍ന്നവന്റെ നമസ്കാരം അല്ലാഹുവിങ്കല്‍ അവന്ന് അത്യുന്നത സ്ഥാനവും സാമീപ്യവും നേടിക്കൊടുക്കാതിരിക്കില്ല. ഈ ശക്തവും നിസ്തുലവുമായ സാമീപ്യത്തെക്കുറിച്ച് നബി(സ്വ) പറയുന്നു:
”ഒരാള്‍ നമസ്കാരത്തിലേക്കു പ്രവേശിച്ചാല്‍, അല്ലാഹു അവനെ അഭിമുഖീകരിക്കും. അവന് വിരമിക്കുകയോ വല്ല തിന്മയുമുണ്ടാക്കുകയോ ചെയ്യുന്നത് വരെ അല്ലാഹു അവനില്‍ നിന്ന് തിരിഞ്ഞു കളയുകയില്ല” (ഇബ്നുമാജ) 11.
ദൈവസാമീപ്യം നേടിയവര്‍ പരലോകത്ത് ഉന്നത പദവി അലങ്കരിക്കുന്നതാണ്. അവന് കരഗതമാക്കുന്ന നേട്ടങ്ങള്‍ ഖുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു: ”അപ്പോള്‍ മരിച്ചവന് സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍ അവന് ആശ്വാസവും വിശിഷ്ടമായ ഉപജീവനവും സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പും ഉണ്ടായിരിക്കും’‘ (56:88,89).
നമസ്കാരം: മനഃശാന്തിയുടെ മാര്‍ഗം
മനുഷ്യന് ദുര്‍ബല മനസ്കനും ചഞ്ചലചിത്തനുമാണ്. അവന്ന് വല്ല പ്രതിസന്ധിയോ പ്രയാസമോ നേരിട്ടാല്‍ അവന് തീര്‍ത്തും അസ്വസ്ഥനാവുന്നു. അരുതാത്തത് ചെയ്തുപോവുകയും തുടര്‍ന്ന് അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരികയും ചെയ്യുന്ന ചില ഘട്ടങ്ങളും അവന്നുണ്ടാകാറുണ്ട്. വല്ല നേട്ടങ്ങളും അവന് കൈവരിച്ചെങ്കില്‍ അവന് ലുബ്ധനാകുന്നു. അതിന്റെ ഒരു ചെറിയ ഭാഗം മറ്റുള്ളവരുമായി പങ്കുവെക്കുന്നത് പോലും അവന്റെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍, വിശ്വാസിയുടെ ജീവിതം ഇതില്‍നിന്ന് വ്യതിരിക്തത പുലര്‍ത്തുന്നു. കാരണം ആത്മീയോത്കൃഷ്ടതയുടെ അനര്‍ഘ നിമിഷങ്ങളായ നമസ്കാരവേള അവനെ ഉന്നതനും മഹാനുമായ സ്രഷ്ടാവിനോട് ബന്ധിപ്പിക്കുന്നു. പ്രപഞ്ചത്തെ മുഴുവന്‍ സംരക്ഷിച്ചു കൊണ്ടിരിക്കുന്നവനും സകല പ്രയാസങ്ങളെയും ലഘൂകരിക്കാനും പരിഹരിക്കാനും കഴിവുറ്റവനുമായ നാഥനുമായി അവന് സംഭാഷണം നടത്തുന്നു. ഇതില്‍ ലയിച്ചു ചേരുന്ന വിശ്വാസിയുടെ മനസ്സില്‍ നിന്ന് ഭീതിയും അസ്വസ്ഥതയും നീങ്ങുന്നു. പകരം കരുത്തുറ്റതും ത്യാഗനിര്‍ഭരവുമായ ഒരു മനസ്സ് അവന് ലഭിക്കുന്നു. ഇത് നമസ്കരിക്കുന്നവന്റെ സവിശേഷഗുണമായി ഖുര്‍ആന്‍ വിവരിക്കുന്നു. അല്ലാഹു പറയുന്നു: ”മനുഷ്യന് അക്ഷമനായിട്ടാണ് സൃഷ്ടിക്കപ്പെട്ടത്. വിപത്തു വരുമ്പോള്‍ അവന് അസ്വസ്ഥനാകും. നന്മ ലഭിച്ചാല്‍ അവന് പിശുക്കനാവും. നമസ്കരിക്കുന്നവര് ഒഴികെ’ (70:19-22).
ദുരിതപൂര്‍ണവും ക്ലേശകരവുമായ ജീവിതം അനുഭവിക്കേണ്ടിവരുന്ന മനുഷ്യന് അല്പം ശാന്തിക്കായി ദാഹിക്കുന്നു. ജീവിത പുരോഗതിക്കും പ്രയാണത്തിനും സഹായിക്കുന്ന, ശക്തമായ ഒരു ഉപാധിയായി നമസ്കാരം നിശ്ചയിക്കപ്പെട്ടു. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, സഹനംകൊണ്ടും നമസ്കാരം കൊണ്ടും നിങ്ങള്‍ സഹായം തേടുവിന്‍. നിശ്ചയം, അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാണ്” (2:153).
വിഷമസന്ധികളില്‍ അകപ്പെട്ട ഒരു വ്യക്തി അംഗവിക്ഷേപങ്ങള്‍ കാണിക്കുക എന്നതിലുപരി ശരിയായ അര്‍ഥത്തില്‍ നമസ്കാരം നിര്‍വഹിച്ചാല്‍ അത് അവന് ഒരു അഭയമായിത്തീരും. നബി(സ്വ)ക്ക് സമൂഹത്തില്‍നിന്ന് ഉപദ്രവം സഹിക്കേണ്ടി വന്ന അവസരത്തില്‍ അല്ലാഹു പറഞ്ഞു: ”ആയതിനാല്‍ അവര്‍ പറയുന്നത് നീ ക്ഷമിക്കുക. സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമയത്തിന് മുമ്പും നിന്റെ രക്ഷിതാവിനെ സ്തുതിക്കുകയും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും ചെയ്യുക. രാത്രിയില്‍ ചില സമയങ്ങളിലും പകലിന്റെ ചില ഭാഗങ്ങളിലും നീ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. നിനക്ക് സംതൃപ്തി കൈവന്നേക്കാം” (20:130).
ഹുദൈഫ(റ) പറയുന്നു: ”നബി(സ്വ) തനിക്ക് വല്ല പ്രയാസവും ബാധിച്ചാല്‍ നമസ്കരിക്കുമായിരുന്നു” (അഹ്മദ്) 12. നമസ്കാര സമയമായാല്‍ പ്രതീക്ഷാ നിര്‍ഭരമായ വചനങ്ങളില്‍ പ്രവാചകന്(സ്വ) ഇപ്രകാരം പറയുമായിരുന്നു:
”അല്ലയോ ബിലാല്‍, നമസ്കാരത്തിലൂടെ നമുക്ക് ആശ്വാസം പകര്‍ന്നാലും” (മുസ്നദ് അഹ്മദ്) 13. ”നമസ്കാരത്താല്‍ ഞാന്‍ അതിയായ ആനന്ദം അനുഭവിക്കുന്നുണ്ട്” എന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട് (നസാഈ) 14. ഇപ്രകാരമായിരുന്നു നമസ്കാരം അവിടുത്തേക്ക് ശാന്തിയും അഭയവും നല്‍കിയത്. ഇത് എല്ലാ നമസ്കാരക്കാരന്റെയും ഉദ്ദേശ്യമാകണമെന്ന്കൂടി ഈ വചനം വ്യക്തമാക്കുന്നു.
നമസ്കാരം ആത്മസംസ്കരണത്തിന്
ദിനേന അഞ്ചുനേരം അല്ലാഹുവിനെ സ്മരിച്ച് ഭക്തിപൂര്‍വം നമസ്കരിക്കുന്ന വ്യക്തിയുടെ ചിന്തയിലും ജീവിതതലങ്ങളിലും അനല്പമായ സ്വാധീനമാണ് നമസ്കാരത്തിനുള്ളത്. അത് അവന്റെ മ്ലേച്ഛ വികാര-വിചാരങ്ങളെ നിയന്ത്രിക്കുന്നു. ദുഷ്ചെയ്തികളില്‍നിന്ന് അകന്നുനില്ക്കാന് അത് അവനെ ശക്തമായി പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇപ്രകാരം നമസ്കാരം അവന്റെ ജീവിതത്തെ രചനാത്മകമാക്കുന്ന ഒരു ചാലകശക്തിയായിത്തീരുന്നു. ”നിനക്ക് നല്കപ്പെട്ടിരിക്കുന്ന വേദത്തിലെ സന്ദേശം നീ പാരായണം ചെയ്യുക. നമസ്കാരം മുറപ്രകാരം അനുഷ്ഠിക്കുക. നിശ്ചയം, നമസ്കാരം നീചകൃത്യങ്ങളില്‍ നിന്നും നിഷിദ്ധ നടപടികളില്‍ നിന്നും തടയും. അല്ലാഹുവിനെ സ്മരിക്കല്‍ വളരെ ഫലമുളവാക്കുന്ന ഒന്നത്രെ. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അല്ലാഹു അറിയുന്നു” (29:45).
നമസ്കാരം വഴിയുണ്ടാവുന്ന സംസ്കാരത്തെ വ്യക്തമാക്കുന്നതാണ് ശുഅയ്ബ് നബി(അ)യുടെ ചരിത്രം. അദ്ദേഹം മദ്യന് ദേശത്തായിരുന്നു നിയുക്തനായത്. ആ ദേശക്കാരുടെ സാമ്പത്തികാഴിമതിയെയും വഞ്ചനയെയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. അദ്ദേഹം പറഞ്ഞു: ”എന്റെ ജനങ്ങളേ, നിങ്ങള്‍ അളവും തൂക്കവും നീതിപൂര്‍വ്വം പൂര്‍ണമാക്കിക്കൊടുക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മി വരുത്താതിരിക്കുകയും ചെയ്യുക. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്” (11:85).
ഇപ്രകാരം ഉപദേശിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് അവര്‍ക്കിടയില്‍ ഇല്ലാത്തതും അദ്ദേഹത്തിന് മാത്രമുള്ളതുമായ പ്രത്യേക നമസ്കാരമാണെന്ന് ആ വ്യാപാരികള്‍ കണ്ടെത്തി. അവര്‍ അദ്ദേഹത്തോട് പറഞ്ഞത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ”ശുഅയ്ബേ, ഞങ്ങളുടെ പിതാക്കന്മാര് ആരാധിച്ചു വരുന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്നും ഞങ്ങളുടെ സ്വത്തുക്കളില്‍ ഞങ്ങള്‍ക്കിഷ്ടമുള്ള പ്രകാരം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും നിനക്ക് കല്പന നല്‍കുന്നത് നിന്റെ ഈ നമസ്കാരമാണോ? തീര്‍ച്ചയായും നീ സഹനശീലനും വിവേകശാലിയുമാണല്ലോ” (11:87).
ചുരുക്കത്തില്‍, നമസ്കാരം മുസ്ലിമിന്റെ വ്യക്തിജീവിതത്തെ സംസ്കരിക്കുന്നതിന് പുറമെ സാമൂഹികവും സാമ്പത്തികവുമായ മേഖലകളില്‍കൂടി വിശുദ്ധി പാലിക്കാന്‍ അത് പ്രചോദനമാകുമെന്ന് ഈ വചനം വരച്ചുകാണിക്കുന്നു.
നമസ്കാരം ശാശ്വത വിജയത്തിന്
സൗഭാഗ്യപൂര്‍ണവും വിജയകരവുമായ ജീവിതം കൈവരിക്കണമെന്നാണ് സര്‍വ മനുഷ്യരുടെയും അഭിലാഷം. അത് നേടിയെടുക്കുകയാണ് നമസ്കാരം വഴി ചെയ്യുന്നത്. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ രക്ഷിതാവിനെ നമിക്കുകയും സാഷ്ടാംഗംചെയ്യുകയും അവനെ ആരാധിക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം’‘ (22:77).
നമസ്കാരത്തിന് വേണ്ടിയുള്ള ഓരോ ബാങ്കും ഈ വിജയത്തെക്കുറിച്ച് അനുസ്മരിപ്പിക്കുന്നുണ്ട്. അതിനാല്‍ ബാങ്കിന്റെ വചനങ്ങളില്‍ ‘വിജയത്തിലേക്ക് വരുവീന്‍’ (ഹയ്യ അലല്‍ഫലാഹ്) എന്ന് രണ്ടുതവണ വിളിച്ചറിയിക്കാന്‍ നിര്‍ദേശിക്കപ്പെട്ടു.
സമ്പദ് സമൃദ്ധിയും ഭൗതികാഡംബരങ്ങളും സന്താനസൗഭാഗ്യവുമാണ് ജീവിതവിജയമെന്ന് കരുതുന്ന ചിലരുണ്ട്. എന്നാല്‍ ഇതിനെക്കാളെല്ലാം ഉപരിയായി ജീവിതത്തിന്റെ ഏത് അവസ്ഥയിലുള്ളവന്നും കൈവരിക്കാവുന്നതാണ് ഇസ്ലാം വിഭാവന ചെയ്യുന്ന വിജയം. അത് നേടുന്നതിന് ആന്തരികവും ബാഹ്യവുമായ വിശുദ്ധിയും ദൈവസ്മരണയും അനിവാര്യമാണ്. നമസ്കാരം വഴി ഇത് സാധിക്കുന്നു. അല്ലാഹു പറയുന്നു: ”നിശ്ചയം, പരിശുദ്ധി നേടുകയും തന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും ചെയ്തവന് വിജയിച്ചു” (87:14,15).
പാപമാണ് വിശ്വാസിയുടെ വിജയപാതയിലൂടെയുള്ള പ്രയാണത്തിന് തടസ്സം സൃഷ്ടിക്കുന്നത്. അപ്പോള്‍ പശ്ചാത്താപ ഭരിതനായി അല്ലാഹുവിലേക്ക് തിരിഞ്ഞു വിവേകപൂര്‍വം തന്റെ ജീവിതയാത്ര തുടരുകയാണു വേണ്ടത്. നമസ്കാരം അതിന് അവനെ സജ്ജനാക്കുന്നു. അതില്‍ അവന് മാപ്പപേക്ഷ നടത്തുകയും കാരുണ്യത്തിന് പ്രാര്‍ഥിക്കുകയും ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, അതു തന്നെ പാപമോചനവും വിശുദ്ധിയും നേടിക്കൊടുക്കുമെന്നും തിന്മയ്ക്ക് നന്മ പ്രായശ്ചിത്തമാകുമെന്നും ഇസ്ലാം പ്രത്യേകം ഉണര്‍ത്തി. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കണമെന്ന് കല്പിച്ചതിനു ശേഷം അല്ലാഹു പറയുന്നു: ”നിശ്ചയം, സത്കര്‍മങ്ങള്‍ ദുഷ്കര്‍മങ്ങളെ നീക്കിക്കളയുന്നതാണ്. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു ഉദ്ബോധനമാണ്’‘ (11:114).
ഈ സൂക്തത്തിലെ ‘സത്കര്‍മങ്ങള്‍’ എന്നതുകൊണ്ട് വിവക്ഷ അഞ്ചുനേരത്തെ നമസ്കാരമാണെന്ന് ഇബ്നു മസ്ഊദും എല്ലാ നല്ല കര്മങ്ങളുമാണെന്ന് ഇബ്നു അബ്ബാസും വിശദീകരിച്ചിട്ടുണ്ട് (തഫ്സീറുല്‍ മനാര്‍) 15.
അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറയുന്നു: ”ഒരാള്‍ റസൂലി(സ്വ)ന്റെ അടുത്തുവന്ന് പറഞ്ഞു: ”നഗരത്തിന്റെ പുറത്തുവെച്ച് ഒരു സ്ത്രീയുമായി സംഭോഗമല്ലാത്തതെല്ലാം സംഭവിച്ചു. ഇനി അല്ലാഹുവിന്റെ ദൂതര്‍(സ്വ) എന്ത് ശിക്ഷയാണെങ്കിലും എന്റെ മേല്‍ നടപ്പിലാക്കുക.” ഉമര്‍(റ) പറഞ്ഞു: ”അല്ലാഹു മറച്ചുവെച്ച കാര്യം നീയും മറച്ചുവെച്ചിരുന്നുവെങ്കില്‍!” നബി(സ്വ) മൗനം പാലിക്കുകയും ആഗതന് മടങ്ങിപ്പോവുകയും ചെയ്തു. പിന്നീട് നബി(സ്വ) അദ്ദേഹത്തെ മടക്കിവിളിക്കുകയും മുകളിലുദ്ധരിച്ച ആയത്ത് (11:114) ഓതിക്കേള്‍പ്പിക്കുകയും ചെയ്തു. ‘അല്ലാഹുവിന്റെ റസൂലേ, ഇതെനിക്ക് മാത്രം ഉള്ളതാണോ?’ അവിടുന്ന് പറഞ്ഞു: ”അല്ല, എന്റെ ഉമ്മത്തില്‍ അപ്രകാരം ചെയ്യുന്ന എല്ലാവര്ക്കും” (മുസ്ലിം) 16).
മറ്റൊരവസരത്തില്‍, നമസ്കരിക്കുന്ന വ്യക്തിയെ കുളിക്കുന്നവനോട് പ്രവാചകന് (സ്വ) ഉപമിച്ചു. അവിടുന്ന് ചോദിച്ചു: ”നിങ്ങളിലൊരാള്‍ തന്റെ വാതിലിന് അരികിലൂടെ ഒഴുകുന്ന നദിയില്‍ ദിനേന അഞ്ചു തവണ കുളിച്ചാല്‍ വല്ല അഴുക്കും അവനില്‍ അവശേഷിക്കുമോ? അവര്‍ പറഞ്ഞു: ”ഇല്ല.” നബി(സ്വ) പറഞ്ഞു: ”അപ്രകാരമാണ് അഞ്ചു നമസ്കാരത്തിന്റെ ഉപമ. അതുവഴി പാപങ്ങളെ അല്ലാഹു മായ്ച്ചുകളയുന്നതാണ്” (ബുഖാരി) 17.
ചുരുക്കത്തില്‍ നമസ്കാരം പാപപങ്കിലമായ ദുര്‍ഘട സരണിയില്‍ നിന്ന് മുസ്ലിമിന് മോചനം നല്‍കുകയും ആത്മാവിനെ ചൈതന്യവത്താക്കുകയും ചെയ്യുന്നു.
നമസ്കാരം: ജീവിതഗന്ധിയായ ആരാധന
മുസ്ലിം ചെയ്യുന്ന ആരാധനാ കര്‍മങ്ങളില്‍ ഏറ്റവും പ്രധാനമാണ് നമസ്കാരം. നമസ്കാരം സ്വീകാര്യമാകണമെങ്കില്‍ അനിവാര്യമായ കാര്യങ്ങളാണ് ശുറൂത്വുസ്സ്വലാത്ത്. ഈ സംഗതികളെപ്പറ്റി നാം മനസ്സിരുത്തി ചിന്തിച്ചാല്‍ കേവലം ചില മത ചടങ്ങുകള്‍ എന്ന രീതിയില്‍ മാത്രമല്ല, മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തെ ഗുണപരമായ മാറ്റങ്ങളിലേക്ക് നയിക്കുന്നതും ആത്യന്തികമായി പരലോകമോക്ഷം നേടിത്തരുന്നതുമാണ് ഈ നിയമങ്ങള്‍ എന്നു മനസ്സിലാക്കാം.
സമയം നിര്‍ണയിക്കപ്പെട്ട നിര്‍ബന്ധകര്‍മം (കിതാബുന്‍ മൗഖൂത്ത്) എന്നതുള്ക്കൊണ്ടുകൊണ്ട് നമസ്കാരം മനസ്സാന്നിധ്യത്തോടെ കൃത്യമായി നിര്‍വഹിക്കുന്ന ആള്‍ക്ക് ജീവിതത്തിന്റെ മറ്റുരംഗങ്ങളിലും കൃത്യനിഷ്ഠ സ്വാഭാവികമായും കൈവരുന്നതാണ്. മുസ്ലിമിന്റെ ജീവിതം അടുക്കും ചിട്ടയുമുള്ളതും വ്യവസ്ഥാപിതവുമായിത്തീരാന് പര്യാപ്തമാണ് ഇസ്ലാമിലെ നിര്‍ബന്ധവും ഐഛികവുമായ അനുഷ്ഠാനകര്‍മങ്ങള്‍. അതില്‍ പരമപ്രധാനം നമസ്കാരം തന്നെ.
വൃത്തിയും ശുദ്ധിയും മുസ്ലിമിന്റെ മുഖമുദ്ര ആയിത്തീരുമാറ് ഇസ്ലാം അക്കാര്യത്തില്‍ നിഷ്കര്‍ഷ പുലര്‍ത്തുന്നു. ബാഹ്യമായ വൃത്തിയോടൊപ്പം മാനസികമായ ശുദ്ധിയും നിര്‍ബന്ധമാണ്. നമസ്കാരത്തിനു വേണ്ടി അഞ്ചുനേരം ഈ ചിട്ട പുലര്‍ത്തുകയാണെങ്കില്‍ ആ വ്യക്തിയുടെ ജീവിതം അഴുക്കു പുരളാത്തതായിത്തീരും എന്ന കാര്യത്തില്‍ സംശയമില്ല.
ആരാധനാ കര്‍മത്തിലുള്ള ഏകീഭാവവും ഒരേദിശയിലേക്ക് തിരിഞ്ഞുള്ള നിര്‍വഹണവും വിശ്വ സാഹോദര്യത്തിന്റെ പ്രതീകമത്രെ. മറ്റു പല മതങ്ങളിലും ദേശ-ഭാഷകള്‍ക്കനുസരിച്ച് വ്യത്യസ്ത പൂജാ വിധികളുണ്ട്. പ്രാദേശികമായ ആരാധനാ ക്രമങ്ങളും ബിംബങ്ങളുമുണ്ട്. വിഗ്രഹങ്ങളുടെ പ്രതിഷ്ഠകളും കാലികമായി മാറിക്കൊണ്ടിരിക്കുന്നു. അതേ സമയം, ലോകത്തെവിടെയുമുള്ള മുസ്ലിമും എക്കാലത്തും ഒരേപോലെ നമസ്കരിക്കുന്നു.
”ഞാന്‍ എപ്രകാരം നമസ്കരിക്കുന്നതായി നിങ്ങള്‍ കണ്ടുവോ അതു പോലെ നിങ്ങള്‍ നമസ്കരിക്കുക” (ബുഖാരി) 18 എന്നു പ്രവാചകന് പറഞ്ഞു. അതു കണ്ട അനുചരന്മാര് അതു മറ്റുള്ളവരെ പഠിപ്പിച്ചു. നബി(സ്വ)യുടെ നമസ്കാരത്തിലെ അംഗചലനങ്ങള്‍ കൃത്യമായി പിന്‍തലമുറക്ക് കൈമാറി. നബി(സ്വ) ഉച്ചരിച്ച ഓരോ പദവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
ലോകത്തിലെ മുഴുവന്‍ മുസ്ലിംകളും ഒരേ ദിശയിലേക്ക് തിരിഞ്ഞുനിന്നു നമസ്കരിക്കുന്നു. ഒരേ ഒരു കേന്ദ്രം. അവിടെ വിവേചനങ്ങള്‍ക്ക് സ്ഥാനമില്ല. ആ കേന്ദ്രമാകട്ടെ, ഭൂമിയുടെ ജിയോഗ്രഫിക്കല്‍ സെന്റര്‍ കൂടിയാണെന്ന് അടുത്ത കാലത്ത് ചില ശാസ്ത്രജ്ഞന്മാര് ചൂണ്ടിക്കാട്ടിയതും, ലോകത്ത് ആദ്യമായി ഏക ദൈവാരാധനക്ക് വേണ്ടി സ്ഥാപിക്കപ്പെട്ടതുമായ കഅ്ബയാണു താനും. ചില ആളുകള്‍ തെറ്റുധരിക്കപ്പെട്ടതുപോലെ അതൊരു പ്രതിഷ്ഠയല്ല. കേവലം ഒരു ചെറിയ, ഒഴിഞ്ഞ കെട്ടിടം. തിരിഞ്ഞുനില്ക്കാനുള്ള കേന്ദ്രബിന്ദു. അതുതന്നെയാണ മുസ്ലിംകളുടെ മുഖ്യ തീര്‍ഥാടന കേന്ദ്രവും.
ബാഹ്യമായ ഇത്തരം കാര്യങ്ങളും ഏകാഗ്രമായ മനസ്സിലെ പ്രാര്‍ഥനകളും ഭക്തിയും എല്ലാം ചേര്‍ന്നു നിര്‍വഹിക്കുന്ന ഈ നമസ്കാരം തികച്ചും ജീവിതഗന്ധിയായ ഒരു കര്‍മമത്രെ. ഇത് ഓരോ വ്യക്തിയും ചെയ്തിരിക്കേണ്ട നിര്‍ബന്ധകര്‍മമാണ് (ഫര്‍ദ്വു ഐന്‍). പുരോഹിതന്മാര് കര്‍മങ്ങള്‍ ചെയ്യുകയും സാധാരണക്കാര്‍ അവര്‍ക്ക് കാണിക്കയര്‍പ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം ഇസ്ലാമിലില്ല. അതുകൊണ്ട്തന്നെ ഓരോരുത്തരും ഈ കാര്യങ്ങളൊക്കെ മനസ്സിലാക്കിയിരിക്കണം.
References
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 118, ഹദീസ് 1888[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 40, ഹദീസ് 7 (10[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 168, ഹദീസ് 5959[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 393, ഹദീസ് 67 (560[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 261, ഹദീസ് 718[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹമ്പല്‍, മുഅസ്സത്തുരിസാല, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 523, ഹദീസ് 4928[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 26, പേജ് 247, ഹദീസ് 16326[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 150, ഹദീസ് 3385[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 296, ഹദീസ് 38 (395[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 350, ഹദീസ് 215 (482[↩]
- സുനനു ഇബ്നി മാജ, ഇബ്നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്നു യസീദില്‍ ഖസ്വീനി, ദാറു ഇഹ്യാഇല് കുതുബില്‍ അറബിയ്യ, വാള്യം 01, പേജ് 327, ഹദീസ് 1023[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹമ്പല്‍, മുഅസ്സത്തുരിസാല, ഒന്നാം പതിപ്പ്, വാള്യം 38, പേജ് 330, ഹദീസ് 23299[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹമ്പല്‍, മുഅസ്സത്തുരിസാല, ഒന്നാം പതിപ്പ്, വാള്യം 38, പേജ് 178, ഹദീസ് 23088[↩]
- അസ്സുനനുസ്സുഗ്റാ ലിന്നസാഈ, അബൂ അബ്ദിര്റഹ്മാന് അഹ്മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 07, പേജ് 61, ഹദീസ് 3940[↩]
- തഫ്സീറുല്‍ മനാര്‍ (തഫ്സീറു ഖുര്‍ആനില്‍ ഹകീം), മുഹമ്മദ് റശീദ് ബ്നു അലി റിളബ്നു മുഹമ്മദ്, അല്‍ ഐഅതുല്‍ മിസ്രിയ്യതുല്‍ ആമ്മ ലില്‍ കിതാബി, വാള്യം 12, പേജ് 155[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 102, ഹദീസ് 39 (2763[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 112, ഹദീസ് 528[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2238, ഹദീസ് 5662[↩]
