നമസ്‌കാരത്തിന്റെ സവിശേഷതകള്‍
നമസ്കാരത്തിൻ്റെ സവിശേഷതകൾ ഏറെയാണ്.അത് മനുഷ്യജീവിതത്തിന് ശിക്ഷണവും ദിശാബോധവും ഉണ്ടാക്കുന്നു. കൂടാതെ ശാരീരികവും മാനസികവുമായ ഉന്മേഷം നമസ്കാരത്തിലൂടെ ഭക്തന് ലഭിക്കുന്നു. തൻറെ സ്രഷ്ടാവിനോട് രഹസ്യ പരസ്യങ്ങൾ പങ്കുവെക്കുന്ന നമസ്കാരത്തിലൂടെ അവൻ മാനസികമായും ശാരീരികമായും കരുത്തനാവും.
ഇസ്‌ലാമിലെ ഏറ്റവും പ്രധാന ആരാധനാ രൂപമായ നമസ്‌കാരത്തിന്റെ സവിശേഷതകള്‍ ഏറെയാണ്.അത് മനുഷ്യജീവിതത്തിന് ശിക്ഷണവും ദിശാബോധവും ഉണ്ടാക്കുന്നു.വൃത്തിബോധം, കൃത്യനിഷ്ഠ, മാനവിക സാഹോദര്യം തുടങ്ങി ഏറെ ഗുണങ്ങൾ പ്രദാനംചെയ്യുന്നു. കൂടാതെ ശാരീരികവും മാനസികവുമായ ഉന്മേഷം നമസ്കാരത്തിലൂടെ ഭക്തന് ലഭിക്കുന്നു. തൻറെ സ്രഷ്ടാവിനോട് രഹസ്യ പരസ്യങ്ങൾ പങ്കുവെക്കുന്ന നമസ്കാരത്തിലൂടെ അവൻ മാനസികമായും ശാരീരികമായും കരുത്തനാവും. അരുവിയിൽ ദിനേന അഞ്ചുനേരം കുളിക്കുന്ന മനുഷ്യനിൽ അഴുക്ക് അവശേഷിക്കാത്തപോലെ നമസ്കരിക്കുന്നവൻ എല്ലാ അർഥത്തിലും വിശുദ്ധനാവുന്നു.
ശാരീരികവും മാനസികവുമായ ഉന്മേഷം നമസ്കാരത്തിലൂടെ, വിരക്തിക്കും ധ്യാനത്തിനും സ്ഥാനമില്ല, നമസ്കാരം ആര്‍ക്കും നിര്‍വഹിക്കാം, കൃത്യനിഷ്ഠ നമസ്കാരത്തിലൂടെ, നമസ്കാരത്തിലെ ലാളിത്യം, സമത്വവും സാഹോദര്യവും നമസ്കാരത്തിലൂടെ തുടങ്ങിയ ഭാഗങ്ങളാണ് നമസ്‌കാരത്തിന്റെ സവിശേഷതകള്‍ എന്ന ഈ അധ്യായത്തിൽ ചർച്ച ചെയ്യുന്നത്.
ഒരു മുസ്‌ലിം അല്ലാഹുവിന് സമര്‍പിക്കുന്ന പുണ്യകര്‍മങ്ങളില്‍ ഒട്ടേറെ സവിശേഷതകളും സദ്ഫലങ്ങളും സമ്മേളിച്ചൊരു ആരാധനയാണ് നമസ്‌കാരം. അത് മനുഷ്യജീവിതത്തിന് ശിക്ഷണവും ദിശാബോധവും ഉണ്ടാക്കുന്നു: അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വബോധം. നമസ്‌കാരത്തിന്നായി വസ്ത്രവും ദേഹവും സ്ഥലവുമെല്ലാം മാലിന്യങ്ങളില്‍ നിന്ന് ശുദ്ധീകരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിച്ചു. നമസ്‌കരിക്കുന്നതിനു മുമ്പ് (കുളി നിര്‍ബന്ധമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍) കുളിച്ചോ ഇല്ലെങ്കില്‍ അംഗസ്‌നാനം ചെയ്‌തോ വൃത്തിയായിരിക്കണമെന്നും അനുശാസിച്ചു. ഇത് ദിനേന പല തവണ ആവര്‍ത്തിക്കപ്പെടുമ്പോള്‍ നമസ്‌കരിക്കുന്നവരില്‍ ശുചിത്വബോധം രൂഢ മൂലമാകുമെന്നത് സുവിദിതമാണ്. ശുചിത്വം പാലിക്കുന്നതില്‍ മുസ്‌ലിംകള്‍ കാണിച്ച അതീവ താത്പര്യത്തെ പ്രശംസിച്ചുകൊണ്ട് ഖുര്‍ആന്‍ ഇപ്രകാരം പറഞ്ഞു: ‘‘ശുദ്ധി പാലിക്കാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട് ആ പള്ളിയില്‍. അല്ലാഹു ശുചിത്വം പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (9:108).
നമസ്‌കാരത്തിന് വേണ്ടി വസ്ത്രങ്ങള്‍ ധരിക്കാനും മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന ദുര്‍ഗന്ധങ്ങള്‍ അകറ്റാനും ഇസ്‌ലാം അനുശാസിച്ചു. വെള്ളിയാഴ്ചയിലെ സമൂഹ പ്രാര്‍ഥനയ്ക്കായി സ്‌നാനം ചെയ്യുന്നത് പുണ്യകര്‍മമാണെന്ന് നബി(സ്വ) ഉപദേശിക്കുകകൂടി ചെയ്തു. കുളിച്ചു നല്ല വസ്ത്രങ്ങള്‍ ധരിച്ച് സുഗന്ധങ്ങള്‍ പൂശിക്കൊണ്ടാണ് പൂര്‍വിക മുസ്‌ലിംകള്‍ വെള്ളിയാഴ്ച പള്ളിയില്‍ പോയിരുന്നത്. ഇതിനെക്കുറിച്ച് ഹസന്‍(റ)നോട് ഒരാള്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ”അല്ലാഹു സുന്ദരനാണ്. അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു. അതിനാല്‍ ഞാനും എന്റെ നാഥന് വേണ്ടി ഭംഗിയാവുന്നത് ഇഷ്ടപ്പെടുന്നു” (സ്വഹീഹുല്‍ ജാമിഉസ്സ്വഗീര്‍) 1.
അര്‍ധനഗ്നരോ പൂര്‍ണമായും വസ്ത്രം ഉപേക്ഷിച്ചവരോ ആയിക്കൊണ്ടുള്ള ആരാധനയാണ് ഭക്തിക്ക് ഇണങ്ങുന്നതെന്നും വസ്ത്രം അണിയുന്നത് ദൈവ സാമീപ്യത്തിന് തടസ്സമുണ്ടാക്കുമെന്നുമുള്ള ജാഹിലിയ്യാ സങ്കല്പത്തെ തിരുത്തിക്കൊണ്ട് ഖുര്‍ആന്‍ പറയുന്നു: ”ആദം സന്തതികളേ, എല്ലാ ആരാധനാ വേളയിലും നിങ്ങള്‍ക്കു അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിക്കുക” (7:31).
നമസ്‌കാരം, മുസ്‌ലിംകളില്‍ വളര്‍ത്തിയെടുത്ത ശുചിത്വബോധം പള്ളികളിലും പാതയോരങ്ങളിലും സ്‌നാനഗൃഹങ്ങള്‍ പടുത്തുയര്‍ത്താനും അതിന്നായി ധനം വക്വ്ഫ് ചെയ്യാന്‍ വരെയും പ്രേരകമായിത്തീര്‍ന്നു. എന്നാല്‍ സന്ന്യാസ പ്രസ്ഥാനങ്ങള്‍ സ്വയം വൃത്തിയായില്ലെന്നു മാത്രമല്ല, മറ്റുള്ളവര്‍ വൃത്തിയാകുന്നതും അവര്‍ തടയുകയുണ്ടായി. സ്പാനിഷ് മുസ്‌ലിംകളെ സംസ്‌കരിക്കുന്നത് സംബന്ധമായി ചേര്‍ന്ന (സിഇ 1566) യോഗ തീരുമാനങ്ങളില്‍ പ്രധാനമായവ മുസ്‌ലിംകളെ കുളിക്കാന്‍ അനുവദിക്കരുതെന്നും അവരുടെ സ്‌നാനഗൃഹങ്ങള്‍ പൊളിച്ചു മാറ്റേണ്ടതാണെന്നും ആയിരുന്നു. ഇക്കാര്യം ജെ. മോര്‍ഗന്‍ വിവരിക്കുന്നുണ്ട് (ഇസ്‌ലാം പ്രബോധനവും പ്രചാരവും, സര്‍ തോമസ് ആര്‍നോള്‍ഡ്) 2.
ആധുനിക കാലത്ത് ശുചിത്വവും വസ്ത്രാലങ്കാരവും നാഗരികതയുടെയും സംസ്‌കാരത്തിന്റെയും നിദര്‍ശനമായി അംഗീകരിക്കപ്പെട്ടു. ഇപ്പോഴും അത് തുടര്‍ന്ന് വരുന്നു. എന്നാല്‍ അതിനു പുറമെ നമസ്‌കാരത്തിന്റെ നിബന്ധനയായും ഭക്തിയുടെ ഘടകമായും അവയെ നിശ്ചയിച്ചുവെന്നത് ഇസ്‌ലാമിന്റെ സവിശേഷതയത്രെ.
ശാരീരികവും മാനസികവുമായ ഉന്മേഷം നമസ്കാരത്തിലൂടെ
നമസ്‌കാരം കര്‍മോത്സുകതയും ആവേശവും പ്രദാനം ചെയ്യുന്നുവെന്നത് അതിന്റെ സവിശേഷതകളില്‍ ശ്രദ്ധേയമാണ്. വുദൂഉം നമസ്‌കാരവും ഒരാളുടെ മനസ്സിനെ സജീവമാക്കുന്നതും അവന്‍ എല്ലാ പ്രഭാതത്തിലും തന്റെ പുതിയ ജീവിതം ആരംഭിക്കുന്നതും എങ്ങനെയെന്ന് പ്രവാചകന്‍(സ്വ) വിവരിക്കുന്നു: ”നിങ്ങളിലൊരാള്‍ ഉറങ്ങിയാല്‍ അവന്റെ പിരടിയില്‍ പിശാച് മൂന്നുകെട്ടുകള്‍ കെട്ടുന്നതാണ്. ശേഷം പറയും: നീ ഉറങ്ങുക, രാത്രി ദൈര്‍ഘ്യമുള്ളതാണ്. അവന്‍ ഉറക്കത്തില്‍ എഴുന്നേറ്റ് അല്ലാഹുവിനെ ഓര്‍ത്താല്‍ ആദ്യത്തെ കെട്ടഴിയുന്നു. അവന്‍ വുദൂ ചെയ്താല്‍ രണ്ടാമത്തേതും നമസ്‌കരിക്കുമ്പോള്‍ മൂന്നാമത്തേതുമായ കെട്ടുകള്‍ അഴിഞ്ഞുപോകുന്നു. അങ്ങനെ അവന്‍ സംതൃപ്ത മനസ്‌കനും ഉത്സാഹിയുമായിത്തീരുന്നു. ഇനി മറിച്ചാണ് അവന്റെ അവസ്ഥയെങ്കില്‍ അവന്‍ ദുഷ്ടമനസ്‌കനും അലസനുമായിത്തീരും” (ബുഖാരി) 3.
പ്രാര്‍ഥന വ്യക്തിയില്‍ പ്രതിഫലിപ്പിക്കുന്ന സദ്ഗുണങ്ങളെക്കുറിച്ച് നോബല്‍ സമ്മാനജേതാവായ ഡോ. അലക്‌സിസ് കാറല്‍ ഇപ്രകാരം പറയുന്നു: ”കര്‍മോത്സുകത വളര്‍ത്തുവാന്‍ ഇന്നോളം അറിയപ്പെട്ട മാര്‍ഗങ്ങളില്‍ ഏറ്റവും മഹത്തായത് പ്രാര്‍ഥനയാണ്. രോഗികളെ ചികിത്സിക്കുന്നതില്‍ ഔഷധങ്ങള്‍ പരാജയപ്പെടുകയും വൈദ്യശാസ്ത്രം അതിന്റെ ദുര്‍ബലഹസ്തങ്ങള്‍ പിന്‍വലിക്കുകയും ചെയ്യുമ്പോള്‍ പ്രാര്‍ഥന ഇടപെടുകയും അവര്‍ക്ക് രോഗ വിമുക്തി നല്‍കുകയും ചെയ്തത് പലതവണ ഞാന്‍ കണ്ടു. റേഡിയം പോലെ പ്രാര്‍ഥന പ്രസരിപ്പും നവോന്മേഷവും പകരുമെന്നത് തീര്‍ച്ചയാണ്. പ്രാര്‍ഥനയിലൂടെ ജനങ്ങള്‍ സ്ഥിരോത്സാഹിയായ ഒരു ശക്തിയോട് സംഭാഷണം നടത്തുമ്പോള്‍ അവര്‍ ആവേശോജ്വലരാവുന്നു” 4.
എല്ലാ മതങ്ങളിലെയും പ്രാര്‍ഥനയുടെ പൊതു അവസ്ഥ ഇതാണെങ്കില്‍ ഇസ്‌ലാമിലെ പ്രമുഖ പ്രാര്‍ഥനയാകുന്ന നമസ്‌കാരം ഉളവാക്കുന്ന സ്വാധീനം നിസ്തുലമാണ്. കാരണം അതിലെ ഖുര്‍ആന്‍ പാരായണം, സ്‌തോത്ര വചനങ്ങള്‍, നമസ്‌കാരത്തിന്റെ മുമ്പുള്ള ശാരീരിക ശുചീകരണം തുടങ്ങിയവ ഉന്മേഷദായകമാണ്. നമസ്‌കാരത്തിനു വേണ്ടി മുഖവും ബാഹ്യാവയവങ്ങളും വൃത്തിയാക്കുന്നതിന്നാണ് അംഗസ്‌നാനം (വുദൂ) എന്നു പറയുന്നത്. മനുഷ്യ ശരീരത്തിലെ മര്‍മ പ്രധാനമായ പഞ്ചേന്ദ്രിയങ്ങളാണ് ഇവിടെ ശുദ്ധജലം കൊണ്ട് ശുചീകരിക്കപ്പെടുന്നത്. അപ്പോള്‍ ഏതൊരു വ്യക്തിയും ഉത്സാഹിയായി മാറാതിരിക്കില്ല.
ക്ഷീണമോ ബോധക്ഷയമോ ബാധിച്ച വ്യക്തിയുടെ മുഖത്ത് വെള്ളം തളിക്കുമ്പോള്‍ ഉന്മേഷവാനാകുന്നത് നമുക്ക് അനുഭവമാണല്ലോ. നമസ്‌കാരത്തിന്നായി ചില ഘട്ടങ്ങളില്‍ കുളിക്കണമെന്നുകൂടി ഇസ്‌ലാം അനുശാസിക്കുമ്പോള്‍ നമസ്‌കാരം വ്യക്തിയിലുളവാക്കുന്ന അത്യുത്സാഹം വിവരിക്കേണ്ടതില്ല. ബാഹ്യരൂപത്തിലുള്ള ചലനങ്ങളും സൗന്ദര്യങ്ങളും മനസ്സിനു ആനന്ദം പകരുന്നതാണ്. എന്നാല്‍ നമസ്‌കാരത്തിനു വേണ്ടി ഒരാള്‍ ശരീരം വൃത്തിയാക്കുകയും ഭംഗിയുള്ള വസ്ത്രം ധരിക്കുകയും ചെയ്യുമ്പോള്‍ അവന്റെ മനസ്സ് സന്തോഷിക്കാതിരിക്കില്ല. മാത്രമല്ല, നമസ്‌കാരത്തിന്റെ സമയവ്യത്യാസവും ഉന്മേഷദായകമാണ്. അഞ്ചു നമസ്‌കാരങ്ങളില്‍ ആദ്യത്തേത് പ്രഭാതത്തിലും അവസാനത്തേത് രാത്രിയിലുമാണ് നിര്‍ണയിക്കപ്പെട്ടത്. തന്മൂലം സുഖാലസ്യത്തില്‍ നിന്നും ചാപല്യത്തില്‍ നിന്നും നമസ്‌കാരം മോചനം നല്‍കുകയും കര്‍മോത്സുകത ദിനേന പകര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
വിരക്തിക്കും ധ്യാനത്തിനും സ്ഥാനമില്ല
ഇസ്‌ലാമില്‍ ആത്മീയതയും ഭൗതികതയും തമ്മില്‍ സംഘട്ടനമില്ല. പ്രത്യുത, അവ രണ്ടും തമ്മില്‍ സന്തുലിതത്വം പാലിക്കപ്പെടുന്നു. ഓരോന്നിന്റെയും വളര്‍ച്ചക്കും വികാസത്തിനും അവസരം നല്കുക കൂടി ചെയ്യുന്നു. ജീവിതത്തിലെ ബഹളത്തിനും ജോലിത്തിരക്കിനുമിടയിലും അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് പള്ളികളില്‍ പ്രാര്‍ഥിക്കാനെത്തുന്നവരായാണ് വിശ്വാസികളെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ഇവരെ പ്രശംസിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ”ചില ആളുകള്‍, വ്യാപാരമോ ക്രയവിക്രയങ്ങളോ അല്ലാഹുവിനെ സ്മരിക്കുന്നതില്‍ നിന്നും നമസ്‌കാരം നിലനിറുത്തുന്നതില്‍ നിന്നും സകാത്തു നല്‍കുന്നതില്‍ നിന്നും അവരെ അശ്രദ്ധരാക്കുന്നില്ല. ഹൃദയങ്ങള്‍ താളം തെറ്റുകയും ദൃഷ്ടികള്‍ പതറിപ്പോവുകയും ചെയ്യുന്ന ദിവസത്തെ അവര്‍ ഭയപ്പെടുന്നു’‘ (24:37).
ആരാധനയും ഭൗതിക വ്യാപാരങ്ങളും പരസ്പരം സമരസപ്പെട്ടു പോകണമെന്നാണ് ഇസ്‌ലാം വിവക്ഷിക്കുന്നത്. ആയുഷ്‌കാലമത്രയും ധ്യാനനിരതരായി വൈരാഗ്യ ജീവിതം നയിക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നില്ല. മാത്രമല്ല, ശാരീരിക-സാമൂഹിക ബാധ്യതകള്‍ വിസ്മരിച്ച് ആരാധനാ നിമഗ്നനായി കഴിയുന്നതിനെ പ്രവാചകന്‍ (സ്വ) നിരുത്സാഹപ്പെടുത്തി. നിത്യവും നോമ്പനുഷ്ഠിക്കുമെന്ന് പറഞ്ഞ ആളോട്, ഒന്നിടവിട്ട ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കുകയും ഒരാഴ്ച കൊണ്ട് ഖുര്‍ആന്‍ പാരായണം പൂര്‍ത്തിയാക്കുകയും ചെയ്താല്‍ മതിയെന്നും രാത്രിയില്‍ ഉറങ്ങുകയും നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്യണമെന്നും നബി(സ്വ) ഉപദേശിച്ചു. അതിനേക്കാള്‍ അധികം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം ഉണര്‍ത്തിയെങ്കിലും നബി(സ്വ) അനുവദിച്ചില്ല. ജീവിത ബാധ്യതകളെക്കുറിച്ച് നബി(സ്വ) ഇപ്രകാരം തെര്യപ്പെടുത്തി: ”നിന്റെ ശരീരത്തോട് നിനക്ക് ബാധ്യതകളുണ്ട്. നിന്റെ നേത്രങ്ങളോടും നിനക്ക് ബാധ്യതകളുണ്ട്. നിന്റെ ഇണയോടും നിന്റെ സന്ദര്‍ശകരോടും നിനക്ക് കടമകളുണ്ട്” (ബുഖാരി) 5.
നബി(സ്വ)യുടെ ജീവിതം ഇതിന്റെ നിദര്‍ശനമായിരുന്നു. ചില ദിവസങ്ങളില്‍ ഐച്ഛിക നോമ്പനുഷ്ഠിക്കുകയും ചിലപ്പോള്‍ ഉപേക്ഷിക്കുകയും നിശാവേളകളില്‍ കുറച്ചുസമയം നമസ്‌കരിക്കുകയും ബാക്കിസമയം ഉറങ്ങുകയുമായിരുന്നു അദ്ദേഹത്തിന്റെ ചര്യ. അദ്ദേഹം ബ്രഹ്‌മചാരിയായിരുന്നില്ല. മറിച്ച് കുടുംബജീവിതം നയിച്ചിരുന്നു.
എന്നാല്‍, ഈ അനുഷ്ഠാനങ്ങള്‍ കുറവാണെന്ന് കരുതിയ ചിലര്‍ മുഴുവന്‍ സമയവും ആരാധനയില്‍ മുഴുകുമെന്നു തീരുമാനിച്ചു. അവരെ വിളിച്ചു നബി(സ്വ) ഇപ്രകാരം പറഞ്ഞു: ”അറിയുക, അല്ലാഹുവാണ് സത്യം. നിങ്ങളില്‍ അല്ലാഹുവിനെ കൂടുതല്‍ ഭയപ്പെടുകയും അധികം സൂക്ഷിക്കുകയും ചെയ്യുന്നവന്‍ ഞാനാണ്. ഞാന്‍ നോമ്പനുഷ്ഠിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു. ഞാന്‍ നമസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. ഞാന്‍ വിവാഹം ചെയ്തിരിക്കുന്നു. എന്റെ ഈ ചര്യ ഇഷ്ടപ്പെടാത്തവന്‍ എന്നില്‍പെട്ടവനല്ല” (ബുഖാരി) 6.
മാനസികവും ശാരീരികവും ആത്മീയവും ഭൗതികവുമായ തലങ്ങളില്‍ സമന്വയത്തിന്റെയും മിതത്വത്തിന്റെയും സമീപനം സ്വീകരിക്കാന്‍ ഇസ്‌ലാം ശക്തമായി ഉദ്‌ബോധിപ്പിക്കുന്നു. ആത്മീയതയ്ക്കുവേണ്ടി മറ്റുള്ളവയെല്ലാം തിരസ്‌കരിക്കുന്നത് ഭക്തിയുടെ മാര്‍ഗമാണെന്ന ധാരണ തിരുത്തുന്നു. പള്ളിയും അങ്ങാടിയും തമ്മിലോ നമസ്‌കാരവും കുടുംബവും തമ്മിലോ സംഘട്ടനങ്ങളില്ലാത്ത ഒരു ജീവിതം ഇസ്‌ലാം സമര്‍പ്പിക്കുകയും ചെയ്യുന്നു.
പ്രസ്തുത സമന്വയം ഇസ്‌ലാമിലെ ആരാധനകളിലെല്ലാം പരിഗണിക്കപ്പെട്ടിട്ടുണ്ട്. നമസ്‌കാരം, ശാരീരിക-സാമൂഹ്യ വികാസവുമായും ബന്ധപ്പെട്ടതാണെന്നുകാണാം. സാമൂഹ്യ പുരോഗതിയിലും നാഗരിക നിര്‍മാണത്തിലും യാതൊരു പങ്കുമില്ലാത്ത സന്ന്യാസ ദര്‍ശനവും ഭക്തി പ്രസ്ഥാനങ്ങളുമായി ഇസ്‌ലാമിലെ നമസ്‌കാരം തീര്‍ത്തും വ്യത്യസ്തത പുലര്‍ത്തുന്നു. ”മനസ്സുകൊണ്ടുള്ള ആരാധനയാണല്ലോ ധ്യാനം” (പഞ്ചമഹാ നിഘണ്ടു, പേ. 362).
എന്നാല്‍ നമസ്‌കാരത്തില്‍ ശരീരത്തിനും പ്രധാന പങ്കുവഹിക്കാനുണ്ട്. ഇവിടെ ധ്യാനത്തിലെന്നപോലെ ആത്മീയ ദൃഢതയ്ക്കുവേണ്ടി ശരീരത്തെ അവഗണിക്കുന്നില്ല. പ്രത്യുത വുദൂ, അംഗചലനങ്ങള്‍ തുടങ്ങിയവ നമസ്‌കാരത്തെ മനസ്സും ശരീരവും പങ്കുവഹിക്കുന്ന ആരാധനയാക്കിത്തീര്‍ത്തിരിക്കുന്നു. നില്‍ക്കുക, നമിക്കുക, സാഷ്ടാംഗം ചെയ്യുക, ഇരിക്കുക എന്നീ ക്രമത്തിലാണ് നമസ്‌കാരത്തിലെ കര്‍മങ്ങള്‍ നിജപ്പെടുത്തിയിരിക്കുന്നത്.
നമസ്‌കരിക്കുന്നവന്റെ ശരീരം ചലിക്കുന്നു. നാവുചൊല്ലുന്നു. ഹൃദയം ചിന്തിക്കുന്നു. മനസ്സ് സാന്നിധ്യം വഹിക്കുന്നു. അതില്‍ നിന്നും വിരമിച്ചാല്‍ ഭൗതിക ജീവിതത്തിലേക്കു പ്രവേശിക്കുന്നു. ഇപ്രകാരം, മനസാ വാചാ കര്‍മണാ സര്‍വസ്വവും അല്ലാഹുവിനു സമര്‍പ്പിച്ചുകൊണ്ട് ഭക്തി നിര്‍ഭരമായി നിര്‍വഹിക്കപ്പെടുന്ന ഒരു ആരാധനയാണ് നമസ്‌കാരമെന്നത് അതിന്റെ വ്യതിരിക്തതയും സവിശേഷതയും വ്യക്തമാക്കുന്നു.
നമസ്കാരം ആര്‍ക്കും നിര്‍വഹിക്കാം
മുസ്‌ലിം, പൂര്‍ണാര്‍ഥത്തില്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു. അതു കൂടുതല്‍ പ്രകടമാവുന്നത് നമസ്‌കാരത്തിലാണ്. കാരണം, മിക്ക ആളുകളുടെയും സ്വാതന്ത്ര്യം നഷ്ടപ്പെടാറുള്ളത് ആരാധനാ കര്‍മങ്ങളിലാണ്. അവിടെ അവന്‍ സൃഷ്ടി പൂജയുടെയും പൗരോഹിത്യത്തിന്റെയും ബന്ധനത്തിലാണ്. എന്നാല്‍, നമസ്‌കാരം ഈ ബന്ധനത്തില്‍നിന്നും അവനെ മോചിപ്പിക്കുന്നു. അല്ലാഹുവല്ലാത്ത ആരാധ്യരൊക്കെ ഉന്നതിയുടെ ഉത്തുംഗത പ്രാപിച്ച മനുഷ്യരായാലും അവതാരങ്ങളുടെയോ പുണ്യവാളന്മാരുടെയോ പ്രതിരൂപങ്ങളായാലും അവയൊക്കെ അല്ലാഹുവിന്റെ ദാസന്മാരും സൃഷ്ടികളുമാണെന്ന വിശ്വാസത്തെ ഓരോ നമസ്‌കാരവും കൂടുതല്‍ക്കൂടുതല്‍ ദൃഢീകരിക്കുന്നു. തന്മൂലം ആ ആരാധ്യരെപ്പോലെ അവനും അല്ലാഹുവിനെ ആശ്രയിക്കുന്നു. അതുവഴി മനഃസാക്ഷിയുടെ സ്വാതന്ത്ര്യം മുസ്‌ലിം നേടുന്നു. നമസ്‌കരിക്കുമ്പോള്‍ അവനത് അനുഭവിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: ”നിശ്ചയം, പള്ളികള്‍ അല്ലാഹുവിന്റേതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനു പുറമെ ആരോടും പ്രാര്‍ഥിക്കരുത്’‘ (72:18).
നമസ്‌കാരം മുസ്‌ലിമിനെ പൗരോഹിത്യത്തില്‍ നിന്നും മോചിപ്പിക്കുന്നു. കാരണം ഇസ്‌ലാമില്‍ പൗരോഹിത്യമില്ല, മധ്യവര്‍ത്തികളില്ല, അല്ലാഹുവുമായി ഏതൊരു വ്യക്തിക്കും നേരിട്ട് ബന്ധം സ്ഥാപിക്കാവുന്നതാണ്. പുരോഹിതന്റെ കാര്‍മികത്വത്തിലുള്ള ആരാധനയേ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന ധാരണയെ ഇസ്‌ലാം തിരുത്തുക കൂടി ചെയ്തു. പ്രത്യുത, സമൂഹമായി നമസ്‌കരിക്കുകയാണെങ്കിലും, നമസ്‌കാരത്തിന്റെ സാധുതയിലും സ്വീകാര്യതയിലും അയാള്‍ മാധ്യസ്ഥ്യം വഹിക്കുന്നില്ല. എന്നാല്‍ പൗരോഹിത്യ മതങ്ങളില്‍ നിയമം നിര്‍മിക്കാനും ദുര്‍ബലപ്പെടുത്താനും പൊറുക്കാനും ശിക്ഷിക്കാനുമുള്ള മുഴുവന്‍ അധികാരവും പുരോഹിതന്മാരുടെ കൈക ളിലാകുന്നു. മധ്യകാലത്ത് ക്രൈസ്തവ പുരോഹിതന്മാര്‍ ജനങ്ങള്‍ക്കു സ്വര്‍ഗത്തിലുള്ള അവകാശം വില്‍ക്കുകയും അതിനുള്ള രേഖകള്‍ കൈമാറുകയും വരെയുണ്ടായിരുന്നുവെന്ന് ചരിത്രം സാക്ഷീകരിക്കുന്നു (താരീഖുല്‍ ഇസ്‌ലാം, ഡോ. ഹസന്‍ ഇബ്‌റാഹീം ഹസന്‍, വാ. 4, പേ. 245).
നമസ്‌കാരം മുസ്‌ലിമായ ഏതൊരു മനുഷ്യനും നിര്‍വഹിക്കാവുന്നതാണ്. അത് സ്ത്രീയോ പുരുഷനോ കുട്ടിയോ സമ്പന്നനോ ദരിദ്രനോ ആരുമാകട്ടെ എല്ലാവര്‍ക്കും ഇത് ബാധകമാണ്. വൃത്തിയും വിവേകവും മാത്രമാണ് അതിന്റെ മാനദണ്ഡം. എല്ലാവര്‍ക്കും തുല്യപ്രതിഫലവുമാണ് നമസ്‌കാരത്തിന് അല്ലാഹു നിശ്ചയിച്ചത്.
പള്ളികളില്‍ വെച്ച് നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരമേ സാധുവാകുകയുള്ളൂവെന്ന് ഇസ്‌ലാമിലില്ല. ലോകത്ത് വൃത്തിയുള്ള എവിടെ വെച്ചും അത് നിര്‍വഹിക്കാവുന്നതാണ്. നബി(സ്വ) പറയുന്നു: ”ഭൂമി എനിക്ക് ആരാധനാസ്ഥലവും ശുചീകരണോപാധിയും ആക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ എന്റെ സമുദായത്തില്‍പെട്ട ആര്‍ക്കെങ്കിലും നമസ്‌കാരത്തിന്റെ സമയം എത്തിയാല്‍ അവന്‍ നമസ്‌കരിക്കട്ടെ” (ബുഖാരി) 7.
തൊഴില്‍ശാലകളിലും യാത്രാവഴികളിലും നദീതീരങ്ങളിലും പാടശേഖരങ്ങളിലുമൊക്കെ ഒരു മുസ്‌ലിമിനു നമസ്‌കരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ജൂതസമൂഹത്തിന്റെ നേതാവായിരുന്ന പ്രൊഫ. സക്കീ ഉറൈബി തന്റെ യാത്രകളില്‍ ഈ സ്വാതന്ത്ര്യത്തിന്റെ മാതൃകകള്‍ ദര്‍ശിച്ചു. അതിനെ തുടര്‍ന്ന് ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും 1960ല്‍ ഇസ്‌ലാം ആശ്ലേഷിക്കുകയുമുണ്ടായി (ലിമാദാ അസ്‌ലംതു).
നേതാവിനെ തിരുത്താനുള്ള സ്വാതന്ത്ര്യവും നമസ്‌കാരത്തില്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ട്. സമൂഹ പ്രാര്‍ഥനക്കിടയില്‍ ഇമാമിന് തന്റെ വാക്കിലോ പ്രവൃത്തിയിലോ പിഴവ് സംഭവിച്ചാല്‍ അതു ചൂണ്ടിക്കാണിക്കേണ്ടത് പിന്‍തുടര്‍ന്നു നമസ്‌കരിക്കുന്നവരുടെ ബാധ്യതയാണ്. പ്രായ- ലിംഗ ഭേദമില്ലാതെ എല്ലാവരും ഇതു ചെയ്യേണ്ടതാണ്. അബദ്ധം സംഭവിച്ചത് ഖുര്‍ആന്‍ പാരായണത്തിന് ഇടയിലാണെങ്കില്‍ ഇമാമിനു തിരുത്തിക്കൊടുത്തും അതല്ലാത്തതിലാണെങ്കില്‍ പുരുഷന്മാര്‍ സുബ്ഹാനല്ലാ എന്നു പറഞ്ഞും സ്ത്രീ കൈയടിച്ചും ഇമാമിനെ തെറ്റ് ബോധ്യപ്പെടുത്തേണ്ടതാണ്.
വെള്ളിയാഴ്ചയിലെ ഉദ്‌ബോധനവും ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. മിമ്പറില്‍ നില്‍ക്കുന്ന ഖത്വീബ് തന്റെ അഭിപ്രായങ്ങള്‍ അടിച്ചേല്പിക്കുന്ന സ്വേച്ഛാധിപതിയല്ല; പ്രത്യുത, ജനങ്ങളോടുള്ള ഉത്തരവാദിത്വത്തില്‍ അദ്ദേഹവും പങ്കാളിയാണ്. അദ്ദേഹം മറന്നാല്‍ ഓര്‍മിപ്പിക്കുകയും തെറ്റു സംഭവിച്ചാല്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യല്‍ അവരുടെ ബാധ്യതയാണ്.
രണ്ടാം ഖലീഫ ഉമര്‍(റ) മഹ്‌റിന്റെ വര്‍ധനയ്ക്ക് ഒരു പരിധി നിശ്ചയിക്കുന്നതിനെ കുറിച്ച് പള്ളിയില്‍ നിന്ന് പ്രസംഗിച്ചപ്പോള്‍ സൂറതുന്നിസാഇലെ ഇരുപതാം സൂക്തം ഓതിക്കൊണ്ട് പള്ളിയിലുണ്ടായിരുന്ന ഒരു വനിത വിമര്‍ശിച്ച സംഭവം സുവിദിതമാണല്ലോ. തത്സമയം ഖലീഫ ക്ഷുഭിതനാവുകയോ വിമര്‍ശിക്കാന്‍ പാടില്ലെന്നു പറയുകയോ ചെയ്തില്ല. പ്രത്യുത, ”ഉമര്‍ പിഴവില്‍ അകപ്പെട്ടിരിക്കുന്നു. ആ വനിത ശരി കണ്ടെത്തിയിരിക്കുന്നു” എന്ന് പ്രഖ്യാപിച്ചുകൊണ്ട് തന്റെ ഉദ്യമം ഉപേക്ഷിക്കുകയാണ് അദ്ദേഹം ചെയ്തത്.
കൃത്യനിഷ്ഠ നമസ്കാരത്തിലൂടെ
ഇസ്‌ലാം സമയബോധത്തെക്കുറിച്ച് ഉദ്‌ബോധിപ്പിക്കുക മാത്രമല്ല, പ്രസ്തുത രംഗത്ത് പ്രായോഗിക ശിക്ഷണവും നല്‍കുന്നുണ്ട്. നമസ്‌കാരവും ഇതര ആരാധനാ കര്‍മങ്ങളില്‍ അധികവും സമയബന്ധിതമാണ്. റമദാനിലെ വ്രതം, വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരം, ദിനേനയുള്ള അഞ്ചു നമസ്‌കാരങ്ങള്‍, ഹജ്ജ് തുടങ്ങിയ ആരാധനാ കര്‍മങ്ങളിലും അത് ഏറെ പ്രകടവും പ്രസക്തവുമാണ്. ഇതൊക്കെ സമയത്തെക്കുറിച്ച് ബോധമുളവാക്കുന്നതാണ്. നമസ്‌കാര സമയം അറിയിക്കുന്ന ഓരോ ബാങ്കും മുസ്‌ലിമിനു സമയബോധം ഉണ്ടാക്കാതിരിക്കില്ല. മാത്രമല്ല, ഇസ്‌ലാം നമസ്‌കാരത്തെ പ്രകൃതിയോടും അതിന്റെ ചലനത്തോടും ബന്ധപ്പെടുത്തിയിരിക്കുന്നു. പ്രഭാത നമസ്‌കാരം പ്രകൃതിക്കൊപ്പം ഉണരാനുള്ള ശിക്ഷണം കൂടിയാവുന്നു. ഭൗതിക ജോലിയില്‍ വ്യാപൃതനാകുന്ന വ്യക്തി പകലിന്റെ നിശ്ചിത ഭാഗങ്ങളില്‍ നമസ്‌കരിക്കുമ്പോള്‍ അവന് സമയനിഷ്ഠയും ആത്മീയ ചിന്തയും ഉണ്ടാവുന്നു. രാത്രി നമസ്‌കാരം ദൈവസ്മരണയോടെ ഉറങ്ങുന്നതിനു പ്രചോദനവും നല്‍കുന്നു.
നമസ്‌കാരത്തിലെ ഓരോ കര്‍മവും വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ മാറ്റം വരുത്തുവാന്‍ ആരെയും ഇസ്‌ലാം അനുവദിക്കുന്നില്ല. നമസ്‌കരിക്കുന്നവന്‍ തുടക്കം മുതല്‍ അവസാനം വരെ നിശ്ചയിക്കപ്പെട്ട രൂപത്തില്‍ തന്റെ ചലനങ്ങളും ഉച്ചാരണങ്ങളും ക്രമീകരിച്ചെങ്കിലേ ആ നമസ്‌കാരം അംഗീകരിക്കപ്പെടുകയുള്ളൂ. ഇതു തന്നെ സംഘമായി നിര്‍വഹിക്കുമ്പോള്‍ കൂടുതല്‍ കൃത്യത പാലിക്കപ്പെടേണ്ടതുണ്ട്. ഇമാമിന്റെ പ്രവര്‍ത്തനങ്ങളെ അനുധാവനം ചെയ്തു പൂര്‍ണാനുസരണത്തോടെയും അച്ചടക്കത്തോടെയും വേണം നമസ്‌കരിക്കാന്‍. ഇതിനു വിപരീതം പ്രവര്‍ത്തിക്കുന്നവരെ പ്രവാചകന്‍ താക്കീതുചെയ്യുന്നു.
ചുരുക്കത്തില്‍ നമസ്‌കാരം അത് നിര്‍വഹിക്കുന്ന വ്യക്തിയുടെ ജീവിതത്തില്‍ എല്ലാ കാര്യങ്ങളും ചിട്ടയോടെയും സമയനിഷ്ഠയോടെയും ചെയ്തുതീര്‍ക്കാനുള്ള പ്രചോദനം നല്‍കുകയും ശീലിപ്പിക്കുകയും ചെയ്യുന്നു.
നമസ്കാരത്തിലെ ലാളിത്യം
ഋതുഭേദങ്ങളെയും മനുഷ്യാവകാശങ്ങളെയും പരിഗണിക്കുന്ന സരളമായ നിയമങ്ങളും ആരാധനകളുമാണ് ഇസ്‌ലാം സമര്‍പ്പിച്ചിട്ടുള്ളത്. നമസ്‌കാരവും അങ്ങനെത്തന്നെ. മാത്രമല്ല, പ്രയാസകരവും ദുരിത പൂര്‍ണവുമായ നിയമങ്ങളെ ലഘൂകരിക്കുകയെന്നത് ഇസ്‌ലാം ലക്ഷ്യമായി കാണുന്നു. അല്ലാഹു പറയുന്നു: ”അവന്‍ നിങ്ങളെ ഉത്കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല” (22:78).
സംന്യാസവും പൗരോഹിത്യവും മതം നിര്‍ദേശിക്കുന്ന ആരാധനയുടെ നിര്‍വഹണം ദുഷ്‌കരമാക്കിയിരിക്കുന്നു. ഈ ഭാരം കുറയ്ക്കുക പ്രവാചക നിയോഗത്തിന്റെ ലക്ഷ്യമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കി. സയ്യിദ് സുലൈമാന്‍ നദ്‌വി പറയുന്നു: ”അല്ലാഹുവിനെ ആരാധിക്കാത്ത ഒരു മതവുമില്ല. പക്ഷേ, പൂര്‍വ മതങ്ങള്‍ ശാരീരിക പീഡനരീതികള്‍ അതിന്നായി സ്വീകരിച്ചു. അത് ആരാധനയുടെ ലക്ഷ്യമായി കാണുകയും, അതിന്നായി അതിന്റെ അനുയായികളോട് ആവശ്യപ്പെടുകയും ചെയ്തു. ശാരീരിക വേദനകള്‍ വര്‍ധിക്കുന്നതിനനുസരിച്ച്, ആത്മാവ് പരിശുദ്ധവും മനസ്സ് പരിപാവനവുമായിത്തീരുമെന്ന് അവര്‍ കരുതി” (അരിസാലതുല്‍ മുഹമ്മദിയ്യ) 8.
സമൂഹത്തിലെ ചെറിയൊരു വിഭാഗത്തിനു മാത്രമേ ഇപ്രകാരമുള്ള ആരാധനകള്‍ അനുഷ്ഠിക്കാന്‍ സാധിക്കൂ. ഇസ്‌ലാമിലെ അതിശ്രേഷ്ഠമായ ആരാധനയാണല്ലോ നമസ്‌കാരം. ഏതാനും മിനുട്ടുകള്‍ കൊണ്ട് നിര്‍വഹിക്കാവുന്നതാണ് അത്. ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ”നിശ്ചയം, നിങ്ങളുടെ പ്രവാചകന്‍ മുഖേന അല്ലാഹു നിങ്ങള്‍ക്കു നമസ്‌കാരം നിര്‍ബന്ധമാക്കിയിരിക്കുന്നു. നാട്ടുകാരന്ന് നാലും യാത്രക്കാരന്ന് രണ്ടും ഭയമുള്ളപ്പോള്‍ ഒന്നും റക്അത്തുകളാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്” (മുസ്‌ലിം) 9).
യുദ്ധവേളയില്‍, സൗകര്യപ്പെടുംവിധം ആംഗ്യത്തിലൂടെയും വാഹനത്തിലായിക്കൊണ്ടും നമസ്‌കാരം നിര്‍വഹിക്കാമെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഇപ്രകാരം തന്നെ നമസ്‌കരിക്കുന്നവന്റെ ശാരീരികാവസ്ഥ പരിഗണിച്ചുകൊണ്ട് നിന്നും ഇരുന്നും കിടന്നും നമസ്‌കരിക്കാവുന്നതാണ്. യാത്രയിലും ശക്തമായ മഴയുള്ളപ്പോഴും മറ്റ അത്യാവശ്യഘട്ടങ്ങളിലും രണ്ടു നമസ്‌കാരങ്ങള്‍ ഒന്നിന്റെ സമയത്ത് കൂട്ടി നിര്‍വഹിക്കാവുന്നതാണ്. അതിശൈത്യത്തിലും രോഗഘട്ടത്തിലും ജലമുണ്ടെങ്കില്‍ കൂടി അംഗസ്‌നാനത്തിനു പകരം തയമ്മും മതിയെന്ന് ഇസ്‌ലാം അനുവദിച്ചു.
നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നവന്‍ തന്റെ പിന്നില്‍ ദുര്‍ബലരും വൃദ്ധരുമുണ്ടെന്ന് ഓര്‍ക്കണമെന്നും ഇസ്‌ലാം ഉണര്‍ത്തി (ബുഖാരി). പ്രവാചകന്‍(സ്വ) തന്നെ അവരെ പരിഗണിച്ച് നമസ്‌കാരം ചുരുക്കാറുണ്ടായിരുന്നു. ”കുട്ടികള്‍ കരയുന്നത് കേള്‍ക്കുമ്പോള്‍ മാതാവിനുണ്ടാകുന്ന വിഷമം പരിഗണിച്ച് നബി(സ്വ) നമസ്‌കാരം ചുരുക്കുമായിരുന്നു” (ബുഖാരി) 10.
ഇമാമായി നമസ്‌കരിച്ച മുആദിനെ(റ) നമസ്‌കാരം ദീര്‍ഘിപ്പിച്ചതിന്റെ പേരില്‍ നബി(സ്വ) താക്കീതു ചെയ്തു. ”മുആദേ, നീ കുഴപ്പമുണ്ടാക്കുകയാണോ എന്ന് അദ്ദേഹം ആവര്‍ത്തിച്ചു ചോദിക്കുകയും, ശേഷം ഉപദേശിക്കുകയുമുണ്ടായി. അവരെയും കൊണ്ട് നീ നമസ്‌കാരം ദീര്‍ഘിപ്പിക്കരുത്. ‘സബ്ബിഹിസ്മ’, ‘വശ്ശംസി വദുഹാഹാ’ തുടങ്ങിയവ നീ പാരായണംചെയ്യുക.” (ബുഖാരി) 11.
അനസുബ്‌നു മാലിക്(റ) കുറഞ്ഞ സമയം കൊണ്ട് നമസ്‌കാരം പൂര്‍ത്തിയാക്കുമായിരുന്നു. ഒരിക്കല്‍ അതിനെക്കുറിച്ച് സഹ്‌ലുബ്‌നു അബീഉമാമ(റ) ഇങ്ങനെ ചോദിച്ചു: ”താങ്കള്‍ നമസ്‌കരിച്ചത് നിര്‍ബന്ധമുള്ളതോ ഐച്ഛികമോ?” അദ്ദേഹം പറഞ്ഞു: ”നിശ്ചയം, അത് നിര്‍ബന്ധ നമസ്‌കാരം തന്നെ. ഞാനൊന്നും മറന്നിട്ടുമില്ല. നബി(സ്വ)യുടെ നമസ്‌കാരം അപ്രകാരമായിരുന്നു. അവിടുന്ന് ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
”നിങ്ങള്‍ സ്വയം തീവ്രതയുണ്ടാക്കരുത്. അതു കാരണം നിങ്ങള്‍ക്ക് പ്രയാസമുണ്ടാവും. ഒരു സമൂഹം അപ്രകാരം തീവ്രത സ്വീകരിക്കുകയും തന്മൂലം അവര്‍ പ്രയാസപ്പെടുകയുമുണ്ടായി. അതിന്റെ അവശിഷ്ടങ്ങളാണ് മഠങ്ങളിലും ആശ്രമങ്ങളിലുമുള്ളത്” (തഫ്‌സീര്‍ ഇബ്‌നുകഥീര്‍) 12.
ആവശ്യങ്ങളും ഉത്തരവാദിത്വങ്ങളും ദൗര്‍ബല്യങ്ങളും സമ്മേളിച്ച മനുഷ്യപ്രകൃതിക്ക് അനുയോജ്യമായ രൂപത്തിലാണ് നമസ്‌കാരം നിശ്ചയിക്കപ്പെട്ടതെന്ന് ഇതില്‍ നിന്നു വ്യക്തമാണ്.
സമത്വവും സാഹോദര്യവും നമസ്കാരത്തിലൂടെ
ഇസ്‌ലാം നിശ്ചയിച്ച ഓരോ ആരാധനയും സാഹോദര്യത്തിന്റെയും സമഭാവനകളുടെയും നിദര്‍ശനമാണ്. ഓരോ ദേശത്തെയും മുസ്‌ലിംകള്‍ സംഘനമസ്‌കാരം നടത്തുവാന്‍ ബാധ്യതപ്പെട്ടവരാണ്. അതിന് വളരെ പ്രോത്സാഹനവും പുണ്യവും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. അതിനുവേണ്ടി പള്ളികളോ മറ്റോ സൗകര്യപ്പെടുത്തുന്നത് അഭികാമ്യമാണ്. ഇസ്‌ലാമില്‍ ജാതിചിന്തയില്ല. തന്മൂലം ഇതര മതങ്ങളില്‍ ഒരേ വിശ്വാസം അംഗീകരിക്കുന്നവര്‍ക്ക് തന്നെ യൂറോപ്പിലും ഭാരതത്തിലും മറ്റും ജാതിയുടെയും വര്‍ണത്തിന്റെയും വ്യത്യാസത്തിന്നനുസരിച്ച് ഭിന്ന ആരാധനാലയങ്ങളുള്ളതുപോലെ ഇസ്‌ലാമിലില്ല. ഇപ്രകാരം തന്നെ സംഘടിത നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ ജന്മനാ ‘ശ്രേഷ്ഠത’യുള്ളവരോ പുരോഹിതന്മാരോ ഇല്ല. പ്രത്യുത, സംഘത്തില്‍ അറിവുള്ളൊരാള്‍ അതിന് നേതൃത്വം നല്‍കേണ്ടതാണ്. നമസ്‌കാരത്തില്‍ മുഖം ഏതു ദിശയിലേക്ക് തിരിക്കുന്നുവെന്നത് ആരാധനയുടെ മൂല്യത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ളതല്ലെങ്കിലും നമസ്‌കാരത്തിന്റെ ഐകരൂപ്യത്തിന് ഒരു ദിശ നിശ്ചയിക്കപ്പെടേണ്ടതുമുണ്ടല്ലോ. തന്മൂലം ഏകദൈവാരാധനക്കായി സ്ഥാപിതമായ ആദ്യഭവനം (മക്കയിലെ കഅ്ബ) അഭിമുഖദിശയായി നിര്‍ണയിക്കപ്പെട്ടു. അല്ലാഹു പറയുന്നു: ”ഓരോ വിഭാഗത്തിനും അവര്‍ തിരിഞ്ഞുനില്‍ക്കുന്ന ഓരോ ഭാഗമുണ്ട്. എന്നാല്‍ നിങ്ങള്‍ ചെയ്യേണ്ടത് സദ്പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ടുവരികയാണ്” (2:148).അതുവഴി നമസ്‌കരിക്കുന്നവര്‍ക്കിടയില്‍ വൈകാരിക ഐക്യം കൈവരുന്നു.
നമസ്‌കാരത്തിന് പരസ്പരം തൊട്ടുരുമ്മി അണികളായി നില്‍ക്കണമെന്ന് കല്പിക്കപ്പെട്ടു. നബി(സ്വ) പറയുന്നു: ”നിങ്ങളുടെ അണികള്‍ നിങ്ങള്‍ ശരിയാക്കൂ. അതല്ലെങ്കില്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്കിടയില്‍ അല്ലാഹു മാറ്റമുണ്ടാക്കും” (ബുഖാരി) 13.
ഇസ്‌ലാമിന്റെ ഇത്തരം നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിതരായി നമസ്‌കരിക്കുന്നവര്‍ക്കിടയില്‍ സാഹോദര്യം പാരമ്യം പ്രാപിക്കുന്നു. അവരുടെ ആരാധ്യനൊന്ന്, ഇമാമൊന്ന്, പാരായണം ചെയ്യുന്നതൊന്ന്, അവര്‍ അഭിമുഖീകരിക്കുന്ന ദിശയൊന്ന്, അവരുടെ കര്‍മങ്ങളുടെ രൂപവും ക്രമവുമൊന്ന്, വാക്കും പ്രവൃത്തിയുമൊന്ന്, ചിന്തയും ലക്ഷ്യവുമൊന്ന്-എല്ലാം ഒന്നായിത്തീര്‍ന്നിരിക്കുന്നു. അവിടെ പണ്ഡിതനും പാമരനും ധനികനും ദരിദ്രനും ഭരണാധികാരിയും ഭരണീയരും കറുത്തവനും വെളുത്തവനും ഒത്തുചേര്‍ന്നു നില്‍ക്കുന്നു.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കലഹത്തിന്റെയും അന്തരീക്ഷം സ്വീകാര്യമായ നമസ്‌കാരത്തിന് അന്യമാണെന്ന് നബി(സ്വ) വ്യക്തമാക്കുന്നു. ”മൂന്നാളുകളുടെ നമസ്‌കാരം അവരുടെ തലക്കുമീതെ ഒരു ചാണ്‍ ഉയരുകയില്ല. തന്നെ സമൂഹം വെറുക്കവെ അവര്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന വ്യക്തിയാണൊന്ന്. ഭര്‍ത്താവിന്റെ കോപത്തിന് വിധേയമായിക്കഴിയുന്ന സ്ത്രീയും പരസ്പരം പിണങ്ങിനില്‍ക്കുന്ന രണ്ട് സഹോദരന്മാരുമാണ് മറ്റുള്ളവര്‍” (ഇബ്‌നുമാജ) 14.
നമസ്‌കാരത്തിലെ വചനങ്ങളും ഈ ഐക്യം ശക്തമാക്കുന്നതില്‍ പങ്കുവഹിക്കുന്നു. ‘നഅ്ബുദു’ (ഞങ്ങള്‍ ആരാധിക്കുന്നു), ‘നസ്തഈന്‍’ (ഞങ്ങള്‍ സഹായം തേടുന്നു), ‘ഇഹ്ദിനാ’ (ഞങ്ങളെ നേര്‍വഴിയിലാക്കേണമേ) ‘ഞങ്ങള്‍ക്കും സദ്‌വൃത്തരായ ദാസന്മാര്‍ക്കും സമാധാനം പ്രദാനം ചെയ്യേണമേ” എന്നീ വചനങ്ങളില്‍ ബഹുവചനം പ്രയോഗിക്കുന്നു. ഇത് നമസ്‌കരിക്കുന്നവനില്‍ സാമൂഹ്യബോധവും സഹകരണ മനസ്ഥിതിയും വളര്‍ത്തുവാന്‍ ഏറെ സഹായിക്കുന്നു. മറ്റുള്ളവര്‍ക്ക് ഗുണത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ അവന്റെ മനസ്സ് വിശാലമാവുന്നു.
ഇതിന്റെ ആദ്യത്തെ മാതൃകയായിരുന്നു പ്രവാചകന്റെ പള്ളി. അവിടെ അറബികളും അനറബികളും ഒന്നിച്ചു. റോമക്കാരനായ സുഹൈബും പേര്‍ഷ്യക്കാരനായ സല്‍മാനും ആഫ്രിക്കക്കാരനായ ബിലാലും ഒരേ അണിയില്‍ നിന്നു. അറബ് വംശജരായ അദ്‌നാനികളും ഖഹ്ത്വാനികളും ഇതര ഗോത്രവിഭാഗങ്ങളും ഒത്തുചേര്‍ന്നു. പ്രവാചകന്റെ പിന്നില്‍ അവരെല്ലാം നമസ്‌കരിച്ചു.
സര്‍ തോമസ് ആര്‍നോള്‍ഡ് എഴുതുന്നു: ”മുസ്‌ലിംകളുടെ മതപരമായ ജീവിതത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നതാണ് നമസ്‌കാരം. ജനമനസ്സുകളില്‍ അതുണ്ടാക്കുന്ന സ്വാധീനങ്ങളെക്കുറിച്ച് ഒട്ടേറെ സഞ്ചാരികളും മറ്റും വിശദീകരിച്ചിട്ടുണ്ട്.” ഇതിന്റെ സൗന്ദര്യം ചില ക്രൈസ്തവ പുരോഹിതന്മാര്‍പോലും വര്‍ണിച്ചത് ഉദ്ധരിച്ച ശേഷം അദ്ദേഹം സമൂഹപ്രാര്‍ഥനയെക്കുറിച്ച് എഴുതുന്നു: ”റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച ഡല്‍ഹി ജുമാമസ്ജിദില്‍ പതിനയ്യായിരത്തോളം ആളുകള്‍ പങ്കെടുക്കുന്നു. അവരെല്ലാവരും നമസ്‌കാരത്തില്‍ മുഴുകിയിരിക്കുന്നു. അവരുടെ ഓരോ ചലനങ്ങളും ഭക്തിയും വണക്കവും അതിന്റെ പാരമ്യതയോടെ പ്രകടമാവുന്നു. ഈ ദൃശ്യത്തിന് സാക്ഷിയാകുന്ന ഏതൊരാളുടെയും ഹൃദയാന്തരങ്ങളില്‍ അതിന്റെ അതുല്യമായ സ്വാധീനം എത്താതിരിക്കില്ല. പ്രത്യേക രീതിയില്‍ സംഘടിപ്പിക്കപ്പെട്ട ഈ നമസ്‌കാരത്തിന്റെ സവിശേഷ ശക്തിയെ നോക്കിക്കാണാതിരിക്കാന്‍ സാധ്യമല്ല” (അദ്ദഅ്‌വതു ഇലല്‍ ഇസ്‌ലാം, വിവ. ഡോ. ഹസന്‍ ഇബ്‌റാഹീം ഹസന്‍).
References- സ്വഹീഹു ജാമിഉസ്സ്വഗീര്‍ വ സിയാദാതുഹൂ, നാസ്വിറുദ്ദീന്‍ അല്‍ബാനി, അല്‍ മക്തബതുല്‍ ഇസ്‌ലാമി, വാള്യം 01, പേജ് 359, ഹദീസ് 1741[↩]
- Preaching of Islam, A History of propagation of the Muslim faith, T.W Arnold, London constable & Company ltd, 1913, Page no: 128[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 52, ഹദീസ് 1142[↩]
- Man, the unknown, Alexis carrel, Hamish Hamilton, London, 1933, page no:132[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 31, ഹദീസ് 6134[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 02, ഹദീസ് 5063[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 95, ഹദീസ് 438[↩]
- അര്‍റിസാലത്തുല്‍ മുഹമ്മദിയ്യ, സയ്യിദ് സുലൈമാന്‍ അന്നദ്‌വി അല്‍ ഹുസൈനി, ദാറു ബ്‌നി കസീര്‍, ഡമസ്‌കസ്, ഒന്നാം പതിപ്പ്, പേജ് 209[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 479, ഹദീസ് 06 (687[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 143, ഹദീസ് 710[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 26, ഹദീസ് 6106[↩]
- തഫ്‌സീറു ഇബ്‌നു കസീര്‍, അബുല്‍ ഫിദാഅ് ഇസ്മാഈലുബ്‌നു ഉമറബ്‌നി കസീര്‍ അല്‍ ഖുറശീ അല്‍ ബസ്വരീ, ദാറു ത്വയ്ബ ലിന്നശ്‌രി വത്തൗസീഅ്, രണ്ടാം പതിപ്പ്, വാള്യം 08, പേജ് 63[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 145, ഹദീസ് 717[↩]
- സുനനു ഇബ്‌നി മാജ, ഇബ്‌നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്‌നു യസീദില്‍ ഖസ്‌വീനി, ദാറു ഇഹ്‌യാഇല്‍ കുതുബില്‍ അറബിയ്യ, വാള്യം 01, പേജ് 311, ഹദീസ് 971[↩]
