ഖുര്‍ആനിന്റെ ചരിത്രം
ഖുര്‍ആനിന്റെ ചരിത്രം തുടങ്ങുന്നത് ലൗഹുല്‍ മഹ്ഫൂളില്‍ ഖുര്‍ആന്‍ സംരക്ഷിച്ചു നിര്‍ത്തിയത് മുതലാണ് .മുഹമ്മദ് നബിയുടെ കാലത്ത് അദ്ദേഹത്തിന്റെ നാല്പതാം വയസ്സിലാണ് അദ്ദേഹത്തിന് ഖുര്‍ആന്‍ വചനങ്ങള്‍ ലഭിക്കുന്നത് . ഖുര്‍ആനിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്ത അല്ലാഹു അതിനുവേണ്ടി മനഃപാഠശേഷി കൂടുതലുള്ള ഒരു സമൂഹത്തെ തന്നെ തെരഞ്ഞെടുത്തു. അതിനുപുറമെ പ്രവാചക കാലത്ത് എഴുത്തറിയുന്നവര്‍ അത് എല്ല്,കല്ല്, തോല്, ഈത്തപ്പനയോല എന്നിവയില്‍ രേഖപ്പെടുത്തുകയും ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണം പ്രവാചകന്(സ്വ) തന്നെ പൂര്‍ത്തീകരിച്ചു. അബൂബക്കര്‍(റ)ന്റെ കാലത്ത് ഖുര്‍ആന്‍ ക്രോഡീകരണത്തിന്്റെ പ്രാധാന്യത്തെക്കുറിച്ച് ഉമര്‍(റ) അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ഗ്രന്ഥരൂപത്തില്‍ ആക്കുകയും ചെയ്തു. അബൂബക്കറി(റ)ന് ശേഷം ഉമര്‍(റ) ആ കോപ്പി സൂക്ഷിച്ചു വെച്ചു. അദ്ദേഹത്തിന് ശേഷം മകള്‍ ഹഫ്സ(റ) അത് കൈവശം വെച്ചു. തുടര്‍ന്നുവന്ന മൂന്നാം ഖലീഫ ഉസ്മാന്(റ) കാലത്ത് ഇസ്ലാമിക സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖുര്‍ആന്‍ പാരായണത്തില്‍ വൈകല്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഹിജ്റ ഇരുപത്തിയഞ്ചാം വര്‍ഷം അതിന്റെ കോപ്പി എടുത്തുകൊണ്ട് പ്രധാന ഇസ്ലാമിക കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയും മൂലഗ്രന്ഥം ഉസ്മാന് (റ) സൂക്ഷിക്കുകയും ചെയ്തു . മുസ്ഹഫുല്‍ ഇമാം എന്ന പേരിലാണത് അറിയപ്പെടുന്നത്. ഖുര്‍ആനിന്റെ അമാനുഷികത ദീപ്തമാക്കുന്നതില് മുഖ്യമാണ് ഖുര്‍ആനും അറബി ഭാഷയും. ഇന്ന് അറബി ഭാഷ ഒരു ലോകഭാഷയാണ്. അറബി ഭാഷാ സാഹിത്യം ആഗോളതലത്തില്‍ ജീവല്‍ ഭാഷയായി നിലനില്‍ക്കുന്നതിന് ഖുര്ആനിന്നോടത് കടപ്പെട്ടിരിക്കുന്നു.
നൂറ്റാണ്ടുകളെ അതിജീവിച്ചു കൊണ്ട് അന്ത്യനാള്‍ വരെ നിലനില്‍ക്കുന്ന ദൈവിക ഗ്രന്ഥമാകുന്നു ഖുര്‍ആന്‍. ഈ വിശുദ്ധ ഗ്രന്ഥം ലൗഹുല്‍ മഹ്ഫൂദ്വ് (85:21,22) എന്ന സുരക്ഷിത ഫലകത്തില്‍ അല്ലാഹു സംരക്ഷിച്ചു നിര്‍ത്തി. തുടര്‍ന്ന് ലൈലത്തുല്‍ ഖദ്ര് എന്ന വിശുദ്ധ രാത്രിയില്‍ ഒന്നാം ആകാശത്തിലെ ബൈതുല്‍ ഇസ്സയിലേക്ക് ഇറക്കി. ശേഷം അവിടെ നിന്ന് ഘട്ടം ഘട്ടമായി ജിബ്രീല്‍ മലക്ക് മുഖേന മുഹമ്മദ് നബി(സ്വ)ക്ക് ഇറക്കിക്കൊടുക്കുകയാണ് ചെയ്തത്.
മുഹമ്മദ് നബിയുടെ കാലത്ത്
തന്റെ നാല്പതാം വയസ്സില്‍ (ക്രിസ്താബ്ദം 610) റമദാന് മാസത്തിലായിരുന്നു മുഹമ്മദ് നബിക്ക് പ്രഥമമായി ഖുര്‍ആന്‍ വചനങ്ങള്‍ ലഭിക്കുന്നത്. ഒരു ഗ്രന്ഥ രൂപത്തിലല്ല ഖുര്‍ആന്‍ അവതരിച്ചത്. അദ്ദേഹത്തിന്റെ ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ ജീവിതത്തിനിടയില്‍ വിവിധ സന്ദര്‍ഭങ്ങളിലായി അല്പാല്പമായാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്. 96ാം അധ്യായമായ സൂറത്തുല്‍ അലഖിന്റെ ഒന്നു മുതല്‍ അഞ്ചു വരെയുള്ള വചനങ്ങളാണ് അദ്ദേഹത്തിന് ആദ്യം ലഭിച്ചത്. മാലാഖയെ കണ്ട് അമ്പരന്ന പ്രവാചകന് പിന്നീട് ഏതാനും മാസങ്ങള്‍ മറ്റു വചനങ്ങളൊന്നും ലഭിച്ചില്ല. ശേഷം അല്പാല്പമായി വീണ്ടും ഖുര്‍ആന്‍ വചനങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. സൂറത്തുല്‍ മുദ്ദസിറിലെ ഏതാനും വചനങ്ങളാണ് പിന്നീട് അദ്ദേഹത്തിന് ലഭിച്ചത്.
എഴുത്തും വായനയും വശമില്ലാത്ത പ്രവാചകന് ജിബ്രീല്‍(അ) ഖുര്‍ആന്‍ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍ തന്നെ ഹൃദിസ്ഥമാക്കുവാന്‍ വെമ്പല്‍ കൊള്ളുമായിരുന്നു. അതിന്നായി അതിവേഗത്തില്‍ പ്രവാചകന് അവ ഉരുവിട്ടുകൊണ്ടിരിക്കും. എന്നാല്‍ അങ്ങനെ ചെയ്യേണ്ടതില്ലെന്ന് ഉണര്ത്തിക്കൊണ്ടുള്ള വചനങ്ങള്‍ അവതരിച്ചു. ”നീ ഖുര്‍ആന്‍ ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി നിന്റെ നാവു ചലിപ്പിക്കേണ്ടതില്ല. തീര്‍ച്ചയായും അതിന്റെ ക്രോഡീകരണവും അത് ഓതിത്തരുന്നതും പിന്നീട് അത് വിവരിച്ചു തരുന്നതും നമ്മുടെ ബാധ്യതയാകുന്നു’‘ (75: 16-17). ഈ വചനങ്ങള്‍ പ്രവാചകന് ഏറെ സമാശ്വാസമായിത്തീര്‍ന്നു.
ഖുര്‍ആനിന്റെ സംരക്ഷണച്ചുമതല അല്ലാഹു ഏറ്റെടുത്തുവെന്ന് ഈ വചനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ആ സംരക്ഷണം നടപ്പിലാക്കുന്നതിനുള്ള സാഹചര്യങ്ങള്‍ അല്ലാഹു ഒരുക്കുകയും ചെയ്തു. മനഃപാഠ ശേഷി കൂടുതലുള്ള ഒരു സമൂഹത്തിലാണ് ഖുര്‍ആനിന്റെ അവതരണമുണ്ടായത്. പ്രവാചകന്(സ്വ) ജിബ്രീലില്‍ നിന്ന് ഖുര്‍ആന്‍ വചനങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ അവ അനുയായികളെ ഓതിക്കേള്‍പ്പിക്കും. കേട്ടമാത്രയില്‍ തന്നെ അവരത് മനഃപാഠമാക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ അനുചരന്മാരില് മിക്കവരും ഖുര്‍ആന്‍ മനഃപാഠമുള്ളവരായിരുന്നു. അവരത് നമസ്കാരങ്ങളിലും മറ്റും ഉറക്കെ പാരായണം ചെയ്യുകയും ചെയ്തിരുന്നു. നൂറുക്കണക്കിന് മനുഷ്യഹൃദയങ്ങളില്‍ ജീവസ്സോട് കൂടി ഖുര്‍ആനിനെ നിലനിര്‍ത്തിക്കൊണ്ട് അതിനെ സംരക്ഷിക്കുകയായിരുന്നു അല്ലാഹു.
ഓരോ സമയത്തും അവതരിക്കുന്ന ആയത്തുകള്‍ രേഖപ്പെടുത്തുവാന്‍ എഴുത്തും വായനയും അറിയുന്ന ഏതാനും പേരെ പ്രവാചകന്(സ്വ) ചുമതലപ്പെടുത്തി. കുത്താബുല്‍ വഹ്യ് (വഹ്യ് എഴുത്തുകാര്‍) എന്ന പേരിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. സൈദ് ബ്നു സാബിത്(റ) ആയിരുന്നു അവരില്‍ പ്രമുഖന്. ഉബയ്യുബ്നു കഅ്ബ്, അബൂബക്ര്, ഉമര്‍, ഉസ്മാന്, അലി എന്നിവരും സുബൈര്‍, ഇബ്ബാനുബ്നു സഈദ്, ഹന്‍ദലത് ബ്നു റബീഅ്, മുഐത് ബ്നു അബീ ഫാത്വിമ, അബ്ദില്ലാഹിബ്നു അര്‍ഖം, ശുറഹ് ബീലി ബ്നു ഹസന, അബ്ദില്ലാഹിബ്നു റവാഹ എന്നിവരാണ് വഹ്യ് എഴുതിയിരുന്നവര്‍. (ഫത്ഹുല്‍ ബാരി) 1.
കല്ല്, എല്ല്, തോല്, ഈത്തപ്പനയോല എന്നിവയിലായിരുന്നു അവര്‍ ഖുര്‍ആന്‍ രേഖപ്പെടുത്തിയിരുന്നത്. ഓരോ വചനവും സൂറത്തും അവതരിക്കുമ്പോള്‍ അതെവിടെ ചേര്‍ക്കണമെന്ന് നബി(സ്വ) അവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 114 സൂറത്തുകളും 6236 ആയത്തുകളും ക്രമീകരിച്ചു കൊണ്ട് ഖുര്‍ആന്‍ ക്രോഡീകരിച്ചത് വഹ്യിന്റെ അടിസ്ഥാനത്തില്‍ പ്രവാചകന്(സ്വ) തന്നെയാണ്. അതിനും പുറമെ ഓരോ വര്‍ഷവും റമദാനില്‍ ജിബ്രീല്‍(അ) പ്രവാചകന്റെ ഖുര്‍ആന്‍ മനഃപാഠം പുനപരിശോധിക്കാറുണ്ടായിരുന്നു. ഇബ്നു ഹജറുല്‍ അസ്ഖലാനി ഇപ്രകാരം രേഖപ്പെടുത്തുന്നു: ‘ഓരോ വര്‍ഷവും ജിബ്രീല്‍ ഒരു തവണ വന്ന് പ്രവാചകന്റെ ഖുര്‍ആന്‍ മനഃപാഠം പരിശോധിക്കാറുണ്ട്. പ്രവാചകന് മരണപ്പെട്ട വര്‍ഷം രണ്ടുതവണ പരിശോധിക്കുകയുണ്ടായി. എല്ലാ വര്‍ഷവും പത്ത് ദിവസം പ്രവാചകന് ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. പ്രവാചകന് മരണപ്പെട്ട വര്‍ഷം ഇരുപത് ദിവസം അദ്ദേഹം ഇഅ്തികാഫ് ഇരുന്നു (ഫത്ഹുല്‍ ബാരി) 2.
വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണം
അബൂബക്ര്(റ)ന്റെ കാലത്ത്
പ്രവാചകന്റെ വിയോഗാനന്തരം മഹാനായ അബൂബക്ര്(റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടു. അബൂബക്റിന് ഭീഷണമായ ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. സകാത്ത് നല്കാന് വിസമ്മതിച്ചവരോടും കള്ളപ്രവാചകന്‍മാരോടുമുള്ള ഏറ്റുമുട്ടലായിരുന്നു അത്. കള്ളപ്രവാചകനായ മുസൈലിമത്തുല്‍ കദ്ദാബിനോട് മുസ്ലിം സൈന്യം യമാമയില്‍ വെച്ച് ഏറ്റുമുട്ടി. യുദ്ധത്തില്‍ മുസ്ലിം സൈന്യം വിജയിച്ചുവെങ്കിലും ഖുര്‍ആന്‍ മനഃപാഠമാക്കിയ നിരവധി സ്വാഹാബിമാര്‍ രക്തസാക്ഷ്യം വഹിക്കുകയുണ്ടായി. ഇനിയും ഇതുപോലുള്ള യുദ്ധങ്ങള്‍ മുസ്ലിംകള്ക്ക് നേരിടേണ്ടി വന്നാല്‍ വിശുദ്ധ ഖുര്‍ആനിന്റെ അവസ്ഥയെന്തായിരി ക്കുമെന്ന് കൂര്‍മ്മ ബുദ്ധിമാനായ ഉമര്‍(റ)നെ ചിന്താകുലനാക്കി (അല്‍ ബിദായ വന്നിഹായ). ഉമര്‍ പ്രശ്നം ഖലീഫയുടെ ശ്രദ്ധയില്‍ പെടുത്തുകയും ഖുര്‍ആന്‍ ഒരൊറ്റ ഗ്രന്ഥമായി ക്രോഡീകരിച്ചു സൂക്ഷിച്ചില്ലെങ്കില്‍ അപകടം വരുത്തുമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു.
പ്രവാചകന് ചെയ്യാത്ത ഒരു കാര്യം താനെങ്ങിനെ ചെയ്യും എന്നതായിരുന്നു അബൂബക്റിനെ ഏറെ കുഴക്കിയത്. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിയ അദ്ദേഹം ദീര്‍ഘമായ പ്രാര്‍ഥനയ്ക്കു ശേഷം ആ ദൗത്യം ഏറ്റെടുത്തു.
നബി(സ്വ)യുടെ ഖുര്‍ആന്‍ എഴുത്തുകാരനായിരുന്ന സൈദ് ബ്നു സാബിതിനെ ഖലീഫ വിളിച്ചു വരുത്തി. വളരെ ഭാരിച്ച ആ ഉത്തരവാദിത്തം ഏറ്റെടുത്തു നിര്‍വഹിക്കണമെന്ന് അഭ്യര്‍ഥിച്ചു. അബൂബക്ര്(റ)ന്റെ മനസ്സില്‍ ആദ്യം തോന്നിയ അതേ ആശയം സൈദ്(റ)ന്റെ മനസ്സിലും ഉദിച്ചു. എങ്കിലും ഖലീഫ അതിന്റെ പ്രാധാന്യം അദ്ദേഹത്തിന് ബോധ്യപ്പെടുത്തിയപ്പോള്‍ അദ്ദേഹം ചുമതല ഏറ്റെടുത്തു. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: ‘ഒരു പര്‍വതം അതിന്റെ സ്ഥാനത്തു നിന്നും നീക്കം ചെയ്യാനാണ് എന്നെ ചുമതലപ്പെടുത്തിയിരുന്നതെങ്കില്‍ അതായിരുന്നു ഇതിനേക്കാള്‍ എളുപ്പം’. താന്‍ ഏറ്റെടുത്ത ദൗത്യത്തിന്റെ ഗൗരവം കുറിക്കുന്നതാണ് ഈ വാക്കുകള്‍.
പ്രവാചകന്റെ കാലത്ത് എഴുതി സൂക്ഷിക്കപ്പെട്ട ഖുര്‍ആനിന്റെ കൈയെഴുത്ത് രേഖകള്‍ അദ്ദേഹം സൂക്ഷ്മമായി പരിശോധിച്ചു. മനഃപാഠമുള്ളവരെക്കൊണ്ട് അത് പാരായണം ചെയ്യിച്ചു. അങ്ങനെ അത്യധികം ശ്രദ്ധയോടെ വിശുദ്ധ ഖുര്‍ആന്‍ ഒരു മുസ്ഹഫിലാക്കുകയെന്ന ദൗത്യം മഹാനായ ആ സ്വഹാബി ഭംഗിയായി നിര്‍വ്വഹിച്ചു. ആ എഴുതപ്പെട്ട രേഖ ഖലീഫ അബൂബക്ര്(റ) തന്റെയടുക്കല്‍ സൂക്ഷിച്ചു വെക്കുകയും ചെയ്തു (ബുഖാരി) 3.
ഉസ്മാന്(റ)ന്റെ കാലത്ത്
അബൂബക്ര്(റ) സൈദ്(റ) മുഖേന മുസ്ഹഫ് രൂപത്തിലാക്കിയ ഖുര്‍ആന്‍ അദ്ദേഹത്തിന്റെ കാലശേഷം ഖലീഫയായ ഉമര്‍(റ) കൈവശം വെച്ചു. അദ്ദേഹത്തിന്റെ മരണശേഷം അത് സൂക്ഷിച്ചത് തന്റെ മകള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ഹഫ്സ(റ)യായിരുന്നു.
ഉമറിന് ശേഷം ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട ഉസ്മാന്(റ)ന് രാഷ്ട്രീയ അഭ്യന്തര പ്രശ്നങ്ങള്‍ക്ക് പുറമെ സിറിയ, ഇറാഖ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഇസ്ലാം ആശ്ലേഷിച്ച അനറബികളായ മുസ്ലിംകളുടെ മതപരമായ പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നു. ഖുര്‍ആന്‍ പഠനവും മതകര്‍മങ്ങളില്‍ അതിന്റെ പാരായണവുമായിരുന്നു അതില്‍ മുഖ്യമായത്.
സിറിയക്കാരോടും ഇറാഖുകാരോടുമൊപ്പം അര്‍മീനിയയും അസര്‍ബൈജാനും മറ്റും മുസ്ലിം രാജ്യങ്ങളായി മാറിയപ്പോള്‍ അനറബികളായ തദ്ദേശീയരുടെ ഖുര്‍ആന്‍ പാരായണത്തില്‍ വൈകല്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഹുദൈഫ(റ) ഖലീഫ ഉസ്മാന്(റ)ന്റെ ശ്രദ്ധയില്‍ അത് എത്തിക്കുകയും സംരക്ഷണം ഉറപ്പു വരുത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് ഉണര്‍ത്തുകയും ചെയ്തു (ബുഖാരി) 4. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഖലീഫ സൈദ് ബ്നു സാബിത്, അബ്ദുല്ലാഹിബ്നു സുബൈര്‍, സഈദ് ബ്നുല്‍ ആസ്, അബ്ദുറഹ്മാനുബ്നു ഹാരിസ് എന്നീ സ്വഹാബിമാരോട് വിശുദ്ധ ഖുര്‍ആന്‍ പകര്‍ത്തി എഴുതാന്‍ ആവശ്യപ്പെട്ടു. ഹഫ്സ(റ)ന്റെ കൈവശമുണ്ടായിരുന്ന മുസ്ഹഫില്‍ നിന്ന് ഏഴു പകര്‍പ്പ് അവര്‍ തയ്യാറാക്കി. ഹഫ്സയോട് വാങ്ങിയ കോപ്പി അവര്‍ക്കു തന്നെ തിരിച്ചു നല്കി. ഹിജ്റ 25ാം വര്‍ഷത്തിലായിരുന്നു അത്. പകര്‍ത്തെടുത്ത കോപ്പികള്‍ കൂഫ, ബസ്വറ, ഡമസ്കസ്, മക്ക, മദീന എന്നിവിടങ്ങളിലേക്ക് അയച്ചു കൊടുത്തു. ഒരു പ്രതി ഖലീഫയുടെ അടുത്ത് സൂക്ഷിച്ചു. ഈ പ്രതി ‘മുസ്ഹഫുല്‍ ഇമാം’എന്ന പേരില്‍ അറിയപ്പെടുന്നു. വിവിധ പ്രവിശ്യകളിലേക്ക് അയക്കപ്പെട്ട പ്രതികള്‍ അവലംബമാക്കിയാണ് പിന്നീട് ഖുര്‍ആന്‍ പാരായണം നിര്‍വ്വഹിക്കപ്പെട്ടത്. ഖുര്‍ആന്‍ പകര്‍ത്തെഴുത്ത് കഴിഞ്ഞപ്പോള്‍ കുറ്റമറ്റ കോപ്പികളല്ലാത്ത എല്ലാ ഒറ്റപ്പെട്ട രേഖകളും നശിപ്പിച്ചു. സ്വഹാബികള്‍ അതിന് സാക്ഷികളായിരുന്നു. ഖുര്‍ആനിന്റെ സംരക്ഷണത്തിനായി അദ്ദേഹം ചെയ്ത ഈ സദുദ്യമം സര്‍വ്വസമ്മതമായി അവര്‍ അംഗീകരിച്ചു (ഫത്ഹുല്‍ ബാരി).
ഖുര്‍ആനും അറബി ഭാഷയും
മാനവരാശിക്ക് മാര്‍ഗദര്‍ശനമായി അല്ലാഹു അവതരിപ്പിച്ച നാലു വേദഗ്രന്ഥങ്ങളില്‍ ഖുര്‍ആന്‍ മാത്രമാണ് അറബി ഭാഷയില്‍ അവതീര്‍ണമായിട്ടുള്ളത്. അല്ലാഹുവിന്റെ ‘കലാം’ (വചനങ്ങള്‍) ആയ ഖുര്‍ആനിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സാഹിത്യ മുഖമാണ്. അതിന് അവസരം ലഭിച്ചത് അറബി ഭാഷക്കും. ഖുര്‍ആന്‍ അവതാരണത്തിന് അറബി ഭാഷ തെരഞ്ഞെടുക്കാന്‍ അല്ലാഹു കണ്ടെത്തിയ കാരണം അജ്ഞാതമാണ്.
”നിങ്ങള്‍ ഗ്രഹിക്കുന്നതിന് വേണ്ടി അറബി ഭാഷയില്‍ വായിക്കപ്പെടുന്ന ഒരു പ്രമാണമായി നാം അവതരിപ്പിച്ചിരിക്കുന്നു” (12:2).
”അറബി ഭാഷയിലുള്ള ഒരു ഖുര്‍ആന്‍, അവര്‍ സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി” (39:28).
”വചനങ്ങള്‍ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം, മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അറബി ഭാഷയില്‍ പാരായണം ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥം’‘ (41-3).
”തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ആക്കിയിരിക്കുന്നത് നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നതിന് വേണ്ടിയാകുന്നു”(43:3).
ഭാഷാപണ്ഡിതനായ ഇബ്നു ഫാരിസ് സൂചിപ്പിച്ചത് പോലെ ‘അല്ലാഹു അവന്റെ അവസാന വേദഗ്രന്ഥം അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്ത ഭാഷ ഏറ്റവും ശ്രേഷ്ഠവും വിശാലവുമായ അറബി ഭാഷയാണ് എന്നത് അതിന്റെ പ്രാധാന്യത്തെയാണ് കാണിക്കുന്നത്.
ഖുര്‍ആനിന്റെ അമാനുഷികത
ഖുര്‍ആന്‍ മനുഷ്യനിര്‍മിതമല്ല എന്ന സത്യം പലതലങ്ങളില്‍ കണ്ടെത്താമെങ്കിലും ഭാഷാപരവും സാഹിത്യപര വുമായ അതിന്റെ അമാനുഷികത ശ്രദ്ധേയമാണ്. ഭാഷാ പണ്ഡിതന്മാര് അറബി ഭാഷയില്‍ കണ്ടെത്തുന്ന ഒരു സവിവേശഷത, ആശയങ്ങള്‍ കുറഞ്ഞ വാക്കുകളില്‍ ഹ്രസ്വമായി അവതരിപ്പിക്കാനുള്ള സൗകര്യമാണ്. അല്ലാഹുവിന്റെ സവിശേഷ നാമങ്ങളായ അര്റഹ്മാന്, അര്‍റഹീം, അസ്വമദ് തുടങ്ങിയ ചെറിയ വാക്കുകളില്‍ അടങ്ങിയിരിക്കുന്ന വിപുലമായ ആശയം അറബി ഭാഷയിലൂടെ മാത്രമേ സൂചിപ്പിക്കാന്‍ കഴിയൂ.
പ്രാചീനതയും ആധുനികതയും ഒരുപോലെ അവകാശപ്പെടാവുന്ന ഒരു സെമിറ്റിക് ഭാഷയാണ് അറബി. 22ലധികം രാഷ്ട്രങ്ങളുടെ മാതൃഭാഷയായ അറബി, കോടിക്കണക്കിന് മുസ്ലിംകളുടെ മത ഭാഷയാണ്. ഒരു വിശ്വാസി പിറന്നു വീഴുന്നത് ഈ ഭാഷ ശ്രവിച്ചു കൊണ്ടാണ്. അവന് ഈ ലോകത്തോട് വിട പറയുന്നതും ഈ അനുഗൃഹീത ഭാഷ ശ്രവിച്ചു കൊണ്ടാണ്. അറബി ഭാഷക്ക് ഈ അംഗീകരാം ലഭിച്ചത് വിശുദ്ധ ഖുര്‍ആനിന്റെ അവതരണം കൊണ്ടു മാത്രമാണ്.
അറബി ഭാഷാ സാഹിത്യം
അറബി ഭാഷാ സാഹിത്യത്തിന് ആഗോളിടിസ്ഥാനത്തില് ഉണര്‍വും പ്രചോദനവും നേടാനായതില്‍ ആ ഭാഷ ഖുര്‍ആനിനോട് കടപ്പെട്ടിരിക്കുന്നു. അറബിയെപ്പോലെ പ്രാചീനമായ പല ഭാഷകളും ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റപ്പെടുകയോ മാറ്റങ്ങള്‍ക്ക് വിധേയമായി സ്വത്വം നഷ്ടപ്പെട്ടു പോകുകയോ ചെയ്തിട്ടുണ്ട്. അറബി ശേഷ്ഠഭാഷ (Classical Language) ആയി ഇന്നും നിലനില്ക്കുന്നു. ഖുര്‍ആനിന്റെ സുരക്ഷ അല്ലാഹുവിന്റെ കരങ്ങളിലാണ് എന്നത് കൊണ്ട് തന്നെ ഭാഷയും സുരക്ഷിതാമാവുമല്ലൊ. അല്ലാഹു പ്രഖ്യാപിക്കുന്നു: ‘‘വിശുദ്ധ ഖുര്‍ആനെ അവതരിപ്പിച്ചത് നാമാണ്. നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും”.
അറബി ഭാഷയില്‍ ക്രോഡീകരിക്കപ്പെട്ട ആദ്യസാഹിത്യ കൃതി വിശുദ്ധ ഖുര്‍ആനാണ്. നൂറിലധികം വിജ്ഞാന സാഹിത്യശാഖകള്‍ ഖുര്‍ആനികാശയങ്ങള്‍ ആവിഷ്കരിക്കുന്നതിനും അതിന്റെ ഉള്ളടക്കം ലളിതമാക്കുന്നതിനും വേണ്ടി രൂപീകൃതമാവുകയുണ്ടായി. തജ്വീദ് (ഖുര്‍ആന്‍ പാരായണ നിയമം), വ്യാകരണം, ബലാഗ(സാഹിത്യ നിദാന ശാസ്ത്രം), സ്വര്‍ഫ് തുടങ്ങിയ ഭാഷാശാസ്ത്രങ്ങളും തഫ്സീര്‍, കര്‍മശാസ്ത്രം, ഹദീസ്, നിദാനശാസ്ത്രം, സാഹിത്യം, തത്ത്വചിന്ത, തസവ്വുഫ്, ചരിത്രം തുടങ്ങിയ വിജ്ഞാന ശാഖകളും ഈ ഭാഷയെ സമ്പന്നമാക്കിയിട്ടുണ്ട്. ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ അടിസ്ഥാന സ്രോതസ്സുകളിലഖിലവും അറബി ഭാഷയിലാണ് വിരചിതമായിട്ടുള്ളത്.
ഖുറൈശ്, ബനൂസഈദ് ഗോത്രങ്ങളുടെ സ്ഫുടമായ ഭാഷാശൈലിയാണ് ഖുര്‍ആനിന്റെത്. പ്രവാചകന് ജനിച്ചു വളര്‍ന്ന ഗോത്രങ്ങളാണിവ. ”അറബികളില്‍ ഏറ്റവും അക്ഷരസ്ഫുടതയോടെ സംസാരിക്കുന്നവനാണ് ഞാന്‍” നബി(സ്വ) പറഞ്ഞു. പേര്‍ഷ്യ, റോമ, എത്യോപ്യ, അബറാനി, സിറിയാനി, ഖിബ്തി എന്നീ ഭാഷകളിലുള്ള പദപ്രയോഗങ്ങള്‍ ഖുര്‍ആനില്‍ കാണാം. ജിബ്ത്, സുന്ദസ്, സന്‍ജബീല്‍, ഖിസ്ത്വാസ്, ഇസ്വതബ്റഖ് എന്നീ പദങ്ങള്‍ ഈ ഗണത്തില്‍ പെട്ടവയാണ്.
ധാരാളം സാങ്കേതിക ശബ്ദങ്ങള്‍ ഖുര്‍ആന്‍ ഭാഷക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഇസ്ലാമിന് മുമ്പുണ്ടായിരുന്ന അര്ഥകല്പനകളല്ല, പല പദങ്ങള്‍ക്കും ഖുര്‍ആന്റെ അവതരണത്തിന് ശേഷം ഉണ്ടായിരിക്കുന്നത്. ഖുര്‍ആന്റെ വിശദീകരണമായ ഹദീസ്, ഉപമകളും മഹദ്വചനങ്ങളും തത്ത്വവാക്യങ്ങള്‍ കൊണ്ടനുഗൃഹീതമാണ്.
പ്രസംഗകലയെ ഇസ്ലാം പ്രോത്സാഹിപ്പിക്കുകയും ആരാധനകളായ ജുമുഅ, പെരുന്നാള്‍ നമസ്കാരങ്ങള്‍, ഗ്രഹണ നമസ്കാരം, മഴയെ തേടുന്ന നമസ്കാരം, വിവാഹ സദസ്സുകള്‍ എന്നിവയില്‍ അതിന്റെ അനിവാര്യത ഊന്നിപ്പറയുകയും ചെയ്തു. മഹാ പണ്ഡിതന്മാരുടെ ജുമുഅ പ്രസംഗങ്ങള്‍ ക്രോഡീകരിച്ചു കൊണ്ട് അറബി ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ ഭാഷയെ സമ്പന്നമാക്കിയിട്ടുണ്ട്. പ്രവാചകന് പ്രഗത്ഭനായ വാഗ്മിയായിരുന്നു. സച്ചരിതരായ നാലു ഖലീഫമാര്‍, മുആവിയ(റ), ഹജ്ജാജ്ബ്നു യൂസുഫ്, സിയാദ് ബ്നു അബീഹി ത്വാരിഖ് ബ്നു സിയാദ് തുടങ്ങിയവര്‍ പ്രസംഗകലയില്‍ ആധിപത്യം നേടിയവരായിരുന്നു.
ജാഹിലിയ്യാ കാലത്ത് പ്രചുരപ്രചാരം നേടിയിരുന്ന കവിത നിബന്ധനകള്‍ക്ക് വിധേയമായി ഇസ്ലാം അംഗീകരിക്കുകയും കവികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും അത് കാരണമാവുകയും ചെയ്തു.
അറബി ഒരു ലോക ഭാഷ
ആഗോളതലത്തില്‍ അറബി ഭാഷയുടെ അനന്തസാധ്യതകള്‍ ഇന്ന് ഏവര്‍ക്കും ബോധ്യപ്പെട്ടതാണ്. 1973 ഡിസംബര്‍ 18ന് ഐക്യരാഷ്ട്രസഭ ഔദ്യോഗിക ഭാഷയായി അറബിയെ അംഗീകരിച്ചു. മാത്രവുമല്ല, യു.എന്‍.ഒ അന്താരാഷ്ട്ര ഭാഷാദിനമായി ആചരിക്കാന്‍ തിരഞ്ഞെടുത്ത ആറു ഭാഷകളില്‍ ഒന്നാണ് അറബി. എല്ലാവര്‍ഷവും ഡിസംബര്‍ 18 അന്താരാഷ്ട്ര അറബി ഭാഷാദിനമായി ആചരിച്ചു വരുന്നുണ്ട്. 22 രാഷ്ട്രങ്ങളിലായി 280 മില്യന്‍ ജനങ്ങള്‍ സംസാരിക്കുകയും 500 മില്യന്‍ ജനങ്ങള്‍ എഴുതുകയും വായിക്കുകയും ചെയ്യുന്ന അറബി ഭാഷ, ഐടി യുഗത്തിന്റെ അനന്തസാധ്യതകള്‍ നിറവേറ്റാന്‍ മതിയായ ഭാഷയെന്നറിയുന്നതില് അത്ഭുതമില്ല. ലോക വേദികളില്‍ ഒരു ജീവല്‍ഭാഷയായി പരിലസിക്കാന്‍ അറബി ഭാഷയ്ക്ക് സാഹചര്യമൊരുക്കിയത് വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്, തീര്‍ച്ച.
References- ഫത്ഹുല്‍ ബാരി, അഹ്മദ് ബ്നു അലിയ്യിബ്നി ഹജര്‍ അബുല്‍ ഫദ്ല് അല്‍ അസ്ഖലാനി, ദാറുല്‍ മഅ്രിഫ, ബൈറൂത്ത്, വാള്യം 09, പേജ്: 22[↩]
- ഫത്ഹുല്‍ ബാരി, അഹ്മദ് ബ്നു അലിയ്യിബ്നി ഹജര്‍ അബുല്‍ ഫദ്ല് അല്‍ അസ്ഖലാനി, ദാറുല്‍ മഅ്രിഫ, ബൈറൂത്ത്, വാള്യം 09, പേജ്: 46[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 183, ഹദീസ് 4986[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 183, ഹദീസ് 4987[↩]
