ഈജിപ്തിലെ മംലൂക് ഭരണകൂടം
അയ്യൂബി ഭരണത്തിന്റെ തുടര്‍ച്ചയായി ഈജിപ്തില്‍ അധികാരത്തിലെത്തിയ മംലൂക്കുകള്‍ ശക്തമായ സൈനിക അടിസ്ഥാനത്തില്‍ രൂപപ്പെട്ട ഭരണകൂടമായിരുന്നു ഈജിപ്തിലെ മംലൂക് ഭരണകൂടം. ക്രൂസേഡര്‍മാരെയും മംഗോളുകളെയും നേരിട്ട പ്രതിരോധത്തിലൂടെയും ഭരണകൂട സംവിധാനങ്ങളിലൂടെയും ഇസ്‌ലാമിക ലോകത്തിന്റെ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം നേടി. സുല്‍ത്താന്‍മാരുടെ ഭരണരീതികളും സൈനികസംഘടനയും ഈ ഭരണകൂടത്തെ പ്രത്യേകം ശ്രദ്ധേയമാക്കുന്നു.
അയ്യൂബി സുല്‍ത്താന്മാരുടെ ഭരണകാലത്തിന് ശേഷം അവരുടെതന്നെ കീഴിലുണ്ടായിരുന്ന അടിമകള്‍ (മംലൂക്) സ്ഥാപിച്ച ഭരണകൂടമാണ് അടിമരാജവംശം അഥവാ മംലൂക് ഭരണകൂടം(ക്രി.1250-1517). ലോകചരിത്രത്തിലെ അത്ഭുതമായ ഈ ഭരണകൂടം മനുഷ്യര്‍ക്കിടയിലുള്ള വംശീയവും ജാതീയവുമായ വിഭാഗീയതകളോടും അസ്പൃശ്യയോടും ഇസ്‌ലാം പുലര്‍ത്തിയ കണിശമായ വിരോധത്തിന്റെ നിദര്‍ശനം കൂടിയാണ്. അടിമകള്‍ക്ക് ഭരണാധികാരികളാകാന്‍ ഇസ്‌ലാമിക ലോകത്തല്ലാതെ എവിടെയാണ് സാധിക്കുക, ഇന്നും!
ഈജിപ്തിലെ കൈറോ തലസ്ഥാനമാക്കി ക്രി.1250(ഹി.647)ലാണ് ഈ സാമ്രാജ്യം സ്ഥാപിതമാകുന്നത്. ബഹ്‌രീ മംലൂക് (നദീതട അടിമകള്‍), ബുര്‍ജി മംലൂക് (കോട്ടകളിലെ അടിമകള്‍) എന്നീ വിഭാഗങ്ങള്‍ രണ്ടര നൂറ്റാണ്ടുകാലമാണ് ഈജിപ്തിന്റെയും സിറിയയുടെയും ഭരണചക്രം തിരിച്ചത്.
അയ്യൂബി ഭരണകൂടത്തിലെ അവസാന സുല്‍ത്താനായിരുന്ന തുറാന്‍ഷയുടെ നിര്യാണത്തെ തുടര്‍ന്ന് (ക്രി.1250) അദ്ദേഹത്തിന്റെ മുന്‍ഗാമിയായ മലിക് സ്വാലിഹിന്റെ വിധവ ശജറത്തുദുര്‍റ് അധികാരമേറ്റു. മൂന്നുമാസം മാത്രമേ ഇവര്‍ക്ക് ഭരിക്കാനായുള്ളൂ. ഇവരില്‍ നിന്നാണ് തുര്‍ക്കി വംശജനും അയ്യൂബികളുടെ അടിമയുമായ ഇസ്സുദ്ദീന്‍ ഐബക് അധികാരം പിടിക്കുന്നത് ക്രി. വ. 1250ല്‍ (ഹി. 647). ഇതോടെ ഈജിപ്തില്‍ അടിമവംശ സാമ്രാജ്യത്തിന് അസ്തിവാരമായി.
സുല്‍ത്താന്‍ സ്വാലിഹിന്റെ സൈന്യാധിപനായും സാമ്പത്തിക കൈകാര്യകര്‍ത്താവായും സേവനം ചെയ്ത ഇസ്സുദ്ദീന്‍ ഐബക് ശജറത്തുദുര്‍റിന്റെ കീഴില്‍ സൈനിക കമാന്ററായും ഇരുന്നു. പിന്നീട് ശജറത്തുദുര്‍റിനെ ഭാര്യയായി സ്വീകരിക്കുകയും അവരുടെ അനുവാദത്തോടെതന്നെ മലിക്കുല്‍ മുഇസ്സ് എന്ന പദവി സ്വീകരിച്ച് അധികാരമേല്‍ ക്കുകയുമായിരുന്നു.
ഏഴുവര്‍ഷം ഈജിപ്ത് ഭരിച്ച ഇദ്ദേഹം ക്രി. വ. 1257ല്‍ (ഹി. 655) നിര്യാതനായി.
ഐബക്കിന്റെ പിന്‍ഗാമികളായി 25 സുല്‍ത്താന്മാര്‍ ബഹ്‌രിമംലൂക്കില്‍ മാത്രം രാജ്യം ഭരിച്ചു, 132 വര്‍ഷത്തിനിടെയാണിത്.
പിതാവിനെ തുടര്‍ന്ന് പുത്രന്മാര്‍ എന്ന പാരമ്പര്യ വാഴ്ച്ചക്കു പകരം കൈയൂക്കുള്ളവന്‍ അധികാരം പിടിക്കുന്ന പ്രവണതയാണ് അടിമവംശത്തില്‍ കണ്ടത്. അതുകൊണ്ടാണ് ചുരുങ്ങിയകാലത്തിനുള്ളില്‍ കൂടുതല്‍ പേര്‍ അധികാരം വാണത്.
മലിക് ദ്വാഹിര്‍ ബൈബറാസ്
ഇസ്സുദ്ദീന്‍ ഐബക്കിന് പകരം നൂറുദ്ദീന്‍ അലി (ക്രി. 1257-59), സൈഫുദ്ദീന്‍ ഖുത്‌സ് (ക്രി. 1259-1260) എന്നിവര്‍ ഭരണമേറ്റെടുത്തു. ഇവര്‍ക്കുശേഷം അധികാരത്തില്‍ വന്ന മലിക് ദ്വാഹിര്‍ ബൈബറാസാണ് (ക്രി. 1260-1277) അടിമവംശത്തിലെ പേരെടുത്ത സുല്‍ത്താനായത്.
ഏഴാം കുരിശു യുദ്ധത്തില്‍ ഫ്രഞ്ച് ചക്രവര്‍ത്തി ലൂയിസ് ഒമ്പതാമനെ തറ പറ്റിച്ച ഈജിപ്ത് സൈന്യത്തിന്റെ കമാന്ററും 1260ല്‍ സുപ്രസിദ്ധമായ ഐന്‍ ജാലൂത്ത് യുദ്ധത്തില്‍ മംഗോള്‍ പടയെ തുരത്തിയോടിച്ച ഈജിപ്ത് സൈന്യത്തിന്റെ നായകനും ഈ വീരയോദ്ധാവായിരുന്നു. അതിനാല്‍ ‘അബുല്‍ ഫുതൂഹാത്ത്’ (വിജയങ്ങളുടെ പിതാവ്) എന്ന പേരിലാണ് ബൈബറസ് അറിയപ്പെടുന്നത്.
സൈഫുദ്ദീന്‍ ഖുസ്ത് സുല്‍ത്താനായിരിക്കെയാണ് ഹുലാഗുഖാന്റെ സര്‍വസംഹാരിയായ മംഗോള്‍ സൈന്യംജൈത്രയാത്ര തുടങ്ങിയത്. ബഗ്ദാദിനെയും ഇറാനെയും തുര്‍ക്കിസ്ഥാനെയും തകര്‍ത്ത് തരിപ്പണമാക്കിയ ഹുലാഗുഖാന്‍ കെയ്‌റോ ലക്ഷ്യമാക്കി കുതിച്ചു. എന്നാല്‍ ബൈബറസിന്റെ അപ്രതിരോധ്യമായ ഈജിപ്ഷ്യന്‍ പടക്കുമുന്നില്‍ മംഗോളിയര്‍ ഛിന്നഭിന്നമായി. അവരില്‍ നിന്ന് ഏഷ്യാ മൈനറിന്റെ മധ്യഭാഗം വരെയുള്ള പ്രദേശങ്ങള്‍ പിടിക്കുകയും ചെയ്തു ബൈബറസ്. സിറിയന്‍ തീരങ്ങളില്‍ നിന്ന് യൂറോപ്യന്‍ ശക്തികളെയും അദ്ദേഹം നാടുകടത്തി. ഇതോടെ ഈജിപ്തും സിറിയയും ഒരു കുടക്കീഴില്‍വന്നു.
മംഗോള്‍ ആക്രമണത്തില്‍ മുറിഞ്ഞ അബ്ബാസി ഖിലാഫത്ത് കെയ്‌റോ ആസ്ഥാനമാക്കി ബൈബറസ് പുന:സ്ഥാപിച്ചു. അബുല്‍ഖാസിം അഹ്‌മദിനെ ഖലീഫയുമാക്കി. എന്നാല്‍ അധികാരം ബൈബറസിനു തന്നെയായിരുന്നു.
കഅ്ബയുടെ ഖില്ല ഈജിപ്തില്‍ നിന്നാക്കിയതും ഈജിപ്തില്‍ നാലു മദ്ഹബുകള്‍ക്കും അധികാരം നല്‍കിയതും മദ്യം നിരോധിച്ചതും നീതിയും നിയമവും കര്‍ശനമാക്കി നടപ്പാക്കിയതും ബൈബറസിനെ ജനകീയനാക്കി.
ഈജിപ്തിന്റെ ഈ വീരനായകന്‍ 17 കൊല്ലം രാജ്യം ഭരിച്ചു. ക്രി. 1277 (ഹി. 676) നിര്യാതനായി.
മന്‍സൂര്‍ സൈഫുദ്ദീന്‍ ഖലാവൂന്‍
ബൈബറസിനു ശേഷം അദ്ദേഹത്തിന്റെ മക്കളായ മുഹമ്മദ് സഈദ് നൂറുദ്ദീനും (ക്രി. 1277-79) സലാമുഷ്ബിന്‍ ബൈബറസും (1279) അധികാരമേറ്റെങ്കിലും അവരുടെ പ്രായക്കുറവ് മറ്റുള്ളവര്‍ മുതലെടുത്തു. അതോടെ അവര്‍ സ്ഥാനഭ്രഷ്ടരാക്കപ്പെട്ടു.
ഇവര്‍ക്കു പിന്നാലെ അധികാരമേറ്റത് മലിക് അല്‍ മന്‍സൂര്‍ സൈഫുദ്ദീന്‍ ഖലാവൂനാണ് (ക്രി. 1279-1290) അടിമവംശ സാമ്രാജ്യത്തിലെ മികച്ച പ്രതിഭകളിലൊരാള്‍. അയ്യൂബി സുല്‍ത്താന്‍ സ്വാലിഹ് റഷ്യയില്‍ നിന്ന് ആയിരം ദിര്‍ഹം നല്‍കി സ്വന്തമാക്കിയതാണ് മന്‍സൂറിനെ. സ്വപ്രയത്‌നം കൊണ്ട് സാമ്രാജ്യത്തിന്റെ തലപ്പെത്തെത്തിയ മന്‍സൂര്‍ ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥയുടെ പ്രതികളിലൊന്നാണ്.
തന്റെ ഏഴു വയസ്സുകാരനായ ശിഷ്യന്‍ സലാമിഷില്‍ നിന്ന് ക്രി. 1279ല്‍ അധികാരം പിടിച്ച മന്‍സൂറിനു മുന്നില്‍ പ്രതിസന്ധികളേറെയുണ്ടായിരുന്നു. മുന്‍ ജനറലായിരുന്ന സുന്‍ക്രര്‍ സിറിയ കേന്ദ്രമാക്കി അഴിച്ചു വിട്ട കലാപം അടിച്ചമര്‍ത്തി. 1280ല്‍ ഈജിപ്തും ഖുദുസും പിടിക്കാന്‍ മനു തൈമൂറിന്റെ നായകത്വത്തില്‍ താര്‍ത്താരികള്‍ സിറിയയിലെത്തി. വിവിധ ദേശക്കാരായ ക്രൈസ്തവരടങ്ങുന്ന ഈ മംഗോള്‍-താര്‍ത്താര്‍ സേനയെ ഹിംസില്‍ വെച്ച് മന്‍സൂര്‍ നേരിട്ടു. താര്‍ത്താരികള്‍ പരാജയപ്പെടുകയും ചെയ്തു.
വിജയത്തില്‍ മതിമറന്ന മുസ്‌ലിംകള്‍ ക്രൈസ്തവരെ നിര്‍ബന്ധിച്ച് മതം മാറ്റി. നിരവധി പേര്‍ ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ മുസ്‌ലിം പണ്ഡിതര്‍ രംഗത്തുവരികയും നിര്‍ബന്ധിത മാറ്റം ശരീഅത്തു വിരുദ്ധമാണെന്നും പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് മതം മാറിയ ക്രൈസ്തവര്‍ പൂര്‍വ മതത്തിലേക്കു തന്നെ തിരിച്ചു പോയി.
പിന്നീട്, ഇതേ ക്രൈസ്തവര്‍ (താര്‍ത്താരികള്‍) കൂട്ടമായി ഇസ്‌ലാമിനെ പുല്‍കിയതിന് ചരിത്രം സാക്ഷിയുമായി.
സിറിയയില്‍ നിന്ന് അധിനിവേശക്കാരെ അപ്പാടെ തുരത്തി. ലതാക്കിയ, ട്രിപ്പോളി, മര്‍ക്കബ് എന്നീ പ്രദേശങ്ങളെല്ലാം ജയിച്ചടക്കി.
വ്യാപാര, ആരോഗ്യ മേഖലകളില്‍ വന്‍ പുരോഗതിയുണ്ടായ കാലമാണ് മന്‍സൂറിന്റേത്. ശ്രീലങ്കയുമായി അദ്ദേഹം കച്ചവടബന്ധമുണ്ടാക്കി. കെയ്‌റോവിലെ മന്‍സൂരിയ ആശുപത്രിയും മെഡിക്കല്‍ കോളേജും അദ്ദേഹം സ്ഥാപിച്ചതാണ്.
പത്തു വര്‍ഷത്തെ ഭരണത്തിനൊടുവില്‍ ക്രി. 1290ല്‍ (ഹി. 689) അദ്ദേഹം ചരമമടഞ്ഞു.
മലിക് അശ്‌റഫ് ഖലീല്‍
അശ്‌റഫ് സ്വലാഹുദ്ദീന്‍ ഖലീലുബ്‌നു ഖലാവൂന്‍ മാലിക് അല്‍ മന്‍സൂറിന്റെ മകനാണ്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് ക്രി. 1290ല്‍ സുല്‍ത്താനായി.
കുരിശുയോദ്ധാക്കളില്‍ നിന്നും അക്കാ നഗരം പിടിക്കാനുള്ള യത്‌നത്തിനിടെയായിരുന്നു പിതാവ് മന്‍സൂറിന്റെ മരണം. ആ യത്‌നം പൂര്‍ത്തിയാക്കുകയും അക്കാ നഗരം സാമ്രാജ്യത്തോട് ചേര്‍ക്കുകയും ചെയ്താണ് അശ്‌റഫ് ഭരണംതുടങ്ങിയത്.
മുസ്‌ലിം രാജ്യങ്ങളിലേക്കുള്ള റോമന്‍ ആക്രമണ കേന്ദ്രമായിരുന്നു ബൈസന്ത്യന്‍ അതിര്‍ത്തിയിലെ കോട്ട. അതും അധീനപ്പെടുത്തി അദ്ദേഹം.
മുസ്‌ലിം ഖിലാഫത്തിനെ തരിപ്പണമാക്കി ബഗ്ദാദ് വാഴുന്ന മംഗോളിയരെ തുരത്താനും അശ്‌റഫി സൈനിക സന്നാഹം നടത്തി. എന്നാല്‍ അതാരംഭിക്കും മുമ്പ് ക്രി. 1293ല്‍ (ഹി. 693) അദ്ദേഹം വധിക്കപ്പെട്ടു.
മൂന്നുവര്‍ഷം മാത്രമാണ് ഭരിച്ചതെങ്കിലും മുസ്‌ലിം പ്രദേശങ്ങളില്‍ നിന്ന് യൂറോപ്യന്‍ ശക്തികളെ തുടച്ചു നീക്കാന്‍ അശ്‌റഫ് ഖലീലിന് കഴിഞ്ഞു.
മലിക് നാസിര്‍ മുഹമ്മദ്
മന്‍സൂര്‍ ഖലാവൂന്റെ മകനും അശ്‌റഫ് ഖലീലിന്റെ സഹോദരനും. നാസിറുദ്ദീന്‍ മുഹമ്മദുബ്‌നു ഖലാവൂന്‍ യഥാര്‍ഥ നാമം. അബുല്‍ മആലി പദവി നാമം. മൂന്നു തവണകളിലായി അഞ്ചു പതിറ്റാണ്ട് അടിമ സാമ്രാജ്യത്തെ നയിക്കാന്‍ കഴിഞ്ഞു നാസിര്‍ മുഹമ്മദിന്. (1). 1293-94, (2). 1298-1308, (3). 1310-1341.
അശ്‌റഫ് ഖലീലിന്റെ വധത്തിന് ശേഷം ക്രി. 1293ല്‍ അധികാരത്തില്‍ വന്ന നാസിറിനെ മംലൂക്കീ പ്രമാണിമാര്‍ പുറത്താക്കി ആദില്‍ കത്ബുഗായെ അധികാരത്തിലേറ്റി. രണ്ടു വര്‍ഷം കഴിഞ്ഞില്ല കത്ബുഗ അധികാര ഭ്രഷ്ടനാവുകയും കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് മന്‍സൂര്‍ ലായീനാണ് പദവിയേറ്റത്.
ലായീന്‍ പ്രാപ്തനായ ഭരണാധികാരിയായിരുന്നു. നികുതിയിളവ്, രാഷ്ട്രീയ തടവുകാരെ വിട്ടയക്കല്‍, ഉദാരത, മതനിയമങ്ങളിലെ കര്‍ശന സ്വഭാവം എന്നിവ ലായീനെ ജന സമ്മതനാക്കി. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട നാസിര്‍ മുഹമ്മദിന് അര്‍ഹമായ സ്ഥാനവും നല്‍കി. എന്നാല്‍ ക്രി. 1298ല്‍ അദ്ദേഹവും വധിക്കപ്പെട്ടു.
മലിക് നാസിര്‍ മുഹമ്മദ് രണ്ടാമതും അധികാരത്തിലെത്തി, 1309ല്‍. എന്നാല്‍ ബൈബറസ് രണ്ടാമന്‍ നാസിറിനെ പുറത്താക്കി കിരീടം കയ്യിലാക്കി. പക്ഷേ ജനങ്ങള്‍ കലാപമുണ്ടാക്കിയപ്പോള്‍ ബൈബറസ് രണ്ടാമന് പിടിച്ചു നില്‍ക്കാനായില്ല. അടുത്ത വര്‍ഷം (ക്രി. 1310) തന്നെ സ്ഥാനമൊഴിഞ്ഞു. മലിക് നാസിര്‍ മുഹമ്മദ് മൂന്നാമതും സുല്‍ത്താനായി. അങ്ങനെ ഏറ്റവും കൂടുതല്‍ കാലവും തവണയും രാജ്യം ഭരിച്ച മംലൂക് സുല്‍ത്താനായി മാറി ഇദ്ദേഹം.
1299 നാസിറില്‍ നിന്നും താര്‍ത്താരികള്‍ ഹിംസ് പിടിച്ചിരുന്നു. എന്നാല്‍ പടയൊരുക്കം നടത്തിയ നാസിര്‍ 1303ല്‍ അത് തിരിച്ചു പിടിക്കുകയും താര്‍ത്താരികളെ തുരത്തുകയും ചെയ്തു. അന്നു പക്ഷേ താര്‍ത്താരികള്‍ മുസ്‌ലിംകളായിരുന്നു.
ഫ്രഞ്ച് രാജാവ്, പോപ്പ്, ഇന്ത്യയിലെ തുഗ്ലക്ക് ഭരണാധികാരികള്‍ എന്നിവരുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച നാസിറിന്റെ കാലത്ത് വിദേശ വാണിജ്യം പുഷ്‌ക്കലമായി. വാസ്തു വിദ്യയില്‍ തല്പ്പരനായിരുന്നു മാലിക്. കൈഗോ, അലപ്പോ, ദമസ്‌കസ് എന്നീ നഗരങ്ങള്‍ പകിട്ടാര്‍ന്ന മസ്ജിദുകളാലും കെട്ടിടങ്ങളാലും മനോഹാരിതയില്‍ കുളിച്ചതും ഇക്കാലത്താണ്. 1341ല്‍ (ഹി. 741) നാസിര്‍ അന്തരിച്ചു.
ബഹ്‌രി അടിമകളിലെ സുല്‍ത്താന്മാര്‍
മലിക് നാസിര്‍ മുഹമ്മദിന്റെ നിര്യാണാനന്തരം 41 വര്‍ഷം കൂടി ബഹ്‌രി മംലൂക് ആധിപത്യം ഈജിപ്തില്‍ നിലനിന്നു. എന്നാല്‍ സുല്‍ത്താന്മാരുടെ അധികാരാരോഹണവും അവരോഹണവും കൊണ്ട് നിറഞ്ഞതായിരുന്നു ഈ നാലുദശകം. പതിമൂന്നു പേരാണ് ഈ കാലയളവില്‍ കിരീടം ചൂടിയത്. ഇതില്‍ 14 വര്‍ഷവും അശ്‌റഫ് ശഅ്ബാന്‍ എന്ന സുല്‍ത്താനാണ് ഭരിച്ചത് (ക്രി. 1363-1376).
മലിക് സ്വാലിഹ് ഇസ്മാഈല്‍ മൂന്നുവര്‍ഷം (ക്രി. 1342-1345), നാസിര്‍ ഹസന്‍ മുഹമ്മദ് രണ്ടു തവണയായി 11 വര്‍ഷം (ക്രി. 1347-1351, 1354-1361), സ്വാലിഹ് സ്വലാഹുദ്ദീന്‍ മുഹമ്മദ് 3 വര്‍ഷം (ക്രി. 1351-1354), മന്‍സൂര്‍ മുഹമ്മദ് 2 വര്‍ഷം (ക്രി. 1361-1363), മന്‍സൂര്‍ അലി ബിന്‍ ശഅ്ബാന്‍ 5 വര്‍ഷം (ക്രി. 1376-1381), മറ്റ് ആറ് പേര്‍ ഓരോ വര്‍ഷവും എന്നിങ്ങനെയാണ് ഭരണകാലം.
അവസാനത്തെ ബഹ്‌രി സുല്‍ത്താന്‍ സ്വാലിഹ് ബിന്‍ ശഅ്ബാനെ മറിച്ചിട്ടാണ് ക്രി.വ. 1382ല്‍ (ഹി. 784) സാഹിര്‍ ബര്‍ഖൂസ് ബുര്‍ജി മംലൂക് ആധിപത്യത്തിന് അടിത്തറ പണിതത്.
