സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ (1926)
സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ മത–സാമൂഹിക നവോത്ഥാനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച പ്രമുഖ പണ്ഡിത സംഘടനയാണ്. ഇസ്ലാമിക വിജ്ഞാനം, വിശ്വാസസംരക്ഷണം, വിദ്യാഭ്യാസം, ആത്മീയത, സാമൂഹ്യ സേവനം എന്നീ മേഖലകളില്‍ സമസ്ത ശക്തമായ ഇടപെടലുകള്‍ നടത്തിവരുന്നു. അഹ്ലുസ്സുന്ന വല്‍ ജമാഅത്ത് ആശയധാരയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സമസ്ത, മദ്രസാ വിദ്യാഭ്യാസം, ദഅ്വാ പ്രവര്‍ത്തനങ്ങള്‍, മതപഠന സ്ഥാപനങ്ങള്‍, സമൂഹ ബോധവത്കരണം തുടങ്ങിയവയിലൂടെ തലമുറകളെ സദ്മാര്ഗത്തിലേക്ക് നയിക്കുന്നു. കേരളത്തിനകത്തും പുറത്തും വ്യാപിച്ചിരിക്കുന്ന സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ മുസ്ലിം സമൂഹത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനും ഏറെ സഹായങ്ങള്‍ നല്കി വരുന്നു.
1926 ജൂണ്‍ 26ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വിളിച്ചു ചേര്‍ത്ത ഒരു സമ്മേളനത്തില്‍ വച്ചാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകൃതമായത്. സയ്യിദ് ശിഹാബുദ്ദീന് ചെറുകുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം വരക്കല്‍ ബാഅലവി മുല്ലക്കോയ തങ്ങളെ പ്രസിഡണ്ടും പി വി മുഹമ്മദ് മുസ്ലിയാരെ സെക്രട്ടറിയുമായി തെരഞ്ഞെടുത്തു.
1924ല്‍ രൂപീകൃതമായ കേരളത്തിലെ ആദ്യ പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുല്‍ ഉലമ (കെ.ജെ.യു)യില്‍ ഉണ്ടായിരുന്ന ചില പണ്ഡിതന്മാരാണ് ‘സമസ്ത’ രൂപീകരിച്ചത്. വിശുദ്ധ ഖുര്‍ആനും പ്രാമാണികമായ ഹദീസുകളും മാത്രമേ ഇസ്ലാമിലെ പ്രമാണമായി സ്വീകരിക്കാവൂ എന്ന കെ.ജെ.യു നിലപാടില്‍ അഭിപ്രായ വിത്യാസം പ്രകടിപ്പിച്ചു കൊണ്ടാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മാറി നിന്നത്.
1934ല്‍ നവംബര്‍ മുതലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രവര്‍ത്തന രംഗത്ത് സജീവമായത്.
സമസ്ത: ലക്ഷ്യം, ആദര്‍ശം
അഹ്ലുസ്സുന്നത്തി വല്‍ ജമാഅയുടെ ആശയാദര്ശങ്ങള്ക്ക് സ്ഥാനം നല്കി അശ്അരീ സരണിയും ശാഫിഈ മദ്ഹബും പിന്തുടരുന്ന സംഘമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ആരംഭകാലത്ത് സമസ്ത മുന്നോട്ടുവെച്ച ലക്ഷ്യങ്ങള്‍ അഞ്ചെണ്ണമാണ്.
1) അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ യഥാര്‍ഥ ആശയാദര്‍ശങ്ങള്‍ക്കനുസരിച്ച് ഇസ്ലാമിക വിശ്വാസങ്ങളെയും ആചാരനുഷ്ഠാനങ്ങളെയും പ്രബോധനം ചെയ്യുക.
2) അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രചാരണത്തെ നിയമാനുസൃതം ചെറുക്കുക.
3) മുസ്ലിം സമുദായത്തിന്റെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുക.
4) മതവിദ്യാഭ്യാസത്തിന്ന് ഊന്നല്‍ നല്‍കുക. മതവിശ്വാസത്തോട് കൈകോര്‍ക്കുന്ന മതേതര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക.
5) അന്ധവിശ്വാസങ്ങള്‍, അരാജകത്വം, അധാര്‍മികത, അനൈക്യം എന്നിവ തുടച്ചുനീക്കി മൊത്തത്തില്‍ മുസ്ലിം സമുദായത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക.
സമസ്ത പിളര്‍പ്പിനുശേഷം 2002ല്‍ പ്ലാറ്റിനം ജൂബിലിയും 2016 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ വെച്ച് 90ാം വാര്‍ഷിക മഹാസമ്മേളനവും നടത്തി.
സമസ്തയിലെ പിളര്‍പ്പുകള്‍
1926ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകൃതമായി. അതിനു ശേഷം വിവിധ ഘട്ടങ്ങളിലായി പിളര്‍പ്പുകള്‍ നേരിടേണ്ടി വന്നു, സമസ്തയ്ക്ക്.
1953ല്‍ സമസ്ത ഫത്വ ബോര്‍ഡ് വഹ്ഹാബി-മൗദൂദികളോട് സലാം പറയാന്‍ പാടില്ല എന്ന് ഫത്വ നല്‍കിയിരുന്നു. ഇത് മദ്റസാ പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പില്കാലത്ത് ഇ കെ അബൂബക്കര്‍ മുസ്ലിയാര് സെക്രട്ടറിയായിരിക്കെ ഇതില്‍ മാറ്റം വരുത്തി. ഇതില്‍ മുശാവറയിലെ എ പി അബൂബക്കര്‍ മുസ്ലിയാര് ഉള്‍പ്പെടെ ചിലര്‍ക്ക് എതിര്‍പ്പുണ്ടായി. 1985ല്‍ ശാബാനു ബീഗം കേസ്സ് ഉയര്‍ന്നു വരികയും, ശരീഅത്ത് വിവാദം ചൂടുപിടിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍, കേരളത്തില്‍ മുസ്ലിം സംഘടനകള്‍ യോജിച്ചു. ഇതിന് സമസ്ത പിന്തുണ നല്‍കുകയും നേതൃത്വം വഹിക്കുകയും ചെയ്തു. ഇതിനോടു വിയോജിച്ചുകൊണ്ട് 1989ല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ പരസ്യമായി രംഗത്തു വന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെയും ചിലരെയും പുറത്താക്കി. ഇതാണ് വലിയ പിളര്‍പ്പ്. കാന്തപുരം പിന്നീട് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുണ്ടാക്കി.
ഇതിന്ന് മുമ്പ് 1960കളില്‍ സമസ്ത, തബ്ലീഗ് ജമാഅത്തിനെതിരെ നിലപാടെടുത്തു. പ്രസ്തുത തബ്ലീഗിന് വഹ്ഹാബി ആദര്‍ശത്തോട് മമതയാണെന്ന് സമസ്തക്ക് അഭിപ്രായമുണ്ടായിരുന്നു. നിലപാടില്‍ പ്രതിഷേധിച്ച് പുറത്തുപോയ പണ്ഡിതര്‍ ചേര്‍ന്ന് അഖില കേരള ജംഇയ്യത്തുല്‍ ഉലമയുണ്ടാക്കി.
പള്ളിയിലെ പ്രാര്‍ഥനകള്‍ക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മതവിരുദ്ധമാണെന്ന അഭിപ്രായവുമായി പ്രമുഖ പണ്ഡിതനായ സദഖത്തുല്ല മൗലവി രംഗത്തു വന്നു. സമസ്ത ഇത് അംഗീകരിച്ചില്ല. മൗലവിയും ചിലരും പുറത്തുപോയി കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമയുണ്ടാക്കി.
സമസ്ത: ഘടനയും ഘടകങ്ങളും
ശൂറാ (കൂടിയാലോചനാസമിതി), കേന്ദ്ര മുശാവറ (ഫത്വാ കമ്മിറ്റി) എന്നിവയാണ് സമസ്തയുടെ പരമോന്നത സമിതികള്‍. 1989ലെ പിളര്‍പ്പിന്റെ വേളയില്‍ കണ്ണിയത്ത് അഹ്മദ് മുസ്ലിയാര് പ്രസിഡണ്ട്, ഇ കെ അബൂബക്കര്‍ മുസ്ലിയാര് ജനറല്‍ സെക്രട്ടറിയുമായിരുന്നു. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള മലബാര്‍ ജില്ലകളിലാണ് സമസ്തക്ക് കൂടുതല്‍ ജനസ്വാധീനമുള്ളത്. ആയിരക്കണക്കിന് പള്ളികള്‍ക്ക് കീഴില്‍ വരുന്ന മഹല്ലുകളും പതിനായിരത്തോളം മദ്റസകളുമാണ് സമസ്തയുടെ എക്കാലത്തെയും ഊര്‍ജം. കോഴിക്കോട് സമസ്ത കാര്യാലയവും ചേളാരിയിലെ സമസ്താലയവുമാണ് ഓഫീസുകള്‍.
1951ല്‍ രൂപീകൃതമായ സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡാണ് സമസ്തയുടെ ഏറ്റവും വലിയ പോഷക ഘടകം. 10 ലക്ഷത്തോളം വിദ്യാര്‍ഥികളും ഒരു ലക്ഷം അധ്യാപകരും ഇതിന് കീഴില്‍ വരും. യുവജന വിഭാഗമായ സുന്നി യുവജന സംഘം, വിദ്യാര്‍ഥി വിഭാഗമായ എസ് കെ എസ് എസ് എഫ് (1989), സുന്നി ബാലവേദി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, മുസ്ലിം എംപ്ലോയിസ് അസോസിയേഷന്, സുന്നി മഹല്ല് ഫെഡറേഷന്, മാനേജ്മെന്റ് അസോസിയേഷന് തുടങ്ങിയവയും പോഷക ഘടകങ്ങളാണ്.
സുപ്രഭാതം ദിനപത്രം, സത്യധാര ദ്വൈവാരിക, സുന്നി അഫ്കാര്‍, കുരുന്നുകള്‍, സന്തുഷ്ട കുടുംബം എന്നിവയടക്കം പത്തിലധികം ആനുകാലികങ്ങള്‍ സംഘടന പുറത്തിറക്കുന്നു. പട്ടിക്കാട് എഞ്ചിനീയറിംഗ് കോളേജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ, നന്തി ദാറുസ്സലാം എന്നിവയടക്കം നിരവധി സ്ഥാപനങ്ങള്‍ സമസ്തയുടെ നിയന്ത്രണത്തിലുണ്ട്. സ്വന്തമായി പ്രസിദ്ധീകരണശാലയുണ്ട്. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വ്വകലാശാലയാണ് സുപ്രധാനമായ മറ്റൊരു സ്ഥാപനം. 1986ല്‍ ചെറിയ നിലയില്‍ തുടങ്ങി 2009ല്‍ യൂണിവേഴ്സിറ്റിയായി ചെമ്മാട് ദാറുല്‍ ഹുദാ മാറി. സ്വതന്ത്രമായി ടി വി ചാനലും സ്വന്തമായി ദിനപത്രവും ഇന്ന് സമസ്തയ്ക്കുണ്ട്.
