അനുവദനീയമായ കച്ചവടങ്ങള്‍
അനുവദനീയമായ കച്ചവടങ്ങള്‍ ഏതൊക്കെയാണ്? പങ്കുകച്ചവടം, മതിപ്പുകച്ചവടം, മുന്‍കൂര്‍ (സലം) കച്ചവടം, അച്ചാരക്കച്ചവടം, കടക്കച്ചവടം, ഓര്‍ഡര്‍ കച്ചവടം, ഇളവു കച്ചവടം തുടങ്ങിയ വ്യാപാരരൂപങ്ങള്‍ ഇസ്‌ലാമില്‍ എങ്ങനെ വിലയിരുത്തപ്പെടുന്നു? കച്ചവടത്തിലെ അനിവാര്യമായ കാര്യങ്ങള്‍, ക്രയവിക്രയത്തില്‍ സാക്ഷിയും രേഖയും നിര്‍ബന്ധമാണോ, അളവിലെ മുന്‍തൂക്കം, വിട്ടുവീഴ്ച, നഷ്ടം വകവെച്ചുകൊടുക്കല്‍, ശുഫ്അ (പങ്കാളിയുടെ അവകാശം) എന്നിവയ്ക്ക് ഇസ്‌ലാമിക നിയമങ്ങളില്‍ എന്താണ് സ്ഥാനം? ഖുർആനും സ്വീകാര്യ ഹദീസുകളും അടിസ്ഥാനമാക്കി ഈ ലേഖനം ഈ വിഷയങ്ങളെ വിശദീകരിക്കുന്നു.
ധനസമ്പാദനത്തിനുള്ള ഒരു പ്രധാന മാര്‍ഗമാണ് കച്ചവടം. സമ്പാദന വിനിമയ രംഗങ്ങളിലെല്ലാം കുറ്റമറ്റ നിയമങ്ങളും നിര്‍ദേശങ്ങളും ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. കച്ചവടം ചെയ്യുക എന്നത് മതപരമായ ഒരു കാര്യമല്ല. എന്നാല്‍ ജീവിതായോധനത്തിന്റെ മാര്‍ഗമായ കച്ചവടരംഗത്ത് വിധികളും വിലക്കുകളും ഉണ്ട്. സൂക്ഷ്മത പുലര്‍ത്താനാവശ്യമായ നിര്‍ദേശങ്ങളുണ്ട്. നിഷിദ്ധമായ വസ്തുക്കള്‍ കച്ചവടം ചെയ്തുകൂടാ. നിഷിദ്ധമായരൂപത്തിലും കച്ചവടം പാടില്ല. അനുവദനീയമായതും അഭികാമ്യമായതും നിഷിദ്ധമായവയും കച്ചവട രംഗത്തുണ്ട്. ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്മത പാലിച്ചു കൊണ്ടു മാത്രമേ മുസ്‌ലിംകള്‍ കച്ചവടത്തില്‍ ഏര്‍പ്പെടാവൂ. അനുവദനീയമേത്, അല്ലാത്തതേത്, അവയുടെ മാനദണ്ഡമെന്ത് എന്നെല്ലാം വിശ്വാസികള്‍ മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. gg
പങ്കുകച്ചവടം
ഒരു കച്ചവടത്തിന്റെ മുടക്കുമുതലിലോ അധ്വാനത്തിലോ അല്ലെങ്കില്‍ രണ്ടിലും കൂടിയോ ഒന്നിലേറെ ആളുകള്‍ പങ്കുചേരുന്ന രൂപമാണിത്. ഇവിടെ ഓരോരുത്തരുടെയും മുടക്കുമുതലും അധ്വാനവും ലാഭനഷ്ടങ്ങളുമെല്ലാം മുന്‍കൂട്ടി നിശ്ചയിച്ചിരിക്കണം. എല്ലാ അംഗങ്ങളുടെയും തൃപ്തിയനുസരിച്ച് ഇവയുടെ അളവ് തീരുമാനിക്കാവുന്നതാണ്. ലാഭത്തിലും നഷ്ടത്തിലും പങ്കുചേരുമ്പോള്‍ മാത്രമേ ഈ കൂറുകച്ചവടം അനുവദനീയമാകൂ. മുടക്കുമുതലിന്റെ ഉടമകളെല്ലാം ഇങ്ങനെ നഷ്ടങ്ങളില്‍ ഉത്തരവാദികളാകണം. എന്നാല്‍ അധ്വാന പങ്കാളികള്‍ മുടക്കു മുതലിന്റെ നഷ്ടത്തില്‍ പങ്കാളിയാകേണ്ടതില്ല, പകരം അയാളുടെ അധ്വാനം നഷ്ടപ്പെടും.
ഒരാള്‍ തന്റെ പങ്ക് ഒഴിയുകയോ വില്‍ക്കുകയോ ആണെങ്കില്‍ അത് വാങ്ങാന്‍ മറ്റു പങ്കാളികള്‍ക്ക് അവകാശമുണ്ട്. ഇതിന് ‘ശുഫ്അത്’ എന്നാണ് പറയുക. പങ്കാളികളുടെ സമ്മതമില്ലാതെ പുറത്ത് വില്പന നടത്തിയാല്‍ ആ ഇടപാട് അസാധുവാണ്. അത് തിരിച്ചുവാങ്ങാന്‍ അയാള്‍ക്ക് നിയമപരമായ അവകാശമുണ്ടായിരിക്കും. ഈ അവകാശത്തിന്റെ പേരില്‍ ഓഹരി ഒഴിയുന്നവന്‍ പീഡിപ്പിക്കപ്പെടാന്‍ പാടില്ല. പുറത്ത് നല്കിയാല്‍ ലഭിക്കാവുന്ന വില ആ ഓഹരിക്ക് ശുഫ്അത്തവകാശി നല്‌കേണ്ടതുണ്ട്. അല്ലാത്തപക്ഷം അയാളുടെ ഈ അവകാശം ദുര്‍ബലപ്പെടും. ശുഫ്അത് നിര്‍ബന്ധമല്ലെന്നും അഭികാമ്യം മാത്രമാണെന്നും ഇത് ഭൂമി, കെട്ടിടം പോലെയുള്ള സ്ഥാവരസ്വത്തിലാണ് അനുവദിക്കപ്പെട്ടതെന്നും അവ അതിര്‍ത്തി നിശ്ചയിച്ചതാണെങ്കില്‍ ഈ അവകാശം ഉണ്ടാവുകയില്ല എന്നുമെല്ലാം അഭിപ്രായങ്ങളുണ്ട്. ഇസ്‌ലാമിക ശരീഅത്തിന്റെ മഹത്തായ മാനുഷികതയാണ് ശുഫ്അത്. അയല്‍വാസിക്കും അതുപോലെ സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം ഇങ്ങനെ അവകാശം നിശ്ചയിക്കുക വഴി ആരെയും ബുദ്ധിമുട്ടിക്കാതിരിക്കുക എന്ന വിശാലമായ നന്മയാണ് അത് ലക്ഷ്യമാക്കുന്നത്. എന്റെ അയല്‍പക്കത്ത് താമസമാക്കുന്നവന്‍, എന്റെ കച്ചവടത്തില്‍ പങ്കാളിയാകുന്നവന്‍ എനിക്കു തൃപ്തിയില്ലാത്തവനാകുമ്പോഴുണ്ടായേക്കാവുന്ന പ്രയാസങ്ങള്‍ നിയമദാതാവ് കാണുന്നത് എത്ര കാരുണ്യത്തോടെയാണ്.
അകാരണമായോ ഏകപക്ഷീയമായോ പങ്കാളിയെ പിരിച്ചുവിടാന്‍ പാടില്ല. ഇതിനുവേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞ് ഭൗതിക നിയമത്തിനു മുമ്പില്‍ രക്ഷപ്പെട്ടാലും അല്ലാഹുവിന്റെ കോടതിയില്‍ ശിക്ഷിക്കപ്പെടുമെന്ന വിശ്വാസമാണ് മുസ്‌ലിമിനുണ്ടാകേണ്ടത്.
(പാര്‍ട്ണര്‍ഷിപ് ലിങ്ക് നോക്കാം)
മതിപ്പുകച്ചവടം
അളക്കാനോ തൂക്കാനോ കഴിയാത്ത ചരക്കുകള്‍ക്ക് മതിപ്പുവില നിശ്ചയിക്കാവുന്നതാണ്. ജനങ്ങള്‍ ഭക്ഷണസാധനങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്ന അങ്ങാടിയുടെ മുകള്‍ ഭാഗത്ത് വെച്ച് ചരക്കുകള്‍ വാങ്ങാറുണ്ട്. ഇതു നബി(സ്വ) അറിഞ്ഞപ്പോള്‍ ചരക്ക് അവിടെ നിന്ന് നീക്കപ്പെടുന്നതിന് മുമ്പ് കച്ചവടം ചെയ്യുന്നതു വിരോധിച്ചു (ബുഖാരി) 1 ഇത് മതിപ്പുവില നിശ്ചയിക്കുന്നതിന് പ്രമാണമാണെന്നും ഇങ്ങനെ മതിച്ചുവാങ്ങിയ വസ്തു തന്റെ ഉടമസ്ഥതയിലേക്ക് മാറ്റിയ ശേഷമല്ലാതെ കച്ചവടം ചെയ്യരുതെന്നും പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു.
മതിച്ചു വാങ്ങുന്ന ചരക്കുകളുടെ ഏകദേശ അളവും ഗുണവുമെല്ലാം കാണാനും മനസ്സിലാക്കാനും കഴിയുന്നതാകണം. തോട്ടത്തിലെ മരങ്ങളിലുള്ള ഫലങ്ങള്‍ പോലെ പുറത്തു കാണുന്നവയും കപ്പ, നിലക്കടല പോലെ ഭൂമിക്കടിയിലുള്ളവയുമെല്ലാം ഇങ്ങനെ കച്ചവടംചെയ്യാം. നാട്ടു സമ്പ്രദായമനുസരിച്ചാണ് ഈ രംഗത്തെ വിദഗ്ധരെ ഉപയോഗിച്ച് മൂല്യം മതിക്കേണ്ടത്. എന്നാല്‍ വിളവെടുപ്പുസമയത്ത് ഇതില്‍ വലിയതോതിലുള്ള വ്യത്യാസങ്ങള്‍ കണ്ടാല്‍, വാങ്ങിയവനോ വിറ്റവനോ വലിയ നഷ്ടമുണ്ടായാല്‍ രണ്ടുപേര്‍ക്കും ഇടപാട് ഒഴിയാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും. നഷ്ടം ആര്‍ക്കു സംഭവിച്ചാലും ഇങ്ങനെ ഒഴിയുമെന്ന് നേരത്തേ രണ്ടു കൂട്ടരും നിബന്ധന വെച്ചെങ്കിലേ ഇത് നിര്‍ബന്ധമാകൂ എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.
മുന്‍കൂര്‍ (സലം) കച്ചവടം
ചരക്ക് പിന്നീട് നല്കാം എന്ന വ്യവസ്ഥയോടെ വില മുന്‍കൂട്ടി വാങ്ങുന്ന ഇടപാടാണ് സലം. ഇത് മനുഷ്യരുടെ ക്രയവിക്രയത്തില്‍ അനിവാര്യമായതിനാല്‍ ഇസ്‌ലാം അനുവദിച്ചു. ഒരാളുടെ കൈവശം പണം ഉണ്ടാകും അപരന് കൃഷിയോ കച്ചവടമോ നടത്താനുള്ള പണം കൈവശമുണ്ടാവുകയുമില്ല. ഈ സന്ദര്‍ഭത്തില്‍ അയാള്‍ക്ക് ആവശ്യമുള്ള ചരക്ക് പിന്നീട് ലഭിക്കുന്ന വിധത്തില്‍ ആ പണം അപരന് നല്കാവുന്നതാണ്. എന്നാല്‍ ചരക്കിന്റെ അളവ്, ഇനം, ഗുണം, അത് ലഭിക്കുന്ന തിയ്യതി, നല്കുന്ന സ്ഥലം എന്നിവയെല്ലാം നേരത്തേ തീരുമാനിച്ചിരിക്കണം. ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: നബി(സ്വ) മദീനയില്‍ വന്നു. അപ്പോള്‍ ജനങ്ങള്‍ ഒരു കൊല്ലത്തെയും രണ്ടു കൊല്ലത്തെയും ചരക്കിന് മുന്‍കൂട്ടി പണം കൊടുത്തു സലം കച്ചവടം ചെയ്യുന്ന പതിവ് അവിടെയുണ്ടായിരുന്നു. അതു കണ്ടപ്പോള്‍ നബി(സ്വ) അരുളി: വല്ലവനും ഈത്തപ്പഴത്തിനു മുന്‍കൂട്ടി വില കൊടുത്ത് കച്ചവടം ചെയ്യുന്നുണ്ടെങ്കില്‍ അളവും തൂക്കവും സമയവും നിര്‍ണ്ണയിച്ചുകൊണ്ട് കച്ചവടം ചെയ്യട്ടെ (ബുഖാരി) 2
ഇങ്ങനെ നടത്തുന്ന ഇടപാടില്‍ ചരക്ക് അയാളുടെ കൈവശമുള്ളതാണോ എന്ന് ചുഴിഞ്ഞന്വേഷിക്കേണ്ടതില്ല. നിശ്ചയിച്ച സമയത്ത് അയാള്‍ക്ക് അത് തരാന്‍ കഴിയുമോ എന്നുമാത്രമേ പരിഗണിക്കേണ്ടതുള്ളൂ. ഇബ്‌നുഅബീഔഫാ(റ) പറയുന്നു: അവധിയും അളവും നിര്‍ണയിച്ചുകൊണ്ട് ഗോതമ്പ്, ബാര്‍ലി, മുന്തിരി എന്നീ ചരക്കുകള്‍ക്ക് മുന്‍കൂര്‍ പണം കൊടുത്തും സിറിയയിലെ കര്‍ഷകരുമായി ഞങ്ങള്‍ കച്ചവടം ചെയ്യാറുണ്ടായിരുന്നു. യഥാര്‍ഥ കര്‍ഷകരുമായിട്ടുതന്നെയാണോ നിങ്ങള്‍ അങ്ങനെ കച്ചവടം ചെയ്തിരുന്നത് എന്ന് അദ്ദേഹം ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. നബി(സ്വ)യുടെ സ്വഹാബിമാര്‍ സലം കച്ചവടം നടത്താറുണ്ട്. അവര്‍ കൃഷി ചെയ്യാറുണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ ചോദിക്കാറില്ല (ബുഖാരി) 3
ഭക്ഷ്യവസ്തുക്കള്‍ക്കു പുറമെ ഉപകാരപ്രദമായ എല്ലാ ചരക്കുകളും ഇങ്ങനെ വാങ്ങാവുന്നതാണ്. വീട്ടുപകരണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പെടും. ഒരാളുടെ പണത്തിനോ ചരക്കിനോ ഉള്ള ആവശ്യം ചൂഷണം ചെയ്ത് ഇടപാടില്‍ മൂല്യം കുറയ്ക്കാന്‍ പാടില്ലാത്തതാണ്. ചരക്ക് ലഭിക്കുന്ന സമയത്തുള്ള വില ‘സലം’ ഇടപാടില്‍ പരിഗണനീയമല്ല. കൂടുതലായാലും കുറഞ്ഞാലും നേരത്തെ വാങ്ങിയ വിലപ്രകാരമാണ് ഇടപാടു നടത്തേണ്ടത്.
അച്ചാരക്കച്ചവടം
ഒരു വസ്തു കച്ചവടമാക്കുകയും അതിന്റെ ഉറപ്പിനുവേണ്ടി വിലയുടെ ചെറിയ ഭാഗം അഡ്വാന്‍സ് അല്ലെങ്കില്‍ അച്ചാരം എന്ന നിലയില്‍ നല്കുകയും ചെയ്യാറുണ്ട്. ഇതിന് ബയ്ഉല്‍ ഉര്‍ബാന്‍ എന്നു പറയുന്നു. സാധാരണ നിലയില്‍ വസ്തുവിന്റെ വില നല്കുമ്പോള്‍ ഈ പണം കിഴിച്ചാണ് കൊടുക്കുക. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ ആ കച്ചവടം ദുര്‍ബലപ്പെടുത്തിയാല്‍ അച്ചാരമായി കൊടുത്ത തുക ഉടമ സ്വന്തമാക്കുകയാണ് പതിവ്. ഇത് പാടില്ലെന്നും അത് തിരിച്ചു നല്‌കേണ്ടതുണ്ടെന്നുമാണ് ഭൂരിപക്ഷാഭിപ്രായം. എന്നാല്‍ അച്ചാരം തിരിച്ചു തരേണ്ടതില്ലെന്ന് നേരത്തെ തീരുമാനിക്കുകയോ ചരക്ക് മടക്കിയ വ്യക്തി സ്വന്തമായി അതു വിട്ടുകൊടുക്കുകയോ ആണെങ്കില്‍ അത് സ്വീകരിക്കാവുന്നതാണ്. ചരക്ക് വാങ്ങിയ വ്യക്തി ന്യായമില്ലാതെയാണ് ഇടപാടില്‍ നിന്ന് പിന്മാറിയത് എങ്കിലും ചരക്ക് മറ്റൊരു വില്പന നടത്താന്‍ ഉടമയ്ക്ക് തടസ്സമുണ്ടായി എന്ന കാരണത്താലും ഉടമക്ക് അഡ്വാന്‍സ് ഉപയോഗിക്കാമെന്നാണ് മറ്റുചിലര്‍ അഭിപ്രായപ്പെടുന്നത്. അഡ്വാന്‍സ് തിരിച്ചു നല്കുകയില്ല എന്ന് നേരത്തേ തീരുമാനെടുത്തിട്ടുണ്ടെങ്കില്‍ മാത്രം അത് അനുഭവിക്കുന്നതാകും സൂക്ഷ്മതക്കു നല്ലത്.
ഇതിന്റെ മറുവശവും ശ്രദ്ധിക്കേണ്ടതുണ്ട്. അഥവാ അച്ചാരം വാങ്ങി ഇടപാടു നടത്തിയാല്‍ അയാളെക്കാള്‍ കൂടിയ വില മറ്റൊരാള്‍ നല്കിയാല്‍ ആദ്യ കച്ചവടം ദുര്‍ബലപ്പെടുത്തി പുതിയ ഇടപാടുകാരനുമായി വിക്രേതാവ് കച്ചവടം നടത്താന്‍ പാടില്ല. അത് വഞ്ചനയാണ്.
കടക്കച്ചവടം
വില പൂര്‍ണമായോ ഭാഗികമായോ പിന്നീട് നല്കാമെന്ന വ്യവസ്ഥയില്‍ കച്ചവടം നടത്തുന്നത് അനുവദനീയമാണ്. ഇവിടെ വില, സമയം എന്നിവ നിശ്ചയിക്കപ്പെട്ടിരിക്കണം. ഇത്തരം കച്ചവടത്തിന്‍മേല്‍ റൊക്കത്തിനെക്കാള്‍ ന്യായമായ വില വര്‍ധിപ്പിച്ചു വാങ്ങുന്നത് കുറ്റകരമല്ല എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. (ഹയര്‍ പര്‍ചേയ്‌സും ഇന്‍സ്റ്റാള്‍മെന്റും ലിങ്ക് കാണുക)
ഒരു വസ്തു പിന്നീട് തിരിച്ചു വാങ്ങും എന്ന നിലയില്‍ വില്‍പന നടത്തുന്നതിനും കടക്കച്ചവടം എന്നു പറയും. ഇത് സാധുവാണെന്നു പറഞ്ഞവര്‍ വസ്തു പണയമായാണ് പരിഗണിക്കേണ്ടതെന്നും പ്രയോജനം ഉടമപ്പെടുത്താന്‍ പാടില്ലെന്നും നിബന്ധനവെച്ചിട്ടുണ്ട്. എന്നാല്‍ ഈ കച്ചവടം സാധുവല്ലെന്നതാണ് ശരി. പിന്നീട് വാങ്ങാം എന്നു പറയുന്നതോടു കൂടി തന്നെ ഇത് കച്ചവടമല്ലാതായി. വിക്രേതാവിന് പിന്നീട് ഇയാള്‍ക്കു തന്നെ വേണമെങ്കില്‍ വില്‍ക്കാമെന്നല്ലാതെ അയാള്‍ക്ക് അതില്‍ യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതല്ല. വില നിശ്ചയിക്കാനുള്ള അവകാശം വിക്രേതാവിനാണ്.
ഓര്‍ഡര്‍ കച്ചവടം
നേരത്തെ ആവശ്യപ്പെട്ടതനുസരിച്ച് ചരക്ക് നിര്‍മിക്കുകയും എത്തിക്കുകയും ചെയ്യുന്നതാണ് ബൈഉല്‍ ഇസ്തിസ്വ്‌നാഅ് എന്ന ഓര്‍ഡര്‍ കച്ചവടം. വില, വസ്തുവിന്റെ ഇനം, ഗുണം, അളവ് എന്നിവ നിശ്ചയിച്ച് ഇങ്ങനെ ഇടപാട് നടത്താവുന്നതാണ്. ലഭിച്ച വസ്തു നിര്‍ദേശിക്കപ്പെട്ടതു തന്നെയാണെങ്കില്‍ ക്രേതാവ് ഇടപാടില്‍ നിന്ന് പിന്മാറാന്‍ പാടില്ലെന്നാണ് ഇമാം അബൂയുസുഫിന്റെ അഭിപ്രായം. എന്നാല്‍ മറ്റു കച്ചവടങ്ങളെപ്പോലെ ഈ കച്ചവടത്തിലും കച്ചവടം ദുര്‍ബലപ്പെടുത്താന്‍ രണ്ടുപേര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നാണ് മറ്റൊരു അഭിപ്രായമുള്ളത്. ന്യായമായ കാരണങ്ങളില്ലാതെ കച്ചവടം ഒഴിയാതിരിക്കുക എന്നതാണ് ഇസ്‌ലാമികമായ മര്യാദ.
ഇളവു കച്ചവടം
സൗജന്യവും ഇളവും പ്രഖ്യാപിച്ചുകൊണ്ടുള്ള റിഡക്ഷന്‍ സെയിലുകളും വിറ്റൊഴിക്കല്‍ കച്ചവടവുമെല്ലാം അനുവദനീയമാണ്. എന്നാല്‍ ചരക്കിന്റെ പഴക്കം, ഗുണമേന്മക്കുറവ് തുടങ്ങിയ കാരണങ്ങളാലാണ് ഇങ്ങനെ വില്‍ക്കുന്നതെങ്കില്‍ അത് പരസ്യമാക്കുകയോ വാങ്ങുന്നവന് മനസ്സിലാകാവുന്ന വിധത്തില്‍ വസ്തു പ്രദര്‍ശിപ്പിക്കുകയോ വേണം.
സമ്മാനങ്ങള്‍ പ്രഖ്യാപിച്ചുള്ള കച്ചവടവും അനുവദനീയമാണ് പക്ഷേ, അതു ചൂതിനു സമാനമായതാകാതിരിക്കാനും ഉപഭോക്താവിനെ അനാവശ്യമായ വസ്തുക്കള്‍ വാങ്ങാന്‍ പ്രേരിപ്പിക്കാത്തതായിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
ഇത്തരം ഇടപാടുകള്‍ മൂലം മാര്‍ക്കറ്റുവില കുറയാനും മറ്റുള്ള കച്ചവടക്കാര്‍ക്ക് നഷ്ടം വരാനും പാടില്ല. സഈദു ബിന്‍ മുസയ്യബ്(റ) പറയുന്നു: മാര്‍ക്കറ്റില്‍ കുറഞ്ഞവിലക്ക് ഉണങ്ങിയ മുന്തിരി വില്‍ക്കുന്ന ഹാത്വിബ് ബിന്‍ അബീ ബല്‍ത്വഅയോട് ഉമര്‍(റ) പറഞ്ഞു: ഒന്നുകില്‍ നിനക്ക് വില അല്‍പം കൂട്ടാം, അല്ലെങ്കില്‍ ഇവിടെ നിന്നും കച്ചവടം മാറ്റാം (ബൈഹഖി) 4
ഇത്തരം കച്ചവടങ്ങളില്‍ ഏറെ വഞ്ചന നടക്കുന്നത് പതിവാണ്. സാധാരണയില്‍ കവിഞ്ഞ വില നിശ്ചയിച്ച് അതിനുമേലാണ് പലപ്പോഴും ഇളവുകള്‍ പ്രഖ്യാപിക്കപ്പെടുന്നത്. അതിനാല്‍ ഇതിന്റെ ശരിയായ വില അിറയാന്‍ ക്രേതാവിന് അവകാശമുണ്ടെന്ന് ഇസ്‌ലാമിക കര്‍മശാസ്ത്രം നിബന്ധനവെക്കുന്നുണ്ട്.
കച്ചവടത്തിലെ അനിവാര്യമായ കാര്യങ്ങള്‍
മുസ്‌ലിം ചെയ്യുന്ന ഏതു കാര്യത്തിലും അനുവദനീയവും നിഷിദ്ധവും ഏതെന്നു തിരിച്ചറിയാതെ പോവരുത്. ഭൗതികമായി മനുഷ്യന്‍ ചെയ്യുന്ന ഒരു ഇടപാടാണ് കച്ചവടം. അതില്‍ തന്നെ അനുവദനീയമായ കച്ചവടങ്ങളും അനനുവദനീയമായ കച്ചവടങ്ങളുമുണ്ട്. അനുവദനീയമായ കച്ചവടത്തിനകത്തു തന്നെ സൂക്ഷ്മമായി നോക്കിയാല്‍ അനുവദനീയമായ കാര്യങ്ങളും അനനുവദനീയമായ കാര്യങ്ങളും ഉണ്ടാവും. വിശ്വാസി തന്റെ ജീവിതത്തില്‍ അത്തരം കാര്യങ്ങളിലെല്ലാം സൂക്ഷിക്കേണ്ടതുണ്ട്. ഈ സൂക്ഷ്മതയാണ് തഖ്‌വാ എന്നു പറയുന്നത്. തഖ്‌വാ ഉള്ളവരാണല്ലോ മുത്തഖികള്‍ എന്നറിയപ്പെടുന്നത്.
ക്രയവിക്രയത്തിലെ സാക്ഷിയും രേഖയും
ഇടപാടുകള്‍ റൊക്കമല്ലാത്ത സന്ദര്‍ഭങ്ങളില്‍ രേഖപ്പെടുത്തുന്നതും സാക്ഷി നിര്‍ത്തുന്നതും അഭികാമ്യമാണ്. വിശുദ്ധ ഖുര്‍ആന്‍ ”നിങ്ങള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ സാക്ഷി നിര്‍ത്തേണ്ടതാണ്. ഒരു എഴുത്തുകാരനോ സാക്ഷിയോ ദ്രോഹിക്കപ്പെടാന്‍ പാടില്ല. നിങ്ങളങ്ങനെ ചെയ്യുകയാണെങ്കില്‍ അത് നിങ്ങളുടെ ധിക്കാരമാകുന്നു”(2: 282). എന്നു പറഞ്ഞത് നിര്‍ബന്ധത്തെ കുറിക്കുന്നതാണ് എന്നും ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഇത് അഭികാമ്യമാണെന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരുടെയും അഭിപ്രായം. പിന്നീട് സംശയങ്ങളില്ലാതിരിക്കാനും തര്‍ക്കങ്ങള്‍ ഉടലെടുക്കാതിരിക്കാനും ഇടപാടുകള്‍ക്ക് രേഖയും സാക്ഷിയും ഉണ്ടായിരിക്കുന്നതാണ് നല്ലത്; പ്രത്യേകിച്ചും വലിയതും സമയം നിശ്ചയിക്കുന്നതുമായ കച്ചവടങ്ങളില്‍.
അളവിലെ മുന്‍തൂക്കം
ഇടപാടുകളില്‍ അളവും തൂക്കവും കൃത്യമായിരിക്കണമെന്നതും അതില്‍ കൃത്രിമം പാടില്ലെന്നതും നിര്‍ബന്ധമുള്ള കാര്യമാണ്. വിശുദ്ധ ഖുര്‍ആനിലെ ഈ വചനങ്ങള്‍ ശ്രദ്ധേയമാണ്. ”അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും. ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്’‘(83:13).
എന്നാല്‍ എല്ലാകാര്യങ്ങളിലും വിശാലതയും വിട്ടുവീഴ്ചയും മാതൃകയാക്കേണ്ട സത്യവിശ്വാസി മറ്റുള്ളവര്‍ക്ക് അളന്നോ തൂക്കിയോ നല്കുമ്പോള്‍ അല്പം അധികരിപ്പിക്കുക എന്നത് എന്തുകൊണ്ടും ഉത്തമമാണ്. ഭൂമിയിലെ ലാഭത്തെക്കാള്‍ പരലോകത്തെ നന്മകളുടെ അളവു തൂക്കങ്ങളില്‍ പ്രതീക്ഷിക്കുന്ന വിശ്വാസിക്ക് അതു പുണ്യമാണ്. കാരണം റസൂല്‍ (സ്വ) അവനില്‍ നിന്നും അത് ആവശ്യപ്പെട്ടിരിക്കുന്നു.
സുവൈദ്(റ) പറയുന്നു: ഞാനും മഖ്‌റമത്തും(റ) (ബഹ്‌റൈനിലെ) ഹജറില്‍ നിന്ന് പട്ട് കയറ്റുമതി ചെയ്തു. നബി(സ്വ) ഞങ്ങളുടെ അടുത്തു വന്ന് ഞങ്ങളില്‍ നിന്ന് പൈജാമ കച്ചവടം ചെയ്തു. എന്റെ അടുക്കല്‍ തൂക്കിക്കൊടുക്കുന്ന ഒരു കൂലിക്കാരനുണ്ടായിരുന്നു. നബി(സ്വ) തൂക്കുന്നവനോട് പറഞ്ഞു: നീ തൂക്കിക്കൊടുക്കുകയും അല്പം കൂടുതലാക്കുകയും ചെയ്യൂ. (അബൂദാവൂദ്) 5
കച്ചവടത്തിലെ വിട്ടുവീഴ്ച
ഇടപാടുകള്‍ രേഖകള്‍ക്കും വാക്കുകള്‍ക്കുമെല്ലാം ഏറെ വിലയുള്ള മേഖലയാണ്. ലാഭനഷ്ടങ്ങളുടെ കണക്കുകളില്‍ തൂങ്ങിയാടുന്ന കച്ചവടക്കാരന്‍ മുസ്‌ലിമാണെങ്കില്‍ എപ്പോഴും ഇത്തിരി വിട്ടുവീഴ്ചയുടെയും വിശാലതയുടെയും പരോപകാരത്തിന്റെയും മനസ്സലിവുള്ളവനായിരിക്കണം. അവന്‍ അളവിലും തൂക്കത്തിലും അടവിലും അവധിയിലുമെല്ലാം കൃത്യതക്കാരനാകുന്നതോടൊപ്പം, തന്റെ ഉപഭോക്താവിന്റെ മുമ്പില്‍ കല്ലുപോലെ പരുക്കനാകരുത്. തന്റെ കണക്കു നോക്കുന്ന അല്ലാഹു തന്റെ കാര്യത്തില്‍ വിട്ടുവീഴ്ച കാണിക്കണമെന്ന് ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നവന് തീര്‍ച്ചയായും വിട്ടുവീഴ്ച ചെയ്യുന്നവനായേ പറ്റൂ. അത് അല്ലാഹു സ്വീകരിക്കുമെന്ന് നബി(സ്വ) സന്തോഷവാര്‍ത്തയായി നല്കിയെങ്കില്‍ പിന്നെയെന്തിനു പിശുക്കണം.
ജാബിര്‍(റ) നിവേദനം: നബി(സ്വ) അരുളി: വില്പന നടത്തുമ്പോഴും വാങ്ങുമ്പോഴും കിട്ടാനുള്ള കംെ ചോദിക്കുമ്പോഴും എല്ലാം ഉദാരത കാണിക്കുന്ന ആള്‍ക്ക് അല്ലാഹു കാരുണ്യമേകട്ടെ (ബുഖാരി) 6
അബൂഹുറയ്‌റ(റ) നിവേദനം: നബി(സ്വ) അരുളി: ഒരു കച്ചവടക്കാരന്‍ ജനങ്ങള്‍ക്ക് കടം കൊടുക്കാറുണ്ടായിരുന്നു. അയാള്‍ ഞെരുക്കക്കാരനെ കണ്ടാല്‍ തന്റെ കാര്യസ്ഥന്മാരോടു പറയും. നിങ്ങള്‍ അയാള്‍ക്ക് വിട്ടുവീഴ്ച നല്‍കുവീന്‍. അല്ലാഹു എനിക്കും വിട്ടുവീഴ്ച നല്‍കിയേക്കാം. അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്ന് വിട്ടുവീഴ്ച നല്‍കി (ബുഖാരി) 7
കച്ചവടത്തിൽ നഷ്ടം വകവെച്ചുകൊടുക്കല്‍
വിറ്റ സാധനം തിരിച്ചെടുക്കുന്നതല്ല എന്ന് എഴുതിവെക്കാന്‍ ഭൗതിക നിയമവും അല്ലാഹുവിന്റെ നിയമവും കച്ചവടക്കാരനെ അനുവദിക്കുന്നില്ലെങ്കിലും ഉപഭോക്താവിന്റെ ശ്രദ്ധക്കുറവാല്‍ നിശ്ചിത അവധി കഴിഞ്ഞതും അറിവുകേടിനാല്‍ ചെറിയമാറ്റം സംഭവിച്ചതും മറ്റും തിരിച്ചെടുക്കാന്‍ നിര്‍ബന്ധിക്കാന്‍ പറ്റില്ല. ഗുണവും വിലയുമെല്ലാം തൃപ്തിപ്പെട്ട് വാങ്ങി പിന്തിരിയാനുള്ള സ്വാതന്ത്ര്യത്തിന്റെ അവധിയും കഴിഞ്ഞ ശേഷം തിരിച്ചു വരുന്നവനോട്, പണം തിരിച്ചു തരില്ല വേറെ വസ്തുക്കള്‍ വേണമെങ്കിലെടുക്കാം എന്നു പറയുന്നതു തന്നെ വിശാലമനസ്‌കതയാണ്. ആരും അക്രമിക്കപ്പെടാന്‍ പാടില്ലെന്നതിനാലും ഉപഭോക്താവിന്റെ വീഴ്ചയില്‍ വിക്രേതാവ് ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്നതിനാലും ഇസ്‌ലാം ഇതൊന്നും നിര്‍ബന്ധമാക്കുന്നില്ല. എന്നാലും തന്റെ വിശ്വാസ വിശാലതയാലും പരലോക പ്രതീക്ഷയാലും അല്പം നഷ്ടം സഹിച്ചാണെങ്കിലും ഉപഭോക്താവിന്റെ വലിയ നഷ്ടത്തില്‍ വിട്ടുവീഴ്ച ചെയ്യാനും ഇളവനുവദിക്കാനും ശ്രമിച്ചാല്‍ അത് ഭക്തിയുടെ നിദര്‍ശനമാണ്.
കച്ചവടശേഷം പ്രകൃതി ദുരന്തം പോലുള്ള കാരണങ്ങളാല്‍ ചരക്ക് നശിച്ചുപോയാല്‍ വില്‍പനക്കാരന് ഉത്തരവാദിത്തമില്ലെങ്കിലും മാനുഷിക പരിഗണനയില്‍ നഷ്ടപരിഹാരം നല്കുന്നത് അഭികാമ്യവും പുണ്യകരവുമാണ്. നബി(സ്വ) പറഞ്ഞു: ”നീ നിന്റെ സഹോദരന്ന് ഒരു ഫലം വിറ്റിട്ട് അതിനെന്തെങ്കിലും അത്യാപത്ത് ബാധിച്ച് നശിച്ചുപോയാല്‍ അതിന്റെ വിലയില്‍ നിന്നൊന്നും വാങ്ങാന്‍ നിനക്ക് പാടില്ല. ന്യായമില്ലാതെ നീയെങ്ങനെ സഹോദരന്റെ ധനം വാങ്ങും”(മുസ്‌ലിം). ഈ ഹദീസ് ഇങ്ങനെ നഷ്ടം വകവെച്ചുകൊടുക്കല്‍ അഭികാമ്യമാണെന്നു സൂചിപ്പിക്കുകയാണെന്നാണ് മിക്ക പണ്ഡിതരും അഭിപ്രായപ്പെട്ടത്.
ശുഫ്അ അഥവാ പങ്കാളിയുടെ അവകാശം
ഇസ്‌ലാമിക ശരീഅത്തിലെ സാമ്പത്തിക ഇടപാടുകളിലെ വിശാലമായ പരാര്‍ഥതയുടെയും മനുഷ്യപ്പറ്റിന്റെയും പ്രയാസലഘൂകരണത്തിന്റെയും മനോഹര രൂപമാണ് ശുഫ്അ അവകാശം. വസ്തുവില്‍ അയല്‍വാസികള്‍ക്കും കൂട്ടു സ്വത്തില്‍ പങ്കാളികള്‍ക്കുള്ള അവകാശമാണിത്. ഇത്തരം ഓഹരികളും അവകാശങ്ങളും പുറത്തൊരാള്‍ക്ക് കൈമാറിയാല്‍ തൊട്ടടുത്ത ഉടമകള്‍ക്ക് അത് പ്രയാസങ്ങളുണ്ടാക്കുമെന്നതിനാലാണ് അവര്‍ക്ക് ഇസ്‌ലാം ഈ അവകാശം അനുവദിക്കുന്നത്. ഇത്തരം വസ്തുക്കള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ അത് വാങ്ങാനുള്ള പ്രഥമ അവകാശം ഇപ്പറഞ്ഞ അയല്‍വാസികള്‍ക്കും പങ്കാളികള്‍ക്കും ഇസ്‌ലാം അനുവദിച്ചു നല്കുന്നു. തന്റെ സ്വത്തോ, സ്വത്തിലെ തന്റെ ഓഹരിയോ വില്‍ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ആദ്യമായി അതിന്റെ അയല്‍വാസിയോ തന്റെ പങ്കാളിയോ ആയ വ്യക്തിയോട് അത് എടുക്കാന്‍ ആവശ്യപ്പെടണം. അയാള്‍ക്ക് അത് ആവശ്യമില്ലെന്ന് അറിയിക്കുകയോ ന്യായമായ വില നല്കാന്‍ അയാള്‍ വിസമ്മതിക്കുകയോ ആണെങ്കില്‍ മാത്രമേ മറ്റൊരാള്‍ക്ക് അത് വില്ക്കാന്‍ പാടുള്ളൂ. വഖ്ഫ് പോലുള്ള പൊതുസ്വത്തില്‍ ഈ അവകാശം നിലനില്ക്കുകയില്ല.
അയല്‍ക്കാരനെയോ പങ്കാളിയെയോ ദ്രോഹിക്കാനും പ്രതികാരം തീര്‍ക്കാനുമായി ആരുമറിയാതെ ഇത്തരം ഇടപാടുകള്‍ നടത്തുന്നവര്‍ കുറ്റക്കാരാകുമെന്നതില്‍ സംശയമില്ല.
References- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 73, ഹദീസ് 2167[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 85, ഹദീസ് 2239[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 85, ഹദീസ് 2244, 2245[↩]
- അസ്സുനനുല്‍ കുബ്‌റാ, അഹ്‌മദുബ്‌നുല്‍ ഹുസൈനിബ്‌നി അലി, അബൂബക്‌റുല്‍ ബൈഹഖീ, ദാറു കുതുബുല്‍ ഇല്‍മിയ്യ, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 06, പേജ് 48, ഹദീസ് 11146[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 250, ഹദീസ് 3396[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 57, ഹദീസ് 2076[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 58, ഹദീസ് 2078 [↩]
