ഖബ്റാരാധന
മൺമറഞ്ഞ വ്യക്തികൾ പ്രാർത്ഥന കേൾക്കുകയും ഉദ്ദേശ്യങ്ങൾ നിറവേറ്റി തരുകയും ചെയ്യുമെന്ന വിശ്വാസത്തോടെ ഖബറാളികളോട് പ്രാർത്ഥിക്കുകയും സഹായങ്ങൾ തേടുകയും ചെയ്യുന്നത് ഖബ്റിനെ ബിംബമാക്കുന്നതിന് തുല്യമാണ്. ഖബ്റാരാധന തീർത്തും ഇസ്ലാം വിലക്കിയ ബഹുദൈവാരാധനയാണ്.
ഇത്തരം ചിന്താഗതിയിലേക്ക് ആളുകളെ എത്തിച്ച കാരണങ്ങൾ, ഖബ്ർ കെട്ടിയുയർത്തുന്നതിലെ ഇസ്ലാമിക നിലപാട്, നബിയുടെ ഖബ്ർ, റൗദ്വ, ഖബ്ർ സന്ദർശനവും മര്യാദകളും, വിഗ്രഹാരാധന, ഗോപ്യമായ ശിർക്ക്, നിഫാഖ് തുടങ്ങിയ കാര്യങ്ങൾ ഈ ലേഖനത്തിൽ വായിക്കാം
മണ്മറഞ്ഞ മഹാന്മാരുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് അവയ്ക്ക് ആരാധന നടത്തുന്നത് വ്യക്തമായ ശിര്‍ക്ക്(ബഹുദൈവാരാധന) ആണ്. അതുപോലെ ചില സമൂഹങ്ങള്‍ മഹാന്മാരുടെ ശവകുടീരങ്ങള്‍ ആരാധന കേന്ദ്രങ്ങളാക്കുന്ന സമ്പ്രദായം പണ്ടും ഇപ്പോഴും ഉണ്ട്. മഖ്ബറകളില്‍ അടക്കം ചെയ്യപ്പെട്ട മനുഷ്യരോട് പ്രാര്‍ഥിക്കുന്നത് വിഗ്രഹാരാധന പോലെ ശിര്‍ക്കാണ്. ഇത്തരം കേന്ദ്രങ്ങളിലേക്ക് ഭക്ത്യാദരപൂര്‍വം ആളുകള്‍ തീര്‍ത്ഥയാത്ര നടത്തുന്നു. ആഗ്രഹങ്ങള്‍ സഫലീകരിക്കാനും ആപത്തുകള്‍ നീക്കികിട്ടാനും വേണ്ടിയാണിത്. ഇതെല്ലാം ബഹുദൈവാരാധനയ്ക്കു തുല്യമാണ്. കാരണം ആ ഖബ്റില്കിടക്കുന്ന വലിയ്യ് എന്നു വിശ്വസിക്കപ്പെടുന്ന വ്യക്തിയോട് ആളുകള്‍ താഴ്മയും വിനയവും പ്രകടിപ്പിച്ച് പ്രാര്‍ഥിക്കുന്നു.
ഖബറാരാധനയിലേക്ക് എത്തുന്ന വഴികളെല്ലാം നബി(സ്വ) തടയുകയും ഖബര്‍പൂജയെ നിശിതമായി എതിര്‍ക്കുകയും ചെയ്തിരിക്കുന്നു. അബൂഹുറയ്റ(റ) പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതര്‍ അരുളിയിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെവീടുകള് ഖബ്റുകളാക്കരുത്. എന്റെ ഖബ്ര്‍ ഒരു ആഘോഷ സ്ഥലമാക്കുകയും ചെയ്യരുത്. എനിക്ക് നിങ്ങള്‍ സ്വലാത്ത് ചൊല്ലുക. നിങ്ങള്‍ എവിടെ വെച്ച് സ്വാലാത്ത് ചൊല്ലിയാലും നിങ്ങളുടെ സ്വലാത്ത് എനിക്കെത്തും” (അബൂദാവൂദ്) 1.
ജൂതക്രൈസ്തവ സമൂഹങ്ങള്‍ ദൈവശാപത്തിന് വിധേയമാവാന്‍ ഒരു കാരണം അവര്‍ തങ്ങളുടെ പ്രവാചകന്മാരുടെ ഖബറുകള്‍ ആരാധനാ കേന്ദ്രങ്ങളാക്കി എന്നതായിരുന്നു. ആഇശ(റ) പറയുന്നു : അബ്സീനിയയില്‍ താന്‍ കണ്ട ഒരു കനീസ(ചര്‍ച്ച്)യെയും അതിലുണ്ടായിരുന്ന രൂപങ്ങളെയും പറ്റി റസൂല്‍(സ്വ) നോട് ഒരിക്കല്‍ ഉമ്മു സല്‍മാ(റ) പറയുകയുണ്ടായി. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ”അക്കൂട്ടര്‍ അവരുടെ ഇടയില്‍ സദവൃത്തനായ ഒരാള്‍ മരിച്ചാല്‍ അയാളുടെ ഖബ്റിന്മേല് ഒരു ആരാധനാലയം കെട്ടിയുണ്ടാക്കുകയോ അതില്‍ ആ രൂപം ഉണ്ടാക്കിവെയ്ക്കുകയോ ചെയ്യും. സൃഷ്ടികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരത്രെ അവര്‍” (ബുഖാരി) 2.
ജുന്ദുബ്(റ) പറയുന്നു: തിരുദൂതര്‍(സ്വ) മരിക്കുന്നതിന് അല്പം മുമ്പ് ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു: അറിയുക, നിങ്ങളുടെ മുമ്പുള്ളവര്‍ അവരുടെ പ്രവാചകന്മാരുടെ ഖബ്റുകള്‍ ആരാധന കേന്ദ്രമാക്കി. അറിയുക, നിങ്ങള്‍ ഖബ്റുകള്‍ പ്രാര്‍ഥന കേന്ദ്രങ്ങളാക്കരുത്. നിശ്ചയം ഞാനത് നിങ്ങളോട് വിരോധിക്കുന്നു (മുസ്ലിം) 3.
ഖബ്റിലുള്ളയാള് തന്റെ പ്രാര്‍ഥന കേള്‍ക്കുകയും ഉദ്ദേശ്യങ്ങള്‍ നിറവേറ്റിത്തരികയും ചെയ്യുമെന്ന വിശ്വാസത്തോടെയാണ് ഖബ്റിനെ ആദരിക്കുന്നത്. അത് ഖബ്റിനെ ബിംബമാക്കുന്നതിന് തുല്യമാണ്. നബി(സ്വ) പ്രാര്‍ഥിച്ചു: ”അല്ലാഹുവേ, എന്റെ ഖബര്‍ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതേ”(മിശ്കാത്തുല്‍ മാസാബീഹ്) 4. ഖബറാളികള്‍ തങ്ങള്‍ക്കുവേണ്ടി അല്ലാഹുവോട് ശുപാര്‍ശ ചെയ്യുമെന്ന വിശ്വാസത്തോടെ ഖബറിനെ വന്ദിക്കുന്നത് ബിംബാരാധനക്ക് തുല്യമാണെന്ന് ഇമാം റാസി പറഞ്ഞിട്ടുണ്ട് (തഫ്സീര്‍ റാസി) 5.
ഖബ്ര്‍ കെട്ടിയുയര്‍ത്തല്‍
മൃതദേഹം മണ്ണില്‍ മറവു ചെയ്യുക എന്നതാണ് മുഹമ്മദ് നബി(സ്വ) പഠിപ്പിച്ച മാതൃക. മറവു ചെയ്യാനുള്ള കുഴിക്ക് ക്വബറ് എന്ന് പൊതുവില്‍ പറയുന്നു. ക്വബ്റുകള്‍ ഭൂമിയുടെ നിരപ്പില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കേണ്ടതില്ല. തിരിച്ചറിയപ്പെടാന്‍ വേണ്ടി ഒരു ചാണ്വരെ ഉയര്‍ത്താന്‍ അനുവാദമുണ്ട്. എന്നാല്‍ ക്വബറുകള്‍ കെട്ടി ഉയര്‍ത്തുവാനോ സിമെന്റ് ചേര്‍ത്ത് ബലപ്പെടുത്തുവാനോ നിറം കൊടുത്ത് അലങ്കരിക്കാനോ പാടില്ല. ക്വബറുകളുടെ മുകളില്‍ ഇരിക്കുന്നതും പുരകെട്ടുന്നതും നബി(സ്വ) വിലക്കിയിരിക്കുന്നു. അടയാളത്തിനുവേണ്ടി ഒരു കല്ല് നാട്ടി നിര്‍ത്തുന്നതില്‍ തെറ്റില്ല. ഉന്നതരെന്നോ സാധാരണക്കാരെന്നോ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസം ക്വബറിന്റെ കാര്യത്തിലില്ല. ഇത്രയുമാണ് ക്വബ്ര് സംബന്ധമായുള്ള പ്രവാചകാധ്യാപനം.
ജൂതക്രൈസ്തവ സമുദായങ്ങള്‍ അവരിലെ പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും ക്വബ്റുകള്‍ കെട്ടിപ്പൊക്കി ആദരിക്കാന്‍ തുടങ്ങി. കാലക്രമേണ അവ ആരാധനാ കേന്ദ്രങ്ങളും ആഘോഷ കേന്ദ്രങ്ങളും ആയി മാറി. ഇക്കാരണത്താല്‍ ആ സമുദായങ്ങള്‍ അല്ലാഹുവിന്റെ കോപത്തിന് വിധേയമായി എന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു (മുസ്ലിം) 6.
പില്കാലത്ത് മുസ്ലിം സമുദായത്തിലേക്കും ഈ ദുഷിച്ച സമ്പ്രദായം കടന്നുകൂടി. ഖബറാരാധന വ്യാപകമായി. മഹാന്മാരുടെയും അല്ലാത്തവരുടെയും അജ്ഞാതരുടെയും ഖബറുകള്‍ ആരാധനാ കേന്ദ്രങ്ങളും ഉത്സവ കേന്ദ്രങ്ങളുമായി മാറി. അതിന്മേല് ജാറം പണിയാന്‍ തുടങ്ങി. ഖബ്റിനോട് അപകടകരമായ ആദരവ് ഉണ്ടാകാതിരിക്കാന്‍ ഖബര്‍ കെട്ടി ഉയര്‍ത്തുന്നത് നബി(സ്വ) വിലക്കിയിട്ടുണ്ട്. സുമാമ(റ) പറയുന്നു: ഒരിക്കല്‍ ഞങ്ങള്‍ റോമില്‍ സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ ഞങ്ങളുടെ ഒരു സ്നേഹിതന് മരിച്ചു. ഫുളാലത്ത്(റ) അദ്ദേഹത്തിന്റെ ഖബ്ര്‍ സമമാക്കുവാന്‍ ഉപദേശിച്ചു. അപ്രകാരം ഖബ്ര്നിരപ്പാക്കപ്പെട്ടു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ഖബ്റകുള് ഭൂമിയോടൊപ്പമാക്കുവാന് തിരുനബി കല്‍പ്പിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട് (മുസ്ലിം) 7.
അബുല്ഹിയാജ്(റ) പറയുന്നു: അലി(റ) എന്നോട് പറഞ്ഞു: തിരുദൂതന്(റ) എന്നെ നിയോഗിച്ച അതേസംഗതിക്കുവേണ്ടി ഞാന്‍ നിന്നെ നിയോഗിക്കുന്നു. മുസ്ലിംകളുടെ ഉയര്‍ത്തപ്പെട്ട ഖബ്റുകള്‍ ഒന്നുംതന്നെ നിരപ്പാക്കാതെ വിടരുത്. നാട്ടിയ ഒരു പ്രതിമയും നീക്കം ചെയ്യാതെ വിടരുത് (മുസ്ലിം) 8.
ഖബ്ര്‍ ഒരു ചാണിലധികം ഉയര്‍ത്തുന്നത് ഞാനിഷ്ടപ്പെടുന്നില്ലെന്ന് ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ട്(അല്‍ ഉമ്മ്) 9.
ജാബിര്‍(റ) പറയുന്നു: ഖബ്റുകള്‍ കുമ്മായമിടുക, അതിന്മേല്ഇരിക്കുക, വല്ലതും അതിന്മേല് നിര്‍മ്മിക്കുക എന്നിവ നബി(സ്വ) നിരോധിച്ചിരിക്കുന്നു (മുസ്ലിം) 10.
ഇമാം ശൗക്കാനി നൈലുല്‍ ഔതാറില്‍ പറയുന്നത് ഇപ്രകാരമാണ്. ഖബ്ര്‍ കെട്ടിപ്പൊക്കുന്നതിനെ നബി(സ്വ) ശപിച്ചിരിക്കുന്നു. ഖബ്റുകള്‍ കെട്ടിപ്പൊക്കുന്നതില്‍ നിന്നും അവ മോടിപിടിപ്പിക്കുന്നതില്‍ നിന്നും എത്ര ദോഷങ്ങളാണ് പടര്‍ന്നു പിടിക്കുന്നത്. അവിശ്വാസികള്‍ ബിംബങ്ങളെക്കുറിച്ച്വിശ്വസിക്കുന്നതുപോലെ അജ്ഞന്മാര് അവയില്വിശ്വസിക്കുകയുംവന്ദിക്കുകയുംചെയ്യുന്നു. തന്മൂലംഅവര്ക്ക്ഗുണം പ്രദാനം ചെയ്യാനും ദോഷം തടയാനും ഖബ്റിലുള്ളവര്ക്ക്കഴിയുമെന്ന് വിചാരിച്ച് അവര്‍ ആവശ്യനിര്വഹണത്തിനായും മറ്റും ഖബറുകളെ അഭയസ്ഥാനമായും രക്ഷാമാര്‍ഗമായും സ്വീകരിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ അവരുടെ നാഥനോട് (അല്ലാഹുവിനോട്) യാചിക്കുന്നത് പോലെ അവയോട് യാചിക്കുകയും അവിടേക്ക് തീര്‍ത്ഥാടനം നടത്തുകയുംചെയ്യുന്നു. ചുരുക്കത്തില്‍ അജ്ഞാന കാലത്ത് മുശ്രിക്കുകള്‍ ബിംബങ്ങള്‍ കൊണ്ട് ചെയ്തയാതൊന്നും തന്നെ ഇവര്ചെയ്യാതെ വിട്ടിട്ടില്ല. (നൈലുല്‍ ഔത്വാര്‍) 11.
നബിയുടെ ഖബ്ര്‍
പ്രവാചകന്(സ്വ) ഖബ്റടക്കപ്പെട്ടത് മസ്ജിദുന്നബവിയോട് ചേര്‍ന്ന ആഇശ(റ)യുടെ വീട്ടിനകത്താണ്. പ്രവാചകന്മാര് മരണപ്പെട്ട സ്ഥലത്തു തന്നെ മറവുചെയ്യപ്പെടേണ്ടതാണ് എന്ന നബി വചനത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്തത്. നബി(സ്വ) മരണപ്പെട്ടത് ആഇശ(റ)യുടെ വീട്ടില്‍ വെച്ചാണ്. പില്കാലത്ത് പള്ളി വിപുലീകരിച്ചപ്പോള്‍ ആയിശ(റ)യുടെ വീടും പള്ളിയും ഒരേ മേല്കൂരയ്ക്കു കീഴിലായി. എങ്കിലും ഖബറിടം പള്ളിക്കകത്താകാതിരിക്കാന് ശ്രദ്ധിച്ചിട്ടുണ്ട്. നബി(സ്വ)യുടെ ഖബ്ര്‍ നമസ്കാരസ്ഥലത്തു നിന്നും മറച്ചുവെച്ചിരിക്കുകയാണ്. അജ്ഞരായ ആളുകള്‍ അതിലേക്ക് തിരിഞ്ഞ് നമസ്കരിക്കാതിരിക്കാന്‍ വേണ്ടിയാണിത്.
നബിയുടെ ഖബ്ര്‍ സന്ദര്‍ശിക്കുന്നത് സുന്നത്താണ്. നബിക്ക് സലാം പറയുകയും നബിക്കും നമുക്കും വേണ്ടി പ്രാര്‍ഥിക്കുക മാത്രമാണ് അവിടെ ചെയ്യാനുള്ളത്. നബി(സ്വ) താമസിച്ചിരുന്ന വീടിനും പള്ളിയിലെ മിമ്പറിനും ഇടയിലുള്ളസ്ഥലമാണ് ‘റൗദ്വ’. സ്വര്‍ഗത്തോപ്പ് എന്നര്‍ഥത്തിലുള്ള റൗദ്വ പ്രത്യേകം പുണ്യമുള്ള സ്ഥലമാണ്. നബി(സ്വ)യുടെ ഖബ്റാണ് റൗദ്വ എന്ന തെറ്റായ ധാരണ സമൂഹത്തിലുണ്ട്. അവിടെ ചെന്നില്ലെങ്കില്‍ ഹജ്ജ് പൂര്‍ത്തിയാകില്ലെന്നു പോലും ധരിച്ചവരുണ്ട്.
ഖാസ്വിം(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ ആഇശ(റ)യുടെ അടുക്കല്‍ ചെന്ന് ഇപ്രകാരം പറഞ്ഞു: ഞങ്ങളുടെ മാതാവേ, തിരുപ്രവാചകന്(സ്വ)യും അവിടുത്തെ രണ്ട് സ്നേഹിതന്മാരു(അബൂബക്ര്, ഉമര്‍)ടെയും ഖബറുകള്‍ എനിക്ക് കാണിച്ചു തന്നാലും. അപ്പോള്‍ അവര്‍ മറ നീക്കി ഖബ്റുകള്‍ എനിക്ക് കാണിച്ചു തന്നു. അവ ഉയര്ത്തപ്പെട്ടിട്ടില്ല. ഭൂമിയോടൊപ്പം നിരപ്പാക്കപ്പെട്ടിട്ടുമില്ലാത്ത അവസ്ഥയില്‍ പരന്നുകിടക്കുന്നതായാണ് കാണാന്‍ സാധിച്ചത് (അബൂദാവൂദ്) 12.
ജാബിര്‍(റ) പറയുന്നു: തിരുനബിയുടെ ഖബ്ര്‍ ഏകദേശം ഒരു ചാണ് ഉയര്‍ത്തപ്പെട്ട നിലയിലാണ് എനിക്ക് കാണാനായത് (ബൈഹഖി) 13.
അബൂസഈദ്(റ) പറയുന്നു: തിരുദൂതര്‍ അരുളി: അല്ലാഹുവേ, നീ എന്റെ ഖബ്റിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുത്. തങ്ങളുടെ നബിമാരുടെ ഖബ്റുകള്‍ പള്ളികളാക്കിയ ഒരു ജനവിഭാഗത്തിന് നേരെയുള്ള അല്ലാഹുവിന്റെ കോപം കഠിനമാവുകയുണ്ടായി. (മുവത്വ) 14.
ഖബ്ര്‍ സന്ദര്‍ശനം
ഖബ്റുകള്‍ സന്ദര്‍ശിക്കുന്നതും ഖബറില്‍ മറമാടപ്പെട്ട വ്യക്തിക്കു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതും സുന്നത്താണ്. ഖബ്ര്സിയാറത്തിന്റെ ലക്ഷ്യം മുഹമ്മദ് നബി(സ്വ) വിവരിക്കുന്നത് ഇപ്രകാരമാണ്:
‘നിശ്ചയം, ഖബര്‍ സന്ദര്‍ശനത്തില്‍ ഗുണപാഠമുണ്ട്’ (അബീദാവൂദ്) 15.
”നിശ്ചയം, അത് പരലോകത്തെ അനുസ്മരിപ്പിക്കുന്നതാണ്”(തിര്‍മുദി) 16.
‘നിശ്ചയം, അത് മരണത്തെ ഓര്മിപ്പിക്കുന്നതാണ’ (മുസ്ലിം) 17.
‘നിശ്ചയം, ഖബ്ര്‍സന്ദര്‍ശനം നിങ്ങള്‍ക്ക് ദുനിയാവിനോട് വിരക്തിയുണ്ടാക്കുന്നതാണ്’ (ഇബ്നുമാജ) 18.
ഈ ലക്ഷ്യത്തിലൂന്നിയുള്ള ഖബ്ര്‍ സിയാറത്താണ് റസൂല്‍(സ്വ) അനുവദിക്കുകയുംസുന്നത്ത് എന്ന നിലക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ളത്. മഹത്തുക്കളുടെ ഖബ്ര്‍ സിയാറത്ത് ചെയ്യുന്നതിനു തിരുനബി(സ്വ) എന്തെങ്കിലും പ്രത്യേകത കല്‍പ്പിച്ചിട്ടില്ല. സഹാബിമാരുടെ ചര്യയും ഇതുതന്നെയായിരുന്നു. നബി(സ്വ)യുടെ ഖബര്‍ അടുത്തുണ്ടായിട്ടും അവിടേക്ക് സന്ദര്‍ശിക്കുന്നവരുടെ പ്രവാഹം നമുക്ക് കാണാന്‍ കഴിയില്ല. പ്രത്യുത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്തത്.
ആയിശ(റ) പറയുന്നു: തിരുനബി(സ്വ)യുടെ മരണശയ്യയില്‍ തന്റെ ഒരു തട്ടംതിരുനബി(സ്വ) മുഖത്തിട്ട് കൊണ്ടിരുന്നു. കുറെ കഴിഞ്ഞ് വിഷമം തോന്നിയാല്‍ അത് മുഖത്തു നിന്ന് നീക്കം ചെയ്യും. അന്നേരം നബി(സ്വ) ഇങ്ങനെ പറഞ്ഞിരുന്നു: ജൂതന്മാരെയും ക്രിസ്ത്യാനികളെയും അല്ലാഹു ശപിക്കട്ടെ, അവര്‍ തങ്ങളുടെ നബിമാരുടെ ഖബ്റുകള്‍ പ്രാര്‍ഥനാ കേന്ദ്രമാക്കി. ആളുകള്‍ പ്രാര്‍ഥനാ കേന്ദ്രമാക്കുമെന്ന ഭയമില്ലായിരുന്നുവെങ്കില്‍ അവര്‍ (അനുചരന്മാര്) അവിടുത്തെ ഖബ്ര്‍ വെളിയിലെവിടെയെങ്കിലും ആക്കുമായിരുന്നു. എന്നാല്‍ അത് വല്ലകാലത്തും ജനങ്ങള്‍ പ്രാര്‍ഥന കേന്ദ്രമാക്കിക്കളയുമോ എന്ന് എനിക്ക് ഇപ്പോള്‍ ഭയമുണ്ട് (ബുഖാരി) 19.
ഖബ്ര്‍ സന്ദര്‍ശിക്കാനായി പ്രത്യേകം യാത്ര സംഘടിപ്പിക്കുന്നതും ആ യാത്രയെ പുണ്യതീര്ഥാടനമായി കാണുന്നതും ഇസ്ലാം വിലക്കുന്നു. അബൂസഈദ്(റ) പറയുന്നു: നബി(സ്വ) അരുളി. ”മൂന്ന് പള്ളികളിലേക്ക് ഒഴികെ വാഹനം കെട്ടിപ്പുറപ്പെടരുത്. (പുണ്യംതേടി പോകരുത്) മസ്ജിദുല്‍ ഹറം, മസ്ജിദുന്നബവി, മസ്ജിദുല്‍ അഖ്സ എന്നിവയാണത്.(ബുഖാരി) 20.
വിഗ്രഹാരാധന
ലോകത്ത് കഴിഞ്ഞു പോയ സമൂഹങ്ങളില്‍ ബഹു ഭൂരിപക്ഷവും മത വിശ്വാസികളാണ് അവര്‍ ദൈവ വിശ്വാസികളുമായിരുന്നു. എന്നാല്‍ അവരില്‍ അധികപേരും ബഹു ദൈവാരാധകരായിരുന്നു. വികലമായ ദൈവസങ്കല്പ്പം അവരെ വിഗ്രഹാരാധനയില്‍ എത്തിച്ചു. മാനവ ചരിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം തന്നെ വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട് നില്ക്കുന്നു. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ് പോയ നാഗരിതകളുടെ ശേഷിപ്പുകളായി ലഭിച്ച പുരാവസ്തുക്കളില്‍ അനേകം വിഗ്രഹങ്ങളും പ്രതിമകളും ഉണ്ടായിരുന്നു. അരൂപിയായ ദൈവത്തിന്റെ പേരില്‍ മൂര്‍ത്തമായ ബിംബങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു. ഇങ്ങനെ പ്രതിഷ്ഠിക്കപ്പെടുന്ന വിഗ്രഹങ്ങള്‍ പലപ്പോഴും മണ്മറഞ്ഞ മഹാന്മാരുടെ പ്രതിരൂപങ്ങളായിരുന്നു.
വിഗ്രഹാരാധന കൊടികുത്തിവാണിരുന്ന സാമൂഹിക സാഹചര്യങ്ങളിലാണ് പ്രവാചകന്മാര് നിയോഗിക്കപ്പെട്ടത്. സാക്ഷാല്‍ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന തൗഹീദിന്റെ ആദര്‍ശത്തിലേക്ക് അവര്‍ ജനങ്ങളെ ക്ഷണിച്ചു. വിഗ്രഹമോ ശവകുടീരമോ രൂപമോ ഒന്നും കൂടാതെ നേര്‍ക്കു നേരെ ദൈവത്തെ മാത്രം ആരാധിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന അനേകം സമൂഹങ്ങളും കഴിഞ്ഞു പോയിട്ടുണ്ട്. മനുഷ്യകരങ്ങള്‍ കൊണ്ട് നിര്‍മിച്ച ഈ വിഗ്രഹങ്ങള്‍ യഥാര്‍ഥത്തില്‍ പണ്ട് മരിച്ച് പോയ സച്ചരിതരെന്ന് വിശ്വസിക്കപ്പെടുന്ന ആളുകളുടെ പ്രതീകങ്ങളാണ്.
നൂഹ് നബി(അ)യുടെ കാലത്ത് ജനങ്ങള്‍ ആരാധിച്ചിരുന്ന വദ്ദ്, സുവാഅ്, യഗൂസ്, യഊഖ്, നസ്റ് തുടങ്ങിയ പ്രധാന വിഗ്രഹങ്ങള്‍ അവര്‍ക്ക് മുമ്പ് മരിച്ചു പോയ സജ്ജനങ്ങളുടെ പേരുകളിലും രൂപങ്ങളിലും കൊത്തിയുണ്ടാക്കപ്പെട്ടവയായിരുന്നു. അവര്‍ മരിച്ചപ്പോള്‍ അവരുടെ സ്മരണാര്‍ഥം അവരുടെ രൂപങ്ങള്‍ കൊത്തിയുണ്ടാക്കി. അവ ആരാധിക്കപ്പെട്ടിരുന്നില്ല. അടുത്ത തലമുറയാണ് ആ രൂപങ്ങളെ പൂജാ ബിംബങ്ങളാക്കിയത് (ബൂഖാരി) 21.
ഇബ്രാഹിം നബി(സ്വ)യുടെ പിതാവ് വിഗ്രഹാരാധകനും ബിംബ നിര്‍മാതാവുമായിരുന്നു. ഇബ്രാഹിം(അ) വിഗ്രഹാരാധനയെ ശക്തമായി എതിര്‍ത്തു. പക്ഷേ അദ്ദേഹത്തിന്റെ കാലശേഷം പിന്തലമുറ അദ്ദേഹത്തിന്റേയും മകന് ഇസ്മാഇലി(അ)ന്റെയും പ്രതിമകള്‍ നിര്‍മിച്ചു. ആ പ്രവാചകന് ഏകദൈവത്തെ ആരാധിക്കാനായി ഉണ്ടാക്കിയ കഅ്ബയില്‍ അവ പ്രതിഷ്ഠിക്കുകയും ചെയ്തു. മുഹമ്മദ് നബി(സ്വ) നിയോഗിക്കപ്പെട്ട പ്രദേശത്ത് വ്യാപകമായി ആരാധിക്കപ്പെട്ടിരുന്നത് ലാത്ത, ഉസ്സ, മനാത്ത, ഹുബ്ല് തുടങ്ങിയ വിഗ്രഹങ്ങളായിരുന്നു. കഅ്ബയിലേക്ക് ഹജ്ജിന് വരുന്ന ആളുകള്‍ക്ക് പാനജലം പകര്‍ന്നുകൊടുത്തിരുന്ന സ്വാതികനായിരുന്നു. ലാത്തയെന്നും അദ്ദേഹം മരിച്ചപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ ആരാധിക്കാന്‍ തുടങ്ങിയെന്നും ഹാഫിദ് ബ്നു ഹജറുല്‍ അസ്ഖലാനി ഫത്ഹുല്‍ ബാരിയില്‍ വിശദീകരിക്കുന്നുണ്ട് 22.
വിഗ്രഹാരാധകന്മാര് എല്ലാകാലഘട്ടത്തിലും വിശ്വസിച്ചു പോന്നിരുന്നത് അവരുടെ സ്വന്തം കരങ്ങള്‍ കൊണ്ട് നിര്മിച്ചുണ്ടാക്കിയ വിഗ്രഹങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുമെന്നോ ഉപകാരവും ഉപദ്രവും ചെയ്യുമെന്നോ ആയിരുന്നില്ല. മറിച്ച്, ഈ വിഗ്രഹങ്ങള്‍ നിര്‍മിച്ചത് നബിമാരുടെയും വലിയ്യുകളുടെയും സദ്വൃത്തരുടെയും പ്രതിമകളായിട്ടാണ്. അവര്‍ക്ക് ആരാധനയും പ്രാര്‍ഥനയും നിര്‍വഹിക്കുന്നത് കൊണ്ട് ആ പ്രതിമകള്‍ പ്രതിനിധാനം ചെയ്യുന്ന നബിമാരും ഔലിയാക്കളും അവര്‍ക്കു വേണ്ടി അല്ലാഹുവിന്റെയടുത്ത് ശുപാര്‍ശ ചെയ്യുമെന്നാണ്. (തഫ്സീർ റാസി 23
ഗോപ്യമായ ശിര്‍ക്ക്
അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചാണ് നാം സത്കര്‍മങ്ങളില്‍ നിരതരാവേണ്ടത്. എന്നാല്‍ പുണ്യകര്‍മം ചെയ്യുമ്പോള്‍ അത് മനുഷ്യരെ കാണിച്ച് അവരെ തൃപ്തിലഭിക്കണമെന്ന് ആഗ്രഹിക്കല്‍ ഗോപ്യമായ ശിര്‍ക്കാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. അല്ലാഹു പറയുന്നു. ”അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവിന്റെ കൂടിക്കാഴ്ചയെ ആഗ്രഹിക്കുന്നുവെങ്കില്‍ അവന് സത്കര്‍മം പ്രവര്‍ത്തിക്കട്ടെ. തന്റെ നാഥന്റെ ആരാധനയില്‍ ഒരാളെയും അവന് പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ. (18:1120) തഫ്സീര്റൂഹുല് ബയാനിലും തഫ്സീര്റാസിയിലും ഈ ആയത്തിന്റെ അവതരണ കാരണം വ്യക്തമാക്കുന്നത് ഇപ്രകാരമാണ്.
”ജുന്‍ദുബ്നു സുഹൈര്‍(റ) നബി(സ്വ) യോട് പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിനുവേണ്ടി ചില പുണ്യകര്‍മങ്ങള്‍ ചെയ്യും. എന്നാല്‍ ആരെങ്കിലും അത് കണ്ടാല്‍ എന്നെയത് സന്തോഷിപ്പിക്കും. അപ്പോള്‍ ഈ സൂക്തം (18:1120) അവതരിക്കപ്പെട്ടു.”.
അല്ലാഹുവിന്റെയടുക്കല്‍ നിന്നുള്ള പ്രതിഫലം ആഗ്രഹിക്കാതെ ജനങ്ങളെ കാണിക്കാന്‍ വേണ്ടി സമ്പത്ത് ചെലവഴിക്കുന്നവര്‍ക്ക് സംഭവിക്കാനിരിക്കുന്ന നഷ്ടം അല്ലാഹു ഉദാഹരണ സഹിതം ഇങ്ങനെ വ്യക്തമാക്കുന്നു:
‘സത്യവിശ്വാസികളേ, കൊടുത്തത് എടുത്തു പറഞ്ഞും ശല്യമുണ്ടാക്കിയും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങള്‍ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ ജനങ്ങളെ കാണിക്കാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവന്റെ ഉപമയിതാ: മിനുസമുള്ള ഒരു പാറ. ആ പാറമേല്‍ ഒരു കനത്ത മഴ പെയ്തു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയായി മാറ്റിക്കളഞ്ഞു. അവര്‍ അധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയുകയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല’ (2:264).
ഈ വിഷയകമായി നബി(സ്വ)യില്‍ നിന്ന് നിരവധി ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അബൂസഊദ്(റ) പറയുന്നു: ഞങ്ങള്‍ വ്യാജമസീഹിനെക്കുറിച്ച് പരസ്പരംസംസാരിച്ച് കൊണ്ടിരിക്കെ ഞങ്ങളുടെ അടുത്തേക്ക് റസൂല്‍(സ്വ) കടന്നുവന്നു. എന്നിട്ട് അവിടുന്ന് ചോദിച്ചു. വ്യാജ മസീഹിനേക്കാള്‍ കൂടുതലായി നിങ്ങള്‍ക്ക് ഞാന്‍ ഭയപ്പെടുന്ന കാര്യം പറഞ്ഞുതരട്ടെയോ? ഞങ്ങള്‍ പറഞ്ഞു. അതെ. അവിടുന്നു പറഞ്ഞു: ഗോപ്യമായ ശിര്‍ക്ക് ആണത്. നമസ്കരിക്കാനായി ഒരാള്‍ എഴുന്നേറ്റു നില്ക്കുന്നു. മറ്റൊരാള്‍ നോക്കുന്നു എന്നതിനാല്‍ തന്റെ നമസ്കാരത്തിന് അയാള്‍ ഭംഗി കൈവരുത്തുന്നു(ഇബ്നുമാജ) 24.
പ്രത്യക്ഷത്തില്‍ അല്ലാഹുവിന് വേണ്ടിയാണ് പുണ്യ കര്‍മം ചെയ്യുന്നതെന്ന് തോന്നിക്കും. എന്നാല്‍ അത് മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയാണ് ചെയ്യുന്നതെങ്കില്‍ അത് രിയാഅ് (ഗോപ്യമായ ശിര്‍ക്കാണ്) നബി(സ്വ) പഠിപ്പിക്കുന്നു (ശറഹു സ്വഹീഹുല്‍ ബുഖാരി 25.
സൂറത്തു മാഊനില്‍ നമസ്കാരക്കാര്‍ക്ക് നാശം സംഭവിക്കുന്നതിനെ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. ഇവിടെ നമസ്കരിക്കുന്നവരായിട്ടും അവരുടെ നമസ്കാരം സ്വീകാര്യമാവാതിരിക്കാന്‍ കാരണമായി രണ്ട് കാര്യങ്ങള്‍ അല്ലാഹു പറയുന്നു. ഒന്നാമത്തേത് അവര്‍ നമസ്കാരത്തില്‍ അശ്രദ്ധരാണ്. രണ്ടാമത്തേത് അവര്‍ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയാണ് നമസ്കരിക്കുന്നത് എന്നതാണ്. അഥവാ അവരുടെ ലക്ഷ്യം അല്ലാഹുവോ അവന് നല്കുന്ന പുണ്യമോ അല്ല. മറിച്ച് ഭൗതികമായ താല്പര്യങ്ങള് മാത്രമാണ്. എന്നാല്‍ അതിലൂടെ അവര്‍ ചെന്നെത്തുന്നത് ഗോപ്യമായ ശിര്‍ക്കിലേക്കാണ്. അതോടു കൂടി കര്‍മങ്ങള്‍ സ്വീകാര്യമാവാതെ വരുകയും നാശക്കാരായിത്തീരുകയും ചെയ്യുന്നു.
References
- സുനനു അബീ ദാവൂദ്, അബൂ ദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 218, ഹദീസ് 2042.[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 94, ഹദീസ് 434[↩]
- സ്വഹീഹു മുസ്ലിം, ഇമാം മുസ്ലിം, ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 377, ഹദീസ് 23 (532).[↩]
- മിശ്കാത്തുല്‍ മാസാബീഹ്, മുഹമ്മദ് ബ്നുല്‍ അബ്ദില്ലാഹില്‍ ഖത്വീബുല്‍ ഉമരി, അല്‍ മക്തബുല്‍ ഇസ്ലാമി, ബൈറൂത്ത്, മൂന്നാം പതിപ്പ് (1985), വാള്യം 01, പേജ്: 234, ഹദീസ് 750 (62).[↩]
- മഫാത്തീഹുല്‍ ഗൈബ് (തഫ്സീര്‍ റാസി), വാള്യം 17, പേജ്: 227[↩]
- സ്വഹീഹു മുസ്ലിം, ഇമാം മുസ്ലിം, ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 377, ഹദീസ് 21 (530).[↩]
- സ്വഹീഹു മുസ്ലിം, ഇമാം മുസ്ലിം, ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 666, ഹദീസ് 92 (968).[↩]
- സ്വഹീഹു മുസ്ലിം, ഇമാം മുസ്ലിം, ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 666, ഹദീസ് 93 (969).[↩]
- അല്‍ഉമ്മ്, അബൂ അബ്ദില്ലാ മുഹമ്മദ് ബ്നു ഇദ്രീസി ബ്നുല്‍ അബ്ബാസ്, ദാറുല്‍ മഅ്രിഫ, ബൈറൂത്ത്, വാള്യം 01, പേജ്: 322[↩]
- സ്വഹീഹു മുസ്ലിം, ഇമാം മുസ്ലിം, ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 667, ഹദീസ് 94 (970).[↩]
- നൈലുല്‍ ഔത്വാര്‍, മുഹമ്മദ് ബ്നു അലിയ്യി ബ്നു മുഹമ്മദ് ബ്നി അബ്ദില്ല അശ്ശശകാനീ, ദാറുല്‍ ഹദീസ്, ഒന്നാം പതിപ്പ്, ഈജിപ്ത്, വാള്യം 04, പേജ്: 102, ഹദീസ് 1471.[↩]
- സുനനു അബീ ദാവൂദ്, അബൂ ദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 215, ഹദീസ് 3220.[↩]
- അസ്സുനനുല്‍ കുബ്റാ, അഹ്മദ് ബ്നുല്‍ ഹുസൈന് അല്‍ ഖുറാസാനി അബൂബക്ര് ബൈഹഖീ, ദാറുല്‍ കുതുബുല്‍ ഇല്മിയ്യ, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 03, പേജ്: 576, ഹദീസ് 6736[↩]
- അല്‍ മുവത്ത്വഅ്, മാലികു ബ്നു അനസി ബ്നി മാലിക്, മുഅസ്സസതു സായിദി ബ്നി സുല്ത്വാന് ആലുനഹ്യാന്‍, അബൂദബി, ഒന്നാം പതിപ്പ്, വാള്യം 02, പേജ്: 240, ഹദീസ് 183/593.[↩]
- സുനനു അബീ ദാവൂദ്, അബൂ ദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 218, ഹദീസ് 3235.[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 361, ഹദീസ് 1054[↩]
- സ്വഹീഹു മുസ്ലിം, ഇമാം മുസ്ലിം, ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 671, ഹദീസ് 108 (976).[↩]
- സുനനു ഇബ്നിമാജ, ഇബ്നിമാജ, ദാറുല്‍ ഇഹ്യാഇല് കുതുബില്‍ അറബിയ്യ, വാള്യം 01, പേജ് 501, ഹദീസ് 1571[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 102, ഹദീസ് 1390.[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 60, ഹദീസ് 1188[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 106, ഹദീസ് 4920[↩]
- ഫത്ഹുല്‍ ബാരി, ഇബ്നു ഹജറുല്‍ അസ്ഖലാനി, വാള്യം 08, പേജ്: 612[↩]
- മഫാത്തീഹുല്‍ ഗൈബ്, (തഫ്സീർ റാസി )വാള്യം 17 , പേജ് 227 [↩]
- സുനനു ഇബ്നി മാജ, ഇബ്നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്നു യസീദില്‍ ഖസ്വീനി, ദാറു ഇഹ്യാഇല് കുതുബില്‍ അറബിയ്യ, വാള്യം 2, പേജ് 1397, ഹദീസ് 4175[↩]
- ശറഹു സ്വഹീഹുല്‍ ബുഖാരി, ഇബ്നു ബത്ത്വാല്‍ അബുല്‍ ഹസന്അലിയ്യുബ്നു ഖലഫ്, മക്തബതുര്റുശ്ദ്, അസ്സഊദിയ്യ, റിയാദ്, രണ്ടാം പതിപ്പ്, വാള്യം 02, പേജ് 1406, ഹദീസ് 4204[↩]
