ഗോറി ഭരണകൂടം
മധ്യകാല ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയ ഭരണകൂടമാണ് ഗോറി ഭരണകൂടം. ഗസ്നവികളുടെ തുടര്‍ച്ചയായി ഉത്തരേന്ത്യയില്‍ ശക്തമായ അധികാര ഘടന രൂപപ്പെടുന്നതിന് വഴിയൊരുക്കിയത് ഈ ഭരണകാലഘട്ടമായിരുന്നു. സൈനിക വിജയങ്ങള്‍ക്കൊപ്പം ഭരണസംവിധാനങ്ങളിലും സാമൂഹ്യഘടനകളിലും ദീര്‍ഘകാല സ്വാധീനം ചെലുത്തിയതാണ് ഗോറി ഭരണകൂടത്തിന്റെ പ്രധാന സവിശേഷത. പിന്നീട് രൂപം കൊണ്ട ദില്ലി സുല്‍ത്താനേറ്റിന്റെ അടിത്തറയായി ഈ ഭരണകൂടം മാറിയതും ഇന്ത്യന്‍ ചരിത്രത്തില്‍ അതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
ഗസ്നവി ഭരണകൂടം നിലനില്‍ക്കെത്തന്നെ അല്‍ ഗോര്‍ കേന്ദ്രമായി നിലവില്‍ വന്നതാണ് ഗോറി ഭരണകൂടം. ക്രി.വി. 1150ല്‍ ഗസ്നി കീഴടക്കിക്കൊണ്ടാണ് ഗോറികളുടെ ഭരണം ആരംഭിച്ചത്. ശിഹാബുദ്ദീന് മുഹമ്മദ് ഗോറി ലാഹോര്‍ പിടിച്ചടക്കുന്നതോടെയാണ് ഗസ്നവി ഭരണത്തിന്റെ അന്ത്യവും ഗോറി വാഴ്ചയുടെ ഉദയവുമുണ്ടാകുന്നത്.
ഗസ്നവികളുടെ സാമന്തരാജ്യമായി നിലകൊണ്ട ഗോറി (സന്സൂബ്) ഭരണം തുടക്കത്തില്‍ കാബൂളിനും ഹറാത്തിനുമിടക്കുള്ള ഗോര്‍ പ്രദേശത്ത് ഒതുങ്ങി നില്‍ക്കുകയായിരുന്നു. ഒന്നരപ്പതിറ്റാണ്ടിന് ശേഷം, ഗസ്ന കീഴടക്കിയാണ് ഗോറികള്‍ യഥാര്‍ത്ഥ പ്രതാപം നേടിയത്. ഗിയാസുദ്ദീന്‍ ഗോറിയുടെ നേതൃത്വത്തില്‍ ക്രി. 1173ലായിരുന്നു ഗസ്നി വിജയം. ഗിയാസുദ്ദീന്‍ ഗോറി, സഹോദരന് ശിഹാബുദ്ദീന് മുഹമ്മദ് ഗോറിയിലെ ഗസ്നിയെ സുല്‍ത്വാനായി അവരോധിക്കുകയും ചെയ്തു.
സ്വതന്ത്രമായി ഭരണം നടത്തിയ മുഹമ്മദ് ഗോറി, അഫ്ഗാനിസ്താനു പുറത്തേക്കിറങ്ങി പാക്കിസ്താനിലും വടക്കെ ഇന്ത്യയിലും പടയോട്ടം നടത്തി. മുള്‍ത്താന്‍, ഉച്ച് എന്നീ നഗരങ്ങള്‍ വരുതിയിലാക്കുകയും 1179ല്‍ പെഷവാറും പിന്നാലെ ദേബലും അധീനപ്പെടുത്തി രാജ്യവിസ്തൃതി വര്‍ധിപ്പിക്കുകയും ചെയ്തു. 1186ല്‍ ലാഹോറും പിടിച്ചതോടെയാണ് ഗസ്നവി ഭരണം പൂര്‍ണമായും തുടച്ചു നീക്കപ്പെടുന്നത്.
ബഖ്തിയാര്‍ ഖില്‍ജി എന്ന വിശ്വസ്തനും ധീരനുമായ പടത്തലവനെ വെച്ചായിരുന്നു ഗോറിയുടെ സൈനിക നീക്കങ്ങള്‍. ഡല്‍ഹിയും അജ്മീറും വാണിരുന്ന പൃഥിരാജ എന്ന ഭരണാധികാരി ഗോറിയുടെ മുന്നേറ്റത്തിന് തടയിട്ടെങ്കിലും പിന്തിരിഞ്ഞ് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്ന ഗോറിയുടെ വന്‍ സൈന്യത്തിനു മുന്നില്‍ പൃഥിരാജക്ക് വെല്ലുവിളിയാവാന്‍ കഴിഞ്ഞില്ല.
വര്‍ധിത വീര്യത്തോടെ മുന്നേറിയ ഗോറിയുടെ കൈകളില്‍ ബീഹാറും ബംഗാളും ഭദ്രമായി. അങ്ങനെ ചരിത്രത്തിലാദ്യമായി ഇന്നത്തെ അഫ്ഗാനിസ്താന്, പാകിസ്താന്, വടക്കെ ഇന്ത്യ, ബംഗ്ളാദേശ് എന്നിവയടങ്ങുന്ന പ്രവിശാലമായ പ്രദേശം മുസ്ലിംകളുടെ അധീനതയില്‍ വന്നു.
ഗോറികള്‍ പഠാണികളായിരുന്നു. ഗസ്നവി സുല്ത്താന്മാരില് നിന്ന് വിഭിന്നമായി ആധിപത്യം നേടിയ പ്രദേശങ്ങളില്‍ ഇസ്ലാം പ്രബോധനം ചെയ്യാന്‍ അവര്‍ അതീവ ഉത്സാഹം കാണിച്ചു. വിവിധ പ്രദേശങ്ങളില്‍ പള്ളികള്‍ പണിയുകയും മാതൃകാധന്യമായ ജീവിതത്തിലൂടെ ഇതരമതസ്ഥരെ ഇസ്ലാമിലേക്കാകര്ഷിക്കുകയും ചെയ്തു. മുഹമ്മദുബ്നുല്‍ ഖാസിമിന്റെ പിന്മുറക്കാരായാണ് ഇസ്ലാമിക പ്രബോധന കാര്യത്തില്‍ ഗോറികള്‍ വിലയിരുത്തപ്പെട്ടത്.
ക്രി. 1206 (ബി. 602)ല്‍ ശിഹാബുദ്ദീന് മുഹമ്മദ് ഗോറിയുടെ വധത്തോടെയാണ് ഗോറി കാലഘട്ടത്തിന് അന്ത്യമായത്. ഇസ്മായിലി വിഭാഗക്കാരനായ ഒരാളാണ് അദ്ദേഹത്തെ വധിച്ചത്.
വിശ്രുതമായ ‘തഫ്സീറുല്‍ കബീറി’ന്റെ കര്‍ത്താവ് ഇമാം ഫഖ്റുദ്ദീന്‍ അല്‍ റാസീ (ഹി. 543-606), അജ്മീര്‍ ദര്‍ഗയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖാജാമുഈനുദ്ദീന്‍ ചിശ്തീ എന്നിവര്‍ ഗോറി കാലത്തെ പ്രധാന വ്യക്തിത്വങ്ങളാണ്.
അടിമ വംശം
ഒരിക്കല്‍ ശിഹാബുദ്ദീന് മുഹമ്മദ് ഗോറി കുറെ അടിമകളെ വാങ്ങി. അവരില്‍ ഏറ്റവും വിരൂപനായിരുന്ന ഖുതുബുദ്ദീന്‍ എന്നയാളെ ഗോറി ഒഴിവാക്കി. സങ്കടം കണ്ണീരാക്കി ഖുതുബുദ്ദീന്‍, ഗോറിയുടെ മുന്നിലെത്തി:
”അല്ലയോ സുല്ത്വാന്, അങ്ങ് നിരവധി അടിമകളെ അങ്ങേക്കായി വാങ്ങിയല്ലോ. അല്ലാഹുവിന്നു വേണ്ടി അതില്‍ എന്നെക്കൂടി ഉള്‍പ്പെടുത്തിക്കൂടേ? ഖുതുബുദ്ദീന്റെ വാക്കുകള്‍ ഗോറിയുടെ നെഞ്ചില്‍ കൊണ്ടു. മനസ്സലിഞ്ഞ അദ്ദേഹം ഖുതുബുദ്ദീനെയും സ്വന്തമാക്കി.
ഖുതുബുദ്ദീന്‍ പിന്നീട്, ഗോറിയുടെ വിശ്വസ്തനും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായി. സൈനിക നായകനായി. ഡല്‍ഹിയും ബനാറസും ജയിച്ചടക്കിയത് ഖുതുബുദ്ദീനാണ്. ലാഹോറിലേക്ക് മടങ്ങുമ്പോള്‍, 1192ല്‍ ഡല്‍ഹിയില്‍, തന്റെ പ്രതിനിധിയായി ഗോറി ഖുതുബുദ്ദീനെ വാഴിക്കുകയും ചെയ്തു. 1206ല്‍ ശിഹാബുദ്ദീന് മുഹമ്മദ് ഗോറി നിര്യാതനായപ്പോള്‍, അടിമവംശ ഭരണകൂടത്തിന് അസ്തിവാരമിട്ട് ഖുതുബുദ്ദീന്‍ ഐബക്ക് ലാഹോറിന്റെ സാരഥ്യമേറ്റെടുത്തു. അങ്ങനെ സിന്ധു-ഗംഗാസമതലം മുഴുവന്‍ ഉള്‍ക്കൊളളുന്ന ഭാഗത്ത് പുതിയൊരു ശക്തി ഉദയം ചെയ്തു.
തുര്‍ക്കിയിലാണ് ഖുതുബുദ്ദീന്‍ ഐബക്കിന്റെ ജനനം. അടിമപ്പയ്യനായി വളര്‍ന്ന ഐബക്കിനെ നൈസാബൂരിലെ ഖാദിയാണ് വളര്‍ത്തിയതും പഠിപ്പിച്ചതും. എന്നാല്‍ ഖാദി മരണപ്പെട്ടതോടെ ഖുതുബുദ്ദീന്‍ വീണ്ടും അടിമക്കമ്പോളത്തിലെ വില്പനച്ചരക്കായി. ഒടുവിലാണ് മുഹമ്മദ് ഗോറിയുടെ കൈകളിലെത്തുന്നതും, ഇന്ത്യയിലെ ആദ്യ അടിമ വംശ ഭരണകൂടത്തിന്റെ സ്ഥാപകനാവാന്‍ നിയോഗമുണ്ടാവുന്നതും.
1192ല്‍ ഡല്‍ഹി പ്രവിശ്യയിലെ ഭരണാധികാരിയായെങ്കിലും 14 വര്‍ഷത്തിനു ശേഷം 1206 ലാണ് ഗോറി വംശത്തിന്റെ പിന്തുടര്ച്ചയെന്നോണം അടിമ വംശം സ്ഥാപിച്ച് ഖുതുബുദ്ദീന്‍ ഐബക്ക് ചക്രവര്‍ത്തിയാവുന്നത്. ചക്രവര്‍ത്തിയായി നാലു വര്‍ഷം മാത്രമേ ഭരിച്ചുള്ളു.
തിക്തമായ ജീവിതാനുഭവങ്ങളുളളതിനാലാവാം, ഖുതുബുദ്ദീന്‍ നീതിയും സമത്വവും ഔദാര്യവും ഭരണത്തിന്റെ മുഖമുദ്രയാക്കി. ഛിദ്രശക്തികളെ അടിച്ചമര്‍ത്തി. അഗതികളെ സഹായിച്ചു. ‘ലക്ഷങ്ങള്‍ ദാനം ചെയ്യുന്നവന്’ (ലാക് ബക്ഷ്) എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു. ഖുതുബുദ്ദീന്റെ ഭരണകാലത്ത് ‘ചെന്നായയും ആട്ടിന്‍കുട്ടിയും ഒരേ പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചിരുന്നു’ എന്ന ചൊല്ലുണ്ടായിരുന്നു. അത്രക്കും സമാധാനപൂര്‍ണമായിരുന്നു ഡല്‍ഹി.
ഡല്‍ഹിയിലും ആഗ്രയിലും ഖുതുബുദ്ദീന്‍ പണികഴിപ്പിച്ച പള്ളികളും സ്മാരകങ്ങളും ഇന്നും ഇന്ത്യയുടെ അഭിമാനങ്ങളായി വാനിലുയര്ന്നുനില്ക്കുന്നു. ഇതില്‍ ഏറ്റവും പ്രശസ്തമായതാണ് ഡല്‍ഹിയിലെ ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദും അതിന്റെ മിനാരമായ ഖുതുബ്മിനാറും. ലോക പൈതൃകപ്പട്ടികയിലിടം നേടിയ ഈ ഗഗനചാരിക്ക് അസ്തിവാരമിട്ടത് ഖുതുബുദ്ദീനാണ്. അദ്ദേഹത്തിന്റെ പേരില്‍ തന്നെ അത് അറിയപ്പെടു കയും ചെയ്യുന്നു.
പിന്നീട്, അബ്ബാസിയ ഖിലാഫത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ട അടിമവംശ ഭരണത്തിന്റെ ഈ ശില്പി ക്രി. 1210 (ഹി. 618)ല്‍ ദിവംഗതനായി. ലാഹോറില്വെച്ചായിരുന്നു അന്ത്യം.
അടിമവംശ ഭരണാധികാരികള്‍
എട്ടരപ്പതിറ്റാണ്ട് നീണ്ടു നിന്ന അടിമവംശ ഭരണത്തില്‍, ഖുതുബുദ്ദീന്‍ ഐബക്കിനു ശേഷം ഒന്‍പതു പേര് അധികാരം കൈയാളി. ഇവരില്‍ പലരും നാമമാത്രമായാണ് ചെങ്കോലേന്തിയത്. എന്നാല്‍ ക്രി.വ. 1211 മുതല്‍ 1236 വരെ ഭരിച്ച ശംസുദ്ദീന്‍ ഇല്‍ത്മിശ്, 1236 മുതല്‍ 1240 വരെ വാണ റസിയ സുല്‍ത്താന, 1266 മുതല്‍ 1287 വരെ ഭരണചക്രം തിരിച്ച ഗിയാസുദ്ദീന്‍ ബാല്‍ബന്‍ എന്നിവര്‍ ചരിത്രത്തില്‍ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയവരില്‍ മുന്നില്‍ നില്ക്കുന്നു.
കാല് നൂറ്റാണ്ടു കാലം അടിമവംശ ഭരണത്തിന്റെ തലപ്പത്തിരുന്ന ഇല്‍ത്മിശ് ഖുതുബുദ്ദീന്റെ അടിമ തന്നെയായിരുന്നു. അടിമവംശ ഭരണത്തിന് അടിത്തറയിട്ടത് ഖുതുബുദ്ദീനാണെങ്കില് അതിനെ സുശക്തവും വ്യവസ്ഥാപിതവുമാക്കിയത് ഇല്ത്മിഷാണ്.
മധ്യേഷ്യയില്‍ പ്രവാഹം പോലെ മുന്നേറിയ സര്‍വസംഹാരിയായ ചെങ്കിസ്ഖാന്റെ താര്‍ത്താരിപ്പട സിന്ധു നദിയുടെ മറുകര വരെയെത്തി. എന്നാല്‍ ഇന്ത്യയിലേക്കു കടക്കാന്‍ അയാള്‍ ധൈര്യപ്പെട്ടില്ല. ഇല്‍ത്മിഷിന്റെ ശക്തി ചെങ്കിസ്ഖാന് തിരിച്ചറിഞ്ഞതാണ് അതിനു കാരണമെന്ന് ചരിത്രം പറയുന്നു.
ഉജ്ജൈന്‍, ബിപില്സ എന്നീ പ്രദേശങ്ങള്‍ രാജ്യത്തോട് കൂട്ടിച്ചേര്‍ത്തത് ഇദ്ദേഹമാണ്. വിജ്ഞാനീയങ്ങളുടെ സംരക്ഷകനും മര്‍ദിതരുടെ ആശ്രയവുമായിരുന്നു ഐബക്കിന്റെ ഈ പിന്മുറക്കാരന്.
ഇല്‍ത്മിഷിന്റെ മകള്‍ റസിയ ബുദ്ധിമതിയും പ്രാപ്തയും കാര്യശേഷിയുള്ളവളുമായിരുന്നു. ഡല്‍ഹിയുടെ ചെങ്കോലേന്തിയ സുല്‍ത്താനയെന്ന ബഹുമതി അവരെ വേറിട്ടതാക്കി. എന്നാല്‍ സ്ത്രീ അധികാരം വാഴുന്നത് ഇഷ്ടപ്പെടാത്ത പ്രവിശ്യാ ഗവര്‍ണര്‍മാര്‍, അവരെ എതിര്‍ത്തു. സഹോദരനെത്തന്നെ അവര്‍ റസിയക്കെതിരെ തിരിച്ചുവിട്ടു. അങ്ങനെയാണ് നാലു വര്‍ഷം മാത്രം അധികാരത്തിലിരുന്ന അവര്‍ രംഗം വിട്ടത്. സഹോദരനുമായുള്ള യുദ്ധത്തില്‍ അവര്‍ വധിക്കപ്പെടുകയായിരുന്നുവെന്നു പറയപ്പെടുന്നു.
ഈ പരമ്പരയിലെ മറ്റൊരു പ്രധാനിയാണ് ഗിയാസുദ്ദീന്‍ ബാല്‍ബന്‍. രാജ്യത്തിന്റെ അഭ്യന്തര സമാധാനത്തിന് പരമപ്രാധാന്യം കല്പിച്ച ബാല്‍ബന്‍ ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്തി. തെറ്റു ചെയ്ത ഗവര്ണര്മാരെപ്പോലും കഠിന ശിക്ഷക്ക് വിധേയരാക്കി. പ്രജകളെ അങ്ങേയറ്റം സ്നേഹിക്കുകയും ചെയ്തു. ഭരണ പാടവത്തില്‍, അക്കാലത്ത് ലോകത്തിലെ തന്നെ പ്രഗല്ഭരില് ഒരാളായിരുന്നു ബാല്‍ബന്‍ എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
