ഹോം > കച്ചവടം... > കച്ചവടം: പ്രാധാന്യവും സാധുതയും

1 മിനിറ്റ് വായിച്ചില്ല

കച്ചവടം: പ്രാധാന്യവും സാധുതയും

കച്ചവടം മനുഷ്യന്റെ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തിന്റെ അനിവാര്യ ഘടകമാണ്. ഉപജീവന മാര്‍ഗമായി മാത്രമല്ല, സമൂഹത്തിലെ പരസ്പര ആശ്രയവും നീതിയും നിലനിര്‍ത്തുന്ന സംവിധാനമായാണ് ഇസ്‌ലാം കച്ചവടത്തെ കാണുന്നത്. സത്യസന്ധത, വിശ്വാസ്യത, നീതി എന്നിവ പാലിച്ചുള്ള കച്ചവടം അല്ലാഹു അനുവദിച്ചതും പ്രോത്സാഹിപ്പിച്ചതുമാണ്. അതേസമയം വഞ്ചന, അന്യായ ലാഭം, ചൂഷണം തുടങ്ങിയവ ഒഴിവാക്കിയാല്‍ മാത്രമേ ഒരു കച്ചവടം സാധുവാകൂ. അതിനാല്‍ കച്ചവടം: പ്രാധാന്യവും സാധുതയും നിബന്ധനകളും മനസ്സിലാക്കുന്നത് ഓരോ മുസ്‌ലിമിനും അത്യാവശ്യമാണ്.

കച്ചവടം ഇസ്‌ലാമിക സാമ്പത്തികജീവിതത്തില്‍ അംഗീകരിക്കപ്പെടുന്നതും പ്രോത്സാഹിപ്പിക്കപ്പെടുന്നതുമായ ഒരു ഉപജീവന മാര്‍ഗമാണ്. കച്ചവടത്തിന്റെ പ്രാധാന്യവും സാധുതയും, വിപണിയുടെ സാമൂഹികപങ്ക്, വിപണിയില്‍ വിശ്വാസവും നൈതികതയും പാലിക്കേണ്ടതിന്റെ ആവശ്യകത, മുഹൂര്‍ത്തങ്ങളുമായി ബന്ധപ്പെട്ട ധാരണകള്‍, വെള്ളിയാഴ്ച കച്ചവടവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ എന്നിവയെക്കുറിച്ച് ഈ ലേഖനം വിശദീകരിക്കുന്നു. ഖുർആനും സ്വീകാര്യ ഹദീസുകളും അടിസ്ഥാനമാക്കി വ്യാപാര ഇടപാടുകളെ നിയമപരവും നൈതികവുമായ നിലയില്‍ അവതരിപ്പിക്കുന്നതാണ് ഇതിന്റെ ലക്ഷ്യം.

സാമ്പത്തിക മേഖലയിലെ പ്രധാന ഇടപാടാണ് കച്ചവടം. പുരാതനകാലം മുതല്‍ ജീവിതവിഭവ സമാഹരണത്തിനായി മനുഷ്യര്‍ ഈ രീതി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നാണയങ്ങളും കറന്‍സികളുമെല്ലാം രൂപപ്പെടുന്നതിനു മുമ്പു തന്നെ ബാര്‍ട്ടര്‍ സംവിധാനത്തോടെ ഇതു നിലനിന്നിരുന്നു. ചലനാത്മകമായ സമൂഹത്തിന് അനിവാര്യമായതാണ് ഈ ഇടപാട്. മനുഷ്യന്റെ വളര്‍ച്ചയിലും പുരോഗതിയിലുമെല്ലാം കച്ചവടത്തിനും കച്ചവടയാത്രകള്‍ക്കുമുള്ള പങ്ക് വലുതാണ്. വെട്ടിപ്പിടുത്തങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കുമെല്ലാം കച്ചവടം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് വിത്തിട്ടതും കരുത്തായതും കച്ചവടമായിരുന്നു. അതോടൊപ്പം സാംസ്‌കാരിക കൈമാറ്റത്തിനും വൈജ്ഞാനിക വളര്‍ച്ചക്കും കച്ചവടം വലിയ സ്വാധീനം ചെലുത്തിയത് കാണാം. അറബികളുടെ കപ്പലോട്ടം ലോകത്തുണ്ടാക്കിയ വൈജ്ഞാനിക സാംസ്‌കാരിക വളര്‍ച്ച ഇതിനുതെളിവാണ്.

പ്രധാന സാമ്പത്തിക മേഖല എന്ന നിലയില്‍ ഇന്നും കച്ചവടവും വ്യാപാരവും തലയുയര്‍ത്തി നില്ക്കുന്നു. വാണിജ്യ മേല്‍കോയ്മയുള്ള രാഷ്ട്രങ്ങളും സമൂഹങ്ങളും സാങ്കേതികവിദ്യകളുടെ കുത്തൊഴുക്കിലും അവയെക്കൂടി സ്വാംശീകരിച്ച് തഴച്ചു വളരുന്നത് ചൈനയിലൂടെയും മറ്റും ലോകം കാണുന്ന യാഥാര്‍ഥ്യമാണ്.

മനുഷ്യന്റെ സാമൂഹികവും സാംസ്‌കാരികവും ധാര്‍മികവും സാമ്പത്തികവുമായ വളര്‍ച്ചയുടെ അടിക്കല്ലായ കച്ചവടത്തെ ഇസ്‌ലാം സമഗ്രതയോടെ കാണുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. പലിശയെ അല്ലാഹു നിഷിദ്ധമാക്കുകയും കച്ചവടം അനുവദനീയമാക്കുകയും ചെയ്തിരിക്കുന്നു എന്ന് ഖുര്‍ആനിലൂടെ ഉണര്‍ത്തുന്നത് കച്ചവടത്തിന്റെ ധര്‍മവും മഹത്വവും വ്യക്തമാക്കുന്നതാണ്. ‘ഏറ്റവും നല്ല വരുമാനമേത് എന്ന ചോദ്യത്തിന് കൃഷിയും നിയമപരമായ കച്ചവടവും’ എന്ന് നബി(സ്വ) മറുപടി പറയുന്നതിലും കച്ചവടത്തിന്റെ ധാര്‍മിക ബന്ധം കാണാവുന്നതാണ്.

മുഹമ്മദ് നബി(സ്വ) ജനിച്ചത് ഒരു കച്ചവട സമൂഹത്തിലാണ്. ഉഷ്ണശൈത്യകാലങ്ങളില്‍ യമനിലേക്കും സിറിയയിലേക്കും മാറിമാറിയുള്ള കച്ചവട സൗകര്യവും, കഅ്ബയുടെ പേരില്‍ നാട്ടിലും പുറംനാട്ടിലും സുരക്ഷിതമായ കച്ചവടവും സാധ്യമാക്കി തന്നതിനുള്ള നന്ദിയായി അല്ലാഹുവിനെ മാത്രം ആരാധിക്കാന്‍ മക്കക്കാര്‍ക്ക്, വിശിഷ്യാ ഖുറൈശികള്‍ക്ക് ബാധ്യതയുണ്ടെന്ന് ഖുര്‍ആനിലെ ഖുറൈശ് അധ്യായത്തിലൂടെ അല്ലാഹു അവരെ ഓര്‍മപ്പെടുത്തുന്നുണ്ട്.

നബി(സ്വ)യും പല അനുചരന്മാരും കച്ചവടക്കാരായിരുന്നു. കച്ചവടവുമായി കെട്ടുപിണഞ്ഞുകിടന്ന ആ സമൂഹത്തിന്റെ നേര്‍ചിത്രമാണ്, മദീനയില്‍ നബി(സ്വ) ജുമുഅ നടത്തിക്കൊണ്ടിരിക്കെ അങ്ങാടിയില്‍ കച്ചവട സംഘത്തിന്റെ ആരവം കേട്ടപ്പോള്‍ റസൂലിനെ വിട്ട് ഓടിപ്പോകുന്ന അനുചരന്മാര്‍. ഹജ്ജില്‍ കച്ചവടം നടത്താനും നമസ്‌കാരം കഴിഞ്ഞ ഉടനെ കച്ചവടത്തിനായി പോകാനും കച്ചവടത്തിനായി നമസ്‌കാര ദൈര്‍ഘ്യം കുറയ്ക്കാനുമെല്ലാം ഖുര്‍ആന്‍ അനുമതി നല്കിയതില്‍ നിന്ന് ശ്രേഷ്ഠമായ തൊഴിലാണ് കച്ചവടമെന്ന് പറയാം.

തന്റെ ഉടമസ്ഥതയിലുള്ള ഉപകാരപ്രദമായ ഒരു വസ്തുവോ വസ്തുതയോ ആവശ്യക്കാരനായ വ്യക്തിക്ക് വില നിശ്ചയിച്ച് കൈമാറുക എന്ന ലളിതമായ ഇടപാടാണ് കച്ചവടം. ഇന്നത് അതിസങ്കീര്‍ണമായ ഒരുപാട് നിയമങ്ങള്‍ അനുസരിച്ച് നിര്‍വഹിക്കപ്പെടേണ്ട എഞ്ചിനീയറിംഗായി മാറിയിരിക്കുന്നു. കച്ചവടം സുതാര്യവും സുഗമവുമാക്കുന്നതിന് ആധുനിക ലോകം വന്‍ പഠന ശാഖകളും നിയമ സംവിധാന ങ്ങളുമെല്ലാം രൂപപ്പെടുത്തിയിട്ടുണ്ട്. കേവല ഭൗതിക അടിത്തറയില്‍ സ്ഥാപിതമായ ഈ സംവിധാനങ്ങള്‍ പക്ഷേ, മാനവരാശിയുടെ ഋജുവും സന്തുലിതവുമായ വളര്‍ച്ചക്ക് ഉപകാരപ്പെടുന്നില്ല. ഏതാനും വലിയ കച്ചവടക്കാരെ ഇനിയും വലുതാക്കാനും ലക്ഷോപലക്ഷം ചെറുകിടക്കാരെ കടക്കാരാക്കാനുമാണ് വ്യവസായ വാണിജ്യ ലോബികളുടെ നിയമസംഹിതകള്‍ ഉപയോഗപ്പെടുന്നത്. മാനവികതക്ക് വിലകല്പിക്കാത്ത ലാഭലോബിയാണ് ഇന്ന് കച്ചവടം നിയന്ത്രിക്കുന്നത്. പലിശയും ചൂതും ചതിയും വഞ്ചനയുമെല്ലാം സമാസമം ചേര്‍ത്ത് രൂപപ്പെടുത്തുന്ന കച്ചവടക്കൂട്ടുകള്‍ എല്ലാ മാനുഷിക മൂല്യങ്ങളെയും കളിയാക്കുകയും ഉല്ലംഘിക്കുകയുമാണ്. തടയിടേണ്ടവര്‍ കൂട്ടുനില്ക്കുന്ന ദയനീയ കാഴ്ചയാണ് വര്‍ത്തമാനലോക ദുരന്തം.

മനുഷ്യനുമായി അഭേദ്യമായി ബന്ധമുള്ള കച്ചവടത്തെ മാനവികമാക്കാന്‍ ഇസ്‌ലാം ഏറെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും അത് നടപ്പിലാക്കി ലോകത്തിനു കാണിച്ചു കൊടുക്കുകയും ചെയ്തു. വിശുദ്ധ ഖുര്‍ആനിലും നബി(സ്വ)യുടെ ചര്യയിലുമായി പരന്നു കിടക്കുന്ന കച്ചവട നിയമങ്ങളെ ഇസ്‌ലാമിക കര്‍മശാസ്ത്രം വളരെ വിശദമായി തന്നെ വിശദീകരിച്ചിട്ടുണ്ട്. ആധുനിക നിയമങ്ങളും വ്യവസ്ഥകളും രൂപപ്പെടുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഇസ്‌ലാം മുന്നോട്ടു വെച്ച നിയമങ്ങള്‍ ഇന്നും നിത്യപ്രസക്തമായി നിലനില്ക്കുന്നു.

മുസ്‌ലിമിന്റെ വരുമാനം അനുവദനീയമായിരിക്കണം. ”സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത് തിന്നരുത്. നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു’‘(4:29). കച്ചവടം അനുവദനീയമാകുന്നത് ഇസ്‌ലാമിക നിബന്ധനകള്‍ പാലിക്കപ്പെടുമ്പോഴാണ്. വില്‍ക്കുന്നവന്‍, വാങ്ങുന്നവന്‍, ചരക്ക് എന്നിവയാണ് ഇടപാടിലെ അനിവാര്യ ഘടകങ്ങള്‍. കച്ചവടം സാധുതയുള്ളതായി മാറണമെങ്കില്‍ അതില്‍ സംതൃപ്തി, ധാര്‍മികത എന്നീ ഘടകങ്ങള്‍ കൂടി ഉള്‍ച്ചേരേണ്ടതുണ്ട്. കച്ചവടം നടത്താനുള്ള അര്‍ഹത ബുദ്ധി, പ്രായപൂര്‍ത്തി, അറിവ് എന്നിവയാണ് ക്രേതാവിനും വിക്രേതാവിനുമുണ്ടായിരിക്കേണ്ട യോഗ്യത. താന്‍ നിര്‍വഹിക്കുന്ന കച്ചവടത്തെക്കുറിച്ചും ചരക്കിനെക്കുറിച്ചുമെല്ലാം സാമാന്യധാരണ ക്രേതാവിനും വിക്രേതാവിനും ഉണ്ടായിരിക്കണം. ഇവരും ഇവര്‍ ചുമതലപ്പെടുത്തുന്നവരും വ്യക്തമായ വാക്കുകളോ രേഖകളോ കൊണ്ട് കച്ചവടം നടത്തണം. കുട്ടികളും ബുദ്ധിമാന്ദ്യമുള്ളവരും ലഹരിബാധിതരും നടത്തുന്ന ഇടപാടുകള്‍ക്ക് സാധുതയില്ല. ഇടപാടില്‍ രണ്ടുപേരും സംതൃപ്തരായിരിക്കണം. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ വില്‍ക്കുന്നവന്റെ സംതൃപ്തി പരിഗണിക്കേണ്ടതില്ലെന്നാണ് പണ്ഡിതാഭിപ്രായം. കടത്തില്‍ മുങ്ങിയവനോ പാപ്പറായി പ്രഖ്യാപിക്കപ്പെട്ടവനോ അവന്റെ വസ്തുവിറ്റ് കടം വീട്ടേണ്ടി വരുമ്പോള്‍ പൂര്‍ണ സംതൃപ്തനായിരിക്കണമെന്നില്ല എന്നാണ് അവര്‍ അതിന് ഉദാഹരണം പറയുന്നത്.

ഇടപാടുകാര്‍ക്കിടയില്‍ തര്‍ക്കമുണ്ടാവുകയും വ്യക്തമായ തെളിവു സമര്‍പ്പിക്കാന്‍ രണ്ടു കൂട്ടര്‍ക്കും സാധിക്കാതെ വരികയും ചെയ്താല്‍ ഉടമയുടെ വാദമാണ് സ്വീകരിക്കപ്പെടുക. അപ്പോള്‍ ഇടപാട് ദുര്‍ബലപ്പെടുത്തി ചരക്ക് ഉടമയ്ക്ക് തിരിച്ചു നല്കുകയാണ് വേണ്ടത്. ”രണ്ടു കച്ചവടക്കാര്‍ തമ്മില്‍ ഭിന്നിക്കുകയും അവര്‍ക്ക് തെളിവില്ലാതെ വരികയും ചെയ്താല്‍ ചരക്കുടമയുടെ വാക്കാണ് സ്വീകരിക്കേണ്ടത്, അല്ലെങ്കില്‍ കച്ചവടം പരസ്പരം ഒഴിയണം” എന്നാണ് നബി(സ്വ)യുടെ നിര്‍ദേശം. (അബീദാവൂദ്) 1

ചരക്കിന്റെ കാര്യത്തിലും ഇസ്‌ലാമിന് മാനവിക കാഴ്ചപ്പാടുണ്ട്. അതിനാല്‍ സ്രഷ്ടാവ് നിഷിദ്ധമാക്കിയ വസ്തുക്കള്‍ കച്ചവടം ചെയ്യാന്‍ പാടില്ല. വില്‍ക്കുന്നവന്റെ ഉടമസ്ഥതയിലുള്ളതും കൈമാറാനും ഏറ്റെടുക്കാനും കഴിയുന്നതുമായിരിക്കണം വസ്തു. പ്രയോജനകരവും വിശിഷ്ടവുമാകണം. ന്യൂനതകള്‍ വ്യക്തമാക്കുകയും അളവ്, ഗുണം എന്നിവ തിട്ടപ്പെടുത്തുകയും വേണം. ഇതില്‍ ഏതെങ്കിലുമൊന്ന് നഷ്ടമായാല്‍ ആ ഇടപാട് സാധുവല്ല. ഉടമപ്പെടുത്തും മുമ്പ് നഷ്ടം സംഭവിച്ചത് വിറ്റവന്‍ കാരണമോ അജ്ഞാതകാരണത്താലോ ആണെങ്കില്‍ നഷ്ടം അയാളാണ് സഹിക്കേണ്ടത്. മറ്റൊരാള്‍ കാരണമാണെങ്കില്‍ അയാളില്‍ നിന്നാണ് അത് ഈടാക്കേണ്ടത്. വാങ്ങിയവന്‍ കാരണമായി ഉണ്ടായതാണെങ്കില്‍ അയാള്‍ അതിനുത്തരവാദിയാണ്.

കച്ചവടം സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചക്കെന്നതുപോലെ ധാര്‍മിതയ്ക്കും അനുഗുണമാകണം. പലിശ വളരുന്നില്ലെന്നു പറയുകയും കച്ചവടം അനുവദനീയമാക്കി യിരിക്കുന്നു എന്ന് അല്ലാഹു ഉണര്‍ത്തുന്നത് ഇതിന് തെളിവാണ്. ലാഭനഷ്ടങ്ങള്‍ കച്ചവടത്തിന്റെ അനിവാര്യതയാണ്. എന്നാല്‍ ധാര്‍മികമായ കച്ചവടം ഭൗതികമായി നഷ്ടത്തിലായാലും ദൈവികമായി ലാഭത്തിലും വളര്‍ച്ചയിലുമായിരിക്കും. അതിനാലാണ് വിശ്വാസപരവും ധാര്‍മികവുമായ കാഴ്ചപ്പാടിലൂടെ സമൂഹദ്രോഹപരമായ കച്ചവടങ്ങള്‍ ഇസ്‌ലാം നിരോധിക്കുന്നത്. വിഗ്രഹങ്ങളും ഏലസും ശവവും മദ്യവുമെല്ലാം നിരോധിക്കപ്പെടുന്നത് ഇങ്ങനെയാണ്. അമിതലാഭം, കരിഞ്ചന്ത, അവ്യക്തത എന്നീ രീതികളും നിഷിദ്ധമായത് ഈ ധാര്‍മിക അടിത്തറയില്‍ നിന്നുകൊണ്ടാണ്.

ഇന്നു നടന്നുകൊണ്ടിരിക്കുന്ന പല കച്ചവടങ്ങളിലും അല്ലാഹുവിന്റെ ഈ അതിരുകള്‍ പാലിക്കപ്പെടുന്നില്ലെന്നു കാണാം. മുസ്‌ലിംകളും നാടോടുമ്പോള്‍ മുന്നിലോടുകയാണ്. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) അരുളി: മനുഷ്യര്‍ക്ക് ഒരു കാലഘട്ടം വരും. അന്ന് മനുഷ്യന്‍ സമ്പാദിക്കുന്ന ധനം ഹാറാമായതോ ഹലാലായതോ എന്നൊന്നും ഗൗനിക്കുകയില്ല (ബുഖാരി) 2 ഇസ്‌ലാം വെച്ച നിബന്ധനകള്‍ പാലിക്കാത്ത കച്ചവടങ്ങള്‍ അസാധുവാണ്. ഇത്തരം കച്ചവടങ്ങളില്‍ ലഭിക്കുന്ന ചരക്കുകള്‍ വിക്രേതാവിനെ തിരിച്ചേല്‍പിക്കണം. നിശിച്ചുപോയതാണെങ്കില്‍ തുല്യമായ വസ്തുവോ വിലയോ നല്കണം. ഇതിലൂടെ വല്ല ലാഭവും നേടിയിട്ടുണ്ടെങ്കില്‍ അത് ദാനംചെയ്യണം.

എല്ലാ നിയമങ്ങളും പാലിച്ച് വളരെ സൂക്ഷ്മതയോടെ നിര്‍വഹിക്കുന്ന കച്ചവടം പുണ്യകര്‍മമാണെന്നുമാത്രമല്ല അവര്‍ക്ക് അതിമഹത്തായ പദവിയുമുണ്ട്.

വിപണി

സാമ്പത്തിക വ്യവസ്ഥിതിയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഭാഗമാണ് വിപണി. ചെറുതായാലും വലുതായാലും ചൂഷണമുക്തവും ബാഹ്യസമ്മര്‍ദങ്ങളില്ലാത്തതും സ്വതന്ത്രവുമായിരിക്കണം വിപണിയെന്നത് സാമ്പത്തിക സുസ്ഥിതിയുടെ സുതാര്യമായ മാനദണ്ഡമാണ്. പക്ഷേ ഇതു നടപ്പാക്കാന്‍ ഇസ്‌ലാമിക സാമ്പത്തിക സംവിധാനമേ ക്രിയാത്മകമായ നടപടികളെടുത്തുള്ളൂവെന്നതാണ് പരമാര്‍ഥം. മാര്‍ക്കറ്റില്‍ വസ്തുക്കള്‍ക്ക് വിലയേറിയപ്പോള്‍ അത് നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ട അനുചരന്മാരോട്, അല്ലാഹുവാണ് വിഭവങ്ങള്‍ ചുരുക്കുകയും വിശാലമാക്കുകയും വില നിയന്ത്രിക്കുകയും ചെയ്യുന്നവന്‍ എന്നായിരുന്നു നബി(സ്വ)യുടെ പ്രതികരണം (അബീദാവൂദ്) 3 അഥവാ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളാണ് വിഭവ ലഭ്യതയുടെ കാതലെന്നും അതിനാല്‍ അങ്ങനെയുണ്ടാകുന്ന കാരണങ്ങളാല്‍ വിഭവലഭ്യത കൂടുകയും കുറയുകയും ചെയ്യുമ്പോള്‍ വിലക്കുറവും വിലക്കയറ്റവും സ്വാഭാവികമാണെന്നും അത് ബാഹ്യമായി നിയന്ത്രിക്കരുത് എന്നുമാണ് നബി(സ്വ) പഠിപ്പിക്കുന്നത്. ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ വിപണിയില്‍ അധികാരികള്‍ ഇടപെടുന്നത് നിഷിദ്ധമാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതരുണ്ട്. മാര്‍ക്കറ്റു വിലയെക്കാള്‍ കുറഞ്ഞ വിലയില്‍ ചരക്കു വിറ്റ വ്യക്തിയോട് ഒന്നുകില്‍ മാര്‍ക്കറ്റ് വിലയില്‍ വില്ക്കുകയോ അല്ലെങ്കില്‍ പുറത്തുപോയി കച്ചവടം നടത്തുകയോ ചെയ്യാന്‍ ഉമര്‍(റ) ആവശ്യപ്പെട്ടതും വിപണിയുടെ സുരക്ഷയും അതിന്റെ സ്വാതന്ത്ര്യവും സൂചിപ്പിക്കുന്നതാണ്.

എന്നാല്‍ വിപണിയുടെ സ്വാതന്ത്ര്യം ചൂഷണമുക്തമാകണമെങ്കില്‍ അത് അധികാരികളുടെ നിയന്ത്രണത്തിലാകണം. മനുഷ്യനുണ്ടാക്കുന്ന കൃത്രിമങ്ങളായ കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമെല്ലാം നിയമനിര്‍മാണത്തിലൂടെയും ശക്തമായ നിരീക്ഷണത്തിലൂടെയും നിയന്ത്രിക്കണമെങ്കില്‍ അത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ പറ്റുന്നവിധത്തിലായിരിക്കണം വിപണി സജ്ജീകരിക്കേണ്ടത്. ആധുനിക വിപണികള്‍ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ചില കുത്തകകള്‍ നിയന്ത്രിക്കുന്നവയാണ്. കൃത്രിമമായ ക്ഷാമവും വിലക്കയറ്റവുമെല്ലാം അവര്‍ ഉണ്ടാക്കിയെടുക്കുന്നത് ഉത്പാദനത്തെയും ആവശ്യത്തെയും വിപണനത്തെയുമെല്ലാം അന്യായമായി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നു. ഇത് പണപ്പെരുപ്പത്തിനും അതു മുഖേനെ ദരിദ്രരുടെ എണ്ണപ്പെരുപ്പത്തിനും കാരണമാകുന്നു.

വിപണിയിലെ അരുതായ്മകള്‍ക്കെതിരെ നിശ്ചിത അകലത്തുനിന്ന് സര്‍ക്കാര്‍ വളരെ കൃത്യമായ നിരീക്ഷണവും നിയന്ത്രണവും നിര്‍വഹിക്കുന്നു. അതോടൊപ്പം ആര്‍ക്കും നേരിട്ട് സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും സ്വാതന്ത്ര്യം ഉണ്ടായിരിക്കും. സര്‍ക്കാരിന്റെ നികുതികള്‍ക്ക് നിയന്ത്രണമുണ്ടാകും, സ്വര്‍ണവും വെള്ളിയും പോലെ പണത്തിന്റെ അടിസ്ഥാനമായ വസ്തുക്കള്‍ സൂക്ഷിച്ചുവെക്കുന്നതും അവ മറ്റുനിലക്ക് ഉപയോഗിക്കുന്നതും നിയന്ത്രിക്കും. (സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുന്നതും പുരുഷന്‍ സ്വര്‍ണാഭരണം ഉപയോഗിക്കുന്നതും മറ്റും നിരോധിച്ചതിനു പിന്നില്‍ ഈ യുക്തികൂടി കാണാം.) പണം അമിതമായി നിക്ഷേപിച്ചുവെക്കുന്നതിനെ നിരുത്സാഹപ്പെടുത്തി മാര്‍ക്കറ്റിനാവശ്യമായ പണലഭ്യത ഉറപ്പാക്കും. (വളര്‍ച്ചയില്ലാത്തതാണെങ്കിലും സ്വര്‍ണം, വെള്ളി, പണം എന്നിവക്ക് നിശ്ചിത അളവുകഴിഞ്ഞാല്‍ വര്‍ഷാവര്‍ഷം സകാത്ത് നിശ്ചയിച്ചത് ഈ ഉദ്ദേശ്യത്തോടു കൂടിയാണ്.) പലിശ നിരോധിക്കും. ഒരാള്‍ കച്ചവടമാക്കുന്ന ചരക്കിനുമേല്‍ മറ്റൊരാള്‍ വിലയേറ്റി പറയില്ല. ഊഹക്കച്ചവടമുണ്ടാകില്ല. ഏകീകൃത കറന്‍സിയായിരിക്കും ഉപയോഗിക്കുക. ഒരേ കറന്‍സിക്ക് വ്യത്യസ്തമൂല്യമുണ്ടാകില്ല. ഒരേ വസ്തുവിന് വിവിധ മൂല്യങ്ങളുണ്ടാകില്ല.(വസ്തുക്കള്‍ പരസ്പരം കൈമാറ്റംചെയ്യുമ്പോള്‍ ഏറ്റക്കുറച്ചിലുകള്‍ പാടില്ലെന്ന നബി(സ്വ)യുടെ നിര്‍ദേശം ഇതാണര്‍ഥമാക്കുന്നത്) ഈ നിലപാടുകളില്‍ ഊന്നിയായിരിക്കും ഇസ്‌ലാം വിഭാവന ചെയ്യുന്ന വിപണി മുന്നേറുക.

ചൂഷണമുക്തമായ വിപണി യാഥാര്‍ഥ്യമാകണമെങ്കില്‍ അനിവാര്യമായ കാര്യം ക്രേതാക്കളും വിക്രേതാക്കളുമായ സമൂഹത്തിന്റെ ശരിയായ ധാര്‍മികബോധമാണ്. തന്റെ ഇടപാട് പുണ്യകര്‍മമാണെന്ന ബോധമുണ്ടാകണം. സഹോദരനെ ചതിച്ചു നേടുന്ന സ്വത്ത് ഈ ജീവിത്തിലോ മരണാനന്തരജീവിതത്തിലോ ഉപകാരപ്പെടില്ലെന്ന തിരിച്ചറിവുണ്ടാകണം. ഇത് പക്ഷേ, നിയമങ്ങള്‍ കൊണ്ട് നിര്‍മിച്ചെടുക്കുകയോ ശിക്ഷാനടപടികള്‍ കൊണ്ട് നടപ്പിലാക്കുകയോ സാധ്യമല്ല. കൃത്യമായ ദൈവവിശ്വാസം മാത്രമേ ഇതിന് പരിഹാരമുള്ളൂ. താന്‍ നിരീക്ഷണത്തിലാണെന്നും ഏതു സമയവും ദൈവിക ശിക്ഷ ലഭിച്ചേക്കാമെന്നും തന്റെ വിപണനത്തിലും ഉപഭോഗത്തിലും ദൈവകാരുണ്യമുണ്ടാകില്ലെന്നും മരണാനന്തരജീവിതം നരകമാകുമെന്നുമെല്ലാം ഭയപ്പെടുന്ന വിശ്വാസം. ഭൗതിക ലാഭങ്ങളെക്കാള്‍ മനസ്സംതൃപ്തിയും ദൈവപ്പൊരുത്തവും പാരത്രിക സുഖങ്ങളുമാണ് വലുതെന്ന പ്രതീക്ഷയുടെ വിശ്വാസം. ഇതാണ് ധര്‍മബോധമുള്ള വില്‍പനക്കാരനെയും ബോധമുള്ള ഉപഭോക്താവിനെയും സൃഷ്ടിക്കുക.

ഉമര്‍(റ)ന്റെ ഭരണകാലത്ത് പാലില്‍ മായം ചേര്‍ക്കാന്‍ ആവശ്യപ്പെടുന്ന ഉമ്മയോട് അല്ലാഹു കാണുമെന്നുണര്‍ത്തുന്നത് ബിസിനസ് ബിരുദങ്ങളില്ലാത്ത പെണ്‍കുട്ടിയാണ്. ക്ഷാമകാലത്ത് മാര്‍ക്കറ്റിലെത്തിയ തന്റെ ഒട്ടകച്ചുമടുകള്‍ക്ക് നാലിരട്ടി വിലനല്കാന്‍ തയ്യാറായ കച്ചവടക്കാര്‍ക്കു മുമ്പില്‍, പത്തിരട്ടി നേടാന്‍ കഴിയുന്ന ദൈവമാര്‍ഗത്തിലേക്ക് അവയെല്ലാം സൗജന്യമായി നല്കുന്നു എന്നു പറഞ്ഞത് റസൂലിന്റെ അനുചരനാണ്. ജൂതനില്‍ നിന്ന് കടമായി വാങ്ങിയ എണ്ണടിന്നുകളില്‍ ഒന്നില്‍ ചത്ത എലിയെ കണ്ടപ്പോള്‍, ഇത് ജൂതന് തിരിച്ചുകൊടുത്താല്‍ അയാള്‍ ബാക്കി മറ്റാര്‍ക്കെങ്കിലും വില്‍ക്കാന്‍ സാധ്യതയുണ്ടെന്നു കരുതി നാല്പതിനായിരം ദിര്‍ഹമിന്റെ മൊത്തം എണ്ണടിന്നുകളും ഒഴിച്ചുകളയാനും കടക്കാരനായി ജയില്‍ ഏറ്റുവാങ്ങാനുമുള്ള ധാര്‍മികത ഇബ്‌നു സീരീന്(റ) ലഭിക്കുന്നത് ഇസ്‌ലാമിന്റെ പാഠശാലയില്‍ നിന്നാണ്. യഥാര്‍ഥവിലയറിയാതെ അമിതവിലക്ക് ഭൃത്യന്‍ വിറ്റ വസ്ത്രത്തിന്റെ വിലയില്‍ ഉപഭോക്താവ് തൃപ്തനായിട്ടും അയാളെ കണ്ടെത്തി അമിതമായി വാങ്ങിയ സംഖ്യ തിരിച്ചുകൊടുത്ത ശേഷം മതി ബാക്കി കച്ചവടം എന്നു തീരുമാനിച്ച ഇമാം അബൂഹനീഫ(റ) എന്ന കച്ചവടക്കാരനുണ്ടായതും ഇസ്‌ലാമിക വിപണിയിലാണ്.

സമ്മാനങ്ങളുടെയും വിലക്കിഴിവുകളുടെയും എന്തെല്ലാം പ്രലോഭനങ്ങളുണ്ടായാലും ആവശ്യമുള്ളതേ വാങ്ങൂ എന്നു ചിന്തിക്കുന്ന ഉപഭോക്താക്കളും, ലാഭം എത്ര കുറഞ്ഞാലും ജനങ്ങള്‍ക്ക് ഗുണമുള്ളതേ വില്‍ക്കൂവെന്നും ചരക്കുകളുടെ ഗുണത്തിലും ഗണത്തിലും കൃത്രിമം കാണിക്കില്ലെന്നും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടത്തില്ലെന്നും സ്വയം തീരുമാനിക്കുന്ന കച്ചവടക്കാരനും ജനിക്കണമെങ്കില്‍ ഏകദൈവവിശ്വാസവും അതു നല്കുന്ന പരലോകബോധവും തന്നെ വേണം. തന്റെ ഉപജീവനത്തിനുള്ളത് ലഭിച്ചിരിക്കുന്നു; ഇനി അടുത്ത കടയില്‍ നിന്ന് വസ്തുക്കള്‍ വാങ്ങിക്കൊള്ളൂ എന്നു പറയുന്ന ഹൃദയവിശാലത യഥാര്‍ഥ മുസ്‌ലിം കച്ചവടക്കാരന്നു മാത്രമേ ലഭിക്കൂ.

വിപണിയും വിശ്വാസവും

കച്ചവടത്തിലെ ലാഭ പ്രതീക്ഷ മനുഷ്യനെ കടുത്ത മാനസിക സംഘര്‍ഷങ്ങളിലാക്കും. നഷ്ടഭയം അവനെ ആശങ്കയുടെ മുള്‍മുനയിലാക്കുന്നു. ഭൗതികജീവിതസന്ധികളിലെല്ലാം ആശങ്കകള്‍ക്കും ഭീതികള്‍ക്കും വിരാമമിടാനും പ്രതീക്ഷയുടെ പ്രഭാതങ്ങളില്‍ അഭിരമിക്കാനും അവന്ന് തുണയേകേണ്ടത് ദൈവവിശ്വാസമാണ്. അത് പക്ഷേ, സമാധാനം നല്കുന്നത് നേരെ ചൊവ്വെ ജീവിക്കുന്നവര്‍ക്കും ആര്‍ത്തിമുക്തരായവര്‍ക്കുമാണ്. ഇതു രണ്ടും ചില സുഖങ്ങളെ നിയന്ത്രിക്കുന്നവയാണ്.

ശരിയായ മാര്‍ഗത്തിലൂടെയുള്ള കച്ചവടത്തിലേ ദൈവത്തിന്റെ ശരിയായ കടാക്ഷമുണ്ടാകൂ. കുറുക്കുവഴികള്‍ തേടി മനുഷ്യരും അല്ലാത്തവരുമായ കുഞ്ഞു ദൈവങ്ങളെയും ദിവ്യകേന്ദ്രങ്ങളെയും സമീപിക്കുന്നത് വിശ്വാസ വികലതയാണ്. നബി(സ്വ) വരുന്ന കാലത്തെ കച്ചവടക്കാരായ മക്കക്കാര്‍ കഅ്ബയില്‍ പ്രതിഷ്ഠിച്ച പ്രതിമകള്‍ക്കു മുന്നില്‍ നിന്ന് പ്രശ്‌നക്കോലുകളെടുത്താണ് കച്ചവടം ചെയ്യാന്‍ ശകുനവും മുഹൂര്‍ത്തവും മറ്റും തീരുമാനിച്ചിരുന്നത്. ഇത് ഇസ്‌ലാം നിരോധിക്കുന്നു. ”വിശ്വസിച്ചവരേ, മദ്യം, ചൂതാട്ടം, പ്രതിഷ്ഠകള്‍, പ്രശ്‌നോപകരണങ്ങള്‍ ഇവയെല്ലാം പൈശാചികമായ നീചകൃത്യമാണ്. അതിനാല്‍ നിങ്ങള്‍ അത് വര്‍ജിക്കുക. നിങ്ങള്‍ വിജയികളാവാന്‍ വേണ്ടി.’‘(5:90).

കള്ളവും വഞ്ചനയും മറയ്ക്കാന്‍ ഇത്തരക്കാര്‍ ഇഷ്ടദൈവങ്ങള്‍ക്ക് നേര്‍ച്ച നല്കുക പതിവാണ്. കൂടാതെ ചില ക്ഷുദ്ര പ്രവര്‍ത്തനങ്ങളും ആത്മീയ അനുഷ്ഠാനങ്ങളും അകമ്പടിയായി നിര്‍വഹിക്കാറുമുണ്ട്. പ്രത്യേക സ്‌തോത്ര കീര്‍ത്തനങ്ങളും ദുര്‍മന്ത്ര വാദങ്ങളും സര്‍വൈശ്വര്യപൂജകളും ഇതില്‍പെട്ടതാണ്. പ്രപഞ്ചനാഥനില്‍ വിശ്വാസ മുറയ്ക്കാത്തവന്‍ ആകാശത്തു നിന്നു വീണവനെപോലെ എവിടെയും നില്പുറയ്ക്കാതെ ചഞ്ചലമായിക്കൊണ്ടിരിക്കും. അവന്‍ കച്ചവടവിജയത്തിനായി പുതിയ പുതിയ കൃത്രിമ ആത്മീയ വഴികള്‍ തെരയും. ഇപ്പോള്‍ മാര്‍ക്കറ്റിലുള്ള അത്തരം ലാഭ പദ്ധതിയാണ് ചൈനീസ് ഫെങ്ഷൂയി. പണപ്പെട്ടി പ്രതിഫലിപ്പിക്കുന്ന കണ്ണാടിയും ചരക്കു പെരുപ്പിച്ചു കാണിക്കുന്ന കണ്ണാടിയും പ്രതിഷ്ഠിക്കുകയും സ്റ്റോക്, കാഷ്, റസീതു പുസ്തകങ്ങള്‍ക്കുമേല്‍ ചുവന്ന ചരടില്‍ ചൈനീസ് നാണയം കുരുക്കിയിടുകയും പച്ചമുളകും ചെറുനാരങ്ങയും നൂലില്‍ കോര്‍ത്തു തൂക്കിയിടുകയുമെല്ലാം ചെയ്താല്‍ കച്ചവടത്തില്‍ അഭിവൃദ്ധിയുണ്ടാകുമെന്നാണ് ഫെങ്ഷൂയി വിശ്വാസം. ഇത് അക്ഷയ തൃതീയയും ഭൈരവീ മന്ത്രങ്ങളും അത്ഭുതമാണിക്യങ്ങളുമായി ചൂഷണത്തിന്റെ പുതുവഴികള്‍ രൂപപ്പെടുത്തുന്ന വിപണി നിര്‍മിക്കുകയാണ്. കച്ചവടക്കാരും ഉപഭോക്താക്കളും ഒരുപോലെ ആത്മീയകച്ചവടക്കാരാല്‍ പറ്റിക്കപ്പെടുന്ന ദുര്‍ഗതിയാണ് ഇവിടങ്ങളില്‍ നടപ്പിലാകുന്നത്.

ഇതിനെതിരെ ബോധവത്കരണം നടത്തേണ്ട മുസ്‌ലിം കച്ചവടക്കാരാകട്ടെ, തങ്ങളെയും സിദ്ധനെയും പുരോഹിതനെയും ഉപയോഗിച്ച് ഇതേ കാര്യങ്ങള്‍ കൂടുതല്‍ വ്യാപകമായി നിര്‍വഹിക്കുകയാണ്. സത്യസന്ധനായ കച്ചവടക്കാരനും സംതൃപ്തനായ ഉപഭോക്താവും ഇത്തരം കറുത്ത ആത്മീയവാദികളില്‍ നിന്നുരുത്തിരിയുകയില്ല. കച്ചവടത്തില്‍ അഭിവൃദ്ധിനേടാന്‍ ഇസ്‌ലാം പ്രത്യേക ദിക്ര്‍, ദുആ, ഖുര്‍ആന്‍ ചികിത്സ തുടങ്ങി യാതൊരു ചടങ്ങും നിര്‍ദേശിച്ചിട്ടില്ല. സത്യസന്ധമായി കച്ചവടം നടത്തിയാല്‍ അതില്‍ അനുഗ്രഹമുണ്ടാകുമെന്നാണ് നബി(സ്വ) പഠിപ്പിച്ചത്. സത്യവിശ്വാസികള്‍ക്ക് അത്തരം അഭിവൃദ്ധി മതിയാകുന്നതാണ്.

കച്ചവടവുമായി ബന്ധപ്പെട്ട മറ്റുചില അന്ധവിശ്വാസങ്ങളും നടപ്പിലുണ്ട്. ആദ്യത്തെ കച്ചവടവും അവസാനത്തെ ഇടപാടുമെല്ലാം കടമായാല്‍ ദിവസം മുഴുവന്‍ അവലക്ഷണമായി കാണുന്നവരുണ്ട്. ‘കൈനീട്ടം’ നല്ല മനുഷ്യരുടെതല്ലെങ്കില്‍ അത് കച്ചവടത്തിന് അപകടമായി വിശ്വസിക്കുന്നവരുണ്ട്. ഇതിനൊന്നും ഇസ്‌ലാമികമായി യാതൊരു പ്രമാണവുമില്ല. കച്ചവടത്തിലെ ലാഭനഷ്ടങ്ങള്‍ ആരുടെയെങ്കിലും കൈനീട്ടം, ഏതെങ്കിലും അത്യാവശ്യക്കാരന്റെ കടം വാങ്ങല്‍, കരിനാക്ക്, കരിങ്കണ്ണ് തുടങ്ങിയവയുമായി ബന്ധിപ്പിച്ചാല്‍ അവന്‍ ഇസ്‌ലാമില്‍ നിന്നു തന്നെ പുറത്തായി എന്നാണ് ഇസ്‌ലാമിക അധ്യാപനം.

എല്ലാ അനുഗ്രഹങ്ങളുടെയും ലാഭനഷ്ടങ്ങളുടെയും ഉടയവന്‍ അല്ലാഹു മാത്രമാണ്. അതിനെതിരെ എന്തെങ്കിലും മന്ത്രമാരണങ്ങളോ അഭൗതികമാര്‍ഗേണയുള്ള കുതന്ത്രങ്ങളോ മനുഷ്യര്‍ക്കോ മറ്റേതെങ്കിലും സൃഷ്ടികള്‍ക്കോ സാധ്യമല്ലെന്നത് ഈമാനിന്റെ അനിവാര്യ തേട്ടമാണ്. മനുഷ്യരും ജിന്നുകളുമായിട്ടുള്ള ഇത്തരം ചെകുത്താന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം വിശ്വാസിക്ക് ഒരു നഷ്ടവും വരുത്താന്‍ കഴിയില്ല. അത്തരം ദുര്‍ബോധനങ്ങളില്‍ നിന്ന് രക്ഷതേടേണ്ടത് അല്ലാഹുവിനോടു മാത്രമാണ്. എത്ര കരുതിയാലും അസൂയക്കാരുടെ രഹസ്യമായ ഭൗതിക കുതന്ത്രങ്ങളെ സൂക്ഷിക്കേണ്ടതുണ്ട്. അവിടെ മനസ്സുറപ്പ് നല്കാനാണ് സൂറതുല്‍ ഫലഖ്. എല്ലാ അസൂയാലുക്കളുടെ അസൂയയില്‍ നിന്നും പുലരിയുടെ നാഥനോട് പുലര്‍ച്ചെ തന്നെ രക്ഷതേടി ഉപജീവനത്തിന് ഇറങ്ങുന്ന വിശ്വാസിക്ക് ആരെയും ഭയപ്പെടേണ്ടതില്ല.

മുഹൂര്‍ത്തങ്ങളും വെള്ളിയാഴ്ചയും

കച്ചവടത്തിന് അനുയോജ്യമായ സമയം, ശകുനമുള്ള(നഹ്‌സ്) സമയം എന്നിങ്ങനെ ഇസ്‌ലാം നിര്‍ണയിച്ചിട്ടില്ല. പകല്‍ സമയമാണ് മനുഷ്യന് ഉപജീവനത്തിന് അനുഗുണമായ നിലയില്‍ സംവിധാനിച്ചത്. ”പകലിനെ നാം ജീവസന്ധാരണ വേളയാക്കുകയും ചെയ്തിരിക്കുന്നു’‘(78:11). രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം തേടുന്നതിന് വേണ്ടിയാണ് പകലാകുന്ന ദൃഷ്ടാന്തത്തെ അല്ലാഹു പ്രകാശം നല്‍കുന്നതാക്കിയത് (17:12) എന്നും അവന്‍ രാത്രിയെ വസ്ത്രവും ഉറക്കത്തെ വിശ്രമവും പകലിനെ എഴുന്നേല്‍പ് സമയവുമാക്കുകയും ചെയ്തിരിക്കുന്നു (25:47) എന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നത് എല്ലാ അധ്വാനങ്ങള്‍ക്കും ഉത്തമമായ സമയം പകല്‍ തന്നെയാണെന്ന പ്രകൃതി സത്യം തുറന്നു കാട്ടാനാണ്. രാത്രി നേരത്തെ ഉറങ്ങാനും പുലര്‍ച്ചെ നേരത്തെ ഉണരാനുമെല്ലാമുള്ള പ്രവാചകന്‍(സ്വ) യുടെ നിര്‍ദേശങ്ങള്‍ കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ സൂര്യനെ വെല്ലുന്ന പ്രകാശ സംവിധാനങ്ങളാലലങ്കരിച്ചാലും രാത്രിയെ അങ്ങാടികളില്‍ ജീവിപ്പിക്കുന്നത് അത്രഗുണകരമല്ലെന്നു തന്നെയാണ് വ്യക്തമാവുക. സഹസ്രാബ്ധങ്ങളായി മനുഷ്യന്‍ സ്വീകരിച്ചുപോരുന്ന ഈ സമയക്രമം പുതുലോകം അട്ടിമറിക്കുകയാണ്. ഈ പ്രകൃതി വിരുദ്ധത മനുഷ്യന്റെ ശരീരത്തിലും സംസ്‌കാരത്തിലും സ്വത്തിലും സ്വഭാവത്തിലുമെല്ലാം നിഷേധാത്മകമായ പ്രതികരണമുണ്ടാക്കുമെന്നത് യാഥാര്‍ഥ്യമാണ്.

ഇസ്‌ലാമിക ദൃഷ്ട്യാ എല്ലാ ദിവസങ്ങളും നല്ല ദിവസങ്ങളാണ്. കച്ചവടം, കല്യാണം, ഗൃഹപ്രവേശം, പഠനപ്രവര്‍ത്തനം തുടങ്ങിയ ഒരു കാര്യത്തിനും പാടില്ലാത്തതോ അനഭിലഷണീയമായതോ ശപിക്കപ്പെട്ടതോ ആയ മുഹൂര്‍ത്തങ്ങള്‍ അല്ലാഹുവോ റസൂലോ നിശ്ചയിച്ചിട്ടില്ല. മുസ്‌ലിംകളുടെ ചില കലണ്ടറിലും മറ്റും കാണുന്ന ഇത്തരം ശകുന(നഹ്‌സ്)നിര്‍ണയങ്ങള്‍ക്ക് ഇസ്‌ലാമിക പ്രമാണങ്ങളുമായി യാതൊരു ബന്ധവുമില്ല. അവര്‍ ഇടപെട്ട മറ്റു സമൂഹങ്ങളിലെ അന്ധവിശ്വാസങ്ങളില്‍ നിന്ന് കടമെടുത്തതാണവ. അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്ന എല്ലാ നന്മകളും എപ്പോഴും അനുവദനീയവും അനുഗ്രഹപൂര്‍ണവുമാണ്.

എന്നാല്‍ ആരാധനയുടെ ഭാഗമായി ചില സമയങ്ങളില്‍ ചില കാര്യങ്ങള്‍ പാടില്ലെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നിര്‍ബന്ധമായി നിര്‍വഹിക്കേണ്ട ഹജ്ജിന് ബാധ്യതപ്പെട്ടവന്‍ അതിനു പോകാതെയും വെള്ളിയാഴ്ചകളിലെ ഉച്ചയ്ക്കുള്ള ജുമുഅയില്‍ പങ്കെടുക്കാതെയും കച്ചവടവും മറ്റു തൊഴിലുകളും നിര്‍വഹിക്കുന്നത് പാപവും നന്ദികേടുമായി ഇസ്‌ലാം പഠിപ്പിക്കുന്നു. ”സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്‌കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെപ്പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ എത്തിച്ചേരുക. വ്യാപാര കാര്യങ്ങള്‍ ഒഴിവാക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍’(62:9).

അവിടെപ്പോലും അല്ലാഹു ഇളവനുവദിക്കുകയാണ്. ഹജ്ജ് യാത്രയിലോ നിര്‍ണിത ആരാധനകള്‍ക്കു ശേഷമോ കച്ചവടം ചെയ്യാമെന്നും(2:198) വെള്ളിയാഴ്ച നമസ്‌കാരം കഴിഞ്ഞ ഉടനെ തന്നെ ജീവിതായോധനത്തിനിറങ്ങാമെന്നും അവന്‍ ഉണര്‍ത്തി. ”അങ്ങനെ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് തേടുകയും ചെയ്തുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം’‘(62:10). കൂടാതെ കച്ചവാടവശ്യാര്‍ഥമായാലും യാത്രക്കാരനാണെങ്കില്‍ ജുമുഅയില്‍ പങ്കെടുക്കുന്നതിന്റെ നിര്‍ബന്ധത്തില്‍ നിന്ന് അല്ലാഹു അവനെ ഒഴിവാക്കി.

ജൂത സമൂഹത്തിന് ശബ്ബത് നാളുകളില്‍ ജോലി നിഷിദ്ധമാക്കിയതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. എന്നാല്‍ അവര്‍ അതില്‍ കുതന്ത്രങ്ങള്‍ കാണിക്കുകയും തന്ത്രപൂര്‍വം ജോലിയെടുക്കുകയും ചെയ്തു. അക്കാരണത്താല്‍ അല്ലാഹുവിന്റെ കടുത്ത കോപത്തിനും ശാപത്തിനും പാത്രമായി. എന്നാല്‍ വെള്ളിയാഴ്ച ജോലിചെയ്യുന്നത് അല്ലാഹു വിലക്കിയിട്ടില്ല. ഇത് അല്ലാഹു ചെയ്തുതന്ന അനുഗ്രഹമാണ്.

കച്ചവടം പ്രധാന വരുമാനമാര്‍ഗമായിരുന്ന മക്കയിലെ അറബി സമൂഹത്തിന് കച്ചവടയാത്രകള്‍ ഏറെ പ്രധാനമായിരുന്നു. അങ്ങനെയുള്ള ഖാഫിലകള്‍ (കച്ചവടസംഘം) കണ്ണില്‍പെടുന്ന സമയം മുതല്‍ നാട്ടിലും നഗരത്തിലും അവര്‍ക്ക് ആഘോഷമാണ്. മദീനാ നഗരത്തില്‍ ഖാഫിലയെത്തിയ അത്തരം ഒരു സന്ദര്‍ഭത്തില്‍ നബി(സ്വ)യോടൊപ്പം ജുമുഅ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്ന മുസ്‌ലിംകള്‍ അവരറിയാതെ അങ്ങാടിയിലേക്കോടിയതിനെതിരെ അല്ലാഹു താക്കീതുചെയ്യുന്നുണ്ട്. അല്ലാഹു അവരെ ശാസിച്ചത് നമുക്കു പാഠമാകാനാണ്. ”അവര്‍ ഒരു കച്ചവടമോ വിനോദമോ കണ്ടാല്‍ അവയുടെ അടുത്തേക്ക് പിരിഞ്ഞ് പോകുകയും നിന്നനില്‍പില്‍ നിന്നെ വിട്ടേക്കുകയും ചെയ്യുന്നതാണ്. നീ പറയുക: അല്ലാഹുവിന്റെ അടുക്കലുള്ളത് വിനോദത്തെക്കാളും കച്ചവടത്തെക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാകുന്നു”(62:11).

ഇക്കാര്യം ഉള്‍ക്കൊള്ളുന്ന സൂറത്തുല്‍ ജുമുഅ എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ നമസ്‌കാരത്തില്‍ പാരായണം ചെയ്യല്‍ നബി(സ്വ) സുന്നത്താക്കിയത്. ഈ വിഷയത്തില്‍ വിശ്വാസികള്‍ ഏറെ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ടെന്ന് എല്ലാ ആഴ്ചകളിലും ഓര്‍മിപ്പിക്കാന്‍ കൂടിയാകണം. അതിനാല്‍ തന്നെ ജുമുഅ സമയത്ത് കച്ചവടം ഹറാമാണെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. ഇമാം അഹ്‌മദ്(റ)ന്റെ അഭിപ്രായത്തില്‍ ആ സമയത്തെ ഇടപാട് അസാധുവാണ്. ജുമുഅയെ കുറിച്ച കല്പന മറ്റു നമസ്‌കാരങ്ങള്‍ക്കും ബാധകമാണെന്നും ജമാഅത്ത് നമസ്‌കാരത്തിന്റെ സമയത്തുള്ള കച്ചവടവും ഇതുപൊലെ നിഷിദ്ധമാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ഏതായാലും അതും അനഭിലഷണീയമാണെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. ഇവിടെ വില്പനക്കാര്‍ മാത്രമല്ല, ആ സമയങ്ങളില്‍ ചരക്കുകള്‍ വാങ്ങാനിറങ്ങുന്ന വിശ്വാസികളും കുറ്റത്തില്‍ പങ്കാളികളാണ്. സ്വന്തം നമസ്‌കാരം പാഴാക്കിയതിനും കച്ചവടക്കാരന്റെ നമസ്‌കാരം നഷ്ടപ്പെടുത്തിയതിനുമുള്ള ഇരട്ടി കുറ്റക്കാരനാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

 

References
  1. സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 305, ഹദീസ് 3511[]
  2. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 726, ഹദീസ് 1954[]
  3. സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 286, ഹദീസ് 3451[]
മുൻപത്തെ ലേഖനം കച്ചവടത്തില്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍
അടുത്ത ലേഖനം കച്ചവടം: അരുതുകള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History