നിഫാഖ് അഥവാ കപട വിശ്വാസം
വിശ്വാസ രംഗത്തെ കപടതയാണ് നിഫാഖ് അഥവാ കപട വിശ്വാസം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. മനസ്സിൽ വിശ്വാസം ലവലേശം ഇല്ലാതിരിക്കുകയും ബാഹ്യകർമങ്ങളിൽ വിശ്വാസിയായി അഭിനയിക്കുകയും ചെയ്യുന്നതാണ് ഇത്തരക്കാരുടെ രീതി. ഭൗതികമായ താൽപര്യങ്ങൾ മാത്രമാണ് ഇതിന് അവരെ പ്രേരിപ്പിക്കുന്നത്. പ്രവാചകന്റെ കാലത്ത് വിശ്വാസികൾക്ക് ഏറ്റവും കൂടുതൽ പ്രയാസം സൃഷ്ടിച്ചവരാണ് ഇവർ. എല്ലാ കാലഘട്ടത്തിലും ഇത്തരം സ്വഭാവമുള്ളവർ ഉണ്ടാവും. അതിനാൽ ഖുർആൻ ഇവരെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും അവരുടെ സ്വഭാവം ഉപമകളാൽ വിവരിച്ച് തരുകയും ചെയ്തിട്ടുണ്ട്.
കപടവിശ്വാസികള്‍: ഖുര്‍ആനിലെ ഉപമകള്‍, കപടവിശ്വാസികള്‍ ഹദീസുകളില്‍, കപടവിശ്വാസിയുടെ സ്വഭാവങ്ങള്‍, ധര്‍മസമരവും കപടവിശ്വാസികളും, പ്രമാണങ്ങളിലേക്ക് ക്ഷണിച്ചാല്‍ മുനാഫിഖുകളുടെ പ്രതികരണം, കപടവിശ്വാസികള്‍ക്കുള്ള പരലോക ശിക്ഷ, കപടവിശ്വാസികളോടുള്ള സമീപനം, യുദ്ധത്തില്‍ കപടവിശ്വാസികളോട് കാണിക്കേണ്ട സമീപനം തുടങ്ങി ഈ വിഷയത്തെ ആഴത്തിൽ പഠിക്കുവാൻ ഈ ലേഖനം സഹായകമാവും.
പ്രവാചകന്റെ കാലത്ത് വിശ്വാസികൾക്ക് ഏറ്റവും കൂടുതൽ പ്രയാസം സൃഷ്ടിച്ചവരാണ് ഇവർ. എല്ലാ കാലഘട്ടത്തിലും ഇത്തരം സ്വഭാവമുള്ളവർ ഉണ്ടാവും. അതിനാൽ ഖുർആൻ ഇവരെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും അവരുടെ സ്വഭാവം ഉപമകളാൽ വിവരിച്ച് തരുകയും ചെയ്തിട്ടുണ്ട്. കപട വിശ്വാസിയുടെ സ്വഭാവങ്ങൾ മനസ്സിലാക്കുക എന്നത് അത്തരം സ്വഭാവങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും അവരെ തിരിച്ചറിയാനും സഹായിക്കും. ധർമ്മസമര രംഗത്തും പ്രമാണങ്ങളിലേക്കും ക്ഷണിച്ചാലുള്ള മുനാഫിഖുകളുടെ പെരുമാറ്റത്തെ ഖുർആൻ കൃത്യമായി വിവരിക്കുന്നുണ്ട്. വിശ്വാസികൾ അവരോട് സ്വീകരിക്കേണ്ട നിലപാട് എന്താവണം, കപട വിശ്വാസികൾ ലഭിക്കുന്ന ശിക്ഷയുടെ കാഠിന്യം, യുദ്ധരംഗത്ത് അവരോട് സ്വീകരിക്കേണ്ട സമീപനം തുടങ്ങി ഈ വിഷയത്തെ ആഴത്തിൽ പഠിക്കുവാൻ ഈ ലേഖനം സഹായകമാവും.
മനസ്സിലുള്ളതിന് വിരുദ്ധമായത് പുറത്തു കാണിക്കുക എന്നതിനാണ് കപടത എന്നു പറയുന്നത്. അറബിയില്‍ നിഫാഖ് എന്നു പറയുന്നു. വിശ്വാസ രംഗത്തും കപടത കടന്നുകൂടാറുണ്ട്. കാപട്യം വച്ചു പുലര്ത്തുന്നവന് എന്ന നിലയില്‍ ഇത്തരക്കാരെ മുനാഫിഖ് എന്ന് വിശുദ്ധ ഖുര്‍ആനും നബി വചനങ്ങളും വ്യവഹരിച്ചിട്ടുണ്ട്. യഥാര്‍ഥ വിശ്വാസികളല്ലാത്ത ചിലയാളുകള്‍ തങ്ങള്‍ വിശ്വാസികളാണെന്ന വ്യാജേന നബി(സ്വ)യുടെ കൂടെ മദീനയില്‍ ജീവിച്ച സ്വഹാബികള്‍ക്കിടയില്‍ നുഴഞ്ഞുകയറിയിരുന്നു. വിശ്വാസം മനസ്സിനകത്തായതിനാല് ബാഹ്യകര്മങ്ങള്ക്കനുസരിച്ചേ ആളുകളെ വിലയിരുത്താനാവൂ. അതുകൊണ്ടുതന്നെ നബിക്കും സ്വഹാബികള്‍ക്കും ഇത്തരം കപടവിശ്വാസികള്‍ നിരവധി നാശനഷ്ടങ്ങള്‍ വരുത്തി വച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ അക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്.
എന്നാല്‍ നബി(സ്വ)യുടെ ജീവിത കാലത്തുണ്ടായ ഏതാനും ആളുകളുടെ പ്രശ്നമല്ല നിഫാഖ്. ആ സ്വഭാവം എല്ലാകാലത്തും ഉണ്ടാവും. വിശ്വാസ രംഗത്ത് ഒരിക്കലും കപടത അഥവാ നിഫാഖ് ഉണ്ടാവാന്‍ പാടില്ല. ഒരാളുടെ കപടത മറ്റു മനുഷ്യര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും മനസ്സിനകത്തെ കാര്യങ്ങള്‍ പോലും കൃത്യമായി അറിയുന്ന അല്ലാഹു കപടന്മാരെ വെറുതെ വിടില്ല എന്നോര്‍ക്കുക.
കപടവിശ്വാസികള്‍ പ്രവാചകന്റെ കാലത്ത്
ഹൃദയത്തില്‍ സത്യ നിഷേധവും സത്യത്തോട് പുഛഭാവവും പുലര്‍ത്തുകയും പുറമെ വിശ്വാസം നടിക്കുകയും ചെയ്യുന്ന വിഭാഗമാണ് കപട വിശ്വാസികള്‍. നബി(സ്വ)യുടെ മദീന ജീവിതത്തില്‍ ഇത്തരം കപട വിശ്വാസികള്‍ മുസ്ലിംകള്ക്ക് പ്രയാസം സൃഷ്ടിച്ചു. മുസ്ലിങ്ങളുമായി സന്ധിയിലും രമ്യതയിലും കഴിഞ്ഞു കൂടിയിരുന്ന ഇവരുടെ ഹൃദയത്തില്‍ യഥാര്‍ഥ വിശ്വാസമുണ്ടായിരുന്നില്ല. വിശ്വാസികളുടെ മുന്നില്‍ കപടവേഷം കെട്ടിയാടിയിരുന്ന ഇവര്‍ സത്യനിഷേധത്തെ മനസ്സില്‍ തന്നെ ഒളിപ്പിച്ചു നിര്‍ത്തി. വളരെ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമേ കാപട്യത്തിന്റെ പരസ്യ ശബ്ദം അവരില്‍ നിന്ന് പുറത്ത്വന്നുള്ളൂ. അതാകട്ടെ വിശ്വാസികളെ ചികതരാക്കാന് ലക്ഷ്യമിട്ടായിരുന്നു. ഇസ്ലാമിനെ ഒറ്റുകൊടുക്കാനും മുസ്ലിംകള്ക്കിടയില് ഭിന്നിപ്പുണ്ടാക്കാനും പ്രതിലോമകരമായ കുതന്ത്രങ്ങളാവിഷ്കരിക്കാനും മാത്രം നിലകൊണ്ട ആളുകളായിട്ടേ കപടവിശ്വാസികള്‍ ചരിത്രത്തില്‍ ഇടം നേടിയിട്ടുള്ളൂ. വഞ്ചനയും കുതന്ത്രവും മുഖമുദ്രയാക്കിയ ഇക്കൂട്ടരാണ് യഥാര്‍ഥത്തില്‍ അവിശ്വാസികളേക്കാള്‍ മുസ്ലിം സമൂഹത്തിന് ദോഷം ചെയ്യുന്നത്.
പ്രവാചകന്(സ്വ)യുടെ കാലത്ത് മുസ്ലിംങ്ങള്ക്ക് വളരെ വിഷമതകള്‍ മുനാഫിക്കുകളെക്കൊണ്ട് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ അവരുടെ തനിനിറം തുറന്നുകാട്ടി വിശ്വാസികള്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്. അവരെപ്പറ്റിയുള്ള സത്യാവസ്ഥ വിശ്വാസികള്‍ അിറയാതെ പോയാല്‍ അതവര്‍ക്ക് കൂടുതല്‍ അപകടം വരുത്തിവെക്കുകയും ചെയ്യും. യുദ്ധരംഗത്ത് കപടവിശ്വാസികള്‍ വളരെയേറെ വിഷമതകള്‍ ഉണ്ടാക്കിയിട്ടുണ്ട്. പ്രവാചകന്(സ്വ)യെ മദീനയില്‍ നിന്ന് പുറത്താക്കണമെന്നു വരെ അവര്‍ രഹസ്യമായി പ്രസ്താവിച്ചു. മദീനയില്‍ പ്രവാചകന്(സ)യുടെ പള്ളിക്ക് സമാന്തരമായി ഒരു പള്ളി നിര്‍മിച്ചു. പ്രവാചകപത്നി ആഇശ(റ)യെ സംബന്ധിച്ച് അപവാദം പ്രചരിപ്പിച്ചു. അവരുടെ സമൂഹദ്രോഹ നടപടികള്‍ പലപ്പോഴും അവര്‍ ന്യായീകരിച്ചു. ഖുര്‍ആന്‍ അക്കാര്യം ഇങ്ങനെ വ്യക്തമാക്കുന്നു. ‘‘നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാതിരിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ സദ്പ്രവര്‍ത്തനങ്ങള്‍ മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി. അറിയുക, അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷേ അവരത് മനസ്സിലാക്കുന്നില്ല”(2:11,12).
മനസ്സില്‍ ഒരു വിശ്വാസം പുലര്‍ത്തുകയും പുറത്ത് മറ്റൊന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന കപടവിശ്വാസികളുടെ അടയാളങ്ങളും അവരുടെ നിലപാടുകളും അവര്‍ക്കുണ്ടായ ദുരന്തപരിണതിയും പരലോകത്തെ നിന്ദ്യമായ ശിക്ഷയുമൊക്കെ ഖുര്ആനികസൂക്തങ്ങളിലൂടെയും പ്രവാചക വചനങ്ങളിലൂടെയും നമുക്ക് വ്യക്തമാക്കിതന്നിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ ‘മുനാഫിഖൂന്‍’ എന്ന പേരില്‍ ഒരു അധ്യായം (63) തന്നെയുണ്ട്.
കപടവിശ്വാസികള്‍: ഖുര്‍ആനിലെ ഉപമകള്‍
കപടവിശ്വസികളെക്കുറിച്ച് അവരുടെ കാപട്യത്തിന്റെ തനിനിറം ബോധ്യപ്പെടുത്താനായി ചില ലക്ഷണങ്ങളും അടയാളങ്ങളും എടുത്തു പറഞ്ഞുകൊണ്ട് അല്ലാഹു ഉപമയിലൂടെ വ്യക്തിമാക്കിത്തരുന്നുണ്ട്.
1) ഹൃദയത്തില്‍ രോഗമുള്ളവര്‍
”അതല്ല, ഹൃദയങ്ങളില്‍ രോഗമുള്ള ആളുകള്‍, അല്ലാഹു അവരുടെ ഉള്ളിലെ പക അല്ലാഹു വെളിപ്പെടുത്തുകയേയില്ല എന്നാണോ വിചാരിച്ചത്? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ നിനക്ക് അവരെ നാം കാട്ടിത്തരുമായിരുന്നു. അങ്ങനെ അവരുടെ ലക്ഷണം കൊണ്ട് നിനക്ക് അവരെ മനസ്സിലാക്കാമായിരുന്നു. സംസാര ശൈലിയിലൂടെയും നിനക്ക് അവരെ മനസ്സിലാക്കാവുന്നതാണ്. അല്ലാഹു നിങ്ങളുടെ പ്രവൃത്തികള്‍ അിറയുന്നവനാണ്” (47:29,30).
2) വഞ്ചകന്മാര്
”ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചില ആളുകളുണ്ട്. യഥാര്‍ഥത്തില്‍ അവര്‍ വിശ്വാസികളല്ല. അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുവാനാണ് അവര്‍ ശ്രമിക്കുന്നത്. വാസ്തവത്തില്‍ അവര്‍ ആത്മവഞ്ചന മാത്രമാണ് ചെയ്യുന്നത്. അവരത് മനസ്സിലാക്കുന്നില്ല”(2:8,9).
3) ബധിരര്‍, ഊമകള്‍, അന്ധര്‍
”അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു. അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ അവരെ ഇരുട്ടില്‍ തപ്പുവാന്‍ വിടുകയും ചെയ്തു(2:17). ‘ബധിരരും ഊമകളും അന്ധന്മാരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ സത്യത്തിലേക്ക് മടങ്ങുകയില്ല”(2:18).
4) സുന്ദരസ്വരൂപമുള്ളവര്, വാഗ്ചാതുരിയുള്ളവര്
‘നീ അവരെ കാണുകയാണെങ്കില്‍ അവരുടെ ആകാരം നിന്നെ അത്ഭുതപ്പെടുത്തും. അവര്‍ സംസാരിക്കുകയാണെങ്കിലോ നീ അവരുടെ വാക്ക് കേട്ടിരുന്നു പോകും. അവര്‍ ചാരിവെച്ച മരത്തടികള്‍ പോലെയാകുന്നു. എല്ലാ ഒച്ചയും തങ്ങള്‍ക്കെതിരാണെന്ന് അവര്‍ വിചാരിക്കും. അവരാകുന്നു ശത്രു; അവരെ സൂക്ഷിച്ചുകൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ. എങ്ങനെയാണ് അവര്‍ വഴിതെറ്റിക്കപ്പെടുന്നത്'(63:4).
കപടവിശ്വാസികള്‍ ഹദീസുകളില്‍
അബ്ദുല്ലാഹിബ്നു അംറ്(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: ഒരാളില്‍ നാലു കാര്യങ്ങള്‍ കാണുന്നുവെങ്കില്‍ അവന് തനി കപടന് തന്നെ. അവയില്‍ ഏതെങ്കിലും ഒന്നു മാത്രമേ ഉള്ളുവെങ്കില്‍ അത് വര്‍ജ്ജിക്കുന്നത് വരെയും കാപട്യത്തിന്റെ അംശം അവനില്‍ ഉണ്ടെന്ന് മനസ്സിലാക്കാം. വല്ലതും വിശ്വസിച്ചേല്‍പ്പിച്ചാല്‍ ചതിക്കുക, സംസാരിച്ചാല്‍ കളവ് പറയുക, വാഗ്ദാനം ചെയ്താല്‍ ലംഘിക്കുക, തമ്മില്‍ തെറ്റിയാല്‍ തെറി പറയുക ഇവയാണ് ആ കാര്യങ്ങള്‍. (ബുഖാരി) 1
കഅ്ബ്(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: വിശ്വാസിയുടെ ഉപമ കാറ്റു വരുമ്പോള്‍ ചാഞ്ഞുകൊടുക്കുകയും പിന്നീട് ചൊവ്വെ നില്‍ക്കുകയും ചെയ്യുന്ന ദുര്‍ബലമായ ധാന്യച്ചെടി പോലെയാണ്. കപടവിശ്വാസിയാകട്ടെ ദേവതാരു വൃക്ഷം പോലെയാണ്. ചായാതെ നില്‍ക്കുമെങ്കിലും അത് കടപുഴകി വീഴുന്നത് ഒറ്റയിടിക്കായിരിക്കും. (ബുഖാരി) 2
കപടവിശ്വാസിയുടെ സ്വഭാവങ്ങള്‍
അവിശ്വാസത്തേക്കാള്‍ ഗൗരവതരമായ അവസ്ഥയാണ് കപടവിശ്വാസം. വളരെ മുമ്പുണ്ടായിരുന്നതും ഇപ്പോള്‍ തീരെയില്ലാത്തതുമായ ഒരു ജനവിഭാഗമല്ല കപടവിശ്വാസികള്‍. വിശ്വാസം നടിച്ച് കര്‍മങ്ങളില്‍ ആത്മാര്‍ഥതയും സത്യസന്ധതയും തീരെയില്ലാതെ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച് സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കാന്‍ കച്ചകെട്ടിയിറങ്ങിയ കപടരുടെ ദുഷ്ചെയ്തികള്‍ എക്കാലത്തും വലിയ വിന സൃഷ്ടിച്ചിട്ടുണ്ട്. സമൂഹ ഭദ്രത തകര്‍ക്കുന്ന കപടവിശ്വാസികളെക്കുറിച്ച് ജാഗ്രത പാലിക്കുവാനും നമ്മുടെ വിശ്വാസങ്ങളിലും കര്‍മങ്ങളിലും നിലപാടുകളിലും കാപട്യത്തിന്റെ കളങ്കമേല്ക്കാതെ ജീവിക്കാനും സാധിച്ചാല്‍ മാത്രമേ നാം വിജയികളാവുകയുള്ളൂ. അത് കൊണ്ട് ഇക്കൂട്ടരുടെ ദുഷ്ചെയ്തികളെയും ദുസ്വഭാവങ്ങളെയും സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനും നബി(സ്വ)യുടെ വചനങ്ങളും വളരെ വ്യക്തമായി നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്.
- ആദര്ശസ്ഥിരതയില്ലായ്മ
അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്. അവര്‍ നമസ്കാരത്തിന് നില്‍ക്കുന്നത് ഉദാസീനരായിക്കൊണ്ടും ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ്. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മ്മിക്കുകയുള്ളൂ’ (4:142).
‘ഈ കക്ഷിയിലേക്കോ ആ കക്ഷിയിലേക്കോ ചേരാതെ അതിനിടയില്‍ ആടിക്കൊണ്ടിരിക്കുന്നവരാണവര്‍. വല്ലവനെയും അല്ലാഹു വഴിപിഴപ്പിച്ചാല്‍ അവന്ന് പിന്നെ ഒരു മാര്‍ഗവും നീ കണ്ടെത്തുകയില്ല’ (4.143).
- അല്ലാഹുവിനേക്കാള്‍ മനുഷ്യരെ ഭയപ്പെടൽ
അല്ലാഹുവിലുള്ള പ്രതിഫലത്തില്‍ പ്രതീക്ഷയോ അവന്റെയടുക്കലുള്ള ശിക്ഷയെക്കുറിച്ച് ഭയപ്പാടോ ഇല്ലാത്ത കപടവിശ്വാസികള്‍ തങ്ങളുടെ നിലപാടുകളുമായി മുന്നോട് പോകുമ്പോള്‍ മനുഷ്യരില്‍ നിന്നുള്ള വല്ല ഭീഷണിയും അപകടങ്ങളും ഉണ്ടാകുമോ എന്ന ഭയം അവരെ ഭരിച്ചിരുന്നു.
അല്ലാഹു പറയുന്നു: ‘അവര്‍ ജനങ്ങളില്‍ നിന്ന് കാര്യങ്ങള്‍ ഒളിച്ചുവെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന് ഒന്നും ഒളിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോഴും അവന് അവരുടെ കൂടെത്തന്നെയുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സമ്പൂര്‍ണമായി അറിയുന്നവനാകുന്നു അല്ലാഹു'(4:108).
- വിപത്ഘട്ടങ്ങളില്‍ പിന്മാറൽ
തബൂക്കിലേക്ക് യുദ്ധത്തിന് പോകാന്‍ കല്പനയുണ്ടായത് ക്ഷാമവും വരള്‍ച്ചയും മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴായിരുന്നു. പ്രതിസന്ധിയെ തരണം ചെയ്ത് യുദ്ധമുഖത്തേക്ക് പോകാന്‍ മടിച്ചു നില്‍ക്കുകയായിരുന്നു കപടവിശ്വാസികള്‍. ഇവരുടെ ഈ ദുഷ്ചെയ്തിയെ അല്ലാഹു തുറന്നുകാട്ടുന്നു:
‘അടുത്തു തന്നെയുള്ള ഒരു നേട്ടവും വിഷമകരമല്ലാത്ത യാത്രയുമായിരുന്നു ലക്ഷ്യമെങ്കില്‍ അവര്‍ നിന്നെ അനുഗമിക്കുമായിരുന്നു. പക്ഷേ വിഷമകരമായ യാത്രാലക്ഷ്യം അവര്‍ക്ക് വിദൂരമായി തോന്നിയിരിക്കുന്നു. ഞങ്ങള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ കൂടെ പുറപ്പെടുമായിരുന്നു എന്ന് അവര്‍ അല്ലഹുവിന്റെ പേരില്‍ സത്യം ചെയ്ത് പറഞ്ഞേക്കും. അവര്‍ തങ്ങള്‍ക്കു തന്നെ നാശമുണ്ടാക്കുകയാകുന്നു. അവര്‍ കള്ളം പറയുന്നവരാണെന്ന് തീര്‍ച്ചയായും അല്ലാഹുവിന്നറിയാം’ (9:42).
- മനുഷ്യരുടെ തൃപ്തിക്ക് പ്രാധാന്യം കൊടുക്കൽ
അല്ലാഹു പറയുന്നു: ‘നിങ്ങളോടവര്‍ ആണയിടുന്നത് നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയാകുവാന്‍ വേണ്ടിയാണ്. ഇനി നിങ്ങള്‍ അവരെ തൃപ്തിപ്പെട്ടാലും അല്ലാഹു അധര്‍മകാരികളായ ജനതയെ തൃപ്തിപ്പെടുകയില്ല’ (9:96).
- ആത്മ പ്രശംസ നടത്തൽ
കപടവിശ്വാസികള്‍ കരുതിയിരുന്നത് തങ്ങളാണ് പ്രതാപശാലികളെന്നും നിന്ദ്യരായ മുസ്ലിംകളെ മദീനയില്‍ നിന്ന് പുറംതള്ളാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നുമായിരുന്നു. ഇസ്ലാമിന്റെ ശത്രുക്കളുമായി അവര്‍ നടത്തിയ ഗൂഢാലോചനകളില്‍ അവര്‍ പങ്കാളികളായത് തങ്ങള്‍ക്കാണ് പ്രതാപവും അന്തസ്സും ഉള്ളത് എന്ന നിലക്കായിരുന്നു. അവരുടെ സ്വകാര്യസംഭാഷണങ്ങളില്‍ അവര്‍ ആത്മപ്രശംസ നടത്തുന്നവരായിരുന്നു. മുനാഫിഖുകളുടെ വാക്കുകള്‍ മുനാഫിഖൂന്‍ എന്ന അധ്യായത്തിലെ എട്ടാമത്തെ സൂക്തത്തില്‍ ഇങ്ങനെ വായിക്കാം.
‘തങ്ങള്‍ മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന് അവര്‍ പറയുന്നു. അല്ലാഹുവിന്നും അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം. പക്ഷേ, കപടവിശ്വാസികള്‍ അതു മനസ്സിലാക്കുന്നില്ല'(63:8).
- കള്ളസത്യം ചെയ്യൽ
മുസ്ലിംകള് എന്ന നിലക്ക് ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭങ്ങളിലൊക്കെ ഒഴിവുകഴിവുകള്‍ നിരത്തി അവര്‍ മാറിനില്‍ക്കും. വിശ്വാസികള്‍ക്ക് വിജയം ഉണ്ടായാല്‍ അവര്‍ മുസ്ലിംകളെ സമീപിക്കുകയും അല്ലാഹുവില്‍ സത്യം ചെയ്ത് കൊണ്ട് തങ്ങളുടെ നിലപാടുകളെ അവര്‍ ന്യായീകരിക്കും. തങ്ങള്‍ ബോധപൂര്‍വം മാറിനിന്നതല്ല എന്നും പ്രതിബന്ധങ്ങള്‍ തങ്ങള്‍ക്കുണ്ടായത് കൊണ്ടാണ് എന്നും പറഞ്ഞായിരിക്കും മുനാഫിഖുകളുടെ കള്ളസത്യങ്ങള്‍. അവരുടെ നിലപാടിലുള്ള ഈ കപടമുഖത്തെ അല്ലാഹു പുറത്ത് കൊണ്ടുവരുന്നത് ഇപ്രകാരമാണ്.
”നിങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി നിങ്ങളോടവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്ത് സംസാരിക്കുന്നു. എന്നാല്‍ അവര്‍ സത്യവിശ്വാസികളാണെങ്കില്‍ അവര്‍ തൃപ്തിപ്പെടുത്താന്‍ ഏറ്റവും അവകാശപ്പെട്ടവര്‍ അല്ലാഹുവും അവന്റെ ദൂതനുമാണ്”(9:62).
- നബി(സ്വ)യെ നിരന്തരം ദ്രോഹിക്കൽ
ഒളിഞ്ഞും തെളിഞ്ഞും നബി(സ്വ)യെ ദ്രോഹിക്കാനുള്ള നീക്കങ്ങളും കുതന്ത്രങ്ങളും നടത്തിയവരായിരുന്നു കപടവിശ്വാസികള്‍. ആരെന്തു പറഞ്ഞാലും അത് അപ്പടി ചെവിക്കൊള്ളുന്ന വ്യക്തിയാണ് മുഹമ്മദ് നബിയെന്നായിരുന്നു അവരുടെ ആക്ഷേപം. അല്ലാഹു ഇതിനെ നിശതമായി വിമര്‍ശിച്ച് മറുപടി നല്കുന്നു.
‘നബി(സ്വ)യെ ദ്രോഹിക്കുകയും അദ്ദേഹം എല്ലാം ചെവിക്കൊള്ളുന്ന ആളാണ് എന്ന് ആക്ഷേപിക്കുകയും ചെയ്യുന്ന ചിലര്‍ അവരുടെ കൂട്ടത്തിലുണ്ട്. പറയുക, അദ്ദേഹം നിങ്ങള്‍ക്ക് ഗുണമുള്ളത് ചെവിക്കൊള്ളുന്ന ആളാണ്. അദ്ദേഹം അല്ലാഹുവില്‍ വിശ്വസിക്കുന്നു. യഥാര്‍ഥ വിശ്വാസികളെയും അദ്ദേഹം വിശ്വസിക്കുന്നു. നിങ്ങളില്‍ നിന്ന് വിശ്വസിച്ചവര്‍ക്ക് ഒരു അനുഗ്രഹവുമാണദ്ദേഹം. അല്ലാഹുവിന്റെ ദൂതനെ ദ്രോഹിക്കുന്നവര്ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്’ (9:61).
- കണ്ടതും കേട്ടതും പ്രചരിപ്പിക്കൽ
വാര്‍ത്തകളുടെ സത്യാവസ്ഥയെക്കുറിച്ച് വീണ്ടുവിചാരമില്ലാതെ കേട്ടതൊക്കെ പ്രചരിപ്പിക്കുന്നവരായിരുന്നു കപടവിശ്വാസികള്‍. അല്ലാഹു പറയുന്നു: ‘സമാധാനത്തിന്റെയോ ഭീതിയുടെയോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നെങ്കില്‍ അവരുടെ കൂട്ടത്തില്‍ അത് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍, നിങ്ങള്‍ അല്പം ചിലരൊഴികെ, പിശാചിനെ പിന്‍പറ്റുമായിരുന്നു'(4:83).
- ഭീരുത്വം
കപടവിശ്വാസികള്‍ മരണഭയം ഉള്ളവരും സദാ പരിഭ്രാന്തരുമാണെന്ന് അവരുടെ ദുസ്വഭാവത്തെ തുറന്നുകാട്ടി അല്ലാഹു പറയുന്നു:
‘തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ കൂട്ടത്തില്പ്പെട്ടവരാണെന്ന് അവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്തു പറയും. എന്നാല്‍ അവര്‍ നിങ്ങളുടെ കൂട്ടത്തില്‍ പെട്ടവരല്ല. പക്ഷേ അവര്‍ നിങ്ങളെ പേടിച്ചുകഴിയുന്ന ഒരു ജനവിഭാഗമാകുന്നു’ (9:56).
‘ഏതെങ്കിലും അഭയസ്ഥാനമോ ഗുഹകളോ കടന്നുകൂടാന്‍ പറ്റിയ ഏതെങ്കിലും സ്ഥലമോ അവര്‍ കണ്ടെത്തുകയാണെങ്കില്‍ കുതറിച്ചാടിക്കൊണ്ട് അവരങ്ങോട്ട് തിരിഞ്ഞു പോകുമായിരുന്നു’ (9:57).
- മുസ്ലിംകള്ക്ക് വിപത്തുവരാന് ആഗ്രഹിക്കൽ
മുസ്ലിംകള്ക്ക് പരാജയം ഉണ്ടാകുമ്പോള്‍ അതില്‍ ആഹ്ലാദചിത്തരാകുകയും ശത്രൂക്കളുടെ കൂടെയാണ് തങ്ങള്‍ ഉള്ളത് എന്ന് അവര്‍ പറയുകയും ചെയ്തിരുന്നു.
അല്ലാഹു പറയുന്നു: ‘കപടവിശ്വാസികള്‍ നിങ്ങളുടെ സ്ഥിതിഗതികള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നവരാണ്. നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് ഒരു വിജയം കൈവന്നാല്‍ അവര്‍ പറയും, ഞങ്ങള്‍ നിങ്ങളുടെ കൂടെയായിരുന്നില്ലേ എന്ന്. ഇനി അവിശ്വാസികള്‍ക്കാണ് വല്ല നേട്ടമുണ്ടാകുന്നതെങ്കില്‍ അവര്‍ പറയും: ‘നിങ്ങളുടെ മേല്‍ ഞങ്ങള്‍ വിജയസാധ്യത നേടിയിട്ടും വിശ്വാസികളില്‍ നിന്ന് ഞങ്ങള്‍ നിങ്ങളെ രക്ഷിച്ചില്ലേ’. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ നിങ്ങള്‍ക്കിടയില്‍ അല്ലാഹു വിധി കല്പിക്കുന്നതാണ്. വിശ്വാസികള്‍ക്കെതിരില്‍ അല്ലാഹു ഒരിക്കലും സത്യനിഷേധികള്‍ക്ക് വഴിതുറന്നു കൊടുക്കുന്നതല്ല'(4:141).
- കരാര്‍ ലംഘിക്കൽ
അസത്യം പറയുന്നവരും, കരാര്‍ ലംഘിക്കുന്നവരും ആണ് മുനാഫിഖുകള്‍ എന്ന് അവരുടെ നിലപാടുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. അല്ലാഹു പറയുന്നു: ‘അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് നല്കുകയാണെങ്കില് തീര്‍ച്ചയായും ഞങ്ങള്‍ ദാനം ചെയ്യുകയും ഞങ്ങള്‍ സജ്ജനങ്ങളുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുമെന്ന് അവനുമായി കരാര്‍ ചെയ്ത ചിലരും അക്കൂട്ടത്തിലുണ്ട്. അങ്ങനെ അവന് അവര്‍ക്ക് തന്റെ അനുഗ്രഹത്തില്‍ നിന്ന് നല്കിയപ്പോള് അവരതില്‍ പിശുക്ക് കാണിക്കുകയും അവഗണിച്ചുകൊണ്ട് തിരിഞ്ഞുകളയുകയും ചെയ്തു. അവര്‍ അല്ലാഹുവിനെ കണ്ടുമുട്ടുന്ന ന്യായവിധിയുടെ ദിവസം വരെ അവരുടെ ഹൃദയങ്ങളില്‍ കാപട്യമുണ്ടായിരിക്കുക എന്നതാണ് അതിന്റെ അനന്തരഫലമായി അല്ലാഹു അവര്‍ക്ക് നല്‍കിയത്. അല്ലാഹുവോട് അവര്‍ ചെയ്ത വാഗ്ദാനം അവര്‍ ലംഘിച്ചത് കൊണ്ടും അവര്‍ കള്ളം പറഞ്ഞിരുന്നത് കൊണ്ടുമാണത്'(9:75-77).
- ദുരാചാര കല്പനയും സദാചാര വിലക്കലും
അല്ലാഹു പറയുന്നു: ‘കപടവിശ്വാസികളും കപടവിശ്വാസിനികളും എല്ലാം ഒരേ തരക്കാരാകുന്നു. അവര്‍ തിന്മ കല്പിക്കുകയും നന്മ വിലക്കുകയും ചെയ്യുന്നു. അവര്‍ ചെലവഴിക്കാതെ തങ്ങളുടെ കൈകള്‍ പിന്‍വലിക്കുകയും ചെയ്യുന്നു. അവര്‍ അല്ലാഹുവെ മറന്നു. അതിനാല്‍ അവന് അവരെയും മറന്നു. തീര്‍ച്ചയായും കപടവിശ്വാസികള്‍ തന്നെയാണ് ധിക്കാരികള്‍’ (9:67).
- പ്രവാചകന്റെ നീതിനിഷ്ഠയില്‍ അതൃപ്തി പ്രകടിപ്പിക്കൽ
ഭൗതിക വിഭവങ്ങള്‍ വാരിക്കൂട്ടാനുള്ള അത്യാര്‍ത്തി കാരണം ദാനധര്‍മങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന വിഹിതത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് പ്രവാചകന്(സ്വ) അനീതി പ്രവര്‍ത്തിച്ചുവെന്ന് പ്രചരിപ്പിക്കാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. നബി(സ)യുടെ വിഷയത്തില്‍ ആക്ഷേപിക്കുന്ന കപടന്മാരുടെ തനിനിറം അല്ലാഹു തുറന്നുകാട്ടുന്നു:
‘അവരുടെ കൂട്ടത്തില്‍ ദാനധര്‍മങ്ങളുടെ കാര്യത്തില്‍ നിന്നെ ആക്ഷേപിക്കുന്ന ചിലരുണ്ട്. അതില്‍ നിന്ന് അവര്‍ക്ക് നല്‍കപ്പെടുന്നപക്ഷം അവര്‍ തൃപ്തിപ്പെടും. അവര്‍ക്കതില്‍ നിന്ന് നല്കപ്പെട്ടില്ലെങ്കിലോ അവരതാ കോപിക്കുന്നു’ (9:58).
- വിശ്വാസികളെ അധിക്ഷേപിക്കൽ
വിശ്വാസികളെ അധിക്ഷേപിക്കാനും അവമതിക്കാനുമുള്ള ഏത് അവസരങ്ങളും മുനാഫിഖുകള്‍ പാഴാക്കിയിരുന്നില്ല. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളില്‍ നിന്ന് ദാനധര്‍മങ്ങള്‍ ചെയ്യാന്‍ സ്വയം സന്നദ്ധരായി വരുന്നവരെയും സ്വന്തം അദ്ധ്വാനമല്ലാതെ മറ്റൊന്നും ദാനം ചെയ്യാന്‍ കണ്ടെത്താത്തവരെയും അധിക്ഷേപിക്കുന്നവരത്രെ അവര്‍. അങ്ങനെ ആ വിശ്വാസികളെ അവര്‍ പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹാസ്യരാക്കിരിക്കുന്നു. അവര്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത്'(9:79).
- കുഴപ്പമുണ്ടാക്കാൻ ശ്രമിക്കൽ
മുസ്ലിംകളുടെ അചഞ്ചലമായ വിശ്വാസത്തിലും നിരന്തരമായ വിജയങ്ങളിലും അസ്വസ്ഥരായിരുന്ന കപടവിശ്വാസികള്‍ മുസ്ലിംകള്ക്കിടയില് ഭിന്നിപ്പും കുഴപ്പങ്ങളും ഉണ്ടാക്കാന്‍ ആവുന്നത്ര ശ്രമിക്കുന്നവരായിരുന്നു.
അല്ലാഹു പറയുന്നു: ‘നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ പുറപ്പെട്ടിരുന്നെങ്കില്‍ നാശമല്ലാതെ മറ്റൊന്നും അവര്‍ നിങ്ങള്‍ക്ക് വരുത്തിവെക്കുമായിരുന്നില്ല. നിങ്ങള്‍ക്ക് കുഴപ്പം വരുത്താന്‍ ആഗ്രഹിച്ച്കൊണ്ട് നിങ്ങളുടെ ഇടയിലൂടെ അവര്‍ പരക്കം പായുകയും ചെയ്യുമായിരുന്നു. നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ പറയുന്നത് ചെവികൊടുത്ത് കേള്‍ക്കുന്ന ചിലരുണ്ട്. അല്ലാഹു അക്രമികളെപ്പറ്റി നന്നായി അറിയുന്നവനാണ്. മുമ്പും അവര്‍ കുഴപ്പമുണ്ടാക്കാന്‍ ആഗ്രഹിക്കുകയും നിനക്കെതിരില്‍ അവര്‍ കാര്യങ്ങള്‍ കുഴച്ചുമറിക്കുകയും ചെയ്തിട്ടുണ്ട്. അവസാനം അവര്‍ക്ക് ഇഷ്ടമില്ലാതിരുന്നിട്ടും സത്യം വന്നെത്തുകയും അല്ലാഹുവിന്റെ കാര്യം വിജയിക്കുകയും ചെയ്തു’ (9:47,48).
ധര്‍മസമരവും കപടവിശ്വാസികളും
കഠിനമായ പരീക്ഷണങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോഴാണ് യഥാര്‍ഥ വിശ്വാസികളില്‍ നിന്ന് കപടരുടെ തനിനിറം വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കുക. മദീനാ കാലപ്രബോധന ജീവിതത്തില്‍ നിരന്തരമായ പരീക്ഷണങ്ങള്‍ മുസ്ലിംകള് നേരിട്ടിരുന്നു. എന്നാല്‍ പരീക്ഷണഘട്ടങ്ങളിലൊക്കെ മുനാഫിഖുകള്‍ സ്വീകരിച്ച നയനിലപാടുകള്‍കൊണ്ട് അവരുടെ യഥാര്‍ഥ മുഖം മറ നീക്കി വെളിവാകാന്‍ ഉപകരിച്ചിരുന്നു.
മുഅ്മിനുകളുടെയും മുനാഫിഖുകളുടെയും യഥാര്‍ഥ നിലപാടറിയാന്‍ സഹായകമായ ഒരു സന്ദര്‍ഭമായിരുന്നു അഹ്സാബ് യുദ്ധം. പ്രയാസങ്ങളുടെ മേല്‍ പ്രയാസങ്ങള്‍ നിറഞ്ഞ അഹ്സാബ് യുദ്ധ വേളയില്‍ വിശ്വാസികള്‍ക്ക് ഈമാന്‍ വര്‍ധിക്കുകയും അല്ലാഹുവും അവന്റെ ദൂതനും വാഗ്ദാനം ചെയ്തത് സത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. അതേ സമയം മുനാഫിഖുകളെടുത്ത നിലപാടിനെപ്പറ്റി ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്.
”അല്ലാഹുവും അവന്റെ ദൂതനും നമ്മോട് വാഗ്ദാനം ചെയ്തത് വഞ്ചന മാത്രമാണെന്ന് കപടവിശ്വസികളും ഹൃദയത്തില്‍ രോഗമുള്ളവരും പറഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭം. അവരില്‍ ഒരു വിഭാഗം പറഞ്ഞതിങ്ങനെയായിരുന്നു: യസ്രിബുകാരേ നിങ്ങള്‍ക്ക് നില്ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. മറ്റൊരു വിഭാഗം തങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നുവെന്ന് പറഞ്ഞുകൊണ്ട് യൂദ്ധരംഗം വിട്ടുപോകാന്‍ നബിയോട് അനുവാദം തേടുകയായിരുന്നു. യഥാര്‍ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം” (33:12,13).
അത്യുഷ്ണം പ്രയാസങ്ങള്‍ സൃഷ്ടിച്ച ഘട്ടത്തിലാണ് വിശ്വാസികള്‍ തബൂക് യുദ്ധത്തിനൊരുങ്ങിയത്. ആഹാരപാനീയങ്ങള്‍ പോലും മതിയായ അളവില്‍ ലഭിക്കാതെ കെടുതിയനുഭവിച്ച സന്ദര്‍ഭത്തില്‍ വിശ്വാസികള്‍ക്ക് കരുത്തേകിയത് ഈമാനിന്റെ ദൃഢതയാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അര്‍പ്പണ മനസ്സോടെ ത്യാഗം ചെയ്യാന്‍ തയ്യാറായ അവരെ ആശങ്ക തൊട്ടുതീണ്ടിയില്ല. എന്നാല്‍ കപടവിശ്വാസികള്‍ പ്രസ്തുത യുദ്ധത്തില്‍ നിന്ന് വിശ്വാസികളെ പിന്തിരിപ്പിക്കാന് ശ്രമിച്ചത് തീക്ഷ്ണമായ ഉഷ്ണത്തിന്റെ കാരണം പറഞ്ഞുകൊണ്ടായിരുന്നു. അവര്‍ യുദ്ധഭൂമിയിലേക്ക് പോകാതെ മദീനയില്‍ തന്നെ ഇരുന്നു.
പ്രസ്തു സംഭവം വിശദീകരിച്ച് അല്ലാഹു പറയുന്നു: ”യുദ്ധത്തിന് പോകാതെ പിന്മാറി ഇരുന്നവര്‍ അല്ലാഹുവിന്റെ ദൂതന്റെ കല്പനക്കെതിരെയുള്ള അവരുടെ ഇരുത്തത്തില്‍ സന്തോഷം പൂണ്ടു. തങ്ങളുടെ സ്വത്തുക്കള്‍കൊണ്ടും ശരീരം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. അവര്‍ പറഞ്ഞു: ‘ഈ കൊടും ചൂടില്‍ നിങ്ങള്‍ യുദ്ധത്തിന് ഇറങ്ങിപ്പുറപ്പടേണ്ട.’ പറയുക: നരകാഗ്നി കൂടുതല്‍ കഠിനമായ ചൂടുള്ളതാണ്. അവര്‍ കാര്യം ഗ്രഹിക്കുന്നവരായിരുന്നെങ്കില്‍! അതിനാല്‍ അവര്‍ അല്പം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്തുകൊള്ളട്ടെ. അവര്‍ ചെയ്തു വെച്ചതിന്റെ ഫലമായിട്ട്’ (9:81,82).
ഖുസാഅ ഗോത്രമായ ബനുല്മുസ്ത്വലഖുമായി യുദ്ധം ചെയ്ത് വിശ്വാസികള്‍ വിജയിച്ചു നില്ക്കുന്ന സന്ദര്‍ഭം. അവര്‍ മുറൈസീഅ് എന്ന സ്ഥലത്താണുള്ളത്. എന്തോ കാരണത്താല്‍ മുഹാജിറുകളില് നിന്നൊരാള്‍ അന്സ്വാറുകളില് പെട്ട ഒരാളെ അടിച്ചു. അടികൊണ്ട വ്യക്തി അന്‍സ്വാരികളേ എന്നെ സഹായിച്ചാലും എന്നലറി വിളിച്ചു. അടിച്ച സഹാബിയാകട്ടെ മുഹാജിറുകളുടെ സഹായമാവശ്യപ്പെട്ടു. മുഹാജിറുകളും അന്‍സ്വാരികളും തമ്മില്‍ ഒരടിപിടിയുടെ വക്കിലെത്തി നില്ക്കുന്ന വേളയില്‍ നബി(സ്വ) അക്കാര്യം അറിയുകയും അവരിലേക്ക് വീണ്ടും തിരിച്ചെത്തിയേക്കാവുന്ന ജാഹിലീ ഗോത്ര വൈരത്തെ മുളയില്‍ തന്നെ നുള്ളിക്കളയുകയും ചെയ്തു.
എന്നാല്‍ മുനാഫിഖുകളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യിബ്നി സുലൂല്‍ ഈ സന്ദര്‍ഭം മുതലെടുക്കാനാണ് ശ്രമിച്ചത്. മുഹാജിറുകള്ക്കെതിരില് അന്‍സ്വാറുകളെ വംശീയത പറഞ്ഞ് വിദ്വേഷമുണ്ടാക്കാന്‍ അയാള്‍ കുതന്ത്രങ്ങള്‍ മെനഞ്ഞു. മുസ്ലിംകളോടുളള തന്റെ ഹൃദയത്തിലെ പക മറച്ചുവെക്കാന്‍ അയാള്‍ക്കായില്ല. അയാള്‍ പറഞ്ഞു. മദീനയിലെത്തട്ടെ, അന്തസ്സുള്ളവര്‍ നിന്ദ്യന്മാരെ പുറത്താക്കി വിടുന്നതാണ്. കപടന്മാരുടെ കാപട്യം മനസ്സിലാക്കാനയ ആ സന്ദര്‍ഭത്തെ അല്ലാഹു വ്യക്തമാക്കുന്നത് ഇപ്രകാരമാണ്. ‘തങ്ങള്‍ മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന് അവര്‍ പറയുന്നു. അല്ലാഹുവിന്നും അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം. പക്ഷേ, കപടവിശ്വാസികള്‍ അതു മനസ്സിലാക്കുന്നില്ല’(63:8).
ആ സമയത്ത് അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ വിശ്വാസിയായ മകന് ഊരിപ്പിടിച്ച വാളുമായി മദീനാ കവാടത്തില്‍ നിന്ന്കൊണ്ട് തന്റെ പിതാവിനെ അവിടേക്ക് പ്രവേശിക്കാന്‍ സമ്മതിക്കാതെ നിലയുറപ്പിക്കുകയുണ്ടായി. തന്റെ വാളുകൊണ്ടാവട്ടെ നിഫാഖിന്റെ നേതാവായ പിതാവിന്റെ മരണം എന്ന് തീരുമാനിക്കുകയായിരുന്നു ആ ആദര്ശധീരന്. പക്ഷേ, നബി(സ്വ) അദ്ദേഹത്തെ സമാശ്വസിപ്പിക്കുകയും മദീനയിലേക്ക് പ്രവേശിക്കാന്‍ അബ്ദുല്ലക്ക് അനുവാദം നല്കുകയുമുണ്ടായി. ആ സന്ദര്‍ഭത്തില്‍ നബി(സ്വ) അബ്ദുല്ലാഹിബ്നു ഉബയ്യിനോടായി ചോദിച്ചു: ”ആരാണ് നിന്ദ്യന്‍, ആരാണ് പ്രതാപമുള്ളവന് എന്ന് ഇന്നത്തോടെ നിനക്ക് മനസ്സിലായില്ലേ?”.
പ്രമാണങ്ങളിലേക്ക് ക്ഷണിച്ചാല്‍ മുനാഫിഖുകളുടെ പ്രതികരണം
അല്ലാഹു പറയുന്നു: ‘അല്ലാഹു അവതരിപ്പിച്ചതിലേക്കും അവന്റെ ദൂതനിലേക്കും നിങ്ങള്‍ വരൂ എന്ന് പറയപ്പെട്ടാല്‍ ആ കപടവിശ്വാസികള്‍ നിന്നെ വിട്ട് പാടെ തിരിഞ്ഞു പോകുന്നത് നിനക്ക് കാണാം'(4:61).
അല്ലാഹു പറയുന്നു: ‘ഖുര്‍ആനിലെ ഏതെങ്കിലും ഒരു അധ്യായം അവതരിപ്പിക്കപ്പെട്ടാല്‍ അവരില്‍ ചിലര്‍ പറയും. നിങ്ങളില്‍ ആര്‍ക്കാണ് ഇത് വിശ്വാസം വര്‍ധിപ്പിക്കുന്നത്? എന്നാല്‍ സത്യവിശ്വാസികള്‍ക്കാകട്ടെ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുക തന്നെയാണ് ചെയ്തത്. അവരതില്‍ സന്തോഷം കൊള്ളുകയും ചെയ്യുന്നു. എന്നാല്‍ മനസ്സുകളില്‍ രോഗമുള്ളവര്‍ക്കാകട്ടെ അവര്‍ക്ക് തങ്ങളുടെ ദുഷ്ടതയിലേക്ക് കൂടുതല്‍ ദുഷ്ടത കൂട്ടിച്ചേര്‍ക്കുകയാണ് അത് ചെയ്തത്. അവര്‍ സത്യനിഷേധികളായിരിക്കെ തന്നെ മരിക്കുകയും ചെയ്തു’ (9:124,125).
സത്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയും അതിനോട് വെറുപ്പ് പ്രകടിപ്പിക്കുയും ചെയ്യുന്നവരായിരുന്നു കപട വിശ്വാസികള്‍. അല്ലാഹു പറഞ്ഞു: ”ഏതെങ്കിലും ഒരു അധ്യായം അവതരിക്കപ്പെട്ടാല്‍ അവരില്‍ ചിലര്‍ മറ്റു ചിലരെ നിങ്ങളെ ആരെങ്കിലും കാണുന്നുണ്ടോ എന്ന ചോദ്യഭാവത്തില്‍ നോക്കും. എന്നിട്ട് അവര്‍ തിരിഞ്ഞു കളയുകയും ചെയ്യും. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമായതിനാല്‍ അല്ലാഹു അവരുടെ മനസ്സുകളെ തിരിച്ചു കളഞ്ഞിരിക്കുകയാണ്’‘(9:127).
ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസിയുടെ ഉപമ റൈഹാന്‍ ചെടി പോലെയെന്ന് റസൂല്‍(സ്വ) പറഞ്ഞിട്ടുണ്ട്. അതിന്റെ വാസന നല്ലതാണ്. കയ്പ് രുചിയാണ്. ഖുര്‍ആന്‍ വായിക്കാത്ത കപടവിശ്വാസിയാകട്ടെ ആട്ടങ്ങപോലെയാണ്. അതിന്റെ രുചി കയ്പാണ് (ബുഖാരി) 3
കപടവിശ്വാസികള്‍ക്കുള്ള പരലോക ശിക്ഷ
കപടവിശ്വാസികള്‍ നരകാവകാശികള്‍ ആണ് എന്നല്ല അവര്‍ നരകത്തിന്റെ അഗാധഗര്ത്തത്തിലാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു:
”തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടില്ലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുകയില്ല” (4:145).
അല്ലാഹു പറയുന്നു: ”കപട വിശ്വാസികളും കപട വിശ്വാസിനികളും സത്യ വിശ്വാസികളോട് പറയുന്ന ദിവസം. നിങ്ങള്‍ ഞങ്ങളെ നോക്കണേ, നിങ്ങളുടെ പ്രകാശത്തില്‍ നിന്ന് ഞങ്ങള്‍ പകര്‍ത്തിയെടുക്കട്ടെ. (അപ്പോള്‍ അവരോട്)പറയപ്പെടും. നിങ്ങള്‍ നിങ്ങളുടെ പിന്‍ഭാഗത്തേക്കു തന്നെ മടങ്ങിപ്പോവുക. എന്നിട്ട് പ്രകാശം അന്വേഷിച്ചു കൊള്ളുക. അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു മതില് കൊണ്ട് മറയുണ്ടാക്കപ്പെടുന്നതാണ്. അതിന് ഒരു വാതിലുണ്ടായിരിക്കും. അതിന്റെ ഉള്‍ഭാഗത്താണ് കാരുണ്യമുള്ളത്. അതിന്റെ പുറത്താകട്ടെ ശിക്ഷയും” (57:13).
കപടവിശ്വാസികളോടുള്ള സമീപനം
അല്ലാഹുവിനെയും അല്ലാഹുവിന്റെ റസൂലിനെയും വഞ്ചിക്കാനും മുസ്ലിം സമൂഹത്തിന്റെ ഐക്യം ശിഥിലമാക്കാനും ഇസ്ലാമിനെ ശത്രക്കള്‍ക്ക് ഒറ്റുകൊടുക്കാനും ആവന്നതെല്ലാം ചെയ്ത കപടവിശ്വാസികളോട് എന്തു നിലപാട് സ്വീകരിക്കണമെന്ന വിഷയത്തില്‍ വിശുദ്ധഖുര്ആന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നമുക്ക് നല്‍കിയിട്ടുണ്ട്. കപട വേഷധാരികള്‍ എക്കാലത്തും അവരുടെ കുതന്ത്രങ്ങളും വഞ്ചനാപരമായ നിലപാടുകളും തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഖുര്‍ആന്‍ നല്കുന്ന ഈ നിര്‍ദ്ദേശങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്.
- സമരം ചെയ്യുക, കര്‍ക്കശ നിലപാട് സ്വീകരിക്കുക
സത്യവിശ്വാസികള്‍ക്ക് എളിമയുടെ ചിറക് താഴ്ത്തി അവരോട് വിനയപൂര്‍വം പെരുമാറാന്‍ കല്‍പ്പിച്ച വിശുദ്ധ ഖുര്‍ആനില്‍ മുനാഫിഖുകളോട് മൃദുലസമീപനം പാടില്ല എന്നും വളരെ കാര്‍ക്കശ്യത്തോടെയാണ് പെരുമാറേണ്ടത് എന്നും ഉണര്‍ത്തുന്നു. ”നബിയേ, സത്യനിഷേധികളോടും കപട വിശ്വാസികളോടും സമരം ചെയ്യുക. അവരോട് പരുഷമായി പെരുമാറുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. അതെത്ര ചീത്ത സങ്കേതം!'(9:73). - പാപമോചനത്തിന് പ്രാര്‍ഥിക്കാതിരിക്കുക
മുനാഫിഖുകള്‍ അല്ലാഹുവിന്റെ മാപ്പിനും കനിവിനും അര്‍ഹരല്ല. അത് കൊണ്ട് തന്നെ അവര്‍ക്ക് വേണ്ടി പാപമോചനത്തിനായി പ്രാര്‍ഥിക്കാന്‍ പാടില്ല. അല്ലാഹു പറയുന്നു:
”നബിയേ, നീ അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയോ തേടാതിരിക്കുകയോ ചെയ്യുക. നീ അവര്‍ക്ക് വേണ്ടി എഴുപത് പ്രാവശ്യം പാപമോചനം തേടിയാലും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചതു കൊണ്ടത്രെ അത്. ധിക്കാരികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല” (9:80). - ജനാസ നമസ്കരിക്കരുത്
”അവരുടെ കൂട്ടത്തില്‍ ആരു മരണപ്പെട്ടാലും നീ ഒരിക്കലും അയാള്‍ക്കു വേണ്ടി നമസ്കരിക്കരുത്. അവന്റെ ഖബ്റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്റെ ദൂതരിലും അവിശ്വസിക്കുകയും ധിക്കാരികളായിക്കൊണ്ട് മരിക്കുകയും ചെയ്തിരിക്കുന്നു”(9:84).
യുദ്ധത്തില്‍ കപടവിശ്വാസികളോട് കാണിക്കേണ്ട സമീപനം
യുദ്ധ സന്ദര്‍ഭത്തില്‍ നബി(സ്വ) മുനാഫിഖുകളോട് കാണിക്കേണ്ട സമീപനത്തെ സംബന്ധിച്ച് ഖുര്‍ആന്‍ പ്രവാചകന്(സ)ക്ക് നല്കിയ ഉപദേശം ഇപ്രകാരമാണ്.
”ഇനിയും (യുദ്ധം കഴിഞ്ഞിട്ട്) അവരില്‍ ഒരു വിഭാഗത്തിന്റെ അടുത്തേക്ക് നിന്നെ അല്ലാഹു (സുരക്ഷിതനായി) തിരിച്ചെത്തിക്കുകയും, അനന്തരം(മറ്റൊരു യുദ്ധത്തിന് നിന്റെ കൂടെ) പുറപ്പെടാന്‍ അവര്‍ സമ്മതം തേടുകയും ചെയ്യുന്ന പക്ഷം നീ പറയുക. നിങ്ങളൊരിക്കലും എന്റെ കൂടെ പുറപ്പെടുന്നതല്ല. നിങ്ങള്‍ എന്റെ കൂടെ ഒരു ശത്രുവോടും യുദ്ധം ചെയ്യുന്നതല്ല. തീര്‍ച്ചയായും നിങ്ങള്‍ ആദ്യത്തെ പ്രാവശ്യം ഒഴിഞ്ഞിരിക്കുന്നതില്‍ തൃപ്തി അടയുകയാണല്ലോ ചെയ്തത്. അതിനാല്‍ ഒഴിഞ്ഞിരുന്നവരുടെ കൂടെ നിങ്ങളും ഇരുന്നുകൊളളുക” (9:83).
പ്രവാചകന്(സ്വ)യുടെ സന്നിധിയില്‍ ആവുമ്പോള്‍ ലഭിക്കുന്ന വിശ്വാസപരമായ ഉണര്‍വും ദൈവസ്മരണയും കുടുംബങ്ങളുടെ കൂടെ കഴിയുമ്പോള്‍ കുറവ് സംഭവിക്കുന്നതിനെ കാപട്യമാകുമോ എന്ന് അവര്‍ ആശങ്കപ്പെട്ടു. ഒരിക്കല്‍ ഹന്ദല(റ) റസൂല്‍(സ്വ)നോട് പരിഭവപ്പെട്ടപ്പോള്‍ നബി(സ്വ) ഇങ്ങനെ പറയുകയുണ്ടായി.
”എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന് തന്നെ സത്യം. എന്റെ അടുത്തായിരിക്കുമ്പോഴുള്ള അവസ്ഥയിലും ആത്മീയസ്മരണയിലും നിങ്ങള്‍ നിരന്തരം നിലകൊണ്ടിരുന്നെങ്കില്‍ മലക്കുകള്‍ നിങ്ങളുടെ കിടപ്പറകളിലും വഴികളിലും നിങ്ങളെ ഹസ്തദാനം ചെയ്തു സ്വീകരിക്കുമായിരുന്നു. പക്ഷേ, ഹന്‍ദ്വലാ, ഒരുവേള ഇങ്ങനെയാണെങ്കില്‍ മറ്റൊരുവേള അങ്ങനെയായിരിക്കും. അദ്ദേഹം ഇത് മൂന്ന് പ്രാവശ്യം പറഞ്ഞു” (മുസ്ലിം) 4).
References
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 16, ഹദീസ് 34[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 114, ഹദീസ് 5643[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 162, ഹദീസ് 7560[↩]
- സ്വഹീഹു മുസ്ലിം, ഇമാം മുസ്ലിം, ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 2106, ഹദീസ് 12 (2750[↩]
