മറ്റുവിഷയങ്ങളിലെ ചോദ്യങ്ങള്‍- 1
വിശ്വാസം, അനുഷ്ഠാനം, ആചാരം എന്നിവയ്ക്കു പുറമെ ആനുകാലിക പ്രശ്‌നങ്ങള്‍ ഒരുപാടുണ്ട്. മറ്റെല്ലാ വിഷയങ്ങള്‍ പോലെയും നിത്യജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലായി അവ നാം അഭിമുഖീകരിക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നല്കപ്പെട്ട ഏതാനും വിശദീകരണങ്ങള്‍ വിഷയക്രമം പരിഗണിക്കാതെ മറ്റുവിഷയങ്ങളിലെ ചോദ്യങ്ങള്‍ എന്ന തലവാചകത്തിന് കീഴിലായി ഇവിടെ നല്കുകയാണ്.
ഖുര്‍ആനിനു എതിരായ ഹദീസുകള്‍
ഖുര്‍ആനിന്ന് വിരുദ്ധമായ ഹദീസുകള്‍ സ്വീകാര്യമാണോ?
മറുപടി: വിശുദ്ധ ഖുര്‍ആനിലെ ആശയത്തിന്നും അധ്യാപനത്തിന്നും എതിരായി ഒരു ഹദീസ് നിവേദനം ചെയ്യപ്പെട്ടാല്‍ അതിലെ പരമ്പര സ്വഹീഹായാലും സ്വീകരിക്കുവാന്‍ പാടില്ല. ഈ വിഷയത്തില്‍ ഹദീസ് പണ്ഡിതന്‍മാര്‍ക്കിടയില്‍ ഭിന്നതയില്ല. എല്ലാവരും യോജിച്ച് പ്രഖ്യാപിച്ചതാണിത്. പ്രഗത്ഭരായ സ്വഹാബിമാര്‍ പറയുന്ന പല സംഗതികളെയും ആഇശ(റ) ഖുര്‍ആന്‍ ഓതിക്കൊണ്ട് ഖണ്ഡിച്ച ധാരാളം സംഭവങ്ങള്‍ ബുഖാരിയില്‍ തന്നെ ഉദ്ധരിക്കുന്നതായി കാണാം. ഇബ്‌നുഅബ്ബാസ്(റ), ഖലീഫ ഉമര്‍(റ) മുതലായവരില്‍ നിന്നും ഉദ്ധരിക്കുന്നത് കാണാം.
ഇത്തരം ഹദീസുകളെ വ്യാഖ്യാനിച്ചുകൊണ്ട് ഇബ്‌നുഹജര്‍(റ) ഫതുഹുല്‍ബാരിയില്‍ പറയുന്നു: ‘ഇതില്‍നിന്ന് ഹദീസിനെ ഖുര്‍ആന്‍ കൊണ്ട് എതിരിടാം’ എന്ന് നമുക്കു മനസ്സിലാക്കാം. എന്നാല്‍ നിവേദക പരമ്പര സ്ഥിരപ്പെട്ടുവന്ന ഹദീസാണെങ്കില്‍ ഖുര്‍ആനുമായി യോജിപ്പിക്കുവാന്‍ പരമാവധി ശ്രമിക്കുക.
സുരക്ഷിതമായ ഏക ഗ്രന്ഥം ഖുര്‍ആന്‍ മാത്രമാണ്. മുസ്തസ്ഫാ എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ ബുഖാരിയിലെ ഒരു ഹദീസിനെ ഖുര്‍ആന്റെ അധ്യാപനത്തിന് എതിരാണെന്ന് അഭിപ്രായപ്പെട്ട് ഇമാം ഗസ്സാലി മാറ്റിവെക്കുന്നു. അതുപോലെ ഇമാം റാസി(റ)യും തന്റെ തഫ്‌സീറില്‍ ഇതേ നിലപാട് സ്വീകരിക്കുന്നു. ഇമാം ദഹബി(റ) പോലും ബുഖാരിയിലെ ഒരു ഹദീസിനെ ശക്തിയായി ഖണ്ഡിക്കുന്നതും കാണാം.
ഹദീസ് പ്രമാണമാണെന്നതിന്ന് ഇതൊന്നും എതിര്‍ രേഖയല്ല. ഹദീസായി ഉദ്ധരിക്കപ്പെട്ടതെല്ലാം സ്വീകരിക്കണമെന്ന വാദത്തിന്നാണ് എതിരാകുന്നത്. ഹദീസ് സ്വഹീഹായി പരിഗണിക്കുവാന്‍ പരമ്പര മാത്രം സ്വഹീഹായാല്‍ മതിയാവുകയില്ല. പറയുന്ന കാര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഇബ്‌നുകസീര്‍(റ) തന്റെ അല്‍ബാഇസ് എന്ന ഗ്രന്ഥത്തില്‍ ഒരു അധ്യായം തന്നെ നല്‍കി സമര്‍ഥിക്കുന്നു. ഇമാം ഇബ്‌നുജൗസി, ഇമാം സുയൂഥി, ഇബ്‌നുഹജര്‍(റ) മുതലായവരും ഇപ്രകാരം പ്രഖ്യാപിക്കുന്നു.
വിശുദ്ധ ഖുര്‍ആനും ശാസ്ത്രവും
വിശുദ്ധ ഖുര്‍ആനില്‍ എല്ലാ ശാസ്ത്ര തത്ത്വങ്ങളും ഉള്‍ക്കൊള്ളുന്നുണ്ടോ?
മറുപടി: ഖുര്‍ആന്‍ അവതരിപ്പിച്ചത് ശാസ്ത്ര തത്ത്വങ്ങള്‍ വിവരിക്കുവാനല്ല. അതു മനസ്സിലാക്കുവാന്‍ ദൈവം മനുഷ്യന്ന് നല്‍കിയത് ബുദ്ധിയാണ്. വേദഗ്രന്ഥങ്ങള്‍ ദൈവം അവതരിപ്പിച്ചത് ബുദ്ധിക്ക് കടന്നു ചെല്ലുവാന്‍ സാധിക്കാത്ത വിഷയങ്ങള്‍ വിവരിക്കുവാനാണ്. എങ്കിലും മനുഷ്യബുദ്ധിക്ക് ദൈവത്തെ കണ്ടെത്തുവാന്‍ വേണ്ടി വിശുദ്ധ ഖുര്‍ആനില്‍ വിവിധ ശാസ്ത്ര തത്ത്വങ്ങളിലേക്ക് സൂചന നല്‍കുന്നുമുണ്ട്. ചില ശാസ്ത്ര തത്ത്വങ്ങള്‍ ഖുര്‍ആനില്‍ വിവരിച്ച ശേഷം ഈ ഗ്രന്ഥത്തില്‍ യാതൊരു വിഷയവും നാം ഉപേക്ഷിച്ചിട്ടില്ലെന്നു ഖുര്‍ആന്‍ പറയുന്നതു കാണാം (6:38). ഏതു കാലത്തെ മനുഷ്യര്‍ക്കും ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്ന ശൈലിയിയാണ് ഖുര്‍ആന്‍ ശാസ്ത്ര വിഷയങ്ങള്‍ പ്രതിപാദിക്കുന്നത്. അതാതു കാലത്തെ ശാസ്ത്ര തത്ത്വങ്ങളില്‍ അമിതമായി വിശ്വസിക്കുന്ന മനുഷ്യര്‍ ഉണ്ടായിരിക്കും. അവര്‍ക്കും സന്‍മാര്‍ഗം ലഭിക്കുക എന്നതാണ് ഖുര്‍ആനിലെ അവതരണ ലക്ഷ്യം. ചില ഉദാഹരണങ്ങളിലൂടെ ഇതു വ്യക്തമാക്കാം.
1. മുഹമ്മദിന്റെ ദെവത്തിന് അദൃശ്യജ്ഞാനമില്ല. ഉണ്ടെങ്കില്‍ എന്തുകൊണ്ട് ഭൂമി ഗോളാകൃതിയിലാണെന്ന് പറഞ്ഞില്ല, ഇന്നത്തെ ചില മനുഷ്യര്‍ ഇങ്ങനെ സംശയം ഉന്നയിക്കാറുണ്ട്. ഭൂമി പന്തുപോലെ ഉരുണ്ട രൂപത്തിലാണെന്നു അന്ന് പറഞ്ഞാല്‍ മുഹമ്മദിന് ഭ്രാന്താണെന്ന് പറഞ്ഞു നബിയെ നിഷേധിക്കുവാനിടവരും. എന്നാല്‍ ശാസ്ത്രജ്ഞാനമുള്ളവര്‍ ഖുര്‍ആനിനെ നിഷേധിക്കാതിരിക്കുവാന്‍ വേണ്ടി ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളില്‍ ഭൂമി ഗോളാകൃതിയിയാണെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. (ഉദാ: 79: 30, 39: 5). മെഗല്ലന്റെ രണ്ടു നൂറ്റാണ്ടു മുമ്പ് രചിക്കപ്പെട്ട തഫ്‌സീര്‍ റാസിയില്‍ പല സൂക്തങ്ങളെയും വ്യാഖ്യാനിച്ച് കൊണ്ട് ഭൂമി ഗോളാകൃതിയിലാണെന്ന് സ്ഥാപിക്കുന്നുമുണ്ട്.
2. വായുവിലൂടെ മനുഷ്യര്‍ സഞ്ചരിക്കുമെന്ന് വ്യക്തമായി അന്ന് പറഞ്ഞിരുന്നെങ്കില്‍ പല മനുഷ്യന്‍മാരും മുഹമ്മദിന് ഭ്രാന്താണെന്ന് പറഞ്ഞു ഖുര്‍ആനെ നിഷേധിക്കും. മുഹമ്മദിന് ഭ്രാന്ത് ഇല്ലായിരുന്നിട്ടും ഭ്രാന്ത് ഉണ്ടെന്ന് ആക്ഷേപിച്ച സമൂഹത്തെയായിരുന്നു മുഹമ്മദ് അഭിമുഖീകരിച്ചിരുന്നത്. അദൃശ്യം അറിയുന്ന ദെവമാണെങ്കില്‍ എന്തുകൊണ്ടാണ് കരയാത്രയെയും സമുദ്രയാത്രയെയും പറഞ്ഞ ഖുര്‍ആന്‍ ആകാശത്തിലൂടെയുള്ള യാത്രയെക്കുറിച്ച് സൂചിപ്പിക്കുക പോലും ചെയ്തില്ല എന്ന് പറഞ്ഞുകൊണ്ട് പില്‍കാലത്തെ മനുഷ്യര്‍ ഖുര്‍ആന്‍ നിഷേധികള്‍ ആവാതിരിക്കുവാനും അല്ലാഹു ശ്രദ്ധിച്ചിട്ടുണ്ട്. അതിനാല്‍ പല സൂക്തങ്ങളിലും ആകാശയാത്രയെക്കുറിച്ച് ഖുര്‍ആന്‍സൂചിപ്പിക്കുന്നുണ്ട് (ഉദാ: 42:29, 55: 33). ആറ്റത്തിലെ ചലനം, ഭൂമിയില്‍ സംഭവിച്ച സ്‌ഫോടനം ഇവയെല്ലാം ശാസ്ത്രം കണ്ടുപിടിക്കുന്നതിന്‍ മുമ്പ് തന്നെ ഇബ്‌നു അബ്ബാസ്(റ) പോലെയുള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചിട്ടുണ്ട്. ശാസ്ത്ര നിഗമനത്തിന് തെറ്റ് പറ്റാം; തത്ത്വത്തിന്‍ തെറ്റ് പറ്റുകയില്ല. ഭൂമിക്കു രണ്ട് തരം ചലനമുണ്ട്, ഭൂമി ഗോളാകൃതിയിലാണ്, സൂര്യന്‍ചലിക്കുന്നുണ്ട്, ഈ ചലനം ഭൂമിക്കു ചുറ്റുമല്ല ഇതെല്ലാം ശാസ്ത്രം തെളിയിച്ച സത്യമാണ്. ഇതിനെ ഖുര്‍ആന്‍ നിഷേധിക്കുന്നില്ല. അംഗീകരിക്കുകയാണ് ചെയ്യുന്നത്. ഖുര്‍ആനില്‍ എവിടെയും സൂര്യന്‍ ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്നുണ്ടെന്ന് പറയുന്നില്ല. ഏതോ ഒരു കേന്ദ്രത്തെ ലക്ഷ്യം വെച്ച് സഞ്ചരിക്കുന്നു എന്നാണ് പറയുന്നത്. ഖുര്‍ആന്‍ ഒരു സാഹിത്യ ഗ്രന്ഥം കൂടിയായിട്ടും ചന്ദ്രനെ വിളക്ക് എന്ന് വിശേഷിപ്പിക്കുന്നില്ല. സുര്യനെയാണ് വിളക്ക് എന്ന് വിശേഷിപ്പിക്കുന്നത്. ചുരുക്കത്തില്‍ ഏതു കാലത്തെയും ശാസ്ത്രത്തെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്ന ശൈലിയാണ് ശാസ്ത്ര വിഷയങ്ങള്‍ ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്.
മനുഷ്യ ബുദ്ധിക്ക് കണ്ടുപിടിക്കുവാന്‍ സാധിക്കാത്ത വിഷയങ്ങള്‍ വിവരിക്കുക എന്നതാണ് ഖുര്‍ആന്റെ അവതരണ ലക്ഷ്യം. എന്നാല്‍, ഏതു ബുദ്ധിജീവിക്കും ഉള്‍കൊള്ളുവാനും ഹിദായത്തു ലഭിക്കുവാനും വേണ്ടി എല്ലാ വിഷയവും ഖുര്‍ആനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇമാം റാസി(റ) സൂറ: അഹ്‌സാബിലെ 49ാം സൂക്തത്തിന്റെ വിശദീകരണത്തില്‍ എഴുതി: ‘നീ എന്താണ് വിചാരിക്കുന്നത്? ഖുര്‍ആന്‍ അത് ചെറിയതാണ്, എന്നാല്‍ അതിലെ ആശയങ്ങള്‍ ആവിഷ്‌കരിച്ചാല്‍ കടലാസുകള്‍ മതിയാവുകയില്ല’ (റാസി). ഖുര്‍ആനെ അപമാനിക്കുന്ന പ്രസ്താവനകള്‍ അതില്‍നിന്നും ഉണ്ടാവരുത്. എല്ലാ ശാസ്ത്രവും ഖുര്‍ആനില്‍ വ്യക്തമായി പറയണമെന്നും ഒരാളും വാശിപിടിക്കുകയും ചെയ്യരുത്. എല്ലാ ശാസ്ത്ര തത്ത്വങ്ങളും ഖുര്‍ആനില്‍ സൂചിപ്പിക്കുന്നുണ്ട് എന്ന് ഒരാള്‍ വാദിച്ചാല്‍ അതിനെ നിഷേധിക്കുവാനും ശ്രമിക്കേണ്ടതുമില്ല. ഇമാം റാസി(റ) പറഞ്ഞ തത്ത്വം ഓര്‍മിക്കുക: ‘ശാസ്ത്രം ദെവത്തിന്റെ സൃഷ്ടികളെക്കുറിച്ച് പ്രസ്താവിക്കുന്ന വിജ്ഞാന ശാഖയാണ്. മതം ദെവത്തിന്റെ വചനത്തെ കുറിച്ച് പ്രസ്താവിക്കുന്ന വിജ്ഞാന ശാഖയാണ്. രണ്ടും മനസ്സിലാക്കുന്നതില്‍ മനുഷ്യന്നു തെറ്റു പറ്റാം. തെറ്റുപറ്റുന്നതു ശാസ്ത്രത്തിനും മതത്തിനുമല്ല. മനുഷ്യര്‍ക്കാണ്’.
ഫഹ്‌മുസ്സ്വഹാബ
എന്താണ് ഫഹ്‌മുസ്സ്വഹാബ? ഇത് പ്രമാണമാണോ?
മറുപടി: ഒരു സ്വഹാബി മനസ്സിലാക്കിയ കാര്യം എന്നാണ് ഫഹ്‌മുസ്സ്വഹാബ എന്നതിനര്‍ഥം. ഇപ്രകാരം ഒരു പ്രമാണം ഇസ്‌ലാമിലില്ല. ഒരു സ്വഹാബി ഗ്രഹിച്ച കാര്യവും 10 സ്വഹാബിമാര്‍ മനസ്സിലാക്കിയതും നാലു ഖലീഫമാര്‍ ഏകോപിച്ച് പറഞ്ഞതും ഇസ്‌ലാമില്‍ പ്രമാണമല്ല. എന്നാല്‍ സ്വഹാബിമാരുടെ ഏകോപിച്ച അഭിപ്രായം (ഇജ്മാഅ്) തെളിവാണ്. ഫഹ്‌മുസ്സ്വഹാബ കൊണ്ട് സ്വഹാബിമാരുടെ ഇജ്മാആണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതു പ്രമാണമാക്കാം. മറ്റുള്ളവരുടെ ഇജ്മാഉം പ്രമാണം തന്നെയാണ്. ‘ഫഹ്‌മുസ്സ്വഹാബ’ പല വിഷയത്തിലും മദ്ഹബിലെ ഇമാമുമാര്‍ ഉപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥിരപ്പെട്ട ഒറ്റ ഇജ്മാഉം അവര്‍ ഉപേക്ഷിച്ചിട്ടില്ല. ഇസ്‌ലാമിലെ പ്രമാണങ്ങളില്‍ ഇപ്രകാരം ഫഹ്‌മുസ്സ്വഹാബ എന്ന ഒരിനം കാണുക സാധ്യമല്ല.
ബലിക്കും അഖീഖയ്ക്കും ഉത്തമം ആടാണോ?
നമ്മുടെ നാട്ടില്‍ സാധാരണയായി ബലിയറുക്കുന്നതിനും അഖീഖത്ത് അറുക്കുന്നതിനും മാടിനെയാണല്ലോ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ആടിനെ മാത്രമേ ബലിയറുക്കുന്നതിനും അഖീഖത്ത് അറുക്കുന്നതിനും പാടുള്ളൂ എന്ന് ചിലര്‍ പറഞ്ഞുകാണുന്നു. എന്താണ് നബിചര്യയില്‍ യഥാര്‍ഥത്തില്‍ ഉള്ളത്?
ഉ: ബലിയായി നബി(സ്വ) ആടുമാടുകളെയും ഒട്ടകങ്ങളെയും അറുക്കുകയോ അറുക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തതായി പ്രബലമായ ഹദീസുകളില്‍ കാണാം. എന്നാല്‍ അഖീഖ എന്ന നിലയില്‍ ആടല്ലാത്ത മൃഗങ്ങളെ നബി(സ്വ) അറുത്തതായോ അറുക്കാന്‍ നിര്‍ദേശിച്ചതായോ പ്രാമാണികമായ ഹദീസുകളിലൊന്നും കാണുന്നില്ല.
താടി വടിക്കല്‍
താടിവടിച്ചാല്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകുമോ?
ഉ: താടിരോമത്തെക്കുറിച്ച് അറിയാവുന്ന കാര്യം മീശ നീക്കാനും താടി വെറുതെ വിടാനും നബി (സ്വ) കല്പിച്ചതായി പ്രബലമായ ഹദീസുണ്ട് എന്ന് മാത്രമാണ്. അബൂഹുറയ്‌റ(റ)യില്‍ നിന്നും ഇമാം അഹ്‌മദും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസിലുള്ളത് നിങ്ങള്‍ മീശ മുറിച്ചു കളയുകയും താടിരോമങ്ങള്‍ നീളാന്‍ വിടുകയും മജൂസികള്‍ക്ക് വിരുദ്ധമാകുകയും ചെയ്യണമെന്ന് റസൂല്‍(സ്വ) പറഞ്ഞുവെന്നാണ്. മജൂസികളുടെ അഥവാ പാഴ്‌സികളുടെ പതിവ് താടിരോമം വെട്ടുകയായിരുന്നുവെന്ന് ഹദീസ് വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌നു ഉമര്‍(റ)ല്‍ നിന്ന് ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസിലുള്ളത് ‘നിങ്ങള്‍ ബഹുദൈവാരാധകരില്‍ നിന്ന് വ്യത്യസ്തമായി താടിരോമങ്ങള്‍ വളരാന്‍ വിടുകയും മീശ നീക്കുകയും ചെയ്യണം’ എ
ന്ന് നബി(സ്വ) പറഞ്ഞുവെന്നതാണ്. ഇബ്‌നു ഉമര്‍(റ) ഹജ്ജോ ഉംറയോ ചെയ്യുമ്പോള്‍ താടിയില്‍ കൈ കൊണ്ട് ഒരു പിടിപിടിച്ചിട്ട് കൂടുതലുള്ളത് എടുത്തു കളയാറുണ്ടായിരുന്നു എന്നും ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്.
താടി വടിക്കല്‍ മക്‌റൂഹ് (അനഭിലഷണീയം) ആണെന്നാണ് വിവിധ മദ്ഹബുകളിലെ പല പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. താടിവടിക്കല്‍ ഹറാമാണെന്ന് നബി(സ്വ)യോ സ്വഹാബികളോ നാല് മദ്ഹബിന്റെ ഇമാമുകളോ വ്യക്തമാക്കിയതായി കണ്ടിട്ടില്ല. പ്രവാചകന്‍മാരെല്ലാം താടി നീട്ടിയവരായിരുന്നുവെന്ന് വ്യക്തമാക്കുന്ന പ്രബലമായ ഹദീസും കണ്ടിട്ടില്ല. അതിനാല്‍ താടിവടിച്ചാല്‍ ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകുമെന്ന് പറയാന്‍ കഴിയില്ല.
മരിച്ചവരുടെ പേരിലുള്ള ദാനം
മരിച്ച മാതാപിതാക്കള്‍ക്ക് പ്രതിഫലം ലഭിക്കാന്‍ വേണ്ടിയല്ലാതെ, മറ്റു ബന്ധുക്കള്‍ക്കോ അന്യര്‍ക്കോ പ്രതിഫലം ലഭിക്കാന്‍ വേണ്ടി ദാനം ചെയ്യുന്നതിന് ഹദീസില്‍ തെളിവുണ്ടോ?
ഉ: ഈ വിഷയകമായി എല്ലാ ഹദീസുകളിലും മരിച്ചു പോയ പിതാവിനു/മാതാവിനു വേണ്ടി ദാനം ചെയ്യാമോ എന്ന് ചോദിച്ചവര്‍ക്ക് നബി(സ്വ) അനുകൂലമായ മറുപടി നല്‍കിയെന്നാണുള്ളത്. മറ്റേതെങ്കിലും ബന്ധുവിന് വേണ്ടിയോ അന്യവ്യക്തിക്കു വേണ്ടിയോ ദാനം ചെയ്യാമോ എന്ന് നബി (സ്വ)യോട് ആരും ചോദിച്ചതായി ഹദീസുകളില്‍ കാണുന്നില്ല. വിശുദ്ധ ഖുര്‍ആനിലെ 53:39 സൂക്തത്തില്‍ അള്ളാഹു വ്യക്തമാക്കിയിട്ടുള്ളത് ‘മനുഷ്യന് അവന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല’ എന്നാണ്. സ്‌നേഹ പരിലാളനകളും ശിക്ഷണങ്ങളും നല്‍കി വളര്‍ത്തിയ മക്കള്‍ മാതാപിതാക്കളുടെ പ്രയത്‌നത്തിന്റെ ഒരു ഭാഗമാണ്. അതിനാല്‍ മക്കള്‍ മാതാവിനോ പിതാവിനോ വേണ്ടി ദാനം ചെയ്തതിന്റെ പ്രതിഫലം അവര്‍ക്ക് ലഭിക്കുമെന്ന് വ്യക്തമാക്കുന്ന ഹദീസുകള്‍ 53:39 സൂക്തത്തിന് വിരുദ്ധമല്ല. മറ്റു ബന്ധുക്കളോ സുഹൃത്തുക്കളോ മരിച്ച ഒരാള്‍ക്ക് പ്രതിഫലം ലഭിക്കാന്‍ വേണ്ടി ദാനം ചെയ്താല്‍ അത് ‘അയാള്‍ പ്രയത്‌നിച്ചത്’ എന്ന വാക്കിന്റെ പരിധിയില്‍ ഉള്‍പ്പെടുകയില്ല.
നിരീശ്വരവാദിയുമായുള്ള വിവാഹബന്ധം നിലനിര്‍ത്താമോ?
എന്റെ സുഹൃത്തിന്റെ ഭര്‍ത്താവ് നിരീശ്വരവാദിയാണ്. വിവാഹ ശേഷമാണ് ഇത് മനസ്സിലാകുന്നത്. ഇസ്‌ലാമിനെ വളരെ ശക്തമായി (പരസ്യമായിട്ടല്ല) എതിര്‍ക്കുന്ന ആളാണ്. എന്നാല്‍ ഭാര്യയെ വളരെയധികം സ്‌നേഹിക്കുകയും ചെയ്യുന്നു. ലോക രക്ഷിതാവായ അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട്, ആ പ്രതീക്ഷയില്‍ ആ ബന്ധം തുടരാന്‍ പറ്റുമോ? അല്ലെങ്കില്‍ വേര്‍പരിയേണമോ?
ഉ: ഈ വിഷയകമായി വിശുദ്ധ ഖുര്‍ആനിലെ 60:10 സൂക്തത്തില്‍ പറഞ്ഞിട്ടുള്ളത് ഇപ്രകാരമാണ് ”ആ സ്ത്രീകള്‍ വിശ്വാസിനികളാണെന്ന് നിങ്ങള്‍ അറിഞ്ഞു കഴിഞ്ഞാല്‍ അവരെ നിങ്ങള്‍ സത്യനിഷേധികളുടെ അടുത്തേക്ക് മടക്കി അയക്കരുത്. ആ സ്ത്രീകള്‍ അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്) അനുവദനീയമല്ല. അവര്‍ ആ സ്തീകള്‍ക്കും അനുവദനീയമാവില്ല” ഒരു സത്യവിശ്വാസിക്ക് ഒരു നിരീശ്വരവാദിയെ ഭര്‍ത്താവായി സ്വീകരിക്കാനോ അറിയാതെ ആരംഭിച്ച ദാമ്പത്യബന്ധം തുടരാനോ പാടില്ലെന്നാണ് ഈ ഖുര്‍ആന്‍ വാക്യത്തില്‍ നിന്ന് ഗ്രഹിക്കാവുന്നത്.
സ്ത്രീകള്‍ ഖബ്ര്‍ സിയാറത്ത് ചെയ്യല്‍
നബി(സ്വ) ഖബര്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കിയപ്പോള്‍ അത് മരണത്തെയും പരലോകത്തെയും ഓര്‍ക്കാന്‍ ഉപകരിക്കുമെന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. ഇത് ശരിയെങ്കില്‍ ഈ വിധി സ്ത്രീകള്‍ക്കും ബാധകമല്ലേ ?
ഉ: നബി(സ്വ) ആദ്യ കാലത്ത് ഖബ്ര്‍ സന്ദര്‍ശനം നിരോധിച്ചിരുന്നുവെന്നും പില്‍കാലത്ത് അത് അനുവദിക്കുക മാത്രമല്ല പ്രോത്‌സാഹിപ്പിക്കുകയും ചെയ്തുവെന്നും തിര്‍മിദി റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ അനുവാദവും പ്രോത്‌സാഹനവും സ്ത്രീകള്‍ക്കും ബാധകമാണോ എന്ന വിഷയത്തില്‍ പൂര്‍വകാലം മുതല്‍ തന്നെ പണ്ഡിതന്‍മാര്‍ക്കിടയില്‍ വീക്ഷണ വ്യത്യാസമുണ്ട്. ‘ധാരാളമായി ഖബ്ര്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളെ റസൂല്‍(സ്വ) ശപിച്ചു’വെന്ന് അബൂഹുറയ്‌റ(റ) പറഞ്ഞതായി തിര്‍മുദീ, ഇബ്‌നുമാജ, അഹ്‌മദ്, എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്ക് ഖബ്ര്‍ സന്ദര്‍ശനം വിലക്കിയത്. അത് എല്ലാവര്‍ക്കും പൊതുവായി വിലക്കിയിരുന്ന കാലത്താണെന്നും വിലക്ക് നീക്കി അനുവാദം നല്‍കിയത് സ്ത്രീകള്‍ക്കും ബാധകമാണെന്നും അഭിപ്രായപ്പെട്ട ചില പണ്ഡിതന്‍മാരുണ്ട്. ”അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ ഖബ്ര്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ എന്താണ് പറയേണ്ടത്?”എന്ന് ആഇശ(റ) ചോദിച്ചപ്പോള്‍ ”അസ്സലാമുഅലാ അഹ്‌ലിദ്ദിയാരി മിനല്‍ മുഅ്മിനീന” എന്ന് ചൊല്ലാന്‍ റസൂല്‍(സ്വ) നിര്‍ദേശിച്ചുവെന്ന് മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ് സ്ത്രീകള്‍ക്ക് ഖബ്ര്‍ സിയാറത്ത് അനുവദനീയമാണ് എന്നു പറയുന്നവര്‍ അവലംബിക്കുന്ന പ്രധാനതെളിവ്.
കടം പൊറുക്കാത്ത പാപമാണോ?
കടമൊഴികെ രക്തസാക്ഷിയുടെ എല്ലാ പാപവും പൊറുക്കപ്പെടുമെന്ന് ഒരു പ്രഭാഷണം കേള്‍ക്കാനിടയായി. അപ്പോള്‍ ശിര്‍ക്കിനേക്കാള്‍ ഗുരുതരമായ പാപമാണോ കടം? അങ്ങനെയെങ്കില്‍ അള്ളാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയായ ആള്‍ പോലും നരകത്തിലെത്തുമോ?
ഉ: കടം പാപമല്ല. വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും വലിയ സൂക്തം കടമിടപാട് എങ്ങനെ നടത്തണമെന്ന് പഠിപ്പിക്കുന്നതാണ്. കടം വാങ്ങേണ്ടുന്ന ആവശ്യം സത്യവിശ്വാസികളില്‍ പലര്‍ക്കും നേരിടാവുന്നതാണ്. അങ്ങനെയുള്ളവര്‍ക്ക് കടം നല്‍കി സഹായിക്കുന്നത് പുണ്യകരമാണ്. എന്നാല്‍ കഴിവുണ്ടായിട്ടും കടം വീട്ടാതിരിക്കുന്നത് ഗുരുതരമായ പാപമാണ്. കടം കൊടുത്ത ആള്‍ പൊറുത്തുകൊടുത്താലേ ആ പാപം അള്ളാഹു പൊറുക്കുകയുള്ളൂ. മനുഷ്യരോട് ചെയ്ത തെറ്റുകളുടെയൊക്കെ അവസ്ഥയും ഇതുപോലെത്തന്നെയാണ്. രക്തസാക്ഷി കടബാധ്യത നിമിത്തം നരകത്തില്‍ പോകേണ്ടി വരുമെന്ന് പ്രബലമായ ഹദീസുകളിലൊന്നും തന്നെ കണ്ടിട്ടില്ല.
ഇസ്‌ലാമിക വിധികള്‍
ഇസ്‌ലാമില്‍ ഒരു കാര്യത്തിന്‍ വിധി പറയുമ്പോള്‍ ഹറാം, കറാഹത്ത്, സുന്നത്ത്, ഫര്‍ദ് എന്നിങ്ങനെയുള്ള വിഭജനം ഖുര്‍ആനിലും ഹദീസിലും വ്യക്തമായി പറയപ്പെട്ടതാണോ?
മറുപടി: നമസ്‌കാരം അഞ്ചു നേരം ആണെന്ന് ഖുര്‍ആനില്‍ പദങ്ങളിലൂടെ പ്രസ്താവിക്കുന്നില്ലെങ്കിലും അഞ്ചുനേരത്തെ നമസ്‌കാരം ഖുര്‍ആനില്‍ നിന്ന് തന്നെ നമുക്ക് ഗ്രഹിച്ചെടുക്കാന്‍ സാധിക്കുന്നതാണ്. ഇതുപോലെ ഈ അഞ്ചു വിധികള്‍ ക്രമത്തില്‍ പ്രസ്താവിക്കുന്നില്ലെങ്കിലും ഖുര്‍ആനിലെയും ഹദീസിലെയും നിര്‍ദേശങ്ങളെ ചുറ്റുപാടുകളും സാഹചര്യങ്ങളും നബി(സ്വ)യുടെ വാക്കുകളും പരിഗണിച്ചുകൊണ്ട് ഈ വിധികള്‍ വിഭജിക്കുവാന്‍ സാധിക്കുന്നതാണ്. പദപ്രയോഗങ്ങള്‍ കര്‍മശാസ്ത്ര പണ്ഡിതന്‍മാരുടെയും അടിസ്ഥാന ശാസ്ത്ര പണ്ഡിതന്‍മാരുടെതുമാണ്. ഹറാമിന്ന് കറാഹത്ത് എന്ന് ഖുര്‍ആനിലും ഇമാം ശാഫിഈ(റ)യുടെ പ്രയോഗത്തിലും ചിലപ്പോള്‍ ഉപയോഗിച്ചതു കാണാം. അനുഷ്ഠിച്ചാല്‍ പ്രതിഫലം ലഭിക്കുന്നതും ഉപേക്ഷിച്ചാല്‍ ശിക്ഷ ലഭിക്കാത്തതുമായ സംഗതികള്‍ക്ക് സുന്നത്ത് എന്ന പദപ്രയോഗം കര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ (ഫിഖ്ഹ് പണ്ഡിതന്‍മാര്‍) ഉപയോഗിക്കുന്നതാണ്.
അടിസ്ഥാന കര്‍മശാസ്ത്രത്തില്‍ (ഉസൂലുല്‍ ഫിഖ്ഹില്‍) ഇതിന്ന് പ്രയോഗിക്കുന്നത് മന്‍ദൂബ് എന്നാണ്. സുന്നത്ത് എന്ന പദം ഇവര്‍ ഉപയോഗിക്കുക പൊതുവായ നിലക്കുള്ള നബിചര്യയ്ക്കാണ്. ഫര്‍ദ്വിനും ഹറാം ഉപേക്ഷിക്കുന്നതിനും ഇവര്‍ സുന്നത്ത് എന്നു പറയും. ഹദീസ് എന്നാണ് ഇവിടെ സുന്നത്തിന്റെ വിവക്ഷ. ഹദീസുകളിലും സുന്നത്ത് എന്ന പദം ഫര്‍ദ്വിന്ന് ഉപയോഗിച്ചതായി കാണാം. കര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ മന്‍ദൂബിന്നു സുന്നത്ത് എന്ന് പ്രയോഗിച്ചതു കൊണ്ട് ജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പം ഉണ്ടാവുകയും നബിചര്യയുടെ സ്ഥാനം ഇതുകൊണ്ട് ലഘുവാക്കപ്പെടുകയും ചെയ്തിട്ടുണ്ട് എന്നു പറയാതിരിക്കാന്‍ വയ്യ.
വിവാഹത്തിന് കാര്‍മികത്വം
ഇസ്‌ലാമിക വിവാഹത്തില്‍ കാര്‍മികത്വം വഹിക്കല്‍ നിര്‍ബ്ബന്ധമാണോ? സാധാരണയായി മഹല്ലിലെ ഇമാമോ ഏതെങ്കിലും പണ്ഡിതനോ കാര്‍മികത്വം വഹിച്ചുകാണുന്നു. എന്നാല്‍ നികാഹിന്റെ വാക്കുകള്‍ വരനും വധുവിന്റെ പിതാവും ചൊല്ലി പ്രതിജ്ഞയെടുത്താല്‍ തന്നെ വിവാഹം സാധുവാകുകയില്ലേ ?
ഉ: ഒരു നികാഹ് അഥവാ വിവാഹ കര്‍മം സാധുവാകാന്‍ ഒരു കാര്‍മികന്‍ ഉണ്ടായിരിക്കേ ണ്ടതില്ല. സാന്ദര്‍ഭികമായ ഒരു ഉദ്‌ബോധനം നല്‍കാനും നികാഹ് എങ്ങനെയാണെന്നറിയാത്ത രക്ഷിതാവിനും വരനും മാര്‍ഗനിര്‍ദേശം നല്‍കാനുമാണ് പലരും ഒരു പണ്ഡിതനെ ക്ഷണിക്കുന്നത്. വരനും വധുവിന്റെ രക്ഷിതാവും നികാഹിന്റെ വാക്കുകള്‍ ഉച്ചരിക്കുക മാത്രം ചെയ്താലും നികാഹ് സാധുവാകും. അതില്‍ രണ്ട് സാക്ഷികളെങ്കിലും ഉണ്ടാവണമെന്നേയുള്ളൂ.
ഏതെങ്കിലുമൊരു പുരോഹിതന്റെ കാര്‍മികത്വം കൊണ്ട് വിവാഹം അനുഗൃഹീതമാവുമെന്ന ധാരണക്ക് ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്‍ബലമില്ല.
പുരാതന ചികിത്‌സകളുടെ വിധി
കൊമ്പു വെയ്ക്കല്‍, ഹിജാമ, കപ്പിംഗ് എന്നിങ്ങനെ പല പേരുകളില്‍ ചില ചികിത്‌സകള്‍ ചിലര്‍ ചെയ്തു വരുന്നു. ഇവയെല്ലാം പ്രവാചക വൈദ്യത്തില്‍പ്പെട്ടതാണെന്നും കേള്‍ക്കുന്നു. മതപരമായും വൈദ്യശാസ്ത്രപരമായും ഇതിന്നു വല്ല അടിത്തറയുമുണ്ടോ?
ഉ: ഒരു ചികിത്‌സയുടെ മൂന്ന് ഭാഷകളിലെ പേരുകളാണിത്. അമിതമായതോ ദുഷിച്ചതോ ആയ രക്തം വലിച്ചെടുക്കുന്ന ചികിത്‌സാ രീതിയാണിത്. ചില ആയുര്‍വേദ ചികിത്‌സകര്‍ ഇതിന് പകരം അട്ട എന്ന ജീവിയെ കൊണ്ട് കടിപ്പിച്ച് രക്തം ഒഴിവാക്കാറുണ്ട്. നബി(സ്വ) കൊമ്പ് വെപ്പിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. ഈ ചികിത്‌സ ഗുണകരമാണെന്ന് നബി(സ്വ) പറഞ്ഞതായി ജാബിര്‍(റ)ല്‍ നിന്ന് ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നബി(സ്വ) ആവിഷ്‌കരിച്ച ചികിത്‌സാ സമ്പ്രദായമല്ല ഇത്. അറബികള്‍ക്കിടയില്‍ മുമ്പ്തന്നെ നിലവിലുണ്ടായിരുന്നതാണ്.
മഞ്ഞയും കാവിയും
മുസ്‌ലിം പുരുഷന്‍മാര്‍ മഞ്ഞ വസ്ത്രവും കാവി (കുങ്കുമം) വസ്ത്രവും ധരിക്കരുതെന്ന് പറയുന്നതിന് പ്രമാണങ്ങളുടെ (പ്രബലമായഹദീസുകള്‍) പിന്‍ബലമുണ്ടോ? അവര്‍ മഞ്ഞ വസ്ത്രം ധരിച്ചാല്‍ ഉറക്കത്തില്‍ ദുഃസ്വപ്നം കാണുമോ?
ഉ: പുരുഷന്‍മാര്‍ മഞ്ഞ വസ്ത്രം ധരിക്കരുതെന്ന് നബി(സ്വ) വിലക്കിയതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. ‘ഉസ്ഫുര്‍’ (ഒരുതരം ചുവപ്പ്)ചായം പൂശിയ വസ്ത്രം ധരിക്കുന്നത് നബി(സ്വ) വിലക്കിയതായും അത് സത്യ നിഷേധികളുടെ വസ്ത്രങ്ങളില്‍പ്പെട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായും മുസ്‌ലിം, നസാഈ, അഹ്‌മദ് എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ നബി(സ്വ) ചുവപ്പ് വസ്ത്രം ധരിച്ചതായി പ്രബലമായ മറ്റൊരു ഹദീസിലുണ്ട്. എല്ലാ ചുവപ്പു വസ്ത്രങ്ങളും നിഷിദ്ധമല്ലെന്നും അറേബ്യയിലെ സത്യനിഷേധികള്‍ ധരിച്ചിരുന്ന ഒരു പ്രത്യേക തരം ചുവപ്പു ചായമിട്ട വസ്ത്രത്തിന്നേ വിലക്കുള്ളൂവെന്നുമാണ് ഇതില്‍ നിന്നും ഗ്രഹിക്കാവുന്നത്. കുങ്കുമച്ചായമുള്ള വസ്ത്രത്തിന്റെ കാര്യത്തില്‍ വ്യത്യസ്തമായ റിപ്പോര്‍ട്ടുകളുണ്ട്. നബി(സ്വ) വസ്ത്രത്തിന് കുങ്കുമച്ചായ നല്‍കിയിരുന്നു എന്ന് ഇബ്‌നു ഉമര്‍(റ)ല്‍ നിന്ന് അബൂദാവൂദ്, നസാഈ, അഹ്‌മദ് എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ആ നിറമുള്ള വസ്ത്രം നിഷിദ്ധമല്ലെന്നാണ് മനസ്സിലാക്കാവുന്നത്. മഞ്ഞ വസ്ത്രം ധരിച്ചാല്‍ ദുഃസ്വപ്നം കാണുമെന്ന് പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല.
നന്‍മയുടെ പ്രചാരണത്തിന് സിനിമ
ടെലിവിഷനും സിനിമയും ശക്തമായ പ്രാചാരണോപാധിയെന്ന നിലക്ക് സമീപിക്കുന്നതില്‍ എന്താണ് തെറ്റ്? കലാ മാധ്യമങ്ങള്‍ നന്‍മയുടെ മാര്‍ഗ്ഗത്തില്‍ ഉപയോഗിക്കാന്‍ എന്തുകൊണ്ട് ഉല്‍പതിഷ്ണുക്കള്‍ പോലും തയ്യാറാകുന്നില്ല?
ഉ: ശക്തമായ ഒരു ദൃശ്യമാധ്യമം എന്ന നിലയില്‍ സിനിമക്കുള്ള സാധ്യതകള്‍ ഇസ്‌ലാമിക ആശയങ്ങളുടെ പ്രചാരണത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നതില്‍ അപാകതയില്ല. ഇസ്‌ലാമിന്റെ മൗലികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ സിനിമയില്‍ കടന്നുകൂടാതിരിക്കാന്‍ സംവിധായകര്‍ ശ്രദ്ധ ചെലുത്തണമെന്നേയുള്ളൂ.
അമുസ്‌ലിംകളോട് സലാം പറയല്‍
സത്യവിശ്വാസികള്‍ പരസ്പരം കാണുമ്പോള്‍ സലാം പറയുന്നത് സുന്നത്താണ്. എന്നാല്‍ അമുസ്‌ലിംകളോട് സലാം പറയുന്നതിനെക്കുറിച്ച് ഇസ്‌ലാം എന്തു പറയുന്നു? അങ്ങനെ ചെയ്യുന്നതിന് വിലക്കുണ്ടോ?
ഉ: സത്യ വിശ്വാസികള്‍ പരസ്പരം കണ്ടുമുട്ടിയാല്‍ സലാം പറയണം എന്ന് ഖുര്‍ആനിലും ഹദീസിലും നിര്‍ദേശിച്ചിട്ടുണ്ട്. ഇബ്രാഹീം നബി(അ) തന്റെ അവിശ്വാസിയായ പിതാവിന് സലാം പറഞ്ഞ കാര്യം വിശുദ്ധ ഖുര്‍ആന്‍ 19:47 ല്‍ പരാമര്‍ശിച്ചിട്ടുണ്ട്. അവിശ്വാസികള്‍ക്ക് വേണ്ടി പാപ മോചനത്തിന് പ്രാര്‍ഥിക്കുന്നത് പിന്നീട് അല്ലാഹു വിലക്കിയിട്ടുണ്ടെങ്കിലും സലാം പറയരുതെന്ന് വിലക്കിയിട്ടില്ല. ഇബ്രാഹീം നബി(അ)യുടെ അതിഥികളായി എത്തിയ മലക്കുകള്‍ അദ്ദേഹത്തിന് സലാം പറയുകയും അദ്ദേഹം സലാം മടക്കുകയും ചെയ്ത കാര്യം വിശുദ്ധഖുര്‍ആന്‍ 11: 69 ല്‍ പരാമര്‍ശിച്ചിട്ടുണ്ട്. മുഹമ്മദ് നബി(സ്വ)യുടെ മക്കാജീവിത കാലത്ത് അവതരിച്ച അന്‍ആം:54, ഖസസ്:55 എന്നീ വചനങ്ങളില്‍ സലാം പറയാനുള്ള നിര്‍ദേശമുണ്ട്. വിവിധ മതക്കാര്‍ ഉള്‍പ്പെടുന്ന സദസിന് നബി(സ്വ) സലാം പറഞ്ഞതായും അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും സലാം പറയാന്‍ അദ്ദേഹം നിര്‍ദേശിച്ചതായും സ്വഹീഹായ ഹദീസുകളില്‍ കാണാം.
അഖീഖയ്ക്ക് പ്രായ പരിധിയുണ്ടോ?
‘അഖീഖ’ അറുക്കാന്‍ വൈകിയാല്‍ (ഏകദേശം ഒരു വര്‍ഷം) പ്രശ്‌നം ഉണ്ടോ? ‘അഖീഖ’ അറുക്കുന്നതിന് പകരം തത്തുല്യമായ പണം പാവങ്ങളെ സഹായിക്കാന്‍ ചിലവഴിച്ചാല്‍ മതിയോ ?
ഉ: കുട്ടി ജനിച്ചിട്ട് ഏഴാം ദിവസം നബി(സ്വ) അഖീഖ അറുത്തുവെന്ന് പ്രമാണികമായ ഹദീസിലുണ്ട്. അന്ന് അറുക്കാന്‍ കഴിയാത്തവര്‍ പിന്നീട് എപ്പോള്‍ അറുക്കണമെന്ന് നബി(സ്വ) വ്യക്തമാക്കിയതായി ഹദീസില്‍ കാണുന്നില്ല. കുട്ടിയുടെ പ്രായപൂര്‍ത്തിക്ക് മുമ്പ് എപ്പോള്‍ അറുത്താലും അത് അഖീഖഃ എന്ന പുണ്യകര്‍മമായി സ്വീകരിക്കപ്പെടുമെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അഖീഖഃ ഒരു നിര്‍ബന്ധ കര്‍മമല്ല. അതിന്നു പകരം പാവങ്ങള്‍ക്ക് സഹായം നല്‍കിയാല്‍ അഖീഖഃ എന്ന പുണ്യകര്‍മത്തിന്റെ പ്രതിഫലം ലഭിക്കുമെന്ന് പറയാന്‍ തെളിവുകളില്ല. ഉദ്ദേശ്യശുദ്ധിയോടെ ചെയ്യുന്ന ഏതു സഹായത്തിനും ദാനത്തിന്റെ പ്രതിഫലം ലഭിക്കും. അടുത്ത കുട്ടിയുണ്ടാകുമ്പോള്‍ രണ്ട് മൃഗങ്ങളെ അഖീഖഃ എന്ന നിലയില്‍ അറുക്കുകയാണ് വേണ്ടത്. ആണ്‍കുട്ടിയുടെ പേരില്‍ നബി(സ്വ) രണ്ട് കൂറ്റനാടുകളെ അറുത്തുവെന്ന് ഒരു ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. പശുവര്‍ഗത്തെയോ പോത്ത്, ഒട്ടകം എന്നിവയെയോ അഖീഖഃ എന്ന നിലയില്‍ നബി(സ്വ) അറുത്തതായോ അറുക്കാന്‍ നിര്‍ദേശിച്ചതായോ പ്രബലമായ ഹദീസുകളിലൊന്നും കാണുന്നില്ല.
വെള്ളിയാഴ്ച പെരുന്നാളായാല്‍
വെള്ളിയാഴ്ച പെരുന്നാളായാല്‍ പെരുന്നാള്‍ നമസ്‌കാരത്തിലും ജുമുഅയിലും പങ്കെടുക്കല്‍ നിര്‍ബന്ധമാണോ?
ഉ: അഹ്‌മദ്, അബൂദാവൂദ്, ഇബ്‌നുമാജ, എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. സൈദുബ്‌നു അര്‍ഖമി(റ)നോട് മുആവിയ(റ) ചോദിച്ചു: ”രണ്ടു വിശേഷ സന്ദര്‍ഭങ്ങള്‍ ഒന്നിച്ചുവന്ന സന്ദര്‍ഭത്തില്‍ താങ്കള്‍ റസൂല്‍(സ്വ)നോടൊപ്പം പങ്കെടുത്തിട്ടുണ്ടോ?” അദ്ദേഹം പറഞ്ഞു”അതേ”. പകലിന്റെ ആരംഭത്തില്‍ റസൂല്‍(സ്വ) നമസ്‌കാരം നിര്‍വഹിച്ചു. പിന്നീട് ജുമുഅയുടെ കാര്യത്തില്‍ ഇളവ് നല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ജുമുഅ നമസ്‌കാരം നിര്‍വഹിക്കാന്‍ വല്ലവനും ഉദ്ദേശിക്കുന്നുവെങ്കില്‍ അതവന്‍ ചെയ്തുകൊള്ളട്ടെ”.
അബൂഹുറയ്‌റ(റ)യില്‍ നിന്ന് അബൂദാവൂദും ഇബ്‌നുമാജയും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. റസൂല്‍(സ്വ) പറഞ്ഞു: ”നിങ്ങളുടെ ഈ ദിവസത്തില്‍ രണ്ട് വിശേഷ ദിനങ്ങള്‍ ഒത്തുവന്നിരിക്കുന്നു. വല്ലവനും ഉദ്ദേശിക്കുന്നുവെങ്കില്‍ ജുമുഅക്കു പകരം അവന്ന് പെരുന്നാള്‍ നമസ്‌കാരം മതിയാകും. എന്നാല്‍ നാം ജുമുഅ നമസ്‌കാരം നിര്‍വഹിക്കുകയാണ്”.
അഖീഖ അറുക്കുന്നതിന്റെ നിബന്ധനകള്‍
ഉള്ഹിയ്യത്തിന് അറുക്കുന്ന മൃഗങ്ങള്‍ക്കുള്ളത് പോലെ വല്ല നിബന്ധനകളും അഖീഖ അറുക്കാനുള്ള മൃഗങ്ങള്‍ക്കും ഉണ്ടോ? ആണ്‍കുട്ടിക്ക് അഖീഖ അറുക്കുന്നത് ആടാണെങ്കില്‍ അവ രണ്ടെണ്ണം വേണമെന്നും അവയ്ക്ക് രണ്ടു വയസ്സ് പൂര്‍ത്തിയാവണമെന്നും ചിലര്‍ പറയുന്നു. ശരിയാണോ?
ഉ: അഖീഖയായി അറുക്കുന്ന മൃഗത്തിന് നബി(സ്വ) പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ഉള്ഹിയ്യത്തിന്റെ കാര്യത്തില്‍ അദ്ദേഹം പറഞ്ഞത് അഖീഖക്കു കൂടി ബാധകമാക്കുകയാണ് ചില പണ്ഡിതന്‍മാര്‍ ചെയ്തത്. ആണ്‍കുട്ടി ജനിച്ചാല്‍ രണ്ട് കൂറ്റനാടുകളെ അറുക്കാന്‍ നബി(സ്വ) നിര്‍ദേശിച്ചതായി തിര്‍മിദി, ഇബ്‌നുമാജ, അഹ്‌മദ് എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
