മറ്റുവിഷയങ്ങളിലെ ചോദ്യങ്ങള്‍- 2
വിശ്വാസം, അനുഷ്ഠാനം, ആചാരം എന്നിവയ്ക്കു പുറമെ ആനുകാലിക പ്രശ്നങ്ങള്‍ ഒരുപാടുണ്ട്. മറ്റെല്ലാ വിഷയങ്ങള്‍ പോലെയും നിത്യജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലായി അവ നാം അഭിമുഖീകരിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്ക് നല്കപ്പെട്ട ഏതാനും വിശദീകരണങ്ങള്‍ വിഷയക്രമം പരിഗണിക്കാതെ മറ്റുവിഷയങ്ങളിലെ ചോദ്യങ്ങള്‍ എന്ന തലവാചകത്തിന് കീഴിലായി ഇവിടെ നല്‍കുകയാണ്.
ഇഴജന്തുക്കളെ കൊല്ലല്‍
പാമ്പ്, തേള് തുടങ്ങിയ ഉപദ്രവകാരികളായ ഇഴജന്തുക്കളെയും പല്ലി, കൂറ പോലുള്ള ജീവികളെയും കൊല്ലുന്നത് അനുവദനീയമാണോ?
മറുപടി: യാതൊരു ജീവികളെയും വധിക്കാന്‍ പാടില്ലെന്ന് ഇസ്ലാം നിര്‍ദേശിക്കുന്ന ഹറമില്‍ വെച്ച് പോലും പാമ്പ്, തേള് പോലെയുള്ള ഉപദ്രവകാരികളായ ജീവികളെ വധിക്കാമെന്ന് നബി(സ്വ) പഠിപ്പിക്കുന്നു. (ബുഖാരി, മുസ്ലിം) നമസ്കരിക്കുന്ന സന്ദര്‍ഭത്തിലും ഇവയെ കൊല്ലാമെന്ന് നബി(സ്വ) പറയുന്നു. (മുസ്ലിം) പക്ഷികള്‍, ഇഴജന്തുക്കള്‍, മൃഗങ്ങള്‍, മറ്റുള്ള ജീവികള്‍ എല്ലാം തന്നെ അല്ലാഹുവിലെ ഏകത്വം അംഗീകരിക്കുകയും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് പരിശുദ്ധ ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നു. അതിനാല്‍ ഉപദ്രവകാരികളായ ജീവികള്‍ നമ്മെ ഉപദ്രവിക്കുമെന്ന് ഉറപ്പാകുന്ന സന്ദര്‍ഭത്തില്‍ മാത്രം അവയെ വധിക്കുക. അല്ലാഹുവിന്ന് തസ്ബീഹ് ചൊല്ലുവാന്‍ അല്ലാഹു സൃഷ്ടിച്ച ഒരു ജീവിയെ എന്തിനാണ് നാം കൊല്ലുന്നത്?
പല്ലി നമുക്ക് യാതൊരു ഉപദ്രവവും ചെയ്യുന്നില്ല. എന്നാല്‍ ഇവയുടെ വര്‍ധനവ് കാരണം ഉപദ്രവം ഉണ്ടെങ്കില്‍ കൊല്ലുന്നതിനു വിരോധമില്ല. കൂറ ഉപദ്രവം ചെയ്യുന്നുണ്ടെങ്കില്‍ കൊല്ലാം.. പരമാവധി ഒരു ജീവിയെയും കൊല്ലാതിരിക്കുവാന്‍ ശ്രമിക്കുക. എന്നാല്‍ മനുഷ്യനാണ് പ്രഥമന്‍. അവനെക്കാള്‍ ഒരു ജീവിക്കും പവിത്രത കല്പിക്കുവാന് പാടില്ല. എല്ലാ ജീവികളെയും മനുഷ്യന്റെ നന്മക്കുവേണ്ടിയാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. അതിനാല്‍ പാമ്പ്, തേള്, എലി, പല്ലി, കൂറ, കാക്ക മുതലായവയെല്ലാം മനുഷ്യന്റെ ശരീരത്തിനോ അവന്റെ സമ്പത്തിനോ കൃഷിക്കോ ശല്യം ചെയ്യുകയാണെങ്കില്‍ അവയെ വധിക്കാതെ തന്നെ ശല്യം ഒഴിവാക്കുവാന്‍ സാധിക്കുമെങ്കില്‍ ആദ്യമായി അപ്രകാരം ചെയ്യുക. കൊല്ലല്‍ അനിവാര്യമാവുകയാണെങ്കില് മാത്രം അപ്രകാരം ചെയ്യുക. എല്ലാ ജീവികളും അല്ലാഹുവിന്റെ സൃഷ്ടികളാണ്. ഉപദ്രവമില്ലാത്തപക്ഷം ഒരു മരവും ഒരു പുല്ലു പോലും നശിപ്പിക്കരുത്. അവ നട്ടുവളര്‍ത്തുക. ഉപകാരം എടുത്തുകൊള്ളുക.
ബലിക്കും അഖീഖയ്ക്കും ഉത്തമം ആടാണോ?
നമ്മുടെ നാട്ടില്‍ സാധാരണയായി ബലിയറുക്കുന്നതിനും അഖീഖത്ത് അറുക്കുന്നതിനും മാടിനെയാണല്ലോ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ആടിനെ മാത്രമേ ബലിയറുക്കുന്നതിനും അഖീഖത്ത് അറുക്കുന്നതിനും പാടുള്ളൂ എന്ന് ചിലര്‍ പറഞ്ഞുകാണുന്നു. എന്താണ് നബിചര്യയില്‍ യഥാര്‍ഥത്തില്‍ ഉള്ളത്?
ഉ: ബലിയായി നബി(സ്വ) ആടുമാടുകളെയും ഒട്ടകങ്ങളെയും അറുക്കുകയോ അറുക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തതായി പ്രബലമായ ഹദീസുകളില്‍ കാണാം. എന്നാല്‍ അഖീഖ എന്ന നിലയില്‍ ആടല്ലാത്ത മൃഗങ്ങളെ നബി(സ്വ) അറുത്തതായോ അറുക്കാന്‍ നിര്‍ദേശിച്ചതായോ പ്രാമാണികമായ ഹദീസുകളിലൊന്നും കാണുന്നില്ല.
വീടുകളിലെ കൗതുക വസ്തുക്കള്‍
വീടുകളില്‍ കൗതുകത്തിന്നുവേണ്ടി മൃഗരൂപങ്ങള്‍, പക്ഷികള്‍, പൂക്കള്‍, മരത്തിലെ വേരുകൊണ്ടുള്ള രൂപങ്ങള്‍, ഫോട്ടോകള്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ പറ്റുമോ?
മറുപടി: മനുഷ്യര്‍, പക്ഷികള്‍, മൃഗങ്ങള്‍, ജീവികള്‍ മുതലായവയുടെ രൂപങ്ങളും ഫോട്ടോകളും പ്രതിഷ്ഠിക്കുവാനോ ചുമരുകളില്‍ തൂക്കിയിടാനോ പാടില്ല. എന്നാല്‍ അചേതന വസ്തുക്കള്‍(ഉദാ: മഴ, നദികള്‍) ചെടികള്‍, പൂക്കള്‍, മരങ്ങള്‍, അവകൊണ്ട് നിര്‍മിച്ച അചേതന വസ്തുക്കളുടെ രൂപങ്ങള്‍ മുതലായവയുടെ രൂപങ്ങളും ഫോട്ടോകളും പ്രതിഷ്ഠിക്കുന്നതിനും ചുമരുകളില്‍ തൂക്കിയിടുന്നതിനും വിരോധമില്ല. ആത്മാവ് ഉള്ളതിന്റേതാണ് നിരോധിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യര്‍, പക്ഷികള്‍, മൃഗങ്ങള്‍, മറ്റു ചലനസ്വഭാവമുള്ള ജീവികള്‍ മുതലായവയ്ക്കാണ് ആത്മാവുള്ളതായി പരിഗണിക്കപ്പെടുന്നത്. എന്നാല്‍ കുട്ടികളുടെ കളിക്കോപ്പുകള്‍ എന്ന നിലക്ക് മനുഷ്യന്റെ രൂപങ്ങള്‍ വരെ (പാവക്കുട്ടി പോലെ) വീടുകളില്‍ സൂക്ഷിക്കുന്നതിനു വിരോധമില്ല (ബുഖാരി: 6130).
ഇബ്നു ഹജര്‍(റ) ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് എഴുതുന്നു: കുട്ടികള്‍ക്ക് കളിക്കുവാന്‍ വേണ്ടി പെണ്‍കുട്ടികളുടെ രൂപത്തിലുള്ള പാവകളും മറ്റും ഉണ്ടാക്കല്‍ അനുവദനീയമാണ്. അവ വിലക്കുന്നതിനും വിരോധമില്ല (ഫത്ഹുല്‍ബാരി: 13649). സ്ത്രീകളാണ് ഈ വിഷയത്തില്‍ കുടുതല്‍ ശ്രദ്ധിക്കേണ്ടത്. അതിനാല്‍ കേവലം കൗതുകത്തിന്ന് വേണ്ടി അലമാരികളിലും മറ്റും സൂക്ഷിച്ചുവെച്ചിട്ടുള്ള മനുഷ്യന്റെയും മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങള്‍ എടുത്തുമാറ്റുക. എന്നാല്‍ അചേതന വസ്തുക്കള്‍ (മഴ, നദികള്‍, വീട്, വാഹനങ്ങള്‍, യന്ത്രങ്ങള്‍ ചെടികള്‍, പൂക്കള്‍, മരങ്ങള്‍) ഇവയുടേതു എടുത്തുമാറ്റേണ്ടതില്ല.
ആത്മഹത്യ ചെയ്തവര്‍ക്ക് മയ്യിത്ത് നമസ്ക്കരിക്കല്
ആത്മഹത്യ ചെയ്ത ഒരാളുടെ മയ്യിത്ത് നമസ്ക്കരിക്കേണ്ടതുണ്ടോ ? മയ്യിത്ത് നമസ്ക്കരിച്ചാല്‍ അത് തെറ്റാണോ ? മയ്യിത്ത് നമസ്ക്കാരം കൊണ്ടോ തസ്ബീത്തു കൊണ്ടോ ആത്മഹത്യ ചെയ്ത ആള്‍ക്ക് വല്ല ഫലവും ഉണ്ടാകുമോ ?
മറുപടി: ഈ വിഷയത്തില്‍ പൂര്‍വ്വിക പണ്ഡിതന്മാര് പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ നമുക്ക് ആദ്യമായി പരിശോധിക്കാം.
1. ഇമാം നവവി (റ) പറയുന്നു. ആത്മഹത്യ ചെയ്തവര്‍ക്ക് മയ്യിത്ത് നമസ്കരിക്കുവാന്‍ പാടില്ലായെന്നാണ് ഉമറ് ബ്നുല്‍ അബ്ദില്‍ അസീസും(റ) ഇമാം ഔസായിയും പറയുന്നത്. എന്നാല്‍ ഹസന്(റ) നഖ്ഈ(റ) ഖതാദ(റ) ഇമാം മാലിക്ക്(റ) അബൂഹനീഫ(റ) ഇമാം ശാഫിഈ(റ) മുതലായവരും ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് നമസ്ക്കരിക്കാമെന്നാണ് (ശറഹുല്‍ മുസ്ലിം 747)
2. ഇമാം അഹമദ്(റ) പറയുന്നു. ആത്മഹത്യ ചെയ്തവര്‍ക്ക് ഇമാം മയ്യിത്ത് നമസ്കരിക്കരുത്. മറ്റുള്ളവര്‍ക്ക് നമസ്ക്കരിക്കാം (ശറഹുസ്സുന്ന 5341) ഇമാം അഹമദ്(റ)ലെ ഈ അഭിപ്രായമാണ് ഈ വിഷയത്തില്‍ ഏറ്റവും പ്രബലമായിട്ടുള്ളത്.
ജാബിര്‍(റ) പറയുന്നു: കത്രികകൊണ്ട് ആത്മഹത്യ ചെയ്ത ഒരു മനുഷ്യനെ നബി(സ്വ)യുടെ അടുക്കല്‍ കൊണ്ടുവന്നു. അപ്പോള്‍ നബി(സ്വ) അയാള്‍ക്ക് നമസ്കരിച്ചില്ല (മുസ്ലിം). മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമാണ്. എന്നാല്‍ ഞാന്‍ അദ്ദേഹത്തിനു നമസ്കരിക്കുകയില്ല (അന്നസാഈ). മറ്റുള്ളവര്‍ നമസ്ക്കരിക്കുന്നതിനെ നബി(സ്വ) ഇവിടെ വിരോധിക്കുന്നില്ല. ആത്മഹത്യ ചെയ്തവര്‍ക്ക് ഇമാം നമസ്ക്കരിക്കുവാന്‍ പാടില്ല എന്ന അധ്യായത്തിലാണ് ഈ ഹദീസ് ഇമാം അബൂദാവൂദ് ഉദ്ധരിക്കുന്നത്. കടം വീട്ടുന്നതില്‍ മനഃപൂര്‍വ്വം വീഴ്ചവരുത്തുന്നവര്‍ക്ക് നബി(സ്വ) മയ്യിത്ത് നമസ്കരിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ നിങ്ങളുടെ സ്നേഹിതന്ന് നിങ്ങള്‍ നമസ്കരിച്ചു കൊള്ളുകയെന്ന് നബി(സ്വ) പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. പ്രസിദ്ധ പണ്ഡിതനായ ഇബ്നുഹസം(റ) പറയുന്നു. നിങ്ങളുടെ സുഹൃത്തിന്ന് നമസ്കരിക്കുക എന്ന നബി(സ്വ)യുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യ ചെയ്തവര്‍ക്ക് നമസ്കരിക്കേണ്ടതാണ്. നിശ്ചയം തെറ്റു ചെയ്തവരാണ് നമ്മുടെ പ്രാര്‍ഥനക്ക് ഏറ്റവും അവകാശപ്പെട്ടിട്ടുള്ളത്. (മുഹല്ല വാ.5 പേ.144). പ്രവാചകന്റെ അനുചരന്മാരില് ഏറ്റവും പ്രസിദ്ധനായ ഇബ്നു മസ്ഊദ് (റ)നോട് ആത്മഹത്യ ചെയ്തവന് നമസ്ക്കരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞത് ഇപ്രകാരമാണ്. അദ്ദേഹത്തിന്ന് ബുദ്ധിയുണ്ടെങ്കില്‍ അദ്ദേഹം ആത്മഹത്യ ചെയ്യുമായിരുന്നോ ? അതിനാല്‍ നമസ്കരിക്കാവുന്നതാണ് (മുഹല്ല 5144).
ആത്മഹത്യ ഇസ്ലാം മഹാപാപമായി കാണുന്നു. എന്നാല്‍ ഒരു മുസ്ലിം ആത്മഹത്യ ചെയ്താല്‍ അവന്റെ മയ്യിത്ത് നമസ്കരിക്കണം. മുസ്ലിം ശ്മശാനത്തില്‍ തന്നെ അവനെ ഖബറടക്കം ചെയ്യണം. അവന്റെ മയ്യത്തിനെ അനുഗമിക്കുകയും മറ്റും ചെയ്യണം. എന്നാല്‍ ഈ മഹാപാപത്തിനു മനുഷ്യര്‍ക്ക് പ്രേരണയില്ലാതാക്കുവാന് വേണ്ടി പള്ളിയിലെ ഇമാം നമസ്കരിക്കാതെ ഒഴിവാകുന്നതുകൊണ്ട് വിരോധമില്ല. ഇമാം ഉള്പെടെയുള്ളവര് നമസ്കരിച്ചാല്‍ അത് തെറ്റാവുന്നില്ല. മയ്യിത്തു നമസ്കാരം സാമൂഹ്യ ബാധ്യതയാണ്. ആ ബാധ്യത ആത്മഹത്യ ചെയ്യുന്ന മുസ്ലിമിന്റെ നേരെയും നാം നിര്‍വ്വഹിക്കണം.
മരണപ്പെട്ടവര്‍ക്ക് വേണ്ടി മറ്റുള്ളവര്‍ ചെയ്യുന്ന ഏതു കര്‍മവും മരണപ്പെട്ട വ്യക്തിക്ക് ലഭിക്കുമെന്ന് നമുക്ക് ഖണ്ഡിതമായി പറയുവാന്‍ സാധ്യമല്ല. അല്ലാഹു അവന്റെ മഹത്തായ കാരുണ്യവും ഔദാര്യവും കൊണ്ട് നല്കിയാല് അവന്നു ലഭിക്കുമെന്നല്ലാതെ അയാള്‍ക്ക് അത് അവകാശപ്പെടുവാനോ നമുക്ക് അത് അവന്ന് ലഭിക്കുമെന്ന് ഖണ്ഡിതമായി പറയുവാനോ സാധ്യമല്ല. മനുഷ്യന്ന് അവന് പ്രവര്‍ത്തിച്ചത് മാത്രമേ ലഭിക്കുകയുള്ളൂ എന്ന ആയത്തിലെ വ്യാഖ്യാനത്തില്‍ ഇമാം ഖുര്തുബിയും മറ്റും ഈ യാഥാര്‍ഥ്യം വ്യക്തമാക്കുന്നുണ്ട്.
മയ്യിത്ത് കുളിപ്പിക്കലും വുളുവും
മയ്യിത്ത് കുളിപ്പിക്കുന്നതിന്നു മുമ്പാണോ വുദു എടുപ്പിക്കേണ്ടത്?
മറുപടി: ഉമ്മുഅത്വിയ്യ(റ) പറയുന്നു. നബി(സ്വ)യുടെ പുത്രി നിര്യാതയായപ്പോള്‍ ഞങ്ങള്‍ അവരെ കുളിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ നബി(സ്വ) കടന്നുവന്ന് പറഞ്ഞു. നിങ്ങള്‍ അവളുടെ വുദുവിന്റെ സ്ഥലങ്ങളും വലതുഭാഗങ്ങളും കൊണ്ട് ആരംഭിക്കുവിന് (ബുഖാരി, മുസ്ലിം). മയ്യിത്തിനെ വുളു എടുപ്പിക്കുന്നതിന്ന് അടിസ്ഥാനമായി ഉദ്ധരിക്കുന്ന ഹദീസ് ഇതാണ്. നബി(സ്വ) ഇവിടെ പ്രത്യേകം വുദു എടുക്കുവാന്‍ കല്പിക്കുന്നില്ല. കുളിപ്പിക്കല്‍ ആരംഭിക്കേണ്ടത് ഈ അവയവങ്ങള്‍ ആദ്യമായി കഴുകിക്കൊണ്ടായിരിക്കണം.
ഹനഫി മദ്ഹബ് പ്രത്യേകം വുദു എടുക്കുന്നത് സുന്നത്തില്ലെന്ന് പറയുന്നു. അതായത് കുളിയുടെ മുമ്പും അതിനു ശേഷവും വുദു എടുക്കല്‍ സുന്നത്തില്ലെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. ഇതു തന്നെയാണ് ഹമ്പലീ മദ്ഹബിന്റെ അഭിപ്രായവും. എന്നാല്‍ ശാഫിഈ മദ്ഹബും മാലിക്കീ മദ്ഹബും ഭൂരിപക്ഷം പണ്ഡിതന്മാരും വുദു തന്നെയാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്ന് അഭിപ്രായപ്പെടുന്നു. ഈ അഭിപ്രായമാണ് സൂക്ഷ്മത. വുദുവിന്റെ അവയവങ്ങള്‍ ആദ്യമായി കഴുകള്‍ തന്നെയാണല്ലോ വുദു എടുക്കലും. ചുരുക്കത്തില്‍ കുളിപ്പിക്കുന്നതിന്റെ മുമ്പാണ് വുളു എടുപ്പിക്കല്‍ സുന്നത്താവുന്നത്. കുളിക്ക് ശേഷം വുദു എടുക്കല്‍ സുന്നത്തില്ല. ഇമാം നവവി(റ) എഴുതുന്നു. ഉമ്മു അത്വിയ്യയുടെ ഹദീസില്‍ മയ്യിത്തിന് വുളു എടുത്തു കൊടുക്കല്‍ സുന്നത്താണെന്നുണ്ട്. ഇതാണ് നമ്മുടെ (ശാഫിഈ) മദ്ഹബും മാലിക്കീമദ്ഹബും ഭൂരിപക്ഷത്തിന്റെ അഭിപ്രായവും. ഈ വുദു കുളിയുടെ ആരംഭത്തിലാണ് എടുത്തുകൊടുക്കേണ്ടത്. വലിയ അശുദ്ധിയുടെ കുളിപോലെ ആരംഭത്തിലാണ് ഇവിടെ വുദുവെടുക്കുക. (ശറഹു മുസ്ലിം വാ. 4 പേ. 8)
