മയ്യിത്ത് നമസ്കാരം
മയ്യത്ത് സംസ്കരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് മയ്യിത്ത് നമസ്കാരം. കുളിപ്പിച്ച് കഫൻ ചെയ്ത ശേഷമാണ് നമസ്കാരം നിർവഹിക്കേണ്ടത്.
മയ്യിത്ത് നമസ്കാരവുമായി ബന്ധപ്പെട്ട്, ശിശുക്കള്‍ക്കു വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം, ചാപ്പിള്ളയും നമസ്കാരവും, രക്തസാക്ഷികള്‍ക്കുള്ള മയ്യിത്ത് നമസ്കാരം, കുറ്റവാളികള്‍ക്കുള്ള മയ്യിത്ത് നമസ്കാരം, കപടവിശ്വാസികള്‍ക്കു വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം, ഖബ്റിന്നരികിലെ മയ്യിത്ത് നമസ്കാരം, അവയവത്തിനുവേണ്ടി മയ്യിത്ത് നമസ്കാരം, സ്ഥലത്തില്ലാത്ത മയ്യിത്തും നമസ്കാരവും, ജനാസ നമസ്കാരം മൈതാനത്ത് എന്നിങ്ങനെ വിശദമായ പഠനമാണ് ലേഖനം.
സ്ത്രീ പുരുഷഭേദമന്യെ ചെറുതോ വലുതോ ആയ എല്ലാ മുസ്ലിമിന്റെ പേരിലും മയ്യിത്ത് നമസ്കാരം മുസ്ലിം കള്‍ നിര്‍വഹിക്കേണ്ട സാമൂഹ്യബാധ്യതയാണ്.
”നിങ്ങളുടെ സുഹൃത്തിന്റെ പേരില്‍ നിങ്ങള്‍ നമസ്കരിക്കുക” എന്നു നിര്‍ദേശിച്ചു നബി(സ്വ) ചിലപ്പോള്‍ ചില കാരണങ്ങളാല്‍ നമസ്കാരത്തില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരിക്കുന്നു. ജീവിച്ചിരിക്കുന്നവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സേവനം മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയാണ്. അതാണ് ഈ നമസ്കാരത്തിന്റെ മുഖ്യഉദ്ദേശ്യം.
ശിശുക്കള്‍ക്കു വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം
ചെറിയകുട്ടികള്‍ക്ക് മതശാസനകള്‍ ബാധ്യതയില്ലെങ്കിലും അവരുടെ പേരില്‍ മയ്യിത്ത് നമസ്കാരം നിര്‍വഹിക്കേണ്ടതാണ്. മുഗീറത്തുബ്നു ശുഅ്ബയില്‍ നിന്ന് നിവേദനം:
”കുട്ടികളുടെ പേരില്‍ നമസ്കരിക്കുക'(അഹ്മദ് 1, തിര്‍മിദി- ഇതിന്റെ പരമ്പര സ്വീകാര്യമാണെന്ന് തിര്‍മിദി പറഞ്ഞു). ആഇശ(റ)യില്നിന്ന് മുസ്ലിം നിവേദനം ചെയ്യുന്നു: ”അന്സ്വാറുകളില്പെട്ട കുട്ടി മരിച്ചപ്പോള്‍ നബി(സ്വ)യുടെ അടുക്കല്‍ കൊണ്ടുവന്നു. അപ്പോള്‍ പ്രവാചകന്(സ്വ) അവന്റെ പേരില്‍ നമസ്കരിച്ചു” (അബൂദാവൂദ്) 2
എന്നാല്‍ ചെറിയകുട്ടികള്‍ക്കു വേണ്ടിയുള്ള നമസ്കാരം നിര്‍ബന്ധമല്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ആഇശ(റ) ഉദ്ധരിക്കുന്ന ഹദീാാണ് ഇതിന് തെളിവ്. ”നബി(സ്വ)യുടെ പുത്രന് ഇബ്റാഹീം മരിച്ചപ്പോള്‍ അവന് പതിനെട്ടു മാസം പ്രായമായിരുന്നു. അവന്റെ പേരില്‍ തിരുദൂതര്‍ നമസ്കരിക്കുകയുണ്ടായില്ല” (അബൂദാവൂദ്) 3. നബിയുടെ പുത്രന് ഇബ്റാഹീം മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിനായി അവിടുന്ന് നമസ്കരിച്ചു (അബൂദാവൂദ്) 4.
ഇമാം നവവി പറയുന്നു: ഇബ്റാഹീമിന് പ്രവാചകന്(സ്വ) നമസ്കരിച്ചതിനെക്കുറിച്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു. റിപ്പോര്ട്ടര്മാരില് അധികപക്ഷവും അത് സ്ഥിരീകരിക്കുകയാണ്ചെയ്തത്. ബൈഹഖി പറഞ്ഞു: ”അവരുടെ റിപ്പോര്‍ട്ടാണ് കൂടുതല്‍ ഉത്തമം” (ശറഹുല്‍മുഹദ്ദബ്) 5.
ചാപ്പിള്ളയും നമസ്കാരവും
ഗര്‍ഭം നാലുമാസം തികയുന്നതിന് മുമ്പായി പ്രസവിക്കപ്പെടുന്ന മാംസപിണ്ഡത്തെ കുളിപ്പിക്കുകയോ അതിനുവേണ്ടി നമസ്കരിക്കുകയോ ചെയ്യേണ്ടതില്ല. അതിനെ തുണിയില്‍ പൊതിഞ്ഞു മറവുചെയ്താല്‍മതി. ഇതാണ് പണ്ഡിതന്മാരുടെ സുസമ്മതമായ അഭിപ്രായം. ജനിക്കുമ്പോള്‍ ശബ്ദിക്കുകയോ ജീവന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയോചെയ്യുന്ന കുട്ടിയുടെ പേരില്‍ നമസ്കരിക്കേണ്ടതാണെന്നതിലും രണ്ടഭിപ്രായമില്ല. മുഗീറത്തുബ്നു ശുഅ്ബ പറയുന്നു. നബി(സ്വ) പറഞ്ഞു: ”ചാപ്പിള്ളയുടെ പേരില്‍ നമസ്കരിക്കുകയും അതിന്റെ മാതാക്കളുടെ സൗഖ്യത്തിനും കാരുണ്യത്തിനുംവേണ്ടി പ്രാര്‍ഥിക്കുകയുംവേണം” (ഇത് ബുഖാരിയുടെ നിബന്ധനപ്രകാരം ഹാകിം ഉദ്ധരിച്ചതാണ്). ഈ റിപ്പോര്‍ട്ട് ഹാകിം ഉദ്ധരിച്ചുവെന്ന് ‘അത്തല്‍ഖീസുല്‍ ഹബീറി’ല്‍ ഇബ്നുഹജറില്‍ അസ്ഖലാനി പറഞ്ഞിട്ടുണ്ട് 6.
ചാപ്പിള്ളയുടെ കാര്യത്തില്‍ കുട്ടി ചലിക്കുകയും അത് നിലനില്ക്കുകയും ചെയ്തിരുന്നുവെങ്കിലല്ലാതെ അതിനുവേണ്ടി നമസ്കരിക്കേണ്ട എന്നതാണ് ഇമാം മാലിക് വ്യക്തമാക്കിയത്. ജനന സമയത്ത് ഒച്ച വെച്ചിട്ടില്ലായെങ്കില്‍ നമസ്കരിക്കേണ്ടതില്ലെന്നും നമസ്കരിക്കണമെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ കാണുന്നു. (ശര്‍ഹുല്‍ മുഹദ്ദബ്) (9ശര്‍ഹുല്‍ മുഹദ്ദബ്, അബൂ സകരിയ്യാ മുഹ്യിദ്ദീന് ബ്നു യഹ്യാ അന്നവവീ, ദാറുല്‍ ഫിക്ര്, വാള്യം 05, പേജ് 258)).
എന്നാല്‍ ജനിക്കുമ്പോള്‍ ശബ്ദിച്ചില്ലെങ്കില്‍ നമസ്കരിക്കേണ്ടതില്ലെന്നാണ് ഹനഫികളും മാലിക്കികളും പറയുന്നത്. അതിനുള്ള തെളിവ് ജാബിറില്‍ നിന്ന് ഹാകിം ഉദ്ധരിക്കുന്ന ഈ ഹദീസാണ്. നബി(സ്വ) പറഞ്ഞു: ”തികയാതെ പ്രസവിക്കപ്പെട്ട ശിശു ശബ്ദിച്ചാല്‍ അതിന്റെ പേരില്‍ നമസ്കരിക്കേണ്ടതും അതിന് അനന്തരാവകാശം ലഭിക്കുന്നതുമാണ്.” ഇതിന്റെ നിവേദകപരമ്പരയെ സംബന്ധിച്ച് ഇബ്നുഹജര്‍ പറഞ്ഞു: ഇതിന്റെ പരമ്പരയിലുള്ള ഇസ്മാഈലുല്‍മക്കീ ദുര്‍ബലനാണ്. (അല്‍ത്തല്‍ഖീസ്വ്). ‘അനന്തരാവകാശം നല്‍കേണ്ടതാണ്’ എന്നത് മറ്റൊരു റിപ്പോര്‍ട്ടിലെ വര്‍ദ്ധനവാണ്. ഇത് മൗഖൂഫ് ആയി കാണുകയെന്നതാണ് ഏറ്റവും ശരിയായ നിലപാടെന്ന് അസ്ഖലാനി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ശബ്ദിച്ചില്ലെങ്കിലും കുളിപ്പിക്കുകയും നമസ്കരിക്കുകയും ചെയ്യണമെന്ന് അഹ്മദും ഇസ്ഹാഖും അഭിപ്രായപ്പെട്ടിരിക്കുന്നു. കാരണം അത് ആത്മാവുള്ള ഒരു ശരീരമാണ്. നാലുമാസമായാല്‍ ഗര്‍ഭസ്ഥ ശിശുവില്‍ ജീവന് ഊതപ്പെടുമെന്ന് നബി(സ്വ) പറഞ്ഞത് (ബുഖാരി) 7. ഇതിന് പ്രമാണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. തെളിവിന്റെ പ്രാബല്യം ഈ അഭിപ്രായത്തെയാണ് ബലപ്പെടുത്തുന്നത്.
രക്തസാക്ഷികള്‍ക്കുള്ള മയ്യിത്ത് നമസ്കാരം
സത്യനിഷേധികളുടെ കൈകൊണ്ട് വധിക്കപ്പെട്ട രക്തസാക്ഷിക്ക്വേണ്ടി നമസ്കരിക്കേണ്ടതില്ല. ഉഹ്ദ് യുദ്ധ ത്തില്‍ വധിക്കപ്പെട്ടവര്‍ക്ക് നമസ്കരിച്ചിട്ടില്ലെന്ന് ധാരാളം സ്വീകാര്യമായ ഹദീസുകളില്‍ വന്നിട്ടുണ്ട്. ജാബിറില്‍ നിന്ന് ബുഖാരി നിവേദനം ചെയ്യുന്നു: ”ഉഹ്ദിലെ രക്തസാക്ഷികളെ അവരുടെ രക്തത്തോട്കൂടി മറവുചെയ്യാന്‍ നബി(സ്വ) കല്പിച്ചു. അവരെ കുളിപ്പിക്കുകയോ അവരുടെ പേരില്‍ മയ്യിത്ത് നമസ്കാരം നിര്‍വഹിക്കുകയോ ഉണ്ടായില്ല.”(ബുഖാരി) 8.
അനസില്‍ നിന്ന് അബൂദാവൂദും 9 തിര്മിദിയും 10 ഉദ്ധരിക്കുന്നു: ”ഉഹ്ദിലെ രക്തസാക്ഷികളെ കുളിപ്പിക്കുകയോ അവര്‍ക്കായി നമസ്കരിക്കുകയോ ചെയ്തില്ല. അവരുടെ രക്തത്തോടുകൂടി അവര്‍ മറവ് ചെയ്യപ്പെട്ടു.”
എന്നാല്‍ രക്തസാക്ഷികളുടെ പേരില്‍ നമസ്കരിച്ചതായും പ്രബല റിപ്പോര്‍ട്ടുകളുമുണ്ട്. ഉഖ്ബത്തുബ്നു ആമിറില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്നു: ”ഒരു ദിനം നബി(സ്വ) പുറത്തുപോയി. അദ്ദേഹം ഉഹ്ദിലെ രക്തസാ ക്ഷികളുടെ പേരില്‍ മയ്യിത്ത് നമസ്കാരംപോലെ നമസ്കരിച്ചു.” ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ രക്തസാക്ഷികളുടെ പേരിലും നമസ്കരിക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു 11.
പ്രവാചകന്റെ അന്ത്യഘട്ടത്തിലെ ഒരു വിടവാങ്ങല്‍ ചടങ്ങ് മാത്രമായിരുന്നു ഈ സ്വലാത്തെന്ന് ഭൂരിപക്ഷവും വ്യാഖ്യാനിക്കുന്നു. എട്ടുവര്‍ഷം ദീര്ഘിപ്പിച്ചുവെന്നതും ”സര്‍വരോടും വിടപറയുന്നതുപോലെ” എന്ന ഹദീസി ലെ പ്രയോഗവുമൊക്കെ ഈ വ്യാഖ്യാനത്തെ ബലപ്പെടുത്തുന്നു. മാത്രമല്ല, ഇത് പ്രവാചകന്റെ പ്രത്യേകതയാ ണെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. മറ്റു യുദ്ധങ്ങളിലൊന്നിലും ഇപ്രകാരം നമസ്കരിച്ചതായി രേഖകളില്ലെന്നതും ഇവിടെ ശ്രദ്ധേയമാണ്.
രക്തസാക്ഷികളുടെ പേരില്‍ നമസ്കരിക്കേണ്ടതില്ലെന്ന ഹദീസ് സ്ഥിരപ്പെട്ടതാണെന്നത് അവിതര്‍ക്കിതമാണ്. അതിനെ ദുര്‍ബലപ്പെടുത്താന്‍ മാത്രം ശക്തമായ തെളിവുകളില്ലതാനും.
കുറ്റവാളികള്‍ക്കുള്ള മയ്യിത്ത് നമസ്കാരം
ഒരു മുസ്ലിം എത്ര തന്നെ അധര്‍മകാരിയായി ജീവിച്ചവനാണെങ്കിലും അവന് മരിച്ചാല്‍ മയ്യിത്ത് നമസ്കാരം നിര്‍വഹിക്കപ്പെടേണ്ടതാണ്. ഖൈബര്‍ യുദ്ധദിനത്തില്‍മരിച്ച ഒരു മുസ്ലിമിനെക്കുറിച്ച് നബി(സ്വ) പറഞ്ഞു: ”നിങ്ങളുടെ കൂട്ടുകാരന്റെ പേരില്‍ നിങ്ങള്‍തന്നെ നമസ്കരിക്കുക. നിങ്ങളുടെ ആ സഹോദരന് ദൈവമാര്‍ഗത്തിലുള്ള ധനത്തില്‍നിന്നും മോഷ്ടിച്ചിരിക്കുന്നു.” അബൂദാവൂദ് ഉദ്ധരിച്ച ഈ ഹദീസ് സ്വഹീഹാണെന്ന് ശൗകാനി പറഞ്ഞു (നൈലുല്‍ഔത്വാര്‍) 12
നബി(സ്വ) അനുചരന്മാരോട് നമസ്കരിക്കാന്‍ കല്പിച്ചതില് നിന്നും പാപികള്‍ക്ക്വേണ്ടിയും നമസ്കരിക്കേണ്ടതാണെന്ന് വ്യക്തമാവുന്നു. എന്നാല്‍ നബി(സ്വ) നമസ്കരിക്കാതിരുന്നത് ഈ പ്രവൃത്തിയോടുള്ള വെറുപ്പ് പ്രകടിപ്പിക്കാനായിരിക്കാം.
കുറ്റംചെയ്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ പേരില്‍ നബി(സ്വ) തന്നെ നമസ്കരിച്ചിരുന്നു. ജാബിറി(റ)ല്‍ നിന്ന് ബുഖാരി ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു: ”വ്യഭിചാരക്കുറ്റം ഏറ്റുപറഞ്ഞ അസ്ലം ഗോത്രക്കാരനായ ഒരാളെ നബി(സ്വ)യുടെ കല്പന പ്രകാരം മുസ്വല്ലയില്‍വെച്ച് (പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കുന്ന മൈതാനം) എറിഞ്ഞുകൊന്നു. അനന്തരം നബി(സ്വ) അയാളെക്കുറിച്ച് നല്ലത് പറയുകയും അയാള്‍ക്ക്വേണ്ടി നമസ്കരിക്കുകയുംചെയ്തു.”(ബുഖാരി) 13.
മുസ്ലിമും അബൂദാവൂദും ഉദ്ധരിച്ച ഹദീസില്‍ ജുഹൈന ഗോത്രത്തിലെ ഒരു വനിത ശിക്ഷിക്കപ്പെട്ട ശേഷം പ്രവാചകന്(സ്വ) അനുചരന്മാരോടു അവള്‍ക്കുവേണ്ടി നമസ്കരിക്കാന്‍ കല്പിക്കുകയും അവര്‍ നമസ്കരിക്കുകയുംചെയ്തു.
ആത്മഹത്യ മഹാപാതകമാണെന്ന് നബി(സ്വ) വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആത്മഹത്യചെയ്ത വ്യക്തിയുടെ പേരില്‍ നമസ്കരിക്കേണ്ടതുണ്ടോ?
ജാബിറുബ്നുസമുറയില്‍ നിന്ന് അബൂദാവൂദും തിര്മിദിയും ഉദ്ധരിക്കുന്നു: ”ഒരാള്‍ വാള്‍മുനകൊണ്ട് സ്വയംവധിക്കുകയുണ്ടായി. അയാള്‍ക്ക്വേണ്ടി നബി(സ്വ) നമസ്കരിച്ചില്ല.” ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യചെയ്തവന്റെ പേരില്‍ നമസ്കരിക്കേണ്ടതില്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. വെറുപ്പ് പ്രകടിപ്പിക്കാന്‍ വേണ്ടിയാണ് നബി(സ്വ) നമസ്കരിക്കാതിരുന്നതെന്നാണ് അധികപണ്ഡിതന്മാരുടെയും പക്ഷം. എന്നാല്‍ നസാഈയുടെ റിപ്പോര്‍ട്ടില്‍ ഇപ്രകാരം വന്നിരിക്കുന്നു: ”എന്നാല്‍ ഞാന്‍ അവനുവേണ്ടി നമസ്കരിക്കുന്നില്ല.” ഇത് ഭൂരിപക്ഷാഭിപ്രായത്തെ ബലപ്പെടുത്തുന്നു. ഇമാം അബൂഹനീഫയും മാലികും ശാഫിഈയും ഇവരില്‍പെടുന്നു. ഇമാം മാലിക്(റ) പറഞ്ഞു: ഖിബ്ലയിലേക്ക് തിരിയുന്ന എല്ലാവരുടെ പേരിലും നമസ്കരിക്കേണ്ടതാണ്. നബി(സ്വ) മുനാഫിഖുകളുടെ പേരില്‍ പോലും നമസ്കരിച്ചു. പിന്നീട് അത് വിരോധിക്കപ്പെട്ടു. അതിനാല്‍ ആത്മഹത്യചെയ്തവന്റെ പേരില്‍ നമസ്കരിക്കേണ്ടതാണ്” (അല്‍ബയാനു വത്തഹ്സ്വീല്‍) 14.
ഇബ്നുതൈമിയ്യ പറയുന്നു: ”പ്രവാചകന് വിസമ്മതിച്ച പോലെയും ബിദ്അത്തിന്റെ ആളുകളുടെ പേരില്‍ നമസ്കരിക്കാന്‍ സലഫുകള്‍ വിസമ്മതിച്ച പോലെയും ഒരാള്‍ വെറുപ്പ് പ്രകടിപ്പിക്കാന്‍വേണ്ടി വിസമ്മതിക്കുന്നെങ്കില്‍ -അത്കൂടുതല്‍ ‘മസ്ലഹത്തു’ള്ളതാവുമ്പോള്‍- പ്രവാചകചര്യക്ക് എതിരാവുന്നില്ല” (ഫതാവാ) 15
കപടവിശ്വാസികള്‍ക്കു വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം
കപടവിശ്വാസികള്‍ക്കുവേണ്ടി മയ്യിത്ത് നമസ്കാരം നിര്‍വഹിക്കുകയോ പാപമോചനത്തിന്നായി പ്രാര്‍ഥിക്കുകയോ ചെയ്യാവതല്ല. അല്ലാഹു പറഞ്ഞു: ”അവരില്‍ മരണമടഞ്ഞ ആര്‍ക്കുവേണ്ടിയും താങ്കള്‍ ഒരിക്കലും പ്രാര്‍ഥിക്കരുത്. അവന്റെ ഖബ്റിന്നരികില്‍ നില്‍ക്കുകയും അരുത്” (9:84).
അവരെ കുളിപ്പിക്കുന്നതും കഫന്‍ ചെയ്യുന്നതും അനുവദനീയമാണ്. കപടവിശ്വാസികളുടെ നേതാവായിരുന്ന അബ്ദുല്ല മരിച്ചപ്പോള്‍ അയാളുടെ മകന് നബി(സ്വ)യോട് പറഞ്ഞു: ദൈവദൂതരേ, അങ്ങയുടെ കുപ്പായം എനിക്കുതന്നാലും. എന്റെ പിതാവിനെ കഫന്‍ ചെയ്യാനാണ്. അവിടുന്ന് അദ്ദേഹത്തിനുവേണ്ടി മയ്യിത്ത് നമസ്കാരം നിര്‍വഹിക്കുകയും അദ്ദേഹത്തിന്റെ പാപമോചനത്തിന്നായി പ്രാര്‍ഥിക്കുകയുംചെയ്യണം. നബി(സ്വ) തന്റെ കുപ്പായം കൊടുക്കുകയും അയാള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയുംചെയ്തു (ബുഖാരി) 16. ഇമാം നവവി പറയുന്നു: ”കപടവിശ്വാസികള്‍ക്കുവേണ്ടി നമസ്കരിക്കുന്നത് വിരോധിക്കുന്നതിന്റെ മുമ്പായിരുന്നു ഇതെന്ന് ഹദീസില്‍തന്നെ സ്ഥിരപ്പെട്ടിട്ടുണ്ട്.” (ശറഹുല്‍മുഹദ്ദബ്) 17 ”ബദ്ര് യുദ്ധാവസരത്തില്‍ അബ്ബാസിന് വസ്ത്രം നല്‍കിയതിന് പ്രത്യുപകാരമായിട്ടാണ് നബി(സ്വ) ഈ കഫന്‍ പുടവ നല്‍കിയത്” (ഫത്ഹുല്‍ബാരി) 18.
ഖബ്റിന്നരികിലെ മയ്യിത്ത് നമസ്കാരം
മൃതദേഹം സംസ്കരിച്ചശേഷം ഖബ്റിന്നരികെവെച്ച് മയ്യിത്ത് നമസ്കരിക്കാവുന്നതാണ്. മറവ്ചെയ്യുന്നതിന് മുമ്പ് നമസ്കാരം നിര്‍വഹിക്കപ്പെട്ട മയ്യിത്താണെങ്കിലും.
പള്ളി അടിച്ചുവാരിയിരുന്ന ഒരു സ്ത്രീയെ കാണാതിരുന്നപ്പോള്‍ പ്രവാചകന് അന്വേഷിച്ചു. സ്വഹാബികള്‍ പറഞ്ഞു: ”അവര്‍ മരിച്ചുപോയി.” പ്രവാചകന്(സ്വ) ചോദിച്ചു: ”നിങ്ങള്‍ എന്തേ എന്നെ അറിയിച്ചില്ല?” അവര്‍ കാരണങ്ങള്‍ പറഞ്ഞു. അവളുടെകാര്യം അവര്‍ നിസ്സാരമാക്കിയിരുന്നു. അപ്പോള്‍ അവളുടെ ഖബ്ര്‍ കാണിക്കാന്‍ നബി(സ്വ) അവരോടാവശ്യപ്പെട്ടു. അവര്‍ കാണിച്ചുകൊടുക്കുകയും നബി(സ്വ) ആ സ്ത്രീക്ക്വേണ്ടി നമസ്കരിക്കുകയുംചെയ്തു (ബുഖാരി) 19.
”നിങ്ങള്‍ ഖബ്റുകളിന്മേല് ഇരിക്കരുത്. അവിടേക്ക് തിരിഞ്ഞു നമസ്കരിക്കുകയും അരുത്” (മുസ്ലിം) 20) എന്ന സ്ഥിരപ്പെട്ട പ്രവാചകവചനവും ഖബ്റിന്നരികെ നമസ്കരിച്ച നബി(സ്വ)യുടെ കര്‍മവും തമ്മില്‍ വൈരുധ്യമില്ല. കാരണം ഖബ്റിലുള്ള മയ്യിത്ത് നമസ്കാരമല്ല, അതിലേക്ക് തിരിഞ്ഞു നമസ്കരിക്കരുതെന്ന നിരോധത്തിന്റെ ഉദ്ദേശ്യം. ഇത് സ്ഥല നിര്‍ണയമില്ലാത്ത നമസ്കാരമാണ്. മാത്രമല്ല, ഇത് നിര്‍വഹിക്കാന്‍ പള്ളിയേക്കാള്‍ പുറത്താണ് ഉത്തമം. അപ്പോള്‍ മയ്യിത്തിനുവേണ്ടി ഖബ്റിന്നരികിലുള്ള നമസ്കാരം ശവമഞ്ചത്തിലുള്ള മയ്യിത്തിന്റെ പേരിലുള്ള നമസ്കാരത്തിന്റെ ഇനത്തില്‍ പെട്ടതാണ്. രണ്ടുസ്ഥലങ്ങളിലും നമസ്കാരം ഉദ്ദേശിക്കപ്പെടുന്നത് മയ്യിത്തിന്റെ ഗുണത്തിന്നായിട്ടാണ്. അൃതദേഹം ശവമഞ്ചത്തിലായാലും ഭൂമിയിലായാലും ഭൂമിക്കടിയിലായാലും വ്യത്യാസമില്ല. എന്നാല്‍ മറ്റു നമസ്കാരങ്ങളുടെ അവസ്ഥ ഇതല്ല. അത് ഖബ്റിന്മേലോ അതിലേക്ക് തിരിഞ്ഞോ നിര്വഹിക്കപ്പെടാവതല്ല. കാരണം അത് ഖബ്റുകള്‍ ആരാധനാലയമാക്കപ്പെടാനജല്പ മാര്‍ഗമായിത്തീരും. അങ്ങനെ ചെയ്യുന്നവരെ നബി(സ്വ) ശപിച്ചിട്ടുണ്ട്. പ്രവാചകന്(സ്വ) ശപിക്കുകയും താക്കീതുചെയ്യുകയും നികൃഷ്ടമാണെന്ന് പറയുകയുംചെയ്ത ഒരു പ്രവൃത്തിയും, അവിടുന്ന് പലതവണ ആവര്ത്തിച്ചുചെയ്തിട്ടുള്ള അനുഷ്ഠാനവും തമ്മില്‍ എത്രയോ വിദൂര അന്തരമാണുള്ളത്” (ഇബ്നുല്‍ഖയ്യിം, അഅ്ലാമുല് മുവഖിഈന്‍) 21
അവയവത്തിനുവേണ്ടി മയ്യിത്ത് നമസ്കാരം
വെള്ളത്തില്‍ പോയോ അപകടം സംഭവിച്ചോ ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ ലഭ്യമായ ഭാഗങ്ങള്‍ കൂട്ടിച്ചേര് ത്തു സംസ്കരിക്കുകയാണ് നല്ലത്. അത് മയ്യിത്തിനോടുള്ള ആദരവു കൂടിയാണ്. മൃതശരീരത്തിനുള്ള ബാധ്യതകള്‍ ഇവിടെ നിര്‍വഹിക്കേണ്ടതുണ്ടോ എന്നതില്‍ ഭിന്നാഭിപ്രായമുണ്ട്. അബൂഹനീഫയും മാലികും പകുതിയിലധികം കിട്ടിയാല്‍ കുളിപ്പിക്കുകയും കഫ്ന്‍ ചെയ്യുകയും നമസ്കരിക്കുകയും വേണമെന്നും അതി ല്ലെങ്കില്‍ വേണ്ടെന്നും പറഞ്ഞു. എന്നാല്‍ ശാഫിഈയും അഹ്മദും അധിക പണ്ഡിതന്മാരും ഒരു അവയവം മാത്രമാണ് കിട്ടിയതെങ്കിലും-അത് മുസ്ലിമിന്റെതാണെന്ന് തിരിച്ചറിഞ്ഞാല്‍- എല്ലാകര്‍മങ്ങളും ചെയ്യേണ്ടതാണെന്ന് പറഞ്ഞിട്ടുണ്ട്.
മയ്യിത്തിന്റെ അവയവങ്ങള്‍ മാത്രം ലഭിച്ചാല്‍ സ്വഹാബികള്‍ മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചതായി ഉദ്ധരി ക്കപ്പെട്ടിട്ടുണ്ട്. ഹിജ്റ മുപ്പത്തിയാറാം വര്‍ഷം ജമല് യുദ്ധവേളയില്‍ ഒരു പക്ഷി മക്കയില്‍ ഒരു കൈകൊണ്ടി ടുകയുണ്ടായി. മോതിരംകൊണ്ട് അത് അബ്ദുര്റഹ്മാനിബ്നു ഇതാബിന്റെതാണെന്ന് സ്വഹാബികള്‍ തിരി ച്ചറിഞ്ഞു. തദടിസ്ഥാനത്തില്‍ അവര്‍ അദ്ദേഹത്തിനുവേണ്ടി മയ്യിത്ത് നമസ്കരിക്കുകയും ചെയ്തു. (അത്തല്‍ ഖീസ്വ്) 22) അബൂഉബൈദ തലകള്‍ക്കും അബൂഅയ്യൂബ് കാലിനും നമസ്കരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ തല്‍ഖീസ്വില്‍ ഇബ്നുഹജര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇതൊക്കെ സ്വഹാബികളുടെ സാന്നിധ്യത്തില്‍ വെച്ചായിരുന്നു വെന്നത് ശ്രദ്ധേയമാണ്.
സ്ഥലത്തില്ലാത്ത മയ്യിത്തും നമസ്കാരവും
ഒരു മുസ്ലിം അന്യനാട്ടില്‍വെച്ച് മരണമടഞ്ഞാല്‍ ജനാസയുടെ അസാന്നിധ്യത്തില്‍ നമസ്കരിക്കാവുന്നതാണ്. തത്വത്തില്‍ ഇതംഗീകരിക്കെത്തന്നെ വിശദാംശങ്ങളില്‍ പണ്ഡിതന്മാര്ക്ക് വിവിധ വീക്ഷണങ്ങളുമുണ്ട്. തദ്വിഷയകമായ തെളിവ് ബുഖാരിയും മുസ്ലിമും ജാബിറില്‍ നിന്ന് നിവേദനം ചെയ്യുന്ന ഈ ഹദീസാണ്: ”നബി(സ്വ) നജ്ജാശി രാജാവ് അസ്വ്ഹിമത്തിന് വേണ്ടി മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചു. നാലു തക്ബീറുകള്‍ നിര്‍വഹിക്കുകയുണ്ടായി. നബി(സ്വ) പ്രസ്താവിച്ചു: ഇന്ന് അബ്സീനിയയിലെ ഒരു നല്ല മനുഷ്യന് നിര്യാതനായിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ വരിക. അദ്ദേഹത്തിന്റെ പേരില്‍ നമസ്കരിക്കാം. അങ്ങനെ ഞങ്ങള്‍ നബി(സ്വ)യുടെ പുറകില്‍ അണിനിരന്നു. നബി(സ്വ) അദ്ദേഹത്തിന് നമസ്കരിച്ചു; അണിയായി ഞങ്ങളും.”(ബുഖാരി) 23
പ്രസ്തുത ഹദീസിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തില്ലാത്ത മയ്യിത്തിന് നിരുപാധികം നമസ്കരിക്കാമെന്ന് ശാഫിഈ, അഹ്മദ്, ഇബ്നുഹസം എന്നിവരും സലഫുകളില്‍ ചിലരും പറയുന്നു. എന്നാല്‍ ഇത് തീരെ പാടില്ലെന്ന പക്ഷക്കാരാണ് ഹനഫികളും മാലിക്കികളും. അവര്‍ ഈ ഹദീസിന് വ്യത്യസ്ത വിശദീകരണങ്ങളാണ് നല്‍കിയിട്ടുള്ളത്. നജ്ജാശിയുടെയും നബി(സ്വ)യുടെയുമിടയിലുള്ള മറ നീക്കപ്പെട്ടുവെന്നും അങ്ങനെ നബി(സ്വ) മയ്യിത്ത് കണ്ടുകൊണ്ടാണ് നമസ്കരിച്ചതെന്നും ഹനഫികളില്‍ ചിലര്‍ പറയുന്നു. എന്നാല്‍ ഇത് വ്യക്തമായ രേഖകളിലൂടെ തെളിയിക്കപ്പെടേണ്ട വിഷയമാണ്. അതില്ലാത്തതിനാല്‍ ഈ അഭിപ്രായം ബാലിശമാണ്. ഇത് നജ്ജാശിക്ക് നബി(സ്വ) പ്രത്യേകമായി ചെയ്തതും നബിക്ക് മാത്രം ബാധകവുമായ കാര്യമാണെന്നാണ് മാലിക്കികളുടെയും മറ്റുചിലരുടെയും വാദം. നബി(സ്വ) അനുഷ്ഠിച്ച ഒരു കര്‍മം സമൂഹത്തിന് ബാധകമല്ലെന്ന വാദം സ്വീകാര്യമാകണമെങ്കില്‍ പ്രത്യേകം തെളിവുകള്‍ ആവശ്യമാണ്. അതില്ലാത്തതിനാല്‍ ഈ വാദത്തെയും പണ്ഡിതന്മാര് വിമര്‍ശിച്ചിട്ടുണ്ട്.
മരിച്ച നാട്ടിലുള്ളവര്‍ ആരും നമസ്കരിച്ചില്ലെങ്കില്‍ അന്യനാട്ടുകാര്‍ നമസ്കരിക്കേണ്ടതാണെന്നാണ് മൂന്നാമത്തെ അഭിപ്രായം. അവിശ്വാസികളുടെ നാട്ടില്‍വെച്ച് മരിച്ച നജ്ജാശിക്ക് തന്റെ നാട്ടിലുള്ളവരാരും നമസ്കരിച്ചിട്ടില്ലാത്തതിനാലാണ് നബി(സ്വ) നമസ്കരിച്ചതെന്ന് അവരുടെ വിശദീകരണം. ഖത്താബിയുടെ ഈ അഭിപ്രായത്തെ റുഅ്യാനി ഉത്തമമെന്നും ഇബ്നുതൈമിയ്യ മുന്ഗണനാര്ഹമെന്നും വിശേഷിപ്പിച്ചു (ഫത്ഹുല്‍ബാരി) 24. ഇതിനെ ബലപ്പെടുത്തുന്ന തെളിവ് വന്നിട്ടുണ്ട്. അഹ്മദ്, ഇബ്നുമാജ, ത്വബ്റാനി എന്നിവര്‍ ഹുദൈഫത്തുബ്നു ഉസൈദില് നിന്ന് നിവേദനം ചെയ്ത ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു.
നബി(സ്വ) പറഞ്ഞു: നിങ്ങളുടെ സഹോദരന് മരിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ എഴുന്നേല്ക്കൂ, അദ്ദേഹത്തിനു വേണ്ടി നമസ്കരിക്കൂ.”(ബുഖാരി) 25.
ഇമാം ഇബ്നുല്‍ഖയ്യിം പറയുന്നു: ”സര്‍വ മയ്യിത്തിന്റെ പേരിലും അസാന്നിധ്യത്തില്‍ നമസ്കരിക്കുന്നത് പ്രവാചകചര്യയോ മാതൃകയോ അല്ല. കാരണം അന്യദേശങ്ങളില്വെച്ച് എത്രയോ അനുചരന്മങക്ത മരണമടയുകയുണ്ടായി. അവര്ക്ക്വേണ്ടി നബി(സ്വ) മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചിരുന്നില്ല.” അദ്ദേഹം തുടര്‍ന്നു: ”നജ്ജാശിക്കുവേണ്ടി നമസ്കരിച്ചത് സ്വഹീഹായി വന്നിട്ടുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ ആളുകള്‍ക്ക് മൂന്നഭിപ്രായമുണ്ട്. എല്ലാ മറഞ്ഞവര്‍ക്കും നമസ്കരിക്കാനുള്ള അനുവാദവും മാതൃകയുമാണ് ഈ സംഭവമെന്നാണ് ഒരഭിപ്രായം. ഇതാണ് ശാഫിഈയുടെയും ഒരു റിപ്പോര്‍ട്ടനുസരിച്ച് അഹ്മദിന്റെയും പക്ഷം. ഇത് നബി(സ്വ)ക്ക് മാത്രം പ്രത്യേകമായതാണെന്നും മറ്റൊരാള്‍ക്കും അനുവദിക്കപ്പെടുകയില്ലെന്നുമാണ് അബൂഹനീഫയും മാലികും പറയുന്നത്. അവര്‍ പറയുന്നു: വിദൂരത്താണെങ്കിലും മൃതദേഹം നബി(സ്വ)ക്ക് പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. അപ്പോള്‍ ഹാജറുള്ള മയ്യിത്തിന്റെ നിലയിലാണല്ലോ നമസ്കാരം നിര്‍വഹിക്കപ്പെട്ടത്. സ്വഹാബികള്‍ മയ്യിത്ത് കാണുന്നില്ലെങ്കിലും അവര്‍ പ്രവാചകനെ പിന്‍പറ്റുകയായിരുന്നു. നജ്ജാശിയല്ലാത്ത ഒരൊറ്റ മയ്യിത്തിനും നബി(സ്വ) ഇപ്രകാരം നമസ്കരിച്ചിട്ടില്ലെന്നത് ഇതിനുള്ള തെളിവാണെന്നും അവര്‍ പറയുന്നു. പ്രവാചകന് അനുഷ്ഠിച്ചത് ചര്യയാകുന്നത് പോലെ ഉപേക്ഷിച്ചതും ചര്യയാണ്.”(സാദുല്‍ മആദ്) 26.
ശൈഖുല്‍ഇസ്ലാം ഇബ്നുതൈമിയ്യ പറയുന്നത് ഇപ്രകാരമാണ്: ”ഒരാള്‍ ഒരു ദേശത്ത് മരണമടയുകയും അവിടെ ആരും മയ്യിത്ത് നമസ്കരിക്കുകയും ചെയ്തില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് മറഞ്ഞ നിലയില്‍ നമസ്കരിക്കാവുന്നതാണ്. ഇപ്രകാരമായിരുന്നു നജ്ജാശിക്കുവേണ്ടിയുള്ള നമസ്കാരം. കാരണം അദ്ദേഹം സത്യനിഷേധികള്ക്കിടയിലാണ് മരണമടഞ്ഞത്. അവിടെ അദ്ദേഹത്തിന് നമസ്കാരം നിര്വഹിക്കപ്പെട്ടിരുന്നുമില്ല. ഇനി മരിച്ച നാട്ടില്‍വെച്ചു നമസ്കരിക്കപ്പെട്ടാല് മറഞ്ഞ നിലയില്‍ നമസ്കരിക്കപ്പെടേണ്ടതില്ല. കാരണം ഇവരുടെ നമസ്കാരത്താല്‍ നിര്‍ബന്ധ ബാധ്യത ഒഴിവായി. നബി(സ്വ) മറഞ്ഞ മയ്യിത്തിന്റെ പേരില്‍ നമസ്കരിച്ചിട്ടുണ്ട്, ഉപേക്ഷിച്ചിട്ടുമുണ്ട്. അവിടുത്തെ പ്രവൃത്തിയും ഉപേക്ഷയും സുന്നത്താണ്. നമസ്കരിക്കുന്നതിന് ഒരു സന്ദര്‍ഭവും നമസ്കരിക്കാതിരിക്കുന്നതിന് മറ്റൊരു സ്ഥാനവുമുണ്ട്. അല്ലാഹു എല്ലാം അറിയുന്നു” (സാദുല്‍മആദ്) 27.
ചുരുക്കത്തില്‍ മയ്യിത്തിന്റെ അസാന്നിധ്യത്തില്‍ നമസ്കരിക്കുന്ന ഒരു സമ്പ്രദായം സ്വഹാബികള്ക്കിടയി ലുണ്ടായിരുന്നില്ല. അബൂബക്ര്, ഉമര്‍ തുടങ്ങിയ ഖലീഫമാര്‍ നിര്യാതരായപ്പോള്‍ അവര്‍ക്കായി മറഞ്ഞ രൂപത്തില്‍ നമസ്കരിച്ചതായി രേഖകളില്‍ കാണപ്പെടുന്നില്ല. നമസ്കരിച്ചിരുന്നുവെങ്കില്‍ അവരുടേതെങ്കിലും റിപ്പോര്ട്ട്ചെയ്യപ്പെടുമായിരുന്നു.
ജനാസ നമസ്കാരം മൈതാനത്ത്
മയ്യിത്ത് നമസ്കാരം അതിനായി തെരഞ്ഞെടുക്കപ്പെട്ട മൈതാനത്ത് വെച്ച് നിര്‍വഹിക്കുകയാണ് നല്ലത്. പ്രവാചകന്റെയും സ്വഹാബത്തിന്റെയും ജനാസ നമസ്കാരങ്ങളിലധികവും ‘മുസ്വല്ല’യില്‍വെച്ചായിരുന്നുവെന്ന് ധാരാളം ഹദീസുകളില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. നജ്ജാശിക്ക് വേണ്ടിയുള്ള നമസ്കാരത്തെ പരാമര്‍ശിക്കുന്ന ഹദീസില്‍, ”നബി(സ്വ) അവരുമായി മുസ്വല്ലയിലേക്ക് പുറപ്പെട്ടു” എന്ന് പ്രത്യേകം വ്യക്തമാക്കപ്പെട്ടിരിക്കുന്നു. മറ്റൊരിടത്ത് രണ്ടു കുറ്റവാളികളെ വധശിക്ഷക്ക് വിധേയരാക്കിയതിനെ സംബന്ധിച്ചു പറയുന്ന ഹദീസില്‍, ”പള്ളിക്കടുത്തുള്ള ജനാസയുടെ സ്ഥലത്തിന്റെ സമീപത്ത് വെച്ച് അവര്‍ എറിയപ്പെട്ടു” എന്ന് വന്നിരിക്കുന്നു. ഇതൊക്കെ മയ്യിത്ത് നമസ്കാരത്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്ന പ്രത്യേകസ്ഥലം പള്ളിക്ക് പുറത്തായിരുന്നുവെന്ന് വ്യക്തമാക്കുന്നു. ഹാഫിസ് ഇബ്നു ഹജര്‍(റ) പറയുന്നു: ”മദീനാ പള്ളിയോട്ചേര്‍ന്നുള്ള കിഴക്കു ഭാഗത്തെ മൈതാനമായിരുന്നു ജനാസക്കുവേണ്ടി നിശ്ചയിക്കപ്പെട്ട മുസ്വല്ല” (ഫത്ഹുല്‍ബാരി) 28).
എന്നാല്‍ മലിനീകരണ ആശങ്കയില്ലെങ്കില്‍ മയ്യിത്ത് പള്ളിയില്‍ പ്രവേശിപ്പിക്കുന്നതില്‍ കുറ്റമില്ല. സഅ്ദുബ്നു അബീവഖാസ്(റ) മരിച്ചപ്പോള്‍ പ്രവാചകന്റെ ഭാര്യമാര്‍ അദ്ദേഹത്തിന്റെ ജനാസ പള്ളിയില്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അവര്‍ നമസ്കരിക്കുകയുംചെയ്തു. തദവസരത്തില്‍ ചിലര്‍ ഇതിനെ ആക്ഷേപിച്ചുകൊണ്ട് പള്ളിയില്‍ ജനാസ പ്രവേശിപ്പിച്ചുകൂടെന്ന് പറഞ്ഞു. ഇതറിഞ്ഞപ്പോള്‍ ആഇശ(റ) പറഞ്ഞു: ”സുഹൈലുബ്നു ബൈസാഇന്ന്വേണ്ടി തിരുദൂതര്‍ പള്ളിയില്‍വെച്ച് തന്നെയായിരുന്നു നമസ്കരിച്ചത്” (മുസ്ലിം) 29). ഉമറിന്റെ നേതൃത്വത്തില്‍ അബൂബക്റി(റ)ന് നമസ്കരിച്ചതും സുഹൈബ്(റ) ഇമാമായിക്കൊണ്ട് ഉമറി(റ)ന് നമസ്കരിച്ചതും പള്ളിയില്‍ വെച്ചായിരുന്നു.(ഫത്ഹുല്‍ ബാരി) 30.
References
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 30, പേജ് 96, ഹദീസ് 18162[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 20, ഹദീസ് 2710[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 53, പേജ് 97, ഹദീസ് 3187[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 01, പേജ് 97, ഹദീസ് 3188[↩]
- ശര്‍ഹുല്‍ മുഹദ്ദബ്, അബൂ സകരിയ്യാ മുഹ്യിദ്ദീന് ബ്നു യഹ്യാ അന്നവവീ, ദാറുല്‍ ഫിക്ര്, വാള്യം 05, പേജ് 257[↩]
- അത്തല്‍ഖീസുല്‍ ഹബീര്, ഇബ്നു ഹജറിനില്‍ അസ്ഖലാനീ, വാള്യം 03, പേജ് 1185[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 111, ഹദീസ് 3208[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 102, ഹദീസ് 4079[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 164, ഹദീസ് 3135[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 02, പേജ് 342, ഹദീസ് 1036[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 198, ഹദീസ് 3596[↩]
- നൈലുല്‍ ഔത്വാര്‍, മുഹമ്മദ് ബ്നു അലിയ്യി ബ്നു മുഹമ്മദ് ബ്നി അബ്ദില്ല അശ്ശശകാനീ, ദാറുല്‍ ഹദീസ്, ഒന്നാം പതിപ്പ്, ഈജിപ്ത്, വാള്യം 04, പേജ്: 58, ഹദീസ് 1403[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 166, ഹദീസ് 6820[↩]
- അല്‍ ബയാനു വത്തഹ്സ്വീലു വശ്ശര്‍ഹു വത്തൗജീഹു വത്തഅ്ലീലു ലി മസാഇലില്‍ മുസ്തഖ്റജ, അബുല്‍ വലീദ് മുഹമ്മദ് ബ്നു അഹ്മദ് ബ്നു റുശ്ദ് അല്‍ ഖുര്‍ത്വുബീ, ദാറുല്‍ ഗര്‍ബില്‍ ഇസ്ലാമി, ബൈറൂത്ത, ലെബനാന്, രണ്ടാംപതിപ്പ്, വാള്യം 02, പേജ് 239,240[↩]
- അല്‍ മജ്മൂഅ് അല്‍ ഫതാവാ, അല്‍ ഫതാവല്‍ കുബ്റാ, തഖിയുദ്ദീന് അബുല്‍ അബ്ബാസ് അഹ്മദ് ഇബ്നുതൈമിയ്യ, ദാറുല്‍ കുതുബുല്‍ ഇല്മിയ്യ, ഒന്നാം പതിപ്പ്, വാള്യം 24, പേജ് 286[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 76, ഹദീസ് 1269[↩]
- ശര്‍ഹുല്‍ മുഹദ്ദബ്, അബൂ സകരിയ്യാ മുഹ്യിദ്ദീന് ബ്നു യഹ്യാ അന്നവവീ, ദാറുല്‍ ഫിക്ര്, വാള്യം 05, പേജ് 194[↩]
- ഫത്ഹുല്‍ ബാരി, അഹ്മദ് ബ്നു അലിയ്യിബ്നി ഹജര്‍ അബുല്‍ ഫദ്ല് അല്‍ അസ്ഖലാനി, ദാറുല്‍ മഅ്രിഫ, ബൈറൂത്ത്, വാള്യം 02, പേജ്: 76, ഹദീസ് 1269[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 99, ഹദീസ് 460[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 62, ഹദീസ് 97 (972[↩]
- ഇഅ്ലാമുല്‍ മുവഖീഈന്‍ അന് റബ്ബില്‍ ആലമീന്‍, ഇബ്നുല്‍ ഖയ്യിം അല്‍ ജൗസിയ്യ, ദാറു കുതുബില്‍ ഇല്മിയ്യ, വാള്യം 03, പേജ് 325[↩]
- അത്തല്‍ഖീസ്വുല്‍ ഹബീര് ഫീ തഖ്രീജി അഹാദീസിര്‍റാഫിഈ അല്‍ കബീര്‍, അബുല്‍ ഫദ്വ്ല്‍ അഹ്മദ് ബ്നു അലി, വാള്യം 03, പേജ് 1271, ഹദീസ് 985 (2678[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 86, ഹദീസ് 1320[↩]
- ഫത്ഹുല്‍ ബാരി, അഹ്മദ് ബ്നു അലിയ്യിബ്നി ഹജര്‍ അബുല്‍ ഫദ്ല് അല്‍ അസ്ഖലാനി, ദാറുല്‍ മഅ്രിഫ, ബൈറൂത്ത്, വാള്യം 03, പേജ്: 188[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 51, ഹദീസ് 3877[↩]
- സാദുല്‍ മആദി ഫീ ഹദ്യി ഖൈറില്‍ ഇബാദി, മുഹമ്മദു ബ്നു അബീബക്ര് ബ്നു അയ്യൂബി ബ്നു സഅ്ദില്‍ ശംസിദ്ദീന്‍, ഇബ്നില്‍ ഖയ്യിം(റ), മുഅസ്സതുര്‍റിസാല ബൈറൂത്ത് & മക്തബതുല്‍ മനാറില്‍ ഇസ്ലാമിയ്യ, കുവൈത്ത്, 27ാം പതിപ്പ്, വാള്യം 01, പേജ് 669, 670[↩]
- സാദുല്‍ മആദി ഫീ ഹദ്യി ഖൈറില്‍ ഇബാദി, മുഹമ്മദു ബ്നു അബീബക്ര് ബ്നു അയ്യൂബി ബ്നു സഅ്ദില്‍ ശംസിദ്ദീന്‍, ഇബ്നില്‍ ഖയ്യിം(റ), മുഅസ്സതുര്‍റിസാല ബൈറൂത്ത് & മക്തബതുല്‍ മനാറില്‍ ഇസ്ലാമിയ്യ, കുവൈത്ത്, 27ാം പതിപ്പ്, വാള്യം 01, പേജ് 671[↩]
- ഫത്ഹുല്‍ ബാരി, അഹ്മദ് ബ്നു അലിയ്യിബ്നി ഹജര്‍ അബുല്‍ ഫദ്ല് അല്‍ അസ്ഖലാനി, ദാറുല്‍ മഅ്രിഫ, ബൈറൂത്ത്, വാള്യം 03, പേജ്: 199, ഹദീസ് (1327[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 62, ഹദീസ് (63[↩]
- ഫത്ഹുല്‍ ബാരി, അഹ്മദ് ബ്നു അലിയ്യിബ്നി ഹജര്‍ അബുല്‍ ഫദ്ല് അല്‍ അസ്ഖലാനി, ദാറുല്‍ മഅ്രിഫ, ബൈറൂത്ത്, വാള്യം 02, പേജ്: 295[↩]
