ഖബ്‌റടക്കം
നമസ്‌കാരം കഴിഞ്ഞാല്‍ ഉടനെ മൃതദേഹം സംസ്‌കരിക്കേണ്ടത് മുസ്‌ലിംകളുടെ ബാധ്യതയാണ്. മൃതദേഹം മണ്ണില്‍ മറവുചെയ്യുന്ന രീതിയാണ് ഇസ്‌ലാം നിര്‍ദേശിച്ചത്. ദഹിപ്പിക്കുക, ജന്തുക്കള്‍ക്കും പക്ഷികള്‍ക്കും തിന്നാന്‍ വിട്ടേക്കുക തുടങ്ങിയ സംസ്‌കരണ സമ്പ്രദായങ്ങളേക്കാള്‍ പരിശുദ്ധവും പ്രകൃതിക്ക് അനുയോജ്യവുമാണ് ഇസ്‌ലാമിക രീതിയായ ഖബ്‌റടക്കം.
അല്ലാഹു പറഞ്ഞു: ‘‘ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും ഭൂമിയെ നാം സങ്കേതമാക്കിയിരിക്കുന്നു.”
ഖബറുമായി ബന്ധപ്പെട്ട് കുറേയേറെ അനിസ്‌ലാമികതകൾ സമൂഹത്തിൽ നിലനില്ക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ഇസ്‌ലാമിക പ്രമാണങ്ങൾ എന്തു പറയുന്ന എന്ന അന്വേഷണമാണ്, ഖബ്‌റിന്റെ രൂപം, ഖബ്‌റിലേക്ക് ഇറക്കല്‍, ഖബ്‌റില്‍ കിടത്തല്‍, ഒരു ഖബ്‌റില്‍ ഒന്നിലധികം മയ്യിത്തുകള്‍, ഖബ്‌റടക്കേണ്ട സമയം, ഖബ്‌റിന്റെ സ്വഭാവം, കുമ്മായമിടല്‍, പേരെഴുതല്‍, ചെടികള്‍ നടല്‍, കെട്ടിപ്പൊക്കലും മൂടലും, തസ്ബീത്തും തല്ഖീനും എന്നീ ഉപാധ്യായങ്ങളുള്ള ഈ ലേഖനം.
മൃതദേഹം മണ്ണില്‍ മറവുചെയ്യുന്ന രീതിയാണ് ഇസ്‌ലാം നിര്‍ദേശിച്ചത്. ദഹിപ്പിക്കുക, ജന്തുക്കള്‍ക്കും പക്ഷികള്‍ക്കും തിന്നാന്‍ വിട്ടേക്കുക തുടങ്ങിയ സംസ്‌കരണ സമ്പ്രദായങ്ങളേക്കാള്‍ പരിശുദ്ധവും പ്രകൃതിക്ക് അനുയോജ്യവുമാണ് ഇസ്‌ലാമിക സമ്പ്രദായം.
അല്ലാഹു പറഞ്ഞു: ‘‘ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും ഭൂമിയെ നാം സങ്കേതമാക്കിയിരിക്കുന്നു.”
മുസ്‌ലിം ശ്മശാനത്തിന്റെ ആവശ്യകത
മുസ്‌ലിംകളുടെ സംസ്‌കരണത്തിന്നായി പ്രത്യേകം ശ്മശാനമുണ്ടായിരിക്കേണ്ടതാണ്. നബി(സ്വ)യുടെ കാലത്ത് ബഖീഅ് ആയിരുന്നു മദീനയിലെ മുസ്‌ലിംകളുടെ ശ്മശാനം. ഇന്ന് എല്ലായിടത്തും, വിശിഷ്യാ കേരളത്തില്‍ പള്ളിയോടനുബന്ധിച്ച സ്ഥലമാണ് ഖബ്ര്‍ സ്ഥാനമാക്കപ്പെടുന്നത്. അതിനാല്‍ പള്ളി പുനര്‍നിര്‍മിക്കുമ്പോള്‍ വിശാലമാക്കാന്‍ ബുദ്ധിമുട്ടേണ്ടിവരുന്നു. മയ്യിത്തിന് ബാങ്ക് കേള്‍ക്കാനുള്ള സൗകര്യമുണ്ടായിരിക്കണം എന്ന ധാരണയാണ് ഇതിനുള്ള പ്രധാന കാരണം.
”മയ്യിത്ത് ബാങ്ക് കേട്ടുകൊണ്ടിരിക്കും” (മുസ്‌നദുല്‍ ഫിര്‍ദൗസ്) എന്ന ഹദീസാണ് ഇതിന് തെളിവ്. ഇതിന്റെ പരമ്പര അസാധുവാണെന്നും ഇത് നിര്‍മിക്കപ്പെട്ടതാണെന്നും ഇബ്‌നുഹജര്‍ പറഞ്ഞു (അത്തല്‍ഖീസ്വ്) 1. നബി(സ്വ)യെ സ്വഭവനത്തിലാണ് ഖബ്‌റടക്കിയത്. ഇത് പ്രവാചകന്മാര്‍ക്ക് പ്രത്യേകം അനുവദിക്കപ്പെട്ടതാണ്. നബി(സ്വ) നിര്യാതനായപ്പോള്‍ ഖബ്‌റടക്കുന്നത് സംബന്ധിച്ചു വിവിധ അഭിപ്രായങ്ങളുണ്ടായി. അപ്പോൾ അബൂബക്ര്‍ പറഞ്ഞു. നബി(സ്വ) പറയുന്നത് ഞാന്‍ കേട്ടു: ”തന്നെ മറവു ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സ്ഥലത്ത്‌വെച്ചല്ലാതെ ഒരു നബിയുടെയും ആത്മാവിനെ അല്ലാഹു പിടിക്കുകയില്ല.” അങ്ങനെ നബി(സ്വ) കിടന്നിരുന്ന മുറിയില്‍തന്നെ ഖബ്‌റടക്കി (തുര്‍മുദി) 2.
ഖബ്‌റിന്റെ രൂപം
ഖബ്ര്‍ ആവശ്യാനുസരണം വിശാലതയുള്ളതായിരിക്കണം. മയ്യിത്തിന്റെ നീളവും വീതിയുമാണ് ഇതില്‍ പരിഗണിക്കേണ്ടത്. നബി(സ്വ) ഖബ്ര്‍ കുഴിക്കുന്നവനോട് പറഞ്ഞു: ”തലയുടെയും കാലിന്റെയും ഭാഗം വിശാലമാക്കുക” (അബൂദാവൂദ്).
ഉഹ്ദ് യുദ്ധാവസരത്തില്‍ നബി(സ്വ) ഉപദേശിച്ചു: ”ആഴത്തില്‍ ഭംഗിയായി കുഴിക്കുക” (തിര്‍മിദി) 3. ഒരാളുടെ പകുതി ആഴം വേണമെന്ന് അബൂഹനീഫയും അഹ്‌മദും അഭിപ്രായപ്പെടുന്നു. ശാഫിഈയുടെ അഭിപ്രായം ഒരാളുടെ ആഴമുണ്ടാവണമെന്നാണ്. എന്നാല്‍ പ്രവാചകന്‍(സ്വ) കൃത്യമായ ഒരാഴം നിര്‍ദേശിച്ചിട്ടില്ല. ഹിംസ്രജന്തുക്കളില്‍ നിന്നും പക്ഷികളില്‍ നിന്നും മൃതദേഹം സംരക്ഷിക്കുകയും ദുര്‍ഗന്ധം വമിക്കാതിരിക്കുകയുമാണല്ലോ മണ്ണില്‍ മറവുചെയ്യുന്നതിന്റെ ലക്ഷ്യം. ഇത് സാധ്യമാവുന്ന രൂപത്തചന്റ ഖബ്ര്‍ വെട്ടേണ്ടതാണ്. അപ്പോള്‍ ഭൂപ്രദേശമനുസരിച്ച് ഖബ്ര്‍ രൂപപ്പെടുത്തേണ്ടിവരും.
അമുസ്‌ലിമിന്റെ മൃതദേഹം മറവുചെയ്യല്‍
മൃതദേഹം അമുസ്‌ലിമിന്റേതായാലും മറവുചെയ്യേണ്ടതാണ്. യഅ്‌ലാ(റ) പറയുന്നു: തിരുനബി(സ്വ) ഏതെങ്കിലും മൃതദേഹത്തിന്റെ അരികിലൂടെ പോയാല്‍ അത്മറവു ചെയ്യാന്‍ കല്പിക്കുമായിരുന്നു. അത് മുസ്‌ലിമാണോ കാഫിറാണോ എന്ന് ചോദിക്കാറില്ല (ഹാകിം) 4. ബദ്ര്‍ യുദ്ധത്തില്‍ വധിക്കപ്പെട്ട ശത്രുക്കളുടെ ജഡം സംസ്‌കരിക്കാന്‍ നബി(സ്വ) കല്പിച്ചുവെന്നത് സുവിദിതമാണല്ലോ.
ഖബ്‌റിലേക്ക് ഇറക്കല്‍
ജനാസ ഖബ്‌റിലേക്ക് ഇറക്കിവെക്കേണ്ടത് പുരുഷന്മാരാണ്; മയ്യിത്ത് സ്ത്രീയാണെങ്കിലും. അതില്‍ കൂടുതല്‍ അര്‍ഹര്‍ അടുത്ത ബന്ധുക്കളാണ്. നബി(സ്വ)യെ ഖബ്‌റിലേക്ക് താഴ്ത്തിവെച്ചത് അബ്ബാസ്, അലി, ഫദ്ല്‍, സ്വാലിഹ് എന്നിവരായിരുന്നു (ബൈഹഖി). ഇത് കര്‍മശാസ്ത്ര പണ്ഡിതരും പറഞ്ഞിട്ടുണ്ട്. നവവി പറയുന്നു: ”നമസ്‌കരിക്കാന്‍ കൂടുതല്‍ ബന്ധപ്പെട്ടവര്‍ തന്നെയാണ് മറവ്‌ചെയ്യാനും ബന്ധപ്പെട്ടവര്‍. സ്ത്രീയാണെങ്കില്‍ മറവുചെയ്യാന്‍ അര്‍ഹതപ്പെട്ടവന്‍ ഭര്‍ത്താവാണ്. കാരണം കുളിപ്പിക്കാന്‍ അവകാശപ്പെട്ടവന്‍ അവനാണല്ലോ” (ശറഹുല്‍മുഹദ്ദബ്) 5.
നീ ആദ്യം മരിക്കുകയാണെങ്കില്‍ നിന്നെ ഞാന്‍ മറമാടുമെന്ന് ആഇശയോട് നബി(സ്വ) പറഞ്ഞത് മുമ്പ് ഉദ്ധരിച്ചതാണ്.
സ്ത്രീയുടെ മയ്യിത്ത് ഖബ്‌റിലേക്കിറക്കുന്നവന്‍ തലേദിവസം ലൈംഗികബന്ധത്തിലേര്‍പ്പെടാത്തവനായിരിക്കണം. ‘സ്ത്രീയുടെ മയ്യിത്ത് ഖബ്‌റില്‍ പ്രവേശിപ്പിക്കേണ്ടവനാര്?’ എന്ന അധ്യായത്തില്‍ ബുഖാരി ഉദ്ധരിക്കുന്നു: പ്രവാചകപുത്രിയെ സംസ്‌കരിക്കുന്നതിന് എല്ലാവരും സന്നിഹിതരായ സന്ദര്‍ഭത്തില്‍ അവിടുന്നു ചോദിച്ചു: നിങ്ങളില്‍ കഴിഞ്ഞ രാത്രിയില്‍ ഭാര്യയുമായി ബന്ധപ്പെടാത്തവരാരുണ്ട്? അപ്പോള്‍ അബൂത്വല്‍ഹ പറഞ്ഞു: ഞാനുണ്ട്. പ്രവാചകന്‍(സ്വ) അദ്ദേഹത്തെ ഇറക്കി. (ബുഖാരി) 6 അബൂത്വല്‍ഹ മയ്യിത്തിന് അന്യനാണെങ്കിലും അവിടെ സന്നിഹിതരായ സജ്ജനങ്ങളില്‍ ഒരാളായിരുന്നു (ശറഹുല്‍മുഹദ്ദബ്) 7
റുഖിയ്യ മരിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു: ”കഴിഞ്ഞ രാത്രിയില്‍ ഭാര്യയുമായി ബന്ധപ്പെട്ടവര്‍ ഖബ്‌റില്‍ ഇറങ്ങരുത്. അതിനാല്‍ ഭര്‍ത്താവ് ഉസ്മാന്‍ ഖബ്‌റില്‍ പ്രവേശിച്ചില്ല.” (ഹാകിം) 8.
അവശ്യഘട്ടങ്ങളില്‍ ഈകാര്യം സ്ത്രീകള്‍ക്കും നിര്‍വഹിക്കാം. സ്വയ്ദലാനി പറഞ്ഞു: ”സ്ത്രീയുടെ മൃതദേഹം ഖബ്‌റിലുള്ളവരെ ഏല്പിക്കുകയും ഖബ്‌റില്‍വെച്ച് വസ്ത്രം അഴിക്കുകയുമൊക്കെ സ്ത്രീകള്‍ക്ക് ചെയ്യാവുന്നതാണ്.” ഇതിനെ ചിലര്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും ഇതാണ് ശരിയെന്നും ശാഫിഈയുടെ അഭിപ്രായത്തിന് അനുയോജ്യമെന്നും ഇമാം നവവി വ്യക്തമാക്കിയിട്ടുണ്ട് (ശറഹുല്‍മുഹദ്ദബ്) 9.
ഇബ്‌നു അബീമുലൈകയില്‍നിന്ന് ബൈഹഖി ഉദ്ധരിക്കുന്നു: ”വധിക്കപ്പെട്ട അബ്ദില്ലാഹിബ്‌നു സുബൈറിന്റെ ജഡം കുടുംബത്തിലേക്ക് കൊണ്ടുപോകാന്‍ ഖലീഫ അബ്ദില്‍മലികിന്റെ എഴുത്ത് കിട്ടി. ഞാന്‍ മയ്യിത്തുമായി അബൂബക്‌റിന്റെ മകള്‍ അസ്മാഇന്റ അടുത്തേക്കു ചെന്നു. അവര്‍ തന്റെ മകനെ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും ഖബ്‌റടക്കുകയുംചെയ്തു.” ഇതിന്റെ പരമ്പര സ്വഹീഹാണ് (തല്‍ഖീസ്) 10.
കാല്‍വെക്കുന്ന ഭാഗത്തിലൂടെ വേണം മയ്യിത്തിനെ ഖബ്‌റിലേക്കിറക്കാന്‍. ”ഹാരിസ് അബ്ദുല്ലാഹിബ്‌നു യസീദിനോട് തനിക്ക്‌വേണ്ടി നമസ്‌കരിക്കാന്‍ വസ്വിയ്യത്ത് ചെയ്തിരുന്നതനുസരിച്ച് നമസ്‌കാരത്തിന് നേതൃത്വം നല്കി. പിന്നീട് കാലിന്റെ ഭാഗത്തിലൂടെ അദ്ദേഹത്തെ ഖബ്‌റിലേക്ക് പ്രവേശിപ്പിച്ചു. അദ്ദേഹം ഇത് (നബി)ചര്യയാണെന്ന് പറയുകയുംചെയ്തു” (അബൂദാവൂദ്) 11. ഇത് എളുപ്പമല്ലെങ്കില്‍ സാധ്യമാകുന്ന രീതിയില്‍ പ്രവേശിപ്പിക്കാവുന്നതാണ്.
‘ബിസ്മില്ലാഹി വ അലാ സുന്നതി റസൂലില്ലാഹ്’ (61) (അല്ലാഹുവിന്റെ നാമത്തിലും അല്ലാഹുവിന്റെ ദൂതന്റെ ചര്യയിലും) എന്നോ ‘ബിസ്മില്ലാഹി വ അലാ മില്ലത്തി റസൂലില്ലാഹ്'(62) എന്നോ ഖബ്‌റിലേക്കിറക്കുന്നവന്‍ പറയുന്നത് സുന്നത്താണ്. ഇപ്രകാരം നബി(സ്വ) പറഞ്ഞിരുന്നു (അബൂദാവൂദ്) 12.
മുഖം ഖിബ്‌ലക്ക് അഭിമുഖമായി വലതുവശം ചരിച്ചു കിടത്തേണ്ടതാണ്.
ഖബ്‌റില്‍ കിടത്തല്‍
ഖബ്‌റില്‍ വസ്ത്രം വിരിക്കുകയോ തലയണ പോലുള്ളത് വെക്കുകയോ ചെയ്യുന്നത് കറാഹത്താണെന്ന് അധിക പണ്ഡിതന്മാരും പറഞ്ഞിരിക്കുന്നു. ”നബി(സ്വ)യെ മറവുചെയ്തപ്പോള്‍ ഖബ്‌റില്‍ ഒരു ചുവന്ന വസ്ത്രം വിരിച്ചിരുന്നു”(മുസ്‌ലിം) 13) എന്ന ഹദീസ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. മറുപക്ഷത്തിന്റെ തെളിവ്, തത്സംബന്ധമായി ഹാഫിദ്വ് ഇബ്‌നുഹജര്‍ പറഞ്ഞതാണ്: മണ്ണിടുന്നതിനു മുമ്പായി അവര്‍ അത് (ചുവന്ന വസ്ത്രം) പുറത്തെടുത്തിരുന്നതായി വാഖിദി അലിയ്യുബ്‌നു ഹുസൈനില്‍ നിന്ന് നിവേദനം ചെയ്യുന്നു. ഇത് ഇബ്‌നു അബ്ദില്‍ബര്‍റ് ഖണ്ഡിതമായി പറഞ്ഞിട്ടുമുണ്ട് (അത്തല്‍ഖീസ്) 14.
മയ്യിത്തിന്റെ കവിളില്‍നിന്ന് വസ്ത്രം നീക്കിയ ശേഷം മണ്ണിലേക്ക് ചേര്‍ത്തുവെക്കുന്നത് അഭിലഷണീയമാണെന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞു. ”എന്നെ നിങ്ങള്‍ ഖബ്‌റിലേക്കിറക്കിയാല്‍ കവിള്‍ത്തടം മണ്ണോട് ചേര്‍ക്കുക” എന്ന് ഉമര്‍(റ) പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (ഫിഖ്ഹുസ്സുന്ന) 15.
മയ്യിത്ത് ഖബ്‌റിലേക്കിറക്കുമ്പോള്‍ ഖബ്‌റിനു മുകളില്‍ ഒരു വസ്ത്രം നിവര്‍ത്തിപ്പിടിക്കുന്നത് നല്ലതാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളുടേതാണെങ്കില്‍ മാത്രമേ വേണ്ടതുള്ളൂവെന്ന് അവരില്‍ അധിക പണ്ഡിതരും പറഞ്ഞിരിക്കുന്നു.
സഅ്ദി(റ)നെ മറവ് ചെയ്യുമ്പോള്‍ നബിയുടെ നിര്‍ദേശമനുസരിച്ച് വസ്ത്രം പിടിച്ചതായി ഉദ്ധരിക്കപ്പെട്ടതാണ് ഇതിനുള്ള തെളിവ്. ”ഇത് ദുര്‍ബലമാണ്. മാത്രമല്ല അത് രക്തം വന്നുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ മുറിവുകള്‍ ജനങ്ങള്‍ കാണാതിരിക്കാന്‍ വേണ്ടിയായിരുന്നത്രെ” (നൈലുല്‍ഔത്വാര്‍) 16. മയ്യിത്ത് ഖബ്‌റില്‍ കിടത്തിയ ശേഷം മൂടുകല്ലുകള്‍ വെക്കേണ്ടതാണ്. ”സഅ്ദി(റ)നോട്, പെട്ടിപോലുള്ള വല്ലതുമുണ്ടാക്കാന്‍ വേണ്ടി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തിരുദൂതരെ മറവുചെയ്തതുപോലെ, എന്നെക്കൊണ്ട് ചെയ്യുക. ഇഷ്ടികകള്‍ പാകുകയും എന്റെ മേല്‍ മണ്ണ് കോരിയിടുകയും ചെയ്യുക”.
സംസ്‌കരണത്തില്‍ പങ്കെടുക്കുന്നവര്‍ മയ്യിത്തിന്റെ തലഭാഗത്തുനിന്നും മൂന്ന് വാരല്‍ മണ്ണ് ഖബ്‌റിലേക്കിടുന്നത് സുന്നത്താണ്.
അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) ജനാസ നമസ്‌കരിക്കുകയും പിന്നീട് ഖബ്‌റിന്നരികില്‍ചെന്ന് അതിന്റെ തലഭാഗത്തുനിന്നും മൂന്ന് പിടി മണ്ണ് വാരിയിടുകയും ചെയ്തു” (ഇബ്‌നുമാജ) 17.
മണ്ണ്‌വാരിയിടുമ്പോള്‍ ‘മിന്‍ഹാ ഖലഖ്‌നാക്കും വ ഫീഹാ നുഈദുകും വ മിന്‍ഹാ നുഖ്‌രിജുകും താറതന്‍ ഉഖ്‌റാ‘ (അതില്‍ നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്, അതിലേക്ക് നിങ്ങളെ നാം മടക്കും. അതില്‍ നിന്ന് മറ്റൊരിക്കല്‍ നിങ്ങളെ നാം പുറപ്പെടുവിക്കും) എന്ന് ചൊല്ലണമെന്ന് ചില പണ്ഡിതന്മാര്‍ പറയുന്നു. എന്നാല്‍ ആ അഭിപ്രായം പ്രബലമല്ല.
അബൂഉമാമയില്‍ നിന്ന് അഹ്‌മദ് നിവേദനം ചെയ്ത ഹദീസാണ് ഇതിനുള്ള തെളിവ്. പ്രവാചകപുത്രി ഉമ്മുകുല്‍സൂമിനെ ഖബ്‌റിലേക്ക് വെച്ചപ്പോള്‍ നബി(സ്വ) അപ്രകാരം ചൊല്ലിയതായി പറയുന്ന ഈ ഹദീസിന്റെ പരമ്പര ദുര്‍ബലമാണെന്ന് നവവി വ്യക്തമാക്കിയിട്ടുണ്ട് (ശറഹുല്‍മുഹദ്ദബ്) 18. അഹ്‌മദ് പറയുന്നു: ”ഈ വിഷയകമായ ഹദീസുകള്‍ ദുര്‍ബലമായതിനാല്‍ ഒന്നും ചൊല്ലേണ്ടതില്ല” (ഫിഖ്ഹുസ്സുന്ന) 15.
ഒരു ഖബ്‌റില്‍ ഒന്നിലധികം മയ്യിത്തുകള്‍
യുദ്ധം, പകര്‍ച്ചവ്യാധി, പ്രകൃതി വിപത്തുകള്‍ തുടങ്ങിയവ ഉണ്ടാവുമ്പോള്‍ അനേകമാളുകള്‍ മരണമടയുന്നു. ഇത്തരം ഘട്ടങ്ങളില്‍ ഒരു ഖബ്‌റില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ മറവ് ചെയ്യാവുന്നതാണ്. ജാബിറുബ്‌നു അബ്ദില്ലാ(റ) പറഞ്ഞു: ഉഹ്ദില്‍ വധിക്കപ്പെട്ടവരില്‍ നിന്ന് രണ്ട് പേരെ ഒരേ വസ്ത്രത്തില്‍ നബി(സ്വ) ഒരുമിച്ചു ചേര്‍ത്തിരുന്നു. തുടര്‍ന്ന് ‘അവരിരുവരില്‍ ഖുര്‍ആന്‍ കൂടുതലായി കരഗതമാക്കിയ ആള്‍ ആരാണ്?’ എന്ന് അവിടുന്ന് ചോദിക്കുമായിരുന്നു. ഇരുവരില്‍ ഒരാളിലേക്ക് വിരല്‍ ചൂണ്ടിയാല്‍ ആ ആളെ ഖബ്‌റിലേക്ക് ആദ്യം വെച്ചിരുന്നു…(ബുഖാരി) 19
ഖബ്‌റടക്കേണ്ട സമയം
മൃതദേഹം ഖബ്‌റടക്കുന്നതിന് പകല്‍ സമയമാണ് കൂടുതല്‍ സൗകര്യമെങ്കിലും രാത്രിയില്‍ സംസ്‌കരി ക്കുന്നതിനും വിരോധമില്ല. ”പൂര്‍വികരും പിന്‍ഗാമികളുമായ അധിക പണ്ഡിതന്മാരും രാത്രിയില്‍ മറവ് ചെയ്യുന്നത് കറാഹത്തല്ലെന്ന് പറഞ്ഞു” (ശറഹുമുസ്‌ലിം) 20
ജാബിറില്‍നിന്ന് മുസ്‌ലിം നിവേദനം ചെയ്യുന്നു: ”നബി(സ്വ) ഒരു ദിവസം ഖുത്വ്ബ നിര്‍വഹിച്ചപ്പോള്‍ തന്റെ ഒരനുചരനെ അനുസ്മരിച്ചു – അദ്ദേഹം മരണപ്പെട്ടപ്പോള്‍ മോശമായ പുടവയില്‍ പൊതിഞ്ഞു. നിശാവേളയില്‍ ഖബ്‌റടക്കേണ്ടിവന്നു. മയ്യിത്തിന്റെ പേരില്‍ (പരസ്യമായി) നമസ്‌കാരം നിര്‍വഹിക്കപ്പെടേണ്ടതുണ്ട്. അതിനാല്‍ നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ രാത്രിയില്‍ മറവുചെയ്യുന്നത് നബി(സ്വ) നിരോധിച്ചു. നിങ്ങള്‍ തന്റെ സഹോദരനെ കഫന്‍ ചെയ്യുമ്പോള്‍ പുടവ നന്നാക്കണമെന്ന് പറയുകയുംചെയ്തു.”
മയ്യിത്ത് നമസ്‌കരിക്കുക, കഫന്‍ പുടവ നന്നാക്കുക തുടങ്ങിയ കടമകള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്ചവരാന്‍ ഇടയാകുമ്പോഴാണ് രാത്രിയില്‍ സംസ്‌കരിക്കുന്നതില്‍ നബി(സ്വ) വെറുപ്പ് പ്രകടിപ്പിച്ചിരുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണല്ലോ.
”പള്ളി അടിച്ചുവാരിയ സ്ത്രീയുടെ കാര്യത്തില്‍ പ്രവാചകന്‍ വിമര്‍ശിച്ചത് രാത്രിയില്‍ മറവ്‌ചെയ്തതുകൊണ്ടല്ല. മറിച്ച് നബിയെ അറിയിക്കാതിരുന്നതുകൊണ്ടാണ് (ഫത്ഹുല്‍ബാരി) 21. അബൂബക്‌റിനെ സംസ്‌കരിച്ചത് രാത്രിയിലാണ്. അലി ഫാത്വിമയെ മറവുചെയ്തതും രാത്രിയില്‍തന്നെ. (ഫത്ഹുല്‍ബാരി). ആഇശ, ഇബ്‌നുമസ്ഊദ് തുടങ്ങിയ സ്വഹാബികളില്‍ ചിലരെയൊക്കെ രാത്രിയില്‍ സംസ്‌കരിക്കപ്പെട്ടപ്പോള്‍ അതിനെ ആരും ആക്ഷേപിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ് ” (ശറഹുല്‍മുഹദ്ദബ്) 22
നമസ്‌കാരം നിരോധിക്കപ്പെട്ട സമയങ്ങളായ പ്രഭാതത്തിലും മധ്യാഹ്നത്തിലും സന്ധ്യയിലും മറവ്‌ചെയ്യുന്നത് സാഹചര്യം നിര്‍ബന്ധിക്കുന്നില്ലെങ്കില്‍ ഉപേക്ഷിക്കുന്നതാണ് ഉത്തമം. ഉഖ്ബയില്‍നിന്ന് മുസ്‌ലിം നിവേദനം ചെയ്യുന്നു: ”മൂന്ന് സമയങ്ങളില്‍ ഞങ്ങള്‍ നമസ്‌കരിക്കുന്നതും പരേതരെ ഖബ്‌റടക്കുന്നതും നബി(സ്വ) വിരോധിച്ചു. സൂര്യന്‍ ഉദിച്ചത് മുതല്‍ ഉയരുന്നത്‌വരെ, നട്ടുച്ച മുതല്‍ മധ്യാഹ്നത്തില്‍ നിന്ന് തെറ്റുന്നത്‌വരെ, അസ്തമിക്കാറായതു മുതല്‍ അത് മറയുന്നത്‌വരെ.” (മുസ്‌ലിം) 23.
ഈ സമയങ്ങള്‍ പ്രത്യേകം തീരുമാനിച്ച് ചെയ്യുന്നതാണ് ഇതുകൊണ്ടുള്ള ഉദ്ദേശ്യമെന്ന് ചിലര്‍ വിശദീകരിച്ചിട്ടുണ്ട്. ഇമാം ഇബ്‌നുല്‍ഖയ്യിം പറയുന്നു: ”പ്രസ്തുത സമയങ്ങളില്‍ മറവ്‌ചെയ്യാതിരിക്കലാണ് നബിചര്യ” (സാദുല്‍മആദ്) 24
വെള്ളിയാഴ്ച ദിവസം മറവ്‌ചെയ്യുന്നതില്‍ പ്രത്യേകതയൊന്നുമില്ല. അതിനാല്‍ ശിക്ഷ ലഘൂകരിക്കപ്പെടുമെന്നത് തെറ്റിദ്ധാരണയാണ്. ചിലര്‍ സാഹസപ്പെട്ടെങ്കിലും ഇപ്രകാരം ചെയ്യുന്നുണ്ട്. ”വെള്ളിയാഴ്ച രാത്രിയിലോ പകലിലോ ഒരു മുസ്‌ലിം മരിച്ചാല്‍ അല്ലാഹു ഖബ്ര്‍ശിക്ഷയില്‍നിന്ന് അവനെ രക്ഷിക്കാതിരിക്കില്ല” എന്ന് നബി(സ്വ) പറഞ്ഞതായി തിര്‍മിദി ഉദ്ധരിച്ച ഹദീസ് വളരെ ദുര്‍ബലമാണ് (ഫത്ഹുല്‍ബാരി) 25.
ഇസ്‌ലാമിനുവേണ്ടിയുള്ള യുദ്ധത്തില്‍ വധിക്കപ്പെട്ടവരെ യുദ്ധഭൂമിയില്‍ തന്നെ മറവ്‌ചെയ്യേണ്ടതാണ്. ജാബിര്‍(റ) പറയുന്നു: ”ഉഹ്ദ് യുദ്ധത്തില്‍ വധിക്കപ്പെട്ട ബന്ധുക്കളെ ഞങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. അപ്പോള്‍ നബി(സ്വ)യുടെ ദൂതന്‍ വന്നു പറഞ്ഞു: ”വധിക്കപ്പെട്ടവരെ അവരുടെ കിടപ്പുസ്ഥാനങ്ങളില്‍തന്നെ മറവു ചെയ്യാന്‍ നബി(സ്വ) കല്പിക്കുന്നു. ബഖീഇലേക്ക് പുറപ്പെട്ട ഞങ്ങള്‍ പിതാവിന്റെയും അമ്മാവന്റെയും മയ്യിത്തുമായി അങ്ങോട്ട്തന്നെ തിരിച്ചുപോയി” (അബൂദാവൂദ് 26, തിര്‍മിദി) 27
ഇതിന്റെ അടിസ്ഥാനത്തില്‍, മരിച്ച വ്യക്തിയെ മരിച്ച നാട്ടില്‍തന്നെ ഖബ്‌റടക്കുന്നതാണുത്തമമെന്നും മറ്റു നാടുകളിലേക്ക് കൊണ്ടുപോകുന്നത് കറാഹത്താണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഹദീസിന്റെ ബാഹ്യരൂപം ഇത് രക്തസാക്ഷികള്‍ക്കു മാത്രമാണെന്നാണ് സൂചിപ്പിക്കുന്നത്.
ഖബ്‌റിന്റെ സ്വഭാവം
മയ്യിത് ഖബ്‌റില്‍ ഇറക്കി വെച്ച ശേഷം ഖബ്‌റിന്റെ മുകള്‍ഭാഗം ഒരുചാണ്‍ മണ്ണിട്ടു കൂമ്പാരമാക്കുന്നതും സമതലമാക്കുന്നതും അനുവദനീയമാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ ഉത്തമമേതാണെന്നതില്‍ അഭിപ്രായ ഭിന്നതയുണ്ട്. നബി(സ്വ)യുടെ ഖബ്‌റിനെക്കുറിച്ച് ജാബിറില്‍നിന്ന് ഇബ്‌നുഹിബ്ബാനും ബൈഹഖിയും ഉദ്ധരിക്കുന്നു: ”പ്രവാചകന്റെ ഖബ്ര്‍ ഒരു ചാണോളം ഉയര്‍ത്തപ്പെട്ടിരുന്നു.” 28.
സുഫ്‌യാനുത്തമ്മാറില്‍ നിന്ന് ബുഖാരി നിവേദനം ചെയ്യുന്നു: ”നബി(സ്വ)യുടെ ഖബ്ര്‍ കൂമ്പാരമാക്കപ്പെട്ടതായി ഞാന്‍ കണ്ടിരുന്നു.” ഇങ്ങനെ ഉയര്‍ത്തുന്നതോടൊപ്പം മുകള്‍ഭാഗം നിരപ്പാക്കുന്നതാണുത്തമം. മറ്റു ഹദീസുകളില്‍ നിരപ്പാക്കാനുള്ള കല്പന വന്നിട്ടുണ്ട്. (ബുഖാരി) 29).
നബി(സ്വ)യുടെ ഖബ്ര്‍ ആദ്യകാലത്ത് സമതലമായിരുന്നു. ഉമറുബ്‌നു അബ്ദില്‍അസീസ് മദീനയിലെ അമീറായിരുന്ന കാലത്ത് വീടിന്റെ ചുമര്‍ വീഴുകയും പുനര്‍നിര്‍മിച്ചപ്പോള്‍ ഖബ്ര്‍ കൂമ്പാരമാക്കുകയുമാണുണ്ടായതെന്നുള്ള ചരിത്രത്തെയാണ് ഇമാം ശൗകാനിയെ പോലുള്ളവര്‍ പ്രബലമാക്കിയിട്ടുള്ളത് (നൈലുല്‍ ഔത്വാര്‍) 30.
ഖബ്ര്‍ ഒരു ചാണിനേക്കാള്‍ ഉയര്‍ത്താവതല്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ശാഫിഈ പറയുന്നു: ”ഒരു ഖബ്‌റിന്മേല്‍ അതിലുണ്ടായിരുന്നതല്ലാത്ത മറ്റു മണ്ണിടാതിരിക്കുന്നത് നല്ലതാണ്.” ‘ഖബ്ര്‍ ഉയരാതിരിക്കാന്‍ വേണ്ടി അതിലെ മണ്ണിനേക്കാള്‍ അധികമാക്കരുത്’ എന്നൊരു അധ്യായം തന്നെ ബൈഹഖിയിലുണ്ട്.
കുമ്മായമിടല്‍
ജാബിര്‍(റ) പറയുന്നു: ”ഖബ്‌റിന്മേല്‍ കുമ്മായമിടുന്നത് നബി(സ്വ) നിരോധിച്ചിരിക്കുന്നു” (മുസ്‌ലിം) 31).
കളിമണ്ണ് തേക്കുന്നതിനെക്കുറിച്ച് തിര്‍മിദി പറഞ്ഞു: ”ചില പണ്ഡിതന്മാര്‍ ഇതില്‍ ഇളവ് അനുവദിച്ചിരിക്കുന്നു. ഇമാം അബൂഹനീഫയും യഹ്‌യയും അത് കറാഹത്താണെന്ന് പറഞ്ഞിരിക്കുന്നു. ഖബ്‌റിടം ഉറപ്പുള്ളതും ചെളിയില്ലാത്തതുമാണെങ്കില്‍ മരംകൊണ്ടോ ഇഷ്ടികകൊണ്ടോ ഖബ്ര്‍ ഉണ്ടാക്കുന്നതും പെട്ടിയില്‍ അടക്കം ചെയ്യുന്നതും കറാഹത്താണെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു (ഫിഖ്ഹുസ്സുന്ന) 32.
മണ്ണ് ഉറച്ചുനില്ക്കാന്‍ വേണ്ടി വെള്ളമൊഴിക്കാറുണ്ട്. ചിലേടങ്ങളില്‍ ചരല്‍ വിരിക്കാറുമുണ്ട്. ഇത് സംബന്ധമായ ഒരു റിപ്പോര്‍ട്ട് ഇമാം ശാഫിഈയില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ”പ്രവാചകപുത്രന്‍ ഇബ്‌റാഹീമിന്റെ ഖബ്‌റിന്മേല്‍ വെള്ളം തളിക്കുകയും ചരലുകള്‍ നീക്കിയിടുകയും ചെയ്തു.” നബി(സ്വ)യുടെ ഖബ്‌റിന്മേല്‍ ബിലാല്‍ വെള്ളമൊഴിച്ചതായുള്ള ഹദീസ് ബൈഹഖിയും ഉദ്ധരിച്ചിട്ടുണ്ട്. ഇത് രണ്ടിന്റെയും പരമ്പര മുര്‍സലാണെന്നും പുറമെ രണ്ടാമത്തേതില്‍ വാഖിദി എന്നൊരാളുണ്ടെന്നും ഹാഫിദ്വ് ഇബ്‌നുഹജര്‍ വ്യക്തമാക്കി (അത്തല്‍ഖീസ്) 33. പ്രബലമല്ലെന്നര്‍ഥം.
പേരെഴുതല്‍
ഖബ്‌റുകള്‍ തിരിച്ചറിയാന്‍ വേണ്ടി അടയാളം വെക്കാവുന്നതാണ്. അനസ് (റ) പറയുന്നു: ”നബി(സ്വ) ഒരു കല്ല് കൊണ്ട് ഉഥ്മാനുബ്‌നു മദ്ഊനിന്റെ ഖബ്‌റിന് അടയാളംവെച്ചു” (ഇബ്‌നുമാജ). ഈ കല്ല് വെച്ചത് തലയുടെ ഭാഗത്തായിരുന്നുവെന്ന് അബൂദാവൂദിന്റെ റിപ്പോര്‍ട്ടില്‍ വന്നിട്ടുണ്ട്. ഇതിന്റെ പരമ്പര സ്വീകാര്യമാണെന്ന് ഹാഫിദ്വ് ഇബ്‌നുഹജര്‍ പറയുന്നു (തല്‍ഖീസ്) 34.
ഖബ്‌റിന് മുകളില്‍ പേരോ മറ്റോ എഴുതുന്നത് നിരോധിക്കപ്പെട്ടതാണ്. ജാബിറി(റ)ല്‍നിന്ന് തിര്‍മിദി നിവേദനം ചെയ്തു: ”നബി(സ്വ) ഖബ്‌റുകളിന്മേല്‍ കുമ്മായം തേക്കുന്നതും എഴുതുന്നതും നിരോധിച്ചു.”
മുഹമ്മദു ബ്‌നു റുശ്ദ് പറഞ്ഞു: ”ഖബ്‌റിന്മേല്‍ നിര്‍മിക്കുന്നതും അതിന്മേല്‍ എഴുതിയ സ്മാരകശിലകള്‍ വെക്കുന്നതും ഇമാം മാലിക് വെറുത്തു. കാരണം അത് സമൂഹത്തിലെ ശേഷിയുള്ളവര്‍ പേരിനും പ്രൗഢിക്കും വേണ്ടിയുണ്ടാക്കിയ ബിദ്അത്തുകളില്‍ പെട്ടതാണ്. അത് കറാഹത്താണെന്നതില്‍ ഭിന്നാഭിപ്രായമില്ല” (അല്‍ബയാനു വത്തഹ്‌സ്വീല്‍) 35.
ഈ ഹദീസിന്റെ ആശയമനുസരിച്ച് മയ്യിത്തിന്റെ പേരും അല്ലാത്തതും തമ്മില്‍ വ്യത്യാസമില്ല. എഴുതിവെക്കുന്നത് ഖുര്‍ആനാണെങ്കില്‍ ഹറാമാവുമെന്നാണ് മാലികികളുടെ അഭിപ്രായം. സ്വാലിഹീങ്ങളുടേതാണെങ്കില്‍ എഴുതാമെന്നതിന് പ്രത്യേക തെളിവുകളൊന്നുമില്ല.
ചെടികള്‍ നടല്‍
ഖബ്‌റിന്മേല്‍ ചെടികള്‍ നടാനും പുഷ്പം വിതറാനും മുസ്‌ലിംകള്‍ നിര്‍ദേശിക്കപ്പെട്ടിട്ടില്ല. ബുഖാരി ഇബ്‌നു അബ്ബാസില്‍നിന്ന് ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു: ”നബി(സ്വ) രണ്ടു ഖബ്‌റുകളുടെ അരികിലൂടെ കടന്നുപോയപ്പോള്‍ പറഞ്ഞു: അവര്‍ രണ്ടുപേരും ശിക്ഷിക്കപ്പെടുകയാണ്. എന്നാല്‍ വലിയ കാര്യത്തിലല്ല ശിക്ഷിക്കപ്പെടുന്നത്. ഒരാള്‍ മൂത്രം പൂര്‍ണമായും ശുചിയാക്കിയിരുന്നില്ല. അപരന്‍ ഏഷണി പറഞ്ഞ് നടക്കുകയായിരുന്നു. എന്നിട്ട് ഒരു പച്ച ഈത്തപ്പന പട്ട കൊണ്ടുവരാന്‍ നബി(സ്വ) കല്പിച്ചു. അത് രണ്ടായി പിളര്‍ത്തി ഓരോ ഖബ്‌റിന്മേലും നാട്ടിയ ശേഷം അവിടുന്നു പറഞ്ഞു: ”അവ ഉണങ്ങാത്തേടത്തോളം അവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെട്ടേക്കാം.”(ബുഖാരി) 36).
”ഈത്തപ്പനപ്പട്ടയിലോ ഓലയിലോ വിശേഷിച്ചൊന്നുമില്ല. ഈ ലഘൂകരണത്തിനുള്ള കാരണം നബി(സ്വ)യുടെ പ്രാര്‍ഥനയാണ്. അതിന്റെ ഒരു പരിധിയാണ് ‘ഉണങ്ങാതിരിക്കുവോളം’ എന്നതിന്റെ സൂചന.” ഇപ്രകാരമാണ് ഈ ഹദീസിന് ഖത്വാബി നല്കിയ വിശദീകരണം (ഫിഖ്ഹുസ്സുന്ന) 37.
സ്വഹാബികളുടെയും സലഫുകളുടെയും മാതൃകയും ഈ കാര്യം വ്യക്തമാക്കുന്നു. നബി(സ്വ) ഇത് രണ്ടുമല്ലാത്ത വേറെ ഖബ്‌റിന്മേല്‍ ഇപ്രകാരം ചെയ്തതോ സ്വഹാബികള്‍ക്കിടയില്‍ ഇത് പൊതു സമ്പ്രദായമായിരുന്നതായോ ഉദ്ധരിക്കപ്പെടുന്നില്ല. ഇത്തരം കാര്യങ്ങള്‍ സ്വഹാബികള്‍ക്ക് പൊതുവെ അജ്ഞാതമായിരിക്കില്ലല്ലോ. എന്നാല്‍ ബുറയ്ദ തന്റെ ഖബ്‌റില്‍ ഈത്തപ്പന മട്ടലുകള്‍ സ്ഥാപിക്കണമെന്ന് വസ്വിയ്യത്ത് ചെയ്തിരുന്നു. അതിനെക്കുറിച്ച് ഹാഫിദ്വ് ഇബ്‌നുഹജര്‍ പറയുന്നു: ”ബുറയ്ദ ഈ ഹദീസിനെ പൊതുവായ അര്‍ഥത്തില്‍ വിലയിരുത്തിയത്‌പോലെ തോന്നുന്നു. അത് ആ രണ്ടാളുകള്‍ക്ക് മാത്രം പരിമിതമാണെന്ന് അദ്ദേഹം മനസ്സിലാക്കിയില്ല. ഇബ്‌നുറശീദ് പറഞ്ഞു: ബുഖാരിയുടെ ഉദ്ധരണിയില്‍ നിന്ന് വ്യക്തമാവുന്നത് നിശ്ചയമായും ഇത് അവര്‍ രണ്ടാളുകള്‍ക്ക് മാത്രം പരിമിതമാണെന്നാണ്” (ഫത്ഹുല്‍ബാരി) (9ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 03, പേജ്: 223)).
ഖബ്‌റിന്മേല്‍ പുഷ്പചക്രം സമര്‍പ്പിക്കുന്നത് ഇന്ന് ഒരാചാരമായിരിക്കുന്നു. ഈത്തപ്പന മട്ടലുകള്‍ നാട്ടിയ ഹദീസ് ഇതിന് തെളിവാക്കാവുന്നതല്ലെന്ന് നാം മനസ്സിലാക്കി. മാത്രമല്ല, മയ്യിത്തിന്റെ അവസ്ഥകള്‍ നബിക്ക് അറിയാന്‍ കഴിഞ്ഞത് പോലെ മറ്റുള്ളവര്‍ക്ക് അറിയാന്‍ കഴിയില്ലെന്നതും ഇവിടെ ശ്രദ്ധേയമാണ്. എന്നാല്‍, ഇന്ന് ഇത് ചെയ്യുന്നതിന്റെ ഉദ്ദേശ്യം മയ്യിത്തിനോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിക്കാനും അയാളുടെ ഖബ്ര്‍ വേറിട്ട് കാണപ്പെടാനും വേണ്ടിയാണ്. മയ്യിത്തിനോടുള്ള ആദരവിന്റെ പേരില്‍ ഖബ്ര്‍ കെട്ടിപ്പൊക്കുന്നതും പേരെഴുതുന്നതും അയാളുടെ സവിശേഷഗുണങ്ങള്‍ രേഖപ്പെടുത്തുന്നതും ഇസ്‌ലാം നിരോധിക്കുമ്പോള്‍ ഇത്തരം ബഹുമാന പ്രകടനം ഇസ്‌ലാം അംഗീകരിക്കുന്നില്ലെന്ന് വളരെ വ്യക്തമാണ്.
കെട്ടിപ്പൊക്കലും മൂടലും
ഒരു ഖബ്‌റും ഒരു ചാണിലധികം ഉയര്‍ത്തുന്നത് അനുവദനീയമല്ല. അബുല്‍ ഹയ്യാജില്‍അസദി പറയുന്നു: അലി(റ) എന്നോട് പറഞ്ഞു: ”നബി(സ്വ) എന്നെ നിയോഗിച്ച ഒരു കാര്യത്തിന് ഞാന്‍ നിങ്ങളെയും നിയോഗിക്കുന്നു: ഒരു പ്രതിരൂപവും നീ തട്ടിഉടക്കാതെ വിടരുത്. ഉയര്‍ന്നു നില്ക്കുന്ന ഒരു ഖബ്‌റും തട്ടിനിരത്താതെയും ഉപേക്ഷിക്കരുത്” (മുസ്‌ലിം) 38).
പൂര്‍വികമുസ്‌ലിംകള്‍ അധികം ഉയര്‍ത്തപ്പെട്ടിരുന്ന ഖബ്‌റുകള്‍ തട്ടിനിരപ്പാക്കിയിരുന്നു. സുഹ്‌രിയില്‍ നിന്ന് അബ്ദുര്‍റസ്സാഖ് നിവേദനം ചെയ്യുന്നു: ”ഉസ്മാന്‍(റ) ഖബ്‌റുകള്‍ നിരപ്പാക്കാന്‍ കല്പിച്ചു. പക്ഷേ നിലത്തു നിന്ന് അല്പം ഉയര്‍ത്താം. ഉമറിന്റെ മാതാവിന്റെയും ഉസ്മാന്റെ മകളുടെയും ഖബ്‌റുകള്‍ക്കരികിലൂടെ അവര്‍ നടക്കാനിടവന്നപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം അവ തട്ടിനിരപ്പാക്കുകയുണ്ടായി” (മുസ്വന്നഫ്) 39.
ഇമാം ശാഫിഈ പറയുന്നു: ”ഒരു ഖബ്‌റില്‍ അതിലേതല്ലാത്ത മണ്ണിടാതിരിക്കലാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഉപരിതലത്തുനിന്ന് ഒരു ചാണോളം ഉയര്‍ത്തുന്നതേ ഞാനിഷ്ടപ്പെടുന്നുള്ളൂ. അത് കെട്ടിപ്പടുക്കുന്നതും കുമ്മായമിടുന്നതും എനിക്കിഷ്ടമില്ല. കാരണം അലങ്കാരത്തോടും അഹങ്കാരത്തോടും സാമ്യമുള്ളതാണവ. മരണമാവട്ടെ അതിന്റെ സ്ഥാനവുമല്ലല്ലോ. മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും ഖബ്‌റുകള്‍ കുമ്മായമിട്ടതായി ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ ഖബ്‌റുകളില്‍ കെട്ടിപ്പടുത്തവ ഭരണാധികാരികള്‍ തകര്‍ക്കുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അതിന്റെ പേരില്‍ പണ്ഡിതന്മാരാരും അവരെ ആക്ഷേപിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല” (അല്‍ഉമ്മ്) 40.
ഖബ്‌റുകള്‍ക്ക്മീതെ ഗോപുരങ്ങളും മിനാരങ്ങളും നിര്‍മിക്കുന്നത് ഇസ്‌ലാം അനുദിക്കുന്നില്ല. സുമാമയില്‍ നിന്ന് അബ്ദുര്‍റസ്സാഖ് നിവേദനം ചെയ്യുന്നു: ”നീ അറിഞ്ഞില്ലേ, നബി(സ്വ) മുസ്‌ലിംകളുടെ ഖബ്‌റുകളിന്മേല്‍ പടുത്തുയര്‍ത്തുന്നതും കുമ്മായമിടുന്നതും നിരോധിച്ചിരിക്കുന്നു” (മുസ്വന്നഫ്) 41. ഇവ നിരോധിക്കുന്ന ഹദീസുകള്‍ മുസ്‌ലിമും അബൂദാവൂദും ഉദ്ധരിച്ചിട്ടുണ്ട്.
”പൊതുശ്മശാനങ്ങളില്‍ കെട്ടിപ്പടുത്ത ശവകുടീരങ്ങള്‍ തകര്‍ത്തുകളയല്‍ ഭരണാധികാരികളുടെ നിര്‍ബന്ധ ബാധ്യതയാണ്. ശാഫിഈ ഇമാമിന്റെ ഖബ്‌റിന്മേല്‍ നിര്‍മിക്കപ്പെട്ട ഗോപുരം പൊളിച്ചുനീക്കാന്‍ ശാഫിഈ മദ്ഹബിലെ ഒരു പ്രമുഖസംഘം തന്നെ ഫത്‌വ നല്കിയിരുന്നു; അതിന്റെ നിര്‍മാണത്തിന്നായി ആയിരക്കണക്കിന് ദീനാറുകള്‍ ചെലവാക്കപ്പെട്ടിരുന്നെങ്കിലും” (ഫതാവാ ഇബ്‌നുഹജര്‍) 42. മഹാന്മാരുടെ ഖബ്‌റുകള്‍ക്ക്മീതെ കെട്ടിടം നിര്‍മിക്കുന്നത് നിരോധിക്കപ്പെട്ടതല്ലെന്ന ചിലരുടെ വാദം ബാലിശമാണെന്ന് ഈ സംഭവംതന്നെ വ്യക്തമാക്കുന്നു. പുറമെ അക്കാര്യം ഇബ്‌നുഹജറുല്‍ഹൈതമി തന്റെ ഫതാവയില്‍ വിശദീകരിക്കുന്നുണ്ട്” (2:18). ”ഖബ്‌റുകള്‍ക്ക്മീതെയുള്ള ഗോപുരങ്ങളും പള്ളികളും ഉടനെ പൊളിച്ചുനീക്കണമെന്നും അവിടെയുള്ള മുഴുവന്‍ വിളക്കുകളും തിരികളും എടുത്തുമാറ്റണമെന്നും അതിന് വേണ്ടിയുള്ള വഖ്ഫുകളും നേര്‍ച്ചകളും ഒരിക്കലും സാധുവാകയില്ലെന്നും ഇബ്‌നുഹജര്‍ ഫത്‌വ നല്കി” (സവാജിര്‍) 43.
അദ്ദേഹത്തിന്റെ കാലത്തെ പണ്ഡിതന്മാരൊക്കെ ഇതിനോട് യോജിച്ചു. അന്നത്തെ ഭരണാധികാരിയായ സാഹിര്‍ രാജാവ് ഖുറാഫയിലെ ഖബ്‌റുകളിന്മേലുള്ള മുഴുവന്‍ കെട്ടിടങ്ങളും പൊളിച്ചു മാറ്റാന്‍ കല്പിക്കുകയുണ്ടായി” (ഫിഖ്ഹുസ്സുന്ന) 44.
തസ്ബീത്തും തല്ഖീനും
മൃതദേഹം ഖബ്‌റക്കിക്കഴിഞ്ഞാല്‍ കഴിഞ്ഞാല്‍ പരേതാത്മാവിന് സ്ഥൈര്യത്തിനും പാപമോചനത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നതാണ് തസ്ബീത്ത്. ഇത് സുന്നത്താണ്, ഉസ്മാന്‍(റ) പറയുന്നു: നബി(സ്വ) മൃതദേഹം ഖബ്‌റടക്കിയ ശേഷം അവിടെ നിന്നുകൊണ്ട് ഇപ്രകാരം പറയാറുണ്ടായിരുന്നു: ”നിങ്ങളുടെ സഹോദരന് പാപമോചനത്തിന്നായി പ്രാര്‍ഥിക്കൂ. തസ്ബീത്ത് (സ്ഥൈര്യം) ചോദിക്കുകയുംചെയ്യുക. അദ്ദേഹമിപ്പോള്‍ ചോദ്യംചെയ്യപ്പെടുകയാണ്” (അബൂദാവൂദ് 45, ഹാകിം -അദ്ദേഹം സ്വഹീഹാണെന്ന് വ്യക്തമാക്കി).
നബി(സ്വ)യില്‍നിന്ന് തസ്ബീത്തിന് വേണ്ടി നിശ്ചിതവചനങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ഈ പ്രാര്‍ഥനയ്ക്ക് മതിയായ വചനങ്ങള്‍ സൗകര്യംപോലെ രൂപപ്പെടുത്താവുന്നതാണ്. സാധാരണ ചൊല്ലി വരാറുള്ളതും പണ്ഡിതന്മാര്‍ നിര്‍ദേശിച്ചതും ഇപ്രകാരമാണ്.
അല്ലാഹുമ്മ സബ്ബിത്ഹ് ഇന്‍ദ സ്സുആല്‍, അല്ലാഹുമ്മ അല്‍ഹിംഹുല്‍ ജവാബ്, അല്ലാഹുമ്മ ജാഫില്‍ ഖബ്‌റ അന്‍ ജന്‍ബൈഹ്, അല്ലാഹുമ്മഗ്ഫിര്‍ ലഹു വര്‍ഹംഹു, അല്ലാഹുമ്മ ആമിന്‍ഹു മിന്‍ കുല്ലില്‍ ഫസഅ്(63) (അല്ലാഹുവേ, ചോദിക്കപ്പെടുന്ന സമയം അദ്ദേഹത്തിന് നീ സ്ഥൈര്യം നല്‌കേണമേ! അല്ലാഹുവേ, നീ അദ്ദേഹത്തിന് മറുപടി തോന്നിപ്പിക്കേണമേ. അല്ലാഹുവേ, അദ്ദേഹത്തിന്റെ ഇരുപാര്‍ശ്വങ്ങളില്‍ നിന്നും ഖബ്‌റിനെ നീ അകറ്റേണമേ! അല്ലാഹുവേ, നീ അദ്ദേഹത്തിന് പൊറുത്തുകൊടുക്കുകയും കരുണകാണിക്കുകയും ചെയ്യേണമേ! അല്ലാഹുവേ, എല്ലാവിധ സംഭ്രമങ്ങളെ സംബന്ധിച്ചും അദ്ദേഹത്തിന് നിര്‍ഭയത്വം നല്‌കേണമേ).
ഇവിടെ പ്രവാചകന്‍(സ്വ) തസ്ബീത്ത് ചൊല്ലാന്‍ സമൂഹത്തെ ഏല്പിക്കുകയാണ്‌ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്തവചനങ്ങളാണ് പൂര്‍വികരില്‍ നിന്നുദ്ധരിക്കപ്പെടുന്നത്. പ്രമുഖ സ്വഹാബിയായ അനസ്(റ) തന്റെ മകന്റെ മയ്യിത്ത് ഖബ്‌റടക്കിയപ്പോള്‍ ഇപ്രകാരം പ്രാര്‍ഥിച്ചു:
അല്ലാഹുമ്മ ജാഫില്‍ അര്‍ദ അന്‍ ജന്‍ബയ്ഹ്, വഫ്തഹ് അബ്‌വാബ സ്സമാഇ ലി റൂഹിഹി വ അബ്ദില്‍ഹു ദാറന്‍ ഖൈറന്‍ മിന്‍ ദാരിഹി(64) (അല്ലാഹുവേ, അവന്റെ ഇരുഭാഗത്തുനിന്നും ഭൂമിയെ നീ അകറ്റേണമേ. അവന്റെ ആത്മാവിന് വേണ്ടി ആകാശത്തിന്റെ കവാടങ്ങള്‍ തുറക്കേണമേ. അവന്റെ ഭവനത്തെക്കാള്‍ ഉത്തമമായൊരു ഭവനം നീ പകരം നല്‌കേണമേ). (അല്‍ മുഅ്ജമുല്‍ കബീര്‍) 46. ഈ ഹദീസിന്റെ നിവേദക പരമ്പരയിലുള്ളവര്‍ വിശ്വസ്തരാണെന്ന് ഇബ്‌നുഹജര്‍ പറഞ്ഞിരിക്കുന്നു (മജ്മഉസ്സവാഇദ്) 47.
ഇപ്രകാരം വന്ന മിക്ക വചനങ്ങളുടെയും ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് പ്രചാരത്തിലുള്ള തസ്ബീത്തിന്റെ വചനങ്ങളെന്ന്കാണാം.
സംസ്‌കരണാനന്തരം ഖബ്‌റിന്റെ തലഭാഗത്തിരുന്ന് ഇന്ന സ്ത്രീയുടെ മകനേ എന്ന് അഭിസംബോധന ചെയ്തുകൊണ്ട്, ഭീകരന്മാരായ രണ്ടു മലക്കുകളെ പരിചയപ്പെടുത്തുകയും അനന്തരം അവരുടെ ചോദ്യങ്ങള്‍ക്കജല്പ ഉത്തരം പറഞ്ഞുകൊടുക്കുകയുംചെയ്യുന്ന വചനങ്ങള്‍ ചൊല്ലിക്കൊടുക്കുന്നതിനാണ് തല്‍ഖീന്‍ എന്ന് ഇക്കാലത്ത് പറയുന്നത്. ഇപ്രകാരം ചിലവചനങ്ങള്‍ അബൂഉമാമയില്‍ നിന്ന് ത്വബ്‌രി ഉദ്ധരിക്കുന്നുണ്ട്. ഇത് ദുര്‍ബലമാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുയൂത്വി പറഞ്ഞു:
”മറവ്‌ചെയ്തശേഷം മയ്യിത്തിന് തല്‍ഖീന്‍ ചൊല്ലിക്കൊടുക്കുന്നതിനെക്കുറിച്ച് ദുര്‍ബലമായ പരമ്പരയിലൂടെ ഒരു ഹദീസ് ത്വബ്‌റാനിയുടെ മുഅ്ജമില്‍ വന്നിരിക്കുന്നു”. നവവി പറയുന്നു: ”അബൂഉമാമയുടെ ഹദീസ് ദുര്‍ബലമായ പരമ്പരയിലൂടെയാണ് ത്വബ്‌റാനി തന്റെ മുഅ്ജമില്‍ ഉദ്ധരിച്ചത്” (ശറഹുല്‍മുഹദ്ദബ് 48,റൗദത്തു ത്വാലിബീന്‍).
ഈ തല്‍ഖീന്‍ പ്രവാചകന്റെ അംഗീകാരമുള്ളതോ പൂര്‍വികര്‍ക്ക് പരിചിതമോ അല്ല. മറിച്ച്, പില്‍ക്കാലത്ത് നിര്‍മിക്കപ്പെട്ട ബിദ്അത്തുകളില്‍ പെട്ടതാണ്. അസ്‌റം പറയുന്നു: ”ഖബ്‌റടക്കിയശേഷം ഒരാള്‍ എഴുന്നേറ്റ് ‘ഇന്ന സ്ത്രീയുടെമകനേ……’ എന്നു പറയുന്ന ഈ ഏര്‍പ്പാടിനെക്കുറിച്ച് ഞാന്‍ അഹ്‌മദിനോട് ചോദിച്ചു. അദ്ദേഹം പറയുന്നു: മുഗീറയുടെ പിതാവ് മരിച്ചപ്പോള്‍ സിറിയക്കാര്‍ ചെയ്യുന്നതല്ലാതെ മറ്റാരും അങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല” (അത്തല്‍ഖീസ്) 49.
മുല്ലാ അലിയ്യുല്‍ഖാരി പറഞ്ഞു: ”ഇന്ന് ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്ന തല്‍ഖീന്‍ മുന്‍ഗാമികള്‍ക്കിടയില്‍ അറിയപ്പെടാത്തതാണ്. അത് പുതിയകാര്യമാണ്. ഇതിനെ നബി(സ്വ)യുടെ വാക്കെന്ന് പറയാനാവില്ല.” (മിര്‍ഖാത്ത്) 50. ഇസ്സ്ബ്‌നു അബ്ദിസ്സലാം പറഞ്ഞു: തല്‍ഖീനില്‍ ഒന്നും സ്വഹീഹായി വന്നിട്ടില്ല. അത് ബിദ്അത്താണ്. ‘ലഖ്ഖിനൂ മൗതാകും’ എന്ന നബിവചനത്തിന്റെ ആശയം മരണം ആസന്നമായവര്‍ക്ക് നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നു ചൊല്ലി(തല്‍ഖീന്‍)ക്കൊടുക്കുക എന്നാണ്”.
References
- അത്തല്‍ഖീസ്വുല്‍ ഹബീര്‍ ഫീ തഖ്‌രീജി അഹാദീസിര്‍റാഫിഈ അല്‍ കബീര്‍, അബുല്‍ ഫദ്വ്ല്‍ അഹ്‌മദ് ബ്‌നു അലി, വാള്യം 02, പേജ് 306, ഹദീസ് 791[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 329, ഹദീസ് 1018[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 213, ഹദീസ് 1713[↩]
- അല്‍ മുസ്തദ്‌റകു അലസ്സ്വഹീഹൈനി, അബൂ അബ്ദില്ല അല്‍ ഹാകിം മുഹമ്മദ്ബ്‌നു അബ്ദില്ല, ദാറുല്‍ കുതുബില്‍ ഇല്മിയ്യ, ബൈറൂത്ത്, വാള്യം 01, പേജ്: 526, ഹദീസ് 1374[↩]
- ശര്‍ഹുല്‍ മുഹദ്ദബ്, അബൂ സകരിയ്യാ മുഹ്‌യിദ്ദീന്‍ ബ്‌നു യഹ്‌യാ അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 05, പേജ് 290[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 79, ഹദീസ് 1285[↩]
- ശര്‍ഹുല്‍ മുഹദ്ദബ്, അബൂ സകരിയ്യാ മുഹ്‌യിദ്ദീന്‍ ബ്‌നു യഹ്‌യാ അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 05, പേജ് 289[↩]
- അല്‍ മുസ്തദ്‌റകു അലസ്സ്വഹീഹൈനി, അബൂ അബ്ദില്ല അല്‍ ഹാകിം മുഹമ്മദ്ബ്‌നു അബ്ദില്ല, ദാറുല്‍ കുതുബില്‍ ഇല്മിയ്യ, ബൈറൂത്ത്, വാള്യം 04, പേജ്: 51, ഹദീസ് 6852[↩]
- അല്‍ മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫ് അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 05, പേജ് 288, 289[↩]
- അത്തല്‍ഖീസ്വുല്‍ ഹബീര്‍ ഫീ തഖ്‌രീജി അഹാദീസിര്‍റാഫിഈ അല്‍ കബീര്‍, അബുല്‍ ഫദ്വ്ല്‍ അഹ്‌മദ് ബ്‌നു അലി, വാള്യം 02, പേജ് 330[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 205, ഹദീസ് 3211[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 206, ഹദീസ് 3213[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 665, ഹദീസ് 91 (967[↩]
- അത്തല്‍ഖീസുല്‍ ഹബീര്‍, ഇബ്‌നു ഹജറിനില്‍ അസ്ഖലാനീ, വാള്യം 02, പേജ് 302[↩]
- ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്, ദാറുല്‍ കിതാബില്‍ അറബീ, ബൈറൂത്, ലബനാന്‍, മൂന്നാം പതിപ്പ്, വാള്യം 01, പേജ് 546[↩][↩]
- നൈലുല്‍ ഔത്വാര്‍, മുഹമ്മദ് ബ്‌നു അലിയ്യി ബ്‌നു മുഹമ്മദ് ബ്‌നി അബ്ദില്ല അശ്ശശകാനീ, ദാറുല്‍ ഹദീസ്, ഒന്നാം പതിപ്പ്, ഈജിപ്ത്, വാള്യം 04, പേജ്: 100[↩]
- സുനനു ഇബ്‌നി മാജ, ഇബ്‌നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്‌നു യസീദില്‍ ഖസ്‌വീനി, ദാറു ഇഹ്‌യാഇല്‍ കുതുബില്‍ അറബിയ്യ, വാള്യം 01, പേജ് 499, ഹദീസ് 1565[↩]
- അല്‍ മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫ് അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 05, പേജ് 293,294[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 91, ഹദീസ് 1343[↩]
- ശര്‍ഹുല്‍ മുസ്‌ലിം (അല്‍ മിന്‍ഹാജ് ശറഹു സ്വഹീഹി മുസ്‌ലിമിബ്‌നില്‍ ഹജ്ജാജ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫിന്നവവീ, ദാറു ഇഹ്‌യാത്തുറാസില്‍ അറബി, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 07, പേജ് 11[↩]
- ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 03, പേജ്: 208, ഹദീസ് 1341[↩]
- ശര്‍ഹുല്‍ മുഹദ്ദബ്, അബൂ സകരിയ്യാ മുഹ്‌യിദ്ദീന്‍ ബ്‌നു യഹ്‌യാ അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 05, പേജ് 302[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 208, ഹദീസ് 831[↩]
- സാദുല്‍ മആദി ഫീ ഹദ്‌യി ഖൈറില്‍ ഇബാദി, മുഹമ്മദു ബ്‌നു അബീബക്ര്‍ ബ്‌നു അയ്യൂബി ബ്‌നു സഅ്ദില്‍ ശംസിദ്ദീന്‍, ഇബ്‌നില്‍ ഖയ്യിം(റ), മുഅസ്സതുര്‍റിസാല ബൈറൂത്ത് & മക്തബതുല്‍ മനാറില്‍ ഇസ്‌ലാമിയ്യ, കുവൈത്ത്, 27ാം പതിപ്പ്, വാള്യം 01, പേജ് 672[↩]
- ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 03, പേജ്: 253, ഹദീസ് 1387[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 174, ഹദീസ് 3165[↩]
- സുനനു ത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 512, ഹദീസ് 1814[↩]
- സ്വഹീഹു ഇബ്‌നി ഹിബ്ബാന്‍, മുഹമ്മദു ബ്‌നു ഹിബ്ബാനു ബ്‌നു അഹ്‌മദു ബ്‌നി ഹിബ്ബാന്‍ അത്തമീമി, മുഅസ്സതുര്‍റിസാല ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 14, പേജ് 602, ഹദീസ് 5535[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 103, ഹദീസ് 2 (1390[↩]
- നൈലുല്‍ ഔത്വാര്‍, മുഹമ്മദ് ബ്‌നു അലിയ്യി ബ്‌നു മുഹമ്മദ് ബ്‌നി അബ്ദില്ല അശ്ശശകാനീ, ദാറുല്‍ ഹദീസ്, ഒന്നാം പതിപ്പ്, ഈജിപ്ത്, വാള്യം 04, പേജ്: 101[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 61, ഹദീസ് 94 (970[↩]
- ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്, ദാറുല്‍ കിതാബില്‍ അറബീ, ബൈറൂത്, ലബനാന്‍, മൂന്നാം പതിപ്പ്, വാള്യം 01, പേജ് 555[↩]
- അത്തല്‍ഖീസുല്‍ ഹബീര്‍, ഇബ്‌നു ഹജറിനില്‍ അസ്ഖലാനീ, വാള്യം 02, പേജ് 306,307 ഹദീസ് 792,793[↩]
- അത്തല്‍ഖീസുല്‍ ഹബീര്‍, ഇബ്‌നു ഹജറിനില്‍ അസ്ഖലാനീ, വാള്യം 02, പേജ് 307 ഹദീസ് 1370[↩]
- അല്‍ ബയാനു വത്തഹ്‌സ്വീലു വശ്ശര്‍ഹു വത്തൗജീഹു വത്തഅ്‌ലീലു ലി മസാഇലില്‍ മുസ്തഖ്‌റജ, അബുല്‍ വലീദ് മുഹമ്മദ് ബ്‌നു അഹ്‌മദ് ബ്‌നു റുശ്ദ് അല്‍ ഖുര്‍ത്വുബീ, ദാറുല്‍ ഗര്‍ബില്‍ ഇസ്‌ലാമി, ബൈറൂത്ത, ലെബനാന്‍, രണ്ടാംപതിപ്പ്, വാള്യം 02, പേജ് 220, 221[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 53, ഹദീസ് 54 (218[↩]
- ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്, ദാറുല്‍ കിതാബില്‍ അറബീ, ബൈറൂത്, ലബനാന്‍, മൂന്നാം പതിപ്പ്, വാള്യം 01, പേജ് 557[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 61, ഹദീസ് 93 (969[↩]
- അല്‍ മുസ്വന്നഫ്, അബൂബക്ര്‍ അബ്ദുര്‍റസാഖ് ബ്‌നു ഹുമ്മാമുസ്വന്‍ആനി, ദാറുത്തഅ്‌സ്വീല്‍, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 225, ഹദീസ് 6689[↩]
- അല്‍ഉമ്മ്, അബൂ അബ്ദില്ലാ മുഹമ്മദ് ബ്‌നു ഇദ്‌രീസി ബ്‌നുല്‍ അബ്ബാസ്, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 01, പേജ്: 316[↩]
- അല്‍ മുസ്വന്നഫ്, അബൂബക്ര്‍ അബ്ദുര്‍റസാഖ് ബ്‌നു ഹുമ്മാമുസ്വന്‍ആനി, ദാറുത്തഅ്‌സ്വീല്‍, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 227[↩]
- അല്‍ ഫതാവല്‍ ഫിഖ്ഹിയ്യതുല്‍ കുബ്‌റാ, ഇബ്‌നു ഹസറുല്‍ അസ്ഖലാനീ, വാള്യം 02, പേജ് 25[↩]
- അസ്സവാജിറു അന്‍ ഇഖ്തിറാഫില്‍ കബാഇര്‍, വാള്യം 01, പേജ് 246[↩]
- ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്, ദാറുല്‍ കിതാബില്‍ അറബീ, ബൈറൂത്, ലബനാന്‍, മൂന്നാം പതിപ്പ്, വാള്യം 01, പേജ് 549[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 209, ഹദീസ് 3221[↩]
- അല്‍ മുഅ്ജമുല്‍ കബീര്‍, സുലൈമാന്‍ ബിന്‍ അഹ്‌മദ് ബിന്‍ അയ്യൂബ് ബിന്‍ മുതൈ്വര്‍ അല്‍ അഹ്‌മിയശ്ശാമി അബുല്‍ ഖാസിം അത്ത്വബ്‌റാനി, മക്തബ ഇബ്‌നു തൈമിയ്യ, കെയ്‌റോ, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 244, ഹദീസ് 687[↩]
- മജ്മഉസ്സവാഇദ് വ മന്‍ബഉല്‍ ഫവാഇദ്, അബുല്‍ ഹസന്‍ നൂറുദ്ദീന്‍ അലിയ്യുബ്‌നു അബീബക്ര്‍ അല്‍ ഹൈസമി, മക്തബതുല്‍ ഖുദ്‌സി, കെയ്‌റോ, വാള്യം 03, പേജ് 44[↩]
- അല്‍ മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫ് അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 05, പേജ് 304[↩]
- അത്തല്‍ഖീസ്വുല്‍ ഹബീര്‍ ഫീ തഖ്‌രീജി അഹാദീസിര്‍റാഫിഈ അല്‍ കബീര്‍, അബുല്‍ ഫദ്വ്ല്‍ അഹ്‌മദ് ബ്‌നു അലി, വാള്യം 02, പേജ് 311[↩]
- മിര്‍ഖാതുല്‍ മഫാതീഹി ശര്‍ഹു മിശ്കാതില്‍ മസ്വാബീഹി, ഉബൈദുല്ലാഹിര്‍റഹ്‌മാനി അല്‍ മുബാറക്ഫൂരി, ഇദാറതുല്‍ ബുഹൂസില്‍ ഇല്‍മിയ്യതി വദ്ദഅ്‌വതി വല്‍ ഇഫ്താഇ ജാമിഅ സലഫിയ്യ, ബനാറസ്, ഇന്ത്യ, മൂന്നാം പതിപ്പ്, വാള്യം 03, പേജ് 1166[↩]
