കഫന്‍ ചെയ്യല്‍
മയ്യിത്തിനെ കുളിപ്പിച്ച ശേഷം പ്രത്യേക വസ്ത്രം ധരിപ്പിക്കുന്നതാണ് കഫന്‍ ചെയ്യല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്താണ് കഫൻ പുടവ എങ്ങനെയാണ് കഫൻ ചെയ്യേണ്ടത്, സ്ത്രീ-പുരുഷ കഫനിലെ വ്യത്യാസങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിശദമായി ഇവിടെ വായിക്കാം. അതോടൊപ്പം, മയ്യിത്ത് ഖബർസ്ഥാനിലേക്ക് കൊണ്ടുപോകേണ്ട രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമെല്ലാം, ജനാസ വേഗം കൊണ്ടുപോവുക, ശേഷക്രിയ:ചില മര്യാദകൾ, ജനാസയോടൊപ്പം പാടില്ലാത്തവ എന്നീ ഉപശീർഷകങ്ങളിലായി വരുന്നുണ്ട്.
മയ്യിത്തിന് കഫൻ പുടവ അണിയിക്കല്‍ മുസ്‌ലിംകളുടെ സാമൂഹിക ബാധ്യത (ഫര്‍ദ് കിഫായ)യാണ്. ഒരാള്‍ക്ക് തന്റെ ജീവിതകാലത്ത് തന്നെ കഫന്‍ വസ്ത്രം തയ്യാറാക്കിവെക്കാവുന്നതാണ്.
”നബി(സ്വ)യുടെ കാലത്ത് കഫന്‍ പുടവ ഒരുക്കിവെച്ചിട്ട് ആക്ഷേപിക്കപ്പെടാത്ത വ്യക്തി” എന്ന അധ്യായത്തില്‍ ബുഖാരി ഉദ്ധരിക്കുന്നു: ”ഒരു സ്ത്രീ കരകള്‍ നെയ്തു പിടിപ്പിച്ച ഒരു വസ്ത്രവുമായി നബി (സ്വ)യുടെ അടുക്കല്‍ വന്നു. അവര്‍ പറഞ്ഞു: ”ഇത് എന്റെ കൈകള്‍കൊണ്ട് നെയ്തതാണ്. ഇത് അങ്ങയെ ധരിപ്പിക്കാനാണ് ഞാന്‍ വന്നിട്ടുള്ളത്.” പ്രവാചകന് അതാവശ്യമായതിനാല്‍ സ്വീകരിച്ചു. ആ തുണിയുടുത്ത് റസൂല്‍ ഞങ്ങളുടെ അരികിലേക്ക് വന്നു. ഞങ്ങളില്‍ ഒരാളെ അതാകര്‍ഷിച്ചു. അദ്ദേഹം പറഞ്ഞു: ”അതു വളരെ നന്നായിട്ടുണ്ട്; അതെ നിക്ക് നല്കിയാലും.’ അപ്പോള്‍ ജനങ്ങള്‍ പറഞ്ഞു: ”നീ ചെയ്തത് ശരിയായില്ല. നബി(സ്വ)ക്ക് അത്യാവശ്യമുണ്ടായിരിക്കെ നീയത് ചോദിച്ചു. തിരുദൂതര്‍ ചോദിക്കുന്നവരെ മടക്കുകയില്ലെന്ന് നിനക്കറിയാം.” അദ്ദേഹം പറഞ്ഞു: ”എനിക്ക് ധരിയ്ക്കാന്‍ വേണ്ടിയല്ല ഞാനത് ചോദിച്ചത്; മറിച്ച് എനിക്ക് ശവപ്പുടവയായി ഉപയോഗിക്കാനാണ്.” റിപ്പോര്‍ട്ടര്‍ പറയുന്നു: ”അതായിരുന്നു അയാളുടെ കഫന്‍ വസ്ത്രം” (ബുഖാരി) 1.
മൃതദേഹം മുഴുവന്‍ മറയുന്ന ഒരു വസ്ത്രംകൊണ്ടെങ്കിലും കഫന്‍ ചെയ്യേണ്ടതാണ്. ഖബ്ബാബില്‍നിന്ന് ബുഖാ രിയും മുസ്‌ലിമും ഉദ്ധരിക്കുന്നു: ”ഉഹ്ദ് യുദ്ധത്തില്‍ വധിക്കപ്പെട്ട മുസ്വ്അബ്ബ്‌നു ഉമൈറിനെ കഫന്‍ചെയ്യാന്‍ ഒരു പുതപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തല മറച്ചാല്‍ കാലും, കാലു മറച്ചാല്‍ തലയും പുറത്താ കുമായിരുന്നു. അപ്പോള്‍ അതുകൊണ്ട് അദ്ദേഹത്തിന്റെ തലമൂടാനും കാലിന്മേല്‍ ‘ഇദ്ഖിര്‍’ വെക്കുവാനും നബി(സ്വ) ഞങ്ങളോട് നിര്‍ദേശിച്ചു.” 2.
(വീടിന്റെ മേല്‍പുരയില്‍ വിരിക്കുന്ന ഒരു സുഗന്ധ പുല്ലിന്റെ പേരാണ് ‘ഇദ്ഖിര്‍’). മൃതദേഹം മുഴുവന്‍ മറയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റു വല്ലതുംകൊണ്ട് മറച്ചു പൂര്‍ത്തിയാക്കണ മെന്ന് ഇത് വ്യക്തമാക്കുന്നു.
ശവപ്പുടവ മിതമായ നിലയിലുള്ളതും സാമാന്യം നല്ല തുണിയുമായിരിക്കേണ്ടതാണ്. ഒരു ദിവസം പ്രവാചകന്‍ തന്റെ പ്രസംഗത്തില്‍ മോശമായ വസ്ത്രത്തില്‍ കഫന്‍ ചെയ്യപ്പെട്ട ഒരാളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞു: ”നിങ്ങളില്‍ വല്ലവരും തന്റെ സഹോദരന്റെ മയ്യിത്ത് കഫന്‍ ചെയ്യുന്നതായാല്‍ അയാളുടെ കഫന്‍ പുടവ നന്നാക്കട്ടെ” (മുസ്‌ലിം) 3
എന്നാല്‍ അത് അമിതമായ വിലപിടിപ്പുള്ളതാകുന്നത് ഇസ്‌ലാം നിഷിദ്ധമാക്കി. അലിയ്യില്‍ നിന്ന് അബൂദാവൂദ് നിവേദനം ചെയ്യുന്നു: ”നിങ്ങളെന്റെ കഫന്‍ പുടവ വിലകൂടിയതാക്കരുത്. നിശ്ചയം, നബി(സ്വ) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ”നിങ്ങള്‍ കഫ്ന്‍ പുടവയില്‍ അതിരുകവിയരുത്. അത് അതിവേഗം ദ്രവിച്ചു പോകാനുള്ളതാണ്.” (അബൂദാവൂദ് ) 4
അലക്കി വൃത്തിയാക്കിയ പഴയ വസ്ത്രം ഉപയോഗിക്കുന്നത് ഉത്തമമാണ്. അബൂബക്ര്‍(റ) രോഗശയ്യയില്‍ ഉപയോഗിച്ച കുങ്കുമക്കറയുള്ള വസ്ത്രം ചൂണ്ടിക്കാട്ടി പറഞ്ഞു: ”എന്റെ ഈ വസ്ത്രം നിങ്ങള്‍ അലക്കുക. രണ്ടു പുടവകൂടി ചേര്‍ത്ത് അതില്‍ എന്നെ കഫന്‍ ചെയ്യുക.” അപ്പോള്‍ പുത്രി ആഇശ ചോദിച്ചു: ”ഇത് പഴയതാണല്ലോ.” അദ്ദേഹം പ്രതിവചിച്ചു: ”പുതിയതിന് കൂടുതല്‍ അര്‍ഹര്‍ ജീവിച്ചിരിക്കുന്നവരാണ്, കഫന്‍ വസ്ത്രം ചീഞ്ഞളിയുന്നതിനുള്ളതാണ്” (ബുഖാരി) 5.
പട്ടുവസ്ത്രത്തില്‍ കഫന്‍ ചെയ്യുന്നത് പുരുഷന്മാര്‍ക്ക് നിഷിദ്ധമാണ്. സ്ത്രീകള്‍ക്ക് അനുവദനീയമാണോ എന്നത് അഭിപ്രായവ്യത്യാസമുണ്ട്. അത് അനഭിലഷണീയമാണെന്നാണ് അധിക പണ്ഡിതന്മാരുടെയും പക്ഷം. കാരണം, മതം നിഷിദ്ധമാക്കിയ അമിതത്വവും ധൂര്‍ത്തും അതിലുണ്ട്. പുറമെ ജീവിതത്തിലെ വസ്ത്രം പോലെ ഒരലങ്കാര വസ്തുവല്ലല്ലോ കഫന്‍ പുടവ. ഇസ്ഹാഖും ഹസനും പട്ടുപുടവ കറാഹത്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ശവപ്പുടവ വെള്ളയായിരിക്കുന്നത് ഉത്തമമാണ്. നബി(സ്വ) പറഞ്ഞതായി ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”നിങ്ങള്‍ വെള്ളവസ്ത്രങ്ങള്‍ ധരിക്കുക. അതാണ് നിങ്ങളുടെ ഉത്തമമായ വസ്ത്രം. നിങ്ങളില്‍ മരിക്കുന്നവരെ അതില്‍ കഫന്‍ ചെയ്യുക” (അഹ്‌മദ്) 6.
മൃതദേഹത്തിനെന്നപോലെ കഫന്‍ പുടവകള്‍ക്കും സുഗന്ധം ഉപയോഗിക്കുന്നത് സുന്നത്താണ്. നബി(സ്വ) പറഞ്ഞു: ”നിങ്ങള്‍ മയ്യിത്തിന് മൂന്ന് തവണ സുഗന്ധം പൂശുക” (അഹ്‌മദ്) 7 ഇബ്‌നു അബ്ബാസ്, ഇബ്‌നുഉമര്‍, അബൂസഈദ് എന്നിവര്‍ തങ്ങളുടെ കഫന്‍ പുടവകള്‍ക്ക് സുഗന്ധദ്രവ്യം പുകയ്ക്കാന്‍ വസ്വിയ്യത്ത് ചെയ്തി രുന്നു” (ഫിഖ്ഹുസ്സുന്ന) 8
മയ്യിത്തിനെ പൂര്‍ണമായും മറയ്ക്കുന്ന ഒരു വസ്ത്രമാണ് കഫന്‍ ചെയ്യുന്നതിന്റെ പൂര്‍ണരൂപമെന്ന് നേരത്തെ മനസ്സിലാക്കിയല്ലോ. എന്നാല്‍ പുരുഷന്മാര്‍ക്ക് മൂന്നും സ്ത്രീകള്‍ക്ക് അഞ്ചും വസ്ത്രങ്ങളാണ് പൂര്‍ണമായ സുന്നത്ത്. ആഇശ(റ) പറയുന്നു: ”വെളുത്ത വൃത്തിയുള്ള, യമനില്‍ നിര്‍മിക്കപ്പെട്ട പുതിയ മൂന്ന് വസ്ത്ര ങ്ങളിലാണ് നബി(സ്വ)യെ കഫന്‍ ചെയ്തത്. അതില്‍ കുപ്പായവും തലപ്പാവുമുണ്ടായിരുന്നില്ല” (ബുഖാരി) 9.
പുരുഷനെ മൂന്ന് വസ്ത്രത്തില്‍ പൊതിയുകയാണ് വേണ്ടതെന്ന് പ്രസ്തുത ഹദീസ് വ്യക്തമാക്കുന്നു. തിര്‍മിദി പറഞ്ഞു: ”ഇപ്രകാരമായിരുന്നു സ്വഹാബികളും അല്ലാത്തവരുമായ പണ്ഡിതന്മാര്‍ ചെയ്തിരുന്നത്.”
മയ്യിത്ത് സ്ത്രീയാണെങ്കില്‍ ഒരു അരയുടുപ്പും മക്കനയും നീളക്കുപ്പായവും പിന്നെ രണ്ടു പുടവകളുമാണ് കഫന്‍ ചെയ്യാന്‍ വേണ്ടത്. ലൈലാ ബിന്‍ത് ഖാനിഫി സ്സഖഫിയ്യയില്‍ നിന്ന് നിവേദനം: ”പ്രവാചകപുത്രി ഉമ്മുകുല്‍സൂം മരണമടഞ്ഞപ്പോള്‍ അവരെ കുളിപ്പിച്ചവരില്‍ ഞാനുമുണ്ടായിരുന്നു. നബി(സ്വ) ആദ്യം ഞങ്ങള്‍ ക്ക് അരയുടുപ്പും പിന്നെ കുപ്പായവും മുഖമക്കനയും ശേഷം ഒരു പുതപ്പും നല്കി. അനന്തരം മറ്റൊരു വസ്ത്രത്തില്‍ പൊതിഞ്ഞു” (അബൂദാവൂദ്) 10.
ഇതേക്കുറിച്ച് ഉമ്മുഅത്വിയ്യ പറഞ്ഞു: ”ജീവിച്ചിരിക്കുന്നവര്‍ക്ക് മക്കന അണിയിക്കാറുള്ള പോലെ ഞങ്ങള്‍ അവളെ ശിരോവസ്ത്രമണിയിക്കുകയും അഞ്ചു വസ്ത്രങ്ങളിലായി കഫന്‍ ചെയ്യുകയും ചെയ്തു.” ഇതിന്റെ പരമ്പര സ്വീകാര്യമാണ് (ഫത്ഹുല്‍ബാരി) 11. ”ഗോപ്യഭാഗങ്ങള്‍ മാത്രം മറയ്ക്കുന്ന അടിവസ്ത്രമാണ് അഞ്ചാമത്തേതെന്ന് ഹസന്‍(റ) പറഞ്ഞിരിക്കുന്നു” (ബുഖാരി) 12.
ഹജ്ജില്‍ പ്രവേശിച്ച വ്യക്തി മരിച്ചാല്‍ മറ്റുള്ളവരെപ്പോലെ കുളിപ്പിച്ചശേഷം ഇഹ്‌റാമിന്റെ രണ്ടു വസ്ത്രത്തില്‍ കഫന്‍ ചെയ്യണം. തല മൂടുകയോ സുഗന്ധദ്രവ്യം ഉപയോഗിക്കുകയോ അരുത്. ഹജ്ജ് ചെയ്തുകൊണ്ടിരിക്കെ മരിച്ചയാളെ ഇപ്രകാരം കഫന്‍ ചെയ്യാന്‍ നിര്‍ദേശിച്ചുകൊണ്ട് നബി(സ്വ) പറഞ്ഞു: ”നിങ്ങള്‍ അയാളെ താളിയു പയോഗിച്ചു കുളിപ്പിക്കുക. അയാളുടെ രണ്ടു വസ്ത്രത്തില്‍ കഫന്‍ ചെയ്യുക. തല മറയ്ക്കുകയും സുഗന്ധം പുരട്ടുകയും അരുത്. പുനരുത്ഥാനദിനത്തില്‍ ‘തല്‍ബിയത്ത്’ ചൊല്ലുന്നവനായിട്ടാണ് അല്ലാഹു അയാളെ എഴുന്നേല്പിക്കുക” (ബുഖാരി). ഇസ്‌ലാമിലെ രക്തസാക്ഷികളെയും അവര്‍ ധരിച്ച വസ്ത്രങ്ങളില്‍ തന്നെ കഫന്‍ ചെയ്യേണ്ടതാണ്. അബ്ദില്ലാഹിബ്‌നു സഅ്‌ലബ പറഞ്ഞു: ”ഉഹ്ദ് യുദ്ധദിനത്തില്‍ നബി(സ്വ) പറഞ്ഞു: ”അവരെ അവരുടെ വസ്ത്രത്തില്‍ തന്നെ പൊതിയുക” (അബൂദാവൂദ്) 13
മൃതദേഹത്തിന്റെ മുഴുവന്‍ ദ്വാരങ്ങളിലും സുജൂദിന്റെ അവയവങ്ങളിലും വിരലുകള്‍ക്കിടയിലും പരുത്തിവെക്കു കയും കഫന്‍ പുടവയില്‍ മൈലാഞ്ചി വിതറുകയും ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ഇത് മതചര്യയാണെന്നതിന് തെളിവുകളൊന്നുമില്ല.
ദുആകളും പദ്യങ്ങളും ത്വരീഖത്തിന്റെ സില്‍സിലയും മറ്റും എഴുതി കഫന്‍ പുടവയില്‍ വെക്കുന്ന സമ്പ്രദായം ചിലര്‍ക്കിടയിലുണ്ട്. തന്മൂലം ഖബ്ര്‍ ശിക്ഷയില്‍നിന്ന് രക്ഷപ്രാപിക്കാന്‍ കഴിയുമെ ന്നാണ് അവരുടെ ജല്പനം. ഇതൊന്നും മതത്തില്‍ യാതൊരു അടിസ്ഥാനവുമില്ലത്തതാണ്. പരലോക രക്ഷക്കു ള്ള കാര്യങ്ങളെന്തൊക്കെയെന്ന് തീരുമാനിക്കാന്‍ മതനിര്‍ദേശമില്ലാതെ നമുക്ക് അധികാരമില്ല. അവയൊക്കെ വര്‍ജ്യമായ ബിദ്അത്തുകളില്‍ പെട്ടതാണ്. ഖുര്‍ആന്‍ പോലുള്ള ആദരിക്കേണ്ട വചനങ്ങള്‍ കഫന്‍ പുടവയില്‍ എഴുതിയാല്‍ അവയെ നിന്ദിക്കല്‍ കൂടിയാണത് (ഫതാവാ ഇബ്‌നു ഹജര്‍) 14 നിര്‍ബന്ധിത ഘട്ടത്തിലല്ലാതെ കഫന്‍ ചെയ്ത ശേഷം മുഖം കാണിക്കുന്നത് അനഭിലഷണീയമാണ്.
പുടവയ്ക്ക് വേണ്ടിവരുന്ന ചെലവുകള്‍ പരേതന്റെ സ്വത്തില്‍ നിന്നാണ് എടുക്കേണ്ടത്. ധനമില്ലെങ്കില്‍ സംര ക്ഷണ ബാധ്യതയുള്ളവരുടെ ധനത്തില്‍നിന്നും ചെലവാക്കേണ്ടതാണ്. അതിന് ശേഷമേ മുസ്‌ലിം സമൂഹ ത്തിന്റെ പൊതു ഫണ്ടില്‍ നിന്നും എടുക്കേണ്ടതുള്ളൂ. സുഫ്‌യാന്‍ പറയുന്നു: ”കഫനിന്റെയും കുളിയുടെയും ഖബ്‌റിന്റെയും ചെലവുകള്‍ മൂലധനത്തില്‍ നിന്നും എടുക്കേണ്ടതാണ്” (ബുഖാരി) 15
സ്‌നേഹിതന്മാരും ബന്ധുക്കളുമെല്ലാം ഒരുമിച്ച് ഉചിതമായ രീതിയില്‍ തന്നെ മരണപ്പെട്ട വ്യക്തിക്ക് അന്ത്യയാത്ര നല്കുകയാണ് വേണ്ടത്. അതില്‍ പങ്കെടുക്കുന്നത് പുണ്യകര്‍മവും സാമൂഹ്യകടമയുമാണ്. ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ആറു കടമകളില്‍ ഒന്ന് ജനാസയെ അനുഗമിക്കലാണെന്ന് നബി(സ്വ) പറഞ്ഞു (ബുഖാരി) 16. വീട്ടില്‍ നിന്ന് ഖബ്‌റടക്കംവരെ മയ്യിത്തിനെ അനുഗമിക്കുന്നവര്‍ക്ക് മയ്യിത്ത് നമസ്‌കാരം കഴിഞ്ഞു പോകുന്നവരെക്കാള്‍ ഇരട്ടി പ്രതിഫലമുണ്ടെന്ന് പ്രവാചകന്‍(സ്വ) വ്യക്തമാക്കി. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ”വിശ്വാസത്തോടും പ്രതിഫലേച്ഛയോടെയും ആരെങ്കിലും ഒരു മുസ്‌ലിമിന്റെ ജനാസയെ നമസ്‌കാരവും ഖബ്‌റടക്കവും കഴിയുന്നത് വരെ അനുഗമിച്ചാല്‍ രണ്ടു ഖീറാത്ത് പ്രതിഫലവുമായാണ് അവന്‍ തിരിച്ചുപോവുക. ഓരോ ഖീറാത്തും ഉഹ്ദ് പര്‍വതത്തിന് സമാനമാണ്. ഇനി ഒരാള്‍ നമസ്‌കരിക്കുകയും മറവു ചെയ്യുന്നതിന്റെ മുമ്പ് മടങ്ങുകയും ചെയ്താല്‍ അവന്‍ ഒരു ഖീറാത്തുമായി മടങ്ങേണ്ടിവരും” (ബുഖാരി) 17.
ജനാസ വേഗം കൊണ്ടുപോവുക
ജനാസയെ വേഗത്തില്‍ കൊണ്ടുപോവേണ്ടതാണ്. നബി(സ്വ) പറഞ്ഞു: ”ജനാസയുമായി നിങ്ങള്‍ വേഗം പോവുക. കാരണം അത് സദ്‌വൃത്തനാണെങ്കില്‍ നന്മയിലേക്കാണ് നിങ്ങള്‍ കൊണ്ടുപോകുന്നത്. അതല്ലെങ്കില്‍ ഒരു തിന്മയെ നിങ്ങളുടെ പിരടിയില്‍ നിന്ന് ഇറക്കിവെക്കലാവും” (ബുഖാരി) 18.
‘ബുഖാരി തന്റെ താരീഖില്‍ ഉദ്ധരിക്കുന്നു: സഅ്ദുബ്‌നു മുആദ് മരിച്ച ദിനം നബി(സ്വ) വേഗത്തില്‍ നടന്ന തിനാല്‍ ഞങ്ങളുടെ ചെരിപ്പുകള്‍ അറ്റുപോയിരുന്നു’. ഹാഫിദ് പറഞ്ഞു: ”വേഗത്തില്‍ കൊണ്ടുപോവുന്നതാണ് സുന്നത്ത്. പക്ഷേ, അതിനാല്‍ മയ്യിത്ത് കേടുവരികയോ ചുമക്കുന്നവര്‍ക്കും അനുഗമിക്കുന്നവര്‍ക്കും ക്ലേശമു ണ്ടാവുകയോ ചെയ്യുന്ന വിധവുമാവരുത്. അത് ശുചിത്വം പാലിക്കുകയെന്ന ലക്ഷ്യത്തിനെതിരും മുസ്‌ലിംകളെ ബുദ്ധിമുട്ടിക്കലുമാണ്.” 19.
ഖുര്‍ത്വുബി പറയുന്നു: മയ്യിത്ത് മറവുചെയ്യാന്‍ താമസം വരരുതെന്നാണ് ഹദീസിന്റെ ഉദ്ദേശ്യം. അങ്ങനെ വൈകിക്കുന്നത് ചിലപ്പോള്‍ പ്രതാപവും അഹങ്കാരവും പ്രകടിപ്പിക്കാനിടയായേക്കും” (ഫത്ഹുല്‍ബാരി) 20.
മയ്യിത്ത് കൊണ്ട്‌പോകുന്നവര്‍ മന്ദംമന്ദം നടന്നുനീങ്ങുന്നതായി കാണാം. ഇത് പ്രവാചകചര്യക്കെതിരും ജൂത സംസ്‌കാരവുമാണ്. ജനാസയെ അനുഗമിക്കുന്നവര്‍ക്ക് മുമ്പിലോ പിമ്പിലോ ഇടതുഭാഗത്തോ വലതുഭാഗത്തോ ഒക്കെ നടക്കാവുന്നതാണ്. ഏത് ഭാഗത്ത് നടക്കുന്നതിലാണ് ശ്രേഷ്ഠതയുള്ളതെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ക്ക് ഭിന്നാഭിപ്രായമുണ്ട്. ”അനുഗമിക്കൂക” എന്ന പ്രയോഗം പിന്നില്‍ നടക്കുന്നതിനെ സൂചിപ്പിക്കുന്നതിനാല്‍ അതാണ് കൂടുതല്‍ ഉത്തമമെന്ന അഭിപ്രായമാണ് ഹനഫികള്‍ക്കുള്ളത്. മുന്നില്‍ നടക്കുന്നതാണ് കൂടുതല്‍ ഉത്തമമെന്ന് ഭൂരിപക്ഷവും പറയുന്നു. ഇബ്‌നു ഉമര്‍(റ) പറഞ്ഞു: ”നബി(സ്വ)യും അബൂബക്‌റും ഉമറും ജനാസ യുടെ മുന്നില്‍ നടക്കുന്നതായി ഞാന്‍ കണ്ടു” (അഹ്‌മദ്) 21. ഇമാം നവവി പറയുന്നു: ”ജനാസയുടെ പിന്നില്‍ നടന്നതായി പറയുന്ന ഹദീസുകളൊന്നും സ്ഥിരപ്പെട്ടിട്ടില്ല”. ബൈഹഖി പറഞ്ഞു: ”ജനാസയുടെ മുന്നില്‍ നടക്കുന്നതായി വന്ന ‘അസറു’കളാണ് അധികമുള്ളതും കൂടുതല്‍ ശരിയായിട്ടുള്ളതും” (ശറഹുല്‍മുഹദ്ദബ്) 22.
ബൈഹഖി തന്നെ അലി(റ) ജനാസയുടെ പിന്നില്‍ നടന്നതായി ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ അനസു ബ്‌നുമാലിക്(റ) പറയുന്നു: ”നിങ്ങള്‍ മയ്യിത്തിന്റെ മുന്നിലും പിന്നിലും ഇടതും വലതും ഭാഗങ്ങളിലായി നട ക്കുക” (ബുഖാരി) 23. ചുരുക്കത്തില്‍ മയ്യിത്തിന്റെ ചുറ്റിലുമായി സംഘത്തില്‍നിന്ന് വേര്‍പിരിയാതെ അനുഗമി ക്കുകയായിരുന്നു സ്വഹാബികള്‍ ചെയ്തിരുന്നതെന്ന് മനസ്സിലാക്കാം.
ജനാസയെ അനുഗമിക്കുന്നവര്‍ കഴിയുന്നതും നടക്കുകയാണ് വേണ്ടത്. കാരണമൊന്നുമില്ലെങ്കില്‍ വാഹന ത്തില്‍ സഞ്ചരിക്കുന്നത് കറാഹത്താണെന്ന്‌വരെ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജാബിറുബ്‌നു സമുറ യില്‍ നിന്ന് നിവേദനം ചെയ്യുന്നു: ”ഇബ്‌നുദ്ദുഹ്ദാഇന്റെ ജനാസയുടെ കൂടെ നബി(സ്വ) നടന്നുപോയി. തിരിച്ചുപോന്നത് കുതിരപ്പുറത്തായിരുന്നു. മറ്റൊരിക്കല്‍ നബി(സ്വ) വാഹനത്തില്‍ കയറാന്‍ വിസമ്മതിക്കുക കൂടി ചെയ്തു. സൗബാനില്‍നിന്ന് അബൂദാവൂദ് നിവേദനം ചെയ്യുന്നു: ”ജനാസയുടെ കൂടെ സഞ്ചരിക്കുന്ന തിന്നായി പ്രവാചകന് ഒരു വാഹനം കൊണ്ടുവരപ്പെട്ടു. പക്ഷേ നബി അതില്‍ കയറാന്‍ വിസമ്മതിച്ചു. അത് പോയ ശേഷം വാഹനം കൊണ്ടുവന്നപ്പോള്‍ അദ്ദേഹമതില്‍ കയറി.”(അല്‍ മജ്മൂഅ് ശര്‍ഹുല്‍ മുഹദ്ദബ്) 24.
ജനാസ വളരെ മുന്നിലെത്തിയാല്‍ വാഹനത്തില്‍ സഞ്ചരിക്കുന്നത് അനുചിതമല്ലെന്ന് ഈ ഹദീസില്‍ നിന്ന് ഗ്രഹിക്കാം. ആവശ്യമായ ഘട്ടത്തില്‍ വാഹനത്തില്‍ അനുഗമിക്കുന്നത് നിഷിദ്ധമല്ല. നബി (സ്വ) പറഞ്ഞു: ”നടക്കുന്നവന്‍ ഉദ്ദേശിച്ച ഭാഗത്തും വാഹനത്തില്‍ സഞ്ചരിക്കുന്നവന്‍ ജനാസയുടെ പിന്നിലും (അനുഗമി ക്കട്ടെ)” (അഹ്‌മദ് 25 ഈ ഹദീസിനെ ‘ഹസനുല്‍ സ്വഹീഹുന്‍’ എന്നാണ് തിര്‍മുദി വിശേഷിപ്പിച്ചത്).
ജനാസ ചുമന്ന് കൊണ്ടുപോവുന്നതാണ് നബിചര്യ. നബി(സ്വ)യും അനുചരന്മാരും മയ്യിത്ത് ചുമക്കുന്നതില്‍ അഭിമാനക്ഷതമോ അന്തസ്സിന് ഹാനിയോ കണ്ടിരുന്നില്ല. പ്രത്യുത അതൊരു പുണ്യകര്‍മവും മയ്യിത്തിനോടുള്ള ആദരവും കൂടിയാണ്. ”സഅ്ദുബ്‌നു മുആദിന്റെ ജനാസ കൊണ്ടുപോയപ്പോള്‍ ശവമഞ്ചത്തിന്റെ രണ്ടു കാലു കള്‍ക്കിടയില്‍ നിന്നുകൊണ്ട് നബി(സ്വ)യും അത് ചുമന്നിരുന്നു” (മിര്‍ആത്) 26) ,(അത്തല്‍ഖീസുല്‍ ഹബീര്‍) 27. സഈദുബ്‌നു സൈദിന്റെ മകന് ഇബ്‌നു ഉമര്‍ സുഗന്ധം പുരട്ടുകയും ശവമഞ്ചം ചുമക്കുകയും ചെയ്തതായി ഇമാം മാലിക് ഉദ്ധരിക്കുന്നു (മുവത്വ) 28. അബ്ദുര്‍ റഹ്‌മാനിബ്‌നു ഔഫിന്റെ മയ്യിത്ത് കട്ടിലിന്റെ മുന്‍ഭാഗം ചുമന്നത് സഅ്ദുബ്‌നു അബീവഖാസായിരുന്നു. ഇപ്രകാരം ഉസ്മാന്‍, അബൂഹുറയ്‌റ, ഇബ്‌നുസുബൈര്‍ തുടങ്ങിയ അനേകം പ്രമുഖരായ സ്വഹാബികള്‍ ജനാസ വഹിച്ചതായി ശാഫിഈ ഉദ്ധരിക്കുന്നുണ്ട്” (അത്തല്‍ഖീസ്വ്) 27. ഇമാം ശൗകാനി പറയുന്നു: ”ജനാസ ചുമന്നു കൊണ്ടുപോവുകയാണ് വേണ്ടതെന്നും ചുമക്കല്‍ കട്ടിലിന്റെ എല്ലാ ഭാഗത്ത് നിന്നും ആകുന്നതാണ് നബിചര്യയെന്നും ഹദീസുകള്‍ വ്യക്തമാക്കുന്നു” (അത്തല്‍ഖീസ്) 27.
ആവശ്യമായ ഘട്ടത്തില്‍ മയ്യിത്ത് ചുമക്കാന്‍ അനുഗമിക്കുന്നവര്‍ സന്നദ്ധരാവണം. ഈ കാര്യം ചുമട്ടുതൊ ഴിലാളികളെ ഏല്പിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരത്തിന് അനുയോജ്യമല്ല. എന്നാല്‍ ഒരു താങ്ങുകൈയിന് വേണ്ടി തിക്കിത്തിരക്കേണ്ടതുമില്ല. ”ആരെങ്കിലും ജനാസയെ അനുഗമിച്ചാല്‍ അവര്‍ കട്ടിലിന്റെ എല്ലാ ഭാഗവും സ്പര്‍ശിക്കട്ടെ” എന്ന ഇബ്‌നുമസ്ഊദിന്റെ റിപ്പോര്‍ട്ട് ദുര്‍ബലമാണെന്ന് ഇബ്‌നുഹജര്‍ വ്യക്തമാക്കിയിട്ടുണ്ട് (അത്തല്‍ഖീസ്വ്) 29.
തുറന്ന വാഹനത്തില്‍ ജനാസ വഹിക്കുകയും പിന്നില്‍ അകമ്പടി കാറുകളില്‍ അനുഗമിക്കുകയും ചെയ്തു കൊണ്ടുള്ള ഘോഷയാത്ര ഇസ്‌ലാമിക സംസ്‌കാരത്തിന് അന്യമാണ്. ”അത് ഇസ്‌ലാം ലക്ഷ്യമാക്കുന്ന പരലോകചിന്തയെ ഇല്ലാതാക്കുന്നതും നബി(സ്വ)യുടെ അനുഷ്ഠാന ചര്യക്കെതിരുമാണ്. കൂടാതെ, അത് ഇതര മതാചാരം അനുകരിക്കലുമാണ്. ജനാസയുടെ കൂടെ അനുഗമിക്കുന്നവരുടെ എണ്ണം വളരെ കുറയാന്‍ ഇടയാ ക്കുകയും ചെയ്യും. അതിനാല്‍ ഇത് വര്‍ജ്യമാണ്” (തല്‍കീസു അഹ്കാമില്‍ ജനാഇസ്). എന്നാല്‍ ശ്മശാനം വളരെ വിദൂരത്തോ നടന്നുപോവാന്‍ കഴിയാത്ത തിരക്കേറിയ നഗരത്തിലോ മയ്യിത്ത് വളരെ പെട്ടെന്ന് മറവു ചെയ്യല്‍ അനിവാര്യമോ ആകുന്ന സന്ദര്‍ഭത്തില്‍ വാഹനത്തില്‍ കൊണ്ടുപോകുന്നത് അനുവദനീയമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മയ്യിത്തിനെ അനുഗമിക്കുന്നവര്‍ക്ക് വാഹനത്തില്‍ സഞ്ചരിക്കുന്നതിന് വിലക്കുകളുമില്ല”.
ശേഷക്രിയ: ചില മര്യാദകള്‍
ഇരിക്കാതിരിക്കുക
ജനാസയെ അനുഗമിക്കുന്നവര്‍ അത് താഴെവെക്കുന്നതുവരെ കൂടെ പോവുകയും മറവ് ചെയ്യുന്നത് അടക്ക മുള്ള കര്‍മങ്ങളില്‍ പങ്കാളികളാവുകയും വേണം. ഇതിനിടയില്‍ ഇരിക്കുന്നത് അഭിലഷണീയമല്ല.
”ആരെങ്കിലും ജനാസയെ അനുഗമിച്ചാല്‍ അത് ആളുകളുടെ ചുമലില്‍ നിന്ന് താഴെവെക്കുന്നത് വരെ ഇരിക്കരുത്” എന്നൊരു അധ്യായം തന്നെ ബുഖാരിയിലുണ്ട്. ഇതില്‍ അബൂസഈദില്‍ ഖുദ്‌രിയില്‍ നിന്ന് ബുഖാരി 30 നിവേദനം ചെയ്യുന്നു: നബി(സ്വ) പറഞ്ഞു: ”നിങ്ങള്‍ ജനാസ കണ്ടാല്‍ എഴുന്നേല്ക്കുക. ആരെങ്കിലും അതിനെ അനുഗമിച്ചാല്‍ അത് താഴെ നിലത്തു ഖബ്‌റില്‍ വെക്കുന്നത്‌വരെ അവര്‍ ഇരിക്കരുത്.” സലഫുകളില്‍ ചിലര്‍ ഇത് നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട് (നൈലുല്‍ഔത്വാര്‍) 31. ഒരിക്കല്‍ അബൂഹുറയ്‌റ(റ)യും മര്‍വാ നും ഒരു ജനാസയുടെ കൂടെ പോവുകയായിരുന്നു. അത് താഴെവെക്കുന്നതിന് മുമ്പായി അവര്‍ രണ്ടുപേരും ഇരുന്നു. അബൂസഈദ് മര്‍വാന്റെ കൈ പിടിച്ച് എഴുന്നേല്പിച്ചുകൊണ്ട് പറഞ്ഞു: ഇത് നബി(സ്വ) ഞങ്ങളോട് നിരോധിച്ചിരിക്കുന്നു.” അദ്ദേഹം മേല്‍പറഞ്ഞ ഹദീസും ഉദ്ധരിച്ചു. ഇത്‌കേട്ട അബൂഹുറയ്‌റ(റ) പറഞ്ഞു: ”അത് ശരിയാണ്.” (ബുഖാരി) 30.
ജനാസ കണ്ടാല്‍ എഴുന്നേല്ക്കല്‍
ജനാസ കടന്നുപോവുന്നത് കണ്ടാല്‍ എഴുന്നേറ്റ് നില്‌ക്കേണ്ടതാണ്. നബി(സ്വ) പറഞ്ഞതായി ആമിറുബ്‌നു റബീഅയില്‍ നിന്ന് ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്നു: ”നിങ്ങള്‍ ജനാസ കണ്ടാല്‍ അത് നിലത്തുവെക്കുകയോ നിങ്ങളെ കടന്നുപോവുകയോ ചെയ്യുന്നത്‌വരെ എഴുന്നേറ്റ് നില്ക്കുക.”(ബുഖാരി) 32.
”മരണം നടുക്കമുണ്ടാക്കുന്നതാണ്” എന്ന്കൂടി ബൈഹഖിയിലുണ്ട് 33. ജനാസ കണ്ടാല്‍ അത് കടന്നുപോകു ന്നതുവരെ ഇബ്‌നു ഉമര്‍(റ) എഴുന്നേറ്റു നില്ക്കുമായിരുന്നു (അഹ്‌മദ്) 34. അബൂമസ്ഊദും ഖയ്‌സ്വും ഇപ്രകാരം നില്ക്കാറുണ്ടായിരുന്നു (ബുഖാരി) 35.
അമുസ്‌ലിം ജനാസയ്ക്കുവേണ്ടി നില്‍ക്കല്‍
ജനാസ അമുസ്‌ലിമിന്റേതായാലും എഴുന്നേറ്റ് നില്ക്കലാണ് നബിചര്യ. ജാബിര്‍(റ) പറയുന്നു: ഒരു ജനാസ കടന്നുപോയപ്പോള്‍ നബി(സ്വ) എഴുന്നേറ്റ് നിന്നു. കൂടെ ഞങ്ങളും നിന്നു. ശേഷം ഞങ്ങള്‍ പറഞ്ഞു: ”തിരുദൂ തരേ, അതൊരു ജൂതന്റെ ജനാസയാണല്ലോ”. തിരുമേനി പ്രതിവചിച്ചു: ”നിങ്ങള്‍ ജനാസ കണ്ടാല്‍ എഴുന്നേ ല്ക്കുക” (ബുഖാരി) 36. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച മറ്റൊരുസംഭവം ഈ കാര്യം കൂടുതല്‍ വ്യക്തമാക്കുന്നു. സഹ്‌ലുബ്‌നു ഹുനൈഫും ഖയ്‌സ്വുബ്‌നു സഅ്ദും ഖാദിസിയ്യയില്‍ ഇരിക്കുകയായിരുന്നു. അതിലൂടെ ഒരു ജനാസ കൊണ്ടുപോയപ്പോള്‍ അവര്‍ എഴുന്നേറ്റുനിന്നു. അപ്പോള്‍ ഇന്നാട്ടിലെ ഒരമുസ്‌ലിം ജനാസയാണതെന്നു അവരോട് പറഞ്ഞു. അവര്‍ രണ്ടുപേരും പറഞ്ഞു: ”ഒരിക്കല്‍ നബി(സ്വ)യുടെ അരികിലൂടെ ഒരു ജനാസ കൊണ്ടുപോയപ്പോള്‍ അവിടുന്ന് എഴുന്നേറ്റ് നിന്നു. അപ്പോള്‍ ‘അതൊരു ജൂതന്റെ ജനാസയല്ലേ’ എന്ന് ചോദിക്കപ്പെട്ടു. ”അതും മനുഷ്യനല്ലയോ” എന്നായിരുന്നു പ്രവാചകന്റെ പ്രത്യുത്തരം.
മുസ്‌ലിമായാലും അമുസ്‌ലിമായാലും ഒരു മനുഷ്യന്റെ മൃതദേഹമെന്ന നിലയില്‍ മനുഷ്യന്റെ പരിണതിയെയും മരണത്തെയും ഓര്‍ക്കുകയാണ് ഇതിന്റെ തത്വം. പ്രവാചകന്റെ കാലശേഷം സ്വഹാബികള്‍ എഴുന്നേറ്റ് നിന്നിരുന്നുവെന്നും ഈ സുന്നത്ത് ദുര്‍ബലമായിട്ടില്ലെന്നും കൂടി ഈ റിപ്പോര്‍ട്ട് മനസ്സിലാക്കിത്തരുന്നു.
അമുസ്‌ലിമായ ബന്ധു മരിച്ചാല്‍ മൃതദേഹത്തെ അനുഗമിക്കാവുന്നതാണ് (ശറഹുല്‍മുഹദ്ദബ്) 37. അലി നബി(സ്വ)യെ സമീപിച്ചു. തന്റെ അമുസ്‌ലിമായ പിതൃവ്യന്റെ മരണവിവരം അറിയിച്ചപ്പോള്‍ നബി(സ്വ) പറ ഞ്ഞു: ”നീ പോയി ഖബ്‌റടക്കുക” (അബൂദാവൂദ്) 38. ഈ ഹദീസാണ് ഈ വിഷയകമായി ഉദ്ധരിക്കപ്പെടുന്ന തെളിവ്. ഇതിന്റെ പരമ്പരയെക്കുറിച്ച് ആക്ഷേപമുണ്ട്. തന്മൂലം പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
സ്ത്രീകള്‍ അനുഗമിക്കല്‍
ജനാസയുടെകൂടെ പോവാന്‍ നബി(സ്വ) സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയോ അതൊരു പുണ്യമായി പരിചയ പ്പെടുത്തുകയോ ചെയ്തിട്ടില്ല. പ്രത്യുത നിരോധിച്ചതായി ഉമ്മുഅത്വിയ്യയില്‍ നിന്ന് ബുഖാരിയും മുസ്‌ലിമും ഉദ്ധരി ക്കുന്നു. അവര്‍ പറഞ്ഞു: ”ജനാസയെ പിന്തുടരുന്നതില്‍ നിന്ന് ഞങ്ങള്‍ വിലക്കപ്പെട്ടു. പക്ഷേ, അത് ഞങ്ങള്‍ ക്ക് കര്‍ശനമാക്കിയിരുന്നില്ല.” ഇതിന്റെ അടിസ്ഥാനത്തില്‍ ഇബ്‌നുമസ്ഊദ്, ഇബ്‌നുഉമര്‍, അബൂഉമാമ, ആഇശ തുടങ്ങിയ സ്വഹാബികളും ഹനഫികള്‍, ശാഫിഈകള്‍, ഹമ്പലികള്‍ എന്നിവരും ഇത് കറാഹത്താണെന്ന് പറഞ്ഞു. നിര്‍ഭയത്വമുണ്ടെങ്കില്‍ ഇസ്‌ലാമിന്റെ ചിട്ടകള്‍ പാലിച്ചുകൊണ്ട് സ്ത്രീകള്‍ക്ക് ജനാസയെ അനു ഗമിക്കുന്നതിന് വിരോധമില്ലെന്ന് ഇമാം മാലിക് പറഞ്ഞു. ഇബ്‌നു ഹസമും അനുഗമിക്കാമെന്നാണ് പറഞ്ഞിട്ടു ള്ളത് (ഫിഖ്ഹുസ്സുന്ന) 39.
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ”നബി(സ്വ) ഒരു ജനാസയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഉമര്‍(റ) ഒരു സ്ത്രീയെ കണ്ടു. ഉമര്‍(റ) അവളെ ഉച്ചത്തില്‍ എതിര്‍ത്തു. അപ്പോള്‍ പ്രവാചകന്‍(സ്വ) പറഞ്ഞു: ഉമറേ, അവരെ വിട്ടേക്കൂ, നയനങ്ങള്‍ കണ്ണീര്‍ പൊഴിക്കുന്നതും ആത്മാവ് ദുഃഖം ബാധിച്ചതും കാലം അടുത്തതുമാണ്” (ഇബ്‌നുമാജ) 40. ഇതിന്റെ പരമ്പര സ്വീകാര്യമാണെന്ന് ഇബ്‌നുഹജര്‍ പറഞ്ഞു (ഫത്ഹുല്‍ബാരി) 41.
ചുരുക്കത്തില്‍ ഇബ്‌നുഹജര്‍ പറഞ്ഞതുപോലെ ജനാസയെ അനുഗമിക്കുന്നവര്‍ക്കുള്ള പുണ്യം സ്ത്രീകള്‍ ക്കില്ലെന്നും അവര്‍ അനുഗമിക്കുന്നത് ഹറാമാക്കിയിട്ടില്ലെങ്കിലും അനഭിലഷണീയമാണെന്നും വ്യക്തമാണ്. നബി(സ്വ)യുടെ കാലത്ത് അതൊരു പൊതുസമ്പ്രദായമായിരുന്നില്ലെന്നതും ഇവിടെ ശ്രദ്ധേയമാണ്. ഒറ്റപ്പെട്ട നിലക്ക് ചില സ്ത്രീകള്‍ പിന്‍തുടരുകയും ചെയ്തത് വേറെയും ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.
ജനാസയോടൊപ്പം പാടില്ലാത്തവ
വാദ്യമേളങ്ങളുടെയും ഗാനാലാപനത്തിന്റെയും ബഹളവും കരിമരുന്നിന്റെയും ജ്യോതികളുടെയുമൊക്കെ അഗ്നി പ്രഭയുമായി ആര്‍ഭാടപൂര്‍വം സംഘടിപ്പിക്കുന്ന ഒരു ഘോഷയാത്രയല്ല ഇസ്‌ലാമിലെ ജനാസ സംസ്‌കരണം. പ്രത്യുത ജനാസയെ അനുഗമിക്കുമ്പോള്‍ പരലോകചിന്തയാണ് ഉണ്ടാവേണ്ടത്. നബി(സ്വ) പറഞ്ഞു: ”നിങ്ങള്‍ ജനാസയെ അനുഗമിക്കുക. അത് നിങ്ങള്‍ക്ക് പരലോക സ്മരണയുണ്ടാക്കും” (അഹ്‌മദ്) 42.
അതിനനുയോജ്യമായത് മൗനമാണ്. ഖുര്‍ആന്‍ പാരായണം ചെയ്തും ദിക്‌റുകള്‍, ബുര്‍ദ, ദലാലുല്‍ഖൈറാത്ത് തുടങ്ങിയവ ചൊല്ലിയും നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞും ശബ്ദമുണ്ടാക്കുന്നതും അഗ്നിയുമായി അനുഗമിക്കുന്നതും നിഷിദ്ധമാണ്.
സൈദുബ്‌നു അര്‍ഖമില്‍ നിന്ന് ത്വബ്‌റാനി ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: ”മൂന്ന് സന്ദര്‍ഭങ്ങളില്‍ മൗനമാണ് അല്ലാഹുവിന് തൃപ്തി… ജനാസയെ അനുഗമിക്കുമ്പോള്‍.” സ്വഹാബികള്‍ മൗനം പാലിച്ചിരുന്നു (ത്വബ്റാനി) 43
ഖയ്‌സുബ്‌നു അബ്ബാദ് പറഞ്ഞു: ”’നബി(സ്വ)യുടെ അനുചരന്മാര്‍ ജനാസയുടെ അരികില്‍വെച്ചും യുദ്ധ സമയത്തും ദിക്‌റിന്റെ സമയത്തും ശബ്ദമുയര്‍ ത്തുന്നത് വെറുത്തിരുന്നു”( ബൈഹഖി) 44
ഹസനില്‍നിന്ന് മുസ്വന്നഫ് ഉദ്ധരിക്കുന്നു: ”ജനാസയുടെ അരികിലും ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും യുദ്ധവേളയിലും ശബ്ദം ഗോപ്യമാക്കുന്നത് ഇഷ്ടപ്പെടുന്നവരായിട്ടാണ് സ്വഹാബികളെ ഞാന്‍ കണ്ടിരിക്കുന്നത്. നാം ഇതാണ് സ്വീകരിക്കുന്നത്.”(നസാഈ) 45
നല്ലതാണെന്ന നിലയില്‍ ദിക്‌റുകള്‍ ചൊല്ലുന്നതിനെക്കുറിച്ച് ഇമാം നവവി പറയുന്നു: ”ജനാസയോടൊപ്പം പോകുമ്പോള്‍ മൗനം പാലിക്കുകയാണ് ശരിയായ മാതൃക. അതിനാല്‍ ഖുര്‍ആന്‍ പാരായണം ചെയ്‌തോ ദിക്‌റു കള്‍ ചൊല്ലിയോ അതല്ലാതെയോ ശബ്ദം ഉയര്‍ത്താവതല്ല. ഇതിന്റെ തത്വം വളരെ വ്യക്തമാണ്. മനസ്സിന് ശാന്ത തയും ജനാസയോട് ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള ഏകാഗ്രതയും അത് നല്കുന്നു. ഈ സന്ദര്‍ഭത്തില്‍ ആവശ്യമായതും അത്തന്നെ. ഇതാണ് സത്യം. ഇതിനെ എതിര്‍ക്കുന്നവരുടെ ആധിക്യം നിങ്ങളെ വഞ്ചിതരാക്കരുത്. ആ സത്യമാര്‍ഗത്തില്‍ പ്രവേശിച്ചവര്‍ കുറവായതുകൊണ്ട് നിനക്ക് ഒരു പ്രയാസവും വരുക യില്ല. പിഴച്ച മാര്‍ഗത്തെ നീ സൂക്ഷിക്കുക. ദുര്‍മാര്‍ഗികളുടെ ആധിക്യത്തില്‍ നീ വഞ്ചിതനാകേണ്ടതില്ല” (അല്‍ അദ്കാറുലിന്നവവീ) 46.
ജനാസയെ അനുഗമിക്കുമ്പോള്‍ പ്രത്യേക ദിക്‌റുകള്‍ പഠിപ്പിക്കപ്പെടുകയോ നബിയും സ്വഹാബത്തും അപ്ര കാരം വല്ലതും ചൊല്ലുകയോ ഉണ്ടായിട്ടില്ല. പ്രത്യുത, അത് പില്‍ക്കാലത്ത് നിര്‍മിതമായ ഒരു ദുരാചാരമാണ്. മാത്ര മല്ല, ഇതര മതസ്ഥരെ അനുകരിക്കലുമുണ്ടതില്‍. ക്രൈസ്തവര്‍ ശവമഞ്ചത്തോടൊപ്പം ബൈബിള്‍ വചനങ്ങളും വിലാപകാവ്യങ്ങളും സ്‌തോത്രങ്ങളും ചൊല്ലാറുണ്ടല്ലോ.
അഗ്നിയും നെരിപ്പോടുമായി ജനാസയെ അനുഗമിക്കുന്ന സമ്പ്രദായം ജാഹിലിയ്യാ സമൂഹത്തിലുണ്ടായിരുന്നു. സ്വഹാബികള്‍ സഗൗരവം ഇത് ശ്രദ്ധിച്ചിരുന്നു. അബൂമൂസല്‍ അശ്അരി മരണാസന്നനായപ്പോള്‍ ഉപദേശിച്ചു: ”നിങ്ങള്‍ നെരിപ്പോടുമായി എന്നെ അനുഗമിക്കരുത്” (ഇബ്‌നുമാജ) 47. എന്നാല്‍ രാത്രിയാണ് മറവുചെയ്യു ന്നതെങ്കില്‍ ആവശ്യത്തിന് തീ ഉപയോഗിക്കാവുന്നതാണ്. ”നബി(സ്വ) ഒരു രാത്രി ഖബ്‌റിടത്തില്‍ പ്രവേശിച്ചു. തിരുമേനിക്കുവേണ്ടി അന്ന് വിളക്ക് കത്തിച്ചു” എന്ന ഹദീസ് ഇബ്‌നു അബ്ബാസില്‍നിന്ന് തിര്‍മിദി 48 ഉദ്ധരിക്കുകയും ഇതിന്റെ പരമ്പര ഹസനാണെന്ന് പറയുകയും ചെയ്തിരിക്കുന്നു.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 146, ഹദീസ് 5810[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 95, ഹദീസ് 4047[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 50, ഹദീസ് 943[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 170, ഹദീസ് 3154[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 102, ഹദീസ് 1387[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 161, ഹദീസ് 3034[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നി ഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 22, പേജ് 411, ഹദീസ് 1454[↩]
- ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്, ദാറുല്‍ കിതാബില്‍ അറബീ, ബൈറൂത്, ലബനാന്‍, മൂന്നാം പതിപ്പ്, വാള്യം 01, പേജ് 518[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 75, ഹദീസ് 1264[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 200, ഹദീസ് 3157[↩]
- ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 03, പേജ്: 133, ഹദീസ് 1260[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 75, ഹദീസ് 1265[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 195, ഹദീസ് 3135[↩]
- അല്‍ ഫതാവാ അല്‍ കുബ്‌റാ അല്‍ ഫിഖ്ഹിയ്യ, ഇബ്‌നു ഹജറുല്‍ ഹൈതമീ, അല്‍ മക്തബതുല്‍ ഇസ്‌ലാമിയ്യ, വാള്യം 02, പേജ് 06[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 428[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 418, ഹദീസ് 1183[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 18, ഹദീസ് 47[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 86, ഹദീസ് 1315[↩]
- അത്താരീഹുല്‍ കുബ്‌റാ, ഇമാം ബുഖാരി, അന്നാശിറുല്‍ മുതമയ്യിസു ലിത്ത്വിബാഅതി വന്നശ്‌രി വത്തൗസീഅ്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 238 ഹദീസ് 10962[↩]
- ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 03, പേജ്: 184[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 150, ഹദീസ് 754[↩]
- ശര്‍ഹുല്‍ മുഹദ്ദബ്, അബൂ സകരിയ്യാ മുഹ്‌യിദ്ദീന്‍ ബ്‌നു യഹ്‌യാ അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 05, പേജ് 279[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 86[↩]
- അല്‍ മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫ് അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 05, പേജ് 279[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 30, പേജ് 148, ഹദീസ് 18207[↩]
- മിര്‍ആതുല്‍ മഫാതീഹി ശര്‍ഹു മിശ്കാതില്‍ മസ്വാബീഹി, ഉബൈദുല്ലാഹിര്‍റഹ്‌മാനി അല്‍ മുബാറക്ഫൂരി, ഇദാറതുല്‍ ബുഹൂസില്‍ ഇല്‍മിയ്യതി വദ്ദഅ്‌വതി വല്‍ ഇഫ്താഇ ജാമിഅ സലഫിയ്യ, ബനാറസ്, ഇന്ത്യ, മൂന്നാം പതിപ്പ്, വാള്യം 05, പേജ് 408, ഹദീസ് 26 (-1685[↩]
- അത്തല്‍ഖീസുല്‍ ഹബീര്‍, ഇബ്‌നു ഹജറിനില്‍ അസ്ഖലാനീ, വാള്യം 02, പേജ് 258[↩][↩][↩]
- അല്‍ മുവത്വ, ഇമാം മാലിക്, ദാറു ഇഹ്‌യാഉ ത്തുറാസില്‍ അറബീ, ബെയ്‌റൂത്ത്, 1985, വാള്യം 01, പേജ് 27, ഹദീസ് 59[↩]
- അത്തല്‍ഖീസുല്‍ ഹബീര്‍, ഇബ്‌നു ഹജറിനില്‍ അസ്ഖലാനീ, വാള്യം 02, പേജ് 259, ഹദീസ് 749[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 85, ഹദീസ് 1369[↩][↩]
- നൈലുല്‍ ഔത്വാര്‍, മുഹമ്മദ് ബ്‌നു അലിയ്യി ബ്‌നു മുഹമ്മദ് ബ്‌നി അബ്ദില്ല അശ്ശശകാനീ, ദാറുല്‍ ഹദീസ്, ഒന്നാം പതിപ്പ്, ഈജിപ്ത്, വാള്യം 04, പേജ്: 91[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 84, ഹദീസ് 1307[↩]
- അസ്സുനനുല്‍ കുബ്‌റാ, അഹ്‌മദുബ്‌നുല്‍ ഹുസൈനിബ്‌നി അലി, അബൂബക്‌റുല്‍ ബൈഹഖീ, ദാറു കുതുബുല്‍ ഇല്‍മിയ്യ, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 04, പേജ് 41, ഹദീസ് 6877[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 24, പേജ് 455,456, ഹദീസ് 15685[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 85, ഹദീസ് 1311[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 85, ഹദീസ് 1312[↩]
- ശര്‍ഹുല്‍ മുഹദ്ദബ്, അബൂ സകരിയ്യാ മുഹ്‌യിദ്ദീന്‍ ബ്‌നു യഹ്‌യാ അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 05, പേജ് 144[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 214, ഹദീസ് 3214[↩]
- ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്, ദാറുല്‍ കിതാബില്‍ അറബീ, ബൈറൂത്, ലബനാന്‍, മൂന്നാം പതിപ്പ്, വാള്യം 01, പേജ് 541, 542[↩]
- സുനനു ഇബ്‌നി മാജ, ഇബ്‌നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്‌നു യസീദില്‍ ഖസ്‌വീനി, ദാറു ഇഹ്‌യാഇല്‍ കുതുബില്‍ അറബിയ്യ, വാള്യം 01, പേജ് 505, ഹദീസ് 1587[↩]
- ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 03, പേജ്: 145[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 17, പേജ് 372, ഹദീസ് 11270[↩]
- അല്‍ മുഅ്ജമുല്‍ കബീര്‍, സുലൈമാന്‍ ബിന്‍ അഹ്‌മദ് ബിന്‍ അയ്യൂബ് ബിന്‍ മുതൈ്വര്‍ അല്‍ അഹ്‌മിയശ്ശാമി അബുല്‍ ഖാസിം അത്ത്വബ്‌റാനി, മക്തബ ഇബ്‌നു തൈമിയ്യ, കെയ്‌റോ, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 213, ഹദീസ് 513[↩]
- അസ്സുനനുല്‍ കുബ്‌റാ, അഹ്‌മദുബ്‌നുല്‍ ഹുസൈനിബ്‌നി അലി, അബൂബക്‌റുല്‍ ബൈഹഖീ, ദാറു കുതുബുല്‍ ഇല്‍മിയ്യ, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 04, പേജ് 124, ഹദീസ് 7182[↩]
- അസ്സുനനുല്‍ കുബ്‌റാ ലിന്നസാഈ, അബൂ അബ്ദിര്‍റഹ്‌മാന്‍ അഹ്‌മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, വാള്യം 03, പേജ് 431, ഹദീസ് 2085[↩]
- അല്‍ അദ്കാര്‍, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യബ്‌നു ശറഫുന്നവവീ, ദാറുല്‍ ഫിക്ര്‍ ലിത്ത്വിബാഅതി വന്നശ്‌രി വത്തൗസീഇ, ബൈയ്‌റൂത്ത്, ലെബനാന്‍, പരിഷ്‌കരിച്ച പുതിയ പതിപ്പ്, പേജ് 160[↩]
- സുനനു ഇബ്‌നി മാജ, ഇബ്‌നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്‌നു യസീദില്‍ ഖസ്‌വീനി, ദാറു ഇഹ്‌യാഇല്‍ കുതുബില്‍ അറബിയ്യ, വാള്യം 02, പേജ് 460, ഹദീസ് 1487[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 363, ഹദീസ് 1057[↩]
