ഖബ്‌റിന്നരികില്‍ ഖുര്‍ആന്‍ പാരായണം
മരണാനന്തരം ഖബ്‌റിന്നരികില്‍വെച്ച് നിര്‍വഹിക്കാനുള്ള കര്‍മങ്ങളിലൊന്നും ഖുര്‍ആന്‍ പാരായണം നിര്‍ദേശിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ഖബ്‌റിന്നരികില്‍ ഖുര്‍ആന്‍ പാരായണം കറാഹത്താണെന്ന് മാലികും അബൂഹനീഫയും വ്യക്തമാക്കിയിട്ടുണ്ട്.
ഖബ്ര്‍ തുറക്കല്‍, സാന്ത്വനവും അനുശോചനവും, തമ്‌സിയ്യത്തിന്റെ പേരില്‍ അനാചാരം, ഖബ്ര്‍ സിയാറത്ത്, സിയാറത്തിന്റെ രൂപം, സ്ത്രീകളുടെ ഖബ്ര്‍ സിയാറത്ത്, വഴി തെറ്റിയ സിയാറത്ത് എന്നീ വിഷയങ്ങള്‍ തുടര്‍ന്ന് വായിക്കാം.
സൂറതു നജ്മിലെ 39-ാം ആയത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നുകസീര്‍ പറഞ്ഞു: ”പരേതര്‍ക്ക്‌വേണ്ടി ഖുര്‍ആന്‍ പാരായണംചെയ്തു അതിന്റെ പ്രതിഫലം ദാനംചെയ്താല്‍ അവര്‍ക്ക് ലഭിക്കില്ലെന്ന് ആ ആയത്തില്‍ നിന്ന് ശാഫിഈയും അദ്ദേഹത്തെ പിന്‍പറ്റിയവരും ഗ്രഹിച്ചിരിക്കുന്നു. അത് മരിച്ചവരുടെ സമ്പാദ്യത്തിലോ കര്‍മത്തിലോ പെട്ടതല്ല. അതിനാല്‍തന്നെ പ്രവാചകന്‍(സ്വ) സമൂഹത്തെ അതിന് പ്രേരിപ്പിച്ചില്ല. വ്യക്തമായോ വ്യംഗ്യമായോ അത് സൂചിപ്പിക്കുകപോലുംചെയ്തില്ല. സ്വഹാബികളില്‍ ആരില്‍നിന്നും അത് ഉദ്ധരിക്കപ്പെട്ടില്ല. അതൊരു നന്മയായിരുന്നെങ്കില്‍ നമുക്ക് മുമ്പേ അതിലേക്കവര്‍ ഗമിക്കുമായിരുന്നു” 1
ഇമാം നവവി പറയുന്നു: ”മരിച്ചവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണത്തെ സംബന്ധിച്ച് ശാഫിഈ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായം മരിച്ചവര്‍ക്ക് അതിന്റെ പ്രതിഫലം ലഭിക്കില്ലെന്നാണ്” (ശറഹുമുസ്‌ലിം) 2. ഈ വിഷയകമായി സുല്‍ത്വാനുല്‍ഉലമാ ഇസ്സബ്‌നു അബ്ദിസ്സലാമിന്റെ ഫത്‌വ ഇവിടെ ശ്രദ്ധേയമാണ്: ‘മനുഷ്യന് അവന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നില്ല’ (വി,ഖു. 53:39). ‘ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സദ്ഫലം അവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്ഫലവും അവര്‍ക്കു തന്നെയാകുന്നു’ (വി.ഖു. 2:286). ‘നിങ്ങള്‍ നന്മചെയ്യുന്ന പക്ഷം നിങ്ങളുടെ ഗുണത്തിനായി തന്നെയാണ് നന്മചെയ്യുന്നത്’ (വി. ഖു.17:7). നബി(സ്വ) പറഞ്ഞു: ഖുര്‍ആന്‍ ഓതുന്നവന് ഓരോ അക്ഷരത്തിനും പത്ത് നന്മയാണ്”(തിർമിദീ) 3
ഇവിടെ അക്ഷരങ്ങള്‍ക്കുള്ള പ്രതിഫലവും അധ്വാനത്തിന്റെ പ്രതിഫലവും അത് ചെയ്യുന്നവര്‍ക്കാണ് നിശ്ചയിച്ചത്. ഇനി ആരെങ്കിലും അത് മറ്റുള്ളവര്‍ക്കാക്കിയാല്‍ അവന്‍ ഖുര്‍ആന്‍ സൂക്തത്തിന്റെ നിര്‍ദേശത്തിനും ഹദീസിനും മതപരമായ തെളിവില്ലാതെ എതിര്‍ പ്രവര്‍ത്തിച്ചവനായി. ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം ആരെങ്കിലും മയ്യിത്തിനാക്കിയാല്‍ അവന്‍ ”മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെ മറ്റൊന്നില്ല” എന്ന ആയത്തിന് എതിരായി. കാരണം ഖുര്‍ആന്‍ പാരായണം മയ്യിത്തിന്റെ പ്രവൃത്തിയില്‍ പെട്ടതല്ല. അതുകൊണ്ടാണ് സദ്കര്‍മങ്ങള്‍ അത് ചെയ്തവര്‍ക്കാണെന്ന് അല്ലാഹു പറഞ്ഞത്. ”ആര്‍ നല്ലത്‌ചെയ്‌തോ അത് അവന്നുള്ളതാണ്” (വി.ഖു. 41:46).
ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിന് ലഭിക്കുകയില്ലെന്ന് പറയുമ്പോള്‍ ദിക്‌റുകളുടെയും സ്വലാത്തിന്റെയും കൂലി പരേതര്‍ക്ക് ലഭിക്കുകയില്ലെന്ന് വളരെ വ്യക്തമാണല്ലോ. മാത്രമല്ല, ഖബ്‌റിന്നരികിലെ പാരായണം ”ഖബ്‌റുകള്‍ ആരാധനാലയമാക്കരുത്” എന്ന പ്രബലമായ ഹദീസിന് എതിരുമാണ്. അബ്ദുര്‍റഹ്‌മാനിബ്‌നു അബീബകറിന്റെ ഖബ്‌റിനു മീതെ ചിലര്‍ തണലിന് വേണ്ടി കൂടാരം കെട്ടിയുണ്ടാക്കി. പ്രമുഖ സ്വഹാബിയായ ഇബ്‌നു ഉമര്‍ അതുകണ്ട് ഉടനെ അത് അഴിച്ചുമാറ്റാന്‍ നിര്‍ദേശിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ”അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ മാത്രമേ അദ്ദേഹത്തിന് തണലേകുകയുള്ളൂ.” ഇതില്‍ നിന്നൊക്കെ ഖത്തപ്പുരകള്‍ നിര്‍മിക്കുന്നത് തന്നെ അനുവദനീയമല്ലെന്ന് സുവ്യക്തമാണ്..
ഖബ്ര്‍ തുറക്കല്‍
ഒരു മുസ്‌ലിമിന്റെ ഖബ്‌റിടത്തില്‍ മറ്റൊരാളെ മറവ് ചെയ്യണമെങ്കില്‍ ആദ്യത്തെ മൃതദേഹം മണ്ണായി കഴിഞ്ഞുവെന്ന് ബോധ്യമാകണം. ഇനി പഴയ ഖബ്ര്‍ കുഴിച്ചപ്പോള്‍ പൂര്‍വാവശിഷ്ടങ്ങള്‍ വല്ലതും കിട്ടിയെങ്കില്‍ അതും ഒരു ഭാഗത്ത് മറവുചെയ്യേണ്ടതാണ്. ഒരു മയ്യിത്ത് നമസ്‌കരിക്കപ്പെടാതെ ഖബ്‌റടക്കിയാല്‍ അത് തുറക്കേണ്ടതില്ല. ഖബ്‌റിന്റെ അരികില്‍വെച്ച് നമസ്‌കരിച്ചാല്‍ മതിയെന്നാണ് പണ്ഡിതന്മാരില്‍ അധികപക്ഷവും അഭിപ്രായപ്പെട്ടത്. മണ്ണിട്ട് മൂടുന്നതിന്റെമുമ്പ് അറിയുകയാണെങ്കില്‍ പുറത്തെടുക്കേണ്ടതാണ്. ഖബ്‌റില്‍ വീണുപോയ സാധനം എടുക്കുക, ഖിബ്‌ലക്ക് നേരെ തിരിച്ചുകിടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഖബ്ര്‍ തുറക്കുന്നത് അനുവദനീയമാണെന്ന് അബൂഹനീഫയല്ലാത്ത അധിക പണ്ഡിതരും അഭിപ്രായപ്പെട്ടിരിക്കുന്നു.
ന്യായമായ ആവശ്യങ്ങള്‍ക്ക് മയ്യിത്ത് പുറത്തെടുക്കുന്നതിന് വിരോധമില്ലെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നു. ജാബിറില്‍ നിന്ന് ബുഖാരി ഉദ്ധരിക്കുന്നു: ”എന്റെ പിതാവായിരുന്നു ഉഹ്ദിലെ ആദ്യത്തെ രക്തസാക്ഷി. അദ്ദേഹത്തിന്റെ കൂടെ മറ്റൊരാളെയും അതേ ഖബ്‌റില്‍ മറവുചെയ്തു. അത് എന്റെ മനസ്സിന് വിഷമമായി. അതിനാല്‍ ആറു മാസത്തിനുശേഷം ഞാനദ്ദേഹത്തെ പുറത്തെടുത്തു. അപ്പോള്‍ അദ്ദേഹത്തിന്റെ ചെവി മാത്രമേ ജീര്‍ണിച്ചിരുന്നുള്ളൂ” (ബുഖാരി) 4.
അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ മൃതദേഹം ഖബ്‌റില്‍ പ്രവേശിപ്പിച്ച ശേഷം നബി(സ്വ)യുടെ സാന്നിധ്യത്തില്‍ പുറത്തെടുത്ത സംഭവം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്.
”ജീവിച്ചിരിക്കുന്നവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി മൃതദേഹം പുറത്തെടുക്കാമെന്ന് അത് തെളിയിക്കുന്നു. ഒരു മൃതദേഹത്തിന്റെ കൂടെ മറ്റൊന്ന് മറവ് ചെയ്യപ്പെടുന്നതിനാല്‍ മരിച്ചവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലല്ലോ” (ഫത്ഹുല്‍ബാരി) 5.
ചില സംശയകരമായ മരണങ്ങളില്‍ മരണകാരണം കണ്ടുപിടിക്കാനും വലിയ ക്രിമിനല്‍ കുറ്റങ്ങള്‍ തിരിച്ചറിയാനും മൃതദേഹം മറവുചെയ്തശേഷം അപൂര്‍വമായെങ്കിലും പുറത്തെടുക്കേണ്ടിവരാറുണ്ട്. അനിവാര്യഘട്ടങ്ങളില്‍ അതിനു വിരോധമില്ല എന്നാണ് മേല്‍ സംഭവങ്ങളില്‍ നിന്നെല്ലാം മനസ്സിലാവുന്നത്.
സാന്ത്വനവും അനുശോചനവും
ബന്ധുക്കളുടെയും ആത്മസുഹൃത്തുക്കളുടെയും വേര്‍പാടില്‍ ദുഃഖിതരായി കഴിയുന്നവരെ ആശ്വസിപ്പിക്കുകയും ക്ഷമിക്കാന്‍ പ്രേരിപ്പിക്കുകയുംചെയ്തുകൊണ്ട് സാന്ത്വനപ്പെടുത്തല്‍ സുന്നത്താണ്. അംറുബ്‌നു ഹസമി (റ)ല്‍നിന്ന് ഇബ്‌നുമാജ നിവേദനം ചെയ്യുന്നു: നബി(സ്വ) പറഞ്ഞു: ”വിപത്തിലകപ്പെട്ട തന്റെ സഹോദരനെ സമാശ്വസിപ്പിക്കുന്ന വിശ്വാസിക്ക് പരലോകത്ത് മാന്യതയുടെ വസ്ത്രം അല്ലാഹു അണിയിക്കുന്നതാണ്” (ഇബ്‌നുമാജ) 6.
ദുഃഖം ലഘൂകരിക്കുന്നതിനും ക്ഷമയവലംബിക്കുന്നതിനും പ്രേരകമായ സാന്ത്വനവാക്കുകള്‍ പറയാവുന്നതാണ്. നബി(സ്വ)യുടെ വചനങ്ങളില്‍ അതിന്റെ വിവിധ രൂപങ്ങള്‍ കാണാവുന്നതാണ്. ”അല്ലാഹു എടുത്തത് അവന്റേതാണ്. അവന്‍ നല്കിയതും അവന്റേത്തന്നെ. എല്ലാവസ്തുവിന്നും അവന്റെയടുക്കല്‍ ഒരു നിശ്ചിത അവധിയുണ്ട്. അതിനാല്‍ നീ ക്ഷമിക്കുക. അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിക്കുക” (ബുഖാരി) 7.
മുഅ്ത്ത യുദ്ധത്തില്‍ ജഅ്ഫര്‍(റ) രക്തസാക്ഷിയായപ്പോള്‍ പുത്രന്‍ അബ്ദുല്ലയെ ആശ്വസിപ്പിച്ചുകൊണ്ട് നബി(സ്വ) പ്രാര്‍ഥിച്ചു: ”അല്ലാഹുവേ, ജഅ്ഫറിന്റെ അഭാവം പരിഹരിക്കുന്ന ഒരു പിന്‍ഗാമിയെ ആ കുടുംബത്തിന് നല്‌കേണമേ. അബ്ദുല്ലായുടെ ഇടപാടില്‍ അനുഗ്രഹംചെയ്യേണമേ” (അഹ്‌മദ്). പണ്ഡിതന്മാര്‍ പറഞ്ഞു: ഒരു മുസ്‌ലിമിന്റെ ‘വേര്‍പാടില്‍ ദുഃഖിക്കുന്ന മുസ്‌ലിമിനോട് ”അല്ലാഹു നിനക്ക് മഹത്തായ പ്രതിഫലം നല്കട്ടെ. നിന്റെ സാന്ത്വനം അല്ലാഹു നന്നാക്കട്ടെ. നിന്റെ പരേതന് പൊറുത്തുകൊടുക്കുകയുംചെയ്യട്ടെ” എന്നും ഒരു അവിശ്വാസിയുടെ പേരില്‍ ഒരു മുസ്‌ലിമിനെ സാന്ത്വനപ്പെടുത്തുന്നവന്‍ ”അല്ലാഹു നിനക്ക് മഹത്തായ പ്രതിഫലവും നല്ല സാന്ത്വനവും നല്കട്ടെ” എന്നും ഒരു മുസ്‌ലിമിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന അവിശ്വാസിയോട് ”അല്ലാഹു നിനക്ക് നല്ല സാന്ത്വനം പ്രദാനം ചെയ്യട്ടെ. നിന്റെ പരേതന് പൊറുത്തുകൊടുക്കുകയുംചെയ്യട്ടെ” എന്നും പറയേണ്ടതാണ്. ഇങ്ങനെ പ്രത്യേകവചനങ്ങള്‍ നബി(സ്വ)യില്‍ നിന്ന് സ്ഥിരപ്പെട്ടുവന്നിട്ടില്ല. മയ്യിത്തിന്റെയും കുടുംബത്തിന്റെയും വിശ്വാസവും കൂടി പരിഗണിച്ചുകൊണ്ട് പ്രാര്‍ഥിക്കുകയാണ് വേണ്ടതെന്ന്ഇതില്‍ നിന്ന് മനസ്സിലാക്കാം (ശറഹുല്‍മുഹദ്ദബ്) 8.
ഇബ്‌നുല്‍ഖയ്യിം പറഞ്ഞു: പരേതന്റെ കുടുംബത്തെ സാന്ത്വനപ്പെടുത്തല്‍ നബിചര്യയാണ്. എന്നാല്‍ അതിനുവേണ്ടി സംഘടിക്കുന്നതോ ഖബ്‌റിന്റെ അരികിലോ അല്ലാതെയോ ഖുര്‍ആന്‍ പാരായണംചെയ്യുന്നതോ നബിചര്യയിലില്ല. ഇവയെല്ലാം നബി(സ്വ)യുടെ ശേഷമുണ്ടായ പുതിയ ബിദ്അത്തുകളാണ്. ഇത് വര്‍ജ്യമാണ് (സാദുല്‍മആദ്) 9.
പ്രസ്തുത പണ്ഡിതാഭിപ്രായങ്ങളില്‍ നിന്ന് സാന്ത്വനപ്പെടുത്തുന്നത് സ്വാഭാവികമായി നടക്കേണ്ടതാണെന്നും അതിനായി പ്രത്യേകം സദസ്സുകളോ ചടങ്ങുകളോ സംഘടിപ്പിക്കുന്നത് ഉപേക്ഷിക്കേണ്ടതാണെന്നും വ്യക്തമാണ്.
അനുശോചകര്‍ മയ്യിത്തിന്റെ ഗുണങ്ങള്‍ എണ്ണിപ്പറഞ്ഞ് കൂടുതല്‍ ദുഃഖം ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രവാചകനും അനുചരരും ഒരു മയ്യിത്തിന്റെ സമീപത്തുകൂടെ നടന്നുപോയപ്പോള്‍ അവരൊക്കെ പരേതനെ പ്രശംസിക്കുകയുണ്ടായി. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ”(സ്വര്‍ഗം) അനിവാര്യമായിരിക്കുന്നു.”(ബുഖാരി) 10. മറ്റൊരവസരത്തില്‍ പ്രവാചകന്റെ അടുക്കല്‍ പരാമര്‍ശിക്കപ്പെട്ട ഒരു വ്യക്തിയെ ഒരാള്‍ പ്രശംസിച്ചു പറഞ്ഞപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ”നിനക്ക് നാശം. നീ സഹോദരന്റെ കഴുത്ത് ഒടിച്ചിരിക്കുന്നു. ആരെങ്കിലും പ്രശംസിക്കുകയാണെങ്കില്‍ തന്റെ കൂട്ടുകാരന്‍ ഇപ്രകാരമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു എന്ന് അവന്‍ പറയട്ടെ. പ്രശംസിക്കപ്പെടുന്നവന്റെ വിചാരണ അല്ലാഹുവിന്റെയടുത്താണ്. അല്ലാഹുവിന്റെയടുക്കല്‍ ആരെയും ഞാന്‍ വിശുദ്ധനാക്കുന്നില്ല. അദ്ദേഹം ഇന്നയിന്ന രൂപത്തിലൊക്കെയാണ് എന്ന് ഞാന്‍ കരുതുന്നു (ബുഖാരി) 11.
ദുഃഖമുണ്ടാക്കുകയോ അത് വര്‍ധിക്കാനിടവരുത്തുകയോചെയ്യുന്ന രൂപത്തില്‍ പരേതനെ പ്രശംസിക്കുന്നത് നിരോധിക്കപ്പെട്ടതാണ്. അബ്ദുല്ലാഹിബ്‌നു അബീഔഫാ(റ) പറയുന്നു. ”നബി(സ്വ) വിലാപത്തെ നിരോധിച്ചിരിക്കുന്നു.”(സ്വഹീഹി ജാമിഉസ്സ്വഗീര്‍) 12.
ഇസ്സുബ്‌നു അബ്ദിസ്സലാം പറയുന്നു: ”അല്ലാഹുവിന്റെ വിധിയില്‍ വെറുപ്പ് പ്രകടിപ്പിക്കുന്ന രൂപത്തിലുള്ള വിലാപങ്ങള്‍ നിഷിദ്ധമാണ്. ഉദാ: കവിളുകളില്‍ അടിക്കുക, മാറുകള്‍ മാന്തിപ്പൊളിക്കുക, തലയ്ക്കടിക്കുക പോലുള്ളവ (അല്‍ ഗായതു ഫീ ഇഖ്തിസ്വാറിന്നിഹായ) 13.
ചുരുക്കത്തില്‍ മതപരമായ ഒരാചാരമെന്ന നിലയില്‍ മരിച്ച ഉടനെ ജനങ്ങള്‍ ഒരിടത്ത് സംഘടിച്ചു പരേതന്റെ നന്മകള്‍ പറയുന്നത് അനുചിതമാണെന്ന് മേല്‍പറഞ്ഞതില്‍ നിന്ന് വ്യക്തമാണ്. അതുതന്നെ ദുഃഖം വര്‍ധിപ്പിക്കുന്നതും അമിതാദരവിന്റേതുമായ രൂപത്തിലോ മരണാനന്തര കര്‍മങ്ങള്‍ക്ക് വിഘാതമുണ്ടാക്കുന്നതോ ആവുമ്പോള്‍ നിഷിദ്ധമായിത്തീരുമെന്നും ഗ്രഹിക്കാന്‍ പ്രയാസമുണ്ടാവില്ല.
മരണം സംഭവിച്ച വീട്ടുകാര്‍ക്ക് വേണ്ട ഭക്ഷണം പാകംചെയ്ത് അത് അവരെ കഴിക്കാന്‍ പ്രേരിപ്പിക്കേണ്ടത് മറ്റു മുസ്‌ലിംകളുടെ ബാധ്യതയാണ്. കുട്ടികളുടെ കാര്യം പോലും ശ്രദ്ധിക്കാത്ത മാനസികാവസ്ഥയായിരിക്കുമല്ലോ അവര്‍ക്ക് ഉണ്ടാവുക. ഹിജ്‌റ ഒമ്പതാം വര്‍ഷം മുഅ്ത്ത യുദ്ധത്തില്‍ മരണപ്പെട്ട ജഅ്ഫറിന്റെ കുടുംബത്തിന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ നബി(സ്വ) കല്പിച്ചു. ”അതില്‍ നിന്നെല്ലാം അശ്രദ്ധമാക്കുന്ന ഒരു വാര്‍ത്തയാണ് അവര്‍ക്ക് വന്നിട്ടുള്ളത്” എന്നുകൂടി അവിടുന്നു പറഞ്ഞു (അബൂദാവൂദ്) 14. ഇമാം ശാഫിഈ പറഞ്ഞു: ”മരണമടഞ്ഞവന്റെ കുടുംബത്തിന് വേണ്ടി ആ ദിവസം അയല്‍വാസികളും ബന്ധുക്കളും ഭക്ഷണം പാകംചെയ്ത് കഴിപ്പിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. നിശ്ചയം അത് സുന്നത്താണ്. മഹനീയമായൊരു സ്മരണയുമാണ്. അത് നമ്മുടെ പൂര്‍വികരുടെയും ശേഷക്കാരുടെയും ഉത്തമകര്‍മമാണ്” (അല്‍ ഉമ്മ്) 15.
തഅ്‌സിയത്തിന്റെ പേരില്‍ അനാചാരം
‘തഅ്‌സിയത്തി’ന്റെ പേരില്‍ സമൂഹത്തില്‍ പല അനാചാരങ്ങളുമുണ്ട്. മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുപോയ ശേഷവും മൂന്നാം ദിനവുമൊക്കെ മരിച്ച വീട്ടില്‍ സദ്യനല്കുന്നത് ഇന്ന് ‘കണ്ണൂക്കാ’യി ഗണിക്കപ്പെടുന്നു. ഇങ്ങനെ ജനങ്ങളെ ക്ഷണിച്ചുവരുത്തി സദ്യ നല്കുന്ന സമ്പ്രദായം ‘ജാഹിലിയ്യത്തി’ലുണ്ടായിരുന്നു. അത് ഇസ്‌ലാം വിലക്കി. ജരീറുബ്‌നു അബ്ദില്ലാഹില്‍ ബജ്‌ലിയില്‍ നിന്ന് അഹ്‌മദും ഇബ്‌നുമാജയും നിവേദനം ചെയ്യുന്നു:
”മയ്യിത്ത് മറവുചെയ്തശേഷം പരേതന്റെ വീട്ടില്‍ സമ്മേളിക്കുന്നതും അവിടെ ഭക്ഷണം ഒരുക്കുന്നതും ജാഹിലിയ്യത്തിലെ നിഷിദ്ധമാക്കപ്പെട്ട ‘നിയാഹത്തി'(വിലാപം)ന്റെ ഇനത്തിലാണ് ഞങ്ങള്‍ (സ്വഹാബികള്‍) പരിഗണിച്ചിരുന്നത്”. ഇബ്‌നുമാജയുടെ ശറഹില്‍ മുഹമ്മദ് ഫുആദ് അബ്ദുല്‍ബഖീ പറഞ്ഞു: ”ഇത് സ്വഹാബികളെല്ലാവരുടെയും ഏകാഭിപ്രായത്തിന്റെയോ നബി(സ്വ)യുടെ അംഗീകാരത്തിന്റെയോ സ്ഥാനത്താണ്” 16.
ഇമാം നവവി പറയുന്നു: ”മരിച്ചയാളുടെ വീട്ടുകാര്‍ ഭക്ഷണം തയ്യാറാക്കുകയും അതിലേക്ക് ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്യുന്നതിന് ഒരു തെളിവും ഉദ്ധരിക്കപ്പെട്ടിട്ടില്ല. അത് അനഭിലഷണീയമായ ബിദ്അത്താണ്. ഇത് സാലിമിന്റെ വാക്കാണ്. അഹ്‌മദും ഇബ്‌നുമാജയും സ്വഹീഹായ പരമ്പരയിലൂടെ ഉദ്ധരിച്ച ജരീറിന്റെ ഹദീസ് ഇതിനുള്ള തെളിവാണ്” (ശറഹുല്‍മുഹദ്ദബ്) 17.
ഈ സദ്യയിലേക്കുള്ള ക്ഷണം തിരസ്‌കരിക്കേണ്ടതാണ്. തുഹ്ഫയില്‍ പറയുന്നു: ”മയ്യിത്തിന്റെ വീട്ടുകാര്‍ ഭക്ഷണം പാകംചെയ്ത് അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന സമ്പ്രദായം വെറുക്കപ്പെട്ട ദുരാചാരമാണ്. അതിന് ക്ഷണിച്ചാല്‍ സ്വീകരിക്കുന്നതും ഇപ്രകാരംതന്നെ. കാരണം ജരീറില്‍ നിന്ന് സ്വഹീഹായ ഹദീസ് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.” 18.
സയ്യിദ് സാബിഖ് പറയുന്നു: ”ഇന്ന് ‘തഅ്‌സിയത്തി’ന്റെ പേരില്‍ ജനങ്ങള്‍ ഒരുമിച്ചുകൂടുകയും തങ്ങളുടെ പ്രതാപം പ്രകടിപ്പിക്കാന്‍ പന്തലുകളും പരവതാനികളും സജ്ജീകരിച്ചു ധാരാളം പണം ചെലവഴിക്കുകയും ചെയ്യുന്നുണ്ട്. നിഷിദ്ധമായ ബിദ്അത്തുകളാണവ. അതില്‍ ഖുര്‍ആനിന്നും സുന്നത്തിന്നും നിരക്കാത്ത കാര്യങ്ങള്‍ കൂടിയുണ്ടാകുമ്പോള്‍ പ്രത്യേകിച്ചും. ഖുര്‍ആന്‍ ഗാനമായി ആലപിക്കുക, ബഹളംവെക്കുക, പുകവലിയിലും മറ്റും ഏര്‍പ്പെടുക തുടങ്ങിയവ ജാഹിലിയ്യ സമ്പ്രദായങ്ങള്‍ക്ക് സമാനമായതാണ്. പുറമെ, ചില താന്തോന്നികള്‍ കുറെകൂടി ചെയ്യുന്നുണ്ട്. മരണത്തിന്റെ അടുത്ത ദിവസങ്ങള്‍ കൊണ്ട് മതിയാക്കാതെ നാല്പതാം ദിവസവും ഇതെല്ലാം ആവര്‍ത്തിക്കുന്നു. ഓരോ ആണ്ടുകഴിയുന്തോറും ചരമവാര്‍ഷികവും ആഘോഷിക്കുന്നു. മനുഷ്യചിന്തകള്‍ക്കോ ഇസ്‌ലാമിലെ പ്രമാണങ്ങള്‍ക്കോ നിരക്കാത്തതത്രെ ഇത്തരം കാര്യങ്ങള്‍” (ഫിഖ്വ്ഹുസ്സുന്ന) 19.
ഖബ്ര്‍ സിയാറത്ത്
ഖബ്ര്‍ സന്ദര്‍ശനം സുന്നത്താണ്. ആദ്യകാലത്ത് അത് ഇസ്‌ലാം നിരോധിച്ചിരുന്നു. പിന്നീട് ഇസ്‌ലാമിക വിശ്വാസവും സംസ്‌കാരവും രൂഢമൂലമാവുകയും ജാഹിലിയ്യത്തിന്റെ അവശിഷ്ടങ്ങള്‍ കൂടി നാശോന്മുഖമാവുകയും ചെയ്തപ്പോള്‍ ഖബ്ര്‍ സന്ദര്‍ശനം അനുവദിക്കപ്പെട്ടു. ബുറൈദയില്‍ നിന്നു മുസ്‌ലിമും ബുഖാരിയും നിവേദനം ചെയ്യുന്നു: ”ഖബ്ര്‍ സന്ദര്‍ശനം നേരത്തെ ഞാന്‍ നിങ്ങളോട് നിരോധിച്ചിരുന്നു. ഇനി നിങ്ങള്‍ ഖബ്ര്‍ സന്ദര്‍ശിച്ചുകൊള്ളുക. അത് നിങ്ങളില്‍ പരലോകബോധമുണ്ടാക്കും.”(അഹ്‌മദ്) 20
സിയാറത്ത് അനുവദിച്ചപ്പോള്‍ അതിന്റെ ലക്ഷ്യവും കൂടി ഇവിടെ വിവരിക്കപ്പെട്ടു. ഹാകിമിന്റെ റിപ്പോര്‍ട്ടില്‍ ”സിയാറത്ത് ഹൃദയത്തെ നിര്‍മലമാക്കുകയും, കണ്ണീര്‍ ഒഴുക്കുകയുംചെയ്യും എന്നും ”അതില്‍ നിങ്ങള്‍ക്ക് ഗുണപാഠമുണ്ട്” 21. എന്ന് അഹ്‌മദിന്റെ നിവേദനത്തിലും വന്നിട്ടുണ്ട് 22.
പ്രസ്തുത ലക്ഷ്യത്തിന്നായി ഏത് ഖബ്‌റും സന്ദര്‍ശിക്കാവുന്നതാണ്. അമുസ്‌ലിമിന്റെ ഖബ്‌റും സന്ദര്‍ശിക്കാവുന്നതാണ്. പക്ഷേ അവരുടെ പാപമോചനത്തിന്നായി പ്രാര്‍ഥിക്കരുതെന്ന് മാത്രം. തന്റെ മാതാവിന്റെ ഖബഢക്ത സന്ദര്‍ശിച്ചത് സംബന്ധിച്ച് നബി(സ്വ) പറഞ്ഞത് അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്നു: ”അവര്‍ക്ക് പാപമോചനത്തിന്നായി പ്രാര്‍ഥിക്കാന്‍ ഞാന്‍ എന്റെ നാഥനോട് അനുവാദം ചോദിച്ചു. എന്നാല്‍ അനുവദിക്കപ്പെട്ടില്ല. അവരുടെ ഖബ്ര്‍ സിയാറത്ത് ചെയ്യാന്‍ അനുവദിക്കുകയുംചെയ്തു. അതിനാല്‍ നിങ്ങളും ഖബ്ര്‍ സന്ദര്‍ശിക്കുക. അത് മരണ സ്മരണയുണര്‍ത്തും” (മുസ്‌ലിം) 23)
സിയാറത്തിന്റെ രൂപം
സന്ദര്‍ശകന്‍ മയ്യിത്തിന്റെ നന്മയ്ക്കായി പ്രാര്‍ഥിക്കേണ്ടതുണ്ട്. അതിന്റെ വിവിധ രൂപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശ്മശാനത്തിലേക്ക് പുറപ്പെട്ടവന്‍ ഇപ്രകാരം പറയേണ്ടതായി തിരുമേനി പഠിപ്പിച്ചുവെന്ന് ബുറയ്ദയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു:
അസ്സലാമു അലൈകും അഹ്‌ലദ്ദിയാരി മിനല്‍ മുഅ്മിനീന വല്‍മുസ്‌ലിമീന്‍, വ ഇന്നാ ഇന്‍ശാഅല്ലാഹു ബികും ലാഹികൂന്‍, നസ്അലുല്ലാഹ ലനാ വലകുമുല്‍ ആഫിയ(65) (ഈ പാര്‍പ്പിടങ്ങളില്‍ വസിക്കുന്ന മുസ്‌ലിംകളും മുഅ്മിനുകളുമായവരേ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ. അല്ലാഹു ഉദ്ദേശിച്ചാല്‍ ഞങ്ങളും നിങ്ങളോടൊപ്പം വന്നുചേരുന്നതാണ്. നിങ്ങള്‍ ഞങ്ങളുടെ മുന്‍ഗാമികളും ഞങ്ങള്‍ നിങ്ങളുടെ അനുഗാമികളുമാണ്. നിങ്ങള്‍ക്കും ഞങ്ങള്‍ക്കും സൗഖ്യം നല്കുവാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു). (മുസ്‌ലിം) 24).
ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: നബി(സ്വ) മദീനയിലെ ഖബ്‌റുകള്‍ക്കരികിലൂടെ പോയപ്പോള്‍ അവിടുന്ന് പറഞ്ഞു: ”ഖബ്ര്‍ നിവാസികളേ, അല്ലാഹുവിന്റെ രക്ഷ നിങ്ങള്‍ക്കുണ്ടാവട്ടെ. അല്ലാഹു ഞങ്ങള്‍ക്കും നിങ്ങള്‍ക്കും പൊറുത്തുതരട്ടെ. നിങ്ങള്‍ ഞങ്ങളുടെ മുന്‍ഗാമികള്‍. ഞങ്ങള്‍ പിന്‍ഗാമികളും” (തിര്‍മിദി) 25.
സ്ത്രീകളുടെ ഖബ്ര്‍ സിയാറത്ത്
സ്ത്രീകളുടെ ഖബ്ര്‍ സിയാറത്ത് സംബന്ധിച്ച് ഭിന്നാഭിപ്രായമാണ് പണ്ഡിതന്മാര്‍ക്കുള്ളത്. അധികപക്ഷവും അനുവദനീയമാണെന്ന അഭിപ്രായക്കാരാണ്. കറാഹത്തില്ലെന്നാണ് പ്രബലാഭിപ്രായമെന്ന് ഇമാം നവവി പറഞ്ഞു (ശറഹുല്‍ മുഹദ്ദബ്) 26. തദ്വിഷയകമായി വന്ന ഹദീസുകളെ അപഗ്രഥിക്കുന്നതില്‍ വന്ന വീക്ഷണ വ്യത്യാസമാണ് ഇതിനു കാരണം. അനുവദിക്കുന്നവരുടെ തെളിവുകള്‍ താഴെ പറയുന്നവയാണ്:
അബ്ദുല്ലാഹിബ്‌നു അബീമുലയ്ക്കയില്‍ നിന്ന് ഹാകിം ഉദ്ധരിക്കുന്നു: ആഇശ(റ) ഒരു ദിവസം ശ്മശാനത്തില്‍ നിന്ന് വരികയായിരുന്നു. ഞാന്‍ ചോദിച്ചു: ”വിശ്വാസികളുടെ മാതാവേ, നിങ്ങളെവിടെ നിന്നാണ് വരുന്നത്? അവര്‍ പറഞ്ഞു: ”എന്റെ സഹോദരന്‍ അബ്ദുര്‍റഹ്‌മാന്റെ ഖബ്‌റിങ്കല്‍ നിന്നാണ്.” ഞാന്‍ ചോദിച്ചു: ”ഖബ്ര്‍ സന്ദര്‍ശിക്കുന്നത് നബി(സ്വ) നിരോധിച്ചതല്ലേ?” അവര്‍ പറഞ്ഞു: ”അതെ, ആദ്യം ഖബ്ര്‍ സന്ദര്‍ശനം നിരോധിച്ചിട്ടുണ്ടായിരുന്നു. പിന്നീട് നബി(സ്വ) സന്ദര്‍ശിക്കാന്‍ അനുവദിച്ചു.” 27. ഇതിന്റെ പരമ്പരയില്‍ ബിസ്താമുബ്‌നു മുസ്‌ലിമില്‍ ബസ്വരി എന്നൊരാള്‍ മാത്രമായിരിക്കുന്നുവെന്ന് ബൈഹഖി പറഞ്ഞിരിക്കുന്നു. എന്നാല്‍ ദഹബി ഇത് സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ട്.
അനസ്(റ) പറയുന്നു: ”മകന്റെ ഖബ്‌റിന്റെ അരികില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ കണ്ടു നബി (സ്വ) പറഞ്ഞു: നീ അല്ലാഹുവിനെ സൂക്ഷിക്കുകയും ക്ഷമിക്കുകയും ചെയ്യുക. അവര്‍ പറഞ്ഞു: ”എന്നെ വിട്ടുപോവുക. എനിക്കുണ്ടായ വിപത്ത് നിനക്കറിയില്ല. പിന്നീട് അത് പ്രവാചകനായിരുന്നുവെന്ന് അവരോട് ഒരാള്‍ പറഞ്ഞു. ഇത് കേട്ടയുടനെ മരിക്കാന്‍ പോവുന്നപോലെ വെപ്രാളപ്പെട്ടുകൊണ്ട് അവര്‍ തിരുമേനിയുടെ വീട്ടില്‍ ചെന്നു. അവിടെ പാറാവുകാരൊന്നുമുണ്ടായിരുന്നില്ല. അവര്‍ പറഞ്ഞു: ഞാന്‍ നിങ്ങളെ മനസ്സിലാക്കിയിരുന്നില്ല. നബി(സ്വ) പറഞ്ഞു: വിപത്തിന്റെ ആദ്യ ആഘാതമുണ്ടാവുമ്പോള്‍ തന്നെ ക്ഷമിക്കണം” (ബുഖാരി) 28. ഖബ്‌റിന്നരികെ കരഞ്ഞുകൊണ്ടിരുന്ന സ്ത്രീയെ ക്ഷമിക്കാന്‍ ഉപദേശിക്കുകയല്ലാതെ സന്ദര്‍ശിക്കുന്നത് വിലക്കിയില്ല.
ആഇശ(റ) പറഞ്ഞു: ”ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ അവരോടെങ്ങനെയാണ് പറയേണ്ടത്? നബി(സ്വ) പറഞ്ഞു: ”നീ പറയുക. വിശ്വാസികളുടെയും മുസ്‌ലിംകളുടെയും ഭവനമേ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ. നമ്മില്‍ മുന്‍കഴിഞ്ഞവര്‍ക്കും വരാനിരിക്കുന്നവര്‍ക്കും അല്ലാഹു കരുണ ചെയ്യട്ടെ. അല്ലാഹു ഉദ്ദേശിച്ചാല്‍ ഞങ്ങളും നിങ്ങളോടൊപ്പം ചേരുന്നതാണ്”(മുസ്‌ലിം) 29). പൊതു അനുവാദത്തില്‍ സ്ത്രീകളും ഉള്‍പ്പെടുമെന്നും അതാണ് അധിക പണ്ഡിതന്മാരുടെയും പക്ഷമെന്നും ഇബ്‌നുഹജര്‍ ഫത്ഹില്‍ പറഞ്ഞിട്ടില്ലേ: മാത്രമല്ല, പരലോക ബോധമാണല്ലോ ഇതിന്റെ ഉദ്ദേശ്യം. അതില്‍ സ്ത്രീ പുരുഷ ഭേദമൊന്നുമില്ലല്ലോ. ”പ്രസ്തുത ഹദീസ് ഖബ്ര്‍ സിയാറത്ത് അനുവദനീയമാണെന്ന് തെളിയിക്കുന്നു. സന്ദര്‍ശകന്‍ സ്ത്രീയോ പുരുഷനോ എന്ന വ്യത്യാസമില്ല. സന്ദര്‍ശിക്കപ്പെടുന്നത് മുസ്‌ലിന്റേതോ കാഫിറിന്റേതോ എന്ന വ്യത്യാസവുമില്ല” (ഫത്ഹുല്‍ബാരി) 30.
സ്ത്രീകള്‍ക്ക് സിയാറത്ത് കറാഹത്താണെന്ന് പറയുന്നവരുടെ തെളിവ് അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസാണ്. ”നബി(സ്വ) ഏറെ ഖബ്ര്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളെ ശപിച്ചിരിക്കുന്നു” (തിര്‍മിദി) 31. കൂടാതെ സ്ത്രീകള്‍ പൊതുവെ വെപ്രാളം കൂടിയവരും ക്ഷമ കുറഞ്ഞവരുമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇമാം ഖുര്‍ത്വുബി പറഞ്ഞു: ”ഹദീസില്‍ പറഞ്ഞ ഈ ശാപം, കൂടുതലായി ഖബ്ര്‍ സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ക്കാണ് ബാധകമാവുക. കാരണം ആധിക്യസൂചകമായ (സവ്വാറാത്ത്) പദമാണ് ഇവിടെ പ്രയോഗിച്ചിട്ടുള്ളത്. ഭര്‍ത്താവിനോടുള്ള ബാധ്യതകളില്‍ വീഴ്ചവരുത്തുക, അണിഞ്ഞൊരുങ്ങി പുറത്ത് വിഹരിക്കുക, ബഹളം വെച്ചു കരയുക തുടങ്ങിയ തിന്മകളിലേക്ക് എത്തിച്ചേരാമെന്നതാവാം ഈ നിരോധനത്തിന്റെ കാരണം. എന്നാല്‍ ഇതിനെ സംബന്ധിച്ചൊക്കെ നിര്‍ഭയത്വമുണ്ടെങ്കില്‍ സ്ത്രീകളെ അനുവദിക്കുന്നതിന് വിലക്കുകളൊന്നുമില്ല. കാരണം മരണസ്മരണ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ആവശ്യമാണല്ലോ” (നൈലുല്‍ ഔത്വാര്‍) 32.
ഇമാം ശൗകാനി പറഞ്ഞു: ഇവ്വിഷയകമായി പ്രത്യക്ഷത്തില്‍ വിരുദ്ധങ്ങളാണെന്ന് തോന്നിക്കുന്ന ഹദീസുകളെ സംയോജിപ്പിക്കുന്നതില്‍ അവലംബിക്കാവുന്ന അഭിപ്രായം ഖുര്‍ത്വുബിയുടേതാണ്” (നൈലുല്‍ ഔത്വാര്‍) 33.
വഴി തെറ്റിയ സിയാറത്ത്
സദ്‌വൃത്തനായ ഒരു മനുഷ്യന്‍ മരിച്ചാല്‍ അദ്ദേഹത്തിന്റെ ഖബ്‌റിങ്കല്‍ സിയാറത്തിന്റെ പേരില്‍ മതവിരുദ്ധവും നിഷിദ്ധവുമായ ഒട്ടേറെ ചെയ്തികള്‍ ഇന്ന് നടക്കുന്നു. അവിടെ സുജൂദ്‌ചെയ്യുക, അത് സ്പര്‍ശിച്ചു ബര്‍ക്കത്ത് നേടുക, തിരികൊളുത്തുക, വിരിപ്പുകള്‍കൊണ്ട് ഖബ്ര്‍ മൂടുക, ഖബ്ര്‍ നിവാസിയോട് പ്രാര്‍ഥിക്കുക എന്നിവയൊക്കെ അതില്‍ ചിലത് മാത്രമാണ്. ഇപ്രകാരം ഖബ്‌റാളിയെയും ഖബ്‌റിനെയും ബഹുമാനിക്കുന്നത് ഇസ്‌ലാം നിഷിദ്ധമാക്കി. ജുന്‍ദബ്(റ)ല്‍ നിന്നും മുസ്‌ലിം ഉദ്ധരിക്കുന്നു: ”നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ അവരിലെ പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും ഖബ്‌റുകള്‍ ആരാധനാലയങ്ങളാക്കിയിരുന്നു. അറിയുക, നിങ്ങള്‍ ഖബ്‌റുകള്‍ പള്ളികളാക്കരുത്. നിശ്ചയം ഞാന്‍ നിങ്ങളെ അതില്‍ നിന്ന് വിലക്കുന്നു.”(മുസ്‌ലിം) 34).
ഖബ്‌റുകള്‍ പള്ളികളാക്കരുതെന്നതിന്റെ വിവക്ഷ ഖബ്‌റിന്മേല്‍ പള്ളിസ്ഥാപിക്കുക മാത്രമല്ല. പള്ളികളില്‍ നിര്‍വഹിക്കപ്പെടേണ്ടത് പോലുള്ള ആരാധനകളും മറ്റും ഖബ്‌റിങ്കല്‍വെച്ചു ചെയ്യലാണ്. ”നിങ്ങള്‍ നമസ്‌കാരത്തില്‍ നിന്നും ഒരു ഭാഗം നിങ്ങളുടെ വീടുകളിലാക്കുക. അവയെ നിങ്ങള്‍ ഖബ്‌റുകളാക്കരുത്”(മുസ്‌ലിം) 35) എന്ന നബിവചനത്തിന്റെ ഉദ്ദേശ്യം ഖബ്‌റുകളില്‍ ഒരു ആരാധനയും ചെയ്യാത്തതുപോലെ മുസ്‌ലിംകളുടെ വീടുകളെ ആക്കരുതെന്നാണല്ലോ.
പരേതനോടുള്ള ആദരവും ബഹുമാനവും ഒരിക്കലും ആരാധനയായിക്കൂടാ. ഇമാം ശാഫിഈ പറയുന്നു: ”മുസ്‌ലിംകളില്‍ ഏതൊരാളും അതിരുകവിഞ്ഞ് ബഹുമാനിക്കപ്പെടുന്നത് (തഅ്ദ്വീം) ഞാന്‍ വെറുക്കുന്നു. കാരണം അവന്റെ ഖബ്ര്‍ ആരാധനാലയമാക്കപ്പെടുകയും അതിനാല്‍ ശേഷക്കാര്‍ വിപത്തിലാക്കപ്പെടുകയും ചെയ്‌തേക്കുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു” (അല്‍ഉമ്മ്) 36.
ആരാധനകള്‍കൊണ്ട് ഖബ്‌റിനെ വിശേഷവത്കരിക്കുകയെന്ന ജൂത ക്രിസ്ത്യാനികളുടെ മാര്‍ഗം സ്വീകരിക്കരുതെന്ന് താക്കീതുചെയ്യുക മാത്രമല്ല, അതിലേക്കുള്ള സാധ്യതകളെയും ഇസ്‌ലാം നിരോധിച്ചു. നബി(സ്വ) പറഞ്ഞു: ”നിങ്ങള്‍ ഖബ്‌റിന്മേല്‍ ഇരിക്കരുത്. അതിലേക്ക് തിരിഞ്ഞു നമസ്‌കരിക്കുകയും അരുത്” (മുസ്‌ലിം) 37). അല്ലാഹുവിലേക്ക് തിരിഞ്ഞുകൊണ്ടാണ് നമസ്‌കരിക്കുന്നതെന്ന നിയ്യത്തുണ്ടെങ്കിലും ഖബ്‌റിലേക്ക് തിരിഞ്ഞായിക്കൂടെന്ന പ്രസ്താവന വളരെ ശ്രദ്ധേയമാണ്. പള്ളിയില്‍ മയ്യിത്ത് ഖിബ്‌ലയുടെ ഭാഗത്തുവെച്ച് ഫര്‍ദ് നമസ്‌കരിക്കുന്നതിനെപോലും പണ്ഡിതന്മാര്‍ വിമര്‍ശിച്ചു. ശൈഖല്‍ഖാരി പറഞ്ഞു: ”കഅ്ബയുടെ ഭാഗത്ത് ജനാസ വെക്കുകയും പിന്നീട് കഅ്ബയിലേക്ക് തിരിഞ്ഞു നമസ്‌കരിക്കുകയും ചെയ്യുന്നത് മക്കക്കാര്‍ക്ക് അകപ്പെട്ട ഒരു വിപത്താണ്” (മിര്‍ഖാത്തുല്‍മഫാതീഹ്) 38.
മരണപ്പെട്ട മഹാന്മാരോടുള്ള അമിതാദരവിന്റെ പേരില്‍ അവരുടെ ഖബ്‌റുകള്‍ക്ക് മീതെ പടുത്തുയര്‍ത്തിയ സൗധങ്ങളില്‍ ഉറൂസ്, നേര്‍ച്ച, ചന്ദനക്കുടം എന്നിവയൊക്കെ നടത്തല്‍ ബഹുദൈവാരാധനയ്ക്ക് സമാനമാണെന്ന് ഇമാം റാസി പറയുന്നു. ”നിശ്ചയം, അവിശ്വാസികള്‍ അവരുടെ പ്രവാചകന്മാരുടെയും മഹാന്മാരുടെയും രൂപത്തിലായിരുന്നു വിഗ്രഹങ്ങളും പ്രതിമകളും സ്ഥാപിച്ചത്. പ്രതിമകള്‍ക്ക് ആരാധനകള്‍ ചെയ്താല്‍ ആ മഹാന്മാര്‍ തങ്ങള്‍ക്ക്‌വേണ്ടി അല്ലാഹുവിന്റെ അടുത്ത് ശിപാര്‍ശചെയ്യുമെന്നായിരുന്നു അവരുടെ ജല്പനം. ഇതിന് സമാനമാണ് ഇന്ന് അനേകം മനുഷ്യര്‍ മഹാന്മാരുടെ ഖബ്‌റുകള്‍ ബഹുമാനിക്കുന്നതില്‍ മുഴുകിയിരിക്കുന്നത്. മഹാന്മാരുടെ ഖബ്‌റുകളെ ബഹുമാനിച്ചാല്‍ അവര്‍ തങ്ങള്‍ക്കുവേണ്ടി അല്ലാഹുവിന്റെയടുക്കല്‍ ശിപാര്‍ശചെയ്യുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്” (തഫ്‌സീറുല്‍കബീര്‍ ) 39.
ഇമാം അബുല്‍ഹസന്‍ മുഹമ്മദുബ്‌നു മര്‍സൂഖ് സഅ്ഫറാനി തന്റെ ‘ജനാഇസി’ല്‍ പറഞ്ഞു: ”ഖബ്ര്‍ ചുംബിക്കരുത്, അത് കൈകൊണ്ട് സ്പര്‍ശിക്കുകയും അരുത്. ഇപ്രകാരമാണ് ചര്യ വന്നിട്ടുള്ളത്.” അദ്ദേഹം തുടരുന്നു: ”ഇക്കാലത്ത് സാധാരണക്കാര്‍ചെയ്യുന്ന ഖബ്ര്‍ ചുംബനവും സ്പര്‍ശവും മതദൃഷ്ട്യാ നികൃഷ്ടമായ ബിദ്അത്തുകളില്‍ പെട്ടതാണ്. അത് ഉപേക്ഷിക്കല്‍ അനിവാര്യവും അപ്രകാരം ചെയ്യുന്നവനെ വിലക്കേണ്ടതുമാണ്”. അബൂമൂസാ പറഞ്ഞു: ”ഖുറാസാനിലെ മഹാപണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു: സന്ദര്‍ശകന്‍ മയ്യിത്തിന്റെ മുഖത്തെ അഭിമുഖീകരിച്ച് ഖിബ്‌ലക്ക് പിന്നിട്ടായി നില്ക്കുന്നതാണുത്തമം. അവന്‍ സലാം പറയണം. ഖബ്ര്‍ തലോടുകയോ സ്പര്‍ശിക്കുകയോ ചുംബിക്കുകയോ അരുത്. കാരണം തീര്‍ച്ചയായും ഇത് ക്രിസ്ത്യാനികളുടെ ആചാരമാണ്. ” നവവി പറയുന്നു: ”ഈ പണ്ഡിതന്മാര്‍ പറഞ്ഞത് ശരിയാണ്. കാരണം ഖബ്‌റുകളെ ബഹുമാനിക്കല്‍ (തഅ്ദ്വീം) നിരോധിക്കപ്പെട്ടതാണെന്ന് സ്വഹീഹായി വന്നിട്ടുണ്ട്. കഅ്ബയുടെ രണ്ടു ഭാഗങ്ങള്‍ സ്പര്‍ശിക്കുന്നത് അഭിലഷണീയമായിരിക്കെ അതിന്റെ ശാമി ഭാഗങ്ങള്‍ സ്പര്‍ശിക്കുന്നത് അഭിലഷണീയമാകുന്നില്ല. കാരണം, അങ്ങനെ നബിചര്യയിലില്ല. എന്നാല്‍ ഖബ്ര്‍ സ്പര്‍ശം അനഭിലഷണീയമാവാന്‍ കൂടുതല്‍ തരപ്പെട്ടതാണ്” (ശറഹുല്‍മുഹദ്ദബ്) 40.
ഖബ്‌റുകള്‍ ആരാധിക്കപ്പെടുന്നത് ഗുരുതരമായ ഒരു പാതകമായാണ് നബി(സ്വ) കണ്ടിരുന്നത്. അത്തരക്കാരെ പ്രവാചകന്‍(സ്വ) ശപിക്കുകകൂടിയുണ്ടായി. ”ഖബ്‌റുകള്‍ പള്ളികളാക്കുന്നവരെയും അവിടെ വിളക്കുകൊളുത്തുന്നവരെയും നബി(സ്വ) ശപിച്ചു” (അബൂദാവൂദ്) 41. പ്രവാചകന്‍ സമൂഹത്തോടായി നിരോധിച്ചു: ‘നിങ്ങള്‍ എന്റെ ഖബ്‌റിനെ ഉത്സവസ്ഥലമാക്കരുത്” (അബൂദാവൂദ്) 42). അവിടുന്ന് പ്രാര്‍ഥിച്ചു: ”അല്ലാഹുവേ, നീ എന്റെ ഖബ്‌റിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതേ”(മുവത്വ) 43.
നബി(സ്വ)യെ വീട്ടില്‍ മറവ്‌ചെയ്തതിന്റെ ഉദ്ദേശ്യം ഖബ്ര്‍ ആരാധിക്കപ്പെട്ടേക്കുമോ എന്ന ആശങ്കയാണെന്ന് ബുഖാരി പറയുന്നു. ആഇശ(റ) പറയുന്നു: ”നബി(സ്വ) രോഗാവസരത്തില്‍ പറഞ്ഞു: ജൂതക്രിസ്ത്യാനികള്‍ അവരുടെ പ്രവാചകന്മാരുടെ ഖബ്‌റുകള്‍ പള്ളികളാക്കിയതിനാല്‍ അല്ലാഹു അവരെ ശപിച്ചിരിക്കുന്നു.” ആഇശ(റ) തുടര്‍ന്നു: ”ഇപ്രകാരമായിരുന്നില്ലെങ്കില്‍ നബി(സ്വ)യുടെ ഖബ്ര്‍ സ്വഹാബികള്‍ വെളിയിലാക്കുമായിരുന്നു. പക്ഷേ പള്ളിയാക്കപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു” (ബുഖാരി) 44.
ശവകുടീരങ്ങളിലേക്ക് പുണ്യം പ്രതീക്ഷിച്ചുകൊണ്ടുള്ള തീര്‍ഥയാത്ര ഇസ്‌ലാം നിരോധിച്ചു. പ്രവാചകന്‍ പറയുന്നു. ”മസ്ജിദുല്‍ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍അഖ്‌സ്വാ എന്നീ മൂന്ന് പള്ളികളിലേക്കല്ലാതെ തീര്‍ഥാടനം പാടില്ല.” (ബുഖാരി) 45.
ചുരുക്കത്തില്‍ പുണ്യം പ്രതീക്ഷിച്ചുകൊണ്ട് ശവകുടീരങ്ങളിലേക്കുള്ള തീര്‍ഥാടനവും അവയ്ക്ക് മുകളില്‍ ഗോപുരങ്ങളും മറ്റും പടര്‍ത്തുയര്‍ത്തുന്നതും ഇസ്‌ലാം നിരോധിക്കുകയും തന്മൂലം പൂര്‍വവേദക്കാര്‍ക്ക് സംഭവിച്ച അധ:പതനം മുസ്‌ലിംകളെ ബാധിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്ന് താക്കീത്‌ചെയ്തു. എന്നാല്‍ ഇതെല്ലാം ഉണ്ടായിരിക്കെതന്നെ ശവകുടീരങ്ങളില്‍ മുസ്‌ലിം സമൂഹത്തില്‍ വലിയൊരുവിഭാഗം ബന്ധിക്കപ്പെട്ടിരിക്കുന്ന ദുഃഖകരമായ സ്ഥിതിയാണ് ഇന്നുള്ളത്. ഇസ്‌ലാമിന്റെ നിര്‍ദേശങ്ങള്‍ ശ്രവിക്കാത്തതിനാല്‍ മുസ്‌ലിംകള്‍ എത്തിച്ചേരുന്ന ദാരുണമായ അവസ്ഥയെകുറിച്ച് ഇമാം ശൗകാനി പറയുന്നു:
”ഖബ്‌റുകള്‍ ജാറങ്ങളായി കെട്ടിപ്പൊക്കുകയും അവ അലങ്കരിക്കുകയും ചെയ്യുന്നത്മൂലം എന്തെല്ലാം കുഴപ്പങ്ങളാണ് പടര്‍ന്നുകൊണ്ടിരിക്കുന്നത്! ഇസ്‌ലാം അവയെച്ചൊല്ലി വിലപിച്ചുകൊണ്ടിരിക്കുകയാണ്. സത്യനിഷേധികള്‍ വിഗ്രഹങ്ങളെ സംബന്ധിച്ചു വിശ്വസിക്കുന്നത് പോലെ പാമരന്മാര്‍ ഈ ജാറങ്ങളെക്കുറിച്ചു വിശ്വസിക്കുന്നു. ജാറങ്ങള്‍ മഹത്വവത്കരിക്കപ്പെടുകയും നന്മകള്‍ നേടിക്കൊടുക്കാനും ഉപദ്രവങ്ങള്‍ തടുക്കാനും അവയ്ക്ക് കഴിവുണ്ടെന്ന് അവര്‍ കരുതുകയുംചെയ്യുന്നു. അങ്ങനെ തങ്ങളുടെ അഭിലാഷസാഫല്യ കേന്ദ്രമായും ഫലസിദ്ധിക്കുള്ള സ്ഥാനമായും ഖബ്‌റുകളെ അവര്‍ പരിഗണിക്കുന്നു. ദാസന്മാര്‍ അല്ലാഹുവോട് ചോദിക്കേണ്ട കാര്യങ്ങള്‍ അവര്‍ ഖബ്‌റാളികളോട് ചോദിക്കുന്നു. അവിടേക്ക് തീര്‍ഥാടനം ചെയ്യുന്നു. അവര്‍ വന്ദനത്തോടെ അവയെ തൊട്ടുതടവുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ജാഹിലിയ്യാകാലത്തെ ആളുകള്‍ വിഗ്രഹങ്ങളുടെ അടുക്കല്‍ ചെയ്തിരുന്നതൊന്നും അവര്‍ ഈ ഖബ്‌റില്‍ ചെയ്യാതെ പോവുന്നില്ല. അല്ലാഹുവില്‍ അഭയം” (നൈലുല്‍ഔത്വാര്‍) 46.
References
- തഫ്‌സീറു ഇബ്‌നു കസീര്‍, അബുല്‍ ഫിദാഅ് ഇസ്മാഈലുബ്‌നു ഉമറബ്‌നി കസീര്‍ അല്‍ ഖുറശീ അല്‍ ബസ്വരീ, ദാറു ത്വയ്ബ ലിന്നശ്‌രി വത്തൗസീഅ്, രണ്ടാം പതിപ്പ്, വാള്യം 07, പേജ് 76[↩]
- ശര്‍ഹുല്‍ മുസ്‌ലിം (അല്‍ മിന്‍ഹാജ് ശറഹു സ്വഹീഹി മുസ്‌ലിമിബ്‌നില്‍ ഹജ്ജാജ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫിന്നവവീ, ദാറു ഇഹ്‌യാത്തുറാസില്‍ അറബി, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 90[↩]
- സുനനു ത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 176, ഹദീസ് 3135[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 93, ഹദീസ് 1351[↩]
- ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 03, പേജ്: 215[↩]
- സുനനു ഇബ്‌നി മാജ, ഇബ്‌നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്‌നു യസീദില്‍ ഖസ്‌വീനി, ദാറു ഇഹ്‌യാഇല്‍ കുതുബില്‍ അറബിയ്യ, വാള്യം 02, പേജ് 532, ഹദീസ് 1601[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 123, ഹദീസ് 6602[↩]
- ശര്‍ഹുല്‍ മുഹദ്ദബ്, അബൂ സകരിയ്യാ മുഹ്‌യിദ്ദീന്‍ ബ്‌നു യഹ്‌യാ അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 05, പേജ് 306[↩]
- സാദുല്‍ മആദി ഫീ ഹദ്‌യി ഖൈറില്‍ ഇബാദി, മുഹമ്മദു ബ്‌നു അബീബക്ര്‍ ബ്‌നു അയ്യൂബി ബ്‌നു സഅ്ദില്‍ ശംസിദ്ദീന്‍, ഇബ്‌നില്‍ ഖയ്യിം(റ), മുഅസ്സതുര്‍റിസാല ബൈറൂത്ത് & മക്തബതുല്‍ മനാറില്‍ ഇസ്‌ലാമിയ്യ, കുവൈത്ത്, 27ാം പതിപ്പ്, വാള്യം 01, പേജ് 678[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 169, ഹദീസ് 2642[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 176, ഹദീസ് 2662[↩]
- സ്വഹീഹുല്‍ ജാമിഇ സ്സ്വഗീറി വ സിയാദതുഹൂ, അബൂ അബ്ദിര്‍റഹ്‌മാന്‍ മുഹമ്മദ് നാസിറുദ്ദീന്‍ അല്‍ബാനീ, അല്‍ മക്തബതുല്‍ ഇസ്‌ലാമി, വാള്യം 02, പേജ് 1164, ഹദീസ് 6916[↩]
- അല്‍ ഗായതു ഫീ ഇഖ്തിറാസ്വിന്നിഹായ, ഇബ്‌നു അബ്ദില്‍ അസീസി ബ്‌നി അബ്ദിസ്സലാം അസ്സുലമി, ദാറുന്നവാദിര്‍, ബൈറൂത്ത്, ലെബനാന്‍, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 263[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 164[↩]
- അല്‍ഉമ്മ്, അബൂ അബ്ദില്ലാ മുഹമ്മദ് ബ്‌നു ഇദ്‌രീസി ബ്‌നുല്‍ അബ്ബാസ്, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 01, പേജ്: 317[↩]
- സുനനു ഇബ്‌നി മാജ, ഇബ്‌നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്‌നു യസീദില്‍ ഖസ്‌വീനി, ദാറു ഇഹ്‌യാഇല്‍ കുതുബില്‍ അറബിയ്യ, വാള്യം 01, പേജ് 514, ഹദീസ് 1612[↩]
- ശര്‍ഹുല്‍ മുഹദ്ദബ്, അബൂ സകരിയ്യാ മുഹ്‌യിദ്ദീന്‍ ബ്‌നു യഹ്‌യാ അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 05, പേജ് 320[↩]
- തുഹ്ഫത്തുല്‍ മുഹ്താജി ഫീ ശറഹില്‍ നിന്‍ഹാജ്, അഹ്‌മദ്ബ്‌നു മുഹമ്മദ് ബ്‌നു അലി ബ്‌നു ഹജറില്‍ ഹൈതമീ, അല്‍ മക്തബത്തുത്തിജാറിയ്യതുല്‍ കുബ്‌റാ, ഈജിപ്ത്, വാള്യം 03, പേജ് 207[↩]
- ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്, ദാറുല്‍ കിതാബില്‍ അറബീ, ബൈറൂത്, ലബനാന്‍, മൂന്നാം പതിപ്പ്, വാള്യം 01, പേജ് 564[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നി ഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 397,398, ഹദീസ് 1236[↩]
- അല്‍ മുസ്തദ്‌റകു അലസ്സ്വഹീഹൈനി, അബൂ അബ്ദില്ല അല്‍ ഹാകിം മുഹമ്മദ്ബ്‌നു അബ്ദില്ല, ദാറുല്‍ കുതുബില്‍ ഇല്മിയ്യ, ബൈറൂത്ത്, വാള്യം 01, പേജ്: 532, ഹദീസ് 1393[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 17, പേജ് 429, ഹദീസ് 11329[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 65, ഹദീസ് 108 (976[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 64, ഹദീസ് 104 (975[↩]
- സുനനു ത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 02, പേജ് 532, ഹദീസ് 1076[↩]
- അല്‍ മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫ് അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 05, പേജ് 310[↩]
- അല്‍ മുസ്തദ്‌റകു അലസ്സ്വഹീഹൈനി, അബൂ അബ്ദില്ല അല്‍ ഹാകിം മുഹമ്മദ്ബ്‌നു അബ്ദില്ല, ദാറുല്‍ കുതുബില്‍ ഇല്മിയ്യ, ബൈറൂത്ത്, വാള്യം 01, പേജ്: 532, ഹദീസ് 1392[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 79, ഹദീസ് 1283[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 63, ഹദീസ് 103 (974[↩]
- ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 03, പേജ്: 150[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 362, ഹദീസ് 1056[↩]
- നൈലുല്‍ ഔത്വാര്‍, മുഹമ്മദ് ബ്‌നു അലിയ്യി ബ്‌നു മുഹമ്മദ് ബ്‌നി അബ്ദില്ല അശ്ശശകാനീ, ദാറുല്‍ ഹദീസ്, ഒന്നാം പതിപ്പ്, ഈജിപ്ത്, വാള്യം 04, പേജ്: 134[↩]
- നൈലുല്‍ ഔത്വാര്‍, മുഹമ്മദ് ബ്‌നു അലിയ്യി ബ്‌നു മുഹമ്മദ് ബ്‌നി അബ്ദില്ല അശ്ശശകാനീ, ദാറുല്‍ ഹദീസ്, ഒന്നാം പതിപ്പ്, ഈജിപ്ത്, വാള്യം 04, പേജ്: 135[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 67, ഹദീസ് 23 (532[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 87, ഹദീസ് 209 (777[↩]
- അല്‍ഉമ്മ്, അബൂ അബ്ദില്ലാ മുഹമ്മദ് ബ്‌നു ഇദ്‌രീസി ബ്‌നുല്‍ അബ്ബാസ്, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 01, പേജ്: 317[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 62, ഹദീസ് 97 (972[↩]
- മിര്‍ഖാതുല്‍ മഫാതീഹി ശര്‍ഹു മിശ്കാതില്‍ മസ്വാബീഹി, ഉബൈദുല്ലാഹിര്‍റഹ്‌മാനി അല്‍ മുബാറക്ഫൂരി, ഇദാറതുല്‍ ബുഹൂസില്‍ ഇല്‍മിയ്യതി വദ്ദഅ്‌വതി വല്‍ ഇഫ്താഇ ജാമിഅ സലഫിയ്യ, ബനാറസ്, ഇന്ത്യ, മൂന്നാം പതിപ്പ്, വാള്യം 03, പേജ് 1217[↩]
- തഫ്‌സീറുല്‍ കബീര്‍, ഇമാം റാസി, വാള്യം 17, പേജ് 227[↩]
- ശര്‍ഹുല്‍ മുഹദ്ദബ്, അബൂ സകരിയ്യാ മുഹ്‌യിദ്ദീന്‍ ബ്‌നു യഹ്‌യാ അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 05, പേജ് 311[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 212, ഹദീസ് 3236[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 169, ഹദീസ് 171 (2042[↩]
- അല്‍ മുവത്ത്വഅ്, മാലികു ബ്‌നു അനസി ബ്‌നി മാലിക്, മുഅസ്സസതു സായിദി ബ്‌നി സുല്‍ത്വാന്‍ ആലുനഹ്‌യാന്‍, അബൂദബി, ഒന്നാം പതിപ്പ്, വാള്യം 01, പേജ്: 172, ഹദീസ് 85[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 11, ഹദീസ് 4441[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 60, ഹദീസ് 1189[↩]
- നൈലുല്‍ ഔത്വാര്‍, മുഹമ്മദ് ബ്‌നു അലിയ്യി ബ്‌നു മുഹമ്മദ് ബ്‌നി അബ്ദില്ല അശ്ശശകാനീ, ദാറുല്‍ ഹദീസ്, ഒന്നാം പതിപ്പ്, ഈജിപ്ത്, വാള്യം 04, പേജ്: 102[↩]
