ത്വരീഖത്തുകള്‍
സരണി, രീതി എന്നൊക്കെ ഭാഷാര്‍ഥങ്ങളുള്ള പദമാണ് ത്വരീഖത്ത്. സ്വൂഫിസത്തിന്റെ കര്‍മരീതി എന്ന നിലക്കാണ് ത്വരീഖത്തുകള്‍ നിലകൊള്ളുന്നത്. സാങ്കേതികാര്‍ഥത്തില്‍, മതം വിരോധിച്ച കാര്യങ്ങള്‍ ബാഹ്യമായും ആന്തരികമായും പരിത്യജിച്ച്, ദൈവസ്മരണയില്‍ ആണ്ടു കഴിയലാണ് ത്വരീഖത്ത്. ശരീഅത്തിലൂടെ ആത്യന്തിക സത്യമായ ഹഖീഖത്ത് പ്രാപിക്കാനുളള മാധ്യമം കൂടിയാണിതെന്ന് സ്വൂഫികള്‍ അവകാശപ്പെടുന്നു.
മതജീവിതത്തെ സമ്പൂര്‍ണവും സമ്പന്നവുമാക്കലാണ് തസ്വവ്വുഫെന്ന് സ്വൂഫികള്‍ പറയുന്നു. തസ്വവ്വുഫിന് ശരീഅത്ത്, ത്വരീഖത്ത്, ഹഖീഖത്ത് എന്നിങ്ങനെ മൂന്ന് തലങ്ങളാണുള്ളത്. ഇതില്‍ ശരീഅത്ത് മതനിയമങ്ങളാണ്. അഥവാ നമസ്‌കാരം, നോമ്പ്, ഹജ്ജ് ആദിയായവ. ശാരീരിക തലങ്ങളെ നിയന്ത്രിക്കാനുള്ള ഭാവമാണിത്. ആധ്യാത്മികത അതിന്റെ പരമോന്നതി പ്രാപിച്ച് ആത്മ ദൃഷ്ടിയിലൂടെ ഉള്‍ക്കാഴ്ച നേടും. ഇതാണ് ഹഖീഖത്ത്. ഇതിനെ ഇഹ്‌സാനികതലം എന്നും പറയാറുണ്ട്. അഥവാ അല്ലാഹുവിനെ കാണുന്നു എന്ന അവസ്ഥയിലേക്ക് അടിമയെത്തുന്നു. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നു എന്ന നിലക്ക് ആരാധനകളര്‍പ്പിക്കാന്‍ സാധിക്കലാണല്ലോ ഇഹ്‌സാന്‍. ശരീഅത്തില്‍ നിന്നും ഹഖീഖത്തിലേക്കുള്ള വഴിദൂരമാണത്രെ ത്വരീഖത്ത്. അഥവാ ദുര്‍ഗുണങ്ങളില്‍ നിന്നും മനസ്സിനെ കഴുകിത്തുടച്ചെടുത്ത് സദ്ഗുണങ്ങളാല്‍ പൊതിയുന്ന ഈമാനികതലം.
ശരീഅത്തില്‍ നിന്ന് ഒരിക്കലും ഒറ്റയടിക്ക് ഹഖീഖത്തിലേക്ക് ചാടിക്കടക്കാനാവില്ലത്രെ. ത്വരീഖത്തെന്ന പാലത്തിലൂടെയല്ലാതെ അങ്ങോട്ട് എത്തിപ്പെടാന്‍ ആവില്ലെന്നാണ് സ്വൂഫിപക്ഷം. സൈനുദ്ദീന്‍ മഖ്ദൂം, തന്റെ അദ്കിയാഅ് എന്ന പേരുള്ള സ്വൂഫി കാവ്യ ഗ്രന്ഥത്തില്‍ പറയുന്നു. ‘അല്ലാഹുവിനെ മാത്രം കാംക്ഷിച്ച് രിയാദ്വപോലെയുള്ള കര്‍മങ്ങളും തഖ്‌വയും മുറുകെ പിടിക്കലാണ് ത്വരീഖത്ത്.
ത്വരീഖത്തില്‍ ഒരു ശൈഖ് അനിവാര്യമാണ്. ശൈഖിന് കീഴില്‍ പ്രാദേശിക ഖലീഫമാരുണ്ടാവും. ശൈഖിനെ ഉദ്ദേശിച്ചെത്തുന്നവരാണ് മുരീദുമാര്‍. ശൈഖും മുരീദൂം തമ്മിലുള്ള ആത്മബന്ധം അഗാധമാണ്. മുരീദിന്റെ സര്‍വ്വനിയന്ത്രണങ്ങളും ശൈഖിലാണെന്നതിന് ചിലര്‍ പറഞ്ഞുവച്ചത് ‘കുളിപ്പിക്കുന്നവന്റെ മുമ്പില്‍ കിടക്കുന്ന മയ്യിത്തിന് സമാനമാണ് ശൈഖിന്റെ മുമ്പില്‍ മുരീദിന്റെ അവസ്ഥ’ എന്നത്രേ.
എന്നാല്‍ അല്ലാഹു, അന്തിമദൂതന്‍ മുഖേന പഠിപ്പിച്ച ഇസ്‌ലാം എന്ന ജീവിത സരണിയെ സങ്കീര്‍ണവും പുരോഹിതപ്രഹനവുമായ ഒരു ആശയമാക്കിമാറ്റുകയാണ് ത്വരീഖത്തുകള്‍ ചെയ്തത്.
ശൈഖ്-മുരീദ് ബന്ധം
ശൈഖാണ് ത്വരീഖത്തിന്റെ കേന്ദ്ര ബിന്ദു. ത്വരീഖത്തിന്റെ തലവനാണിദ്ദേഹം. മറ്റൊരു ശൈഖില്‍ നിന്നാണ് പുതിയ ശൈഖിന് ഇജാസത്ത് (അനുമതിപത്രം) ലഭിക്കുക. ശൈഖായി വാഴിക്കുമ്പോള്‍ പ്രത്യേക സ്ഥാനവസ്ത്രവും (ഖിര്‍ഖ) അണിയിക്കും
ഏതൊരു ശൈഖിന്റെയും അവസാന കണ്ണി നബി(സ്വ)യിലാണെത്തുകയെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഇത് ശീഈ വിഭാഗത്തിലെ ഇസ്‌നാ അശരിയ്യയുടെ പന്ത്രണ്ട് ഇമാമുകളിലൂടെയും കടന്നുപോയി അലി(റ)യിലും പിന്നീട് നബി(സ്വ)യിലുമെത്തുന്നുവെന്ന് ഒരു വിഭാഗം ശിയാക്കള്‍ പറയുന്നു. നബി(സ്വ) അലി(റ)ക്ക് നല്‍കിയ ഇജാസത്താണത്രെ അലി(റ)യില്‍ നിന്ന് പിന്‍മുറക്കാരായ ശൈഖുമാരും കൈമാറി വരുന്നത്.
ശൈഖിനെ തേടിയെത്തുന്നവരാണ് മുരീദുമാര്‍. ഇവര്‍ക്കിടയില്‍ ശക്തമായ ആത്മബന്ധമാണ് നിലനില്‍ക്കുക. ശൈഖിന്റെ മുമ്പില്‍ മുരീദ്, കുളിപ്പിക്കുന്നവന്റെ മുമ്പിലെ മയ്യിത്തു പോലെയാണെന്നാണ് സ്വൂഫീ വിശ്വാസം. ചില ത്വരീഖത്തുകളില്‍, ബൈഅത്തിലൂടെയാണ് ശൈഖ് ഈ ആധിപത്യം നേടുന്നത്.
മുരീദിന്റെ ആത്മാവിനെ കഴുകിയെടുക്കുന്നവനാണത്രെ ശൈഖ്. അതുകൊണ്ടു തന്നെ മുരീദ് ശൈഖിന് ബൈഅത്ത് ചെയ്യണം. ബൈഅത്തോടെ ശൈഖ് മഖ്ദൂമായി. അഥവാ സേവിക്കപ്പെടേണ്ടവന്‍. മുരീദ് സേവകനും.
ശൈഖില്‍ പ്രത്യക്ഷമായ തെറ്റുകള്‍ കണ്ടാല്‍ പോലും ചോദ്യം ചെയ്യാന്‍ മുരീദിന് അനുവാദമില്ലത്രെ. അത് അനുസരണക്കേടാണ്. ചില ത്വരീഖത്തുകളില്‍ മുരീദ് ശൈഖിനു മുന്നില്‍ തന്റെ പാപങ്ങള്‍ ഏറ്റുപറയണമെന്ന് നിഷ്‌കര്‍ഷയുണ്ട്. ക്രൈസ്തവ മതത്തിലെ കുമ്പസാരം പോലെ. ശൈഖിന് ദൈവിക പദവി പോലും കല്പിച്ചു കൊടുക്കുന്ന ത്വരീഖത്തുമുണ്ട്. ബായസീദ് എന്ന ശൈഖിനെ അല്ലാഹുവിന് തുല്യനാക്കിയിരുന്ന മുരീദുമാരെക്കുറിച്ച് ജലാലുദ്ദീന്‍ റൂമിയുടെ പുത്രന്‍ സുല്‍ത്താനുല്‍ ഔലിയ വലിദ് ബഹാഉദ്ദീന്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്തരം ശൈഖുമാര്‍ വ്യാജ ത്വരീഖത്തിന്റെ ഭാഗമാണെന്നാണ് സ്വൂഫിസത്തെയും ത്വരീഖത്തിനെയും ന്യായികരിക്കുന്നവരുടെ വാദം.
മുസ്‌ലിം ലോകം പൊതുവില്‍ തള്ളിക്കളഞ്ഞ വിശ്വാസമാണ് ത്വരീഖത്തുകാര്‍ വച്ചുപുലര്‍ത്തുന്നത്. ശൈഖുമാരുടെ മതനിരാസവും അത്ഭുത പ്രകടനങ്ങളും ജനങ്ങളെ വഞ്ചിതരാക്കാന്‍ വേണ്ടി മാത്രമാണെന്ന് പല മഹാന്മാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
‘അമാനുഷികവും അസാധാരണവുമായ വിധത്തില്‍ ഒരു വ്യക്തി വായു മണ്ഡലത്തിലൂടെ പറവകളെപ്പോലെ പറന്നാലും അയാള്‍ക്കു നിങ്ങള്‍ സ്ഥാനവും മതിപ്പും കല്പിക്കരുത്. അയാള്‍ ശരീഅത്തിന്റെ നിയമങ്ങളും ശാസനകളും യഥാവിധി പാലിക്കുന്നുവെന്ന ഉറച്ച വിശ്വാസം നിങ്ങള്‍ക്കുണ്ടാകുന്നതുവരെ’ (രിസാലത്തല്‍ ഖുശൈരി ).
പ്രധാന ത്വരീഖത്തുകള്‍
ലോകത്ത് സ്വൂഫി ചിന്താധാരയില്‍ എണ്ണമറ്റ ത്വരീഖത്തുകള്‍ ഇന്നു നിലവിലുണ്ട്. യഥാര്‍ഥ ത്വരീഖത്ത്, വ്യാജ ത്വരീഖത്ത് എന്നിങ്ങനെ ചിലര്‍ ഹിതാനുസാരം വിഭജിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമില്‍ സ്വൂഫിസത്തിന്റെയും അതിന്റെ ഭാഗമായ ത്വരീഖത്തിന്റെയും ആവശ്യം തന്നെയില്ല. ആയതിനാല്‍ മുസ്‌ലിംകള്‍ മുഴുവന്‍ ത്വരീഖത്തുകളെയും വ്യാജമായി കാണുന്നു.
ത്വരീഖത്ത് പ്രസ്ഥാനം ആദ്യമായി തുടങ്ങിയത് ആരാണെന്നത് അവ്യക്തമാണ്. എന്നാല്‍ ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദില്‍ ഖാദിര്‍ ജീലാനിയുടെ നാമധേയത്തിലാണ് ആദ്യ ത്വരീഖത്ത് രംഗപ്രവേശം ചെയ്തത്. അദ്ദേഹത്തിന്റെ മരണാനന്തരം പിന്‍മുറക്കാര്‍ ഉണ്ടാക്കിയതാണ് അദ്ദേഹത്തിന്റെ പേരുപയോഗിച്ചു കൊണ്ടുള്ള ഖാദിരിയ്യ ത്വരീഖത്ത്.
ഹമ്പലീ മദ്ഹബുകാരനായിരുന്ന ജീലാനി, മഹാനായ പണ്ഡിതനും, ഭക്തിയും ഭൗതിക വിരക്തിയും നന്നായി ഉണ്ടായിരുന്ന അത്യപൂര്‍വ്വ വ്യക്തിയായിരുന്നു. ബഗ്ദാദില്‍ അദ്ദേഹത്തിന്റെ സദസ്സിലേക്ക് മുസ്‌ലിംകളും ഇതര മതസ്ഥരും ഒഴുകിയെത്തി. മത-രാഷ്ട്രീയ രംഗങ്ങള്‍ മലീമസമായിക്കഴിഞ്ഞ, ദുസ്സഹമായ സാമൂഹികാവസ്ഥയില്‍ നിന്ന് മോചനം നേടിയെത്തിയ അവര്‍ക്ക് ശൈഖ് ജീലാനി സ്‌നേഹവും ഭക്തിയും പകര്‍ന്നു നല്‍കി. എന്നാല്‍ ശൈഖ് ജീലാനിയുടെ മരണത്തോടെ ആ സമൂഹവും പിന്‍ഗാമികളും പ്രത്യേക ത്വരീഖത്തായി മാറി. അതാണ് ഖാദിരിയ്യ ത്വരീഖത്ത്.
ശൈഖ് അഹ്‌മദുല്‍കബീര്‍ രിഫാഈ യുടെ പേരിലുള്ള രിഫാഇയ്യ ത്വരീഖത്ത്, ജലാലുദ്ദീന്‍ റൂമിയുടെ പേരിലുള്ള മൗലവിയ്യ ത്വരീഖത്ത്, അബുല്‍ ഹസന്‍ അലി ശാദുലിയുടെ പേരിലുള്ള ശാദുലിയ്യ ത്വരീഖത്ത്, അഹ്‌മദ് ബദവിയുടെ ബദവിയ്യ ത്വരീഖത്ത്, ബഹാഉദ്ദീന്‍ നഖ്ശബന്ദിയുടെ നഖ്ശബന്ദിയ്യ ത്വരീഖത്ത്, ഇബ്‌നുബശീശിന്റെ ബക്ശാത്തിയ്യ ത്വരീഖത്ത്, ശത്താറിന്റെ ശതാരിച്ച ത്വരീഖത്ത്, അജ്മീറിലെ ഖാജാമുഈനുദ്ദീന്‍ ചിശ്തിയുടെ നാമത്തില്‍ അദ്ദേഹത്തിന്റെ മുരീദ് സ്ഥാപിച്ച ചിശ്ത്തിയ്യ ത്വരീഖത്ത്, സനൂസിയുടെ സനൂസിയ്യ ത്വരീഖത്ത്, ഇമാം സുഹ്‌റവര്‍ദിയുടെ സുഹ്‌റവര്‍ദിയ്യ തുടങ്ങിയവയാണ് അറിയപ്പെടുന്ന ത്വരീഖത്തുകള്‍. ഇവയ്‌ക്കെല്ലാം പിന്നീട് അനേകം ഉള്‍പിരിവുകളുണ്ടായി.
ത്വരീഖത്തുകള്‍ കേരളത്തില്‍
ഖാജാ മുഈനുദ്ദീന്‍ ചിശ്തി, ഖുതുബുദ്ദീന്‍ ബക്തിയാര്‍ കഅ്കി, നിസാമുദ്ദീന്‍ ഔലിയ തുടങ്ങിയ സ്വൂഫിമാരുടെ ത്വരീഖത്താണ് ഉത്തരേന്ത്യയില്‍ വേരുപിടിച്ചത്. എന്നാല്‍ കേരളത്തിലെത്തിയത് ബഗ്ദാദില്‍ നിന്നുള്ള ഖാദിരിയ്യ ത്വരീഖത്താണ്. മുഹ്‌യിദ്ദീന്‍ മാലയും മുഹ്‌യിദ്ദീന്‍ മൗലീദ്, റാതീബ്, എന്നിവയും കേരളത്തിലാണല്ലോ പിറന്നത്. സയ്യിദ്, സ്വൂഫി, ഉലമ വിഭാഗങ്ങളാണ് ഈ ത്വരീഖത്തുകളുടെ പ്രചാരകരായത്.
മറ്റു പല ത്വരീഖത്തുകളുടെയും മറ പിടിച്ച് കേരളത്തില്‍ നിരവധി ശാഖകള്‍ വേറെയും വന്നെങ്കിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയ പ്രചാരണത്തിന്റെ ഫലമമെന്നോണം അവ നിഷ്പ്രഭമായി. അവയില്‍ പെട്ടതാണ് 1910 കാലത്ത് കൊടുവള്ളി കേന്ദ്രീകരിച്ച് വന്ന കോരൂര്‍ ത്വരീഖത്ത്, 1930 കാലത്ത് തിരൂര്‍ കേന്ദ്രീകരിച്ചുള്ള ചോറ്റൂര്‍ ത്വരീഖത്ത്, 1962 കാലത്ത് പ്രത്യേക്ഷപ്പെട്ട ചെമ്പാട്ടിമാട ശംസിയ്യ ത്വരീഖത്ത്, വേങ്ങാട് കൈക്കാര്‍ തുടങ്ങിയവ മിക്കതും ഇന്ന് നാമമാത്രമാണ്.
എന്നാല്‍ സമസ്തയുടെ എതിര്‍പ്പ് അവഗണിച്ച് ഇന്നും രണ്ട് ത്വരീഖത്തുകള്‍ ഇവിടെ സജീവമായി നിലനില്‍ക്കുന്നുണ്ട്. ചിശ്തി-ഖാദിരി ത്വരീഖത്തുകളുടെ പിന്‍തുടര്‍ച്ച അവകാശപ്പെടുന്ന നൂരിഷ, ആലുവ ത്വരീഖത്തുകള്‍. മുഹ്‌യിദ്ദീന്‍ ശൈഖിന്റെ 22-ാമത്തെ പൗത്രനായറിയപ്പെടുന്ന സയ്യിദ് അഹ്‌മദ് മുഹ്‌യിദ്ദീന്‍ നൂരിഷ ഹൈദരാബാദിയാണ് നൂരിഷ ത്വരീഖത്ത് സ്ഥാപകന്‍. കേരളത്തില്‍ ഇതിന് നിരവധി കേന്ദ്രങ്ങളുണ്ട്. സമസ്ത കേരള ജംഇയത്തുല്‍ ഉലമ ഔപചാരികമായി അംഗീകരിച്ചതായിരുന്നു നൂരിശ ത്വരീഖത്ത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള ജാമിഅ നൂരിയ്യ എന്ന സ്ഥാപനം ആ പേരിലുള്ളതാണ്. എന്നാല്‍ 1974ല്‍ സമസ്ത നൂരിശ ത്വരീഖത്ത് ഉപേക്ഷിക്കുക മാത്രമല്ല, അത് പിഴച്ച വിഭാഗമാണെന്ന് വിധി പറയുകയും ചെയ്തു.
ആലുവയിലെ യൂസുഫ് സുല്‍ത്ത്വാനാണ് ഖാദിരീ ആലുവ ത്വരീഖത്തിന്റെ സ്ഥാപകന്‍. ഇദ്ദേഹത്തെയും 2006-ല്‍ സമസ്ത തള്ളിപ്പറഞ്ഞു.
മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി വിഭാഗങ്ങള്‍ കേരളത്തില്‍ സജീവമാകുകയും, കേരളീയ മുസ്‌ലിംകള്‍, വിഭ്യാഭ്യാസ മേഖലയിലും മത പ്രചാരണ പ്രവര്‍ത്തന രംഗത്തും നിലവാരം നേടുകയും ചെയ്തത് സ്വൂഫീ-ത്വരീഖത്ത് പ്രസ്ഥാനങ്ങളെ ഉള്‍വലിയാന്‍ പ്രേരിപ്പിച്ചു.
