വന്‍ പാപങ്ങള്‍
മനുഷ്യജീവിതത്തിൽ ദൈവിക നിയന്ത്രണങ്ങൾക്ക് വിരുദ്ധമായി ചെയ്യുന്ന കാര്യങ്ങളാണ് പാപങ്ങൾ. ഇവയിൽ ചില പാപങ്ങൾ വന്‍ പാപങ്ങള്‍ എന്ന നിലയിൽ ഇസ്‌ലാമിക ശരീഅത്ത് പരിഗണിക്കുന്നു. അല്ലാഹുവിൽ പങ്കുചേർക്കൽ, സിഹ്ർ അഥവാ ആഭിചാരം, മനുഷ്യ വധം, അനാഥരുടെ സ്വത്ത് ഭുജിക്കൽ, രണാങ്കണത്തിൽ നിന്നും പിന്തിരിയൽ, പതിവ്രതകളായ സത്യവിശ്വാസിനികളെകുറിച്ച കുറ്റാരോപണം എന്നിവ മഹാപാപങ്ങൾ ആയി വിശുദ്ധ ഖുർആനും പ്രവാചകൻറെ സുന്നത്തും വ്യക്തമാക്കുന്നു. ഇവയെക്കുറിച്ച് വിശദമായി ഇവിടെ വായിക്കാം.
നന്മകള്‍ ധാരാളമായി ചെയ്ത് തിന്മകള്‍ പരമാവധി വെടിഞ്ഞും ജീവിത വിശുദ്ധി നിലനിര്‍ത്തുക എന്നതാണ് ആത്യന്തക വിജയത്തിന് നിദാനമായി ഇസ്‌ലാം പഠിപ്പിക്കുന്നത്. സര്‍വ മതങ്ങളും പക്ഷാന്തരമില്ലാതെ അംഗീകരിക്കുന്ന നന്മകളുണ്ട്. മാനവസമൂഹം ഒന്നടങ്കം മ്ലേഛകരമായി കാണുന്ന ചീത്ത കാര്യങ്ങളുണ്ട്. എന്നാല്‍ നന്മതിന്മകളെ സംബന്ധിച്ച് യഥാര്‍ഥത്തില്‍ വ്യവഛേദിച്ച് ക്ലിപ്തപ്പെടുത്തിത്തരാന്‍ സര്‍വജ്ഞനായ അല്ലാഹുവിന് മാത്രമേ കഴിയുകയുള്ളൂ. ചെറുതും വലുതുമായ നന്മതിന്മകളുടെയൊക്കെ വിശദാംശങ്ങള്‍ വിശുദ്ധ ഖുര്‍ആനിലൂടെയും നബിചര്യയിലൂടെയും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
മനുഷ്യജീവിതത്തില്‍ തെറ്റുകളിലേക്ക് വഴുതിവീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. മനുഷ്യന്‍ മാലാഖയെപ്പോലെ പാപം ചെയ്യാത്തവരോ ദൈവദൂതന്മാരായ മനുഷ്യരെപ്പോലെ പാപസുരക്ഷിതത്വം (ഇസ്മത്ത്) ലഭിച്ചവരോ അല്ല. സഹജമായ ദൗര്‍ബല്യത്താല്‍ വീഴ്ചകള്‍ സംഭവിച്ചുപോകാന്‍ സാധ്യതയുള്ളതിനാല്‍ ബോധപൂര്‍വം ചെയ്യുന്ന നന്മകളെക്കൊണ്ട് അത് പരിഹരിക്കപ്പെടും. അതോടൊപ്പം കര്‍ശനമായി വിരോധിക്കപ്പെട്ടിട്ടുള്ളതും ശിക്ഷാ നിയമങ്ങള്‍ക്ക് വിധേയമായതുമായ മഹാപാപങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യേണ്ടതാണ്.
കഠിനമായ ശിക്ഷയെക്കുറിച്ച് താക്കീത് ചെയ്യപ്പെട്ട കാര്യങ്ങള്‍, അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്കു കാരണമാകുമെന്ന് പ്രസ്താവിക്കപ്പെട്ട കാര്യങ്ങള്‍, കര്‍ശനമായ ഭാഷയില്‍ നിരോധിക്കപ്പെട്ട കാര്യങ്ങള്‍, ഇഹത്തില്‍ വെച്ച് തന്നെ ശിക്ഷാ നടപടികള്‍ക്കു വിധേയമാകുന്ന കാര്യങ്ങള്‍, അല്ലാഹുവിന്റെ മഹത്വത്തെയോ അധികാരാവകാശങ്ങളെയോ ധിക്കരിക്കുന്ന തരത്തിലുള്ള കുറ്റങ്ങള്‍, വ്യക്തികള്‍ക്കും സമൂഹത്തിനും ദോഷകരമാവുന്ന വിധത്തിലുള്ള തിന്മകള്‍, മനുഷ്യര്‍ പരസ്പരമുള്ള ബന്ധങ്ങളെ മുറിച്ചുകളയുന്ന പാപങ്ങള്‍ എല്ലാം വന്‍ പാപങ്ങള്‍ എന്ന ഗണത്തിലാണ് ഉള്‍പ്പെടുന്നത്. മഹാപാപങ്ങള്‍ ഏതൊക്കെയാണെന്ന് കൃത്യമായി വിശുദ്ധഖുര്‍ആനിലോ ഹദീസിലോ എണ്ണിപ്പറഞ്ഞിട്ടില്ല. വിനാശകരങ്ങളായ ഏഴു പാപങ്ങളെ നിങ്ങള്‍ വര്‍ജിക്കുവിന്‍ എന്ന് ഒരിക്കല്‍ നബി(സ്വ) പറഞ്ഞപ്പോള്‍ ഏതാണവ എന്ന് സ്വഹാബികള്‍ ചോദിക്കുകയുണ്ടായി. അപ്പോള്‍ തിരുദൂതര്‍ പറഞ്ഞു. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കല്‍, സിഹ്‌റ് (ആഭിചാരം), അല്ലാഹു ആദരിച്ച മനുഷ്യ ജീവനെ ന്യായപ്രകാരമല്ലാതെ വധിക്കല്‍, പലിശ ഭുജിക്കല്‍, അനാഥയുടെ സ്വത്ത് തിന്നല്‍, ശത്രുക്കളുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന യുദ്ധത്തിരക്കുള്ള ദിവസം പിന്‍തിരിഞ്ഞുപോകല്‍, സത്യവിശ്വാസികളും ദുര്‍വൃത്തികളറിയാത്തവരുമായ സ്ത്രീകളെക്കുറിച്ച് വ്യഭിചാരോരോപണം ചെയ്യലുമാകുന്നു (സ്വഹീഹുല്‍ ബുഖാരി) 1 വേറെ ചില ഹദീസുകളില്‍ ഈ ഏഴ് കാര്യങ്ങള്‍ കൂടാതെ മഹാപാപങ്ങളായി വേറെയും ചില കാര്യങ്ങള്‍ എടുത്തു പറഞ്ഞിട്ടുണ്ട്. മാതാപിതാക്കളെ ദ്രോഹിക്കുക, അവരെ ശപിക്കുക, കള്ളസാക്ഷ്യം പറയുക, കള്ളസത്യം ചെയ്യുക എന്നിവ അതില്‍പ്പെടുന്നു.
വിരോധിക്കപ്പെട്ട മുഴുവന്‍ പാപങ്ങളില്‍ നിന്നും ഒരു വിശ്വാസി പാടെ വിട്ടുനില്‍ക്കേണ്ടതാണ്. മനുഷ്യന്റെ ദൗര്‍ബല്യം കാരണം പൂര്‍ണമായും അത്തരം കുറ്റങ്ങളെ വര്‍ജിക്കല്‍ സാധിക്കുന്നില്ലെങ്കിലും മഹാപാപങ്ങള്‍ വര്‍ജിക്കുന്നപക്ഷം ചെറിയ തിന്മകളെയും വീഴ്ചകളെയും അല്ലാഹു മൂടിവെച്ച് മാപ്പാക്കിക്കൊടുക്കുമെന്ന് ഖുര്‍ആനില്‍ വ്യക്തമാക്ക പ്പെട്ടിട്ടുണ്ട്. ‘നിങ്ങളോട് നിരോധിക്കപ്പെടുന്ന വന്‍ പാപങ്ങള്‍ നിങ്ങള്‍ വര്‍ജിക്കുന്നപക്ഷം നിങ്ങളുടെ തിന്മകളെ നിങ്ങളില്‍ നിന്ന് നാം മായ്ച്ചുകളയുകയും മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ് (4:31). പാരത്രിക വിജയത്തിനവകാശികളായിത്തീരുന്ന സജ്ജനങ്ങളുടെ ഗുണഗണങ്ങള്‍ എടുത്തുപറഞ്ഞപ്പോള്‍, മഹാപാപങ്ങളെയും നീചവൃത്തികളെയും വിട്ടകന്നുനില്‍ക്കുന്നവരും, ദേഷ്യം വരുമ്പോള്‍ അവര്‍ പൊറുത്തുകൊടുക്കുകയും ചെയ്യും (42:37) എന്ന ഒരു വിശേഷണമാണ് അല്ലാഹു പറയുന്നത്. മനുഷ്യന്റെ സഹജഭാവം കൊണ്ട് നിസ്സാരമായ തിന്മകള്‍ അവന്റെ പക്കല്‍ നിന്ന് സംഭവിച്ചേക്കാവുന്നതാണ്. എങ്കിലും വലിയ പാപങ്ങളും നീചവൃത്തികളും വര്‍ജിക്കുന്നപക്ഷം ആ ലഘുവായ തെറ്റുകള്‍ അല്ലാഹു പൊറുത്ത് കൊടുക്കുമെന്ന് സുവാര്‍ത്ത അറിയിക്കുന്നു (53:32).
അല്ലാഹുവില്‍ പങ്ക് ചേര്‍ക്കല്‍
ഈ പ്രപഞ്ചത്തിന്റെയും അതിലുള്ള സകല ചരാചരങ്ങളുടെയും സ്രഷ്ടാവ് അല്ലാഹുവാണെന്നിരിക്കെ അവന് മാത്രം അവകാശപ്പെട്ട കാര്യങ്ങളില്‍ അവന് പങ്കാളിയെ സങ്കല്പിക്കുന്നതിനാണ് ശിര്‍ക് എന്ന് പറയുന്നത്. അല്ലാഹുവിനോടൊപ്പം മറ്റു വ്യക്തികളെയോ ശക്തികളെയോ വസ്തുക്കളെയോ ആരാധ്യന്മാരായി സ്വീകരിക്കുക, അവയോട് സഹായാര്‍ഥന നടത്തുക, അവയോട് സ്‌നേഹവും ആദരവും ആ നിലയ്ക്ക് പ്രകടിപ്പിക്കുക, അവയ്ക്ക് വിധേയത്വം അനുസരണവും പ്രകടിപ്പിക്കുക എന്നിവ അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതിലുള്ള പങ്കു ചേര്‍ക്കലാണ്. ഇതാണ് ശിര്‍ക്. ശിര്‍ക്ക് ചെയ്യുന്നവരുടെ സത്കര്‍മങ്ങള്‍ പോലും നിഷ്ഫലമായിത്തീരുന്നു. അല്ലാഹു പറയുന്നു: ‘ആരെങ്കിലും തന്റെ നാഥനുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സത്കര്‍മങ്ങള്‍ ചെയ്തുകൊള്ളട്ടെ. തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ’ (18:110).
അല്ലാഹു പൊറുക്കാത്തതും സ്വര്‍ഗപ്രവേശം തടയപ്പെടുന്നതുമായ മഹാപാപമാണ് ശിര്‍ക്ക്. വമ്പിച്ച അക്രമം (31:13) എന്നാണ് ഖുര്‍ആനില്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. ആ മഹാപാപത്തില്‍ ഉറച്ചു നില്‍ക്കാതെ ആത്മാര്‍ഥമായി പശ്ചാത്തപിക്കുന്നപക്ഷം അല്ലാഹു അവന്റെ കാരുണ്യംകൊണ്ട് പൊറുത്ത് കൊടുത്തേക്കാം.
പ്രപഞ്ചം നിയന്ത്രിക്കുന്നവനും പരിപാലിക്കുന്നവനുമായ അല്ലാഹുവിന്റെ ആധിപത്യം, സൃഷ്ടിപ്പ്, പ്രവര്‍ത്തനങ്ങള്‍, വിശേഷണങ്ങള്‍ എന്നിവയില്‍ യാതൊരു വിധ സമന്മാരോ, പങ്കുകാരോ ഇല്ല. അങ്ങനെ സങ്കല്പിക്കുന്നതാണ് ശിര്‍ക്ക്. ക്രൈസ്തവരും അഗ്നിയാരാധകരും ശിര്‍ക്ക് ചെയ്തതിനെ ഖുര്‍ആന്‍ ഖണ്ഡിക്കുന്നു.
ഞാനാണ് നിങ്ങളുടെ പരമോന്നതനായ രക്ഷിതാവെന്ന് ഫിര്‍ഔന്‍ ഘോഷിച്ചു. അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കുമില്ലാത്ത ഗുണവിശേഷണങ്ങള്‍ തന്നിലേക്ക് ചേര്‍ത്തിയതിലൂടെ ശിര്‍ക്ക് പ്രഖ്യാപിക്കുകയായിരുന്നു അയാള്‍. അല്ലാഹുവിനെ കൂടാതെ മറ്റ് ദൈവത്തേയോ ദൈവങ്ങളെയോ ആരാധിക്കുക, സൂര്യചന്ദ്രനക്ഷാത്രാദികള്‍, ശിലകള്‍, പ്രതിഷ്ഠകള്‍ പോലുള്ള നിര്‍ജീവ വസ്തുക്കള്‍, പശു, കാള പോലുള്ള ജീവികള്‍, ദിവ്യത്വം വാദിക്കുകയോ ആക്ഷേപിക്കപ്പെടുകയോ ചെയ്ത ഫിര്‍ഔന്‍ പോലുള്ള മനുഷ്യര്‍, ഈസബ്‌നു മര്‍യം(അ), ജിന്ന്, പിശാച്, മലക്കുകള്‍പോലെ വിവിധ ജനങ്ങളാല്‍ ധാരാളം പൂജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അദൃശ്യസൃഷ്ടികള്‍ ഇവയെയെല്ലാം ആരാധിക്കുന്നതും പൂജിക്കുന്നതും ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ശിര്‍ക്കുതന്നെ.
മരണപ്പെട്ടവരോട് പ്രാര്‍ഥിക്കല്‍, അവരെ ഇടയാളന്മാരാക്കി സഹായാര്‍ഥന നടത്തല്‍, അല്ലാഹു അല്ലാത്തവര്‍ക്ക് അഭൗതിക മാര്‍ഗേണ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയുമെന്ന് വശ്വസിക്കല്‍ എന്നിവ ശിര്‍ക്കാണ്. അല്ലാഹുവിനല്ലാതെ മറ്റുള്ളവര്‍ക്ക് ബലി നടത്തുന്നതിലൂടെ അവരുടെ സാമീപ്യം തേടുന്നതും ശിര്‍ക്കില്‍പ്പെടുന്നു.
സിഹ്ർ അഥവാ ആഭിചാരം
ആഭിചാരം, കൂടോത്രം തുടങ്ങിയ നിഗൂഢമായ അന്ധവിശ്വാസത്തെയാണ് സിഹ്ര്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. മായാജാലം, വശ്യമായത്, അടിസ്ഥാനമില്ലാത്തത് എന്നെല്ലാമുള്ള ആശയത്തിലും സിഹ്ര്‍ വിശുദ്ധ ഖുര്‍ആനിലും ഹദീസിലും ഉപയോഗപ്പെട്ടിട്ടുണ്ട്. വന്‍പാപങ്ങളിലൊന്നായി എണ്ണിയ സിഹ്ര്‍ ആഭിചാര പ്രവര്‍ത്തനങ്ങളാണ്. ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥങ്ങളിലും ഭാഷാനിഘണ്ടുകളിലും നല്കപ്പെട്ട സിഹ്‌റിന്റെ നിര്‍വചനങ്ങള്‍ പരിശോധിക്കാം.
യാതൊരു യാഥാര്‍ഥ്യമോ ശരിയോ ഇല്ലാതെ പൊടിപ്പും തൊങ്ങലും വെച്ചലങ്കരിക്കുന്ന സര്‍വ സംഗതികള്‍ക്കുമാണ് ഭാഷയില്‍ സിഹ്ര്‍ എന്ന് പറയുന്നത് (ഖുര്‍തുബി) 2 വിഖ്യാത അറബി നിഘണ്ടുവായ ലിസാനുല്‍ അറബില്‍ ഇബ്‌നു മന്‍ളുര്‍ രേഖപ്പെടുത്തുന്നു, സിഹ്ര്‍ എന്നാല്‍ പിശാചില്‍ നിന്ന് സഹായം ലഭിക്കുവാന്‍ പിശാചിലേക്ക് അടുപ്പിക്കുന്ന പ്രവൃത്തിയാണ് (ലിസാനുല്‍ അറബ്) 3
സിഹ്ര്‍ എന്ന പദത്തിന്റെ അടിത്തറ തന്നെ യാഥാര്‍ഥ്യമോ സത്യമോ ശരിയോ ഇല്ലാത്തത് എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. വിശുദ്ധഖുര്‍ആനില്‍ സിഹ്ര്‍ എന്ന പദം അടിസ്ഥാനമില്ലാത്തത് (ബാത്വില്‍), വഞ്ചന (വദീഅ) എന്നീ അര്‍ഥത്തിലാണ് അടിസ്ഥാനപരമായി പ്രയോഗിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവരാണ് എന്നു നീ പറഞ്ഞാല്‍ അവിശ്വാസികള്‍ പറയും. ഇത് സ്പഷ്ടമായ സിഹ്ര്‍ അല്ലാതെ മറ്റൊന്നുമല്ല (6:7). മരണാനന്തര ജീവിതത്തെക്കുറിച്ച് നിഷേധികള്‍ പറഞ്ഞിരുന്നത് വഞ്ചനയും അടിസ്ഥാനരഹിതമായതും യാതൊരു യാഥാര്‍ഥ്യവും ഇല്ലാത്തതാണ് എന്നതായിരുന്നു. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് ഭയപ്പെടുത്തുവാന്‍ യാഥാര്‍ഥ്യമില്ലാത്ത ചില പ്രവൃത്തികളാണെന്നായിരുന്നു ഇവിടെ ഉദ്ദേശിക്കപ്പെട്ടിരുന്നത്. പരലോക ജീവിതത്തില്‍ സ്വര്‍ഗവും നരകവും ജനങ്ങളെ ഭയപ്പെടുത്താന്‍ വേണ്ടി പറയുന്ന അയഥാര്‍ഥ്യമായ കാര്യങ്ങളെന്നായിരുന്നു അവരുടെ വാദം. ‘വഞ്ചിച്ചും പൊലിപ്പിച്ചും കാണിക്കുന്നതും യഥാര്‍ഥ രീതിയിലല്ലാത്ത വിധം തോന്നിപ്പിക്കുന്നതും, കാരണം അവ്യക്തവുമായ കാര്യങ്ങള്‍ക്കാണ് ശര്‍ഇന്റെ വിവക്ഷയില്‍ സിഹ്ര്‍ എന്ന പദം ഉപയോഗിക്കുക'(തഫ്‌സീറുറാസി) 4 അടിസ്ഥാനമില്ലാത്തത് ചെയ്ത് യാഥാര്‍ഥ്യമുണ്ടെന്നും അടിസ്ഥാനമുണ്ടെന്നും ജല്‍പ്പിക്കുന്നതുകൊണ്ടാണ് സിഹ്ര്‍ ചെയ്യുന്നവന്‍ നുണ പറയുന്നവനാണെന്ന് ഇമാം റാസി രേഖപ്പെടുത്തിയിരിക്കുന്നത് (9169). സിഹ്‌റിന് യാഥാര്‍ഥ്യമില്ലെന്നാണ് വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങളുടെ അടിസ്ഥാനത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്. ഇബ്‌നു ഹജര്‍(റ) പറയുന്നു. ‘സിഹ്‌റിന്റെ കാര്യത്തില്‍ പണ്ഡിതന്മാര്‍ ഭിന്ന വീക്ഷണങ്ങള്‍ ഉള്ളവരാണ്. സിഹ്ര്‍ കേവലം ‘ബുദ്ധിയുടെ ക്രമം തെറ്റിക്കല്‍’ മാത്രമാണ്. അതിന് യാതൊരു യാഥാര്‍ഥ്യവുമില്ല. ഈ അഭിപ്രായമാണ് ശാഫിയാക്കളില്‍പ്പെട്ട അബൂ ജഅ്ഫര്‍ ഇസ്തര്‍ബാദി, ഹനഫിയാക്കളില്‍പ്പെട്ട അബൂബക്കര്‍ റാസിയും ളാഹിരിയ്യാക്കളില്‍പ്പെട്ട ഇബ്‌നു ഹസമും മറ്റൊരു സംഘവും പറയുന്നത്. (ഫത്ഹുല്‍ബാരി) 5
ജൂതക്രിസ്ത്യാനികളെ സംബന്ധിച്ച് അല്ലാഹു പറയുന്നു. ‘വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ നോക്കിയില്ലേ? അവര്‍ ജിബ്തിലും താഗൂത്തിലും വിശ്വസിക്കുന്നു (4:51). ത്വാഗൂത്ത് എന്നതിനര്‍ഥം ദുര്‍മൂര്‍ത്തികളെന്നും ജിബ്ത് എന്നതിന്റെ വിവക്ഷ ക്ഷുദ്ര വിദ്യകള്‍ എന്നുമാണ്. ഒരു നന്മയുമില്ലാത്ത മിഥ്യയായതും, ഒന്നിനും കൊള്ളാത്ത ദൃഷ്ടമായത് എന്നൊക്കെയാണ് ജിബ്ത് എന്ന പദംകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. സിഹ്ര്‍, ആഭിചാരം, പ്രശ്‌നം നോക്കല്‍, പ്രശ്‌നക്കാരന്റെ വിഗ്രഹം തുടങ്ങി അടിസ്ഥാന രഹിതങ്ങളായ പലതിനും ജിബ്ത്ത് എന്ന് പറയപ്പെടുന്നു. ജിബ്ത്തില്‍ വിശ്വസിക്കും എന്നതിന്റെ ഉദ്ദേശ്യം സിഹ്‌റില്‍ വിശ്വസിക്കലാണ്. ജൂത ക്രിസ്ത്യാനികള്‍ സിഹ്‌റില്‍ വിശ്വസിക്കുന്നുവെന്ന് അല്ലാഹു ആക്ഷേപിച്ചതിന്റെ ഉദ്ദേശം സിഹ്‌റിന് യാഥാര്‍ഥ്യം (ഹകീഖത്ത്) ഉണ്ടെന്നും അതുമൂലം മനുഷ്യരെ ഉപദ്രവിക്കുവാന്‍ സാധിക്കുമെന്നും വിശ്വസിച്ചതാണ്. സുലൈമാന്‍ നബി(അ)ക്ക് അല്ലാഹു പല അമാനുഷിക ദൃഷ്ടാന്തങ്ങള്‍ നല്‍കിയിരുന്നു. സിഹ്‌റിന്റെ പാരമ്പര്യം നിലനിര്‍ത്തിപോന്ന യഹൂദികള്‍ സുലൈമാന്‍ നബി(അ)ക്ക് ഇതെല്ലാം സാധിച്ചത്. സിഹ്ര്‍ മൂലമാണെന്ന് വിശ്വസിക്കുകയും അത് പാമര ജനങ്ങള്‍ക്ക് ഇടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
വളരെ പുരാതന കാലം മുതല്‍ നിലനിന്നു പോന്നതും ആധുനിക കാലത്തും നിലനില്ക്കുന്നതുമായ ഒരു അന്ധവിശ്വാസമാന് സിഹ്ര്‍. വുക്തികള്‍ തമ്മിലും കുടുംബങ്ങള്‍ തമ്മിലും ശത്രുതയുണ്ടാക്കുകയും സാമ്പത്തികമായി വിശ്വാസികളെ ചൂഷണം ചെയ്യുകയുമാണ് മാരണക്കാര്‍ ചെയ്യുന്നത്. അതുകൊണ്ടാണ് സിഹ്ര്‍ ചെയ്യുന്നതും ചെയ്യിക്കുന്നതും മഹാപാപമായി നബി(സ്വ) പറഞ്ഞത്. യഥാര്‍ഥത്തില്‍ ആഭിചാരം മൂലം ഒരാളെയും ഒന്നും ചെയ്യാന്‍ കഴിയില്ല. കഴിയുമായിരുന്നുവെങ്കില്‍ മാരണക്കാരായിരിക്കും ഈ ലോകത്തെ അജയ്യര്‍. പക്ഷേ ആഭിചാരമെന്ന മിഥ്യാധാരണ അന്ധവിശ്വാസികളെ അങ്കലാപ്പിലാക്കുന്നു. അല്ലാഹുവിലും പരലോകത്തിലും ദൃഢമായി വിശ്വസിക്കുന്നവര്‍ക്ക് ഇതൊന്നും ഫലിക്കുകയില്ല.
മനുഷ്യ വധം
മനുഷ്യന്റെ ജീവിതത്തിനും ജീവനും ഇസ്‌ലാം ഏറെ പവിത്രത കല്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജീവന് നേരെയുള്ള കൈയേറ്റത്തെയും. അതിനെ അപായപ്പെടുത്തുന്നതിനെയും മഹാപാപമായിട്ടാണ് മതം പഠിപ്പിക്കുന്നത്. ”മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു” (5:32).
നിസ്സാര കാര്യങ്ങള്‍ക്കുവേണ്ടി വര്‍ഷങ്ങളോളം യുദ്ധം ചെയ്തിരുന്നവരായിരുന്നു ജാഹിലിയ്യ സമൂഹം. പെണ്‍പിറവി അപമാനകരമായി കണ്ട ചിലര്‍ കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്നു. മനുഷ്യ ജീവന്ന് പവിത്രത കല്പിച്ചുകൊണ്ട് കൊലപാതകം എന്ന ഹീനകൃത്യത്തെ ഇസ്‌ലാം നിഷിദ്ധമാക്കി. ഒരു ഒട്ടകത്തിന്റെയോ കുതിരയുടെയോ കാരണത്താല്‍ രക്തം ചിന്തുകയും യുദ്ധം അഴിച്ചുവിടുകയും ചെയ്തിരുന്ന ജാഹിലിയ്യാ സമൂഹത്തെ മനുഷ്യജീവനും അഭിമാനത്തിനും ധനത്തിനും പവിത്രത കല്പിക്കുന്ന സംസ്‌കാരത്തിലേക്ക് പരിവര്‍ത്തിപ്പിച്ചെടുത്തത് ഇസ്‌ലാം ആണ്. നഫീഅ്ബ്‌നു ഹാരിസ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. രണ്ട് മുസ്‌ലിം സഹോദരന്മാര്‍ പരസ്പരം ആയുധമേന്തിയാല്‍ അവര്‍ രണ്ടുപേരും (കൊന്നവനും കൊല്ലപ്പെട്ടവനും) നരകത്തിലാണ്. അപ്പോള്‍ നബി(സ്വ)യോടു ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, കൊന്നവന്‍ നരകത്തില്‍തന്നെ. എന്നാല്‍ കൊല്ലപ്പെട്ടവന്റെ സ്ഥിതിയെന്താണ്? നബി(സ്വ) പറഞ്ഞു: അവന്‍ തന്റെ സഹോദരനെ കൊല്ലാന്‍ ഉദ്ദേശിച്ചവനായിരുന്നുവല്ലോ. (സുനനുഅബീദാവൂദ് 6, മുസ്‌ലിം 7 )
മനുഷ്യവധം എന്നത് വിനാശകരമായ പാപകൃത്യമാണ്. ഘാതകന്ന് നരകമാണ് പതിഫലം. എന്നാല്‍ ഇത് സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന ഏറ്റവും വലിയ ക്രിമിനല്‍ കുറ്റമായതിനാല്‍ ഇസ്‌ലാമിക ഭരണ വ്യവസ്ഥയ്ക്കു കീഴില്‍ ഘാതകവധം അല്ലാഹു നിയമമാക്കി വെച്ചിരിക്കുന്നു. ഇതിന് ഖിസാസ് അഥവാ തുല്യശിക്ഷ എന്നാണ് വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ചത്.
അനാഥരുടെ സ്വത്ത് ഭുജിക്കല്‍
മനുഷ്യജീവിതത്തില്‍ നിലനില്പിന്നുള്ള മാര്‍ഗമായി അല്ലാഹു നിശ്ചയിച്ച് തന്നിട്ടുള്ളതാണ് സമ്പത്ത്. അതുകൊണ്ട് തന്നെ അതിന്റെ സമ്പാദനവും വിനിയോഗവും അവര്‍ അനുവദിച്ച് തന്നതും വിശിഷ്ടവുമായ വഴികളിലൂടെയായിരിക്കണം. മനുഷ്യരക്തത്തിനും അഭിമാനത്തിനും പവിത്രത കല്പിക്കപ്പെട്ടിട്ടുള്ളതുപോലെ സമ്പത്തിന്റെ കാര്യത്തിലും പവിതത്ര കാത്തുസൂക്ഷിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അവിഹിതവും അന്യായവുമായ മാര്‍ഗങ്ങളിലൂടെ സമ്പാദിക്കുന്നതും സമ്പത്ത് വിനിയോഗിക്കുന്നതും പാപമാണെന്ന് അല്ലാഹു പറയുന്നു.
അന്യായമായി കൈക്കലാക്കുന്ന സമ്പത്തില്‍ ഏറ്റവും ഗൗരവതരമാണ് അനാഥയുടെ മുതല്‍. സംരക്ഷണം നല്‍കേണ്ട പിതാവ് മരണപ്പെട്ടുപോയ കുട്ടിയാണ് അനാഥ അഥവാ യതീം. അനാഥരുടെ സംരക്ഷണം രക്ഷിതാവിന്റെയും അടുത്ത രക്തബന്ധുക്കളുടെയും ബാധ്യതയായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അനാഥസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്‌ഘോഷിച്ചപ്പോള്‍ തന്നെ അനാഥരുടെ സ്വത്ത് ദുര്‍വ്യയം ചെയ്യുന്നതും അപഹരിക്കുന്നതും ഗൗരവമര്‍ഹിക്കുന്ന കുറ്റമായി ഊന്നിപ്പറയുകയും ചെയ്തു. അനാഥയെ അടിച്ചമര്‍ത്താനും ആട്ടിയകറ്റാനും പാടില്ലെന്നും (107:2) അല്ലാഹു ഉണര്‍ത്തി. നബി(സ്വ) പറയുന്നു: ‘ഞാനും അനാഥ സംരക്ഷകനും സ്വര്‍ഗത്തില്‍ ഇതുപോലെയാണ്’. എന്നിട്ട് നബി(സ്വ) ചൂണ്ടുവിരലും നടുവിരലും അല്പം വിടര്‍ത്തിയിട്ട് ഉയര്‍ത്തിക്കാണിച്ചു. (ബുഖാരി) 8
അനാഥരുടെ സ്വത്ത് ദുര്‍വ്യയം ചെയ്യുന്നതും ദുരുപയോഗപ്പെടുത്തുന്നതും ചൂഷണം ചെയ്യുന്നതും അനാഥയായ കുട്ടി കൈകാര്യകര്‍തൃശേഷി നേടിയശേഷം അവന്ന് അര്‍ഹതപ്പെട്ടത് നല്‍കാതെ കൈയടക്കിവെക്കുന്നതും കടുത്ത പാതകമായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഏഴ് മഹാപാപങ്ങളില്‍ ഒന്നായി നബി(സ്വ) എണ്ണിയത് അനാഥകളുടെ സ്വത്ത് ഭൂജിക്കല്‍ എന്നതാണ്. അല്ലാഹു പറയുന്നു: ”അനാഥകളുടെ സ്വത്ത് അന്യായമായി തിന്നുന്നവര്‍ അവരുടെ വയറുകളില്‍ തിന്നുനിറക്കുന്നത് തീ മാത്രമാകുന്നു. പിന്നീട് അവര്‍ നരകത്തില്‍ കത്തിയെരിയുന്നതുമാണ്” (4:10). അന്യരുടെ സ്വത്ത് നിയമാനുസൃതമല്ലാത്തവിധം ഉപയോഗിക്കുന്നത് എപ്പോഴും നിഷിദ്ധവും കുറ്റവുമാണെന്ന കാര്യത്തില്‍ സംശയമില്ല. അത് അനാഥകളുടേതുകൂടിയാകുമ്പോള്‍ കടുത്ത പാപമായിതീരുന്നു. അതുകൊണ്ട് അനാഥകളുടെ സ്വത്ത് കൈകാര്യം ചെയ്യുന്നവര്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്.
രണാങ്കണത്തില്‍ നിന്നും പിന്തിരിയല്‍
മുസ്‌ലിംകള്‍ക്കെതിരെ അവിശ്വാസികള്‍ യുദ്ധത്തിനൊരുങ്ങിവരുമ്പോള്‍ അവരെ നേരിടാനുള്ള ധൈര്യം കാണിക്കാതെ ഭീരുക്കളായി ഒഴിഞ്ഞുമാറുന്നതും യുദ്ധം നടന്നുകൊണ്ടിരിക്കെ യുദ്ധക്കളത്തില്‍ നിന്നു പിന്മാറി ഓടുന്നതും അല്ലാഹു വിലക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ഹേ, വിശ്വസിച്ചവരേ, അവിശ്വസിച്ചവര്‍ (പടയൊരുക്കം ചെയ്ത്) തിരക്കി വരുന്നതായി നിങ്ങള്‍ കണ്ടെത്തിയാല്‍ അവരില്‍ നിന്ന് പിന്തിരിഞ്ഞ് പോകരുത്. ആ ദിവസം ആരെങ്കിലും പിന്തിരിഞ്ഞുപോകുന്ന പക്ഷം വല്ല യുദ്ധതന്ത്രത്തിലേക്കും തിരിഞ്ഞുപോകുന്നവനായിക്കൊണ്ടല്ലാതെ-തീര്‍ച്ചയായും അവന്‍ അല്ലാഹുവില്‍ നിന്നുള്ള കോപം നേടിക്കൊണ്ടു മടങ്ങുന്നതാണ്. അവന്റെ സങ്കേതമാകട്ടെ, നരകവും ആകുന്നു. തിരിച്ചെത്തുന്ന സ്ഥാനം വളരെ ചീത്ത. (8:15, 16)
ദൈവിക മാര്‍ഗത്തിലുള്ള പടപുറപ്പാടില്‍ വിശ്വാസി ആഗ്രഹിക്കുന്നത് ശത്രുക്കള്‍ക്കെതിരെയുള്ള വിജയം അഥവാ അല്ലാഹുവിന്റെ സഹായം അല്ലെങ്കില്‍ രക്തസാക്ഷിത്വം. ആദര്‍ശത്തിന്റെ സംരക്ഷണത്തിനും നിലനില്‍പിനുമായുള്ള ഈ ധര്‍മസമരത്തില്‍ വിശ്വാസികള്‍ അങ്ങേയറ്റം ക്ഷമാപൂര്‍വം സ്വര്‍ഗമാഗ്രഹിച്ച് എത്തിച്ചേരേണ്ടവരാണ്. ശത്രുസംഹാരത്തിനോ അധികാരത്തിലൂടെ മേല്‍ക്കൈ നേടി രാജ്യത്ത് സ്വാധീനമുറപ്പിക്കാനോ അല്ല ഇസ്‌ലാം കാണുന്ന ധര്‍മസമരം.
യുദ്ധരംഗം മാത്രമല്ല ഇവിടെ വിവക്ഷ. മുസ്‌ലിം സമൂഹത്തിന്റെ നന്മക്കായുള്ള പൊതുമുന്നേറ്റത്തില്‍ വിലങ്ങുതടിയായി നില്ക്കുന്നതും അകാരണമായി പിന്മാറുന്നതും വലിയപാപമായി കണക്കാക്കാവുന്നതാണ്.
പതിവ്രതകളായ സത്യവിശ്വാസിനികളെ കുറിച്ച കുറ്റാരോപണം
ജനങ്ങളുടെ മാന്യതക്കും അഭിമാനത്തിനും ഇസ്‌ലാം വളരെ വലിയ ആദരവ് നല്‍കിയിട്ടുണ്ട്. രക്തം, ധനം എന്നിവ പവിത്രമായതുപോലെ അഭിമാനവും പവിത്രമായി കാത്തുസൂക്ഷിക്കേണ്ടവനാണ് ഓരോ മുസ്‌ലിമും. രക്തം ചിന്തുന്നതും ധനം അപഹരിക്കുന്നതും കൊടിയ കുറ്റമാവുന്നതു പോലെ അഭിമാനത്തിന് ക്ഷതമേല്‍പിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ഗൗരവതരമായ പാപമായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ചാരിത്ര്യവതികളായ സത്യവിശ്വാസിനികളെപ്പറ്റി അപവാദം പ്രചരിപ്പിക്കല്‍ അവരുടെ അഭിമാനത്തിന് നേരെയുള്ള ഏറ്റവും വലിയ കൈയേറ്റമാണ്. അതിലൂടെ അവരുടെയും കുടുംബത്തിന്റെയും സല്‍പേരിന് കളങ്കമേല്‍ക്കുകയും ചെയ്യുന്നു. ഇത് അവരുടെ ഭാവിജീവിതത്തില്‍ സമാധാനം നഷ്ടപ്പെടുത്തുകയും അപകടക്കുരുക്കിലാക്കുകയും ചെയ്യുന്നു. സര്‍വോപരി ഈ അപവാദ പ്രചാരണംകൊണ്ട് സത്യവിശ്വാസികളുടെ സമൂഹത്തില്‍ അധാര്‍മികത പ്രചരിക്കാന്‍ ഇടവരികയും ചെയ്യുന്നു. അതിനാലാണ് ഈ ഹീനവൃത്തിയെ നബി(സ്വ) വന്‍പാപങ്ങളുടെ ഗണത്തില്‍പ്പെടുത്തിയത്. അല്ലാഹു പറയുന്നു. പതിവ്രതകളും (ദുര്‍വൃത്തിയെപറ്റി) ഓര്‍ക്കുകപോലും ചെയ്യാത്തവരുമായ സത്യവിശ്വാസികളെപ്പറ്റി ദുരാരോപണം നടത്തുന്നവരാരോ അവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു, തീര്‍ച്ച. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുണ്ട്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവരുടെ നാവുകളും കൈകളും കാലുകളും അവര്‍ക്കെതിരായി സാക്ഷിപറയുന്ന ദിവസത്തിലത്രെ അത് (ശിക്ഷ). അന്ന് അല്ലാഹു അവര്‍ക്ക് അവരുടെ യഥാര്‍ത്ഥ പ്രതിഫലം നിറവേറ്റികൊടുക്കുന്നതാണ്. അല്ലാഹു തന്നെയാണ് പ്രത്യക്ഷമായ സത്യമെന്ന് അവര്‍ അറിയുകയും ചെയ്യും(24:23-25).
മുഹ്‌സ്വനത്ത് എന്ന അറബിപദം പതിവ്രത, ചാരിത്ര്യം സംരക്ഷിക്കപ്പെട്ടവള്‍ എന്നിങ്ങനെ അര്‍ത്ഥങ്ങളില്‍ സന്ദര്‍ഭോചിതം ഉപയോഗിക്കപ്പെടുന്നു. വിവാഹം കഴിഞ്ഞവള്‍ എന്ന അര്‍ഥത്തിലും ഈ പദം പ്രയോഗിക്കുന്നു. വ്യഭിചാരമെന്ന മ്ലേഛവൃത്തിയോട് അടുക്കരുതെന്നാണ് അല്ലാഹുവിന്റെ കല്പന. വ്യഭിചാരാരോപണം നടത്തുന്നവര്‍ക്കുള്ള ശിക്ഷ ഖുര്‍ആന്‍ പത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. വ്യഭിചാരാരോപണം കൊണ്ടുണ്ടാകുന്ന ദുഷ്‌കീര്‍ത്തിയും അപമാനവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകള്‍ക്കായതിനാല്‍ ചാരിത്ര്യശുദ്ധിയുള്ള മാന്യസ്ത്രീകളെ വ്യഭിചാരാരോപണം നടത്തി അപഹസിക്കുന്നത് മഹാപാപമാണ്. അല്ലാഹു പറയുന്നു. ചാരിത്ര്യം സിദ്ധിച്ച സ്ത്രീകളെ വ്യഭിചാര ആരോപണം ചെയ്യുകയും പിന്നീട് അതിന് നാലു സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരാകട്ടെ, അവരെ നിങ്ങള്‍ എണ്‍പതു അടി വീതം അടിക്കുവീന്‍. ഒരിക്കലും അവരുടേതായ സാക്ഷ്യം നിങ്ങള്‍ സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാണ് തോന്നിവാസികള്‍ (24-4).
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 175, ഹദീസ് 6857[↩]
- തഫ്‌സീര്‍ ഖുര്‍ത്വുബി (അല്‍ ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍), അബൂഅബ്ദില്ല മുഹമ്മദ് ബ്‌നു അഹ്‌മദ് ബ്‌നു അബീബക്‌റിബ്‌നു ഫറഹ് അല്‍ അന്‍സ്വാരി അല്‍ ഖുര്‍ത്വുബി, ദാറു കുതുബില്‍ മിസ്‌രിയ്യ, രണ്ടാം പതിപ്പ്, വാള്യം 11, പേജ് 269[↩]
- ലിസാനുല്‍ അറബ്, മുഹമ്മദ് ബ്‌നു മുകര്‍റമുബ്‌നു അലി അബ്ദുല്‍ ഫദ്ല്‍ ജമാലുദ്ദീന്‍ ഇബ്‌നു മന്‍ളൂര്‍, ദാറു സ്വാദിര്‍, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 04, പേജ് 348[↩]
- തഫ്‌സീറുല്‍ കബീര്‍, ഫഖ്‌റുദ്ദീന്‍ അര്‍റാസീ, ദാറു ഇഹ്‌യാഉത്തുറാസില്‍ അറബീ, ബൈറൂത്ത്, മൂന്നാം പതിപ്പ്, 1420, വാള്യം 03, പേജ് 619,620[↩]
- ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 10, പേജ്: 222[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 04, പേജ് 103, ഹദീസ് 4268[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 169, ഹദീസ് 2888[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 09, ഹദീസ് 6005[↩]
