പാപങ്ങള്‍-1
ജീവിതത്തിൽ ദൈവിക നിർദേശങ്ങൾക്ക് വിരുദ്ധമായി നടത്തുന്ന കാര്യങ്ങൾക്കാണല്ലോ പാപങ്ങള്‍ എന്ന് പറയുന്നത്. വിവേചന ശേഷിയുള്ള മനുഷ്യൻ അബദ്ധങ്ങൾ ചെയ്തു പോവുക സ്വാഭാവികമാണ്. ഇവയിൽ ഗൗരവം കുറഞ്ഞവയും വൻ പാപങ്ങള്‍ ആയവയും ഉണ്ട്. ഇത്തരം കാര്യങ്ങൾ ഇസ്ലാമിക പ്രമാണങ്ങൾ കൃത്യമായി വിശദീകരിക്കുന്നുണ്ട്.
കൈരേഖ നോട്ടവും ഭാവി പ്രവചനവും, അല്ലാഹു അല്ലാത്തവർക്കുള്ള നേർച്ച, അല്ലാഹു അല്ലാത്തവർക്കുള്ള ബലി, അല്ലാഹു അല്ലാത്തവരുടെ പേരിൽ സത്യം ചെയ്യൽ, ഗൂഢാലോചന, ചൂതാട്ടം, വാതുവെപ്പ്, ലോട്ടറി, കൈക്കൂലി, കോഴ, നോക്കുകൂലി തുടങ്ങിയ, വിശുദ്ധ ഖുർആനും പ്രവാചക സുന്നത്തും വിശദീകരിക്കുന്ന, പാപങ്ങളെ കുറിച്ച് ഇവിടെ വായിക്കാം.
മതകീയ ജീവിതത്തില്‍ പുണ്യപാപങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. അവ വേര്‍തിരിച്ച റിഞ്ഞ് പുണ്യങ്ങള്‍ ചെയ്യുകയും പാപങ്ങള്‍ വെടിയുകയും ചെയ്യുമ്പോഴാണ് നല്ല മനുഷ്യരാകുന്നത്. അല്ലാഹുവും റസൂലും പഠിപ്പിച്ച ഇസ്ലാമിക ജീവിതത്തില്‍ ഏറെ ഗുരുതരമായ പാപങ്ങള്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. സമൂഹത്തെ ബാധിക്കുന്നതും ക്രിമിനല്‍ സ്വഭാവത്തിലുള്ളതുമായ കുറ്റകൃത്യങ്ങളുണ്ട്. വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും ഭൗതിക ശിക്ഷ എടുത്തുപറഞ്ഞ ചില കുറ്റങ്ങളുണ്ട്. അവയ്ക്കുപുറമെ ചെറുതും വലുതുമായ അനേകം പാപങ്ങളുണ്ട്. പാപങ്ങളിലേക്ക് എത്തിച്ചേരാവുന്ന വഴികളുണ്ട്. അവ തിരിച്ചറിഞ്ഞ് നന്മയുടെ പാതയിലേക്ക് തിരിയുക എന്നതാണ് വിശ്വാസിയുടെ ധര്‍മം.
കൈരേഖ നോട്ടവും ഭാവി പ്രവചനവും
മനുഷ്യന്റെ ഇരു കൈകളിലും തലങ്ങും വിലങ്ങും അനേകം വരകള്‍ കാണാം. വിരല്‍ത്തുമ്പിലെത്തുമ്പോള്‍ അവ ചെറുതും സങ്കീര്‍ണവുമാകുന്നു. ഈ രേഖകളുമായി ബന്ധപ്പെട്ട വിശ്വാസം ശാസ്ത്രവും അന്ധവിശ്വാസവും കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്. അതിലെ ശാസ്ത്രീയ സത്യം വളരെ അത്ഭുതകരമാണ്. കോടാനുകോടി മനുഷ്യര്‍ ഈ ലോകത്ത് ജീവിച്ചിരിക്കുന്നുണ്ടെങ്കിലും ജൈവരസതന്ത്രം (Biochemistry) വ്യക്തമാക്കുന്നത് വിരല്‍ത്തുമ്പിലെ വരകള്‍ ഓരോ മനുഷ്യന്റെയും വ്യത്യസ്തമാണെന്നാണ്. ഒരു മനുഷ്യനെപ്പോലെ മറ്റൊരു മനുഷ്യനില്ല എന്നര്‍ഥം. അതിസങ്കീര്‍ണമായ പല കൊലക്കേസുകളും തെളിയിക്കാന്‍ വിരലടയാള വിദഗ്ദര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ആധുനിക ലോകത്ത് വൈയക്തികമായ തിരിച്ചറിയല്‍ (Identification) നടത്തുന്നതിന് അന്താരാഷ്ട്ര തലങ്ങളില്‍പ്പോലും bio metric സംവിധാനങ്ങള്‍ ഉപയോഗിച്ചു വരുന്നു. മറ്റേതു തിരിച്ചറിയല്‍ അടയാളത്തിനുമില്ലാത്ത സ്വീകാര്യതയും ആധികാരികതയും വിരലടയാളങ്ങള്ക്കുണ്ട്. വിരലടയാളമെന്നത് കൈവിരലിന്റെ വെളുത്ത ഭാഗത്തു കാണുന്ന അതിസങ്കീര്‍ണ വരകളാണ്.
മരണാനന്തരം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുമെന്ന വിശ്വാസത്തില്‍ സംശയം ജനിപ്പിക്കാനായി താര്ക്കികന്മാര് ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. നുരുമ്പി മണ്ണിനോടു ചേര്‍ന്ന എല്ലുകള്‍ പുനര്ജീവിക്കപ്പെടുകയോ? അതിനു മറുപടിയായി അല്ലാഹു പറയുന്നതിങ്ങനെയാണ്. ‘മനുഷ്യന്റെ എല്ലുകളെ നമുക്ക് ഒരുമിച്ചുകൂട്ടാന്‍ കഴിയില്ലെന്ന് അവന് കരുതുന്നുണ്ടോ? അവന്റെ വിരല്ത്തുമ്പുകളെപ്പോലും ശരിപ്പെടുത്താന്‍ കഴിയുന്നവനാണ് നാം’‘(75:3,4). അതിസങ്കീര്‍ണമായ മനുഷ്യശരീരം സൃഷ്ടിച്ച് സംവിധാനിച്ച അല്ലാഹു പരിശുദ്ധനാണ്. അവനാണ് ആരാധനക്കര്‍ഹന്‍ എന്നതാണ് കൈരേഖയിലടങ്ങിയ വിശ്വാസ കാര്യങ്ങള്‍.
എന്നാല്‍ ഒരാളുടെ കൈരേഖ നോക്കി അയാളുടെ ഭാവിജീവിതത്തിന്റെ ഗതിവിഗതികള്‍ അറിയാന്‍ കഴിയും എന്നവകാശപ്പെടുന്ന ചില ആളുകള്‍ പ്രചരിപ്പിക്കുന്നത് തികഞ്ഞ അന്ധവിശ്വാസമാണ്; അസംബന്ധമാണ്. ഭാവി അറിയാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ. കൈരേഖ നോക്കി ഭാവി പ്രവചിക്കാന്‍ കഴിയുന്ന ഒരു ശാസ്ത്രമില്ല. കവടി നിരത്തി ഭാവി പറയുമെന്ന് അവകാശപ്പെടുന്ന ജോത്സ്യന്റെ സ്ഥാനത്തു തന്നെയാണ് കൈനോട്ടക്കാരന്റെ സ്ഥിതിയും. ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ നിഷിദ്ധമായ കാര്യങ്ങളുടെ ഗണത്തിലാണ് കൈനോട്ടവും അതു വിശ്വസിക്കലും പരിഗണിക്കപ്പെടുക.
അല്ലാഹു അല്ലാത്തവര്‍ക്കുള്ള നേര്‍ച്ച
ഐഛികമായ ഏതെങ്കിലും പുണ്യകര്‍മം നിര്‍ബന്ധമായി സ്വയം പ്രഖ്യാപിക്കുന്നതിനെ സാങ്കേതിക ഭാഷയില്‍ നേര്‍ച്ച എന്നു പറയുന്നു. നേര്‍ച്ച ആരാധനയാണ്. നേര്‍ച്ചയാക്കിയാല്‍ അത് പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്. ഏതു പുണ്യകര്‍മവും നേര്‍ച്ചയാക്കാവുന്നതാണ്. അത് ആരാധനയായതിനാല്‍ അല്ലാഹുവിന് മാത്രമേ പാടുള്ളൂ. ഭൗതികമായ കാര്യസാധ്യത്തിനായി നേര്‍ച്ച നേരുന്നത് നബി(സ്വ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. നേര്‍ച്ചകള്‍ അല്ലാഹു അല്ലാത്തവര്ക്കാണെങ്കില് അത് ശിര്‍ക്കാണ്. ഭൗതികലക്ഷ്യങ്ങള്‍ സാധിക്കാനുള്ള നേര്‍ച്ച അല്ലാഹുവിന്റെ പേരിലാണെങ്കില്‍ അതിനു പുണ്യമില്ലെങ്കിലും നേര്‍ച്ച നിറവേറ്റല്‍ നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു:
”നിങ്ങളെന്തൊന്ന് ചെലവഴിച്ചാലും ഏതൊന്ന് നേര്‍ച്ച നേര്‍ന്നാലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നതാണ്” (2:270).
അല്ലാഹു അല്ലാത്തവര്‍ക്കുള്ള ബലി
ദൈവ പ്രീതിക്ക്വേണ്ടി താന്‍ പോറ്റിവളര്ത്തിയമൃഗങ്ങളെ അര്പ്പിക്കുകയുംഅതിന്റെമാംസം പാവങ്ങള്‍ക്ക് നല്കുകയുംചെയ്യലാണ് ബലി. ബലിഅല്ലാഹുവിന് മാത്രമേ പാടുള്ളൂ. നബി(സ്വ)യുടെകാലത്ത് ബഹുദൈവാരാധകര്‍ ബഹീറ, സാഇബ, വസീല, ഹാംതുടങ്ങിയ പേരില്‍ ബലിമൃഗങ്ങളെ വെച്ചിരുന്നു. അല്ലാഹുഅല്ലാത്തവര്‍ക്കുവേണ്ടി നേര്‍ച്ചയാക്കിവെച്ചിരുന്നു. അതുകൊണ്ട്അത്തരം നേര്‍ച്ചകള്‍ അല്ലാഹു നിഷിദ്ധമാക്കി (5:103). നേര്‍ച്ചയും ബലിയുംഅല്ലാഹുഅല്ലാത്തവര്ക്ക്വേണ്ടിഅര്പ്പിക്കുമ്പോള് അത്ശിര്ക്കായിത്തീരുന്നു. അതുകൊണ്ട്തന്നെ രക്തം, ശവം, പന്നി തുടങ്ങിയവയോടൊപ്പംഅല്ലാഹുവല്ലാത്തവരുടെ പേരില്അറുക്കപ്പെട്ടതുംഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. അല്ലാഹുവിന് മാത്രമര്‍പ്പിക്കേണ്ട ആരാധനകളില്അതിവിശിഷ്ടമായഒരിനമാണ് ബലികര്‍മം.
”അതുകൊണ്ട് നിന്റെ നാഥന്ന് നീ നമസ്കരിക്കുക. അവന്ന് നീ ബലിയര്‍പിക്കുക’‘ (108:2).
അല്ലാഹു അല്ലാത്തവരുടെ പേരില്‍ സത്യം ചെയ്യല്‍
ഒരാള്‍ തന്റെ വാദം സ്ഥാപിക്കാന്‍ തെളിവുകള്‍ നിരത്താന്‍ സാധിക്കാതെ വരുമ്പോള്‍ സത്യം ചെയ്തു പറയുന്ന രീതി സ്വീകരിക്കുന്നു. അത് അല്ലാഹുവിന്റെ പേരില്‍ മാത്രമേ പാടുള്ളൂ. അല്ലാത്തവരുടെ പേരില്‍ സത്യം ചെയ്താല്‍ അത് ശിര്ക്കായിത്തീരും. ഉദാഹരണം: കഅ്ബയാണ് സത്യം എന്ന് ഒരാള്‍ പറഞ്ഞാല്‍, താന്‍ പറഞ്ഞ കാര്യത്തിന് കഅ്ബ സാക്ഷിയാണ് എന്നാണ് അര്‍ഥം. അതാണ് അത് ശിര്‍ക്കാവാനുള്ള കാരണം..
”അല്ലാഹുവല്ലാത്തവരെക്കൊണ്ട് ആരെങ്കിലും സത്യം ചെയ്താല്‍, അവന് അല്ലാഹുവില്‍ പങ്കു ചേര്‍ത്തു” (തിര്‍മിദി) 1.
ഗൂഢാലോചന
നന്മ കാംക്ഷിക്കുകയും നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ് വിശ്വാസി. ഇസ്ലാം മതത്തിന്റെ അന്തസ്സത്ത ഗുണകാംക്ഷയാണ്. സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും അല്ലാഹുവിനെ സൂക്ഷിക്കുകയും പരലോക വിചാരണ ഭയപ്പെടുകയും ചെയ്യേണ്ട വിശ്വാസി വാക്കിലും നോക്കിലും സഹവാസങ്ങളിലും നന്മ കാംക്ഷിക്കുന്നവനും നന്മ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവനുമാണ്. അതുകൊണ്ട് തന്നെ വിശ്വാസി ഒരിക്കലും ദുരുദ്ദേശ്യത്തോടെയുള്ള ഗൂഢ സംസാരത്തില്‍ ഏര്‍പ്പെടുകയില്ല.
കപടവിശ്വാസികളും സത്യനിഷേധികളും പലതരത്തിലും ഗൂഢാലോചന നടത്തിയിരുന്നു. ആദര്‍ശ പ്രതിയോഗികളെ കെണിയില്‍പെടുത്തി ഗൂഢതന്ത്രങ്ങള്‍ പ്രയോഗിച്ച് ഇസ്ലാമിന്റെ മുന്നേറ്റത്തിന് തടയിടാനുള്ള അടവുനയങ്ങള്‍ ശത്രുക്കള്‍ പയറ്റിനോക്കിയപ്പോള്‍ അതിന് വേണ്ട ഗൂഢാലോചനകള്‍ നടത്തുകയും ചെയ്തു. ഇത്തരം ഗൂഢാലോചനകള്‍(നജ്വാ) വലിയ കുറ്റമാണെന്ന് വിശുദ്ധ ഖുര്‍ആനിലും ഹദീസിലും അല്ലാഹു വിരോധിക്കുന്നു. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നതാണെന്ന് നീ കാണുന്നില്ലേ? മൂന്നു പേര് തമ്മിലുള്ള യാതൊരു രഹസ്യ സംസാരവും അവന് (അല്ലാഹു) അവര്‍ക്ക് നാലാമനായി കൊണ്ടല്ലാതെ ഉണ്ടാവുകയില്ല. അഞ്ചുപേരുടെ സംഭാഷണമാണെങ്കില്‍ അവന് അവര്‍ക്ക് ആറാമനായികൊണ്ടുമല്ലാതെ. അതിനേക്കാള്‍ കുറഞ്ഞവരുടെയോ, കൂടിയവരുടെയോ (സംഭാഷണം) ആണെങ്കില്‍ അവര്‍ എവിടെയായിരുന്നാലും അവന് അവരോടൊപ്പമുണ്ടായിട്ടല്ലാതെ (58:7).
എന്നാല്‍ ദുരുദ്ദേശ്യത്തോടുകൂടിയല്ലാതെ അല്ലാഹുവിനെ സൂക്ഷിച്ച് നന്മ മുന്‍നിര്‍ത്തി ഗൂഢസംസാരം നടത്തുന്നതില്‍ വിശ്വാസികള്‍ ഭയപ്പെടേണ്ടതില്ലെന്ന് അല്ലാഹു പഠിപ്പിക്കുന്നു (58:9).
നിങ്ങള്‍ മൂന്നു പേരെങ്കില്‍, ആളുകളുമായി നിങ്ങള്‍ കൂടിച്ചേരുന്നത് വരേയ്ക്കും, രണ്ടുപേര്‍ മറ്റെയാളെക്കൂടാതെ സ്വകാര്യവര്ത്തമാനം പറയരുത്, അത് അയാളെ വേദനിപ്പിക്കും (ബുഖാരി) 2
പൊതുകാര്യങ്ങളില്‍ ഒറ്റയ്ക്കു തീരുമാനമെടുക്കാതെ കൂടിയാലോചന(ശൂറാ) നടത്തണമെന്ന് ഇസ്ലാം നിഷ്കര്‍ഷിച്ചു. പൊതുകാര്യങ്ങള്‍ക്കെതിരിലോ വ്യക്തികള്‍ക്കെതിരിലോ തിന്മ ഉദ്ദേശിച്ച് ഗൂഢാലോചന പാടില്ല എന്നാണ് ഈ പറഞ്ഞതിന്റെ സാരം.
ചൂതാട്ടം, വാതുവെപ്പ്, ലോട്ടറി
മയ്സിര്‍ എന്നാണ് ഇതിന് ഖുര്‍ആനില്‍ ഉപയോഗിച്ച പദം. എളുപ്പത്തില്‍ പണമുണ്ടാക്കുക എന്നാണ് പദത്തിന്റെ ആശയം. മറ്റൊരാളുടെ പണം പ്രത്യേക അധ്വാനമില്ലാതെ ചില തന്ത്രങ്ങളിലൂടെ കൈക്കലാക്കുന്ന എല്ലാ ഇടപാടുകളും ഈ ഗണത്തില്‍ പെടും. ചൂത് എന്നതിന് ചതിവ്, പറ്റിക്കല്‍ എന്നെല്ലാമാണ് ഭാഷയില്‍ അര്‍ഥം. ചൂതിന് നല്കപ്പെട്ട ഒരു നിര്‍വചനം ഇങ്ങനെയാണ്. ”പണമുള്‍പ്പടെ എന്തും ഈടായി വാതുവെച്ച്, ആകസ്മികമായ അന്ത്യഫലത്തെ ആശ്രയിച്ച് ഈട് പറ്റുന്ന പ്രവൃത്തിയാണ് ചൂത്. ഇതുമൂലം കൂടുതല്‍ മുതല്‍ കൈവരുകയോ നഷ്ടപ്പെടുകയോ ചെയ്യാം. അന്ത്യഫലം വളരെ കുറഞ്ഞ സമയത്തിനകം പുറത്തുവരുന്നു. ഇത്തരത്തിലുള്ള എല്ലാ പ്രവൃത്തിയെയും ചൂതാട്ടം എന്നു പറയുന്നു. ഇവ വിനോദമായും കളികളായും കാണപ്പെടുന്നു. പകിട, ചതുരംഗം ചീട്ട് എന്നിവ വാതുവെച്ച് നടപ്പാക്കപ്പെട്ടാല്‍ ചൂതാട്ടമാണ്. വാണിജ്യാടിസ്ഥാനത്തിലും ചൂതാട്ടം നടത്തപ്പെടുന്നു, കസിനോകള്‍ ഇതിനുദാഹരണമാണ്”.
ചീട്ടുകളി, ഭാഗ്യക്കുറി, വാതുവെപ്പ് തുടങ്ങി പല പേരുകളിലും രൂപങ്ങളിലും ചൂതാട്ടം വേഷപ്പകര്‍ച്ച നേടിയിട്ടുണ്ട്. ലോട്ടറിയും പന്തയവുമെല്ലാം നികുതിയടച്ചുള്ളതാണെങ്കില്‍ അനുവദനീയവും സാമൂഹിക നന്മയുമായി മാറിയിരിക്കുന്നു. പണം വെച്ച ചീട്ടുകളി കുറ്റകരമാണെങ്കില്‍ സമ്മാനകൂപ്പണുകളുടെ മറവിലുള്ള ചീട്ടുകളിയും ഭാഗ്യപരീക്ഷണവും അനുവദനീയമായി ലോകം കാണുന്നു. ഇന്ന് ലോകത്തിന്റെ സാമ്പത്തിക അച്ചുതണ്ടിനെ തന്നെ മിറിച്ചിടാന്‍ പോന്ന സാമ്പത്തിക ശക്തിയായി ചൂതാട്ടം വളര്‍ന്നിരിക്കുന്നു. കോടീശ്വരന്മാരുടെ കാസിനോകളില്‍ രാഷ്ട്ര ഭരണംപോലും ചൂത് വെക്കപ്പെടുന്നു. കളികള്‍, കലകള്‍, തെരഞ്ഞെടുപ്പുകള്‍, തുടങ്ങി വസ്തുക്കളും ആശയങ്ങളും ആദര്‍ശങ്ങളുമെല്ലാം ചൂതാട്ടമായി വളരുന്നു.
പല സര്‍ക്കാരുകളുടെയും പ്രധാന വരുമാനമായി ചൂതിന്റെ മാന്യ വേര്‍ഷനായ ലോട്ടറി ഇടം പിടിച്ചു കഴിഞ്ഞു. ജനങ്ങളുടെ പണാര്‍ത്തിയെയും പെട്ടെന്ന് ധനികനാകാനുള്ള തൃഷ്ണയും ഭാഗ്യപരീക്ഷണത്തിലൂടെ ത്രസിപ്പിച്ച് സര്‍ക്കാരുകളും അതിനെക്കാള്‍ കൂടുതലായി അവരുടെ ഏജന്റുമാരും തടിച്ചുകൊഴുക്കുന്നു. ഭാഗ്യത്തില്‍ ഭ്രമിച്ചുപോയ സമൂഹം അരികിലിരിക്കുന്ന അര്‍ധസഹോദരന്റെ പട്ടിണി കാണാന്‍ കഴിയാതെയായപ്പോള്‍, അതിനും പരിഹാരം വരുന്നു, ഭാഗ്യപരീക്ഷണത്തിലൂടെ. ദരിദ്ര പെണ്‍കുട്ടികളുടെ വിവാഹത്തിന് മംഗല്യയായും, രോഗികള്‍ക്ക് കാരുണ്യയായും ഭാഗ്യാന്വേഷികളുടെ നിരാശപ്പണം ഒഴുക്കി ഉത്തരവാദപ്പെട്ടവര്‍ സാമൂഹിക ബാധ്യതയായി നിര്‍വഹിക്കേണ്ട ചുമതലയില്‍ നിന്നും രക്ഷപ്പെടുകയും അന്യായമായ ധൂര്‍ത്തുകളുമായി ഖജാന ദരിദ്രമാക്കുകയുംചെയ്യുന്നു. ചുരുക്കം ചിലരെ ബംബര്‍ കോടീശ്വരന്മാരാക്കുന്ന ലോട്ടറി പതിനായിരങ്ങളെ പട്ടിണിക്കാരാക്കിയാണത് നേടുന്നത്. അധ്വാനശേഷി കുറഞ്ഞവരോ അംഗപരിമിതരോ ആയ കുറച്ചുപേര്‍ കുടുംബം പോറ്റുന്നതിന്റെ പിന്നില്‍ പതിനായിരങ്ങളുടെ കുടുംബം കുളമായ കഥയുണ്ട്. കൂലിപ്പണിക്കാരുനും തെരുവുകച്ചവടക്കാരനുമെല്ലാം കോടിപതികളായി കാറും ബംഗ്ലാവുമുണ്ടാക്കുന്ന മലര്‍പൊടിക്കാരന്റെ കഥപറയുന്ന ഫീച്ചറുകള്‍ കാണാതെ പോയ മറുവശമുണ്ട്. വര്‍ഷങ്ങള്‍കൊണ്ട് ലക്ഷങ്ങളുടെ ടിക്കറ്റ് ശേഖരം മാത്രം അനാഥമക്കള്‍ക്ക് അനന്തരമാക്കി മരിക്കുന്ന നൂറുകണക്കിന് നിത്യകൂലിക്കാരുടെ നിറമില്ലാത്ത കഥകളാണത്. എല്ലാ സമൂഹങ്ങളും എന്നും മഹാപാപമായി കാണുന്ന ഇതിനെ സാമൂഹ്യപ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്തുന്നതിന്റെ പേരിലോ മറ്റുള്ളവര്‍ കട്ടെടുക്കുന്ന ഭാഗ്യത്വരയെ ഗുണാത്മകതയിലേക്ക് തട്ടിയെടുക്കുക എന്ന ആദര്ശത്തിലോ ദുര്‍ബലരുടെ തൊഴില്‍ സാധ്യതയുടെ പേരിലോ ന്യായീകരിക്കാന്‍ സാധിക്കില്ല. മുഹമ്മദ് നബി(സ്വ) വരുന്ന കാലത്ത് അറബികള്‍ക്കിടയി ലുണ്ടായിരുന്ന ചൂത് ഇതിനേക്കാള്‍ മാനവികമായിരുന്നു.
‘പത്തുപേര്‍ ചേര്‍ന്ന് ഒരു ഒട്ടകത്തെ വാങ്ങും. വിലനല്കാന് ഒരു അവധി നിശ്ചയിക്കും. അനന്തരം പത്ത് മരക്കഷ്ണങ്ങളെടുക്കും, ഓരോന്നിന്നും പ്രത്യേകം പേര് രേഖപ്പെടുത്തും. ഓരോ കഷ്ണത്തിലും നിശ്ചിത എണ്ണവും -ഓഹരി- എഴുതിയിരിക്കും. മൂന്നെണ്ണം ഓഹരി എഴുതാത്ത പൂജ്യം രേഖപ്പെടുത്തിയവയായിരിക്കും. പിന്നീട് ഒട്ടകത്തെ അറുത്ത് പത്തായോ ഇരുപത്തിയേഴായോ ഭാഗിക്കും. നിഷ്പക്ഷനായ ഒരാള്‍ മരക്കഷ്ണങ്ങള്‍ ഒരു സഞ്ചിയിലിട്ട് കുലുക്കിയ ശേഷം, ചൂതാട്ടത്തില്‍ പങ്കെടുക്കുന്നവരുടെ പേരില്‍ ഓരോന്നായി എടുക്കും. ഓരോരുത്തര്‍ക്കും കിട്ടിയ മരക്കഷ്ണത്തില്‍ രേഖപ്പെടുത്തിയ ഓഹരികള്‍ അവരവര്‍ എടുക്കുന്നു. ഓഹരികള്‍ എഴുതാത്ത പൂജ്യം രേഖപ്പെടുത്തിയ കഷ്ണങ്ങള്‍ കിട്ടിയ മൂന്നുപേര്‍ ഒട്ടകത്തിന്റെ മുഴുവന്‍ വിലയും നല്കാന് ബാധ്യസ്ഥരാകുന്നു. അതായത്, വിജയികള്‍ക്ക് മാംസം ലഭിക്കുന്നു. പരാജിതര്‍ക്ക് പണം നഷ്ടമാവുന്നു” (കശ്ശാഫ് വാല്യം 1, പേജ് 132)
ഇങ്ങനെ ചൂതിലൂടെ നേടുന്നത് അവര്‍ ഉപയോഗിക്കാറുണ്ടായിരുന്നില്ല. പാവങ്ങള്‍ക്ക് ദാനമായി നല്‍കുകയായിരുന്നു പതിവ്. അതിനാല്‍ തന്നെ സ്വയം സമ്പന്നനാകാനുള്ള കുറുക്കു വഴിയായിരുന്നില്ല അവര്‍ക്ക് ചൂത്. ഉദാരതയുടെ രൂപമായിട്ടായിരുന്നു അവര്‍ അതിനെ കണ്ടിരുന്നത്. ഭരതത്തിലെ ഇതിഹാസകഥയിലെ ശകുനിയുടെ കള്ളച്ചൂതില്‍ നിന്നും വ്യത്യസ്തമായി ഏറെ ജനോപകാരപ്രദവും സദുദ്ദേശ്യപരവുമായിരുന്നിട്ടും ജാഹിലിയ്യാ അറബികളുടെ ചൂതാട്ടം ഇസ്ലാം കുറ്റകരമായി പരിഗണിക്കുകയും നിഷിദ്ധമാക്കുകയും ചെയ്തു. ”നബിയേ, നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്’‘(2: 219).
”സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ?” (5:90, 91).
മറ്റുള്ളവരുടെ പണം എളുപ്പത്തില്‍ നേടിയെടുക്കാനുള്ള ഏതു തന്ത്രവും ചൂതാട്ടമാണ്. നിരത്തിവെച്ച വാച്ചും കണ്ണാടിയും മോതിരവും സോപ്പും നോക്കി വലുതിലേക്ക് വളയമെറിയുന്നതും എഴുതിക്കാണിക്കുന്ന സമ്മാനം പ്രതീക്ഷിച്ച് കാര്‍ഡുചുരണ്ടുന്നതും നറുക്കെടുക്കുന്നതുമെല്ലാം ഇങ്ങനെ ചൂതില്‍ തന്നെയാണ് വരിക. പൊതു സംരംഭങ്ങള്‍ക്ക് പണം പിരിക്കുന്നതിന്റെ ഭാഗമായി നാട്ടിന്‍പുറങ്ങളില്‍ സമ്മാന പ്രഖ്യാപനത്തോടെ നടത്തുന്ന സംഭാവനകളും സമ്മാന ലക്ഷ്യത്തില്‍ നല്കിയാല് നിഷിദ്ധമായ ചൂതാട്ടമാണെന്നതില്‍ അഭിപ്രായാന്തരമില്ല.
വിനോദത്തിനു വേണ്ടിയുള്ള കളികളും ആരോഗ്യകരമായ മസ്തരങ്ങളും ഇസ്ലാം അനുവദിക്കുന്നു. എന്നാല്‍ അവ ചൂതാട്ടത്തിനുള്ള അവസരങ്ങളാകരുത്. പകിട കളി, ശീട്ടു കളി എന്നിവ പൊതുവെ പണംവെച്ചുള്ള ചൂതിനു കാരണമാകുന്നതിനാല്‍ പണമില്ലാതെയും അതു കളിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം അല്ലാഹുവിന്റെ അതിര്‍ത്തികടന്ന് മേയാന്‍ അത് കാരണമായേക്കും, (ബുഖാരി) അതുപോലെ കളികളോടനുബന്ധിച്ചുള്ള വാതുവെപ്പ് പണവും ചൂതിലാണ് ഉള്‍പ്പെടുന്നത്. രണ്ടുപേരും ഓഹരിയിട്ട് സമ്മാനം ശേഖരിക്കുകയും ജയിച്ചവന് അത് കരസ്ഥമാക്കുകയുംചെയ്യുന്ന സമ്മാനപ്പന്തയവും ഇസ്ലാം നിഷിദ്ധമാക്കി. ഇങ്ങനെയുള്ള കുതിരപ്പന്തയത്തിനുവേണ്ടി പരിപാലിക്കുന്ന കുതിര ചെകുത്താന്റെതാ ണെന്നാണ് നബി(സ്വ) പറഞ്ഞത്. ഇവിടെ രണ്ടാളുടെ പണം അനിശ്ചിതമായി ഒരാള്‍ക്ക് ലഭിക്കുകയാണ്. കൊച്ചുകുട്ടികളുടെ ഏറുകളിയും മറ്റും ഇങ്ങനെ നിഷിദ്ധമായ വാതുവെപ്പില്‍ പെടുന്നതാണ്. അപരന്റെ കളി ഉപകരണങ്ങളായ കശുവണ്ടി, ഗോട്ടി തുടങ്ങിയ വസ്തുക്കള്‍ സ്വന്തമാക്കുകയാണല്ലോ ഈ കളിയില്‍ ജയിക്കുന്നതിലൂടെ ചെയ്യുന്നത്. എന്നാല്‍ മൂന്നാം കക്ഷി ജേതാവിന് സമ്മാനം നല്‍കുന്നത് ഇസ്ലാം നിഷിദ്ധമാക്കിയ പന്തയത്തില്‍ ഉള്പെടുകയില്ല.
കൈക്കൂലി, കോഴ
ചില കാര്യങ്ങള്‍ നടന്നു കിട്ടുന്നതിനുവേണ്ടി അതു നിര്‍വഹിക്കേണ്ട വ്യക്തികള്‍ക്ക് രഹസ്യമായി നല്കുന്ന പ്രതിഫലമാണ് കൈക്കൂലിയും കോഴയും. സൗജന്യമായോ നിശ്ചയിച്ച പ്രതിഫലത്തിനോ ലഭിക്കേണ്ട വസ്തുക്കളും സേവനങ്ങളും സമയബന്ധിതമായി കിട്ടാതിരിക്കുമ്പോഴും നേരത്തെ ലഭിക്കാനും അര്‍ഹതയില്ലാത്തത് കിട്ടാനുമെല്ലാം നല്കുന്ന ധനവും ശിപാര്‍ശയുമെല്ലാം കൈക്കൂലിയാണ്. ഇതു നേര്‍ക്കുനേരെ നിശ്ചയിച്ച പ്രതിഫലമല്ലെന്നതിനാലും അയാള്‍ ആ കാര്യങ്ങള്‍ക്ക് നിശ്ചിതപ്രതിഫലം പറ്റുന്നുണ്ടെന്നതിനാലും അയാളെ ഉത്തരവാദിത്തം ഏല്പിച്ച വ്യക്തി ഈ പ്രതിഫലം വാങ്ങലോ ശിപാര്‍ശയോ അംഗീകരിക്കുന്നില്ലെന്നതിനാലുമെല്ലാം ഇത് നിഷിദ്ധമായ വരുമാനവും ഇടപാടുമാണ്. അതിനാല്‍ തന്നെ കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും അതിന് സാക്ഷി നില്ക്കുന്നതും സഹായിക്കുന്നതുമെല്ലാം ഇസ്ലാം നിഷിദ്ധമാക്കി. ഉദ്യോഗസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കും വിധികര്‍ത്താക്കള്‍ക്കുമെല്ലാം ഇങ്ങനെ നല്കുന്ന പ്രതിഫലങ്ങളും സമ്മാനങ്ങളുമെല്ലാം നിഷിദ്ധമാണെന്ന് ഖുര്‍ആനില്‍ അര്‍ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ”നിങ്ങള്‍ അന്യോന്യം സ്വത്തുക്കള്‍ തിന്നരുത്. അറിഞ്ഞുകൊണ്ടു തന്നെ, ആളുകളുടെ സ്വത്തുക്കളില്‍ നിന്ന് വല്ലതും അധാര്‍മികമായി നേടിയെടുത്തു തിന്നുവാന്‍ വേണ്ടി നിങ്ങളതുമായി വിധികര്‍ത്താക്കളെ സമീപിക്കുകയും ചെയ്യരുത്’‘(2:188).
നബി(സ്വ) ഈ കാര്യത്തില്‍ കര്‍ശന നിലപാടു സ്വീകരിച്ചിട്ടുണ്ട്. കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും ഇടനിലക്കാരനെയും അദ്ദേഹം ശപിച്ചു. (അഹ്മദ്)കൈക്കൂലി വാങ്ങുന്നവനും കൊടുക്കുന്നവനും നരകത്തിലാണെന്ന് അദ്ദേഹം പറഞ്ഞു (ദാരിമി) വിധി തീര്‍പ്പുകള്‍ അനുകൂലമാക്കാനായി കൈക്കൂലി കൊടുക്കുന്നവനെയും വാങ്ങുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു എന്നും നബി(സ്വ) ഉണര്‍ത്തി( തുര്‍മുദി).
തനിക്ക് അര്‍ഹതപ്പെട്ടതല്ലാത്ത ഏതു കാര്യവും നേടിയെടുക്കാനുള്ള ഏതു ശ്രമവും കുറ്റകരമാണ്. എന്നാല്‍ ചില നീതികള്‍ നടപ്പാക്കി കിട്ടാന്‍ മറ്റു വഴികളില്ലാത്ത സന്ദര്‍ഭങ്ങളില്‍, നിര്‍ബന്ധ സാഹചര്യങ്ങളില്‍ നിഷിദ്ധങ്ങള്‍ അനുവദനീയമാകും എന്ന മാനദണ്ഡപ്രകാരം അനുവദനീയമാണ്. നിരപരാധിയായ ഒരു മനുഷ്യന് കൊലയാളിയായി വധശിക്ഷക്ക് വിധിക്കപ്പെട്ടാല്‍, ജഡ്ജിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ഇങ്ങനെ ന്യായീകരണമര്‍ഹിക്കുന്നു. പക്ഷേ, ഈ നിര്‍ബന്ധിതാവസ്ഥയുടെ പരിധിയും സാഹചര്യങ്ങളുമെല്ലാം നാളെ അല്ലാഹുവിന്റെ മുമ്പില്‍ കൃത്യമായി ബോധ്യപ്പെടുത്തേണ്ടി വരും എന്നുള്ള വിശ്വാസത്തോടെ വേണം ഇതിനെ സമീപിക്കാന്‍. തങ്ങളുടെ ഗോത്രക്കാരി മോഷണക്കേസില്‍ ശിക്ഷിക്കപ്പെടുന്നതില്‍ അഭിമാനക്ഷയം ഭയപ്പെട്ടവര്‍ നബി(സ്വ)യുടെ അടുത്തേക്ക് ശിപാര്‍ശകരെ വിട്ടപ്പോള്‍, അദ്ദേഹം പ്രതികരിച്ചത് വളരെ കര്‍ശനമായിട്ടായിരുന്നു എന്നോര്‍ക്കുക.
കൈക്കൂലിയുടെ പൊടിപോലും ഇസ്ലാം അനുവദിക്കുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് നല്കുന്ന സമ്മാനങ്ങളെയും പാരിതോഷികങ്ങളെയുമെല്ലാം അത് കൈക്കൂലിയുടെ ഗണത്തിലാണുള്‍പ്പെടുത്തുന്നത്. വേതനത്തിനപ്പുറം കൈപ്പറ്റുന്നതെല്ലാം വഞ്ചിച്ചെടുക്കുന്ന താണെന്നാണ് നബി(സ്വ) ഉദ്യോഗസ്ഥരെ ഓര്‍മപ്പെടുത്തിയത്. അസദ് ഗോത്രത്തിലെ സകാത് ശേഖരിക്കാനയച്ച വ്യക്തി നാട്ടുകാര്‍ നല്കിയ പാരിതോഷികങ്ങളുമായി വന്നപ്പോള്‍, നീ മാതാവിന്റെയോ പിതാവിന്റെയോ കൂടെ വീട്ടിലിരുന്നാല്‍ ഇത് കിട്ടുമായിരുന്നോ എന്ന് കോപത്തോടെ പ്രതികരിക്കുകയും, അനര്‍ഹമായത് നേടിയെടുത്തവന് അതുമായി അല്ലാഹുവിനെ സമീപിക്കേണ്ടി വരുമെന്ന് താക്കീതു നല്കി പ്രഭാഷണം നടത്തുകയും ചെയ്തു(ബുഖാരി). യഹൂദികളുടെ ഈത്തപ്പനത്തോട്ടത്തിന്റെ നികുതി പിരിക്കാനായി നബി(സ്വ) നിയോഗിച്ച അബ്ദുല്ലാഹിബ്നു റവാഹക്ക് നാട്ടുകാര്‍ സമ്മാനം നല്കിയപ്പോള് ‘അത് കൈക്കൂലിയാണ്, അന്യായമായത് ഞങ്ങള്‍ക്ക് തിന്നാന്‍ പാടില്ലെ’ന്നു പറഞ്ഞ് അദ്ദേഹം പിന്മാറാനുള്ള കാരണം ഇതായിരുന്നു.
നമ്മുടെ നാട് കൈക്കൂലിയും കോഴയുമില്ലാതെ ഒരു സേവനവും നടക്കാത്തവിധത്തില്‍ അധഃപതിച്ചിരിക്കുന്നു. വീടു വെക്കാനും വൈദ്യുതി ലഭിക്കാനും കച്ചവടം തുടങ്ങാനും ഉദ്യോഗം ലഭിക്കാനുമെല്ലാം പല പേരുകളിലറിയപ്പെടുന്ന കോഴ നല്‍കേണ്ടതുണ്ട്. ന്യായമായ ഈ കാര്യങ്ങള്‍ നടന്നു കിട്ടണമെങ്കില്‍ മറ്റുമാര്‍ഗമില്ലാതാവുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം മതവും രാജ്യവും നിഷിദ്ധമാക്കിയ കാര്യങ്ങള്‍ക്ക് തലവെച്ചുകൊടുക്കും മുമ്പ് അതല്ലാത്ത എല്ലാ മാര്‍ഗങ്ങളും അന്വേഷിക്കേണ്ടതുണ്ട്. അല്പം താമസിച്ചാലും കുറച്ച് ബുദ്ധിമുട്ടിയാലും കൈക്കൂലിയില്ലാതെ നേടിയെടുക്കുന്നതിലാണ് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവുക.
ഇത്തരം അധര്മങ്ങള് വര്‍ധിക്കാനുള്ള ഒരു കാരണം ഇതിന് വിധേയമാകുന്നവര്‍ പ്രതികരിക്കുന്നില്ല എന്നതാണ്. തിന്മകള്ക്കെതിരെ ആവുന്ന വിധത്തിലെല്ലാം പ്രതികരിക്കാനും പ്രതിരോധിക്കാനും ബാധ്യതതയുള്ളവരാണ് മുസ്ലിംകള്. ”ഇസ്രാഈല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്റെയും, മര്‍യമിന്റെ മകന് ഈസാ(അ)യുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട് കാണിക്കുകയും, അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്റെ ഫലമത്രെ അത്. അവര്‍ ചെയ്തിരുന്ന ദുരാചാരത്തെ അവര്‍ അന്യോന്യം തടയുമായിരുന്നില്ല. അവര്‍ ചെയ്തു കൊണ്ടിരുന്നത് വളരെ ചീത്ത തന്നെ’‘(5 : 78,79).
അബൂബക്ര്(റ) പറഞ്ഞു: ജനങ്ങളേ, നിങ്ങള്‍ വിശുദ്ധ ഖുര്‍ആനിലെ ഈ ആയത്ത് പാരായണം ചെയ്യുന്നവരാണല്ലോ. ”സത്യവിശ്വാസികളേ നിങ്ങള്‍ നിങ്ങളുടെ കാര്യം ശ്രദ്ധിക്കുക. നിങ്ങള്‍ സന്‍മാര്‍ഗത്തിലായിരുന്നാല്‍ വഴിപിഴിച്ചവര്‍ നിങ്ങള്‍ക്ക് യാതൊരു ഉപദ്രവവും വരുത്തുകയില്ല”(5:105). എന്നാല്‍ നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടിരുന്നു: അക്രമിയെ കണ്ടിട്ട് ആളുകള്‍ അവന്റെ കൈപിടിക്കുന്നില്ലെങ്കില്‍ അവരെ മുഴുവനും അല്ലാഹുവിന്റെ ശിക്ഷ പിടികൂടിയേക്കാം. (അബൂദാവൂദ്, തിര്‍മിദി, നസാഈ). ഈ ശിക്ഷയാവാം ഇന്ന് എല്ലാവരെയും ബാധിക്കുന്ന വിധത്തില്‍ കോഴയും കൈക്കൂലിയും വ്യാപകമായത്.
അന്യായമായത് നേടിയെടുക്കാനാണ് കൈക്കൂലിയെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും ശാപമുള്ളതാണവന്‍ നേടിയെടുത്തതെന്നതില്‍ സംശയമില്ല. നരകത്തിലെ തീക്കട്ടയാണവന്‍ നേടിയതെന്നാണ് നബി(സ) അതിനെ വിശേഷിപ്പിക്കുന്നത്.
നോക്കു കൂലി
തൊഴിലാളി അവകാശത്തിന്റെയും ട്രേഡ് യൂണിയന് ശക്തിയുടെയും മറവില്‍ നമ്മുടെ നാട്ടില്‍ നടമാടുന്ന സാമ്പത്തിക കൊള്ളയാണ് നോക്കുകൂലി. കൈക്കൂലിപോലെ അന്യായമായ വരുമാനമാണ് നോക്കുകൂലിയും. മറ്റൊരാളുടെ അധ്വാനത്തിന് താന്‍ പ്രതിഫലം പറ്റുന്നതില്‍ യാതൊരു ധാര്‍മികതയുമില്ല.താന്‍ ചെയ്യേണ്ട ജോലി മറ്റൊരാള്‍ ചെയ്തു എന്നതാണ് നോക്കുകൂലിക്കു ന്യായമായി പറയാറുള്ളത്. നാട്ടു നിയമമനുസരിച്ച് ചില ജോലികള്‍ നിശ്ചയിക്കപ്പെട്ടവര്‍ക്കേ പാടുള്ളൂവെങ്കിലും ശേഷിയുള്ള ആര്‍ക്കും സ്വതന്ത്രമായി ജോലിചെയ്യാനും കഴിവുറ്റ ആരെയും അതിന് ചുമതലപ്പെടുത്താനും ഇസ്ലാം അനുമതി നല്‍കുന്നുണ്ട്. ഇവിടെ സമൂഹ നന്മയില് ഭരണാധികാരികളും മറ്റും നിശ്ചയിക്കുന്ന നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതുണ്ടെങ്കിലും ആരും അക്രമിക്കപ്പെടാന്‍ പാടില്ലെന്ന വശവും പ്രധാനമാണ്. ഒരു തൊഴിലാളിയോടുള്ള ന്യായമല്ലാത്ത വെറുപ്പോ അമിതമായ ലാഭമോഹമോ കാരണത്താല്‍ തൊഴില്‍ മുടക്കുന്നത് ശരിയല്ല. മറ്റു തൊഴില്‍ അസാധ്യമായ വിധത്തില്‍ അന്യായമായാണ് തടയപ്പെട്ടതെങ്കില്‍ അയാള്‍ക്ക് കൂലിക്ക് അര്‍ഹതയുണ്ട്. എന്നാല്‍ അയാളുടെ കഴിവുകേടോ വിശ്വസ്തതില്ലായ്മയോ അമിതകൂലിയോ കാരണമാണ് മറ്റൊരാളെ തൊഴിലിന് ഏര്‍പ്പെടുത്തിയതെങ്കില്‍, അല്ലെങ്കില്‍ ഉടമക്ക് സ്വയം ചെയ്തതാണെങ്കില്‍ അതിന്റെ പേരില്‍ കൂലി കൈപ്പറ്റാനോ, ചെറിയ ഒരംശമെങ്കിലും ആവശ്യപ്പെടാനോ പാടില്ലാത്തതാണ്.
വിദേശ തൊഴില്‍ റിക്രൂട്മെന്റിന്റെ പേരിലും തൊഴിലാളികളെ സപ്ലൈ ചെയ്യുന്നതിന്റെ പേരിലുമെല്ലാം ചെലവും അധ്വാനക്കൂലിയുമല്ലാതെ അവരില്‍ നിന്ന് വന്‍തുക വാങ്ങുന്നതും കമ്മീഷനായി വേതനം പറ്റുന്നതും ഇതുപോലെ നിഷിദ്ധമായ നോക്കു കൂലിയാണ്.
References
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 110, ഹദീസ് 1535[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 65, ഹദീസ് 6290[↩]
