ലഹരി പദാര്‍ഥങ്ങള്‍
ലഹരി പദാര്‍ഥങ്ങള്‍ മനുഷ്യന്റെ ആരോഗ്യം, ധാർമ്മികത, സാമൂഹികജീവിതം എന്നിവയെ ഗുരുതരമായി ബാധിക്കുന്ന വലിയ ദോഷങ്ങളാണ്. മദ്യം, മദ്യപാനവും പരിതോഷികം നൽകലും, മദ്യചികിത്സ എന്ന വിഷയങ്ങൾക്കും പുകവലി പോലുള്ള ലഹരി ശീലങ്ങൾക്കും ഇസ്‌ലാം വ്യക്തമായ സമീപനമാണ് സ്വീകരിക്കുന്നത്. ഖുർആനും സ്വീകാര്യ ഹദീസുകളും അടിസ്ഥാനമാക്കി ലഹരി ഉപയോഗത്തിന്റെ ദോഷങ്ങൾ, അതിന്റെ നിയമപരമായ നിലപാട്, മോചനത്തിനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ച് ഈ ലേഖനം വിശദമായി അവതരിപ്പിക്കുന്നു.
മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായതും സാമൂഹികവും കുടുംബപരവും സാമ്പത്തികവും ആയ തലങ്ങളില്‍ വിനാശങ്ങള്‍ വിതയ്ക്കുന്നതുമായ എല്ലാവിധത്തിലുള്ള ഭക്ഷണ പാനീയങ്ങളും ഇസ്‌ലാം വിരോധിച്ചിട്ടുണ്ട്. അനുവദിക്കപ്പെട്ട ഭക്ഷണപാനീയങ്ങള്‍ തന്നെ വിശിഷ്ട (ത്വയ്യിബ്) മായിരിക്കണമെന്ന് മതം നിഷ്‌കര്‍ഷിക്കുകയും ചെയ്തു. ലഹരി വരാനിടയാക്കുന്ന രൂപത്തില്‍ പഴങ്ങള്‍ കൂട്ടികലര്‍ത്തരുതെന്ന് റസൂല്‍(സ്വ) ഉണര്‍ത്തുകയുണ്ടായി. ജാബിര്‍ബ്‌നു അബ്ദുല്ല(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. മുന്തിരിയും ഈത്തപ്പഴവും, പച്ചക്കാരക്കയും ഉണക്കക്കാരക്കയും കൂട്ടിച്ചേര്‍ക്കുന്നത് നബി(സ്വ) നിരോധിച്ചു (ബുഖാരി) 1 ഉപരിസൂചിത ഹദീസില്‍ പ്രസ്താവിച്ച വ്യത്യസ്ത വിഭവങ്ങള്‍ ചേരുന്നത് ലഹരിയുണ്ടാവാനുള്ള സാധ്യത കൂട്ടുന്നു.
ഒരിക്കല്‍ ലഹരിബാധിതനായി നബി(സ്വ)യുടെ അടുക്കല്‍ കൊണ്ടുവന്ന വ്യക്തിയോട് അവന്‍ കുടിച്ചതിനെക്കുറിച്ച് ചോദിച്ചു. അയാള്‍ മുന്തിരിയും കാരക്കയും ചേര്‍ത്തുണ്ടാക്കിയ പഴച്ചാറാണ് കുടിച്ചതെന്ന് പറഞ്ഞു. അപ്പോള്‍ നബി(സ്വ) അവ രണ്ടും കൂട്ടിച്ചേര്‍ക്കുന്നത് അവിടുന്ന് വിരോധിച്ചു(അഹ്‌മദ്) 2 ലഹരിപദാര്‍ഥങ്ങളെയെല്ലാം ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടുണ്ട്. അനുവദിക്കപ്പെട്ട പഴവര്‍ഗങ്ങളും മറ്റും കൂട്ടിക്കലര്‍ത്തി പാനീയമുണ്ടാക്കുന്ന സന്ദര്‍ഭത്തിലും ലഹരിക്ക് കാരണമായിത്തീരുന്ന സാഹചര്യമുണ്ടായാല്‍ അത് നിഷിദ്ധമാണെന്ന് റസൂല്‍(സ്വ) പഠിപ്പിക്കുന്നു. ലഹരിക്ക് കാരണമാവാത്ത രൂപത്തില്‍ രുചിയുള്ളതും ആരോഗ്യരക്ഷക്ക് ഉതകുന്നതുമായ പാനീയങ്ങള്‍ ഉപയോഗിക്കുന്നതും ഉണ്ടാക്കുന്നതും വിലക്കപ്പെട്ടിട്ടില്ല.
ലഹരിയുടെ ശക്തിയുണ്ടാകുന്നതെല്ലാം മദ്യം എന്ന ഗണത്തിലാണുള്‍പ്പെടുന്നത്. ഏത് ബ്രാന്‍ഡില്‍, ഏത് ഉല്പന്നമായി ഉപയോഗിക്കപ്പെടുകയാണെങ്കിലും അവ നിഷിദ്ധങ്ങളാണ്. ഗോതമ്പ്, തേന്‍, ചോളം തുടങ്ങിവയില്‍ നിന്നുണ്ടാക്കുന്ന വീര്യമുള്ള മദ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രവാചകന്റെ മറുപടി വളരെ സമഗ്രമായിട്ടായിരുന്നു. ‘ലഹരിയുണ്ടാക്കുന്നതൊക്കെയും മദ്യമാണ്; മദ്യമെല്ലാം ഹറാമുമാണ് (അത്തംഹീദ്) 3 മദ്യം ഉണ്ടാക്കാനുപയോഗിക്കുന്ന പദാര്‍ഥങ്ങളിലേക്കല്ല, അത് സൃഷ്ടിക്കുന്ന ഫലങ്ങളിലേക്കാണ് ഇസ്‌ലാം നോക്കുന്നത് എന്ന് ചുരുക്കം.
യമന്‍ നിവാസികള്‍ തേന്‍ ചേര്‍ത്ത മധുര പാനീയം കഴിച്ചതിനെക്കുറിച്ച് നബി(സ്വ)യോട് ചോദിക്കപ്പെട്ടപ്പോള്‍ നബി(സ്വ) പറഞ്ഞു. ”ലഹരിയുണ്ടാക്കുന്ന സര്‍വ പാനീയവും നിഷിദ്ധമാണ്” (മജ്മഉ സവാഇദ) 4.
മദ്യം
ലഹരിയുണ്ടാക്കുന്ന ആല്‍ക്കഹോള്‍ അടങ്ങിയ പദാര്‍ഥമാണ് മദ്യം. ഒരു വ്യക്തി ശാരീരികവും മാനസികവും ബുദ്ധിപരവും സാമ്പത്തികവുമായ തകര്‍ച്ചയെ നേരിടേണ്ടിവരുന്ന മഹാവിപത്താണ് മദ്യം. മദ്യാസക്തി സമൂഹത്തില്‍ വേരുപിടിക്കുന്നത് സാംസ്‌കാരികമായ ജീര്‍ണാവസ്ഥയിലേക്ക് കൂപ്പുകുത്തുന്നതിന് നിമിത്തമായിത്തീരുന്നു. ലഹരിയുടെ ചതിക്കുഴിയില്‍ പെട്ടുപോകുന്നവര്‍ തിന്മകളുടെ ദൂഷിതവലയത്തില്‍ കുരുക്കിയിടപ്പെട്ട അസാന്മാര്‍ഗിക ജീവിതമാണ് നയിക്കുന്നത്. മദ്യപാനംകൊണ്ട് ലഭിക്കുന്ന നേട്ടങ്ങളേക്കാള്‍ അതുകൊണ്ടുള്ള കോട്ടങ്ങളാണ് കൂടുതലുള്ളത്. തിന്മകളുടെ മാതാവ് എന്ന് നബി(സ്വ)വിശേഷിപ്പിച്ച മദ്യത്തെ ആസക്തിയോടെ കുടിക്കുകയും വില്‍ക്കുകയും വര്‍ണിച്ചുപാടുകയും ചെയ്തിരുന്ന ജാഹിലിയ്യാ സമൂഹത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ക്രമാനുഗതമായി മദ്യനിരോധനമേര്‍പ്പെടുത്തി. നിയമത്തിന്റെ കാതല്‍ നിയന്ത്രണങ്ങളാണെങ്കിലും ക്രമപ്രവൃദ്ധമായി അത് നിരോധനത്തിലേക്ക് എത്തിയിട്ടില്ലെങ്കില്‍ വര്‍ജ്യമായി കാണാന്‍ സമൂഹം പാകപ്പെടുകയില്ല. അതുകൊണ്ട് തീര്‍ത്തും മനശാസ്ത്രസമീപനമാണ് മദ്യത്തില്‍ മുങ്ങിയ സമൂഹത്തെ ചികിത്സിക്കാന്‍ വിശുദ്ധഖുര്‍ആന്‍ മുന്നോട്ട് വെച്ചത്.
ഇസ്‌ലാമിന്റെ ആദ്യകാല പ്രബോധിത സമൂഹം മദ്യാസക്തികൊണ്ട് കുപ്രസിദ്ധരായിരുന്നു. ഏകദേശം നൂറോളം പേരുകള്‍ അവര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. അജ്ഞാനകാലത്തെ അറബികവിതകളുടെ മുഖ്യപ്രമേയം മദ്യചഷകങ്ങളുടെ വര്‍ണനയും മദ്യപരുടെ സദസ്സുമൊക്കെയായിരുന്നു. ഇസ്‌ലാം യുക്തിപൂര്‍വമായ ശിക്ഷണ സരണിയിലൂടെ അവരെ സംസ്‌കരിച്ചു. ആദ്യഘട്ടത്തില്‍ മദ്യത്തെ ദോഷം ഗുണത്തേക്കാള്‍ കൂടുതലാണെന്ന് അവര്‍ക്ക് പറഞ്ഞുകൊടുത്തു. പിന്നീട് ലഹരിബാധിതരായിരിക്കെ നമസ്‌കരിക്കുന്നതില്‍ നിന്നും വിലക്കി. തുടര്‍ന്ന് മദ്യോപയോഗം പൂര്‍ണമായി നിരോധിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ സൂക്തം ഇപ്രകാരം അവതരിപ്പിച്ചു. ‘വിശ്വസിച്ചവരേ, മദ്യം, ചൂതാട്ടം, പ്രതിഷ്ഠകള്‍, പ്രശ്‌നോപകരണങ്ങള്‍ ഇവയെല്ലാം പൈശാചികമായ നീചകൃത്യമാണ്. അതിനാല്‍ നിങ്ങള്‍ അത് വര്‍ജിക്കുക. നിങ്ങള്‍ വിജയികളാവാന്‍ വേണ്ടി. മദ്യവും ചൂതും മുഖേന നിങ്ങളൈ ശത്രുതയിലും വിദ്വേഷത്തിലും അകപ്പെടുത്തണമെന്നും ദൈവസ്മരണയില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയണമെന്നും മാത്രമാണ് പിശാച് ഉദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങള്‍ വിരമിക്കുന്നില്ലയോ?‘ (5-90, 91).
മദ്യനിരോധനത്തിന്റെ ഈ പ്രഖ്യാപനം വന്നപ്പോള്‍ വിശ്വാസികളുടെ പ്രതികരണം നാഥാ ഞങ്ങള്‍ വിരമിച്ചിരിക്കുന്നു നാഥാ ഞങ്ങള്‍ വിരമിച്ചിരിക്കുന്നു എന്നായിരുന്നു. പല പേരുകളിട്ട് പ്രത്യേകം പാത്രങ്ങളില്‍ സൂക്ഷിക്കപ്പെട്ടിരുന്ന മദ്യത്തിന്റെ വീപ്പകള്‍ തല്ലിയടച്ച് മദ്യം ഒഴുക്കികളഞ്ഞു. തെരുവുകളില്‍ മദ്യത്തിന്റെ പുഴയൊഴുകിയെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. മദ്യകോപ്പ കൈകളിലുള്ള വ്യക്തി ചഷകം ചുണ്ടോടടുപ്പിച്ചിട്ടു പോലും നിരോധനത്തിന്റെ വാക്യങ്ങള്‍കേട്ട് അത് കുടിക്കാതെ നിലത്തൊഴുക്കി. ഇത്രമേല്‍ അത്ഭുതകരമായി മദ്യാസക്തരായ സമൂഹത്തെ മദ്യവിമുക്തിയിലേക്ക് നയിക്കാന്‍ ഖുര്‍ആനിന്റെ ശിക്ഷണരീതിയിലൂടെ സാധിച്ചു. മദ്യം അറേബ്യയുടെ ചരിത്രത്താളുകളില്‍ വിസ്മൃതിയിലാണ്ടുപോയത് ഖുര്‍ആന്‍ അവരുടെ ഹൃദയാന്തരങ്ങളില്‍ സൃഷ്ടിച്ച വിപ്ലവം ഒന്നുകൊണ്ടു മാത്രമായിരുന്നു.
മദ്യം വരുത്തിവെക്കുന്ന വിനാശത്തെക്കുറിച്ച് നമ്മുടെ സമൂഹവും ഭരണകൂടവും തികഞ്ഞ ബോധ്യമുള്ളവരാണെങ്കില്‍കൂടി നിയമത്തിലൂടെ നിരോധനത്തിലേക്ക് എത്തിച്ച് മദ്യവിമുക്തി സാധ്യമാവുന്നില്ല. ഇവിടെയാണ് മദ്യവും അതിലേക്ക് നയിക്കുന്ന മുഴുവന്‍ കാര്യങ്ങളെയും കണിശമായി വിലക്കിയിട്ടുള്ള കര്‍ശന നിലപാട് മാതൃക സമൂഹത്തിന്റെ സദാചാരബോധം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കുമുള്ള ഗുണകരമാവുന്ന വിധിയാവുന്നത്.
ലഹരിയുണ്ടാക്കുന്നതെല്ലാം നിഷിദ്ധമാണ്. ലഹരിപദാര്‍ഥങ്ങളുടെ അളവ് എത്ര കുറഞ്ഞാലും ശരി. നബി(സ്വ) പറഞ്ഞു. ‘കൂടുതലായാല്‍ ലഹരിയുണ്ടാക്കുന്ന പദാര്‍ഥങ്ങളില്‍ നിന്ന് കുറഞ്ഞതും നിഷിദ്ധമാണ്. (സുനനു അബീദാവൂദ്) 5
മനുഷ്യന്റെ ജീവന്‍, സ്വത്ത്, അഭിമാനം എന്നിവ പവിത്രമാണ്. ആ പവിത്രത കളങ്കപ്പെടുത്തുന്നതെല്ലാം അപരിഹാര്യമായ നാശനഷ്ടത്തിലേക്കുമാണവനെ നയിക്കുന്നത്. മദ്യേതരമായ എല്ലാ ലഹരി പദാര്‍ഥങ്ങളും മയക്കുമരുന്നുകളും ലഹരിയും തളര്‍ച്ചയും ആരോഗ്യക്ഷയവുമുണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇവ്വിഷയകമായി ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ പറയുന്നു. ”ആറാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ഏഴാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും താര്‍ത്താരികളാണ് ഭരിച്ചിരുന്നത്. ഈ കാലത്താണ് മുസ്‌ലിംകള്‍ക്കിടയില്‍ കഞ്ചാവ് പ്രത്യക്ഷപ്പെട്ടത്. ഇത് കഴിക്കുന്നത് നിഷിദ്ധമാണ്. ലഹരി, ലൈംഗിക ഉത്തേജനം, ബുദ്ധിയിലും മനുഷ്യപ്രതൃതിയിലുമുണ്ടാക്കുന്ന അപകടങ്ങള്‍ തുടങ്ങി എല്ലാ നാശങ്ങളും മദ്യത്തിനെന്നപോലെ കഞ്ചാവിനുമുണ്ട്. അതിനാല്‍ മദ്യപാനിക്കെന്നപോലെ കഞ്ചാവ് ഉപയോഗിക്കുന്നവനും ചാട്ടവാറടി ശിക്ഷ നല്‍കേണ്ടതാണ്” (മജ്മൂഅ് ഫതാവാ) 6.
മദ്യവ്യാപാരവും പാരിതോഷികം നല്‍കലും
മദ്യം കുറച്ചോ കൂടുതലോ ആയി ഉപയോഗിക്കുന്നത് നിഷിദ്ധമാക്കിയതുപോലെ അത് കച്ചവടം നടത്തുന്നതും നിരോധിച്ചിരിക്കുന്നു. മദ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളേയും ഇസ്‌ലാം കണിശമായി നിഷിദ്ധമാക്കിയിരിക്കുന്നു. മദ്യപിക്കുന്നത് മാത്രമാണ് വിലക്കിയിട്ടുള്ളത് എന്ന ധാരണ ശരിയല്ല. മതപരമായി മദ്യമുപയോഗിക്കുന്നത് വിലക്കില്ലാത്തവര്‍ക്ക് മദ്യം എത്തിച്ചുകൊടുക്കുന്നതില്‍ പങ്കാളിയാവാന്‍ മുസ്‌ലിമിന് അനുവാദമില്ല. ഒരു മുസ്‌ലിം മദ്യം ഇറക്കുമതി ചെയ്യുന്നവനോ കയറ്റിയയക്കുന്നവനോ വില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥനോ അവിടത്തെ തൊഴിലാളിയോ ആകാവതല്ല.
നബി(സ്വ) മദ്യത്തിന്റെ കാര്യത്തില്‍ പത്തു വിഭാഗത്തെ ശപിച്ചു. ”അത് വാറ്റുന്നവന്‍, വാറ്റാനാവശ്യപ്പെടുന്നവര്‍, കുടിക്കുന്നവര്‍, ചുമക്കുന്നവര്‍, ഏറ്റുവാങ്ങുന്നവര്‍, വില്‍ക്കുന്നവര്‍, അതിന്റെ വില ഭക്ഷിക്കുന്നവര്‍, അതുണ്ടാക്കുന്ന വസ്തുക്കള്‍ വാങ്ങുന്നവര്‍, അവ വില്‍ക്കുന്നവര്‍, കുടിക്കുന്നവര്‍, കുടിപ്പിക്കുന്നവര്‍” (തിര്‍മുദി) 7
നിഷിദ്ധങ്ങളിലേക്ക് നയിക്കുന്ന മാര്‍ഗങ്ങളടയ്ക്കുക എന്ന ഇസ്‌ലാമിന്റെ രീതി അനുസരിച്ച് കള്ളുണ്ടാക്കാനാണെന്ന് ഉറപ്പുള്ളവന്ന് മുന്തിരി വില്‍ക്കാന്‍ പാടില്ല.
മദ്യ സദസ്സില്‍ നിന്നും മദ്യപരുടെ കൂടെ ഇരിക്കുന്നതില്‍ നിന്നും നബി വിലക്കിയിട്ടുണ്ട്. ”നിങ്ങളിലാരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ മദ്യം വിളമ്പുന്നിടങ്ങളില്‍ ഇരിക്കാതിരിക്കട്ടെ”. ഉമര്‍ബ്‌നു അബ്ദില്‍ അസീസ് മദ്യപന്മാരെയും അവരുടെ കൂടെ സദസ്സിലിരിക്കുന്നവരെയും ചമ്മട്ടികൊണ്ട് അടിച്ചിരുന്നു. അവര്‍ കുടിച്ചിരുന്നില്ലെങ്കിലും, ഇങ്ങനെയൊരു ശിക്ഷാ നടപടി സ്വീകരിച്ചില്ലെങ്കില്‍ മദ്യാസക്തരുടെ എണ്ണം പെരുകുമെന്ന് തീര്‍ച്ച. ഒരിക്കല്‍ മദ്യപിച്ച ഒരു സംഘത്തെ അദ്ദേഹത്തിന്റെ അടുക്കല്‍ ഹാജരാക്കി. അപ്പോള്‍ അദ്ദേഹം അവരെ അടിക്കാന്‍ കല്‍പിച്ചു. ”അവരില്‍ ഒരാള്‍ നോമ്പുകാരനാണെന്ന്” അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം പ്രഖ്യാപിച്ചു. ”അയാളെ ആദ്യം അടിക്കുക, അല്ലാഹുവിന്റെ ഈ വചനം നിങ്ങള്‍ കേട്ടിട്ടില്ലേ? ”അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കപ്പെുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്നത് കേട്ടാല്‍ മറ്റൊരു വിഷയത്തില്‍ അവര്‍ പ്രവേശിക്കുന്നതുവരെ അവരുടെ കൂടെ ഇരിക്കരുത്. അങ്ങനെ നിങ്ങള്‍ ചെയ്താല്‍ തീര്‍ച്ചയായും നിങ്ങളും അവരെപോലെ തന്നെയാണെന്നും അല്ലാഹു നിങ്ങള്‍ക്ക് ഗ്രന്ഥത്തില്‍ അവതരിപ്പിച്ച് തന്നിട്ടുണ്ട്” (4:140).
മദ്യം വില്‍ക്കുന്നത് നിഷിദ്ധമാക്കിയതുപോലെ അത് പാരിതോഷികമായി നല്‍കുന്നതും നിഷിദ്ധം തന്നെയാണ്.
മദ്യചികിത്‌സ
മദ്യമുള്‍പ്പെടെയുള്ള ലഹരിയുണ്ടാക്കുന്നവയെല്ലാം ഉപയോഗിക്കുന്നത് നിഷിദ്ധമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിര്‍ബന്ധിത സാഹചര്യത്തില്‍ ആവശ്യം പരിഹരിക്കാവുന്നതിന് വേണ്ട അളവില്‍ നിഷിദ്ധമായ ഭക്ഷ്യപാനീയങ്ങള്‍ ഉപയോഗിക്കുന്നത് അനുവദനീയമാണെന്ന വീക്ഷണം പണ്ഡിതര്‍ക്കുണ്ട്. വിശപ്പും ദാഹവും പോലെ ചികിത്സയും പരിഗണിക്കപ്പെടേണ്ട ആവശ്യമായതിനാല്‍ ജീവന്‍ നിലനിര്‍ത്തേണ്ട സന്നിഗ്ധ ഘട്ടത്തില്‍ മദ്യം കൊണ്ട് ചികിത്സിക്കാമോ എന്ന പ്രശ്‌നത്തില്‍ വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. ബാഹ്യവീക്ഷണത്തില്‍ പാടില്ല എന്നതാണ് മുന്‍ഗണനാര്‍ഹം.
ഇസ്‌ലാമിന് മുമ്പ് ജാഹിലിയ്യാ കാലത്ത് ആളുകള്‍ മദ്യം ചികിത്സക്കുപയോഗിക്കാറുണ്ടായിരുന്നു. ഇസ്‌ലാം വന്നപ്പോള്‍ മദ്യം കൊണ്ടുള്ള ചികിത്സ നിരോധിക്കുകയും അത് നിഷിദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇമാം അഹ്‌മദ്, മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി എന്നിവര്‍ ത്വാരിഖുബ്‌നു സുവൈദില്‍ ജുഅഫില്‍ നിന്നുദ്ധരിക്കുന്നു. അദ്ദേഹം നബി(സ്വ)യോട് മദ്യത്തെക്കുറിച്ച് അന്വേഷിച്ചു. തിരുമേനി അദ്ദേഹത്തെ അതില്‍നിന്ന് വിലക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘ഞാന്‍ ഔഷധാവശ്യത്തിന് വേണ്ടി മാത്രമേ അതുണ്ടാക്കാറുള്ളൂ. നബി(സ്വ) പ്രതിവചിച്ചു: അത് ഔഷധമല്ല, പ്രത്യുത രോഗമാണ്’ (മുസ്‌ലിം).8 നബി(സ്വ) പ്രസ്താവിച്ചതായി അബൂദാവൂദ് അബൂദര്‍ദാഇല്‍ നിന്നുദ്ധരിക്കുന്നു. ‘അല്ലാഹു രോഗങ്ങളും ഔഷധങ്ങളുമിറക്കിയിരിക്കുന്നു. ഓരോ രോഗത്തിനും ഓരോ ഔഷധവും നിശ്ചയിച്ചിട്ടുണ്ട്. അതിനാല്‍ ചികിത്‌സിക്കുവിന്‍. നിഷിദ്ധ വസ്തുക്കള്‍കൊണ്ട് ചികിത്‌സിക്കരുത്.’ (സുനനുഅബീദാവൂദ്) 9
”ഒരിക്കല്‍ ദയ്‌ലമുല്‍ ഹിംയരി നബി(സ്വ)യോട് ചോദിച്ചു. ഞങ്ങള്‍ തണുപ്പുള്ള പ്രദേശത്ത് കഠിനമായി ജോലി ചെയ്യുന്നവരാണ്. അപ്പോള്‍ തണുപ്പകറ്റാനും തൊഴില്‍ ചെയ്യാനും ആവശ്യമായ ശക്തി നേടുന്നതിന് ഗോതമ്പില്‍ നിന്ന് മദ്യം ഉണ്ടാക്കാറുണ്ട്. അപ്പോള്‍ നബി(സ്വ) ചോദിച്ചു. അത് ലഹരിയുണ്ടാക്കുമോ? അദ്ദേഹം പറഞ്ഞു. അതേ, തിരുദൂതര്‍ പറഞ്ഞു. ‘എന്നാല്‍ നിങ്ങളത് കുടിക്കരുത്’, ‘നിങ്ങളത് കുടിക്കരുത്’, ‘നിങ്ങളത് കുടിക്കരുത്’. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ജനങ്ങളത് ഒഴിവാക്കാനുള്ള ക്ഷമ കാണിക്കില്ല. പ്രവാചകന്‍(സ്വ) പറഞ്ഞു. എങ്കില്‍ അവനോട് നിങ്ങള്‍ പോരാടണം.” (സ്വഹീഹു മുസ്‌നദ്) 10
അനുവദനീയമായ മറ്റ് ഔഷധങ്ങളൊന്നും കിട്ടാനില്ലാത്ത സാഹചര്യത്തില്‍ മാത്രം കള്ളുകൊണ്ട് ചികിത്‌സിക്കാവുന്നതാണെന്ന് പണ്ഡിതന്മാരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. ആ ചികിത്സയിലൂടെ ഉപഭോക്താവിന്റെ ലക്ഷ്യം ആസ്വാദനവും ലഹരിയുമായിരിക്കരുതെന്ന ഉപാധിയുമുണ്ട്. ഭിഷഗ്വരന്‍ നിശ്ചയിച്ച മാത്രയില്‍ കവിഞ്ഞ് ഉപയോഗിക്കാന്‍ പാടില്ല. നിര്‍ബന്ധിതാവസ്ഥയില്‍ മദ്യം ഉപയോഗിക്കുന്നത് അനുവദനീയമാണ് എന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാര്‍ ഇങ്ങനെ വിശദീകരിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ”ആരെങ്കിലും നിഷിദ്ധമാക്കപ്പെട്ടത് (ഭക്ഷിക്കാന്‍ നിര്‍ബന്ധിതനായാല്‍ അവന്റെ മേല്‍ കുറ്റമില്ല. അവന്‍ നിയമലംഘനം ആഗ്രഹിക്കാതിരിക്കുകയും പരിധി കവിയാതിരിക്കുകുയം വേണം. നിശ്ചയം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (2:173).
പുകവലി
ആദിമ ഇന്‍ഡോ അമേരിക്കന്‍ വംശജരാണ് പുകയില ആദ്യമായി ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു. തലമുറകളിലൂടെ കൈമാറ്റപ്പെട്ട ഈ ദുശ്ശീലത്തിന് ഇന്ന് കൂടുതല്‍ പേര്‍ അടിമപ്പെട്ടതായി കാണാന്‍ കഴിയും.
ശരീരത്തിന് ഹാനികരമാവുന്നതും അയല്‍വാസിയെ ഉപദ്രവിക്കുന്നതും ധനം നശിപ്പിക്കുന്നതുമായ എല്ലാറ്റിനെയും ഇസ്‌ലാമിക ശരീഅത്തില്‍ നിഷിദ്ധമാക്കിയിരിക്കുന്നു. ആ നിലക്ക് പുകവലിയുടെ ഇസ്‌ലാമികവിധി വെറുക്കപ്പെട്ടതായി (മക്‌റൂഹ്) കണ്ട് വര്‍ജിക്കുന്നതാണ് അഭിലഷണീയം എന്ന് നമുക്ക് ഗ്രഹിക്കാന്‍ കഴിയും.
വിശ്വാസി സദാ മറ്റുള്ളവര്‍ക്ക് നന്മയുടെ സുഗന്ധം പരത്തുന്ന സാന്നിധ്യമായി നിറഞ്ഞു നില്‍ക്കേണ്ടതാണ്. ദ്രോഹം ഏല്‍ക്കാനോ ഏല്പിക്കുവാനോ പാടുള്ളതല്ലയെന്ന് നബി(സ്വ) ഉണര്‍ത്തിയിട്ടുണ്ട്. സമ്പത്തിന്റെ ദുര്‍വിനിയോഗവും മറ്റുള്ളവര്‍ക്ക് ഉപദ്രവം വരുത്തിവെക്കുന്നതുമായ നിഷിദ്ധങ്ങളുടെ പട്ടികയില്‍തന്നെ പണ്ഡിതന്മാര്‍ പുകവലിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മദ്യം വിരോധിക്കുന്നതിന്റെ ആദ്യഘട്ടം അവതീര്‍ണമായ സൂക്തത്തില്‍ (2:219) അവയിലെ പാപത്തിന്റെ അംശമാണ് ഉപകാരത്തിന്റെ അംശത്തേക്കാള്‍ വലുതെന്ന് എടുത്ത് പറഞ്ഞിട്ടുണ്ട്. പുകവലിയിലും അതിന്റെ പ്രയോജനത്തേക്കാള്‍ ഉപദ്രവമാണ് കൂടുതലുള്ളത്. ഈ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് പുകവലി നിഷിദ്ധമാണെന്ന് ധാരാളം ഫത്‌വാകള്‍ നല്കപ്പെട്ടിട്ടുണ്ട്.
References
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 07, പേജ് 108, ഹദീസ് 5601[↩]
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 91, ഹദീസ് 5066[↩]
- അത്തംഹീദ്, കുര്‍ത്വുബി, വിസാറത്തു ഉമൂമില്‍ ഔഖ്വാഫ്, മൊറോക്കോ, ഹിജ്‌റ 1387, വാള്യം 01, പേജ് 253[↩]
- മജ്മഉസ്സവാഇദ് വ മന്‍ബഉല്‍ ഫവാഇദ്, അബുല്‍ ഹസന്‍ നൂറുദ്ദീന്‍ അലിയ്യുബ്‌നു അബീബക്ര്‍ അല്‍ ഹൈസമി, മക്തബതുല്‍ ഖുദ്‌സി, കെയ്‌റോ, വാള്യം 05, പേജ് 56, നമ്പര്‍ 8100[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 05, പേജ് 523, ഹദീസ് 3681[↩]
- അല്‍ മജ്മൂഅ് അല്‍ ഫതാവാ, അല്‍ ഫതാവല്‍ കുബ്‌റാ, തഖിയുദ്ദീന്‍ അബുല്‍ അബ്ബാസ് അഹ്‌മദ് ഇബ്‌നുതൈമിയ്യ, ദാറുല്‍ കുതുബുല്‍ ഇല്‍മിയ്യ, ഒന്നാം പതിപ്പ്, വാള്യം 28, പേജ് 339, 340[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 581, ഹദീസ് 1295[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 06, പേജ് 89, ഹദീസ് 1984[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 04, പേജ് 06, ഹദീസ് 3874[↩]
- അസ്സ്വഹീഹുല്‍ മുസ്‌നദു മിമ്മാ ലൈസ ഫിസ്സ്വഹീഹയ്‌നി, അബൂഅബ്ദിന്നമാന്‍ മുഖ്ബിലു ബനൂഹാദി അല്‍ വാദിഈ, ദാറുല്‍ ആസാര്‍ ലിന്നശ്‌രീ വത്തൗസീഇ , സ്വന്‍ആഅ്, യമന്‍, നാലാം പതിപ്പ്, വാള്യം 01, പേജ് 270, ഹദീസ് 325[↩]
