പ്രായശ്ചിത്തം
പ്രായശ്ചിത്തം ഇസ്ലാമിക നിയമത്തിൽ പാപപരിഹാരത്തിനും ആത്മശുദ്ധിക്കുമായി നിശ്ചയിച്ചിരിക്കുന്ന പ്രധാനമായ സംവിധാനമാണ്. ശപഥലംഘനത്തിനുള്ള പ്രായശ്ചിത്തം, ഹജ്ജിലെ കഫ്ഫാറ, മനുഷ്യവധവുമായി ബന്ധപ്പെട്ട പശ്ചാത്താപം, ഫിദ്യ, സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട പ്രായശ്ചിത്ത വ്യവസ്ഥകൾ, നോമ്പ് മുറിച്ചവന്റെ പ്രായശ്ചിത്തം തുടങ്ങിയ വിഷയങ്ങളിൽ ഖുർആനും സ്വീകാര്യ ഹദീസുകളും നൽകുന്ന വ്യക്തമായ മാർഗ്ഗനിർദേശങ്ങളാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. വ്യക്തിയെയും സമൂഹത്തെയും ശുദ്ധീകരിക്കുന്നതിൽ പ്രായശ്ചിത്തത്തിന്റെ ആത്മീയവും നിയമപരവുമായ പ്രാധാന്യവും ഇതിലൂടെ വ്യക്തമാക്കുന്നു.
വന്നുപോയ തെറ്റുകള്‍ക്ക് പരിഹാരമായി ചെയ്യുന്ന കാര്യങ്ങള്‍ക്കാണ് പ്രായശ്ചിത്തം എന്നു പറയുന്നത്. ഇസ്ലാമിക നിയമവ്യവസ്ഥയിലും ‘പ്രായശ്ചിത്തം’ ഉണ്ട്. വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും ‘കഫ്ഫാറ’ എന്നാണ് പ്രായശ്ചിത്തത്തിനുപയോഗിച്ച സംജ്ഞ. ‘മറയ്ക്കുക’ എന്നാണ് കഫ്ഫാറയുടെ ഭാഷാര്‍ഥം. പുണ്യകര്‍മങ്ങള്‍ കൊണ്ട് പാപങ്ങള്‍ മറച്ചു വെയ്ക്കുക എന്ന അര്‍ഥത്തിലാണ് ആ പ്രയോഗം.
നിര്‍ബന്ധമായി ചെയ്യേണ്ട കര്‍മങ്ങളിലുള്ള വീഴ്ച്ചയോ പോരായ്മയോ നികത്താന്‍ പ്രായശ്ചിത്തമുണ്ട്. ഗുരുതരമായ തെറ്റുകള്‍ക്ക് ഭൗതികമായ പകരം വെയ്ക്കല്‍ എന്ന നിലയിലും പ്രായശ്ചിത്തമുണ്ട്. അഞ്ചുകാര്യങ്ങളില്‍ ഇസ്ലാം പ്രായശ്ചിത്തം നിശ്ചയിച്ചിട്ടുണ്ട്. അവ താഴെ പറയുന്നു.
- സത്യലംഘനം
- ഹജ്ജില്‍ ഇഹ്റാമിലായിരിക്കെ തലമുടിയെടുക്കുക
- മനഃപൂര്‍വമല്ലാത്ത നരഹത്യ
- ‘ദ്വിഹാര്‍’ എന്ന ദുഷ്പ്രവൃത്തി
- റമദാനിലെ പകല്‍ ദമ്പതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക.
ആദ്യത്തെ നാലെണ്ണം വിശുദ്ധ ഖുര്‍ആനിലും അഞ്ചാമത്തത് ഹദീസിലും വിവരിച്ചിട്ടുണ്ട്.
പ്രായശ്ചിത്തമായി നിശ്ചയിക്കപ്പെട്ടത് നാലു കാര്യങ്ങളാണ്.
- അടിമയെ മോചിപ്പിക്കല്‍
- വ്രതമനുഷ്ടിക്കല്‍
- അഗതികള്‍ക്ക് ആഹാരം കൊടുക്കല്‍
- നഷ്ടപരിഹാരത്തുക (ദിയ).
കര്‍മങ്ങള്‍ ചെയ്യുന്നതില്‍ വരുന്ന വീഴ്ചകള്‍ക്ക് പരിഹാരമായി ചെയ്യുന്ന ‘ഫിദ്യ’ യും പ്രായശ്ചിത്തത്തിന്റെ ഇനങ്ങളില്‍പ്പെടുന്നു. ഉദാഹരണം: നോമ്പിലും ഹജ്ജിലുമുള്ള ഫിദ്യകള്‍.
ശപഥലംഘനത്തിനുള്ള പ്രായശ്ചിത്തം
ഒരു കാര്യം ചെയ്യുമെന്ന് സത്യം ചെയ്തു പറയുകയും പിന്നീട് ആ സത്യം ലംഘിക്കുകയോ ചെയ്യാതിരിക്കേണ്ടി വരുകയോ ചെയ്താല്‍ അതിനു പകരമായി ഒരു കഫ്ഫാറ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ചെയ്യില്ല എന്ന് ശപഥം ചെയ്ത കാര്യങ്ങള്‍ ചെയ്യേണ്ടി വന്നാലും ഇതു തന്നെയാണ് സ്ഥിതി. അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്യുന്നത് കളിതമാശയായി ലാഘവത്തോടെ കൈകാര്യം ചെയ്യരുത് എന്നും അല്ലാഹു മുന്നറിയിപ്പു നല്കിയിരിക്കുന്നു.
”ബോധപൂര്‍വ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന് നിങ്ങളെ പിടികൂടുന്നതാണ്. അപ്പോള്‍ ശപഥലംഘനത്തിനുള്ള പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന് പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും അതൊന്നും കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ് വേണ്ടത്.നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞതിനു ശേഷം അത് ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. അപ്രകാരം അല്ലാഹു അവന്റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി” (5:89).
ഹജ്ജിലെ കഫ്ഫാറ
ഹജ്ജ് കര്‍മത്തിന്റെ ക്രമമനുസരിച്ച് ദുല്‍ഹിജ്ജ പത്തിന് ജംറത്തുല്‍ അഖബയില്‍ കല്ലെറിഞ്ഞ് ബലികര്‍മം കഴിഞ്ഞ ശേഷമേ തലമുടി നീക്കി ഇഹ്റാമില്‍ നിന്ന് താത്കാലികമായ വിരാമം(തഹല്ലുല്‍) കുറിക്കാവൂ. എന്നാല്‍ അതിനു മുന്‍പായി തലമുടി എടുക്കേണ്ടി വന്നാല്‍ പ്രായശ്ചിത്തം വേണം. ഹജ്ജോ ഉംറയോ ഉദ്ദേശിച്ച് പുറപ്പെട്ട ആള്‍ക്ക് എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് അത് നിര്‍വഹിക്കാതെ തിരിച്ചു പേരേണ്ടി വന്നാല്‍ ഫിദ്യ വേണം. ഹജ്ജിന്റെ ‘വാജിബാത്തി’ല്‍പെട്ട ഏതെങ്കിലും നഷ്ടപ്പെട്ടാലും പ്രായശ്ചിത്തമായി ബലികര്‍മം വേണം. ഉംറ കഴിഞ്ഞ് സ്വതന്ത്രമായി ജീവിച്ച ശേഷം ഹജ്ജിന് ഇഹ്റാം ചെയ്യുന്ന രീതിയാണ് തമത്തുഅ്. ഇങ്ങനെ ചെയ്യുന്നവര്‍ ബലി നടത്തണം. അല്ലാഹു പറയുന്നു:
”നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും പൂര്‍ണമായി നിര്‍വഹിക്കുക. ഇനി നിങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് സൗകര്യപ്പെടുന്ന ഒരു മൃഗത്തെ ബലിയര്‍പ്പിക്കേണ്ടതാണ്. ബലിമൃഗം എത്തേണ്ട സ്ഥാനത്ത് എത്തുന്നത്വരെ നിങ്ങള്‍ തലമുടിയെടുക്കരുത്. ആരെങ്കിലും രോഗിയാവുകയോ, തലയില്‍ വല്ല പ്രയാസാവും അനുഭവപ്പെടുകയോ ആണെങ്കില്‍ പ്രായശ്ചിത്തമായി നോമ്പോ ദാനധര്‍മമോ ബലി കര്‍മമോ നിര്‍വഹിച്ചാല്‍ മതിയാകും. ഇനി നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണെങ്കിലോ, അപ്പോള്‍ ഒരാള്‍ ഉംറ നിര്‍വഹിച്ചിട്ട് ഹജ്ജ്വരെ സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു മൃഗത്തെ ബലിയറുക്കേണ്ടതാണ്. ഇനി ആര്‍ക്കെങ്കിലും അത് കിട്ടാത്തപക്ഷം ഹജ്ജിനിടയില്‍ മൂന്നുദിവസവും, നിങ്ങള്‍ തിരിച്ചെത്തിയിട്ട് ഏഴു ദിവസവും -പത്ത് ദിവസം- നോമ്പനുഷ്ഠിക്കേണ്ടതാണ്. കുടുംബസമേതം മസ്ജിദുല്‍ ഹറാമില്‍ താമസിക്കുന്ന വര്‍ക്കല്ലാത്തവര്‍ക്കാകുന്നു ഈ വിധി” (2:196).
മനുഷ്യവധവും പശ്ചാത്താപവും
ഇസ്ലാമിക നിയമവ്യവസ്ഥയനുസരിച്ച് ഒരാള്‍ ചെയ്യുന്ന ഏറ്റവും വലിയ ക്രിമിനല്‍ കുറ്റം മനുഷ്യവധമാണ്. അന്യായമായി ഒരു മനുഷ്യനെ വധിക്കുന്നയാള്‍ക്ക് നരകമാണ് പ്രതിഫലം (4:93). അതുകൊണ്ടു കഴിഞ്ഞില്ല. ഭൗതികമായും അയാള്‍ ശിക്ഷാര്‍ഹനാണ്. ഘാതകവധം (ഖിസ്വാസ്) ആണ് ഇസ്ലാമിക ശരീഅത്തനുസരിച്ച് ശിക്ഷാവിധി (2:179). കുറ്റം തെളിഞ്ഞതിനാല്‍ വധശിക്ഷ വിധിക്കപ്പെട്ട ഒരു ഘാതകന്റെ ജീവന് രക്ഷപ്പെടുത്താന്‍ ഭരണാധികാരിക്കു കഴിയില്ല. ഇസ്ലാമിക നിയമമനുസരിച്ച് അതിന്ന് അധികാരമുള്ളയാള്‍ വധിക്കപ്പെട്ടവന്റെ അടുത്ത ബന്ധുവാണ് (17:33).
വധിക്കപ്പെട്ടയാളുടെ ബന്ധു ഘാതകന്നു മാപ്പുകൊടുത്താല്‍ ഭരണകൂടം അയാളുടെ വധശിക്ഷ ലഘൂകരിക്കും. എന്നാല്‍ ഘാതകന് വധിക്കപ്പെട്ടയാളുടെ ബന്ധുവിന് പ്രായശ്ചിത്തമായി (ദിയ) ഒരു തുക നല്‍കേണ്ടതുണ്ട്. Blood money എന്നറിയപ്പെടുന്ന ഈ നഷ്ടപരിഹാരം ഉഭയകക്ഷികള്‍ ചേര്‍ന്നു തീരുമാനിക്കാവുന്നതാണ് (4:92).
അബദ്ധവശാല്‍ ഒരാളുടെ കൈയാല്‍ മറ്റൊരാള്‍ കൊല്ലപ്പെട്ടു പോയാല്‍ മനഃപൂര്‍വ മല്ലാത്ത നരഹത്യ എന്ന വകുപ്പില്‍ ഭൗതിക നിയമത്തിലും പരിഗണനയുണ്ട്. ഇസ്ലാമിക ശരീഅത്ത് ഇങ്ങനെ വധിക്കപ്പെടുന്നയാള്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹത നല്കുന്നു. ആരുടെ പക്കലാണോ അബദ്ധം പിണഞ്ഞത് അയാളാണ് നഷ്ടപരിഹാരം (ദിയ) നല്‍കേണ്ടത്.
അല്ലാഹു പറയുന്നു: ” ഒരു വിശ്വാസിയും മറ്റൊരു വിശ്വാസിയെ കൊല്ലാന്‍ പാടുള്ളതല്ല; അബദ്ധത്തില്‍ വന്നുപോ കുന്നതല്ലാതെ. എന്നാല്‍ വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില്‍ കൊന്നുപോയാല്‍ പ്രായശ്ചിത്തമായി ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും കൊല്ലപ്പെട്ടവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയുമാണ് വേണ്ടത്. അവകാശികള്‍ അത് ഉദാരമായി വിട്ടുതന്നെങ്കിലൊഴികെ.
ഇനി കൊല്ലപ്പെട്ടവന് നിങ്ങളോട് ശത്രുതയുള്ള ജനവിഭാഗത്തില്‍ പെട്ടവനാണ്; അവനാണെങ്കില്‍ സത്യവിശ്വാസിയുമാണ്. എങ്കില്‍ സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക മാത്രമാണ് വേണ്ടത്. ഇനി കൊല്ലപ്പെട്ടവന് നിങ്ങളുമായി സഖ്യത്തിലിരിക്കുന്ന ഒരു ജനവിഭാഗത്തില്‍പെട്ടവനാണെങ്കില്‍ അവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്.
വല്ലവന്നും അത് സാധിച്ചില്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപ മാര്‍ഗമാണത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.” (4:92).
ഫിദ്യ
പ്രായശ്ചിത്തം എന്ന അര്‍ഥത്തില്‍ പ്രയോഗിക്കുന്ന മറ്റൊരു പദമാണ് ഫിദ്യ. പകരം നല്‍കുക എന്നാണതിന്റെ അര്‍ഥം. നോമ്പിന്റെ കാര്യത്തില്‍ ഒരു ഫിദ്യ നിശ്ചയിക്ക പ്പെട്ടിട്ടുണ്ട്. നിര്‍ബന്ധ കര്‍മമായ റമദാനിലെ വ്രതം അനുഷ്ഠിക്കാന്‍ കഴിയാത്ത രോഗികള്‍ക്കും യാത്രക്കാര്‍ക്കും ഇളവു നല്കപ്പെട്ടിട്ടുണ്ട്. അവര്‍ അത്രയും എണ്ണം പിന്നീട് നോറ്റുവീട്ടിയാല്‍ മതി. എന്നാല്‍ നോമ്പെടുക്കാനും കഴിയില്ല, പിന്നീട് നോറ്റു വീട്ടാനും കഴിയില്ല എന്ന തരത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് നോമ്പിനു പകരമായി ഫിദ്യ കൊടുക്കണം. ഒരു നോമ്പിനു പകരം ഒരഗതിക്ക് ആഹാരം നല്‍കണമെന്നാണ് വിശുദ്ധ ഖുര്‍ആനിലെ കല്പന (2:184).
ഹജ്ജുമായി ബന്ധപ്പെട്ട ഫിദ്യകള്‍ പല തരത്തിലുണ്ട്.
- കര്‍മത്തിന്റെ ഭാഗമായിത്തന്നെ. ഉദാഹരണം: തമത്തുഅ് ആയി ഹജ്ജ് നിര്‍വഹിച്ചവര്‍ ബലിയറുക്കണം (2:196).
- വിരോധിച്ചത് ചെയ്തു പോയാല്‍. ഉദാഹരണം: ഇഹ്റാം ചെയ്ത ശേഷം ബലികര്‍മ ത്തിനു മുമ്പായി മുടിയോ നഖമോ നീക്കിയാല്‍ (2:196).
- ഇഹ്റാമിലായിരിക്കെ വേട്ടയാടിയാല്‍ (5:95).
- ഹജ്ജ് നിര്‍വഹിക്കാന്‍ തടസ്സം നേരിട്ടാല്‍ ബലിയറുക്കണം (2:196).
സ്ത്രീ പീഡനവും പ്രായശ്ചിത്തവും
ജാഹിലിയ്യാ കാലത്തു നിലനിന്നിരുന്ന ഒരു സ്ത്രീ പീഡനരീതിയാണ് ദ്വിഹാര്‍. നിയമപ്രകാരമുള്ള വിവാഹമോചനം നടത്താതെ ദാമ്പത്യം വ്യംഗമായി മുറിച്ചു കളയുകയും സ്ത്രീയെ വിഷമിപ്പിക്കുകയും ചെയ്യുന്ന ഒരു ദുഃസമ്പ്രദായമാണിത്. ‘നീയെനിക്ക് എന്റെ ഉമ്മയുടെ സ്ഥാനത്താണ്’ എന്നോ മറ്റോ പറഞ്ഞുകൊണ്ട് ഭാര്യയെ സമീപിക്കാതിരിക്കുന്നതാണ് ഈ രീതി. അവരുപയോഗിച്ചിരുന്ന ‘അന്തി ക ദ്വഹ്രി ഉമ്മീ’ എന്ന പദപ്രയോഗത്തില്‍ നിന്നാണ് ‘ദ്വിഹാര്‍’ ഉണ്ടായത്. ചിലര്‍ കുറെ കാലശേഷം വേര്‍പിരിയുന്നു. മറ്റുചിലര്‍ ഈ പറഞ്ഞ ശപഥത്തില്‍ നിന്നു മടങ്ങി വന്ന് വീണ്ടും ബന്ധം സ്ഥാപിക്കുന്നു. സ്ത്രീ അനിശ്ചിതത്വത്തിലും അരക്ഷിതാവസ്ഥയിലും കഴിഞ്ഞു കൂടേണ്ടി വരുന്ന ‘ദ്വിഹാര്‍’ ഇസ്ലാം കര്‍ശനമായി വിലക്കി. അങ്ങനെ ചെയ്യുന്നവര്‍ക്ക് അതില്‍ നിന്നു മടങ്ങണമെന്നു തോന്നിയാല്‍ പ്രായശ്ചിത്തം ചെയ്തു മാത്രമേ തിരിച്ചു വരാന്‍ പറ്റൂ.
അല്ലാഹു പറയുന്നു: ”നിങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ഭാര്യമാരെ ‘മാതാക്കള്‍ക്കു തുല്യമായി പ്രഖ്യാപിക്കുന്ന’വര് അഥവാ ദ്വിഹാര്‍ ചെയ്തവര്‍ അബദ്ധമാണു ചെയ്തത്. ഭാര്യമാര്‍ അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകള്‍ അല്ലാതെ മറ്റാരുമല്ല. തീര്‍ച്ചയായും അവര്‍ നിഷിദ്ധ വാക്കും അസത്യവുമാണു പറയുന്നത്. തീര്‍ച്ചയായും അല്ലാഹു നന്നായി മാപ്പു നല്കുന്നവനും പൊറുക്കുന്നവ നുമാണ്. തങ്ങളുടെ ഭാര്യമാരെ ദ്വിഹാര്‍ ചെയ്യുകയും പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്നും മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുന്‍പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്. അത് നിങ്ങള്‍ക്കു നല്കപ്പെടുന്ന ഉപദേശമാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു.
ഇനി വല്ലവനും അടിമയെ ലഭിക്കാത്ത പക്ഷം, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുന്‍പായി തുടര്‍ച്ചയായി രണ്ടുമാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്. വല്ലവനും അത് സാധിക്കാത്തപക്ഷം അറുപത് അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്. അത് അല്ലാഹുവിലും അവന്റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രേ. അവ അല്ലാഹുവിന്റെ പരിധികളാകുന്നു. നിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്” (58:2-4).
നോമ്പ് മുറിച്ചവന്റെ പ്രായശ്ചിത്തം
ഇസ്ലാമിലെ അടിസ്ഥാന അനുഷ്ഠാനങ്ങളിലൊന്നാണ് റമദാനിലെ വ്രതം. ന്യായമായ കാരണമില്ലാതെ പ്രായപൂര്‍ത്തിയായ ഒരാള്‍ റമദാനില്‍ നോമ്പനുഷ്ഠിക്കാതിരിക്കു കയോ നോമ്പ് മുറിക്കുകയോ ചെയ്യുന്നത് വലിയ കുറ്റമാണ്. അന്നപാനാദികളും ലൈംഗിക ബന്ധവും റമദാനിന്റെ പകലുകളില്‍ പാടില്ല. റമദാനിന്റെ പകലില്‍ നോമ്പുകാരനായിരിക്കെ ആരെങ്കിലും തന്റെ ഇണയെ പ്രാപിച്ചാല്‍ നോമ്പ് നഷ്ടപ്പെടുമെന്ന മാത്രമല്ല പ്രായശ്ചിത്തം നല്‍കേണ്ടതുമുണ്ട്.
ഇങ്ങനെ നോമ്പ് നഷ്ടപ്പെടുത്തിയാലുള്ള പ്രായശ്ചിത്തം ഒരടിമയെ മോചിപ്പിക്കലാണ്. അടിമയെ കിട്ടിയില്ലെങ്കില്‍ രണ്ടു മാസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കണം. അതിനു കഴിയാത്തവര്‍ അറുപത് അഗതികള്‍ക്ക് ആഹാരം നല്‍കണം (മുസ്ലിം) 1
നബി(സ്വ) പഠിപ്പിച്ചതാണ് ഈ പ്രായശ്ചിത്തം. വിശുദ്ധ ഖുര്‍ആനില്‍ ഇതു സംബന്ധമായ പരാമര്‍ശമില്ല.
References
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 139, ഹദീസ് 1111[↩]
