കച്ചവടം: അരുതുകള്‍
ഇസ്‌ലാമിൽ കച്ചവടം: അരുതുകള്‍ എന്ന് പറഞ്ഞാൽ, ധാർമ്മികവും സാമൂഹികവുമായ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഇടപാടുകളെയാണ് ഉദ്ദേശിക്കുന്നത്. വഞ്ചന, അന്യായ ലാഭം, കള്ളം, ചൂഷണം, തൂക്കും അളവും കുറച്ചുകാണിക്കുക എന്നിവ ഇത്തരം അരുതുകളിലാകും. ഇത്തരം പ്രവണതകൾ വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മയ്ക്ക് ഹാനികരമാണെന്ന് ഖുര്‍ആനും ഹദീസും വ്യക്തമാക്കുന്നു. കച്ചവടം സുതാര്യവും നീതിപരവുമായ രീതിയിൽ നടക്കുമ്പോഴാണ് അതിന്റെ പ്രാധാന്യം നിറവേറ്റപ്പെടുന്നത്.
സാമ്പത്തികവരുമാനത്തിനുള്ള പ്രത്യേക സ്രോതസ്സും ജീവിതായോധന മാര്‍ഗവുമാണ് കച്ചവടം. വാങ്ങിയതിനേക്കാള്‍ കൂടിയ വിലയ്ക്കു വില്ക്കുകയും ലാഭമെടുക്കുകയും ചെയ്യുക എന്നതാണ് കച്ചവടത്തിന്റെ ബാഹ്യരൂപം. ചിലപ്പോള്‍ മുടക്കുമുതല്‍ പോലും ലഭിക്കാതെ നഷ്ടവും സംഭവിക്കാം. കച്ചവടം അല്ലാഹു അനുവദിച്ച പ്രവര്‍ത്തനമാണ്. എന്നാല്‍ അനുവദനീയവും നിഷിദ്ധവുമായ (ഹലാല്‍, ഹറാം) കാര്യങ്ങള്‍ കച്ചവട രംഗത്തും ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
ചെയ്യുന്ന കച്ചവടം നേര്‍ക്കുനേരെ ഹറാമല്ലെങ്കിലും അതില്‍ അരുതായ്മകള്‍ കടന്നുവരുന്ന ചെറുതും വലുതുമായ അനേകം സാഹചര്യങ്ങളുണ്ട്. അത്തരം ചില അരുതുകള്‍ ശ്രദ്ധയില്‍പ്പെടുത്തുകയാണിവിടെ ചെയ്യുന്നത്.
ഉടമസ്ഥതയില്ലാത്തത്
സ്വന്തം ഉടമസ്ഥതയിലുള്ളതോ വില്‍പനാധികാരം നല്കപ്പെട്ടതോ ആയ വസ്തുക്കള്‍ മാത്രമേ ഒരാള്‍ക്ക് വില്‍ക്കാന്‍ പാടുള്ളൂ. യൂസുഫ് ബിന്‍ ഹകീമില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്നു. ഹകീം ബിന്‍ ഹുസാം നബിയോട് ചോദിച്ചു. ഒരാള്‍ എന്റെയടുത്ത് വന്ന് എന്റെ കൈവശമില്ലാത്തത് വില്‍പന നടത്താന്‍ ഉദ്ദേശിക്കുന്നു. അപ്പോള്‍ ഞാന്‍ അവന് വേണ്ടി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി നല്‍കാമോ? അപ്പോള്‍ നബി(സ്വ) പറഞ്ഞു. നിന്റെ അടുത്തില്ലാത്തത് നീ വില്‍ക്കരുത് (അബീദാവീദ്) 1 മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളത് ഇങ്ങനെ വില്‍ക്കുകയോ വാങ്ങുകയോ ചെയ്താല്‍ അത് അസാധുവാണ്. എന്നാല്‍ ഉടമ പിന്നീട് സമ്മതം നല്കിയാല്‍ അത് സാധുവാകും. കച്ചവടക്കാരന്‍ ക്രേതാവില്‍ നിന്ന് ഓര്‍ഡറെടുത്ത് മാര്‍ക്കറ്റില്‍ നിന്നോ ഉത്പാദകനില്‍ നിന്നോ ചരക്ക് വാങ്ങി നല്കുന്നതിനെയല്ല ഇവിടെ നിരോധിക്കുന്നത്. തനിക്ക് അധികാരമില്ലാത്ത വസ്തു വില്‍പന നടത്തുന്നതിനെയാണ് തടയുന്നത്.
തനിക്ക് കിട്ടാനുള്ള അനന്തരാവകാശ സ്വത്ത്, വസ്വിയ്യത്, നിക്ഷേപം എന്നിവയും ഉടമസ്ഥതയിലുള്ളതായി പരിഗണിക്കാവുന്നതാണ്. താന്‍ വാങ്ങിയ ചരക്ക് വില നല്കി ഏറ്റെടുത്ത ശേഷം വില്പന നടത്താവുന്നതാണ്. കെട്ടിടങ്ങള്‍ പോലെ ഇളകാത്ത ചരക്കുകള്‍ ഉപയോഗപ്പെടുത്തലും മറ്റു ചരക്കുകള്‍ വാങ്ങിയ സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്കോ തന്റെ ഉടമസ്ഥതയുള്ള ഇടങ്ങളിലേക്കോ മാറ്റുന്നതുമാണ് ഏറ്റെടുത്തതിനുള്ള തെളിവ്. വാങ്ങിയ സ്ഥലത്തുനിന്നു തന്നെ ആ ചരക്ക് വില്ക്കുന്നത് ഇസ്‌ലാം നിരോധിച്ചിട്ടുണ്ട്.
ഇബ്‌നുഉമര്‍(റ) പറയുന്നു: നബി(സ്വ)യുടെ കാലത്ത് ചരക്കുമായി വരുന്ന യാത്രക്കാരില്‍ നിന്നും ജനങ്ങള്‍ ആഹാരസാധനങ്ങള്‍ വാങ്ങാറുണ്ടായിരുന്നു. ആഹാര സാധനങ്ങള്‍ വാങ്ങിയ സ്ഥലത്തു നിന്നും അവ വില്‍ക്കുവാനുള്ള (അങ്ങാടിയിലെ) സ്ഥലത്തേക്ക് മാറ്റിയ ശേഷമല്ലാതെ വീണ്ടും കച്ചവടം ചെയ്യുന്നത് നിരോധിച്ചുകൊണ്ട് നബി(സ്വ) ആളെ അയക്കാറുണ്ടായിരുന്നു. ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ്വ) ആഹാര സാധനം വാങ്ങിയാല്‍ അതു ഏറ്റെടുത്ത ശേഷമല്ലാതെ വീണ്ടും വില്‍ക്കുന്നത് വിരോധിച്ചിരിക്കുന്നു (ബുഖാരി) 2
ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ആഹാരസാധനം കച്ചവടം ചെയ്തിട്ട് ഏറ്റു വാങ്ങും മുമ്പ് വീണ്ടും വില്‍പ്പന നടത്തുന്നത് നബി(സ്വ) വിരോധിച്ചിരിക്കുന്നു. ഞാന്‍(ത്വാവൂസ്)ചോദിച്ചു. അതെങ്ങനെയാണ്? ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: അതു യഥാര്‍ഥ്യത്തില്‍ ദിര്‍ഹമിന് പകരം ദിര്‍ഹം കൈമാറലാണ്. കാരണം ചരക്ക് പിന്നീടേ കൊടുക്കുന്നുള്ളൂ (അല്‍ മുഹല്ല) 3
റിയല്‍ എസ്റ്റേറ്റ് മേഖലയിലും മറ്റും നിര്‍ബാധം നടക്കുന്ന കച്ചവടരീതിയാണിത്. വില പൂര്‍ണമായും ഒടുക്കുകയോ പ്രമാണങ്ങള്‍ ഉടമസ്ഥതയിലേക്ക് മാറ്റുകയോ ചെയ്യാതെ ആ വസ്തു അടുത്ത വ്യക്തിക്ക് വില്‍പന നടത്തുന്നത് അസാധുവാണ്. ആദ്യ ഉടമയുടെ ദല്ലാളായി നിന്ന് അയാള്‍ക്കുവേണ്ടി കച്ചവടം ചെയ്തുകൊടുത്ത് അതിന്റെ മുന്‍കൂട്ടി നിശ്ചയിച്ച ലാഭവിഹിതം കൈപ്പറ്റുന്ന രീതി സാധുവാണ്.
കൂട്ടു സ്വത്ത് അതിരിടുകയോ വിഭജിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ മറ്റു ഓഹരിക്കാരുടെ സമ്മതത്തോടെ മാത്രമേ കച്ചവടം നടത്താന്‍ പാടുള്ളൂ. അങ്ങളനെയല്ലാതുള്ള കച്ചവടം തടയാന്‍ മറ്റു ഓഹരിക്കാര്‍ക്ക് അവകാശമുണ്ട് (ബുഖാരി) 4 തന്റെ ഓഹരി വില്‍ക്കാനുദ്ദേശിച്ച സന്ദര്‍ഭത്തില്‍ തന്നെ മറ്റു ഓഹരിക്കാര്‍ അയാള്‍ക്ക് ക്രേതാവില്‍ നിന്ന് ലഭിക്കാവുന്നതോ നാട്ടുനടപ്പുള്ളതോ ആയ വില നല്കാന്‍ തയ്യാറാകുമ്പോഴേ ഈ ശുഫ്അത് അവകാശം നിലനില്ക്കുകയുള്ളൂ.
ഒരു വീടോ കെട്ടിടമോ ദീര്‍ഘകാലം പാട്ടത്തിനോ വാടകയ്‌ക്കോ ഉപയോഗിച്ചാല്‍ നാട്ടു നിയമമനുസരിച്ച് പലപ്പോഴും അത് ഉപയോഗിച്ചവന് ലഭിക്കുന്ന അവസ്ഥയുണ്ട്. എന്നാല്‍ കോടതിയിലൂടെയും മറ്റും ഇങ്ങനെ ഉടമസ്ഥത ലഭിച്ചാലും, സത്യവിശ്വാസി തന്റെ ഉടമസ്ഥതയിലുള്ളതായി കരുതി അത് ഉപയോഗിക്കാനോ വില്‍ക്കാനോ പാടില്ലാത്തതാണ്.
മേല്‍കച്ചവടവും വിലയേറ്റലും
ഒരാള്‍ വില പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ മറ്റൊരാള്‍ അതേ ചരക്കിന് വിലപറയുന്നത് നിഷിദ്ധമാണ്. ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ്വ) അരുളി: ഒരാള്‍ തന്റെ സ്‌നേഹിതന്റെ കച്ചവടത്തില്‍ കച്ചവടം ചെയ്യരുത് (ബുഖാരി) 5
ഇതു സ്വത്ത് വാങ്ങാനുള്ള ആഗ്രഹത്താലായാലും ഉടമയ്ക്ക് ഏറെ വിലകിട്ടുന്നതിനുവേണ്ടിയായാലും ക്രേതാവിനെ നഷ്ടക്കാരനാക്കാനായാലുമെല്ലാം നിഷിദ്ധം തന്നെയാണ്. അയാള്‍ വിലപറഞ്ഞ് ഒഴിവായതിനു ശേഷമേ പുതിയ ക്രേതാവ് അതിന് വില പറയാന്‍ പാടുള്ളൂ. ചരക്ക് തനിക്ക് സ്വന്തമാക്കാന്‍ വേണ്ടി ക്രേതാവിനോട് ചരക്കിനെ കുറിച്ച് ന്യൂനതകള്‍ പറയുകയും മറ്റുംചെയ്യുന്നതും ഇതുപോലെ പാടില്ലാത്തതാണ്. അതുപോലെ കച്ചവടം ചെയ്ത് അച്ചാരം നല്കിയ വസ്തുവിന് വിലപറയുന്നതും വിക്രേതാവ് ആദ്യ ക്രേതാവിനെ ഒഴിവാക്കി കൂടുതല്‍ ലാഭം കിട്ടുന്ന രണ്ടാമത്തെ ഇടപാടിലേക്ക് മാറുന്നതും കുറ്റകരമാണ്. ഇങ്ങനെ താന്‍ വിറ്റ ചരക്ക് ന്യായരഹിതമായി മറ്റൊരാള്‍ക്ക് വീണ്ടും വിറ്റാല്‍ ആ കച്ചവടം അസാധുവാണ്. ആദ്യ കച്ചവടമാണ് പരിഗണിക്കപ്പെടുക. ഇതൊന്നും ഒരു പക്ഷേ ആധുനിക കോടതികളില്‍ വാദിച്ച് ജയിപ്പിക്കാന്‍ കഴിയുന്നതല്ലെങ്കിലും അല്ലാഹുവിന്റെ മുമ്പില്‍ ഏകനായി നിന്ന് സാക്ഷികളോ ശിപാര്‍ശകരോ ഇല്ലാതെ വാദിക്കേണ്ട രംഗം ഓര്‍ക്കുകയാണ് വേണ്ടത്.
അബൂഹുറയ്‌റ(റ) പറയുന്നു: (വാങ്ങാനുദ്ദേശ്യമില്ലാതെ മറ്റുള്ളവരെ വഞ്ചിക്കാനായി) ചരക്കിന് വില ഏറ്റിപ്പറയുകയോ തന്റെ സഹോദരന്‍ കച്ചവടം ചെയ്തു കഴിഞ്ഞ ചരക്ക് വീണ്ടും കച്ചവടം ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യരുത് (ബുഖാരി) 6
പൂഴ്ത്തിവെപ്പ്
വ്യക്തിയുടെ ലാഭത്തെക്കാള്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കാണ് ഇസ്‌ലാം പ്രാധാന്യം നല്കുന്നത് എന്നതിനാല്‍, സമൂഹത്തിന് ആവശ്യമുണ്ടായിരിക്കെ തന്റെ പക്കലുള്ള ചരക്ക് തടഞ്ഞുവെക്കാന്‍ ഇസ്‌ലാം കച്ചവടക്കാരനെ അനുവദിക്കുന്നില്ല. നബി(സ്വ) പറഞ്ഞു: പാപിയല്ലാതെ പൂഴ്ത്തി വെക്കില്ല (മുസ്‌ലിം) 7
വസ്തുക്കള്‍ക്ക് കൃത്രിമ ക്ഷാമമുണ്ടാക്കാനായി പൂഴ്ത്തിവെയ്ക്കുന്നത് ഇരുലോകത്തും ശിക്ഷിക്കപ്പെടേണ്ട കുറ്റകൃത്യമായി ഇസ്‌ലാം കാണുന്നു. സാധാരണ നിലയില്‍ വിപണിയുടെ ഇടപാടുകളില്‍ ഇസ്‌ലാം ഇടപെടുകയോ ലാഭനഷ്ടങ്ങളില്‍ നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുകയോ ചെയ്യുന്നില്ലെങ്കിലും ഇത്തരം സമൂഹദ്രോഹങ്ങളില്‍ നടപടികളെടുക്കേണ്ടത് അധികാരികളുടെ ബാധ്യതയായി ഇസ്‌ലാം കാണുന്നു.
ഉമര്‍(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. മുസ്ലിംകളുടെ ഭക്ഷണത്തില്‍ നിന്ന് വല്ലതും പൂഴ്ത്തിവെയ്ക്കുകയാണെങ്കില്‍ അല്ലാഹു അവന്റെ മേല്‍ ദാരിദ്ര്യവും കുഷ്ടവും ഇറക്കുന്നതാണ് (അത്തര്‍ഗീബ് വത്തര്‍ഹീബ്) 8
അബ്ദുല്ലാഹി ബിന്‍ ഉമര്‍(റ) പറയുന്നു: ആരെങ്കിലും നാല്‍പതു രാവുകള്‍ ഭക്ഷണം പൂഴ്ത്തിവെക്കുകയാണെങ്കില്‍ അല്ലാഹു അവനില്‍ നിന്നും അവന്‍ അല്ലാഹുവില്‍ നിന്നും ഒഴിവായിരിക്കുന്നു. വല്ലവരും ഇതുമൂലം വിശന്നുവലയുകയാണെങ്കില്‍ അല്ലാഹു അവരില്‍ നിന്നും ഒഴിവായിരിക്കുന്നു (അത്തര്‍ഗീബ് വത്തര്‍ഹീബ്) 8
സമൂഹം ക്ഷാമത്തിലായിരിക്കെ തനിക്കും കുടുംബത്തിനും ഒരു വര്‍ഷത്തേക്കാവശ്യമായതിലേറെ സൂക്ഷിച്ചു വെക്കുന്നതുപോലും കുറ്റകരമായ പൂഴ്ത്തിവെപ്പായി പണ്ഡിതന്മാര്‍ വിവരിക്കുന്നു. ഏതായാലും ജനങ്ങള്‍ക്ക് അത്യാവശ്യമുണ്ടായിരിക്കെ ഇനിയും വില വര്‍ധിക്കാന്‍ വേണ്ടി സൂക്ഷിച്ചുവെക്കുന്നത് ന്യായീകരണമര്‍ഹിക്കാത്ത പാപം തന്നെയാണ്. പിശുക്കിന്റെയും ആര്‍ത്തിയുടെയും മനസ്സാണ് പൂഴ്ത്തിവെപ്പിന് പ്രേരിപ്പിക്കുന്നത്. അതിനാല്‍ തന്നെ വിശ്വാസികളെ അല്ലാഹു പ്രലോഭിപ്പിക്കുന്നത് അത്തരം സന്ദര്‍ഭങ്ങളില്‍ വിട്ടുവീഴ്ചയുടെയും ദാനത്തിന്റെയും ഉദാരത സ്വീകരിച്ച്, കരുതിവെച്ചതെല്ലാം പുറത്തിറക്കി അല്ലാഹുവില്‍ നിന്ന് അളവറ്റ ഇരട്ടികള്‍ സമ്പാദിക്കാനാണ്. ഉമര്‍(റ)ന്റെ കാലത്ത് മദീന വരള്‍ച്ചയാല്‍ കടുത്ത ക്ഷാമത്തിലകപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ആഹ്വാനം സ്വീകരിച്ച, നാട്ടിലും പുറംനാട്ടിലുമുള്ള സത്യവിശ്വാസികള്‍ വറുതിയുടെ ദിനങ്ങളിലേക്ക് കോരിച്ചൊരിഞ്ഞ ഔദാര്യം ചരിത്രത്തിന് അത്ഭുതമാണ്.
കരിഞ്ചന്ത
പൂഴ്തിവെപ്പിന്റെ ഉപോത്പന്നമാണ് കരിഞ്ചന്ത അഥവാ ബ്ലാക് മാര്‍കറ്റ്. മാര്‍ക്കറ്റുകളില്‍ ചില വസ്തുക്കള്‍ക്ക് വലിയ ആവശ്യം അനുഭവപ്പെടുകയും എന്നാല്‍ ലഭ്യത കുറയുകയുംചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഉള്ളവസ്തുക്കള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കുകയും നിയമവിധേയമല്ലാത്ത വിധം മറ്റുവഴികളിലൂടെ അമിതലാഭത്തിനുവില്‍ക്കുകയും ചെയ്യുകയാണ് കരിഞ്ചന്ത. സര്‍ക്കാരിനും സമൂഹത്തിനുമെല്ലാം വന്‍നഷ്ടങ്ങളുണ്ടാക്കുന്ന ഈ ഇടപാടില്‍ വില്‍പനക്കാരനോ ഉപഭോക്താവോ സഹകാരിയോ ആയി നില്ക്കാന്‍ വിശ്വാസിക്ക് സാധ്യമല്ല. ഇസ്‌ലാമികമായി പല തിന്മകള്‍ ഉള്‍ച്ചേരുന്നതാണ് ഈ കച്ചവടം. വഞ്ചന, ചതി, പൂഴ്ത്തിവെപ്പ്, അമിതലാഭം, നിയമലംഘനം, സമൂഹദ്രോഹം തുടങ്ങിയവയില്‍ അധിഷ്ഠിതമായ ഇടപാടാണിത്.
കള്ളക്കടത്തും കുഴല്‍ പണവും
കള്ളവും ചതിയും നിറഞ്ഞതാണ് ഈ ഇടപാടുകള്‍. ഇവിടെ വ്യക്തികളെയല്ല സര്‍ക്കാരുകളെയാണ് ചതിക്കുന്നത്. സര്‍ക്കാരിന് ലഭിക്കേണ്ട സമ്പത്ത് മോഷ്ടിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നത് വ്യക്തികളുടെ സ്വത്ത് മോഷ്ടിക്കുന്നതിനെക്കാള്‍ ഗുരുതരമാണ്. സമൂഹത്തിന്റെ പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനുള്ള മുതലാണല്ലോ ഇവര്‍ കൊള്ളചെയ്യുന്നത്. നബി(സ്വ)യുടെ സമ്മാന സൂക്ഷിപ്പുകാരനായ കിര്‍കിറ മരണപ്പെട്ടപ്പോള്‍ അയാള്‍ നരകാവകാശിയാണെന്നു പറഞ്ഞു. അന്വേഷിച്ച സഹാബികള്‍ കണ്ടെത്തിയ കാരണം അയാള്‍ ഒരു പുതപ്പ് മോഷ്ടിച്ചിരുന്നുവെന്നതാണ്. പൊതു സ്വത്ത് കൊള്ളചെയ്യുന്നതിന്റെ ഗൗരവമാണ് ഇതിലൂടെ നബി(സ്വ) പഠിപ്പിക്കുന്നത്. അന്യായമായ നികുതികളും വസൂലാക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ ന്യായമായ നിലയില്‍ പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്യാനേ വിശ്വാസികള്‍ക്ക് നിര്‍വാഹമുള്ളൂ.
രിഫാഅ ബിന്‍ റാഫിഉല്‍ അന്‍സാരി(റ) പറയുന്നു: അദ്ദേഹം പ്രവാചകന്റെ കൂടെ ബഖീഇലേക്ക് പുറപ്പെട്ടു. ജനങ്ങള്‍ അവിടെ കച്ചവടം നടത്തിക്കൊണ്ടിരിക്കുന്നു. പ്രവാചകന്‍ പറഞ്ഞു: അല്ലയോ കച്ചവടക്കാരേ, തീര്‍ച്ചയായും സത്യസന്ധതയും മൂല്യവും പുലര്‍ത്താത്ത കച്ചവടക്കാര്‍ അധര്‍മകാരികളായിട്ടായിരിക്കും അന്ത്യനാളില്‍ പുനരുജ്ജീവിപ്പിക്കുക'(തിര്‍മിദി) 9
മോഷണ വസ്തു
മോഷണം, പിടിച്ചു പറി, കൊള്ള, കള്ളക്കടത്ത് എന്നിവയെല്ലാം പാപമാണ്. ഒരു വടിക്കഷ്ണം പോലും ഇങ്ങനെ കൈപ്പറ്റുന്നത് നിഷിദ്ധമാണ്. അവന്ന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കുകയും നരകം നിര്‍ബന്ധമാക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെ തട്ടിയെടുത്തത് ഒരു കഷ്ണം ‘അറാകി’ന്റെ കമ്പോ തുണ്ട് ഭൂമിയോ ആണെങ്കിലും പരലോകത്ത് അതിന്റെ ഏഴു മടങ്ങ് ഭൂമിയും വഹിച്ചുകൊണ്ട് അവന്‍ ഹാജരാക്കപ്പെടും. ഇത്തരം വസ്തുക്കള്‍ എവിടെ കണ്ടെത്തിയാലും ഉടമക്ക് അര്‍ഹതപ്പെട്ടതാണ്. നമ്മുടെ സര്‍ക്കാര്‍ നിയമങ്ങളും ഇതിനെ അംഗീകരിക്കുന്നതാണ്.
അപ്പോള്‍ ഈ മാര്‍ഗങ്ങളിലോ ഇതുപോലുള്ള ഏതെങ്കിലും നിഷിദ്ധമായ മാര്‍ഗത്തിലൂയോ ലഭിച്ച വസ്തുക്കള്‍ കച്ചവടം ചെയ്യാന്‍ പാടില്ല. ബോധപൂര്‍വമാണ് അത് വാങ്ങുകയോ വില്‍ക്കുകയോ ചെയ്തതെങ്കില്‍ അതിന്റെ പാപത്തിലും കുറ്റത്തിലും അവനും പങ്കാളിയാണെന്നാണ് നബി(സ്വ) ഉണര്‍ത്തുന്നത് (ബൈഹഖീ). കോടതി ഉത്തരവിലൂടെയും മറ്റും അന്യായമായി സമ്പാദിച്ച വസ്തുക്കള്‍, വീണുകിട്ടി ഉടമയെ അന്വേഷിക്കാത്ത സാധനങ്ങള്‍ എന്നിവയെല്ലാം ഈ ഇനത്തില്‍പെടും.
അനുവദനീയമായ കച്ചവട വസ്തുക്കളുടെ കൂടെ ഇത്തരം വസ്തുക്കളും വില്പനക്കെത്തുന്ന സ്ഥലങ്ങളില്‍ നിന്ന് ഇടപാടു നടത്തുന്നതും ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ്. മദ്യക്കടയില്‍ നിന്ന് മറ്റുവസ്തുക്കള്‍ വാങ്ങുന്നതും ഉപയോഗിക്കുന്നതും ഇസ്‌ലാം വിലക്കിയതാണ്. വിപണി മിക്കവാറും നികുതി വെട്ടിപ്പിന്റെയും കള്ളക്കച്ചവടത്തിന്റെയും പിടിയിലമര്‍ന്ന കാലത്ത് ഇത്തരം കാര്യങ്ങളില്‍ ആവുന്നത്ര സൂക്ഷ്മതപാലിക്കാനേ വിശ്വാസികള്‍ക്ക് ബാധ്യതയുള്ളൂ.
മായം, കൃത്രിമം
കച്ചവട മേഖലയെ മുച്ചൂടും ബാധിച്ച അധാര്‍മികതയാണ് മായം. സത്യസന്ധത നഷ്ടപ്പെട്ട വിപണി ലോബികള്‍ എങ്ങനെയെങ്കിലും ലാഭമുണ്ടാക്കുക എന്ന ഏക ലക്ഷ്യത്തില്‍, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിധത്തില്‍ മരുന്നിലും ഭക്ഷണത്തിലും പോലും മായം ചേര്‍ക്കുകയാണ്. അളവിലും ഗുണത്തിലും കൃത്രിമം കാണിക്കാനായി ചേര്‍ക്കുന്ന വസ്തുക്കള്‍ മാരകവിഷങ്ങള്‍ പോലുമാണെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. സ്വര്‍ണത്തിലെ ചെമ്പ്, ധാന്യങ്ങളിലെ കല്ല്, അരിപ്പൊടിയിലെ മൈദ, വിലകൂടിയ മല്ലിയില്‍ വിലകുറഞ്ഞ മല്ലി, നല്ല പഴങ്ങള്‍ മുകളിലും മോശം അടിയിലും, പുതിയ മത്സ്യത്തിനൊപ്പം ചീഞ്ഞമത്സ്യം.. എല്ലാം മായമയമാണ്.
ഗുണം കൂടിയതും കുറഞ്ഞതും നിര്‍മിക്കുന്നതും രണ്ടിനും വിലവ്യത്യാസം ഉണ്ടാവുന്നതുമെല്ലാം അനിവാര്യവും അതുകൊണ്ടു തന്നെ അനുവദനീയവുമാണ്. എന്നാല്‍ ഒറിജിനലിനെ വെല്ലുന്ന വിധത്തില്‍ ചില പൊടിക്കൈകളിലൂടെ നിര്‍മിക്കുന്ന ഡ്യൂപ്ലിക്കേറ്റകള്‍ ഒറിജിനലാക്കി തെറ്റിദ്ധരിപ്പിച്ച് വില്‍പന നടത്തുന്നത് അധര്‍മമാണ്.
അബൂ ഹുറയ്‌റ(റ) പറയുന്നു: പ്രവാചകന്‍(സ്വ) ഒരു ഭക്ഷണക്കൂമ്പാരത്തിന്റെ അടുത്തു കൂടി നടക്കുകയായിരുന്നു. തന്റെ കൈ കൂമ്പാരത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ നനവ് അനുഭവപ്പെട്ടു. കച്ചവടക്കാരനോട് ഇതെന്താ എന്ന് ചോദിച്ചു, മഴപെയ്ത് നനഞ്ഞതാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. നബി(സ്വ) ചോദിച്ചു:ജനങ്ങള്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ ആ ഭാഗം മുകളിലാക്കരുതോ? വഞ്ചന കാണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല (മുസ്ലിം) 10
തന്റേതല്ലാത്ത കാരണത്താല്‍ സംഭവിച്ച ന്യൂനതപോലും അതു മറയ്ക്കാനുള്ള ശ്രമത്തെ എത്ര ശക്തമായാണ് നബി(സ്വ) ഇവിടെ ശാസിക്കുന്നത്. എങ്കില്‍ ചരക്കിന് തൂക്കം കൂട്ടാനായി നനയ്ക്കുന്നതും ഇറച്ചിയുടെ ഗുണം കാണിക്കാനായി ചോരയില്‍ മുക്കുന്നതും മീന്‍ പുതുമ തോന്നിക്കാനായി അമോണിയ വിതറുന്നതും ചായപ്പൊടി, കുരുമുളക്, മസാലക്കൂട്ടുകള്‍, ബേക്കറി വസ്തുക്കള്‍, ഹോട്ടല്‍ ഭക്ഷണങ്ങള്‍ തുടങ്ങിയവയിലെല്ലാം കാണിക്കുന്ന കൃത്രിമങ്ങളും മായം ചേര്‍ക്കലുകളും എന്തുമാത്രം ഗുരുതരമായിരിക്കും. മനുഷ്യരുടെ നിരീക്ഷണങ്ങള്‍ക്ക് പിടി തരാത്തവിധം ഉയര്‍ന്ന സാങ്കേതികതയില്‍ നടപ്പിലാക്കുന്ന ഇത്തരം അരുതായ്മകളെ കാണാനുള്ള കണ്ണും, പദവിയോ പണമോ കൊണ്ട് സ്വാധീനിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥരും അല്ലാഹുവിനുണ്ടെന്ന് ഓര്‍ക്കാതെ പോകുന്നതെന്ത്!
അറിവുകള്‍ മറച്ചുവെയ്ക്കാനോ കുത്തകയാക്കാനോ ഇസ്‌ലാം അനുവദിക്കുന്നില്ലെങ്കിലും ഏറെ അധ്വാനവും സമയവും പണവുമെല്ലാം ചെലവഴിച്ച് കണ്ടുപിടിക്കപ്പെടുന്ന വസ്തുക്കളും മറ്റും കോപ്പിയടിച്ച് ഉടമകളെ കഷ്ടപ്പെടുത്തുന്ന നിലയില്‍ കുറഞ്ഞ വിലയോടെ അനുഭവിക്കുന്ന ഡ്യൂപുകളുടെ ലോകത്ത് നേടുന്ന ലാഭം മുതലും ചേര്‍ത്ത് നല്കിയാലും പരലോകത്ത് രക്ഷപ്പെടില്ലെന്നറിയാതെ പോകരുത്.
ചതി
വഞ്ചനകള്‍ നിയമവിധേയമാക്കപ്പെട്ടെന്നു തോന്നുന്ന വിധത്തിലാണ് ഇന്നത്തെ കച്ചവട മേഖല. ഓരോ വസ്തു വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഇതില്‍ എന്നെ ചതിക്കരുതേ എന്നു പറയേണ്ടിടത്താണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത്. ഇടപാടില്‍ ചതി ഭയപ്പെടുമ്പോള്‍ ഇങ്ങനെ ചെയ്യാന്‍ നബി(സ്വ) ആവശ്യപ്പെടുന്നുണ്ട്. ഇബ്‌നുഉമര്‍(റ) പറയുന്നു: ഒരാള്‍ നബി(സ്വ)യുടെ അടുത്തുവന്ന് ആളുകള്‍ കച്ചവടത്തില്‍ തന്നെ വഞ്ചിച്ചു കളയുന്നുവെന്ന് ആവലാതിപ്പെട്ടു. അപ്പോള്‍ നബി(സ്വ) പറഞ്ഞു. നീ കച്ചവടം ചെയ്യുമ്പോള്‍ (വാങ്ങുന്നവനോട്) ചതിയൊന്നും ഉണ്ടാക്കരുത് എന്നു പറയുക (ബുഖാരി) 11
വാങ്ങുന്നവനും വില്‍ക്കുന്നവനും പരസ്പരം തൃപ്തിയോടെ നടത്തുന്ന കച്ചവടമാണ് ഇസ്‌ലാം അനുവദിക്കുന്നത്. ഇത് ഏതെങ്കിലും ഒരു കക്ഷിയുടെ അറിവില്ലായ്മയാലോ നിര്‍ബന്ധിതാവസ്ഥയാലോ ഉണ്ടാകുന്ന തൃപ്തിയല്ല. ഇന്നു നടക്കുന്ന പല വിപണനങ്ങളിലും ക്രേതാവ് മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലോ അല്ലെങ്കില്‍ ചതി അിറയാത്തതിനാലോ ആണ് സംതൃപ്തനാകുന്നത്. ഇസ്‌ലാമികമായി ഈ കച്ചവടങ്ങള്‍ നിഷിദ്ധങ്ങളാണ്. നാട്ടു നടപ്പനുസരിച്ചോ, സര്‍ക്കാറിന്റെയോ നീതിപീഠത്തിന്റെയോ അനുമതിയോടെയാണെങ്കിലും ചതിയും വഞ്ചനയും കടന്നുവരുന്ന ഇടപാടുകളെല്ലാം നിഷിദ്ധമാണ്. മഴയില്‍ കുതിര്‍ന്നുപോയ ധാന്യം ഉള്ളില്‍ വെച്ച് പുറത്തുള്ള ഉണങ്ങിയ ധാന്യം കാണിച്ച് കച്ചവടം ചെയ്ത സ്വഹാബിയെ ശാസിച്ചതാണ് റസൂല്‍(സ്വ)യുടെ അധ്യാപനം. നമ്മെ ചതിച്ചവന്‍ നമ്മില്‍ പെട്ടവനല്ല എന്ന ആ വാക്യം ഇടപാടില്‍ ഇത്തിരി വളവുകള്‍ വന്നാലും ഇസ്‌ലാമിന്റെ അനുഷ്ഠാനങ്ങളില്‍ കൃത്യതപുലര്‍ത്തിയാല്‍ രക്ഷപ്പെടാമെന്നു വിശ്വസിക്കുന്നവര്‍ക്കുള്ള താക്കീതാണ്. ഇസ്‌ലാമിക സമൂഹത്തില്‍ തന്നെ അത്തരക്കാര്‍ക്ക് ഇടമില്ലെന്നാണ് നബി(സ്വ) താക്കീതു ചെയ്യുന്നത്.
മൃഗം നല്ല കറവയുള്ളതാണെന്ന് വാങ്ങുന്നവനെ തെറ്റിദ്ധരിപ്പിക്കാനായി പാല്‍ കറക്കാതെ അകിടുകെട്ടി നിര്‍ത്തി കച്ചവടം ചെയ്യുന്നത് ഇത്തരം ചതിക്കച്ചവടത്തില്‍പെട്ടതാണ്. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) അരുളി: നിങ്ങള്‍ ഒട്ടകത്തിന്റെയും ആടുകളുടെയും അകിട് കറക്കാതെ പാല്‍ കെട്ടി നിറുത്തരുത്. വല്ലവനും കറക്കാതെ പാല്‍ കെട്ടി നിറുത്തി മൃഗത്തെ വാങ്ങിയാല്‍ കറന്നു നോക്കിയിട്ട് തൃപ്തിയായെങ്കില്‍ മാത്രം സ്വീകരിച്ചാല്‍ മതി. തൃപ്തിയായില്ലെങ്കില്‍ തന്നെ പാലിന് പകരം ഒരു സാഅ് കാരക്കയോട് കൂടി ആടിനെ തിരിച്ചു കൊടുക്കണം. (ബുഖാരി) 12
ഇബ്‌നുമസ്ഊദ്(റ) പറയുന്നു: നബി(സ്വ) അരുളി: അകിട് കെട്ടിയ ആടിനെ ആരെങ്കിലും വിലയ്ക്കു വാങ്ങിയാല്‍ അതിനെയും കൂടെ ഒരു സ്വാഅ് ഈത്തപ്പഴവും അവര്‍ തിരിച്ചു കൊടുക്കട്ടെ(ബുഖാരി) 13
ചതിയിലൂടെ നേടിയെടുക്കുന്ന തൊഴിലുകളും നിഷിദ്ധമാണ്. കോപ്പിയടിച്ചും കൈക്കൂലി നല്കിയുമെല്ലാം നേടുന്ന സര്‍ട്ടിഫിക്കറ്റുകളും ഉദ്യോഗങ്ങളും നല്കുന്നത് ചതിയുടെ നിഷിദ്ധവരുമാനമാണ്. പകര്‍പ്പവകാശം ലംഘിച്ച് വസ്തുക്കള്‍ വില്‍ക്കുന്നതും പാറ്റന്റുകള്‍ തട്ടിയെടുത്തും ട്രേഡ് രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്തും ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതുമെല്ലാം ഇങ്ങനെ പാപകൃത്യമാകും.
References
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 302, ഹദീസ് 3503[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 73, ഹദീസ് 2166[↩]
- അല്‍ മുഹല്ല ബില്‍ ആസാര്‍, അബൂ മുഹമ്മദ് അലിയ്യുബ്‌നു അഹ്‌മദ് ബനൂഹസം അല്‍ ഖുര്‍ത്വുബി അളള്വാഹിരി, ദാറുല്‍ ഫിക്ര്‍, ബൈറൂത്ത്, വാള്യം 07, പേജ് 474[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 884, ഹദീസ് 2364[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 752, ഹദീസ് 2032[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 971, ഹദീസ് 2577 [↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 05, പേജ് 56, ഹദീസ് 1605[↩]
- അത്തര്‍ഗീബു വത്തര്‍ഹീബു മിനല്‍ ഹദീസിശ്ശരീഫ്, അബ്ദുല്‍ അളീമുബ്‌നു അബ്ദില്‍ ഖവിയ്യ് സകിയ്യുദ്ദീനില്‍ മുന്‍ദിരി (അബൂമുഹമ്മദ്), ദാറുകുതുബില്‍ ഇല്‍മിയ്യ, ബൈറൂത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 363[↩][↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 507, ഹദീസ് 1210[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 69, ഹദീസ് 102[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 24, ഹദീസ് 6964[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 71, ഹദീസ് 2150[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 755, ഹദീസ് 2041[↩]
