പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ സുന്നത്തും സഹാബികളുടെ ഏകാഭിപ്രായത്തെയും അടിസ്ഥാനമാക്കി നിലകൊള്ളുന്ന ഇസ്‌ലാമിക വിശ്വാസധാരയാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ. ഖുര്‍ആനും സുന്നത്തും പ്രമാണമാക്കി വിശ്വാസം, ആരാധന, സാമൂഹിക ജീവിതം എന്നിവ ക്രമപ്പെടുത്തുകയാണ് അഹ്‌ലുസ്സുന്നയുടെ മുഖ്യ സവിശേഷത. ഇസ്‌ലാമിന്റെ ആദ്യകാലം മുതലേ നിലനിന്ന ഈ ധാര, അതിരുവിട്ട ആശയങ്ങളെയും വിഭജനങ്ങളെയും നിരാകാരിച്ച് മിതത്വവും ഐക്യവും ഊന്നിപ്പറയുന്നു. ലോകമാകെ ഭൂരിപക്ഷം മുസ്‌ലിംകള്‍ പിന്തുടരുന്ന ഈ പാത, കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ മതചിന്തയിലും ആചാരങ്ങളിലും അഹ്‌ലുസ്സുന്നയുടെ സ്വാധീനമാണുള്ളത്.
സുന്നത്തിന്റെയും ജമാഅത്തിന്റെയും ആളുകള്‍ എന്നാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ അര്‍ഥം. സുന്നത്ത് എന്നാല്‍ വിശുദ്ധ വേദഗ്രന്ഥത്തിന്റെ നിര്‍ദേശങ്ങള്‍. തന്റേതായ വിശദീകരണങ്ങളും കര്‍മങ്ങളും വഴി നബി(സ്വ) പകര്‍ത്തിക്കാണിച്ചു തന്ന പാതയായ നബിചര്യയാണ് ജമാഅത്ത് എന്നാല്‍ ഇവ രണ്ടിനെയും ജീവിതം കൊണ്ട് സാക്ഷാത്കരിച്ചവരുടെ സംഘവുമാണ്.
അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅ എന്നത് ഒരു സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ കക്ഷിയുടെയോ പേരല്ല. അത് മുസ്‌ലിം സമൂഹത്തിന്റെ വിശേഷണമാണ്. അഹ്‌ലുസ്സുന്നയുടെ ചരിത്രം ഇസ്‌ലാമിന്റെ തന്നെ ചരിത്രമാണ്.
ഖുലഫാഉറാശിദുകള്‍ക്കു ശേഷം മുസ്‌ലിം സമൂഹത്തില്‍ നിരവധി ചിന്താപ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. ഇസ്‌ലാമിലെ വിശ്വാസകര്‍മാദികള്‍ പലതരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഓരോ ചിന്താധാരയും കക്ഷികളായി മാറി. പരസ്പര ആശയ സംവാദങ്ങള്‍ മാത്രമല്ല ആക്ഷേപങ്ങളും കിടമത്സരങ്ങളും നടന്നു. ചിലപ്പോഴെങ്കിലും പരസ്പരം സത്യനിഷേധം (കുഫ്ര്‍) ആരോപണം പോലും ഉണ്ടായി. കലുഷമായ ഈ സാഹചര്യത്തില്‍ ഒരു ചിന്താ പ്രസ്ഥാനത്തിന്റെ കൂടെ നില്ക്കാതെ വിശുദ്ധ ഖുര്‍ആനും പ്രാമാണികമായ ഹദീസുകളും മുറുകെപിടിച്ചു ജീവിക്കുക എന്ന അടിസ്ഥാന തത്ത്വംസ്വീകരിച്ചവര്‍ തങ്ങള്‍ സുന്നത്തിന്റെ ആള്‍ക്കാരാണെന്നും സച്ചരിതരായ മുന്‍ഗാമികളുടെ (സ്വഹാബത്തിന്റെ) മാര്‍ഗം അവലംബിക്കുന്നു എന്നും പ്രഖ്യാപിച്ചു. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ വേറൊരു കക്ഷിയല്ല. ഒരു കക്ഷിയിലും ചേരാതിരിക്കുക എന്ന നിലപാടെടുത്തവരാണ് അവര്‍.
വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മുറുകെ പിടിക്കുകയും, നാലു ഖലീഫമാരും സ്വഹാബത്തും സച്ചരിതരാണെന്ന് അംഗീകരിക്കുകയും വിശ്വാസ (ഈമാന്‍) കാര്യങ്ങള്‍ പ്രഖ്യാപിക്കുകയും ഇസ്‌ലാം കാര്യങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരാണ് അഹ്‌ലുസ്സുന്നത്തിവല്‍ജമാഅ.
ചരിത്ര പശ്ചാത്തലം
നബി(സ്വ)യുടെയും അബൂബക്ര്‍(റ), ഉമര്‍(റ) എന്നീ ഖലീഫമാരുടെയും കാലത്ത് ഇസ്‌ലാമിക സമൂഹം ശാന്തമായി മുന്നോട്ടുപോയി. എന്നാല്‍ മൂന്നാം ഖലീഫ ഉസ്മാന്‍(റ)വിന്റെ കാലത്ത് ചില പ്രശ്‌നങ്ങള്‍ തലപൊക്കാന്‍ തുടങ്ങി. നിര്‍മല ഹൃദയനും സൗമ്യനുമായ ഖലീഫയുടെ നിഷ്‌കളങ്കതയെ ചിലര്‍ മുതലെടുത്തതാണ് കാരണങ്ങളായത്. ഒടുവില്‍ ഈ ഛിദ്രശക്തികള്‍ അദ്ദേഹത്തെ വധിച്ചു. അലി(റ) നാലാം ഖലീഫയുമായി.
ഇതോടെ പ്രശ്‌നം രൂക്ഷമായി. ഉസ്മാന്റെ(റ) കൊലയാളികളെ പിടികൂടി ശിക്ഷിക്കണമെന്ന വിഷയമുയര്‍ത്തി പ്രവാചകപത്‌നി ആഇശ(റ)യും സിറിയയിലെ ഗവര്‍ണര്‍ മുആവിയ(റ)യും രംഗത്തുവന്നു. സൈനിക നീക്കം ഇരുവരുടെയും ഭാഗത്തു നിന്നുണ്ടായപ്പോള്‍ ഖലീഫയെന്ന നിലയില്‍ അലി(റ)ക്ക് അത് നേരിടേണ്ടിവരികയുമുണ്ടായി. അങ്ങനെയാണ് ഇസ്‌ലാമിക സമൂഹ ചരിത്രത്തിലെ വേദനാജനകമായ ജമല്‍, സ്വിഫ്ഫീന്‍ ഏറ്റുമുട്ടലുകള്‍ അരങ്ങേറിയത്.
ഇതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തത്. ജമല്‍ യുദ്ധത്തില്‍ നിന്ന് ആഇശ(റ)ക്ക് പിന്തിരിയേണ്ടിവന്നു. സ്വിഫ്ഫീനിലാകട്ടെ മുആവിയ(റ) പരാജയം രുചിക്കുകയും ചെയ്തു. എന്നാല്‍ ബുദ്ധിമാന്മാരായ മുആവിയ(റ)യും അംറുബ്‌നുല്‍ ആസ്വും(റ) പ്രശ്‌നങ്ങള്‍ ഖുര്‍ആനിലേക്ക് മടക്കണമെന്നും മധ്യസ്ഥ ചര്‍ച്ചയിലൂടെ ഖിലാഫത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കണെന്നും ആവശ്യം ഉന്നയിച്ച് രംഗത്തുവന്നു. ഇത് അലി(റ) മനമില്ലാമനസ്സോടെ സമ്മതിക്കേണ്ടി വരികയായിരുന്നു.
ഈ വിധിതീര്‍പ്പിന്റെ പശ്ചാത്തലത്തിലാണ് ഇസ്‌ലാമിക സമൂഹത്തില്‍ ആദ്യവിള്ളലുണ്ടായത്. ‘വിധി കല്‍പ്പിക്കാനുള്ള അധികാരം അല്ലാഹുവിനാണ്’ എന്ന വാദവുമായി അലി(റ)യുടെ പക്ഷത്തുനിന്നും ചിലര്‍ വേറിട്ടുപോയി. ‘അലി കാഫിറായിരിക്കുന്നു, അതിനാല്‍ പശ്ചാത്തപിച്ചു മതത്തിലേക്ക് മടങ്ങിവരണം’ എന്നാവശ്യപ്പെട്ട് അവര്‍ പുതിയ കക്ഷിയായി. അത്യന്തം തീവ്രതയുള്ള ഒരു വിഭാഗമായി ഖവാരിജുകള്‍ മാറുകയും ചെയ്തു.
ഖവാരിജുകള്‍ അലി(റ)യെ കാഫിറാക്കിയപ്പോള്‍ മറ്റൊരു വിഭാഗം അലി(റ)യെ അതിമാനുഷനാക്കുകയുണ്ടായി. പ്രവാചകനെയും കുടുംബത്തെയും അതിരറ്റ് സ്‌നേഹിക്കുന്നുവെന്ന് വരുത്തിത്തീര്‍ത്ത ഈ വിഭാഗം ഖിലാഫത്ത് നബി(സ്വ)യുടെ കുടുംബത്തിനാവണമെന്നും നബി(സ്വ)യുടെ മരണാനന്തരം ഖിലാഫത്തിന് അര്‍ഹന്‍ അലി(റ)യാണെന്നും വാദിച്ചു. ഈ വാദം ഒടുവില്‍ സകല അതിരും ഭേദിച്ച്, അലി(റ) ഇലാഹാണെന്നിടത്തോളം എത്തി. ഇവരാണ് പിന്നീട് ശീഅത്തുഅലി (ശിഈകള്‍) എന്ന വിഭാഗമായത്. ശേഷം വേറെയും കക്ഷി കള്‍ ഉദയം ചെയ്യുകയായിരുന്നു. ഇസ്‌ലാമിക സമൂഹത്തില്‍ നവീന വാദങ്ങളുമായി ഖദ്‌രികള്‍, മുഅ്തസിലികള്‍, മുര്‍ജിഅകള്‍ എന്നീ കക്ഷികള്‍ രംഗപ്രവേശം ചെയ്തു.
ഈ കക്ഷികളെല്ലാം ഖുര്‍ആന്‍ വചനങ്ങളെയും തിരുസുന്നത്തിനെയും തങ്ങളുടെ രാഷ്ട്രീയ മോഹങ്ങള്‍ക്കും മറ്റു താല്പര്യങ്ങള്‍ക്കുമായി ദുര്‍വ്യാഖ്യാനിക്കുകയാണ് ചെയ്തത്. ചിലര്‍ ഖലീഫമാരെ അംഗീകരിച്ചില്ല. സ്വഹാബത്തിനെ ധിക്കരിക്കുകയും ചെയ്തു. ഇവയുടെ പേരുകള്‍ വിഭാഗീയതക്ക് തെളിവാണ്. (വിമതര്‍-ഖവാരിജ്) അലിയുടെ പാര്‍ട്ടി (ശിഅത്തു അലി), വിട്ടുനിന്നവര്‍ (മുഅ്തസിലി).
എന്നാല്‍ ഈ കക്ഷിത്വങ്ങള്‍ക്കെല്ലാമപ്പുറം തിരുനബി(സ്വ) പകര്‍ന്നു തന്ന വിശ്വാസാദര്‍ശങ്ങള്‍ മാറ്റത്തിരുത്തലുകളൊന്നുമില്ലാതെ അംഗീകരിച്ച് മഹാഭൂരിപക്ഷം ജീവിച്ചു വന്നിരുന്നു. നാലു ഖലീഫമാരെ അംഗീകരിച്ചും, സ്വഹാബത്തിനെ ആദരിച്ചും അവരുടെ കര്‍മ മാതൃകകളെ സ്വീകരിച്ചും ജീവിച്ചവരായിരുന്നു അവര്‍. അവരത്രെ അഹ്‌ലുസ്സുന്നത്തിവല്‍ജമാഅ.
അഹ്‌ലുസ്സുന്നത്തിലെ ചിന്താസരണികള്‍
ഇസ്‌ലാമിന്റെ അടിസ്ഥാനാദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിക്കാതെത്തന്നെ ചില ചിന്താസരണികള്‍ അഹ്‌ലുസ്സുന്നയുടെ ഇടയിലും ജന്മം കൊണ്ടിട്ടുണ്ട്. ക്രി.വ.936ല്‍ (ഹിജ്‌റ 324) നിര്യാതനായ അബുല്‍ ഹസന്‍ അലിയ്യുബ്‌നു ഇസ്മാഈല്‍ അല്‍ അശ്അരിയുടെ അശ്അരിയ്യ സരണിയാണ് ഇതിലാദ്യത്തേത്. ഇവരാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ എന്ന സംജ്ഞ ആദ്യമായി പ്രയോഗിച്ചതെന്നും പറയപ്പെടുന്നു.
ക്രി.വ 944ല്‍ നിര്യാതനായ അബൂമന്‍സൂര്‍ മുഹമ്മദുബ്‌നു മുഹമ്മദ് അല്‍മാതുരീദിയുടെ പേരിലേക്ക് ചേര്‍ത്തിപ്പറയുന്ന മാതുരീദിയ്യയാണ് മറ്റൊരു ചിന്താസരണി. അശ്അരിയുടെ സമകാലികനാണ് മാതുരീദി.
വിശ്വാസപരമായി നേരിയ വ്യത്യാസങ്ങളുള്ള ഈ സരണികള്‍ക്ക് പുറമെ കര്‍മപരമായ വ്യത്യസ്ത വീക്ഷണങ്ങളിലുടലെടുത്ത സരണികളുമുണ്ടായി. അവയാണ് ശാഫിഈ, ഹമ്പലി, മാലിക്കീ, ഹനഫീ മുതലായ മദ്ഹബുകള്‍. ഇവയ്ക്കു പുറമെ അഹ്‌ലുല്‍ ഹദീസും, ഇബ്‌നു അബീലൈലായുടെ ചിന്താസരണിയും അഹ്‌ലുസ്സുന്നത്തിന്റെ അകത്തു വരുന്നവയാണ്.
ഹദീസ് ഗ്രന്ഥങ്ങളായ സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം, സുനനുന്നസാഈ, സുനനു അബീദാവൂദ്, ജാമിഉത്തിര്‍മിദി, സുനനു ഇബ്‌നിമാജ എന്നിവയും അഹ്‌മദുബ്‌നു ഹമ്പലിന്റെ മുസ്‌നദ്, ഇമാം മാലികിന്റെ അല്‍മുവത്ത്വഅ്, സ്വഹീഹ് ഇബ്‌നു ഹിബ്ബാന്‍ തുടങ്ങിയവയെയും അഹ്‌ലുസ്സുന്നത്തിവല്‍ജമാഅ ആദരവോടെ കാണുന്നു.
ത്വഹാവിയുടെ അല്‍അഖീദത്തുത്വഹാവിയ്യ, നസഫിയുടെ അല്‍അഖാഇദുന്നസഫിയ്യ, അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ ഗുന്‍യത്തുത്വാലിബീന്‍, ഇബ്‌നുത്തൈമിയയുടെ ദര്‍ഉ തആരുദില്‍ അഖ്‌ലി വന്നഖ്‌ലി എന്നിവയും മറ്റനവധി ഗ്രന്ഥങ്ങളും അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസരീതികള്‍ വിശകലനം ചെയ്യുന്നുണ്ട്.
വിശ്വാസ-കര്‍മ രംഗങ്ങളില്‍ അഭിപ്രായ ഭിന്നതകളും വീക്ഷണ വ്യത്യാസങ്ങളും പ്രകടിപ്പിച്ചപ്പോഴും അവ പ്രചരിപ്പിക്കാന്‍ ജീവിതം സമര്‍പ്പിച്ചപ്പോഴും ഈ മഹാപണ്ഡിതന്മാര്‍നബി(സ്വ)യുടെ ചര്യയും സ്വഹാബത്തിന്റെ മാര്‍ഗവും മുറുകെ പിടിച്ചു. വീക്ഷണ വ്യത്യാസം പ്രകടിപ്പിച്ച ഇതര പണ്ഡിതരെയോ, അവരുടെ അനുഭാവികളെയോ പിഴച്ചവരും നരകാവകാശികളുമായി കണ്ടില്ല. മറിച്ച്, അവരെ ആദരിക്കുകയാണ് ചെയ്തിരുന്നത്. എന്റേത് മാത്രമാണ് ശരി എന്ന നയം ആരും പുലര്‍ത്തിയതുമില്ല. എന്തെന്നാല്‍ അത് അഹ്‌ലുസ്സുന്നത്തിന്റെ ഉന്നത സംസ്‌കാരത്തിന് എതിരാണ്.
അഹ്‌ലുസ്സുന്ന കേരളത്തില്‍
കേരളത്തിലെ മുസ്‌ലിംകളില്‍ ഏതാണ്ട് നൂറു ശതമാനവും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ കൂടെ നിലകൊള്ളുന്നു. ശിഈകള്‍ കേവലം അംഗുലീപരിമിതരാണ്.
അഹ്‌ലുസ്സുന്നയെ ആഗോളതലത്തില്‍ സുന്നികള്‍ എന്ന ചുരുക്കപ്പേരിലാണ് വിളിക്കാറുള്ളത്. കേരളത്തില്‍ ഇക്കാര്യത്തില്‍ ഒരു ചെറിയ അവ്യക്തതയുണ്ട്. ഇവിടെ സമസ്ത, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ് ജമാഅത്ത്, വിവിധ ത്വരീഖത്ത് പ്രസ്ഥാനങ്ങള്‍ തുടങ്ങിയ സംഘങ്ങള്‍ വര്‍ഷങ്ങളായി പ്രബോധന രംഗത്ത് കര്‍മനിരതരാണ്. ആദര്‍ശ പ്രചാരണ മേഖലയില്‍ തങ്ങളുടേതായ പങ്ക് എല്ലാവരും നിര്‍വ്വഹിക്കുകയും ചെയ്യുന്നു.
വിശ്വാസപരമായി അശ്അരീ, മാതുരീദീ സരണികളില്‍ ഒന്നും, അനുഷ്ഠാനപരമായി അഹ്‌ലുസ്സുന്നയിലെ നാലിലൊരു മദ്ഹബും അംഗീകരിക്കുമ്പോള്‍ മാത്രമേ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തില്‍ ഉള്‍പ്പെടുവെന്നാണ് സമസ്തയുടെ പണ്ഡിതന്മാര്‍ പറയുന്നത്. ഇത് അംഗീകരിക്കുന്നവര്‍ എന്ന നിലയില്‍ സമസ്ത വിഭാഗം, സുന്നികള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ത്വരീഖത്ത് പ്രസ്ഥാനങ്ങളും ഇത് ഏറെക്കുറെ അംഗീകരിക്കുന്നുണ്ട്.
അതേസമയം നവോത്ഥാന പ്രസ്ഥാനങ്ങള്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി, ഒരു പരിധിവരെ തബ്‌ലീഗ് ജമാഅത്ത് എന്നീ പ്രസ്ഥാനങ്ങളോടൊപ്പമുള്ളവര്‍, മേല്‍ പറഞ്ഞ നയം സ്വീകരിക്കുന്നില്ല. ഖുര്‍ആനും സുന്നത്തും പ്രമാണങ്ങളായി അംഗീകരിക്കുകയും പൂര്‍വ സൂരികളായ സ്വഹാബത്തടക്കമുള്ളവരുടെ ഉത്തമ പാത പിന്‍പറ്റുകയും ചെയ്യലാണ് അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅത്തിന്റെ ശരിയായ നിലപാട് എന്നാണ് അവരുടെ നിലപാട്.
വിശ്വാസികളുടെ സംസ്‌കരണ കാര്യത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅത്ത് മുസ്‌ലിംകള്‍ക്ക് അസ്തിത്വവും വ്യക്തിത്വവും നല്‍കിയ മഹാപ്രസ്ഥാനമാണ്. അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ വിശ്വാസസംഹിതകളെയും വ്യക്തിനിയമങ്ങളെയും അത് വ്യാഖ്യാനിച്ചു. ആവശ്യമുള്ളിടത്ത് ബുദ്ധിക്കും സ്ഥാനം നല്‍കി. ചിലപ്പോള്‍ ശാസ്ത്രത്തെയും കൂട്ടുപിടിച്ചു. ആത്മീയതക്കു പിന്നില്‍ ഭൗതികതയെ അത് പാടേ മറന്നില്ല. ചിന്താ സ്വാതന്ത്ര്യത്തെ വിലമതിക്കുകയും ചെയ്യുന്നു.