അയ്യൂബി ഭരണത്തിലെ മറ്റു സുല്ത്താന്മാര്
അയ്യൂബി വംശത്തിന്റെ ഭരണകാലത്ത് സലാഹുദ്ദീന് അയ്യൂബിക്ക് ശേഷം അധികാരത്തിലെത്തിയ ഭരണാധികാരികള്‍ സാമ്രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരതയും സൈനിക ശക്തിയും നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. അയ്യൂബി ഭരണത്തിലെ മറ്റു സുല്ത്താന്മാര് വിവിധ പ്രദേശങ്ങളില്‍ അധികാരം കൈകാര്യം ചെയ്തുകൊണ്ട് ഭരണകൂടത്തിന്റെ വ്യാപ്തിയും സ്വാധീനവും തുടര്‍ത്തു. അവരുടെ ഭരണനയങ്ങളും പരസ്പര ബന്ധങ്ങളും അയ്യൂബി ഭരണത്തിന്റെ തുടര്‍ച്ചയും വിഭജനങ്ങളും മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ്.
സ്വലാഹുദ്ദീന്റെ മരണാനന്തരം അയ്യൂബി ഭരണകൂടം യഥാര്‍ഥത്തില്‍ പ്രതിസന്ധിയിലായി. കാരണം പിന്‍ഗാമിയെ നിശ്ചയിക്കാതെയാണ് സ്വലാഹുദ്ദീന്‍ മരിച്ചത്. മൂന്നു മക്കളും മൂന്ന് സഹോദരന്മാരുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഇവര്‍ക്കിടയില്‍ രാജ്യം വീതിക്കപ്പെടുകയായിരുന്നു.
മലിക് അഫ്ദലിന് സിറിയ, ഫലസ്തീന്, മലിക് അസീസ് ഉസ്മാന് ഈജിപ്ത്, മലിക് സാഹിര്‍ ഗിയാസുദ്ദീന്‍ അലപ്പോ എന്നിവ ലഭിച്ചു. സ്വലാഹുദ്ദീന്റെ സഹോദരന്മാരായ അല്‍ മലിക് ആദില്‍ ഒന്നാമന് കരാക്ക്, ശൗബക്, യൂഫ്രട്ടീസ് തീരത്തെ ചില പട്ടണങ്ങള്‍, തുറാന് ഷാക്ക് യമന്‍, മറ്റൊരു സഹോദരന് മെസ്സ എന്നിവയും ലഭിച്ചു.
വൈകാതെ സുല്‍ത്താന്റെ മക്കള്‍ക്കിടയില്‍ ഭിന്നതയും അധികാര വടംവലിയും നടന്നു. ഇത് മൂന്നുപേരുടെയും നാശത്തിന് ഹേതുവായി. ഹി. 596 ആയപ്പോഴേക്കും ഈജിപ്തും സിറിയയും പിന്നീട് സ്വലാഹുദ്ദീന്‍ ഭരിച്ച ഏകദേശം മുഴുവന്‍ പ്രദേശങ്ങളും സഹോദരന് ആദില്‍ ഒന്നാമന്റെ കൈകളിലമരുകയും ചെയ്തു.
ആദില്‍ ഒന്നാമന്
സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ സഹോദരനും പിന്ഗാമികളില് ഒരാളുമായ ആദില്‍ ഒന്നാമന് ജനിച്ചത് ക്രി. 1145 ലായിരുന്നു. സൈഫുദ്ദീന് അബൂബക്കര്‍ അഹമ്മദ് എന്ന് യഥാര്‍ഥ പേര്.
നൂറുദ്ദീന്‍ സങ്കിയുടെ സൈന്യത്തില്‍ ജോലി ചെയ്ത ആദില്‍, അയ്യൂബി ഭരണം വന്നപ്പോള്‍ ഈജിപ്തില്‍ ഗവര്‍ണറായി. രാജ്യാതിര്‍ത്തി വികസനത്തില്‍ സൈനിക നേതൃത്വമേറ്റെടുക്കുകയും സിറിയയില്‍ കുരിശു പടക്കെതിരെ യുദ്ധം നയിക്കുകയും ചെയ്തു.
സ്വലാഹുദ്ദീന്‍ ഖുദുസ് പിടിക്കാന്‍ പോകുമ്പോള്‍ ഭരണച്ചുമതല ഏല്‍പ്പിക്കപ്പെട്ടതും ആദിലില്‍ തന്നെ. ശേഷം സിറിയന്‍ ഗവര്‍ണറുമായി.
സ്വഭാവത്തിലും രണപാടവത്തിലും സഹോദരന്റെ സമശീര്ഷന് തന്നെയായിരുന്നു ആദിലും. മുസ്ലിം ലോകത്തിന്റെ പിന്തുണയും ലഭിച്ചു. പോര്‍ച്ചുഗീസ് ആക്രമണത്തെ നിരന്തരം ചെറുത്തു തോല്പിച്ചു.
നാലാം കുരിശുയുദ്ധത്തില്‍ യൂറോപ്യന്‍ പടയെ തുരത്തിയത് ആദിലാണ്. കനത്ത നഷ്ടം നേരിട്ടതോടെ അവര്‍ സന്ധിക്കപേക്ഷിക്കുകയായിരുന്നു. അഞ്ചാം കുരിശു യുദ്ധവും ആദിലിന്റെ കാലത്തു തന്നെയാണ് നടന്നത്. ആറാം കുരിശു യുദ്ധത്തിനിടെയാണ് ആദിലിന്റെ അന്ത്യം (ക്രി. 1198-1218).
അല്‍ കാമില്‍
അയ്യൂബി ഭരണത്തിന്റെ പ്രധാന സുല്ത്താന്മാരിലൊരാളാണ് അല്‍ കാമില്‍ എന്ന പേരു സ്വീകരിച്ച നാസിറുദ്ദീന്‍ അബുല്‍ മആലീ മുഹമ്മദ്(ക്രി. 1218-1238). ആദില്‍ ഒന്നാമന്റെ മകനും പിന്‍ഗാമിയുമാണ്.
ഹദീസ് പണ്ഡിതന് കൂടിയായിരുന്ന അല്‍ കാമില്‍ മതനിഷ്ഠയിലും നീതിബോധത്തിലും ജനക്ഷേമ തല്പരതയിലും ഈജിപ്തുകാരുടെ ഇഷ്ടക്കാരനായി. നികുതിഭാരം കുറച്ചും ആവശ്യത്തിന് വെള്ളം നല്‍കിയും കര്‍ഷകരുടെ രക്ഷ ഉറപ്പാക്കി.
എന്നാല്‍ ഏഴാം കുരിശുയുദ്ധത്തിനിടെ അല്‍ കാമില്‍ ചെയ്ത ഒരു കാര്യം മുസ്ലിം ലോകം അംഗീകരിച്ചില്ല. ജറൂസലം, ബത്ലഹം, നസ്റത്ത് എന്നീ സ്ഥലങ്ങളെല്ലാം ഫെഡറിക് ചക്രവര്‍ത്തിക്ക് കൈമാറി. അവിടെ ആരാധനാലയങ്ങളും ആരാധനാ സ്വാതന്ത്ര്യവും മാത്രം പകരം വാങ്ങിയുള്ളതായിരുന്നു കരാര്‍.
തന്റെ സഹോദരന്മാര്ക്കെതിരെ തന്നെ ഫെഡറിക്കില്‍ നിന്ന് സൈനിക സഹായം കിട്ടാനായിരുന്നു ഈ കരാറെന്നാണ് ചരിത്രകാരന്മാര് പറയുന്നത്.
20 വര്‍ഷത്തെ ഭരണത്തിനൊടുവില്‍ ക്രി. 1238ല്‍ (ഹി. 635) അല്‍ കാമില്‍ നിര്യാതനായി.
