മരണാനന്തരം
ഒരു മുസ്ലിമിൻറെ മരണാനന്തരം ആ മയ്യിത്തുമായി ബന്ധപ്പെട്ട് മറ്റു മുസ്ലിംകൾ നിർവഹിക്കേണ്ട നിർബന്ധവും ഐഛികവുമായ പുണ്യ കർമങ്ങളും, പ്രവാചക മാതൃകയില്ലാത്ത നമ്മുടെ നാട്ടിലെ ചില കാര്യങ്ങളുമെല്ലാം ഇവിടെ സവിസ്തരം വിശദീകരിക്കുന്നു. മരണം അറിയിക്കല്‍, ദുഃഖാചരണം, മയ്യിത്ത് സന്ദര്‍ശനം, മയ്യിത്ത് കുളിപ്പിക്കല്‍, കുളിപ്പിക്കേണ്ടവര്‍ ആര്?, മയ്യിത്ത് കുളിപ്പിക്കേണ്ടതെങ്ങനെ?, മയ്യിത്ത് കുളിപ്പിച്ചവന്റെ കുളി തുടങ്ങിയ പുണ്യകർമങ്ങളുടെ നബി(സ്വ) പഠിപ്പിച്ച രൂപവും പ്രാധാന്യവും ഇവിടെ വിശദമായി പഠിക്കാം.
മരണം അറിയിക്കല്‍
മരണപ്പെട്ടവന്റെ കുടുംബങ്ങളെയും ബന്ധുമിത്രാദികളെയുമൊക്കെ മരണവാര്‍ത്ത അറിയിക്കുന്നത് അഭികാമ്യമാണ്. സ്വന്തം കുടുംബങ്ങള്‍ ദുഃഖാര്‍ത്തരാകുന്നതിനാല്‍ മറ്റുള്ളവര്‍ ഈ കാര്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അനസ്(റ) പറയുന്നു: ”സൈദിന്റെയും ജഅ്ഫറിന്റെയും ഇബ്നു റവാഹയുടെയും മരണവിവരം അറിയിച്ചത്- അത് നാട്ടില്‍ എത്തുന്നതിന് മുമ്പ്- നബി(സ്വ)യായിരുന്നു” (ബുഖാരി) 1.
പള്ളി അടിച്ചു വൃത്തിയാക്കാറുണ്ടായിരുന്ന ഒരു സ്ത്രീയെ കാണാത്തതിനെക്കുറിച്ച് നബി(സ്വ) അന്വേഷിച്ചു. അവര്‍ മരണമടയുകയും ഞങ്ങള്‍ ഖബ്റടക്കുകയും ചെയ്തുവെന്ന് സ്വഹാബികള്‍ പറഞ്ഞു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ”നിങ്ങള്‍ക്കെന്നെ അറിയിക്കാമായിരുന്നില്ലേ?”(ബുഖാരി) 2. എത്യോപ്യ (അബ്സീനിയ)യിലെ നജ്ജാശി രാജാവ് മരിച്ച ദിവസം നബി(സ്വ) വിവരം ജനങ്ങളെ അറിയിക്കുകയും നമസ്കരിക്കുകയും ചെയ്തു (ബുഖാരി) 2
വിവരമറിയിക്കുന്നതോടൊപ്പം പ്രാര്‍ഥിക്കാനും ആവശ്യപ്പെടാവുന്നതാണ്. നജ്ജാശിയുടെ വിവരം(ബുഖാരി) അറിയിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു: ”നിങ്ങളുടെ സഹോദരനുവേണ്ടി പാപമോചനത്തിന്നായി പ്രാര്‍ഥിക്കുക.”
മരണവാര്‍ത്ത അറിയിക്കുന്നതിന് ജാഹിലിയ്യാ അറബികള്‍ക്കിടയില്‍ പ്രത്യേക സമ്പ്രദായം തന്നെയുണ്ടായിരു ന്നു. ഒരു മാന്യന് മരിച്ചാല്‍ അവര്‍ ചുറ്റുമുള്ള ഗോത്രങ്ങളിലേക്ക് ദൂതന്മാരെ നിയോഗിക്കും. അവര്‍ ചന്തകളിലും ജനവാസകേന്ദ്രങ്ങളിലുമൊക്കെ ഇപ്രകാരം ഉച്ചത്തില്‍ വിളംബരം ചെയ്യും: ”അന്‍ആ ഫുലാനന്‍” (ഇന്ന വ്യ ക്തിയുടെ നിര്യാണം ഞാനിതാ അറിയിക്കുന്നു) ഇതിന് അകമ്പടിയായി വിലാപവും വാദ്യമേളങ്ങളും ചിലപ്പോള്‍ ഉണ്ടാകും. ഈ നഅ്യ് നബി(സ്വ) നിരോധിച്ചു (തിര്‍മിദി) 3.
ഇബ്നുല്‍ അറബി പറയുന്നു: ”വിവരം അറിയിക്കുന്നതിന് മൂന്ന് രൂപങ്ങള്‍ ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം. ബന്ധുമിത്രാദികളെയും സജ്ജനങ്ങളെയും അറിയിക്കുന്നതാണ് ഒന്ന്. അത് സുന്നത്താണ്. പ്രശസ്തിക്കു വേണ്ടി ജനങ്ങളെ ക്ഷണിക്കലാണ് രണ്ടാമത്തേത്. അത് കറാഹത്താണ്. വിലാപം പോലെയുള്ള രൂപത്തില്‍ അറിയിക്കലാണ് മൂന്നാമത്തേത്. അത് നിഷിദ്ധവുമാണ്” (സുബുലുസ്സലാം) 4.
മരണവൃത്താന്തം അറിയിക്കുന്നതില്‍ അനാചാരം വരാനിടയാവാതിരിക്കാന്‍ പൂര്‍വിക മുസ്ലിംകള് ശ്രദ്ധിച്ചി രുന്നു. മാലികുബ്നു അനസ്(റ) പറഞ്ഞു: ”ഒരാളുടെ മരണവാര്‍ത്ത പള്ളിയുടെ വാതിലുകളില്‍ നിന്ന് വിളിച്ചു കൂവുന്നത് ഞാനിഷ്ടപ്പെടുന്നില്ല. എന്നാല്‍ പള്ളിപ്പരിസരത്തു നിന്നുകൊണ്ട് ജനങ്ങളെ അറിയിക്കുകയാണെ ങ്കില്‍ അത് തരക്കേടില്ല” (ഫിഖ്ഹുസ്സുന്ന) 5.
മരണവിവരം അറിയിക്കാന്‍ തെരുവുകളില്‍ വിലാപകാവ്യം ആലപിക്കുക, മൈക്ക് അനൗണ്‍സ് ചെയ്യുക, കറുത്ത ബാഡ്ജോ കൊടിയോ ഉപയോഗിക്കുക, ദുഃഖ സൂചകവസ്ത്രം ധരിക്കുക, വിവരവുമായി ചെല്ലുന്നവര്‍ ക്ക് ‘മാമൂല്’ കൊടുക്കുക തുടങ്ങിയ ഒട്ടേറെ ചടങ്ങുകള്‍ ഇന്ന് സമൂഹത്തിലുണ്ടല്ലോ. ഇതൊക്കെ ജാഹിലിയ്യാ കാലത്തെ നഅ്യിന്റെ വകഭേദങ്ങളും വര്‍ജിക്കപ്പെടേണ്ടതുമാണ്.
ദുഃഖാചരണം
മണണവാര്ത്ത ലഭിച്ചാല്‍ ‘ഇസ്തിര്‍ജാഅ്’ നടത്തുകയും പ്രാര്‍ഥിക്കുകയുംവേണം. ഉമ്മുസലമയില്‍ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ”വിപത്തുകള്‍ നേരിടുമ്പോള്‍ ‘ഇന്നാലില്ലാഹിവഇന്നാഇലയ്ഹി റാജിഊന്‍’ (ഞങ്ങള്‍ അല്ലാഹുവിന്റേതാണ്. അവനിലേക്ക് മടങ്ങുന്നവരുമാണ്) എന്ന് ചൊല്ലുകയും അല്ലാഹുവേ, ഈ വിപത്തില്‍നിന്ന് എനിക്ക് നീ അഭയം നല്കേണമേ, അതിനെക്കാള്‍ ഉത്തമമായത് പകരം പ്രദാനം ചെയ്യേണമേ’ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഏതൊരു അടിമക്കും അല്ലാഹു ആപത്തില്‍ അഭയം നല്‍കുകയും അതിനേക്കാള്‍ നല്ലത് നല്‍കുകയും ചെയ്യാതിരിക്കില്ല” (മുസ്ലിം) 6).
മരണവിവരം അറിയുമ്പോള്‍ അല്ലാഹുവിന്റെ വിധിയില്‍ സമാധാനിച്ചുകൊണ്ട് ശുഭാപ്തി വിശ്വാസത്തോടെ ക്ഷമിക്കണമെന്ന് പ്രസ്തുതവചനം വ്യക്തമാക്കുന്നു.
എന്നാല്‍ ബന്ധുക്കളുടെ വേര്‍പാടുണ്ടാക്കുന്ന താങ്ങാനാവാത്ത ദുഃഖത്താല്‍ കരഞ്ഞുപോവുക സ്വാഭാവി കമാണ്. പ്രകൃതിമതമായ ഇസ്ലാം ഇത് നിഷിദ്ധമാക്കുന്നില്ല. ബഹളങ്ങളില്ലാതെ കരയാവുന്നതാണെന്ന് പണ്ഡിതന്മാര് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മകന് മരിച്ചപ്പോള്‍ നബി(സ്വ) കരയുകയുണ്ടായി. എന്നിട്ട് പറഞ്ഞു: നേത്രങ്ങള്‍ കണ്ണീര് പൊഴിക്കുന്നു. ഹൃദയം ദുഃഖിക്കുന്നു. എന്നാല്‍ നമ്മുടെ നാഥന് ഇഷ്ടപ്പെടുന്നതല്ലാതെ നാം പറയുന്നില്ല. ഇബ്റാഹീമേ, നിന്റെ വേര്‍പാടില്‍ ഞങ്ങള്‍ ദുഃഖിതരാണ്” (ബുഖാരി) 7.
പ്രവാചകപുത്രിമാരിലൊരാളുടെ മകന് മരിച്ചപ്പോള്‍ അവിടുന്ന് കരഞ്ഞു. അപ്പോള്‍ സഅ്ദുബ്നു ഉബാദ ചോദിച്ചു: ”തിരുദൂതരേ, അങ്ങ് കരയുകയാണോ? കരയല്‍ അങ്ങ് നിരോധിച്ചതല്ലേ?” പ്രവാചകന് പറഞ്ഞു: ”ഇത് അല്ലാഹു തന്റെ ദാസന്മാരുടെ ഹൃദയങ്ങളില്‍ നിക്ഷേപിച്ച കാരുണ്യം മാത്രമാണ്. കരുണയുള്ളവരോട് മാത്രമേ അല്ലാഹു കരുണ കാണിക്കൂ.”(ബുഖാരി) 8.
എന്നാല്‍ മാറത്തടിച്ചും അലമുറകൂട്ടിയും ബഹളംവെച്ചും കൊണ്ടുള്ള വിലാപപ്രകടനം ഇസ്ലാം നിഷിദ്ധ മാക്കിയിട്ടുണ്ട്. അബൂമൂസാ(റ) പറയുന്നു: ”അല്ലാഹുവിന്റെ ദൂതര്‍ ആരുമായി ബന്ധം ഒഴിവാക്കിയിരി ക്കുന്നുവോ അവരുമായി ഞാനുമിതാ ബന്ധം ഒഴിവാക്കിയിരിക്കുന്നു. മരിച്ചവരുടെ പേരില്‍ അലമുറകൂട്ടുന്ന വളുമായും തലമൊട്ടയടിക്കുന്നവളുമായും വസ്ത്രം വലിച്ചുകീറുന്നവളുമായും നബി(സ്വ) ബന്ധം വിച്ഛേ ദിച്ചിരിക്കുന്നു” (തല്‍ഖീസു അഹ്കാമില്‍ ജനാഇസ്) 9
നബി(സ്വ) പറഞ്ഞു: ”മുഖത്തടിക്കുകയും മാറുകീറുകയും ജാലിഹിയ്യാ കാലത്തെപ്പോലെ വിളിച്ചു പറഞ്ഞ് വിലപിക്കുകയും ചെയ്യുന്നവര്‍ നമ്മുടെ സമുദായത്തില്‍ പെട്ടവരല്ല” (ബുഖാരി) 10
ജാഹിലിയ്യാ സമൂഹം തലമുണ്ഡനം ചെയ്തിരുന്ന സ്ഥാനത്ത്, താടിയും തലമുടിയും നീട്ടിവളര്‍ത്തിയും വസ്ത്രം കീറുന്നതിന് പകരം പ്രത്യേക വസ്ത്രം ധരിച്ചുകൊണ്ടും ഇന്ന് ചിലര്‍ ദുഃഖം പ്രകടിപ്പിക്കുന്നു. ഇത് ഇസ്ലാമിക സംസ്കാരത്തിന് അന്യമാണെന്ന് സ്പഷ്ടമാണല്ലോ.
മരിച്ച വ്യക്തിയോടുള്ള സ്നേഹാദരവുകള്‍ക്ക് അനുസൃതമായിരിക്കുമല്ലോ ബന്ധുക്കള്‍ക്കുണ്ടാകുന്ന ദുഃഖം. എന്നാല്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ ദുഃഖമാചരിക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല; കുടുംബത്തിലും സമൂഹത്തിലും അയാള്‍ക്കുള്ള പദവി എത്ര ഉന്നതമായാലും. എന്നാല്‍ വിധവ നാലുമാസവും പത്ത് ദിവസവും ‘ഇദ്ദ’ ആചരിക്കേണ്ടതാണ്. ഉമ്മു ഹബീബ(റ) പറയുന്നു: ”നബി(സ്വ) ഇപ്രകാരം പറഞ്ഞതായി ഞാന്‍ കേട്ടു. ”അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും ഒരു മയ്യിത്തിന് വേണ്ടി മൂന്ന്ദിവസ ത്തിലധികം ദുഃഖമാചരിക്കാവതല്ല. മരിച്ചത് ഭര്‍ത്താവാണെങ്കില്‍ അവള് നാലുമാസവും പത്ത് ദിവസവും ദീക്ഷാകാലം ആചരിക്കേണ്ടതാണ്” (ബുഖാരി) 10.
ജഹ്ശിന്റെ മകള്‍ സൈനബ്(റ) തന്റെ സഹോദരന്റെ മരണശേഷം സുഗന്ധംതേച്ചുകൊണ്ട് പറഞ്ഞു: ‘എനി ക്കിതിന്റെ ആവശ്യമില്ല. എന്നാല്‍ നബി(സ്വ) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു’വെന്ന് പറഞ്ഞുകൊണ്ട് അവര്‍ പ്രസ്തുതവചനം ഉദ്ധരിച്ചു. (ബുഖാരി) 11.
മരണപ്പെട്ട വ്യക്തിയോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ഇക്കാലത്ത് പുതിയരീതികള്‍ സ്വീകരിച്ചുവരുന്നുണ്ട്. അതില്‍ വിശ്വാസപരവും സാംസ്കാരികവുമായി ഇസ്ലാമിനോട് വിയോജിക്കുന്നവയും കുറവല്ല. ഇന്ന് സര്‍വസാധാരണമായിക്കൊണ്ടിരിക്കുന്ന റീത്ത് (പുഷ്പചക്രം) സമര്‍പ്പണം അതിലൊന്നാണ്. പഴയ ഗ്രീക്ക്- റോമന്‍ സംസ്കാരത്തിന്റെ അവശേഷിക്കുന്ന ആചാരങ്ങളില്‍ ഒന്നാണിത്. ലോറല്‍ മരത്തിന്റെ ഇലകൊ ണ്ടുണ്ടാക്കുന്നവയെ അപ്പോളോ ദേവനോടും ഓക്ക് മരത്തിന്റേത്കൊണ്ടുള്ളവയെ സ്യൂദേവനോടും ബന്ധപ്പെടുത്തിയിരുന്ന അവര്‍ രാജാക്കന്മാര്ക്ക് ‘ക്രൗണാ’യും പ്രഭുക്കള്‍ക്ക് ‘ക്രോണറ്റാ’യും അത് അണിയിച്ചിരുന്നു. ഈജിപ്തില്‍ മമ്മികള്‍ക്കും ഇത്തരം കിരീടം ധരിപ്പിച്ചിരുന്നു. പരലോകത്തേക്ക് വിജയികളായി പ്രവേശിക്കാന്‍ ഇതുമൂലം സാധിക്കുമെന്ന് അവര്‍ വിശ്വസിച്ചുപോന്നു.
പിന്നീട് അത്ലറ്റുകളെയും യുദ്ധത്തില്‍ വിജയിച്ച പട്ടാളക്കാരെയും ഇത്തരം കിരീടം ധരിപ്പിക്കാറുണ്ടായിരുന്നു. ക്രൈസ്തവരും മരിച്ചവരെ അതു ധരിപ്പിച്ചുപോന്നു. ക്രിസ്തുമതത്തില്‍ രക്തസാക്ഷികളെ ഇത് ധരിപ്പിക്കല്‍ സാധാരണമായിരുന്നു. ഇത് ധരിക്കുന്നത്മൂലം അത്യുത്തമമായ ഒരു ശക്തിയുമായി അവര്‍ ബന്ധപ്പെട്ടുകൊണ്ടി രിക്കുമെന്ന് അവര്‍ ധരിച്ചുപോന്നു (The Encyclopedia of Religion).
ചുരുക്കത്തില്‍ ഇസ്ലാമിന് നിരക്കാത്ത ഒരു മതാചാരമാണിതെന്നു വ്യക്തമാണ്. പുറമെ മരണമടഞ്ഞ വ്യക്തിയുടെ വ്യക്തിപ്രഭാവവും പ്രൗഢിയും പ്രകടിപ്പിക്കുകയും അമിതമായി ആദരിക്കുകയും ചെയ്യല്‍ ഇതില്‍ പ്രകടമാണ്. ഇക്കാരണങ്ങളാലൊക്കെ ഇത് ഉപേക്ഷിക്കുകയാണ് ഉചിതമെന്ന് ഗ്രഹിക്കാന്‍ പ്രയാസമുണ്ടാവില്ല. പ്രമുഖ ഹദീസ് പണ്ഡിതനായ നാസ്വിറുദ്ദീന്‍ അല്‍ബാനി ബൊക്കെയും പുഷ്പചക്രവും ഇതുപോലുള്ളതും സമര്‍പ്പിക്കുന്നത് ബിദ്അത്താണെന്ന് പറഞ്ഞിട്ടുണ്ട്.
ഒരു വ്യക്തിയുടെ മരണത്തെത്തുടര്‍ന്ന് ഒരു രാജ്യത്തെ വിദ്യാഭ്യാസ-വ്യവസായസ്ഥാപനങ്ങളൊക്കെ പൂര്‍ണ മായും നിശ്ചലമാക്കുന്ന രൂപത്തിലുള്ള ഹര്‍ത്താലുകളും അവധികളുമൊക്കെ ഇന്ന് ദുഃഖാചരണത്തിന്റെ മാതൃകകളായിരിക്കുന്നു. സംസ്കരണക്രിയകളില് പങ്കെടുക്കേണ്ടവരുടെ സൗകര്യത്തിന്നായി അവധി നല്കു ന്നതും കടകമ്പോളങ്ങള്‍ അടയ്ക്കുന്നതും മതദൃഷ്ട്യാ അനുവദനീയമാണ്. എന്നാല്‍ ഇത് പരേതനോടുള്ള ബഹുമാനം പ്രകടിപ്പിക്കലും ദുഃഖമാചരിക്കലുമാണെങ്കില് അത് മയ്യിത്തിനോ സമൂഹത്തിനോ ഒരു ഗുണവും ചെയ്യില്ല. അതുതന്നെ മൂന്ന്ദിവസത്തിലേറെ നീണ്ടുനില്ക്കുന്നതാണെങ്കില് മതദൃഷ്ട്യാ നിഷിദ്ധവുമാണ്. മാത്രമല്ല, അത് ദുഃഖത്തെ വര്‍ധിപ്പിക്കുകയും ജനങ്ങളെ ക്ലേശിപ്പിക്കുകയും ചെയ്യുമല്ലോ. ദുഃഖിക്കണമെന്നോ അത് വര്ധിപ്പിക്കണമെന്നോ ഇസ്ലാം ആഗ്രഹിക്കുന്നില്ല. പ്രത്യുത ദുഃഖമുള്ളവരുടേതുകൂടി ലഘൂകരിക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് പണ്ഡിതന്മാര് പറഞ്ഞത്; പരേതന്റെ ബന്ധുക്കള്‍ ദുഃഖാകുലരായി വീട്ടിലിരിക്കാതെ തങ്ങളുടെ ജോലികളില്‍ പ്രവേശിക്കണമെന്ന്. അപ്പോള്‍ മറ്റുള്ളവര്‍ ഏതായാലും ജോലികളില്‍ ഏര്‍പ്പെടുക യാണല്ലോ വേണ്ടത്.
മയ്യിത്ത് സന്ദര്‍ശനം
ജനാസ സന്ദര്‍ശിക്കുന്നത് നല്ലതാണ്. നല്ലതുമാത്രം പറയാനും പ്രാര്‍ഥിക്കാനും സന്ദര്ശകന് ശ്രദ്ധിക്കേ ണ്ടിയിരിക്കുന്നു. നബി(സ്വ) പറഞ്ഞു: നിങ്ങള്‍ മയ്യിത്തിനെ സന്ദര്‍ശിച്ചാല്‍ നല്ലത് പറയുക” (അബൂദാവൂദ്) 12.
ഉമ്മുസലമ അബൂസലമയുടെ മരണവിവരം നബി(സ്വ)യെ അറിയിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: നീ പറയുക: അല്ലാഹുമ്മഗ്ഫിര്‍ലീ വലഹു വഅഅ്ഖിബ്നീ മിന്ഹു ഉഖ്ബന് ഹസന (അല്ലാഹുവേ, എനിക്കും അദ്ദേഹത്തിനും നീ പൊറുത്തുതരേണമേ. അദ്ദേഹത്തിനു ശേഷം നല്ല ഒരു പിന് ഗാമിയെ എനിക്ക് പ്രദാനംചെയ്യേണമേ). 13
മയ്യിത്തിന്റെ മുഖത്തു നിന്ന് വസ്ത്രം നീക്കി ദര്‍ശിക്കാവുന്നതും ചുംബിക്കാവുന്നതുമാണ്. ആഇശ(റ) പറയു ന്നു: ”ഉസ്മാനുബ്നു മദ്ഊന്‍ മരണപ്പെട്ടപ്പോള്‍ നബി(സ്വ) അദ്ദേഹത്തെ ചുംബിക്കുകയുണ്ടായി. അദ്ദേഹ ത്തിന്റെ മുഖത്ത് കണ്ണുനീര് ഒഴുകുന്നത് ഞാന്‍ കണ്ടു” (അഹ്മദ്) 14.
”നബി(സ്വ) നിര്യാതനായപ്പോള്‍ അബൂബക്ര്(റ) വന്നു. നബിയുടെ മുഖത്തുനിന്ന് വസ്ത്രം നീക്കിയശേഷം അവിടുത്തെ ദേഹത്തിലേക്ക് കുനിയുകയും ചുംബിക്കുകയും ചെയ്തു” (ബുഖാരി) 15. ജാബിറുബ്നു അബ്ദില്ലയുടെ പിതാവ് ഉഹ്ദ് യുദ്ധത്തില്‍ വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹം മൃതദേഹത്തിന്റെ മുഖ ത്തുനിന്ന് വസ്ത്രം നീക്കുകയും കരയുകയുമുണ്ടായി. സമീപത്തുള്ളവര്‍ അതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും നബി(സ്വ) അത് അനുവദിക്കുകയായിരുന്നു” (ബുഖാരി) 16.
സ്ത്രീ പുരുഷ ഭേദമെന്യെ ജനാസ സന്ദര്‍ശിക്കാമെന്ന് പ്രസ്തുത ഹദീസുകള്‍ വ്യക്തമാക്കുന്നു. ലിംഗ വ്യത്യാസമില്ലാതെ രോഗസന്ദര്‍ശനം നടത്താമെന്ന് ഹദീസുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാചകന്(സ്വ) തന്നെ രോഗബാധിതയായ സ്ത്രീയെ സന്ദര്‍ശിക്കുകയുണ്ടായി. ഉമ്മു അലാഅ്(റ) പറയുന്നു. ഞാന്‍ അസുഖം ബാധിച്ചു കിടക്കുമ്പോള്‍ നബി(സ്വ) എന്നെ സന്ദര്‍ശിച്ചു. അന്ന് നബി(സ്വ) പറഞ്ഞു: ”ഉമ്മുഅലാഅ് സന്തോഷിക്കുക. നിശ്ചയം, രോഗം ഒരു മുസ്ലിമിന്റെ പാപങ്ങള്‍ സ്വര്‍ണത്തിലെ മാലിന്യത്തെ തീ പോക്കിക്കളയുന്നത് പോലെ നശിപ്പിക്കുന്നതാണ്” (അബൂദാവൂദ്) 17.
ആഇശ(റ) പയുന്നു: ”നബി(സ്വ) മദീനയിലേക്ക് ഹിജ്റ പോയി. അവിടെ എത്തിയപ്പോള്‍ അബൂബക്റിനും ബിലാലിനും അസുഖം ബാധിച്ചു. അങ്ങനെ ഞാന്‍ അവരെ രണ്ടു പേരെയും സന്ദര്‍ശിച്ചു” (ബുഖാരി) 18. ഉമ്മുദര്‍ദാഅ് അന്സ്വാറുകളില്പെട്ട ഒരു പുരുഷനെ സന്ദര്‍ശിക്കുകയുണ്ടായി (ബുഖാരി) 19. ബുഖാരിയില്‍ ”സ്ത്രീകള്‍ പുരുഷനെ സന്ദര്‍ശിക്കല്‍” എന്നൊരു അധ്യായം തന്നെയുണ്ട്. രോഗസന്ദര്‍ശനത്തിന് സ്ത്രീ പുരുഷ വ്യത്യാസം നബി(സ്വ)യും സ്വഹാബികളും പരിഗണിച്ചിരുന്നില്ലെന്ന് പ്രസ്തുത ഹദീസുകളില്‍നിന്ന് സുവ്യക്തമാണ്. മരണാനന്തരവും ഇത്തരം പരിഗണനകള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല.
മരിച്ച അന്യസ്ത്രീയുടെ മുഖം പുരുഷനും അന്യപുരുഷന്റെ മുഖം സ്ത്രീയും കാണാന്‍ പാടില്ല എന്ന ചിലരുടെ ധാരണ അബദ്ധമാണ്. അത് നിഷിദ്ധമല്ലെന്നാണ് ഹദീസുകളുടെ സൂചന. ജീവിച്ചിരിക്കുമ്പോള്‍ പരസ്പരം നോക്കുന്നതിന്റെ വിധിയെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കവെ യൂസുഫുല്‍ ഖറദാവി ഇപ്രകാരം അഭിപ്രായപ്പെട്ടു: എന്തെങ്കിലും വിപത്തിനെക്കുറിച്ച ഭയമോ ലൈംഗികവികാരമോ ഇല്ലെങ്കില്‍ അന്യപുരുഷ ന്മാരുടെ ഗോപ്യമല്ലാത്ത ഭാഗങ്ങള്‍ കാണുന്നത് സ്ത്രീകള്‍ക്ക് നിഷിദ്ധമാവുകയില്ല.
ഒരു പെരുന്നാള്‍ദിനം എത്യോപ്യന്‍ യുവാക്കള്‍ ആയുധപ്രകടനം നടത്തിയപ്പോള്‍ അവരെ നോക്കാന്‍ ആഇശ(റ)യെ നബി(സ്വ) അനുവദിക്കുകയുണ്ടായി. മടുപ്പു തോന്നുന്നതുവരെ അവര്‍ അത് നോക്കിക്കൊണ്ടിരുന്നു. പിന്നീട് അവര്‍ തിരിച്ചുപോവുകയും ചെയ്തു (ബുഖാരി) 20.
ഇപ്രകാരം തന്നെ സ്ത്രീയുടെ ഔറത്ത്(ഗോപ്യഭാഗം) ഒഴിച്ചുള്ള (മുഖവും മുന്‍കൈയും) ഭാഗങ്ങളിലേക്ക് പുരുഷന്റെ ദുരുദ്ദേശ്യമില്ലാത്ത നോട്ടവും അനുവദനീയമാണ്. ഒരിക്കല്‍ അബൂബക്റിന്റെ മകളോട്, ”അസ്മാ, സ്ത്രീ ഋതുമതിയായാല്‍ ഇതും ഇതുമല്ലാതെ അവളില്‍നിന്ന് ഒന്നും കാണപ്പെടാവതല്ലെന്നു പറഞ്ഞു കൊണ്ട് നബി(സ്വ) തന്റെ കൈപ്പടങ്ങളിലേക്കും മുഖത്തേക്കും ചൂണ്ടിക്കാണിച്ചു” (അബൂദാവൂദ്). ഇതിന്റെ നിവേദകപരമ്പരയ്ക്ക് അല്പം ദുര്‍ബലതയുണ്ടെങ്കിലും മറ്റു തെളിവുകള്‍ ഇതിനെ ബലപ്പെടുത്തുന്നുണ്ട്. എന്നാല്‍ അന്യരെ ആര്‍ത്തിയോടെ സൂക്ഷിച്ചുനോക്കുന്നത് ഇസ്ലാം വിലക്കി. അതിനാല്‍ അലിയോട് നബി (സ്വ) പറഞ്ഞു: ”അലിയേ, താങ്കള്‍ ഒന്നു നോക്കിയാല്‍ രണ്ടാമതും ആവര്‍ത്തിക്കരുത്. ഒന്നാമത്തേത് താങ്കള്‍ക്ക് അനുവദനീയമാണ്; അടുത്തത് അരുതാത്തതും” (തിര്‍മിദി) 21
കുഴപ്പമോ ഉപദ്രവമോ ഇല്ലാത്ത രീതിയിലുള്ള നോട്ടം ജീവിച്ചിരിക്കുന്നവര്‍ക്ക് തന്നെ അനുവദനീയമാണെങ്കില്‍ മയ്യിത്ത് ദര്‍ശിക്കുന്നത് നിഷിദ്ധമാവില്ലല്ലോ. അവിടെ ദുഃഖത്തിന്റെയും കണ്ണീരിന്റെയും നേത്രങ്ങളാണല്ലോ ഉണ്ടാവുക. വിവാഹബന്ധം നിഷിദ്ധമാവാത്തവരെയൊക്കെ അന്യരായി കാണുമ്പോള്‍ പിതൃസഹോദര- സഹോദരി സന്തതികള്‍ അന്യരുടെ ഗണത്തിലാണല്ലോ ഉള്‍പ്പെടുക.
ആഇശ(റ) പറഞ്ഞതായി ഇബ്നുമാജ ഉദ്ധരിക്കുന്നു: ”പ്രവാചകന്റെ കണ്ണുനീര് ഉസ്മാന്റെ രണ്ടു കവിളുകളിലും ഒഴുകുന്നത് ഞാന്‍ (ഇപ്പോഴും) കാണുന്നപോലെ തോന്നുന്നു.”(ഇബ്നിമാജ) 22.
പ്രവാചകന്റെ കൂടെ സന്ദര്‍ശിച്ച ആഇശ(റ) ഉസ്മാന്റെ മുഖം ദര്‍ശിച്ചിരുന്നുവെന്നും ആ രംഗം കുറെക്കാലം കഴിഞ്ഞിട്ടും മായാതെ അവരുടെ മനസ്സില്‍ തെളിഞ്ഞു നിന്നിരുന്നുവെന്നും വ്യക്തമാണല്ലോ.
മയ്യിത്ത് കുളിപ്പിക്കല്‍
ഒരു മുസ്ലിം മരണപ്പെട്ടാല്‍ അദ്ദേഹത്തെ കുളിപ്പിക്കല്‍ മുസ്ലിംകളുടെ സാമൂഹ്യബാധ്യത(ഫര്‍ദു കിഫായ)യാണ്. ഇസ്ലാമിന്റെ ശത്രുക്കളുടെ കൈയാല്‍ വധിക്കപ്പെട്ടവരല്ലാത്ത മുഴുവന്‍ മുസ്ലിംകളെയും കുളിപ്പിക്കേണ്ടതാണ്; അവന് വെള്ളത്തില്‍ മുങ്ങി മരിച്ചവനാണെങ്കിലും.
രക്തസാക്ഷിത്വം വരിച്ചവര്‍ അവര്‍ ജനാബത്തുള്ളവരായിരുന്നാലും കുളിപ്പിക്കേണ്ടതില്ല. ജനാബത്തോടു കൂടി രക്തസാക്ഷിയായ ഹന്ദ്വലയെ കുളിപ്പിച്ചിരുന്നില്ല (ഇബ്നുഹിബ്ബാന്‍) 23
രക്തംപുരണ്ട വസ്ത്രത്തില്‍ തന്നെ അവരെ കഫന്‍ ചെയ്തു ഖബ്റടക്കേണ്ടതാണെന്ന് നബി(സ്വ) പറഞ്ഞതായി അഹ്മദ് 24 നിവേദനം ചെയ്യുന്നു.
”അവരെ നിങ്ങള്‍ കുളിപ്പിക്കേണ്ടതില്ല. കാരണം അവരുടെ രക്തം ഖിയാമത്ത് നാളില്‍ കസ്തൂരിയുടെ സുഗ ന്ധം വമിക്കുന്നതാണ്.” നബി(സ്വ) ഉഹ്ദ് യുദ്ധത്തിലെ രക്തസാക്ഷികളെ കുളിപ്പിച്ചില്ല. അവര്‍ക്കുവേണ്ടി നമസ്കരിച്ചതുമില്ല. രക്തത്തോടെ അവരെ ഖബ്റടക്കാന്‍ അവിടുന്ന് കല്പിക്കുകയും ചെയ്തു (അഹ്മദ്) 25.
യുദ്ധത്തിലല്ലാതെ വധിക്കപ്പെടുന്ന രക്തസാക്ഷികളെ കുളിപ്പിക്കുകയും നമസ്ക രിക്കുകയും വേണം. ഉമര്‍, ഉസ്മാന് തുടങ്ങിയവരെ അവര്‍ രക്തസാക്ഷികളായിരുന്നിട്ടും മുസ്ലിംകള് കുളിപ്പിക്കുകയുണ്ടായി.
കുളിപ്പിക്കേണ്ടവര്‍ ആര്?
പുരുഷനെ പുരുഷന്മാരും സ്ത്രീയെ സ്ത്രീകളുമാണ് കുളിപ്പിക്കേണ്ടത്. കുളിപ്പിക്കേണ്ടതിന്റെ രൂപം അറിയു ന്നവരും അതിന് കഴിവുള്ളവരും അടുത്ത ബന്ധുക്കളുമാണ് ഇത് നിര്‍വഹിക്കേണ്ടത്. മയ്യിത്ത് പുരുഷനാ ണെങ്കില്‍ പിതാവ്, പിതാമഹന്, പുത്രന്, പൗത്രന്, സഹോദരന്, അവരുടെ പുത്രന്മാര് എന്നിവരും മയ്യിത്ത് സ്ത്രീയാണെങ്കില്‍ യഥാക്രമം പുത്രി, സഹോദരി, അവരുടെയൊക്കെ പുത്രിമാര്‍ എന്നിവരുമാണ് കുളിപ്പിക്കേണ്ടതെന്ന് പണ്ഡിതന്മാര് വിശദീകരിച്ചിരിക്കുന്നു. പ്രവാചകന്(സ്വ) മരിച്ചപ്പോള്‍ കുളിപ്പിച്ചത് ബന്ധുക്കളായ അലിയ്യും ഫദ്വ്ലുമൊക്കെയായിരുന്നു.
ഭാര്യാഭര്ത്താക്കന്മാര്ക്ക് പരസ്പരം കുളിപ്പിക്കാവുന്നതാണ്. ആഇശ(റ) പറയുന്നു: ”ബഖീഇ’ല്‍ ഒരു മൃതദേഹ സംസ്കരണം കഴിഞ്ഞശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ പ്രവാചകന്(സ്വ) അസഹ്യമായ തലവേദന അനുഭവ പ്പെട്ടു. തത്സമയം ഞാന്‍ തല വേദനിച്ചു വിഷമിക്കുകയായിരുന്നു. എന്റെ തലയും വേദനിക്കുന്നുവെന്ന് പറഞ്ഞ ശേഷം പ്രവാചകന്(സ്വ) വ്യക്തമാക്കി.(അഹ്കാമുല്‍ ജനാഇസ്) 26
”എന്റെ മുമ്പ് നീ മരിക്കുന്നപക്ഷം ഞാന്‍ നിന്നെ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും നിനക്ക് വേണ്ടി നമസ്കരിക്കുകയും നിന്നെ ഖബ്റടക്കുകയും ചെയ്താല്‍ നിനക്കൊരു ദോഷവും വരാനില്ല” (അഹ്മദ്) 27.
ആഇശ പറയുന്നു: ”എനിക്ക് പിന്നീട് ബോധ്യമായ കാര്യം നേരത്തെ മനസ്സിലായിരുന്നുവെങ്കില്‍ നബി(സ്വ)യെ അവിടുത്തെ ഭാര്യമാര്‍ തന്നെ കുളിപ്പിക്കുമായിരുന്നു” (അസ്സ്വഹീഹുല്‍ മുസ്നദു മിമ്മാ ലെയ്സ ഫിസ്സ്വഹീഹയ്നി) 28.
അബൂബക്റി(റ)നെ കുളിപ്പിച്ചത് ഭാര്യ അസ്മയായിരുന്നു (നൈലുല്‍ ഔതാര്‍) 29. ഫാത്വിമയെ കുളിപ്പിച്ചത് ഭര്‍ത്താവ് അലിയ്യായിരുന്നു (അത്തല്‍ഖീസ്) 30). പ്രമുഖ സ്വഹാബിയായ അബ്ദില്ലാഹിബ്നു സുബൈര്‍ മരണമടഞ്ഞപ്പോള്‍ കുളിപ്പിച്ചത് അദ്ദേഹത്തിന്റെ മാതാവും അബൂബക്ര്(റ)ന്റെ പുത്രിയുമായ അസ്മാ ആയിരുന്നു (അല്‍ ബിദായ) 31.
ചുരുക്കത്തില്‍ നബി(സ്വ) അനുവദിക്കുകയും ഖലീഫമാരടക്കമുള്ള സ്വഹാബികള്‍ നിരാക്ഷേപം അനുഷ്ഠിക്കുകയും ചെയ്ത സുന്നത്താണിതെന്ന് തെളിവുകള്‍ വരച്ചുകാണിക്കുന്നു. അശുദ്ധിയുള്ളവര്‍ക്ക് മയ്യിത്ത് കുളിപ്പിക്കുന്നതിന് വിലക്കുകളൊന്നുമില്ല.” ”ഋതുമതികള്‍ക്കും ജനാബത്തുകാര്‍ക്കും മയ്യിത്ത് കുളിപ്പിക്കാവു ന്നതാണ്” (ശറഹുല്‍മുഹദ്ദബ്) 32.
മയ്യിത്ത് കുളിപ്പിക്കുന്നവന് ദൈവപ്രീതി കാംക്ഷിക്കുന്നവനും വിശ്വസ്തനുമായിരിക്കണം. മൃതദേഹത്തില്‍ മോശമായ വല്ലതും കണ്ടാല്‍ അത് പരസ്യമാക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. നബി(സ്വ) പറഞ്ഞതായി അബൂറാഫഅ് പറയുന്നു: ”അരെങ്കിലും ഒരു മയ്യിത്ത് കുളിപ്പിക്കുകയും അതിന്റെ രഹസ്യങ്ങള്‍ മറച്ചുവെക്കുകയും ചെയ്താല്‍ നാല്പത് തവണ അവന്റെ പാപം അല്ലാഹു അവന് പൊറുത്തുകൊടുക്കുന്നതാണ്” (ഹാകിം) 33. എന്നാല്‍ മൃതദേഹത്തില്‍ അപകടമരണത്തിന്റെ പാടുകളോ മറ്റോ ഉണ്ടെങ്കില്‍ അതു മറച്ചുവെക്കേണ്ടതില്ല. മാത്രമല്ല, ചിലപ്പോള്‍ അങ്ങനെ ചെയ്യുന്നത് അപകടം വരുത്തിയേക്കും.
മയ്യിത്തിന്റെ നന്മകള് പറയുന്നത് കുറ്റകരമല്ല. നബി(സ്വ) അനുവദിച്ചതും സ്വഹാബികള്‍ ചെയ്തതുമാണത്. അലി(റ) പറയുന്നു: ”നബി(സ്വ)യെ ഞാന്‍ കുളിപ്പിച്ചു. മയ്യിത്തില്‍ കാണാവുന്ന വല്ലതുമുണ്ടോ എന്ന് ഞാന്‍ നോക്കി. ഒന്നും കണ്ടില്ല. അദ്ദേഹം ജീവിതത്തിലും മരണത്തിലും പരിശുദ്ധനായിരുന്നു” (ഇബ്നുമാജ) 34.
മയ്യിത്ത് കുളിപ്പിക്കേണ്ടതെങ്ങനെ?
ആദ്യം മയ്യിത്തിന്റെ വയറിന്മേല് ലഘുവായൊന്ന് തടവുന്നത് നല്ലതാണ്. ഇങ്ങനെ മാലിന്യം പുറത്തുക ളയുന്നത്, പിന്നീട് ബുദ്ധിമുട്ടാവാതിരിക്കാന്‍ ഉപകരിക്കും. ശേഷം തുണിചുറ്റിയ കൈ കൊണ്ട് ശൗച്യം ചെയ്തു കൊടുക്കണം. മയ്യിത്തിന്റെ പല്ലു തേക്കുകയും വുദൂവിന്റെ അവയവങ്ങള്‍ കഴുകുകയും വേണം. പിന്നീട് തണു ത്ത ശുദ്ധവെള്ളവും സോപ്പും ഉപയോഗിച്ചു മൂന്ന് തവണ ദേഹം മുഴുവന്‍ കഴുകുക. മയ്യിത്തിന്റെ വലതു ഭാഗത്തുനിന്നാണ് കഴുകല്‍ ആരംഭിക്കേണ്ടത്. മലര്‍ത്തിക്കിടത്തിയ മയ്യിത്തിന്റെ വലതുഭാഗവും ഇടതുഭാഗവും കഴുകിയ ശേഷം ചെരിച്ചു കിടത്തി പുറവും മൂന്ന് പ്രാവശ്യം കഴുകി വൃത്തിയാക്കുക. വേണ്ടത്ര ശുദ്ധിയാ കാത്തതു കൊണ്ടോ മറ്റോ മൂന്നിലധികം തവണ കഴുകേണ്ടതുണ്ടെങ്കില് എത്രയും കഴുകാവുന്നതാണ്. പക്ഷേ അത് ഒറ്റയായ തവണകളായിരിക്കണം. സ്ത്രീയാണെങ്കില്‍ മെടഞ്ഞിട്ട മുടി കെട്ടഴിച്ചു കഴുകിയ ശേഷം മൂന്ന് ഭാഗമാക്കി മെടഞ്ഞു പിന്നിലേക്ക് ഇടേണ്ടതാണ്. പുരുഷന്റെ താടിയും മുടിയും ചീകുകയും വേണം. കുളിപ്പിച്ചു കഴിഞ്ഞാല്‍ വൃത്തിയുള്ള വസ്ത്രം കൊണ്ട് തോര്‍ത്തണം. അത് കഫന്‍പുടവ നനയാതിരിക്കാന്‍ നല്ലതാണ്.
”ഉമ്മു അത്വിയ്യ പറയുന്നു: പ്രവാചകന്റെ പുത്രിമാരിലൊരാള്‍ നിര്യാതയായ ദിനം അദ്ദേഹം ഞങ്ങളുടെ അടുക്കല്‍ വന്നു. നിങ്ങള്‍ അവളെ മൂന്നോ അഞ്ചോ നിങ്ങള്‍ക്ക് വേണമെന്ന് തോന്നിയാല്‍ അതില്‍ അധികമോ പ്രാവശ്യം ഒറ്റയായിക്കൊണ്ടു വെള്ളവും താളിയും ഉപയോഗിച്ച് കുളിപ്പിക്കുക. അവസാനത്തേതില്‍ കുറച്ചു കര്‍പ്പൂരവും ചേര്‍ക്കുക. കുളിപ്പിച്ചുകഴിഞ്ഞാല്‍ എന്നെ അറിയിക്കുക. ഇപ്രകാരം ഞങ്ങളറിയിച്ചപ്പോള് തന്റെ മേല്‍മുണ്ട് ഞങ്ങള്‍ക്ക് തന്നിട്ട് ”ഇത് അവള്‍ക്ക് അടിയില്‍ ഉടുപ്പിക്കുക” എന്നു പറഞ്ഞു. (ബുഖാരി) 35.
ഉമ്മു അത്വിയ്യയില്‍ നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ടില്‍ ”അവളുടെ വുദൂഇന്റെ സ്ഥാനങ്ങളും വലതുഭാഗങ്ങളും കൊണ്ട് തുടങ്ങുക” എന്നു വന്നിട്ടുണ്ട്. (ബുഖാരി) 36
ഇത് മയ്യിത്തിന് വുദൂ ചെയ്തുകൊടുക്കാനുള്ള നിര്‍ദേശമാണെന്നാണ് അധികപണ്ഡിതന്മാരുടെയും അഭിപ്രാ യം. ഇമാം നവവി(റ) പറയുന്നു: ”മയ്യിത്തിന് വുദൂ എടുക്കുന്നത് അഭിലഷണീയമാണെന്ന് ഇതിലുണ്ട്. നമ്മുടെ യും മാലികിന്റെയും ഭൂരിപക്ഷത്തിന്റെയും അഭിപ്രായവും അതാണ്. എന്നാല്‍ അബൂഹനീഫ സുന്നത്തില്ലെന്ന് പറഞ്ഞിരിക്കുന്നു. ജനാബത്തുകാരന്റെ വുദൂ പോലെ ഇവിടെയും കുളിയുടെ ആരംഭത്തിലാണ് വുദൂ” (ശര്‍ഹുമുസ്ലിം) 37.
വുദൂഇന്റെ അവയവങ്ങള്‍ കഴുകിക്കൊണ്ടാരംഭിക്കണമെന്നു മാത്രമാണ് നിര്‍ദേശിക്കപ്പെട്ടതെന്നാണ് മറുപക്ഷ ത്തിന്റെ വീക്ഷണം. ഹാഫിദ് പറയുന്നു: വുദൂ അഭികാമ്യമാണെന്ന് നാം പറഞ്ഞാല്‍ അതൊരു യഥാര്‍ഥ വുദൂ തന്നെയാണോ? എങ്കില്‍ ആ അവയവങ്ങള്‍ കുളിപ്പിക്കുമ്പോള്‍ വീണ്ടും കഴുകേണ്ടിവരും. വുദൂഇന്റെ അവയ വങ്ങള്‍ കൊണ്ടാരംഭിക്കുന്നത് ആദരവ് പ്രകടിപ്പിക്കാന്‍ വേണ്ടിയാണോ? അപ്പോള്‍ അത് കുളിയുടെ ഭാഗമായിത്തീരും. ഈ രണ്ടാമത് പറഞ്ഞതാണ് ഹദീസിന്റെ സന്ദര്‍ഭത്തില്‍ നിന്ന് കൂടുതല്‍ വ്യക്തമാകുന്നത്” (ഫത്ഹുല്‍ബാരി) 38. കുളിപ്പിച്ചതിന്റെ ശേഷം വുദൂ ഇല്ലെന്ന് കൂടുതല്‍ വ്യക്തമാണല്ലോ. ഉമ്മു അത്വിയ്യ തുടരുന്നു: ”ഞങ്ങള്‍ അവളുടെ മുടി മൂന്ന് ഭാഗമാക്കി മെടഞ്ഞു; രണ്ടു പാര്‍ശ്വങ്ങളിലും മൂര്‍ധാവിലും.”(ബുഖാരി) 39.
മയ്യിത്ത് കുളിപ്പിക്കുമ്പോള്‍ നഖം മുറിച്ചോ താടിയും മുടിയുമൊക്കെ വെട്ടിക്കളഞ്ഞോ പ്രത്യേകം വൃത്തിയാ ക്കേണ്ടതില്ല. കാരണം നബി(സ്വ)യില്‍ നിന്നോ സ്വഹാബികളില്‍ നിന്നോ ഈ വിഷയത്തില്‍ ഒന്നും സ്വീകാര്യ മായി വന്നിട്ടില്ല” (ശര്‍ഹുല്‍മുഹദ്ദബ്) 40 ഇപ്രകാരം ചെയ്യുന്നത് കറാഹത്താണെന്നാണ് ഭൂരിപക്ഷ പണ്ഡിത ന്മാരുടെയും അഭിപ്രായം. എന്നാല്‍ ഇബ്നുഹസം ഇതൊക്കെ അനുവദനീയമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.
കുളിപ്പിക്കുന്നതിനു മുമ്പ് മൃതദേഹത്തിലുള്ള വസ്ത്രം അഴിച്ചുമാറ്റേണ്ടതാണ്. ആഇശ(റ) പറയുന്നു: തിരുദൂത രെ കുളിപ്പിക്കാനൊരുങ്ങിയപ്പോള്‍ സ്വഹാബികള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടായി. അവര്‍ പറഞ്ഞു: അല്ലാഹു വാണ സത്യം, നമ്മില്‍നിന്ന് മരിച്ചവരെ വിവസ്ത്രമാക്കുന്നതുപോലെ നബി(സ്വ)യെ വിവസ്ത്രനാക്കണോ, തന്റെ വസ്ത്രത്തിലായിക്കൊണ്ടു കുളിപ്പിക്കുകയാണോ വേണ്ടതെന്ന് നമുക്കറിയില്ല… അവസാനം നബി(സ്വ)യെ തന്റെ വസ്ത്രത്തിലായിക്കൊണ്ട്തന്നെ കുളിപ്പിച്ചു” (അഹ്മദ്) 41.
നഗ്നത കാണാതിരിക്കാന്‍ വേണ്ടി ഗോപ്യഭാഗങ്ങള്‍ മറയ്ക്കുകയും അവിടെ സ്പര്‍ശിക്കാതിരിക്കാന്‍ കൈയില്‍ തുണി ചുറ്റുകയും മറ്റു ശരീരഭാഗങ്ങളൊക്കെ വിവസ്ത്രമാക്കുകയുമായിരുന്നു സ്വഹാബികളുടെ സമ്പ്രദായമെന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം. കുപ്പായമിട്ട നിലയില്‍ കുളിപ്പിച്ചത് നബി(സ്വ)യെ മാത്രമാണെന്നാണ് പ്രമുഖാഭിപ്രായം. വെള്ളം ചേരുന്നതിന് തടസ്സമില്ലാത്ത നേരിയ വസ്ത്രത്തിലായി കുളിപ്പിക്കുന്നതിന് വിരോധമില്ലെന്ന് ചില പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു.
മയ്യിത്ത് കുളിപ്പിക്കാന്‍ ഒരു മറ ആവശ്യമാണ്. ”മയ്യിത്ത് കുളിപ്പിക്കാന്‍ മറ സ്വീകരിക്കല്‍” എന്നൊരു അധ്യായം തന്നെ അബൂദാവൂദിലുണ്ട്. എന്നാല്‍ സൗകര്യപ്രദമായ ഒരു കുളിമുറിയുണ്ടെങ്കില്‍ അതാണ് നല്ലത്. അഴുക്കാവാനും ചെളി തെറിക്കാനും സാധ്യതയില്ലാത്ത ഒരുയര്‍ന്ന സ്ഥലത്തുവെച്ച് കുളിപ്പിക്കുന്നതാണ് സൗകര്യപ്രദം. കുളിപ്പിക്കാന്‍ വേണ്ടി പ്രത്യേകം ചൂടുവെള്ളം തയ്യാറാക്കേണ്ടതില്ല. തണുത്ത വെള്ളമാണ് കൂടുതല്‍ നല്ലത്. അത് മൃതശരീരത്തെ തണുപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇത്തരം ഉദ്ദേശ്യങ്ങള്‍ കര്‍പ്പൂരം ചേര് ക്കുന്നതിലുമുണ്ട്. മയ്യിത്തിന്റെ ഓരോ അവയവവും കഴുകുമ്പോള്‍ പ്രത്യേകം ദിക്റുകള്‍ ചൊല്ലപ്പെടാറുണ്ട്. നബി(സ്വ) യില്‍ നിന്ന് ഇത് സംബന്ധമായി ഒന്നും സ്വീകാര്യമായി നിവേദനം ചെയ്യപ്പെട്ടിട്ടില്ല.
കുളിപ്പിച്ചശേഷം ഹജ്ജിന് ഇഹ്റാം ചെയ്തവര്‍ ഒഴികെയുള്ളവരുടെ മൃതദേഹത്തിനു സുഗന്ധം ഉപയോഗിക്കാ വുന്നതാണ്. നബി(സ്വ) പറഞ്ഞു: ”നിങ്ങള്‍ മയ്യിത്തിന് സുഗന്ധം പുകയ്ക്കുമ്പോള്‍ തവണകള്‍ ഒറ്റയാക്കുക” (ബൈഹഖീ) 42 അലി(റ) തന്റെ കൈയിലുണ്ടായിരുന്ന കസ്തൂരി ഉപയോഗിക്കാന്‍ പ്രത്യേകം വസ്വിയ്യത്ത് ചെയ്തിരുന്നു” (ഫിഖ്ഹുസ്സുന്ന) 43
മയ്യിത്ത് കുളിപ്പിച്ചവന്റെ കുളി
മയ്യിത്ത് കുളിപ്പിച്ചവന് കുളിക്കുന്നത് നല്ലതാണെന്ന് ഒരു വിഭാഗം പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു. അതിനുള്ള തെളിവ് താഴെ പറയുന്ന ഹദീസാണ്. അഹ്മദും അബൂദാവൂദും തിര്മിദിയും ഇബ്നുഹിബ്ബാനും അബൂഹുറയ്റ യില്‍ നിന്നു നിവേദനം ചെയ്യുന്നു: ”മയ്യിത്ത് കുളിപ്പിച്ചവന് കുളിക്കട്ടെ. അത് വഹിച്ചവന് വുദൂ ചെയ്യട്ടെ.”(തിര്‍മിദി) 44.
പ്രസ്തുത ഹദീസിന്റെ വിവിധ പരമ്പരകളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ബൈഹക്വി പറഞ്ഞു: ”ഇത് അബൂ ഹുറയ്റയില്‍ അവസാനിക്കുന്ന റിപ്പോര്‍ട്ടാണ്. ഈ വിഷയകമായി ഒന്നും നബി(സ്വ)യില്‍ നിന്ന് സ്വഹീഹായി വന്നിട്ടില്ലെന്ന് അഹ്മദുബ്നു ഹമ്പലും അലിയ്യുബ്നുല്മദീനിയും പറഞ്ഞതായി ബുഖാരിയില്നിന്ന് തിര്‍മിദി ഉദ്ധരിച്ചിട്ടുണ്ട് 44. ഈ കാര്യത്തില്‍ സ്ഥിരപ്പെട്ട ഒരുഹദീസും എനിക്കറിയില്ലെന്ന് ബുഖാരിയുടെ ഗുരുനാഥനായ മുഹമ്മദുബ്നു യഹ്യാ ദുഹലിയും പറഞ്ഞിരിക്കുന്നു. നബിയിലേക്ക് ചേര്‍ത്തുകൊണ്ടുള്ള ഒരു ഹദീസ് ബൈഹഖി ഉദ്ധരിച്ച ശേഷം, അതിന്റെ പരമ്പര ദുര്‍ബലമാണെന്ന് പ്രസ്താവിച്ചിരിക്കുന്നു” (ശര്‍ഹുല്‍മുഹദ്ദബ്).
ഈ ഹദീസിലെ ശാസനാരൂപം (കുളിക്കട്ടെ) സുന്നത്തിനെയാണ് കുറിക്കുന്നതെന്ന് പണ്ഡിതന്മാര് വ്യക്തമാക്കി യിട്ടുണ്ട്. കാരണം സ്വഹീഹായ പരമ്പരയിലൂടെ ഉമറി(റ)ല്‍നിന്ന് ഖത്വീബ് നിവേദനം ചെയ്ത ഹദീസില്‍ ഇങ്ങനെ വന്നിരിക്കുന്നു: ”ഞങ്ങള്‍ മയ്യിത്ത് കുളിപ്പിച്ചിരുന്നു. ഞങ്ങളില്‍ കുളിക്കുന്നവരും കുളിക്കാത്തവരുമുണ്ടായിരുന്നു.”(സുനനുദ്ദാറുഖുത്വ്നീ) 45
അസ്മാഅ്(റ) തന്റെ ഭര്‍ത്താവ് അബൂബക്റിനെ കുളിപ്പിച്ച ശേഷം പുറത്തേക്കു വന്നു. അവിടെ സന്നിഹിത രായ മുഹാജിറുകളോട് ചോദിച്ചു: ”ഇന്ന് തണുപ്പ് കഠിനമാണ്. ഞാന്‍ വ്രതമനുഷ്ഠിക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ കുളിക്കാന്‍ ബാധ്യസ്ഥയാണോ?” അവര്‍ പറഞ്ഞു: ”ഇല്ല.” ഇത് ഇമാം മാലിക് ഉദ്ധരിച്ചതാണ് (മുവത്വഅ്) 46
ഇപ്രകാരമുള്ള ഹദീസുകളുടെ വെളിച്ചത്തില്‍ കുളി അഭിലഷണീയമാണെന്ന് പണ്ഡിതന്മാര് വ്യക്തമാക്കി. ഖത്ത്വാബി പറഞ്ഞു: ”ഇത് നിര്‍ബന്ധമാണെന്ന് പറഞ്ഞ ഒരാളെയും ഞാനറിയുന്നില്ല.”(ഫത്ഹുല്‍ബാരി) 47. ഇബ്നുഹജര്‍ പറഞ്ഞു: ”അബൂഹുയ്റയുടെ ഹദീസിലെ ശാസനക്രിയ സുന്നത്തിനെ കുറിക്കുന്നതാണ്….. അതാണ് ഈ വിഷയകമായി വന്ന വ്യത്യസ്ത ഹദീസുകളെ സംയോജിപ്പിക്കുന്നതില്‍ ഏറ്റവും ശരിയായ വീക്ഷണം’ (തല്‍ഖീസ്വ്) 48
ഇബ്നു ബുസൈസ പറഞ്ഞു: കുളി അഭിലഷണീയമാണെന്ന് വ്യക്തമാണ്. ഇതിലെ തത്വം മയ്യിത്തുമായി ബന്ധപ്പെട്ടിരിക്കുന്നു. ശേഷം കുളിക്കാമെന്ന ഉദ്ദേശ്യത്തോടെ കുളിപ്പിക്കുന്നവന് മൃതദേഹം ശുചീകരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. വല്ലതും തെറിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊണ്ടിരിക്കില്ല. കുളിപ്പിച്ചവന് തന്റെ ശരീരം വൃത്തിയായെന്ന് ഉറപ്പാവാനും ഇത്മൂലം സാധിക്കുന്നു; കുളിപ്പിക്കുമ്പോള്‍ തെറിക്കാനിടയാവുമല്ലോ (ഫത്ഹുല്‍ബാരി) 47. ഇതിനു പുറമെ കുളിപ്പിക്കുന്നവന്നുണ്ടാകാവുന്ന മാനസികവിഷമം ലഘൂകരിക്കാനും ഇത് ഉപകരിക്കും.
ചുരുക്കത്തില്‍ മയ്യിത്ത് കുളിപ്പിച്ചവന് കുളിക്കല്‍ നല്ലതാണെന്നും അതിന് സൗകര്യമില്ലാത്തതിന്റെ പേരില്‍ പ്രയാസപ്പെടേണ്ടതില്ലെന്നും അതിന്റെ പേരില്‍ നമസ്കാരം ഉപേക്ഷിക്കാവതല്ലെന്നും ഇതില്‍ നിന്നൊക്കെ വ്യക്തമാണ്.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 143, ഹദീസ് 4262[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 88, ഹദീസ് 1327[↩][↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 304, ഹദീസ് 986[↩]
- സുബുലുസ്സലാം, മുഹമ്മദ് ബ്നു ഇസ്മാഈലിബ്നി സ്വാലിഹ് അസ്സ്വന്ആനി, ദാറുല്‍ ഹദീസ്, വാള്യം 01, പേജ്: 482[↩]
- ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്, ദാറുല്‍ കിതാബില്‍ അറബീ, ബൈറൂത്, ലബനാന്, മൂന്നാം പതിപ്പ്, വാള്യം 01, പേജ് 505[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 632, ഹദീസ് 4 (918[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 83, ഹദീസ് 1303[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 133, ഹദീസ് 7448 [↩]
- തല്‍ഖീസു അഹ്കാമില്‍ ജനാഇസ്, മുഹമ്മദ് നസ്വിറുദ്ദീന്‍ അല്‍ബാനീ, മക്തബതുല്‍ മആരിഫ്, മൂന്നാം പതിപ്പ്, പേജ് 18[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 78, ഹദീസ് 1281[↩][↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 59, ഹദീസ് 5335[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 190, ഹദീസ് 3115[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 38, ഹദീസ് 919[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 40, പേജ് 194, ഹദീസ് 24165[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 14, ഹദീസ് 4455, 4456, 4457[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 25, പേജ് 72, ഹദീസ് 1244[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്നുല്‍ അഗ്അസിബ്നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 184, ഹദീസ് 3092[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 122, ഹദീസ് 5677[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 116[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02 പേജ് 16 ഹദീസ് 3092[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 101, ഹദീസ് 2777[↩]
- സുനനു ഇബ്നി മാജ, ഇബ്നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്നു യസീദില്‍ ഖസ്വീനി, ദാറു ഇഹ്യാഇല് കുതുബില്‍ അറബിയ്യ, വാള്യം 01, പേജ് 468, ഹദീസ് 1456[↩]
- സ്വഹീഹു ഇബ്നി ഹിബ്ബാന്‍, മുഹമ്മദു ബ്നു ഹിബ്ബാനു ബ്നു അഹ്മദു ബ്നി ഹിബ്ബാന്‍ അത്തമീമി, മുഅസ്സതുര്‍റിസാല ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 244, ഹദീസ് 3361[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 39, പേജ് 62, ഹദീസ് 23657[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 19, പേജ് 311,312, ഹദീസ് 12300[↩]
- അഹ്കാമുല്‍ ജനാഇസ്, മുഹമ്മദ് നാസിറുദ്ദീന്‍ അല്‍ബാനി, വാള്യം 01, പേജ് 50[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 43, പേജ് 81, ഹദീസ് 25908[↩]
- അസ്സ്വഹീഹുല്‍ മുസ്നദു മിമ്മാ ലൈസ ഫിസ്സ്വഹീഹയ്നി, അബൂഅബ്ദിന്നമാന് മുഖ്ബിലു ബനൂഹാദി അല്‍ വാദിഈ, ദാറുല്‍ ആസാര്‍ ലിന്നശ്രീ വത്തൗസീഇ , സ്വന്‍ആഅ്, യമന്‍, നാലാം പതിപ്പ്, വാള്യം 02, പേജ് 472, ഹദീസ് 1538[↩]
- നൈലുല്‍ ഔത്വാര്‍, മുഹമ്മദ് ബ്നു അലിയ്യി ബ്നു മുഹമ്മദ് ബ്നി അബ്ദില്ല അശ്ശശകാനീ, ദാറുല്‍ ഹദീസ്, ഒന്നാം പതിപ്പ്, ഈജിപ്ത്, വാള്യം 01, പേജ്: 299, ഹദീസ് 319[↩]
- അത്തല്‍ഖീസ്വുല്‍ ഹബീര് ഫീ തഖ്രീജി അഹാദീസിര്‍റാഫിഈ അല്‍ കബീര്‍, അബുല്‍ ഫദ്വ്ല്‍ അഹ്മദ് ബ്നു അലി, വാള്യം 03, പേജ് 1268, ഹദീസ് 983 (2673[↩]
- അല്‍ ബിദായ വന്നിഹായ, അബുല്‍ ഫിദാഅ് ഇസ്മാഈലിബ്നു ഉമറുബ്നു കസീര്‍ (ഇബ്നു ക്സീര്‍), ദാറുല്‍ ഫിക്ര് ബൈറൂത്ത്, വാള്യം 12, പേജ് 212[↩]
- ശര്‍ഹുല്‍ മുഹദ്ദബ്, അബൂ സകരിയ്യാ മുഹ്യിദ്ദീന് ബ്നു യഹ്യാ അന്നവവീ, ദാറുല്‍ ഫിക്ര്, വാള്യം 05, പേജ് 187[↩]
- അല്‍ മുസ്തദ്റകു അലസ്സ്വഹീഹൈനി, അബൂ അബ്ദില്ല അല്‍ ഹാകിം മുഹമ്മദ്ബ്നു അബ്ദില്ല, ദാറുല്‍ കുതുബില്‍ ഇല്മിയ്യ, ബൈറൂത്ത്, വാള്യം 01, പേജ്: 505, ഹദീസ് 1307[↩]
- സുനനു ഇബ്നി മാജ, ഇബ്നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്നു യസീദില്‍ ഖസ്വീനി, ദാറു ഇഹ്യാഇല് കുതുബില്‍ അറബിയ്യ, വാള്യം 01, പേജ് 471, ഹദീസ് 1467[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 74, ഹദീസ് 1258[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 74, ഹദീസ് 1255[↩]
- ശര്‍ഹുല്‍ മുസ്ലിം (അല്‍ മിന്‍ഹാജ് ശറഹു സ്വഹീഹി മുസ്ലിമിബ്നില്‍ ഹജ്ജാജ്, അബൂസകരിയ്യാ മുഹ്യിദ്ദീന് യഹ്യ ബ്നു ശറഫിന്നവവീ, ദാറു ഇഹ്യാത്തുറാസില്‍ അറബി, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 07, പേജ് 02-05, ഹദീസ് 939[↩]
- ഫത്ഹുല്‍ ബാരി, അഹ്മദ് ബ്നു അലിയ്യിബ്നി ഹജര്‍ അബുല്‍ ഫദ്ല് അല്‍ അസ്ഖലാനി, ദാറുല്‍ മഅ്രിഫ, ബൈറൂത്ത്, വാള്യം 03, പേജ്: 131[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 75, ഹദീസ് 1262[↩]
- അല്‍ മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്, അബൂസകരിയ്യാ മുഹ്യിദ്ദീന് യഹ്യ ബ്നു ശറഫ് അന്നവവീ, ദാറുല്‍ ഫിക്ര്, വാള്യം 05, പേജ് 180[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 43, പേജ് 331, ഹദീസ് 26306[↩]
- അസ്സുനനുല്‍ കുബ്റാ, അഹ്മദുബ്നുല്‍ ഹുസൈനിബ്നി അലി, അബൂബക്റുല്‍ ബൈഹഖീ, ദാറു കുതുബുല്‍ ഇല്മിയ്യ, ബൈറൂത്ത്, മൂന്നാം പതിപ്പ്, വാള്യം 03, പേജ് 568, ഹദീസ് 2703[↩]
- ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്, ദാറുല്‍ കിതാബില്‍ അറബീ, ബൈറൂത്, ലബനാന്, മൂന്നാം പതിപ്പ്, വാള്യം 01, പേജ് 515[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 309, ഹദീസ് 993[↩][↩]
- സുനനുദ്ദാറുഖുത്വ്നീ, അബുല്‍ ഹസന് അലിയ്യുബ്നു ഉമറബ്നി അഹമദ് ബ്നി മഹ്ദിയ്യിബ്നി മസ്ഊദ്, മുഅസ്സസതുര്‍റിസാല, ബൈറൂത്, ലെബനാന്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 434, ഹദീസ് 1820[↩]
- അല്‍ മുവത്വ, ഇമാം മാലിക്, ദാറു ഇഹ്യാഉ ത്തുറാസില്‍ അറബീ, ബെയ്റൂത്ത്, 1985, വാള്യം 01, പേജ് 398, ഹദീസ് 1006[↩]
- ഫത്ഹുല്‍ ബാരി, അഹ്മദ് ബ്നു അലിയ്യിബ്നി ഹജര്‍ അബുല്‍ ഫദ്ല് അല്‍ അസ്ഖലാനി, ദാറുല്‍ മഅ്രിഫ, ബൈറൂത്ത്, വാള്യം 03, പേജ്: 135[↩][↩]
- അത്തല്‍ഖീസ്വുല്‍ ഹബീര് ഫീ തഖ്രീജി അഹാദീസിര്‍റാഫിഈ അല്‍ കബീര്‍, അബുല്‍ ഫദ്വ്ല്‍ അഹ്മദ് ബ്നു അലി, വാള്യം 01, പേജ് 239[↩]
